മൃണാളിനിസാരാഭായിയുടെ ധര്‍മസങ്കടം, മല്ലികയുടെ അനിഷ്ടം; കോട്ടക്കല്‍ ശശിധരന്റെ 'പകര്‍ന്നാട്ടം'


കോട്ടക്കല്‍ ശശിധരന്‍

മൃണാളിനിയമ്മയെ ഓഫീസില്‍ പോയി കണ്ടു. അവര്‍ക്കു സംസാരിക്കാന്‍ വല്ലാത്ത വൈക്ലബ്യം ഉണ്ടെന്ന് അവരുടെ ശരീരഭാഷയും ശാരീരഭാഷയും കൊണ്ട് മനസ്സിലായി. എല്ലാം കൃത്രിമം. അവര്‍ നന്നായി അഭിനയിച്ചു.

മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, കോട്ടക്കൽ ശശിധരൻ(ഫോട്ടോ: പിടിഐ, അജി വി.കെ)

കോട്ടക്കല്‍ ശശിധരന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പടര്‍ന്നാട്ടം' എന്ന ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം.

നുവരി അഞ്ച്. രാവിലെ ഹോങ്കോങ്ങിലെ തെരുവീഥികളിലൂടെ കുറെ നേരം നടന്നു. ട്രാന്‍സിറ്റ് വിസയായതുകൊണ്ട് അധികം ദൂരത്തേയ്ക്കെങ്ങും പോയില്ല. ഉച്ചതിരിഞ്ഞ് 3.40ന് വീണ്ടും വിമാനത്തില്‍ പറന്നുയര്‍ന്നു. ഇടയ്ക്ക് ബാങ്കോക്കില്‍ രണ്ടുമണിക്കൂര്‍ നിര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി പത്തരമണിയോടെ ബോംബെയില്‍ ഇറങ്ങി. പതിവു പരിശോധനകള്‍ കഴിഞ്ഞു. റോച്ചസ്റ്റര്‍ മലയാളികള്‍ എടുത്തുതന്ന അഹമ്മദാബാദ് ടിക്കറ്റ് ഓകെയായി സാന്താക്രൂസ് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. പുലര്‍ച്ചെ 5.30 നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പറന്ന് 6.30ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭഭായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി. വസന്തയും കീര്‍ത്തിയും കാത്തുനിന്നിരുന്നു. നാലരമാസത്തെ വേര്‍പാടിനുശേഷം വീണ്ടും കുടുംബവുമായി ഒത്തുചേരല്‍. സന്തോഷം തോന്നി. പക്ഷേ, ദര്‍പ്പണയിലെ ഭാവിജീവിതത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ സമാധാനം നഷ്ടപ്പെടുകയായിരുന്നു.വീട്ടിലെത്തി. കുളിയും പ്രഭാതഭക്ഷണവും മറ്റും കഴിഞ്ഞ് ദര്‍പ്പണയിലേയ്ക്ക് പോയി. ദര്‍പ്പണയുടെ മുഖച്ഛായയാകെ മാറിയിരിക്കുന്നു. ഞാന്‍ പോകുമ്പോഴുണ്ടായിരുന്ന മനോഹരമായ വിക്രമാലയ തിയേറ്റര്‍ പൊളിച്ചുകളഞ്ഞ് അവിടെ 'നടറാണി' എന്ന പേരില്‍ ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉണ്ടാക്കിയിരിക്കുന്നു. മൃണാളിനിയമ്മയ്ക്ക് മകള്‍ കൊടുത്ത സമ്മാനമാണത്രേ. പണക്കാരിയായ മകള്‍ ധനികയായ അമ്മയ്ക്കു കൊടുത്ത സമ്മാനം!

'ന്റാന്റെ അരി ന്റാന്റെ വെള്ളം' എന്ന നാടന്‍ചൊല്ലാണ് പെട്ടെന്ന് ഓര്‍മ്മവന്നത്. ആസ്വാദകരില്‍നിന്നുള്ള പാരിതോഷികമാണ് കലാകാരനു കിട്ടേണ്ടത്. കലാമണ്ഡലം ഗോപിയാശാനും മറ്റും കിട്ടുന്ന സുവര്‍ണ്ണഹാരങ്ങളും മറ്റും സാധാരണക്കാരായ പ്രേക്ഷകരില്‍നിന്ന് അഞ്ചും പത്തും രൂപ സമാഹരിച്ച് വാങ്ങിക്കൊടുക്കുന്നതാണ്. അത് ഏറ്റുവാങ്ങുന്നതില്‍ ഒരഭിമാനമുണ്ട്. ഏതായാലും നടറാണി തിയേറ്റര്‍ ഭംഗിയായിട്ടുണ്ട്. സബര്‍മതിയുടെ തീരത്ത് പണ്ട് വെള്ളപ്പൊക്കം കവര്‍ന്നെടുത്ത സ്ഥലംകൂടി നികത്തിയെടുത്താണ് തിയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം സാരാഭായിയുടെ പേരിലുള്ള തിയേറ്റര്‍ പൊളിച്ച് ആ സ്ഥാനത്ത് നടറാണി പണിതിരിക്കുന്നു. മുമ്പ് സ്റ്റേജില്‍ ഒരു അരയാലും ഒരു ഞാവലും തഴച്ചു വളര്‍ന്നിരുന്നു. കൗമാരകാലത്ത് മനസ്സില്‍ സങ്കല്പിച്ചിരുന്നു, ഈ മരങ്ങള്‍ ഞാനും മല്ലികയുമാണെന്ന്. ഇപ്പോള്‍ ഞാവല്‍ വെട്ടിക്കളഞ്ഞിരിക്കുന്നു. ഭാരതീയകലകള്‍ അവതരിപ്പിക്കാന്‍ പറ്റിയ അരങ്ങല്ല ഇത് എന്നു തോന്നി. നര്‍ത്തകര്‍ താഴേയും പ്രേക്ഷകര്‍ മുകളിലുമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നര്‍ത്തകര്‍ ഒരു കുഴിയില്‍ക്കിടന്നു കളിക്കുന്നതായും പ്രേക്ഷകര്‍ മുകളിലിരുന്ന് കണ്ടുരസിക്കുന്നതായും തോന്നും. ഭാരതീയ ക്ലാസിക് കലകള്‍ക്കു ചേര്‍ന്ന സ്റ്റേജ്‌നാട്യശാസ്ത്രവിധിയനുസരിച്ചുള്ളതുതന്നെയാണ്-

അഷ്ടഹസ്തം തു കര്‍ത്തവ്യം രംഗപീഠം പ്രമാണത
ചതുരശ്രം സമതലം വേദികാസമലംകൃതം
എന്നാണ് നാട്യശാസ്ത്രം പറയുന്നത്.

ഓലകൊണ്ടെങ്കിലും മുകള്‍ഭാഗം മറച്ചിരിക്കണമത്രേ. ഈ സബര്‍മതീതീരത്ത് മനോഹരമായ ഒരു കൂത്തമ്പലം ഉണ്ടാകുന്നത് സങ്കല്പത്തില്‍ കണ്ടിരുന്നു. അമ്മയുമായി സംസാരിക്കുകയും ചെയ്തിരുന്നു. മൃണാളിനിയമ്മയെ ഓഫീസില്‍ പോയി കണ്ടു. അവര്‍ക്കു സംസാരിക്കാന്‍ വല്ലാത്ത വൈക്ലബ്യം ഉണ്ടെന്ന് അവരുടെ ശരീരഭാഷയും ശാരീരഭാഷയും കൊണ്ട് മനസ്സിലായി. എല്ലാം കൃത്രിമം. അവര്‍ നന്നായി അഭിനയിച്ചു. ഏതായാലും യാത്രയെപ്പറ്റി പലതും ചോദിച്ചു. മൃച്ഛകടികത്തിലെ അഭിനേതാക്കള്‍ പാന്റും ടീഷര്‍ട്ടും ധരിച്ച് റിഹേഴ്സല്‍ നടത്തുന്ന ഫോട്ടോ പത്രങ്ങളില്‍ കണ്ടു എന്നും ഇതാണോ ദര്‍പ്പണയില്‍നിന്ന് പഠിച്ചത് എന്നും, ഭാരതീയസംസ്‌കാരത്തെ അപമാനിച്ചു എന്നുമൊക്കെ ഒട്ടേറെ കുറ്റപ്പെടുത്തലുകളും ഉണ്ടായി. അറപ്പും വെറുപ്പും തോന്നിക്കുന്ന സംഭവങ്ങളാണ് കുറച്ചുകാലമായി ദര്‍പ്പണയില്‍ നടക്കുന്നത്. എന്നിട്ടാണ് സായിപ്പ് പാന്റും ഷര്‍ട്ടുമിട്ടതിനെ വിമര്‍ശിക്കുന്നത്! റിഹേഴ്സല്‍ സമയത്ത് പൈജാമയും ജുബ്ബയുമൊക്കെ ധരിക്കണമെന്ന് വല്ല നിയമവുമുണ്ടോ? അമേരിക്കയില്‍ ഇതൊക്കെ വാങ്ങാന്‍ കിട്ടുമോ? ഏതായാലും ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. പണവും പ്രതാപവുമുള്ളവര്‍ എന്തു വിഡ്ഢിത്തം പറഞ്ഞാലും അതുതന്നെ ശരി! ഞാന്‍ ആ വിമര്‍ശനത്തിന് ഒരു വിലയും കല്പിച്ചില്ല.

രാത്രി ചന്ദ്രന്‍ വന്നു. ഞാന്‍ കൊണ്ടുവന്നിരുന്ന പണം മുഴുവന്‍ അദ്ദേഹത്തെ ഏല്പിച്ചു. അദ്ദേഹം എല്ലാം വേണ്ടപോലെ ചെയ്തുകൊള്ളും എന്നുറപ്പുണ്ട്. പിറ്റേ ദിവസം അമ്മ വിളിച്ചു. 'എനിക്ക് കുട്ടിയോട് കാര്യമായി സംസാരിക്കാനുണ്ട്' എന്നു പറഞ്ഞു. അമ്മയുടെ സമയവും സൗകര്യവുമറിയിച്ചാല്‍ വരാം എന്ന് ഞാന്‍ മറുപടി നല്‍കി.

ജനുവരി 9ന് അമ്മ എന്നെ ഓഫീസിലേയ്ക്കു വിളിപ്പിച്ചു. ഞാന്‍ ചെന്നു.

'നോക്കൂ കുട്ടി, നിങ്ങള്‍ മല്ലികയുടെ ചൊല്‍പ്പടിക്കു നില്‍ക്കാതെ പരിപാടികള്‍ക്കും മറ്റും പുറത്തുപോകുന്നതുകൊണ്ട് മല്ലികയ്ക്ക് നിങ്ങളെ ഇവിടെ നിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഇവിടെ കാര്യമായി കഥകളിയൊന്നും ഇല്ല്യേനീം. അതുകൊണ്ട് കുട്ടി ദര്‍പ്പണ വിട്ടുപോവുന്നതാണ് നല്ലത്. ദര്‍പ്പണ വിട്ടാല്‍ അഹമ്മദാബാദില്‍ നില്‍ക്കരുത്. നേരെ നാട്ടില്‍ പോണം. കീര്‍ത്തിക്ക് നാട്ടില്‍ നല്ല സ്‌കൂളു കിട്ടും. അതുകൊണ്ട് ദര്‍പ്പണ വിട്ടാല്‍ അഹമ്മദാബാദില്‍ തുടരില്ല എന്ന് എനിക്ക് വാക്കുതരണം'. അവര്‍ തെല്ല് ആജ്ഞാസ്വരത്തില്‍ നിര്‍ബ്ബന്ധമായി പറഞ്ഞു.

മല്ലികയെ അനുസരിക്കുന്നില്ല, പുറത്തു കളിക്കുപോവുന്നു എന്നൊക്കെയാണ് ആക്ഷേപം. കഥകളിയൊന്നും ഇല്ലാത്തതുകൊണ്ട് എന്നെ ദര്‍പ്പണയില്‍ ആവശ്യമില്ല എന്നൊരു സൂചനയും. ഇത്രകാലം കഥകളികൊണ്ടു മാത്രമല്ലല്ലോ ഞാന്‍ ദര്‍പ്പണയില്‍ തുടര്‍ന്നത്. ഏതായാലും മുപ്പതു കൊല്ലത്തോളം അമ്മ എന്നു വിളിച്ച ബഹുമാനംവെച്ചുതന്നെ ഞാന്‍ പറഞ്ഞു: 'ദര്‍പ്പണ വിടാന്‍ അമ്മയ്ക്ക് പറയാം, ഞാന്‍ തയ്യാറുമാണ്. പക്ഷേ, അഹമ്മദാബാദ് വിട്ടുപോകാന്‍ അമ്മ പറയരുത്. മാത്രമല്ല, അമ്മയ്ക്കു അതിന് അധികാരവുമില്ല. അല്ല, ഇനി അമ്മ നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ നിര്‍ബ്ബന്ധംപോലെത്തന്നെ ഞാന്‍ ആ ആവശ്യം തിരസ്‌കരിക്കുകയും ചെയ്യും.' എന്റെ വാക്കുകള്‍ പരുഷമാവാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും ചിലപ്പോള്‍ ശബ്ദം നിയന്ത്രണം വിട്ടിരുന്നു. പിന്നെ അവിടെ നില്ക്കാതെ ഓഫീസില്‍നിന്നിറങ്ങിപ്പോന്നു. ദര്‍പ്പണയിലെ സ്റ്റാഫ് മുഴുവന്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ജിജ്ഞാസയോടെ, അല്ല ഉത്സാഹപൂര്‍വ്വംതന്നെ പുറത്തു കാത്തുനിന്നിരുന്നു. ഒരു ശത്രുവിനോടെന്നപോലെയായിരിക്കുന്നു എല്ലാവരുടെയും പെരുമാറ്റം. യജമാനപ്രീതിനേടാന്‍ അവര്‍ അങ്ങനെയായതാണ്. പക്ഷേ, ഏറ്റവും വേണ്ടപ്പെട്ടവര്‍ അതിന്റെയെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

കടുത്ത മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ച കാലഘട്ടമായിരുന്നു 1994-95 വര്‍ഷങ്ങള്‍. ദര്‍പ്പണയിലെ സംഭവവികാസങ്ങളില്‍ നാലിലൊന്നേ വസന്തയെ അറിയിക്കാറുള്ളൂ. എല്ലാം ഉള്ളിലൊതുക്കി. കീര്‍ത്തിയുടെ പഠിപ്പും വളര്‍ച്ചയും മാത്രമാണ് മനസ്സില്‍. ജീവിതലക്ഷ്യംതന്നെ അതാണ്. അപ്പോഴും കോട്ടക്കലിരുന്ന് ഒരാള്‍ ചിരിച്ചുകൊണ്ടു പറയുന്നുണ്ടെന്ന് തോന്നി-'വിഷമിക്കേണ്ട, എല്ലാം ഞാന്‍ നോക്കിക്കോളാം.' എന്റെ അടിയുറച്ച വിശ്വാസമാണിത്.

16-ാം തിയ്യതി തിങ്കളാഴ്ച കീര്‍ത്തിയെയും കൂട്ടി ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയില്‍ പോയി പ്രൊഫസര്‍ ചന്ദ്രശേഖരന്‍ സാറിനെ കണ്ടു. ജൊനാഥന്‍ അദ്ദേഹത്തിനെഴുതി എല്ലാം ഏര്‍പ്പാടാക്കിയിരിക്കുന്നുവെന്ന് അറിഞ്ഞു. മാര്‍ച്ച് 15 നു ശേഷം കീര്‍ത്തിയുമായി 'പുരുഷ'യുടെ റിഹേഴ്സല്‍ തുടങ്ങാം എന്ന് അദ്ദേഹം പറഞ്ഞു. രാത്രി കുഞ്ചുനായരാശാന്റെ മകന്‍ ശ്രീകാന്തിന്റെ മകളുടെ ഭരതനാട്യം കണ്ടു. അന്ന് അവരുടെ വീട്ടില്‍ താമസിച്ചു.

അടുത്ത ദിവസം ദര്‍പ്പണയില്‍ ചെന്നപ്പോള്‍ അതിനു മുമ്പു കണ്ട അമ്മയെയല്ല കണ്ടത്. വളരെ സൗമ്യതയോടെയാണ് അവര്‍ പെരുമാറിയത്. 'നമുക്ക് ടാഗോറിന്റെ 'കര്‍ണ്ണകുന്തി' ചെയ്യണം' എന്നു പറഞ്ഞ് അതിന്റെ വരികളൊക്കെ തന്നു. 'ശ്രമിക്കാം' എന്നുമാത്രം ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എന്നും ദര്‍പ്പണയില്‍ പോകുന്നു; വരുന്നു. ക്ലാസൊന്നും എടുക്കാറില്ല. മാത്രമല്ല, കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.

മല്ലികയുടെ കൂടെ ഒരു നൃത്തം അവതരിപ്പിക്കണം എന്ന് അമ്മ പറഞ്ഞു. മാസങ്ങളോളമായി ഞങ്ങള്‍ ഒരുമിച്ച് ഒരു കളി നടത്തിയിട്ട്. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഗുജറാത്തിലെ പേരുകേട്ട ഒരു കലാകാരനായ ബാല്‍കൃഷ്ണ ജോഷി മോഡേണ്‍ ആര്‍ട് ശൈലിയില്‍ നിര്‍മ്മിച്ച ഒരു ഗുഹയുണ്ട്. അതിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് കണ്ടംപററി സ്‌റ്റൈലിലുള്ള നൃത്തം അവതരിപ്പിക്കുന്നത്. ലോകോത്തരചിത്രകാരന്‍ എം.എഫ്.ഹുസൈന്‍ പരിപാടി കാണുന്നതിനിടയില്‍ അതിന്റെ ചിത്രം വരച്ചുകൊണ്ടിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ ആ വലിയമനുഷ്യന്‍ അണിയറയിലെത്തി ഞങ്ങളെ അഭിനന്ദിച്ചു; അദ്ദേഹത്തിന്റെ ക്യാമറയില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു. ഏതാനും ദിവസങ്ങള്‍ക്കകം അവയുടെ കോപ്പി അയച്ചു തരികയും ചെയ്തു.

മലയാളിസമാജത്തിന്റെ ഉദ്ഘാടനത്തിനായി നെടുമുടി വേണു അഹമ്മദാബാദില്‍ വന്നിരുന്നു. കഥകളിയെപ്പറ്റി ചര്‍ച്ചയും മറ്റുമായി കുറെ മണിക്കൂറുകള്‍ അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.അഹമ്മദാബാദിലെ കഥക് സ്‌കൂളായ കദംബത്തെപ്പറ്റി മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം. ഒട്ടേറെ പ്രസിദ്ധകലാകാരന്മാരും പ്രശസ്തവ്യക്തികളും പങ്കെടുത്ത ആഘോഷപരിപാടികള്‍. സോനല്‍ മാന്‍സിംഗ്, മൃണാളിനിയമ്മ, കുമുദിനിലാഖ്യ, ബ്രിജു മഹാരാജ്, സുനില്‍ കോത്താരി, കുംകും മെഹന്തി, വൈജയന്തിമാല, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖവ്യക്തികള്‍ എത്തിയിരുന്നു. രണ്ടു ദിവസത്തെ ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. ആദ്യദിവസം ബ്രിജുമഹാരാജിന്റെ കഥക്കും സക്കീര്‍ ഹുസൈന്റെ തബലയും. പരിപാടി ഗംഭീരമായി. പിറ്റേന്ന് കുംകും മെഹന്തിയുടെ ഒഡീസ്സിയും വൈജയന്തിമാലയുടെ ഭരതനാട്യവും.

ഭാരതീയനൃത്തകലയുടെ ചലനസൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത നൃത്തശൈലിയാണ് ഒഡീസിയുടേത്. വൈജയന്തിമാലയുടെ ഭരതനാട്യം അതിമനോഹരമായിരുന്നു. സിനിമാറ്റിക് ഡാന്‍സിന്റെ കലര്‍പ്പോ പ്രായത്തിന്റെ അവശതയോ ഒന്നുമില്ലാതെ മികച്ചൊരു പ്രകടനം അവര്‍ കാഴ്ചവെച്ചു. ഏറെ കാലത്തിനുശേഷം നല്ലൊരു ഭരതനാട്യം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. ബാബു നമ്പൂതിരി എന്നൊരു മലയാളി മനോഹരമായി പിന്നണിപാടി.

ഇടയ്ക്കിടെ ദര്‍പ്പണയില്‍നിന്ന് ദൂതുമായി ചിലരെത്തും. താമസിക്കുന്ന വീട് ദര്‍പ്പണയ്ക്ക് അത്യാവശ്യമായി വേണം എന്നൊക്കെയാവും ഉപദേശങ്ങളും ആവശ്യങ്ങളും. അമ്മയ്ക്ക് എന്നോട് എന്തൊക്കെയോ പറയണമെന്നുണ്ട്. അവര്‍ക്ക് ഒന്നും നേരിട്ടുപറയാന്‍ കഴിയാത്തതുകൊണ്ടാണ്ദൂതന്മാരെ ഓരോരുത്തരെയായി അയച്ചുകൊണ്ടിരിക്കുന്നത്.95 ഫെബ്രുവരി 3 വെള്ളിയാഴ്ച - ജയന്റെ ഗോട്ടുവാദ്യം അരങ്ങേറ്റമാണ്. പുരുഷോത്തമന്റെ അടിയും കാലും പിടിച്ചാണ് അവനെ ഗോട്ടുവാദ്യം പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത്. അരങ്ങേറ്റത്തിന്റെ കാര്യം എന്നെ അറിയിച്ചിരുന്നില്ല. എങ്കിലും എന്റെ കുട്ടി വായിക്കുന്നതു കാണാന്‍ സദസ്സില്‍ ദൂരെ ഒരു മൂലയില്‍ പോയി ഇരുന്നു. നന്നായി വായിക്കുന്നു. അതില്‍ ശ്രദ്ധകൊടുത്താല്‍ ഭാവിയില്‍ നല്ലൊരു ഗോട്ടുവാദ്യവിദഗ്ദ്ധനായിത്തീരും എന്നു മനസ്സു പറഞ്ഞു. ഞാന്‍ അവന്റെ ആരുമല്ലെന്ന് ഒരു ദിവസം അവന്‍ എന്നോടു തുറന്നുപറഞ്ഞിട്ടുണ്ട്. എങ്കിലും അവനു നല്ലതു വരുത്തണേ എന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.

പട്ടാളത്തിലുള്ള കുട്ട്യേട്ടന് അഹമ്മദാബാദിലേയ്ക്ക് മാറ്റമായി. സ്റ്റാര്‍ ടിവിക്കു വേണ്ടി മല്ലിക ആവശ്യപ്പെട്ടതനുസരിച്ച് വെങ്കിടേശ്വരകല്യാണം ദര്‍പ്പണയില്‍ വെച്ച് രാത്രികാലങ്ങളില്‍ ഷൂട്ടിംഗ് തുടങ്ങി. പല സ്ഥലത്തും ഒരു പുതിയ വീടെടുക്കാന്‍ വേണ്ടി അന്വേഷിച്ചു നടന്നു. ദര്‍പ്പണയില്‍നിന്ന് ഒഴിവായാല്‍ ക്ലാസുകള്‍ നടത്താനും കീര്‍ത്തിക്ക് സ്‌കൂളില്‍ പോകാനും സൗകര്യം ഉള്ളതും കോശസ്ഥിതി അനുവദിക്കുന്നതുമായിരിക്കണം വീട്. മദ്രാസില്‍നിന്ന് അനിതാരത്നത്തിന്റെ (വ്യവസായ പ്രമുഖന്‍ ടി.വി.സുന്ദരത്തിന്റെ മകളാണ് അനിതാരത്നം. ഭരതനാട്യത്തില്‍പേരെടുത്ത നര്‍ത്തകിയാണ്) കത്തുണ്ടായിരുന്നു. എന്നെ സംബന്ധിച്ചുള്ള പേപ്പര്‍ കട്ടിംഗുകളും ഫോട്ടോകളും അയച്ചുകൊടുക്കാന്‍ എഴുതിയിരുന്നു. സ്പീഡ് പോസ്റ്റില്‍ എല്ലാം അയച്ചുകൊടുത്തു.

ദിവസേന രാത്രി വെങ്കിടേശ്വരകല്യാണത്തിന്റെ ഷൂട്ടിംഗ് തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം ഓഫീസില്‍നിന്ന് ഒരു കത്തു കിട്ടി - പഴയ പോലെ എല്ലാ ക്ലാസുകളും വേണ്ടപോലെ നോക്കണം; ക്ലാസെടുക്കണം. മല്ലിക നേരിട്ടു പറഞ്ഞാല്‍ മാത്രമേ ഇനി ക്ലാസില്‍ പോവുകയുള്ളൂ എന്ന് മറുപടി എഴുതി. ഒടുവില്‍ മല്ലിക വന്നു പറഞ്ഞു, ക്ലാസെടുക്കാന്‍. വീണ്ടും പഴയപോലെ ക്ലാസില്‍ പോയിത്തുടങ്ങി. പക്ഷേ, ഉള്ളിലെ പഴയ വിശ്വാസവും ആവേശവും എല്ലാം നഷ്ടപ്പെട്ടിരുന്നു. ഏതായാലും ദര്‍പ്പണ എന്റെ കൂടിയാണ്; ദര്‍പ്പണയ്ക്കു ദോഷം വരുന്നതൊന്നും പറയരുത്, ചെയ്യരുത്. ഞാന്‍ ഞാനായത് ഈ വന്മരത്തിനടിയിലാണ്. പക്ഷേ, ആ മരം ഒട്ടും വെയില്‍ കിട്ടാന്‍ അനുവദിച്ചിരുന്നില്ല. അങ്ങനെയായാല്‍ വളര്‍ച്ച മുരടിക്കും. ഇത്തിരി വെയില്‍ കിട്ടാനാണ് ഇടയ്ക്കെങ്കിലും പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്നത്.

നടറാണി തിയേറ്ററില്‍ സോളോ പരിപാടി അവതരിപ്പിക്കണം എന്നു മല്ലിക പറഞ്ഞു. ഫെബ്രുവരി 17 വെള്ളിയാഴ്ച ആദ്യമായി നടറാണി സ്റ്റേജില്‍ കളിച്ചു. കീര്‍ത്തിയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് അവന് സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി എന്ന സ്വഭാവസര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും കിട്ടി. സ്റ്റേജില്‍ കയറിച്ചെന്ന് അവന്‍ അത് ഏറ്റുവാങ്ങുന്നതു കണ്ടപ്പോള്‍ മനസ്സുനിറഞ്ഞു.

20 തിങ്കളാഴ്ച ഗുജറാത്ത് വിധാന്‍ സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പായിരുന്നു. എന്റെ വോട്ടുകൊണ്ട് ഭരണമാറ്റം ഉണ്ടാവും എന്നു കരുതീട്ടല്ലെങ്കിലും പതിവിനു വിപരീതമായാണ് ഇപ്രാവശ്യം വോട്ടു ചെയ്തത്. 88-ല്‍ ജപ്പാനില്‍ വെച്ചു പരിചയപ്പെട്ട മുരായ മസനും കുടുംബവും രണ്ടു ദിവസം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. ഗുജറാത്ത് സംഗീതനാടക അക്കാദമിക്കുവേണ്ടി ധനഞ്ജയേട്ടന്റെ മകന്‍ സത്യന്‍ വന്ന് ഭരതനാട്യം ചെയ്തു. പരിപാടി വളരെ നന്നായിരുന്നു. വെമ്പട്ടി ചിന്നസത്യത്തിന്റെകുച്ചിപ്പുഡിയുമുണ്ടായി.

ഇന്ത്യയില്‍ പേജര്‍ ഫോണ്‍ ധാരാളമായി പ്രചാരത്തില്‍ വന്നുതുടങ്ങിയിരുന്നു. പലരുടെയും അരക്കെട്ടില്‍ അതു കെട്ടിത്തൂക്കിയിരിക്കുന്നതു കാണാം. ആരെങ്കിലും വിളിച്ചാല്‍ അത് 'പീപീ' എന്ന് ശബ്ദം പുറപ്പെടുവിക്കും. വിളിച്ച ആളുടെ നമ്പര്‍ അതില്‍ തെളിയും. ആ നമ്പര്‍ നോക്കി അടുത്ത ബൂത്തില്‍ പോയി വിളിക്കാം. എസ്ടിഡി ബൂത്തുകള്‍ നാട്ടിന്‍പുറങ്ങളിലും നിറഞ്ഞുതുടങ്ങിയിരുന്നു. രാത്രി 10 മണിക്കു ശേഷം വിളിച്ചാല്‍ ചാര്‍ജ്ജ് കുറവുണ്ട്. അതുകൊണ്ട് മറുനാടന്‍ ബൂത്തുകളില്‍ രാത്രി നാട്ടിലേയ്ക്കു വിളിക്കാനെത്തുന്നവരുടെ തിരക്കായിരിക്കും.

95 മാര്‍ച്ച് 14 ചൊവ്വാഴ്ച. ഗുജറാത്തില്‍ ആദ്യമായി ഒരു ബി.ജെ.പി. മന്ത്രിസഭ അധികാരത്തില്‍ വന്നു. കേശുഭായ് പട്ടേല്‍ ആണ് ആദ്യവസാനവേഷക്കാരന്‍. പരീക്ഷക്കാലമായതുകൊണ്ടും മറ്റും ദര്‍പ്പണയില്‍ കുട്ടികള്‍ തീരേ വരാതായി. എങ്ങും മൂകത. ഒരു ചടങ്ങുപോലെ എന്നും പോയിവരും. കുട്ടികള്‍ ആരെങ്കിലും വന്നാല്‍ ക്ലാസെടുക്കും. കീര്‍ത്തി മെനക്കെട്ടിരുന്നു പരീക്ഷയ്ക്കു തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 20 തിങ്കളാഴ്ച അവന് ബോര്‍ഡ് എക്സാം തുടങ്ങി. അതിരാവിലെ മൂന്നുമണിക്കെഴുന്നേല്ക്കും. ഞങ്ങള്‍ക്ക് ഒന്നും പറഞ്ഞുകൊടുക്കാനറിയില്ല. എല്ലാം അവന്‍ സ്വയം പഠിച്ചുണ്ടാക്കണം.

ഏടത്തിയുടെ മകന്‍ ദാസന്റെ കല്യാണമാണെന്നറിയിച്ചുകൊണ്ട് കത്തു കിട്ടി. അഞ്ഞൂറു രൂപ അയച്ചുകൊടുത്തു. ഏപ്രില്‍ 8 ശനിയാഴ്ച കീര്‍ത്തി
യുടെ പരീക്ഷ കഴിഞ്ഞു. എല്ലാം നന്നായി എഴുതീട്ടുണ്ടെന്നും നല്ല മാര്‍ക്കോടെ പാസാവുമെന്നും അവന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു. അങ്ങനെ അവന്റെ വിദ്യാലയജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി എങ്ങനെയാകുമോ എന്തോ? പരീക്ഷ കഴിഞ്ഞ ശേഷം എന്നും അവന്‍ ദര്‍പ്പണയില്‍ പോയി ഭരതനാട്യം പ്രാക്ടീസ് ചെയ്തിരുന്നു. ഒരു ദിവസം അമ്മ അവനോട് പറഞ്ഞു ഇനി ദര്‍പ്പണയില്‍ പ്രാക്ടീസ് ചെയ്യാന്‍ വരേണ്ടെന്ന്. വളരെ വിഷമത്തോടെയാണ് അവന്‍ അത് വീട്ടില്‍ അറിയിച്ചത്. ഞാന്‍ ദര്‍പ്പണ വിട്ടുപോവുകയാണ് എന്നും മറ്റും പറഞ്ഞ് ആരൊക്കെയോ അവരെ ഏഷണി കൂട്ടീട്ടുണ്ടാവും. അല്ലെങ്കില്‍ അമ്മയ്ക്ക് ഇങ്ങനെയൊന്നും പറയാന്‍ കഴിയില്ല. ക്ഷമയാണ് ഏറ്റവും നല്ല മറുപടി എന്നു കരുതി. ഒന്നും പ്രതികരിക്കേണ്ടെന്ന് വസന്തയും അവനും പറഞ്ഞു. ഏപ്രില്‍ 12ന് കീര്‍ത്തിയെ ബറോഡയില്‍ കൊണ്ടുപോയി ചന്ദ്രശേഖരന്‍ സാറിനെ ഏല്പിച്ചു. ആദ്യമായാണ് ഞങ്ങളാരുമില്ലാതെ അവനെ മറ്റൊരിടത്ത് നിര്‍ത്തിപ്പോരുന്നത്. വസന്തയ്ക്കു നന്നേ വിഷമമുണ്ടായിരുന്നു. പക്ഷേ, ചന്ദ്രശേഖരന്‍ സാര്‍ ഒരു യഥാര്‍ത്ഥ ആചാര്യനാണെന്ന് അറിയാമായിരുന്നതുകൊണ്ട് വലിയ വിഷമം തോന്നിയില്ല. ഒരു ദിവസം കീര്‍ത്തി തനിച്ചാണ് ബറോഡയ്ക്കു പോയത്. എത്തിയ വിവരത്തിനു വിളിക്കുന്നതുവരെ ഒരു സമാധാനവുമുണ്ടായിരുന്നില്ല.

ദര്‍പ്പണയില്‍ വെക്കേഷന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നാട്ടിലേയ്ക്ക് പോന്നു. 95 മെയ് 6-ാം തിയ്യതി ഞായറാഴ്ച രാമന്‍കുട്ടിയാശാന്റെ സപ്തതിയായിരുന്നു. കോങ്ങാട്ടു പോയി മധുവിനെ കണ്ടു. മധുവിന് അന്ന് വേറെ പരിപാടിയുണ്ട്. രാമന്‍കുട്ടിയാശാന്റെ വീട്ടില്‍ പോയി. വിപുലമായ ആഘോഷപരിപാടികളായിരുന്നു. രാത്രി ഗംഭീരമായ കഥകളി - നളചരിതം നാലാം ദിവസം, ലവണാസുരവധം, ഉത്ഭവം, ഗോപിയാശാന്‍, ശിവരാമേട്ടന്‍, ഹൈദരാലി തുടങ്ങിയ പ്രഗത്ഭന്മാര്‍ പലരുമുണ്ടായിരുന്നു.

'പുരുഷ'പരിപാടിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മദ്രാസിലേയ്ക്കു പുറപ്പെട്ടു. മധു സ്റ്റേഷനില്‍ വന്ന് യാത്രയാക്കി. ധനഞ്ജയേട്ടനെ പോയിക്കണ്ടു. അനിതാരത്നത്തെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. ഡ്രസ് വാങ്ങിക്കാന്‍ അവര്‍ 2500 രൂപ തന്നു. ഇത്രകാലമായിട്ടും സ്റ്റേജില്‍ വരുമ്പോള്‍ ഉപയോഗിക്കാന്‍ സ്വന്തമായി ഒരു ഡ്രസ്സ് സമ്പാദിച്ചിരുന്നില്ല. എനിക്ക് എല്ലാം ദര്‍പ്പണയായിരുന്നല്ലോ. ചെണ്ടക്കാരന്‍ ഒരു കേശവനെ പരിചയപ്പെട്ടു. അയാളാണ് എനിക്ക് കൊട്ടാന്‍ വരുന്നത്. സിനിമാഫീല്‍ഡില്‍ അറിയപ്പെടുന്ന ആളാണത്രേ.

വീണ്ടും നാട്ടിലെത്തി. വസന്ത ദേശമംഗലത്ത് അച്ഛന്റെ അടുത്തുതന്നെയാണ്. കാറല്‍മണ്ണയില്‍ രാമന്‍കുട്ടിയാശാന് നല്‍കുന്ന സ്വീകരണത്തോടനുബന്ധിച്ച കളി. കീര്‍ത്തിയെയും കൊണ്ടുപോയിരുന്നു. സ്വീകരണച്ചടങ്ങില്‍ സിനിമാനടന്‍ മുരളി സംബന്ധിച്ചിരുന്നു. ആലങ്കോട് ലീലാകൃഷ്ണന്റെയും പൂമുള്ളി ആറാം തമ്പുരാന്റെയും പ്രസംഗം കേട്ടു. രണ്ടുപേരുടെയും പ്രസംഗം മുമ്പ് കേട്ടിട്ടില്ല. കീര്‍ത്തി മലയാളത്തിലുള്ള പ്രസംഗം നടാടെ കേള്‍ക്കുകയാണ്. അവന് ലീലാകൃഷ്ണന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു. അക്ഷരസവ്യസാചിതന്നെ എന്ന് തോന്നി. നളചരിതം മൂന്നാം ദിവസവും ഉത്ഭവവുമായിരുന്നു കഥകള്‍. മധു കുറച്ചുനേരം പാടി.

95 മെയ് 18 വ്യാഴാഴ്ച. പന്തലൂരില്‍ എന്റെ ജന്മനാട്ടില്‍, ആദ്യമായി എനിക്കൊരു സ്വീകരണം ഒരുക്കിയിരിക്കുന്നു. കുഞ്ഞാപ്പ എന്നൊരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ 'സഹൃദയവേദി' എന്ന കലാസ്വാദകസംഘടനയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ കുഞ്ഞാപ്പ കലാപരമായും ബുദ്ധിപരമായും നല്ല കഴിവുള്ള ഒരു കുട്ടിയാണെന്നറിഞ്ഞു. നന്നായി പ്രസംഗിക്കും; ചിത്രം വരയ്ക്കും. സാഹിത്യവാസനയുമുണ്ട്. പന്തലൂരില്‍ ഇങ്ങനത്തെ കുട്ടികള്‍ ഉണ്ടെന്നറിയുമ്പോള്‍ത്തന്നെ സന്തോഷം തോന്നുന്നു. (കുഞ്ഞാപ്പ ഇപ്പോള്‍ മാധ്യമം പത്രത്തില്‍ ജോലി ചെയ്യുന്നു). എന്റെ പന്തലൂര്‍ എന്നെ അംഗീകരിക്കുന്നു എന്നറിഞ്ഞതില്‍ എനിക്കു തികഞ്ഞ സംതൃപ്തി തോന്നി.

വസന്തയും കീര്‍ത്തിയും അഹമ്മദാബാദിലേയ്ക്കു തിരിച്ചുപോയി. കീര്‍ത്തിക്കു ബറോഡയില്‍ പ്രാക്ടീസ് ഉണ്ടായിരുന്നു. ലക്ഷ്മിയേയും കൂട്ടി കോയമ്പത്തൂരില്‍ പോയി രണ്ടു സാരി വാങ്ങി. 'പുരുഷ'യ്ക്കു വേണ്ടിയാണ്. ഒന്നിന് 1400 രൂപയും മറ്റേതിന് 500 രൂപയും വിലയായി. ഒന്നു പരിപാടിക്കും ഒന്നു ഡെമോ ചെയ്യാനുമാണ്. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയില്‍ പോയി മാനേജിംഗ് ഡയരക്ടര്‍ കൃഷ്ണകുമാറിനെ കണ്ടു. അദ്ദേഹ
ത്തിന് ഫാര്‍മസിയുടെ കീഴില്‍ ഒരു കലാസ്ഥാപനം തുടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. ഒരു സ്ഥാപനം തുടങ്ങാന്‍ മോഹമുണ്ട് എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചത്. എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ഒരു പ്രോജക്ട് തയ്യാറാക്കി അയച്ചുകൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ് ഞാന്‍ കോട്ടയ്ക്കലേയ്ക്കു പോയി. മധു നാട്യസംഘത്തിനു പുറത്ത് മുറിയെടുത്തു താമസിക്കാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ അധികസമയവും മധുവിന്റെ കൂടെ കോട്ടക്കലാവും താമസം.

തൃശ്ശൂര്‍ മോഡല്‍ സ്‌കൂളില്‍ ശില്പികള്‍ക്കു വേണ്ടിയുള്ള ശില്പശാലയില്‍ 'ഭാരതീയ നൃത്തവും ശില്പകലയും' എന്ന വിഷയത്തെപ്പറ്റി സംസാരിച്ചും ചെയ്തും ക്ലാസെടുത്തു. നാട്യശാസ്ത്രത്തിലെ കരണങ്ങളാണ് ചെയ്തുകാണിച്ചത്. സി.ജി.പ്രിന്‍സ് എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത് (പ്രിന്‍സിനെ പറ്റി ഞാന്‍ മുമ്പ് ഒന്നുരണ്ടിടത്ത് സൂചിപ്പിച്ചിട്ടുണ്ട്).

ജയരാമനും തൃശ്ശൂരില്‍ വന്നിരുന്നു. 27-ന് പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ കീഴ്പ്പടം കുമാരന്‍ നായരുടെ അശീതിപ്രമാണിച്ചുള്ള പരിപാടികളില്‍ പങ്കുകൊള്ളാന്‍ പോയി. ആദ്യമായാണ് സദനത്തില്‍ പോവുന്നത്. ഒരു വലിയ സ്ഥാപനമാണ് ഗാന്ധിസേവാസദനം. അനവധി കഥകളികലാകാരന്മാര്‍ക്ക് ആശ്രയമായ സ്ഥാപനം.

മെയ് 31 ബുധനാഴ്ച മലപ്പുറത്ത് പ്രസ്സ്‌ക്ലബില്‍ ഒരു പത്രസമ്മേളനമുണ്ടായി. കുഞ്ഞാപ്പയാണ് എല്ലാം അറേഞ്ചു ചെയ്തത്. കേരളത്തിലെ പ്രമുഖപത്രങ്ങളുടെയെല്ലാം പ്രതിനിധികള്‍ എത്തിയിരുന്നു. ഭാരതീയനൃത്തകലകളെപ്പറ്റിയും വിദേശങ്ങളില്‍ അവയ്ക്കുള്ള സ്വീകാര്യതയെപ്പറ്റിയുമെല്ലാം ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. രാത്രി എന്‍.ജി.ഒ. ഹാളില്‍ കഥകളി ഡെമോണ്‍സ്ട്രേഷന്‍ ചെയ്തു. രാജാനന്ദന്‍ എന്നൊരു ചെറുപ്പക്കാരന്‍ കഥകളിയെപ്പറ്റി വളരെ നന്നായി അറിഞ്ഞുസംസാരിച്ചു. ആ സംസാരം കേട്ടപ്പോള്‍ കാലക്രമേണ ഒരു കുമ്മിണി മാഷെപ്പോലെയാകും അയാള്‍ എന്നു മനസ്സില്‍ തോന്നി. കഥകളിയെപ്പറ്റി നല്ല പരിജ്ഞാനമുള്ളയാള്‍. അറിയുന്ന കാര്യം ഭംഗിയായി പറഞ്ഞുഫലിപ്പിക്കാനും കഴിയുന്നു. പലരും എന്റെ ക്ലാസിനെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. മധു ജനാര്‍ദ്ദനന്‍ എന്നൊരു എഴുത്തുകാരനെ പരിചയപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചത്. പിറ്റേദിവസം എല്ലാ പത്രങ്ങളിലും ഫോട്ടോസഹിതം വാര്‍ത്ത വന്നിരുന്നു.

വീണ്ടും അഹമ്മദാബാദിലേയ്ക്ക്. മധു സ്റ്റേഷനില്‍ വന്നു യാത്രയാക്കി. നിര്‍ണ്ണയനഗറില്‍ മേടിച്ച ഫ്ളാറ്റ് വെള്ളവലിക്കാനും മറ്റും ഏര്‍പ്പാടാക്കി. 4000 രൂപയായി. ദര്‍പ്പണയില്‍നിന്ന് വീട് ഒഴിഞ്ഞുകൊടുക്കാന്‍ കല്പന വന്നു. 24 കൊല്ലം താമസിച്ച വീട്! എല്ലാം നല്ലതിനാവാം. ഒഴിഞ്ഞുകൊടുക്കരുതെന്ന് ചില സുഹൃത്തുക്കള്‍; ഒഴിഞ്ഞുകൊടുത്തേയ്ക്കൂ എന്നു മറ്റുചിലര്‍. ഒടുവില്‍ സ്വയം ഒരു തീരുമാനമെടുത്തു. ഇത്രയും കാലം അഭയം തന്ന വീടാണ്. വിധിയുണ്ടെങ്കില്‍ ഇതിലും നല്ലൊരു വീടുണ്ടാക്കാം. എന്റെ അമ്മ പറഞ്ഞിരുന്ന വാക്കുകള്‍ ഓര്‍ത്തു: 'എന്റെ പൂരാടം ഒരിക്കലും കഷ്ടപ്പെടാനിടവരില്ല'. അമ്മ മരിച്ച രാത്രി ഞാന്‍ കണ്ട സ്വപ്നം ഓര്‍മ്മ വന്നു- 'എന്റെ കുട്ടിയുടെ കൂടെ ഞാനുണ്ട്. ഒന്നും വിഷമിക്കേണ്ട' എന്ന് സ്വപ്നത്തില്‍ അമ്മ അടുത്തിരുന്ന് ആശ്വസിപ്പിച്ചു. വീടു തിരിച്ചുകൊടുക്കാന്‍തന്നെ തീരുമാനിച്ചു. വസന്തയെയും കീര്‍ത്തിയെയും അഭിപ്രായം അറിയിച്ചു. തുടര്‍ന്ന് വസന്ത നിര്‍ണ്ണയനഗറിലെ ഫ്ളാറ്റ് മോടിപിടിപ്പിക്കാനുള്ള ശ്രമമായി. ദിവസവും അവളും കീര്‍ത്തിയുംകൂടി പുസ്തകങ്ങളും മറ്റും അവിടേയ്ക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നു. 95 മെയ് 24 ശനിയാഴ്ച ഒരു വണ്ടിപിടിച്ച് സാധനങ്ങളെല്ലാം ഫ്ളാറ്റിലേയ്ക്കു കൊണ്ടുപോയി. കുട്ട്യേട്ടന്റെ പട്ടാളവണ്ടിയും വന്നിരുന്നു. ഇരുപത്തിനാലു കൊല്ലം കൊണ്ട് സംഭരിച്ച സാധനങ്ങള്‍ വണ്ടിയില്‍ കയറ്റിവിട്ടു; ഓര്‍മ്മകള്‍ പലതും മനസ്സില്‍ സൂക്ഷിച്ചുവെച്ചു.

25 ഞായറാഴ്ച ഗോകുല്‍ നഗറിലെ ഒറ്റമുറി വീട്ടില്‍നിന്ന് ഇറങ്ങി. 1972 സെപ്തംബറില്‍ വന്നുകയറിയ കൊച്ചുവീട്ടില്‍നിന്ന്, സബര്‍മതിയുടെ തീരത്തെ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍നിന്ന്, ഫ്ളാറ്റ് സംസ്‌കാരത്തിലേയ്ക്ക്. കണ്ണു നിറയുന്നു; മനസ്സ് ശൂന്യമാവുന്നു. ഹരിദാസേട്ടനും ബലരാമനും മറ്റുപലരുമൊത്ത് ഈ ഒറ്റമുറിയില്‍ കഴിഞ്ഞ ദിവസങ്ങള്‍! വിവാഹം കഴിഞ്ഞ് വസന്തയെ കൂട്ടിക്കൊണ്ടുവന്നത്, ഒരു കുടുംബജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടം തുടങ്ങിയത്, അച്ഛനാവാന്‍ പോവുന്നുവെന്ന് അറിഞ്ഞ ദിവസം തോന്നിയ സന്തോഷം, അരങ്ങുകളില്‍നിന്നും പത്രങ്ങളില്‍നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോള്‍ അഭിമാനം തോന്നിയ നാളുകള്‍. കീര്‍ത്തിയെ ആദ്യമായി കൊണ്ടുവന്ന ദിവസം, അവന്‍ നീന്താനും മുട്ടിലിഴയാനും പിച്ചവെയ്ക്കാനും തുടങ്ങിയ നാളുകള്‍. അവന്റെ പിഞ്ചുകാലടികള്‍ ആദ്യം പതിഞ്ഞ ഈ മുറ്റത്തെ മണ്‍തരികള്‍- എണ്ണിയാലൊടുങ്ങാത്ത ഓര്‍മ്മകള്‍. വസന്തയ്ക്ക് എങ്ങനെയോ ഇത്തരം വേദനകളെയൊക്കെ പെട്ടെന്നു തരണം ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു. സ്ത്രീകള്‍ക്ക് സാഹചര്യങ്ങളുമായി പെട്ടെന്നു പൊരുത്തപ്പെടാന്‍ കഴിഞ്ഞേയ്ക്കാം. ഏതായാലും പോവുന്നത് സ്വന്തം വീട്ടിലേയ്ക്കാണല്ലോ എന്നു പറഞ്ഞ് വസന്ത സമാധാനിപ്പിച്ചു. അവളാണിപ്പോള്‍ എനിക്കാശ്വാസവും ആശ്രയവും. കൃഷ്ണന്‍ നായരാശാനും ശിവരാമേട്ടനും ചേര്‍ന്നഭിനയിച്ച നളചരിതം രണ്ടാം ദിവസത്തില്‍ 'എന്നെയും നിന്നെയും നീതന്നെ കാത്തുകൊള്ളണം' എന്ന ഭാഗം ഓര്‍മ്മവന്നു. ഞങ്ങള്‍ ഇറങ്ങി പ്പോരുമ്പോള്‍ ജയന്‍ ഞങ്ങളുടെ വീട്ടിന്റെ മുകള്‍ നിലയില്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഗണപതിഹോമവും പാലുകാച്ചലും മറ്റും കഴിച്ച് പുതിയ വീട്ടില്‍ താമസമാക്കി. മുരളിയും ഇന്ദിരയുമാണ് എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചത്. ഒട്ടേറെ സുഹൃത്തുക്കള്‍ വന്നിരുന്നു. കീര്‍ത്തി രാത്രിയാണ് ബറോഡയില്‍ നിന്ന് എത്തിയത്. ഇരുപത്തിനാലു കൊല്ലത്തിനുശേഷം അങ്ങനെ ഞങ്ങളുടെ കുടുംബം മറ്റൊരു വീട്ടില്‍ താമസമാക്കി. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടണം; ജീവിതശൈലി മാറ്റാന്‍ ശ്രമിക്കണം. രാവിലെ എഴുന്നേറ്റ് സബര്‍മതിയിലേയ്ക്ക് നോക്കുമ്പോള്‍ കണ്ടിരുന്ന സൂര്യോദയവും മയിലുകളുടെ നൃത്തവും ഇവിടെ കാണാന്‍ കഴിയില്ല. കഴുതകളുടെ കരച്ചിലും തുണിമില്ലുകളില്‍നിന്നുള്ള ശബ്ദവും ഇവിടെയില്ല. എപ്പോഴും അടച്ചിട്ട വാതിലുകള്‍ കാണാം. എല്ലാ ഫ്ളാറ്റുകളില്‍നിന്നും ടിവിയില്‍നിന്ന് ഉച്ചത്തിലുള്ള ഹിന്ദിഗാനങ്ങള്‍ കേള്‍ക്കാം. എങ്കിലും ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

തിങ്കളാഴ്ച രാവിലെ ദര്‍പ്പണയില്‍ പോയി അമ്മയെ വീടിന്റെ താക്കോല്‍ ഏല്പിച്ചു. രണ്ടുപേര്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. മൂകമെങ്കിലും വാചാലമായ നിമിഷങ്ങള്‍. രണ്ടുപേരുടെ കണ്ണുകളും നിറഞ്ഞിരുന്നു. 'ചാവി ഓഫീസില്‍ കൊടുത്തോളൂ' എന്ന് അമ്മ പറഞ്ഞു. 'അല്ല, അമ്മതന്നെ വാങ്ങണം' എന്നു ഞാന്‍. ഇത്രയും കാലം എന്നെ അവിടെ താമസിപ്പിച്ചതിനും എന്നെ വളര്‍ത്തിവലുതാക്കിയതിനും എല്ലാം നന്ദിയുണ്ട് എന്നും , വീടുമാറി ദൂരെപ്പോയാലും അമ്മ വിളിക്കുമ്പോള്‍ എത്തിക്കൊള്ളാം എന്നും ഞാന്‍ പറഞ്ഞു. 'ഇതൊന്നും എനിക്കു വേണ്ടിയല്ല, മല്ലികയ്ക്കു വേണ്ടിയാണ്' എന്ന് അമ്മ ഒരുവിധം പറഞ്ഞൊപ്പിച്ചു. 'എല്ലാം ജീവിതനാടകം. നമ്മള്‍ കളിക്കുന്നു. താളം പിഴയ്ക്കാതെ, ആവര്‍ത്തനത്തിന്റെ അതിരുകടക്കാതെ, തനിക്കനുവദിച്ച സ്ഥലവും സമയവും അറിഞ്ഞുകളിക്കണം എന്നുമാത്രം. അതാണ് ഞാന്‍ ചെയ്യുന്നത്' എന്നു ഞാനും പറഞ്ഞു. അമ്മയുടെ കാല്‍തൊട്ടു വന്ദിച്ച് ഇറങ്ങിപ്പോന്നു.

പിന്നീട് ആവശ്യമുണ്ടെന്നു പറഞ്ഞ് വിളിപ്പിച്ചാല്‍ മാത്രം ദര്‍പ്പണയില്‍ പോവുക എന്നൊരു ചിട്ട വെച്ചു. കോയമ്പത്തൂരിലേയ്ക്ക് കൃഷ്ണകുമാറിന് (ആര്യവൈദ്യഫാര്‍മസി) ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ചു.95 ജൂലായ് 3 തിങ്കളാഴ്ച. കീര്‍ത്തിയുടെ പത്താംക്ലാസ് റിസള്‍ട്ട് അറിയുന്ന ദിവസം. തലേന്നു രാത്രി അവന്‍ തീരേ ഉറങ്ങിയിട്ടില്ല. രാത്രി ഇടയ്ക്കിടെ എഴുന്നേല്‍ക്കും; ലൈറ്റിടും; മൂത്രമൊഴിക്കാന്‍ ബാത്ത്റൂമില്‍ പോവും. കാര്യം പിടികിട്ടി; അവന്‍ വല്ലാത്ത ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്.

തിങ്കളാഴ്ച കാലത്ത് ഞാനും വസന്തയും കീര്‍ത്തിയുടെ കൂടെ സ്‌കൂളില്‍ പോയി. ഓരോ കുട്ടിയുടെയും റിസള്‍ട്ട് മൈക്കിലൂടെ അനൗണ്‍സ് ചെയ്തുകൊണ്ടിരുന്നു. എന്റെ കുട്ടിയുടെ പേര്‍ മാത്രം കേള്‍ക്കുന്നില്ല. വിയര്‍ത്തുകുളിച്ച് പരിഭ്രമത്തോടെ കാത്തുനില്‍ക്കുന്ന അവന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. ഏറ്റവും ഒടുവിലായി അവന്റെ പേര്‍ വിളിച്ചു. എല്ലാ വിഷയത്തിലും ഒന്നാമനായി ജയിച്ചിരിക്കുന്നു- കണക്കില്‍ 100 മാര്‍ക്ക്, സയന്‍സിനു 98. സ്‌കൂളില്‍ മാത്രമല്ല ഗുജറാത്ത് സ്റ്റേറ്റിലും അവന്‍ ഒന്നാമനായിരിക്കുന്നുവത്രേ. സന്തോഷംകൊണ്ട് അവന് ഒന്നും പറയാന്‍ കഴിയുന്നില്ല. വസന്തയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിക്ക് അടക്കാനാവാത്ത സന്തോഷംകൊണ്ട്, എന്തൊക്കെ ചെയ്യണമെന്ന് അറിയാതെയായി. നാട്ടിലേയ്ക്ക് മധുവിനെ വിളിച്ച് വിവരം പറഞ്ഞു. പന്തലൂര്‍ക്കും ദേശമംഗലത്തേയ്ക്കും വിളിച്ചു. നിര്‍ണ്ണയനഗറിലെ പുതിയ വീട്ടില്‍ താമസമാക്കിയശേഷം ആദ്യത്തെ അനുഭവം അപ്രതീക്ഷിതമാംവിധം സന്തോഷപ്രദമായിരുന്നു.

അടുത്തുള്ള മലയാളിസുഹൃത്തുക്കളെല്ലാം രാത്രി അനുമോദനം അറിയിക്കാന്‍ വന്നുകൊണ്ടിരുന്നു. കീര്‍ത്തിക്കു തുടര്‍ന്ന് പഠിക്കാന്‍ സെന്റ് സേവിയേഴ്സില്‍ത്തന്നെ അഡ്മിഷന്‍ കൊടുത്തു. നോട്ടീസ് ബോര്‍ഡിലെ ലിസ്റ്റില്‍ എന്റെ കുട്ടിയുടെ പേര് ആദ്യത്തേതാണ്. സന്തോഷത്തോടൊപ്പം അഭിമാനവും തോന്നി. പിള്ളസാറിനെയും ചേച്ചിയെയും പോയിക്കണ്ട് വിവരമറിയിച്ചു. അവര്‍ക്കു വളരെ സന്തോഷം. മൃണാളിനിയമ്മ അവന് വിക്രം സാരാഭായിയുടെ ജീവിതകഥയുള്ള പുസ്തകം സമ്മാനമായി നല്‍കി. മല്ലികയും കാര്യമായി അഭിനന്ദിച്ചു. രാജൂബെന്‍ 250 രൂപ അവനു സമ്മാനിച്ചു. അതുകൊണ്ട് അവന്‍ വേദിക് മാത്തമാറ്റിക്സ് എന്ന പുസ്തകം വാങ്ങി.

ബറോഡയില്‍ ചന്ദ്രശേഖരന്‍സാറിന്റെയടുത്തുപോയി. ഭാരതത്തിലെ ഗുരുശിഷ്യബന്ധത്തെപ്പറ്റിയും ഒരു വിദ്യാര്‍ത്ഥി വളര്‍ന്നുവരുന്ന അവസ്ഥയെപ്പറ്റിയുമുള്ള പരിപാടിയിലെ ഒരൈറ്റം ഭരതനാട്യത്തിലെ ചിട്ടകള്‍ മിക്കതും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹത്തിനും കീര്‍ത്തിക്കും വേണ്ടി കമ്പോസ് ചെയ്തതു കണ്ടു. പരിപാടിയുടെ അവസാനം ദേശ് രാഗത്തില്‍ ഒരു തില്ലാന, ഭരതനാട്യം സാറും കീര്‍ത്തിയുംകൂടി ചെയ്യുന്നത് ചിട്ടപ്പെടു
ത്തിയിട്ടുണ്ട്.

എനിക്കുള്ള ആവര്‍ത്തനങ്ങള്‍ പറഞ്ഞുതന്നു. അതിന് ഞാന്‍ കഥകളി സ്റ്റെപ്പുകള്‍ ഇട്ടു. കുച്ചിപ്പുഡിയും കഥക്കും കണ്ടംപററിയും മദിരാശി ചെന്നിട്ട് ചേര്‍ക്കാനായി മാറ്റിവെച്ചു.

കീര്‍ത്തിക്ക് വിദേശയാത്രയ്ക്ക് സ്‌കൂളില്‍നിന്ന് ലീവ് അനുവദിച്ചുകിട്ടി. ഞാന്‍ ദര്‍പ്പണയില്‍ ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. പോവാന്‍ അനുവാദം തരണമെന്ന് അപേക്ഷിച്ചില്ല. മല്ലികയോടും വിവരം പറഞ്ഞു. 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന് അവരും 'താങ്ക്സ്' എന്നു ഞാനും പറഞ്ഞു. ജയനോടും വിവരം പറഞ്ഞുപോന്നു. മല്ലികയും അമ്മയും എന്നോടുള്ള പെരുമാറ്റത്തിന്റെ ശൈലി മാറ്റിത്തുടങ്ങിയതോടെ പ്രജകളുടെ പെരുമാറ്റത്തിലും ചെറിയ മാറ്റം കണ്ടുതുടങ്ങിയിരുന്നു. കാണുമ്പോള്‍ കണ്ടുവെന്ന് നടിക്കാന്‍ തുടങ്ങി; മുഖം തിരിച്ച് ഒഴിഞ്ഞുമാറിപ്പോകാന്‍ ശ്രമിക്കാതായി.

95 ആഗസ്റ്റ് 10 വ്യാഴാഴ്ച 'പുരുഷ'യുടെ അവസാന മിനുക്കുപണികള്‍ക്കും അരങ്ങേറ്റത്തിനുമായി മദ്രാസിലേയ്ക്കു പുറപ്പെട്ടു. വസന്തയെ തനിച്ചാക്കി ഞാനും കീര്‍ത്തിയും പോവുകയാണ്. വസന്ത തേങ്ങലടക്കാന്‍ പണിപ്പെടുകയാണ്. യാത്രയാക്കാന്‍ സ്റ്റേഷനില്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ജയനെ കണ്ടില്ല. ബറോഡയില്‍നിന്ന് ചന്ദ്രശേഖരന്‍ സാറും മറ്റൊരു കോച്ചില്‍ കയറി. ഞങ്ങള്‍ അച്ഛനും മകനും കഥകള്‍ പറഞ്ഞും പരിപാടിയെക്കുറിച്ചു സംസാരിച്ചും ഒരു ദിവസം മുഴുവന്‍ ട്രെയിനില്‍ യാത്ര ചെയ്തു. 11-ാം തിയ്യതി രാത്രിയാണ് മദ്രാസിലെത്തിയത്. അരംഗം ട്രെസ്റ്റ് ഓഫീസില്‍നിന്നുള്ള ലളിത, കലൈവാണി എന്നിവര്‍ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. എഗ്മൂറിനടുത്ത് സുന്ദരം ഗ്രൂപ്പിന്റെ ലക്ഷ്മി മില്‍സ് ഗസ്റ്റ് ഹൗസിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഉടയപ്പന്‍, കാന്തിലാല്‍ എന്നീ രണ്ടു പരിചാരകന്മാര്‍. രാജകീയമായ ഭക്ഷണവും താമസവും.

പിറ്റേ ദിവസം ധനഞ്ജയേട്ടനെ കണ്ടു. ശാന്തേച്ചിയുടെ കൂടെ പോയി ജോടിക്ക് 320 രൂപ വെച്ച് രണ്ടു ജോടി ചിലങ്ക വാങ്ങി. 900 രൂപയ്ക്ക് ആഭരണങ്ങളും മേടിച്ചു. ഒന്നും സ്വന്തമായി ഉണ്ടായിരുന്നില്ല ഇതുവരെ. ഉച്ച കഴിഞ്ഞ് പാടി. ഗസ്റ്റ് ഹൗസില്‍ റിഹേഴ്സല്‍. കഥകിന് ലഖ്നൗവില്‍നിന്നു വന്ന അര്‍ജുന്‍മിശ്രയെ കണ്ടു. കഴിവുള്ള നര്‍ത്തകന്‍. ചെണ്ട കേശവന്‍; പാട്ട് അരവിന്ദാക്ഷനും ഒ.എസ്. അരുണും. ഒ.എസ്. ത്യാഗരാജന്റെ അനിയനാണ് അരുണ്‍. ഏതു സംഗീതശൈലിയും അദ്ദേഹത്തിനു വഴങ്ങും. അതിമനോഹരമായ ശാരീരം. കേള്‍ക്കാന്‍ നല്ല ഇമ്പം. ഞാന്‍ മധുവിനെ ഓര്‍ത്തു- ഇതുപോലുള്ള അവസരങ്ങള്‍ ഉണ്ടായാല്‍ എന്റെ കുട്ടിയും കൂടുതല്‍ പ്രശസ്തനാവില്ലേ? എല്ലാറ്റിനും സമയം വരുമായിരിക്കും. പുതിയ ട്രൂപ്പുമായി പരിചയപ്പെടാന്‍ തുടങ്ങി. അനിതാരത്നമാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

കീര്‍ത്തിയും ചന്ദ്രശേഖരന്‍ സാറുംകൂടി മ്യൂസിക്കുകാരുമായി ചേര്‍ന്ന് ഭംഗിയായി റിഹേഴ്സല്‍ ചെയ്തു. കഥകളിക്ക് കൊട്ടിപ്പരിചയമില്ലാത്തതുകൊണ്ട് ചെണ്ടക്കാരന് എല്ലാം എണ്ണിക്കണക്കാക്കി പറഞ്ഞുകൊടുക്കേണ്ടിവന്നു. എന്നാലും ചെണ്ടയുടെ ശബ്ദമാണല്ലോ എന്ന ആശ്വാസമുണ്ട്.16ന് രാത്രി അലൈന്‍സ് ഫ്രാന്‍സെയില്‍ വെച്ച് 'പുരുഷ'യെപ്പറ്റിയുള്ള പത്രസമ്മേളനം. അനിതാരത്നവും ജൊനാഥനും ഞങ്ങള്‍ കലാകാരന്മാരും സംബന്ധിച്ചിരുന്നു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള പത്രക്കാര്‍. കേരളത്തില്‍നിന്ന് മാതൃഭൂമിയുടെയും കലാകൗമുദിയുടെയും പ്രതി നിധികളും ഉണ്ടായിരുന്നു.

ആഗസ്റ്റ് 17ന് അമേരിക്കന്‍ കോണ്‍സുലേറ്റില്‍ പോയി ക്യൂ നിന്നു. 11 മണിക്ക് നട തുറന്നു. കീര്‍ത്തി ആദ്യമായി പോവുകയായതുകൊണ്ട് വിസ കിട്ടാന്‍ വല്ല തടസ്സവുമുണ്ടാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒരു വിഷമവുംകൂടാതെ ഡിസംബര്‍ 25 വരെയ്ക്കുള്ള വിസ കിട്ടി. അങ്ങനെ അവന്റെ പാസ്പോര്‍ട്ടില്‍ അമേരിക്കയുടെ വിസ പതിഞ്ഞു. രാത്രി കലാകൗമുദിയില്‍നിന്ന് പ്രദീപ് എന്നൊരാള്‍ ഇന്റര്‍വ്യൂവിനു വന്നിരുന്നു. എന്നോട് പലതും ചോദിച്ചു; ഞാന്‍ മറുപടിയും നല്‍കി. 18 ന് രാത്രി മ്യൂസിക് അക്കാദമിയില്‍ വെച്ചായിരുന്നു റിഹേഴ്സല്‍. എല്ലാം ഭംഗിയായി മുന്നോട്ട് പോവുന്നുണ്ട്.
19-ാം തിയ്യതി ശനിയാഴ്ച. 'പുരുഷ'യുടെ ആദ്യത്തെ രംഗാവതരണമാണ്. വൈകുന്നേരമായപ്പോഴേയ്ക്കും മദിരാശി മ്യൂസിക് അക്കാദമി ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. നടികര്‍ തിലകം ശിവാജിഗണേശന്‍, ഹാസ്യസാമ്രാട്ട് നാഗേഷ്, നര്‍ത്തകി ചന്ദ്രലേഖ, ധനഞ്ജയേട്ടന്‍, ശാന്തേച്ചി, ഹിന്ദു എഡിറ്റര്‍ എന്‍. റാം, ലീലാവെങ്കിട്ടരാമന്‍, സുനില്‍ കോത്താരി തുടങ്ങിയ പ്രമുഖവ്യക്തികള്‍ നിറഞ്ഞ സദസ്സ്. പുരുഷസൂക്തത്തിലെ 'ഓം സഹസ്രശീര്‍ഷ പുരുഷഃ' എന്നു തുടങ്ങുന്ന ശ്ലോകം അനിതാരത്നവുമൊത്ത് രംഗാവതരണമെന്ന നിലയില്‍ ചെയ്തു.

പരിപാടിയുടെ തുടക്കത്തില്‍ ആദ്യം രംഗത്ത് എത്തിയത് കീര്‍ത്തിയാണ്. ഗുരുവും ശിഷ്യനും ചേര്‍ന്നുള്ള രംഗമാണാദ്യം. ഈ മഹാസദസ്സിനു മുമ്പില്‍ എന്റെ കുട്ടിക്ക് ചുവടു വെയ്ക്കാന്‍ സാധിക്കുക എന്നത് മഹാഭാഗ്യംതന്നെ. ചന്ദ്രശേഖരന്‍ സാറിന്റെ കൂടെ കളിക്കുക എന്നത് അതിലും വലിയ ഭാഗ്യം. വേദാഭ്യാസം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേയ്ക്കു പ്രവേശിക്കാന്‍ തുടങ്ങുന്ന ശിഷ്യന് ആചാര്യന്‍ ഉപദേശം നല്‍കുന്ന ഭാഗമാണ്. 'സത്യം വദ, ധര്‍മ്മം ചര, സ്വാധ്യായാന്മാപ്രമദ. ദേവപിതൃകാര്യാഭ്യാം ന പ്രമദ. മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥി ദേവോ ഭവ' (സത്യം പറയുക, ധര്‍മ്മം അനുഷ്ഠിക്കുക, സ്വന്തം ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുക. ദേവപിതൃകാര്യങ്ങളില്‍ വ്യതിചലിക്കാതിരിക്കുക. അമ്മയെയും അച്ഛനെയും ആചാര്യനെയും അതിഥിയെയും ദൈവതുല്യരായി കാണുക.) ഉപദേശങ്ങള്‍ പിന്നെയുമുണ്ട് -നല്ലകാര്യങ്ങള്‍ മാത്രം ചെയ്യുക, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക, ഗുരുനാഥനായ എന്നില്‍നിന്ന് അനുകരണയോഗ്യമായ എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവയും ആചരിക്കുക. അല്ലാതെ ഞാന്‍ പഠിപ്പിച്ചതു മാത്രമേ ചെയ്യാവൂ എന്നില്ല. നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ചെയ്യരുത്. വിവാഹം കഴിക്കണം; സത്സന്താനത്തെ ജനിപ്പിക്കണം. ധനം ആര്‍ജ്ജിക്കണം; ആര്‍ജ്ജിച്ച ധനം ശ്രദ്ധാപൂര്‍വ്വം നല്ലകാര്യങ്ങള്‍ക്കായി ചെലവിടണം. ഇത് നിര്‍ദ്ദേശമാണ്; ഉപദേശമാണ് - തൈത്തരീയോപനിഷത്തിലെ ഈ ശ്ലോകങ്ങളോടെയാണ് പുരുഷ പരിപാടി തുടങ്ങിയത്.

അതിനുശേഷം ഞാന്‍ അജഗരകബളിതം ചെയ്തു. നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗത്തിലെ 'അന്തര്‍ഗുഹാഗതം' എന്നു തുടങ്ങുന്ന ഈ ശ്ലോകം എത്രയെത്ര അരങ്ങുകളില്‍ കളിച്ചു! എന്റെ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഈ ശ്ലോകം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. എന്റെ പരിപാടിക്കുശേഷം അര്‍ജ്ജുന്‍ മിശ്രയുടെ കഥക്; പശുപതി വിട്ടല്‍ എന്നൊരു നര്‍ത്തകന്റെ കുച്ചിപ്പുഡി; രണ്ട് അമേരിക്കന്‍ നര്‍ത്തകരുടെ മോഡേണ്‍ ഡാന്‍സ്. അതുകഴിഞ്ഞ് എല്ലാവരുംകൂടി എല്ലാ ശൈലിയും ചേര്‍ത്ത് ദേശ് രാഗത്തില്‍ 25 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു തില്ലാന. പരിപാടി കഴിഞ്ഞതും നിര്‍ത്താതെയുള്ള കയ്യടി. ശിവാജിഗണേശനും ചന്ദ്രലേഖയും സ്റ്റേജില്‍ കയറിവന്ന് അഭിനന്ദിച്ചു. അഭിനന്ദനവുമായി പലരും അരങ്ങിലും അണിയറയിലുമെത്തി. പരിപാടി വളരെ നന്നായി എന്ന് ധനഞ്ജയേട്ടനും പറഞ്ഞു. കീര്‍ത്തിയെ എല്ലാവരും അഭിനന്ദനംകൊണ്ടു മൂടി. ഭരതനാട്യ പ്രൊഡിജി എന്നൊക്കെയാണ് വാഴ്ത്തിയത്. ഭാരതീയനൃത്തത്തിന്റെ അതോറിറ്റി പുരുഷന്‍ തന്നെയാണ്; അരക്കെട്ടും നിതംബവും കുലുക്കി
യുള്ള ബോളിവുഡ് നൃത്തമല്ല ഭാരതത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്നത് എന്നു ലോകത്തിന്, പ്രത്യേകിച്ച് പാശ്ചാത്യ ലോകത്തെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് പുരുഷയുടെ ഉദ്ദേശ്യം. അതു സഫലമാവും എന്ന് ആദ്യ പരിപാടി കഴിഞ്ഞപ്പോഴത്തെ പ്രതികരണം കണ്ടപ്പോള്‍ മനസ്സിലായി.

പിറ്റേദിവസം കാലത്ത് ഭാരതത്തിലെ പുരുഷനൃത്തങ്ങളെപ്പറ്റി പ്രശസ്ത കലാനിരൂപകന്മാരും പണ്ഡിതന്മാരും പങ്കെടുത്ത ഒരു സിമ്പോസിയം അലൈന്‍സ് ഫ്രാസെയില്‍ വെച്ച് നടന്നു. ഡോ. ഉണ്ണികൃഷ്ണന്‍ നാട്യശാസ്ത്രത്തെയും മറ്റും അടിസ്ഥാനമാക്കി കഥകളിയെപ്പറ്റി നല്ല ഒരു പ്രബന്ധം അവതരിപ്പിച്ചു. യക്ഷഗാനത്തെപ്പറ്റിയും ഒരു പ്രബന്ധം ഉണ്ടായിരുന്നു. രാത്രി വിനയ് എന്നൊരു മലയാളി പയ്യന്‍ എം.ടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഭീമ എന്നൊരു നാടകം ചെയ്തു. നന്നായിരുന്നു.

21-ാം തിയ്യതി കാലത്ത് ഒബ്സര്‍വര്‍ എന്ന ഇംഗ്ലീഷ് മാഗസിനു വേണ്ടി സുനില്‍ എന്നൊരു ഹിന്ദിക്കാരന്‍ കീര്‍ത്തിയെ ഇന്റര്‍വ്യൂ ചെയ്തു. പ്രൊഫഷണല്‍ ഡാന്‍സറായി തുടരുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അവന്റെ മറുപടി. കാരണം ചോദിച്ചപ്പോള്‍ ഡാന്‍സ് ഇഷ്ടമാണ്, പക്ഷേ, പ്രൊഫഷണല്‍ ഡാന്‍സറായ അച്ഛന്‍ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുന്നതു കാണുമ്പോള്‍ പ്രൊഫഷണല്‍ ആയി ഈ രംഗത്ത് തുടരാന്‍ ആഗ്രഹമില്ല എന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹം അവന്റെ കുറെ ഫോട്ടോ എടുത്തു; തുറന്നു സംസാരിച്ചതില്‍ അഭിനന്ദിച്ചു. കലാകൗമുദിയില്‍നിന്ന് യു. പ്രദീപ് എന്നൊരാള്‍ വന്ന് എന്നെ ഇന്റര്‍വ്യൂ ചെയ്തു. പുരുഷയെപ്പറ്റി കുറെ ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാ ദക്ഷിണേന്ത്യന്‍ഭാഷാപത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും പുരുഷയെപ്പറ്റി ചിത്രങ്ങള്‍ സഹിതം നിരൂപണങ്ങള്‍ വന്നു - മിക്കതും അഭിനന്ദനരൂപത്തിലുള്ളതായിരുന്നുവെങ്കിലും ചിലത് കടുത്ത വിമര്‍ശനരൂപത്തിലുള്ളവയുമായിരുന്നു.

95 ആഗസ്റ്റ് 22 ചൊവ്വാഴ്ച. സാധനങ്ങളെല്ലാം പാക്കു ചെയ്ത് മീനമ്പാക്കം എയര്‍പോര്‍ട്ടിലെത്തി. വസന്തയെ വിളിച്ച് വിവരങ്ങളെല്ലാം പറഞ്ഞു. കീര്‍ത്തി വലിയ ഉത്സാഹത്തിലാണ്; ഞാന്‍ അതിലേറെ സന്തോഷത്തിലും. മകന്റെ കൂടെയുള്ള ആദ്യത്തെ വിമാനയാത്ര; ഒരുമിച്ചുള്ള ആദ്യ വിദേശയാത്ര. മധുവുംകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു മോഹിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസിനെയും മകന്‍ വിജയ് യേശുദാസിനെയും കണ്ടു. സംഗീതത്തെ പറ്റിയും മറ്റും അദ്ദേഹം സംസാരിച്ചത് കേവലം ശ്രോതാവായി കേട്ടിരുന്നു. കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരേ പ്ലെയിനിലാണ് യാത്ര. അവര്‍ ന്യൂയോ
ര്‍ക്കിലേയ്ക്കു പോവുകയാണ്. രാത്രി ഒരുമണിക്ക് എയര്‍ ഇന്ത്യയുടെ ജംബോവില്‍ പറന്നു പൊങ്ങി. ബോംബെയിലും ദല്‍ഹിയിലും ഇറങ്ങി. കാലത്ത് ഒമ്പതു മണിക്കാണ് ദല്‍ഹിയില്‍നിന്നു പറന്നത്ആരുടെയും നിയന്ത്രണത്തിലല്ലാതെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര. ഒരു കാര്യത്തില്‍ മാത്രമാണ് വിഷമം തോന്നിയത്. ഭക്ഷണകാര്യത്തില്‍ കീര്‍ത്തി വിമുഖത കാട്ടിയിരുന്നു. അവന് മലയാളിഭക്ഷണം മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു. അങ്ങനെയാണ് ശീലിപ്പിച്ചത്. ഒമ്പതു മണിക്കൂര്‍ പറന്ന് ലണ്ടനില്‍ ഹീത്രോ വിമാനത്താവളത്തില്‍ ഇറങ്ങി. കീര്‍ത്തി ഉത്സാഹത്തോടെ അവിടെയെല്ലാം ഓടിനടന്നു. വലിയ ബുക്സ്റ്റാളുകള്‍ക്കു മുന്നില്‍ കൊതിയോടെ നോക്കിനില്‍ക്കും. ആ കണ്ണുകളില്‍ പുസ്തകത്തോടുള്ള ആര്‍ത്തി കാണാമായിരുന്നു. അച്ഛന്റെ അവസ്ഥ അറിയാവുന്നതുകൊണ്ട് അവന്‍ ഒന്നും ആവശ്യപ്പെട്ടില്ല. രണ്ടുമണിക്കൂറിനു ശേഷം യാത്ര തുടര്‍ന്നു. വീണ്ടും ഒമ്പതു മണിക്കൂര്‍ പറന്ന് ന്യൂയോര്‍ക്ക് കെന്നഡി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. 95 ആഗസ്റ്റ് 23 ബുധന്‍. കീര്‍ത്തി ആദ്യമായി അമേരിക്കന്‍ മണ്ണില്‍ കാല്‍കുത്തി. ചെക്കിംഗും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. ഞങ്ങളെ സ്വീകരിക്കാന്‍ ബാറ്ററി ഡാന്‍സ് കമ്പനിയില്‍നിന്ന് രണ്ടു മദാമ്മക്കുട്ടികള്‍ എത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ വലിയൊരു ഗസ്റ്റ്ഹൗസിന്റെ നാലാം നിലയിലാണ് താമസമൊരുക്കിയിരിക്കുന്നത്. ഭക്ഷണത്തിന് 50 ഡോളറും ശമ്പളത്തിന്റെ അഡ്വാന്‍സായി 700 ഡോളറും തന്നു. പിറ്റേന്ന് ശോഭനയുടെ (സബാന്‍) ഏട്ടന്‍ ഫെലന്‍ ഡോളനെ വിളിച്ചു. അദ്ദേഹം വന്നു. ഞങ്ങള്‍ ഒരുമിച്ച് ന്യൂയോര്‍ക്ക് നാഷണല്‍ ഹിസ്റ്ററി മ്യൂസിയം പോയിക്കണ്ടു. അമേരിക്കന്‍ ചരിത്രവും ലോകരാജ്യങ്ങളുടെ ചരിത്രങ്ങളും വളരെ ഭംഗിയായി ചിത്രങ്ങളായും ശില്പങ്ങളായും ഫിലിം ആക്കിയും സൂക്ഷിച്ചിരിക്കുന്നു.

25 ആഗസ്റ്റ് - ഇന്നാണ് ന്യൂയോര്‍ക്ക് ലിങ്കണ്‍ സെന്ററില്‍ നടക്കുന്ന ഡോര്‍ ഫെസ്റ്റിവലില്‍ 'പുരുഷ'യുടെ ആദ്യത്തെ അവതരണം. നിറഞ്ഞ സദസ്സ്. ലിങ്കണ്‍ സെന്ററില്‍ പരിപാടി അവതരിപ്പിക്കാന്‍ അധികം കലാകാര ന്മാര്‍ക്കൊന്നും അവസരം ലഭിക്കാറില്ലെന്നും, ഇത് മഹാഭാഗ്യമാണെന്നും പലരും പറഞ്ഞു. എനിക്കെന്തോ ഒരു പ്രത്യേകതയും തോന്നിയില്ല. കോട്ടക്കലും കാറല്‍മണ്ണയും ഒക്കെത്തന്നെയാണ് എന്റെ സങ്കല്പത്തില്‍ മഹത്തായ അരങ്ങുകള്‍. ആദ്യം കീര്‍ത്തി അരങ്ങിലെത്തി. ഗുരുശിഷ്യ ബന്ധത്തിലെ ദൃഢതയും ഹൃദ്യതയും മറ്റും കണ്ട് പ്രേക്ഷകര്‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. കഥക് ഗംഭീരമായി; കഥകളി ഭംഗിയായി കമ്യൂണിക്കേറ്റ് ചെയ്തു; ശരീരചലനങ്ങള്‍ വളരെ മനോഹരം എന്നൊക്കെ സായ്പന്മാരും മദാമ്മമാരും അണിയറയില്‍ വന്ന് നേരില്‍ക്കണ്ട് പറഞ്ഞിരുന്നു. കീര്‍ത്തിയെ എല്ലാവരും പുകഴ്ത്തുന്നു. എങ്കിലും മദിരാശിയിലെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ച സംതൃപ്തി ന്യൂയോര്‍ക്കില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ കിട്ടുന്നില്ല.

പരിപാടി കഴിഞ്ഞശേഷം ഒരു പാക്കിസ്ഥാന്‍ ഹോട്ടലില്‍ പോയി പൊരിച്ച കോഴിയും ചിലതരം അപ്പങ്ങളും കഴിച്ചു.പിറ്റേദിവസം സംഘത്തിന്റെ താമസം ന്യൂജേഴ്സിയിലുള്ള റീത്ത എന്നൊരു ബംഗാളിസ്ത്രീയുടെ വീട്ടിലേയ്ക്കു മാറി. ഒരു ദിവസം അവര്‍ ന്യൂയോര്‍ക്ക് നഗരവും ഹഡ്സണ്‍ നദിയും ഒക്കെ കാണിക്കാന്‍ അവരുടെ കാറില്‍ കൊണ്ടുപോയി. ആകാശം കാര്‍മേഘംകൊണ്ടു മൂടിയിരുന്നു. കറുത്ത ഒരു കൂറ്റന്‍ കുടയ്ക്കടിയിലൂടെ പോകുന്ന മാതിരിയാണു തോന്നുക. ഏതു സമയത്തും മഴ പെയ്യാം. കീര്‍ത്തി പറഞ്ഞു, അവന്റെ അമ്മയുടെ സ്വഭാവംപോലെയാണ് ന്യൂയോര്‍ക്കിലെ കാലാവസ്ഥ എന്ന്. മഴ, വെയില്‍, തണുപ്പ്, ചൂട്, പുഴുക്കം- എല്ലാം പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. അവന്റെ അമ്മയ്ക്ക് കരച്ചിലും ചിരിയും ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം അതിവേഗം മാറിമാറി വരും.

ന്യൂയോര്‍ക്കില്‍നിന്ന് ന്യൂജേഴ്സിയിലേയ്ക്ക് പോകുന്നത് ഹഡ്സണ്‍ നദിയിലൂടെ കിലോമീറ്ററുകളോളം നീളത്തില്‍ ഉണ്ടാക്കിയ ഒരു ടണലിലൂടെയാണ്. നാലുഭാഗത്തും വെള്ളം.ന്യൂയോര്‍ക്കിലെ റോഡുകള്‍ അത്യാധുനിക ശൈലിയില്‍ എല്ലാവിധ ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ടുള്ള ഗതാഗതസംവിധാനങ്ങളോടുകൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി ഓവര്‍ബ്രിഡ്ജുകളും നിരനിരയായി ഒഴുകിക്കൊണ്ടിരിക്കുന്ന കാറുകളും. പടുകൂറ്റന്‍ ലോറികള്‍ ഇരമ്പിക്കടന്നുപോകുന്നു. ട്രാഫിക് നിയമങ്ങള്‍ കണിശമായി പാലിച്ചുകൊണ്ടാണ് ഓരോ വാഹനവും കടന്നുപോകുന്നത്.(അമേരിക്കയില്‍ എവിടെയും, വാഹനസഞ്ചാരവും ജനസഞ്ചാരവും കുറഞ്ഞ റോഡുകളില്‍പ്പോലും, ട്രാഫിക് നിയമം തെറ്റിച്ച് കുറുക്കുവിദ്യകളിലൂടെ ആരും വാഹനം മുന്നോട്ടെടുക്കാറില്ല. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് പൊതുവിലും, ഗുജറാത്തികള്‍ക്ക് പ്രത്യേകിച്ചുമുള്ള വൈമനസ്യം ഓര്‍ത്തു. റോഡുകള്‍ തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന പഴയ സവര്‍ണഫ്യൂഡല്‍ മനോഭാവമായിരിക്കാം ഇതിനു പിന്നില്‍. പണ്ടൊക്കെ ചുരുക്കം പണക്കാര്‍ക്കു മാത്രമേ സ്വന്തമായി വാഹനമുണ്ടായിരുന്നുള്ളൂ. അഹമ്മദാബാദില്‍ എത്തുന്ന കാലത്ത് സൈക്കിളുള്ള മലയാളി സമൂഹത്തില്‍ മാന്യനായിരുന്നു. ഇന്നു സാധാരണക്കാര്‍പോലും സ്വന്തം ബൈക്കും കാറുമൊക്കെ ഉപയോഗിക്കുന്നു. പക്ഷേ, റോഡുകള്‍ മാറിയിട്ടില്ല.

വാഹനമോടിക്കുന്നവരുടെ സംസ്‌കാരവും പഴയതുതന്നെ. അഹങ്കാരവും സ്വാര്‍ത്ഥ താത്പര്യങ്ങളും കൂടിയിട്ടേയുള്ളൂ.)പസഫിക്സമുദ്രത്തില്‍ കിടക്കുന്ന ചെറിയ ചെറിയ തുരുത്തുകള്‍ ചേര്‍ന്നാണ് ന്യൂയോര്‍ക്ക് എന്ന മഹാനഗരം രൂപംകൊണ്ടത്. ഈ നഗരത്തില്‍ മുമ്പു പല തവണ വന്നിട്ടുണ്ട്; മുന്തിയ ഹോട്ടലുകളിലും സാധാരണ ലോഡ്ജുകളിലും ഇന്ത്യക്കാരുടെ മണിമന്ദിരങ്ങളിലും താമസിച്ചിട്ടുണ്ട്. തെരുവുകളിലൂടെ അലസനായി നടന്നിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ മകന്റെ കയ്യും പിടിച്ച് അമേരിക്കയുടെ അഭിമാനസ്തംഭമായി ഉയര്‍ന്നുനില്‍ക്കുന്ന ലോകവാണിജ്യകേന്ദ്രത്തിന്റെ താഴെക്കൂടെ നടക്കുമ്പോള്‍ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്നു. ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് ഒരു മഹാനഗരത്തില്‍ എത്തിയ പ്രതീതിയുണ്ടായത്. കറുത്തവരും വെളുത്തവരും ചൈനക്കാരും ഇന്ത്യക്കാരും ഏഷ്യക്കാരും യൂറോപ്യരും ആഫ്രിക്കക്കാരും അര്‍ദ്ധനഗ്‌നരും പൂര്‍ണനഗ്‌നരും ഭിക്ഷക്കാരും നീലച്ചിത്ര വില്പനക്കാരും- എല്ലാതരം മനുഷ്യരും തിങ്ങിനിറഞ്ഞ സ്ഥലം. അംബരചുംബികളായ ബഹുനിലക്കെട്ടിടങ്ങളും എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് എന്ന മഹാസൗധവും വേള്‍ഡ് ട്രേഡ് സെന്ററും യു.എന്‍. ഓഫീസും വിദ്യാഭ്യാസസ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും എല്ലാം നിറഞ്ഞ സ്ഥലം.
മന്‍ഹട്ടന്‍ വീഥിയിലൂടെ കീര്‍ത്തിയുടെ കൂടെ നടന്നു. മനസ്സില്‍ അളവറ്റ സന്തോഷം തോന്നി. മോസ്‌കോവില്‍ അരങ്ങില്‍ ആടിത്തളര്‍ന്നുവീണ ഞാന്‍, കുട്ടിയുടെ ഭാവിയോര്‍ത്ത് അകമേ വിങ്ങിക്കരഞ്ഞ ഞാന്‍, ഇപ്പോള്‍ ഞങ്ങള്‍ പഠിച്ച കല അവതരിപ്പിക്കാന്‍ ഈ മഹാനഗരത്തിലെത്തിയി
രിക്കുന്നു. എല്ലാം വിധി; ദൈവനിയോഗം.

ബോട്ടുയാത്ര നടത്തി ന്യൂയോര്‍ക്ക് നഗരം ചുറ്റിക്കണ്ടു. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി, അമേരിക്കയുടെ ദേശീയചിഹ്നം എല്ലാം കണ്ടു. കീര്‍ത്തി വലിയ ഉത്സാഹത്തില്‍ത്തന്നെയാണ്. രാത്രി ന്യൂജേഴ്സിയിലേയ്ക്ക് മടങ്ങി.അടുത്തദിവസം ന്യൂജേഴ്സിയില്‍നിന്നു പോന്നു. ന്യുവര്‍ക്ക് എയര്‍
പോര്‍ട്ടില്‍നിന്ന് പറന്ന് പിറ്റ്സ്ബര്‍ഗില്‍ ഇറങ്ങി. ഒരു മണിക്കൂര്‍ കാര്‍യാത്ര. പിറ്റ്സ്ബര്‍ഗിലെ വെങ്കിടേശ്വരക്ഷേത്രത്തിലെത്തി. ഗംഭീരമായ
സ്വീകരണം. ഒരു ഗോവിന്ദരാജിന്റെ വീട്ടിലായിരുന്നു താമസം. ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെപ്പോലെ തിരക്ക്.കോടിക്കണക്കിനു ഡോളര്‍ ചെലവിട്ടു നിര്‍മ്മിച്ച വലിയ ക്ഷേത്രം. വൈകുന്നേരമായിരുന്നു പരിപാടി. ഏവര്‍ക്കും ഇഷ്ടപ്പെട്ടു. പലരും സോളോ പരിപാടി ചെയ്യാമോ എന്നു ചോദിച്ച് സമീപിച്ചു. ഇവിടെ വെച്ചാണ് ആദ്യമായി പരിപാടിയെപ്പറ്റി ഇന്റര്‍നെറ്റില്‍ റിവ്യൂ വന്നത് കാണുന്നത് - ക്ഷേത്രത്തിലുള്ള കമ്പ്യൂട്ടറില്‍. ഇന്റര്‍നെറ്റ് എന്നൊരു സംഗതി ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞതും ഇക്കാലത്താണ്.

പിറ്റേദിവസം രണ്ടുമണിക്കൂര്‍ പറന്ന് സ്റ്റോണിബ്രൂക് യൂണിവേഴ്സിറ്റിയില്‍ പോയി. ഫാര്‍ ലിറിച്ച്മൗണ്ട് കാത്തുനിന്നിരുന്നു. ഏറെക്കാലമായി ഇദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചുതുടങ്ങിയിട്ട്. ഇദ്ദേഹം കേരളത്തില്‍ വന്ന് കഥകളിയും കളരിപ്പയറ്റും അഭ്യസിച്ചിട്ടുണ്ട്. ഹിന്ദുമതത്തോട് താത്പര്യം തോന്നി ആര്യസമാജത്തില്‍ ചേര്‍ന്ന് മതം മാറിയിരിക്കുന്നു. കഥകളിയെപ്പറ്റി നല്ലൊരു പുസ്തകം രചിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയില്‍ ഞങ്ങള്‍ കഥകളിയും കഥകും ഭരതനാട്യവും കുച്ചിപ്പുഡിയും ഒക്കെ വര്‍ക്ക്ഷോപ്പ് നടത്തി. രാത്രി ജഗദാലിംഗം എന്നൊരു ബ്രാഹ്‌മണന്റെ കുടുംബത്തില്‍ താമസിച്ചു. കീര്‍ത്തിക്ക് ഈ സ്ഥലം വളരെ ഇഷ്ടമായി. യൂണിവേഴ്സിറ്റിയില്‍ മൂന്നുനാലു ദിവസം പരിപാടിയുണ്ടായിരുന്നു. ഒരു ദിവസം കഥകളിയിലെ അനുഷ്ഠാനച്ചടങ്ങുകളെപ്പറ്റി ക്ലാസെടുത്തു.

സെപ്തംബര്‍ 8 നായിരുന്നു സ്റ്റോണിബ്രൂക്കിലെ 'പുരുഷ' പരിപാടി. നന്നായിരുന്നു. അന്ന് വസന്തയുടെ ഒരു കത്തു കിട്ടി. ഒരു ദിവസം ഫാര്‍ ലിറിച്ച്മൗണ്ടിന്റെ ഓഫീസില്‍ പോയി. കൂടിയാട്ടത്തെപ്പറ്റി അദ്ദേഹം ചെയ്ത പരിപാടി കമ്പ്യൂട്ടറില്‍ കണ്ടു. ഏറ്റവും പ്രാചീനമായ ഒരു കലാരൂപവും നവീനമാധ്യമമായ കമ്പ്യൂട്ടറും ഉപയോഗിച്ച് അതിമനോഹരമായ ഒരു പ്രോഗ്രാം അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നു. അദ്ദേഹത്തിനു സ്തുതി.
അടുത്ത പരിപാടി ബ്രൂക് ഹെവനില്‍. പിന്നെ പോയത് ഡെട്രോയിറ്റിലേയ്ക്ക്. സുധാചന്ദ്രശേഖരന്‍ എന്നൊരു നര്‍ത്തകിയുടെ വീട്ടിലാണ് താമസം. അവരാണ് പരിപാടി അറേഞ്ച് ചെയ്തിരിക്കുന്നത്. ആസ്ത്രേലിയയില്‍ വെച്ചു പരിചയപ്പെട്ട വിജുവേട്ടന്‍ അവിടെ കാണാന്‍ വന്നിരുന്നു. രാത്രി ഭാരതീയ ടെമ്പിളിലാണ് പരിപാടി. പരിപാടി കഴിഞ്ഞപ്പോള്‍ സുബോധ്, ശശി എന്നീ പഞ്ചാബിദമ്പതികള്‍ക്ക് ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയി സത്കരിക്കണമെന്നു മോഹം. അവരുടെ കൂടെ പോയി. കൊട്ടാരസദൃശമായ ഭവനം. അന്നു രാത്രി അവിടെ താമസിച്ചു. കീര്‍ത്തി ഭക്ഷണമൊന്നും കഴിക്കാതിരിക്കുമ്പോള്‍ അവന്റെ ഭക്ഷണത്തില്‍ അവനറിയാതെ ഞാന്‍ പാലും പഴങ്ങളുമൊക്കെ ചേര്‍ക്കും. എങ്ങനെയെങ്കിലും കുറച്ചു വല്ലതും അകത്തുചെല്ലട്ടെ എന്നു കരുതും. പക്ഷേ, അവനതു കണ്ടുപിടിക്കും. പാലും പഴവും അവന് കുട്ടിക്കാലം മുതല്‍ക്കേ ഇഷ്ടമല്ല. അങ്ങനെ ചില്ലറ പിണക്കങ്ങളുമുണ്ടാകും. ഒരു ദിവസം മിച്ചിഗണ്‍ യൂണിവേഴ്സിറ്റിയില്‍ പോയി കഥകളിമുദ്രകളെപ്പറ്റി ക്ലാസെടുത്തു. പല വിദ്യാര്‍ത്ഥികള്‍ക്കും കഥകളിമുദ്രകള്‍ എങ്ങനെ രൂപപ്പെട്ടൂ എന്നറിയണം. മനുഷ്യന്‍ ജനിച്ചുവീണശേഷം ഭാഷ പഠിക്കുന്നതിനു മുമ്പുതന്നെ പഠിക്കുന്നത് ആംഗ്യഭാഷയാണല്ലോ. പ്രാകൃതമനുഷ്യന്‍ ഭാഷ രൂപപ്പെടുത്തുന്നതിന് മുമ്പ് ഉപയോഗിച്ചത് ആംഗ്യഭാഷയാണ്. ഭാഷ ഉപയോഗിച്ചുതുടങ്ങിയ ശേഷവും പ്രത്യേക ആവശ്യങ്ങള്‍ക്ക് ആംഗ്യഭാഷ ഉപയോഗപ്പെടുത്തി വന്നിരിക്കാം.

ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍, താന്ത്രിക കര്‍മ്മങ്ങളിലൂടെയും പൂജാവിധികളിലൂടെയും ഒരുതരം ആംഗ്യഭാഷ രൂപപ്പെട്ടുവന്നിരുന്നു. ആ ആംഗ്യഭാഷയാവാം കാലഘട്ടങ്ങളിലൂടെ പലപല മാധ്യമങ്ങളിലൂടെ സ്ഫുടം ചെയ്ത് കഥകളിയില്‍ എത്തിയത്. അതുകൊണ്ടാവാം ഇതിന് ഇത്ര പൂര്‍ണ്ണതയും സൗന്ദര്യവും ഉണ്ടായത്- ഞാന്‍ പരിമിതമായ അറിവുവെച്ച് ഇങ്ങനെ പറഞ്ഞു.

ഈ യൂണിവേഴ്സിറ്റിയില്‍ അതിവിപുലമായ ഒരു ലൈബ്രറിയുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള സാഹിത്യവിഭാഗത്തിനുതന്നെ വലിയ ഒരു ഏരിയ ഒരുക്കിയിരിക്കുന്നു. അവിടെവെച്ചാണ് പാഞ്ഞാളിലെ അതിരാത്രത്തെ ആസ്പദമാക്കി പ്രൊഫസര്‍ സ്റ്റാള്‍ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ച അഗ്‌നി എന്ന അതിബൃഹത്തായ ഗ്രന്ഥം കാണുന്നത്. യൂണിവേഴ്സിറ്റി കാന്റീനില്‍നിന്ന് കൊറിയന്‍ ഭക്ഷണം കഴിച്ചു. പലതും ജപ്പാന്‍ വിഭവങ്ങളുടെപോലെത്തോന്നി.

ഡെട്രോയിറ്റിയില്‍ വെച്ച് ഒക്ടോബര്‍ നാലിന് കീര്‍ത്തിയുടെ പിറന്നാള്‍ ആഘോഷിച്ചു. 16 വയസ്സു തികയുന്ന ദിവസം. സുധാചന്ദ്രശേഖരന്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നു. എല്ലാവരും ആടിയും പാടിയും ആഘോഷിച്ചു. വസന്തയില്ലാതെ അവന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് ആദ്യമാണ്. ടെലിഫോണില്‍ വസന്തയോട് സംസാരിച്ചു.

16-ാം തിയ്യതി ശനിയാഴ്ച നാലുമണിക്കൂര്‍ പറന്ന് ചിക്കാഗോവില്‍ വന്നു. കീര്‍ത്തി ഭക്ഷണക്കുറവും യാത്രാക്ഷീണവും തുടര്‍ച്ചയായ പരിപാടികളും കാരണം വല്ലാതെ ക്ഷീണിച്ചിരുന്നു. എങ്കിലും ഉത്സാഹത്തിനു കുറവില്ല. ചിക്കാഗോവില്‍നിന്ന് നാലുമണിക്കൂര്‍ പറന്ന് പോര്‍ട്ട്ലാന്റിലുള്ള ഒറിഗോണ്‍ എന്ന സ്ഥലത്തെത്തി. ചിക്കാഗോയുമായി നാലുമണിക്കൂര്‍ സമയവ്യത്യാസമുണ്ടിവിടെ. അമേരിക്കയില്‍ പല സ്ഥലത്തും പല സമയമായിരിക്കും. ഒറിഗോണില്‍ 84-ല്‍ വന്നപ്പോള്‍ മഹര്‍ഷി രജനീഷിന്റെ മുന്‍പില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. നൈക്ക് ഷൂ ഉണ്ടാക്കുന്നത് ഒറിഗോണിലാണ്. സാവേജ് എന്നൊരു പ്രൊഫസറെ പരിചയപ്പെട്ടു. അദ്ദേഹം കഠോപനിഷത്തില്‍ ഗവേഷണം നടത്തുന്നു. ഭാരതീയരില്‍ ചുരുങ്ങിയത് 75 ശതമാനം പേരെങ്കിലും ഇങ്ങനെയൊരു ഉപനിഷത്തുള്ളതായി കേട്ടിട്ടുണ്ടാവില്ല. ഒറിഗോണിലെ പരിപാടി ഗംഭീരമായി. കീര്‍ത്തിയെ എല്ലാവരും അഭിനന്ദിച്ചു.

പരിപാടിയും പാര്‍ട്ടിയും കഴിഞ്ഞ് രാത്രി ഒരുമണിക്ക് ചിക്കാഗോവിലേയ്ക്ക് പറന്നു. അവിടെ ലേക്ക് ഫോറസ്റ്റ് എന്ന സ്ഥലത്തുള്ള ബാരറ്റ് കോളേജിന്റെ ഹോസ്റ്റലിലാണ് താമസം. നാലു ദിവസം ഇവിടെയുണ്ടായി. കാര്യമായി പണിയൊന്നുമില്ല. ഭക്ഷണവും ഇല്ല. വല്ലാതെ വിശന്നാല്‍ മൂന്നു ഡോളറിനു ഫ്രഞ്ച് ബ്രഡ് മേടിക്കും. ഫ്രഞ്ച് ബ്രഡ് നീണ്ടുരുണ്ട് വടിപോലുള്ള സാധനമാണ്. അതു കണ്ട് കീര്‍ത്തി പറഞ്ഞു: 'അച്ഛാ, ഇത് കഴുതയുടെ സാമാനംപോലെയുണ്ടല്ലോ.' കൂടെയുണ്ടായിരുന്ന മദിരാശിയില്‍നിന്നു വന്നവര്‍ക്ക് മകന്‍ അച്ഛനോട് ഇങ്ങനെയൊക്കെ പറയുന്നതുകേട്ട് കോച്ചം (നാണം) വന്നിരുന്നു. അവര്‍ക്കൊന്നും അച്ഛനോട് ഇങ്ങനെ സംസാരിച്ച് ശീലമുണ്ടാവില്ല. കഴുതയുടെ ഉദ്ധരിച്ച ലിംഗം കീര്‍ത്തി എന്നും സബര്‍മതിതീരത്തുവെച്ച് കാണാറുണ്ട്. അവന് അതില്‍ എന്തെങ്കിലും അശ്ലീലം കാണാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ നാട്ടില്‍ അറുപതുകളില്‍ യൗവ്വനയുക്തകളായ പല സ്ത്രീകളും ബ്ലൗസിടാതെയാണ് നടന്നിരുന്നത്. എനിക്കത് ഒട്ടും അശ്ലീലമായിത്തോന്നിയിരുന്നില്ല.

അസഹ്യമായ തണുപ്പും വിശപ്പുമൊക്കെയായപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എന്റെ കുട്ടിയെ ഇങ്ങനത്തെ പാശ്ചാത്യയൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ വിടില്ലെന്ന്. 23ന് ഓസ്റ്റിന്‍ എന്ന സ്ഥലത്തേയ്ക്കു പോയി. സലിന്‍ എന്നൊരു ബീഹാറി നാടകപ്രൊഫസറുടെ വീട്ടില്‍ താമസം. അദ്ദേഹത്തിന്റെ അച്ഛന്‍ അന്ന് ഇന്ത്യയില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലായിരുന്നു അന്നത്തെ പരിപാടി. പിന്നെ പോയത് ഹൂസ്റ്റണ്‍ എന്ന സ്ഥലത്തേയ്ക്ക്. അവിടത്തെ പരിപാടി കഴിഞ്ഞ് ഷാര്‍ലെറ്റ് വഴി ബോസ്റ്റണ്‍ എന്ന സ്ഥലത്തേയ്ക്ക്. ബോസ്റ്റണ്‍ അമേരിക്കയുടെ വിദ്യാഭ്യാസതലസ്ഥാനമാണത്രേ. ഒട്ടേറെ യൂണിവേഴ്സിറ്റികളും ലോകപ്രശസ്തമായ MIT യും (മാസച്യൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യും സംഗീതനൃത്തസ്ഥാപനങ്ങളും ഇവിടെ ഉണ്ട്. ചാള്‍സ് നദിയുടെ ഇരുകരകളിലുമായാണ് നഗരം പണിതുയര്‍ത്തിയിരിക്കുന്നത്.

MIT യില്‍ ഭരതനാട്യവും കുച്ചിപ്പുഡിയും ഡമോ ചെയ്തു. കീര്‍ത്തി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. പിറ്റേദിവസം അവന്റെ ഫോട്ടോ അവിടത്തെ പത്രങ്ങളിലെല്ലാം വന്നിരുന്നു. എല്ലാം ഈശ്വരാനുഗ്രഹം. ഉച്ചകഴിഞ്ഞ് മൗറിന്‍ കൊസ്റ്റാലൊ എന്നൊരു സ്ത്രീ ങകഠ മുഴുവന്‍ ചുറ്റിനടന്നു കാണിച്ചു. ഓരോ ക്ലാസു കാണുമ്പോഴും തോന്നിയത് കീര്‍ത്തിക്ക് ഇവിടെ പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ്. ഒരു ദിവസം മിസ്റ്റര്‍ ആല്‍ഫബാം (ജാക് ആല്‍ഫബാം) വന്ന് അവരുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ എന്തൊക്കെയോ ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു. കീര്‍ത്തിക്ക് ഒന്നും ഇഷ്ടമായില്ല. ഭക്ഷണം കഴിക്കാതിരിക്കുന്നതു കാണുമ്പോള്‍ മനസ്സു തേങ്ങും. വസന്ത ഇതറിഞ്ഞാല്‍ വിങ്ങിപ്പൊട്ടും. പാലും പഴവുമൊന്നും അവന് ഇഷ്ടമല്ല.

സെപ്തംബര്‍ 30 ശനിയാഴ്ച ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിറഞ്ഞ സദസ്സില്‍ പരിപാടി അവതരിപ്പിച്ചു. എന്റെ അജഗരകബളിതവും ഉണ്ടായിരുന്നു. പറവൂര്‍ നീലകണ്ഠകവി ഈ ശ്ലോകമെഴുതുമ്പോള്‍ ഒരു കഥകളിക്കാരന്‍ ചെക്കന്‍ ലോകം മുഴുവന്‍ ഇതു കളിച്ചു നടക്കും എന്ന് സ്വപ്നത്തില്‍പ്പോലും കരുതാനിടയില്ല. ഈ ശ്ലോകം എലിഫന്റ്, സ്നേക് ആന്റ് ലയണ്‍ എന്ന പേരില്‍ സിങ്കപ്പൂര്‍, മലേഷ്യ, ആസ്ത്രേലിയ, പോര്‍ട്ടോ
റിക്കോ, സൂരിനാം, ഫിജി, റഷ്യ, ചൈന, അമേരിക്ക, മെക്സിക്കോ, ക്യൂബ, ജര്‍മനി, ഫ്രാന്‍സ്, അയര്‍ലന്റ്, ബ്രിട്ടന്‍, ഓസ്ട്രിയ, ഹോളന്റ് - അങ്ങനെ എത്രയെത്ര രാജ്യങ്ങളില്‍ ഞാന്‍ ചെറുപ്രായംതൊട്ടേ കളിച്ച് പ്രശംസ നേടിയിട്ടുണ്ട്! കേരളത്തില്‍ ഏതോ ഒരു കോണില്‍ എന്നോ ജീവിച്ചിരുന്ന ഒരു കവി എഴുതിയ ശ്ലോകം.

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി പരിപാടിക്ക് റോച്ചസ്റ്ററില്‍നിന്നു സുകുവേട്ടനും വിജിച്ചേച്ചിയും വന്നിരുന്നു. അവര്‍ കീര്‍ത്തിക്ക് ഒരു വാക്മാന്‍ സമ്മാനിച്ചു. പിന്നീട് ഞങ്ങള്‍ പോയത് ഹൂസ്റ്റണിലേയ്ക്കാണ്. അഞ്ചുമണിക്കൂര്‍ പറന്നാണ് ഹൂസ്റ്റണില്‍ എത്തിയത്. ജി.കെ.പിള്ള എന്നൊരു മലയാളിയാണ് കാത്തുനിന്നിരുന്നത്. ഞായറാഴ്ചയായിരുന്നതിനാല്‍ അവിടെ ഒരു തിയേറ്ററില്‍ മലയാളസിനിമയുണ്ടായിരുന്നു. നേരെ തിയേറ്ററിലേയ്ക്കു പോയി. ജയറാം അഭിനയിച്ച അയലത്തെ അദ്ദേഹം ആയിരുന്നു പടം. തിയേറ്റര്‍ നിറയെ മലയാളികള്‍. നാട്ടിലെ ഒരു സിനിമാകൊട്ടകയില്‍ എത്തിപ്പെട്ടപോലെ. ജി.കെ. പിള്ളയുടെ വീട്ടിലാണ് താമസിച്ചത്. കൊട്ടാരസദൃശമായ വീട്. ഭാര്യയും മകള്‍ ലതയും മകന്‍ രമേഷും, ഇതാണ് പിള്ളയുടെ കുടുംബം. ഒരു ദിവസം ലത ഞങ്ങളെ നാസ എന്ന ബഹിരാകാശ ഗവേഷണകേന്ദ്രം കാണിക്കാന്‍ കൊണ്ടുപോയി. മഹാത്ഭുതം എന്നല്ലാതെ അവിടെക്കണ്ട കാഴ്ചകളെപ്പറ്റി എന്തു പറയാന്‍! അമേരിക്കന്‍ ബഹിരാകാശയാത്രകളുടെ ദൃശ്യങ്ങളും ആദ്യം ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ട്രോങ്ങും സഹയാത്രികരായ എഡ്വിന്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സും ധരിച്ച ഡ്രസ്സുകളും ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന കല്ലുകളും - അങ്ങനെ പലതും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുമ്പ് ഈ നഗരത്തില്‍ വന്നപ്പോള്‍ ഈ സ്ഥാപനം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സാമ്പത്തികപ്രശ്നം കാരണം അന്നതിനു കഴിഞ്ഞില്ല. ഇന്ന് എന്റെ കുട്ടിയോടൊപ്പം എല്ലാം നടന്നു കാണാന്‍ സാധിച്ചു. പലകാര്യങ്ങളും അവന്‍ എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. കാര്യമായൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും മനുഷ്യന്‍ കൈവരിച്ച ശാസ്ത്രപുരോഗതിയില്‍ അത്ഭുതവും അഭിമാനവും തോന്നി.

പിറ്റേദിവസം ടെക്സാസിലുള്ള ഓസ്റ്റണ്‍ എന്ന സ്ഥലത്തേയ്ക്ക് വീണ്ടും യാത്ര. ജാനിഫര്‍ എന്ന ഒരമേരിക്കന്‍ വനിതയുടെ വീട്ടില്‍ താമസം. ദിവസവും എത്രയെത്ര മനുഷ്യരെ കാണുന്നു, പരിചയപ്പെടുന്നു; സഹായം സ്വീകരിക്കുന്നു! തിരിച്ചുകൊടുക്കാന്‍ കയ്യില്‍ മറ്റൊന്നുമില്ല, ഞാനഭ്യസിച്ച കലയല്ലാതെ. ഓസ്റ്റണിലെ തെരുവുകളിലൂടെയുള്ള സായാഹ്നയാത്രയ്ക്കിടയില്‍ ശനിയാഴ്ചച്ചന്തയില്‍ ഒരിടത്ത് പഴയ പുസ്തകങ്ങള്‍ വില്പനയ്ക്കു വെച്ചിരിക്കുന്നത് കീര്‍ത്തി കണ്ടു. അതില്‍നിന്ന് ചിന്മയാനന്ദജിയുടെ ഗീതാവ്യാഖ്യാനം 30 സെന്റിനു വാങ്ങി. അമേരിക്കയിലെ തെരുവോരത്തെ പുസ്തകക്കച്ചവടക്കാരനില്‍നിന്ന് ഭഗവദ്ഗീത കിട്ടി! ഒരുപക്ഷേ, അയാള്‍ ഇന്ത്യ എന്ന പേര്‍ കേട്ടിട്ടുകൂടിയുണ്ടാവില്ല.

ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ തിയേറ്റര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ കഥകളി ഡെമോണ്‍സ്ട്രേഷന്‍ നടത്തി. ഒരു കാര്യംവ്യക്തമാക്കട്ടെ-ഡെമോണ്‍സ്ട്രേഷനും വര്‍ക്ക്ഷോപ്പുകളും മിക്കവാറും ഞാനും കീര്‍ത്തിയും ചേര്‍ന്നാണ് നടത്തുക. അത് ബാറ്ററി ഡാന്‍സ് കമ്പനിയുടെ പരിപാടിയുടെ ഭാഗമല്ല. എങ്കിലും യാത്രയും പരിപാടികളും അവരാണ് അറേഞ്ചുചെയ്തു തന്നിരുന്നത്. പ്രതിഫലം ലഭിക്കുന്നത് ഞാന്‍ ജൊനാഥന്‍ ഹോളണ്ടറെ ഏല്പിക്കും. ഈ യാത്രയില്‍ കീര്‍ത്തി കൂടെയുണ്ട്. വസന്തയെ ഇടയ്ക്കിടെ വിളിച്ച് വീട്ടിലെ കാര്യങ്ങള്‍ അറിയാനും കഴിഞ്ഞിരുന്നു. മധുവിന് ഇടയ്ക്ക് എഴുതാറുമുണ്ട്. ആകെക്കൂടി ടെന്‍ഷന്‍ കുറഞ്ഞ ഒരു വിദേശയാത്ര. ആവശ്യത്തിനു പണവും കിട്ടുന്നുണ്ട്. ഓസ്റ്റണില്‍നിന്ന് ഹൂസ്റ്റണിലേയ്ക്ക് ബസ്സില്‍ യാത്ര ചെയ്തു. അമേരിക്കയില്‍ ബസ്സ് യാത്ര തികച്ചും സൗകര്യപ്രദമാണ്. പൊടിപടലങ്ങളും ചുടുകാറ്റും ഒന്നും ശല്യംചെയ്യില്ല; വാഹനത്തിന് ചാട്ടവും കുലുക്കവുമില്ല. എയര്‍കണ്ടീഷന്‍ ചെയ്ത ബസ്സില്‍ ചാരി ക്കിടന്നു കാഴ്ചകള്‍ കണ്ടുകൊണ്ടുള്ള യാത്ര. യാത്രക്കാര്‍ അധികവും നീഗ്രോവംശജരും വയസ്സന്മാരുമായിരിക്കും.
ഹൂസ്റ്റണില്‍നിന്ന് പോയത് ഡാലസ് (Dalas) എന്ന സ്ഥലത്തേയ്ക്കായിരുന്നു. ബംഗ്ലാദേശികളാണ് ഇവിടെ പരിപാടി ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഒരു ദിവസം എന്റെ ഒരു പഴയ ബംഗാളിവിദ്യാര്‍ത്ഥിനി ജ്യോതി മാലിക് ടെക്സാസ് ക്രിസ്റ്റ്യന്‍ യൂണിവേഴ്സിറ്റിയിലേയ്ക്കു കൊണ്ടുപോയി. ഭാരതീയ നൃത്തങ്ങളെപ്പറ്റി അവിടെ ക്ലാസെടുത്തു. കീര്‍ത്തിയുടെ വലിയ ഫോട്ടോ ഇവിടത്തെ പത്രങ്ങളില്‍ വന്നിരുന്നു. രാത്രി ലോസ് ഏഞ്ജലസില്‍നിന്ന് രാധാകാര്‍മന്‍ വിളിച്ചിരുന്നു. നവംബര്‍ എട്ടിനും ഡിസംബര്‍ രണ്ടിനും രണ്ടു കളി ഏല്‍ക്കാമോ എന്നന്വേഷിച്ചു. ആവാം എന്നു സമ്മതിച്ചു.അടുത്തയാത്ര ഡാലസില്‍നിന്ന് നാലുമണിക്കൂര്‍ പറന്ന് ന്യൂഓര്‍ലിയന്‍സ് എന്ന സ്ഥലത്തേയ്ക്ക്. അവിടെ ട്യൂലെയ്ന്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരിപാടി. ഭാരതീയനൃത്തങ്ങള്‍ക്ക് എങ്ങും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. എവിടെ ഡെമോ ചെയ്യുമ്പോഴും കീര്‍ത്തി ഭരതനാട്യവും ഞാന്‍ കഥകളിയും ചെയ്യും. കഥകളിയിലെ നാടകീയത പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

അവിടെ ഫ്രഞ്ചുകോര്‍ട്ട് കാണാന്‍ പോയി. കീര്‍ത്തിയെ കൊണ്ടുപോകാന്‍ പറ്റിയ സ്ഥലമല്ല എന്നു പല ഇന്ത്യക്കാരും പറഞ്ഞു. ഫ്രഞ്ചുകാരുടെ കയ്യില്‍നിന്ന് അമേരിക്ക വാങ്ങിയതാണത്രേ ഈ സ്ഥലം. കാമഭ്രാന്തുപിടിച്ച അമേരിക്കന്‍ യൗവ്വനം പേക്കൂത്തുകള്‍ നടത്തുന്ന സ്ഥലം. നഗ്‌നകളായ ചെറുപ്പക്കാരികള്‍ ചില്ലുകൂട്ടിലും മറ്റും സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് നില്ക്കുന്നു; പുരുഷന്മാര്‍ ത്രസിക്കുന്ന മസിലുകളും ഉദ്ധരിച്ച ലിംഗങ്ങളുമായി നില്‍ക്കുന്നു. തുണിക്കടയില്‍ പരസ്യത്തിനു വെച്ചപോലുള്ള ചില്ലുകൂട്ടിനുള്ളില്‍ സ്ത്രീയും പുരുഷനും ആലിംഗനങ്ങളും വദനസുരതവും വിപരീതരതിയും ഒക്കെ ചേര്‍ന്ന രതിരണത്തില്‍ ഏര്‍പ്പെടുന്നു. ഇതൊക്കെ നോക്കിനില്‍ക്കാന്‍ ആര്‍ക്കും ഒരു ജാള്യതയുമില്ല. സംഭോഗശൃംഗാരത്തിന്റെ എല്ലാ വൈവിധ്യങ്ങളും ലഹരിയും ഇവിടെ പതഞ്ഞൊഴുകുന്നു. ചെകിടടപ്പിക്കുന്ന സംഗീതം. ഇതു കേട്ടപ്പോള്‍ കീര്‍ത്തി പറഞ്ഞു, 'അച്ഛാ ഇതു വേണ്ടാ, സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേള്‍ക്കാനാണ് എനിക്കിഷ്ടം' എന്ന്. പണ്ട് ഡെന്മാര്‍ക്കില്‍ പോയപ്പോഴും ഇത്തരം ഒരു സ്ഥലത്ത് പോയത് ഓര്‍ത്തു.

അതേസമയം മധ്യപ്രദേശിലെ ഛത്രപ്പൂര്‍ ജില്ലയിലെ ഖജുരാവൊ നൃത്തമഹോത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട കമനീയകാഴ്ചകള്‍ ഓര്‍മ്മയിലെത്തി. രതിലാവണ്യം ഓളംവെട്ടിനില്‍ക്കുന്ന ശില്പഭംഗികള്‍. സംഘരതിയും മൃഗരതിയും സ്വവര്‍ഗ്ഗരതിയും കാമോദ്ദീപകമായവിധത്തില്‍ ചിത്രീകരിച്ചിട്ടുണ്ട് അവിടെ. പക്ഷേ, അതു ജുഗുപ്സയുളവാക്കുന്നില്ല. തികഞ്ഞ സൗന്ദര്യശില്പങ്ങളാണവ. ഒരുകാലത്തെ ഭാരതീയസാമൂഹികജീവിതത്തിന്റെ പ്രതിഫലനമാണ് അവയെന്ന് അംഗീകരിക്കാന്‍ പില്ക്കാലസദാചാരം രൂപപ്പെടുത്തിയവര്‍ക്ക് കഴിഞ്ഞേക്കില്ല. രതി ജുഗുപ്സാവഹവും ഒളിപ്പിക്കേണ്ടതും ആണെന്നുള്ള ചിന്ത സമൂഹത്തില്‍ കടന്നുകൂടിയശേഷമാവാം ഈ കലാശില്പങ്ങളില്‍ അശ്ലീലച്ഛായ ആരോപിക്കപ്പെട്ടുതുടങ്ങിയത്.

അന്യമതക്കാര്‍ ഭാരതത്തില്‍ വരുന്നതിനു മുമ്പുള്ള ഇവിടത്തെ ജീവിതത്തിന്റെ പ്രതിഫലനമല്ലേ ഖജുരാവോയിലെ രതിശില്പങ്ങള്‍? സമൃദ്ധിയുടെ ആ പഴയകാലത്ത്, പെണ്ണിനും ആണിനും സമൂഹത്തില്‍ തുല്യപദവി കല്പിച്ചിരുന്ന കാലത്ത്, രതി സ്വാഭാവികമായ ഒന്നായി അംഗീകരിച്ചിരുന്നിരിക്കാം. നായാട്ടും വിവാഹവും ആഘോഷങ്ങളും ചിത്രീകരിക്കുന്നതില്‍ അപാകതയില്ലെന്നു കരുതിയപോലെ കലയിലും സാഹിത്യത്തിലുമൊക്കെ രതി ചിത്രീകരിക്കുന്നതിലും അസ്വാഭാവികതയുള്ളതായി അവര്‍ കരുതിയിരിക്കില്ല. ഇന്നത്തെ സമൂഹത്തിലെ കപടസദാചാരക്കാര്‍ ഇവയൊക്കെ രഹസ്യമായി ആസ്വദിക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടാവാം. ഏതായാലും നഗ്‌നശില്പങ്ങളില്‍ കാണാന്‍ കഴിയുന്ന സൗന്ദര്യം ജീവനുള്ള നഗ്‌നശരീരങ്ങളില്‍ കാണാന്‍ കഴിയില്ല എന്നെനിക്കു തോന്നി. അതാണ് കലയുടെ ശക്തിയും സൗന്ദര്യവും. ജീവിതം തിരയുന്നത് ആനന്ദമാണ്; വേദനയില്‍നിന്നുള്ള മോചനമാണ്. നൈമിഷികാനന്ദത്തെയല്ല നിത്യാനന്ദത്തെയാണ് അന്വേഷിക്കേണ്ടത്. കലകളും അതാതിന്റെ നിലയില്‍ ആനന്ദത്തെ നിത്യരൂപമാക്കുകയല്ലേ ചെയ്യുന്നത്?

ഞങ്ങളുടെ അടുത്ത പരിപാടി ലോസ് ഏഞ്ജലസില്‍ ആയിരുന്നു. രമ്യ ഹരിശങ്കര്‍ എന്ന നര്‍ത്തകിയാണ് ഇവിടത്തെ പരിപാടിയുടെ സംഘാടക. ലോസ് ഏഞ്ജലസ് യൂണിവേഴ്സിറ്റി (UCLA) യില്‍ ആയിരുന്നു പരിപാടി. ഗംഭീരമായി. പിറ്റേദിവസത്തെ ലോസ് ഏഞ്ജലസ് ടൈംസില്‍ എന്റെ വലിയൊരു ചിത്രവും പരിപാടിയെപ്പറ്റിയുള്ള നിരൂപണവും വന്നിരുന്നു. അവിടത്തെ താമസത്തിനിടയില്‍ ഒരു ദിവസം കീര്‍ത്തിയെ ഡിസ്നി ലാന്റ് കാണിക്കാന്‍ മറ്റുള്ളവരുടെ കൂടെ അയച്ചു. ഞാന്‍ പോയില്ല. 35 ഡോളര്‍ ചെലവാക്കാനുള്ള മടിതന്നെ കാരണം. രാത്രി അവന്‍ തിരിച്ചെത്താന്‍ കുറെ വൈകി. എത്തുന്നതുവരെ തീരേ മനസ്സമാധാനം ഇല്ലായിരുന്നു.

ഒക്ടോബര്‍ 17ന് ലോസ് ഏഞ്ജലസില്‍നിന്ന് ആറര മണിക്കൂര്‍ പറന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ ഇറങ്ങി. അമേരിക്കയുടെ തലസ്ഥാനം. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ ആരും കൊതിക്കുന്ന നഗരം. അമേരിക്കയുടെ ഭരണസിരാകേന്ദ്രം.

ഒരമേരിക്കന്‍ കുടുംബത്തിലാണ് ഞാനും കീര്‍ത്തിയും ഇവിടെ താമസിച്ചത്. കുടുംബനാഥന്റെ പേര് ജോണ്‍. ഇവിടെ ഈ വീട്ടില്‍ വെച്ചാണ് കീര്‍ത്തി ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചുനോക്കിയത്. പിറ്റേന്ന് മിസിസ് ജോണ്‍ കീര്‍ത്തിയെയും എന്നെയും വാഷിങ്ടണ്‍ നഗരം കാണിക്കാന്‍ കൊണ്ടുപോയി. സമ്പത്തിന്റെ കേന്ദ്രമായ, ലോകരാഷ്ട്രങ്ങളുടെ തന്നെ ഭാഗധേയം നിയന്ത്രിക്കുന്ന അമേരിക്കയുടെ തലസ്ഥാനം. കീര്‍ത്തിയുടെ മഹാഭാഗ്യം- ഈ ചെറുപ്രായത്തില്‍ത്തന്നെ ഈ സ്ഥലങ്ങളൊക്കെ കാണാന്‍ കഴിഞ്ഞല്ലോ. കല നല്‍കിയ സൗഭാഗ്യം. പല തവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ എന്റെ മകന്റെ കൂടെ ഈ രാജവീഥികളിലൂടെ നടക്കുമ്പോള്‍ അടക്കാനാവാത്ത സന്തോഷം. മധുവും കൂടെ ഉണ്ടായിരുന്നെങ്കില്‍ രണ്ടുപേരുടെയും കയ്യും പിടിച്ച് അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നടക്കാമായിരുന്നു.

ലിങ്കണ്‍ മെമ്മോറിയല്‍, കാപ്പിറ്റോള്‍, വൈറ്റ് ഹൗസ്, വിയറ്റ്നാം യുദ്ധത്തിന്റെ സ്മാരകങ്ങള്‍, കൊറിയന്‍ യുദ്ധസ്മാരകങ്ങള്‍ - പലതും ചുറ്റിനടന്നു കണ്ടു. തലയ്ക്കു മുകളില്‍ ഇടവിടാതെ ചെറുവിമാനങ്ങള്‍ പറന്നുകൊണ്ടിരിക്കുന്നു. ദല്‍ഹിയിലെപ്പോലെ അപമര്യാദയായി പെരുമാറുന്ന കാക്കിധാരികളെ ഇവിടെ കാണില്ല. റോഡുകളിലെല്ലാം സിഗ്നല്‍ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പൗരബോധമുള്ള ജനങ്ങള്‍ അവയിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുന്നു. എങ്കിലും ദല്‍ഹിയിലെപ്പോലെയുള്ള രാജകീയപ്രൗഢി വാഷിങ്ടന് അവകാശപ്പെടാന്‍ കഴിയില്ല. ഒട്ടേറെ രാജ്യങ്ങളില്‍ യാത്രചെയ്ത എനിക്ക് ദല്‍ഹിനഗരത്തിന്റെ ഗാംഭീര്യം മറ്റൊരു തലസ്ഥാനനഗരിക്കും ഉള്ളതായി തോന്നിയില്ല. മോസ്‌കോ, ടോക്കിയോ, പീക്കിങ്, ലണ്ടന്‍, ബര്‍ലിന്‍, പാരീസ് തുടങ്ങിയ നഗരങ്ങള്‍ക്കൊന്നും ദല്‍ഹിയുടെ പ്രൗഢിയും ഗാംഭീര്യവും അവകാശപ്പെടാനില്ല. മുഗള്‍ശൈലിയും ബ്രിട്ടീഷ് സാങ്കേതികതയും ഇന്ത്യന്‍ കരകൗശലവും അധ്വാനവും ഒത്തുച്ചേര്‍ന്ന് രൂപപ്പെട്ട നഗരമാണ് ദല്‍ഹി. പഴയ ഇന്ദ്രപ്രസ്ഥത്തിന്റെ പുതിയ മുഖം.

നഗരക്കാഴ്ചകള്‍ കണ്ട് രാത്രി താമസസ്ഥലത്ത് തിരിച്ചെത്തി. കീര്‍ത്തി വലിയ ഉത്സാഹത്തിലാണ്. ഒഴിവുകിട്ടുന്ന സമയം മുഴവന്‍ അവന്‍ കമ്പ്യൂട്ടറിന്റെ മുന്നിലാണ്. എന്നെങ്കിലും ഇന്ത്യയില്‍ ഇതുപോലെ വീടുകളിലെല്ലാം കമ്പ്യൂട്ടര്‍ വരുമോ, വന്നാലും എന്നെപ്പോലെയുള്ളവര്‍ക്ക് ഇതൊക്കെ വാങ്ങാനും കൈകാര്യം ചെയ്യാനും കഴിയുമോ എന്നൊക്കെ ചിന്തിച്ചുപോയി. കീര്‍ത്തി കമ്പ്യൂട്ടറിനു മുമ്പില്‍ മൗസില്‍ വിരലുകളമര്‍ത്തി ഇരിക്കുന്നതു കണ്ടപ്പോള്‍ അഭിമാനം തോന്നി. അവന്‍ എല്ലാം വേഗത്തില്‍ പഠിച്ചെടുക്കുന്നു. മൃദംഗക്കാരന്‍ തന്റെ ഉപകരണത്തില്‍ ശ്രുതിചേര്‍ക്കാന്‍ ഉപയോഗിക്കുന്ന കല്ലുപോലുള്ള ഒരു സാധനമാണ് ഈ മൗസ് എന്നാണ് തോന്നിയത്. അതില്‍ വിരലുകള്‍ ചലിപ്പിക്കുമ്പോള്‍ സ്‌ക്രീനില്‍ ചിത്രങ്ങളും അക്ഷരങ്ങളുമൊക്കെ തെളിയുന്നു!

ഒക്ടോബര്‍ 21ന് ഫിലാഡല്‍ഫിയയ്ക്ക് പറന്നു. മ്യൂസിയങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരമാണിത്. ഇതിനിടെ സുദര്‍ശനനുമായി (തമ്പുരാന്‍) ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്തിരുന്നു. അദ്ദേഹം എല്ലാം ഭംഗിയായി പ്ലാന്‍ ചെയ്തു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായ മനോജിന്റെ കയ്യില്‍ പെട്ടിയും സാധനങ്ങളും കൊടുത്തയച്ചു. വിദേശമലയാളികള്‍ ഒരു മുന്‍പരിചയവുമില്ലാതെതന്നെ എല്ലാ സഹായവും ചെയ്തുതരുന്നു. നാട്ടിലെത്തുമ്പോള്‍ ഈ നല്ല ഗുണങ്ങള്‍ മലയാളി മറക്കുന്നുണ്ടോ?

22ന് ന്യൂയോര്‍ക്കിലെത്തി. ഉച്ചയ്ക്ക് ഇന്ത്യന്‍ അമ്പാസിഡറും കുറെ വി.വി.ഐ.പികളും പങ്കെടുത്ത ഒരു പാര്‍ട്ടി ഞങ്ങളെ അനുമോദിക്കാനായി സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി. സിംഫണി സ്പേസില്‍ ആയിരുന്നു പരിപാടി. പരിസരം മുഴുവന്‍ ഞങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവിടെ അവസാനത്തെ പരിപാടിയായിരുന്നു. 'പുരുഷ'യ്ക്ക് അതോടെ തിരശ്ശീല വീണു.
അങ്ങനെ ഒരു കൊല്ലത്തെ എഴുത്തുകുത്തുകളും ഫോണ്‍വിളികളും ഒക്കെയായി പ്ലാന്‍ ചെയ്തു തുടക്കമിട്ട പുരുഷയുടെ അവതരണം സമംഗളം സമാപിച്ചു. അവതരിപ്പിച്ച സ്ഥലത്തെല്ലാം നല്ല പ്രതികരണമായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം. അവസാനദിവസം ജൊനാഥന്‍ ഹോളണ്ടറും അനിതാരത്നവും മറ്റും വന്നിരുന്നു.

ന്യൂയോര്‍ക്കില്‍ താമസമാക്കിയ ഇന്ദ്രാണി റഹ്‌മാന്‍ രാത്രി ഞങ്ങളെ അത്താഴവിരുന്നിനു ക്ഷണിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ദല്‍ഹിയില്‍ വെച്ച് ദശാവതാരം കളിപ്പിച്ച കാര്യം അവര്‍ ഓര്‍മ്മിപ്പിച്ചു. വലിയ ആളായിത്തീരട്ടേ എന്ന് ആശംസിച്ച് കീര്‍ത്തിയെ അവര്‍ വാരിപ്പുണര്‍ന്നു. വലിയ നര്‍ത്തകനാവണം എന്നു പറഞ്ഞില്ല. എന്തേ അങ്ങനെ പറയാതിരുന്നത് എന്ന് ഞാന്‍ വെറുതേ ആലോചിച്ചു.

ഒക്ടോബര്‍ 23ന് ബാറ്ററി ഡാന്‍സ് കമ്പനിയില്‍ പോയി ജൊനാഥനെ കണ്ടു. കീര്‍ത്തിക്ക് പ്രതിഫലമായി 400 ഡോളര്‍ കൊടുത്തു. അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഞങ്ങളെ ക്ഷണിച്ചതുപോലുമില്ല. രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം. ഇന്ത്യയിലാണെങ്കില്‍ ഇത്രയും നാളത്തെ പരിചയം കൊണ്ട് കുടുംബാംഗങ്ങളെപ്പോലെ ആയിട്ടുണ്ടാവും.

മന്‍ഹട്ടനിലൂടെ നടന്ന് കീര്‍ത്തിക്കു വേണ്ട ചില സാധനങ്ങളൊക്കെ വാങ്ങി. അവനെ നാട്ടിലേക്കയയ്ക്കുകയാണ്. ഉച്ചയോടെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. ഞാന്‍ കൂടെയില്ലാതെ അവനെ അയയ്ക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ചന്ദ്രശേഖരന്‍ സാര്‍ കൂടെയുണ്ടല്ലോ എന്നതാണ് ആശ്വാസം. നാലുമണിക്ക് കെന്നഡി എയര്‍പോര്‍ട്ടിലേയ്ക്ക് പോയി. അങ്ങനെ കീര്‍ത്തി അമേരിക്കയോട് യാത്രപറയുന്നു. കൊച്ചുകുട്ടിയായതുകൊണ്ട് പണം പോക്കറ്റില്‍ ഇട്ടുകൊടുക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട് 1000 ഡോളര്‍ ഷൂവില്‍ ഇട്ടുകെട്ടിയാണ് കൊടുത്തയച്ചത്. ഒരു പെട്ടി നിറയെ പുസ്തകങ്ങളും അവന്‍ കൊണ്ടുപോകുന്നുണ്ട്. വൈകുന്നേരം ആറുമണിക്ക് എയര്‍ ഇന്ത്യയില്‍ അവന്‍ യാത്രയായി. ഇനി എന്നെങ്കിലും അവന് സമൃദ്ധിയുടെ ഈ നാട്ടിലേയ്ക്കു വരാന്‍ കഴിയുമോ?

വഴിക്ക് തടസ്സമൊന്നും കൂടാതെ നാട്ടിലെത്തിച്ചേരുമോ? പലവിധ ചിന്തകളുമായി ഞാന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ സുദര്‍ശന്‍ പറഞ്ഞേല്പിച്ചതുപ്രകാരം അദ്ദേഹത്തിന്റെ സുഹൃത്ത് മോഹന്‍ദാസ് വന്ന് എന്നെ എയര്‍പോര്‍ട്ടിനടുത്തുള്ള അവരുടെ വീട്ടിലേയ്ക്കു കൊണ്ടുപോയി. നല്ല കുടുംബാന്തരീക്ഷം. പാലക്കാട് അകലൂരാണ് മോഹന്‍ദാസിന്റെ നാട്. ഭാര്യ ചെറളയം രാജകുടുംബത്തിലെ അംഗമാണ്. മോഹന്‍ദാസിന്റെ അനിയന്‍ ദാസനും കൂടെയുണ്ട്. ഒരനിയന്‍ രവിസദനത്തില്‍ കഥകളി പഠിച്ചിട്ടുണ്ടത്രേ.

രാത്രി കുറെ വിസ്‌കി കുടിച്ചു. കഥകളിയുടെ ചില വീഡിയോകള്‍ കണ്ടു. രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. കീര്‍ത്തി ലണ്ടനില്‍ ഇറങ്ങിയാലും മറ്റും എന്തു ചെയ്യും എന്ന വേവലാതിയായിരുന്നു മനസ്സില്‍.പിറ്റേന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് ദാസന്‍ എന്നെ ന്യൂയോര്‍ക്ക് ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു. സിറിക്യൂസ് എന്ന സ്ഥലത്തേയ്ക്ക് ടിക്കറ്റ് എടുത്തുതന്നു. 25 ഡോളറാണ് ചാര്‍ജ്. ബസ്സ്റ്റേഷനില്‍ ഒരുതരം ഭീകരാന്തരീക്ഷമാണ്. കൂറ്റന്മാരായ കാപ്പിരികള്‍. ചെകിടടപ്പിക്കുന്ന സംഗീതം. മയക്കു മരുന്നുവില്പനയും പിടിച്ചുപറിയും ഒക്കെ യഥേഷ്ടം നടക്കുന്നു. രാത്രി ഒമ്പതരയ്ക്ക് സിറിക്യൂസില്‍ എത്തി. സുദര്‍ശന്‍ ബസ്സ്റ്റേഷനില്‍ എത്തിയിരുന്നു. നേരില്‍ കണ്ടിട്ടില്ലെങ്കിലും കത്തിലൂടെയും ഫോണിലൂടെയും പരിചയപ്പെട്ടിട്ടുണ്ട്. അകലെനിന്നുള്ള കുശലപ്രശ്നങ്ങള്‍തന്നെ കഥകളിമുദ്രയിലൂടെയായിരുന്നു. കാറില്‍ കഥകളിപ്പദങ്ങളുടെ സമൃദ്ധി. എമ്പ്രാന്തിരിയും ഹരിദാസേട്ടനും ഉണ്ണികൃഷ്ണക്കുറുപ്പും എല്ലാമുണ്ട്. മധു ഇവിടെ എത്തിയിട്ടില്ല, ഞാന്‍ എത്തിക്കും എന്ന് എന്റെ മനസ്സ് പറഞ്ഞു.

ഒരു മണിക്കൂര്‍ യാത്രചെയ്ത് സുദര്‍ശനന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ രമച്ചേച്ചി മാവേലിക്കര രാജകുടുംബത്തിലെ അംഗമാണ്. നല്ല ആഢ്യത്വമുള്ള പെരുമാറ്റം. എന്റെ ഏട്ടത്തിയുടെ അടുത്തെത്തിയപോലെ തോന്നി. മകള്‍ ശാലിനി. പുലരുംവരെ കഥകളിയെപ്പറ്റി സംസാരിച്ചിരുന്നു. കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷം ഞാന്‍ എങ്ങനെയാണ് കഴിഞ്ഞുകൂടിയത്! എത്ര പേരുടെ സഹായം ലഭിച്ചിട്ടുണ്ട്! എത്ര പേരുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്!

പിറ്റേന്ന് അഹമ്മദാബാദിലേയ്ക്കു വിളിച്ചു. കീര്‍ത്തി സുഖമായി എത്തിയിരിക്കുന്നു എന്നറിഞ്ഞു. മാത്രമല്ല, അവന്‍ നൃത്തം ചെയ്തു സമ്പാ
ദിച്ച പണംകൊണ്ട് വസന്ത അവന് ഒരു കൈനെറ്റിക് ഹോണ്ട ബൈക്ക് വാങ്ങിവെച്ചിരിക്കുന്നുവത്രേ. പത്താംതരം നല്ല മാര്‍ക്കോടെ പാസായാല്‍ വാങ്ങിക്കൊടുക്കാം എന്ന് വാക്കുകൊടുത്തിരുന്നതാണ്.

സുദര്‍ശനന്റെ വീട്ടില്‍ എപ്പോഴും കഥകളിയുടെ അന്തരീക്ഷമാണ്. കഥകളികലാകാരന്മാര്‍പോലും കഥകളിയെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടാവില്ല. അവര്‍ക്ക് അത് അവരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണല്ലോ. ഇത് കലയോടുള്ള സ്നേഹമാണ്; കലാകാരന്മാരോടുള്ള ആദരവാണ്. മനസ്സുകൊണ്ട് ഞാനവരെ പ്രണമിച്ചു. ഒരു ദിവസം സുദര്‍ശനന്റെ കൂടെ അവിടെ അടുത്തുള്ള കോള്‍ഗേറ്റ് യൂണിവേഴ്സിറ്റിയില്‍ പോയി കഥകളി ഡെമോണ്‍സ്ട്രേഷന്‍ നടത്തി. സുദര്‍ശനെപ്പോലുള്ള ഒരു വലിയ ഓഫീസര്‍ ഈ കഥകളിക്കാരന്റെ സുഖസൗകര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് ചെയ്തുതരുന്നതു കാണുമ്പോള്‍ കലയോടുള്ള അവരുടെ ആത്മാര്‍ത്ഥസ്നേഹത്തോട് മതിപ്പു തോന്നി. ഒരു ദിവസം ഇന്ത്യന്‍ ക്ലബ്ബില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഒരു പരിപാടി ചെയ്തു. എല്ലാം കാസറ്റുവെച്ചാണ് ചെയ്തത്.

രമച്ചേച്ചി കീര്‍ത്തിക്കുവേണ്ടി ഒട്ടേറെ സാധനങ്ങള്‍ വാങ്ങി പാക്കുചെയ്തുവെച്ചിരുന്നു. ഒരു ദിവസത്തേയ്ക്കുള്ള ഭക്ഷണവും പാര്‍സലാക്കി
ത്തന്നു. സുദര്‍ശനന്‍ എന്നെ വൂസ്റ്റര്‍ എന്ന സ്ഥലത്തേയ്ക്കു ബസ്സുകയറ്റി ത്തന്നു. 50 ഡോളര്‍ ചാര്‍ജ്ജ്. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 1500 രൂപ. ഇത്രയും സംഖ്യകൊണ്ട് ഇന്ത്യയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും! അദ്ദേഹംതന്നെയാണ് ബസ്ചാര്‍ജ്ജ് കൊടുത്തത്. അമേരിക്കയില്‍ ബസ്സുയാത്ര വളരെ സുഖപ്രദമാണ്. ബസ്സില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടായിരിക്കും. വൂസ്റ്ററില്‍ മിസ്റ്റര്‍ ജാക്ക് ആഫല്‍ബാം കാത്തുനിന്നിരുന്നു. കാറില്‍ ബോസ്റ്റണിലുള്ള ലിറ്റില്‍ടണിലെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു യാത്രതിരിച്ചു. കടുത്ത തണുപ്പായിരുന്നു പുറത്ത്. സ്നോ വീണു കൊണ്ടേയിരുന്നു.
സഹായമനഃസ്ഥിതി ഉള്ളവരാണ് ജാക്ക് ആഫല്‍ബാമും ഈവ ആഫല്‍ബാമും. ഒരു ദിവസം ഞാന്‍ കാലത്തുമുതല്‍ രാത്രിവരെ അഞ്ചുസ്‌കൂളില്‍ വര്‍ക്ക്ഷോപ്പും ഡെമോയും ഒക്കെ ചെയ്തു. ഭക്ഷണക്കുറവും അധ്വാനവും കാരണം രാത്രിയായപ്പോഴേയ്ക്കും തീരേ വയ്യാതായി. എങ്കിലും പ്രതീക്ഷിച്ചതിലേറെ പ്രതിഫലം കിട്ടി.

അടുത്തദിവസം വീണ്ടും ന്യൂയോര്‍ക്കിലേയ്ക്ക്. ജാക്കിന്റെ മകള്‍ ആനന്ദ എന്നെ വൂസ്റ്ററില്‍ കൊണ്ടുവന്നുവിട്ടു. 30 ഡോളറിന് ടിക്കറ്റെടുത്ത് ബസ്സില്‍ കയറി. യാഷ് എന്ന് പേരുള്ള, മലയാളം അറിയാത്ത ഒരു മലയാളിപ്പയ്യന്‍ ന്യൂയോര്‍ക്കില്‍ കാത്തുനിന്നിരുന്നു. ആളെ ഫോണിലൂടെ പരിചയപ്പെട്ട
താണ്. യാഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. അവന്റെ കൂടെ ഹോസ്റ്റലില്‍ പോയി. രണ്ടുമൂന്ന് അമേരിക്കന്‍ പയ്യന്മാരുമുണ്ടവിടെ. ഭക്ഷണത്തിന്റെ കാര്യം പരമദയനീയമായിരുന്നു. രാത്രി ഏതായാലും ഒരിന്ത്യന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു.

പിറ്റേന്ന് ശോഭനയുടെ(സബാന്‍) ജ്യേഷ്ഠന്‍ ഫെലനെ വിളിച്ചു. അയാളുടെ കൂടെ പോയി പരിപാടിയുടെ സ്ഥലം കണ്ടു. ജൊനാഥന്റെ ഓഫീസില്‍ പോയി. ഒരു ഗുജറാത്തിഷാള്‍ അദ്ദേഹത്തിനു സമ്മാനിച്ചു. പുരുഷയുടെ പ്രതിഫലമായി 2125 ഡോളറും ഡെട്രോയിറ്റിലേയ്ക്കുള്ള പ്ലെയിന്‍ ടിക്കറ്റും കിട്ടി. എയര്‍ ഇന്ത്യ ഓഫീസില്‍ പോയി ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് കണ്‍ഫേം ചെയ്തു. ദല്‍ഹിവരെയേ കിട്ടിയുള്ളൂ. രാത്രി ഫെലന്റെ ഓഫീസിലെ സ്റ്റാഫിനുവേണ്ടി കളിച്ചു.

പിറ്റേന്ന് അമേരിക്കന്‍ മ്യൂസിയം ഓഫ് നാഷണന്‍ ഹിസ്റ്ററിയിലായിരുന്നു പരിപാടി. കാര്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥലം കിട്ടാതെ ന്യൂയോര്‍ക്ക് നഗരത്തില്‍ രണ്ടുമണിക്കൂര്‍ അലഞ്ഞു. പരിപാടി നടക്കുന്ന ഓഡിറ്റോറിയം ആധുനികരീതിയില്‍ നന്നായി സജ്ജീകരിച്ചിരുന്നു. നിറയെ പ്രേക്ഷകര്‍. കൂട്ടത്തില്‍ മുന്‍ നിരയില്‍ ഒരു മലയാളിമുഖം. വിജി തമ്പി എന്ന ആ മലയാളി പരിപാടികഴിഞ്ഞ് എന്നെ പരിചയപ്പെടാന്‍ വന്നു. സന്തോഷസൂചകമായി അമ്പതു ഡോളര്‍ നോട്ട് പോക്കറ്റിലിട്ടുതന്നു. മലയാളസിനിമയുമായി ബന്ധപ്പെട്ട ആളാണെന്നുമാത്രം അന്നു മനസ്സിലായി. പ്രശസ്ത സിനിമാസംവിധായകനാണദ്ദേഹമെന്ന് പില്‍ക്കാലത്താണ് അറിയുന്നത്. അനിയന്‍ നമ്പൂതിരിയും (ചുട്ടി) കളി കാണാന്‍ വന്നിരുന്നു. ചെര്‍പ്പുളശ്ശേരി ഒപ്പത്തുവീട്ടിലെ ഒരു കൊച്ചുണ്ണിയേട്ടന്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു കൊണ്ടുപോയി. ആള്‍ വലിയ കഥകളിക്കമ്പക്കാരനാണ്. രാത്രി മലയാളിഭക്ഷണവും കഥകളിയെക്കുറിച്ചുള്ള ചര്‍ച്ചയുമായി അവിടെ തങ്ങി. ഒരു ദിവസം പുത്തേഴത്ത് രാമമേനോന്റെ മകളുടെ വീട്ടിലും പോയി.

ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഒരു ദിവസം പരിപാടി അവതരിപ്പിച്ചു. രാത്രി ബ്രൂക്കിളിന്‍ എന്ന സ്ഥലത്തുള്ള അനിയന്‍ നമ്പൂതിരിയുടെ വീട്ടില്‍ പോയി. നവംബര്‍ 7ന് ചിക്കാഗോ വഴി ഡെട്രോയിറ്റിലേയ്ക്കു പറന്നു. സുബോധ് എന്ന പഞ്ചാബി കാത്തുനിന്നിരുന്നു. സുദര്‍ശന്‍ വഴിയാണ് പരിപാടികള്‍ ഏര്‍പ്പാടാക്കിയിരുന്നത്. സംഘാടകരുമായി അദ്ദേഹമാണ് ബന്ധപ്പെട്ടിരുന്നത്. അവിടെയും പല സ്‌കൂളുകളിലും കഥകളിയും കേരളവും ഒക്കെ അവതരിപ്പിച്ചു. ഞാന്‍ കടല്‍ കടന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അവിടെ പല കുട്ടികളുടെയും കണ്ണില്‍ അത്ഭുതം വിടരുന്നതു കണ്ടു.

കടലിനപ്പുറത്തുനിന്ന് ഒരു മനുഷ്യനോ എന്ന ഭാവം. ലോകവിവരം കുറവാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് എന്നുതോന്നി. രണ്ടു ദിവസംകൊണ്ട് കുറെ സ്‌കൂളുകളില്‍ കഥകളി എത്തിച്ചു. രവി വള്ളാത്തേരി ലോസ് ഏഞ്ജലസിലേയ്ക്കുള്ള പ്ലെയിന്‍ ടിക്കറ്റ് അയച്ചുതന്നിരുന്നു. അടുത്തദിവസം കാലത്ത് ലോസ് ഏഞ്ജലസിലേയ്ക്കു പറന്നു. എട്ടുമണിക്കൂര്‍ പറന്നിട്ടും അവിടെയെത്തുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണിയെ ആയിട്ടുള്ളൂ. രാധയും (രാധാ കാര്‍മ്മന്‍) അച്ഛനും കാത്തുനിന്നിരുന്നു. അവരുടെ വീട്ടിലെയ്ക്കു പോയി.

ഭക്ഷണത്തിന്റെ കാര്യം പരുങ്ങലിലായിരുന്നു. എല്ലാ അമേരിക്കന്‍ വീടുകളിലും ഇതുതന്നെയാണ് സ്ഥിതി. 'അതിഥിദേവോ ഭവ' എന്ന സംസ്‌കാരമൊന്നും അവിടെയില്ലല്ലോ. അതിഥിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സാധിപ്പിക്കാനൊന്നും ശ്രമിക്കില്ല. പിറ്റേന്ന് ഉച്ചയ്ക്ക് ആ ഭാഗത്തുള്ള മലയാളികള്‍ക്കുവേണ്ടി കഥകളി ഡെമോ ചെയ്തു. രാത്രി കുചേലവൃത്തം കളിച്ചു. ഞാന്‍ കുചേലനായി; രാധ കൃഷ്ണനും. ഹൈദരാലി പാടി റെക്കോര്‍ഡ് ചെയ്ത കാസറ്റ് ഉപയോഗിച്ചു. കഥകളിയെപ്പറ്റി അല്പമെങ്കിലും വിവരമുള്ളവരുടെ മുമ്പില്‍ കളിക്കുമ്പോള്‍ കൂടുതല്‍ സംതൃപ്തി തോന്നും. റോബര്‍ട്ട് കളി കാണാന്‍ വന്നിരുന്നു. രാത്രി അവന്റെ കൂടെ ഹോളിവുഡ്ഡിലുള്ള അവന്റെ വീട്ടിലേയ്ക്കു പോയി. അവിടെയും ഒരു പരിപാടി. അതു കഴിഞ്ഞ് ക്ലെയര്‍മൗണ്ടില്‍ ലോറയുടെ വീട്ടിലേയ്ക്ക്. കഴിഞ്ഞവര്‍ഷം നാലുമാസത്തോളം താമസിച്ചവീട്ടില്‍ ഒരു രാത്രികൂടി അന്തിയുറങ്ങി.

പിറ്റേദിവസം രാവിലെ പമോനയില്‍ പോയി. ബെറ്റി, ജിം തുടങ്ങിയവരെയൊക്കെ കണ്ടു. സ്‌ക്രിപ്പ് കോളേജിലും പമോനകോളേജിലും വര്‍ക്ക്ഷോപ്പ് നടത്തി. രാത്രി ജിമ്മിന്റെ വീട്ടില്‍ എന്നെ സല്‍ക്കരിക്കാന്‍ ഡിന്നര്‍പാര്‍ട്ടി ഒരുക്കിയിരുന്നു. കുറെനേരം എല്ലാവരുമായും സംസാരിച്ചിരുന്നു. ലോറയുടെ കൂടെ അവളുടെ വീട്ടിലേയ്ക്കു പോന്നു. അവിടെ തങ്ങി പല കോളേജുകളിലും പോയി ക്ലാസെടുത്തു. പ്രതീക്ഷിക്കാത്തത്ര നല്ല പ്രതിഫലം എല്ലായിടത്തുനിന്നും കിട്ടിയിരുന്നു. ഒരു രാത്രി വിവേക് എന്നൊരു മലയാളിപ്പയ്യന്റെ കൂടെ പോയി അവന്റെ കുടുംബത്തിന്റെ കൂടെ താമസിച്ചു. മറ്റൊരു ദിവസം ദീപു എന്നൊരു നമ്പൂതിരിക്കുട്ടി വന്ന് അവരുടെ വീട്ടിലേയ്ക്കും കൊണ്ടുപോയി. ചേലക്കര അമ്പക്കാട്ട് ഇല്ലക്കാരാണവര്‍. ദീപു രാധയുടെ അടുത്തുനിന്ന് കഥകളി പഠിക്കുന്നുണ്ട്. നോക്കണേ, കേരളത്തിലെ ഒരു നമ്പൂതിരിക്കുട്ടി അമേരിക്കയില്‍ ഒരു മദാമ്മക്കുട്ടിയില്‍നിന്ന് കഥകളി പരിശീലിക്കുക!

പല ദിവസങ്ങളിലും പരിപാടി കഴിഞ്ഞ് അര്‍ദ്ധരാത്രികളില്‍ ലോറ കാറോടിച്ച് എന്നെ എത്തേണ്ട സ്ഥലത്ത് എത്തിക്കും. ഒരന്യപുരുഷനുവേണ്ടി രാത്രി ഇത്രദൂരം കാറോടിക്കാന്‍ ഇന്ത്യയില്‍ ഏതെങ്കിലും സ്ത്രീ ഒരിക്കലെങ്കിലും തയ്യാറാകുമോ? ഈ സഹായമനഃസ്ഥിതിയുള്ളവര്‍ അമേരിക്കയിലും ചുരുക്കമായിരിക്കും. ഇത്തരം നല്ല മനുഷ്യരുമായുള്ള സംസര്‍ഗ്ഗംകൊണ്ട് പകര്‍ന്നുകിട്ടിയ ഗുണങ്ങള്‍ ഞാന്‍ ജീവിതത്തില്‍ അനു
വര്‍ത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഒരു ദിവസം യൂണിവേഴ്സിറ്റി ഓഫ് ലോസ് ഏഞ്ജലസില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരിപാടി നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന വലിയൊരു സര്‍വ്വകലാശാലയാണത്.കാലിഫോര്‍ണിയയില്‍ പല സ്ഥലത്തും കഥകളി അവതരിപ്പിച്ചു. തോരണയുദ്ധം, പട്ടാഭിഷേകം, കല്യാണസൗഗന്ധികം, സീതാപഹരണം തുടങ്ങിയ കഥകള്‍. കൃഷ്ണന്‍ നായരാശാന്റെ ഒരു ശിഷ്യ മിസിസ് ജാന്‍, കലാമണ്ഡലത്തില്‍വിദ്യാര്‍ത്ഥിനിയായിരുന്ന ഒരു മെക്സിക്കന്‍ വനിത ആഞ്ജലിക, രാധ പിന്നെ ഞാനും- ഇത്രയും പേരാണു വേഷക്കാര്‍. രാധയുടെ രാവണന്‍ അതിഗംഭീരം. എന്റെ ഹനുമാന്‍, ആഞ്ജലിക ശ്രീരാമന്‍. ജാന്‍ ജടായുവും അകമ്പനനും. ഹൈദരാലിയുടെ റെക്കോര്‍ഡ് ചെയ്ത പാട്ട്. രണ്ടാഴ്ച പല സ്ഥലത്തും കളിച്ചു.

കാലിഫോര്‍ണിയയിലെ പ്രസിദ്ധമായ ബര്‍ക്കിലി യൂണിവേഴ്സിറ്റിയില്‍ ഒരു ദിവസം രാവിലെ കഥകളി ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. ഭാരതീയസംഗീതത്തിന്റെ കുലപതി രവിശങ്കര്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം പരിപാടി കഴിഞ്ഞയുടന്‍ അരങ്ങത്തു കയറിവന്ന് അഭിനന്ദിച്ചു. അജഗരകബളിതം വളരെയേറെ ഇഷ്ടമായി എന്നു പറഞ്ഞു. കുട്ടിക്കാലത്ത് ജ്യേഷ്ഠന്‍ ഉദയശങ്കറിന്റെ കൂടെ കേരളകലാമണ്ഡലത്തില്‍ വന്ന കാര്യം അനുസ്മരിച്ചു. സിത്താര്‍തന്ത്രികളില്‍ നാദവിസ്മയം തീര്‍ക്കുന്ന ആ കൈകള്‍കൊണ്ട് തോളില്‍ത്തട്ടി അഭിനന്ദിച്ചു. ആ സംഗീതചക്രവര്‍ത്തിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു.

അന്നു രാത്രി അവിടെ കഥകളിയും ഉണ്ടായി- കഥ സീതാപഹരണവും ജടായുമോക്ഷവും തോരണയുദ്ധവും. തിരശ്ശീല പിടിക്കാന്‍ സായ്പുകുട്ടികള്‍. ചുട്ടിക്കാരി ഒരു മദാമ്മ. കോട്ടക്കല്‍ ശശിധരന്‍ എന്ന പേരു കേട്ടതുകൊണ്ടാവാം പരിപാടി കഴിഞ്ഞപ്പോള്‍ ഒരു മലയാളി കാണാന്‍ വന്നു. തനി മലപ്പുറം മലയാളത്തില്‍ എന്നോട് സംസാരിച്ചു. അദ്ദേഹം മലപ്പുറത്ത് പാറനമ്പീശന്മാരുടെ കുടുംബത്തിലെ അംഗമാണത്രേ. ഈ കുടുംബം ഒരുകാലത്ത് മലപ്പുറത്തെ ഏറ്റവും വലിയ ജന്മികുടുംബമായിരുന്നു. 1921 ലെ ലഹളക്കാലത്ത് അമ്പലവും പള്ളിയും അടച്ചിട്ട് ജനങ്ങള്‍ പലായനം ചെയ്തപ്പോള്‍ പടിപ്പുര തുറന്നിട്ട് ജാതിമതഭേദമില്ലാതെ ഏവര്‍ക്കും വസ്ത്രവും ഭക്ഷണവും താമസിക്കാനിടവും നല്‍കിയ പേരുകേട്ട ഒരു ബ്രാഹ്‌മണകുടുംബം. എന്റെ അച്ഛനും അമ്മയുമൊക്കെ ആ കുടുംബത്തിലെ കുടിയാന്മാരായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ആ കുടുംബത്തില്‍നിന്നുള്ള മനുഷ്യസ്നേഹിയായ ഒരു വലിയ മനുഷ്യനാണ് ശാന്താസ്. സ്വന്തം ഗ്രാമത്തില്‍നിന്നു വന്ന എന്നെ സല്‍ക്കരിക്കാന്‍ കലാസ്നേഹിയായ അദ്ദേഹം വലിയ ഉത്സാഹം കാണിച്ചു. സ്വയം പരിചയപ്പെടുത്തി അദ്ദേഹം എന്നെ സ്വഭവനത്തിലേയ്ക്കു ക്ഷണിച്ചു. ആ രാത്രി അദ്ദേഹത്തിന്റെ കൂടെ പോയി. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ കാറില്‍ രാജകീയമായ യാത്ര. വഴിക്കുള്ള കാഴ്ചകള്‍ കാണിച്ചും വിവരിച്ചുതന്നുമാണ് പൊയ്ക്കൊണ്ടിരുന്നത്. റോഡിനിരുവശത്തും പൂച്ചെടികളും റോഡില്‍ ശബ്ദമില്ലാതെ നിരനിരയായി ഒഴുകിക്കൊണ്ടിരുന്ന കാറുകളും. റോഡിന്റെ ഒരു ഭാഗത്ത് അലയടിക്കുന്ന സമുദ്രവും മറുഭാഗത്ത് മലനിരകളും. അതിമനോഹരമായ നഗരം. ഗോള്‍ഡന്‍ ബ്രിഡ്ജിലൂടെയുള്ള യാത്ര അതീവഹൃദ്യമായിരുന്നു.

അദ്ദേഹത്തിന്റെ ഗൃഹം കേരളത്തിലെ ഒരു ഏറനാടന്‍ നമ്പീശന്‍ ഭവനം തന്നെയായിരുന്നു. ഭാര്യ പത്മ കിളിമാനൂര്‍ കോവിലകത്തെയാണ്. വിശ്വപ്രസിദ്ധിയുള്ള ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ കുടുംബത്തിലെ അംഗം. മകന്‍ വിവേക്. അവരുടെ ഗാര്‍ഡനില്‍ കേരളത്തില്‍നിന്നുള്ള മിക്ക പൂച്ചെടികളുമുണ്ട്. ശാന്താസ് നല്ലൊരു കലാകാരനാണ്. മലയാളത്തില്‍ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്യും. കേരളത്തോടും മലയാളഭാഷയോടും അദ്ദേഹം വെച്ചുപുലര്‍ത്തുന്ന താത്പര്യം എന്നെ അത്ഭുതപ്പെടുത്തി. കേരളത്തില്‍ ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളുടെയും കോപ്പികള്‍ ഗ്രന്ഥകാരന്റെ കയ്യൊപ്പോടെ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. കുമാരനാശാനെയും ഉള്ളൂരിനെയും പോലുള്ള മഹാകവികളെപ്പറ്റി മണിക്കൂറുകളോളം സംസാരിക്കാന്‍ കയ്യില്‍ കോപ്പുണ്ട്. നന്നായി പാടും. ഇന്ത്യയില്‍ പോയിട്ട് മുപ്പതു വര്‍ഷം കഴിഞ്ഞുവെന്ന് പറഞ്ഞു. ഇന്ദിരാഗാന്ധിയുമായുള്ള എന്തോ പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയിലേയ്ക്കില്ല എന്ന് ശപഥം ചെയ്തിരിക്കയാണത്രേ. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായപ്പോള്‍ ഇദ്ദേഹത്തെ ഇന്ത്യയിലേയ്ക്കു മടങ്ങിച്ചെല്ലാന്‍ ക്ഷണിച്ചത്രേ. ഇന്ത്യയിലേയ്ക്കു വരാറില്ലെങ്കിലും ഇന്ത്യയുടെയും കേരളത്തിന്റെയും ഓരോ മിടിപ്പും അവിടെയിരുന്നു ഇദ്ദേഹം അറിയുന്നു. ഇവിടത്തെ പുതിയ എഴുത്തുകാരെപ്പറ്റി, പാട്ടുകാരെപ്പറ്റി എന്നെക്കാള്‍ കൂടുതല്‍ ഇദ്ദേഹത്തിനറിയാം. കര്‍ണ്ണാടകസംഗീതം, ഹിന്ദുസ്ഥാനിസംഗീതം, കഥകളിസംഗീതം, നാടകഗാനങ്ങള്‍, സിനിമാപ്പാട്ടുകള്‍ എന്നിവയുടെയെല്ലാം ഒരു വലിയ ശേഖരം കൈവശമുണ്ട്. ഒരു രാത്രിയും പകലും അവിടെ താമസിച്ചു. അത് അവിസ്മരണീയമായ ഒരനുഭവമായിരുന്നു.

കാലിഫോര്‍ണിയയിലെ പരിപാടികളെല്ലാം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കിലേയ്ക്കു തിരിച്ചു. ലോസ് ഏഞ്ജലസ് എയര്‍പോര്‍ട്ടില്‍ രാധ, അവളുടെ അച്ഛന്‍, അമ്മ, ലോറ, ജിം, ബെറ്റി തുടങ്ങി കുറെപ്പേര്‍ എന്നെ യാത്രയാക്കാനെത്തിയിരുന്നു. ആറരമണിക്കൂര്‍ പറന്ന് ന്യൂയോര്‍ക്കില്‍. കെന്നഡി എയര്‍പോര്‍ട്ടില്‍ അനിയന്‍ നമ്പൂതിരി കാത്തുനിന്നിരുന്നു. അദ്ദേഹത്തിന്റെ കൂടെ പോയി ഒരു ദിവസം അവരുടെ വീട്ടില്‍ തങ്ങി. അനിയന്‍ കയ്യിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി നോട്ടുകള്‍ തരംതിരിച്ച് ഓരോ കെട്ടാക്കി കണക്ക് വിശദമായി എഴുതി എല്ലാം പാക്കുചെയ്തു തന്നു. രാത്രി ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നാക്കി. എയര്‍ ഇന്ത്യയുടെ ജംബോ ജറ്റില്‍ 11 മണിക്കൂര്‍ പറന്ന് ലണ്ടന്‍ ഹീത്രോവില്‍ ഇറങ്ങി. ഏതാനും മണിക്കൂറുകള്‍ അവിടെ തങ്ങിയശേഷം പ്ലെയിന്‍ ദല്‍ഹിയിലേയ്ക്കു തിരിച്ചു. ദല്‍ഹിയില്‍ ഇറങ്ങി. അന്ന് അവിടെ വെച്ചാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അടുത്തുകണ്ടത്.

Content Highlights: Kottakkal Sasidharan, Pakarnnattam, Mrinalini Sarabhai, Mallika Sarabhai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented