'ക്യാ.. തും കുടുകുടു ബോല്‍ത്താ ഹെ?, 'വേണമെങ്കില്‍ തിന്നിട്ട് പോടാ...'- പട്ടാളത്തില്‍ പട്ടിണി ജവാന്‍!


തെങ്ങമം ഗോപകുമാര്‍

ഓ, അങ്ങനെ പറയല്ലേ! അങ്ങയുടെ പേര് ഗാന്ധി എന്നുതന്നെ കേള്‍ക്കാനാണ് ഈയുള്ളവന്റെ ആഗ്രഹം.

പുസ്തകത്തിന്റെ കവർ

തെങ്ങമം ഗോപകുമാര്‍ എഴുതി ഗ്രാസ് റൂട്ട് പ്രസിദ്ധീകരിച്ച 'ജവാന്‍' എന്ന നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നോവലില്‍ നിന്നും ഒരുഭാഗം വായിക്കാം.

ടതുകൈകൊണ്ട് ചോറു വാരി പ്ലേറ്റിലേക്കെറിഞ്ഞുതന്ന ഒട്ടകത്തിന്റെ ശരീരഘടനയുള്ള ഉത്തരേന്ത്യനോട് 'ഇത് ഞങ്ങടെ അന്നമാണ്, വലതുകൈകൊണ്ട് വിളമ്പിത്താടാ പട്ടീ'യെന്ന് ശുദ്ധമലയാളത്തില്‍ തര്‍ക്കിച്ചപ്പോഴാണ് ജവാന്റെ പിന്‍കഴുത്തില്‍ ഉസ്താദിന്റെ (ഇന്‍സ്ട്രക്ടര്‍) കൈപ്പത്തി ഉല്ക്കപോലെ വന്നുവീണത്. ശരീരം മുഴുവന്‍ ഉലഞ്ഞുപോയ വെട്ട്. മാതൃഭാഷയ്‌ക്കേറ്റ ആദ്യത്തെ പ്രഹരം.
'വേണമെങ്കില്‍ തിന്നിട്ട് പോടാ' എന്ന ആക്രോശം. കൂട്ടത്തില്‍ മദ്രാസീ.. മദര്‍ ചൂത്ത് എന്ന തെറിയും.
പിന്നെ സമയം വൈകിച്ചില്ല. പ്ലേറ്റു വലിച്ചെറിഞ്ഞ് ക്യൂവില്‍നിന്നും ബാരക്കിലേക്ക് ഒരോട്ടം.
നിരാഹാരം.
കേരളാ മോഡല്‍.അല്ലാതെ വെടിവെച്ചു കൊല്ലാന്‍ പറ്റില്ലല്ലോ. ട്രെയ്‌നിയല്ലേ.
ഫാസ്റ്റ് അണ്‍ടു ഡെത്ത്! നിരാഹാരംകൊണ്ട് എത്രയോ വലിയ കാര്യങ്ങള്‍ നാം നേടിയെടുത്തിരിക്കുന്നു.
ഒരു തുണ്ടുകടലാസില്‍ വടിവൊത്ത ഇംഗ്ലീഷക്ഷരത്തില്‍ FAST UNTO DEATH എന്ന് എഴുതി ലോക്കറിനു പുറത്തൊട്ടിച്ച് ജവാന്‍ ബാരക്കിലെ തന്റെ ചാര്‍പ്പായയില്‍ കയറിക്കിടന്നു.
വിജയിക്കുമോ ആവോ? നോക്കാം. വിവരദോഷികള്‍ക്ക് നിരാഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കണമല്ലോ.
നിരാഹാരത്തിന്റെ സെക്കന്‍ഡ് സൂചി ആമാശയത്തില്‍ ചലിച്ചുതുടങ്ങി.

എന്നും ആ ഒട്ടകംതന്നെയാണ് വിളമ്പുകാരന്‍. ലംഗര്‍ കമാന്‍ഡര്‍ ആണുപോലും. (അടുക്കള നിയന്ത്രിക്കുന്ന പട്ടാള ഉദ്യോഗസ്ഥന്‍) അവന്റെ ആകൃതി കണ്ടാല്‍ ഗര്‍ഭപാത്രത്തില്‍നിന്നും സാധാരണമാര്‍ഗത്തിലൂടെയല്ല അവന്‍ പുറത്തേക്കു വന്നതെന്നു തോന്നിപ്പോകും. ഇടതുകൈകൊണ്ട് ചാവലും (ചോറ്) വലതുകൈകൊണ്ട് റൊട്ടിയും വിളമ്പുന്ന ഒട്ടകത്തിന്റെ അനാട്ടമിയുള്ള യു.പിയിലെ ഒരു 'കുഗ്രാമി'. അയാളുടെ ഒരവയവവും മനുഷ്യന്റെതിനു സമാനമാണെന്നു തോന്നുകേയില്ല. ഏതു സമയവും അയവെട്ടിക്കൊണ്ടിരിക്കുന്ന ഒരു ജീവി. സംസാരിക്കുമ്പോള്‍ തെറിച്ചുവീഴുന്ന തുപ്പല്‍ത്തൂവാനം! ഇവന്റെയൊക്കെ തറവാട്ടുസ്വത്താണ് ട്രെയ്‌നികള്‍ക്കുള്ള ഭക്ഷണമെന്ന മട്ട്. എരന്നുവാങ്ങുന്ന നീണ്ട ക്യൂവിനാണെങ്കില്‍ ഒച്ചിന്റെ വേഗതയും.

മലയാളിയുടെ മുഖ്യാഹാരത്തിനേറ്റ അപമാനം ക്ഷമിക്കില്ല. ഞങ്ങളുടെ ചാവല്‍ മോശം ആഹാരമൊന്നുമല്ല. സംസ്‌കാരസമ്പന്നമായ ഒരു ദേശത്തിന്റെ ഭക്ഷണത്തെ നിരന്തരം അപമാനിക്കുന്ന ആ ഒട്ടകത്തെ കെട്ടുകെട്ടിക്കാന്‍തന്നെയാണ് തീരുമാനം. ഒരു റൊട്ടിക്കും ഞങ്ങളുടെ ചോറിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിച്ചുകൂടാ. മുഴുവന്‍ മലയാളി ട്രെയ്‌നികള്‍ക്കുംവേണ്ടി ജവാന്‍ വിശന്നുമരിക്കാന്‍ തീരുമാനിച്ചു.
അതു മാത്രമല്ല, വിശന്നുനിന്ന ജവാനെ ക്രൂരമായി മര്‍ദിച്ച ഉസ്താദ് വിക്രം സിങ്ങിനെതിരേ കേണലിനു പരാതി കൊടുക്കാനും തീരുമാനിച്ചു.
പട്ടാളത്തില്‍ നിരാഹാരം കിടന്നാല്‍ കുറ്റമാണ്. ക്വാര്‍ട്ടര്‍ഗാര്‍ഡില്‍ (പട്ടാളത്തിലെ ജയില്‍) പിടിച്ചിടും.

സഹട്രെയ്‌നി പിള്ള ജവാനോട് അടക്കംപറഞ്ഞു. പിള്ളയ്ക്കു ഹിന്ദി പച്ചവെള്ളമാണ്. അവന്‍ ജീവിക്കാന്‍ പഠിച്ചു.
പിന്നേ... അങ്ങനെ പേടിച്ചൊന്നും ജീവിക്കാന്‍ പറ്റില്ല. പട്ടാളക്കാര്‍ക്കു ക്വാളിറ്റിയുള്ള ആഹാരമാണ് കൊടുക്കുന്നത് എന്നാണറിവ്. അതും മിലിട്ടറി ഡോക്ടര്‍ പരിശോധിച്ചതിനു ശേഷം. നിനക്കറിയ്യോ ഇവന്മാര് ആഹാരത്തില്‍ കല്ലും മണ്ണും വാരിയിടുന്നത് എന്തിനാണെന്ന്?
ഇല്ല.
പിള്ള പറഞ്ഞു.
നമ്മള്‍ കഴിക്കാതിരുന്നാല്‍ ഇവന്മാര്‍ക്ക് റേഷന്‍ അടിച്ചുമാറ്റാം. അല്ലാതെന്താ? കൊള്ള. അരുംകൊള്ള. യുദ്ധമുണ്ടാവുമ്പം ഇവന്മാരെ എങ്ങനെ വിശ്വസിച്ച് അതിര്‍ത്തിയില്‍ നിര്‍ത്തും? ഈ കാട്ടുകള്ളന്മാരെ?
എന്നാലും നിരാഹാരം കിടക്കുന്നത് പട്ടാളത്തില്‍ കുറ്റമാണ്.
പിള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ഭാഗമാണോയെന്ന് ജവാന്‍ സംശയിച്ചു.
നിനക്കതു പറയാം. നിന്റപ്പന്‍ പട്ടാളത്തിലാരുന്നല്ലോ. പാരമ്പര്യം!
ഞാനങ്ങനെയല്ല. മൂന്നു നേരം നല്ല കുത്തരിച്ചോറുണ്ട ശീലമാ. എല്ലുമുറിയെ പണി ചെയ്ത് പല്ലുമുറിയെ തിന്നാ ജീവിച്ചത്. എടാ, ആഹാരത്തിന് വൃത്തിയുണ്ടാവണം. വൃത്തിയായി വിളമ്പണം. ആ കഴുവര്‍റോനൊരു തവി ഉപയോഗിച്ചാലെന്താ?
എങ്കി നീ ഡിഫെന്‍സ് മിനിസ്റ്റര്‍ക്ക് കത്തെഴുത്. പട്ടാളത്തില്‍ മലയാളിക്ക് കുത്തരിച്ചോറു തരണമെന്ന്.
പിള്ളയും വിട്ടുകൊടുത്തില്ല.
പരിഹസിക്കല്ലേ.

പിന്നല്ലാതെ. നിന്നെപ്പോലെയാ ഞങ്ങള്‍ ബാക്കി ട്രെയ്‌നികളും. നിനക്കു മാത്രമായി കുത്തരിച്ചോറൂട്ടാനും വൃത്തിക്കു വിളമ്പാനും നിന്റെ അമ്മായിയമ്മമാരല്ല ഇവിടെ.
വേണ്ട. പച്ചരിച്ചോറു മതി. പക്ഷേ, അതൊന്ന് കഴുകി കല്ലും മണ്ണും കളയരുതോ? ചോറില്‍ നിറയെ ബീഡിക്കുറ്റികളാ.
പിന്നേ... ഒരു ചാക്ക് അരിയൊക്കെ കഴുകി വൃത്തിയായിട്ടൊക്കെ വേവിക്കാന്‍ ഇവിടെന്താ കല്യാണം നടക്കുവാണോ? നമ്മളിതൊക്കെ ശീലമാക്കണം. അപ്പോഴാണ് നമ്മള്‍ യഥാര്‍ഥ പട്ടാളമാവുന്നത്. ഇതും ട്രെയ്‌നിങ്ങിന്റെ ഭാഗമാണ് ജവാനേ.
ഇതൊക്കെ ഇവന്മാരുടെ ഡ്യൂട്ടിയല്ലേടാ? ട്രെയ്‌നികള്‍ക്കു പോഷകാഹാരം കിട്ടിയില്ലേ അവരെങ്ങനെ ആരോഗ്യമുള്ള പട്ടാളക്കാരാവും? അവര്‍ രോഗികളാവില്ലേ?
എടാ ജവാനേ, അവരുടെ മുഖ്യാഹാരം ഗോതമ്പാ. അതുകൊണ്ടാണവര്‍ ചോറിനു വലിയ പ്രാധാന്യം കൊടുക്കാത്തത്. നീയൊന്നടങ്ങ്. വന്നിട്ട് രണ്ടു ദിവസമല്ലേ ആയുള്ളൂ.
എടാ, ചോറില്‍ സൂക്ഷിച്ചുനോക്കിയാല്‍ ദേ, ഇത്രയും നീളമുള്ള പുഴുക്കളാണ് ചത്തുകിടക്കുന്നത്. മനംമറിക്കുവാ.

ജവാന്‍ ചൂണ്ടുവിരല്‍ നീട്ടിക്കാണിച്ചു.
എനിക്കിന്നലെ കിട്ടിയ സബ്ജിയില്‍ (കറി) ഒരു ചത്ത എലിക്കുഞ്ഞിനെ ബോണസായി കിട്ടി. ഞാന്‍ ആരോടെങ്കിലും കംപ്ലെയിന്റ് പറഞ്ഞോ?
പിള്ള ഡിഫെന്‍സ് വക്കീലായി.
വൃത്തികെട്ടവന്‍. ജവാന്‍ ഒന്നുകൂടി ഓക്കാനിച്ചു.
കഴിച്ചു ശീലിക്കണം.
എങ്ങനെ?
എടാ, ആഹാരം കൈയിക്കിട്ടിയാപ്പിന്നെ അതിന്റെ സൗന്ദര്യം നോക്കാന്‍ നില്ക്കരുത്. കണ്ണുമടച്ച് വാരിത്തിന്നണം. എന്തായാലും വേവിച്ചാണല്ലോ തരുന്നത്.
എനിക്കു പറ്റില്ല ഹേ.

അങ്ങനെ ഇഷ്ടത്തിനൊത്തു ജീവിക്കാന്‍ പറ്റില്ല. ഇത് പട്ടാളമാണ്. പട്ടാളത്തില്‍ എല്ലാവര്‍ക്കും ഒരേ ആഹാരം. അതും ഏറ്റവും ഗുണനിലവാരമുള്ളതാണെന്ന് കരുതിക്കോണം. ട്രെയ്‌നിങ് ഒന്നു തുടങ്ങട്ടെ. അപ്പൊക്കാണാം. നീ ചോറല്ല, കല്ലും മണ്ണും കല്‍ക്കരീം വാരിത്തിന്നും.
എന്റെ പട്ടി തിന്നും.
പിന്നേ... കാണാം.
ങാ... കാണാം. അല്ലേലും നിന്റെ ചോരയും നീരും പട്ടാളത്തിന്റെയാണല്ലോ? നീയും ഉത്തരേന്ത്യരും തമ്മില്‍ എന്നതാടാ വ്യത്യാസം? വര്‍ഗസ്‌നേഹം വേണം. ഈ നിരാഹാരം എനിക്കുവേണ്ടി മാത്രമല്ല. മുഴുവന്‍ ട്രെയ്‌നികള്‍ക്കുംവേണ്ടിയാണെന്ന് പിള്ളേ... മുഴുവന്‍ മലയാളിക്കുംവേണ്ടിയാ... നീ ഓര്‍ത്തോ.
സൂക്ഷിച്ചാല്‍ നിനക്കു നല്ലത്. ഉസ്താദിനെതിരേ ശബ്ദിക്കരുതെന്നാണ് എന്റെ ഫാദര്‍ പറഞ്ഞിട്ടുള്ളത്.

ഓഹോ! ഞാന്‍ നിന്റെ തന്തയെപ്പോലെ ഭീരുവല്ല. തന്തപ്പടി പേടിപ്പിച്ചു വിട്ടേക്കുവാ പുത്രനെ.
പിള്ള ജവാന്റെ ആജീവനാന്തശത്രുവായി പരിണമിച്ചത് ഈ ഡയലോഗിന്റെ മുള്ളുകൊണ്ടാണ്.
ഒട്ടകം തന്നെക്കുറിച്ച് എന്തൊക്കെയോ ഉസ്താദിനോടു പറഞ്ഞുകൊടുത്തിട്ടുണ്ട്. മദ്രാസീന്നോ ചാവലെന്നോ ഹറാമീന്നോ ഒക്കെ കേട്ടു. അതൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രമാണ്. ഇന്നലെയും അവന്‍ ഇടതുകൈകൊണ്ടാണ് ചോറു വാരിയിട്ടത്. മനഃപൂര്‍വമാണ്. അവന്റെ ചന്തി കഴുകുന്ന കൈകൊണ്ട് വാരിയ ചോറുണ്ണാന്‍ ഈ കേരളക്കാരനെ കിട്ടില്ല. അവന്റെ തന്തയ്ക്കു കൊണ്ടുക്കൊടുക്കട്ടെ. അമേദ്യത്തിന്റെ ഗന്ധമാ അവന്‍ തൊട്ട ചോറിന്. പിന്നെ അവന്റെ ഓരോ നഖത്തിനിടയിലും കാണും നൂറ്റന്‍പതു ഗ്രാം വീതം അഴുക്ക്!

ത്ഫൂ.
ഓക്കാനിച്ച ശബ്ദം കേട്ട് ഒരുത്തരേന്ത്യന്‍ നീട്ടിവിട്ട ഏമ്പക്കത്തോടൊപ്പം സങ്കടം പകുക്കാന്‍ വന്നു. മൂക്കുമുട്ടേ റൊട്ടിയും ദാലും കഴിച്ചിട്ടു വരുന്ന വരവാണ്. വയറു നിറഞ്ഞവന് കുശലം ചോദിക്കാന്‍ ഫീസടയ്ക്കണ്ടല്ലോ? നിനക്കൊന്നും മനസ്സിലാവില്ല ഞങ്ങടെ സങ്കടം എന്നൊക്കെ പറയാന്‍ തോന്നി. പക്ഷേ, ഭാഷാപ്രശ്‌നം മൗനിയാക്കി. ഹിന്ദിവാലാ സരസ്വതി തൊണ്ടക്കുഴീല്‍ കിടന്നുപിടച്ചു.
ക്യാ ഹുവാ? ഉള്‍ട്ടീ ഹൈ? (എന്തു പറ്റി? ഛര്‍ദിലാണോ?)
അവന്‍ ചോദിച്ചു.
ചാവല്‍... കീടാ... പുഴു... വോം.
അങ്ങനെ പറയാനാണ് തോന്നിയത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ്.
ഉത്തരേന്ത്യ സംശയത്തോടെ ദക്ഷിണേന്ത്യയെ നോക്കി.

ജവാന്‍ കരഞ്ഞുകാണിച്ചു. കണ്ണുനീരിന് എല്ലായിടത്തും ഒരേ ലിപിയാണല്ലോ. ശോകരസത്തിന് അങ്ങനെയൊരു ഭാഗ്യമുണ്ട്.
അയാള്‍ 'നിരാഹാരി'യുടെ ചാര്‍പ്പായില്‍ കുത്തിയിരുന്ന് സമരവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
എന്തിനാണ് കരയുന്നത്?
ചോറു കിട്ടിയില്ല. ആഹാരത്തിന് വൃത്തിയില്ല. ഒട്ടകത്തെപ്പോലൊരുത്തന്‍ തന്റെ ചന്തി കഴുകുന്ന കൈകൊണ്ട് ചോറു വാരിത്തരുന്നു.
റൊട്ടിവാലയ്ക്ക് ഒന്നും പിടികിട്ടിയില്ല.

ജവാന്‍ ആംഗ്യഭാഷയിലൂടെ പറഞ്ഞിട്ടും സ്വാഹാ. അവസാനം ജവാന്‍ ഇംഗ്ലീഷില്‍ റൈസ് എന്നു പറഞ്ഞപ്പോള്‍ ടിയാന് മനസ്സിലായി.
ഓഹ്... ചാവല്‍?
ജീഹാം. ചാവല്‍.
ഇവിടെ റൊട്ടിയേ കിട്ടൂ.
ചാവല്‍ കിട്ടിയില്ലേ... ഞാന്‍ ചത്തുപോവും. ഡര്‍ട്ടി വേംസ് ഇന്‍ റൈസ്. വെരി ബാഡ് ക്വാളിറ്റി ഫുഡ്. കംപ്ലെയിന്റ്.
ഇംഗ്ലീഷിനൊപ്പം ശരീരഭാഷയുംകൂടിയായപ്പോള്‍ റൊട്ടിവാല കാര്യം ഗ്രഹിച്ചു.

റൊട്ടി കിട്ടാതെ മരിക്കുന്നവരുണ്ട്. മദ്രാസികള്‍ ചാവല്‍ കിട്ടാതെയും ചാവുമെന്നോ? എന്ന ഭാവത്തോടെ അയാള്‍ എഴുന്നേറ്റു. അവന്റെ സങ്കടംപകുക്കല്‍ കഴിഞ്ഞു. ശുക്രിയ! വീണ്ടും വരല്ലേ. സംസാരിച്ചാല്‍ വിശപ്പു കൂടും. ജവാന്‍ കണ്ണടച്ചു.
ആമാശയത്തില്‍ ഘടികാരത്തിന് സ്പീഡു കൂടുന്നു.
രോമം വടിച്ചെടുത്ത ചെമ്മരിയാടുകളെപ്പോലെ തോന്നും ട്രെയ്‌നികളെ കണ്ടാല്‍. ഒരേ അച്ചില്‍ പണിതിറക്കിയപോലെ. ഏതോ പട്ടിണിരാജ്യത്തെ എല്ലുന്തിയ പ്രജകളെപ്പോലെ. വലിയ തലയും ശോഷിച്ച ശരീരവും കണ്ടാല്‍ ഹോളിവുഡ് സിനിമയില്‍ പ്രത്യക്ഷപ്പെട്ട അന്യഗ്രഹജീവികളാണെന്നു തോന്നും. അവ പല കൂട്ടമായി ഒരേ താളത്തില്‍ ഓടിക്കൊണ്ടേയിരിക്കും. ഓടിക്കാന്‍ അവയ്‌ക്കൊപ്പം ഒരിടയനുമുണ്ടാകും. ട്രെയ്‌നിങ് സെന്ററുകളില്‍ സുലഭമായി കാണുന്ന കാഴ്ച നയനാനന്ദകരം. ട്രെയ്‌നിങ് സെന്ററിന്റെ പ്രഭാതം വിളിച്ചറിയിക്കുന്ന ഘടികാരങ്ങളാണ് ഇവര്‍. ട്രെയ്‌നികളുടെ 'നടത്ത' പരേഡ് ഗ്രൗണ്ടില്‍ മാത്രം. ഒണ്‍ലി മാര്‍ച്ചിങ്. വെറുതേ നടക്കാനുള്ള അവകാശം പട്ടാളത്തിന്റെ ഭരണഘടനയില്‍ ഒരു അനുച്ഛേദത്തിലുമില്ല.
ഓട്ടമാണ് എവിടെയും. നിലയ്ക്കാത്ത ഘടികാരംപോലെ. സെക്കന്‍ഡ് സൂചിപോലെ...

വട്ടംകൂടി നിന്ന ചെമ്മരിയാട്ടിന്‍കൂട്ടത്തെ വകഞ്ഞുമാറ്റി ഉസ്താദ് കാംബ്ലെ കടന്നുവന്നു. കാഴ്ചയില്‍ തമിഴനെപ്പോലെ തോന്നിച്ച ഒരു മറാഠി. കറപിടിച്ച പല്ലുകളില്‍ പുച്ഛം ഞെരിഞ്ഞമര്‍ന്നു.
കോന്‍ ഹൈ മദ്രാസി ഗാന്ധി? (ആരാണ് മദ്രാസി ഗാന്ധി?)
ഉത്തരേന്ത്യന്‍ ലോബി ചാര്‍പ്പായില്‍ നിരാഹാരം കിടക്കുന്ന ഗാന്ധിയെ ഒറ്റയടിക്കു ചൂണ്ടിക്കാട്ടി. ജവാന്‍ കണ്ണ് ഒന്നുകൂടി മുറുക്കിയടച്ചു. കാംബ്ലെ മീശയുരുട്ടി കവിളത്ത് കുത്തിനിര്‍ത്തി ഒരു ചിരിയെ നിവര്‍ത്തിയിട്ടു.
അപ്പൊ ഇതാണ് മദ്രാസി ഗാന്ധി. ഭൗജീ ഗാന്ധി! (പട്ടാളഗാന്ധി!)
ഷോലെ സിനിമയിലെ ജയിലറെപ്പോലെ അയാള്‍ കഴുത്തു വെട്ടിച്ച് ഇടവും വലവും നോക്കി. ഗാന്ധിവധം നേരില്‍ കാണാന്‍ ഉത്തരേന്ത്യര്‍ വെമ്പിനിന്നു.

പെട്ടെന്ന് അയാള്‍ ഭയഭക്തിബഹുമാനം നടിച്ച് ചാര്‍പ്പായില്‍ കിടക്കുന്ന ചരിത്രത്തോടു ചോദിച്ചു:
അല്ലയോ മഹാത്മാവേ... അങ്ങയുടെ പേരെന്ത്?
ജവാന്‍.
ജവാന്‍ കണ്ണടച്ചുകൊണ്ടുതന്നെ പറഞ്ഞു.
ഓ, അങ്ങനെ പറയല്ലേ! അങ്ങയുടെ പേര് ഗാന്ധി എന്നുതന്നെ കേള്‍ക്കാനാണ് ഈയുള്ളവന്റെ ആഗ്രഹം.
അയാള്‍ ചുറ്റുമുള്ള ആട്ടിന്‍കൂട്ടത്തിനായി ദേശഭക്തി പകര്‍ന്നുകൊടുത്തു. അവയാകട്ടെ, ഹിന്ദിയില്‍ തലയാട്ടി. അയാള്‍ വിനയനാട്യം തുടര്‍ന്നു:
അങ്ങ് എന്തിനാണാവോ സത്യാഗ്രഹം കിടക്കുന്നേ?

അത് ജവാനു മനസ്സിലായില്ല. ഭാഷ പാലം വലിച്ചു. സരസ്വതി വീണ്ടും തൊണ്ടക്കുഴീല്‍ത്തന്നെ. ജവാന്‍ ഒന്നും മിണ്ടാതെ കിടന്നപ്പോള്‍ കാംബ്ലെ മീശ ഒന്നുകൂടി ചുരുട്ടി 'ബഹുമാനത്തിന്റെ' ഗ്രാഫ് അല്പം ഉയര്‍ത്തി:
ബോലോ ഗാന്ധീ! (പറ ഗാന്ധീ!)
ഉത്തരേന്ത്യന്‍ ലോബി പറഞ്ഞു:
മദ്രാസീ ഹൈ സാബ്. ഹിന്ദി നഹി മാലും. (ഇത് മദ്രാസിയാണ് സാബ്. ഹിന്ദിയറിയില്ല.)
കാംബ്ലെ ഗാന്ധിയോട് ക്ഷമിക്കാന്‍ തയ്യാറായി.
കുഞ്ഞാടുകള്‍ക്കിടയിലേക്ക് കാംബ്ലെയുടെ കണ്ണുകള്‍ തോക്കുമായി വേട്ടയ്ക്കിറങ്ങി. മറഞ്ഞുനിന്ന പിള്ളയ്ക്കു നേരേ അയാള്‍ വിരല്‍ഞൊടിച്ചു.
പിള്ളേക്കാ ബച്ചേ മദ്രാസീ... നീ... തര്‍ജമയ്ക്ക്.
പിള്ള വിയര്‍ത്തു. ഹിന്ദി അറിയാമെന്നേയുള്ളൂ. ഇതുവരെ തര്‍ജമക്കാരനായിട്ടില്ല. എങ്കിലും വിക്കിവിക്കി പറഞ്ഞു:
ജവാന് ലംഗറിലെ (മെസ്സ്) ആഹാരം പിടിക്കുന്നില്ല.

തോ? (അതിന്?)
ഉത്തരേന്ത്യര്‍ നേഴ്‌സറി കുട്ടികളെപ്പോലെ ഏകസ്വരത്തില്‍ പറഞ്ഞു:
ഉസ്‌കൊ ഖാന പസന്ത് നഹി സാബ് (അവന് ആഹാരം ഇഷ്ടപ്പെടുന്നില്ല സാബ്).
ഒന്നര മീറ്റര്‍ നീളത്തില്‍ ഒരു ചിരി വലിച്ചുനീട്ടി അയാള്‍ ചുറ്റും നിന്ന ആട്ടിന്‍കൂട്ടത്തിനു തിന്നാന്‍ കൊടുത്തു.
കൂടെ ചിരിച്ചേ പറ്റൂ. ഉസ്താദാണ്... അവര്‍ അയാള്‍ക്കൊപ്പം അയവെട്ടി ചിരിക്കാന്‍ തുടങ്ങി. മദ്രാസികള്‍ മാത്രം 'കണ്‍ഫ്യൂഷനിസത്തില്‍' ചിന്തിച്ചുനില്‌ക്കേ ഉസ്താദ് അടുത്ത ഡയലോഗ് ഉരുട്ടി:
തും ഖാന ക്യോം നഹി ഖാത്താ ഹൈ? യഹ് ഫോജ് ഹൈ! തുമാര സസുരാല്‍ നഹി. (എന്താടാ നീ ഭക്ഷണം കഴിക്കാത്തത്? ഇത് നിന്റെ സംബന്ധവീടല്ല. പട്ടാളമാണ്.)
ഗാന്ധിക്ക് ഹിന്ദി മനസ്സിലായില്ലെന്നു ബോധ്യമായ ഉസ്താദ് സഹട്രെയ്‌നി പിള്ളയ്ക്കു നേരേ കുരച്ചു: പറ. തര്‍ജമയ്ക്ക് സാലേ... (മലയാളത്തില്‍ പറഞ്ഞുകൊട്).

Book cover
പുസ്തകം വാങ്ങാം

പിള്ള ജവാന്റെ ചെവിയില്‍ പറഞ്ഞു:
ഇത് പട്ടാളമാണ്, നിന്റെ സംബന്ധവീടല്ല എന്നാണ് ഈ താ... ളി പറയുന്നത്.
ജവാന്‍ ചൊടിച്ചു:
പിന്നെ അവന്റെ സംബന്ധവീടാണോ പട്ടാളം?
എടാ, ഇതൊക്കെ ഞാനെങ്ങനെ ഹിന്ദിയില്‍ പറയും?
നീ പറയെടാ... നിനക്ക് ഹിന്ദി അറിയാലോ. എന്നെ ഒരു കോപ്പും ചെയ്യില്ല. ഞാന്‍ നിരാഹാരം കിടക്കുന്നവനാ.

സമയം നീണ്ടപ്പോള്‍ ഉസ്താദിനു ദേഷ്യം വന്നു.
ക്യാ... തും കുടുകുടു ബോല്‍ത്താ ഹെ? (നീയെന്തോന്ന് കുടുകുടുഭാഷ പറയുന്നത്?)
പിള്ള വിറച്ചുകൊണ്ടു പറഞ്ഞു:
(ഉസ്താദ്... ഭൗജ് മേം അച്ചാ ഖാന മില്‍ത്താ നഹി.)
കാംബ്ലെയുടെ തമ്പാക്കുകറപുരണ്ട പല്ല് വീണ്ടും ഞെരിഞ്ഞു.
സാല... മദ്രാസി... നിനക്ക് റൊട്ടി, ചാവല്‍, സബ്ജി, ദാല്‍, മീറ്റ്... സബ് കുച്ച് മില്‍ത്താ ഹെ ക്യാ. കമ്മീ ഹൈ?
ജവാന്‍ പിള്ളയെ നോക്കി.

പിള്ള ജവാനോടു തര്‍ജമച്ചു:
ചപ്പാത്തി, ചോറ്, കൂട്ടാന്‍, കറി, ഇറച്ചി എല്ലാം കിട്ടുന്നു. എന്തിന്റെ കുറവാ നിനക്ക്?
ജവാന്‍ പറഞ്ഞു:
ചോറ് പച്ചരിയുടെതാണ്. വല്ലാത്ത നാറ്റമാണതിന്. കല്ലും മണ്ണും വെന്തുമലച്ച പുഴുവും ഞാന്‍ കണ്ടതില്‍. വെറുംതറയില്‍ ചവിട്ടിക്കുഴച്ചാണ് ചപ്പാത്തിയുണ്ടാക്കുന്നത്. പച്ചക്കറി കഴുകാറേയില്ല. പിന്നെ മീറ്റ്... ചിക്കന്റെ പൂടയും തോലും കളയാതെയാണ് വേവിക്കുന്നത്. അതില്‍ കാഷ്ഠവും കാണും. അതുപോലും മരുന്നു കൊടുക്കുമ്പോലാണ് ട്രെയ്‌നികള്‍ക്കു കൊടുക്കുന്നത്. വയറു നിറയില്ല. ഞങ്ങളുടെ റേഷന്‍ എവിടെ? ഞങ്ങള്‍ക്കതു പൂര്‍ണമായും കിട്ടണം. അതും വൃത്തിയായി. അത് ഞങ്ങളുടെ അവകാശമാണ്.

പിള്ള പേടിച്ചുപേടിച്ചാണത് തര്‍ജമ ചെയ്തത്. അത്രയ്ക്കും വിപ്ലവവീര്യം പിള്ളയ്ക്കില്ല.
ഉസ്താദ് കാംബ്ലെ തിളച്ചുമറിഞ്ഞു:
അച്ചാ..! തേരേക്കോ മേം... ബഡാ ഖാനാ ഖിലാത്താ ഹും. തേരീ മമ്മീ ക്കാ ശാദീ ഹൈ... നാ.!
(നിനക്ക് ഞാനിപ്പോ വലിയ സദ്യ ഊട്ടാം... ന്താ..? നിന്റമ്മേടെ കെട്ടിന് വന്നതല്ലേ...)
പറഞ്ഞുതീര്‍ന്നതും ഗാന്ധിക്കുവേണ്ടി പിള്ള കരണത്ത് ഏറ്റുവാങ്ങിയത് അടിയുടെ ഇരട്ടക്കുട്ടികള്‍.
മഹാത്മാവിനെ ഉണര്‍ത്തിയ അടി. ജവാന്‍ ചാര്‍പ്പായില്‍നിന്നെഴുന്നേറ്റു. വേച്ചുപോയെങ്കിലും സ്വയം നിയന്ത്രിച്ചു. മുന്നില്‍ ഒരുകൂട്ടം ബ്രിട്ടീഷുകാര്‍. ഒരു തലവന്‍.
നോ... സാബ്.

ജവാന്‍ കാംബ്ലെയ്ക്കു നേരേ കൈകൂപ്പി. അവനെ തല്ലരുത്.
അടിയേറ്റിട്ടും കര്‍ത്തവ്യബോധം മറക്കാത്ത പിള്ള ഉസ്താദിനോട് ജവാന്റെ വാക്കുകളെ തര്‍ജമ ചെയ്തു:
നോ സാബ്. ഉസ്‌കൊ മത് മാരോ.
കാംബ്ലെയുടെ കൈ വീണ്ടുമുയര്‍ന്നു.
മഹാത്മാവിനു നോക്കിനില്ക്കാന്‍ കഴിഞ്ഞില്ല.
ഗാന്ധി അഹിംസ വെടിഞ്ഞു.
ആട്ടിന്‍പറ്റം അകന്നുമാറി.

ഗാന്ധിയെ തിരിച്ചുതല്ലാന്‍ കാംബ്ലെയുടെ ദേശസ്‌നേഹം എന്തുകൊണ്ടോ അനുവദിച്ചില്ല. ചോരയൊലിച്ച മുഖവുമായി ഉസ്താദ് കാംബ്ലെ ബാരക്ക് വിട്ടു. പോകുമ്പോള്‍ തിരിഞ്ഞുനിന്ന് തന്റെ ഹാഫ് ട്രൗസര്‍ അല്പം പൊക്കി തുടയിലടിച്ചുകൊണ്ട് മറാഠി, മലയാളത്തെ വെല്ലുവിളിച്ചു:
ഗാന്ധി കാ ബച്ചേ... (ഗാന്ധീടെ മോനേ...) നീ ഗാന്ധിയാണെങ്കില്‍ ഞാന്‍ ഗോഡ്‌സെയാണ്. മദ്രാസി ഗാന്ധിക്ക് മറാട്ടി ഗോഡ്‌സെ... സംഝെ? ഖബര്‍ദാര്‍... (കരുതിയിരുന്നോ!)
ഗാന്ധിവധം ബാലേ റദ്ദു ചെയ്യപ്പെട്ട ദുഃഖത്തില്‍ ലംഗറിലെ മണിയൊച്ച മുഴങ്ങി. പ്ലേറ്റും കപ്പുമായി ട്രെയ്‌നികള്‍ ക്യൂ നിര്‍മിക്കാന്‍
ലംഗറിനു നേരേ ഓടി.
ഒട്ടകം ചാവലുമായി മദ്രാസികളെ കാക്കുന്നുണ്ടാവും... തീട്ടക്കൈകൊണ്ട് ചോറു വിളമ്പാന്‍, പോവില്ല. നിരാഹാരം തുടരും.
ജവാന്‍ കണ്ണടച്ചു.

കല്ലും മണ്ണും പുഴുവും കല്‍ക്കരിയും ഒരുപോലെ ദഹിക്കുന്ന ആമാശയവുമായി പാസിങ് ഔട്ട് പരേഡിന്റെ ഇടവേളയില്‍ ഒരു ഉച്ചത്തണലിലിരുന്ന് ഒരിക്കല്‍ പിള്ള പഴയ വൈരം മറന്ന് ചോദിച്ചു:
ജവാനേ... ജീവിതത്തില്‍ എന്നെങ്കിലും അവസരമുണ്ടായാല്‍ നീ ആരെയായിരിക്കും ആദ്യം വെടിവെച്ചു കൊല്ലുക? നിന്നെ ക്രൂരമായി മര്‍ദിച്ച ഉസ്താദ് കാംബ്ലെയേയോ അതോ വിക്രം സിങ്ങിനെയോ?
രണ്ടുമല്ല.
എങ്കില്‍ തീട്ടക്കൈകൊണ്ട് ചോറു വാരിത്തരുന്ന ഒട്ടകത്തെയായിരിക്കും?
അതുമല്ല.
പിന്നെ?
ആ ഒട്ടകത്തെ പെറ്റിട്ട തള്ളയെ. മനുഷ്യരൂപമില്ലാത്ത ഒരു ജീവിക്കു ജന്മം കൊടുത്തതിന്.
ജവാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

Content highlights: Excerpts form the novel Javan by thengamam gopakumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented