അറസ്റ്റുചെയ്യപ്പെടാനും സുരക്ഷിതനാവാനും വേണ്ടിയുള്ള ജയില്‍ ചാട്ടങ്ങള്‍;ചാള്‍സ് ശോഭ് രാജ് ഭയന്നത് ആരെ?


സുനില്‍ ഗുപ്ത

സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ സ്വന്തം കാല്‍മുട്ടില്‍ ഒളിപ്പിച്ചിരുന്ന ഒരു ഡിക്ടാഫോണിലൂടെ അയാള്‍ ശേഖരിച്ചു. അയാളുടെ തടവുചാട്ടത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ രഹസ്യങ്ങളുടെ കലവറകള്‍ തുറന്നുവെക്കുമോ? പക്ഷേ, അങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമുണ്ടായിരുന്നില്ല. ഇതിലും വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍പ്പോലും തിഹാറില്‍ ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.

ചാൾസ് ശോഭ്‌രാജ്

തിഹാര്‍ ജയില്‍ മുന്‍ ലീഗല്‍ ഓഫീസറായിരുന്ന സുനില്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകയായ സുനേത്രാ ചൗധരിയുമായി ചേര്‍ന്നെഴുതിയ ബ്ലാക്ക് വാറണ്ട് രാധാകൃഷ്ണന്‍ തൊടുപുഴ പരിഭാഷപ്പെടുത്തി​ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന ബ്ലാക്ക് വാറണ്ടില്‍ നിന്നും ഒരു ഭാഗം വായിക്കാം.

1986 മാര്‍ച്ച് 16 ഞായറാഴ്ച. അന്ന് എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. പക്ഷേ, അന്നു നടന്ന കാര്യങ്ങള്‍ ഞാന്‍ പിന്നീട് പല തവണ കേള്‍ക്കുകയുണ്ടായി. കേട്ടുകേട്ട് ഒടുവില്‍ ആ സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നുവെന്നുപോലും എനിക്കു തോന്നിപ്പോയി. കട്ടിയുള്ള ഒരു തുണികൊണ്ട് മുഖം മറച്ച്, ജയില്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ കോണ്‍സ്റ്റബിള്‍ ആനന്ദ് പ്രകാശാണ്, അപായസൂചന നല്കിക്കൊണ്ട് ആദ്യ സൈറണ്‍ മുഴക്കിയത്. അയാള്‍ മുഖം മറച്ചതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്. ജയില്‍ ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിലെ ഡോര്‍ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ അയാള്‍ക്ക് സംസാരിക്കാന്‍പോലും കഴിയുമായിരുന്നില്ല. മൂന്നാം നമ്പര്‍ ജയിലിന്റെ ചാര്‍ജ് വഹിച്ചിരുന്ന ആളിനോട് ആനന്ദ് പ്രകാശിന് രണ്ടുവാക്കുകള്‍ ഉച്ചരിക്കുവാന്‍ മാത്രമാണ് കഴിഞ്ഞത്: 'Rush now.'

തനിക്കു ഭാവനചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള ഒരു കാര്യമാണ്, താന്‍ അന്നു കണ്ടതെന്ന്, മൂന്നാം നമ്പര്‍ ജയിലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി.ഡി. പുഷ്‌കര്‍ന ഞങ്ങളോടു പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു പേടിസ്വപ്‌നത്തിലേക്കായിരുന്നു അയാള്‍ നടന്നടുത്തത്; ജയിലിന്റെ എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നുകിടക്കുന്നു. ഗേറ്റ്കീപ്പര്‍, സെക്യൂരിറ്റി ജീവനക്കാര്‍, എന്തിനേറെ ഡ്യൂട്ടി ഓഫീസര്‍ ശിവരാജ് യാദവുപോലും ഒന്നുകില്‍ നല്ല ഉറക്കത്തിലാണ്, അല്ലെങ്കില്‍ മയങ്ങിക്കിടക്കുകയാണ്.

ജയില്‍വാതിലുകളുടെ താക്കോലുകള്‍, അത് സൂക്ഷിക്കുന്ന പ്രത്യേക സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പുഷ്‌കര്‍ന കണ്ടെത്തി. ഒരിക്കലും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്താത്ത, ഒരുതരത്തിലുള്ള അഴിമതികള്‍ക്കും വശംവദരാവാത്ത, തമിഴ്‌നാട് പോലീസിലെ കാവല്‍ക്കാര്‍പോലും വീണുകിടക്കുന്നുണ്ടായിരുന്നു. തെക്കേ ഇന്ത്യയിലെ തമിഴുമാത്രം വശമുള്ള അവരോട് സംവദിക്കാന്‍ ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യന്‍ കുറ്റവാളികള്‍ക്കു കഴിയുമായിരുന്നില്ല. ജയിലിനു ചുറ്റുമുള്ള ഉയര്‍ന്ന ഗോപുരങ്ങളിലായിരുന്നു അവരെ വിന്യസിച്ചിരുന്നത്. അതില്‍ ഒരാള്‍ താഴേ റോഡില്‍ വീണുകിടന്നിരുന്നു. അല്പമകലെ അയാളുടെ. 303 റൈഫിളും കണ്ടു. കോണ്‍സ്റ്റബിള്‍ പ്രകാശ് മുഖം മറച്ചിരുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്. അത് ലജ്ജകൊണ്ടായിരുന്നില്ല. മറിച്ച്, അയാളും മയക്കുമരുന്നാക്രമണത്തിന്റെ ഇരയായിരുന്നു. തന്നെ കീഴടക്കാന്‍ ശ്രമിക്കുന്ന അബോധാവസ്ഥയില്‍നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്കും കഴിഞ്ഞില്ല. അയാള്‍ മൂക്കുംകുത്തി വീണു.

നടപ്പാക്കാന്‍ പാടില്ലാത്ത ഒന്ന്, അതീവഗുരുതരമാംവിധം ഭീകരമായതെന്തോ, തിഹാറില്‍ സംഭവിച്ചുവെന്ന് പുഷ്‌കര്‍നയ്ക്കു മനസ്സിലായി. തിഹാര്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായി അവിടത്തെ ബസര്‍ (അടിയന്തരഘട്ടത്തിലെ അലാറം), ന്യായയുക്തമായ ഒരു കാര്യത്തിനുവേണ്ടി മുഴങ്ങി. ശല്യക്കാരനായ ഒരു പുതുമുഖം ജയിലില്‍ എത്തുമ്പോഴോ, ജയിലിനകത്തു സംഘട്ടനം നടക്കുമ്പോഴോ മാത്രമേ സാധാരണ അലാറം മുഴങ്ങിയിരുന്നുള്ളൂ. ഇത്തവണ തികച്ചും ന്യായയുക്തമായ ഒരു കാര്യത്തിനുവേണ്ടി അത് മുഴക്കപ്പെട്ടു. മൂന്നാം നമ്പര്‍ ജയിലിലെ മുഴുവന്‍ തടവുകാരും രക്ഷപ്പെട്ടതുപോലെയാണു തോന്നിയത്.

അലാറം അടിച്ചാല്‍ പിന്നെ ഉടന്‍ നടക്കുന്നത് ജയിലിലെ തടവുപുള്ളികളുടെ എണ്ണമെടുക്കലാണ്. ആ ജയിലില്‍ 200 തടവുകാരാണുണ്ടായിരുന്നത്. അതില്‍ പന്ത്രണ്ടു പേരാണ് രക്ഷപ്പെട്ടിരിക്കുന്നത്. പക്ഷേ, പ്രശ്‌നം അതല്ല. അവരില്‍ തിഹാറിലെ കുപ്രസിദ്ധ തടവുകാരന്‍ ചാള്‍സ് ഗുരുമുഖ് ശോഭ്‌രാജും ഉള്‍പ്പെട്ടിരിക്കുന്നു!
ആ വാര്‍ത്ത പ്രക്ഷേപണം ചെയ്ത മൂന്നുമണിക്ക് ഞാന്‍ എവിടെയായിരുന്നുവെന്ന് കൃത്യമായ ഓര്‍മ എനിക്കുണ്ട്. ആ സമയം ഞാന്‍ വീട്ടില്‍ ദൂരദര്‍ശന്‍ പരിപാടികള്‍ കാണുകയായിരുന്നു. പൊടുന്നനവേ ദൂരദര്‍ശന്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്ന പരിപാടി മുറിച്ച് ചാള്‍സ് ശോഭ്‌രാജ് ജയില്‍ ചാടിയെന്ന വാര്‍ത്ത സംപ്രേഷണം ചെയ്തു. ഞാന്‍ ഉടന്‍ ജോലിസ്ഥലത്തേക്കു പോയി. അന്ന് അവിടെ നടന്ന സംഭവങ്ങളെ അതിന്റെ തുടര്‍ച്ചയില്‍ത്തന്നെ പുനരവലോകനം ചെയ്യുകയാണ് ഞങ്ങള്‍ ചെയ്തത്.

കുറ്റകൃത്യത്തിന്റെ പിതൃത്വം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു സൂചന ഞങ്ങള്‍ക്കു ലഭിച്ചു. വീണുകിടക്കുന്ന ഓരോ ജീവനക്കാരന്റെ കൈയിലും ഓരോ അന്‍പതു രൂപനോട്ട് കാണാമായിരുന്നു. പുഷ്‌കര്‍ന പെട്ടെന്ന് തന്റെ അനുമാനം വെളിപ്പെടുത്തുകയും ചെയ്തു. അവര്‍ക്കെല്ലാം ആദ്യം അന്‍പതു രൂപ പാരിതോഷികം നല്കി. തുടര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ മധുരപലഹാരങ്ങള്‍ കൊടുത്തു. അത് ചെയ്തത് ചാള്‍സ് ശോഭ്‌രാജായിരുന്നു. അയാള്‍ അന്നേദിവസം തന്റെ ജന്മദിനമാണെന്ന് അവകാശപ്പെട്ടിരുന്നു.

ആ ജയില്‍ചാട്ടം രാജ്യമെങ്ങും, പത്രങ്ങളുടെ തലവാചകമായി. അസോസിയേറ്റഡ് പ്രസ് കൊടുത്ത ആ വാര്‍ത്ത ലോകമെമ്പാടും പരന്നു. ഡല്‍ഹിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജയ് അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: രണ്ടുപേര്‍ തിഹാര്‍ ജയിലിലേക്കു വന്നു. ജയിലിലെ ഒരു തടവുകാരന്റെ ജന്മദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്യാന്‍ അവര്‍ വാര്‍ഡന്റെ അനുമതി തേടി. ശിവരാജ് യാദവ് എന്ന വാര്‍ഡന്‍ അനുമതി നല്കുകയും ചെയ്തു. സന്ദര്‍ശകര്‍ ഉടന്‍തന്നെ ശിവരാജ് യാദവിനും അവിടെ ഉണ്ടായിരുന്ന അഞ്ചു ഗാര്‍ഡുകള്‍ക്കും മധുരപലഹാരങ്ങള്‍ നല്കി. അതു കഴിച്ചവരെല്ലാം ഉടന്‍തന്നെ ബോധരഹിതരായി വീണു. മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണ് അവര്‍ക്ക് ബോധം വീണ്ടുകിട്ടിയത്.

അന്വേഷണത്തില്‍ മറ്റൊരു കാര്യംകൂടി വ്യക്തമായി. തിഹാര്‍ ജയിലിലെ ഒരു മുന്‍തടവുകാരന്‍, ഡേവിഡ് ഹാള്‍ എന്ന ബ്രിട്ടീഷ് പൗരന്‍, ആ പ്രത്യേക ദിവസം ശോഭ്‌രാജിനെ സന്ദര്‍ശിച്ചിരുന്നു. അയാള്‍ ഇതില്‍ നിര്‍ണായകമായൊരു പങ്കും വഹിച്ചിട്ടുണ്ട്. അയാളുടെ മോചനം നടന്നിട്ട് അധികകാലമായിട്ടില്ല. മയക്കുമരുന്ന് ഒളിച്ചുകടത്തുന്നതില്‍ ഒരു വിദഗ്ധനായിരുന്നു അയാള്‍. എനിക്ക് അയാളെപ്പറ്റി അറിഞ്ഞുകൂടാ. പക്ഷേ, ശോഭ്‌രാജിനറിയാമായിരുന്നു. വിദേശികള്‍ എന്ന നിലയില്‍ ജയിലില്‍ അവര്‍ ചങ്ങാതിമാരായിത്തീര്‍ന്നു. ശോഭ്‌രാജ് അയാള്‍ക്ക് ഒരു ജാമ്യാപേക്ഷ തയ്യാറാക്കി കൊടുക്കുകകൂടി ചെയ്തപ്പോള്‍ ആ സ്‌നേഹബന്ധം ദൃഢതരമായി. കൂടുതല്‍ അന്വേഷണത്തില്‍ മറ്റൊരു കാര്യംകൂടി കണ്ടെത്തി. ഡേവിഡ് ഹാള്‍, ശോഭ്‌രാജിനെ കാണാനെത്തിയ ആ ദിവസം അയാള്‍ ശോഭ്‌രാജിന് എന്തോ ചില പദാര്‍ഥങ്ങള്‍ കൈമാറി. അത് ഉപയോഗിച്ചാണ് ജയില്‍ജീവനക്കാരെ മയക്കിക്കിടത്തിയ മരുന്ന് അയാള്‍ ഉണ്ടാക്കിയത് എന്നു വിശ്വസിക്കപ്പെടുന്നു.

നേരത്തേ പറഞ്ഞിട്ടുള്ളതുപോലെ, മറ്റു തടവുകാര്‍ക്കില്ലാത്ത ഒരാനുകൂല്യം ചാള്‍സ് ശോഭ്‌രാജിന് നല്കിയിരുന്നു. തന്റെ സെല്ലില്‍ സ്വയം ആഹാരം പാകം ചെയ്തു കഴിക്കാനുള്ള അനുവാദമായിരുന്നു അത്. തന്റെ ജന്മദിനമാണ് എന്നു പറഞ്ഞ് പ്രചരിപ്പിച്ച്, അന്നേ ദിവസം അയാള്‍ക്ക് ജയിലില്‍നിന്ന് മധുരപലഹാരങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞു. ഒരു പത്രറിപ്പോര്‍ട്ട് പ്രകാരം അവയില്‍ അയാള്‍ ലാര്‍പോസ് എന്ന ഉറക്കഗുളിക പൊടിച്ചുചേര്‍ത്തു. 820 ഗുളികകളാണ് അയാള്‍ ഈ കാര്യത്തിന് ഉപയോഗിച്ചത്! തന്റെ രക്ഷപ്പെടല്‍ ദൗത്യത്തില്‍ അയാള്‍ മറ്റു പന്ത്രണ്ടു തടവുകാരെക്കൂടി ഉള്‍പ്പെടുത്തി. സ്വന്തം നിലയില്‍ അങ്ങനെ ചെയ്യാന്‍ കഴിവില്ലാത്തവരായിരുന്നു അവര്‍. ഇവരില്‍ രണ്ടുപേര്‍ ജയിലധികാരികള്‍ക്കുവേണ്ടി ചില്ലറ ജോലികള്‍ ചെയ്യുന്നവരായിരുന്നു. ചെറിയ കുറ്റവാളികളായിരുന്ന ഇവര്‍ക്കും ശോഭ്‌രാജ് മയക്കുമരുന്നു നല്കിയിരുന്നു. മാധ്യമങ്ങളിലൂടെ ഇവരെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ അവര്‍ സംഭ്രാന്തരായി. അവര്‍ക്കുവേണ്ടി വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ അവര്‍ ജനക്പുരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. അങ്ങനെ തിരിച്ച് അവര്‍ തിഹാര്‍ ജയിലിലെത്തി. എന്നാല്‍, പോലീസ് നടന്ന കാര്യങ്ങള്‍ അതേപടി പറയാന്‍ തയ്യാറായില്ല. അത് അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി തിരുത്തി. തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍വേണ്ടി പോലീസ് അവരെ പിടികൂടിയെന്ന് വാര്‍ത്ത നല്കി.

അത് പോലീസിന്റെ മുഖം രക്ഷിക്കാനുള്ള ഒരു ശ്രമമായിരുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചാള്‍സ് ശോഭ്‌രാജ് ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട്, അതിശയോക്തി കലര്‍ന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഡല്‍ഹിയിലെ ഉന്നതോദ്യോഗസ്ഥര്‍, സീനിയര്‍ ഗവണ്‍മെന്റ് ഓഫീസര്‍മാരോടൊപ്പം തിഹാര്‍ ജയിലിലേക്ക് ഇരച്ചെത്തിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ എച്ച്.കെ.എല്‍. കപൂറും കമ്മീഷണര്‍ വേദ് മര്‍വയും ജയില്‍ മുഴുവന്‍ അരിച്ചുപെറുക്കി പരിശോധിച്ചുവെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകളാണ് അവര്‍ പ്രസിദ്ധപ്പെടുത്തിയത്. വി.ഡി. പുഷ്‌കര്‍നയും മറ്റ് ഓഫീസര്‍മാരും അറസ്റ്റു ചെയ്യപ്പെട്ടെന്നും അവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്ത വന്നു. പത്രമാധ്യമങ്ങള്‍ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ജയില്‍ ഓഫീസര്‍മാര്‍ ശോഭ്‌രാജിനെ മൃഷ്ടാന്നം ഊട്ടുന്നതും അയാള്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മെമ്മോകളും മറ്റും എഴുതിക്കൊടുക്കുന്നതും വലിയ തുകകള്‍ കൈക്കൂലിയായി ജയിലധികാരികള്‍ക്ക് സംഘടിപ്പിച്ചുകൊടുക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ ഉള്‍പ്പെട്ടു. പക്ഷേ, യഥാര്‍ഥ കഥ മാത്രം പുറത്തുവന്നില്ല. പുഷ്‌കര്‍നയെ ശിക്ഷിച്ചു. പക്ഷേ, അപ്പോള്‍ ജയില്‍ ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ആര്‍.ടി.എല്‍. ഡിസൂസയെ സംബന്ധിച്ച് ഒരു പ്രതികൂലപരാമര്‍ശംപോലും ആരും നടത്തിയില്ലെന്നത് ആശ്ചര്യകരമായൊരു കാര്യമായി ശേഷിച്ചു. അതേക്കുറിച്ച് അന്ന് പറഞ്ഞുകേട്ട ഒരു കഥയുണ്ട്. ഡിസൂസ ഒരു സീനിയര്‍ ഡിഫന്‍സ് ഓഫീസറുടെ ബന്ധുവായിരുന്നു. അന്നത്തെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡിഫന്‍സ് സര്‍വീസില്‍നിന്നും വന്ന ഒരാളായിരുന്നു. ഡിസൂസയുടെ ബന്ധുവായ സീനിയര്‍ ഡിഫന്‍സ് ഓഫീസര്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ സ്വാധീനിച്ചതിന്റെ ഫലമാണ് ഡിസൂസയ്‌ക്കെതിരേ നടപടി ഉണ്ടാകാതിരുന്നത് എന്നായിരുന്നു പൊതുവേയുണ്ടായ സംസാരം.

അക്കാലത്ത് മാധ്യമങ്ങള്‍ കണ്ടെത്താന്‍ പരാജയപ്പെട്ട മറ്റൊരു കഥയുണ്ട്. ചാള്‍സ് ശോഭ്‌രാജ് രക്ഷപ്പെടുന്നതിന് കഷ്ടിച്ച് ഒരു മാസം മുന്‍പ് ജയില്‍നമ്പര്‍ ഒന്നില്‍നിന്നും മൂന്നിലേക്ക് അയാളെ ദുരൂഹമായ സാഹചര്യത്തില്‍ മാറ്റിയ സംഭവമാണ് ഉദ്ദേശിക്കുന്നത്. എന്തിനാണയാളെ ഒന്നാം നമ്പര്‍ ജയിലില്‍നിന്നും മാറ്റിയത്? അത് രക്ഷപ്പെടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നോ? മൂന്നാം നമ്പര്‍ ജയില്‍ താരതമ്യേന പുതിയ ജയിലായിരുന്നു. അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നാംനമ്പര്‍ ജയിലിലേതുപോലെ മികച്ച പരിശീലനം സിദ്ധിച്ചവരായിരുന്നില്ല. ഇതെല്ലാം നടക്കുന്ന സമയത്തുതന്നെ, ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കാവുന്ന മറ്റൊരു സംഭവവും അവിടെ നടന്നു. ഡേവിഡ് ഹാള്‍ എന്ന വിദേശിയായ മയക്കുമരുന്നുകച്ചവടക്കാരന് കേവലം 12,000 രൂപയുടെ ബലത്തില്‍ ജാമ്യം ലഭിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സാധാരണ വിദേശി ചെയ്യുക സ്വന്തം നാട്ടിലേക്കു പോകാന്‍ ശ്രമിക്കുകയെന്നതാണ്. പക്ഷേ, ഹാള്‍ പോയില്ലെന്നു മാത്രമല്ല, തിഹാര്‍ ജയിലിനെ ചുറ്റിപ്പറ്റി നില്ക്കുകയും ശോഭ്‌രാജിന്റെ ജയില്‍ചാട്ടത്തിന് സഹായം നല്കുകയും ചെയ്തു. അതിന്റെ അര്‍ഥം, ശോഭ്‌രാജിന്റെ രക്ഷപ്പെടലിനു പിന്നില്‍ നന്നായി ആലോചിച്ച് രൂപകല്പന ചെയ്ത ഒരു പദ്ധതി ഉണ്ടായിരുന്നുവെന്നാണ്.

Sunil Gupta and Sunetra Chaudhari
സുനില്‍ ഗുപ്തയും സുനേത്രാ ചൗധരിയും മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

ശോഭ്‌രാജിന്റെ രക്ഷപ്പെടലിനെപ്പറ്റി, മുതിര്‍ന്ന ഓഫീസര്‍മാരുടെ തലത്തില്‍, ഗൗരവതരമായ ഒരന്വേഷണവും നടത്താന്‍ ശ്രമിച്ചില്ല. അങ്ങനെയൊരന്വേഷണം അധികൃതരുടെ കഴിവില്ലായ്മയെയാണ് പുറത്തുകൊണ്ടുവരികയെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. എന്നിരുന്നാലും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ആവശ്യങ്ങളെ തുടര്‍ന്ന്, ഒരു ആഭ്യന്തര അന്വേഷണം നടത്താന്‍ അവര്‍ തയ്യാറായി. അതിനു നിയോഗിക്കപ്പെട്ടത്, അതിര്‍ത്തിരക്ഷാസേനയിലെ ഒരു മുന്‍ ഓഫീസറും. അയാള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ശിവരാജ് യാദവും പുഷ്‌കര്‍നയും തുടങ്ങി അഞ്ചുപേരാണ് കുറ്റക്കാര്‍ എന്നു കണ്ടെത്തി. ഈ പ്രതികള്‍, ലാര്‍പോസ് പോലുള്ള പലതരം മയക്കുമരുന്നുകളും മധുരപലഹാരങ്ങളും ശോഭ്‌രാജിന്റെ കൈയില്‍ എത്തിക്കുന്നതിന് സഹായങ്ങള്‍ നല്കി. ഇവരുടെ ശ്രദ്ധയില്ലായ്മമൂലം ജയില്‍ജീവനക്കാരും മറ്റും ശോഭ്‌രാജിന്റെ വലയില്‍ അകപ്പെട്ടു. ഇത് വളരെ സുഖകരമായ ഒരു കണ്ടെത്തലായിരുന്നു. അവരെ അഞ്ചുപേരെയും ജയിലില്‍ അടച്ചു. പക്ഷേ, പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇതൊന്നും ഞങ്ങളെ ഞെട്ടിപ്പിക്കുവാന്‍ പര്യാപ്തമായ കാര്യങ്ങളായി തോന്നിയിരുന്നില്ലെയന്നു പറയേണ്ടിയിരിക്കുന്നു. പാരിസിന് അടുത്തുള്ള പോയിസി ജയിലായിരുന്നു ശോഭ്‌രാജിന്റെ ആദ്യജയില്‍. ഒരു കുട്ടിയായിരിക്കെ അയാള്‍ അവിടെ എത്തിപ്പെട്ടു. അന്നും ജയില്‍ ഓഫീസര്‍മാരുമായി ചങ്ങാത്തംകൂടിയ ശോഭ്‌രാജ്, സ്വന്തം കാര്യങ്ങള്‍ക്കായി അവരെ ഉപയോഗപ്പെടുത്തുകയുണ്ടായി. ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലിലെ ഒരു ജുവലറിയില്‍ കൊള്ള ചെയ്യാന്‍ നടത്തിയ വിഫലശ്രമങ്ങളെ തുടര്‍ന്ന് 1973-ല്‍ അയാള്‍ ഇന്ത്യയില്‍ ആദ്യം ജയിലിലായി. അവിടെ വെച്ച് അയാള്‍ ഒരു രോഗിയായി അഭിനയിച്ചു. ശോഭ്‌രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും അയാള്‍ രക്ഷപ്പെടുകയും ചെയ്തു. 1971ലും 1972ലും ശോഭ്‌രാജ് കാബൂള്‍ ജയിലിലടയ്ക്കപ്പെട്ടു. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ താമസിച്ചശേഷം പണം നല്കാതെ കടന്നതിനായിരുന്നു അറസ്റ്റ്.

വീണ്ടും അയാള്‍ രോഗം നടിച്ച് ആശുപത്രിയിലെത്തി. ഗാര്‍ഡുകള്‍ക്ക് മയക്കുമരുന്നു നല്കി അവിടെനിന്നും രക്ഷപ്പെട്ടു. ശോഭ്‌രാജ് എവിടെയും ആവര്‍ത്തിക്കുന്ന ഒരു രീതിയായി അത് മാറി. പറഞ്ഞുകേട്ടുള്ള അറിവാണ്, മയക്കുമരുന്ന് നല്കിയ ശേഷമാണ് അയാള്‍ തന്റെ ഇരകളെ കൊലചെയ്തിരുന്നത്.
ഇങ്ങനെയൊക്കെയുള്ള ശോഭ്‌രാജ് തിഹാര്‍ ജയിലില്‍നിന്നും ചാടിപ്പോയ ശേഷം 23 ദിവസം കഴിഞ്ഞ് അവിടെത്തന്നെ തിരിച്ചെത്തിയെന്നത് ഒരു വലിയ തമാശതന്നെയാണ്. ഗോവയില്‍വെച്ചായിരുന്നു അയാള്‍ അറസ്റ്റിലായത്. അതിനു കാരണക്കാരന്‍ ഒരു അജയ്‌സിങ് തോമറായിരുന്നു. അയാളും ജയിലില്‍നിന്നും ചാടിപ്പോയ ഒരുവനായിരുന്നു. ഒരു ട്രെയിനില്‍ കുറെ ഗ്രനേഡുകളും തിരകളുമായി യാത്ര ചെയ്യവേ അയാള്‍ പിടിയിലായി. അജയ്‌സിങ് തോമറിനെ മുംബൈയിലെ ജയിലിലായിരുന്നു സൂക്ഷിച്ചത്.

തോമറിലൂടെ പോലീസ്, ജയില്‍ ചാടിയ മറ്റൊരു തടവുപുള്ളിയിലേക്ക് എത്തിച്ചേര്‍ന്നു. ദേവ്കുമാര്‍ ബ്രഹ്മദത്ത് ത്യാഗി ആയിരുന്നു ആ തടവുകാരന്‍. ഇവര്‍ രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ ശോഭ്‌രാജും ഹാളും തങ്ങളില്‍നിന്നും വേര്‍പെട്ട് ഗോവയിലേക്ക് പോയിട്ടുണ്ടെന്നവര്‍ പറഞ്ഞു. അങ്ങനെ ഗോവയില്‍നിന്നും ശോഭ്‌രാജും ഹാളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ശോഭ്‌രാജില്‍നിന്നും പന്തീരായിരം യു.എസ്. ഡോളറിനു സമാനമായ തുകയും ഒരു തോക്കും പിടിച്ചെടുത്തു. ആ പണം വളരെ ദൂരേക്കു പോയി ഒളിക്കാന്‍ വേണ്ടി സ്വരൂപിച്ചതായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

ശോഭ്‌രാജിന്റെ അറസ്റ്റ് തിഹാര്‍ ജയിലുദ്യോഗസ്ഥരില്‍ പലരുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണുണ്ടായത്. ജയില്‍ചാട്ടത്തിന്റെ രഹസ്യങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന ചോദ്യങ്ങളാല്‍ അന്വേഷണോദ്യോഗസ്ഥര്‍ ശോഭ്‌രാജിനെ വലച്ചപ്പോള്‍ തിഹാറിലെ ജയിലുദ്യോഗസ്ഥര്‍, ഞെട്ടിവിറച്ചാണ് കഴിഞ്ഞത്. തന്നെ സഹായിച്ചവരുടെ പേരുകള്‍ ശോഭ്‌രാജ് പറയുമോ? ശോഭ്‌രാജ് പണം നല്കിയിരുന്ന ജയിലുദ്യോഗസ്ഥരുടെ പേരുകള്‍, അയാള്‍ അന്വേഷണോദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തുമോ? അക്കാലത്ത് ശോഭ്‌രാജിനെപ്പറ്റി ഒരുപാട് ഊഹാപോഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ സ്വന്തം കാല്‍മുട്ടില്‍ ഒളിപ്പിച്ചിരുന്ന ഒരു ഡിക്ടാഫോണിലൂടെ അയാള്‍ ശേഖരിച്ചു. അയാളുടെ തടവുചാട്ടത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ രഹസ്യങ്ങളുടെ കലവറകള്‍ തുറന്നുവെക്കുമോ? പക്ഷേ, അങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമുണ്ടായിരുന്നില്ല. ഇതിലും വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍പ്പോലും തിഹാറില്‍ ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.
ശോഭ്‌രാജ് തിഹാറില്‍ മടങ്ങിയെത്തിയതിനുശേഷം 1986 ഏപ്രിലിലാണ് അയാളെ ഞാന്‍ കാണുന്നത്. എന്തിനുവേണ്ടിയായിരുന്നു ആ ജയില്‍ചാട്ടമെന്ന് അയാളോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു ഞാന്‍. അതുകൊണ്ട് സമയംകൊല്ലുകയെന്ന ഒരു ഉദ്ദേശ്യംകൂടി എന്റെ ചോദ്യത്തിനു പിന്നില്‍ ഉണ്ടായിരുന്നു. ഒരു ചെറുചിരിയുടെ അകമ്പടിയോടെ അയാള്‍ പറഞ്ഞു: 'വിഭ്രമാത്മകമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുകയെന്നത് ഞാനിഷ്ടപ്പെടുന്നൊരു കാര്യമാണ്. പക്ഷേ, മാധ്യമങ്ങള്‍ നല്കിയ വ്യാഖ്യാനം മറ്റൊന്നായിരുന്നു. വീണ്ടും അറസ്റ്റ് ചെയ്യപ്പെടാന്‍ വേണ്ടിയായിരുന്നു ആ തടവുചാട്ടമെന്ന് മാധ്യമങ്ങള്‍ വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും അവര്‍ നിരത്തി. ഇന്ത്യന്‍ ജയിലിലെ ശോഭ്‌രാജിന്റെ ശിക്ഷാകാലാവധി അവസാനിക്കാറായിരുന്നു. ശിക്ഷയുടെ കാലഘട്ടം തീരുന്നതോടെ ശോഭ്‌രാജിനെ വിട്ടുനല്കണം എന്ന ആവശ്യം തായ്‌ലാന്‍ഡ് സര്‍ക്കാര്‍ ഉന്നയിക്കാന്‍ ഇടയുണ്ടായിരുന്നു. അവിടെ അയാള്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ ശോഭ്‌രാജിനെ തായ്‌ലാന്‍ഡിന് കൈമാറിയാല്‍ അവിടെ അയാളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നുവരാം. ഫയറിങ് സ്‌ക്വാഡിന്റെ മുന്നില്‍ അകപ്പെടാതിരിക്കണമെങ്കില്‍ ഇന്ത്യയില്‍ തുടരണം. ജയില്‍ ചാടിയ കുറ്റത്തിന് ഇന്ത്യന്‍ അധികാരികള്‍ക്ക് അയാളെ കുറെക്കാലത്തേക്കുകൂടി ഇവിടെ നിര്‍ത്തേണ്ടിവരും.

മാധ്യമങ്ങള്‍ അങ്ങനെയൊക്കെ വ്യാഖ്യാനിച്ചെങ്കിലും ശോഭ്‌രാജ് ഉന്നയിച്ച വാദഗതിയാണ് ശരിയെന്ന് കരുതാനാണ് എനിക്കിഷ്ടം. സംഭ്രമജനകമായ വാര്‍ത്തകളില്‍ നിറയുന്നതില്‍ ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അയാള്‍. ഏറ്റവും ഉന്നതശ്രേണിയില്‍ വരുന്ന ഒരു തടവുകാരനായി കരുതപ്പെടണം എന്നയാള്‍ ആഗ്രഹിച്ചിരിക്കണം. അതിന്റെ ഫലമായി ജയില്‍സുരക്ഷിതത്വം പലമടങ്ങ് വര്‍ധിപ്പിക്കും. ഇതെല്ലാം മറ്റുള്ളവരുടെ കൈയടി നേടാന്‍ ഞാന്‍ നടത്തുന്ന ശ്രമങ്ങളാണെന്ന് ചിത്രീകരിക്കപ്പെടാം. കോടതിയില്‍ അയാള്‍ക്ക് ഇതെല്ലാം നിഷേധിക്കേണ്ടിവന്നു. അയാള്‍ കോടതിയില്‍ ബോധിപ്പിച്ചത് ഇങ്ങനെ: തന്നില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ട് അയാള്‍ ഒരു ഇരയാണ്. ഈ ജയില്‍ചാട്ടം ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഒരിക്കല്‍ അയാള്‍ എന്നോടു പറയുകയും ചെയ്തു. എത്ര വിപുലമായ രീതിയിലാണ് ഒരു ജന്മദിനാഘോഷം അയാള്‍ ജയിലില്‍ അഭിനയിച്ചതെന്ന് അറിയാവുന്ന എന്റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. 'കാര്യങ്ങള്‍ ഗൗരവമായി കാണൂ' എന്ന് ദൃഢസ്വരത്തില്‍ അയാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പോലീസ് ചമച്ചത് മറ്റൊരു കഥയാണ്. മറ്റൊരു കുറ്റവാളിയും ശോഭ്‌രാജിന്റെ സഹതടവുകാരനുമായിരുന്ന രാജേന്ദ്ര സേത്തിയ എന്ന പ്രമുഖ ഡല്‍ഹി ബിസിനസ്സുകാരനെ, കഥയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുവന്നു. താന്‍ നടത്തിയ ഒരു വലിയ ബാങ്ക് തട്ടിപ്പുകേസിലെ പ്രധാനപ്പെട്ട സാക്ഷിയെ വകവരുത്താന്‍ സേത്തിയ ശോഭ്‌രാജിനെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആ സാക്ഷിയുടെ പേര് സ്വാമി സത്‌സംഘി എന്നായിരുന്നു. അതിനുവേണ്ടി സേത്തിയയുടെ ഭാര്യ ഒരു യു.കെ. അക്കൗണ്ടില്‍ 99,000 ഡോളര്‍ നിക്ഷേപിച്ചുവെന്നും ശോഭ്‌രാജ് ജയില്‍ ചാടുന്നതിന് തൊട്ടുമുന്‍പ് അതില്‍നിന്നും കുറെ തുക പിന്‍വലിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. പോലീസിന്റെ ഈ വാദം പൂര്‍ണമായും നിരാകരിക്കപ്പെട്ടു. അത് റദ്ദാക്കാന്‍ സേത്തിയ കോടതിയെ സമീപിക്കുകയും അയാളുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.

ചാള്‍സ് ശോഭ്‌രാജിന് സ്വാധീനശക്തിയുള്ള ഒരുപാട് സുഹൃത്തുക്കളും അയാള്‍ക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറുള്ള ജയിലുദ്യോഗസ്ഥരും ഉണ്ടായിരുന്നു. എങ്കില്‍പ്പോലും തടവുചാട്ടത്തിനുശേഷം മടങ്ങിയെത്തിയ ശോഭ്‌രാജിന് തന്നെ കാത്തിരിക്കുന്ന കടുത്ത യാഥാര്‍ഥ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ അതൊന്നും പോരാതെവന്നു. അയാളുടെ കുത്സിതപ്രവൃത്തിയുടെ ഫലമായി ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന കടുത്ത അപമാനത്തിന് അയാള്‍ക്ക് നല്ല വില നല്‌കേണ്ടിവന്നു. ഇക്കുറി അയാളെ ഒറ്റപ്പെട്ട ഒരു വാര്‍ഡില്‍, ചങ്ങലയ്ക്കിട്ട നിലയിലാണ് സൂക്ഷിച്ചത്. മുന്‍പ് സര്‍വസ്വാതന്ത്ര്യങ്ങളോടുംകൂടി ജയിലില്‍ വിഹരിച്ചിരുന്ന വ്യക്തിയായിരുന്നു അയാള്‍. ഇപ്പോള്‍ പക്ഷേ, ഭീകരന്മാര്‍ക്ക് നീക്കിവെച്ചിരിക്കുന്ന ഒറ്റപ്പെട്ട ഒരു വാര്‍ഡില്‍ ബന്ധിതനായി കഴിയേണ്ടിവന്നിരിക്കുന്നു. അയാളുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒരു സെക്യൂരിറ്റി ഗാര്‍ഡ് കൂടെയില്ലാതെ അയാള്‍ക്ക് ഒരിടത്തും പോകാന്‍ കഴിയുകയില്ല.

ജയിലിലെ മനംമടുപ്പിക്കുന്ന കഠിനജോലികളില്‍നിന്നും, കടുത്ത ചൂടില്‍നിന്നും, ഒക്കെ രക്ഷപ്പെടാന്‍, സമര്‍ഥരായ തടവുകാര്‍ ഉപയോഗപ്പെടുത്തുന്ന ചില പഴുതുകളുണ്ട്. കോടതികളില്‍ എത്തിപ്പെടാനുള്ള തന്ത്രങ്ങളാണ് അവര്‍ സാധാരണ പ്രയോജനപ്പെടുത്താറുള്ളത്. കോടതിയിലായിരിക്കുന്ന സമയത്ത്, നിങ്ങള്‍ക്ക് പുറത്തുള്ളവരെ കാണാനും ബന്ധപ്പെടാനും കഴിയും. കുടുംബാംഗങ്ങള്‍ക്ക് അവിടെ വന്ന് നിങ്ങളെ കാണാം. നല്ല ഭക്ഷണം കഴിക്കാം. 1986 സെപ്റ്റംബറിലെ ഇന്ത്യാടുഡേയിലെ ഒരു റിപ്പോര്‍ട്ടില്‍, ശോഭ്‌രാജിന്റെ ഈ രണ്ടാം ജയില്‍വാസത്തിലെ ആദ്യദിനങ്ങളിലെ കോടതിസന്ദര്‍ശനത്തെപ്പറ്റി വിവരിക്കുന്നുണ്ട്.

കോടതിയില്‍ താന്‍ ചെലവഴിക്കേണ്ട സമയം മനഃപൂര്‍വം ദീര്‍ഘിപ്പിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങള്‍, ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. പ്രധാനപ്പെട്ട വാദങ്ങളെല്ലാം കഴിഞ്ഞശേഷം മൂന്നു പ്രത്യേക അപേക്ഷകള്‍ അയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതിനുശേഷം അനുഭവങ്ങളില്‍നിന്നും ആര്‍ജിച്ച പരിചയം വെച്ച്, അയാള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. ആദ്യകാര്യം, ആഹാരത്തിന്റെതായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് നല്ല ഭക്ഷണം കഴിക്കാന്‍ അനുവദിക്കണം എന്നതായിരുന്ന് അത്. രണ്ടാമത്തെ ആവശ്യം തന്റെ വക്കീലുമായി വേണ്ടത്ര സമയമെടുത്ത് സംസാരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ. മൂന്നാമത്തേത് ഫയലുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നതും.

അപ്പോഴേക്കും അയാളില്‍ പഴയ 'ബിക്കിനി കില്ലര്‍' പരിവേഷം ഉറവയെടുത്തു. കോടതിയുടെ മറ്റൊരു മൂലയില്‍ രാജേന്ദ്ര സേത്തിയയുടെ ഭാര്യയും മകളും നിന്നിരുന്നു. സേത്തിയയെ കോടതിയില്‍ വെച്ച് കാണാനെത്തിയതായിരുന്നു അവര്‍. കോടതിമുറി കുറുകേ മുറിച്ചു കടന്ന് ശോഭരാജ് അവിടെയെത്തി; അവരെ ചുംബിച്ചു. ആ അമ്മയെയും മകളെയും സാന്ത്വനിപ്പിച്ചശേഷം തനിക്കുവേണ്ടി വരുത്തിച്ച ചിക്കന്‍ ബിരിയാണിയിലേക്ക് അയാള്‍ ശ്രദ്ധ തിരിച്ചു. ഇതിനിടെ അയാളുടെ വക്കീല്‍ സെന്‍ഗാര്‍ ശബ്ദമുയര്‍ത്തി, അയാളോട് കയര്‍ക്കുന്നുണ്ട്. ശോഭ്‌രാജ് വക്കീലിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച് ഏതാനും വാക്കുകള്‍ സംസാരിച്ചു. പക്ഷേ, അപ്പോഴേക്കും ഉദാസീനമനസ്‌കനായി അയാള്‍ ബിരിയാണിയിലെ, കോഴിക്കഴുത്തില്‍ പിടിവലി നടത്തുകയായിരുന്നു. ഇതിനിടെ ഒരു കോണ്‍സ്റ്റബിള്‍ താഴ്ന്ന ശബ്ദത്തില്‍ ശോഭ്‌രാജിനുവേണ്ടി വാങ്ങിവെച്ചിരുന്നതും ശോഭ്‌രാജ് മറന്നുപോയതുമായ ഭക്ഷണത്തെപ്പറ്റി അയാളെ ഓര്‍മപ്പെടുത്തുന്നുണ്ട്. അയാളെ ചുറ്റിപ്പറ്റി അവിടെ നിന്നിരുന്ന മറ്റൊരു പോലീസുകാരനെ ഒരു ലിംക വാങ്ങാന്‍ പറഞ്ഞുവിടുകയും ചെയ്തു.

ശോഭ്‌രാജിനെ ചങ്ങലയ്ക്കിടുന്ന കാര്യത്തില്‍ വിചിത്രമെന്നോ അസാധാരണമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു സാഹചര്യം രൂപപ്പെട്ടു എന്ന കാര്യം എന്റെ സ്മരണയിലുണ്ട്. അയാളെ ചങ്ങലയ്ക്കിടണം എന്നുതന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ, ജയില്‍ സൂപ്രണ്ടിന്റെ മാത്രം അധികാരപരിധിയില്‍പ്പെട്ട ഒരു കാര്യമല്ല അതെന്ന് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ അനുശാസിക്കുന്നുണ്ട്. കോടതിയില്‍നിന്നും അക്കാര്യം സംശയാതീതമായി വ്യക്തമാക്കുന്ന ഒരു ഉത്തരവ് അനിവാര്യമാണ്. ഒരു വ്യക്തിയെ ചങ്ങലയ്ക്കിടുന്നത്, ഏറ്റവും മോശപ്പെട്ട മനുഷ്യാവകാശലംഘനമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതുപോലെയുള്ള ഒരു ഉത്തരവില്‍ ഒപ്പിടാന്‍ ഒരു ജില്ലാ ജഡ്ജിയും ഒരുക്കമായിരുന്നില്ല. മൂന്നു മാസം അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കെ തികച്ചും വ്യത്യസ്തനായ ഒരു ജില്ലാ ജഡ്ജിയെത്തി; പി.കെ. ബഹ്‌രി.

അദ്ദേഹം ഈ പ്രശ്‌നത്തില്‍ പരമാവധി ദൂരം മുന്നോട്ടുപോകാന്‍ ധൈര്യം കാട്ടി. ജില്ലാകോടതിയില്‍ ഈ കാര്യം വന്നപ്പോള്‍, ശോഭ്‌രാജിനെ ചങ്ങലയ്ക്കിടണമെന്ന് കര്‍ശന ഉത്തരവു നല്കിയെന്നു മാത്രമല്ല, അത് ഉടനടി നടപ്പാക്കണമെന്ന് വിധിന്യായത്തില്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, ശോഭ്‌രാജിനെ അനിശ്ചിതകാലത്തേക്ക് ചങ്ങലയില്‍ ഇടണം എന്നതായിരുന്നു ജസ്റ്റിസ് ബഹ്‌രിയുടെ വിധിയിലെ ധ്വനി. അങ്ങനെയൊരര്‍ഥത്തില്‍ ആ വിധി നിയമപരമായി ശരിയായിരുന്നില്ല. ഒരാളെ ഇപ്രകാരം ചങ്ങലയ്ക്കിടാവുന്നത്, പരമാവധി മൂന്നു മാസം മാത്രമാണെന്ന്, നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാന്‍ തറപ്പിച്ചുപറയുന്നു. പക്ഷേ, ബഹ്‌രി അസാമാന്യധൈര്യമുള്ള ഒരു ജഡ്ജിയായിരുന്നു. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഒരു പ്രത്യേകത അതാണ്. ഒരു ജഡ്ജിക്ക് എത്രയധികം വേണമെങ്കിലും ഉദാരമനസ്‌കനായിത്തീരാനും, അങ്ങനെ ആകാതിരിക്കാനും കഴിയും. ജസ്റ്റിസ് ബഹ്‌രിയെപ്പോലെയുള്ളവര്‍ ഇക്കാര്യം തീരുമാനിക്കുന്നത് അത് ബാധിക്കുന്ന കുറ്റവാളിയുടെ കുറ്റകൃത്യങ്ങളുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണെന്നുമാത്രം. അതുകൊണ്ട് 1980കളില്‍, നിങ്ങളുടെ കൈയില്‍ ഒരു കൊടുംഭീകരന്‍ അകപ്പെട്ടു എന്നിരിക്കട്ടെ, ഈ മനുഷ്യാവകാശപ്രശ്‌നങ്ങളുടെ നൂലാമാലകളൊന്നും നിങ്ങള്‍ ഗൗനിച്ചു എന്നു വരില്ല. നിങ്ങള്‍ക്ക് ജസ്റ്റിസ് ബഹ്‌രിയെ (അല്ലെങ്കില്‍ ഇത്രയും ധൈര്യമുള്ള മറ്റൊരു ജഡ്ജിയെ) സമീപിക്കുവാനും അയാളെ ചങ്ങലയ്ക്കിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും കഴിയുമായിരുന്നു. മറ്റു ജഡ്ജിമാരില്‍നിന്നും വ്യത്യസ്തനായി, വിധിയുടെ അനന്തരഫലങ്ങളെപ്പറ്റി അദ്ദേഹം ഒട്ടും ആകുലനായിരുന്നില്ല.

ശോഭ്‌രാജ്, ചങ്ങലയില്‍ ബന്ധിതനായിരുന്നു. പക്ഷേ, ശോഭ്‌രാജ് മുന്‍പ് എന്തായിരുന്നോ അതില്‍നിന്നും വ്യത്യസ്തനായ ഒരു ശോഭ്‌രാജിനെ സൃഷ്ടിക്കാന്‍ ആ ചങ്ങലകള്‍ക്കു കഴിഞ്ഞില്ല. ആ അവസ്ഥയില്‍പ്പോലും അയാള്‍ ഞങ്ങളെ പലപ്പോഴും അമ്പരപ്പിച്ചു. ഉദാഹരണത്തിന് അയാള്‍ ഏകാന്തതടവിലായിരുന്നപ്പോള്‍പ്പോലും അയാള്‍ ഭക്ഷിച്ച റൊട്ടിക്കഷ്ണങ്ങള്‍ക്കിടയില്‍നിന്നും ഹാഷിഷ് കണ്ടെത്തി. ഇത്രയധികം ഉയര്‍ന്ന കര്‍ശനനിരീക്ഷണങ്ങള്‍ക്കിടയിലും, സുരക്ഷാകേന്ദ്രത്തിലേക്ക്, മയക്കുമരുന്നെത്തിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നത് അചിന്ത്യമായിരുന്നു. ഗുപ്തസന്ദേശങ്ങള്‍ വഴിയും, മറ്റുമാകാം ആ കൈമാറ്റം എന്നുവേണം കരുതാന്‍. രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും, പിന്നീടവരെ പിരിച്ചുവിടുകയും ചെയ്തു. അവര്‍ക്കെതിരേ ഒരു കേസ് ഫയല്‍ ചെയ്തു. പക്ഷേ, തിഹാര്‍ ജയിലിന്റെ ഇരുണ്ട അറകളില്‍, കാലില്‍ കനത്ത ചങ്ങലകളിട്ട് ബന്ധിച്ച നിലയില്‍ കഴിയുന്ന, ഒരാളെ എങ്ങനെയാണ് നിങ്ങള്‍ക്കു ശിക്ഷിക്കാന്‍ കഴിയുക?

കുറെയധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ശോഭ്‌രാജ് കാരണമായിട്ടുണ്ട്. അതു താഴ്ന്നതലങ്ങളില്‍ മാത്രമല്ല സംഭവിച്ചതെന്നും ഓര്‍ക്കണം. 1997 ഫെബ്രുവരിയില്‍ ഫ്രാന്‍സിലേക്കു പോകാന്‍ വേണ്ടി, ശോഭ്‌രാജിനെ മോചിപ്പിച്ചപ്പോള്‍, പോലീസ് സേനയിലെ നക്ഷത്രസാന്നിധ്യമായിരുന്ന കിരണ്‍ ബേദിയുടെ സ്ഥലംമാറ്റത്തിനും അയാള്‍ കാരണക്കാരനായി. 1993ലാണ് 8,000 തടവുകാരുള്ള തിഹാര്‍ ജയിലില്‍, ഐ.ജിയായി കിരണ്‍ ബേദിയെത്തുന്നത്. ശോഭ്‌രാജ് ജയില്‍ ചാടിയതിനുശേഷം വളരെക്കാലം കഴിഞ്ഞായിരുന്നു ആ നിയമനം. കാല്‍ച്ചങ്ങലകള്‍ ശോഭ്‌രാജിനെ ചുറ്റിവരിഞ്ഞ കഥയൊക്കെ എല്ലാവരും മറന്നിരുന്നു. ഞങ്ങള്‍ അയാളുടെ ഏതേതു കഴിവുകളാല്‍ ആകര്‍ഷിക്കപ്പെട്ടുവോ, അതേ അബദ്ധം കിരണ്‍ ബേദിക്കും പറ്റി. അത് ബേദിയുടെ പതനത്തിനു കാരണമാവുകയും ചെയ്തു. എല്ലാ തടവുകാര്‍ക്കും എന്തെങ്കിലും ജോലി ചെയ്‌തേ മതിയാവൂ. മാഡം ബേദി ശോഭ്‌രാജിനെ നിയമസഹായ സെല്ലില്‍ നിയമിച്ചു. കൂടാതെ ഒരു ടൈപ്പ്‌റൈറ്ററും അയാള്‍ക്കു വിട്ടുനല്കി. ജയിലില്‍ ഒരു തടവുപുള്ളിക്ക് ടൈപ്പ്‌റൈറ്റര്‍ ഉപയോഗിക്കാന്‍ അനുവാദം നല്കാനുള്ള അധികാരം ജയില്‍ ഇന്‍ ചാര്‍ജിനാണ്. ജയില്‍നിയമം അതാണു പറയുന്നത്. അതില്‍ നിയമരഹിതമായി ഒന്നുമില്ല. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന മദന്‍ലാല്‍ ഖുരാന, കിരണ്‍ ബേദിയെ ശിക്ഷിക്കാന്‍ ഒരു കാരണം നോക്കിയിരിക്കവേയായിരുന്നു ഈ സംഭവം. കിരണ്‍ ബേദിയെ സ്ഥലം മാറ്റുന്ന ഉത്തരവില്‍ പറയുന്നത് ടൈപ്പ്‌റൈറ്റര്‍ ആനന്ദം കണ്ടെത്താനുള്ള വഴിയും, ആഡംബരവുമാണെന്ന് ആയിരുന്നു. അത് തന്റെ കഴിഞ്ഞകാലജീവിതത്തിലെ, കുറ്റകൃത്യങ്ങളെ ന്യായീകരിച്ച്, ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ ശോഭ്‌രാജിനെ സഹായിക്കും എന്നും ആരോപിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും നവീനമായ ജയില്‍പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയ, മാഗ്‌സെസെ അവാര്‍ഡ് ജേതാവുകൂടിയായ കിരണ്‍ ബേദിയെയാണ് ഇപ്രകാരം സ്ഥലം മാറ്റിയത്.

1997 ഫെബ്രുവരി 17ന്, ശോഭ്‌രാജിന്റെ ഇരുപതു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയായി. അയാളെ ഫ്രഞ്ച് അധികാരികള്‍ക്കു കൈമാറി. അന്ന് അയാളുടെ പ്രായം 53 വയസ്സായിരുന്നു. അപ്പോഴും അയാള്‍ക്കെതിരെ ചില ചെറിയ കേസുകള്‍ കൂടി നിലനിന്നിരുന്നു. എങ്കിലും, പിന്നീട് ആവശ്യമെങ്കില്‍, അയാളെ വിട്ടുതരാം എന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പുകൂടി കണക്കിലെടുത്ത് അവര്‍ക്കു വിട്ടുനല്കുകയായിരുന്നു. ഫ്രാന്‍സില്‍ അയാള്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം ആസ്വദിച്ചുതന്നെയാണ് ജീവിച്ചത്. പക്ഷേ 2003-ല്‍, നേപ്പാളില്‍ വെച്ച് വീണ്ടും അറസ്റ്റിലായി. അവിടെ അയാള്‍, ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

നാലു പതിറ്റാണ്ടുകാലം തിഹാര്‍ ജയിലില്‍ സേവനമനുഷ്ഠിച്ച ഒരുവനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു കാര്യം അസന്ദിഗ്ധമായി എനിക്കു പറയാന്‍ കഴിയും; ജയില്‍ചാട്ടങ്ങളുടെ മാതൃകാപാരമ്പര്യങ്ങളുടെ പിറവി തിഹാര്‍ ജയിലില്‍ത്തന്നെയാണ്. തിഹാറിലെ തടവുകാര്‍ തടവുചാട്ടത്തിനു സ്വീകരിച്ച മാര്‍ഗങ്ങളാണ്, പ്രായേണ മറ്റു ജയിലുകളിലെ തടവുകാരും ജയില്‍ ചാടാന്‍ പ്രയോജനപ്പെടുത്തിയത്. ഇതിന്റെയെല്ലാം തുടക്കം, ചാള്‍സ് ശോഭ്‌രാജ് നടത്തിയ സാഹസിക ജയില്‍ചാട്ടത്തില്‍നിന്നാണ്.
ഞാന്‍ തിഹാര്‍ ജയിലില്‍ സര്‍വീസില്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 1976ലാണ്, ഇതിഹാസ സമാനമായ ഒരു ജയില്‍ചാട്ടം നടന്നത്. അത് അടിയന്തരാവസ്ഥക്കാലമായിരുന്നു. അന്ന് പ്രതിപക്ഷനേതാക്കളെയെല്ലാം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചിരുന്നു. മിസാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. വിജയരാജ സിന്ധ്യ, നാനാജി ദേശ്മുഖ്, ചൗധരി ചരണ്‍സിങ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്‌ലി, പ്രകാശ്‌സിങ് ബാദല്‍, ലാലാ ഹന്‍സ്‌രാജ്, പ്രേംസാഗര്‍ ഗുപ്ത തുടങ്ങിയവര്‍ തിഹാര്‍ ജയിലില്‍ ഉണ്ടായിരുന്നു. വിജയരാജ സിന്ധ്യയും നാനാജി ദേശ്മുഖും ജനസംഘത്തില്‍നിന്നുമുള്ള നേതാക്കളായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും.

ജയില്‍ തിങ്ങിനിറഞ്ഞ കാലം. അതുകൊണ്ട് തിഹാറിലെ വെളിമ്പ്രദേശങ്ങള്‍, ഉന്നതരായ രാഷ്ട്രീയനേതാക്കള്‍ക്കു താമസിക്കാന്‍ കഴിയുംവിധം തയ്യാറാക്കിയെടുക്കേണ്ടിവന്നു. അവിടെ താമസിക്കുന്നവര്‍ക്ക് വൈദ്യസഹായം നല്കുന്നതിനുവേണ്ടി പ്രത്യേകം ക്രമീകരണങ്ങള്‍ ചെയ്തു. നാനാജി ദേശ്മുഖിനെപ്പോലെയുള്ള പ്രമുഖര്‍ കമ്യൂണിസ്റ്റ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നതിനും മറ്റും തിഹാര്‍ ജയിലില്‍ സാക്ഷ്യംവഹിച്ചു. സത്യത്തില്‍ ജനതാപാര്‍ട്ടിയുടെ ജനനം തിഹാര്‍ ജയിലിലായിരുന്നു.

വിജയരാജ സിന്ധ്യ അതില്‍ ഒരു പ്രമുഖ പങ്കുവഹിച്ചു. മൂന്നാം വാര്‍ഡിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. നാനാജി ദേശ്മുഖ് 18-ാം വാര്‍ഡിലും. പരസ്പരം കാണുന്നതിനും, ആലോചന നടത്തുന്നതിനും ഒരു പുതിയ മാര്‍ഗം അവര്‍ കണ്ടെത്തി. നാനാജി ഒരു യോഗാവിദഗ്ധനായിരുന്നു. വിജയരാജ സിന്ധ്യ ഒരു ഡോക്ടറുടെ കുറിപ്പ് സംഘടിപ്പിച്ചു. അതില്‍ പറഞ്ഞിരുന്നത് അവര്‍ക്ക് യോഗ ചെയ്യേണ്ടത് അത്യാവശ്യമാണെന്നായിരുന്നു. ദിവസവും ഒരു മണിക്കൂറെങ്കിലും യോഗ ചെയ്യേണ്ടത്, വിജയരാജ സിന്ധ്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നായിരുന്നു ഡോക്ടറുടെ കുറിപ്പ്. ജയിലധികാരികള്‍ക്ക് മറ്റൊരു വഴിയുമില്ലായിരുന്നതുകൊണ്ട്, ദേശ്മുഖിന് സ്ത്രീകളുടെ വാര്‍ഡിലേക്കു പോകാനും, ദിവസവും ഒരു മണിക്കൂര്‍ രാജമാതയെ യോഗ പഠിപ്പിക്കാനും അനുവാദം നല്കി. അവര്‍ യോഗ എത്രത്തോളം പഠിച്ചുവെന്ന കാര്യം എനിക്കു നിശ്ചയമില്ല. പക്ഷേ, ഈ സന്ദര്‍ശനങ്ങളായിരുന്നു ജനതാപാര്‍ട്ടിയുടെ വിത്തുപാകിയത്.

ഈ തടവിലാക്കപ്പെട്ട നേതാക്കള്‍ ഇന്ദിരാഗാന്ധിയെ മറിച്ചിടാന്‍ ജയിലില്‍ ഗൂഢാലോചനയൊന്നും നടത്തിയില്ല. പക്ഷേ, ജയിലിലെ അസഹനീയമായ മടുപ്പ് അവസാനിപ്പിക്കാന്‍ അവര്‍ക്കു പോരാടേണ്ടിവന്നു. ജയില്‍ജീവനക്കാരുമൊത്ത് ബാഡ്മിന്റണ്‍ കളിയില്‍ ഏര്‍പ്പെടുകയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ചെയ്തത്. ജോര്‍ജ് ഫെര്‍ണാണ്ടസ് എഴുത്തില്‍ വ്യാപൃതനായി. ചൗധരി ചരണ്‍സിങ് ആധ്യാത്മികമാര്‍ഗത്തില്‍ ചരിച്ച് പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു. ജനസംഘം നേതാക്കളെയും കമ്യൂണിസ്റ്റ് നേതാക്കളെയും അടുപ്പിക്കുന്നതില്‍ പ്രകാശ് സിങ് ബാദല്‍ വലിയൊരു പങ്കുവഹിച്ചു. അവര്‍ കാരംസ് കളിച്ചുകൊണ്ട് രാഷ്ട്രീയം സംസാരിച്ചു. ഈ കൗതുകകുതൂഹലങ്ങള്‍ നടന്നുകൊണ്ടിരിക്കവേ, ജയിലിലെ പതിമൂന്നു തടവുകാര്‍ ചേര്‍ന്ന്, തങ്ങളുടെ ബാരക്കുകളിലൂടെ ഒരു തുരങ്കം ഉണ്ടാക്കി 1976 മാര്‍ച്ച് 16ന് ജയിലില്‍നിന്നും രക്ഷപ്പെട്ടു. കൃത്യമായി പറഞ്ഞാല്‍ ചാള്‍സ് ശോഭ്‌രാജിനും ഒരു പതിറ്റാണ്ടു മുന്‍പ്. അവരില്‍ ഭൂരിപക്ഷം പേരെയും പിടികൂടി. എങ്കിലും 'വിധി പുനഃപരിശോധനാസമിതി'യുടെ ഉത്തരവുപ്രകാരം മിക്കവരെയും മോചിപ്പിച്ചു. കാലാവധി തീരുംമുന്‍പ് തടവുകാരെ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കുന്ന ആ സമിതി ഇപ്പോഴും നിലവിലുണ്ട്. ജയില്‍ജീവിതത്തിലൂടെ മാനസികപരിവര്‍ത്തനം വന്ന് നല്ലവരായ തടവുകാരും, ജയിലില്‍ നല്ല സ്വഭാവം പുലര്‍ത്തുന്നവരും എല്ലാം പുനഃപരിശോധനാസമിതിയുടെ പരിഗണനയില്‍ വരും. ജസീക്കാലാലിന്റെ ഘാതകന്‍ മനുശര്‍മ, കാലാവധിക്കു മുന്‍പ് മോചനം കിട്ടാന്‍ കഠിനപരിശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. പക്ഷേ, രണ്ടു ദശാബ്ദക്കാലത്തിലധികം ജയിലില്‍ ചെലവിട്ട 'തണ്ടൂര്‍ കൊലയാളി' സുഷീല്‍ ശര്‍മ, സമിതിയുടെ അനുമതി നേടുന്നതില്‍ വിജയിച്ചു.

എന്റെ സേവനകാലഘട്ടത്തിലെ ഏറ്റവും വലിയ ജയില്‍ചാട്ടം നടന്നത് 1983 വേനല്‍ക്കാലത്താണ്. അതില്‍ ഉള്‍പ്പെട്ടവര്‍ ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു. ജെ.എന്‍.യു. വൈസ് ചാന്‍സലര്‍ ആയിരുന്ന പി.എന്‍. ശ്രീവാസ്തവയ്‌ക്കെതിരേ നടന്ന പ്രക്ഷോഭത്തിലെ പ്രതികളായിരുന്നു ജയില്‍ ചാടിയവര്‍. അച്ചടക്കനടപടികളുടെ ഭാഗമായി ഒരു വിദ്യാര്‍ഥിയെ, അയാള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍നിന്നും മറ്റൊരു ഹോസ്റ്റലിലേക്ക്, വൈസ്ചാന്‍സലര്‍ മാറ്റിയതായിരുന്നു സമരകാരണം. വിദ്യാര്‍ഥികളെല്ലാം ചേര്‍ന്ന് അധ്യാപകരെ വളഞ്ഞു. ഏപ്രില്‍, മേയ് മാസങ്ങള്‍ക്കിടയ്ക്ക് കാര്യങ്ങള്‍ വഷളായി. വൈസ്ചാന്‍സലറുടെയും റെക്ടറുടെയും വൈദ്യുതിയും ഫോണും വിദ്യാര്‍ഥികള്‍ വിച്ഛേദിച്ചു. തുടര്‍ന്ന് മേയ് 10ന് യൂണിവേഴ്‌സിറ്റി കാമ്പസില്‍ പോലീസ് കയറി. നൂറ്റിയെഴുപത് ആണ്‍കുട്ടികളെയും എണ്‍പതു പെണ്‍കുട്ടികളെയും അറസ്റ്റു ചെയ്തു. അവരെ തിഹാര്‍ ജയിലിലെ പ്രത്യേക സെല്ലുകളില്‍ പാര്‍പ്പിച്ചു.

മേയ് 11-ാം തീയതിയിലെ, ലോക്ക് കൗണ്ടില്‍, നൂറ്റിയിരുപത്തിയഞ്ച് ആണ്‍കുട്ടികളുടെയും അന്‍പത്തിയഞ്ചു പെണ്‍കുട്ടികളുടെയും കുറവു രേഖപ്പെടുത്തി. അതോടെ സര്‍വത്ര കുഴപ്പമായി. ഇതുണ്ടാക്കിയ പ്രശ്‌നങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ജയില്‍ സൂപ്രണ്ട് എം.എസ്. റിതു അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ അനാരോഗ്യമായിരുന്നു കാരണം. മേയ് 10ലെ കണക്കെടുപ്പിന്റെ രേഖകളില്‍ അദ്ദേഹം ഒപ്പുവെച്ചില്ല. കുഴപ്പം തന്റെ തലയില്‍ വരാതിരിക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹം ഒഴിഞ്ഞുനിന്നത്. ആ ഒപ്പുവെക്കല്‍, ഡപ്യൂട്ടി ജയില്‍ സൂപ്രണ്ട് ശിവരാജ് യാദവിന്റെ ചുമതലയായിത്തീര്‍ന്നു (ഈ മനുഷ്യന്‍തന്നെയാണ് പിന്നീട് ശോഭ്‌രാജിന്റെ ജയില്‍ചാട്ടത്തിലും ശിക്ഷിക്കപ്പെട്ടത്).

ജയില്‍ചാട്ട വാര്‍ത്തകള്‍ വേഗംതന്നെ മാധ്യമങ്ങളിലെത്തി. ചാടിപ്പോയ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു പുതിയ എഫ്.ഐ.ആര്‍. ഇട്ടു. അന്വേഷണോദ്യോഗസ്ഥര്‍, ചാടിപ്പോയ വിദ്യാര്‍ഥികള്‍ക്കുള്ള അറസ്റ്റ് വാറന്റുമായി ജെ.എന്‍.യുവിലെത്തി. പക്ഷേ, പോലീസുദ്യോഗസ്ഥര്‍ കൊണ്ടുപോയ വാറന്റില്‍ ഉണ്ടായിരുന്നവരില്‍ ആരെയും ജെ.എന്‍.യുവില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അറസ്റ്റിലായ വിദ്യാര്‍ഥികളെല്ലാം വ്യാജപ്പേരുകളാണ് അധികാരികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നതെന്ന് വ്യക്തമായി. അപ്പോഴാണ് തങ്ങള്‍ പിന്തുടരുന്ന സമ്പ്രദായത്തിലെ പഴുതുകള്‍ ഗുരുതരമാണെന്ന് പോലീസുകാര്‍ക്കു മനസ്സിലായത്. പോലീസ് പിടികൂടുന്ന ഏതൊരാള്‍ക്കും അപ്പോള്‍ തോന്നുന്ന ഒരു വ്യാജപ്പേരു നല്കാന്‍ കഴിയുമായിരുന്നു. അതു ശരിയോ തെറ്റോ എന്നു പരിശോധിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല.
ഇത്രയും ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളുള്ള ഒരു ജയിലില്‍ നിന്നും 180 വിദ്യാര്‍ഥികള്‍ എങ്ങനെ ചാടിപ്പോയി എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു വിവരവും ഇല്ലായിരുന്നു. അത് ആര്‍ക്കും എത്ര എളുപ്പത്തില്‍ വേണമെങ്കിലും സ്വാധീനിക്കാന്‍ കഴിയുന്ന ഭരണമേല്‍നോട്ട നിരീക്ഷണസമ്പ്രദായങ്ങളുടെയും ഫലമായിരുന്നു. അതുപോലെതന്നെ പ്രധാനപ്പെട്ടതായിരുന്നു വിദ്യാര്‍ഥികളുടെ നീതിബോധമോ ധാര്‍മികതയോ ഇല്ലാത്ത നിലപാടുകളും. വിദ്യാര്‍ഥികളെന്ന നിലയില്‍ അവരെ ബി ക്ലാസ് തടവുകാരായിട്ടാണ് കണക്കാക്കിയിരുന്നത്. അത് തടവുകാരിലെ ഉയര്‍ന്ന കൂട്ടരാണ്. അവര്‍ക്ക് മറവുകളോ ചില്ലുവാതിലുകളോ ഇരുമ്പുനെറ്റോ ഒന്നും മധ്യത്തില്‍ ഇല്ലാതെ സന്ദര്‍ശകരുമായി സംസാരിക്കാന്‍ കഴിയുമായിരുന്നു.

ഇങ്ങനെ അറസ്റ്റു ചെയ്യപ്പെട്ട് കൊണ്ടുവന്നിരുന്ന വിദ്യാര്‍ഥികളില്‍ ഏറിയപങ്കും, വലിയ സ്വാധീനശക്തിയുള്ള പ്രമുഖരുടെ മക്കളായിരുന്നു. അക്കാലത്ത് ജയിലില്‍ സന്ദര്‍ശനത്തിന് എത്തുന്ന തടവുകാരുടെ ബന്ധുക്കള്‍ക്കും മറ്റും അവരുടെ കൈത്തണ്ടയില്‍ മുദ്രപതിപ്പിച്ചതും സന്ദര്‍ശകന്‍ എന്ന സൂചന നല്കുന്നതുമായ ഒരു അടയാളം കെട്ടിയാണ് അകത്തു പ്രവേശിപ്പിച്ചിരുന്നത്. സന്ദര്‍ശകന്‍ തിരികെ ഇറങ്ങുമ്പോഴും അത് കൈയില്‍ ഉണ്ടായിരിക്കണം. അങ്ങനെയാണ് തടവുകാര്‍ പുറത്തുപോയിട്ടില്ലെന്ന് കാവല്‍ക്കാരന്‍ ഉറപ്പുവരുത്തിയിരുന്നത്. അത് ഒരു മേയ്മാസക്കാലമായിരുന്നു. അപ്പോഴാണ് ഡല്‍ഹിയിലെ അത്യുഷ്ണം, അതിന്റെ കൊടുമുടിയിലെത്തുക. ചൂടിലും വിയര്‍പ്പിലും ഈ കൈമുദ്രകള്‍ നനഞ്ഞും അലിഞ്ഞുമായിരിക്കും ഇരിക്കുക. ബുദ്ധിമാന്മാരായ വിദ്യാര്‍ഥികള്‍ തങ്ങളെ സന്ദര്‍ശിക്കാനെത്തിയവരുടെ സന്ദര്‍ശകമുദ്രകള്‍ തങ്ങളുടെ കൈത്തണ്ടയില്‍ മാറ്റിക്കെട്ടി ജയിലില്‍നിന്നും രക്ഷപ്പെട്ടിരിക്കണം. ജയില്‍കവാടത്തിലെ കാവല്‍ക്കാരന്‍ ജാഗ്രതയുള്ളവനായിരുന്നെങ്കില്‍ അകത്തു കയറിയതിന്റെ മൂന്നിരട്ടിപ്പേര്‍ പുറത്തു പോകുന്നത് കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു. അന്ന് ഇങ്ങനെ നാടകമാടിയ വിദ്യാര്‍ഥികളില്‍ പലരും പിന്നീട് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്‍ ഒരാള്‍ പിന്നീട് തിഹാര്‍ ജയിലില്‍ സൂപ്രണ്ടായിത്തീര്‍ന്നുവത്രേ!

ഇതുപോലെയുള്ള ഓരോരോ സംഭവങ്ങളില്‍നിന്നുമാണ് വലിയ വലിയ പാഠങ്ങള്‍ പഠിക്കുന്നത്. ഇതിനുശേഷം, സന്ദര്‍ശകര്‍ക്ക്, മറകളില്ലാതെ തടവുകാരെ കാണാന്‍ അനുവാദം നല്കുന്ന പതിവ് നിര്‍ത്തി. എങ്കിലും ജയിലില്‍നിന്നുമുള്ള രക്ഷപ്പെടലുകള്‍ പാടേ നിലച്ചില്ല. സത്യം പറയട്ടെ, അവയില്‍ പലതും അതീവ അദ്ഭുതകരവും സാഹസികവുമായിരുന്നു. മറ്റു ചിലതെല്ലാം തികഞ്ഞ തമാശയും.
അല്പം തമാശ കലര്‍ന്ന ഒരു ജയില്‍ചാട്ടം 1998-ല്‍ നടന്നു. തടവുകാരെക്കൊണ്ട് ജയിലര്‍മാരെ ഉച്ചകഴിഞ്ഞ് തിരുമ്മിക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു.

ഡപ്യൂട്ടി സൂപ്രണ്ട്, എല്‍.പി. നിര്‍മലിന് ഇതു രസകരമായ ഒരനുഭവമായിരുന്നു. തിരുമ്മലിന്റെ സുഖത്തില്‍ ഉറങ്ങിപ്പോവുന്നതും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഈ ശീലം ജയില്‍ചാട്ടത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഒരു തിരുമ്മല്‍ക്കാരന്‍ കണക്കുകൂട്ടി. അയാള്‍, ഡപ്യൂട്ടി സൂപ്രണ്ടിനെ തന്റെ മാന്ത്രികവിരലുകളാല്‍ തലോടിയുറക്കി. തിരുമ്മാനായി കിടക്കേണ്ടിവരുമെന്നതിനാല്‍ ഡപ്യൂട്ടി സൂപ്രണ്ട് തന്റെ യൂണിഫോമും മറ്റും ഊരിവെക്കുക പതിവായിരുന്നു. തിരുമ്മാന്‍ നിയുക്തനായ തടവുകാരന്‍, ഡപ്യൂട്ടി സൂപ്രണ്ടിന്റെ യൂണിഫോമും തൊപ്പിയും എല്ലാം ധരിച്ച്, യാതൊരു കൂസലുമില്ലാതെ ജയിലിന്റെ മുന്‍വശത്തെ ഗെയിറ്റിലൂടെ കടന്നുപോയി. ജയില്‍കാവല്‍ക്കാരന്‍ ഒരു ഉഗ്രന്‍ സല്യൂട്ടും നല്കി. ഇത്, മറ്റൊരു പ്രധാനപ്പെട്ടകാര്യംകൂടി വ്യക്തമാക്കുന്നു. തിഹാര്‍ ജയിലില്‍ എല്ലാവരും എത്ര ലാഘവത്തോടെയാണ് ജോലി ചെയ്യുന്നത് എന്നതിന് ഇതിലേറെ എന്തു തെളിവാണ് വേണ്ടത്? ജയില്‍കവാടത്തിലെ കാവലാള്‍ക്ക് തന്റെ ഉയര്‍ന്ന മേലധികാരിയുടെ മുഖംപോലും പരിചിതമല്ല! അയാള്‍ നോക്കിയപ്പോള്‍, തൊപ്പിയും, തോളില്‍ നക്ഷത്രമുദ്രകളുമുള്ള യൂണിഫോം ധരിച്ച ഒരാള്‍ വരുന്നു. ഉടന്‍തന്നെ കൊടുത്തു ഒരു സല്യൂട്ട്! അയാള്‍ അധികദൂരം പോകും മുന്‍പേ പിടിക്കാന്‍ ഞങ്ങള്‍ക്കായി എന്നത് മറ്റൊരു കാര്യം. സഹോദരിയുടെ വീട്ടില്‍നിന്നുമാണ് അയാളെ പിടികൂടിയത്. അപ്പോഴും അയാള്‍ ഡപ്യൂട്ടി സൂപ്രണ്ടിന്റെ യൂണിഫോമിലായിരുന്നു.

മറ്റൊരവസരത്തില്‍ മയക്കുമരുന്നിനടിപ്പെട്ട ഒരു തടവുകാരനാണ് രക്ഷപ്പെടാന്‍ പരിശ്രമം നടത്തിയത്. ലഹരി മൂത്തപ്പോള്‍, അയാളുടെ സുബോധം നഷ്ടമായി. എന്തും ചെയ്യാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയില്‍ അയാള്‍ എത്തിച്ചേര്‍ന്നു. അര്‍ധരാത്രിയില്‍ മൂന്നാം നമ്പര്‍ ജയിലിന്റെ ഭിത്തിക്കു മുകളില്‍നിന്നും താഴേക്ക് അയാള്‍ ചാടി. ഒന്ന്, രണ്ട്, മൂന്ന് ജയിലുകള്‍ പരസ്പരബന്ധിതമാണ്. ഒരു ജയില്‍ഭിത്തിയില്‍നിന്നും ചാടിയാല്‍ അടുത്ത ജയിലിലേക്കേ എത്തുകയുള്ളൂ. പക്ഷേ, മയക്കുമരുന്നുലഹരിയിലായിരുന്ന അയാള്‍ക്ക്, താന്‍ ജയിലിനു പുറത്തെത്തി എന്നാണ് തോന്നിയത്. അവിടെ കണ്ട ഒരു ഗാര്‍ഡിനോട് എവിടെയാണ് ബസ്‌സ്റ്റോപ്പെന്ന് അയാള്‍ ചോദിച്ചു. അതോടെ അയാളുടെ സ്വാതന്ത്ര്യം എന്നതു നൈമിഷികം മാത്രമായി.

2015-ല്‍ അഞ്ചാം നമ്പര്‍ ജയിലിന്റെ ഭിത്തിയില്‍നിന്നും രണ്ട് ആണ്‍കുട്ടികള്‍ ചാടി. അവര്‍ എത്തിയത് മറ്റൊരു ജയില്‍ സമുച്ചയത്തിലും. അവിടത്തെ ഭിത്തിയില്‍ കയറി താഴേക്കു ചാടുക, പ്രായോഗികമല്ലെന്നവര്‍ മനസ്സിലാക്കി. ആ ജയില്‍ഭിത്തി തുരന്ന് അവര്‍ പുറംലോകത്തെത്തി. ജയിലില്‍ അറ്റകുറ്റപ്പണിക്കും മറ്റും വരുന്ന പി.ഡബ്ല്യൂ.ഡി. ജോലിക്കാര്‍ക്കൊപ്പം അവരില്‍പ്പെട്ടവര്‍ എന്ന നാട്യത്തില്‍ തടവുകാര്‍ രക്ഷപ്പെട്ട ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ട്.

2004 ഫെബ്രുവരിയിലാണ് ശോഭ്‌രാജിന്റേതിനുശേഷം എല്ലാവരെയും അമ്പരപ്പിച്ച മറ്റൊരു ജയില്‍ചാട്ടം നടന്നത്. ചമ്പല്‍ക്കാടുകളെ വിറപ്പിച്ച, കൊള്ളക്കാരിലെ റാണി എന്നറിയപ്പെടുകയും പിന്നീട് ആ രംഗത്തുനിന്നും മാറി രാഷ്ട്രീയത്തിലെത്തുകയും ലോക്‌സഭാംഗമായിത്തീരുകയുമൊക്കെ ചെയ്ത ഫൂലന്‍ദേവിയെ വധിച്ച ഷേര്‍സിങ് റാണയാണ് ജയില്‍ചാട്ടം നടത്തിയത്. ജയിലില്‍നിന്നും ഏതെങ്കിലും ഒരു തടവുപുള്ളിയെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നാല്‍, ആ ദൗത്യം സംസ്ഥാനപോലീസിനെ ഏല്പിക്കുകയായിരുന്നു പതിവ്. ഇതിനു പിന്നില്‍ ഒരു യുക്തിയുണ്ടായിരുന്നു. പ്രാദേശിക റോഡുകളുടെയും മറ്റും വിവരങ്ങള്‍ നന്നായി അറിയുന്നവര്‍ സ്‌റ്റേറ്റ് പോലീസുകാരാണ്. അവര്‍ക്ക് ഏറ്റവും ദൂരം കുറഞ്ഞ വഴികളിലൂടെ പ്രതികളെ ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിക്കാന്‍ കഴിയും. ഇങ്ങനെയുള്ള അവസരങ്ങളില്‍ പോലീസ് സഹായത്തിന്, തിഹാറില്‍നിന്നും വയര്‍ലെസ് വഴിയാണ് അറിയിപ്പു നല്കിയിരുന്നത്. അതില്‍ ഒരു പഴുതുണ്ടായിരുന്നു. ആ പഴുത് ഉപയോഗപ്പെടുത്താന്‍ കാലം കാത്തുകിടക്കുകയായിരുന്നു.
2004 ഫെബ്രുവരി 5ന് ഇപ്രകാരം ഒരു വയര്‍ലെസ് സന്ദേശം നല്കിയതിനെ തുടര്‍ന്ന് ഷേര്‍സിങ് റാണയെ കൊണ്ടുപോകാന്‍ ഒരു പോലീസ് സംഘം ജയിലിലെത്തി. അന്നു നിലവിലുള്ള നിയമപ്രകാരം, യാത്രയില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള പ്രതിയുടെ ചെലവുകള്‍ക്കാവശ്യമായ 'ഡയറ്റ് മണി' ജയിലില്‍നിന്നും നല്കി. പ്രതിയുടെ വാറന്റും മറ്റ് അനുബന്ധരേഖകളും അതോടൊപ്പം കൈമാറുകയും ചെയ്തു. അല്പസമയംകൂടി കഴിഞ്ഞപ്പോള്‍ മറ്റൊരു പോലീസ് സംഘമെത്തി. അപ്പോഴാണ് ഞങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഞങ്ങള്‍ റാണയെ കൈമാറിയത് പോലീസിനായിരുന്നില്ല. മറിച്ച്, അയാളെ രക്ഷപ്പെടുത്താനെത്തിയ ഒരു ഗൂഢസംഘത്തിനായിരുന്നു. റാണയെ കൊണ്ടുപോകാന്‍ വന്ന പോലീസ് സംഘത്തിന്റെ വിശ്വാസ്യത ഞങ്ങള്‍ വേണ്ടവിധം പരിശോധിച്ചില്ല. ഞങ്ങള്‍ തിഹാറില്‍നിന്നും അയച്ച സന്ദേശത്തിന്റെ ഒരു കോപ്പി അവരുടെ പക്കല്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, അത് അവരുടെ കൈവശമില്ലായിരുന്നു. അതിന്റെ പേരില്‍ തര്‍ക്കിച്ച് സമയം പോയാല്‍ കോടതിയില്‍ പ്രശ്‌നമാകും എന്ന വാദം വന്നിരുന്നവര്‍ ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ വഴങ്ങി. റാണയെ ഉടന്‍ അവര്‍ക്കു കൈമാറി. ഇങ്ങനെ സംഭവിക്കാനുള്ള കാരണം കോടതിയുടെ കോപത്തിനു പാത്രമാകരുത് എന്ന ജയില്‍ജീവനക്കാരുടെ നിര്‍ബന്ധബുദ്ധിയായിരുന്നു. കോടതി നടപടികളെ ജയില്‍ജീവനക്കാര്‍ വല്ലാതെ ഭയപ്പെട്ടിരുന്നു.

ഈ സമ്പ്രദായം വളരെ വേഗം മാറി. ടൗണിനു പുറത്തുള്ള കോടതികളിലേക്ക് തടവുകാരെ കൊണ്ടുപോകാന്‍ സ്‌റ്റേറ്റ് പോലീസിനു പകരം, ഡല്‍ഹി പോലീസിനെ അകമ്പടിക്കാരായി നിശ്ചയിച്ചു. ഒരിക്കല്‍ റാണയുടെ രക്ഷപ്പെടലിന്റെ പേരില്‍ ഒരു മുതിര്‍ന്ന പോലീസ് ഓഫീസറുടെ ജോലി നഷ്ടമാവും എന്ന സാഹചര്യമുണ്ടായി. ഡയറക്ടര്‍ ജനറല്‍ അജയ് അഗര്‍വാളിന്, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിജയ് കപൂര്‍ കുറ്റപത്രം നല്കി. തുടര്‍ന്ന് വകുപ്പുതലനടപടി ഉണ്ടാവും എന്ന് ഭീഷണിയുമുണ്ടായി. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായില്ല. അതേസമയം താഴേക്കിടയിലുള്ള ഓഫീസര്‍മാരുടെ ജോലി നഷ്ടമാവുകയും ചെയ്തു. അതാണിവിടത്തെ പതിവ്. മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനും കുറ്റക്കാരനായി മുദ്രചാര്‍ത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2016ലെ സ്ഥിതിവിവരക്കണക്കുകളിലേക്കു നോക്കിയാല്‍ നിങ്ങള്‍ക്കൊരു കാര്യം മനസ്സിലാകും. ഇപ്പോള്‍ ജയിലില്‍നിന്നും പുള്ളികളുടെ രക്ഷപ്പെടല്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്. ഇനി എന്തെങ്കിലും അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ത്തന്നെ അതു തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാത്രമാണ്. ഉദാഹരണത്തിന് 2016-ല്‍ തിഹാര്‍ ജയിലില്‍നിന്നും ഒരു രക്ഷപ്പെടല്‍ കേസ് മാത്രമാണുണ്ടായത്. രാജ്യത്തൊട്ടാകെ 86 ജയില്‍ഭേദനങ്ങളുണ്ടായി. കോടതികളിലേക്കും ആശുപത്രികളിലേക്കും തടവുകാരെ കൊണ്ടുപോയ അവസരങ്ങളില്‍ 272 തടവുകാര്‍ രക്ഷപ്പെട്ടു. അതില്‍നിന്നും എത്രപേരെ തിരികെ പിടിക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമോ? കേവലം 34 ശതമാനം മാത്രം!

Content Highlights : Excerpts from the Book Black Warrant Sunil Gupta and Sunetra Chaudhari Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented