
പുസ്തകത്തിന്റെ കവർ
സെറിബ്രല്‍ പാള്‍സി ബാധിച്ച മകനെ പത്തൊമ്പതു വര്‍ഷക്കാലം പരിചരിച്ച് ദൈവസന്നിധിയിലേക്ക് യാത്രയാക്കിയ മാതാപിതാക്കളുടെ അനുഭവമാണ് 'ആനന്ദമായ് രണ്ടക്ഷരം' എന്ന പുസ്തകം. ആള് ഇന്ത്യാ റേഡിയോയിലെ ജീവനക്കാരനായിരുന്ന ബോബി സി. മാത്യുവും ഭാര്യ മേരിപോളും ചേര്‍ന്നെഴുതിയതാണ് ഈ പുസ്തകം. തങ്ങളുടെ ആദ്യത്തെ കണ്മണിയായിരുന്ന മനു കടന്നുപോയ വിഷമഘട്ടങ്ങളെക്കുറിച്ചും മാതാപിതാക്കളെന്ന നിലയില്‍ അത് തരണം ചെയ്യാന്‍ സാധിച്ചതെങ്ങനെയെന്നും 'ആനന്ദമായ് രണ്ടക്ഷരം' എന്ന പുസ്തകം വിശദമാക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
മനു എന്ന സുന്ദരക്കുട്ടന്‍
മനു ഞങ്ങളുടെ മൂത്ത മകന്, ഞങ്ങള്‍ക്ക് ഒരു സാധാരണകുട്ടിയെപ്പോലെതന്നെയായിരുന്നു. എല്ലായ്പോഴും ഒപ്പമുണ്ടാകുന്ന, ഏതു സദസ്സിലും നടുക്കിരിക്കുന്ന, എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന കുട്ടി. വീട്ടില്‍ ആരു വന്നാലും അവന് അവരെ കാണണം. അവനോടു കുശലം ചോദിക്കുമ്പോള്‍ ആസ്വദിച്ചു ചിരിക്കും. അവരെ യാത്രയാക്കാന്‍ ഉമ്മറത്തോളം ചെല്ലണം. വീട്ടിലുള്ളവര്‍ പുറത്തു പോയിവന്നാല്‍ അവനെ കടന്നുപോകുമ്പോള്‍ ഒരഭിവാദ്യം അവന് പ്രതീക്ഷിക്കുന്നു. വീട്ടുകാര്യത്തില്പ്പെട്ട് ശ്രദ്ധിക്കാതെ പോയാലോ, ആ തൂവദനം വാടി കരച്ചില് അണപൊട്ടും.
മനുവിന് സെറിബ്രല്‍ പാള്‍സി; മസ്തിഷ്കതളര്വാതമായിരുന്നു. ജന്മനായുള്ള അവസ്ഥ. പേശികള്‍ അയഞ്ഞതും ഒട്ടുമേ ശക്തിയില്ലാത്തതുമായതുകൊണ്ട് കൈകാലുകള്‍ മസ്തിഷ്കത്തില്‍നിന്നുള്ള ആജ്ഞപ്രകാരം ചലിപ്പിക്കാനാവില്ല. ഇച്ഛാനുസരണം ശരീരത്തെ നിയന്ത്രിക്കാനാവില്ല. തല വശങ്ങളിലേക്ക് ചെരിച്ചുനോക്കാന് കഴിയുമെന്നല്ലാതെ ഒരുറുമ്പു കടിച്ചാല്‍ ഒന്നു തട്ടിക്കളയാന്പോലുമാവില്ല. ചുരുക്കത്തില്‍ കിടന്നിടത്തുതന്നെ കിടക്കാന്‍ വിധിക്കപ്പെട്ടവന്. വായില്‍ വെച്ചുകൊടുക്കുന്ന ഭക്ഷണം ചവയ്ക്കാന്‍ കഴിയില്ലെങ്കിലും ഇറക്കാന്‍ ബുദ്ധിമുട്ടില്ല. നാവെടുത്ത് ഒരക്ഷരം ഉരിയാടാന്‍ പറ്റാത്ത സ്ഥിതി. 'അമ്മ' എന്നു പറയാന്‍ കഴിയില്ലെങ്കിലും ഉള്ളില്‍നിന്നുയരുന്ന ആ വിളിയെ 'ഇങ്ങ' എന്ന് കഷ്ടി ശബ്ദരൂപത്തിലാക്കി അപൂര്‍വമായി അവന് പുറത്തുവിട്ടു. 'ങും' 'ങാ' എന്നിങ്ങനെ ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചു. 'വേണ്ട' എന്നു പറയേണ്ടിടത്തൊക്കെ പറയാന്‍ കഴിയാതെ മൗനംകൊണ്ട് ഉത്തരം പറഞ്ഞു.
സമൂഹത്തിനു മുന്നില്‍
മനുവിന്റെ ജീവിതം ഏതാണ്ട് മുഴുവനായും ഈ സമൂഹത്തിന്റെ മുന്നിലായിരുന്നു എന്നത് ചാരിതാര്‍ഥ്യം നല്കുന്ന ഒന്നാണ്. ഭിന്നശേഷിയോടെ ഒരു കുഞ്ഞു പിറക്കുന്നതുമുതല്‍ മിക്കവാറും പല വീടുകളും സ്വയം കല്പിക്കുന്ന അയിത്തത്തോടെ സമൂഹത്തില്‍നിന്ന് മാറിനില്‍ക്കാനാണ് ശ്രമിക്കുന്നത്. കഴിവതും പുറംലോകം കാണാത്ത ഒരു ജീവിതമാണ് ഇത്തരം കുട്ടികള്‍ക്കു കിട്ടുക. വീട്ടില്‍ ഒരതിഥി വന്നാലോ, ബന്ധുക്കള്‍ എത്തിയാലോ അവരുടെ കണ്‍വെട്ടത്തു പെടാതെ നോക്കും. വരുന്നവര്‍ക്കും ഉണ്ടാവും ചില വൈക്ലബ്യങ്ങള്‍. എങ്ങനെ ഈ കുഞ്ഞിനെപ്പറ്റി തിരക്കും, കണ്ടാല്‍ത്തന്നെ എങ്ങനെയാണ് പെരുമാറേണ്ടത്? ആശയക്കുഴപ്പത്തിലാവും അവരും.
മനു പരിമിതികള്‍ ഉള്ളവനാണ് എന്ന് തിരിച്ചറിഞ്ഞതുമുതല്‍ അവനെ ആരില്‍നിന്നും മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റു കുട്ടികളെപ്പോലെ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ പിന്നിട്ടില്ലെങ്കിലും എല്ലാ തരത്തിലും ഒരു സാധാരണകുട്ടിയെപ്പോലെയാണ് അവനെ പരിഗണിച്ചത്. പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് അവനുമായി പോകുമായിരുന്നു. പുറത്തിറങ്ങുന്നത് കുട്ടിക്കും ഇഷ്ടമായതുകൊണ്ട് വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുന്നതും മുടക്കാറില്ല.
ഈ തുറന്ന സമീപനം ഒരുപാടു സഹായകരമായ കാര്യങ്ങള്‍ സമ്മാനിച്ചു. ഇപ്പോഴും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ കാണുമ്പോള്‍, മനുവിനുണ്ടായിരുന്ന ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്ന പലതും അവര്‍ക്കൊന്നും കിട്ടിയിട്ടില്ല എന്നു കാണുന്നു. അത്തരം ഉപാധികളെപ്പറ്റി ഇന്നുവരെ ഒരാളും പറഞ്ഞിട്ടില്ലത്രേ. അവ ഉപയോഗിച്ചാല്‍ തങ്ങളുടെ ക്ലേശം എത്രയോ കുറയും എന്ന തിരിച്ചറിവും ആ മാതാപിതാക്കള്‍ക്കില്ല. മനു ഭാഗ്യവാനാണ്, ജീവിതം കഷ്ടതയില്ലാതെ മുന്നോട്ടു നീക്കാന്‍ പറ്റിയ പലതും അവനു ലഭിച്ചു. അതൊക്കെയും ഞങ്ങള്‍ക്ക് ഒരുക്കാന്‍ കഴിഞ്ഞത് മോനെ കണ്ട ഡോക്ടര്‍മാരും ആത്മാര്ഥസുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വഴിയാണ്.
മനു ഒരു സാധാരണകുട്ടിയല്ല എന്നു തിരിച്ചറിഞ്ഞതുമുതല്‍ ഒന്നു മനസ്സിലായി. അവന് പരിമിതികളുണ്ട്, അല്ല പരിമിതികളാണ് ഏറെയും. വൈകിയാണെങ്കിലും തല ഉറയ്ക്കുകയും കമിഴ്ന്നുകിടക്കുകയും ഇരിക്കുകയുമെല്ലാം ചെയ്തിട്ടുള്ള കുഞ്ഞുങ്ങളെപ്പറ്റി പലരും ഞങ്ങളുടെ ആത്മവിശ്വാസമുയര്‍ത്താന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും തോന്നും, എവിടെനിന്നെങ്കിലും സൗഖ്യത്തിന്റെ വാതില്‍ തുറക്കാതിരിക്കില്ല. സാധാരണജീവിതത്തിലേക്ക് അവനെ ആനയിക്കാനുള്ള വഴി വെളിവാക്കപ്പെടും. എന്തും ഗൂഗിള്‍ ചെയ്തുനോക്കാനുള്ള സൗകര്യമില്ലാതിരുന്നത് നന്നായി എന്നിപ്പോള്‍ തോന്നുന്നു. ജീവിതത്തെ നയിക്കുന്ന പ്രത്യാശ തുടക്കത്തിലേ നഷ്ടപ്പെടാന്‍ ആ വഴിയുള്ള തിരച്ചിലും അതില്‍നിന്ന് ലഭിക്കുന്ന അറിവും ഇടവരുത്തിയേനേ.പലപ്പോഴും ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് റൂമുകള്‍ക്കു മുന്നിലുള്ള കാത്തിരിപ്പുകളായി മാറി ആ ദിവസങ്ങള്‍.
ദൈവോന്മുഖമാവുമ്പോള്
സ്വസ്ഥമായി ഒറ്റയ്ക്കിരിക്കുമ്പോഴേ എനിക്കു പ്രാര്ഥിക്കുവാന് പറ്റുകയുള്ളൂ. ബോബി ജോലിക്കും, പപ്പ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പുറത്തേക്കും പോകുമ്പോഴാണ് ഞാനതിനു സമയം കണ്ടെത്താറ്. ശാന്തമായി ഒരിടത്തിരുന്ന് ദൈവത്തെ മനസ്സിലേക്കു കൊണ്ടുവന്ന് ആവശ്യങ്ങളെ അറിയിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്യുമായിരുന്നു. ദൈവോന്മുഖമായിരിക്കാന്, ഏകാഗ്രതയോടെയിരിക്കാന്‍ എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ വേണമെന്നാണല്ലോ പലരും ചെറുപ്പത്തിലേ പഠിപ്പിക്കുക. മെഴുകുതിരി കത്തിച്ച് അതിലേക്ക് ശ്രദ്ധിച്ചിരിക്കുക, ഉപവാസമെടുത്ത് പ്രാര്‍ഥിക്കുക തുടങ്ങി പല മാര്‍ഗങ്ങളും നോക്കിയിരുന്നു. നമ്മുടെ ആവശ്യങ്ങളെ ഭക്തിപൂര്‍വം, വിനയപൂര്‍വം ദൈവസന്നിധിയില്‍ സമര്‍പ്പിച്ചാല്‍, അവിടുന്ന് അവ നിവര്‍ത്തിച്ചുതരും എന്നായിരുന്നു കുട്ടിക്കാലം തൊട്ടേയുള്ള വിശ്വാസം.
സാഹചര്യങ്ങളും പ്രശ്നങ്ങളും അവസ്ഥകളുമെല്ലാം വന്മതിലുകളായി നമുക്കു മുന്നില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്, ജയില്കണക്കേ. തടവുകാരെപ്പോലെ അതില്‍ അകപ്പെട്ടു നില്‍ക്കാതെ തടസ്സങ്ങള്‍ക്കു മീതേ ഉയര്ന്നുചാടാന് ദൈവാശ്രയം തേടുകയാണ് വേണ്ടത്. ഓരോരുത്തര്‍ക്കും രക്ഷപ്പെടാനുള്ള ഏണിയും അവിടെത്തന്നെയുണ്ട്. അതു കാണാനുള്ള കണ്മിഴിവാണ് വിശ്വാസം. വിശ്വാസപൂര്‍വം ആ കൈകളില്‍ കൈ ചേര്‍ക്കുന്നവര്‍ക്ക് ഒരനര്‍ഥവും ഭയപ്പെടേണ്ടതില്ല. ആ കരം ഗ്രഹിക്കുന്നവന് പിന്നെ ലോകത്തിന്റെ മോഹവലയങ്ങളിലേക്കോ തിരക്കുകളിലേക്കോ നോക്കരുത്. നോട്ടം തെറ്റിയാല്‍ ഇടറിവീഴാം. പ്രശ്നങ്ങളും ചുറ്റുപാടുകളും മാറിക്കൊണ്ടല്ല, അതിനിടയില്‍ നിന്നുകൊണ്ടുതന്നെ അതിജീവനം സാധ്യമാണ് എന്ന് വിശ്വാസി തിരിച്ചറിയുന്നു. ആ വെളിപാട് ലഭിക്കുന്നതോടെ മനസ്സും ശരീരവും അതിനു തക്കവിധം പാകപ്പെടും. ഞങ്ങളുടെ ജീവിതംതന്നെയാണ് ഈ പറഞ്ഞതിന്റെ ദൃഷ്ടാന്തം.
സ്വാസ്ഥ്യത്തിലേക്ക്
എന്റെ കാഴ്ചപ്പാടുകളിലാണ് പ്രകടമായ മാറ്റം ആദ്യം വന്നത്. വസ്ത്രങ്ങളിലും ആഭരണങ്ങളിലുമുള്ള ആഗ്രഹങ്ങള്‍ കുറഞ്ഞു. ഭൗതികനേട്ടങ്ങള്‍, പണം ഇവയെക്കുറിച്ചെല്ലാമുള്ള ചിന്തകള്‍ മാറി. ചുറ്റിലുമുള്ള മനുഷ്യരെ കൂടുതല്‍ അടുത്തുകാണാന്‍ തുടങ്ങി. മുകളിലേക്കു നോക്കാതെ കീഴ്പ്പോട്ടു നോക്കാന്‍ ശീലിച്ചു. ഹൃദയം ഒന്നുകൂടി വിശാലമായി, മാംസളമായി. ഏവരെയും ഒരുപോലെ സ്വീകരിക്കാന്‍ കഴിഞ്ഞു. മനസ്സിലെ ആകുലതകള്‍ മാഞ്ഞുപോയി എന്നതാണ് ഏറ്റവും പ്രധാനം. അതൊരു ശാന്തമായ ഒഴുക്കായി അനുഭവപ്പെട്ടുതുടങ്ങി, സ്ഫടികസമാനം തെളിഞ്ഞത്.
ദൈവം വസിക്കുന്നത് എന്റെ ഉള്ളില്‍ത്തന്നെയാണ് എന്ന അറിവിലേക്കുണരുമ്പോള് ലഭിക്കുന്ന മനസ്സുഖം ഒന്നു വേറെതന്നെയാണ്. ലോകപ്രകാരമുള്ള ഉത്കണ്ഠകളിലേക്ക് പതിച്ചുപോകാറില്ല എന്നല്ല; വീണാലും പെട്ടെന്ന് സ്വാസ്ഥ്യത്തിലേക്കു കരകയറാനാകും. രക്ഷയുടെ അനുഭവമാവുക ചിലപ്പോള്‍ വായിക്കുന്ന ഏതെങ്കിലും ഭാഗമോ, ആരുടെയെങ്കിലും സംസാരമോ, സ്വന്തചിന്തയില്നിന്നുയരുന്ന വഴികളോ ഒക്കെയാവും. ഇങ്ങനെ ആയിത്തീര്ന്നതുമുതല് ദൈവവുമായുള്ള സംസര്ഗത്തിന് ഒരു മാധ്യമം വേണ്ടാതായി.
മനുവിന് എന്തെങ്കിലും ബുദ്ധിമുട്ടു വരുമ്പോള്‍ ദൈവവുമായി ഒരു ഏറ്റുമുട്ടല്‍തന്നെ ചിലപ്പോള്‍ നടക്കും. ആരുടെയും ആരോഗ്യപ്രശ്നങ്ങള്‍ മാത്രമേ എന്നെ അലട്ടാറുള്ളൂ. അതിനുവേണ്ടിയാവും എന്റെ പ്രാര്‍ഥനകള്‍ മിക്കതും. വേറൊന്നും ആവശ്യപ്പെടാറില്ല. ചോദിക്കുന്നവയൊക്കെ എത്രയോവട്ടം തന്നിരിക്കുന്നു. എനിക്കാവശ്യമുള്ളതു മാത്രം. അതുകൊണ്ടാണ് എനിക്കൊരു ജോലി ലഭിക്കാതിരുന്നത്. അതു കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളായേനേ. എനിക്ക് ആവശ്യത്തിനു സാവകാശം ലഭിക്കുകയും ദൈവവുമായി അടുക്കുകയും ചെയ്തു. എന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തിയതുകൊണ്ട് മോനോടൊപ്പമുള്ള പത്തൊന്‍പതു വര്‍ഷവും ഒരു ദിവസംപോലും ആശുപത്രിയിലാകാതെയും കിടപ്പിലാകാതെയും അവനെ പരിചരിക്കാന്‍ സാധിച്ചു. അതുതന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യം.
ബോബിയും ബൈബിള്‍ കൂടുതല്‍ വായിക്കാനും പഠിക്കാനും ശ്രമിച്ചുതുടങ്ങി. ആത്മീയകാര്യങ്ങളില്‍ അതുവരെയില്ലാത്ത താത്പര്യം ഞങ്ങള്‍ക്കുണ്ടായി. ഒന്നുകൂടി ആഴത്തില്‍ ബൈബിളിനെ സമീപിച്ചപ്പോള്‍, എന്റെതായ രീതിയില്‍ വാക്യങ്ങളെ മനസ്സിലാക്കാനും അപഗ്രഥിക്കാനും കഴിഞ്ഞു. ഏതു ജീവിതസന്ദര്ഭത്തോടും ചേര്‍ത്തുവായിക്കാവുന്ന ഗ്രന്ഥമായി അതനുഭവപ്പെട്ടു. പൂര്‍ണവിശ്വാസത്തോടെ സമീപിക്കാവുന്ന സുഹൃത്ത്. കുഞ്ഞുന്നാളിലേതന്നെ ആഴത്തില്‍ സ്പര്‍ശിച്ച ബൈബിള്‍ വാക്യം, 'എന്റെ കൃപ നിനക്ക് മതി' ജീവിതത്തിന്റെ വിളക്കായി മാറി. അവന് സകലത്തിനും മതിയായവന്‍ എന്നു ഞാന്‍ രുചിച്ചറിഞ്ഞു.
Content Highlights: Excerpts from Anandamay Randaksharam by Boby C Mathew and Mary Paul published by Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..