കൊല്ലാന്‍ അവര്‍ ശ്രമിക്കുന്നു; ചാകാതിരിക്കാന്‍ ജമ്മുവിലെ ജനങ്ങളും...സോര്‍ബയോടൊപ്പമുള്ള സഞ്ചാരങ്ങള്‍


ശ്രീകാന്ത് കോട്ടക്കല്‍

'ഞങ്ങള്‍ രാത്രി ഉറങ്ങാറില്ല. ഏതുസമയത്തും പാക് ഷെല്‍ വീടിനകത്തോ പുറത്തോ വന്നു വീഴാം. ഞങ്ങള്‍ മരിക്കാം. ഞങ്ങളുടെ കുട്ടികളും. എല്ലാം സഹിക്കുന്നു. അവരുടെ വിദ്യാഭ്യാസം തകര്‍ക്കപ്പെടുന്നു. മാനസികമായി അവരെ ഈ അവസ്ഥ ബാധിക്കുന്നുണ്ട്,

ഫോട്ടോ: പി.ടി.ഐ

ശ്രീകാന്ത് കോട്ടക്കല്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സോര്‍ബയോടൊപ്പമുള്ള സഞ്ചാരങ്ങള്‍' എന്ന പുസ്തകം യാത്രകളുടെ പുസ്തകമാണ്. നാടും നഗരവും കണ്ട ജീവിതങ്ങള്‍, അതിജീവനങ്ങള്‍, കൗതുങ്ങള്‍ തുടങ്ങി ഈ പുസ്തകം മനുഷ്യന്റെയും മണ്ണിന്റെയും ഗന്ധം പരത്തുന്നുണ്ട്. പുസ്തകത്തിലെ ബോബിയ: The Last Pots എന്ന അധ്യായം വായിക്കാം.

തിരാവിലെ, അഞ്ചുമണിക്കുതന്നെ ജമ്മുവില്‍ പകല്‍ പ്രകാശിച്ചുതുടങ്ങിയിരുന്നു. ആളനക്കങ്ങളിലൂടെ അങ്ങാടികള്‍ ഉണരുന്നു. താരതമ്യേന മുഷിഞ്ഞ ഒരു പട്ടണമായതിനാലാവാം പ്രഭാതസവാരിക്കാരുടെ പരക്കംപാച്ചിലുകള്‍ റോഡിലില്ല. പച്ച ജിപ്‌സി ജീപ്പിന്റെ മുന്നിലും പിന്നിലും ഇരിപ്പുറപ്പിച്ച തോക്കുധാരികളായ പട്ടാളക്കാരുടെ അകമ്പടിയില്‍ ഇന്ത്യ പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിപ്രദേശമായ സാംബയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പട്ടണത്തിന്റെ പരുക്കന്‍ കെട്ടുപാടുകള്‍ പെട്ടെന്ന് അഴിഞ്ഞഴിഞ്ഞുപോയി. പകരം ഇരുവശത്തും മലഞ്ചെരിവുകളും ചെറുവനങ്ങളും പുല്‍മേടുകളും തരിശുഭൂമികളും ഉഗ്രഗ്രീഷ്മത്തില്‍ ജലം വാര്‍ന്ന നദീപഥങ്ങളും വന്നു. പാലത്തിനു ചുവടെ ചാരനിറത്തിലുള്ള ഉരുളന്‍കല്ലുകള്‍ ചിതറി ബസന്തര്‍ നദി, ഒരു തുള്ളി വെള്ളംപോലുമില്ലാതെ. 1971ലെ മഞ്ഞുമാസത്തില്‍ ബസന്തര്‍ യുദ്ധം (Battle of Basanthar) നടന്നത് ഇവിടെ വെച്ചാണ്. ഈ നദീതടത്തില്‍വെച്ച്, ഇന്ത്യയുടെ 17 പുണെ ഹോഴ്‌സിലെ സെക്കന്‍ഡ് ലെഫ്റ്റനന്റ് അരുണ്‍ ഖത്തര്‍പാല്‍ സ്വന്തം ജീവന്‍ നല്കി പാകിസ്താന്റെ പത്ത് ടാങ്കുകള്‍ തകര്‍ത്തു.

ഖത്തര്‍പാലിനെ ഓര്‍ക്കാതെ ഈ പാലം കടക്കുക വയ്യ. അതു പറഞ്ഞപ്പോള്‍, ജീപ്പിന്റെ മുന്‍സീറ്റിലിരുന്ന സര്‍ദാര്‍ജി പട്ടാളക്കാരന്റെ ശബ്ദത്തിന് കൂടുതല്‍ മുഴക്കം വെച്ചു. അയാള്‍ തന്റെ മീശയുടെ ഇരുവശവും ഇടതു കൈയുടെ തള്ളവിരല്‍കൊണ്ട് ഒന്നുകൂടി ഉശിരോടെ മുകളിലേക്ക് തള്ളിക്കയറ്റി. ദൂരം പോകെ, ചെറുതാഴ്‌വരകളും വയലുകളും. അവിടെ പുല്ലും കാട്ടുകമ്പുകളും ചേര്‍ത്തു പണിത താത്കാലിക കുടിലുകള്‍. അതിന്റെ ചുറ്റിലും എരുമകളും ആടുകളുമടങ്ങിയ കാലിക്കൂട്ടം, അര്‍ധനഗ്നരായ കുട്ടികള്‍. കാലിമേച്ച് താഴ്‌വരകളില്‍നിന്ന് താഴ്‌വരകളിലേക്ക് അലയുന്ന ഗുജര്‍ വിഭാഗക്കാരാണ് ഇവര്‍. തുടര്‍ന്നുള്ള വഴികളില്‍ പലയിടത്തും ഇവരെ കണ്ടു. ഇന്ത്യന്‍ പട്ടാളം ഇപ്പോള്‍ ഇവരെ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ജമ്മുവഴിയുള്ള പാക് നുഴഞ്ഞുകയറ്റം കൂടിയതോടെയാണിത്. അവര്‍പോലുമറിയാതെ പാവം ഗുജറുകള്‍ പലപ്പോഴും നുഴഞ്ഞുകയറ്റത്തിന് മറയാക്കപ്പെടുന്നു. പകല്‍ മുഴുവന്‍ കാലികളെ മേച്ച് അലയാതെ ജീവിതം അസാധ്യമായതിനാല്‍ വേണമെന്നു വിചാരിച്ചാല്‍പ്പോലും വിദ്യാഭ്യാസം ഇവര്‍ക്ക് അപ്രാപ്യമാണ്. എന്നും അലയാന്‍ വിധിക്കപ്പെട്ടവന് എന്ത് അധ്യയനം? അതുകൊണ്ട്, ഇപ്പോള്‍ പട്ടാളം കുന്നരങ്ങളില്‍ ഇവരുടെ കുടിലുകളില്‍ എത്തുന്നു, കുട്ടികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നു, കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നു. തോളില്‍ ലൈറ്റ് മെഷീന്‍ ഗണ്ണും കൈയില്‍ ചോക്കും പെന്‍സിലുമായി ജീവിക്കുന്ന പട്ടാളക്കാര്‍ ഇപ്പോള്‍ സാംബയിലുണ്ട്.

രാവിലെ ആറര കഴിഞ്ഞപ്പോഴേക്കും മുകളില്‍നിന്നും താഴെനിന്നും ഉഷ്ണം വമിച്ചുതുടങ്ങി. വെറുമൊരു ബനിയനില്‍പ്പോലും ഞാന്‍ വിയര്‍ത്തുകുളിച്ചു. അപ്പാള്‍ കട്ടിയുള്ള യൂണിഫോമും അതിനു മുകളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തലയില്‍ ഉരുക്കുതൊപ്പിയും ധരിച്ച പട്ടാളക്കാരുടെ കാര്യമോ? അകംപുറം ഉഷ്ണിക്കുമ്പോഴും അവര്‍ ചിരിച്ചു; സൗഹൃദത്തോടെ സല്യൂട്ട് ചെയ്തു. 'നാട്ടില്‍ മഴ തുടങ്ങി അല്ലേ?' പിന്‍സീറ്റില്‍നിന്ന് മലയാളം കേട്ടപ്പോള്‍ അമ്പരന്നുപോയി. നെഞ്ചോടുചേര്‍ത്ത മെഷീന്‍ ഗണ്ണുമായി ഇരിക്കുന്നത് രാജ്പുത് റെജിമെന്റിലെ ഷംസ് ആയിരുന്നു. പാലക്കാട്ടുകാരനാണ്. 'തകര്‍പ്പന്‍ മഴയാണ്' എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ഷംസ് ഒന്നും മിണ്ടിയില്ല. പക്ഷേ, അയാളുടെ ദീര്‍ഘനിശ്വാസം എനിക്ക് കേള്‍ക്കാമായിരുന്നു. അതു പറയാതെ പലതും പറഞ്ഞു. നന്തനാരുടെ പട്ടാളക്കഥകള്‍ ഓര്‍മവന്നു.

സാംബയിലെ പ്രധാനപാതയുടെ വശത്തായി രണ്ട് ചുറ്റുമതിലുകള്‍ക്കുള്ളിലായിരുന്നു സാംബ ബ്രിഗേഡ് ബ്രിഗേഡിയര്‍ തിരൂര്‍ സ്വദേശി അനില്‍ രാമന്റെ ഔദ്യോഗികവസതി. ബുദ്ധപ്രതിമ മന്ദഹസിക്കുന്ന പുല്‍ത്തകിടിയും മാങ്ങ തൂങ്ങുന്ന മാവുകളും വിശ്വസ്തരായ ഓര്‍ഡര്‍ലികളും നിറഞ്ഞ ഹൃദ്യമായ വീട്. ഈ വീട്ടില്‍ മുന്‍പ് താമസിച്ചവരുടെ പേരുകളുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി.കെ. സിങ്ങിന്റെ പേരും കണ്ടു. രണ്ട് ചുറ്റുമതിലുകളുണ്ടെങ്കിലും വീട്ടുമതിലിന്റെ മൂലകളില്‍ മണല്‍ച്ചാക്കുകള്‍ വെച്ച് കാവല്‍മാടമുണ്ടാക്കി പട്ടാളം കാവല്‍ നില്പുണ്ട്. അതിഥികള്‍ മുതല്‍ പറമ്പുപണിക്കാര്‍ വരെ അല്പം സംശയത്തോടെ മാത്രമേ ഇവിടെ പരസ്പരം നോക്കൂ. താരതമ്യേന ശാന്തമായിരുന്ന ജമ്മുവിലും സാംബയിലും ഇപ്പോള്‍ എല്ലാവര്‍ക്കും എല്ലാവരെയും സംശയമാണ്. സാംബയില്‍നിന്ന് നാലോ അഞ്ചോ കിലോമീറ്ററുകള്‍ മാത്രമേ പാകിസ്താനിലേക്കുള്ളൂ. പുഴ കടന്ന്, മണ്ണു തുരന്ന്, പുല്‍മേടുകള്‍ മറയാക്കി ഏതു വഴിയും അവന്‍ വരാം. വരാം എന്നല്ല, എത്രയോ തവണ വന്നിട്ടുണ്ട്.

കാരണം, പാകിസ്താന്‍ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും ഇപ്പോള്‍ കൂടുതല്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത് ജമ്മുവിലാണ്, പ്രത്യേകിച്ച് അതിര്‍ത്തിക്ക് ഏറ്റവുമടുത്തുള്ള സാംബയില്‍. ശ്രീനഗറില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ധാരാളമുണ്ടെന്ന് പാകിസ്താനറിയാം. കൂടുതല്‍ സമയവും പണവും അവിടെ ചെലവഴിക്കേണ്ടതില്ല. അതുകൊണ്ട് അവര്‍ തോക്കുകള്‍ ജമ്മുവിലേക്ക് തിരിച്ചുവെച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച അതിര്‍ത്തിയായിട്ടാണ് ഇന്ത്യ സാംബയെ കാണുന്നതെങ്കിലും പാകിസ്താനിത് Working Tattory ആണ്. ഒരുതരത്തില്‍ പാര്‍ഭൂമിതന്ന ബ്രിഗേഡിയര്‍ അനില്‍ രാമന്‍ പറഞ്ഞു കാണാം. റംസാന്‍മാസം പ്രമാണിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ ആരംഭിച്ചിരുന്നെങ്കിലും പാകിസ്താന്‍ അതു ലംഘിച്ച് ഷെല്ലിങ്ങും ഫയറിങ്ങും തുടരുകയായിരുന്നു. പട്ടാളക്കാരും ബി.എസ്.എഫ്. ജവാന്മാരും മരിക്കുന്നു. ഗ്രാമീണര്‍ പലായനം ചെയ്യുന്നു.

'വരുന്ന നാലു ദിവസങ്ങളില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് പാക് ഭീകരസംഘടനയായ ജയ്ഷ മുഹമ്മദ് വീഡിയോ ഇറക്കിയിട്ടുണ്ട്. അതു കാരണം സാംബയില്‍ ഹൈ അലര്‍ട്ടാണ്. ഈ സമയത്താണ് അതിര്‍ത്തിയില്‍ പോകേണ്ടത്,' അനില്‍ പറഞ്ഞു. കൃത്യം പത്തുമണിക്ക് അതിര്‍ത്തിയിലേക്ക് പോകാന്‍ എല്ലാ സജ്ജീകരണങ്ങളുമായി ജീപ്പ് വന്നു. അവിടെവെച്ച് അങ്കത്തട്ടും, അതിരിനപ്പുറം പാകിസ്താനെയും കാണാം... അതിര്‍ത്തിഗ്രാമങ്ങളിലേക്കും ഏറ്റവും തന്ത്രപരമായ ബോബിയ പോസ്റ്റിലേക്കും വഴികാട്ടിയത് രാജ്പുത്ത് റെജിമെന്റിലെ ക്യാപ്റ്റന്‍ തിരുവനന്തപുരം സ്വദേശി വിശാല്‍ എസ്. നായരായിരുന്നു. മെലിഞ്ഞു നീണ്ട സുമുഖന്‍, വിവാഹം നിശ്ചയിച്ചിരിക്കുന്നു. 'ഒരു യുദ്ധമുഖത്തുനിന്ന് മറ്റൊരു യുദ്ധമുഖത്തേക്കാണോ യാത്ര' എന്നു ചോദിച്ചപ്പോള്‍ നര്‍മം തിരിച്ചറിഞ്ഞു വിശാല്‍ പൊട്ടിച്ചിരിച്ചു. യാത്ര പ്രധാനപാതയില്‍നിന്ന് വഴിതെന്നിയപ്പോള്‍ ചെറിയ ചെറിയ വയലുകളും തോപ്പുകളും വന്നു. അലഞ്ഞുനടക്കുന്ന എരുമകള്‍, തെളിഞ്ഞ മുഖമുള്ള ഗ്രാമീണര്‍. വയലുകളില്‍ പലയിടങ്ങളിലും തീപിടിച്ച് കരിഞ്ഞിരിക്കുന്നു. മേയ് രണ്ടാംവാരം പാകിസ്താന്‍ നടത്തിയ ഷെല്ലിങ്ങിന്റെ ബാക്കിയാണ്. പലയിടത്തും കിലോമീറ്ററോളം കരിഞ്ഞിട്ടുണ്ട്. ചിലര്‍ മരിക്കുകയും ചെയ്തു. കൂട്ടപ്പലായനങ്ങള്‍ നടന്നു. 'പത്തിലധികം ഗ്രാമങ്ങളുണ്ട് അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന്.

ആയിരക്കണക്കിനു മനുഷ്യര്‍ അവിടെ ജീവിക്കുന്നു. കൃഷിയും കാലി മേയ്ക്കലുമാണ് പ്രധാനതൊഴില്‍. ബോബിയ പോസ്റ്റിന്റെ തൊട്ടുമുന്നില്‍ സുഖമാല്‍ എന്ന പാക് ഗ്രാമമാണ്. അവിടെനിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതു കണ്ടാല്‍ മനസ്സിലാക്കാം, പാകിസ്താന്‍ ഇങ്ങാട്ട് ഷെല്ലിങ്ങും ഫയറിങ്ങും ആരംഭിക്കുകയാണെന്ന്. അപ്പോള്‍ ഇന്ത്യന്‍ പട്ടാളം ഗ്രാമീണരെ ബങ്കറുകളടക്കമുള്ള ക്യാമ്പുകളിലേക്ക് മാറ്റും. പല സത്രങ്ങളിലും ബങ്കറുകളുണ്ട്. ഞങ്ങളുടെ ഭക്ഷണത്തില്‍നിന്ന് ഒരു പങ്ക് അവര്‍ക്ക് നല്കും. ഷെല്ലിങ് കഴിയുന്നതുവരെ അവരെ പട്ടാളമാണ് പോറ്റുന്നത്,' വിശാല്‍ പറഞ്ഞു. 'ഇത്രയും പെട്ടെന്ന് ഇത്രയധികം ആളുകളെ എങ്ങനെ മാറ്റും?' 'തലമുറകളായുള്ള അവരുടെ അനുഭവമാണിത്. കുട്ടികള്‍ക്കുപോലുമറിയാം ഷെല്ലിങ് തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍.' ജീപ്പ് വിശാലമായ വയലിനു നടുവിലെ നേര്‍ത്ത റോഡിലൂടെ പാഞ്ഞു. ദൂരെ കമ്പിവേലിക്കപ്പുറം ഉയരത്തില്‍ ഒരു പോസ്റ്റ്. അതിനു മുകളില്‍ പാകിസ്താന്‍ പതാക. ഒരിടത്തും അധികസമയം ഇളകാതെ നില്ക്കരുത് എന്നായിരുന്നു നിര്‍ദേശം. പാകിസ്താന്‍ ലാങ് റേഞ്ചര്‍ ഷട്ടര്‍മാരായ സ്തപ്പഴ്‌സസിന് എപ്പോള്‍ വേണമെങ്കിലും ഫയര്‍ ചെയ്യാം. ഉന്നംപിടിക്കാന്‍ സാധിക്കാതിരിക്കാനാണ് എപ്പോഴും ചലിച്ചുകൊണ്ടിരിക്കാന്‍ പറഞ്ഞത്: ചരവതി, ചരെവേതി... പിന്നെയും മുന്നോട്ടുപോയപ്പോള്‍ റോഡ് അസ്തമിച്ചു. ചരല്‍ക്കല്ലുകള്‍ നിറഞ്ഞ വഴി. അതിലൂടെ ഉരുണ്ടുരുണ്ടു നീങ്ങിയ ജീപ്പ് ഒരു ചെറുപുഴയിലേക്ക് താഴ്ന്നു, വെള്ളം തെറിപ്പിച്ചുകൊണ്ട് ഓടി. തരണി എന്ന പുഴയാണ്. പാകിസ്താനില്‍നിന്ന് ഒഴുകിവരുന്നത്.

തീവ്രവാദികളെ സുഖമോല്‍ ഗ്രാമത്തില്‍ പാര്‍പ്പിച്ച് ഈ പുഴ കടത്തിവിടുകയാണ് ഇപ്പോള്‍. പുഴയിലൂടെയും പുഴയോരത്തുകൂടെയുമുള്ള ഞങ്ങളുടെ യാത്ര ആരൊക്കെയോ ഒരു കിലോമീറ്ററപ്പുറത്തുനിന്ന് നിറതോക്കുമായി സുക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് ചില്ലറ അലോസരമല്ല ഉണ്ടാക്കിയത്. ഗുണ്ടല്‍പ്പേട്ടിലെയും വാളയാറിലെയും അതിര്‍ത്തി മാത്രം കണ്ട സാധാരണക്കാരനായ മലയാളിക്ക് അതുണ്ടാക്കുന്ന ഉള്‍ഭീതിയും ചെറുതല്ല. കരിഞ്ഞ പുല്ലുകളും കത്തിപ്പോയ മരങ്ങളും കൂടിക്കൂടിവന്നു. ഇതളുകളുള്ള ഇരുമ്പവട്ടച്ചക്രങ്ങള്‍ എല്ലായിടത്തും ചിതറിക്കിടക്കുന്നു. ഷെല്ലിന്റെ ബാക്കികള്‍. ഇവിടെ കുട്ടികള്‍ ഇതെടുത്ത് കളിക്കുന്നു! ചാരക്കൂനകള്‍ കടന്ന്, ഒരു ചെറിയ കയറ്റം കയറി ജീപ്പ് ചെന്നുനിന്നത് ചുറ്റും അരമതില്‍ കാക്കുന്ന ചെറുമുറ്റത്താണ്.

അവിടെ തകരംകൊണ്ടു തീര്‍ത്ത മൂന്നു കെട്ടിടങ്ങള്‍, ഒരു ചെറുക്ഷേത്രം. മണല്‍ച്ചാക്കുകള്‍കൊണ്ട് മറച്ച മൂന്നു പോസ്റ്റുകള്‍, അതില്‍ കാവല്‍ക്കാര്‍. മുന്നില്‍ മൂന്നു തട്ടുകളുള്ള ആകാശംമുട്ടുന്ന കാവല്‍മാടം. മതിലിനു താഴെ രണ്ട് ബങ്കറുകള്‍. ബോബിയ എന്ന പോസ്റ്റാണിത്. തൊട്ടുമുന്നില്‍, 200 മീറ്റര്‍ അപ്പുറം, 1947-ല്‍ ഇന്ത്യയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാതെ സിറില്‍ റാഡ്ക്ലിഫ് എന്ന സായിപ്പ് മാപ്പില്‍ പെന്‍സില്‍കൊണ്ട് വരച്ച് മുറിച്ചുമാറ്റിയ പാകിസ്താന്‍. ഒരു വീടിന്റെ പിന്‍വശം മറ്റൊരു രാജ്യമായതുപോലെ.

ഇരുപതു പട്ടാളക്കാര്‍ ബോബിയ പോസ്റ്റിലുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സി (BSF)നാണ് അതിര്‍ത്തിയുടെ ചുമതല. പട്ടാളം തൊട്ടുപിന്നിലാണ് നില്ക്കുക. യുദ്ധസമയത്തു മാത്രം പട്ടാളം മുന്നിലേക്കു വരും. പക്ഷേ, ബോബിയയില്‍ പട്ടാളമാണ് കാവല്‍. മധ്യപ്രദേശുകാരനായ ഉപീന്ദര്‍ സിങ്ങിനാണ് ബോബിയ പോസ്റ്റിന്റെ ചുമതല. കഴിഞ്ഞ ദിവസം വീണ ഷെല്ലുകള്‍ അയാള്‍ കാണിച്ചുതന്നു. ചീളുകള്‍ ചിതറി നെടുകേ ചീന്തിപ്പോയ പച്ചമരങ്ങള്‍. കെട്ടിടങ്ങളുടെ തകരച്ചുമരുകള്‍ വെടികൊണ്ട് തുളഞ്ഞിരിക്കുന്നു. മെലിഞ്ഞ തൂണ് കൃത്യമായി വെടിയേറ്റ് തുളഞ്ഞതു കണ്ട് ഞെട്ടിപ്പോയി. അപ്പോള്‍ അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കൃത്യം ഒറ്റവെടിക്ക് തീര്‍ന്നേനേ. ഒരിടത്തും നില്ക്കാതെ നടന്നോളാന്‍ ഉപീന്ദര്‍ സിങ്ങും പറഞ്ഞു. ഉള്ളംകാലില്‍നിന്ന് പേടി ഉറന്നുവന്നു. വെറുതേ തലയില്‍ തലോടാന്‍ കൈകള്‍ വെമ്പി; കുനിഞ്ഞു കുനിഞ്ഞ് നടക്കാന്‍ ഒരു തോന്നല്‍ ഇടയ്ക്കിടെ. അവിടെയുള്ള പട്ടാളക്കാരുടെ ശിരസ്സുകള്‍ പക്ഷേ, ഉയര്‍ന്നുതന്നെയാണ് നിന്നത്. നാട്ടിലെ സ്വന്തം വീട്ടുമുറ്റത്ത് നടക്കുംപോലെ അവര്‍. ഏതു സമയത്തും ഷെല്‍ വന്നുവീഴാവുന്ന ആ മാത്ത് മോയിട്ട് ആദ്യം അവര്‍ ഉപ്പിട്ട നാരങ്ങാവെള്ളം തന്നു. പിന്നെ വായന തകരത്തില്‍ത്തില്‍ ഒരു മുറിയിലേക്കിറങ്ങിയപ്പോള്‍ ഇരുട്ടും മനുഷ്യര്‍ ചേര്‍ന്നുകിടക്കുന്നതിന്റെയും തുണിയുടെയും ഗന്ധവും. ഡ്യൂട്ടിയില്ലാപട്ടാളക്കാര്‍ വിശ്രമിക്കുകയാണ്. ഈ പോസ്റ്റില്‍ കറന്റ് കണക്ഷനില്ല, കടുത്ത ചൂടാണ് എപ്പോഴും. അവര്‍ കിടക്കുന്ന മുറിയുടെ മേല്‍ക്കൂര മുഴുവനും തുളഞ്ഞിരിക്കുന്നു. ഷെല്ലുകള്‍ ചിതറിത്തെറിച്ചതാണ്. ആ തുളകളിലൂടെ വീഴുന്നതാണ് ആകെയുള്ള വെളിച്ചം. ഉഷ്ണിക്കുന്ന ആ ഇരുട്ടിലും അവര്‍ ചിരിച്ചു, വല്ലാത്ത ഒരു നിസ്സഹായതയോടെ.

Book cover
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ഒരു ബങ്കറിനുള്ളില്‍ രണ്ട് ടെലിവിഷന്‍ സെറ്റുകളുണ്ട്. അതില്‍ അതിര്‍ത്തിക്കപ്പുറത്തെ സുഖമാല്‍ ഗ്രാമത്തിലെ ചലനങ്ങള്‍ കാണാം. മനുഷ്യര്‍ ചലിക്കുന്നു. വാഹനങ്ങള്‍ പോകുന്നു. ആരോ പുഴയില്‍ കുളിക്കുന്നു. ജീവിതം തുടരുന്നു...തൊട്ടപ്പുറത്തെ ബങ്കറില്‍ കഷ്ടിച്ച് നാലുപേര്‍ക്ക് നില്ക്കാം. മേയ് 18നു തുടങ്ങിയ പാക് ഷെല്ലിങ്ങില്‍ പന്ത്രണ്ടു പട്ടാളക്കാര്‍ രണ്ടു ദിവസമാണ് അതിനുള്ളില്‍ കഴിഞ്ഞത്. വാട്ടര്‍ടാങ്ക് വെടിവെച്ചു തകര്‍ത്തതിനാല്‍ കുപ്പിവെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിച്ചാല്‍ ടോയ്‌ലറ്റില്‍ പോവേണ്ടിവരും, അതിന് പുറത്തിറങ്ങിയേ തീരൂ. അതുകൊണ്ട് രണ്ടു ദിവസം ഭക്ഷണമില്ല. കേള്‍ക്കുന്നവര്‍ക്കിത് പുതിയ അനുഭവം, അവര്‍ക്കിത് നിത്യസംഭവം. എല്ലാവരും തൊഴുതു, ചിരിച്ചു. 'രാത്രി എങ്ങനെ നിങ്ങളിവിടെ കഴിയുന്നു?' ഞാന്‍ ചോദിച്ചു.
'കിടക്കുമ്പോഴും ഞങ്ങള്‍ തോക്ക് നെഞ്ചോടു ചേര്‍ത്തുപിടിക്കും. വീട്ടിലെത്തിയാല്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുംപോലെ,' ഒരാള്‍ പറഞ്ഞു.

അടുത്ത ദിവസം താനുണ്ടാവുമെന്ന് അവര്‍ക്കാര്‍ക്കും ഒരുറപ്പുമില്ല. അടുത്ത നിമിഷം എന്തു സംഭവിക്കും എന്നുമറിയില്ല. എന്നിട്ടും അവര്‍ കാവല്‍ തുടരുന്നു; നമുക്ക് സുഖമായി ഉറങ്ങാന്‍, സുരക്ഷിതരായി ഉണരാന്‍. ഒരു രാത്രി അവിടെ തങ്ങാന്‍ സ്‌നേഹത്തോടെ അവര്‍ ക്ഷണിച്ചു. ഞാന്‍ കുതറി. അവരോടുള്ള സ്‌നേഹിക്കുറവുകൊണ്ടല്ല, സ്വന്തം ജീവനോടും കുടുംബത്തോടുമുള്ള സ്വാര്‍ഥസ്‌നേഹംകൊണ്ട്. സാംബ പോസ്റ്റില്‍നിന്ന് പട്ടാളക്കാര്‍ക്ക് സല്യൂട്ട് നല്കി മടങ്ങുമ്പോള്‍ താഴ്‌വാരം എന്ന സിനിമയില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ഒരു വാചകമായിരുന്നു ഓര്‍മയില്‍: 'കൊല്ലാന്‍ അവന്‍ ശ്രമിക്കുന്നു; ചാകാതിരിക്കാന്‍ ഞാനും.'

തിരിച്ചുവരുംവഴിയാണ് പഞ്ചാല്‍, ലോണ്ടി എന്നീ ഗ്രാമങ്ങള്‍. പഞ്ചാലില്‍ കഴിഞ്ഞ ദിവസം ഷെല്ലിങ്ങില്‍ ഒരു ഗൃഹനാഥനും അയാളുടെ കാലിയും കൊല്ലപ്പെട്ടു. അയാളുടെ ഭാര്യ താടിക്കു കൈകൊടുത്ത് വീട്ടുമുറ്റത്ത് ഇരിപ്പുണ്ടായിരുന്നു. മുറ്റത്തെ വെയിലില്‍ ധാന്യം ഉണക്കാനിട്ടിരിക്കുന്നു. അവര്‍ ഞങ്ങളെ കണ്ടതായിപ്പോലും നടിച്ചില്ല. ഭര്‍ത്താവിന്റെ ഓര്‍മകളിലാണ് അവര്‍ എന്നു വ്യക്തം. ലോണ്ടി ഗ്രാമത്തില്‍ ഒരു പുത്തന്‍ വീട്ടില്‍ കഴിഞ്ഞ മേയ് 18ന് കല്യാണമായിരുന്നു. പെണ്‍കുട്ടി വന്നിട്ടേയുള്ളൂ. വൈകുന്നേരം അഞ്ചു മണിയോടെ ഒരു ലവ് മോട്ടോര്‍ഷെല്‍ പാകിസ്താനില്‍നിന്ന് പറന്നുവന്ന് വീടിനുള്ളില്‍ വീണു. പക്ഷേ, അത് പൊട്ടിയില്ല. ഇങ്ങനെ സംഭവിച്ചാല്‍, പൊട്ടാത്ത ബോംബ് എന്തു ചെയ്യണമെന്ന് ഡല്‍ഹിയിലാണ് തീരുമാനിക്കേണ്ടത്! പിറ്റേ ദിവസം തീരുമാനം വന്നു. വീട്ടിനുള്ളില്‍വെച്ചുതന്നെ ആ ബോംബ് പൊട്ടിച്ചുതീര്‍ക്കുക. വീട്ടുകാരെ ഒഴിവാക്കി അതിസാഹസികമായി പട്ടാളം അത് ചെയ്തു. വീട് ആകെ തകര്‍ന്നു. നവവധു പിന്നീട് ആ വഴിക്കു വന്നിട്ടില്ല. അതുപറഞ്ഞ് വീട്ടുകാര്‍ ചിരിച്ചു. ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും.

ഷെല്ലിങ്ങില്‍ തകര്‍ന്ന ആ വീടിനടുത്ത് മറ്റൊരാള്‍ തന്റെ വീടിന്റെ രണ്ടാംനില കെട്ടിയുയര്‍ത്തുകയാണ്, നിസ്സംഗമായി. തൊട്ടടുത്തുള്ള വീടിന്റെ അനുഭവമുണ്ടായിട്ടും എന്തിനാണിത് എന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് വേറെ സ്ഥലമില്ല, പോവുന്നിടത്തോളം പോവട്ടെ.' എത്രയോ കാലങ്ങളായി ഇവര്‍ ഇങ്ങനെയാണ് കഴിയുന്നത്. 'ഞങ്ങള്‍ രാത്രി ഉറങ്ങാറില്ല. ഏതുസമയത്തും പാക് ഷെല്‍ വീടിനകത്തോ പുറത്തോ വന്നു വീഴാം. ഞങ്ങള്‍ മരിക്കാം. ഞങ്ങളുടെ കുട്ടികളും. എല്ലാം സഹിക്കുന്നു. അവരുടെ വിദ്യാഭ്യാസം തകര്‍ക്കപ്പെടുന്നു. മാനസികമായി അവരെ ഈ അവസ്ഥ ബാധിക്കുന്നുണ്ട്,' ഇരായിന്‍ എന്ന ഗ്രാമത്തില്‍വെച്ചു കണ്ട ഗ്രാമാധിപന്‍ പറഞ്ഞു. ഇങ്ങനെയൊക്കെയായിട്ടും ഇവര്‍ ഇന്ത്യയോട് അടങ്ങാത്ത കൂറുള്ളവരാണ്. 'ഞങ്ങളെ കടന്നു മാത്രമേ നുഴഞ്ഞുവരുന്ന തീവ്രവാദിക്ക് ഇന്ത്യന്‍ മണ്ണിലേക്ക് കടക്കാന്‍ സാധിക്കൂ. ഞങ്ങള്‍ ജാഗ്രതയോടെയിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ കുട്ടികള്‍ക്ക് നന്നായി പഠിക്കണമെങ്കില്‍ അന്‍പതു കിലോമീറ്റര്‍ അപ്പുറം ജമ്മുവില്‍ പോവണം. ദിവസം മൂന്നും നാലും ബസ്സു കയറണം. പട്ടാളത്തില്‍ ചേരുക മാത്രമാണ് ഞങ്ങളുടെ കുട്ടികളുടെ ഭാവി. എന്നാല്‍, അതിര്‍ത്തിയോടു ചേര്‍ന്ന് ജീവിക്കുന്ന, എല്ലാം സഹിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് പട്ടാളപ്രവേശനത്തിന് ഒരിളവും നല്കുന്നുമില്ല. കഷ്ടമാണ്,' അയാള്‍ പറഞ്ഞു. എല്ലാം സഹിക്കുന്ന ഈ ഗ്രാമീണരാണ് പട്ടാളത്തിന്റെ ഏറ്റവും വിശ്വസ്തരായ വിവരദാതാക്കള്‍. പലപ്പോഴും അവരാണ് അതിര്‍ത്തിയിലേക്ക് തുറന്നുവെച്ച കണ്ണുകള്‍.

സാംബയിലെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് തിരിച്ചുപോരുമ്പോള്‍ ഒരു സംഘം വെള്ളക്കൊക്കുകള്‍ തരണീനദികടന്ന് പാകിസ്താനിലേക്ക് പറന്നുപോകുന്നത് കണ്ടു, അതേ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കൊല്ലുന്നുമില്ല...

Content Highlights :Excerpts from Sorbayodoppamulla Sancharangal by Sreekanth Kottakkal mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented