പുസ്തകത്തിന്റെ കവർ
ദി ഇന്ത്യാ റിവ്യൂവിനുവേണ്ടി വിവിധ തരക്കാരായ വ്യക്തികളില്‍നിന്ന് വി.കെ കൃഷ്ണമേനോന് ലേഖനങ്ങള്‍ സ്വീകരിച്ചിരുന്നു. ആ കാലത്ത് ലണ്ടനില്‍ സ്വയം പ്രഖ്യാപിത നാടുകടത്തലില്‍ കഴിഞ്ഞിരുന്ന, പില്ക്കാലത്ത് ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കാന്‍ നിമിത്തമായ, ഇന്ത്യയിലെ പ്രമുഖരാഷ്ട്രീയപ്രവര്ത്തകരില് ഒരാളായിരുന്ന വ്യക്തിയെ അദ്ദേഹം സമീപിച്ചു. 1932 ഏപ്രില്‍ 19ന് അദ്ദേഹം എം.എ. ജിന്നയ്ക്കെഴുതി: ''പ്രിയപ്പെട്ട മിസ്റ്റര്‍ ജിന്ന,ദി ഇന്ത്യാ റിവ്യൂവിന്റെ മേയ് 14-ലെ ലക്കത്തിലേക്ക് ഒരു ലേഖനം എഴുതിനല്കാന് താങ്കള്‍ക്കു താത്പര്യമുണ്ടാകുമോ എന്നറിയാനാണിത്...വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കു വിട്ടുതരുന്നു. എന്നാല്‍, ഞങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍, 'ദ്വന്ദ്വനയ'ത്തിന്റെ വിജയസാധ്യത സംബന്ധിച്ച് താങ്കളുടെ അഭിപ്രായങ്ങളോ അല്ലെങ്കില്‍ കമ്മിറ്റികളുടെ മടക്കം പ്രയോജനപ്രദമാക്കാന്‍ കൈക്കൊള്ളേണ്ട അടുത്ത നടപടിയെക്കുറിച്ചോ എഴുതാനായിരിക്കും പറയുക. പകരം, ഇപ്പോഴത്തെ സാഹചര്യം അപഗ്രഥിച്ചുകൊണ്ടോ അല്ലെങ്കില്‍ ഭാവിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ടുള്ള ലേഖനമായാലും വിരോധമില്ല.
ഇന്ത്യയിലെ പൊതുരംഗത്ത് താങ്കള്‍ക്കുള്ള സ്ഥാനം കണക്കിലെടുത്ത്, ഞങ്ങളുടെ അഭ്യര്‍ഥന ന്യായമാണെന്ന് പരിഗണിച്ച് ഇന്ത്യയുടെ ഭരണഘടനാവികാസം സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഈ ഘട്ടത്തില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.''- ജയറാം രമേശ് എഴുതിയ A Chequered Brilliance എന്ന പുസ്തകത്തിന് റോയി കുരുവിളയും കെ. രാധാകൃഷ്ണവാരിയരും ചേര്‍ന്ന് നിര്‍വഹിച്ച പരിഭാഷ ''വി.കെ കൃഷ്ണമേനോന് പ്രതിഭയുടെ ബഹുജീവിതങ്ങള്‍'' പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
മൂന്നുദിവസത്തിനുശേഷം ജിന്ന മറുപടി നല്കി: 19ന് താങ്കള്‍ അയച്ച കത്തെനിക്കു ലഭിച്ചു. അടുത്തയാഴ്ച, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വൈകുന്നേരം നാലിനും അഞ്ചിനും ഇടയ്ക്ക് എന്റെ മുറിയില്‍ വന്ന് എന്തിനെക്കുറിച്ചാണ് ഞാനെഴുതേണ്ടതെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് അറിയിക്കാന്‍ താങ്കള്‍ക്ക് സൗകര്യമാകുമോ എന്നറിയാന്‍ ഞാന്‍ താത്പര്യപ്പെടുന്നു.
എന്നാല്‍, ഈ കത്തിടപാടിന്റെ ഫലമായി ഒന്നും സംഭവിച്ചില്ല. മൗണ്ട്ബാറ്റനയച്ച ഒരു കത്തില്‍ 'ഫ്യൂറര്‍' എന്നാണ് ജിന്നയെ കൃഷ്ണമേനോന് വിശേഷിപ്പിച്ചിരിക്കുന്നത്.
പുതിയതായി രൂപീകരിച്ച ഇന്ത്യാ ലീഗിന്റെ ആദ്യകാലസംരംഭങ്ങളില് ലേബര്‍ പാര്‍ട്ടിയുടെ സംയുക്തസമിതിക്കും അതിന്റെ പോഷകസംഘടനയായ ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സിനും സമര്‍പ്പിച്ച വിശദമായ നിവേദനം ഉള്‍പ്പെടുന്നുണ്ട്. അതിന്റെ ചെയര്‍മാനായ പാര്‍ലമെന്റ് അംഗം ജെ.എഫ്. ഹൊറാബിന്റെയും കൃഷ്ണമേനോന്റെയും പേരിലാണ് 1932 മാര്‍ച്ച് 17ന് അതു സമര്‍പ്പിച്ചത്:ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കണമെന്നും ഈ രാജ്യത്ത് അഭിപ്രായരൂപീകരണം നടത്താന്‍ സഹായകമായ ഒരു പ്രഖ്യാപനം നടത്തണമെന്നും അതേസമയം ഇന്ത്യക്കാര്‍ ഒരു പിന്തുണയുമില്ലാത്തവരല്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും ലേബര്‍ പാര്‍ട്ടിയുടെ സംയുക്തസമിതിയോടും ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സിനോടും നിര്‍ദേശിക്കാന്‍ ഇന്ത്യാ ലീഗ് താത്പര്യപ്പെടുന്നു...
ഇപ്പോഴത്തെ അടിച്ചമര്‍ത്തല്‍ എത്ര ക്രൂരമാണെന്നും പ്രകോപനം കൂടാതെയുള്ളതാണെന്നും പൊതുവേ തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണം, ശ്രീ. ഗാന്ധിയുമായി സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വില്ലിങ്ടണ്‍ പ്രഭു തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് മനഃപൂര്‍വം ഉണ്ടാക്കിയെടുത്തതാണ് ഈ സമരം.
സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നതിന്റെ ലളിതമായ ഒരു രേഖാചിത്രം നല്‍കാം:
1.അക്രമരഹിതമായ കുറ്റങ്ങള്‍ക്ക് ഏതാണ്ട് ഇരുപതിനായിരത്തോളം ആളുകള്‍ ജനുവരി അവസാനത്തോടെ ജയിലിലായി...
2.ദേശീയപ്രസ്ഥാനത്തിന്റെ ഭൂരിപക്ഷം നേതാക്കളും, ഉദാഹരണമായി, ശ്രീ. സെന്‍ഗുപ്ത, അബ്ദുള്‍ ഗാഫര്ഖാന്, പിന്നെ ശ്രീ. ഗാന്ധിയും ജയിലില്‍ അടയ്ക്കപ്പെടുകയോ വിചാരണകൂടാതെ നാടുകടത്തപ്പെടുകയോ ചെയ്തു.
3.നിയമപ്രക്രിയ കൂടാതെ ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍നിന്ന് കൂട്ടമായി പിഴ ഈടാക്കിക്കൊണ്ടിരിക്കുന്നു.
4.പ്രത്യേക കോടതികളില്‍ രഹസ്യമായി വിചാരണകള്‍ നടത്തുന്നു; സംശയം തോന്നുന്ന വ്യക്തിയെ അയാളുടെ അഭാവത്തില്‍ രഹസ്യമായി വധശിക്ഷയ്ക്കു വിധിക്കാം.
5.ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ ഉദ്ദേശിച്ചു നിര്‍മിച്ചിട്ടുള്ള, നിര്ബന്ധാധികാരമുള്ള നിയമങ്ങള്‍ ജില്ലകളിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു...
6.വടക്കുകിഴക്കന്‍ അതിര്ത്തിപ്രവിശ്യകളിലെ ഗ്രാമങ്ങളില്‍ വായുസേനയെ ഉപയോഗിച്ച് ബോംബുകള്‍ വര്‍ഷിക്കുന്നു...
7.ഇന്ത്യയിലെ പത്രങ്ങളുടെ വായ് മൂടിക്കെട്ടിയിരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പെരുമാറ്റം പ്രചരിപ്പിക്കുന്നതിനു തടയിടാന്‍ സാധിക്കുന്നില്ല...
വ്യക്തമായ ഒരു നിലപാട് കൈക്കൊള്ളേണ്ടത് ആവശ്യമാണെന്ന് സംയുക്തസമിതിയോടഭ്യര്ഥിക്കുന്നതിന് മിസ്റ്റര്‍ ബര്‍ട്രാന്‍ഡ് റസ്സല്‍, മിസ്റ്റര്‍ എച്ച്.എന്‍. ബ്രെയില്‍സ് ഫോര്‍ഡ്, മിസ്റ്റര്‍ എച്ച്.ജെ. ലാസ്്കി, മിസ്റ്റര്‍ ജെ.എഫ്. ഹൊറാബിന് എന്നിവരും ഞങ്ങളുടെ കാര്യദര്‍ശിയും (കൃഷ്ണമേനോന്) അടങ്ങുന്ന ഒരു പ്രതിനിധിസംഘത്തെ സ്വീകരിക്കണമെന്ന് ഞങ്ങള്‍ സമിതിയോട് ആവശ്യപ്പെടുന്നു.
നാലുദിവസത്തിനുശേഷം കൃഷ്ണമേനോന് ലേബര്‍ പാര്‍ട്ടി നേതാവ് ജോര്‍ജ് ലാന്സ്ബറിയെ സമീപിച്ചു. ആനിബസന്റിന്റെ ഒരാരാധകനായ ലാന്‍സ്ബറി കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യാ ലീഗിന് മുന്‍പുണ്ടായിരുന്ന സംഘടനയുടെ ചെയര്‍മാനായിരുന്ന വ്യക്തിയാണ്; ഇന്ത്യയുടെ സ്വയം ഭരണാവകാശത്തെ സത്യസന്ധമായി അനുകൂലിക്കുന്ന ചുരുക്കം ചില ലേബര്‍ പാര്‍ട്ടി നേതാക്കളിലൊരാളും. 1932 മാര്‍ച്ച് 21ന് കൃഷ്ണമേനോന് എഴുതി: താങ്കള്‍ നിര്‍ദേശിച്ചതുപോലെ സംയുക്തസമിതിക്ക് അയച്ച കത്തിന്റെ (ഒരു) പകര്‍പ്പ് ഇതോടൊപ്പം ഞാന്‍ അടക്കം ചെയ്യുന്നു.
ലേബര്‍ പാര്‍ട്ടിയിലെ മിസ്റ്റര്‍ ഡബ്ല്യൂ. ഗില്ലീസില്നിന്ന് ഇന്നു രാവിലെ എനിക്കൊരു മറുപടി ലഭിക്കുകയുണ്ടായി. അതിന്റെ ഒരു പകര്‍പ്പും വെക്കുന്നു.
ഞങ്ങളുടെ നിവേദനവും അഭ്യര്‍ഥനയും 'പാര്‍ട്ടിക്കു കൈമാറിയിരിക്കുന്നു' എന്ന് മിസ്റ്റര്‍ ഗില്ലീസ് പറഞ്ഞിരിക്കുന്നതിനാല്‍ അത് സംയുക്തസമിതിയുടെ മുന്‍പാകെ ഈയാഴ്ച വരില്ലെന്നാണ് കത്തില്‍നിന്നു മനസ്സിലാകുന്നത്.
ഞങ്ങള്‍ ഇനിയെന്താണു ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് താങ്കളുടെ ഉപദേശം ലഭിച്ചാല്‍ സന്തോഷമായിരിക്കും.
കൃഷ്ണമേനോനില്‍ പിതൃസഹജമായ താത്പര്യമുണ്ടായിരുന്ന ലാന്സ്ബറിക്ക് അദ്ദേഹം സ്ഥിരമായി കത്തെഴുതാറുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന മൂന്നാം വട്ടമേശസമ്മേളനത്തിന് തന്റെ പാര്‍ട്ടിയുടെ സഹകരണം നല്‍കരുതെന്ന് ലേബര്‍ പാര്‍ട്ടി നേതാവിനോട് ആവശ്യപ്പെട്ടുകൊണ്ട് 1932 ജനുവരി 26ന് കൃഷ്ണമേനോന് എഴുതി: അതില്‍ പങ്കെടുക്കുന്നതിലൂടെ... ഇന്ത്യയില്‍ ബലപ്രയോഗത്തിന്റെ നയം നടപ്പാക്കുന്ന ഒരു സര്‍ക്കാരുമായി ലേബര്‍ പാര്‍ട്ടി സഹകരിക്കുകയാണെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. അത്തരത്തിലുള്ള സഹകരണം പിന്‍വലിക്കുക എന്നതാണ് അടിച്ചമര്‍ത്തലിനെതിരേ ഒരു പാര്‍ട്ടിക്കു കൈക്കൊള്ളാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിഷേധം. ലേബര്‍ പാര്‍ട്ടിയുടെ സൗമനസ്യം ഇന്ത്യയ്ക്ക് ബോധ്യമാകാന്‍ അത് നിമിത്തമാകും; ഒരുപക്ഷേ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണം ഉണ്ടാകാനും.
ലേബര്‍ പാര്‍ട്ടി കൃഷ്ണമേനോന്റെ അഭ്യര്‍ഥന ചെവിക്കൊണ്ടില്ല. എന്നാലത് ലാന്‍സ്ബറിയുടെ എഴുപത്തിമൂന്നാം പിറന്നാള്‍ ദിനമായ 1932 ഫെബ്രുവരി 21ന് അവര്‍ തമ്മിലുള്ള ബന്ധത്തില്‍ അടങ്ങിയിരുന്ന സ്നേഹവായ്പ് പ്രതിഫലിപ്പിക്കുന്ന ഭാഷയില്‍, ആശംസ അര്‍പ്പിക്കുന്നതില്‍നിന്ന് കൃഷ്ണമേനോനെ തടഞ്ഞില്ല: ഇന്ന് സ്നേഹാദരങ്ങളോടെ താങ്കളെ സ്മരിക്കുകയും ദീര്‍ഘായുസ്സ് നേരുകയും ചെയ്യുന്ന അനേകായിരങ്ങളോടൊപ്പം ഞങ്ങളും ചേരുന്നു.സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും എതിരേയും താങ്കളുടെ ശബ്ദം എന്നത്തെയുംപോലെ ഇപ്പോഴും ഉയരുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.
ഇന്ത്യാ ലീഗിന്റെ പേരില്‍ അദ്ദേഹത്തിന് ആശംസ അര്‍പ്പിച്ചതിനുശേഷം കൃഷ്ണമേനോന് സ്വന്തം കൈപ്പടയില്‍ ഇങ്ങനെകൂടി ചേര്‍ത്തു:
എന്റെ വ്യക്തിപരമായ പേരിലും ആശംസ അര്‍പ്പിക്കുന്നു. എന്റെ ജനങ്ങളുടെ എന്നത്തെയും ആശംസകളും നന്ദിയും അറിയിക്കുകയും ചെയ്യുന്നു.
ലേബര്‍ പാര്‍ട്ടിക്കും ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സിനും നിവേദനം സമര്‍പ്പിച്ചതിനുശേഷം, ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് ഒരു നാലംഗ പ്രതിനിധിസംഘത്തെ അയയ്ക്കുന്നതിന് ഇന്ത്യാ ലീഗ് തീരുമാനിച്ചു. 1932 ഏപ്രില്‍ 2ന് കൃഷ്ണമേനോന് മാളവ്യയ്ക്കെഴുതി: ഹൗസ് ഓഫ് കോമണ്‍സില്‍നിന്ന് കുറഞ്ഞത് ഒരു പ്രമുഖ അംഗത്തെയെങ്കിലും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടോ മൂന്നോ പേരുടെ ഒരു പ്രതിനിധിസംഘത്തെ ഇന്ത്യാ ലീഗ് അയയ്ക്കണമെന്നാണ് ഇവിടെയുള്ള ഞങ്ങളുടെ സുഹൃത്തുക്കളുടെ അഭിപ്രായം... ഈ വിഷയം ഞങ്ങളുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ കാര്യത്തില്‍ ഒരു യോജിപ്പിലെത്തിയാല്‍ സാമ്പത്തികസഹായത്തിനായി ഇവിടെയും ഇന്ത്യയിലും ഒരഭ്യര്‍ഥന പുറപ്പെടുവിക്കാനും ഞങ്ങള്‍ നിര്‍ദേശിക്കുന്നതായിരിക്കും.
കൃഷ്ണമേനോന് മാളവ്യയുമായുള്ള ബന്ധം അധികം താമസിയാതെ സ്കോട്ട്ലന്ഡ്യാര്ഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. 1932 ഏപ്രില്‍ 30ലെ റിപ്പോര്‍ട്ട്:
ഡല്‍ഹിയിലെ പ്രസ്സ് ടൈംസിന് വി.കെ. കൃഷ്ണമേനോന് അയച്ച ടെലഗ്രാം ഇതോടൊപ്പം വെച്ചിരിക്കുന്നു. നിരോധിക്കേണ്ടതാണെന്നതിനാല് ഡല്‍ഹിയിലെ ടെലഗ്രാഫ് അധികാരികള്‍ ഒന്നോ രണ്ടോ ദിവസം മുന്‍പത് തടഞ്ഞുവെച്ചിരിക്കുകയാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ ലണ്ടനിലെ ഇന്ത്യാ ലീഗ് (മുന്‍പ് കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യാ ലീഗ്) പ്രസിദ്ധീകരിക്കുന്ന ഇന്ത്യാ റിവ്യൂവിന്റെ പത്രാധിപരാണ് കൃഷ്ണമേനോന് എന്നാണറിയുന്നത്. ഡല്‍ഹി പ്രസ്സ് ടൈംസ്, മാളവ്യയ്ക്ക് ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ആയിരിക്കാം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഈ രാജ്യത്തെ പ്രതിനിധിയായിരുന്നു കൃഷ്ണമേനോന് എന്നെനിക്കറിഞ്ഞുകൂടായിരുന്നു. എന്നാല്‍, ഇന്ത്യാ ലീഗിന് മാളവ്യയില്നിന്ന് സാമ്പത്തികസഹായം ലഭിക്കാന്‍ അയാള്‍ കാരണമായിട്ടുണ്ട്.
ലേബര്‍ പാര്‍ട്ടിയുടെ ആസന്നമായ വാര്‍ഷികസമ്മേളനത്തില്‍ ലാന്‍സ്ബറി അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന, ഇന്ത്യയെക്കുറിച്ചുള്ള പ്രമേയം അടങ്ങിയ കത്ത് കൃഷ്ണമേനോന് ഹിന്ദുസ്ഥാന്‍ ടൈംസിന് അയച്ചതായിരുന്നു തടഞ്ഞുവെച്ച ടെലഗ്രാം:
...തങ്ങളുടെ ദേശീയതാത്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ കരുതുന്ന സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന ഈ സമ്മേളനത്തിനുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുന്നു. ഈ അവകാശം ഏറ്റവും ഫലപ്രദവും ഉറപ്പുള്ളതുമായ രീതിയില്‍ സ്ഥാപിച്ചെടുക്കുന്നതിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളുമായി കൂടിയാലോചനകളും സമ്മേളനങ്ങളും നടത്തുകയെന്ന നയം സര്‍ക്കാര്‍ ഉപേക്ഷിച്ചതില്‍ അഗാധമായി ഖേദിക്കുകയും ചെയ്യുന്നു...
1932 ഓഗസ്റ്റ് 2ന്, ഇന്ത്യാ ലീഗിന്റെതായി ആദ്യമുണ്ടായ പ്രതിനിധിസംഘത്തിലെ അംഗങ്ങളെ അതിന്റെ വൈസ് ചെയര്മാന് ഇങ്ങനെ അറിയിച്ചു:
ഇന്ത്യയിലെ കാര്യങ്ങളെക്കുറിച്ചും അവിടുത്തെ അഭിപ്രായഗതിയെക്കുറിച്ചും നേരിട്ടു വിവരം ശേഖരിച്ച് റിപ്പോര്‍ട്ടുണ്ടാക്കി ഈ രാജ്യത്ത് മടങ്ങിയെത്തുമ്പോള്‍ സമര്‍പ്പിക്കാനാണ് അയച്ചിരിക്കുന്നത്. ഈ രാജ്യത്തെ പാര്‍ലമെന്റിനും പൊതുജനങ്ങള്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിക്കൊടുക്കുന്നതിന് പ്രസ്തുത റിപ്പോര്‍ട്ട് ഉപകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. മോണിക്ക വാറ്റ്ലി, എലെന് വില്‍ക്കിന്‍സണ്‍, ലിയോനാര്‍ഡ് മാറ്റേഴ്സ്, കൃഷ്ണമേനോന് എന്നിവരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ലേബര്‍ പാര്‍ട്ടിയിലെ ഒരു സജീവാംഗമായിരുന്നു വാറ്റ്ലി. ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗങ്ങളായിരുന്നു വില്‍ക്കിന്‍സണും മാറ്റേഴ്സും. ദി ഹിന്ദുവിന്റെ ലണ്ടന്‍ ലേഖകനുമായിരുന്നു മാറ്റേഴ്സ്. പ്രതിനിധിസംഘത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കൃഷ്ണമേനോനെ ഇങ്ങനെയാണ് പരാമര്‍ശിച്ചിരിക്കുന്നത്: തീവ്രമായ രാഷ്ട്രീയാഭിമുഖ്യങ്ങളുള്ള ബ്രിട്ടനിലെ ഒരു പത്രപ്രവര്ത്തകന്. ഇന്ത്യാ ലീഗിന്റെ കാര്യദര്‍ശിയായിരുന്നു. അവതരണയോഗ്യനെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാര്വദേശീയരാഷ്ട്രീയത്തിലും നിന്ദ്യമായ രീതിയില്‍ ഇടപെടുന്ന കമ്യൂണിസ്റ്റുകളുടെ 'സഹയാത്രികന്' ആയിരുന്നു. പ്രതിനിധിസംഘത്തിന് ആവശ്യമായ സാമ്പത്തികസഹായത്തില്‍ നല്ലൊരു പങ്കും ഏര്‍പ്പാടാക്കിയത് മാളവ്യയായിരുന്നു. കൃഷ്ണമേനോന് ഏറെക്കാലം നിഷേധിച്ചിരുന്നെങ്കിലും നിഷേധിക്കാനാവാത്തതായിരുന്നു തെളിവ്. മാളവ്യ ആവശ്യപ്പെട്ടിട്ട് ഇന്ത്യന്‍ വ്യവസായി ജി.ഡി. ബിര്‍ളയാണ് സാമ്പത്തികസഹായം നല്‍കിയത്. 1932 ഓഗസ്റ്റ് 5ന് വെനീസില്‍നിന്നു പുറപ്പെട്ട സംഘം എണ്‍പത്തിമൂന്നു ദിവസം ഇന്ത്യയില്‍ തങ്ങുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയിലെ പതിനൊന്നില്‍ പത്തു പ്രവിശ്യകളിലും സംഘം സഞ്ചരിക്കുകയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള, ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ആളുകളുമായി സംവദിക്കുകയും ചെയ്തു. സംഘത്തിന്റെ തന്നെ നിരീക്ഷണമനുസരിച്ച്, 'പ്രതിനിധിസംഘത്തിലെ ഓരോ അംഗവും ശരാശരി 12,000 മൈലുകള്‍ (ഇന്ത്യയ്ക്കുള്ളില്‍) സഞ്ചരിച്ചിട്ടുണ്ട്.'
പ്രതിനിധിസംഘത്തിലെ നാലംഗങ്ങളും ഒരുമിച്ചാണ് ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ സഞ്ചരിച്ചതെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ രണ്ടു സംഘമായി പിരിഞ്ഞാണ് സഞ്ചരിച്ചത്- വാറ്റ്ലിയും മാറ്റേഴ്സും ഉള്‍പ്പെടുന്ന ഒരു സംഘവും വില്‍ക്കിന്‍സണും കൃഷ്ണമേനോനും ഉള്‍പ്പെടുന്ന മറ്റൊരു സംഘവും. വില്‍ക്കിന്‍സണിന്റെ ഏറ്റവും സമീപകാലത്തെ ജീവചരിത്രകാരന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: അവരും കൃഷ്ണമേനോനും ഒരേ സുഹൃദ്സംഘങ്ങളില്‍ ഇടപഴകിയിട്ടുള്ളവരാണെന്നതും സാഹിത്യത്തില്‍ നല്ല അഭിരുചിയുള്ളവരാണെന്നതും സഹയാത്രികരെന്നുള്ള ബന്ധം അനായാസമാക്കാന്‍ സഹായിച്ചു. അതുപോലെ, അവരുടെ സ്വഭാവങ്ങളിലും സാദൃശ്യമുണ്ടായിരുന്നു. എലെനെപ്പോലെ മേനോനും സാമൂഹികപരിഷ്കരണത്തോട് കടുത്ത ആഭിമുഖ്യമുള്ളയാളായിരുന്നു. എന്നാല്‍, എലെനെപ്പോലെ, 'ഏതെങ്കിലും പ്രഭാഷണത്തിന്റെയോ സിദ്ധാന്തത്തിന്റെയോ നിര്‍ദേശങ്ങള്‍ക്കുള്ളില്‍ തന്റെ കാഴ്ചപ്പാട് ക്ലിപ്തപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു.' മാര്‍ഗങ്ങളായിരുന്നില്ല, ലക്ഷ്യങ്ങള്‍ നേടുകയെന്ന പ്രായോഗികസമീപനമായിരുന്നു അദ്ദേഹത്തിന്റെത്. ആയിടയ്ക്കു സംഭവിച്ച വേര്‍പിരിയലിന്റെ വേദന മറക്കാന്‍ ആകര്ഷകവ്യക്തിത്വമായിരുന്ന അദ്ദേഹവുമായുള്ള സഹവര്‍ത്തിത്വം അവര്‍ക്കു സഹായമായി.
1932 സെപ്റ്റംബര്‍ 25ന്, പൂനെയിലെ യര്‍വാദ ജയിലില്‍വെച്ച് കൃഷ്ണമേനോനും വില്‍ക്കിന്‍സണും ഗാന്ധിയെ കണ്ടു. മതത്തിന്റെ മാത്രമല്ല, ജാതിയുടെയും അടിസ്ഥാനത്തില്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഉണ്ടാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1932 സെപ്റ്റംബര്‍ 20 അപരാഹ്നം മുതല്‍ നിരാഹാരസമരത്തിലായിരുന്നു അദ്ദേഹം. അത് ഇന്ത്യയുടെ വിഭജനത്തിനു വഴിതെളിക്കുമെന്ന് വിശ്വസിച്ചിരുന്ന ഗാന്ധിക്ക് അതിനോടു വിരോധമായിരുന്നു. ഗാന്ധിയുടെ നിരാഹാരം ഹിന്ദുമതത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ മനസ്സാക്ഷിയെ ഉണര്‍ത്തി; മാളവ്യയെയും സി. രാജഗോപാലാചാരിയെയും പോലെയുള്ള 'ജാതി ഹിന്ദുക്കള്‍' ഒരു ഭാഗത്തും ആ കാലത്ത് 'അധഃകൃതവര്‍ഗങ്ങള്‍' എന്നു വിളിക്കപ്പെട്ടിരുന്നവരുടെ പ്രതിനിധികളായി ഡോ. ബി.ആര്. അംബേദ്കറും കൂട്ടരും ഒരു ഭാഗത്തുമായി ചരിത്രപ്രസിദ്ധമായ 'പൂനാകരാര്‍' 1932 സെപ്റ്റംബര്‍ 24ന് ഒപ്പിട്ടു. 'അധഃകൃതവര്‍ഗങ്ങള്‍' എന്നു വിളിക്കപ്പെട്ടിരുന്നവര്‍ക്ക് നിയമസഭകളില്‍ സംവരണം ഏര്‍പ്പെടുത്താനും ജാതിഭേദമെന്യേ എല്ലാ ഇന്ത്യക്കാര്‍ക്കും രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാനും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. കൃഷ്ണമേനോനും വില്‍ക്കിന്‍സണും ഗാന്ധി നല്കിയ '്രേഗറ്റ് ബ്രിട്ടനുള്ള സന്ദേശം' ലണ്ടനിലെ ഡെയ്ലി ഹെറാള്‍ഡ് പത്രത്തിനു മാത്രമാണ് പ്രസിദ്ധീകരണത്തിനു ലഭിച്ചത്:
''ഉപവാസത്തിന്റെ ഓരോ ദിവസവും ദൈവത്തിന്റെ കരം അതിലുണ്ടെന്നതിനുള്ള ഉറച്ച തെളിവു നല്‍കുന്നതായി തോന്നി. എനിക്ക് ദൈവത്തിലും ദൈവത്തിന്റെ കൃപയിലും അളവറ്റ വിശ്വാസമുണ്ടായിരുന്നെങ്കിലും അയിത്തത്തിനെതിരായുള്ള മഹത്തായ ഈ ഉണര്വിന് ഞാന്‍ തയ്യാറായിരുന്നില്ല. മഹത്തായ ചില ക്ഷേത്രങ്ങള്‍ 'തൊട്ടുകൂടാത്തവരെ' ഒരു നിയന്ത്രണവും കൂടാതെ പ്രവേശിപ്പിക്കാന്‍ സ്വയം തയ്യാറാകേണ്ടിവരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആധുനികകാലത്തെ അദ്ഭുതമണ്...
ഞാന്‍ ഉറക്കമായിരുന്നപ്പോള്‍ അവന് കതകില്‍ മുട്ടി എന്നെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു എന്നതിന്റെ കൃത്യസമയത്തുള്ള മുന്നറിയിപ്പാണ് എന്നെ സംബന്ധിച്ചിടത്തോളം കാബിനറ്റിന്റെ തീരുമാനം. ശുദ്ധീകരണപ്രവൃത്തിയുടെ തുടക്കമാണ് എന്നെ സംബന്ധിച്ചിടത്തോളം ഒത്തുതീര്‍പ്പ്... പെട്ടെന്നൊരു തീരുമാനത്തില്‍ ബ്രിട്ടീഷ് കാബിനറ്റ് എത്തിച്ചേരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല... കരാറിന്റെ ശരിയായ അന്തരാര്‍ഥം അവര്‍ക്കു മനസ്സിലായിട്ടില്ലെങ്കില് അവര്‍ അതു പൂര്‍ണമായും നിരസിക്കുകയാണ് വേണ്ടത്. എന്നാല്‍, അവര്‍ക്കതു മനസ്സിലായിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒരു വാക്കോ കോമയോ അവര്‍ മാറ്റില്ല. പകരം തൊട്ടുകൂടാത്തവര്‍ എന്നു വിളിക്കപ്പെടുന്നവരും തൊടാവുന്നവര് എന്ന് വിളിക്കപ്പെടുന്നവരും പൂര്‍ണഹൃദയത്തോടെയും ദൈവത്തെ സാക്ഷിയാക്കിക്കൊണ്ടും എത്തിച്ചേര്‍ന്ന മഹത്തായ ഒത്തുതീര്‍പ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോ വ്യവസ്ഥയും നടപ്പാക്കും.''
തൊട്ടടുത്ത ദിവസംതന്നെ, അതായത്, 1932 സെപ്റ്റംബര്‍ 26ന്, ബ്രിട്ടീഷ് സര്‍ക്കാര്‍ പൂനാകരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചു. വിചത്രമെന്നു പറയട്ടെ, പ്രതിനിധിസംഘം ലണ്ടനില്‍ മടങ്ങിയെത്തിയതിനുശേഷം കൃഷ്ണമേനോന് തയ്യാറാക്കിയ അന്തിമറിപ്പോര്‍ട്ടില്‍ ഗാന്ധിയുമായി എന്തെങ്കിലും സംഭാഷണം നടത്തിയതിനെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല; അതേസമയം ഗാന്ധി ഒരു പുണ്യപുരുഷനാണെന്ന അഭിപ്രായത്തെ നിരാകരിക്കുകയും അദ്ദേഹത്തെ 'കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്' എന്നു വിളിക്കുകയും ചെയ്ത വില്ലിങ്ടണുമായി വാറ്റ്ലിയും മാറ്റേഴ്സും സംഭാഷണം നടത്തിയതിനെക്കുറിച്ച് വിശദമായ വിവരണം ഉണ്ടായിരുന്നുതാനും.
ലണ്ടനില്‍ മടങ്ങിയെത്തിയ ഇന്ത്യാ ലീഗ് സംഘം കിങ്സ്വേ ഹാളില്‍ 1932 നവംബര്‍ 26ന് കൂടിയ ഒരു 'വലിയ യോഗ'ത്തില്‍ തങ്ങളുടെ പ്രാരംഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബര്‍ട്രാന്‍ഡ് റസ്സലാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. സദസ്സില്‍ ലാസ്കിയും പില്ക്കാലത്ത് ഇന്ത്യയിലെ സംഭവങ്ങളുമായി അടുത്തബന്ധം പുലര്ത്താനിടയായ ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഉണ്ടായിരുന്നു- സ്റ്റാഫോര്‍ഡ് ക്രിപ്സ്. ലാന്‍സ്ബറിയും ഉണ്ടായിരുന്നവിടെ. 1933 ഉടനീളം, ലണ്ടന്‍, മാഞ്ചെസ്റ്റര്‍, ബ്രിസ്റ്റോള്‍, ബര്‍മിങ്ഹാം എന്നിങ്ങനെ വിവിധ നഗരങ്ങളില്‍ കൂടിയ ചെറുതും വലുതുമായ അനവധി യോഗങ്ങളില്‍ തന്റെ പ്രതിനിധിസംഘത്തെക്കുറിച്ചും അതിന്റെ കണ്ടെത്തലുകളെക്കുറിച്ചും കൃഷ്ണമേനോന് പ്രസംഗിച്ചു. ഇടതുപക്ഷത്തിന്റെ പ്രചാരമുള്ള പത്രം ന്യൂ സ്റ്റേറ്റ്സ്മാന് ആന്‍ഡ് നേഷനില്‍ 'പത്രാധിപര്‍ക്കുള്ള കത്തി'ലും കൃഷ്ണമേനോന് എഴുതുകയുണ്ടായി. അതിന്റെ പത്രാധിപര്‍ കിങ്സ്ലി മാര്‍ട്ടിനും തന്റെ സംഘടനയായ യൂണിയന് ഓഫ് ഡെമോക്രാറ്റിക് കണ്‍്രേടാള്‍ വഴി അദ്ദേഹത്തിന്റെ പത്നി ഡൊറോത്തി വുഡ്മാനും ഇന്ത്യാ ലീഗിനെ പിന്താങ്ങുന്നവരായിരുന്നു. കത്ത് ഇങ്ങനെ ആരംഭിച്ചു:
1932-ല്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകളെയാണ് ഇന്ത്യയില്‍ രാഷ്ട്രീയകാരണങ്ങളാല്‍ ജയിലിലടച്ചത്. അതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഓര്‍ഡിനന്‍സുകളും 'ഇന്ത്യയ്ക്കുള്ള ബ്രിട്ടന്റെ ഘോരപാരിതോഷികം' എന്നൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന് പില്ക്കാലത്ത് വിശേഷിപ്പിച്ച ഇന്ത്യന്‍ പീനല്‍ കോഡും ഈ അറസ്റ്റുകളെയും 'വിചാരണ'കളെയും തടവുകളെയും നിയമവിധേയമാക്കി മാറ്റി. ആയിരക്കണക്കിനു ചെറുപ്പക്കാരെയും കുറച്ചു സ്ത്രീകളെയും വിചാരണയോ കുറ്റപത്രമോ കൂടാതെ കനത്ത ബന്തവസ്സില്‍ തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചതിനെയും അത് നിയമവിധേയമാക്കിത്തീര്ത്തു. ജര്‍മനിയില്‍ അവയെ പീഡനപ്പാളയങ്ങള് എന്നാണു വിളിക്കുന്നത്...
പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ട കത്ത് പ്രകോപനപരവും രൂക്ഷവുമായിരുന്നു. അതിനാല്‍ സ്വന്തം അഭിപ്രായം കൂട്ടിച്ചേര്‍ക്കാന്‍ മാര്ട്ടിന് നിര്‍ബന്ധിതനായി:
ഇന്ത്യാ ലീഗിനുവേണ്ടി അടുത്തയിടയ്ക്ക് ഇന്ത്യയില്‍ അനവധി മാസങ്ങള്‍ ചെലവഴിച്ച് അവിടുത്തെ സാഹചര്യങ്ങള്‍ അന്വേഷിച്ച ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു ഈ കത്തിന്റെ കര്‍ത്താവ്. ഇന്ത്യയിലെ ഓര്‍ഡിനന്‍സ് ഭരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവയെ സാധൂകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുമൂലം സാധാരണയായി ഞങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല. ഈ രാജ്യത്ത് കുറെ വര്‍ഷങ്ങളായി താമസിക്കുന്നയാളും മിതസ്വഭാവത്തിലുള്ള അഭിപ്രായങ്ങളുടെ ഉടമയുമായ മിസ്റ്റര്‍ മേനോന് തന്റെ കത്തിലെ ഏതൊരു പ്രസ്താവനയെയും തനിക്ക് സാധൂകരിക്കാന്‍ സാധിക്കുമെന്നും താനതിനു തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്; ഇന്ത്യാ ലീഗ് പ്രതിനിധിസംഘത്തിന് ഇന്ത്യയിലുണ്ടായ അനുഭവത്തിന്റെ ഒരു പൂര്‍ണ റിപ്പോര്‍ട്ട് അധികം താമസിയാതെ പ്രസിദ്ധീകരിക്കുന്നതാണെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
പത്രാധിപര്‍.
Content Highlights : Excerpt from VK Krishnamenon Prathibhayude Bahujeevithangal Published by Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..