അച്ഛന്‍ തരുന്ന നാലുപേജ് തീര്‍ന്നാല്‍ പിന്നെ ചോദിക്കാന്‍ പാടില്ല, അങ്ങനെ എന്റെ കഥകള്‍ ചെറുതായി- അഷിത


അഷിത/ ശിഹാബുദ്ദീന്‍ പൊയത്തുംകടവ്‌

അഷിത

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങളാണ് 'അത് ഞാനായിരുന്നു' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘര്‍ഷപൂര്‍ണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി പറയുന്നു. ആത്മസംഘര്‍ഷങ്ങളില്‍ കനല്‍പോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സര്‍ഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങളുടെ ഒരു ഭാഗം വായിക്കാം.

അഷിതയുടെ കഥകളിലെ പ്രകൃതി വളരെ അച്ചടക്കമുള്ള ഒന്നാണ്. അതായത് കഥയ്ക്കുവേണ്ടി സജ്ജമായിട്ട് നില്ക്കുന്ന പ്രകൃതി.
വെയില്‍, ഉച്ചവെയില്‍, മനസ്സിന്റെ പ്രതലങ്ങള്‍, കാറ്റ് ഇതെല്ലാം കഥയ്ക്കുവേണ്ടി കണിശമായ ഒരു അച്ചടക്കം പാലിക്കും. നമ്മള്‍ പറയുമല്ലോ മെഹ്ദി ഹസ്സന്റെ ഗസലുകളും ഗുലാം അലിയുടെ ഗസലുകളും തമ്മില്‍ ഒരു വ്യത്യാസമായിട്ട് പറയുന്ന ഒരു സംഗതിയുണ്ടെന്ന്. ഹസ്സന്റെ ഏകതാനതയാണ് ഗസലുകളുടെ സൗന്ദര്യം. പക്ഷേ, 'ചുപ്‌കെ ചുപ്‌കെ' എന്ന പാട്ടുതന്നെ പല വേര്‍ഷനില്‍ ഗുലാം അലി പാടിയത് കേട്ടിട്ടുണ്ട്. അടുത്ത നിമിഷം എന്താ പാടുക എന്നു പറയാന്‍ പറ്റില്ല. അതുപോലെ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഈ അണ്‍ എക്‌സ്‌പെക്ടഡ് ആയിട്ടുള്ള വാക്കുകളില്ല. അച്ചടക്കത്തിന്റെ സൗന്ദര്യമാണ്.

അതെ. വളരെ അച്ചടക്കമുള്ള ആളാണ് ഞാന്‍. അച്ചടക്കത്തിനുമുണ്ട് ഒരു ലാവണ്യം. ഞാന്‍ പണ്ട് ഒരു ഫയര്‍ ബ്രാന്‍ഡ് ആയിരുന്നു. പക്ഷേ, തോറ്റുപോയ ഒരു സ്ത്രീ. മാധവിക്കുട്ടിയെപ്പോലെ അല്ല.

മാധവിക്കുട്ടി ജയിച്ച സ്ത്രീയെന്നാണോ പറയുന്നത്?

അതെ. മാധവിക്കുട്ടി ജയിച്ച സ്ത്രീയാണ്. അവസാന കാലഘട്ടത്തില്‍ അവര്‍ തോറ്റെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, നാലപ്പാട്ടു തറവാട്ടില്‍ സാഹിത്യകാരന്മാരെ കണ്ടും സാഹിത്യം പ്രോത്സാഹിപ്പിക്കപ്പെട്ടും ജീവിച്ച മാധവിക്കുട്ടിയെപ്പോലെയല്ല അഷിത. എനിക്ക് എന്റെ ജീവിതമായിരുന്നു പ്രശ്‌നം. എഴുത്ത് ഒരുവിധത്തിലും സീരിയസ് ആയിരുന്നില്ല. അതൊരു എക്‌സ്‌പ്രെഷന്‍ ആയിരുന്നു. എനിക്ക് പാടാന്‍ അറിയുമായിരുന്നെങ്കില്‍, ഡാന്‍സ് ചെയ്യാന്‍ അറിയുമായിരുന്നെങ്കില്‍, ചിത്രരചന വഴങ്ങുമായിരുന്നെങ്കില്‍ ഞാന്‍ എഴുതുമായിരുന്നില്ല.

ഒരു സ്‌പോര്‍ട്‌സ് താരമാകണമെന്ന് ആലോചിച്ചിട്ടില്ലേ?

സ്‌പോര്‍ട്‌സില്‍ താത്പര്യമുണ്ടായിരുന്നു. സബ് ജൂനിയര്‍ ചാമ്പ്യനൊക്കെ ആയിരുന്നു. പത്തു വയസ്സില്‍.

ഇപ്പൊ ഒരു മെട്രോപൊളിറ്റന്‍ സിറ്റിയിലേക്കു പോയി. ഡല്‍ഹി, ബോംബേ. അവിടെനിന്നൊരു ആര്‍ജവമുണ്ടാക്കിയെടുക്കുന്നതിനു പകരം ജീവിച്ച സ്ഥലത്തിന്റെ, ഗ്രാമത്തിന്റെ ഒരു തരം ഫാസിസം ഉണ്ടല്ലോ. അതുണ്ടാക്കിയ ഭയത്തില്‍നിന്നും മുക്തമാകാന്‍ സാധിക്കുകയില്ല.

ഇല്ല.

കേരളം വിടാന്‍ കഴിഞ്ഞ എഴുത്തുകാരികളെ നോക്കുകയാണെങ്കില്‍ ഒരു നാലഞ്ചു പേരേ ഉണ്ടാകൂ. മാധവിക്കുട്ടി, മാനസി... ഇവരൊക്കെ. മാനസിയിലൊക്കെ വളരെ ധീരമായ ചില തിരിച്ചുവരവുകള്‍ നമുക്കു കാണാന്‍ സാധിക്കും.

അവര്‍ക്ക് സോഷ്യല്‍ ലൈഫുണ്ട്. ഞാന്‍ ബോംബെയില്‍ താമസിച്ചത് ഫ്‌ളാറ്റിനുള്ളില്‍ ഒറ്റപ്പെട്ടിട്ടാണ്. അച്ഛന്‍ വന്നുകഴിഞ്ഞാല്‍ ഭയങ്കര പേടിയാണ്. അച്ഛന്റെ കണ്‍വെട്ടത്ത് വരാതിരിക്കാന്‍ നോക്കും. അച്ഛന്‍ ആ പഴയ ടിപ്പിക്കൽ മലയാളി കാരണവരെപ്പോലെ ആയിരുന്നു.

അച്ഛന്‍ വിദ്യാസമ്പന്നനായിരുന്നല്ലോ?

പഴയ ബി.എ. ഫിസിക്‌സാണ് അച്ഛന്‍.

ഉയര്‍ന്ന ജോലിയായിരുന്നില്ലേ? എന്നിട്ടും!

ഓഡിറ്റ് ഓഫീസര്‍ ആയിരുന്നു.

എന്നിട്ടും അദ്ദേഹവും ഗ്രാമത്തിന്റെ ഓര്‍ത്തഡോക്‌സ് ലൈനില്‍നിന്നുപോയി.

ഓര്‍ത്തഡോക്‌സല്ല. He disliked me. കുട്ടികളില്‍ എന്നോടാണ് ഏറ്റവും അധികം സംസാരിക്കാതിരുന്നത്.

അതിന്റെ കാരണമെന്താ? പില്ക്കാലത്ത് കണ്ടെത്തിയത്?

He believed as I was somebody else's child, ഒരു പ്രസിദ്ധ സാഹിത്യകാരന്റെ. അതാ കാര്യം. അപ്പൊ എന്റെ കുട്ടിക്കാലംതൊട്ട് it was in his mind, മരിക്കുന്നതുവരെ.

പക്ഷേ, സ്‌നേഹം അതുണ്ടായില്ലേ? അടുത്ത വീട്ടിലെ കുട്ടിയാണേല്‍പ്പോലും അതുണ്ടാവൂലോ?

അതു വന്നില്ല. ആ ആളിനോട് തീരാത്ത പകയെല്ലാം എന്നോടു തീര്‍ത്തു. അച്ഛനെന്നോട് ഇതു പറഞ്ഞ സമയത്താണ് എഴുത്തു നിര്‍ത്തിയത്. എട്ടു വര്‍ഷം. കുട്ടിക്കാലംതൊട്ട് അച്ഛനെന്നോട് പറയും, 'എന്നെ അച്ഛാ എന്ന് വിളിക്കരുത്' എന്ന്. അതും പബ്ലിക്കായി, എല്ലാവരുടെയും മുന്‍പില്‍വെച്ച്, വളരെ സീരിയസായിട്ട്. ചെറുപ്പത്തില്‍ എനിക്കതൊരു തമാശയായിരുന്നു. കെ. ബാലചന്ദ്രന്‍ നായര്‍ എന്നായിരുന്നു അച്ഛന്റെ പേര്. അപ്പൊ ഞാന്‍ പറയും, 'ശരി കെ.ബി. നായര്‍ കേറിവരൂ, ഇരിക്കൂ, ചായകൊണ്ട് വരട്ടെ?' എല്ലാ അച്ഛനമ്മമാരും ഇങ്ങനെയൊക്കെ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രൊഫിഷ്യന്‍സി പ്രൈസ് കിട്ടിയത് മേടിക്കാന്‍ സദസ്സിലുണ്ടായിട്ടും എന്നെ വിട്ടില്ല. ചേട്ടനായിരുന്നു പ്രൈസ് എങ്കില്‍ പോകുന്നതില്‍ അര്‍ഥമുണ്ട് എന്നാണ് പറഞ്ഞത്. ഒരിക്കല്‍ സ്‌കൂളില്‍നിന്ന് ഒരു ഫോം പൂരിപ്പിച്ചയയ്ക്കാന്‍ കൊടുത്തയച്ചു. എന്നെക്കാള്‍ ഒരു ക്ലാസ് മീതെയാണ് ചേട്ടന്‍ പഠിച്ചിരുന്നത്. ഒരേ സ്‌കൂളില്‍. ചേട്ടന് എല്ലാം അച്ഛന്‍ വിധിയാംവണ്ണം എഴുതിക്കൊടുത്തു. അച്ഛന്റെ പേര്, വാര്‍ഷികവരുമാനം, മാസശമ്പളം, ജാതി, മതം എല്ലാം. എന്റെ ഫോമില്‍ അച്ഛന്റെ പേര് 'ശൂന്യം,' വാര്‍ഷിക വരുമാനം 'ശൂന്യം,' ജാതി 'എന്താണെന്നറിയില്ല' ഇങ്ങനെയൊക്കെ എഴുതി. 'അപ്പൊ ടീച്ചര്‍ ചോദിച്ചാ എന്താ പറയ്യ' എന്ന് ആറു വയസ്സുകാരിയായ ഞാന്‍ ചോദിച്ചു. അപ്പൊ 'അച്ഛനിവിടില്ല' എന്നു പറയാന്‍ പറഞ്ഞു. സ്‌കൂളില്‍ കൊടുത്തപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. ആ വര്‍ഷം ക്യാരക്ടറിനുള്ള സമ്മാനം എനിക്കു കിട്ടിയില്ല. കാരണം, കുട്ടി നുണ പറഞ്ഞു! അപ്പൊ ആ ഉത്തരത്തിന്റെ ഒക്കെ അര്‍ഥം അച്ഛന്‍ മരിക്കുന്നതിന് മുന്‍പാണ് എനിക്ക് മനസ്സിലാകുന്നത്. ഞാന്‍ തകര്‍ന്നുപോയി. ഞാന്‍ കരഞ്ഞത് അച്ഛനെ ഓര്‍ത്തിട്ടാണ്. ഒരു മനുഷ്യന്‍ എന്നെപ്രതി ഇത്രയധികം വെറുപ്പ് ഉള്ളില്‍ കൊണ്ടുനടന്നു. പിന്നെ അച്ഛന്റെ ഒരു കല്പനയുണ്ടായിരുന്നു. ഒരിക്കലും അച്ഛനോടെന്തെങ്കിലും വേണമെന്ന് പറയരുത്, 'അച്ഛാ എനിക്ക് അത് വേണം' എന്ന് എനിക്കൊരിക്കലും പറയാന്‍ സാധിച്ചിട്ടില്ല. എന്റെ കസിന്‍സിന്റെ വീട്ടില്‍ ഇങ്ങനെയൊന്നുമല്ല. അതും ഞാന്‍ കാണുന്നുണ്ട്. ആദ്യത്തെ നോവല്‍ എഴുതിയപ്പോള്‍ അച്ഛന്റെ ഒരു അടികൊണ്ട് ഞാന്‍ വീണുപോയി. പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയാണ്. ഇങ്ങനെ അച്ഛന്‍ മടിയില്‍ പിടിച്ച് കിടത്തിയിട്ട് കാല്‍ തൊട്ട് തലവരെ ഒരു ഫോട്ടോ ഫ്രെയിംകൊണ്ട് അടിക്കുകയാണ്. 'ഇനി എഴുതുമോ' എന്നിങ്ങനെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട്. തലവരെ അടിച്ച്, പിന്നത് നിര്‍ത്തി, കാലിന്റെ അടിയില്‍ തുരുതുരാ അടിക്കലായി. പിന്നെ കാലാപാനി എന്ന സിനിമ കണ്ടപ്പോഴാണ്, അവിടെ അടിക്കുമ്പോഴാണ് ശരിക്കും വേദനിക്കുക എന്നു മനസ്സിലായത്. ഭയങ്കര പെയിന്‍ ആണ്. ഇത്രയും ബ്രൂട്ടല്‍ ആയിരുന്നു ഓരോ സിറ്റുവേഷനും.

പ്രീഡിഗ്രി പ്രൈവറ്റായി പഠിക്കാന്‍ രണ്ടു തവണ പൈസയടച്ചു. ഞാനെഴുതിയില്ല. അവസാനം വീട്ടിലെ സൈ്വര്യക്കേടു സഹിക്കാന്‍ പറ്റാതെ പരീക്ഷയ്ക്കു വീണ്ടും പൈസയടച്ചു. 250 രൂപ. തൊട്ടടുത്തായിരുന്നു പാരലല്‍ കോളേജ്. പക്ഷേ, 'ഭ്രാന്തായതു'കൊണ്ട് അവിടേക്കയയ്ക്കുകയില്ല. രണ്ടു വര്‍ഷം കഴിഞ്ഞതുകൊണ്ട് സിലബസ് കുറെ മാറിപ്പോയി. തേഡ് ഗ്രൂപ്പാണ് എടുത്തത്. ഇക്കണോമിക്‌സ് ഒക്കെയുണ്ട്. പക്ഷേ, ട്യൂട്ടോറിയലിലും പാരലല്‍ കോളേജിലും വിടില്ല. എന്നുവെച്ചാല്‍ 'മെന്റലി അണ്‍സ്റ്റേബിള്‍' അല്ലേ ഞാന്‍! ഓടി പൊയ്ക്കളയും! അവരെ പറഞ്ഞിട്ടും കാര്യമില്ല. തറവാട്ടില്‍ പൂട്ടിയിട്ടിരുന്ന സമയത്തൊക്കെ ഞാന്‍ ഓടിപ്പോകാന്‍ നോക്കിയിട്ടുണ്ട്, കോയമ്പത്തൂര്‍ക്ക്. ഞാന്‍ വിചാരിച്ചു, പോയിട്ട് പ്രോസ്റ്റിറ്റിയൂട്ടായി ജീവിക്കാം, അതാണ് ഇതിലും ഭേദം. അന്നത്ര വിവരേള്ളൂ. ട്യൂഷനും ആരെയും വെച്ചിരുന്നില്ല. വെച്ചാല്‍ പ്രേമിക്കും! എഴുതുന്നത് കണ്ടാല്‍ അമ്മ പറയും, 'മാധവിക്കുട്ടിയെപ്പോലെ എഴുതാന്‍ നോക്കണ്ട, എഴുതാന്‍ സമ്മതിക്കില്യ.'

മാധവിക്കുട്ടിയോട് അങ്ങനെ ഒരു വെറുപ്പുണ്ടായിരുന്നോ?

വീട്ടില്‍ നല്ലോണമുണ്ടായിരുന്നു. പക്ഷേ, അതോടൊപ്പം അവരുടെ 'എന്റെ കഥ' ഇരുന്നു വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പൊ എന്താ പറഞ്ഞതെന്നുവെച്ചാല്‍ പുസ്തകം വാങ്ങിത്തന്നു, പക്ഷേ, നോട്ട്‌സ്, ഗൈഡ് ഒന്നുമില്ല. 'നീ എഴുതാന്‍ പോവണില്യ, പിന്നെ അതൊക്കെ വേസ്റ്റ് അല്ലെ?' എന്നാണ് ചോദ്യം. ഇക്കണോമിക്‌സിലൊക്കെ നല്ല കണക്കുണ്ടായിരുന്നു. ഞാന്‍തന്നെ ടീച്ചറും കുട്ടിയും ആയി പഠിപ്പിക്കലും പഠിക്കലും നടന്നു. And I got first class. അന്ന് രണ്ടു പേര്‍ക്കേ ഫസ്റ്റ് ക്ലാസ് ഉള്ളൂ. ഒന്ന് ഒരു റെഗുലര്‍ സ്റ്റുഡന്റിന്, പിന്നെ എനിക്ക്. റിസള്‍ട്ട് നോക്കാന്‍ പോകുമ്പോള്‍ ആരും കൂടെ വന്നില്ല. ഞാന്‍ തനിയേ പോയി. പ്രിന്‍സിപ്പാളിനോട് കയറി ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ ലിസ്റ്റ് മുഴുവന്‍ നോക്കിയിട്ട് നമ്പറില്യ എന്നു പറഞ്ഞു. എനിക്ക് ഭയങ്കര ഷോക്കായിപ്പോയി. അവസാനം രണ്ട് ഫസ്റ്റ് ക്ലാസില്‍ ഒന്ന് എന്റെ ആണെന്ന് കണ്ടുപിടിച്ചു. അങ്ങനെ ഞാന്‍ മഹാരാജാസില്‍ ബി.എക്കു ചേര്‍ന്നു. ചേരുമ്പോള്‍ മാര്‍ക്ക് ലിസ്റ്റ് ചെക്ക് ചെയ്യാനിരിക്കുന്നവരും പ്രൊഫസറും എഴുന്നേറ്റുനിന്നു, ഫസ്റ്റ് ക്ലാസിനെ അഭിനന്ദിച്ച്. മധുകര്‍ റാവുസാര്‍ ആണ് പ്രൊഫസര്‍. അദ്ദേഹം ചോദിച്ചു, 'അച്ഛനെവിടെ?' നോക്കിയപ്പോള്‍ കൂടെ വന്ന അച്ഛന്‍ അപ്രത്യക്ഷനായിരിക്കുന്നു. ഞാന്‍ പുറത്തു പോയി വിളിച്ചോണ്ടു വന്നു. മധുകര്‍ റാവു സാര്‍ പറഞ്ഞു, 'ഫസ്റ്റ് ക്ലാസാണ്, You must be proud of your daughter.' അപ്പോ അച്ഛന്‍ പറയുകയാണ് -'Maternity is a fact, Paternity is a matter of opinion!' അപ്പൊ അവിടെ എഴുന്നേറ്റുനിന്നവരൊക്കെ ഒരു ഷോക്ഡ് നിശ്ശബ്ദതയിലേക്ക് ഉള്‍വലിഞ്ഞത് ഞാനറിഞ്ഞു. ഞാന്‍ തല കുനിച്ചുനിന്നു. കര്‍ണന്‍ പണ്ട് എങ്ങനെ നിന്നോ, അങ്ങനെ. അങ്ങനെയാണ് മഹാരാജാസില്‍ ചേരുന്നത്. അപ്പോഴേക്കും മൂന്നു വര്‍ഷം പോയിക്കഴിഞ്ഞിരുന്നു.

അഷിത പറഞ്ഞതൊക്കെ പിന്നീട് കഥാരൂപങ്ങളായി. പക്ഷേ, ഇതുപോലെ ചെയ്യാന്‍ പറ്റാതെപോയ സമാനമായ ഒരനുഭവം, ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഉണ്ടാവില്ലേ?

അന്നെന്നു പറഞ്ഞാല്‍ സപ്രഷന്‍ അല്ല ഉദ്ദേശിക്കുന്നത്. Physical and mental aggression, ഓരോ നിമിഷവും, എന്നും.

ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും വരുമോ?

അപ്പൊ എനിക്കും ഷര്‍ട്ടിട്ട് പുറത്തു പോകാമല്ലോ. നിങ്ങള്‍ക്കൊക്കെ സഹിക്കാന്‍ വയ്യാതെയാകുമ്പോള്‍ ഷര്‍ട്ടിട്ട് പുറത്തേക്കു പോകാം. ബാലന് (ബാലചന്ദ്രന്‍ ചുള്ളിക്കാട്) വീടുപേക്ഷിച്ചു പോകാന്‍ ഒരു ലോകം ഉണ്ടായിരുന്നു. ഞാന്‍ എവിടേക്കു പോകും?

അതെ. കേരളത്തിലൊക്കെ അഞ്ചു മണിയാകുമ്പോ വീട്ടിലേക്ക് ഓടുന്ന വര്‍ഗത്തിന്റെ പേരാണല്ലോ സ്ത്രീ എന്നു പറയുന്നത്.

ഞാന്‍ വീട്ട്ന്ന് കോളേജിലേക്കല്ലാതെ പുറത്തിറങ്ങിയിട്ടില്ല. എക്‌സ്‌കര്‍ഷനോ സ്റ്റഡി ടൂറിനോ പോയിട്ടില്ല. വീട്ടില്‍ ചേട്ടന്റെ ഫ്രണ്ട്‌സ് വന്നാല്‍ മുന്‍ഭാഗത്തേക്കു വരരുത് എന്ന അമ്മയുടെ കല്പനയുണ്ട്. നാലാള്‍ കൂടുന്നിടത്തോ കല്യാണങ്ങള്‍ക്കോ എന്നെ വിളിക്കില്ല. എഴുത്തിനെക്കുറിച്ച് ഇത്രയ്ക്ക് സ്ട്രിക്റ്റായോണ്ട് എന്റെ എഴുത്തു വളരെ കുറഞ്ഞു. പോരാത്തതിന് എഴുതാന്‍ പേപ്പറിനും പേനയ്ക്കും റേഷന്‍. കുറെ ബഹളംവെക്കുമ്പോള്‍ അച്ഛന്‍ നാലു പേജു തരും. മൂന്നു പൈസയാണ് ഒരു പേപ്പറിന് അന്ന്. അങ്ങനെയാണ് എന്റെ ചെറുകഥകള്‍ ശരിക്കും ചെറുതായത്. ആ നാലു പേജ് കഴിഞ്ഞ് അഞ്ചാമത്തെ പേജ് ചോദിക്കാന്‍ പാടില്ല.

അതൊരു അദ്ഭുതമാണല്ലോ!

അവരുടെ എഡിറ്റിങ് ഒന്നുമുണ്ടായിരുന്നില്ല. എന്താന്നുവെച്ചാല്‍ യാതൊരു താത്പര്യവുമില്ലാഞ്ഞിട്ടാണ്. എന്റെ സൂത്രമെന്തായിരുന്നു എന്നുവെച്ചാ കല്യാണം കഴിയുന്നതിനു മുന്‍പ് കല്യാണം കഴിഞ്ഞ സ്ത്രീകളുടെ കഥ മാത്രമേ എഴുതിയിട്ടുള്ളൂ. കല്യാണം കഴിഞ്ഞ ശേഷമാണ് ചെറുപ്പക്കാരികളുടെ കഥ എഴുതുന്നത്. ഉദാഹരണത്തിന്, 'ചാറ്റല്‍മഴ'.

ഇതിലേറ്റവും രസമായിട്ടുള്ളതെന്താന്നു വെച്ചാല്‍ 'ഇപ്പൊ എന്റെ മോള്‍ എഴുതാറുണ്ടെ'ന്ന് അഭിമാനത്തോടെ പറയുന്ന ഒരു കാലഘട്ടം വന്നു. ലളിതാംബിക അന്തര്‍ജനമൊക്കെ എഴുതുന്ന കാലഘട്ടത്തില്‍പ്പോലും കുറച്ചൊക്കെ ഉണ്ടായിരുന്നെങ്കിലും, ഇത്രേം രൂക്ഷമായിരുന്നില്ല.

ശിഹാബേ, ഇതിപ്പോ എതിര്‍പ്പെന്ന് പറയുമ്പോള്‍ 'നീ ഇനിതൊട്ട് എഴുതരുത്! മാധവിക്കുട്ടിയെപ്പോലെ ആകാമെന്ന് വിചാരിക്കണ്ട!' എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അത് എതിര്‍പ്പല്ല. Abuse ആണ്. എന്റെ എത്രയോ കവിതകള്‍ അമ്മ പിച്ചിച്ചീന്തിക്കളഞ്ഞിട്ടുണ്ട്. വേസ്റ്റ് എടുക്കാനുള്ള സ്ത്രീകള്‍ വരും. 'ബങ്കികള്‍' എന്നാണവരെ വിളിക്കുക. പിച്ചിച്ചീന്തിയ എന്റെ കവിതകള്‍ ഞാന്‍തന്നെ അതില്‍ കൊണ്ടുപോയി ഇടണം. അവരതു കൊണ്ടുപോകുന്നത് ഞാന്‍ അങ്ങനെ നോക്കിനിന്നിട്ടുണ്ട്. ഇപ്പോഴിത് നിര്‍മമമായി പറയുന്ന ഒരു സംഗതിയാണ്, ശിഹാബിനോടു പറയുമ്പോള്‍. അച്ഛന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചേട്ടനെ നല്ലോണം ചീത്തപറയുമായിരുന്നു. പക്ഷേ, അച്ഛന്‍ പോയിക്കഴിഞ്ഞാല്‍ ചേട്ടന് അമ്മയുടെ വക special support ഉണ്ട്. എനിക്കില്ലായിരുന്നു. എന്റെ ഓമനപ്പേര് 'ugly duckling' എന്നായിരുന്നു. നന്നേ ചെറുപ്പത്തിലേ ഞാന്‍ കാണാന്‍ നന്നല്ലാത്ത ഒരു കുട്ടിയാണെന്ന് അമ്മ എന്നെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു. അങ്ങനെയൊക്കെ വളരെ മാറ്റിനിര്‍ത്തപ്പെട്ട ഒരു കുട്ടിയായിരുന്നു ഞാന്‍.

അതിന്റെ കാരണം ഈ പറയുന്ന ഒന്നോ രണ്ടോ കാര്യങ്ങള്‍ തന്നെയാണോ?

എന്റെ Behaviour ആകാം. പിന്നെ എന്റെ എഴുത്ത്. അത് എന്നും വലിയ ഒരു പ്രശ്‌നമായിരുന്നു. എഴുത്തുകാരെല്ലാം Oversexed ആണെന്നാണ് എന്റെ അമ്മ പറഞ്ഞിരുന്നത്.

അത് Haunt ചെയ്യുന്ന, മാധവിക്കുട്ടിയുടെ ആ ഫിയര്‍, അതിന്റെ അംശമില്ലേ യഥാര്‍ഥത്തില്‍?

വീട്ടിലൊരു എഴുത്തുകാരിയില്ല, നാട്ടിലില്ല... അതിന്റെ ഒക്കെ ഒരു പ്രശ്‌നമുണ്ട്. മറ്റുള്ളവരെപ്പോലെ ആയാലെന്താ എന്നതായിരുന്നു കാതലായ ചോദ്യം. ഞാനെന്തു പറയാനാണ്.

'എന്റെ കഥ' മാധവിക്കുട്ടി എഴുതിക്കഴിഞ്ഞ് ഒരു പതിനഞ്ചു വര്‍ഷം കഴിഞ്ഞ് അറുപതുകളിലല്ലേ അത് പരമ്പരയായി വരുന്നത്?

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'എന്റെ കഥ' പ്രസിദ്ധീകരിച്ചുവരുന്നത്. കുത്തിയിരുന്ന് ഒളിച്ചാണ് ഞാനത് വായിച്ചുനോക്കിയത്.

പരമ്പരയായിട്ട് വന്നുകൊണ്ടിരുന്നതല്ലേ? കേരളം വിട്ടിട്ടും മാധവിക്കുട്ടി എന്നൊരു റൈറ്റര്‍ പ്രശ്‌നമുണ്ടാക്കുകയാണ്!

മാധവിക്കുട്ടി അല്ല പ്രശ്‌നമുണ്ടാക്കുന്നത് ശിഹാബേ, 'എന്റെ കഥ' പ്രശ്‌നമുണ്ടാക്കുകയാണ്.

ഇത് ഒരു സ്വഭാവമല്ല, ഒരു പ്രതിഫലനമാണ്. സോഷ്യല്‍ എന്‍വയണ്‍മെന്റ് വ്യക്തിയെ പിടികൂടുന്നതാണ്.

എനിക്ക് സോഷ്യല്‍ എന്‍വയണ്‍മെന്റ് എന്നൊന്നില്ല. എനിക്ക് ഫാമിലിയാണത് എന്നു മാത്രമേ ഉള്ളൂ.

ഫാമിലിയെ നിയന്ത്രിക്കുന്നതും ഈ ഘടകമല്ലേ?

അപ്പെന്താന്നുവെച്ചാല്‍ പുറത്തൊന്നും പോകുന്നില്ല. കുട്ടികളുടെ കൂടെ കളിക്കാന്‍ വിടുന്നില്ല. ചേട്ടന് നടക്കാന്‍ പോകാം. അനിയത്തിയും പോകും. പറഞ്ഞല്ലോ, ഞാനൊരു എക്‌സ്‌കര്‍ഷനുപോലും പോയിട്ടില്ല. ഞാന്‍ സമരസപ്പെടുന്ന ആളായി. ചോദ്യം ചെയ്താല്‍ അടി കിട്ടും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍... അത് മനസ്സിലായി.

'ഇല്ലായ്മയാണെന്റെ മാനം, മറഞ്ഞിരിക്കുന്നതാണെന്റെ സ്വാതന്ത്ര്യം' റൂമിയെ ക്വോട്ട് ചെയ്തു പറഞ്ഞത്...

അങ്ങനെയാണ് ഞാന്‍ ആ കഥകളില്‍. വേറാരുമല്ല, എന്റെ പ്രതിരൂപങ്ങള്‍ തന്നെയാണ്. എന്റെ വീട്ടുകാരുടെ Terms ഒരിക്കലും മാറിയില്ല. Their attitude was the same, ഏറ്റവും വേദനിപ്പിക്കുന്നത്; ഓര്‍ക്കുന്തോറും രക്തം കിനിയുന്ന മുറിവാണത്. കല്യാണസമയത്ത് അച്ഛനും അമ്മയും മണ്ഡപത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. വധുവിന്റെ കൈപിടിച്ച് വരനെ ഏല്പിക്കുന്ന സമയത്ത് വെറ്റിലയും ദക്ഷിണയുമായി പൂജാരി വിളിച്ചപ്പോള്‍ അച്ഛന്‍ മണ്ഡപത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ആരും ഇല്ലാതെ അവിടൊരു ബഹളമുണ്ടാക്കി. നേരം പോകുന്നു എന്നു പറഞ്ഞ് അവസാനം പൂജാരിതന്നെ എന്റെ കൈ പിടിച്ച് ഏല്പിക്കുകയാണുണ്ടായത്. എന്റെ ഒപ്പം അന്ന് മണ്ഡപത്തില്‍ കയറിയത് എന്റെ ഏറ്റവും ഇളയ ചെറിയമ്മ മാത്രമായിരുന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ ഞങ്ങളെ കാറില്‍ നിന്നിറക്കി ബസ്സില്‍ കയറ്റിവിടുകയാണുണ്ടായത്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വരന്റെ വീട്ടിലേക്ക് പലഹാരങ്ങള്‍ കൊടുത്തുവിടുന്ന ഏര്‍പ്പാടുണ്ടത്രേ. അത് എനിക്ക് ഉണ്ടായില്ല. ആരോ ചൂണ്ടിക്കാണിച്ചപ്പോള്‍ മുറ്റത്ത് കിടക്കുന്ന കുറെ മാങ്ങ എടുത്തുകൊണ്ടുപൊയ്‌ക്കോളാനാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. അപ്പോഴും അച്ഛന്റെ മുഖത്ത് ആ ദേഷ്യം കാണാം. പക്ഷേ, അപ്പോഴും ഞാന്‍ 'എന്തുകൊണ്ട് എന്നോട് മാത്രം ഇങ്ങനെ?' എന്ന ചോദ്യം ചോദിച്ചില്ല. പക്ഷേ, ഒരിക്കല്‍ ചോദിച്ചു. അനിയത്തിയുടെ കല്യാണം വന്നപ്പോ. എന്നെക്കാള്‍ മുന്‍പ് അനിയത്തിയുടെ കല്യാണം അച്ഛന്‍ ഫിക്‌സ് ചെയ്തു. എനിക്കത് വല്യ പ്രശ്‌നമായി. ബന്ധുക്കളുടെ മുഖത്തു നോക്കാന്‍ വയ്യ. സര്‍വത്ര പരിഹാസവും പുച്ഛവും. ഞാന്‍ അന്ന് എറണാകുളത്ത് എം.എയ്ക്ക് പഠിക്കുകയാണ്. അനിയത്തിയെ നാട്ടില്‍ കൊണ്ടുപോയിരുത്തി, അവിടെവെച്ച് പെണ്ണു കാണിച്ച്, അച്ഛന്‍ പോയി മാര്യേജ് ഫിക്‌സ് ചെയ്തിട്ട് വന്നുപറയുകയാണ്. ഫിക്‌സ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് കല്യാണമാണ്. ഞാന്‍ വളരെ ഷോക്ക്ഡ് ആയിപ്പോയി. അപ്പൊ അവിടെവെച്ച് അമ്മയുടെ ഒരു ആര്‍ഗ്യുമെന്റുണ്ടായി, 'മൂത്ത കുട്ടി ഇരിക്കുമ്പോ എങ്ങനെ ചെറിയ ആളുടെ നടത്തും?' അപ്പോള്‍ അച്ഛന്‍, 'എന്റെ കുട്ടിയുടെ കല്യാണം എനിക്ക് നടത്താതിരിക്കാന്‍ പറ്റില്ല' എന്ന് അട്ടഹസിച്ചു. അന്ന് ഞാന്‍ കരഞ്ഞുകൊണ്ട് ആദ്യമായി ചോദിച്ചു: 'അപ്പോള്‍ ഞാന്‍ ആരുടെ കുട്ടിയാണ്?'

അഷിതയുടെ ലൈഫിനെ രണ്ട് പാര്‍ട്ടായി തിരിക്കാം. കുട്ടിക്കാലം, ദാമ്പത്യം. 'വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത്' അതിലെല്ലാമുണ്ട്. 'ശിവേന സഹനര്‍ത്തനം...'അതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ആണ്.

മറ്റേതില്‍ വളരെ ഓപ്പണ്‍ഡ് ആണ്. രണ്ടു കഥകളിലും ഇത് വളരെ പ്രാക്ടിക്കലായി പരാമര്‍ശിച്ചിട്ടുണ്ട്. രണ്ട് പോര്‍ഷന്‍സ്-താനനുഭവിക്കുന്നതെന്താണെന്നറിയാതിരിക്കുക, എന്താണതിന്റെ കാരണമെന്ന് മനസ്സിലാകാതിരിക്കുക. ഇതായിരിക്കും ജീവിതത്തിലെ വലിയ ദുരന്തം.
അത് ഏറ്റവും വലിയ ട്രാജഡിയാണ്. പക്ഷേ, അറിയുന്നത് അതിനെക്കാള്‍ വലിയ ട്രാജഡിയാണ്. ഞാന്‍, ഇതായിരുന്നു അച്ഛന്റെ മനസ്സിലെന്ന് അറിയുമ്പോള്‍, എനിക്ക് 48 വയസ്സായിരുന്നു. അതായത്, മരിക്കുന്നതിന്റെ തലേന്നാണ് എന്നോടു പറയുന്നത്. I am closest to my father's family. ബയോളജിക്കല്‍ ഫാദര്‍ അല്ല എന്നു പറയുമ്പോള്‍ ആ കസിന്‍സാണ് ആരുമല്ലാതായിത്തീര്‍ന്നത്. അവര്‍ എല്ലാം വായിക്കുകയൊക്കെ ചെയ്യും. അവരെല്ലാം ഒറ്റയടിക്ക് അങ്ങ് ഇല്ലാതായി.

ഇല്ലാണ്ടായി...

പിന്നെ ഈ വശത്ത് ആരുമില്ലാതായി.

ഫാദറിന് കുറ്റബോധമുണ്ടായിരുന്നോ?

ഇല്ല. ഒരിക്കലുമില്ല.

പിന്നെ തുറന്നുപറയാനുള്ള കാരണം? എന്തായിരുന്നു അച്ഛന് അസുഖം?

അച്ഛന് ലങ്‌സിന് ഫൈബ്രോസിസ് ആയിരുന്നു. പക്ഷേ, ഓരോ അവധിക്കും ഞാനിവിടന്ന് പോയിട്ടാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത്. ട്രിവാന്‍ഡ്രത്തുനിന്ന് പോയി അച്ഛനെ വിളിച്ച് തൃശ്ശൂര്‍ക്ക് വന്ന്, ഡോക്ടറെ കണ്ട് മരുന്നൊക്കെ വാങ്ങിക്കൊടുക്കും. അപ്പോഴും രോഗം ഇങ്ങനെ കൂടുമ്പോ അച്ഛനെ മാറ്റിനിര്‍ത്തി ഡോക്ടറോട് സംസാരിച്ചാല്‍ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്, 'ഞാനെപ്പോ മരിച്ചിട്ട് സ്വത്ത് കിട്ടുമെന്നാണോ നീ ഡോക്ടറോട് ചോദിക്കുന്നത്?'എന്ന്. പിന്നെ മരുന്ന് വാങ്ങിക്കൊടുക്കുമ്പോഴൊക്കെ ഹര്‍ട്ട് ചെയ്തുകൊണ്ടേയിരിക്കും. പിന്നെ അവശനായിട്ട് കഫം ഒരുപാട് തുപ്പുമ്പോ അതെല്ലാം ഡെറ്റോള്‍ വെച്ച് കഴുകിക്കൊടുക്കും. അപ്പൊ അച്ഛന്‍ എന്നോട് പറയും: 'നീ എന്തിനാ എന്നെ നോക്കുന്നത്? എനിക്ക് രണ്ട് കുട്ടികളുണ്ട് എന്നെ നോക്കാനായി.' അപ്പൊ ഞാന്‍ ചിരിച്ചുകൊണ്ട് പറയും, 'ഇപ്പൊ ഞാനല്ലേ ഇവിടുള്ളത്?' എന്ന്. വേറൊരു ദിവസം അച്ഛന്‍ എന്നോട് പറഞ്ഞു, 'ഇതിപ്പോ നീ എന്തിനാ ചെയ്യുന്നത്? ഇതിനിപ്പോ എത്ര രൂപ വേണം?'

ഭയങ്കര ഹര്‍ട്ട് ആയിപ്പോയി, ദേഷ്യവും വന്നു. അന്നും കാരണമറിഞ്ഞൂടാ. ഈ മനുഷ്യനെന്തിനാണ് എന്നോട് ദേഷ്യം. അല്ലെങ്കിലും നമ്മളെവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ അച്ഛന്‍ ഉറക്കം കഴിഞ്ഞ് വരുമ്പോ എന്നെ കണ്ടാല്‍ ദേഷ്യം വരും; വെറുപ്പ്. ഞാനെന്റെ അച്ഛന്റെയും അമ്മടേം കണ്ണില്‍ വെറുപ്പ് മാത്രമേ കണ്ടിട്ടുള്ളൂ.

വിചിത്രം, ഭയങ്കരം. എന്താന്നുവെച്ചാല്‍ നോര്‍മലി വൈഫിനോടുള്ള ദേഷ്യംകൊണ്ട് ഇത് സംഭവിക്കാം... ഇതെന്താണ്?

എനിക്ക് അങ്കണം അവാര്‍ഡ് കിട്ടി. 'അമ്മേ വരൂ വരൂ' എന്ന് ഏതൊരു കുട്ടിയെപ്പോലെ ഞാനും പറഞ്ഞു. അപ്പോള്‍ അച്ഛന്‍ അങ്ങോട്ട് കടന്നുവന്ന് എന്താ പറയുക, 'നീ അവളെ അങ്ങനെ താങ്ങി നില്‌ക്കേണ്ട കാര്യമൊന്നുമില്ല. നിനക്ക് കഴിയാനുള്ളത് ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. പിന്നെ 'വല്യവല്യമക്കള്‍ അല്ലേ... ടാക്‌സിപിടിച്ച് കൊണ്ടുപോകാന്‍ പറ.' അമ്മ എപ്പോഴേങ്കിലും ഒന്ന് സോഫ്റ്റായിട്ട് എന്നോട് പെരുമാറിയാല്‍ അച്ഛനത് ഭയങ്കര പ്രശ്‌നമായിരുന്നു. അതുപോലെ അമ്മ എന്നെ അടിക്കുമ്പോള്‍ അച്ഛന്‍ പറയും, 'അതിനെ അങ്ങ് കൊന്നുകള.' അപ്പൊ അത്രയും ദേഷ്യത്തില്‍ അമ്മ എന്നെ കൂടുതല്‍ അടിക്കും. അപ്പൊ അച്ഛന്‍ പറയും, 'ഒരു ഈച്ചപോലും പറന്നില്ല' എന്ന്. അപ്പൊ അമ്മ ഒന്നുകൂടി അടിക്കും.

പുസ്തകം വാങ്ങാം

ഈ അച്ഛനും അഷിതയുടെ ഹസ്ബന്‍ഡും തമ്മിലുള്ള റിലേഷന്‍ഷിപ്പ് എങ്ങനെ?

ഓ.കെ. ആയിരുന്നു.

എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു സംഭവം... എനിക്ക് ഓര്‍മ വരുന്ന സംഗതി... എറിക് ഫ്രോമിന്റെ ഒരു തിയറി ആണ്. കുട്ടിക്കാലത്ത് നമുക്ക് സ്‌നേഹം കിട്ടാതെ പോകുമ്പോള്‍, അത്തരം കുട്ടികള്‍ക്ക്, പില്ക്കാലത്ത് യഥാര്‍ഥ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന്... ഒരു പീരിയഡ് ഉണ്ടല്ലോ, മനസ്സ് രൂപപ്പെടുന്ന ഒരു ഘട്ടമുണ്ട് അകത്തും പുറത്തുമൊക്കെ. അതിനകത്ത് സ്‌നേഹം കിട്ടിയില്ലെങ്കില്‍ പില്ക്കാലത്ത് കൃത്യമായി സ്‌നേഹം എക്‌സ്‌പ്രെസ്സ് ചെയ്യാന്‍ പറ്റാതെ പോകുമെന്നതാണ്. അത് ഭയങ്കരമല്ലേ? അഷിത അതിനെയൊക്കെ മറികടന്നിരിക്കുന്നു.

എനിക്കൊരു അമ്മയുടെ സ്‌നേഹം കിട്ടിയില്ല. ഒരുപാട് പേര്‍ എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. ഒരുപാട് പേര്‍ക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ട്. ഗുരു (നിത്യചൈതന്യയതി) വന്നതുകൊണ്ടുള്ള നേട്ടം. അല്ലെങ്കില്‍ എന്റെ മകള്‍ എന്നോട് പറയുമ്പോലെ എനിക്ക് സീരിയല്‍ കില്ലറാകാന്‍ സ്‌കോപ് ഉണ്ടായിരുന്നു. സത്യമാണ്. തമാശയല്ല. അത്രയും ബലം എന്റെ ഉള്ളില്‍ വേണ്ടതാണ്. ഞാനലിഞ്ഞുപോകുന്നത് ഇത്രയും കിട്ടാത്ത കുട്ടികള്‍ എന്റെ അടുത്ത് വരുമ്പോഴാണ്. അപ്പൊ ഞാന്‍ കൊടുക്കും. ബികോസ് എനിക്കറിയാം അവരെന്താ മിസ് ചെയ്യുന്നതെന്ന്. ഉച്ചക്കഞ്ഞി കിട്ടാത്ത കുട്ടികളില്ലേ, അതുപോലെയാണ് എനിക്ക് തോന്നാറുള്ളത്. ആ ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണ് ജീവിതത്തില്‍ വന്നത്. എന്താണ് ജീവിതത്തില്‍ നേടിയതെന്ന് ചോദിച്ചാല്‍ ഇതാണ് നേടിയത്. ഇപ്പോഴും അമ്മ എന്റെയടുത്ത് നില്ക്കണമെന്ന് പറയുമ്പോള്‍ എനിക്ക് ഒബ്ജക്ഷനില്ല.

കുട്ടിക്കാലത്ത് ഏതെങ്കിലും ബന്ധുക്കളുടെ അടുത്തുനിന്ന് സ്‌നേഹം? അങ്ങനെയുണ്ടോ?

അമ്മൂമ്മയായിട്ട് ക്ലോസായിരുന്നു.

അവിടുന്നാ ഇത് വരുന്നത്. അല്ലാതെ...

ഞാന്‍ പഠിത്തം നിര്‍ത്തിയിരിക്കുമ്പോ അവിടെ ചെന്നാ നില്ക്ക. ബികോസ് അച്ഛനമ്മമാരുടെ അടുത്ത് നില്ക്കില്ല. ചെറിയ വീടാ. ചേട്ടന്റെ ഫ്രണ്ട്‌സൊക്കെ വരുമ്പോള്‍ ഉമ്മറത്ത് വരാന്‍ പാടില്ല. അതുകൊണ്ട് ഇടയ്ക്കിടയ്‌ക്കൊക്കെ അമ്മൂമ്മയുടെ അടുത്ത് പോയി നില്ക്കും. അമ്മൂമ്മയ്ക്ക് എനിക്ക് ഭ്രാന്താണെന്നൊന്നും വിചാരമില്ല. 'സാരമില്ല' എന്നൊന്നും പറയുന്നില്ല. മെന്‍ഷന്‍ ചെയ്യുന്നതേ ഇല്ല. ഞങ്ങള്‍ പൊറത്തൊക്കെ കട്ടിലിട്ട് പുളീടെ ചോട്ടിലൊക്കെ കിടക്കും.

തൃശ്ശൂരില്‍ എത്തുമ്പോള്‍ പഴയന്നൂര്‍ എന്നൊക്കെ ബസില്‍ ബോര്‍ഡ് കാണുമ്പോ അഷിതയെ ഓര്‍ക്കും.

ജനിച്ചത് പഴയന്നൂരാണ്. ഒന്നര വയസ്സ് തൊട്ടുള്ള കാര്യങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്.

ഹൈപ്പര്‍ ആയിരുന്നോ?

അല്ല ഹൈപ്പര്‍ അല്ല. കരയും, എന്തിനോ വേണ്ടി കരയും. അപ്പോഴൊക്കെ അച്ഛന്‍, വിശറിയില്ലേ, പണ്ടത്തെ വിശറി? അതിന്റെ തണ്ടു കൊണ്ട് അടിക്കും. ഇത് ഞാന്‍ അമ്മൂമ്മ പറഞ്ഞു കേട്ടതാണ്. എന്റെ ഓര്‍മയില്‍ ഇല്ല. ഒരു ദിവസം അച്ഛന്‍ മുറ്റത്തിരുന്നു പേപ്പര്‍ വായിക്കുകയാണ്. ഞങ്ങള്‍ മൂന്നാളും മുറ്റത്ത് കളിക്കുകയും. അപ്പൊ അമ്മ അടുക്കളയില്‍നിന്ന് വന്നിട്ട് പറയുകയാണ്: 'ഗേറ്റ് ചാരിയിട്ടേ ഉള്ളൂ... അവള്‍ അതില്‍ക്കൂടി ഓടിപ്പോകും.' അപ്പൊ അച്ഛന്‍ പറയുകയാണ്, 'ഞാനത് നല്ലോണം ചാരിയിട്ട്ണ്ട്. പോണത് ഞാനൊന്നു കാണട്ടെ.' അച്ഛന്‍ വീണ്ടും പേപ്പറിലേക്ക് മടങ്ങി. അപ്പൊ ഞാന്‍ വിചാരിക്കുകയാണ്: 'എന്താ ഇയ്യാളുടെ വിചാരം? എനിക്കു പോവാന്‍ സാധിക്കില്യാന്നോ?' ഇപ്പോളോര്‍ക്കുമ്പോള്‍ എനിക്കദ്ഭുതമുണ്ട്. ഒന്നര വയസ്സുള്ളപ്പോഴത്തെ ഓര്‍മയാണത്. എന്നാലും ആ വീടും മുറ്റവും എല്ലാം വ്യക്തമായി ഇപ്പോള്‍ മനസ്സില്‍ കാണാം. ഞാന്‍ മെല്ലെ ഗേറ്റില്‍ക്കൂടെ ശബ്ദമുണ്ടാക്കാതെ ചെരിഞ്ഞുകടന്ന് ഓടിപ്പോയി. കുപ്പായമൊന്നും ഇട്ടിട്ടില്ല. കാലില്‍ വെള്ളിപ്പാദസരമുണ്ടായിരുന്നു. എറണാകുളം സൗത്തിലാണ്. ലോറികള്‍ അങ്ങനെ ഇരച്ചുവരും. ബ്രേക്കിട്ടു നിര്‍ത്തും. അവിടെ ഒരു മിഠായിക്കാരനുണ്ടായിരുന്നു. അയാളാണ് സ്ഥിരമായി എന്നെയെടുത്ത്, മിഠായി തന്ന് വീട്ടില്‍ കൊണ്ടാക്കിത്തന്നിരുന്നത്. അന്നും അയാളാണ് എടുത്തോണ്ടു വന്നത്. ഞാന്‍ അയാളെ 10-17 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ക്കൂടി കണ്ടു. അന്നും അയാള്‍ എനിക്കൊരു പൊതി മിഠായി തന്നു. പിന്നെ കല്യാണത്തിന് ക്ഷണിക്കാന്‍ ഞാന്‍ അയാളെ അന്വേഷിച്ചു. എറണാകുളം സൗത്ത് അപ്പോഴേക്കും ആകെ മാറിയിരുന്നു. അയാള്‍ അപ്രത്യക്ഷനായി.

ഈ റോഡ് മുറിച്ചുകടക്കാനുള്ള യത്‌നം ആരംഭിച്ചിരുന്നു?

ഓടും. പക്ഷേ... പകുതിവരെ എത്തുകയുള്ളൂ.

അമ്മ വീട്ടമ്മയായിരുന്നോ?

അതെ.

എനിക്ക് ഇതില്‍ മനസ്സിലാകാത്ത ഒന്ന്. അച്ഛന്‍ ഒരുപക്ഷേ, അങ്ങനെ. അമ്മ എന്നു പറയുന്നത് എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?

അമ്മയ്ക്കും എന്നെ ഇഷ്ടംണ്ടാര്‍ന്നില്യ. ഇന്നും ഇഷ്ടല്ല.

അതിനെന്താ ഒരു കാരണം?

പറഞ്ഞിട്ടില്ല.

പറഞ്ഞിട്ടില്ല? എന്താണ് മനസ്സിലാക്കിയത്?

ഞാനൊരു Strange കുട്ടിയാണെന്നാണ് അമ്മ പറയുന്നത്. എന്തോ ഒരുതരം കുട്ടി.

എന്തു കുട്ടിയായിരുന്നാലും അതിനോട് സ്‌നേഹമുണ്ടാകുമായിരുന്നില്ലേ?

അതില്ല, ഒട്ടുമില്ല.

അതെന്താണ്? അമ്മയെ വെറുക്കുക എന്നത് ചിന്തിക്കാന്‍ പറ്റുന്നില്ല.

ഞാനതിന് വെറുക്കുന്നില്ലല്ലോ.

വെറുക്കുക എന്നുള്ളതല്ല. അമ്മയുടെ വെറുപ്പ്. ഇത്തരത്തിലുള്ള വെറുപ്പിന്റെ കാരണം എന്ത്?

ദേഷ്യമല്ല, ഇന്‍ഹെറന്റ് ആയിട്ടുള്ള ഒരു വെറുപ്പ്. ഒരുപക്ഷേ, അച്ഛനെക്കാളധികം.

അത് വിശകലനം ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ?

എങ്ങനെയാ ഒരു കുട്ടി അത് ചെയ്യ?

പില്ക്കാലത്ത്... ഇപ്പൊ ഇത്രയും കഴിഞ്ഞുപോയിട്ട്... അതിന്റെ പിടിയില്‍നിന്നും അഷിത ഇപ്പോഴും വിട്ടിട്ടില്ല. അതുകൊണ്ടാ അനലൈസ് ചെയ്യാന്‍ പറ്റാത്തേ.

അല്ല. ഞാന്‍ ചോദിച്ചിട്ടുണ്ട്. പിന്നെ ഇതൊക്കെ ഒരു സാധാരണ സംഭവമല്ലല്ലോ. ആലോചിച്ചു നോക്ക്, ബോംബെയില്‍ ചെന്നിട്ട് 10-17 വയസ്സില്‍ തുടര്‍ച്ചയായ ഷോക്ക്ട്രീറ്റ്‌മെന്റ്. എന്റെ മുടിയൊക്കെ നേരത്തേ നരയ്ക്കാന്‍ തുടങ്ങി.

മുടി നേരത്തേ നരച്ചുതുടങ്ങിയിരുന്നോ?

പത്തിരുപതു വയസ്സാവുമ്പോഴേക്കും നരയ്ക്കാന്‍ തുടങ്ങി.

നരയ്ക്കാന്‍ തുടങ്ങിയത് ഈ ഷോക്ക്ട്രീറ്റ്‌മെന്റ് കാരണമാണോ?

ഉണ്ടാവും. ഞാനത് ഡോക്ടേഴ്‌സിനോടു ചോദിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞത് മെമ്മറിയുടെ കുറെ ഭാഗങ്ങള്‍ മാഞ്ഞുപോകും. ഇതുവരെയും കൃത്യമായിട്ട് അതിന്റെ സൈഡ് ഇഫക്ട്‌സ് കണ്ടുപിടിക്കാനായിട്ടില്ല. ഇതെല്ലാം കഴിഞ്ഞിട്ട് അച്ഛന്‍ പറഞ്ഞു, 'ഈ ഡോക്ടര്‍ അല്ലാതെ വേറെയൊരു ഡോക്ടറെ കാണാന്‍ ദൂരെ പോകണം.' ശിഹാബ് പോയിട്ടുണ്ടോ ബോംബെയില്‍? സയണിലാണ് ഞങ്ങള്‍ അന്ന് താമസം. അച്ഛന്‍ കൊളാബയിലേക്കു കൊണ്ടുപോകാനിറങ്ങി. അച്ഛനോടൊപ്പം ബസ്സു കയറി. അപ്പൊ കണ്ടക്ടര്‍ പറഞ്ഞു അച്ഛനോട്, മുന്നിലേക്ക് നില്ക്കാന്‍. അച്ഛന്‍ പറഞ്ഞു, 'നീ പോയി മുന്നിലേക്ക് നില്ക്ക്. ഞാന്‍ പിന്നില്‍ നില്ക്കാം. 3-4 സ്റ്റോപ്പ് കഴിഞ്ഞേ ഇറങ്ങൂ. ഇറങ്ങുമ്പോള്‍ വിളിക്കാം.' തിരക്കു വന്നപ്പോള്‍ ഞാന്‍ മുന്നിലേക്ക് നീങ്ങിനീങ്ങി പോയി.

ബോംബെയില്‍ സ്വന്തം സ്‌കൂളല്ലാതെ എവിടെയും പോയിട്ടില്ലാത്ത ഞാന്‍ ആകെ പരിഭ്രമത്തിലായി. ബസ്സില്‍ നിറയെ ആളായി. തൂങ്ങിപ്പിടിച്ചുനില്ക്കുന്ന കൈകള്‍ കാണാം. അതിനിടയിലൂടെ ഇടയ്ക്കിടയ്ക്ക് അച്ഛനെ നോക്കും. ഒരു സ്റ്റോപ്പ് കഴിഞ്ഞു നോക്കി, അച്ഛനവിടെത്തന്നെ ഉണ്ട്. രണ്ടാമത്തെ സ്റ്റോപ്പു കഴിഞ്ഞ്, മൂന്നാമത്തെ ആകുമ്പോഴേക്കും അച്ഛന്‍ ധൃതിയില്‍ ഇറങ്ങുന്നത് ഞാന്‍ ഒരു മിന്നായംപോലെ കണ്ടു. അപ്പോഴേക്കും ബസ്സു നീങ്ങി. ഞാനുറക്കെ കരയാന്‍ തുടങ്ങി. ആരൊക്കെയോ കയറി ബെല്ലടിച്ചു. ബസ് കുറെ ദൂരം പോയി. അടുത്ത സ്റ്റോപ്പിലേ നിര്‍ത്തൂ എന്ന് കണ്ടക്ടര്‍ തര്‍ക്കിച്ചു. യാത്രക്കാര്‍ ഇടപെട്ട് എന്നെ ഇറക്കിവിട്ടു. ചിലര്‍ ചീത്തവിളിച്ചു. എനിക്കാണെങ്കില്‍ ഒരു പരിചയവുമില്ലാത്ത സ്ഥലം. ഞാന്‍ ചാടിയിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക്. ഫുട്പാത്തിലൊക്കെ ജനക്കൂട്ടം ഒഴുകുകയാണ്. ദൂരേ അച്ഛന്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്ക്കുന്നത് ഞാന്‍ കണ്ടു.

Content Highlights: excerpts from the book athu njanayirunnu by ashitha and shihabudheen poythum kadav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented