മമ്മൂട്ടിയും ഇന്നസെന്റും
'ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യന് നല്‍കാന്‍ എന്റെ കയ്യില്‍ ഒരൗഷധം മാത്രമേയുള്ളൂ-ഫലിതം' എന്നു പറഞ്ഞത് നടന്‍ ഇന്നസെന്റാണ്. അര്‍ബുദരോഗിയായിരിക്കേ താന്‍ കടന്നുപോയ അനുഭവങ്ങളെ കോര്‍ത്തിണിക്കിയ പുസ്തകമാണ് 'കാന്‍സര്‍ വാര്‍ഡിലെ ചിരി'. ശ്രീകാന്ത് കോട്ടക്കല്‍ തയ്യാറാക്കിയ പുസ്തകം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സ് ആണ്. കാന്‍സര്‍ വാര്‍ഡിലെ ചിരിയില്‍ നിന്നും ഒരു ഭാഗം വായിക്കാം.
എന്തെല്ലാം തരക്കാര്‍, എന്തൊക്കെ മരുന്നുകള്‍!
മഹാരോഗങ്ങള്‍ക്ക് മൂന്നവസ്ഥകളുണ്ട് എന്നാണ് അനുഭവത്തിലൂടെ മനസ്സിലാക്കിയത്. തനിക്ക് രോഗമാണ് എന്നറിഞ്ഞുണ്ടാകുന്ന ഞെട്ടലും കടുത്ത ഏകാന്തതയുമാണ് ആദ്യത്തേത്. അതിനുശേഷം പതുക്കെപ്പതുക്കെ നാം അതുമായി താദാത്മ്യപ്പെടും. ശരിക്കും പറഞ്ഞാല്‍ കീഴടങ്ങല്‍. അടുത്ത ഘട്ടം ചികിത്സയ്ക്കൊപ്പം രോഗത്തെ മറികടക്കാനുള്ള യത്നങ്ങളാണ്. ഈ യത്നങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പിന്‍ബലം. ചിലര്‍ക്ക് ധൈര്യം, ചിലര്‍ക്ക് പ്രാര്‍ഥന, മറ്റുചിലര്‍ക്ക് വാടാത്ത പ്രതീക്ഷ. എനിക്ക് ചിരിയായിരുന്നു പിന്‍ബലം. ജീവിതത്തില്‍ കടന്നുപോന്ന മറ്റു പലവിധത്തിലുള്ള പ്രതിബന്ധഘട്ടങ്ങളിലുമെന്നപോലെ ഇവിടെയും ചിരിയെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ മാത്രമേ എനിക്കീ അവസ്ഥയെ മറികടക്കാന്‍ സാധിക്കൂ എന്ന് മനസ്സിലുറപ്പിച്ചു. എന്റെ പഴയ കണ്ണുകള്‍ തുറന്നുവെക്കുക, എന്തിലും ചിരി കണ്ടെത്താനുള്ള സെല്ലുകള്‍ തുറന്നുപിടിയ്ക്കുക. അത്രയുംചെയ്താല്‍ മതി. ഞാന്‍ അതിനു തയ്യാറായി. ഡോക്ടറുടെ മരുന്നുകള്‍ക്കൊപ്പം ഞാന്‍ എന്റെതായ ഔഷധങ്ങളും തയ്യാറാക്കാന്‍ തുടങ്ങി.
എനിക്ക് കാന്‍സറാണ് എന്ന കാര്യം നാട്ടിലാകെ പരന്നുതുടങ്ങിയിരുന്നു. ആദ്യം അറിഞ്ഞത് ബന്ധുക്കളാണ്. അവര്‍ വന്നുതുടങ്ങി. ദയനീയമായ മുഖവുമായി നില്പ് തുടങ്ങി. സഹതാപവാക്കുകള്‍ പറഞ്ഞു, സമാനമായ രോഗാവസ്ഥയിലുള്ളവരുടെ കഥകള്‍ കെട്ടഴിച്ചു. ഏത് രോഗിയും ഇതിനെയൊക്കെ നേരിട്ടേപറ്റൂ. എല്ലാം കേട്ട് ഞാന്‍ കിടന്നു.
വരുന്നവരെല്ലാം എന്തെങ്കിലും ഭക്ഷണപദാര്‍ഥങ്ങളുമായാണ് വരിക. അവ വാങ്ങിവെച്ച് വാങ്ങിവെച്ച് ഇന്നുവും അന്നയും ഭിക്ഷക്കാരായിപ്പോകുമോ എന്നുവരെ ഞാന്‍ പേടിച്ചു. ആഴ്ചയില്‍ ഒന്നിലധികം തവണ കൃത്യമായി വരുന്ന ഒരു ബന്ധുവും കുടുംബവുമുണ്ടായിരുന്നു. വരുമ്പോഴെല്ലാം എന്തെങ്കിലും കൊണ്ടുവരികയും ചെയ്യും. ഒരിക്കല്‍ അവര്‍ പോകുമ്പോള്‍ ആലീസ് പറയുന്നതുകേട്ടു: 'എത്ര തവണയാണ് ഇവര്‍ വരുന്നത്. എത്ര പറഞ്ഞാലും വരുമ്പോഴെല്ലാം എന്തെങ്കിലും കൊണ്ടുവരികയും ചെയ്യും. എന്നാണാവോ അവര്‍ക്ക് ഇതൊക്കെ ഒന്ന്, ഇതുപോലെ തിരിച്ചുകൊടുക്കാന്‍ സാധിക്കുക?' അതുകേട്ട് ഞാന്‍ അകത്തുകിടന്ന് ആ കുടുംബത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിച്ചു.
ഇരിങ്ങാലക്കുട ഒരു ചന്ദ്രനുണ്ട്. കഥകളിക്കമ്പക്കാരനാണ്. എവിടെ വിളക്കുവെച്ച് തിരശ്ശീല പിടിച്ചാലും അവിടെയെത്തും. സംസാരത്തേക്കാള്‍ ആംഗ്യത്തോടാണ് ചന്ദ്രന് പ്രിയം. എന്റെ അസുഖകാര്യമറിഞ്ഞ് ഒരു ദിവസം ചന്ദ്രന്‍ വീട്ടില്‍വന്നു. എന്റെ മുന്നില്‍ നിന്നു. കുറേനേരം നോക്കി. അധികം സംസാരിച്ചില്ല. പോകുന്നതിന് മുന്‍പ് രണ്ടു വിരല്‍ മുകളിലേക്കുയര്‍ത്തിപ്പറഞ്ഞു.
'ഏട്ടനും ഇതുതന്നെയായിരുന്നു (വിരലുകൊണ്ട് രണ്ടു വര്‍ഷം എന്ന് സൂചിപ്പിച്ചുകൊണ്ട്) കഴിഞ്ഞപ്പോ പോയി.'
അതും പറഞ്ഞ് ചന്ദ്രന്‍പോയി. എനിക്കെന്ത് തോന്നും എന്നുള്ളതൊന്നും ചന്ദ്രന് പ്രശ്നമായിരുന്നില്ല.
സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനും നേരത്തെ അറിയാമായിരുന്നെങ്കിലും സിനിമാമേഖലയില്‍ അല്പം പതുക്കെയാണ് കാര്യം പരന്നത്. ഒരു ദിവസം രാത്രി, അലറിക്കരഞ്ഞുകൊണ്ട് നടന്‍ ജനാര്‍ദനന്‍ വിളിച്ചു: 'എങ്കിലും ഇന്നസെന്റേ നിങ്ങള്‍ക്കിത് വന്നല്ലോ...' ജനാര്‍ദനന്‍ അലമുറയിട്ടുകരഞ്ഞു.
ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും അടങ്ങുന്നില്ല സങ്കടം. ജനാര്‍ദനന്റെ സങ്കടം കുറച്ചു കഴിഞ്ഞപ്പോള്‍ ദേഷ്യത്തിന് വഴിമാറി.
'നിങ്ങളല്ലേ ഇന്നസെന്റേ എന്നെ കൂടല്‍മാണിക്യക്ഷേത്രത്തില്‍ തൊഴീക്കാന്‍ കൊണ്ടുപോയത്. എന്നിട്ടും ആ ഭരതന്‍ (കൂടല്‍മാണിക്യത്തിലെ പ്രതിഷ്ഠ) നിങ്ങള്‍ക്കീ വിധി വരുത്തിയല്ലോ. എടാ ഭരതാ, വെറുതെയല്ല നിനക്ക് ഇന്ത്യയിലാകെ ഒറ്റയമ്പലം മാത്രമായിപ്പോയത്! കൈയിലിരുപ്പ് ഇങ്ങനെയല്ലേ', തുടര്‍ന്ന് ഭരതന് കടുത്ത ശകാരം. അതു കഴിഞ്ഞപ്പോള്‍ ജനാര്‍ദനന്‍ യേശുക്രിസ്തുവിനെക്കയറിപ്പിടിച്ചു... 'ഇന്നസെന്റേ നിങ്ങടെ ആ യേശുവുണ്ടല്ലോ അവനെ മുപ്പത് വയസ്സിലോ മറ്റോ അല്ലേ മുള്ളാണിയില്‍ തറച്ചത്. മൂന്നുവയസ്സില്‍ തറയ്ക്കേണ്ടതായിരുന്നു. ഇതല്ലേ കൈയിലിരുപ്പ്. നിങ്ങളെ ഈ അവസ്ഥയിലാക്കിയില്ലേ?' ഞാന്‍ ജനാര്‍ദനനെ ആശ്വസിപ്പിക്കാന്‍ കഠിനമായി ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. അയാള്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ലോകത്തുള്ള എല്ലാ ദൈവങ്ങളോടും ദേഷ്യപ്പെട്ടതിനുശേഷമാണ് ഫോണ്‍ വെച്ചത്.
കാവ്യാമാധവന്‍ ഫോണ്‍ വിളിച്ച് ഒന്നും പറയാതെ അങ്ങനെ പരുങ്ങിനിന്നു. എങ്ങനെ എന്നോട് സംസാരിച്ചുതുടങ്ങണം എന്നറിയാതെ. അതു മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു.
'അമ്മ' സംഘടനയിലെ അംഗങ്ങളായ താരങ്ങള്‍ രാവും പകലും റിഹേഴ്സല്‍ ചെയ്ത് അധ്വാനിച്ച് പരിപാടികള്‍ അവതരിപ്പിച്ച് ഉണ്ടാക്കുന്ന പണം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കട്ടാല്‍ ഇതും ഇതിലപ്പുറവും രോഗം വരും.'
അതുകേട്ട് കാവ്യ അല്പസമയം മിണ്ടാതെനിന്നു. എന്നിട്ട് ചോദിച്ചു:
'അങ്കിളെ, ഒപ്പമുള്ളവര്‍ കട്ടാലും നമ്മള്‍ക്ക് കാന്‍സര്‍ വരുമോ?'
കാവ്യ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറാണ്.
'ഒപ്പമുള്ളവര്‍ കട്ടാലും വരും,' ഞാന്‍ പറഞ്ഞു. പാവം കാവ്യ. പിന്നെ അധികനേരം സംസാരിച്ചില്ല.
എല്ലാരോഗികള്‍ക്കും സന്ദര്‍ശകരുണ്ടാകും. രോഗി അല്പം പ്രശസ്തന്‍ കൂടിയാണെങ്കില്‍ സന്ദര്‍ശകരുടെ എണ്ണവും തരവും കൂടും. കാന്‍സര്‍കാലത്ത് എന്തെല്ലാം തരം ആളുകളാണ് എന്റെ മുന്നില്‍ വന്നത്! ഒറ്റമൂലിക്കാര്‍, മൂത്രചികിത്സകര്‍, സുവിശേഷ പ്രഭാഷകര്‍, കന്യാസ്ത്രീകള്‍... എല്ലാവരും എന്റെ ആരോഗ്യത്തിനാണു വന്നത്. എന്നാല്‍ എല്ലാവരും എന്നില്‍ ചിരിയാണ് ഉണ്ടാക്കിയത്. അത്തരത്തില്‍ അത് ഒരു ഔഷധമായി.
മൂത്രചികിത്സകര്‍ വന്ന് 'ശിവാംബുകല്‍പ്പവിധി' എന്ന അവരുടെ ചികിത്സാസമ്പ്രദായത്തെക്കുറിച്ച് സവിസ്തരം പറഞ്ഞു. ഞാന്‍ അവരെ എതിര്‍ത്തില്ല. എല്ലാം കേട്ടു. അന്ന് രാത്രി ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. കുറേ ആളുകള്‍ വീടിന്റെ മതിലില്‍ക്കയറിനിന്ന് വീടിനകത്തേക്ക് മൂത്രമൊഴിക്കുന്നു. ഉറക്കത്തില്‍നിന്നും ഞെട്ടിയിട്ടും ഞാന്‍ ചിരിച്ചു.
ബാംഗ്ലൂരില്‍നിന്നോ മറ്റോ ആണ് സുവിശേഷപ്രാസംഗികര്‍ വന്നത്. അവര്‍ പറഞ്ഞു:
'കര്‍ത്താവ് ഇന്നലെ രാത്രി സ്വപ്നത്തില്‍വന്ന് ഞങ്ങളോടു പറഞ്ഞു. ഇന്നസെന്റിന്റെ അടുത്തുചെന്ന് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍.'
'ഇന്നലെരാത്രി ഏകദേശം എത്ര മണിക്കാണ് കര്‍ത്താവ് നിങ്ങളുടെ വീട്ടില്‍ എത്തിയത്?' ഞാന്‍ ചോദിച്ചു.
'ഒരു പതിനൊന്നര പന്ത്രണ്ടായിക്കാണും.' അവര്‍ പറഞ്ഞു.
'അതിന് വഴിയില്ലല്ലോ, രാത്രി പന്ത്രണ്ടര വരെ കര്‍ത്താവ് ഇബടെണ്ടായിരുന്നു.'
അതുകേട്ട് സുവിശേഷപ്രാസംഗികര്‍ കണ്ണു മിഴിച്ചിരുന്നു. അധികം സമയം അവര്‍ പ്രസംഗം തുടര്‍ന്നില്ല.
ഉച്ചസമയത്താണ് കന്യാസ്ത്രീകള്‍ വന്നത്. അവര്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ച കഥ പറഞ്ഞു.
ഇനിയും പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു.
'ഈ പ്രാര്‍ഥന അധികമായാല്‍ എന്തെങ്കിലും കൊഴപ്പമുണ്ടാക്വോ?'
അവര്‍ക്കൊന്നും മനസ്സിലായില്ല.
'അല്ല, ഈ പ്രാര്‍ഥന അധികമായാല്‍ ഈ പച്ചക്കറിയൊക്കെ ഫ്രിഡ്ജില്‍ വെക്കുംപോലെ വെക്കാന്‍ സാധിക്കുമോ? എന്നാ, നമ്മക്ക് തന്നെയോ വേറെ ആര്‍ക്കെങ്കിലുമോ എന്തെങ്കിലുംവന്നാ അതീന്ന് കൊറച്ച് എടുത്ത് ഉപയോഗിക്കാലോ,' ഞാന്‍ വിശദീകരിച്ചു. കന്യാസ്ത്രീകളും പിന്നെ അധികം പ്രാര്‍ഥിച്ചില്ല.
എന്റെ കുടുംബവും പ്രാര്‍ഥനാക്കൂടിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. മെഴുതിരിച്ചൂടില്‍ നിന്നുനിന്ന് കര്‍ത്താവ് വിയര്‍ക്കുന്നത് ഞാനറിഞ്ഞു. അദ്ദേഹത്തെ വെറുതെ വിടാന്‍ ഞാന്‍ ആലീസിനോട് പറഞ്ഞു.
ഞാന്‍ അവിശ്വാസിയല്ല, എന്നാല്‍ എന്തെങ്കിലും രോഗം വരുമ്പോഴേക്കും ദൈവത്തെ വിളിച്ച് അലമുറയിടാനും പ്രാര്‍ഥനകളുടെ എണ്ണംകൂട്ടാനും ഞാന്‍ തയ്യാറല്ല. അത് ദൈവസങ്കല്പത്തെ കുറച്ചുകാണിക്കലാണ്. പ്രാര്‍ഥനയുടെ എണ്ണം കുറഞ്ഞു എന്നതുകൊണ്ടുമാത്രം എന്നെപ്പോലെ ഒരു സാധുമനുഷ്യന്റെ മേല്‍ ഇത്തരത്തില്‍ ഒരു രോഗം ചാര്‍ത്താന്‍ ദൈവം തീരുമാനിക്കുകയാണെങ്കില്‍ അത്തരം ദൈവം എന്തൊരു ബോറനായിരിക്കും? കുറെ പ്രാര്‍ഥിച്ചാല്‍ എല്ലാം മറന്ന് രോഗിയെ രക്ഷപ്പെടുത്തുമെങ്കില്‍ ദൈവം എത്രമാത്രം മുഖസ്തുതിപ്രിയനായിരിക്കും?
രോഗംവന്നാല്‍ കണിശമായ ചികിത്സയാണ് ആദ്യം വേണ്ടത്. മറ്റുള്ളതെല്ലാം രോഗിയുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് ശാന്തിയും സമാധാനവും നല്കുമായിരിക്കാം. എന്നാല്‍ ചികിത്സയില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. രോഗിയുടെ കണ്‍മുന്നിലെ ദൈവം ഡോക്ടര്‍ തന്നെയാണ്.
രോഗിക്കു ചുറ്റുമുള്ള കാഴ്ചകള്‍
കാന്‍സര്‍ എന്റെ ശരീരത്തില്‍ ആക്രമണം അഴിച്ചുവിട്ട സമയത്തുതന്നെയാണ് ഇരിങ്ങാലക്കുടയിലെ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാള്‍ വന്നത്. നാടിനാകെയുള്ള ഉത്സവകാലമാണത്. വീടുകള്‍ എല്ലാം വിളക്കുകളണിയും, ബന്ധുക്കളെക്കൊണ്ടും വിരുന്നുകാരെക്കൊണ്ടും നിറയും. എന്നാല്‍ ഇങ്ങനെ അസുഖമായിക്കിടക്കുന്ന അവസ്ഥയില്‍ വീട്ടില്‍ ആഘോഷമൊന്നും വേണ്ട എന്ന് ആലീസ് പറഞ്ഞു. മനസ്സാകെ മൂടിക്കെട്ടി നില്ക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കൊന്നും തോന്നില്ല.
എങ്കിലും ഞാന്‍ വൈകുന്നേരങ്ങളില്‍ പതുക്കെ നടന്ന് ഗെയ്റ്റിന്റെ അടുത്ത് ചെന്നുനില്ക്കും. ആള്‍ക്കാര്‍ അങ്ങനെ ഒഴുകുന്നതു കാണാം. കഴിഞ്ഞ വര്‍ഷം വരെ ഞാനും ആ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നു. അതാലോചിച്ചപ്പോള്‍ എനിക്കു സങ്കടം തോന്നി. അങ്ങനെ നില്ക്കുമ്പോള്‍ അതുവഴി കടന്നുപോയ ഒരു വഴിപോക്കന്‍ ചോദിച്ചു:
'എന്താ ഇന്നസെന്റേ, നിങ്ങടെ വീട്ടില്‍ ആരെങ്കിലും മരിച്ചോ? പെരുന്നാളിന്റെ വെളിച്ചോം ബഹളോം ഒന്നുമില്ലാതെ.'
'ഇല്ല. മരിച്ചിട്ടില്ല. അടുത്തകൊല്ലം മരിക്കണേന്റെ റിഹേഴ്സലാ. ഞാന്‍ സിനിമാനടനല്ലേ. ഞങ്ങള്‍ ഏത് രംഗം ഷൂട്ട് ചെയ്യ്ണതിന്റേം മുന്‍പേ ഒരു റിഹേഴ്സല് എടുക്കും. 'മനസ്സിനക്കരെ' എന്ന സിനിമ നിങ്ങള് കണ്ടിട്ടുണ്ടോ? അതില്‍ ഞാന്‍ മരിച്ചുകിടക്കുന്ന ഒരു രംഗമുണ്ട്. ആറിലധികം തവണയാണ് അതിന്റെ റിഹേഴ്സല്‍ എടുത്തത്. എന്നിട്ടാണ് ഷോട്ട് ഓകെയായത്. അതുപോലെ ഇത് അടുത്തവര്‍ഷത്തെ വാലായ്മയ്ക്കുള്ള റിഹേഴ്സലാ.'
അതുകേട്ട് അയാള്‍ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
ഈ കാര്യം ഞാന്‍ മമ്മൂട്ടിയോടു പറഞ്ഞു. മമ്മൂട്ടി അതുകേട്ട് പൊട്ടിച്ചിരിച്ചു. രോഗസമയത്തും ഞാന്‍ ചിരി വിടാതെ കൊണ്ടുനടക്കുന്നതിനെ പ്രശംസിച്ചു. ഫോണ്‍ വെക്കുന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചു:
'മമ്മൂട്ടീ, ഞാന്‍ വെറുമൊരു ചെറിയ നടനാ. എനിക്ക് ഒരുപാട് റിഹേഴ്സലൊക്കെ എടുക്കേണ്ടിവരും. നിങ്ങള് ഭരത് അവാര്‍ഡൊക്കെ കിട്ടിയ വലിയ നടനല്ലേ. നിങ്ങടെ കാര്യത്തില് ഈ വാലായ്മ ഫസ്റ്റ് ടേക്കില്‍ ഓകെയാകുമോ, റിഹേഴ്സല്‍ ഒന്നുമില്ലാതെ തന്നെ.'
അതുവരെ പൊട്ടിച്ചിരിച്ച മമ്മൂട്ടി ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.
എന്റെ കീമോ തുടരുന്ന സമയത്തുതന്നെയാണ് ആലീസിന് ഒരു നടുവേദന വന്നത്. അവള്‍ കിടപ്പിലായി. ഭാര്യയും ഭര്‍ത്താവും രോഗികളായി. ഈ സമയത്താണ് നെടുമുടി വേണുവും ഭാര്യ സുശീലയും ചേര്‍ന്ന് വീട്ടില്‍ വന്നത്. എന്നെ ആശ്വസിപ്പിച്ച് എനിക്ക് ബലംതരുക എന്നതാണ് വേണുവിന്റെ വരവിന്റെ ഉദ്ദേശ്യം എന്ന് എനിക്ക് വര്‍ത്തമാനം തുടങ്ങിയപ്പോള്‍ത്തന്നെ മനസ്സിലായി. കാന്‍സറിനെ ഇച്ഛാശക്തിയോടെ നേരിട്ട് മറികടന്നവരുടെ കഥകള്‍ വേണു ആവേശത്തോടെ പറഞ്ഞു. ഏറ്റവുമൊടുവില്‍ പാന്‍ക്രിയാസില്‍ കാന്‍സര്‍വന്ന് മാറിയ സിദ്ധാര്‍ത്ഥ് ശിവ എന്ന നടന്റെ കഥ പറഞ്ഞു. അസുഖസമയത്ത് അയാള്‍ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയമാണ് അയാള്‍ക്ക് ഊര്‍ജമായത്. അതുപോലെ ഇന്നസെന്റും നേരിടണം. സ്വന്തം ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് വേണുവിന്റെ ഭാര്യ സുശീല അഭിമാനംപൂണ്ടു.
എല്ലാം കേട്ടുകിടന്ന ഞാന്‍ വേണുവിനോട് പറഞ്ഞു:
'വേണൂ, അവര്‍ക്കൊക്കെ ജീവിതത്തില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പറഞ്ഞ സിദ്ധാര്‍ത്ഥിന്റെ കാര്യം നോക്കൂ. അയാളെക്കാത്ത് അപ്പുറം ജീവിതത്തില്‍ പ്രണയിനി കാത്തുനില്പുണ്ട്. അതാണയാളെ വഴിനടത്തിയത്. എന്നാല്‍ എന്റെ കാര്യമോ? രോഗം മാറിയാലും എനിക്ക് ഈ നടുവേദന പിടിച്ചുകിടക്കുന്നവളുടെ കൂടെത്തന്നെയല്ലേ ജീവിക്കേണ്ടത്.'അതുകേട്ട് വേണു പൊട്ടിച്ചിരിച്ചു. പുതപ്പുകൊണ്ട് മുഖംപൊത്തി ആലീസും.
ഇത്തരം നിമിഷങ്ങള്‍ രോഗിയാണെന്നുള്ള കാര്യം മറക്കാന്‍ എന്നെ സഹായിച്ചു. എന്തിലും ചിരികാണാനും എന്തില്‍നിന്നും ചിരി ഉണ്ടാക്കാനും കിടന്നകിടപ്പില്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ചിരി മരുന്നാവുന്നത് ആത്മാവിലറിഞ്ഞു.
എനിക്ക് കാന്‍സര്‍ ബാധിച്ചതോടെ വലിയ കൊയ്ത്തായത് വീട്ടിലേക്കുള്ള വഴിയിലെ പഴക്കച്ചവടക്കാരനാണ്. എന്നെ കാണാന്‍ വരുന്നവരിലധികവും എന്തെങ്കിലും പഴമാണ് വാങ്ങിക്കൊണ്ടുവരിക.ആളുകളുടെ വരവ് കൂടിയപ്പോഴാണ് പഴക്കടക്കാരന് തന്റെ കച്ചവടത്തിന്റെ സാധ്യത മനസ്സിലായത്. ആദ്യമൊക്കെ വരുന്നവര്‍ അവര്‍ക്കിഷ്ടമുള്ള ഫ്രൂട്സ് വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ പിന്നെപ്പിന്നെ വരുന്ന ഓരോരുത്തര്‍ക്കും ഓരോതരത്തിലുള്ള ഫലവര്‍ഗങ്ങള്‍ കടക്കാരന്‍ നിര്‍ദേശിച്ചുതുടങ്ങി. കാന്‍സറിന് നല്ലതാണ് എന്നു പറഞ്ഞാണ് എല്ലാ പഴങ്ങളും നിര്‍ദേശിക്കുന്നത്. ആദ്യം വരുന്നയാള്‍ക്ക് ഓറഞ്ചാണ് നല്കിയത് എങ്കില്‍ രണ്ടാമത്തെയാള്‍ക്ക് റംബൂട്ടാനാണ് കൊടുക്കുക. പിന്നെ വരുന്നയാള്‍ക്ക് ആപ്പിള്‍ കൊടുക്കും. അങ്ങനെ വില്പനയ്ക്ക് വെക്കുന്ന ഒരുവിധം എല്ലാ പഴങ്ങളും കേടുവരാതെ വിറ്റുപോയി. എന്റെ കാന്‍സര്‍ അയാള്‍ക്ക് ചാകരയായി.
പഴപ്പീടികയുടെ തൊട്ടടുത്ത് ഒരു തമിഴന്റെ പൂക്കടയാണ്. മുല്ലമാലയും റീത്തും ബൊക്കെയുമൊക്കെയാണ് പ്രധാനം. വളരെക്കാലമായി ഇരിങ്ങാലക്കുട വന്ന് താമസമാക്കിയ ആളാണ്. എന്നെ അറിയാം. നാട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ഞാന്‍ അവിടെ ചെന്ന് റീത്ത് വാങ്ങാറുണ്ട്. സ്ഥിരമായപ്പോള്‍ എനിക്ക് കാറില്‍നിന്ന് ഇറങ്ങേണ്ടിവരാറുപോലുമില്ല. കാര്‍ നിര്‍ത്തി കൈകൊണ്ട് ഒന്നു കറക്കിയാല്‍ മതി. അയാള്‍ റീത്ത് കാറില്‍ കൊണ്ടുവന്നു തരും. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമായി. പഴക്കച്ചവടക്കാരന് കച്ചവടം കൂടുന്നത് പൂക്കച്ചവടക്കാരന്‍തമിഴന്‍ കാണുന്നുണ്ടായിരുന്നു. ഞാനാണ് അതിന്റെ കാരണക്കാരന്‍ എന്ന കാര്യവും അവന് അറിയാമായിരുന്നു. പക്ഷേ, അവന്‍ ഒന്നും മിണ്ടിയില്ല. എല്ലാം സഹിച്ചിരുന്നു. ഒരു ദിവസം രാത്രി വെള്ളമടിച്ചപ്പോള്‍ അവനു സഹിച്ചില്ല. ഫിറ്റായി വന്ന് അവന്‍ പഴക്കച്ചവടക്കാരനോടു പറഞ്ഞു: 'നീ എത്ര പഴം വേണമങ്കിലും കൊടുത്തോ. അവസാനം എന്റെയടുത്തുതന്നെ വരും' അത് പറയുമ്പോള്‍ അവന്‍ ഒരു കൈയില്‍ റീത്തിന്റെ ഒരു ഫ്രെയിം പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.
എനിക്ക് അസുഖം വന്നതിനു ശേഷം പൂക്കടക്കാരന്‍തമിഴന്‍ കഴിയുന്നതും എങ്ങോട്ടും പോവാറില്ലായിരുന്നു. കാരണം എപ്പോഴാണ് എന്റെ കഥ തീരുക എന്നറിയില്ലല്ലോ. ഒരുപാട് റീത്ത് വേണ്ടിവരും എന്ന കാര്യം അയാള്‍ക്കറിയാം. എത്ര കാത്തിരുന്നിട്ടും കാര്യം നടക്കുന്നില്ല. ഒരു പകല്‍കൊണ്ട് പോയിവരാവുന്ന ദൂരം പോകുമ്പോള്‍പോലും കടയില്‍ ഒരു ചെക്കനെ നിര്‍ത്തിയിട്ടാണ് പോകുക. ഒടുവില്‍ കുട്ടികളെയും ഭാര്യയെയും കൊണ്ട് അയാള്‍ക്ക് പഴനിവരെ പോവേണ്ടിവന്നു. പോയി. ഒരു ദിവസം രാവിലെ പോയി പിറ്റേദിവസം ഉച്ചയാവുമ്പോഴേക്കും കക്ഷി തിരിച്ചെത്തി. മൊട്ടയടിച്ച കുട്ടികളുടെ കൈ പിടിച്ച് ഇരിങ്ങാലക്കുട അങ്ങാടിയില്‍ വന്നിറങ്ങിയ അയാള്‍ കണ്ടത് ഒരു ശവഘോഷയാത്രയാണ്. ഒരുപാടുപേര്‍ അതിനെ അനുഗമിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ അയാള്‍ ആകെ തകര്‍ന്നുപോയി. കാരണം ഘോഷയാത്രയുടെ വലുപ്പം കണ്ടിട്ട് മരിച്ചത് അല്പം പ്രശസ്തനായ ആളാണ്. ആളുകളെ കണ്ടാലറിയാം മരിച്ചത് ക്രിസ്ത്യാനിയാണ് എന്ന്. അയാളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു മരണം വരാനിരിക്കുന്നത് എന്റേതു മാത്രമാണ്. അയാള്‍ കാത്തിരുന്ന മരണം. അതും കഴിഞ്ഞുപോയിരിക്കുന്നു. ആ ഞെട്ടലില്‍നിന്ന് മോചിതനാവാന്‍ അയാള്‍ അല്പനിമിഷങ്ങളെടുത്തു. ഘോഷയാത്ര കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് തമിഴന്‍ ഓടിച്ചെന്ന് ഒരു കടയുടെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പീഞ്ഞപ്പെട്ടിയുടെ മുകളില്‍ കയറിനിന്ന് ഏന്തിവലിഞ്ഞ് ആളുകള്‍ താങ്ങിപ്പിടിച്ച ശവപ്പെട്ടിയിലേക്ക് നോക്കി. പെട്ടെന്നുതന്നെ താഴെയിറങ്ങി. ഞാനല്ല മരിച്ചത് എന്ന് അയാള്‍ക്ക് മനസ്സിലായി. ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് അയാള്‍ പറഞ്ഞു:
'അന്ത ഇന്നസെന്റ് സത്യമുള്ള മനുഷ്യന്‍. എന്നെ ഏമാത്തമാട്ടെ.' ഇപ്പോഴും ഞാന്‍ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആ തമിഴന്റെ പൂക്കടയ്ക്ക് മുന്നിലൂടെയാണ് കടന്നുപോവുക. അയാള്‍ അവിടങ്ങനെയിരിക്കുന്നുണ്ടാവും. എന്നെ കാണുമ്പോള്‍ അയാളുടെ മുഖത്ത് ഒരു 'തമിഴ് ചമ്മല്‍' തെളിയാറുണ്ട്.
രോഗമായിരിക്കുന്ന സമയത്തും അത്യാവശ്യഘട്ടങ്ങളില്‍ എനിക്ക് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. വളരെ അടുത്ത ആരെങ്കിലും മരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മരണവീടുകളില്‍ പോകാന്‍ എനിക്കും ആലീസിനും താത്പര്യമില്ലെങ്കിലും നാട്ടാചാരപ്രകാരം നിര്‍ബന്ധിക്കപ്പെടുന്നതാണ്.
ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടില്‍ ഒറ്റത്തവണ ഞങ്ങള്‍ ഒരുമിച്ചു പോയി. ഒരുപാടാളുകളുണ്ട്. എന്റെ ക്ഷീണിച്ച ശരീരം കണ്ടപ്പോള്‍ പലരും ദയനീയമായി ചിരിച്ചു. 'ഉടന്‍ തീരുമല്ലാ കര്‍ത്താവേ' എന്നൊരുഭാവം ആ ചിരിയിലുള്ളതുപോലെ തോന്നി. അല്പം കഴിഞ്ഞപ്പോള്‍ പുരോഹിതന്‍ വന്ന് പ്രാര്‍ഥന തുടങ്ങി.
'ഞാന്‍ എന്റെ ഓട്ടം പൂര്‍ത്തിയാക്കി. ഞാന്‍ നല്ലവണ്ണം യുദ്ധം ചെയ്തു. കര്‍ത്താവ് പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു.'
പ്രാര്‍ഥന കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. മൃതദേഹം സെമിത്തേരിയിലേക്ക് എടുത്തു. ഞാനും ആലീസും ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങി.
തിരിച്ചുള്ള യാത്രയില്‍ ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. പരേതന്റെ മുന്നില്‍വെച്ച് പുരോഹിതന്‍ ചെയ്ത പ്രാര്‍ഥനയില്‍ ഇത്തവണ എനിക്ക് എന്തോ ഒരു പന്തികേടുതോന്നി. ഞാന്‍ ആ വാചകങ്ങള്‍ ഒന്നുംകൂടി മനസ്സുകൊണ്ട് ഉരുവിട്ടു. പെട്ടെന്നാണ് കണ്‍മുന്നിലേക്ക് സെബസ്റ്റ്യാനോസ് പുണ്യാളന്റെ കപ്പേള കടന്നുവന്നത്. ഞാനാ കപ്പേളയിലേക്ക് നോക്കി നന്നായി ഒന്ന് കൊഞ്ഞനം കാണിച്ചു. കപ്പേള കണ്ണില്‍നിന്ന് മറയുന്നതുവരെ കൊഞ്ഞനംകാണിക്കല്‍ തുടര്‍ന്നു. ആലീസിന് ഒന്നും മനസ്സിലായില്ല. അവള്‍ അല്പം പരിഭ്രാന്തിയോടെ ചോദിച്ചു:
'നിങ്ങള്‍ എന്തായീ കാണിക്കുന്നത് ?' ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലുമുണ്ടായിരുന്നു.
ഞാന്‍ ആലീസിനോട് പറഞ്ഞു:
'നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാര്‍ഥന? എങ്ങിനെയാ അത് അവസാനിക്കുന്നത്? 'ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും' എന്ന്. എന്റെ പൊന്നാലീസേ, അല്ലെങ്കിത്തന്നെ എനിക്ക് കാന്‍സറാണ്. ഇനി ദൈവത്തിന് എന്നോട് ഇഷ്ടംകൂടുകയും കൂടിച്ചേര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ! നമ്മളോട് ദൈവത്തിന് കൊറച്ചു ദേഷ്യം കെടന്നോട്ടെ എന്ന് കരുതി ചെയ്തതാ.'
അതുകേട്ട് ആലീസ് എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു. അല്പം കഴിഞ്ഞപ്പോ കൊച്ചുത്രേസ്യാപുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോള്‍, എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അതിനെ നോക്കി ആലീസും കൊഞ്ഞനംകുത്തുന്നു! അത് കണ്ടപ്പോള്‍ ഒരു കാര്യം എനിക്കു മനസ്സിലായി. പറുദീസയില്‍ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യന്‍ മരണത്തെ പേടിക്കുന്നു, ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു.
ഹൃദ്രോഗം വന്ന് എനിക്ക് സ്റ്റെന്റ് ഇട്ട സമയം. എനിക്ക് നേരിയ പരിചയമുള്ള ഒരാള്‍ കാണാന്‍ വന്നു. അയാളും സ്റ്റെന്റ് ഇട്ടിട്ടുണ്ട്. സംസാരത്തിനിടെ അദ്ദേഹം ചോദിച്ചു:
'നിങ്ങളിട്ട സ്റ്റെന്റിന് എന്ത് ചെലവായി?'
'നിങ്ങളുടേതിന് എന്ത് ചെലവായി?' ഞാന്‍ ഒരു മറുചോദ്യം ചോദിച്ചു.
'ഇരുപതിനായിരം രൂപ,' അയാള്‍ പറഞ്ഞു.
' എന്റേതിന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം,' ഞാന്‍ പറഞ്ഞു.
അയാള്‍ അമ്പരന്നു. ഇത്രയും തുകയോ? അതായിരുന്നു അയാളുടെ അദ്ഭുതം. അപ്പോള്‍ ഞാന്‍ പറഞ്ഞു:
'അതേയ് ഞാന്‍ നമ്മടെ റോഡിലൂടെ ഒരുപാട് യാത്രചെയ്യുന്ന ആളാ. അപ്പം വാഹനാപകടം ഉണ്ടാവാനൊക്കെ ഒരുപാട് സാധ്യതയുണ്ട്. അപകടത്തില്‍പ്പെട്ടാല്‍ ചിലപ്പോ എന്റെ ഹാര്‍ട്ട് പുറത്തു വരും. അത് കൊറേനേരം അങ്ങിനെ റോഡില്‍ കിടക്കും. ഒരുപാട് പേര് വന്ന് നോക്കിനില്ക്കും. അക്കൂട്ടത്തില്‍ ചെലപ്പോ ഡോക്ടര്‍മാരുമുണ്ടാകും. അപ്പൊ അവര് കാണും ഇരുപതിനായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയിട്ട സ്റ്റെന്റ്. അപ്പോ അവര് തമ്മീത്തമ്മില്‍പ്പറയും,'അയ്യേ, ഇയാള് വല്യ നടനായിര്ന്നില്ലേ? അമ്മേടെ പ്രസിഡണ്ടുമായിരുന്നൂത്രേ. എന്നിട്ട് ഇര്പതിനായിരം രൂപേടെ സ്റ്റെന്റാ വാങ്ങിയിട്ടിരിക്കുന്നത്. കഷ്ടം.' അത് എന്റെ മകന് നാണക്കേടാണ്. അതോണ്ട് ഞാന്‍ നല്ല പൈസേടെ ഒന്ന് തന്നെ വാങ്ങിയിട്ടു.'
അത് കേട്ട് അയാള്‍ എന്റെ മുഖത്തേക്ക് തന്നെ കുറെ നേരം നോക്കിയിരുന്നു. ആ നോട്ടത്തില്‍ എന്നോടുള്ള ചെറിയ ബഹുമാനമുണ്ടോ എന്ന് എനിക്ക് തോന്നി. മരിക്കാന്‍ കിടക്കുമ്പോഴും പത്രാസ് കൈവിടാന്‍ മനുഷ്യന്‍ ഒരുക്കമല്ല.
ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും എല്ലാം വന്നുതോര്‍ന്നപ്പോഴാണ് രാഷ്ട്രീയനേതാക്കളുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും വരവുകള്‍. അതൊരു രസകരമായ അനുഭവമായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാര്‍, വയലാര്‍ രവി, കെ.ബി. ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍, എം.എ. ബേബി, കര്‍ദിനാള്‍, മാര്‍ ക്രിസോസ്റ്റം തിരുമേനി, ഡി. ബാബുപോള്‍... ആ നിര അന്തമില്ലാതെ തുടര്‍ന്നു.
പഠനംമുതല്‍ ഒന്നിലും പച്ചപിടിക്കാതെ പണ്ട് ഞാന്‍ രാഷ്ട്രീയത്തിലും ഒന്ന് പയറ്റിനോക്കിയിരുന്നു. ആര്‍.എസ്.പിയുടെ തട്ടിലായിരുന്നു എന്റെ പയറ്റ്. അന്ന് ഈ നേതാക്കളെയൊന്നും ദൂരെനിന്നുപോലും ഒന്ന് കാണാന്‍ സാധിക്കില്ലായിരുന്നു. ഇപ്പോള്‍ എല്ലാവരും എന്നെ കാണാന്‍ എത്തിയിരിക്കുന്നു. കാന്‍സര്‍ എന്ന രോഗത്തോട് എനിക്ക് ബഹുമാനം തോന്നി; നന്ദിയും. ഈ സൂക്കേടില്ലെങ്കില്‍ ആര് വരും ഈ എട്ടാംക്ലാസുകാരനെ കാണാന്‍?
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരുന്നതിന് മുന്‍പ് വീടുനിറയെ പോലീസായിരുന്നു. കല്ലിലും പുല്ലിലും മുറികളിലും ചെടിച്ചട്ടികളിലുമെല്ലാം പരിശോധനയോടു പരിശോധന. എല്ലാം കണ്ട് ഞാന്‍ മുറ്റത്തുനിന്നു. തിരച്ചില്‍ തകൃതിയായപ്പോള്‍ ഞാന്‍ ഒരാളോടു ചോദിച്ചു:
'നിങ്ങളെന്താ തെരയണേ?'
'ബോംബോ മറ്റോ ഉണ്ടോന്ന്... നിയമമാണ്, പതിവാണ്.' അയാള്‍ പറഞ്ഞു.
'ഇബടെണ്ടായിരുന്നു ധാരാളം. നിങ്ങള് വരുംന്നറിഞ്ഞപ്പോ മാറ്റീതാണ്.' ഞാന്‍ പറഞ്ഞു. അതു കേട്ടതും ഒരു ചിരിയോടെ അവര്‍ തിരച്ചില്‍ നിര്‍ത്തി.
രമേശ് ചെന്നിത്തല വന്ന് മടങ്ങുമ്പോ പറഞ്ഞു:
'എല്ലാം വേഗം ഭേദമാവട്ടെ.'
'അത്ര വേഗം വേണോ? കൊറച്ചുകൂടി അങ്ങോട്ട് പൊയ്ക്കോട്ടെ.' ഞാന്‍ പറഞ്ഞു.
ചെന്നിത്തല അന്തംവിട്ടുനിന്നു. ഒന്നും മനസ്സിലായില്ല.
'അല്ല, കൊറച്ചുകൂടി ആള്‍ക്കാര്‍ വരാനുണ്ട്. ആ പയ്യനേം കൂടി ഒന്നിങ്ങട്ട് കൊണ്ടോരണം.' ഞാന്‍ പറഞ്ഞു.
'ഏത് പയ്യനെ?' രമേശ് ചോദിച്ചു.
'അല്ല, രാഹുല്‍ ഗാന്ധിയെ. സോണിയാഗാന്ധീടെ കാര്യം അതുകഴിഞ്ഞ് നോക്കാം.' സ്വതഃസിദ്ധമായ ചിരി അല്പംകൂടി ഉച്ചത്തിലാക്കി രമേശ്.
വീരേന്ദ്രകുമാര്‍ വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കന്നഡയില്‍ സംസാരിച്ചു. ഞാന്‍ എന്റെ പഴയ ദാവന്‍ഗരെ ജീവിതകാലം ഒരിക്കല്‍ക്കൂടി ഓര്‍ത്തു. അവിടത്തെ പാവങ്ങളെയും ഗൗഡര്‍മാരെയും ഓര്‍ത്തു.
മരുന്നിനൊപ്പം ഇതെല്ലാം ചേര്‍ന്നപ്പോഴാണ് ഞാന്‍ രോഗമുക്തനായത്. രോഗം ഒരു യാഥാര്‍ഥ്യമാണ് എന്ന് ആദ്യംതന്നെ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു. അതിനോട് മല്ലടിച്ചിട്ടോ അതില്‍നിന്ന് വഴിമാറി നടന്നിട്ടോ കാര്യമില്ല. നേരിടുകതന്നെ. ആത്മവിശ്വാസത്തോടെ, ആത്മപരിഹാസത്തോടെ, തികഞ്ഞ നര്‍മത്തോടെ അതിലൂടെ കടന്നുപോകുക. അങ്ങനെ സാധിച്ചാല്‍ കാന്‍സറും വഴിമാറും. എന്റെ അനുഭവം സാക്ഷി.
Content Highlights: Innocent, Cancer wardile chiri, mammooty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..