
ശ്രീകുമാരൻ തമ്പി, രാജി തമ്പി
കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയാണ് 'ജീവിതം ഒരു പെന്‍ഡുലം'. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയും മാതൃഭൂമി ബുക്സ് പുസ്തകമാക്കുകയും ചെയ്ത ആത്മകഥ മലയാളത്തിലെ ബൃഹത്തായ ജീവിതകഥകളില്‍ ഒന്നാണ്. ആയിരത്തിലധികം പേജുകളും നൂറിലധികം അധ്യായങ്ങളുമുള്ള പുസ്തകത്തില്‍ നിന്നും 'പ്രണയം എന്ന സ്വപ്നം, ദാമ്പത്യം എന്ന സത്യം!' എന്ന അധ്യായം വായിക്കാം.
കുമാരകോവിലില്നിന്ന് ഞങ്ങള്‍ നേരെ പോകുന്നത് മധുരയിലേക്കാണ്. ഞാനും രാജിയും ബാല്‍ത്തസാര്‍ അയച്ചുതന്ന കാറിന്റെ പിന്‍സീറ്റില്‍ കയറി. മകളെ വരനോടൊപ്പം തനിച്ചയയ്ക്കാന്‍ രാജിയുടെ അമ്മയ്ക്കു ധൈര്യമുണ്ടായിരുന്നില്ല. വലിയ കുടുംബങ്ങളില്‍ ജോലിചെയ്തു പരിചയമുള്ള ഒരു മധ്യവയസ്കയെ മകളുടെ സഹായിയായി അമ്മ കണ്ടെത്തിയിരുന്നു. വധൂവരന്മാര് സ്വകാര്യത എന്ന സ്വപ്നവുമായി കാറില്‍ പിന്‍സീറ്റില്‍ കയറിയപ്പോള്‍ ആരോടുമൊന്നും ചോദിക്കാതെ തന്റേടിയായ ആ സ്ത്രീ കാറിന്റെ മുന്‍വശത്തെ ഡോര്‍ തുറന്നു കയറി മുന്‍സീറ്റില്‍ ഡ്രൈവറുടെ സമീപത്തായി ഇരുന്നു. ഞാന്‍ അദ്ഭുതത്തോടെ രാജിയെ നോക്കി.
''അമ്മ നമുക്കുവേണ്ടി കണ്ടുപിടിച്ച ജോലിക്കാരിയാണ്. എന്നെ ഒറ്റയ്ക്കുവിടാന്‍ അമ്മയ്ക്കു പേടി,'' രാജി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ഞങ്ങളെ യാത്രയയക്കാന്‍ നിന്ന ചെറിയ കൂട്ടത്തില്‍നിന്ന് രാജിയുടെ അമ്മ മുന്പോട്ടുവന്നു:
''തമ്പിമോന് വിഷമംതോന്നരുത്. എന്റെ മോളെ ഒറ്റയ്ക്കുവിടാന്‍ എനിക്ക് ധൈര്യം പോരാ. അതുകൊണ്ടാ ഈ സ്ത്രീയെ കൂടെ അയക്കുന്നത്. പൊന്നമ്മയെന്നാ പേര്. രാജിക്ക് പാചകമൊന്നും വശമില്ല. കുറച്ചുകാലം പൊന്നമ്മ നിങ്ങടെകൂടെ താമസിക്കട്ടെ. വീട്ടിലെ എല്ലാ ജോലികളും ഇവര്‍ ചെയ്തോളും.''
ശ്രീകുമാരന്‍, ശ്രീമാരന്‍, ശ്രീ, തമ്പി തുടങ്ങിയ പല വിളികളും ഞാന്‍ കേട്ടിട്ടുണ്ട്, 'തമ്പിമോന്' എന്ന വിളി ആദ്യമായി കേള്‍ക്കുകയാണ്.
ശ്രീകുമാരന്‍ തമ്പി സിനിമയില്‍ വളരാന്‍ തുടങ്ങിയിട്ടേയുള്ളൂ. അടുത്തുപെരുമാറിയ ചുരുക്കം ചിലര്‍ക്കു മാത്രമേ അയാളുടെ സ്വഭാവത്തെപ്പറ്റി അറിയാവൂ.
മറ്റുള്ളവരുടെ കണ്ണില്‍ അയാള്‍ സിനിമയ്ക്ക് പാട്ടും കഥയും എഴുതിത്തുടങ്ങിയ ഒരു യുവ എന്‍ജിനീയര്‍ മാത്രമാണ്. അയാള്‍ എഴുതിയ പാട്ടുകള്‍ ഹിറ്റുകളായി. എന്നാല്‍, അവ പി. ഭാസ്കരനോ വയലാര്‍ രാമവര്‍മയോ എഴുതിയവയായിരിക്കുമെന്ന് വിശ്വസിക്കുന്നവരാണേറെയും. അന്ന് ശ്രോതാക്കള്‍ക്ക് ആകെയുള്ള ഒരാശ്രയം ഓള് ഇന്ത്യാ റേഡിയോ മാത്രമാണ്. ടെലിവിഷന്‍, സാറ്റലൈറ്റ് ചാനലുകള്‍, എഫ്.എം. ഒന്നുംതന്നെയില്ല. റേഡിയോയിലാകട്ടെ പാട്ടു പ്രക്ഷേപണംചെയ്യുമ്പോള് പാടിയ ഗായകന്റെയോ ഗായികയുടെയോ പേരുമാത്രമേ പറയൂ. എഴുതിയയാളിന്റെ പേരും സംഗീതം നല്കിയ ആളിന്റെ പേരും വളരെ അപൂര്‍വമായേ പറയൂ. ഒരു പുതിയ ആളിന് ഇത്രയും ഭംഗിയായി എഴുതാന്‍ കഴിയുമോ? സാധ്യമല്ല എന്ന് മുന്‍വിധി പറയുന്ന ബുദ്ധിജീവികളാണ് അധികവും. ഞാന്‍ താമസിക്കുന്നത് മദ്രാസില്‍. ചര്‍ച്ചകള്‍ നടക്കുന്നത് കേരളത്തിലും. ബുദ്ധിജീവികളെ തിരുത്താന്‍ എന്റെ സാന്നിധ്യമില്ല.
ഭര്‍ത്താവ് നടനും ഗായകനുമൊക്കെയാണെങ്കിലും സിനിമാലോകത്തെക്കുറിച്ച് ഏതോ ഒരുള്‍ഭയം രാജിയുടെ അമ്മയെ അലട്ടുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്ന് സമൂഹത്തിന്റെ അനുമതിയോടുകൂടി നടന്ന വിവാഹമല്ലല്ലോ ഇത്. ചെറുക്കന്റെ യഥാര്‍ഥ മനസ്സ് എന്താണെന്ന് ആരുകണ്ടു? മദ്രാസില്‍ കൊണ്ടുപോയി ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞ് ചെറുക്കന് പെണ്ണിനെ ഉപേക്ഷിച്ചുകളഞ്ഞാലോ? അവള് റോഡിലാകരുത്. അതുകൊണ്ടാണ് പുരുഷന്റെ തന്റേടമുള്ള ആരോഗ്യവതിയായ ഒരു സ്ത്രീയെ വേലക്കാരിയായി കൂടെയയക്കാന് അധ്യാപികകൂടിയായ രാജിയുടെ അമ്മ തീരുമാനിച്ചത്. എന്റെ അഹിതം കണ്ണുകളില്‍നിന്നു മനസ്സിലാക്കിയ രാജി എന്നോട് പതുക്കെ പറഞ്ഞു: ''ഈ സ്ത്രീ വരുന്ന കാര്യം ഞാനും നേരത്തേ അറിഞ്ഞിരുന്നില്ല. അമ്മ പെട്ടെന്ന് തീരുമാനിച്ചതാ. സഹായത്തിന് ഒരാളുണ്ടാകുന്നത് നമുക്കും നല്ലതല്ലേ?''
''നമ്മള് പോകുന്നത് മദ്രാസിലേക്കല്ല. ഈ കാര്‍ മധുരവരെയേ വരൂ. നമ്മുടെ ആദ്യരാത്രി മധുരയിലെ മിഡ്ലാന്‍ഡ് ഹോട്ടലിലാണ്. അവിടെ ഒരു ഡബിള്റൂം മാത്രമേ ബുക്കുചെയ്തിട്ടുള്ളൂ. ഈ സ്ത്രീയെ നമ്മള് എവിടെ കിടത്തും?''
''അവിടെ നമുക്ക് വേറൊരു മുറി കിട്ടത്തില്ലേ?''
''അവിടെ വേറെ മുറി ഒഴിവില്ലെങ്കിലോ?''
''ഒഴിവുണ്ടാകും. ചേട്ടന് വെറുതെ വെഷമിക്കാതെ.''
''നമ്മള് ഇന്നുരാത്രി മധുരയില്‍ താമസിക്കും. നാളെ രാവിലെ മധുര മീനാക്ഷി ക്ഷേത്രത്തില്‍ പോയി തൊഴും. ഉച്ചവരെ നമ്മള് അമ്പലം മുഴുവന്‍ ചുറ്റിനടന്നു കാണും. നാളെ വൈകിട്ട് തിരുവനന്തപുരത്തുനിന്നു വരുന്ന മദ്രാസ് എക്സ്പ്രസില്‍ ഫസ്റ്റ് ക്ലാസില്‍ ഒരു കൂപ്പെ ബുക്കുചെയ്തിട്ടൊണ്ട്. ഇവര്‍ക്കും
ടിക്കറ്റ് വേണ്ടേ? ഇവരുടെ പേരില്‍ ഞാന്‍ ടിക്കറ്റെടുക്കണ്ടേ?''
മുന്‍സീറ്റില്‍ എല്ലാം കേട്ടിരുന്ന സ്ത്രീ പറഞ്ഞു: ''എനിക്ക് ഫസ്റ്റ് ക്ളാസ് ഒന്നും വേണ്ട മോനേ. ട്രെയിന്‍ വിടുന്നതിനുമുന്പ് ഓടിപ്പോയി തേഡ് ക്ലാസില്‍
ഒരു ടിക്കറ്റെടുക്കാന്‍ എന്താ പ്രയാസം? എനിക്ക് റിസര്‍വേഷനും വേണ്ട. ബെര്‍ത്തും വേണ്ട.''
ആ സ്ത്രീ പരിചയസമ്പന്നയാണ്. യാത്രകള്ചെയ്തും അവര്‍ക്കു പരിചയമുണ്ട്.
ഭാഗ്യമെന്നുപറയട്ടെ, മധുരയിലെ മിഡ്ലാന്‍ഡ് ഹോട്ടലില്‍ ഞങ്ങള്‍ക്കുവേണ്ടി നീക്കിവെച്ചിരുന്ന ഡബിള്‍ റൂമിന്റെ തൊട്ടടുത്തുതന്നെ ഞങ്ങളുടെ സഹയാത്രികയ്ക്ക് ഒരു സിംഗിള്‍ റൂം കിട്ടി. കുളിച്ച്, വേഷം മാറി, ഭക്ഷണംകഴിച്ച് ഉറങ്ങുന്നതിനു മുന്‍പ് ഞാന്‍ രാജിയോടു പറഞ്ഞു:
''എനിക്കുവേണ്ടി നീയൊരു സഹായംചെയ്യണം. നമ്മള് ഭാര്യാഭര്ത്താക്കന്മാരാകുന്ന ആദ്യരാത്രിയാണിത്. ഇപ്പോള്‍ നീയൊരു കത്തെഴുതണം.''
''കത്തോ? ആര്‍ക്ക്? ആര്‍ക്കായാലും നാളെ രാവിലെ എഴുതിയാല്‍ പോരേ?''
''പോരാ. നമ്മള് ആദ്യമായി കെട്ടിപ്പിടിച്ചു കിടക്കുന്നതിനു മുന്‍പുതന്നെ നീ ആ എഴുത്തെഴുതിയിരിക്കണം.''
''ആര്‍ക്കാണെന്നു പറ.''
''എഴുതാന്‍ നെനക്ക് ബുദ്ധിമുട്ടുണ്ടാകും. എനിക്കറിയാം. എങ്കിലും എനിക്കുവേണ്ടി നീയത് ചെയ്യണം. നീയെനിക്ക് ആദ്യമായി പ്രേമലേഖനമയച്ചപ്പോള് ഞാന്‍ എന്താ നിന്നോട് പറഞ്ഞത്? ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്, അവളെയേ ഞാന്‍ കല്യാണംകഴിക്കൂ എന്ന്. മറ്റാരെയെങ്കിലും വിവാഹംകഴിക്കാന്‍ ഞാന്‍ നിന്നെ ഉപദേശിക്കുകയുംചെയ്തു. ഇപ്പോള്‍ നീയെന്റെ ഭാര്യയായി. എങ്ങനെ? അവള് എന്നെ വിട്ടുപോയതുകൊണ്ട്. അതിനു നന്ദിപറഞ്ഞുകൊണ്ടുവേണം അവള്‍ക്കെഴുതാന്‍.''
വിഷമത്തോടെയാണെങ്കിലും രാജി എന്റെ ആദ്യകാമുകിക്ക് കത്തെഴുതി. ജീവിതത്തിലുടനീളം ഇങ്ങനെയുള്ള ചില മധുരമുള്ള പ്രതികാരങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അത് ക്രൂരതയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ക്രൂരന്തന്നെ.
എന്റെ പേനകൊണ്ടാണ് രാജി എന്റെ ആദ്യകാമുകിയായ 'സ്നേഹിത'യ്ക്ക് കത്തെഴുതിയത്. അതിനുശേഷം അതേ പേനകൊണ്ട് ഞാനൊരു ഗാനമെഴുതി. 1968 ഡിസംബര്‍ ഒന്നാംതീയതി രാത്രിയില്‍ മധുരയിലെ മിഡ്ലാന്‍ഡ് ഹോട്ടലിലെ മുറിയില്‍വെച്ച് ഞാന്‍ രാജിക്കുവേണ്ടി എഴുതിയ ഗാനം:
മധുര മീനാക്ഷി അനുഗ്രഹിക്കും-നിന്റെ
മാനസവീണയില്‍ ശ്രുതിയുണരും
നിര്‍മലസ്നേഹത്തിന്‍ പൂജാവീഥിയില്‍
നിന്റെ സങ്കല്പങ്ങള് തേര് തെളിക്കും.
(മധുര മീനാക്ഷി...)
പൂവിടാന്‍ ദാഹിച്ചൊരെന്റെ തൈമുല്ലയില്‍
പുലരിയിലിന്നൊരു പൂവിരിഞ്ഞു
എന്നാത്മദാഹത്തിന്‍ ബിന്ദുവാണാ മലര്
എന്‍ പ്രേമസാഫല്യകാന്തിയല്ലോ.
(മധുര മീനാക്ഷി...)
എത്ര ജന്മങ്ങള് കഴിഞ്ഞാലുമീ മോഹ-
സത്യബന്ധത്തിന് ചിറകുകളില്‍
നമ്മളില്‍ നിറയുന്ന സംഗീതസ്വപ്നങ്ങള്‍
ഒന്നായ് പറക്കാന്‍ കൊതിക്കുന്നു ഞാന്‍.
(മധുര മീനാക്ഷി...)
രാജിയുടെ മടിയില്‍ തലവെച്ച് കിടന്നുകൊണ്ട് ഞാന്‍ ആദ്യമായി പാടിയ വരികള്‍. അഞ്ചോ പത്തോ മിനിറ്റുകള്‍കൊണ്ട് മനസ്സിലെഴുതിയ വരികള്‍! പിന്നെയാണ് ആ വരികള്‍ കടലാസിലേക്ക് പകര്‍ത്തിയത്. ഇന്ന് നിങ്ങള്‍ റേഡിയോയിലും മറ്റും കേള്‍ക്കുന്ന 'മധുര മീനാക്ഷി അനുഗ്രഹിക്കും' എന്ന ഗാനത്തില്‍ ദാമ്പത്യബന്ധമല്ല, സഹോദരബന്ധമാണ് ഇതള്‍വിരിയുന്നത്. ഞാന്‍ കഥയും തിരക്കഥയും സംഭാഷണവും പാട്ടുകളുമെഴുതി എന്റെ ഗുരുനാഥനായ പി. സുബ്രഹ്മണ്യം നിര്‍മിച്ച് ബാബു നന്ദന്‍കോട് സംവിധാനംചെയ്ത യൗവനം എന്ന സിനിമയില്‍ 'ഭക്തിഗാനംപോലെ തോന്നിക്കുന്ന' ഒരു നല്ല പാട്ട് വേണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഈ ഗാനം ഞാന്‍ പാടിക്കേള്‍പ്പിച്ചു. അദ്ദേഹത്തിന് പാട്ട് വളരെ ഇഷ്ടപ്പെട്ടു. ''ഭര്‍ത്താവ് ഭാര്യയോട് പറയുന്ന രീതി മാറ്റി ഇതേ ഗാനം സഹോദരി സഹോദരന്റെ മുന്പില് പാടുന്നതുപോലെ മാറ്റിയെഴുതിക്കൂടേ തമ്പീ?'' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ചെറിയ ചില മാറ്റങ്ങള്‍ വരുത്തി അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ സാധിച്ചുകൊടുത്തു. അങ്ങനെയാണ് യൗവനം എന്ന സിനിമയിലെ ഇതേ പല്ലവിയുള്ള ഗാനം പിറന്നത് (സംഗീതം: വി. ദക്ഷിണാമൂര്‍ത്തി. ഗായിക: എസ്. ജാനകി).
അടുത്തദിവസം പ്രഭാതത്തില്‍ കുളിച്ച് വേഷം മാറി മീനാക്ഷീക്ഷേത്രത്തിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്ന പൊന്നമ്മ പറഞ്ഞു: ''ഞാന്‍ അമ്പലത്തിലേക്ക് വരുന്നില്ല. മക്കള്‍ പോയി തൊഴുതിട്ട് വാ. ഞാന്‍ എന്റെ മുറിയില്‍ത്തന്നെ കാണും.''
ഞങ്ങള്‍ ഹോട്ടലില്‍നിന്നിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നു. ആദ്യം കണ്ട തപാല്‍പെട്ടിയില്‍ രാജി 'സ്നേഹിത'യ്ക്കെഴുതിയ എഴുത്ത് നിക്ഷേപിച്ചു. രാജി
അതില്‍ ഒട്ടും സന്തോഷവതിയല്ലെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു.
മീനാക്ഷീദേവിയുടെ വിഗ്രഹത്തിനു മുന്പില് തൊഴുതുനില്ക്കുമ്പോള് രാജിയുടെ കണ്ണുകളില്‍ ഭക്തി ദുഃഖമായി മാറുന്ന കാഴ്ച കണ്ടു. ഞാനാണെങ്കില്‍ മധുരമീനാക്ഷിയുടെ മുഖം മനസ്സിലുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തലേരാത്രിയില്‍ ഞാനെഴുതിയ വരികള്‍ ഓര്‍മിച്ചു. ശരീരമാണല്ലോ യഥാര്‍ഥ ക്ഷേത്രം. നമ്മുടെ ഉള്ളിലുള്ള പ്രപഞ്ചചൈതന്യത്തിന്റെ പ്രതീകം വിഗ്രഹവും. വിഗ്രഹത്തിനുമുന്‍പില്‍ നില്ക്കുമ്പോള് നമ്മള് കൈകൂപ്പി കണ്ണടയ്ക്കുകയല്ലേ ചെയ്യുന്നത്. വിഗ്രഹത്തില്‍ നോക്കിയിട്ട് നമ്മള് നമ്മുടെ ഉള്ളിലേക്ക് നോക്കുന്നു. പ്രപഞ്ചത്തെ നയിക്കുന്ന ശക്തി നമ്മുടെയുള്ളില്‍ത്തന്നെയാണ്, അതുകൊണ്ട്. പക്ഷേ, കൂടുതല്‍ ശ്രദ്ധയോടെ ഉറ്റുനോക്കുമ്പോഴൊക്കെയും മധുരമീനാക്ഷിയുടെ വിഗ്രഹത്തിന്റെ സ്ഥാനത്ത് അമ്മയുടെയും അച്ഛന്റെയും വാവുത്തത്തന്റെയും കൊച്ചാട്ടന്റെയും മുഖങ്ങളാണ് മാറിമാറി തെളിയുന്നത്. അവരെല്ലാവരും മധുരമീനാക്ഷിയുടെ വിഗ്രഹത്തിലൂടെ എന്നോട് പറയുന്നു: ''നീ സ്വാര്‍ഥനാണ്, നന്ദികെട്ടവനാണ്. നിന്നെ ഇന്നത്തെ നീയാക്കി വളര്ത്തിയവരെയെല്ലാം നീ മറന്നു. നിന്റെ സന്തോഷം മാത്രമാണ് നിനക്ക് വലുത്. നീ പ്രണയത്തിന് നല്കുന്ന മൂല്യമാണോ അതോ നിന്നെ വഞ്ചിച്ച സ്നേഹിതയോടുള്ള പകയാണോ നിന്നെ ഇവിടെ എത്തിച്ചത്? ആലോചിച്ചുനോക്ക്.''
ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും എന്റെ കത്ത് കിട്ടിക്കഴിയുമ്പോള്‍ വാവുത്തത്തനില് ഉണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഭയം സ്വസ്ഥത നശിപ്പിച്ചു. കൊച്ചാട്ടന് നേപ്പാളിലാണ് ഇപ്പോഴും. അദ്ദേഹം മടങ്ങിവന്നാല്‍ എന്റെ കത്ത് വായിക്കുന്നതിന് മുന്‍പുതന്നെ എല്ലാം മനസ്സിലാക്കും. രാജി ഇതൊന്നും അറിയുന്നില്ല. എന്റെ മാനസികസംഘട്ടനം അവളറിയാതിരിക്കാന്‍ കൂടെക്കൂടെ അവളെ നോക്കി മന്ദഹസിച്ചുകൊണ്ടിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞപ്പോള്‍ രാജിയുടെ മുഖത്ത് ശാന്തിയുടെ പ്രകാശം പരന്നു. ''ജീവിതത്തില്‍ ഞാന്‍ ഇത്രയും സന്തോഷിച്ച ദിവസമില്ല,'' അവള് പറഞ്ഞു. മീനാക്ഷീക്ഷേത്രത്തിനുള്ളിലും പരിസരപ്രദേശങ്ങളിലും ഞങ്ങള്‍ രണ്ടു കുട്ടികളെപ്പോലെ കൈകോര്‍ത്തുപിടിച്ചു നടന്നു.
രാത്രിയില്‍ തിരുവനന്തപുരത്തുനിന്നു വന്ന മദ്രാസ് എക്സ്പ്രസില്‍ ഞങ്ങള്‍ മദ്രാസിലേക്ക് യാത്രതിരിച്ചു. ഞാനും രാജിയും ഫസ്റ്റ് ക്ലാസ് കൂപ്പെയിലും പൊന്നമ്മ തേഡ് ക്ലാസിലും. മങ്ങിയ നീലവെളിച്ചം മാത്രം നിറഞ്ഞ ആ കൂപ്പെയിലെ യാത്രയെക്കുറിച്ച് ഞാനൊരു ഗദ്യകവിതയെഴുതി. എന്റെ ശീര്‍ഷകമില്ലാത്ത കവിതകള്‍ എന്ന സമാഹാരത്തില്‍ ആ കവിതയുണ്ട്.
നീലപ്പാവാടയണിഞ്ഞ
നിശ്ശബ്ദയായ പെണ്‍കുട്ടി
അവള് പാടാതെ പാടുന്നു
ആ നിശ്ശബ്ദതയല്ലേ സംഗീതം?
അവള് ആടാതെയാടുന്നു
ആ ചലനമല്ലേ മോഹിനിയാട്ടം?
നീലമലിഞ്ഞിറങ്ങിയ വാര്‍മുടിയില്‍
നിശീഥിനിയുടെ വസന്തങ്ങളെല്ലാം
വാരിച്ചൂടിയ നിഖിലേശ്വരി
അവള്‍ക്ക് എന്നും കൗമാരമാകുന്നു
അവള്‍ക്ക് എല്ലാ നിറങ്ങളും
നീലയാകുന്നു
അവള് ഏകാന്തതയുടെ ധ്യാനമാണ്
അവള് രഹസ്യത്തിന്റെ സൗന്ദര്യമാണ്
അവള് സ്നേഹമാണ്; ദുഃഖമാണ്
അവ രണ്ടും ലയിക്കുന്ന കാമമാണ്.
ഇങ്ങനെ ആരംഭിക്കുന്ന സാമാന്യം ദീര്‍ഘമായ ഗദ്യകവിതയാണത്.
ഞങ്ങള്‍ താണ്ടവരായന് സ്ട്രീറ്റിലെ പതിനേഴാം നമ്പര്‍ വീട്ടില്‍ താമസം തുടങ്ങി. ഞാന്‍ വിവാഹിതനാകുന്നുവെന്നറിഞ്ഞപ്പോള് കൂടെ താമസിച്ചിരുന്ന മാധവന്‍കുട്ടിയും സോമനും മറ്റൊരു മുറിയെടുത്ത് താമസം മാറ്റിയിരുന്നു. പൊന്നമ്മ എന്ന സ്ത്രീ ഒരു വേലക്കാരിയെപ്പോലെയല്ല, ഞങ്ങളിലൊരാളിന്റെ അമ്മയാണെന്ന ഭാവത്തിലാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ചിലപ്പോള്‍ അവര്‍ എന്റെയമ്മയാകും. മറ്റുചിലപ്പോള്‍ രാജിയുടെ അമ്മയായി മാറും. സ്ത്രീയുടെ മുന്നേറ്റം, സ്ത്രീയുടെ സ്വത്വം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ പൊന്നമ്മ എന്ന സ്ത്രീയുടെ മുഖം ഓര്‍മിക്കും. തെറ്റായ ഒരു വാക്കു പ്രയോഗിച്ചതിന്റെ പേരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീയാണവര്.
ഞങ്ങള്‍ വളരെ ലളിതമായ കുടുംബജീവിതം തുടങ്ങി. നൂറ്റിയന്പതു രൂപ വീട്ടുവാടക, പൊന്നമ്മയുടെ ശമ്പളം അന്‍പതു രൂപ. ഇരുനൂറു രൂപ വീട്ടുചെലവുകള്‍ക്ക്. നാനൂറു രൂപയുണ്ടെങ്കില്‍ ഒരുമാസം തള്ളിനീക്കാം. പാട്ടുകളെഴുതാന്‍ പടങ്ങള്‍ കിട്ടിയില്ലെങ്കിലും, രണ്ടു വാട്ടര്‍ടാങ്കുകള്‍ ഡിസൈന്‍ ചെയ്താല്‍ മതി. പക്ഷേ, ഒരു ചെറിയ തുകയെങ്കിലും അമ്മയുടെ പേരില്‍ മണിയോര്‍ഡര്‍ അയയ്ക്കണം. ഇതുവരെ അത് തെറ്റിച്ചിട്ടില്ല. അതുകൊണ്ട് വരുമാനം കൂടുകതന്നെ വേണം. പ്രണയം മനോഹരമായ സങ്കല്പമാണ്. പക്ഷേ, ദാമ്പത്യം സത്യമാണ്.
'സത്യമാണ് സൗന്ദര്യം; സൗന്ദര്യം സത്യവും' എന്ന് ഇരുപത്തിനാലു വയസ്സുവരെ മാത്രം ജീവിച്ച കവി ജോണ്‍ കീറ്റ്സ് പാടിയിട്ടുണ്ട്. എന്നാല്‍ സത്യം ചിലപ്പോള്‍ വൈരൂപ്യമായും മാറും.
വിവാഹത്തിന് മുന്‍പുതന്നെ നിര്‍മാതാക്കള്‍ക്കിടയില്‍ 'പിടിവാശിക്കാരന്‍' എന്ന പേര് ഞാന്‍ നേടിയെടുത്തുകഴിഞ്ഞിരുന്നു. ''ആ വരി മാറ്റണം; ആ വാക്കു വേണ്ട'' എന്നെല്ലാം ചില നിര്‍മാതാക്കള്‍ പറയുമ്പോള്‍ ''എന്തിന്? എന്തുകൊണ്ട്?'' എന്നൊക്കെ ഞാന്‍ തിരിച്ചു ചോദിക്കും.
ചിത്രമേളയിലെ പാട്ടുകള്‍ അനന്യസാധാരണമാംവണ്ണം ജനപ്രീതി നേടിക്കഴിഞ്ഞപ്പോഴാണ് ആ പാട്ടുകള്‍ക്ക് അതിമനോഹരങ്ങളായ ഈണങ്ങള്‍ നല്കിയ ദേവരാജന്മാസ്റ്റര് ''ഇനി ഞാന്‍ തമ്പിയുടെ പാട്ടുകള്‍ ട്യൂണ്‍ ചെയ്യുകയില്ല'' എന്നു പ്രഖ്യാപിച്ചത്. 'ചിത്രമേളയിലെ ടീമിനെ നമ്മുടെ പടത്തിലും ഉള്പ്പെടുത്തിയാലെന്ത്' എന്ന് പല നിര്‍മാതാക്കളും ചിന്തിക്കുന്ന സമയമായിരുന്നു അത്. ഞാന്‍ പുതിയ ആളായതുകൊണ്ട് ആ നിര്‍മാതാക്കള്‍ ആദ്യം കാണുന്നത് ദേവരാജന്‍ മാസ്റ്ററെയായിരിക്കും.
''ആ പയ്യന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യത്തില്ല'' എന്ന് ദേവരാജന്‍ മാസ്റ്റര്‍ വെട്ടിത്തുറന്നുപറയും. അതോടെ നിര്‍മാതാക്കള്‍ എന്റെ പേര് അവരുടെ മനസ്സില്‍നിന്ന് മായ്ച്ചുകളയും. അങ്ങനെ അനേകം പടങ്ങള്‍ എനിക്ക് നഷ്ടമായി. ദേവരാജന്‍ മാസ്റ്റര്‍ ഇങ്ങനെ ചെയ്യുന്ന കാര്യം ആദ്യമൊന്നും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. മാസ്റ്ററുടെ സഹപാഠികൂടിയായ ബാല്ത്തസാറിനോടും മാസ്റ്റര്‍ ഇങ്ങനെ പറഞ്ഞപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്.
എം.ഒ. ജോസഫും ബാല്‍ത്തസാറും അദ്ദേഹത്തിന്റെ ബന്ധുവായ എന്‍.വി. ജോസഫും ചേര്‍ന്ന് നവജീവന്‍ ഫിലിംസിന്റെ പേരില്‍ രണ്ടു സിനിമകള്‍ നിര്‍മിച്ചു. നാടന്‍പെണ്ണ്, തോക്കുകള്‍ കഥപറയുന്നു എന്നിവയാണ് ആ ചിത്രങ്ങള്‍. പരിചയസമ്പന്നനായ എം.ഒ. ജോസഫ് നിര്‍മാണത്തില്‍ ശ്രദ്ധിക്കും. ബാല്‍ത്തസാറും എന്‍.വി. ജോസഫും പണം മുടക്കും. എന്നാല്‍, മൂന്നാമത്തെ സിനിമയായി മലയാറ്റൂരിന്റെ യക്ഷി എന്ന കഥയെടുക്കാന്‍ ജോസഫ് ഏകപക്ഷീയമായി തീരുമാനിച്ചപ്പോള്‍ മറ്റുരണ്ടുപേരും അതിനെ എതിര്‍ത്തു. അപ്പോഴേക്കും ജോസഫ് വിതരണക്കാരായ വിമലാ ഫിലിംസുമായി ഏറെ അടുത്തുകഴിഞ്ഞിരുന്നു. ജോസഫ് തനിച്ച് യക്ഷി സിനിമയാക്കിയാല്‍ നിര്‍മാണച്ചെലവ് മുഴുവന്‍ അഡ്വാന്‍സായി നല്‍കാമെന്ന് വിതരണക്കാര്‍ ഉറപ്പുകൊടുത്തു. അങ്ങനെയാണ് എം.ഒ. ജോസഫിന്റേതു മാത്രമായി മഞ്ഞിലാസ് എന്ന ബാനര്‍ ഉയര്‍ന്നത്.
നവജീവന്‍ ഫിലിംസ് മുട്ടത്തു വര്‍ക്കിയുടെ വെളുത്ത കത്രീന എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. ഗാനങ്ങളെഴുതാന്‍ ബാല്‍ത്തസാര്‍ എന്നോടാവശ്യപ്പെട്ടു. ''സംഗീതസംവിധായകനായി ആരു വേണം?'' എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ''ദേവരാജന്‍ മാസ്റ്റര്‍ മതി'' എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അര്‍ഥഗര്‍ഭമായി ചിരിച്ച് ബാല്‍ത്തസാര്‍ പറഞ്ഞു:
''തമ്പിക്ക് ദേവരാജന്‍ മതി. പക്ഷേ, ദേവരാജന്‍ തമ്പിയെ വേണ്ട. അയാള്‍ ഇനി മേലില്‍ തമ്പിയുടെ പാട്ട് ട്യൂണ്‍ ചെയ്യത്തില്ലെന്നാ പറയുന്നെ.''
''ഞാനെന്തു തെറ്റുചെയ്തു?''
''അത് തമ്പി ദേവരാജനോടുതന്നെ ചോദിക്ക്. എനിക്ക് നിങ്ങളെ രണ്ടുപേരെയും വേണം.''
ഞാന്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് ഫോണ്‍ചെയ്തു:
''ഞാന്‍ എന്ത് തെറ്റുചെയ്തിട്ടാ മാസ്റ്റര്‍ എന്നെ എതിര്‍ക്കുന്നത്? ചിത്രമേളയിലെ എട്ടുപാട്ടുകളും ഹിറ്റായില്ലേ?''
അപ്പോള്‍ മാസ്റ്ററുടെ അദ്ഭുതകരമായ മറുപടിയിങ്ങനെ:
''ഹിറ്റായതാണ് കുഴപ്പം. ഞാന്‍ ഇപ്പോള്‍ കുട്ടനുമായി ഒരു ടീമായി വര്‍ക്കുചെയ്യുന്നു. ചിത്രമേളപോലെ കൂടുതല്‍ പടങ്ങള്‍ വന്നാല്‍ അത് കുട്ടന് ദോഷംചെയ്യും.''
കുട്ടന് എന്നാണ് അടുത്ത മിത്രങ്ങള്‍ വയലാര്‍ രാമവര്‍മയെ വിളിക്കുന്നത്. ''വയലാര്‍ എവിടെ? ഞാനെവിടെ? മാസ്റ്റര്‍ എന്തിനാ ഞങ്ങളെ താരതമ്യംചെയ്യുന്നെ? അദ്ദേഹം മഹാകവിയല്ലേ? എന്റെ കവിതാസമാഹാരത്തിന് അവതാരികയെഴുതിയത് അദ്ദേഹമാണ്. പി. ഭാസ്കരന് മാസ്റ്ററുടെ പാട്ടുകളും മാസ്റ്റര്‍ ട്യൂണ്‍ ചെയ്യുന്നില്ലേ?''
''പി. ഭാസ്കരനും നീയും ഒരുപോലാണോ? വയലാറിന്റെയും ഭാസ്കരന്മാസ്റ്ററുടെയും പാട്ടുകള്‍ ഞാന്‍ ചിട്ടപ്പെടുത്തും. നീ ഇന്നലെ വന്ന ചെറുക്കന്!''
എനിക്ക് ദേഷ്യം വന്നു: ''എന്നെ നീയെന്നു വിളിക്കരുത്. തമ്പി എന്നു വിളിക്കാം. ഇല്ലെങ്കില്‍ താന്‍ എന്നു വിളിക്കാം.''
ദേവരാജന്‍ മാസ്റ്റര്‍ ഉച്ചത്തില്‍ പറഞ്ഞു:
''ഇതുകൊണ്ടുകൂടിയാ ഞാന്‍ തന്റെ വരികള്‍ എനിക്ക് വേണ്ടെന്നു പറഞ്ഞത്. താന്‍ ഒരു ധിക്കാരിയാ.''
എന്റെ ഹൃദയം തകര്‍ന്നു. ഇനി എനിക്ക് താഴാന്‍ സ്ഥലമില്ല. ശിരസ്സില്‍ ചവിട്ടുമ്പോള്‍ പാതാളത്തിലേക്കു പോകാന്‍ ഞാന്‍ മഹാബലിയല്ല, ദേവരാജന്മാസ്റ്റര് മഹാവിഷ്ണുവിന്റെ അവതാരമായ വാമനനുമല്ല.
ഞാന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു:
''പരവൂര്‍ ദേവരാജന്‍ എന്ന വലിയ ധിക്കാരി ജീവിക്കുന്ന ഈ ഭൂമിയില്‍ ശ്രീകുമാരന്‍ തമ്പി എന്ന കൊച്ചുധിക്കാരിക്കും നില്ക്കാന് അല്പം സ്ഥലം കിട്ടും. മാസ്റ്റര്‍ക്ക് മാസ്റ്ററുടെ ഈണങ്ങളിലുള്ള വിശ്വാസം എന്റെ വരികളില്‍ എനിക്കുമുണ്ട്. നിങ്ങളുടെ ഹാര്‍മോണിയം വായിക്കുന്ന പയ്യന് ട്യൂണ്ചെയ്താലും
എന്റെ പാട്ടു ഹിറ്റാകും.''
അങ്ങനെ പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. വീണ്ടും ബാല്‍ത്തസാര്‍ പഴയ സഹപാഠി എന്ന സ്ഥാനം ഉപയോഗിച്ച് മാസ്റ്ററോട് അപേക്ഷിച്ചപ്പോള്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഈ ഒരു പടംകൂടി എന്നോടൊപ്പം ചെയ്യാമെന്ന് മാസ്റ്റര്‍ സമ്മതിച്ചു. ദേവരാജന്‍ മാസ്റ്റര്‍ മുന്നോട്ടുവെച്ച മൂന്നു വ്യവസ്ഥകള്‍ താഴെ പറയുന്നവയാണ്: വ്യവസ്ഥ ഒന്ന്- പാട്ടുകള്‍ എഴുതിവാങ്ങി ബാല്‍ത്തസാര്‍ എന്റെ കൈയില്‍ തരണം. ആ ചെറുക്കന് എന്റെ മുന്പില് വരാന്‍ പാടില്ല.
വ്യവസ്ഥ രണ്ട്- പാട്ടുകള്‍ റെക്കോഡുചെയ്യുമ്പോള്‍ അയാള്‍ തിയേറ്ററില്‍ വന്നോട്ടെ. പക്ഷേ, എന്നോട് ട്യൂണിനെപ്പറ്റി അഭിപ്രായം പറയാന്‍ പാടില്ല.
വ്യവസ്ഥ മൂന്ന്- ഇനി ബാല്‍ത്തസാര്‍ നിര്‍മിക്കുന്ന എല്ലാ പടങ്ങളിലും വയലാറിനെക്കൊണ്ടു മാത്രമേ പാട്ടുകള്‍ എഴുതിക്കാന്‍ പാടുള്ളൂ. തമ്പിയെക്കൊണ്ട് ഒരു പാട്ടുപോലും എഴുതിക്കരുത്.
ബാല്‍ത്തസാര്‍ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു. പിന്നീട് അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ഒരിക്കലും ഞാന്‍ പി. ബാല്‍ത്തസാര്‍ നിര്‍മിച്ച പടങ്ങള്‍ക്ക് പാട്ടുകളെഴുതിയിട്ടില്ല. അങ്ങനെ 1968-ല്‍ത്തന്നെ വെളുത്ത കത്രീന പുറത്തുവന്നു. അദ്ഭുതം! ഒട്ടും താത്പര്യം പുറമേ പ്രകടിപ്പിക്കാതെ എന്റെ വരികളെ അദ്ദേഹം സമീപിച്ചിട്ടും എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകളായി. ദേവരാജന്‍ മാസ്റ്റര്‍ എന്ന സംഗീതജ്ഞന്റെ മഹത്ത്വമെന്താണെന്നു ഞാന്‍ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഈണങ്ങളോട് എനിക്കുള്ള ആരാധന ഏറുകയുംചെയ്തു. കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍, പൂജാപുഷ്പമേ പൂഴിയില്‍ വീണ പൂജാപുഷ്പമേ, പ്രഭാതം വിടരും പ്രദോഷം വിടരും പ്രതീചി രണ്ടും കണ്ടുനില്ക്കും, പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി പവിഴമല്ലിയുറങ്ങി, മകരം പോയിട്ടും മാടമുണര്‍ന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ... തുടങ്ങിയ ഗാനങ്ങള്‍! അപമാനിതനായ എന്റെ ഹൃദയവേദന 'പ്രഭാതം വിടരും...' എന്ന ഗാനത്തില്‍ പ്രതിഫലിക്കുകയും അത് ദേവരാജന്‍ മാസ്റ്റര്‍ മനോഹരമായി ചിട്ടപ്പെടുത്തുകയുംചെയ്തു. ആ വരികള്‍ ഇങ്ങനെ:
മദഘോഷം മുഴക്കും മഴമേഘജാലം
മിഴിനീരായൊടുവില് വീണൊഴിയും.
ഒരുനാളില്‍ വളരും, മറുനാളില്‍ തളരും
ഓരോ ശക്തിയും മണ്ണില്‍.
വെളുത്ത കത്രീന പുറത്തുവന്നതിനുശേഷമായിരുന്നു എന്റെ വിവാഹം. എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും ഗാനരചനാരംഗത്ത് അതിശീഘ്രം ഞാന്‍ മുന്നേറുകയായിരുന്നുവെന്നതില് സംശയമില്ല. രംഗപ്രവേശംചെയ്ത 1966-ല്‍ രണ്ടു ചിത്രങ്ങള്‍ (കാട്ടുമല്ലിക, പ്രിയതമ). അടുത്തവര്‍ഷവും (1967) രണ്ടുചിത്രങ്ങള്‍ (ചിത്രമേള, കൊച്ചിന് എക്സ്പ്രസ്). ചിത്രമേള വന്നതിനുശേഷം 1968-ല്‍ ആറു ചിത്രങ്ങള്‍: കടല്‍, പാടുന്ന പുഴ, ലവ് ഇന്‍ കേരള, മിടുമിടുക്കി, വെളുത്ത കത്രീന, ഭാര്യമാര്‍ സൂക്ഷിക്കുക. ആറു പടങ്ങളിലും സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍. തീര്‍ച്ചയായും വളരുകയാണ്. എങ്കിലും ദാമ്പത്യജീവിതം തുടങ്ങിയപ്പോള്‍ ഭാവിയെക്കുറിച്ച് ഞാന്‍ കൂടുതല്‍ ഉത്കണ്ഠാകുലനായി. സിനിമയെ മാത്രം ആശ്രയിക്കാതെ ജീവിതത്തില്‍ പിടിച്ചുനില്ക്കാന് ഒരു മാര്‍ഗം കണ്ടെത്തണം. ഞാന്‍ അതിനുള്ള വഴികള്‍ ആരാഞ്ഞുതുടങ്ങി.
എന്റെ പ്രണയവിവാഹം കരിമ്പാലേത്ത് കുടുംബത്തില്‍ മാത്രമല്ല, നാട്ടില്‍മുഴുവന്‍ ഒരു നടുക്കംതന്നെ സൃഷ്ടിച്ചു. എന്റെ കത്തുകള്‍ വായിച്ച ബന്ധുക്കള്‍ക്കു പുറമേ നാട്ടുകാരും അവരുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പത്രങ്ങളില്‍ വിവരങ്ങളൊന്നും വരാത്തതുകൊണ്ട് ജനങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട എല്ലാ വാര്‍ത്തകള്‍ക്കും പെട്ടെന്ന് പ്രചാരം ലഭിച്ചു. 'കരിമ്പാലേത്തെ കൊച്ചുതമ്പി ഒരുപാട് പ്രായമുള്ള ഒരു പിന്നണിഗായികയെ കല്യാണംകഴിച്ചു' എന്ന് ഒരു കൂട്ടര് (യഥാര്‍ഥത്തില്‍ രാജിക്ക് എന്നെക്കാള്‍ എട്ടുവയസ്സ് കുറവാണ്). 'കൊച്ചുതമ്പി വേറെ ജാതിയില്‍പ്പെട്ട ഒരു പെണ്ണിനെ കെട്ടി' എന്ന് മറ്റൊരു കൂട്ടര്. 'അദ്ദേഹം പാട്ടെഴുതിയ കാട്ടുമല്ലികയില് അഭിനയിച്ച തെലുങ്കുനടിയെയാണ് വിവാഹംകഴിച്ചത്' എന്ന് മറ്റുചിലര്‍.
ഇതിനിടയില്‍ ചെയ്ത തെറ്റിന് മാപ്പുചോദിച്ചുകൊണ്ട് ഞാന്‍ വാവുത്തത്തനും കൊച്ചാട്ടനും പിന്നെയും പിന്നെയും എഴുത്തുകളയച്ചുകൊണ്ടിരുന്നു. മറുപടി കിട്ടിയില്ല. എന്റെ തെറ്റുകള്‍ പെട്ടെന്നു മറക്കുന്ന കൊച്ചാട്ടനും ഈ വലിയ തെറ്റ് മറക്കാന്‍ തയ്യാറായില്ല. വാവുത്തത്തന് ക്ഷിപ്രകോപിയാണല്ലോ. ''നമ്മള് അവനെ പടിയടച്ച് പിണ്ഡംവെച്ചു. ഇനി കരിമ്പാലേത്ത് വീടുമായി അവന് ഒരു ബന്ധവുമില്ല'' എന്നായിരുന്നു വാവുത്തത്തന്റെ ആദ്യത്തെ പ്രതികരണം.
അപ്പോള്‍ അമ്മ പറഞ്ഞു:
''എനിക്ക് അങ്ങനെ പറയാന്‍ പറ്റത്തില്ല. അവനെയും ഞാനാ പെറ്റത്. നീ നെനക്കിഷ്ടപ്പെട്ട പെണ്ണിനെയല്ലിയോ കെട്ടിയത്? തങ്കമണിയെ നെനക്കുവേണ്ടി ഞാന്‍ കണ്ടുപിടിക്കുവാരുന്നോ? അല്ലല്ലോ. നീ നിശ്ചയിച്ചു, ഞാന്‍ നിന്റെ കൂടെ നിന്നു. അതല്ലിയോ സത്യം?''

അതിനെത്തുടര്‍ന്ന് അമ്മയും വാവുത്തത്തനും തമ്മില്‍ വാക്കുതര്‍ക്കമായി. വാവുത്തത്തന് വീട്ടില്‍നിന്നിറങ്ങിപ്പോയി. ഇതെല്ലാം അമ്മ തന്റെ ചെറിയ, ചരിഞ്ഞ, അക്ഷരങ്ങളില്‍ എനിക്കെഴുതിയ എഴുത്തുകളില്‍നിന്നാണ് ഞാനറിഞ്ഞത്.
ഒരുദിവസം ഞാന്‍ രാജിയോടു പറഞ്ഞു: ''എനിക്ക് ഈ ഭൂമിയില്‍ ഏറ്റവും വലുത് എന്റെ അമ്മയാണ്. അമ്മേടെ അനുവാദം വാങ്ങിയതിനുശേഷമാ ഞാന്‍ നിന്നെ സ്വീകരിച്ചത്. അമ്മയ്ക്ക് രഹസ്യമായി ദക്ഷിണ കൊടുത്തതിനുശേഷമാ നിന്റെ കഴുത്തില്‍ താലികെട്ടിയെ... ഒരിക്കലും അമ്മയെ വേദനിപ്പിക്കുന്ന
ഒരു പ്രവൃത്തിയും നിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ.''
''അതെനിക്കറിയാം,'' രാജി പറഞ്ഞു.
''എങ്കില്‍ നീ അമ്മയ്ക്ക് ഒരു കത്തയക്കണം.''
''അയ്യോ. അമ്മയ്ക്കതിഷ്ടപ്പെടുമോ? അമ്മ അത് അവിവേകമായി കരുതിയാലോ...''
''ഒരിക്കലുമില്ല. എന്റെ അമ്മയെ എനിക്കറിയാം. നിന്റെ എഴുത്തു കണ്ടാല്‍ അമ്മയ്ക്ക് സന്തോഷമാകും.''
രാജി കത്തെഴുതി. വെട്ടിയും തിരുത്തിയും അവള് വീണ്ടും വീണ്ടും എഴുതുന്നത് ഞാന്‍ നോക്കിയിരുന്നു.
''നീ വെറുതേ എന്റമ്മയെ ഭയപ്പെടുന്നു. ചെരുപ്പുപോലുമിടാതെ മണ്ണില്‍ ചവിട്ടി നില്ക്കുന്ന ഒരു സാധാരണ സ്ത്രീയാണ് എന്റെയമ്മ.''
രാജി അമ്മയ്ക്ക് കത്തയച്ചു. പത്തുദിവസം കഴിഞ്ഞപ്പോള്‍ രാജിക്ക് അമ്മയുടെ മറുപടി വന്നു. അതുവായിച്ച് സന്തോഷാധിക്യത്താല്‍ രാജിയുടെ കണ്ണുകള്‍ നിറഞ്ഞു.
'പ്രിയപ്പെട്ട മകള്‍ രാജിക്ക്,
രാജി അയച്ച എഴുത്തു കിട്ടി. അമ്മയ്ക്ക് സന്തോഷമായി. എന്റെ മകന് നിന്നെ ഇഷ്ടപ്പെട്ടു. അവന് രഹസ്യമായി ആ കാര്യം എന്നോടു പറഞ്ഞു. മറ്റാരോടും അവന് പറഞ്ഞില്ലെങ്കിലും എന്റെ സമ്മതം വാങ്ങിയതിനുശേഷമാ അവന് നിന്നെ ഭാര്യയാക്കിയത്. ഇപ്പോള്‍ നീ എന്റെ മകളായിക്കഴിഞ്ഞു. നിന്റെ അമ്മയെ കാണാന്‍ ഏതുനിമിഷവും നിനക്കിവിടെ വരാം. എത്രയും പെട്ടെന്ന് എനിക്കു നിന്നെ കാണണം. ഇത് എന്റെ വീടാണ്. ഇവിടെ വരാന്‍ നീ ആരെയും പേടിക്കേണ്ട കാര്യമില്ല. നീ ശ്രീമാരനെ പറഞ്ഞുമനസ്സിലാക്കണം. അവനെയുംകൂട്ടി എത്രയുംവേഗം നീ ഹരിപ്പാട്ടെത്തണം.
എന്ന് സ്വന്തം അമ്മ.'
അമ്മയുടെ കത്ത് ഞാന്‍ പ്രതീക്ഷിച്ചതുപോലെതന്നെയായിരുന്നു. എന്റെ അമ്മയെ എനിക്കും എന്നെ എന്റെ അമ്മയ്ക്കും നന്നായറിയാം.
അമ്മയില്‍നിന്നും തുടങ്ങാതെയെങ്ങനെ?
ഉണ്മയെപ്പറ്റി ഞാന്‍ പാടും?
ആ സ്നേഹദുഗ്ധം നുകരാതെയെങ്ങനെ
നന്മയെപ്പറ്റി ഞാന്‍ പാടും?
കണ്ണിലിരുള്വന്നു മൂടുന്നനേരത്ത്
കാഴ്ചയാകുന്നിതെന്നമ്മ
വീഴ്ചയില്നിന്നെന്നെ വീണ്ടുമുയര്‍ത്തുവാന്‍
കാണാക്കരംനീട്ടുമമ്മ
പാഴ്ക്കുണ്ടിലേക്കെന്റെ പാദം ചലിക്കുമ്പോള്‍
പാടില്ലെന്നോതുന്നെന്നമ്മ
പാതിരാനോവില് ഉറങ്ങാതെ മാഴ്കുമ്പോള്‍
താരാട്ടായ് മാറുന്നെന്നമ്മ.
അമ്മയില്‍നിന്നും തുടങ്ങാതെയെങ്ങനെ
ഇമ്മഹിയെപ്പറ്റി പാടും?
അമ്മയും ഭൂമിയുമൊന്നെന്നൊരദ്വൈത-
സംഗീതമാകട്ടെന് ജീവന്
നോവുമോരോ മാതൃചിത്തത്തിലും ശാന്തി-
ദൂതായ് തുടിക്കട്ടെന് ഗാനം.
എന്നമ്മ, നിന്നമ്മ,യന്യന്റെയമ്മയെ-
ന്നില്ലല്ലോ; സര്വമൊരമ്മ!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..