വക്കം ഖാദർ
വക്കം ഖാദര്‍ അഥവാ കേരളത്തിന്റെ ഭഗത് സിങ്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്ന സ്വാതന്ത്ര്യപ്പോരാളി. ഇരുപത്തിയാറാമത്തെ വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വക്കം ഖാദറിനെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണപഠനം- 'വക്കം ഖാദര്‍: സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജീവിതം' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഡോ. ടി. ജമാല്‍ മുഹമ്മദ് ആണ് പുസ്തകം രചിച്ചിരിക്കുന്നത്. തൂക്കിലേറ്റപ്പെടുമ്പോള്‍ അവസാനത്തെ ആഗ്രഹമായി വക്കം ഖാദര്‍ പറഞ്ഞത് വര്‍ത്തമാനകാല മതരാഷ്ട്രീയമേലാളന്മാര് ഓര്‍ത്തിരിക്കേണ്ടതാണ്, ഉള്‍ക്കൊള്ളേണ്ടതാണ്. വക്കം ഖാദറിന്റെ അന്ത്യദിനം വിവരിക്കുന്ന പുസ്തകത്തിലെ പത്താം അധ്യായം വായിക്കാം.
സെപ്റ്റംബര്‍ 10, 1943.
റംസാന് മാസത്തിലെ ഏഴാമത്തെ ദിവസം. മുസ്ലിംകള് പകല്‍സമയത്ത് വ്രതമനുഷ്ഠിക്കുന്ന മാസം. പ്രഭാതത്തിന്റെ തുടക്കത്തിനു മുമ്പുള്ള മണിക്കൂറുകള്‍. കിഴക്കെ ആകാശം ഒരു പുതിയ ദിവസത്തിന്റെ ജനനത്തിനു വേണ്ടി തയ്യാറെടുക്കുന്നു. മരങ്ങളില്‍ നിന്നു തണുത്ത ജലബിന്ദുക്കള്‍ കൊഴിഞ്ഞുവീഴുന്നു. ആദ്യത്തെ പക്ഷികള്‍ക്ക് പറന്നുയരുവാന് ഇനിയും കാത്തിരിക്കണം.
മദ്രാസിലെ സെന്‍ട്രല്‍ ജയിലില്‍ അസാധാരണമായ നിശ്ശബ്ദത തളംകെട്ടിനിന്നു. അരങ്ങേറാന്‍ പോവുന്ന ഒരു സംഭവത്തിന്റെ മുന്നൊരുക്കമായിരിക്കണം അത്.
ജയില്‍ സൂപ്രണ്ടിനോടൊപ്പം ആരാച്ചാര്‍ പ്രത്യക്ഷപ്പെട്ടു. നാലു തടവുകാരുടെ മുറികള്‍ തുറക്കപ്പെട്ടു. ആദ്യം ഖാദര്‍ പുറത്തുവന്നു. തുടര്‍ന്ന് അനന്തന് നായര്‍, ഫൗജാസിങ്, ബര്ദാന് എന്നിവരും. അവരാരും തന്നെ ആ രാത്രിയില്‍ ഉറങ്ങിയില്ല. ഖാദര്‍ സമയം ചെലവിട്ടത് ദീര്‍ഘമായ രണ്ടു കത്തുകള്‍ എഴുതിക്കൊണ്ടാണ്. അനന്തന് നായര്‍ പശ്ചാത്താപവിവശനായിരുന്നു. എല്ലാ സത്യങ്ങളും വെളിപ്പെടുത്തി സഹപ്രവര്‍ത്തകരെയും ദ്രോഹിക്കേണ്ടിവന്നതിലുള്ള ദുഃഖം. സ്വന്തം സുഹൃത്തുക്കളുടെ മുഖത്തു പോലും നോക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. അനന്തന് നായരെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടായിരുന്നില്ല. എല്ലാവരും അവരുടെ ജീവിതത്തിന്റെ ഏറ്റവും പുഷ്കലമായ ഘട്ടത്തിലായിരുന്നു. പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ നാലു യുവമനസ്സുകള്‍. ഖാദര്‍ 15 ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ 26 വയസ്സിലെത്തുമായിരുന്നു. ബര്‍ദാനും അതേ പ്രായം. ആറ് അടി നീളവും അത്ലറ്റിക് ശരീരവും ആര്‍ദ്രമായ കണ്ണുകളുമുള്ള ഫൗജാസിങ്ങിന് 24 വയസ്സു തികയണമെങ്കില്‍ മൂന്നു മാസം കൂടി കാത്തിരിക്കണം. അനന്തന് നായരാണ് അവരില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ളത്. 39 വയസ്സ്. അവരെല്ലാവരും മലയായിലെത്തിയത് ഒരു ജീവിതമാര്‍ഗം കണ്ടെത്താനും കുടുംബത്തിന്റെ പ്രയാസങ്ങള്‍ അകറ്റാനുമാണ്.
പക്ഷേ, അവര്‍ സ്വപ്നഭൂമിയിലെത്തി അധികം വൈകാതെ തന്നെ വിദേശഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന സ്വന്തം രാജ്യത്തെക്കുറിച്ചുള്ള ആകാംക്ഷ അവരുടെ വഴിയില്‍ വിഘാതം സൃഷ്ടിച്ചു. അവര്‍ അവരുടെ ലക്ഷ്യം മറന്നു. കുടുംബത്തെയും വീടിനെയും എല്ലാം മറന്ന് രാജ്യത്തിനുവേണ്ടി സംഘടിച്ചു. ആ യാത്രയില്‍ അവര്‍ അനുഭവിച്ച യാതന വാക്കുകള്‍ക്കതീതമാണ്. അത് അവരെ സ്വന്തം രാജ്യത്തിലുള്ള തടവറയിലെത്തിച്ചു. ബ്രിട്ടീഷ് ഭരണം അവര്‍ക്ക് സമ്മാനിച്ചത് മരണശിക്ഷയായിരുന്നു. ഭാവിയെപ്പറ്റി തികച്ചും ബോധവാന്മാരായ അവര്‍ എന്തു മാര്‍ഗ്ഗം ഉപയോഗിച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചത് തികച്ചും സ്വാഭാവികമായിരുന്നു. ഖാദറിന്റെ നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ ഔദാര്യത്തില്‍ രക്ഷപ്പെടണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നില്ല.
വിധിയും ആ യുവാക്കള്ക്കെതിരായിരുന്നുവെന്ന് പറയേണ്ടി വരും. കോടതിവിധിയില്‍ പറഞ്ഞത് മരണശിക്ഷ നടപ്പാക്കുന്നത് അഞ്ചു വര്‍ഷത്തെ കഠിനമായ ജയില്‍വാസത്തിനു ശേഷമായിരിക്കണമെന്നാണ്. ആ വിധിയാണ് നടപ്പാക്കിയിരുന്നതെങ്കില്‍ അവര്‍ നാലുപേരും സ്വതന്ത്രരാകുമായിരുന്നു. കാരണം 1947 - ല്‍ ഇന്ത്യ സ്വതന്ത്രമായി. അവര്‍ക്കും എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടായ ദൗര്‍ഭാഗ്യത്തിന്റെ ഭാഗമായി വേര്‍ഡ്സ്വര്‍ത്ത് എന്ന ഹൈക്കോടതി ജഡ്ജി, കീഴ്ക്കോടതിയുടെ വിധിയില്‍ മാറ്റം വരുത്തുകയും അഞ്ചു വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തീകരിക്കുവാന്‍ കാത്തിരിക്കാതെ ശിക്ഷ ഉടന്‍ തന്നെ നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
ഖാദറും മറ്റു മൂന്നുപേരും ജയില്‍ സൂപ്രണ്ടിനു പിന്നാലെ തൂക്കുമരത്തിന്റെ സമീപത്തേക്ക് നടന്നു. അവരുടെ മുഖത്ത് ഭയമോ ദുഃഖമോ നിഴലിച്ചിരുന്നില്ല. ശക്തമായ കാല്‍വയ്പുകളോടെ അവര്‍ അവരുടെ അന്ത്യവിധിയിലേക്ക് നടന്നടുത്തു.
തൂക്കുമരത്തിന്റെ അടുത്തെത്തുന്നതിനു മുമ്പ് അവര്‍ അല്‍പ്പനേരം ചലനമില്ലാതെ നിന്നു. അവസാനമായി അവര്‍ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് സൂപ്രണ്ട് അവരോട് ചോദിച്ചു. ഖാദര്‍ മുന്നോട്ടു വന്ന് തനിക്ക് ഒരു ആഗ്രഹമുണ്ടെന്ന് അറിയിച്ചു. സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. ഖാദര്‍ എന്താണ് ആവശ്യപ്പെടാന്‍ പോകുന്നത്?
'അതെ, എനിക്കൊരു അപേക്ഷയുണ്ട്, എന്റെ അവസാനത്തെ അപേക്ഷ'.
ഖാദര്‍ വ്യക്തമായ ഭാഷയില്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ട് ഖാദറിന്റെ വാക്കുകള്‍ക്കു വേണ്ടി ശ്രദ്ധിച്ചു. 'ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമെന്നുള്ള നിലയില്‍ ഞാന്‍ ഒരു ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറുവാന്‍ ആഗ്രഹിക്കുന്നു'- ഖാദര്‍ പ്രഖ്യാപിച്ചു.
അത് ഒരു അപേക്ഷയായിരുന്നു; ലളിതവും അര്‍ഥപൂര്‍ണവുമായ ഒരു ആഗ്രഹം. സൂപ്രണ്ടിന് ആ അപേക്ഷ നിരസിക്കുവാന്‍ കഴിയുമായിരുന്നില്ല; ഔദ്യോഗികമായി ആ കര്‍മം നിര്‍വഹിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും, ഒരേ സമയം രണ്ടാളുകളെ മാത്രമേ തൂക്കിലേറ്റാന്‍ കഴിയുമായിരുന്നുള്ളൂ. ഔദ്യോഗികമായി തീരുമാനിച്ചിരുന്നത് ഖാദറിനെയും ഫൗജാസിങ്ങിനെയും ഒന്നിച്ചു തൂക്കിലേറ്റാനായിരുന്നു. അതിനുശേഷം അനന്തന് നായരേയും ബര്‍ദാനെയും. എന്നാല്‍ തൂക്കിലേറ്റാന്‍ പോകുന്ന പ്രതിയുടെ അവസാനത്തെ അപേക്ഷയെന്ന നിലയില്‍, മറ്റു സാങ്കേതികമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അത് നിഷേധിക്കുവാന്‍ കഴിയുമായിരുന്നില്ല. ഖാദറിന്റെ അഭ്യര്‍ഥന മാനിച്ചുകൊണ്ടു തന്നെ ശിക്ഷ നടപ്പാക്കുവാന്‍ തീരുമാനമായി.
അങ്ങനെയൊരു അപേക്ഷ നല്കുവാന് ഖാദറിനെ പ്രേരിപ്പിച്ചതെന്താണ്?
ഇന്ത്യയില്‍ അന്ന് അരങ്ങേറിക്കൊണ്ടിരുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഖാദര്‍ തികച്ചും ബോധവാനായിരുന്നു. മുസ്ലിംകള്‍ക്കു വേണ്ടി ഒരു പ്രത്യേക രാജ്യം വേണമെന്നുള്ള ആവശ്യം മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിനും അതില്‍ പങ്കുണ്ടായിരുന്നു. അത് ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിലായിരിക്കും ചെന്നെത്തുക. ഗാന്ധിജിക്ക് അത് വിഭാവനം ചെയ്യുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി മാത്രമാണ് എക്കാലത്തും പ്രവര്‍ത്തിച്ചിരുന്നത്. മുസ്ലിം നേതാക്കളായ അബുല്‍കലാം ആസാദിനെ പോലുള്ളവരെല്ലാം ജിന്നയുടെ ആവശ്യത്തെ ശക്തമായി നിരാകരിക്കുകയാണുണ്ടായത്.
ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളും സംയുക്തമായി ജീവിക്കുന്ന ശക്തമായ ഒരു രാജ്യമായിത്തീരണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം നിരാശരാക്കുന്ന സ്ഥിതിഗതികളാണ് അപ്പോള്‍ ഉയര്‍ന്നുവന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും മറ്റെല്ലാ മതവിഭാഗങ്ങളും ഏകോദരസഹോദരരെ പോലെ ജീവിക്കുന്നത് കാണുവാനാണ് ഖാദര്‍ ആഗ്രഹിച്ചത്. അന്ത്യദിവസങ്ങള്‍ എണ്ണി ജയിലില്‍ കഴിഞ്ഞിരുന്ന ഖാദറിനെ ഇന്ത്യയെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കുന്നത് വല്ലാതെ അസ്വസ്ഥനാക്കി. അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള തന്റെ അദമ്യമായ ആഗ്രഹം അന്ത്യാഭിലാഷമായി പ്രകടിപ്പിക്കുകയാണുണ്ടായത്.
നാലു രാജ്യസ്നേഹികളായ യുവാക്കളും ചുണ്ടുകളില്‍ ഒരു മൃദുമന്ദഹാസവുമായി തൂക്കുമരത്തിന്റെ അടുത്തെത്തി. അവര്‍ ശക്തമായ ശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി:
'ഭാരത് മാതാ കീ ജൈ'
'ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ.'
ആ മുദ്രാവാക്യങ്ങള്‍ ജയില്ഭിത്തികളെ വിറപ്പിച്ചുകൊണ്ട് പ്രതിധ്വനിച്ചു. എല്ലാ തടവുകാര്‍ക്കും പോലീസുകാര്‍ക്കും ആ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുവാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.
Content Highlights: excerpts from the biography of vaklkom kahader by dr t jamal muhammed mathrubhumi books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..