ജെ.കെ റൗളിങ് എന്ന മഹത്തായ പേരിനുപിറകിലെ അതികഠിനമായ അധ്വാനം, വിഷാദം, അനിശ്ചിതാവസ്ഥ!


എല്ലാ കഷ്ടപ്പാടുകളില്‍നിന്നും പുറത്തു കടക്കാനായി അവര്‍ ദിയെ സമീപിച്ചു. എപ്പോഴും പ്രസരിപ്പോടെ സമീപിക്കുന്ന സഹോദരി, ജോയുടെ വിഷമഘട്ടങ്ങളിലൊക്കെ കൂട്ടായി നിന്നിരുന്നു. അങ്ങനെയിരിക്കേ ഒരു സന്ദര്‍ശനത്തിനിടയിലാണ് തന്റെ പുസ്തകത്തെപ്പറ്റി ജോ പറഞ്ഞത്. കുഞ്ഞുന്നാളിലേ താന്‍ പറയുന്ന കഥകള്‍ കേള്‍ക്കാനിഷ്ടപ്പെട്ടിരുന്ന ദി അതു വായിക്കണമെന്ന ആഗ്രഹമറിയിച്ചു.

ജെ.കെ റൗളിങ്(ഫോട്ടോ: എഎഫ്പി), പുസ്തകത്തിന്റെ കവർ

വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിങ്ങിന്റെ ജീവിതം പറയുന്ന പുസ്തകമാണ് മഞ്ജുളമാല എം.വി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജെ.കെ റൗളിങ് പ്രചോദിപ്പിക്കുന്ന ജീവിതകഥ.' അനിശ്ചിതാവസ്ഥയുടെ അറ്റമില്ലാക്കയങ്ങളില്‍ നിന്നും ജീവിതത്തെ തിരിച്ചുകയറ്റാന്‍ സാഹിത്യം കൈമുതലാക്കിയ ജെ.കെ റൗളിങ് ലോകത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വങ്ങളിലൊന്നാണ്. റൗളിങ്ങിന്റെ ജീവിതത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ശൂന്യമായ ഭാവി മുന്നില്‍ക്കണ്ടുകൊണ്ടാണ് ജോവാന്‍ പോര്‍ച്ചുഗലില്‍നിന്ന് ഗ്രേറ്റ് ബ്രിട്ടനിലേക്കു തിരിച്ചെത്തിയത്. ദാമ്പത്യജീവിതം തകര്‍ന്ന് ജീവിക്കാന്‍ ഗതിയില്ലാതെ ഒരു കൈക്കുഞ്ഞുമായി ഏകാകിയായി മുന്നേറാനൊരുങ്ങിയ ജോ, സ്‌കൂള്‍ക്ലാസില്‍ താന്‍ പിറകിലായിപ്പോയ കാലമോര്‍ത്തു. തന്റെ മാതൃരാജ്യത്തു തിരിച്ചെത്തിയതില്‍ സന്തോഷവതിയായിരുന്നെങ്കിലും ഈ പരിതാപാവസ്ഥയില്‍ സുഹൃത്തുക്കള്‍ക്കൊന്നും ഒരു ബാധ്യതയായിത്തീരാന്‍ അവരാഗ്രഹിച്ചില്ല. കുറച്ചു മാസം തങ്ങാനുള്ള പണവുമായി അവര്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്തു.

അപ്പോഴാണ് സഹോദരി ദിയുടെ ഫോണ്‍വിളി ഒരനുഗ്രഹമായത്. സ്‌കോട്ട്ലന്‍ഡില്‍ നിയമബിരുദവിദ്യാര്‍ഥിയായ ദി, എഡിന്‍ബര്‍ഗിലേക്കു ചെല്ലാനായി ആവശ്യപ്പെട്ടു. അവള്‍ ഭര്‍ത്താവുമൊന്നിച്ച് അവിടെയുണ്ടായിരുന്നു. റോജര്‍ മൂര്‍ എന്ന ഒരു റെസ്റ്റോറന്റുടമയായിരുന്നു ദിയുടെ ഭര്‍ത്താവ്. താമസസ്ഥലം കണ്ടെത്തുന്നതുവരെ തന്റെ വീട്ടില്‍ വന്നു താമസിക്കാന്‍ ദി ഉപദേശിച്ചു. അങ്ങനെ എഡിന്‍ബര്‍ഗിലെത്തി ഒരു ജീവിതപരീക്ഷണം നടത്താന്‍തന്നെ ജോ തീരുമാനിച്ചു. വീണ്ടും സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി സ്‌കോട്ട്ലന്‍ഡിലേക്കു വണ്ടി കയറി.

അവിടെയെത്തി ഒരു നിലയെത്തുന്നതുവരെ കുഞ്ഞിനെ പോറ്റാനായി പൊതുസഹായമഭ്യര്‍ഥിക്കാന്‍ സോഷ്യല്‍ സെക്യൂരിറ്റി വിഭാഗത്തിനെ സമീപിച്ച് അപേക്ഷ കൊടുത്തു. എക്സീറ്റര്‍ ബിരുദധാരിയും മുന്‍ അധ്യാപികയുമായ ഒരാളില്‍നിന്നും ഇങ്ങനെയൊരു നീക്കം മാനക്കേടുണ്ടാക്കുന്നതായിരുന്നു. 1994-ല്‍ അപേക്ഷ സ്വീകരിക്കപ്പെടുകയും ഒരാഴ്ചയില്‍ 69 പൗണ്ട് തുക ലഭിക്കുകയുമുണ്ടായി. വെല്‍ഫെയര്‍ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി സ്വീകര്‍ത്താവ് പോസ്റ്റോഫീസ് മുഖേന ചെക്ക് മാറ്റണമെന്ന നയം സര്‍ക്കാര്‍ അന്ന് സ്വീകരിച്ചിരുന്നു. പണം സ്വീകരിക്കുന്നതിനു മുന്‍പായി ഒരു വലിയ ഒഴിഞ്ഞ പുസ്തകത്തില്‍ അവരവരുടെ പേരുകള്‍ എല്ലാവരും കാണ്‍കെ എഴുതി ഒപ്പിടണമായിരുന്നു. ഓരോ പ്രാവശ്യവും ഈ കഠിനപരീക്ഷയില്‍ റൗളിങ്ങിന്റെ മനം വെന്തുനീറുകയായിരുന്നു. പ്രത്യേകിച്ച്, 1993 ഒക്ടോബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ ഒരു പ്രസംഗത്തില്‍ ഏകാകിനികളായ വീട്ടമ്മമാരെക്കുറിച്ച് വിമര്‍ശിച്ചതിനുശേഷം. ഇത്തരക്കാര്‍ സമൂഹത്തിനുതന്നെ വലിയ ബാധ്യതയാണെന്നദ്ദേഹം പരാമര്‍ശിച്ചത് ഏറെ ഹൃദയഭേദകമായിരുന്നു. പക്ഷേ, തന്റെ മകള്‍ സംരക്ഷിക്കപ്പെടുന്നതില്‍ ആ മാനക്കേടൊക്കെ സഹിക്കുകയായിരുന്നു അവര്‍. അക്കാലത്തൊക്കെ തന്റെ അഭിമാനം അടിച്ചമര്‍ത്തപ്പെടുകയായിരുന്നു എന്നവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

താമസിയാതെതന്നെ തനിക്കു തങ്ങാന്‍ പറ്റുന്ന തരത്തിലൊരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്തു ജോ. തരംതാണ ആ വീട്ടില്‍ തന്റെ കുഞ്ഞിനെ നിലത്തു വെക്കാന്‍ അവള്‍ മടിച്ചു. കുറച്ചുകൂടി മെച്ചപ്പെട്ട ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുക്കാന്‍ തനിക്കൊരു ജോലി ലഭിച്ചേ മതിയാകൂ. അതിനു ജെസ്സിക്കയെ ചൈല്‍ഡ് കെയറിലാക്കണം. അതിനുമവര്‍ക്ക് ജോലി ലഭിക്കുകയും പണം സമ്പാദിക്കുകയും വേണമായിരുന്നു. ഗവണ്‍മെന്റിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അധികകാലം കഴിയില്ല എന്ന യാഥാര്‍ഥ്യവും ബോധ്യപ്പെട്ടു.

മറ്റൊരു സ്ഥലത്തേക്കു മാറാനായി തന്റെ ചിരകാലസുഹൃത്തായ സീന്‍ ഹാരിസിനെ അവള്‍ സമീപിച്ചു. ഭാഗ്യത്തിന് അവന്‍ അവരുടെ തുണയ്ക്കെത്തി. ലീത്തില്‍ (എഡിന്‍ബര്‍ഗ്) ഒരു മുറിയുള്ള ഫല്‍റ്റു വാങ്ങാനായി അവന്‍ പണം നല്‍കി സഹായിച്ചു. ദിയും സുഹൃത്തുക്കളും ഫര്‍ണിച്ചറുകളും മറ്റും നല്കി. തനിക്കും മകള്‍ക്കും തങ്ങാന്‍ മെച്ചപ്പെട്ട ഒരു താമസസ്ഥലം ലഭിച്ചെങ്കിലും ജോ ഏകാകിയും വിഷാദത്തിനടിമയുമായിരുന്നു. മറ്റു കുട്ടികളെപ്പോലെ തന്റെ മകളെ സൗകര്യപ്രദമായി വളര്‍ത്താന്‍ കഴിയാഞ്ഞതില്‍ അവര്‍ ഏറെ കുണ്ഠിതപ്പെട്ടിരുന്നു.

ജോയും ജെസ്സിക്കയും എഡിന്‍ബര്‍ഗില്‍ താമസമാരംഭിച്ചു. എല്ലാറ്റിലുമുപരി ജോയ്ക്ക് തന്റെ പുസ്തകം പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ കുഞ്ഞിന്റെ സംരക്ഷണച്ചുമതലയില്‍ വ്യാകുലപ്പെട്ട അവര്‍ക്ക് കടന്നുവന്ന ക്രിസ്മസ് രാവുകള്‍ വിരസങ്ങളായി അനുഭവപ്പെട്ടു. ക്ലേശഭരിതമായ ജീവിതത്തിലൂടെ കടന്നുപോകവേ മെച്ചപ്പെട്ട ഒരു ജോലി സമ്പാദിക്കാനായുള്ള ശ്രമമാരംഭിച്ചു. വാടകയ്ക്കും ഭക്ഷണത്തിനുമായി ഗവണ്‍മെന്റ് നല്കുന്ന ചെക്കുകൊണ്ട് കഴിഞ്ഞുകൂടാന്‍ പ്രയാസമായി. പലപ്പോഴും അത് ജെസ്സിക്കയുടെ ഭക്ഷണത്തിനു മാത്രമേ തികയാറുള്ളൂ. മിക്കവാറും ദിവസങ്ങളില്‍ ജോയ്ക്കു വിശപ്പു സഹിച്ചിരിക്കേണ്ടിയിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെട്ടിരുന്ന സമയത്ത് ഇംഗ്ലണ്ടിലെ ഗവണ്‍മെന്റ് ഒരു കാംപെയ്ന്‍ ആരംഭിച്ചു; രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന ജോയെപ്പോലുള്ള ഒറ്റപ്പെട്ട അമ്മമാര്‍ക്കായി.

സഹോദരിക്ക് ഒരു ഭാരമാവാതെ എഡിന്‍ബര്‍ഗില്‍ത്തന്നെ ജോലി ചെയ്തു തുടരണമെന്ന് ജോ ആഗ്രഹിച്ചു. ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ അവിടം പര്യാപ്തമായിരുന്നു. എങ്കിലും കുഞ്ഞിനെ നേരാംവണ്ണം പോറ്റാന്‍ കഴിയാത്ത അമ്മയായതിനാല്‍ അവര്‍ അതിയായി ദുഃഖിച്ചു. ഒരു സുഹൃത്ത് അവരുടെ കുഞ്ഞിന്റെ കളിപ്പാട്ടങ്ങള്‍ നിറയ്ക്കാനായി മാത്രം ഒരു മുറി ഒഴിഞ്ഞുകൊടുത്തപ്പോള്‍ ജോ ജെസ്സിക്കയുടെ കളിപ്പാട്ടങ്ങള്‍ ഒരു ഷൂ ബോക്സില്‍ കുത്തിത്തിരുകുകയായിരുന്നു. അത്രത്തോളം ദയനീയാവസ്ഥയിലായിരുന്നു അവര്‍. വിഷാദരോഗത്തിനടിപ്പെട്ട് കൗണ്‍സലിങ് വരെ ആവശ്യമായി വന്നു അക്കാലത്ത്. ജോ തന്റെ പുസ്തകമായ ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിസണര്‍ ഓഫ് അസ്‌കബാന്‍ എന്നതില്‍ ആ കാലത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ വേദന അത്രമാത്രം അവളെ ഉലച്ചിരുന്നു. എന്നെങ്കിലും തനിക്കു പണം പങ്കുവെക്കാനുണ്ടായാല്‍ അന്ന് തന്നെപ്പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട അമ്മമാരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് ജോ പ്രതിജ്ഞയെടുത്തു. ആ വര്‍ഷംതന്നെ ബിരുദാനന്തരബിരുദം സമ്പാദിക്കാന്‍ ജോ തീരുമാനിച്ചു. ജെസ്സിക്കയെ ബേബി കെയറില്‍ കൊണ്ടുചെന്നാക്കി എഴുത്തും തുടങ്ങി.

തന്റെ പുസ്തകരചന ദിയെ കാണിക്കാന്‍ തീരുമാനിച്ചതാണ് ഏറെ ആശ്വാസമേകിയത്. എല്ലാ കഷ്ടപ്പാടുകളില്‍നിന്നും പുറത്തു കടക്കാനായി അവര്‍ ദിയെ സമീപിച്ചു. എപ്പോഴും പ്രസരിപ്പോടെ സമീപിക്കുന്ന സഹോദരി, ജോയുടെ വിഷമഘട്ടങ്ങളിലൊക്കെ കൂട്ടായി നിന്നിരുന്നു. അങ്ങനെയിരിക്കേ ഒരു സന്ദര്‍ശനത്തിനിടയിലാണ് തന്റെ പുസ്തകത്തെപ്പറ്റി ജോ പറഞ്ഞത്. കുഞ്ഞുന്നാളിലേ താന്‍ പറയുന്ന കഥകള്‍ കേള്‍ക്കാനിഷ്ടപ്പെട്ടിരുന്ന ദി അതു വായിക്കണമെന്ന ആഗ്രഹമറിയിച്ചു. പൂര്‍ത്തിയാക്കിയ മൂന്നധ്യായങ്ങള്‍ അവള്‍ക്കു വായിക്കാന്‍ കൊടുത്തു. തന്റെ അനിയത്തിയെ രസിപ്പിക്കാന്‍ അതിനു കഴിവില്ലെങ്കില്‍ ആ പുസ്തകം എഴുതുന്നതില്‍ താന്‍ പരാജയപ്പെടുമെന്ന വേവലാതിയിലായിരുന്നു ജോ. ഏതാനും നിമിഷങ്ങള്‍ താളുകള്‍ മറിക്കുന്ന കലപിലശബ്ദം മാത്രമേ ആ മുറിയില്‍ തങ്ങിനിന്നുള്ളൂ. ഒടുവില്‍ അവളുടെ മുഖത്തൊരു മന്ദസ്മിതം വിടരുകയും അതൊരു ഉച്ചത്തിലുള്ള ചിരിയായി മാറുകയും ചെയ്തു. 'അവള്‍ അപ്പോള്‍ ചിരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്റെ പദ്ധതി ഉപേക്ഷിക്കുമായിരുന്നു' എന്നാണ് റൗളിങ് പിന്നീട് പറഞ്ഞത്. ദിയുടെ പ്രതികരണമറിഞ്ഞ് എന്തുചെയ്തും ആ നോവല്‍ പൂര്‍ത്തീകരിക്കണമെന്നുറച്ചു.

പുസ്തകം വാങ്ങാം

പക്ഷേ, ജെസ്സിക്ക ഉണര്‍ന്നിരിക്കുമ്പോള്‍ എഴുത്തു നടക്കാറില്ല. തന്റെ എഴുത്തിനൊരു ചിട്ട വേണമെന്നവള്‍ തീരുമാനിച്ചു. കുഞ്ഞുമകള്‍ ഉറങ്ങുന്ന സമയം മുഴുവനും ഫലവത്തായി ഉപയോഗിക്കാനുറപ്പിച്ചു. അത് അവള്‍ മയങ്ങുമ്പോഴോ വൈകുന്നേരങ്ങളിലോ ആയിരുന്നു. എഡിന്‍ബര്‍ഗ് മുഴുവന്‍ അവളെ പ്രാമിലിരുത്തി കൊണ്ടുനടക്കുമായിരുന്നു ജോ. അവളുറങ്ങാറായാല്‍ കഫേയിലേക്കു കുതിക്കും. എഴുതാനാവുന്നത്ര എഴുതും. സമയം പരിമിതമായതിനാല്‍ അത് ഏറെ പ്രയോജനപ്പെടുത്താന്‍ നോക്കിയിരുന്നു റൗളിങ്.

ചേച്ചിയുടെ പ്രയത്നം പൊതുജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ എല്ലാവിധ പിന്‍ബലവും കൊടുത്തു ദി. ജെസ്സിക്ക ഉറക്കത്തിലായിരിക്കുമ്പോഴോ കാപ്പിക്കടകളിലും മറ്റും ചെലവഴിക്കുമ്പോഴോ പോലും ജോ കുറിപ്പുകള്‍ തയ്യാറാക്കാനും എഴുത്തു തുടരാനും തുടങ്ങി. അക്കാലത്ത് ജോയ്ക്കു ജോലിയുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍, ജോയെ സഹായിക്കാന്‍ സന്നദ്ധരായി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എഴുതാന്‍ സ്ഥലമാവശ്യമായി വന്നപ്പോള്‍ 'നിക്കോള്‍സണ്‍സ് റെസ്റ്റോറന്റ്' സഹായകമായി. ദിയുടെ ഭര്‍ത്താവിന് ഷെയറുള്ള അവിടം മണിക്കൂറുകളോളം ഇരുന്നെഴുതാനുള്ള സൗകര്യമനുവദിച്ചിരുന്നു. ഒരു വര്‍ഷത്തോളമെടുത്തു കൈയെഴുത്തുപ്രതി തയ്യാറാക്കാനും ടൈപ്പു ചെയ്യാനും. തരംതാണ തന്റെ ടൈപ്പ്റൈറ്റര്‍ കൊണ്ടായിരുന്നു ജോ ടൈപ്പു ചെയ്തത്. രണ്ടുവീതം കോപ്പികള്‍ തയ്യാറാക്കേണ്ടിയിരുന്നു. കാരണം, ഫോട്ടോകോപ്പിയെടുക്കാന്‍ അവളുടെ കൈയില്‍ കാശില്ലായിരുന്നു. എഴുതിയും തിരുത്തിയെഴുതിയും 1995-ല്‍ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായത്തോടെയും പ്രോത്സാഹനത്തോടെയും ജോ ഒടുവില്‍ ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ പൂര്‍ത്തീകരിച്ചു. അതൊരു കരടുരേഖ മാത്രമായിരുന്നു. പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ധാരാളം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടായിരുന്നുവെന്ന് ജോയ്ക്കറിയാമായിരുന്നു. കഥകളുടെ ആദ്യ കേള്‍വിക്കാരിയായിരുന്ന ദിയോട് അതേക്കുറിച്ചാലോചിച്ചു. ഇതിനിടെ ഒരു ഫ്രഞ്ചധ്യാപികയായി ജോ ജോലിയില്‍ കയറിയിരുന്നു. പഠിപ്പിക്കാനില്ലാത്ത സമയത്ത് അവര്‍ തന്റെ കുറിപ്പുകള്‍ തിരുത്തിക്കുറിക്കുവാന്‍ ശ്രമിച്ചു. ഒടുവില്‍ ഏഴു വര്‍ഷത്തിനുശേഷം 1995-ല്‍ ഹാരി പോട്ടറെ ലോകത്തിനു മുന്നിലേക്കെത്തിക്കാന്‍ തുനിഞ്ഞു.

1994 ഓഗസ്റ്റില്‍ തന്നെയും മകളെയും തേടി ഭര്‍ത്താവ് അറാന്റസ് എഡിന്‍ബര്‍ഗില്‍ എത്തിയതോടെ ആകുലചിത്തയായ റൗളിങ് വിവാഹമോചനം നേടാനുള്ള പേപ്പറുകള്‍ ഫയല്‍ ചെയ്തു. താത്കാലികമായി അയാളില്‍നിന്ന് ദേഹോപദ്രവമോ വാക്കാലുള്ള അപമാനങ്ങളോ ഭീഷണിയോ വീട്ടില്‍വെച്ചോ നഗരത്തില്‍വെച്ചോ മേലിലുണ്ടാകാന്‍ പാടില്ലെന്നുള്ള ഓര്‍ഡര്‍ അവള്‍ നേടി. പിന്നീട് അറാന്റസ് ആ രാജ്യത്തുനിന്നുതന്നെ വിട്ടുപോയി. നവംബറില്‍ വിലക്ക് പുതുക്കിക്കിട്ടി. 1995 ജൂണില്‍ വിലക്ക് സ്ഥായിയാവുകയും വിവാഹമോചനനടപടി പൂര്‍ത്തിയാവുകയുമുണ്ടായി. അറാന്റസ് പോര്‍ച്ചുഗലിലേക്കു തിരിച്ചപ്പോള്‍ റൗളിങ് ഹാരി പോട്ടറുടെ ലോകത്തേക്കു തിരിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യണമെന്നതിലുപരി തന്നില്‍നിന്നുതന്നെയുള്ള ഒരു രക്ഷപ്പെടലുംകൂടിയായിരുന്നു അവള്‍ക്കത്.

Content Highlights: J.K Rowling, Manjulamala, Harry Potter

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented