കോടതിയില്‍വെച്ച് സലിംകുമാറിന്റെ കേസുകേട്ട ജഗതി:'ഇതൊക്കെ എന്തനിയാ...'


കെ.വി മധു

7 min read
Read later
Print
Share

സലിംകുമാര്‍ 150 രൂപയും കൈയില്‍ പിടിച്ച് തിരിഞ്ഞുനോക്കിയപ്പോഴുണ്ട്, മികച്ച നടനുള്ള അവാര്‍ഡ് തനിക്കൊപ്പം പങ്കുവെച്ച ധനുഷ് മറ്റൊരു 150 രൂപയും കൈയില്‍ പിടിച്ചിങ്ങനെ ഇരിക്കുന്നു. ആരും കാണാതിരിക്കാന്‍ ആ പൈസ ഒളിപ്പിച്ചുപിടിച്ചിരിക്കുകയാണ് ധനുഷ്.

സലിംകുമാർ, ജഗതി

കെ.വി മധു തയ്യാറാക്കി മാതൃഭൂമി ഇംപ്രിന്റായ ഗ്രാസ്‌റൂട്‌സ് പ്രസിദ്ധീകരിച്ച ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന പുസ്തകം നടന്‍ സലിം കുമാറിന്റെ യഥാര്‍ഥജീവിതത്തെയാണ് തുറന്നുകാട്ടുന്നത്. വളരെ രസകരമായ രീതിയില്‍ അവതരിപ്പിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരുഭാഗം വായിക്കാം.

വേദനിപ്പിക്കുന്ന അനൗണ്‍സ്മെന്റ്

1991 ലെ ഒരു തിരഞ്ഞെടുപ്പുകാലം. കേരളത്തില്‍ നിയമസഭയിലും ലോകസഭയിലും ഒന്നിച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. വടക്കേക്കര മണ്ഡലത്തില്‍ പതിവുപോലെ കോണ്‍ഗ്രസ്സിന്റെ സൂപ്പര്‍അനൗണ്‍സര്‍ സലിംകുമാറാണ്. ഒരു സാധാരണ ഫുള്‍ടൈം പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്നതിലുപരി സലിംകുമാറിന് അനൗണ്‍സര്‍ എന്ന നിലയില്‍ക്കൂടി ആളുകള്‍ക്കിടയില്‍ ഇഷ്ടവും വിശ്വാസ്യതയും കുറച്ചു കൂടുതലുണ്ട്. അങ്ങനെ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ ഒരു ദിവസം പാതിരാത്രി അവസാനഘട്ട അനൗണ്‍സ്മെന്റിനായുള്ള ഒരുക്കം നടത്തിക്കൊണ്ടിരിക്കേ ആ വാര്‍ത്ത വന്നു. രാജീവ്ഗാന്ധി കൊല്ലപ്പെട്ടു. ഇന്നത്തെപ്പോലെ മൊബൈല്‍ഫോണൊന്നും ഇല്ലാത്ത കാലമാണ്. പാര്‍ട്ടി ഓഫീസില്‍ ആരോ വിളിച്ചറിയിച്ചതാണ്. ഉടന്‍ നാട്ടുകാരെ അറിയിക്കണം. അതിനു മുന്‍പ് കെ.പി. ധനപാലനെ വിവരമറിയിക്കണം.

ഒരു ഓട്ടോയില്‍ സലിംകുമാറും കൂട്ടുകാരും മൈക്കുകെട്ടി അനൗണ്‍സ്മെന്റോടുകൂടി ധനപാലന്റെ വീട്ടിലേക്കു തിരിച്ചു. പറവൂര്‍ കുഞ്ഞിത്തെയ് എന്ന സ്ഥലത്തുകൂടി അനൗണ്‍സ്മെന്റ് വാഹനം പോയിക്കൊണ്ടിരിക്കുകയാണ്. രാജീവ്ഗാന്ധി കൊല്ലപ്പെട്ടു എന്ന ഒരൊറ്റവരി വിശേഷവും വിളിച്ചറിയിച്ചുകൊണ്ട്. അവിടെ ഒരു പാലത്തിന്മേലെത്തിയപ്പോള്‍ അപ്പുറത്ത് സ്ത്രീകളും പുരുഷന്മാരുമെല്ലാമായി ഒരു സംഘം വാഹനം തടഞ്ഞു. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ശേഷിക്കേയുള്ള ഈ അനൗണ്‍സ്മെന്റ് മാര്‍ക്സിസ്റ്റുകാരുടെ കുത്തിത്തിരിപ്പാണ് എന്നു കരുതി അനൗണ്‍സ്മെന്റ് വാഹനത്തിലിരിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ നില്ക്കുകയാണ് എല്ലാവരും. വണ്ടി അടുത്തെത്തിയതോടെ നിര്‍ത്തെടാ എന്നലറിക്കൊണ്ട് രണ്ടുമൂന്നു പേര്‍ ചാടിയടുത്തു. പിന്നെ ഒന്ന്...രണ്ട്... മൂന്ന്... ഇങ്ങനെ ഓരോരുത്തരായി സലിംകുമാറിന്റെ മുഖത്തേക്കു ടോര്‍ച്ചടിച്ചു. ഒടുവില്‍ സലിംകുമാറാണ് എന്നു മനസ്സിലായതോടെ അലര്‍ച്ച മുഴങ്ങിയിരുന്ന ഇടത്ത് ഒരു കൂട്ടക്കരച്ചിലായിരുന്നു. അനൗണ്‍സ്മെന്റ് സത്യമാണ് എന്ന് അവര്‍ മനസ്സിലാക്കി. സലിംകുമാര്‍ കള്ളം പറയില്ലല്ലോ. അതിനെക്കുറിച്ച് സലിംകുമാര്‍:
സി.പി.എമ്മുകാര്‍ വ്യാജപ്രചാരണം നടത്തുന്നു എന്നുകരുതി എത്തിയ കോണ്‍ഗ്രസ്സുകാരായിരുന്നു അവര്‍. എന്നെ കണ്ടതോടെ
രാജീവ്ഗാന്ധി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അവര്‍ ഉറപ്പിച്ചു. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിപ്രവര്‍ത്തകന്റെ വിശ്വാസ്യതകൂടിയാണ് എന്റെ മുഖം കണ്ടപ്പോള്‍ അവരിലുണ്ടായ ഭാവമാറ്റം വ്യക്തമാക്കിയത്.

പണം കായ്ക്കുന്ന യന്ത്രങ്ങള്‍

സലിംകുമാറിന്റെ അയല്‍ക്കാരന്‍ രാധു പുത്തന്‍ ഭാഗ്യയന്ത്രങ്ങള്‍ പരീക്ഷിക്കുന്ന ആളാണ്. ഓരോ പുതിയപുതിയ ഐറ്റങ്ങള്‍ പരിചയപ്പെടുത്തിയിട്ട്, അതു വാങ്ങി വീട്ടില്‍ വെച്ചാല്‍ സകല സൗഭാഗ്യങ്ങളും ഉണ്ടാകും എന്ന് രാധു പറഞ്ഞു വിശ്വസിപ്പിക്കും. സ്ഥിരമായി അമ്മാതിരി സാധനങ്ങളുമായി രാധു സലിംകുമാറിന്റെ വീട്ടിലേക്കു പോകാറുണ്ട്. ഒരിക്കല്‍ അതിരില്ലാത്ത സമ്പത്ത് ലഭ്യമാക്കുന്ന വലംപിരിശംഖുമായാണ് രാധു എത്തിയത്. കാര്യം കേട്ടപ്പോള്‍ സലിംകുമാറിന് അദ്ഭുതമായി. കാശിങ്ങനെ തുരുതുരാ വീട്ടിലെത്തിക്കുന്ന വലംപിരിശംഖ്. എന്നാല്‍പ്പിന്നെ അതങ്ങു വാങ്ങിവെച്ചുകളയാം. എവിടന്നാണ് അതു കിട്ടുക എന്ന് രാധുവിനോടു ചോദിച്ചു.

'ഇപ്പോഴാണെങ്കില്‍ എളുപ്പത്തില്‍ കിട്ടും. നമുക്കറിയാവുന്ന ഒരാളുടെ കൈയിലാണ് സാധനം ഉള്ളത്. അയാളത് ചുളുവിലയ്ക്കിങ്ങു തരും.'
പണം വാരിക്കോരി കൊടുക്കുന്ന ഒരു യന്ത്രം എന്തിനാണ് അയാള്‍ ചുളുവിലയ്ക്കു വേറൊരാള്‍ക്കു കൊടുക്കുന്നത് എന്നായി പിന്നെ സലിംകുമാറിന്റെ സംശയം.
രാധു വളരെ സില്ലിയായി അതിന് ഉത്തരം കൊടുത്തു:
'അയാള്‍ക്കിത്തിരി സാമ്പത്തിക ടൈറ്റ് വന്നു. അതുകൊണ്ടാ.'
'സാമ്പത്തിക ടൈറ്റാ...?'
'അല്ലാ അയാള്‍ക്കല്പം കടമുണ്ട്. അതൊന്നു തീര്‍ക്കണം. അതിനായി കുറച്ചു പൈസേടെ ആവശ്യമുണ്ട്.'
'പണം കായ്ക്കുന്ന വലംപിരിശംഖ് സാമ്പത്തികബുദ്ധിമുട്ടുള്ള ഒരാള്‍ ചുളുവിലയ്ക്കു വില്ക്കുകയോ! എന്നാലും എന്റെ രാധൂ...' എന്നും പറഞ്ഞ് സലിംകുമാര്‍ രാധൂന്റെ മുഖത്തേക്കൊന്നു നോക്കി. അപ്പോഴാണ് രാധുവിനും താന്‍ പറഞ്ഞതിലെ അബദ്ധം പിടികിട്ടിയത്.

ഒരു നടന്‍ പോയാലെന്താ...

സിനിമയില്‍ തിരക്കുള്ള നടനായിരിക്കുമ്പോഴും സ്റ്റേജ് പരിപാടികളും കാസറ്റുകളും മിമിക്രിയും ഒന്നും സലിംകുമാര്‍ പൂര്‍ണമായും വിട്ടിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ ചില കാസറ്റുകളില്‍ പ്രവര്‍ത്തിക്കാറുണ്ട്, അതുപോലെ മിമിക്രിവേദികളിലും സജീവമായി നില്ക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കല്‍ ചാലക്കുടിയില്‍നിന്ന് സുഹൃത്തായ ജയന്‍ പറഞ്ഞു:
'എന്റെ ഒരു കൂട്ടുകാരന്‍ കുറച്ചു കഷ്ടത്തിലാണ്. അസുഖത്തിന്റെ പേരില്‍ ചികിത്സിച്ച് വീട്ടുകാര്‍ കടംകയറിയിരിക്കുകയാണ്. തുടര്‍ചികിത്സ നടക്കുന്നില്ല. ഒരു പിന്നാക്കക്കാരനായ അവന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തണം. നമ്മളൊക്കെക്കൂടി ഒരു കാസറ്റിറക്കിക്കൊടുത്താല്‍ വലിയ ഉപകാരമായിരിക്കും.'
ഒരാളെ സഹായിക്കാനല്ലേ, സലിംകുമാര്‍ തയ്യാറായി. കൂട്ടുകാരെയൊക്കെ വിളിച്ചു. കലാഭവന്‍ മണി, കലാഭവന്‍ അന്‍സാര്‍ തുടങ്ങിയ വന്‍കിടക്കാരെത്തന്നെ അണിനിരത്തി കാസറ്റിറക്കി. അതില്‍നിന്ന് നല്ല ലാഭവും കിട്ടി. അത് ജയന്റെ കൂട്ടുകാരന്റെ കുടുംബത്തിനു വലിയ സഹായമായി. കുറെ നാള്‍ കഴിഞ്ഞു കാസറ്റിനെക്കുറിച്ച് എല്ലാവരുംമറന്നു. മറ്റു സിനിമാത്തിരക്കുകളില്‍ ഇരിക്കുമ്പോള്‍ ഒരു ദിവസം ഒരു പോലീസുകാരന്‍ സലിംകുമാറിനെ തിരക്കി വീട്ടിലേക്കു വന്നു.
'ഒരു കേസുണ്ട്.'
സലിംകുമാറിന് അതിശയമായി. ഓര്‍മയിലൊന്നും ഒരു കേസിനുള്ള വകുപ്പു കാണുന്നില്ല.
'എന്തു കേസ്?'
'ജാതി അധിക്ഷേപമാണ്.'
'അതെങ്ങനെ?'
പോലീസുകാരന്‍ വിശദീകരിച്ചു പറഞ്ഞു. പണ്ട് ജയന്റെ കൂട്ടുകാരനെ സഹായിക്കാന്‍ ഇറക്കിയ ആ കാസറ്റാണ് കുഴപ്പം. അതിനകത്ത് ഒരു കോമഡി രംഗം ചെയ്യുന്നതിനിടെ ഒരാളുടെ പേരിനെ കളിയാക്കുന്നുണ്ട്. കൃഷ്ണന്‍കുട്ടി നായര്‍ ഏതു ജാതിക്കാരനാണ് എന്ന് ഒരു കഥാപാത്രം ചോദിക്കും. അപ്പോള്‍ ഓരോരുത്തരായി കൃഷ്ണന്‍കുട്ടി നായര്‍ ഇന്നയിന്ന ജാതിക്കാരനാണ് എന്നുത്തരം പറഞ്ഞുകൊണ്ടുള്ള ഒരു കോമഡിയാണ്. ഉത്തരം പറയുന്നയാള്‍ കൃഷ്ണന്‍കുട്ടി നായര്‍ പിള്ളയാണ്, ഈഴവനാണ്, നമ്പൂതിരിയാണ് തുടങ്ങി ഉള്ള ജാതിപ്പേരുകളെല്ലാം വിളിച്ചു പറയും. പല ജാതിയെക്കുറിച്ചു പറയുന്നതിനിടെ, അതില്‍ കൃഷ്ണന്‍കുട്ടി നായര്‍ ഉള്ളാള ജാതിക്കാരനാണ് എന്നും പറയുന്നുണ്ട്. അത് ഉള്ളാലവിരുദ്ധമാണത്രേ. കൃഷ്ണന്‍കുട്ടി നായര്‍ ഉള്ളാളജാതിക്കാരനാണ് എന്ന് കാസറ്റില്‍ പറഞ്ഞത് സലിംകുമാറാണ്. അതുകൊണ്ട് സലിംകുമാറിനും സരിഗ അബുവിനുമെതിരേ മാത്രം കേസ്. മാത്രമല്ല, മണിയും ജയനും പിന്നാക്കജാതിയില്‍പ്പെടുന്നവരായതിനാല്‍ കേസിനു ബലംകിട്ടാന്‍ അവരെ ഒഴിവാക്കുകയും ചെയ്തു.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

അങ്ങനെ കേസ് കോടതിയിലെത്തി. എറണാകുളം കോടതിയിലാണ്. അവിടെ പോയപ്പോള്‍ ആദ്യദിവസംതന്നെ ജഗതി ശ്രീകുമാര്‍ നില്ക്കുന്നു. ജഗതിയും ഒരു കേസുമായി എത്തിയതാണ്. ജഗതിയോട് സലിംകുമാര്‍ തന്റെ കേസിന്റെ കാര്യംപറഞ്ഞു. അപ്പോള്‍ ജഗതി കളിയാക്കി: 'ഇതൊക്കെ എന്തനിയാ...'
ഒടുവില്‍ ജഗതിയുടെ കേസ് അന്നുതന്നെ കോട്ടയം കോടതിയിലേക്കു മാറുന്ന വിധിയും പറഞ്ഞു. അങ്ങനെ സലിംകുമാര്‍ ഒറ്റയ്ക്കു കാത്തുനില്ക്കേ അവിടെയുണ്ടായിരുന്ന ക്ലറിക്കല്‍ സ്റ്റാഫുകള്‍ പരസ്പരം പിറുപിറുക്കുന്നതു കേട്ട് സലിംകുമാര്‍ ഞെട്ടിപ്പോയി:
'ഒരു നടന്‍ പോയതുകൊണ്ട് എന്തായാലും സങ്കടപ്പെടേണ്ട, അടുത്തയാള്‍ വന്നുകഴിഞ്ഞല്ലോ. ആരെങ്കിലും എപ്പോഴും ഇങ്ങനെ ബാക്കിയായിക്കൊണ്ടിരിക്കും. അതുകൊണ്ട് ഞങ്ങള്‍ക്കിങ്ങനെ നടന്മാരെ കണ്ടുകൊണ്ടിരിക്കുകയും ചെയ്യാം.'
പിന്നെയും കുറെക്കാലം കേസുമായി നടന്നെങ്കിലും അവസാനം തെളിവുകളുടെ അഭാവത്തില്‍ കേസ് തള്ളിപ്പോയി. ഏറ്റവും രസകരമായത് കേസിന്റെ അവസാനഘട്ടത്തില്‍ ജഡ്ജി തമാശയായി പറഞ്ഞ കമന്റാണ്:'സലിംകുമാറിനെ ഒന്ന് അകത്താക്കാന്‍ കഴിഞ്ഞില്ലല്ലോ' എന്ന്. ജഡ്ജിയുടെ കമന്റ് കേട്ട് കുറ്റവിമുക്തനാക്കപ്പെട്ട 'പ്രതി' മാത്രമല്ല, കേട്ടിരുന്നവരെല്ലാം ചിരിച്ചു.

ഈ സംഭവത്തെക്കുറിച്ച് സലിംകുമാറിന്റെ കമന്റ്:
'ദളിത് സമൂഹത്തിനുവേണ്ടി ചില കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളയാളാണ് ഞാന്‍. മൈക്കുവെച്ച് കൊട്ടിപ്പാടാന്‍ താത്പര്യമില്ലെന്നു മാത്രം. പക്ഷേ, ദളിത്സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട നിയമങ്ങള്‍ ആരുടെയൊക്കെയോ താത്പര്യപ്രകാരം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു. ദളിതനായ ഒരാളെ സഹായിക്കാന്‍ ഇറക്കിയ കാസറ്റില്‍ നിര്‍ദോഷമായി നടത്തിയ ഒരു പ്രയോഗത്തിന്റെ പേരിലുണ്ടായ കോടതിയനുഭവത്തിനു ശേഷം ആ നിയമങ്ങളെക്കുറിച്ചുതന്നെ ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചുപോയി.'

ഒരു മാസം രണ്ടപകടങ്ങള്‍!

സലിംകുമാര്‍ ഒരു പരിപാടി കഴിഞ്ഞ് തിരിച്ചുവരവേ തിരുവനന്തപുരത്തുവെച്ച് വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ആറുമണിക്ക് കാര്‍ ഓടിച്ചുകൊണ്ടിരിക്കേ ഡ്രൈവര്‍ ഉറങ്ങിപ്പോയി. പിന്നെ പറയേണ്ടല്ലോ. അപകടത്തില്‍നിന്ന് പരിക്കുകളോടെ സലിംകുമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, എതിരേ വന്ന ഒരാള്‍ക്കു കാര്യമായി പരിക്കേറ്റു. സ്വന്തം വണ്ടിയില്‍ കയറ്റി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ചികിത്സാകാര്യങ്ങള്‍ മുഴുവന്‍ അദ്ദേഹം ഏറ്റെടുത്തു. സലിംകുമാറിന് നിസ്സാരപരിക്കേയുള്ളൂ. എന്നാല്‍, രണ്ടാമന്റെ മുഖത്തിന്റെ ഒരു ഭാഗമാകെ പരിക്കേറ്റു തുന്നിക്കെട്ടിയിരിക്കുകയാണ്.
അദ്ദേഹം കരഞ്ഞുകൊണ്ട് സലിംകുമാറിനോടു പറഞ്ഞു:
'ചേട്ടാ, ഞാന്‍ വല്ലാത്തൊരു അപകടത്തിലാണ് പെട്ടിരിക്കുന്നത്.'
'അതെനിക്കറിയാല്ലോ സുഹൃത്തേ, നിങ്ങളൊന്നുകൊണ്ടും പേടിക്കണ്ട, നിങ്ങള്‍ സുഖപ്പെടുംവരെ ഞാന്‍ കൂടെയുണ്ടാകും.'
'അതല്ല, ചേട്ടാ.'
'പിന്നെന്താണ് പ്രശ്നം?'
'ചേട്ടാ, ഈ മാസം ഒടുവില്‍ എന്റെ കല്യാണമാണ്.'
അസ്വസ്ഥമായ ശബ്ദത്തില്‍ അദ്ദേഹമിങ്ങനെ പറയുന്നതു കണ്ട് സലിംകുമാര്‍ പൊട്ടിച്ചിരിച്ചു. ഇതു കണ്ട് പരിക്കേറ്റയാള്‍ ദേഷ്യത്തോടെ സലിംകുമാറിനെ നോക്കി.
'ചേട്ടനെന്തിനാണ് ചിരിക്കുന്നത്?'
'അയ്യോ, ഞാന്‍ അപകടത്തില്‍പ്പെട്ട ഒരുപാടു പേരെ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു മാസം ഇത്ര വലിയ രണ്ട് അപകടത്തില്‍പ്പെടുന്ന ആളെ ആദ്യമായി കാണുകയാണ്. റോഡപകടവും കല്യാണാപകടവും!'
ഇതു കേട്ട് പരിക്കേറ്റു കിടക്കുന്നയാള്‍ സകല വേദനയും മറന്ന് പൊട്ടിപ്പൊട്ടിച്ചിരിച്ചുപോയി.

കറുത്ത രാജാവ്

തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് സമയം. പലപ്പോഴും കാര്യങ്ങള്‍ പെട്ടെന്ന് വിശ്വസിക്കുന്ന കുറെ പേര്‍ തെങ്കാശിപ്പട്ടണത്തിന്റെ സെറ്റിലും ഉണ്ടായിരുന്നു. സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, കാവ്യാമാധവന്‍ തുടങ്ങിയവര്‍. അവരെ എന്തെങ്കിലും കഥകള്‍ പെരുപ്പിച്ചുപറഞ്ഞ് ചുറ്റിക്കുന്ന പരിപാടികള്‍ പലപ്പോഴും ദിലീപിനെപ്പോലുള്ളവര്‍ ചെയ്തുപോന്നു. രസകരമായ അത്തരമൊരു സംഭവം സലിംകുമാറുമായി ബന്ധപ്പെട്ടും ഉണ്ടായി. ദിലീപ് ഷൂട്ടിങ്ങിനിടെ ഒരു കഥ പ്രചരിപ്പിച്ചു. സലിംകുമാര്‍ ഒരു പ്രമുഖ രാജകുടുംബത്തിലെ അംഗമാണെന്നും അടുത്ത കിരീടാവകാശിയാണെന്നുമുള്ള കഥ. കാവ്യാമാധവനില്‍തുടങ്ങി സംയുക്താവര്‍മവരെ ഈ കഥ വിശ്വസിക്കുമെന്ന മട്ടായി. ഒരു ദിവസം കാവ്യാമാധവന്‍ തെങ്കാശിപ്പട്ടണത്തില്‍ മുഖ്യവേഷം ചെയ്യുന്ന ലാലിനോടു ചോദിച്ചു:
'ചേട്ടാ, സലിമേട്ടന്‍ രാജകുടുംബത്തിലെയാണോ?'
ലാലാണെങ്കില്‍ കഥ കുറച്ചുകൂടി പെരുപ്പിച്ച് തട്ടിവിട്ടു. അടുത്ത കിരീടാവകാശിയാണെന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞു. അടുത്തതായി മൂന്നു പേരും ചേര്‍ന്ന് സുരേഷ്ഗോപിയുടെ അടുത്തു പോയി.
'സുരേഷേട്ടാ, സലിമേട്ടന്‍ രാജകുടുംബാംഗമാണോ?'
അപ്പോള്‍ സുരേഷ്ഗോപിയും കഥ കുറച്ചുഷാറാക്കി വിശദീകരിച്ചുകൊടുത്തു.
'പിന്നേ... സലിംകുമാര്‍ വെറും കുടുംബാംഗമല്ല, ആ വംശത്തിലെ അടുത്ത രാജാവാണ്.'
പന്തളം രാജകുടുംബവുമായുള്ള ബന്ധംവരെ സുരേഷ്ഗോപി വിശദീകരിച്ചു. മാത്രമല്ല, സലിംകുമാറിന്റെ സാന്നിധ്യമില്ലെങ്കില്‍ തിരുവാഭരണഘോഷയാത്രപോലും നടക്കില്ല എന്നുവരെ അവരെ ധരിപ്പിച്ചു.

എന്നിട്ടും ചില അവിശ്വാസം അവശേഷിച്ചിരുന്ന സംയക്താവര്‍മയെ വര്‍മക്കുടുംബക്കാരെക്കാള്‍ എത്രയോ മേലേയാണ് സലിംകുമാറിന്റെ കുടുംബമെന്നു ബോധിപ്പിച്ചു. സംയുക്താവര്‍മ പിന്നീട് കുറച്ചു കൂടിയ ബഹുമാനത്തോടെ സലിംകുമാറിനോടു പെരുമാറാന്‍ തുടങ്ങി. ഒടുവില്‍ ഒരു ദിവസം എല്ലാവരുംകൂടി ഒരു പഴുതു കണ്ടുപിടിച്ച് ലാലിന്റെ അടുത്തേക്കു പോയി.
'സലിമേട്ടന്‍ രാജകുടുംബാംഗമൊന്നുമായിരിക്കില്ല ലാലേട്ടാ.'
'അതെന്താ ഇപ്പോ ഒരു തിരിച്ചറിവ്.'
'രാജാക്കന്മാരൊക്കെ വെളുത്തുതുടുത്തിട്ടല്ലേ ഉണ്ടാകുക. ഇതിപ്പോ സലിമേട്ടന്‍ ഇരുനിറമല്ലേ, കറുത്ത രാജാവുണ്ടാകുമോ?'
സംഗതി കൈവിട്ടു എന്നു കരുതിയിടത്തുനിന്ന് പെട്ടെന്നാണ് ലാല്‍ രക്ഷിച്ചെടുത്തത്.
'രാജാവിന് അടിച്ചുതളിക്കാരിയിലുണ്ടായ മകനാണ് സലിംകുമാര്‍, അതുകൊണ്ടാണ് ഈ നിറം.'
ഇതിനെക്കുറിച്ച് സലിംകുമാര്‍ ഓര്‍ക്കുന്നതിങ്ങനെ:
'ആ കഥ കേട്ടതോടെ നൂറു ശതമാനം തങ്കത്തില്‍പ്പൊതിഞ്ഞ വിശ്വാസവുമായി അവര്‍ മടങ്ങി. ഈ വ്യാഖ്യാനം കേട്ട ഷൂട്ടിങ് സെറ്റിലുണ്ടായിരുന്ന സകലരും ഒരു പൊട്ടിച്ചിരിയടക്കാന്‍ ഈ ജന്മത്തില്‍ ഇത്രയും കഷ്ടപ്പെട്ടുകാണില്ല. എന്നാല്‍, തെങ്കാശിപ്പട്ടണവും കഴിഞ്ഞ് കുറെ നാളുകള്‍ അവര്‍ ഈ വിശ്വാസവുംകൊണ്ട് നടന്നിരുന്നു. പിന്നീട് മെല്ലെമെല്ലെ കാര്യം തിരിച്ചറിഞ്ഞു. സംഗതി മനസ്സിലായതോടെ എന്നെ കാണുമ്പോള്‍ എല്ലാവരും കുറെക്കാലം ചമ്മലോടെ ഒളിക്കുകയും പതിവായിരുന്നു.'

അവാര്‍ഡ് നാഷണല്‍തന്നെ, പക്ഷേ...

ദേശീയപുരസ്‌കാരം ഒരു വലിയ സംഭവമാണ്. എന്നാല്‍, പുരസ്‌കാരം വാങ്ങാന്‍ പോയാലുണ്ടാകുന്ന അനുബന്ധ സംഭവങ്ങള്‍ അത്ര വലിയ സംഭവമൊന്നുമല്ല. ഇന്ത്യന്‍ പ്രസിഡന്റ് പുരസ്‌കാരം വിതരണം ചെയ്യും, അരലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി കിട്ടും, ദില്ലിയില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ സൗജന്യമായി താമസിക്കാം, ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വരും, നാട്ടിലൊക്കെ വലിയ ബഹുമാനം കിട്ടും... ഒക്കെ ശരിയാണ്. എന്നാല്‍, ആ ദിവസം ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്ന കൂപ്പണുണ്ടല്ലോ, അതൊരു വല്യ സംഭവമാണ്.

അവാര്‍ഡ് വാങ്ങാന്‍ പോകുമ്പോള്‍ സലിംകുമാറിനും വലിയ സ്വപ്നങ്ങളായിരുന്നു. കൂട്ടിനു കൂട്ടിയ കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ഒന്നു സത്കരിക്കുകയും ചെയ്യാലോ എന്നതായിരുന്നുവത്രേ അതില്‍ ഏറ്റവും വലിയ സന്തോഷം. സ്റ്റാര്‍ ഹോട്ടലിലെ താമസമൊക്കെ കണ്ടപ്പോള്‍ ഫുഡ് പൊടിപൊടിക്കുമെന്നാണ് കരുതിയത്. എന്നാല്‍, പുരസ്‌കാരത്തിനായി സ്ഥലത്തു കൊണ്ടിരുത്തി ആദ്യം കൊണ്ടുത്തന്നത് അന്നത്തെ ഫുഡിനുള്ള പണമാണ്. ഒരു അവാര്‍ഡ് ജേതാവിന് 150 രൂപ. മിനിമം ഒരു ചായയും ചെറുകടിയും കഴിച്ചാല്‍ പത്തറുനൂറു രൂപയാകുന്ന ഹോട്ടലിലേക്കാണ് അവാര്‍ഡ് ചടങ്ങും കഴിഞ്ഞു പോകേണ്ടത് എന്നോര്‍ക്കണം. അവാര്‍ഡും വാങ്ങി 150 രൂപയുംകൊണ്ട് പോയി എന്തു കഴിക്കാനാണ്?

സലിംകുമാര്‍ 150 രൂപയും കൈയില്‍ പിടിച്ച് തിരിഞ്ഞുനോക്കിയപ്പോഴുണ്ട്, മികച്ച നടനുള്ള അവാര്‍ഡ് തനിക്കൊപ്പം പങ്കുവെച്ച ധനുഷ് മറ്റൊരു 150 രൂപയും കൈയില്‍ പിടിച്ചിങ്ങനെ ഇരിക്കുന്നു. ആരും കാണാതിരിക്കാന്‍ ആ പൈസ ഒളിപ്പിച്ചുപിടിച്ചിരിക്കുകയാണ് ധനുഷ്.
500 രൂപയുടെ ഊണും 80 രൂപയുടെ ചായയുമെല്ലാം കഴിക്കുന്ന ഇടത്ത് ഈ നൂറ്റന്‍പതു രൂപകൊണ്ട് എന്തു കഴിക്കാനാണ്. സലിംകുമാര്‍ അങ്ങനെ ആലോചിച്ചമ്പരന്നു നിന്നു. എന്തായാലും കോടികള്‍ ശമ്പളം വാങ്ങുന്ന, രജനീകാന്തിന്റെ മരുമകനും 150 രൂപയും വാങ്ങി അവിടെ ഇരിപ്പുണ്ടല്ലോ എന്നു കരുതി സമാധാനിച്ചു. അപ്പോഴുണ്ട്, കേന്ദ്രമന്ത്രി അംബികാസോണി അതുവഴി കടന്നുപോകുന്നു. അംബികാസോണിക്ക് ചില കോണ്‍ഗ്രസ്സുകാരൊക്കെ പറഞ്ഞ് സലിംകുമാറിനെ അറിയാം. അങ്ങനെ അവരുടെ മുറിയിലേക്കു വിളിച്ചു. സലിംകുമാര്‍ കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ കൂട്ടി അകത്തേക്കു കയറുമ്പോള്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ക്കു മാത്രമേ അകത്തുവെച്ച് ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ബാക്കി എല്ലാവരുംകൂടി എട്ടുപേരുണ്ട്. അവരുടെ കാര്യമോര്‍ത്ത് സലിംകുമാര്‍ അംബികാസോണിയെ കാണേണ്ടെന്നു പറഞ്ഞ് തിരിഞ്ഞുനടന്നു. അപ്പോള്‍ അവര്‍ തന്നെ ബഹളം കേട്ട് കാര്യമന്വേഷിച്ചു. അങ്ങനെ അവര്‍ എല്ലാവരെയും അകത്തേക്കു കയറ്റി. അവിടെനിന്ന് കുശാലായി ഭക്ഷണവും കഴിച്ചു. ദേശീയ അവാര്‍ഡിനു ലഭിക്കുന്ന ആ നൂറ്റന്‍പതു രൂപയെക്കുറിച്ച് പിന്നീട് സലിംകുമാര്‍ ഇങ്ങനെ വിശദീകരിച്ചു:
'ദേശീയമാധ്യമങ്ങളിലൊക്കെ ആഘോഷിക്കപ്പെട്ട് ഇത്രയും വലിയ പുരസ്‌കാരം വാങ്ങാന്‍ പഞ്ചനക്ഷത്രഹോട്ടലിലൊക്കെ താമസിച്ച് ചെല്ലുമ്പോള്‍ കഴിക്കാന്‍ തരുന്ന ഫുഡ്ഡിന്റെ തുക 150 രൂപ. നമ്മളൊക്കെ പോട്ടെ. ഈ ഷാരൂഖ് ഖാനൊക്കെ അവാര്‍ഡ് കിട്ടിയാല്‍ ഈ നൂറ്റന്‍പതു രൂപകൊണ്ട് എന്തായിരിക്കും അവസ്ഥ. ചെലപ്പോ ഭക്ഷണത്തിനായി കൊടുക്കേണ്ട നൂറ്റന്‍പതു രൂപയെക്കുറിച്ചോര്‍ത്തായിരിക്കും ചിലര്‍ക്കൊന്നും ദേശീയപുരസ്‌കാരം കൊടുക്കാത്തത്.'

Content Highlights: Jagathi Sreekumar, Salimkumar, K.V Madhu, Grassroots

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ചിത്രീകരണം: സജീവന്‍ എന്‍.എന്‍

8 min

ചമ്പാരന്‍ വിഷയത്തില്‍ ഗാന്ധിജി ഇടപെട്ട രീതിയും നീലം കൃഷിക്കാരുടെ പ്രതീക്ഷയും

Oct 2, 2023


Mahatma Gandhi

10 min

'മുന്തിയ പരിഗണന മനുഷ്യന്; എന്തിനും എപ്പോഴും മനുഷ്യനായിരുന്നു ബാപ്പുജിക്ക് ഏറ്റവും പ്രധാനം'

Oct 2, 2023


cover

7 min

ബ്രിട്ടീഷുകാര്‍ എത്തുമ്പോൾ ലോകസമ്പദ്‌വ്യവസ്ഥയുടെ 23% ഇന്ത്യയുടെ പങ്ക്, അവര്‍ മടങ്ങിയപ്പോൾ അത് 4% ആയി

Nov 24, 2022

Most Commented