'എന്താ ആമ്യേ ഞാന്‍ വേണ്ട്, എന്താ നെനക്ക്...'കരുത്തനായ വി.എം നായരുടെ ശക്തി ചോര്‍ന്ന കാലം...


സുലോചന നാലാപ്പാട്ട്‌

അച്ഛന്‍ വിളിച്ചാല്‍ മകള്‍ ഫോണെടുക്കാന്‍ വിസമ്മതിച്ച ഒരു കാലമുണ്ടായിരുന്നു. ചീത്ത കേള്‍ക്കാന്‍ വയ്യാഞ്ഞിട്ടാണെന്ന് ആമിയോപ്പു പറയും. 'കുട്ട്യൊന്ന് വിളിച്ചു നോക്ക്ാാ, കുട്ട്യാവുമ്പോ ആമി ഫോണെടുക്കും,' അച്ഛന്‍ പറയും.

വി.എം നായർ, കമലാദാസ്/ ഫോട്ടോ മാതൃഭൂമി ആർക്കൈവ്‌സ്‌

മാതൃഭൂമി മുന്‍ മാനേജിങ് എഡിറ്ററായിരുന്ന വി.എം നായര്‍ അന്തരിച്ചിട്ട് നാല്‍പത്തിയഞ്ച് വര്‍ഷം തികയുന്നു. സുലോചനാ നാലാപ്പാട്ട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ജ്യേഷ്ഠത്തി കമല' എന്ന പുസ്തകത്തില്‍ നിന്നും പിതാവിനെക്കുറിച്ച് എഴുതിയ ഒരു അധ്യായം വായിക്കാം.

ത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം (1896) ഗുരുവായൂര് ജനിച്ച വടേക്കര മാധവന്‍ നായര്‍ക്ക് പ്രശസ്തയായ മകളുടെ എഴുത്തിനെക്കുറിച്ച് വലിയ അഭിമാനമുണ്ടായിരുന്നു. അതേപ്പറ്റി ഏറെ അഹങ്കരിച്ചു നടന്നു അദ്ദേഹം. 'എന്റെ കഥ' പുറത്തുവന്നത് 1972-ലായിരുന്നു. അച്ഛന്റെ മരണം 1977-ല്‍. 'കഥ' വാസ്തവത്തില്‍ തന്റെ മകളുടെ ആത്മകഥയാവാനിടയില്ലയെന്ന് മനസ്സിലൊരു ചെറിയ പ്രതീക്ഷ വെച്ചുപുലര്‍ത്തി വളരെക്കാലം. പിന്നീട് തന്നെപ്പറ്റിത്തന്നെ ചിലതെഴുതിയത് വായിച്ച് കരുത്തനും തന്റേടിയുമായ ആ മനുഷ്യന്റെ ശക്തിയെല്ലാം ചോര്‍ന്നുപോയി. ഒരു ദിവസം ആ കണ്ണുനിറയുന്നതും ഞാന്‍ കണ്ടു. അന്നേരം 'എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ' എന്നെന്റെയുള്ളം തേങ്ങിയതും ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു. സര്‍വോദയയുടെ പൂമുഖമായിരുന്നു രംഗം. ആമിയോപ്പു പടിഞ്ഞാറുവശത്തെ പടിയിലിരുന്ന് അച്ഛനു തന്നോടിഷ്ടമില്ല എന്ന് ബഹളംവെച്ചു കരയുന്നു. വാദിയെയും പ്രതിയെയും സ്നേഹിക്കുന്നവരുടെ ഉപദേശങ്ങളുള്‍ക്കൊണ്ട് ഇന്ന് മകളോടു സ്നേഹം കാണിച്ചിട്ടുതന്നെ മറ്റെന്തും എന്നുറപ്പിച്ച് അച്ഛന്‍ മുണ്ടു മടക്കിക്കുത്തി മകളുടെയടുത്തു ചെന്നിരുന്നു. അച്ഛന്‍ ആമിയോപ്പുവിനോടു പറഞ്ഞ വാക്കുകള്‍ എനിക്കു കൃത്യമായോര്‍മയില്ല. 'എന്താ ആമ്യേ ഞാന്‍ വേണ്ട്, എന്താ നെനക്ക്' എന്നോ മറ്റോ ആവാം. ഒരു നിമിഷം അറച്ചുനിന്ന് പെട്ടെന്ന് അച്ഛന്‍ വലതു കൈയുയര്‍ത്തി ആമിയോപ്പുവിന്റെ കവിളില്‍ മൂന്നു വിരലുകളാല്‍ തടവി. കൃത്യം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. മകളുടെ കരച്ചിലും പരാതികളും കൂടിയതേയുള്ളൂ. ഏതൊരു സംവിധായകനും അന്നത്തെയാ സ്നേഹപ്രകടനം സ്വീകാര്യമാവുമായിരുന്നില്ല. എന്തിനു പറയുന്നു, സീന്‍ വീക്ഷിച്ചുനിന്നവര്‍ക്കും നായികാപാത്രത്തിനും അഭിനയിച്ചവശനായ നായകനുതന്നെയും 'കട്ട്' എന്നല്ലാതെ പറയാനാവില്ലായിരുന്നു. അത്രയ്ക്ക് സംഗതി പാളിപ്പോയി.

പടിവിട്ടെഴുന്നേറ്റ് വീട്ടിനകത്തേക്കു നടക്കുന്ന അച്ഛന്റെ പതറുന്ന പാദങ്ങളും കവിളത്തെ കണ്ണീര്‍ച്ചാലുകളും ഞാന്‍ കണ്ടു. പേലവസ്വഭാവമുള്ള അങ്ങനെയൊരു രംഗം അഭിനയിച്ചു ഫലിപ്പിക്കാന്‍ അച്ഛനെക്കൊണ്ടാവില്ല, അത്തരമൊരു ശൈലി ആ വ്യക്തിത്വത്തിന് ചേരില്ലായിരുന്നു.
അദ്ദേഹത്തിന് മകളെഴുതുന്ന ചില കാര്യങ്ങളെക്കുറിച്ച് ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതിയായ ദുഃഖവുമുണ്ടായിരുന്നു. ആത്മകഥ വീട്ടിലെല്ലാവരെയും സ്പര്‍ശിച്ച കാലമായിരുന്നു അത്. 1976-ല്‍ കഥ ഇംഗ്ലീഷിലിറങ്ങിയപ്പോള്‍ മുതിര്‍ന്ന മക്കളടക്കം എഴുത്തുകാരിയെ ഏറെ സ്നേഹിച്ചിരുന്ന പലരുടെ മനസ്സിലും പോറലേറ്റുവെന്നതും വാസ്തവമാണ്. പിതാവും പുത്രിയും തമ്മിലുള്ള സ്നേഹം ഒരു കടലോളമാണെന്ന് ആര്‍ക്കാണറിയാത്തത്. സമുദ്രത്തിന്റെ മൗനമുറങ്ങുന്ന അടിത്തട്ടിനെ വിലമതിക്കാനാവാത്ത രത്നങ്ങളുടെ തിളക്കം പ്രകാശമാനമാക്കുന്നു. അവിടേക്ക് മറ്റൊരാള്‍ക്ക് പ്രവേശനമില്ല. പ്രക്ഷുബ്ധമായ മേല്‍ത്തട്ടു നോക്കി ആ സ്നേഹത്തെ വിലയിരുത്തിക്കൂടാ. മകളുടെ കാര്യത്തില്‍ പറഞ്ഞതിലധികം പറയാന്‍ കരുതിയതുണ്ടായിരുന്നു, എഴുതിയതിലധികം എഴുതാത്തതുണ്ടായിരുന്നു. അച്ഛനാകട്ടെ ഒന്നുമെഴുതിയില്ല, പറയല്‍ അമ്മയോടു മാത്രവും. അമ്മയ്ക്കാണെങ്കില്‍ മറ്റൊരാളെ സമാശ്വസിപ്പിക്കുന്ന കലയില്‍ നൈപുണ്യമില്ല. അമ്മ പറഞ്ഞു, 'അത് സാരല്ല്യാ. ഓരോന്ന്ങ്ങനെ എഴ്ത്ണൂന്നേ ള്ളൂ. കുട്ട്യോളല്ലേ, നമ്മളല്ലേ ക്ഷമിക്കേണ്ടത്. വെസനിക്കേണ്ട, കെടന്നൊറങ്ങിക്കോളൂ.'

അച്ഛന്‍ വിളിച്ചാല്‍ മകള്‍ ഫോണെടുക്കാന്‍ വിസമ്മതിച്ച ഒരു കാലമുണ്ടായിരുന്നു. ചീത്ത കേള്‍ക്കാന്‍ വയ്യാഞ്ഞിട്ടാണെന്ന് ആമിയോപ്പു പറയും. കോഴിക്കോട്ട് പന്നിയങ്കരയിലുള്ള 'ഭക്തി' എന്ന വീട്ടിലായിരുന്നു അന്ന് അച്ഛനുമമ്മയും താമസിച്ചിരുന്നത്. 'കുട്ട്യൊന്ന് വിളിച്ചു നോക്ക്ാാ, കുട്ട്യാവുമ്പോ ആമി ഫോണെടുക്കും,' അച്ഛന്‍ പറയും. എന്നിട്ട് ഫോണ്‍ ചെയ്യുന്ന അമ്മയുടെയടുത്ത് പ്രത്യാശയോടെ നിലയുറപ്പിക്കും. അച്ഛന്റെ സൂത്രം മനസ്സിലാക്കി മകള്‍ പെട്ടെന്ന് ഫോണ്‍ വെച്ചുകളയും.
'I prefer the truth, but do not consider lying as a sin. To lie about other is wicked but not about myself ' എന്ന് മകളെഴുതിയതു വായിക്കാന്‍ കാത്തുനില്ക്കാതെ അച്ഛന്‍ യാത്രയായി. അതുകൊണ്ട് അച്ഛനായുള്ള ചരമഗീതങ്ങളിലൊന്നില്‍ മകള്‍ പാടുന്നു:
Father, it's too late for making up with you
The time for debates on honour is over now
You won, didn't you? You left me without goodbye
Or a look that told of your feelings for me.

ഒരു രോദനമായി നേര്‍ത്തലിയുന്ന ഗീതം അവസാനിക്കുന്നതിങ്ങനെ:

Should I have loved you father,
More than I did
that wans't so easy to do.
If I have loved others
I swear I have loved you the most.

അച്ഛനെ ഒടുവില്‍ അടിയറവു പറയിച്ച അസുഖം അദ്ദേഹത്തെ അധികം കിടത്തി കഷ്ടപ്പെടുത്തിയില്ല. കോഴിക്കോട്ട് പടിഞ്ഞാറേ നടക്കാവിലുള്ള ലിന്‍വുഡ് എന്നു പേരായ വീട്ടിലായിരുന്നു അവരന്നു താമസിച്ചിരുന്നത്. കൂടെ, എന്റെ മൂന്നു കുട്ടികളും, ഇറാനിലായിരുന്ന ഉണ്ണിയേട്ടന്റെ മൂത്ത മൂന്നു കുട്ടികളും പിന്നെ പരിചാരകരുമായിരുന്നു ഉണ്ടായിരുന്നത്. അക്കൊല്ലത്തെ വിഷുവിന് സര്‍വോദയയില്‍ അമ്മ കണിവെച്ചു. അതിനുശേഷം കുട്ടികളുമായി അവര്‍ മൂന്നാറിലേക്കു വന്നു, കുട്ടികളെ വേനലൊഴിവിന് ഞങ്ങളുടെയടുത്താക്കാന്‍. ഒരാഴ്ച താമസിച്ച് അച്ഛനുമമ്മയും മടങ്ങിപ്പോയി. ആ ഏപ്രില്‍ മുപ്പതാം തീയതി രാത്രിയാണ് അച്ഛന് ഹാര്‍ട്ട് അറ്റാക്കുണ്ടായത്. ആ ദിവസം വീട്ടില്‍ ആമിയോപ്പുവിന്റെ മകന്‍ മോനുവും ഏട്ടന്റെ മൂത്ത മകന്‍ ബേബി (ഡോക്ടര്‍ അജയ്കുമാര്‍)യും രണ്ടനിയന്‍മാരുമുണ്ടായിരുന്നു. ആമിയോപ്പു ബോംബെയില്‍, സുന്ദരേട്ടന്‍ അമേരിക്കയില്‍, ഞാന്‍ മൂന്നാറില്‍ എന്നിങ്ങനെ മക്കള്‍ വിന്യസിക്കപ്പെട്ടു കിടന്നു. അസുഖം വന്നപ്പോള്‍ ഉണ്ണിയേട്ടന്റെ സ്നേഹിതനായിരുന്ന ഡോക്ടര്‍ ബല്‍രാജിന്റെ നേഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. അതൊരു ശനിയാഴ്ചയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ ആമിയോപ്പു മംഗലാപുരംവഴി എത്തിച്ചേര്‍ന്നു. വൈകുന്നേരത്തേക്ക് ഞങ്ങളുമെത്തി. ആ ചൊവ്വാഴ്ച ഉച്ചയ്ക്കു മുന്‍പ് അച്ഛന്റെ ബോധം മറഞ്ഞു. സുന്ദരേട്ടനും വസന്തയും വ്യാഴാഴ്ച അമേരിക്കയില്‍നിന്നു വന്നു. ആ ഉറക്കത്തില്‍നിന്നുണരാതെ പിന്നത്തെ ചൊവ്വാഴ്ച പുലരും മുന്‍പ് നാലര മണിക്ക് അച്ഛന്‍ യാത്രയായി. ആമിയോപ്പു മനംനൊന്ത് എഴുതി:

We wept for you,
And more for ourselves
Now, without a guardian.
Who would send us money
To bail us out of jail,
who would come
when we land as junk at city hospitals
അവസാനം മനസ്സു തുറക്കുന്നു,
I loved you father
I loved you all my life...

മറ്റൊരു കവിതയില്‍ അച്ഛന്‍ വേദനയെ ബോധക്ഷയവുമായി വിദഗ്ധമായി വെച്ചുമാറിയെന്ന് പരിഭവിക്കുന്നു. അങ്ങനെ പിണക്കം തീര്‍ക്കാനുള്ള അവസരം നഷ്ടപ്പെട്ടു. അന്യര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ബോധതലത്തിലേക്ക് തിരിഞ്ഞൊന്നു നോക്കാതെ അച്ഛന്‍ കടക്കുകയാണല്ലോ ഉണ്ടായത്.
സ്‌നേഹജനങ്ങളുടെ അന്തഃസംഘര്‍ഷങ്ങളില്‍നിന്നും കണ്ണീരില്‍നിന്നും വഴുതിവീണുകിടക്കുന്ന ആ ദിവസങ്ങളില്‍ മകള്‍ ആ കാതില്‍ മന്ത്രിക്കുന്നു, 'അച്ഛനെ ഞാനൊരുപാടൊരുപാട് സ്നേഹിച്ചിരുന്നു...' നീലത്തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് അച്ഛന്‍, 'നീയെനിക്കേറ്റവും പ്രിയപ്പെട്ടവളായിരുന്നുവല്ലോ, എന്തുകൊണ്ട് നീയതറിയാതെപോയി' എന്നു ചോദിച്ചത് മകള്‍ കേട്ടില്ലെന്നുവേണം കരുതാന്‍. എന്തെന്നാല്‍, ആമിയോപ്പുവിന്റെ മനസ്സില്‍ സ്നേഹത്തിന്റെ മാനദണ്ഡം സാധാരണയില്‍നിന്ന് അല്പം വ്യത്യസ്തമായിരുന്നു. എങ്കിലും മനസ്സിലെ സംഘര്‍ഷം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം കെ.എല്‍. മോഹനവര്‍മ ഭാരത് ടൂറിസ്റ്റ്ഹോമില്‍ സാഹിത്യകാരന്മാര്‍ക്കൊരുക്കിയ ഒരു സത്കാരത്തില്‍ പങ്കെടുക്കവേ ഇടനാഴിയുടെ അറ്റത്തെ പത്താംനമ്പര്‍ മുറിയില്‍ അച്ഛന്റെയൊപ്പം വന്ന് പണ്ടു താമസിച്ചതോര്‍മയിലെത്തി. ഭക്ഷണം കഴിക്കുമ്പോള്‍ മനസ്സു നിറയെ അച്ഛന്റെ മുഖവും പുഞ്ചിരിയുമായിരുന്നുവെന്ന് ആമിയോപ്പു എഴുതുന്നു. അച്ഛന്‍ മരിച്ചശേഷം കുറെനാള്‍ ഞാനും കുട്ടികളും രണ്ടു മാസം കോഴിക്കോട്ടുള്ള ആ വീട്ടില്‍ അമ്മയുടെ കൂടെ താമസിച്ചു. ഞാന്‍ കിടന്നിരുന്നത് മുകളിലെ അച്ഛന്റെ മുറിയില്‍ അതേ കട്ടിലിലായിരുന്നു. ചിലപ്പോള്‍ അച്ഛനെ സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍ അദ്ദേഹമുപയോഗിച്ചിരുന്ന അസനവില്വാദി എണ്ണയുടെ ഗന്ധം മുറിയില്‍ നിറയുന്നതായിത്തോന്നാറുണ്ട്. ആമിയോപ്പുവിന്റെ കാര്യത്തില്‍ ആ വിഭ്രാന്തിയും അതുയര്‍ത്തുന്ന മനഃസംഘര്‍ഷവും തുടര്‍ന്നുവെന്ന് ഞാന്‍ ശങ്കിക്കുന്നു.

താന്‍ സ്നേഹത്തിനുവേണ്ടി ദാഹിച്ചു, എന്നാലത് കൊതിതീരെ ലഭിച്ചില്ല എന്ന ആവലാതിയുമായി ജീവിതത്തിലൂടെ നടന്ന പ്രതിഭാധനയായൊരു സ്ത്രീയായിരുന്നു എന്റെ ജ്യേഷ്ഠത്തി. ചോദ്യോത്തരങ്ങളും അതിരുകളുമില്ലാത്ത സ്നേഹത്തിനായിരുന്നു അവര്‍ ലോകത്തിനു മുന്നില്‍ കൈനീട്ടിയത്. സ്വപ്നം കണ്ട അത്തരമൊരു സ്നേഹം, തന്റെ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണ് മകളുടെ പുത്രിയെന്നു വിശ്വസിച്ച നാലപ്പാട്ടെ കൊച്ചുകുട്ടിയമ്മയില്‍നിന്നു മാത്രമേ ലഭിച്ചുള്ളൂ. (വിവാഹജീവിതത്തിന്റെ സംഘര്‍ഷഭരിതമായ ആദ്യവര്‍ഷങ്ങള്‍ക്കുശേഷം സമാനമായ സ്നേഹം നല്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചത് വാസ്തവത്തില്‍ ദാസേട്ടനായിരുന്നു. അതേപ്പറ്റി വഴിയെ.)

നാലപ്പാട് അക്ഷരാര്‍ഥത്തില്‍ ഒരു കൊട്ടാരമായിരുന്നില്ല. എങ്കിലും വടക്കിനിയിലെ നിലത്തിനടിയിലെ പെരുച്ചാഴിക്കുടുംബവും തട്ടിന്‍പുറത്തു പണ്ടെങ്ങോ കയറ്റിവെച്ചതും അരികുകളില്‍ ഞൊറികളുള്ളതുമായ മഞ്ചലും, അവിടം ചൂഴുന്ന നരിച്ചീറുകളുടെ രൂക്ഷഗന്ധവും കുളിമുറിയിലെ നനവില്‍ തപസ്സിരിക്കുന്ന തവളയും, മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന ചോര്‍ച്ചകളുമടക്കം ആ വീട് കുട്ടികളെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കൊട്ടാരമായിരുന്നു. മൂന്നു മുത്തശ്ശിമാരും വല്യമ്മാമനും മഹാത്മാഗാന്ധിയുമായിരുന്നു അവിടുത്തെ അന്തേവാസികള്‍ എന്ന് ആമിയോപ്പു എഴുതിയിട്ടുണ്ടല്ലോ. അവരാരും (ഗാന്ധിയൊഴികെ) കുട്ടികളെ അടിക്കുകപോയിട്ട് ഉറച്ചൊന്നു ദേഷ്യപ്പെടുകപോലും ചെയ്യില്ല. തറവാട്ടിലെ കുട്ടികള്‍ അതിബുദ്ധിമാന്മാരും സത്സ്വഭാവികളും തെറ്റു ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും അശക്തരുമാണെന്നായിരുന്നു മുതിര്‍ന്നവരുടെ വിശ്വാസം. ബാലാമണിയമ്മയുടെ 'ചേച്ചി' എന്ന കവിതയില്‍ അനുസരണക്കേട് കാട്ടിയ മകളെ അമ്മ തല്ലുന്നത് 'ചൂരലാലല്ല, ചുട്ടനോട്ടത്താലാണ്.'

അമ്മയ്ക്കും അമ്മയുടെ അനിയത്തി അമ്മിണിയമ്മയ്ക്കും അല്പസ്വല്പം ഈ സ്വഭാവം ജനിതകമായി പകര്‍ന്നുകിട്ടിയിട്ടുണ്ട്. അമ്മയ്ക്ക് മറവി കൂടിക്കൂടി വന്ന കാലം, എന്റെ ഭര്‍ത്താവ് ഉണ്ണിയെ 'ഈ കസേരയിലെപ്പോഴും ഇരിക്കുന്ന ആള്‍' എന്നു വിശേഷിപ്പിക്കുന്ന കാലം, അമ്മ സുലു സുലു എന്നു വിളിച്ച് എല്ലായിടത്തും എന്നെ തിരയുന്നതാണ് സന്ദര്‍ഭം. ഉണ്ണി തമാശയായി പറഞ്ഞു, 'സുലു എന്നെയുപേക്ഷിച്ചു പോയി' എന്ന്. ഒരു നിമിഷം ആലോചിച്ചശേഷം അമ്മ അസന്ദിഗ്ധമായി പ്രസ്താവിച്ചു: 'ന്നാല്‍ തക്കതായ കാരണണ്ടാവും!' അമ്മയുടെ സ്നേഹത്തിന്റെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതാണ്. പക്ഷേ ആമിയോപ്പു മോഹിച്ച തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ അമ്മയ്ക്കന്യമായിരുന്നു. സുന്ദരേട്ടനും ഞാനും ഇന്നമ്മ എന്നും, മൂത്തവര്‍ രണ്ടുപേരും അമ്മിണി എന്നും വിളിച്ചിരുന്ന ചെറിയമ്മയില്‍നിന്നാണ് ആ ഇനം സ്നേഹം ഞങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് ലഭിച്ചത്. സഹോദരിമാര്‍ തമ്മിലുള്ള ഈ വ്യത്യാസത്തിന് ഒരു കാരണം അമ്മ സാധാരണ അമ്മമാരെപ്പോലെ അടുക്കളയില്‍ കയറി പാചകം ചെയ്യുകയോ കുട്ടികളെ എടുക്കുകയോ ചുരുക്കമായിരുന്നു എന്ന സത്യമാണ്. അവര്‍ക്ക് കുട്ടിക്കാലം മുതല്‍ ഇടയ്ക്കിടെ ദെണ്ണെളക്കം എന്നു നാടന്‍ഭാഷയില്‍ പറയുന്ന ഫിറ്റ്സ് വരുമായിരുന്നു. അതിനാല്‍ അത്തരം ജോലികള്‍ ആരും അമ്മയെക്കൊണ്ട് ചെയ്യിച്ചില്ല. വിവാഹം ഉറപ്പിച്ചശേഷം ഒരഭ്യുദയകാംക്ഷി അച്ഛനോട് പറഞ്ഞുവത്രേ, തറവാട്ടിലെ മൂത്ത പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു ദീനമുണ്ട്, അനിയത്തിയെ കല്യാണം കഴിക്കുന്നതാവും നല്ലതെന്ന്. കല്യാണശേഷമായിരുന്നു അസുഖം വന്നതെങ്കില്‍ ഞാന്‍ ചികിത്സിക്കുമായിരുന്നുവല്ലോ. അതു ചെയ്തോളാം, മൂത്തവളെത്തന്നെ മതിയെന്നായിരുന്നു അച്ഛന്റെ മറുപടി. അതിനാല്‍ ഞങ്ങളുടെ വീട്ടില്‍ എന്നും പാചകക്കാരും കുട്ടികളെ നോക്കാന്‍ സ്ത്രീകളും ഉണ്ടായിരുന്നു. ആമിയോപ്പുവിന്റെ കഥകളിലെല്ലാം ഈ പരിചാരകവൃന്ദം നിറഞ്ഞുനില്ക്കുന്നു.

പുസ്തകം വാങ്ങാം

എന്റെ മൂത്ത മകനെ പ്രസവിച്ച് മൂന്നാംനാള്‍ ഉച്ചതിരിഞ്ഞ് ആസ്പത്രിയില്‍നിന്ന് ഞാന്‍ ആദ്യസന്താനത്തെ മാറോടടക്കിപ്പിടിച്ച് അന്നു ഞങ്ങള്‍ താമസിച്ചിരുന്ന 'സരോജ് നിവാസ്' എന്ന വീട്ടിലെത്തി (അതിനു മുന്‍പിലത്തെ വര്‍ഷം ആമിയോപ്പു കോഴിക്കോട് മെഡിക്കല്‍കോളേജാസ്പത്രിയില്‍ത്തന്നെ ഇളയ മകനെ പ്രസവിച്ച് കുട്ടിയുമായി വന്നതും ഇതേ വീട്ടിലേക്കായിരുന്നു. അന്നവിടെ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ആമിയോപ്പുവിന്റെ പല കഥകളിലെയും നായിക ചിരുതേവിയമ്മ). കുട്ടിയും അവന്റെ മൂത്രത്തുണികളുമായി ഞങ്ങളെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്റെ മുറിയിലേക്കു വന്നു. കട്ടിലില്‍ എന്റെയും മോന്റെയുമടുത്തിരുന്നുകൊണ്ട് അച്ഛന്‍ പറഞ്ഞു, 'നമ്മെട ബാലാമണ്യേമക്ക് കുട്ട്യോളെ എട്ക്കാനൊന്നും വശല്ല്യാ... കുട്ട്യേ കുളിപ്പിക്കലൊക്കെ നീയെന്നെ ചെയ്തേക്ക്.' പതിനൊന്നാം ദിവസം താനൂരില്‍നിന്ന് ലക്ഷ്മിയമ്മ എന്ന മഹാദ്ഭുതം വന്നെത്തുംവരെ ഞാനെല്ലാം ചെയ്തതോര്‍ക്കുന്നു. ഞങ്ങളുടെ മക്കള്‍ അവരെ അമ്മയുടെ ഒരു വകഭേദമായ അമ്മാണി എന്നു വിളിച്ചു. ആ മകന്‍ ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പറക്കുംവരെ ലക്ഷ്മിയമ്മയെന്ന പുണ്യവതി ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

'പ്രകടമാക്കാത്ത സ്നേഹം നിരര്‍ഥകമാണ്, അത് പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരംപോലെ ഉപയോഗശൂന്യമാണ്' എന്ന് ആമിയോപ്പു എഴുതിയിട്ടുണ്ട്. അമ്മയുടെ 'വിഭീഷണന്‍' എന്ന കവിതയിലും സമാനമായ ഒരു ചിന്താഗതി കാണാം. രാമന്‍ സീതയെ പരിത്യജിച്ചുവെന്നറിഞ്ഞ രാമഭക്തന്‍ വിഭീഷണന്‍ അസ്വസ്ഥനാവുന്നു. ഒരു നിമിഷം പ്രഭുവിനോടുള്ള ഭക്തി മനസ്സിലൊഴിയുന്നു. സഹധര്‍മിണിയോടുള്ള സ്നേഹത്തെ ഉറയിലിട്ട വാളുപോലെ സൂക്ഷിച്ച് സത്കീര്‍ത്തി തേടുന്ന രാമന് രാജനീതിയെ കാരുണ്യത്തോടിണക്കാന്‍ കഴിയുന്നില്ലെന്നു കേഴുന്നു വിഭീഷണന്‍.

എന്തൊക്കെ വിശദീകരണങ്ങള്‍ നിരത്തിയാലും ഒരു സത്യമവശേഷിക്കുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം പാകംചെയ്തുതരുന്ന, മടിയിലിരുത്തി ലാളിക്കുന്ന, മുടി ചീകി കണ്ണെഴുതി പൊട്ടു തൊട്ടുതരുന്ന ഒരമ്മയായിരുന്നില്ല കേരളം മാതൃത്വത്തിന്റ കവിയെന്നു വിളിച്ചാദരിച്ച നാലപ്പാട്ടു ബാലാമണിയമ്മയെന്ന ഞങ്ങളുടെ അമ്മ. അച്ഛനാണെങ്കില്‍ പതിനാറു വയസ്സായ മകളെ പിടിച്ച് കല്യാണം കഴിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയ്ക്കും അച്ഛനും തന്നോടു സ്നേഹമുണ്ടായിരുന്നില്ല എന്ന ആക്ഷേപം ആമിയോപ്പു ജീവിതം മുഴുവന്‍ കൊണ്ടുനടന്നു. അത് അച്ഛനമ്മമാരെ വ്യസനിപ്പിക്കുകയും ചെയ്തു. ഈയൊരു പരാതി മറ്റു മൂന്നു മക്കള്‍ക്കുമുണ്ടായിരുന്നില്ല എന്നതും സത്യമാണ്. ഇവിടെയാണ് സ്നേഹത്തിന്റെ ബാഹ്യലക്ഷണങ്ങളെന്തെല്ലാം എന്ന ചോദ്യമുദിക്കുന്നത്. സ്പര്‍ശനം, വാക്ക്, സ്നേഹിക്കുന്നവരുടെ മനസ്സിന്റെ നോവറിയാനുള്ള കഴിവ്, കുളിപ്പിച്ച് കുപ്പായമിട്ടൊരുക്കല്‍, ഗുണമറിഞ്ഞ് പ്രശംസിക്കല്‍ എന്നിങ്ങനെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളില്‍ ചിതറിക്കിടക്കുകയല്ലേ അവ? അവയില്‍നിന്ന് മനസ്സിനിണങ്ങിയവ തിരഞ്ഞെടുത്ത് ബുദ്ധിയില്‍ നിക്ഷേപിക്കുകയാണ് നാമോരോരുത്തരും ചെയ്യുന്നത്. ഈ മനസ്സിണങ്ങലിനാധാരം മുജ്ജന്മവാസനകളാവാം, ജനിച്ചുവളര്‍ന്ന പശ്ചാത്തലമാവാം. ഇത്തരത്തില്‍ നോക്കുമ്പോള്‍ സ്നേഹത്തിന്റെ അളവുകോല്‍ അല്പസ്വല്പവ്യത്യാസങ്ങളോടെ ഓരോരുത്തരുടെയും അബോധമനസ്സില്‍ അടുക്കിവെച്ചിരിക്കുന്നു. വെറുപ്പിന്റെ അളവുകോലിന്റെ കാര്യവും വ്യത്യസ്തമല്ല.

അച്ഛനെ മക്കള്‍ക്കെന്നല്ല പലര്‍ക്കും പേടിയായിരുന്നു- സ്നേഹിച്ചാരാധിച്ച സന്ദിഗ്ധഘട്ടങ്ങളില്‍ രക്ഷകനായിക്കണ്ട ബന്ധുജനങ്ങള്‍, പരിചാരകര്‍, ഒപ്പം ജോലിചെയ്തവര്‍, പലപ്പോഴായി കൈ നീട്ടാതെതന്നെ അദ്ദേഹത്തിന്റെ നിര്‍ലോഭമായ സഹായങ്ങള്‍ ലഭിച്ചവര്‍. പൊതുവേ ഭയംതന്നെയായിരുന്നു വി.എം. നായരെ. ആമിയോപ്പു പറയുന്നു: 'അച്ഛന്റെ നിറവും മൂക്കും മാത്രമല്ല അച്ഛന്റെ വിശ്വാസങ്ങളും എനിക്കു ലഭിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളില്‍ വിശ്വാസമില്ലായ്മ. എല്ലാം ചോദ്യംചെയ്ത്, ചോദ്യംചെയ്ത് ഇല്ലാതാക്കുവാന്‍ എനിക്കറിയാം. ഇപ്പറഞ്ഞതിലേക്ക് ഒന്നുകൂടി ചേര്‍ക്കാഞ്ഞാല്‍ വാചകം പൂര്‍ണമാവില്ല. മജ്ജവരെ ഇറങ്ങിച്ചെന്ന് ഉറഞ്ഞുകൂടിയ ദാനശീലം മകള്‍ക്ക് വടേക്കര മാധവന്‍ നായരുടെ പൈതൃകംതന്നെയാണ്. ദാനം ഇടതുകൈ അറിഞ്ഞാവാം അറിയാതെയുമാവാം. 'ഇടതുകൈ' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത് ബാലാമണിയമ്മയെയാണെങ്കില്‍ ഒരിക്കലുമറിഞ്ഞില്ല. ദാസേട്ടനെയാണെങ്കില്‍ പകുതി അറിയും, പകുതി അറിയില്ല.

ഒരുകാലത്ത് കല്‍ക്കത്താമലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ഇന്‍കം ടാക്സ് കൊടുത്തിരുന്നത് അച്ഛനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. വാള്‍ഫോര്‍ഡ്സില്‍നിന്നു വിരമിച്ചിട്ടും വെറുതേയിരുന്നിട്ടില്ല. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായിരിക്കെ 1977ലാണ് അച്ഛന്റെ മരണം. അതിനുശേഷം ദാസേട്ടന്‍ പല ബാങ്കുകളിലായിക്കിടന്ന ഡെപ്പോസിറ്റുകള്‍ സമാഹരിച്ച് കോഴിക്കോട്ടെ കനറാ ബാങ്കിലിട്ടു. മൊത്തം 37,500 ഉറുപ്പിക. അതില്‍നിന്നുള്ള പലിശ മരണംവരെ (2004)അമ്മയ്ക്ക് മണിയോഡറായി ലഭിക്കാനുള്ള ഏര്‍പ്പാടും ചെയ്തു. പണത്തിന്റെ കാര്യത്തെപ്പറ്റി ഒരു രൂപവുമില്ലാത്തൊരാളായിരുന്നു അമ്മ. അമ്മ ആ സമ്പാദ്യത്തെ 'കനറാ നിക്ഷേപം' എന്നു വിളിച്ചു. മാസാരംഭത്തില്‍ തനിക്ക് കൃത്യമായി മണിയോഡറയയ്ക്കുന്ന ഉദാരമതിയായ ബാങ്ക് മാനേജരെപ്പറ്റി നല്ല മതിപ്പായിരുന്നു അമ്മയ്ക്ക്. കുറെ കഴിഞ്ഞപ്പോള്‍ മനസ്സിന്റെ ഇഴകളയഞ്ഞ അരിപ്പയിലൂടെ സംഭവങ്ങളും മനുഷ്യരും വര്‍ഷങ്ങളും ചോര്‍ന്നുപോകാന്‍ തുടങ്ങി. അപ്പോഴാണ് 'മറവി' എന്ന കവിതയെഴുതിയത്:
എന്തിനീ മറവി, ഞാനിത്രനാള്‍ പെറുക്കിയ-
തെന്തുമീ വിറകൈയില്‍നിന്നു വീണുപോമെന്നോ?
പിന്നെ ആശങ്കയായി, ഈ കനറാനിക്ഷേപം ആര്‍ക്കൊക്കെയാണ് വീതംവച്ചു കൊടുക്കേണ്ടതെന്ന്. ഡയറികളിലും വായിക്കുന്ന പുസ്തകങ്ങളിലുമൊക്കെ മനസ്സില്‍നിന്നൂര്‍ന്നുപോകാതിരിക്കാന്‍ കുറിച്ചുവെച്ചു. കനറാനിക്ഷേപം നാലു മക്കള്‍ക്കും താന്‍ വളര്‍ത്തിയ പൗത്രനും സമമായി വീതിച്ചുകൊടുക്കണമെന്ന്.

പറഞ്ഞുവന്നത് അച്ഛന്റെയും മകള്‍ കമലയുടെയും കൈയിലുള്ളതെല്ലാം എക്കാലവും 'വാപിയില്‍ ജലം വായ്ക്കെ വാച്ചാലിലേക്കെന്നപോലെ' ഒഴുകിക്കൊണ്ടിരുന്നു എന്നാണ്. 'ദാനശീലത്തില്‍ കര്‍ണന്റെ ചേച്ചി' എന്നാണ് എം.പി. നാരായണപിള്ള ആമിയോപ്പുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച ദാസേട്ടന്‍ ബാലാമണിയമ്മയെക്കാള്‍ 'സാമ്പത്തിക'ത്തില്‍ ഒരു പടി മുന്നിലായിരുന്നതിനാല്‍, ആ ഒഴുക്കിന് തന്നാലാവുംവിധം തടയിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

Content Highlights: V.M Nair, Kamaladas, Sulochana Nalapat, Balamani amma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


cv ananda bose mamata banerjee

1 min

മമതയുമായി ചങ്ങാത്തം, സംസ്ഥാന BJPക്ക് നീരസം; ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

Jan 26, 2023

Most Commented