'ജനഗണമന' പാടാത്ത വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് വിദ്യാര്‍ഥിയുടെ മൗലികാവകാശലംഘനം!'


എന്നാല്‍ കനയ്യകുമാറിന്റെയും ജെ.എന്‍.യുവിന്റെയും മറ്റും കേസുകളില്‍ ഇത്രയും ധീരോദാത്തവും സ്വതന്ത്രവുമായ നിലപാടെടുക്കുവാന്‍ നമ്മുടെ കോടതികള്‍ക്കു കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

അഡ്വ. കാളീശ്വരം രാജ്

ന്ത്യന്‍ ഭരണഘടന കേവലം നിയമസമാഹാരമല്ല; അത് മൂല്യങ്ങളുടെ വിളംബരമാണ്, സ്വാതന്ത്ര്യസമരത്തിന്റെകൂടി സൃഷ്ടിയാണ്. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയുമായി നിലകൊള്ളുന്ന അടിസ്ഥാനപ്രമാണമാണിത്. ഇത് മനുഷ്യ നിര്‍മിത സ്ഥാപനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകുന്നു. ഭരണഘടനയെ ലളിതവും സമഗ്രവുമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് അഡ്വ. കാളീശ്വരം രാജ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പഠഭേദങ്ങള്‍ എന്ന പുസ്തകം. പുസ്തകത്തിലെ ഒരു അധ്യായം വായിക്കാം.

ശബരിമല, മുംബൈയിലെ ഹാജി അലി ദര്‍ഗ, മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശനി ശിംഗ്‌നാപൂര്‍ അമ്പലം എന്നിവിടങ്ങളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഭരണഘടനാവ്യവസ്ഥകളെ സംബന്ധിച്ച ചര്‍ച്ചകളായി മാറിയതില്‍ അദ്ഭുതമില്ല. മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ഒരുവശത്ത്. ലിംഗസമത്വം സംബന്ധിച്ച അവകാശസങ്കല്പങ്ങള്‍ മറുവശത്ത്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പോലെ അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. മതവിശ്വാസത്തിനും പ്രചാരണത്തിനും പ്രയോഗത്തിനുമുള്ള അവകാശത്തെക്കുറിച്ചാണ് 25-ാം അനുച്ഛേദം പറയുന്നത്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട സാമ്പത്തിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ നിയന്ത്രണമാകാം. മതങ്ങള്‍ മറ്റൊരുതരം രാഷ്ട്രീയാധികാരകേന്ദ്രങ്ങളാകുന്നതിനെ പക്ഷേ, ഭരണഘടന അംഗീകരിക്കുന്നില്ല. മതങ്ങള്‍ക്കകത്തുള്ള വിവേചനങ്ങള്‍ക്കെതിരേയും ഭരണഘടന നിലപാടെടുക്കുന്നു. 25(3) അനുച്ഛേദം പൊതുസ്വഭാവമുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ എല്ലാ ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ടാകുമെന്നു പറയുമ്പോള്‍ സാമൂഹികപരിഷ്‌കരണത്തിന്റെതായ ഒരു സ്പര്‍ശം- രാജാറാം മോഹന്‍ റായ് മുതല്‍ നാരായണഗുരുവരെയുള്ള മഹാന്മാരുടെ സാന്നിധ്യം- അനുഭവപ്പെടുന്നു. ബൗദ്ധ, ജൈന, സിക്ക് സമുദായങ്ങള്‍ക്കും ബാധകമായ തത്ത്വമാണിത്. കൗതുകകരമെന്നു പറയട്ടെ, സിക്കുകാര്‍ കൃപാണ്‍ ധരിക്കുന്നതിനെ വിലക്കുന്ന നടപടികള്‍ ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നും പാടില്ലെന്ന് ഇതേ അനുച്ഛേദത്തിനു താഴെ വിശദീകരിക്കപ്പെട്ടിരിക്കുന്നു. സിക്കുകാര്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണ്. എന്നാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ മാനിക്കുന്ന വിധത്തിലാണ് ഭരണഘടനാജനാധിപത്യം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. പരമ്പരാഗത ജനാധിപത്യത്തില്‍നിന്നും ഭരണഘടനാജനാധിപത്യം വ്യത്യസ്തമാകുന്നതും ഇങ്ങനെയാണ്. അതിനാലാണ് ന്യൂനപക്ഷമതങ്ങളും ഭൂരിപക്ഷമതങ്ങളും തമ്മില്‍ ഇന്ത്യയില്‍ ഭരണഘടനാപരമായ വ്യത്യാസങ്ങളില്ലാത്തത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ പ്രത്യേകാവകാശങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുന്ന 29, 30 അനുച്ഛേദങ്ങളുടെ ദര്‍ശനവും ഇതുതന്നെയാണ്.

മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു പ്രത്യേക സമ്പ്രദായം ആ മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണോ എന്നതാണ് നിയമപരമായി പ്രാധാന്യമുള്ള ചോദ്യം. പ്രസിദ്ധമായ ശിരൂര്‍മഠത്തിന്റെ കേസിലെ വിധിയില്‍ (1954) ഈ ചോദ്യത്തിനുള്ള ഉത്തരം ബന്ധപ്പെട്ട മതഗ്രന്ഥങ്ങളില്‍നിന്നുകൂടി വേണം തേടുവാന്‍ എന്ന് സുപ്രീംകോടതി പറഞ്ഞു. അങ്ങനെയാണ് ശബരിമല കേസില്‍ പുരാണങ്ങളും ഹാജിദര്‍ഗാ കേസില്‍ ഖുര്‍ആന്‍ സൂക്തങ്ങളും നീതിന്യായപരിശോധനയ്ക്ക് വിധേയമാകുന്നത്.

എന്നാല്‍, ധാര്‍മികതയുടെയും സദാചാരത്തിന്റെയും ആരോഗ്യകാരണങ്ങളുടെയും മറ്റും പേരില്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണകൂടത്തിനും കോടതിക്കുതന്നെയും ഇടപെടാം എന്ന് ഇതിനകംതന്നെ ഒട്ടേറെ വിധികളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉച്ചഭാഷിണികളിലൂടെ അയല്‍പക്കത്തുള്ളവരുടെ സ്വാസ്ഥ്യം കെടുത്താനുള്ളതല്ല മതസ്വാതന്ത്ര്യം എന്ന് ചര്‍ച്ച് ഓഫ് ഗോഡിന്റെ കേസില്‍ സുപ്രീംകോടതി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍ ദേശീയഗാനം പാടാന്‍ വിസമ്മതിച്ച യഹോവസാക്ഷികളുടെ നിലപാടിനെ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. 'ജനഗണമന' പാടാത്ത വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. അത് വിദ്യാര്‍ഥിയുടെ മൗലികാവകാശലംഘനമാണെന്നു വിലയിരുത്തിയ കോടതിവിധിക്ക് സര്‍വകാല പ്രസക്തിയാണുള്ളത്. സങ്കുചിത ദേശീയതയ്‌ക്കെതിരേ എത്ര ജനാധിപത്യപരമായ നിലപാടാണ് എണ്‍പതുകളില്‍പ്പോലും സുപ്രീംകോടതി സ്വീകരിച്ചതെന്നു കാണുക. എന്നാല്‍ കനയ്യകുമാറിന്റെയും ജെ.എന്‍.യുവിന്റെയും മറ്റും കേസുകളില്‍ ഇത്രയും ധീരോദാത്തവും സ്വതന്ത്രവുമായ നിലപാടെടുക്കുവാന്‍ നമ്മുടെ കോടതികള്‍ക്കു കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

എസ്.ആര്‍.ബൊമ്മൈ കേസില്‍ മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികഭാവമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അയോധ്യയിലെ ബാബറിമസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അന്നത്തെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പി. സര്‍ക്കാരുകള്‍ നിയമവിരുദ്ധമായ പങ്കാണ് വഹിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും ഈ കേസിലാണ്.

മതവിഭാഗങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള അവകാശം ഉറപ്പുവരുത്തുന്നതാണ് 26-ാം അനുച്ഛേദം. ഇത്തരം സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശവും ഇതില്‍പ്പെടുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാസത്തിനായി സര്‍ക്കാര്‍ നികുതി പിരിച്ചുകൂടാ. അതുപോലെ, പൊതുഖജനാവില്‍നിന്നുള്ള പണമുപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങള്‍ മതപഠനത്തിനായി ഉപയോഗിക്കാവുന്നതല്ലെന്ന് 28-ാം അനുച്ഛേദം വ്യക്തമാക്കുന്നു.

സവിശേഷമായ ഭാഷയും ലിപികളും സംസ്‌കാരവും സിദ്ധിച്ച എത്ര ചെറിയ വിഭാഗങ്ങളും ന്യൂനപക്ഷമെന്ന നിലയില്‍ തനതു സവിശേഷതകള്‍ സംരക്ഷിക്കാന്‍ അവകാശമുള്ളവരായിരിക്കുമെന്ന് 29-ാം അനുച്ഛേദം വിശദീകരിക്കുന്നു. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ഭാഷയുടെയോ പേരില്‍ ഒരു പൗരനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടരുതെന്നും ഇതേ അനുച്ഛേദം വ്യക്തമാക്കുന്നു.

ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനകാര്യത്തില്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്ക് നിയമവിരുദ്ധമായ രീതിയില്‍ പ്രത്യേക പരിഗണന നല്കരുതെന്ന് സെന്റ് സ്റ്റീഫന്‍സ് കോളേജ് കേസില്‍ സുപ്രീംകോടതി പറഞ്ഞത് ഈ അനുച്ഛേദത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. 50 ശതമാനത്തില്‍ കവിഞ്ഞ ന്യൂനപക്ഷപ്രവേശനം തെറ്റാണെന്ന് ടി.എം.എ. പൈ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുവാനുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് 30-ാം അനുച്ഛേദം ഒട്ടേറെ നിയമയുദ്ധങ്ങള്‍ക്ക് വഴിവെച്ചു. നമ്മുടെ നാട്ടിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള സ്വാധീനം ഇത്തരം വ്യവഹാരങ്ങളെ ഒരു സ്ഥിരം പ്രതിഭാസമാക്കിത്തീര്‍ത്തു. വിദ്യാഭ്യാസസ്ഥാപനങ്ങളെ കച്ചവടസ്ഥാപനങ്ങളാക്കുന്നതിനെതിരേ ഉണ്ണിക്കൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിച്ചുവെങ്കിലും പില്ക്കാലവിധികള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ഒട്ടേറെ പ്രയോജനങ്ങള്‍ നല്കുന്നവിധത്തിലായിത്തീര്‍ന്നു. ഏതായാലും ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ച നിയമ, രാഷ്ട്രീയചര്‍ച്ചകള്‍ തുടരുമെന്നുറപ്പ്.

പുസ്തകം വാങ്ങാം

സ്വത്തവകാശത്തിന് പരിമിതികള്‍

ഇന്ത്യയില്‍ സ്വത്തിനുള്ള അവകാശം മൗലികാവകാശമല്ലാതായത് 19 (1) (എഫ്) അനുച്ഛേദം ഭരണഘടനയില്‍നിന്നും എടുത്തുമാറ്റിയതോടെയാണ് എന്ന് നാം കണ്ടു. 44-ാം ഭരണഘടനാഭേദഗതിയിലൂടെയാണത് സംഭവിച്ചത്. 20.6.1979 മുതല്‍ സ്വത്തിനുള്ള അവകാശത്തിന് പുതിയ രൂപഭാവങ്ങള്‍ വന്നു. നിയമാനുസൃതമായിട്ടല്ലാതെ ഒരാളുടെ സ്വത്തിനുള്ള അവകാശം വഹിക്കാവുന്നതല്ലെന്ന് ഒപ്പംതന്നെ എഴുതിച്ചേര്‍ക്കപ്പെട്ടു. 300 (എ) എന്ന അനുച്ഛേദംവഴിയാണത്. ഇത്തരം മാറ്റങ്ങള്‍തന്നെയാണ് 31 (എ) എന്ന അനുച്ഛേദത്തിലും പ്രതിഫലിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമങ്ങള്‍ പ്രത്യേക പരിരക്ഷയും പദവിയും നല്കുന്ന അനുച്ഛേദമാണിത്. 31 (ബി) അനുച്ഛേദം ഭരണഘടനയുടെ 9-ാം പട്ടികയില്‍ ചേര്‍ക്കപ്പെട്ട നിയമങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്കുന്നതിനെക്കുറിച്ച് പറയുന്നു. നിര്‍ദേശകതത്ത്വങ്ങള്‍ ഭരണഘടനയുടെ അഥവാ ഒരു ജനതയുടെ അഭിലാഷങ്ങളാണ്. ഭരണഘടനയുടെ നാലാംഭാഗത്ത് വിവരിക്കപ്പെട്ട, മെച്ചപ്പെട്ട സാമൂഹികക്രമം മുതല്‍ അന്തര്‍ദേശീയസമാധാനം വരെയുള്ള കാര്യങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. അവര്‍ക്ക് പ്രാബല്യം നല്കാനായി നടത്തുന്ന നിയമങ്ങളെ സംരക്ഷിക്കുന്നതാണ് 31 (സി) അനുച്ഛേദം.

31 (എ) അനുച്ഛേദത്തിന് ഒരു രാഷ്ട്രീയചരിത്രംകൂടിയുണ്ട്. ഫ്യൂഡല്‍ കാലയളവിലെ ഭൂവുടമാസമ്പ്രദായങ്ങള്‍ക്ക് അന്ത്യംകുറിച്ച ഭൂപരിഷ്‌കരണനിയമങ്ങള്‍ക്ക് ഈ ഭരണഘടനാവ്യവസ്ഥയുടെ കൂടി പിന്‍ബലമുള്ളതായി കാണാം.

9-ാം പട്ടികയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ കോടതിനടപടികളില്‍നിന്നും പരിരക്ഷയാകും എന്ന് കരുതാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ ഒന്‍പതംഗ ബഞ്ച് മൗലികാവകാശധ്വംസനമുണ്ടെന്ന് കണ്ടുകഴിഞ്ഞാല്‍ ഏതു നിയമത്തെയും റദ്ദാക്കാമെന്നാണ് അഭിപ്രായപ്പെട്ടത്. 9-ാം പട്ടികയുടെയും 31 (ബി) അനുച്ഛേദത്തിന്റെയും ചെങ്കല്‍ക്കോട്ട തകര്‍ക്കുന്ന ഈ വിധി നീതിന്യായാധികാരത്തെ വികസിപ്പിച്ച ഒന്നായിരുന്നു.

ഏതായാലും സ്വത്തവകാശത്തിനുള്ള പരിമിതികളും സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ അവകാശത്തിനുള്ള പരിമിതികളും തമ്മിലുള്ള നിരന്തരമായ വൈരുധ്യം ഇന്ത്യയുടെ ചരിത്രത്തില്‍ കാണാം. 1894 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കപ്പെട്ടപ്പോള്‍, പൊതു ആവശ്യത്തിന്റെ പേരില്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും ഭൂമി എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നുവന്നപ്പോള്‍ ഒരു സാമ്രാജ്യത്വനിയമം സ്വതന്ത്ര ഇന്ത്യയില്‍പ്പോലും അതിന്റേതായ ഇരകളെ സൃഷ്ടിക്കുകയായിരുന്നു. പലപ്പോഴും പൊതു ആവശ്യം പറഞ്ഞ് നടത്തിയ ഏറ്റെടുക്കലുകള്‍ സ്വകാര്യസംരംഭകര്‍ക്കുള്ള ഭരണകൂടങ്ങളുടെ വഴിവിട്ട ഔദാര്യങ്ങളായിത്തീര്‍ന്നു. സിംഗൂരും നന്ദിഗ്രാമും ഭൂമിയുടെ മേലുള്ള സാധാരണമനുഷ്യരുടെ ജൈവികമായ അവകാശം എത്രമേല്‍ ഗാഢമാണെന്നു കാണിച്ചുതന്നു. സമീപകാലത്തായി സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ സുപ്രീംകോടതി വിധികളും പുറത്തുവന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പഴയ നിയമത്തെ 2013-ലെ പുതിയ നിയമംകൊണ്ട് പ്രതിസ്ഥാപനം ചെയ്യാന്‍ യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടുവന്നു. ജനപക്ഷത്തു നില്ക്കുന്ന ഈ നിയമത്തിന്റെ അന്തഃസത്ത തകര്‍ക്കാനുള്ള ഓര്‍ഡിനന്‍സിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പക്ഷേ, പരാജയപ്പെട്ടു. അവയെ ജനങ്ങള്‍ പരാജയപ്പെടുത്തി എന്നു പറയുന്നതാകും കൂടുതല്‍ ശരി. രാഷ്ട്രീയത്തിന്റെയും ജനമുന്നേറ്റങ്ങളുടെയും ഗുണനിലവാരവും ശക്തിവിശേഷവും തന്നെയാണ് ആത്യന്തികമായി ഭരണഘടനയുടെ മൂല്യം നിശ്ചയിക്കുന്നതെന്നത് ചരിത്രം നല്കുന്ന പാഠം മാത്രം.

Content Highlights: Adv. Kaleeswaram Raj, Indian Constituency, Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented