യശശ്ശരീനായ ഡോ. സി.കെ ചന്ദ്രശേഖരന്‍ നായര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആധ്യാത്മിക സാഹിത്യചരിത്രം എന്ന ഗ്രന്ഥം വിശദീകരിക്കുന്നത് 1600 ലേറെക്കൊല്ലം നീണ്ട ചരിത്രമുള്ള മലയാളസാഹിത്യത്തിലെ ആധ്യാത്മികധാരകളെയും അവയുടെ സംസ്‌കാരശക്തിയെയുമാണ്. കേരളീയമനോജീവിതത്തിന്റെ ചിത്രശാലകൂടിയായ ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം. പ്രാചീനമണിപ്രവാളം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെയുള്ള മലയാളസാഹിത്യചരിത്രത്തില്‍ ആധ്യാത്മികതയുടെ പങ്ക് വിശദമാക്കുന്ന ഈ ഗ്രന്ഥം വയലാറിന്റെ കവിത്വത്തെയും അധ്യാത്മികതയെയും വിലയിരുത്തുന്നു.

ലയാള സാഹിത്യചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അമ്പതുകള്‍ അരുണദശകമെന്നാണറിയപ്പെട്ടതെന്നു നേരത്തേതന്നെ പറയുകയുണ്ടായല്ലോ. കേരളത്തിലെ യുവജനങ്ങളിലെല്ലാംതന്നെ കമ്യൂണിസ്റ്റുസിദ്ധാന്തത്തോട് ആഭിമുഖ്യവും വിപ്ലവവാഞ്ഛയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്. ആ ഉണര്‍വിന്റെ ഫലമായി കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ആദ്യത്തെ മന്ത്രിസഭ രൂപവത്കരിക്കാനും സാധ്യതയുണ്ടായി. അവര്‍ ഭരണത്തില്‍ വന്നതോടെ പൊതുവിലുള്ള ആവേശം തണുക്കുകയും വിമോചനസമരത്തോടെ അതു ശിഥിലമാക്കുകയും ചെയ്തു. ഈ ദശകത്തില്‍ കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി'യെന്ന കവിതാസമാഹാരത്തിന് അവതാരികയെഴുതിയ എ. ബാലകൃഷ്ണപിള്ള കവിക്കു മഹാകവിപ്പട്ടവും സമ്മാനിച്ചു. എങ്കിലും പി. ഭാസ്‌കരന്‍, വയലാര്‍ രാമവര്‍മ, ഒ.എന്‍.വി. കുറുപ്പ് എന്നീ കവിത്രയത്തിലാണു സോഷ്യലിസ്റ്റ് റിയലിസത്തിലൂന്നിയ കവിതകള്‍ക്കു പൂര്‍ണത വന്നത്. ഈ മൂന്നു കവികളും പല സമാനതകളുമുള്ളവരാണെങ്കിലും സംസ്‌കൃതവിദ്യാഭ്യാസത്തിന്റെ പാരമ്പര്യവും കോവിലകത്തിന്റെ ആചാരക്കെട്ടുകളും ഭാരതീയസംസ്‌കാരവുമായി കൂടുതലുടപ്പിച്ചതു വലയാര്‍ രാമവര്‍മയെയാണ്. അതുകൊണ്ട്, ഈ 'ആധ്യാത്മിക സാഹിത്യചരിത്ര'ത്തില്‍ സോഷ്യലിസ്റ്റു റിയലിസത്തിന്റെ പ്രതിനിധിയായി രാമവര്‍മയെ മാത്രം ചേര്‍ക്കുകയാണ്. രാമവര്‍മ ചങ്ങമ്പുഴയുടെ അനുകര്‍ത്താവായിട്ടാണു കാവ്യലോകത്തു കാല്‍കുത്തിയത്. ആ പാരമ്പര്യമാണ് അദ്ദേഹത്തെ പില്‍ക്കാലത്തു പ്രശസ്തനായ ഗാനരചയിതാവാക്കി മാറ്റിയതും. ചങ്ങമ്പുഴയ്ക്കു പദവിന്യാസത്തിലുള്ള പകിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിപ്ലവാസക്തിയിലും മറ്റും ആള്‍ തുലോം പിന്തിരിപ്പനായിരുന്നുവെന്നും പില്‍ക്കാലത്തു കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തുകയുണ്ടായി. എങ്കിലും രാമവര്‍മയെ സംബന്ധിച്ചിടത്തോളം ചങ്ങമ്പുഴ ഒരു ആദര്‍ശപുരുഷന്‍ തന്നെയായിരുന്നു. രമണന്റെ ശവകുടീരത്തില്‍, ആ ഗര്‍ജനങ്ങള്‍ എന്ന രണ്ടു കവിതകള്‍ ചങ്ങമ്പുഴയുടെ സ്മരണയില്‍ ശിരസ്സുനമിച്ചുകൊണ്ടു വലയാര്‍ രചിച്ചിട്ടുണ്ട്. ആ ഗര്‍ജനങ്ങളില്‍ വിപ്ലവകാരിയും വിഗ്രഹഭഞ്ജകനുമായിത്തന്നെയാണു ചങ്ങമ്പുഴയെ വയലാര്‍ അവതരിപ്പിക്കുന്നത്. 'ജടയുടെ സംസ്‌കാരപ്പനയോലക്കെട്ടൊക്കെ...'എന്നും തുടങ്ങുന്ന 'ചുട്ടെരിക്കിന്‍' എന്ന കവിതയുടെ ആദ്യത്തെ നാലുവരി ഉദ്ധരിച്ചിട്ട്, തന്റെ ആരാധ്യകവിയെ പ്രകീര്‍ത്തിക്കുന്നതു കേള്‍ക്കുക:

'മലയാള ഭാഷയ്‌ക്കൊരാവേശം കൊള്ളിച്ച
മധുരസംഗീതസ്വരലയങ്ങള്‍,
നരകിച്ച നൂറ്റാണ്ടുകളുടെ, ജീവിത-
പ്പരിപാടികളുടെ, നഗ്നതകള്‍,
നിമിഷങ്ങള്‍, നാകീയനിമിഷങ്ങള്‍ സൃഷ്ടിക്കും
സുമധുരസ്വരരാഗ ലഹരികകള്‍,
മലയപ്പുലയന്തന്‍ ജീവിതചിത്രങ്ങള്‍
മലരിട്ട സംസ്‌കാര വിപ്ലവങ്ങള്‍,
മലകളില്‍ നീലവനങ്ങളില്‍, സ്വര്‍ഗങ്ങള്‍-
പുലരുന്ന ചോലകള്‍ തന്‍കരയില്‍,
വിജനരംഗങ്ങളില്‍ നാദം വിളയിക്കു-
മജപാലകര്‍തന്‍ കുഴല്‍വിളികള്‍,
ഇവയൊക്കെപ്പകരുന്ന മണിവീണ മലയാള-
ക്കവിതേ നിന്‍ ദേവനതായിരുന്നു'

ഇങ്ങനെ, കവിതയിലും ഗാനത്തിലും ചങ്ങമ്പുഴയുടെ പാരമ്പര്യത്തെ സാദരംമംഗീകരിച്ച രാമവര്‍മ, ഭാരതീയസംസ്‌കാരവുമായി ബന്ധപ്പെട്ട ഒട്ടേറെക്കവിതകള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യം കവിതാരംഗത്തു കാലൂന്നിയതുതന്നെ പ്രാചീനരീതികളോടും സംസ്‌കാരപശ്ചാത്തലത്തോടും പൂര്‍ണമായ ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ടാണ്. 'പാദമുദ്രക'ളെന്ന ആദ്യസമാഹാരം മഹാത്മാഗാന്ധിയുടെ കാലടിപ്പാടുകളിലര്‍പ്പിക്കുന്ന കുസുമസംഘാതമാണ്. ക്ഷേത്രപ്രവേശനവിളംബരത്തെക്കുറിച്ച്, 'ചൈത്രപ്രഭാവം' എന്ന കവിതയില്‍ ഉള്ളൂര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങളുടെ ചുവടുപിടിച്ച്, 'വഞ്ചീശദീപ'മെന്ന കവിതയില്‍ കവി സ്തുതിക്കുന്നതു കേള്‍ക്കുക:
'ശ്രീവഞ്ചിരാജേന്ദ്രനേന്തും- പൊന്നു-
തൂവലിന്‍ നിത്യപ്രകാശം
ക്രൂരനാം ജാതിപ്പിശാചിന്‍ - ചുടു-
ചോരയില്‍ത്തൂലികമുക്കി,
ഒന്നു കുറിക്കവേ വേഗം-മന്നില്‍-
നിന്നുമൊളിച്ചിതധര്‍മം
ഭ്രാന്താലയത്തിനെ സ്വര്‍ഗ-ദിവ്യ-
ശാന്തിനികേതമായ്ത്തീര്‍ക്കും
ആ കാഞ്ചനത്തൃക്കരത്തില്‍-നിന്നും-
ആര്‍ക്കെന്തു സൗഖ്യം ലഭിക്കാ?
ഭാരതഭൂവിന്‍ സജീവ- പ്രേമ-
സാരത്തുടിപ്പുകളെല്ലാം
ആ ജഗദീശനോടെന്നും- ഏവം-
വ്യാജവിഹീനമിരക്കും
വെണ്‍കതിര്‍ക്കൈകളാലെന്നും-നവ്യ-
മംഗലാനുഗ്രഹം നല്‍കാന്‍,
നാരകീയാന്ധതയിങ്കല്‍-പൂര്‍ണ-
നാകീയസൗഖ്യം പരത്താന്‍,
ശ്രീയാര്‍ന്നുമിന്നിത്തിളങ്ങും- മേന്മേല്‍-
മായാത്തൊരീച്ചിത്രതാരം
നീണാള്‍ വിളങ്ങണേ മണ്ണില്‍ -ഇന്നു-
വേണാടണിയുമീ ദീപം.'
'ഹൃദയാരാധന' എന്നൊരു കവിതയില്‍ ഒരു മനോഹരമായ ശ്രീരാമസ്തുതിപോലും കവി ചേര്‍ത്തിട്ടുണ്ട്. അതു കേള്‍ക്കുക:
'ജയ ജയ, രഘുവരജനിമൃതിനാശനകരധൃതകോദണ്ഡാ,
ജയ ജയ, ജയ ജയ, ദശരഥസൂനോപൂജിത നിഖിലാണ്ഡാ,
ജയ ജയ, രാഘവ, ഭവഭയഭഞ്ജക,കനകാംബരധാരിന്‍, 
ജയ ജയ, ജനദുദയാരുണ, ഭഗവന്‍നിശിചരകുലവൈരിന്‍,
ജയ ജയ, സുചലിത, വിജയിത സുമശരസുന്ദര സുഭഗതനോ,
ജയ ജയ, വരദഹരേ, ഹൃദയേശ്വരപാലയ പാലയമാം.' ഇങ്ങനെ കാലസ്ഥിതിക്കനുസരിച്ചു പഴമയെ വാഴ്ത്തിയാണു വയലാര്‍ രാമവര്‍മ അരങ്ങത്തെത്തുന്നത്.

മതവിരുദ്ധത

മതത്തില്‍ നിലവിലിരുന്ന നിരര്‍ഥകമായ ദുരാചാരങ്ങളോടു ശക്തമായ എതിര്‍പ്പ് ആദ്യകാലം മുതല്‍തന്നെ വയലാര്‍ക്കവിതകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കൊന്തയും പൂണൂലും' എന്ന കവിതാസമാഹാരത്തിലെ അതേപേരുള്ള ആദ്യത്തെ കവിത ഇതിനു തെളിവാണ്. 'കൊന്തകളാല്‍പ്പൂണൂലാല്‍ നിങ്ങള്‍ ചെന്നവരെ വരിഞ്ഞന്ധകാരങ്ങളില്‍ത്തള്ളിയിട്ടൂ' എന്ന ആമുഖത്തോടെ തുടങ്ങുന്ന ആ കവിത മരവിച്ച തലമുറകള്‍ നീട്ടിയ ചില താളിയോലപ്പുറങ്ങള്‍ ചൂണ്ടിക്കാട്ടി, നൂറ്റാണ്ടുകളുടെ പഴകിപ്പുഴുക്കുത്തിയ പട്ടടയില്‍, മാറ്റങ്ങള്‍ക്കെതിരു നില്‍ക്കുന്നവരെ ശക്തമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ടാണു മുന്നേറുന്നത്. സ്മൃതിയുടെ ശ്രീകോവിലില്‍ ആയുധം നിര്‍മിക്കുന്ന കൃതയുഗവേദാന്തവാദികളെയും മുരടിച്ച മതവാഴ്ചയ്ക്കരുനില്‍ക്കുന്ന ആത്മീയത്തിരി കത്തിക്കുന്ന വിഡ്ഢികളെയും സംബോധന ചെയ്തുകൊണ്ട്, ശാസ്ത്രഖഡ്ഗവുമേന്തി, കൊന്തയും പൂണൂലുമരിഞ്ഞുവീഴ്ത്തുവാന്‍ പുതുയുഗത്തിന്റെ സന്ദേശവാഹകരും ഗായകരുമായ ഞങ്ങള്‍ വരികയാണെന്നും ഞങ്ങള്‍ക്കിന്നൊരശ്വമേധയാഗം മുഴുമിക്കാനുണ്ടെന്നും അതുകൊണ്ട് വഴിവക്കില്‍നിന്നു മാറണമെന്നും ഉദ്‌ഘോഷിക്കുന്നതാണ് ആ കവിത.

'സര്‍പ്പദൈവങ്ങ'ളെന്ന കവിതയില്‍, നാട്ടില്‍ പ്രചരിക്കുന്ന സര്‍പ്പാരാധനയുടെ നിരര്‍ഥകത്വം വ്യക്തമാക്കുന്നു. തറവാട് നശിച്ചിട്ടും അതിനു കാരണം സര്‍പ്പവിരോധമാണെന്നു വിശ്വസിക്കുന്ന ഒരു കാരണവരാണ് അതിലെ നായകന്‍. അദ്ദേഹം,
'കേണപേക്ഷിച്ചു സര്‍പ്പശാപത്താ-
ലാണനര്‍ത്ഥങ്ങള്‍ വന്നതീ വീട്ടില്‍
ഇത്തറവാടു കാത്തുസൂക്ഷിക്കും
ശക്തരാം സര്‍പ്പദേവതമാരേ
എന്നെ രക്ഷിക്കുവാനായി നാളെ-
ത്തന്നെ നിങ്ങളെ പ്രീതിപ്പെടുത്താം' എന്നു പ്രാര്‍ഥിക്കുന്നു. ആ പ്രാര്‍ഥന കേട്ടിട്ട്, കാടിനുള്ളില്‍നിന്നുണ്ടായ പ്രതികരണങ്ങളാണു കവിയുടെ പരിഹാസത്തെ ദ്യോതിപ്പിക്കുന്നത്. പ്രതികരണങ്ങളിങ്ങനെ:
'എച്ചിലെച്ചി'ലെന്നാക്കാട്ടിനുള്ളില്‍-
ക്കൊച്ചു പൂവാലനണ്ണാന്‍ ചിലച്ചു,
കുഞ്ഞുചേരയെക്കൊന്നിട്ടു കീരി-
ക്കുഞ്ഞുമെല്ലെത്തലപൊക്കിനോക്കി,
ഒന്നു പൊട്ടിച്ചിരിച്ചുപോയ്ക്കാട്ടില്‍-
നിന്നിറങ്ങിയ മാടത്തപോലും.'

ഈ പ്രതികരണങ്ങള്‍ക്കു വൈലോപ്പിള്ളിയുടെ സര്‍പ്പക്കാവിലെ രംഗങ്ങളുമായി സാദൃശ്യമുണ്ട്. 'അറുകൊലയമ്മാവന്‍ വന്നില്ല' എന്നത് ഇതേ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു കവിതയാണ്. സര്‍പ്പത്തിന്റെ സ്ഥാനത്ത് അറുകൊലയായെന്നൊരു വ്യത്യാസമേയുള്ളൂ. സര്‍പ്പക്കാടിരിക്കുന്ന സ്ഥലം ജപ്തിചെയ്യാന്‍ ആമീനും ലോനന്‍മാപ്പിളയുമെത്തി. കാരണവരുടെ പാരവശ്യം കണ്ടിട്ട് അവര്‍ ആശ്വസിപ്പിച്ചു:
'സര്‍പ്പംപാട്ടിന്നു തറവാടുപോയാലും
സര്‍പ്പത്താന്മാരു തന്നോളും'
അരമുണ്ടഴിയുന്നു ചുണ്ടു വിറയ്ക്കുന്നു,
തറവാട്ടുമൂപ്പില ഞെട്ടുന്നു;
പരദൈവങ്ങളെ പ്രാര്‍ഥിച്ചുനിന്നു
വിറകൈകൂപ്പിക്കൊണ്ടദ്ദേഹം:
തറവാടു ലോനപ്പന്‍ ജപ്തിചെയ്തപ്പോഴും
അറുകൊലയമ്മാവന്‍ വന്നില്ല,
തെരുവില്‍ മൂപ്പില തെണ്ടാന്‍ പോയിട്ടും
അറുകൊലയമ്മാവന്‍ വന്നില്ല.'
'അഗ്നിപുരാണ'മെന്ന കവിതയില്‍,
'ആകാശഗംഗയെ,ത്താരാഗണങ്ങളെ,
രാകാശശാങ്കനെ,സ്സൂര്യനെ,ക്കാറ്റിനെ,
കണ്ടുവണങ്ങിയാരാധിച്ച മാനവ-
നുണ്ടായി വീണ്ടുമൊരീശ്വരന്‍-പാവകന്‍.'
ആ ഈശ്വരന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
'അങ്ങാടിയിലിന്നരയണയ്ക്കിന്നുചെ-
ന്നന്നത്തെയഗ്നിബ്ഭഗവാനെ വാങ്ങി ഞാന്‍.'

'രണ്ടു കാലിന്നും മലപോലെ മന്തുള്ള കുണ്ടുണ്ണിമേനോന്‍', വയലാറിന്റെ മൂന്നു കവിതകളിലെ നായകനാണ്. സര്‍പ്പങ്ങളുടെ അനുഗ്രഹംകൊണ്ടു ജനിച്ച ഓമനപ്പുത്രന്‍; ഭാര്യ പട്ടിണി കിടന്നു മരിച്ചു; രണ്ടു പെണ്‍മക്കള്‍ പിഴച്ചുപോയി; ഒരു മകനുണ്ടായിരുന്നവന്‍ അലവലാതിയായി അലയുന്നു. ആ കുണ്ടുണ്ണിമേനോനു യാദൃച്ഛികമായി ഭാഗ്യം വന്നു കേറുന്നു. മേനോന്റെ സര്‍പ്പക്കാടു ജപ്തിചെയ്‌തെടുത്ത ലോനപ്പന്‍ കാടു വെട്ടിത്തെളിക്കുമ്പോള്‍, പാലച്ചുവട്ടില്‍ വെട്ടിയ കോടാലി തെറിച്ചു ചെന്നുവീണ് അകാലമൃത്യുവിനിരയായി. കോടാലി തെറിക്കാന്‍ കാരണം പാലച്ചുവട്ടിലുണ്ടായിരുന്ന ഒരു നീലക്കരിങ്കല്‍പ്രതിമയില്‍ കൊണ്ടതാണ്. തുടര്‍ന്ന്, 'കാട്ടുതീപോലെ കടന്നു പരന്നിതക്കാട്ടിലെക്കല്‍വിഗ്രഹത്തിന്റെയദ്ഭുതം.' അവിടെ പുതിയ അമ്പലമുണ്ടായി. ആരാധകസഹസ്രം ദര്‍ശനത്തിനെത്താന്‍ തുടങ്ങി. അമ്പലക്കമ്മിറ്റിയധ്യക്ഷനായ കുണ്ടുണ്ണിമേനോന്‍ സമ്പന്നനായിത്തീര്‍ന്നു. അവസാനം, ഇതെല്ലാം യാദൃച്ഛികതയില്‍നിന്നുയര്‍ന്ന വിശ്വാസമാണെന്നു സൂചിപ്പിക്കുന്ന ആരുടെയോ ഒരു കുസൃതിച്ചോദ്യവും:

'സാധിക്കുകില്ലേ ഭഗവാനുപോലുമീ-
സാരന്റെ കാലിലെ മന്തു മാറ്റീടുവാന്‍.'

'മഹാബലിക്കൊരു കത്ത്' എന്ന കവിതയില്‍ ഹൈന്ദവഭക്തിയുടെ വ്യാപ്തിയെ വര്‍ണിക്കുന്നതിങ്ങനെയാണ്:
'ഭക്തികഥകള്‍ ഭഗവത്കഥകളായ്
ഭദ്രദീപത്തിന്‍ തിരുമുമ്പില്‍ നിന്നൊരാള്‍
ചൊല്ലിവാചാലമായവ്വാക്പ്രഭാവത്തി-
നുള്ളിലെത്താമരത്തോണിയായ് മാനസം.
മത്സ്യമായ്, കൂര്‍മ്മമായ്, നീര്‍പ്പന്നിയായ്, ഭക്ത-
വത്സലന്‍ പിന്നെ നൃസിംഹസ്വരൂപനായ്,
പേര്‍ത്തുമവതീര്‍ണ്ണനായതുപോലെയ-
ക്കൂത്തരങ്ങത്തെക്കഥകള്‍ സജീവമായ്.
ഓര്‍ത്തിരിക്കാതൊന്നു ഞെട്ടിഞാന്‍ പിന്നെയ-
ക്കൂട്ടില്‍ മുഴങ്ങീ മഹാബലി തന്‍ കഥ,
അങ്ങയെ രാക്ഷസാധീശനായ് വേദങ്ങ-
ളംഗീകരിക്കാത്ത വിജ്ഞാനവൈരിയായ്
അക്കൂത്തരങ്ങത്തവതരിപ്പിച്ചതാ-
വാഗ്മി, നിരീശ്വരവാദിയായ്, ദുഷ്ടനായ്
അന്നു ചമതയും പൂണൂലുമായ് വന്നു
മണ്ണു ദാനം വാങ്ങിവഞ്ചിച്ച വാമനന്‍
വിഷ്ണുവാണത്രെ, മഹാവിഷ്ണു...'

'അദ്ധ്വാനത്തിന്‍ വിയര്‍പ്പാണു ഞാന്‍' എന്ന കവിതയില്‍, ഭാരതീയസംസ്‌കാരം, വിശ്വവികാസസംസ്‌കൃതിയെന്ന ഉന്നതാവസ്ഥയില്‍നിന്നധഃപതിച്ച്, അന്ധവിശ്വാസജടിലമാകുന്നതിന്റെ ചിത്രം കവിയെ ക്ഷോഭിപ്പിക്കുന്നതെങ്ങനെയാണെന്നു കാണുക:
'നീയിന്ത്യയ്‌ക്കൊരു ശാപമായ് വരുമെന്നാരോര്‍ത്തു യജ്ഞപ്പുക-
ത്തീയില്‍പ്പണ്ടു കുരുത്ത മാനവമഹാസംസ്‌കാരമല്ലല്ലി നീ
ചായില്യങ്ങള്‍ വരച്ച പൊയ്മുഖവുമായ് നിന്‍ മന്ത്രവാദം നിന-
ക്കീയില്ലത്തു നിറുത്തുവാന്‍ സമയമായില്ലേ സമൂഹാന്ധതേ?
ഓരോ സൂക്ഷ്മവുമീയപാരതയിലെ സ്ഥൂലത്തിലുള്‍ക്കൊള്ളുവാന്‍
വേരോടിച്ചു വളര്‍ന്നുവന്ന പരിണാമങ്ങള്‍ക്കു ദൃക്‌സാക്ഷിയായ്
ഈ രോഗാതുരമാം യുഗത്തിനമൃതം കൊണ്ടെത്തുമെന്‍ ചന്ദന-
ത്തേരോടും വഴി വിട്ടു മാറുകകലെ മിഥ്യാഭിമാനങ്ങളേ.'

book cover
പുസ്തകം വാങ്ങാം

വയലാറിന്റെ പരിഹാസശരങ്ങള്‍ ഹിന്ദുമതത്തിനു നേര്‍ക്കു മാത്രമല്ല പായുന്നത്. 'ഇത്താപ്പിരി'യെന്ന കവിതയില്‍ ക്രിസ്തുമതത്തിലേക്കു മാര്‍ക്കംകൂടിയ ഒരു പറയന്റെ ഗതികേടാണു വിഷയം. പള്ളിപ്പറമ്പിനടുത്തു താമസിച്ച വെളുത്തയാണ് ഇത്താപ്പിരിയായത്. ഭാര്യ വള്ളി, മറിയവുമായി. മതംമാറിയ പറയനായിത്തന്നെ പരിഹസിക്കപ്പെട്ട്, പള്ളിയെ പറ്റിക്കൂടി ജീവിച്ച ഇത്താപ്പിരി, മരണശേഷം, 'പുണ്യവാനായെന്നു കത്തനാരച്ചന്നു സ്വപ്‌നമുണ്ടായിപോല്‍'. പുണ്യവാനു കപ്പേളയുമുണ്ടായി. കപ്പേളയുടെ പണിനടക്കുകയാണ്. വെഞ്ചരിപ്പിനു പരിശുദ്ധപിതാവാണു വരുന്നത്. പണിക്കാരുടെ കൂട്ടത്തില്‍ ഒരു കള്ളപ്പണിക്കാരനുമുണ്ടായിരുന്നു.
'തല്ലിയോടിച്ചു ചെറുക്കനെക്കപ്പിയാര്‍;
കള്ളനേതാണവന്‍? ചോദിച്ചു വൈദികന്‍?
ആരോ പറഞ്ഞു, മരിച്ച പുണ്യാളന്റെ
പേരക്കിടാത്തനിടിച്ചാണ്ടിയാണവന്‍.'

മതാചാരങ്ങളെ പരിഹസിക്കാന്‍ സ്വന്തമായ സങ്കല്പങ്ങളെയും കവി ആശ്രയിക്കുന്നുണ്ട്. 'കുചേലന്‍ കുഞ്ഞന്‍നായര്‍' അത്തരമൊരു സങ്കല്പകഥയാണ്. ഇവിടെ മര്‍ദിതനെ കൃഷ്ണനും മര്‍ദകനെ കുചേലനുമാക്കി സങ്കല്പിച്ചിരിക്കുന്നു. സ്ഥിരമായി കുചേലവേഷം കെട്ടുന്ന കുഞ്ഞന്‍ നായര്‍, കളിയോഗ മാനേജരുടെ ചൂഷണത്തില്‍ ഗതികെട്ട്, ഒരു ദിവസം കൃഷ്ണന്റെ വേഷം കെട്ടാറുള്ള മാനേജരെ അരങ്ങത്തുവെച്ച് അടിക്കുന്നതാണു കഥ. ഇവിടെ, മതവിശ്വാസത്തെ തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കിണങ്ങുന്ന മട്ടില്‍ വൈരുധ്യാത്മകതയോടെ അവതരിപ്പിച്ചിരിക്കുന്നു.

പുരാണകഥകള്‍ക്കു ഗതിഭേദം വരുത്തി വര്‍ണിക്കുന്ന രണ്ടുമൂന്നു കവിതകളും വയലാര്‍ രചിച്ചിട്ടുണ്ട്. 'മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം', 'രാവണപുത്രി', 'താടകയെന്ന ദ്രാവിഡരാജകുമാരി' എന്നിവയിലാണു കവി പുരാവൃത്തങ്ങള്‍ക്കു പുതിയ തിരിവുകള്‍ കല്പിച്ചിരിക്കുന്നത്. പ്രതാപം നടിച്ചു നാട്ടിലാകെ ചുറ്റിയടിച്ച പരശുരാമനെ തിരുവോണസന്ദര്‍ഭത്തിനെത്തിയ മഹാബലി ചക്രവര്‍ത്തി തടഞ്ഞുനിര്‍ത്തി, താനാണു കേരളം സൃഷ്ടിച്ചതെന്ന മിഥ്യാഭിമാനത്തെ പുച്ഛിച്ചുതള്ളുന്നതാണു സംഘര്‍ഷത്തിനു കാരണം. ഇവിടെ കവിയുടെ ഉദ്ദേശ്യം പരശുരാമനെ 'ഭൂദാനയജ്ഞപ്രവര്‍ത്തകനെ'ന്ന പൊതുവായ അവകാശവാദത്തില്‍നിന്നു പുറന്തള്ളുകയാണ്. എങ്ങനെ? പരശുരാമാവതാരത്തിനു മുമ്പായിരുന്നല്ലോ മഹാബലിയുടെ ഭരണവും വാമനവതാരവും. അതുകൊണ്ടു പരശുരാമന്‍ കേരളം സൃഷ്ടിച്ചുവെന്ന വാദം ക്ഷോദക്ഷമമല്ല. എന്നാല്‍, ഈ സങ്കല്പത്തിനു മറ്റൊരു കവിക്കു മറിച്ചൊരു വ്യാഖ്യാനവും കൊടുക്കാവുന്നതേയുള്ളൂ; കാടു വെട്ടിത്തെളിച്ച്, ജനോപകാരപ്രദമായി പ്രവര്‍ത്തിച്ച വ്യക്തിയായി പരശുരാമനെയും താന്‍ പഴയ ചക്രവര്‍ത്തിയായിരുന്നുവെന്നു പൊങ്ങച്ചമടിച്ചു പിരിവുനടത്തുന്ന മഹാബലിയെന്ന നേതൃമ്മന്യനെയും അടുത്തടുത്തു നിര്‍ത്തി, അങ്ങനെയൊരു രാജാവു ജീവിച്ചിരുന്നുവെങ്കില്‍, അക്കാലത്തു കേരളമില്ലായിരുന്നുവെന്നു സമര്‍ഥിക്കുന്ന മട്ടില്‍ കവിത രചിച്ചാല്‍, അതാകുമായിരുന്നു പുരാണാനുസൃതവും ചരിത്രാനുഗുണവുമായ സങ്കല്പം. സീത രാവണന്റെ പുത്രിയായിരുന്നുവെന്നൊരു സങ്കല്പം കമ്പരാമായണത്തില്‍ സൂചിതമായിട്ടുണ്ട്. അതാണു 'രാവണപുത്രി'യിലെ വിഷയം. പുരാണഭക്തന്മാരുടെ സാധാരണധാരണയെ തകിടംമറിക്കുകയെന്നൊരു ലക്ഷ്യത്തില്‍ക്കവിഞ്ഞ മറ്റൊരു പ്രയോജനവും ഈ കവിതകൊണ്ടു സാധിച്ചിട്ടില്ല. താടകയെ ദ്രാവിഡരാജകുമാരിയായി ചിത്രീകരിച്ചത് ഒരു പഴയ സങ്കല്പത്തിന്റെ ലക്ഷ്യവ്യത്യാസത്തോടുകൂടിയ പുനരാവിഷ്‌കരണമാണ്. താടകയെ ദ്രാവിഡരാജകുമാരിയും രാമനെ ആര്യ രാജകുമാരനുമാക്കിയതിനു യാതൊരു സമകാലികപ്രസക്തിയുമില്ല. മുമ്പു പറഞ്ഞതുപോലെ, ഈ കഥയ്ക്കും മറ്റൊരു രൂപം നിഷ്പ്രയാസം സങ്കല്പിക്കാവുന്നതേയുള്ളൂ. നിരീഹനും നിഷ്‌കളങ്കനുമായ രാമനെന്ന കുമാരനെ ദുഷിപ്പിക്കുവാന്‍ ശ്രമിച്ച കാമമോഹിതയും കാമരൂപിണിയുമായ ഒരു കുലടയായോ മറ്റോ താടകയെ ചിത്രീകരിച്ചാല്‍ അതിനും പ്രസക്തിയുണ്ട്. 'മാനിഷാദാ'യെന്ന പ്രസിദ്ധമായ കവിതയിലാണ്,
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന പ്രസിദ്ധവും മുദ്രാവാക്യകല്പവുമായ കാവ്യദര്‍ശനം പ്രത്യക്ഷപ്പെടുന്നത്. ആഹാരത്തിനുവേണ്ടി അലയുന്ന ഒരു മനുഷ്യന്‍ ജീവലോകത്തിലെ സാമാന്യസ്‌നേഹാദി വികാരങ്ങളെ നിസ്സാരമായിക്കരുതി, തന്റെ ഹിംസാശ്രിതമായ ആഗ്രഹം സാധിക്കുന്നതായി ഈ സംഭവത്തെ വര്‍ണിച്ചാല്‍, അതു വിശപ്പിനു സര്‍വപ്രാധാന്യം നല്‍കുന്ന ഒരു തത്ത്വസംഹിതയ്‌ക്കെതിരായ ചാട്ടുളിയാക്കി, മാറ്റാന്‍ പറ്റും. ഇങ്ങനെ, പുരാണങ്ങള്‍ക്കു വ്യതിയാനങ്ങള്‍ വരുത്തി, വയലാര്‍ രചിച്ച കവിതകള്‍ക്കു മറ്റുചില വ്യാഖ്യാനങ്ങളുമാകാമെന്നു ചൂണ്ടിക്കാണിച്ചത്, കവിത നല്‍കിയ വ്യാഖ്യാനങ്ങള്‍ കേവലം കഥാവ്യതിയാനത്തിനു വേണ്ടിയുള്ള സങ്കല്പക്കസര്‍ത്തു മാത്രമായിരുന്നുവെന്നു വ്യക്തമാക്കുവാനാണ്.

മതവിശ്വാസം തിളങ്ങിനിന്ന ഒരന്തരീക്ഷത്തില്‍ വളരുകയും പില്‍ക്കാലത്ത്, മതത്തെ നിഷേധിച്ച ഒരു വിശ്വാസപ്രമാണത്തെ സ്വാംശീകരിക്കുകയും ചെയ്ത വയലാര്‍ രാമവര്‍മ ആസ്തികനായിരുന്നോ നാസ്തികനായിരുന്നോയെന്ന ചിന്ത വളരെ പ്രസക്തമാണ്. മതാചാരങ്ങളെ നിന്ദിച്ചു നിരന്തരം കവിതകളെഴുതുകയും ധിക്കരിച്ചു രചന നടത്തുവാന്‍പോലും തയ്യാറാവുകയും ചെയ്ത ഈ കവി ഒരു പ്രപഞ്ചശക്തിയില്‍ വിശ്വസിച്ചിരുന്നുവെന്നതാണു സത്യം. 'എനിക്കു മരണമില്ല' എന്ന സമാഹാരത്തിലെ അതേപേരുള്ള ആദ്യത്തെ കവിത ഈ വിശ്വചേതനയെ സംബന്ധിച്ച കവിയുടെ ചിന്താഗതിയെ വ്യക്തമാക്കുന്നുണ്ട്, പ്രപഞ്ചം മുഴുവന്‍ പ്രളയാഗ്നിയില്‍ മുങ്ങിത്താണടിഞ്ഞിരുന്നപ്പോള്‍, അമീബയിലൂടെ ജീവന്റെ ഒന്നാമത്തെ സ്പന്ദനം വിളംബരം ചെയ്ത ചൈതന്യം ദശാവതാരസിദ്ധാന്തമനുസരിച്ച്, മീനായും ആമയായും പന്നിയായും നരസിംഹമായും വളര്‍ന്നു വികസിച്ച്, മനുഷ്യത്വത്തില്‍ പരിപൂര്‍ണതയിലെത്തുന്നതിന്റെ ചിത്രമാണു കവി ജീവന്റെ ചരിത്രമായി ആലേഖനം ചെയ്തിരിക്കുന്നത്. അവസാനം, ആ പ്രപഞ്ചശക്തിയെ 'ഞാന്‍' എന്ന മനുഷ്യനായിക്കണ്ട്, അതിനു മരണമില്ലെന്നുദ്‌ഘോഷിക്കുകയാണ് ആ കവിതയില്‍. കവിയുടെ വിശ്വാസത്തെ ഭംഗിയായവതരിപ്പിക്കുന്ന അതിലെ ഏതാനും വരികള്‍ കാണുക:

'മീനുമായാമയുമായ്പ്പന്നിയായ് നൃസിംഹമായ്
ഞാനവതാരം ചെയ്ത കഥകള്‍ കേട്ടിട്ടില്ലേ?
ഈശ്വരനെന്നും മറ്റും പേരെനിക്കുണ്ടായിട്ടു-
ണ്ടീശ്വരന്‍-ഉറക്കനെച്ചിരിക്കാന്‍ തോന്നിപ്പോകും!
പണ്ടു ഞാന്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍നിന്നു-
കൊണ്ടതു നിഷേധിച്ചതിപ്പോഴുമോര്‍മ്മിക്കുന്നു.
എന്നില്‍നിന്നതീതമായ് വ്യതിരിക്തമായ് മന്നി-
ലൊന്നുമുണ്ടായിട്ടില്ലെന്നു ഞാന്‍ പ്രഖ്യാപിച്ചു.
കാല്‍വരിക്കുന്നിന്‍മോളില്‍, മെക്കയില്‍, സംസ്‌കാരത്തിന്‍-
കാഹളമുയര്‍ന്നേടത്തൊക്കെ ഞാന്‍ സംസാരിച്ചു.
ചോസറില്‍, ഷേക്‌സ്പിയറില്‍, ഡാര്‍വ്വിനില്‍, കാറല്‍ മാര്‍ക്‌സില്‍
വ്യാസനില്‍പ്പലരിലും കൂടി ഞാന്‍ സംസാരിച്ചു
മനുഷ്യന്‍ മനുഷ്യന്‍ ഞാനെന്നില്‍നിന്നാരംഭിച്ചു
മഹത്താം പ്രപഞ്ചത്തിന്‍ ഭാസുരസങ്കല്പങ്ങള്‍,
എന്നിലുണ്ടിന്നേവരെജ്ജീവിച്ച സംസ്‌കാരങ്ങ-
ളെന്നിലുണ്ടിനിയത്തെ വിടരും സംസ്‌കാരങ്ങള്‍.'

ഈശ്വരനെന്നതു മനുഷ്യന്റെ സുന്ദരസങ്കല്പമാണെന്നത്രേ വയലാറിന്റെ ദൃഢമായ വിശ്വാസം.
'ആയിരമായിരമാണ്ടുകള്‍ക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ദ്ധസങ്കല്പമേ,
ആ യുഗങ്ങള്‍ക്കുള്ളിലദ്ഭുതം സൃഷ്ടിച്ച
മായിക ചൈതന്യമണ്ഡലമാണു നീ' എന്നത്രേ ഈശ്വരനെക്കുറിച്ചു കവിയുടെ വീക്ഷണം. ആ സുന്ദരസങ്കല്പത്തെ വ്യത്യസ്തവേഷങ്ങളില്‍ വികൃതമാക്കിയതിനെക്കുറിച്ച്, 'ദൈവം യുഗങ്ങളിലൂടെ'യെന്ന കവിതയില്‍ കവി സോപഹാസം സ്മരിക്കുന്നുണ്ട്. നോക്കുക:
'നിന്നെയിന്നെന്താക്കി മാറ്റിയിരിക്കുന്നു-
വെന്നോ മതങ്ങള്‍തന്‍ മാനിഫെസ്റ്റോകളില്‍
കുമ്പയും വീര്‍പ്പിച്ചിറങ്ങുമാസര്‍ക്കസ്സു-
കമ്പനിക്കാര്‍തന്‍ വിദൂഷകനായി നീ;
കാവിയുടുക്കുന്ന സന്ന്യാസിവീരന്റെ
കോളേജുഫണ്ടു പിരിവിനിസ്റ്റായി നീ;
കണ്ണുമടച്ചു മനുഷ്യനെക്കൊല്ലുന്ന
കമ്പോളനീതിപ്രചാരകനായി നീ;
മാനവവര്‍ഗ്ഗവിരുദ്ധ രാഷ്ട്രീയത്തെ
മാനിച്ചിരുത്തുന്ന കത്തനാരായി നീ;
ചിന്തതന്‍ പട്ടടക്കാട്ടില്‍ നിന്നെത്തല-
പ്പന്തുകളിക്കുന്നു നിന്നനുയായികള്‍.'

'ദൈവം വീട്ടില്‍ വന്നിരുന്നു' എന്നൊരു കവിതയില്‍, എത്ര ശക്തമായ പരിഹാസമായിട്ടാണ് ഈ ആശയം പ്രകടിപ്പിക്കുന്നതെന്നോ. കവിയുടെ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം ഒരു വൃദ്ധന്‍ കയറിച്ചെന്നു. 'നിങ്ങളെ ഞാനറിയില്ലല്ലോ മൂപ്പിലേ' എന്നു പറഞ്ഞ കവിയോട്, 'ഞാനാണു ദൈവ'മെന്നു വൃദ്ധന്‍ പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണത്തില്‍ ദൈവത്തിനു കോപം വരികയും താന്‍ ശപിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മനുഷ്യന്റെ (എന്റെ) മറുപടി കേള്‍ക്കുക:
'അതുശരി പൊട്ടിച്ചിരിച്ചു പോയ്'ഞാ-
നറിയില്ല ദൈവമേ നിങ്ങളെന്നെ
ഞാനീപ്രപഞ്ചം വളര്‍ത്തീടുന്നു
ഞാനീപ്രപഞ്ചം നയിച്ചീടുന്നു
സര്‍ഗ്ഗലയസ്ഥിതികാരകന്‍ ഞാന്‍
സത്യസ്വരൂപി ഞാന്‍, ഞാന്‍ മനുഷ്യന്‍;
വല്ലാത്ത കോപത്തോടന്നു ദൈവം
വന്ന വഴിക്കു തിരിച്ചുപോയി.'

'കിഴവനാമീശ്വര'നെന്ന മറ്റൊരു കവിതയിലും മനുഷ്യന്റെ സുന്ദരസങ്കല്പമായ ഈശ്വരന് കാലാന്തരത്തില്‍ വികൃതവേഷങ്ങള്‍ കെട്ടേണ്ടിവരികയും തദ്ഫലമായി ആധുനികയുഗത്തില്‍ ആ സങ്കല്പംതന്നെ വാര്‍ധക്യബാധകൊണ്ടു ക്ഷീണിതമായി മരിക്കുകയും ചെയ്യുന്നതിന്റെ ചിത്രമാണു കവി ചേര്‍ക്കുന്നത്. ദൈവത്തെ ആരാധനാലയങ്ങളില്‍ കുടിയിരുത്തിയതോടെ ആ സുന്ദരസങ്കല്പം പൊലിഞ്ഞുപോയെന്നേ്രത കവിയുടെ വ്യാഖ്യാനം. കവിത അവസാനിക്കുന്നതിങ്ങനെയാണ്:
'അന്നു മരിച്ച ദൈവത്തിനു തീര്‍ത്തു നാം
മന്നിലൊരുജ്ജ്വല സ്മാരകമന്ദിരം
ദൈവമുയിര്‍ത്തെഴുന്നേല്‍ക്കുമെന്നാശിച്ചു
ദേവാലയമെന്നതിന്നു പേരിട്ടു നാം.'
മതങ്ങള്‍, മനുഷ്യന്റെ ഓമനപ്പുത്രനായ ദൈവത്തിനെ എന്താക്കിയെന്നു കാണുക:
'മതമെന്നൊരു ദുഷ്ടരാക്ഷസനതിന്‍ പിഞ്ചു-
ഹൃദയം പുലിനഖക്കൈകളാല്‍ മാന്തിക്കീറി,
അജ്ജഡം പ്രദര്‍ശിപ്പിച്ചതിന്റെ പിന്നില്‍നിന്നീ-
വിശ്വശക്തിയാം മന്ത്രപിഞ്ഛിക ചുഴറ്റുന്നു,
മനുഷ്യപുത്രന്‍ കൊല്ലപ്പെട്ടുപോയ് മതങ്ങള്‍ക്കു 
മരണം മഹാസത്യം ജീവിതം വെറും മിഥ്യ.'

മനുഷ്യമഹത്ത്വത്തെക്കുറിച്ചുള്ള ബഹുമാനം നമ്മുടെ പുരാതനസംസ്‌കാരത്തെ സംബന്ധിച്ചും കവി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുഷ്പാഞ്ജലി, മീന്‍ തൊട്ടുകൂട്ടിയ പട്ടേരി എന്നീ രണ്ടു കവിതകളില്‍ യഥാക്രമം ശങ്കരാചാര്യരെയും മേല്പത്തൂര്‍ ഭട്ടതിരിയെയും എത്രമാത്രം ആദരവോടുകൂടിയാണ് കവി പ്രകീര്‍ത്തിക്കുന്നതെന്നോ:
'പിറന്നമണ്ണിലെ മാനവധര്‍മം പിഞ്ഞിത്തകരും കാലം
 പര്‍വ്വതമുടികള്‍ കയറിയിറങ്ങി, പദ്മസരസ്സുകള്‍ നീന്തി, 
അലഞ്ഞു ശങ്കരദ്വൈതത്തിന്നനര്‍ഘ സൂക്തവുമായി;
വിളഞ്ഞിതദ്വൈതാത്മകദര്‍ശന വികാരവീഥികള്‍ തോറും
വിടര്‍ന്നുവന്ന യുഗങ്ങള്‍ വളര്‍ത്തിയ വിത്തുകള്‍ വിജ്ഞാനങ്ങള്‍
'ഒഴുക്കിനെതിരേ, നീന്തിവരുന്ന' ഒരു മറുനാടന്‍ മലയാളിയായിട്ടാണു കവി ശങ്കരാചാര്യരെ ചിത്രീകരിക്കുന്നത്. ആ മറുനാടന്‍ മലയാളിയെ സൃഷ്ടിച്ച കേരളത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്:
'പറഞ്ഞു ഹിമവാന്‍ ഗംഗയൊടാര്യേ
തിരിഞ്ഞുനോക്കുക ദൂരെ
അതാണു കേരളമരുളുകനാമതി-
നുദാരപുഷ്പാഞ്ജലികള്‍.'

ഇതുപോലെ, നാരായണ ഭട്ടതിരിപ്പാടിനെക്കുറിച്ചും, തികച്ചും നൂതനമായൊരഭിപ്രായമാണു വയലാര്‍ പ്രകടിപ്പിക്കുന്നത്. േകള്‍ക്കുക:
'ഭഗവാന്‍ പറഞ്ഞാലും ഭക്തിയെക്കാള്‍ ഞാനിഷ്ട-
പ്പെടുന്നൂ മേല്പത്തൂരിന്‍ ധന്യമാം വിഭക്തിയെ
ഭാരതസംസ്‌കാരത്തിന്‍ ഋക്‌സൂക്ത സ്‌കന്ദങ്ങളില്‍
വേരോടിയിരുന്നൊരാപ്പാണ്ഡിത്യപ്രഭാവത്തെ.'
അവസാനം കവി തീര്‍ത്തുപറയുന്നതെന്താണെന്നുകൂടി അറിയണമല്ലോ.
'വാകച്ചാര്‍ത്തണിയുന്ന വിഗ്രഹത്തിനല്ലിന്നു
വാഗര്‍ഥസ്വരൂപിയാം കവിക്കെന്‍ പുഷ്പാഞ്ജലി.'

വയലാര്‍ രാമവര്‍മ ഈശ്വരനെ നിന്ദിച്ചാലും മഹത്തായ ഭാരതീയപാരമ്പര്യത്തെയും സംസ്‌കാരമഹിമയെയും അങ്ങേയറ്റം ബഹുമാനിച്ചിരുന്നുവെന്നു വ്യക്തം. ഗാനരചയിതാവായ വയലാര്‍ രാമവര്‍മ പല ദേവന്മാരെയും സ്തുതിച്ചും ആദരിച്ചും ധാരാളം ഗാനങ്ങളെഴുതിയിട്ടുണ്ട്. പക്ഷേ, അതൊന്നും കവിയുടെ ആദര്‍ശത്തിനനുസൃതമായിട്ടല്ല. സിനിമയിലെ കഥാസന്ദര്‍ഭത്തിനുനുസരിച്ചാണ്; അവയൊന്നും കവിയുടെ അഭിപ്രായങ്ങളായിക്കരുതാന്‍ നിര്‍വഹമില്ല. അതുകൊണ്ട് അവയിവിടെ പരിഗണനയ്‌ക്കെടുത്തിട്ടുമില്ല.

Content Highlights :Excerpts from the book aadhyatmika sahithyacharithram by dr. c k chandrasekharan nair