അടിയന്തരാവസ്ഥക്കാലത്തു മകന്‍ ജയിലിലായത് അറിയാതെ അമ്മ;  കരുതിയത് നാടുവിട്ടെന്ന്!


കെ. ശങ്കരനാരായണന്‍

ആത്മകഥയുടെ കവർ

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പരമപ്രധാനമായ മുഖങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കെ. ശങ്കരനാരായണന്‍. അദ്ദേഹത്തിന്റെ ആത്മകഥയായ 'അനുപമം ജീവിതം' അടയാളപ്പെടുത്തുന്നത് കൂട്ടുകുടുംബ സമ്പ്രദായത്തില്‍ കഴിഞ്ഞ ഒരു തലമുറയെക്കുറിച്ചാണ്, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്‌സ് ആണ്. ആത്മകഥയില്‍ നിന്നും 'നേര്‍രേഖപോലെ അച്ഛന്‍, നേരറിവായി അമ്മ 'എന്ന അധ്യായം
വായിക്കാം.

ഷൊര്‍ണൂരിലെ അണിയത്തു തറവാടാണ് അച്ഛന്റേത്. അച്ഛന്‍ അണിയത്ത് ശങ്കരന്‍ നായര്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നു പറഞ്ഞുവല്ലോ. അഡിഷണല്‍ ലോക്കോ ചാര്‍ജ്മാനായി ഷൊര്‍ണൂരിലും പോത്തന്നൂരിലും ഈറോഡുമെല്ലാം അച്ഛന്‍ ജോലി ചെയ്തിട്ടുണ്ട്. നന്നായി ഇംഗ്ലീഷും തമിഴും സംസാരിക്കുമായിരുന്നു. അച്ഛനു ജീവിതമെന്നാല്‍ റെയില്‍വേ ആയിരുന്നു. എന്തു പറഞ്ഞാലും അച്ഛന്‍ ഒടുവിലെത്തുക റെയില്‍വേ കാര്യങ്ങളിലായിരിക്കും. റെയില്‍വേ ഉദ്യോഗസ്ഥരുമായിട്ടായിരുന്നു അച്ഛനു ചങ്ങാത്തം. അച്ഛന്‍ പൈങ്കുളത്തേക്കു നടക്കുമ്പോള്‍ ഷൊര്‍ണൂരില്‍നിന്നു ഞാനും കൂടെ നടക്കും. എന്റെ രാഷ്ട്രീയനിലപാടുകളും ഇടപെടലുകളുമൊന്നും അച്ഛന്‍ എതിര്‍ത്തിരുന്നില്ല. കൂടെ നടക്കുമ്പോള്‍ കുടുംബകാര്യങ്ങളോ രാഷ്ട്രീയമോ അച്ഛന്‍ സംസാരിച്ചില്ല. അച്ഛന്‍ അധികവും സംസാരിച്ചതു റെയില്‍വേ സംബന്ധമായ പുതിയ അറിവുകളായിരുന്നു. റെയില്‍വേയില്‍ മകന്‍ ജോലിക്കാരനാവണമെന്നു മാത്രം അച്ഛനു മോഹമുണ്ടായിരുന്നുവെന്നറിയാം.

ഇതിനായി ഒരിക്കല്‍ തൃശ്ശിനാപ്പള്ളിക്ക് ഇന്റര്‍വ്യൂവിനയച്ചു. അഭിമുഖത്തിനായി ചെന്നപ്പോള്‍, അറ്റം കാണാനാവാത്ത നീണ്ടനിരയാണവിടെ. നല്ല വെയില്‍. ഉച്ചവരെ നിന്നിട്ടും എന്റെ ഊഴമെത്തിയില്ല. ഊണു കഴിച്ചു വരാം എന്നു കരുതി പുറത്തിറങ്ങി. തിരിച്ചെത്തിയപ്പോഴേക്കും എല്ലാം തീര്‍ന്നു. ഇന്റര്‍വ്യൂ ചെയ്യുന്ന സായിപ്പിനോട് കാര്യം തിരക്കിയപ്പോള്‍ ജോലിയോടിഷ്ടമുള്ളവരൊന്നും പാതിവഴിക്കിറങ്ങിപ്പോകില്ലെന്നായി മറുപടി. ഇതെന്റെ കുറ്റമല്ലെന്നും സമയത്ത് എന്നെ വിളിക്കാതിരുന്നതു നിങ്ങളുടെ തെറ്റല്ലേ എന്നുമായി ഞാന്‍. അല്‍പ്പം രാഷ്ട്രീയമൊക്കെ തുടങ്ങിയ കാലമായിരുന്നു. അതിന്റെ വീര്യം വാക്കുകളിലും നിലപാടിലുമെല്ലാം അന്നു പ്രകടമായിരുന്നു. ഏതായാലും കയ്യില്‍ 600 രൂപയുണ്ട്. മദ്രാസ് കണ്ടിട്ടേയില്ല. ട്രെയിനില്‍ നേരെ മദ്രാസിലേക്ക് വച്ചുപിടിച്ചു. മുന്തിയ ഹോട്ടലില്‍ താമസിച്ചും നല്ല ഭക്ഷണം കഴിച്ചും മദ്രാസില്‍ മൂന്നുദിവസം ചുറ്റിയടിച്ചു. തൃശ്ശിനാപ്പള്ളിയില്‍ ഇന്റര്‍വ്യൂവിനു പോയ അന്നാണു ജീവിതത്തില്‍ ആദ്യമായി പാന്റ്‌സ് ഇട്ടത്. അങ്ങനെ ആ യാത്ര ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായി.

എന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ അച്ഛന്‍ എതിര്‍ത്തില്ലെന്നു പറഞ്ഞുവല്ലോ.'അവന്‍ ജോലിക്കു പോയാല്‍ നേരെയാവില്ല. രാഷ്ട്രീയമാണ് അവന്റെ വിധിയെങ്കില്‍ അതുതന്നെ നടക്കട്ടെ,' അച്ഛന്‍ നിലപാടെടുത്തത് ഇങ്ങനെയായിരുന്നു. ഇവനിങ്ങനെ ജോലിയില്ലാതെ രാഷ്ട്രീയവുമായി നടന്നാലെങ്ങനെയാ...എന്നു പലരും അച്ഛനോടു ചോദിച്ചിരുന്നു. അവന്റെ ജോലി ഇപ്പോള്‍ ഇതാണെന്നായിരുന്നു അവര്‍ക്കുള്ള അച്ഛന്റെ മറുപടി. ഞാന്‍ എം.എല്‍.എ. ആയതൊന്നും കാണാന്‍ അച്ഛന്‍ ഉണ്ടായില്ല. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായതു മാത്രമാണച്ഛന്‍ കണ്ടത്.

അച്ഛന്‍ വലിയ സുഖിമാനായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. നല്ല ഭക്ഷണം കഴിക്കണം. നന്നായി നടക്കണം. നല്ല നിലയില്‍ ജീവിക്കണം എന്നൊക്കെയായിരുന്നു അച്ഛന്റെ നിലപാട്. ഉള്ള ശമ്പളംകൊണ്ട് അച്ഛന്‍ അതു ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. അണിയത്തു തറവാട്ടിലോ കടീക്കല്‍ തറവാട്ടിലോ അച്ഛന്റെ വരുമാനത്തില്‍നിന്ന് ഒന്നും വേണ്ടിവന്നില്ല. അതിനാല്‍ അച്ഛന്റെ ശമ്പളം അച്ഛന്റെ ജീവിതച്ചെലവിനുള്ളതായിരുന്നു. നാളെയ്ക്കായി മാറ്റിവയ്ക്കുക എന്ന ശീലമൊന്നും അച്ഛനുണ്ടായിരുന്നില്ല. ഫസ്റ്റ് ക്ലാസ് യാത്രകളും മികച്ച ഹോട്ടലുകളിലെ ഭക്ഷണവും താമസശീലവുമെല്ലാം അച്ഛനില്‍നിന്നു പകര്‍ത്തിയതാണെന്നു പറയാം.

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അച്ഛന്റെ മരണം, 1969-ല്‍. ഒരാഴ്ച തൃശ്ശൂര്‍ മിഷന്‍ ആശുപത്രിയില്‍ കിടന്നു. ചികില്‍സ കഴിഞ്ഞു ഷൊര്‍ണൂരിലെ വീട്ടില്‍ തിരിച്ചെത്തി ഒരാഴ്ചയ്ക്കു ശേഷമായിരുന്നു അച്ഛന്റെ വേര്‍പാട്. ഒരു രാത്രി പന്ത്രണ്ടരയ്ക്ക് അച്ഛന്‍ പോയി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നതിനാല്‍ കൊച്ചിയിലായിരുന്നു എന്റെ താമസം. രാത്രിയില്‍ അന്നു ഷൊര്‍ണൂര്‍ക്കു മടങ്ങുകയായിരുന്ന ഞാന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അനൗണ്‍സ്‌മെന്റ് കേട്ടാണ് അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞത്. അന്ന് ഇന്നത്തെപ്പോലെ ഫോണ്‍ ഒന്നും ഇല്ലാത്ത കാലമാണല്ലോ. അഥവാ ട്രെയിനിലെങ്ങാനും എന്നെ അറിയുന്നവരോ ഞാനോ ഉണ്ടെങ്കില്‍ വിവരം അറിയിക്കാനായിരുന്നു ആ അനൗണ്‍സ്‌മെന്റ്. ഉടന്‍ തൃശ്ശൂരിലിറങ്ങി കാറെടുത്തു ഷൊര്‍ണൂര്‍ക്കു പോരുകയായിരുന്നു.

അച്ഛന്റെ അച്ഛന്‍ നാണുനായര്‍ കോഴിശ്ശേരി മനയിലെ കാര്യസ്ഥനായിരുന്നു. അദ്ദേഹത്തിനും കൃഷിതന്നെയായിരുന്നു മുഖ്യം. അല്‍പ്പം മുതിര്‍ന്നപ്പോള്‍ ഇടയ്ക്കിടെ മുത്തച്ഛനൊപ്പം കോഴിശ്ശേരി മനയിലേക്കു ഞാനും പോകും. അവിടുത്തെ മൂത്ത നമ്പൂതിരിയും അച്ഛനും ഒന്നിച്ചു പഠിച്ചവരാണ്. അന്നു മനയ്ക്കലേക്കു കയറുമ്പോള്‍ ചെരുപ്പൂരി പടിപ്പുരയ്ക്കപ്പുറം വയ്ക്കണമായിരുന്നു. മുറ്റത്തു ചെരുപ്പിട്ടു പ്രവേശിക്കരുതെന്നുണ്ടായിരുന്നു. ചെരുപ്പു മാത്രമല്ല, ഷര്‍ട്ടും ഊരി മാത്രമേ മനയ്ക്കലേക്കു പ്രവേശിക്കാന്‍ പറ്റൂ. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കാലത്തൊക്കെ ഞാന്‍ പോകുമ്പോള്‍ ഒരിക്കല്‍പ്പോലും ചെരുപ്പൂരാനോ ഷര്‍ട്ട് അഴിക്കാനോ തയ്യാറായിരുന്നില്ല. ഇങ്ങനെ കയറിച്ചെല്ലുമ്പോള്‍ മനയ്ക്കലെ പണിക്കാര്‍ പറയും, കണ്ടോ അവന്‍ ചെരുപ്പൊക്കെയിട്ടു കയറിവരുന്നതു കണ്ടോ എന്ന്. അഹങ്കാരിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അവരുടെ അഭിപ്രായങ്ങളൊന്നും ഞാന്‍ ഗൗനിച്ചിരുന്നില്ല. മനയ്ക്കലുള്ളവര്‍ക്കും അതില്‍ പ്രശ്‌നമുള്ളതായി തോന്നിയില്ല. കാര്യസ്ഥനായ മുത്തച്ഛന്റെ കൊച്ചുമകന്‍ എന്ന നിലയാലാവും എന്റെ കയറിച്ചെല്ലല്‍.

പണ്ടൊക്കെ അണിയത്തു വീട്ടില്‍ ഇടയ്ക്കിടെ പോകുമായിരുന്നു. അച്ഛമ്മ സീതയ്ക്ക് എന്നെ വലിയ കാര്യമായിരുന്നു. പോകുമ്പോള്‍ ഒരു ദിവസം അണിയത്തു വീട്ടില്‍ താമസിക്കും. പാപ്പുള്ളിയിലെ മുത്തച്ഛനോടാണു ചങ്ങാത്തം എന്നതിനാല്‍ എവിടെ ചെന്നാലും പെട്ടെന്നുതന്നെ ഷൊര്‍ണൂരിലേക്കു മടങ്ങിപ്പോരും. അണിയത്ത് തറവാട്ടിലെ ബന്ധുക്കളെല്ലാം ഇന്നു ചിതറിപ്പോയി. അന്നുള്ളവരില്‍ ഏറെപ്പേരും ഇന്നില്ല. കൂട്ടുകുടുംബസംവിധാനം ഇല്ലാതായതോടെ ഒഴുക്കില്‍പ്പെട്ട ഇലകള്‍ കണക്കെ ബന്ധങ്ങളെല്ലാം അകന്നുപോയി. കാലം... പഴയ സമ്പ്രദായങ്ങളെയെല്ലാം വല്ലാതെ നമ്മള്‍ മാറ്റിക്കളഞ്ഞുവല്ലോ.

നിള വേനലിലും നിറഞ്ഞൊഴുകുന്ന കാലമുണ്ടായിരുന്നുവെന്നറിയുക. അമ്മയെന്നും എന്നെ നിളയിലെ തെളിനീരിലിറക്കിയാണു കുളിപ്പിച്ചിരുന്നത്. കുളിക്കാന്‍ ചെല്ലുമ്പോള്‍ മണല്‍പ്പരപ്പില്‍ ഒരുവട്ടം ഓടിക്കളിക്കും. അമ്മാവന്റെ മക്കളും അയല്‍പക്കത്തെ നമ്പീശന്മാരുടെയും പൊതുവാള്‍മാരുടെയും മക്കളും നിളയോരത്തെത്തും. പിന്നെയാവും കളി, തുടര്‍ന്നു വിസ്തരിച്ചുള്ള കുളി. കുളി കഴിഞ്ഞാല്‍ അമ്മ പട്ടുകോണകം ചുറ്റിക്കും. അതുടുത്തു വാഴാലിക്കാവ് ക്ഷേത്രത്തില്‍ തൊഴുതു വേണം വീട്ടില്‍ കയറാന്‍. അതു മുറതെറ്റാതെ പാലിക്കേണ്ട ചിട്ടയാണ്. വാല്‍സല്യംകൊണ്ടും സ്‌നേഹംകൊണ്ടും അമ്മയെന്നെ തലയെടുപ്പോടെ വളര്‍ത്തിയെന്നു പറയാം. അപ്പു, അതാണ് അമ്മ എനിക്കു നല്‍കിയ ഓമനപ്പേര്. കുട്ടിയായിരുന്നപ്പോള്‍ അരയില്‍ സ്വര്‍ണനൂലു കെട്ടിയിരുന്നു. കയ്യില്‍ സ്വര്‍ണക്കാപ്പുണ്ടായിരുന്നു. കാലില്‍ സ്വര്‍ണത്തള ധരിപ്പിച്ചിരുന്നു. കഴുത്തിലൊരു സ്വര്‍ണച്ചെയിനും കാതില്‍ കല്ലുവച്ച കടുക്കനും ഉണ്ടായിരുന്നു. ഇതെല്ലാം മുത്തച്ഛന്റെ വകയായിരുന്നു. എട്ടുവയസ്സുവരെ ഇതെല്ലാം പതിവായി ധരിച്ചായിരുന്നു എന്റെ നടപ്പ്. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരിവച്ചു. ഇന്നിപ്പോ സ്വര്‍ണത്തിന്റെ ഒരു തരിപോലും ധരിക്കാറില്ല. അതിനു പിന്നിലൊരു സംഭവമുണ്ട്. ഷൊര്‍ണൂരിലെ എന്റെ പ്രിയ ചങ്ങാതിയുടെ ഭാര്യയ്ക്ക് പ്രസവവേദന വന്നപ്പോള്‍ അവനെന്നോടു കാശ് കടം ചോദിച്ചു. അവന്റെ ധര്‍മസങ്കടം കണ്ടപ്പോള്‍ കയ്യിലെ ഒന്നരപ്പവന്റെ മോതിരം ഊരിനല്‍കാനാണു തോന്നിയത്. പണയം വച്ചോളാന്‍ പറഞ്ഞു. ഏറെ നാള്‍ കഴിഞ്ഞും പണയമോതിരം മടക്കിനല്‍കുന്ന ഭാവമൊന്നും അവനില്ല. 'അല്ല, നമുക്ക് ആ പണയം വച്ച മോതിരം തിരിച്ചെടുക്കണ്ടേ,' അവനോടൊരിക്കല്‍ ചോദിച്ചു. അതു പണയം വയ്ക്കുകയല്ല, ഉരുക്കി വില്‍ക്കുകയായിരുന്നുവെന്നായി അവന്‍. അവനും കാശില്ലാതെ അത്രമേല്‍ കഷ്ടപ്പെടുകയായിരുന്നുവത്രെ. പിന്നീട് അവനോടൊന്നും മറുത്തു പറയാന്‍ പോയില്ല. അവനിപ്പോള്‍ ജീവിച്ചിരിപ്പുമില്ല. ഏതായാലും ആ സംഭവത്തിനു ശേഷം ഇന്നോളം സ്വര്‍ണം ധരിച്ചിട്ടേയില്ല.

വീട്ടിലെ ചിട്ടകളോടായിരുന്നു അമ്മയ്ക്ക് കൂടുതല്‍ മെരുക്കവും ഇണക്കവും. വീടുവിട്ട് അമ്മയ്ക്ക് എവിടെയും അധികകാലം താമസിക്കാനാവുമായിരുന്നില്ല. അടുക്കളയിലെന്നും മേല്‍നോട്ടക്കാരിയായിരുന്നു അമ്മ. ഒട്ടേറെപ്പേര്‍ സജീവമായി പ്രവര്‍ത്തനനിരതരാകുന്ന അടുക്കളയുടെ നായിക അമ്മയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു ഞാന്‍ ജയിലിലായത് അമ്മ അറിഞ്ഞിരുന്നില്ല. അന്നു കത്തെഴുതാന്‍പോലും വയ്യല്ലോ. നാടുവിട്ടുവെന്നായിരുന്നു അമ്മയുടെ തോന്നല്‍. ഇക്കാര്യം ജയിലില്‍നിന്നിറങ്ങിയശേഷം അമ്മയെ ബോധ്യപ്പെടുത്തുകയായിരുന്നു. ജയിലിലായിരുന്നുവെന്നൊക്കെ കേട്ടപ്പോള്‍ അമ്മ വല്ലാതെ വേവലാതിപ്പെട്ടു. മകന്‍ അലച്ചിലുകാരനാവുകയാണല്ലോ എന്നോര്‍ത്ത് അമ്മയില്‍ ദുഃഖം കനപ്പെട്ടു. വിവാഹം ചെയ്യാന്‍ എന്നും, ഏറ്റവുമധികം നിര്‍ബന്ധിച്ചതും അമ്മതന്നെയായിരുന്നു. സഹോദരങ്ങളെല്ലാം വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ഞാന്‍ മാത്രം ഏകനായി ജീവിക്കുന്നതില്‍ അമ്മയുടെ മനസ്സ് മുറിപ്പെട്ടിരുന്നു. 'നീ ഒറ്റയ്ക്കാവും, ഞാന്‍ മരിച്ചാല്‍ നീ തനിച്ചാവും,' എന്ന് അമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഇക്കാര്യം പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ കടലാകുമായിരുന്നു. അല്ലെങ്കിലും അമ്മമാരുടെ സങ്കടം കണ്ടാല്‍ നമ്മളിലാരാണ് വല്ലാതങ്ങ് ഉടഞ്ഞുപോകാതിരിക്കുക.

പുസ്തകം വാങ്ങാം

എന്റെ കല്യാണം കഴിഞ്ഞതോടെ അമ്മ കൂടുതല്‍ സന്തോഷവതിയായെന്നു പറയാം. അമ്മയും ഭാര്യ രാധയും ഒരു ചില്ലയിലെ രണ്ടിലകള്‍പോലെ ഒന്നായി ജീവിച്ചു. പഴമയുടെ ശീലങ്ങളില്‍നിന്നു വ്യതിചലിക്കാനൊരല്‍പ്പം വൈമുഖ്യം ഒഴിച്ചാല്‍ എന്തിനോടും ചേര്‍ന്നുപോകുന്ന സ്‌നേഹപ്രവാഹമാണെനിക്ക് അമ്മ. വിവാഹം കഴിഞ്ഞ കാലത്തു ഞാന്‍ അസംബ്ലിയിലായതിനാല്‍ ആഴ്ചയിലൊരിക്കലേ പാലക്കാട് വീട്ടിലുണ്ടാകൂ. കുറച്ചു നാള്‍ ഞങ്ങള്‍ക്കൊപ്പം താമസിച്ച അമ്മ പിന്നെ പൈങ്കുളത്ത് അനുജന്റെ വീട്ടിലായി. ഒരു വീഴ്ചയില്‍നിന്നു തുടങ്ങിയതാണ് അമ്മയുടെ തളര്‍ച്ച. തൃശ്ശൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം, 1999-ല്‍. അമ്മയ്ക്കു ഞാനടക്കം അഞ്ചാണു മക്കള്‍. മൂത്തതാണു ഞാന്‍. ആയുര്‍വേദ ഡോക്ടറായ ബാലകൃഷ്ണന്‍, ബെംഗളൂരു എച്ച്.എം.ടിയില്‍ ജോലി ചെയ്ത സേതുമാധവന്‍, കുളപ്പുള്ളിയില്‍ വിവാഹം ചെയ്തയച്ച ശാരദ, എറണാകുളത്തു താമസിക്കുന്ന സരള എന്നിവരാണു സഹോദരങ്ങള്‍. സഹോദരങ്ങളില്‍ സേതുവും ബാലകൃഷ്ണനും ഇന്നില്ല. 2017 നവംബര്‍ 11ന് ആയിരുന്നു സേതുവിന്റെ വേര്‍പാട്. 2019 ഫെബ്രുവരി 16ന് ശനിയാഴ്ച ബാലകൃഷ്ണനും വിടപറഞ്ഞു. കാലത്തിന്റെ ചില തീര്‍ച്ചപ്പെടുത്തലുകള്‍ നമ്മളെ ചിലപ്പോള്‍ ആഹ്ലാദഭരിതരാക്കും. ചിലനേരങ്ങളില്‍ അതേ തീര്‍ച്ചപ്പെടുത്തല്‍ നമ്മളെ തനിച്ചാക്കി ദുഃഖിപ്പിക്കുകയും ചെയ്യും. അതാണല്ലോ ജീവിതം, അല്ലേ.

Content Highlights: excerpts from the book anupamam jeevitham by k sankaranarayanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented