''പ്രപഞ്ചത്തിലെ എല്ലാ ശക്തികളും നമ്മിൽത്തന്നെ കുടികൊളളളുന്നുണ്ട്, പക്ഷേ നമ്മുടെ കണ്ണുകൾ, കൈകളാൽ അടച്ചുപിടിച്ചുകൊണ്ട് ലോകം മുഴുവൻ ഇരുട്ടാണെന്ന് നാം വിലപിച്ചുകൊണ്ടേയിരിക്കുന്നു...''സ്വാമി വിവേകാനന്ദന്റെ നൂറ്റി പതിനെട്ടാം ചരമദിനമാണ് ഇന്ന്. എം.പി വീരേന്ദ്രകുമാർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'വിവേകാനന്ദൻ സന്ന്യാസിയും മനുഷ്യനും' എന്ന ജീവചരിത്രഗ്രന്ഥത്തിൽ വിവേകാനന്ദന്റെ അവാസാനനാളുകൾ വിശദമാക്കിയിരിക്കുന്നു. 1902 ജൂലെ നാല് ഗ്രന്ഥകാരന്റെ വിവരണത്തിലൂടെ...

'ഞാൻ വരുന്നൂ അമ്മേ, ഞാൻ വരുന്നു...'

മരണം ആശ്ലേഷിക്കാനെത്തുന്നതിന് ആഴ്ചകൾക്കുമുൻപ് ബേലൂർ മഠത്തിലെ പ്രശാന്തമായ വഴിത്താരകളിൽ ഏകാന്തനായി സ്വാമി വിവേകാനന്ദൻ നടക്കുമായിരുന്നു. ചികിത്സയുടെ ഭാഗമായി സേവിച്ചിരുന്ന പല ഔഷധങ്ങളും അദ്ദേഹത്തിൽ വ്യർഥതാബോധവും നിരാശയും വളർത്തി. ഡോക്ടർമാരുടെ ചികിത്സയിൽ സ്വാമിജിക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നു. 'അവർക്കെന്തറിയാം, ഏതാനും കുറച്ചു പുസ്തകങ്ങൾ വായിച്ചിട്ടുള്ള അവരുടെ വിചാരം അവർ സർവകലാവല്ലഭന്മാരാണെ'ന്നാണ്. ഇതായിരുന്നു ഡോക്ടർമാരെക്കുറിച്ച് അദ്ദേഹത്തിനു പൊതുവേയുള്ള അഭിപ്രായം.
മരിക്കുന്നതിന് ഒരാഴ്ച മുൻപ് ഉത്തര കൽക്കത്തയിൽനിന്ന് അസിം ബോസ് സ്വാമിജിയെ കാണാനെത്തി. രോഗവിവരമാരാഞ്ഞ അസിമിനോട്, ഡോക്ടർമാരും കവിരാജും (ആയുർവേദവൈദ്യൻ) അവരെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്തുകഴിഞ്ഞുവെന്നും എന്നാൽ, ദൗർഭാഗ്യമെന്നു പറയട്ടെ മരണരോഗമാണ് തന്നെ ബാധിച്ചിട്ടുള്ളതെന്നും സ്വാമി വിവേകാനന്ദൻ പറഞ്ഞു.

മരണത്തിന് ഏതാനും ദിവസംമുൻപ് വിവേകാനന്ദന് ആശ്വാസമനുഭവപ്പെട്ടിരുന്നു. അപ്പോഴേക്കും കുടുംബവീടുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിക്കുകയും ചെയ്തിരുന്നു. 1902 ജൂലായ് രണ്ടാംതീയതി ഏകാദശി- വ്രതമനുഷ്ഠിക്കാനുള്ള ദിവസം. എന്നാൽ, സിസ്റ്റർ നിവേദിതയ്ക്കുവേണ്ടി അദ്ദേഹം ആഹാരം പാകംചെയ്തു. മഠത്തിൽ പലതരം റൊട്ടികളുണ്ടാക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരുന്നു. സമാധിയടയുന്നതിനുമുൻപ്, ബാഗ് ബസാറിലുള്ള നിവേദിതയുടെ വീട്ടിലേക്ക് കുറച്ചു ബ്രൗൺ ബ്രെഡ് അദ്ദേഹം കൊടുത്തയയ്ക്കുകയും ചെയ്തിരുന്നു. ഏപ്രിൽ ഏഴാംതീയതി കവിരാജ് മഹാനന്ദ മത്സ്യവും എണ്ണയും ഉപ്പും കഴിച്ചുകൊള്ളാൻ വിവേകാനന്ദനെ അനുവദിച്ചു. ജൂൺ അവസാനംമുതൽ ആയുർവേദചികിത്സയ്ക്കൊപ്പം അലോപ്പതിയും തുടങ്ങി. ബാരാനഗറിലെ ഡോ. മഹേന്ദ്രനാഥ് മജുംദാറാണ് സ്വാമിജിയെ പരിശോധിച്ചത്. ഏപ്രിൽമാസത്തിലൊരു ദിവസം സ്വാമിജി ജോസഫൈൻ മാക്ലിയോഡിനോടു പറഞ്ഞു: 'ഈ ലോകത്തിൽ എനിക്കു യാതൊന്നുമില്ല. എനിക്കുവേണ്ടി ഒരു പൈസപോലും എന്റെ പക്കലില്ല. എനിക്ക് നല്കപ്പെട്ടതൊക്കെ ഞാൻ തിരിച്ചുകൊടുത്തുകഴിഞ്ഞു.'

സ്വാമിജിയുടെ ഈ വാക്കുകളിൽ വിവിധ ഭാവങ്ങളും വികാരങ്ങളും ഇഴചേർന്നിരുന്നു. സമർപ്പണം, നിസ്വാർഥത, സർവതും ത്യജിക്കൽ അങ്ങനെ പലതും. എന്നാൽ, നിരാശയുടെ നേരിയൊരു ലാഞ്ഛന ആ വാക്കുകളിലുണ്ടോ എന്നും തോന്നിപ്പോകും. ആ മാസത്തിൽത്തന്നെ, താനൊരിക്കലും നാല്പതു വയസ്സു പൂർത്തീകരിക്കില്ലെന്ന് മാക്ലിയോഡിനോട് സ്വാമിജി പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹത്തിനു വയസ്സ് 39... ആ കർമയോഗിയുടെ അന്ത്യദിനത്തിലെ സംഭവങ്ങൾ ശങ്കർ 'The Monk as Man' എന്ന അദ്ദേഹത്തിന്റെ കൃതിയിൽ ക്രോഡീകരിച്ചിട്ടുണ്ട്.
അതിരാവിലേ സ്വാമിജി അദ്ദേഹത്തിന്റെ മുറിയിൽനിന്നു പുറത്തേക്കു വന്നു. പിന്നീട് പ്രാർഥനയ്ക്കായി പൂജാമുറിയിലേക്ക്. അനാരോഗ്യത്തിന്റെ ലക്ഷണങ്ങളൊന്നും സ്വാമിജിയിലുണ്ടായിരുന്നില്ല.

പ്രാതൽ കഴിക്കുന്ന വേളയിൽ സ്വാമിജി സന്തോഷവാനായിരുന്നു. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിച്ചു. പല തമാശകളും പറഞ്ഞു. പതിവുപോലെ അദ്ദേഹം ചായ, കാപ്പി, പാൽ എന്നിവ കഴിച്ചു. ആ വർഷത്തെ ആദ്യത്തെ ഹിൽസ മത്സ്യം കൊണ്ടുവന്നിരുന്നു. കിഴക്കൻ ബംഗാളിൽനിന്നുള്ള ഒരു ശിഷ്യനോടു സ്വാമിജി തമാശ പറഞ്ഞു. കിഴക്കൻ ബംഗാളിൽ വർഷത്തിലെ ആദ്യ ഹിൽസ മത്സ്യത്തെ പൂജിക്കുന്ന പതിവുണ്ട്. തന്റെ ശിഷ്യനോട് (മഠത്തിൽ കൊണ്ടുവന്ന) ഹിൽസയെ ആചാരപൂർവം പൂജിക്കാൻ സ്വാമിജി നിർദേശിച്ചു.

സ്വാമി പ്രേമാനന്ദയുമായി അദ്ദേഹം സംസാരിക്കുകയും തമാശ പറയുകയും ചെയ്തു. പ്രേമാനന്ദനുമൊത്ത് പ്രഭാതസവാരി. വർത്തമാനത്തിനിടെ സ്വാമിജി അദ്ദേഹത്തോടു പറഞ്ഞു: 'എന്തിനാണ് താങ്കൾ എന്നെ അനുകരിക്കുന്നത്? ടാക്കൂർ (ശ്രീരാമകൃഷ്ണൻ) അതു നിരോധിച്ചിട്ടുണ്ടല്ലോ. ഞാൻ ചെയ്തിരുന്നതുപോലെ അബദ്ധങ്ങൾ കാണിക്കാതിരിക്കൂ.'

രാവിലെ 8.30 ന് സ്വാമി വിവേകാനന്ദൻ സ്വാമി പ്രേമാനന്ദനോടു പറഞ്ഞു: 'വാതിലുകളടയ്ക്കുക. പൂജാമുറി സജ്ജീകരിക്കൂ.' ധ്യാനത്തിനായി അദ്ദേഹം തനിയേ പൂജാമുറിയിൽ പ്രവേശിച്ചു. 11 മണിക്ക് സ്വാമിജിയുടെ ധ്യാനം അവസാനിച്ചു. അദ്ദേഹം കാളിയെ പ്രകീർത്തിച്ചുകൊണ്ട് ഒരു ബംഗാളിഗീതം മധുരമായി ആലപിച്ചു- 'മാ ക ആമാർ കാലൊ, കാലോ രൂപാ എലോകേഷി ഹൃദി പൊദ്ദൊ കൊരേ ആലോ...' (എന്റെ അമ്മ ശ്യാമളയാണോ? ഹൃദയാംബുജം പ്രകാശിപ്പിക്കുന്ന, അഴിച്ചിട്ട കാർകൂന്തലോടുകൂടിയ അവർ...)

പതിനൊന്നരയ്ക്ക് സ്വാമിജി ഉച്ചഭക്ഷണം കഴിച്ചു. അദ്ദേഹം ഹിൽസക്കറിയും ചോറും ഉപ്പേരികളും അമ്പലും (മറ്റൊരുതരം മത്സ്യക്കറി) ആസ്വദിച്ചു കഴിച്ചു. ബേലൂർ മഠത്തിലുള്ള എല്ലാവരുടെയും കൂടെയായിരുന്നു ഭക്ഷണം. 'ഏകാദശിവ്രതം എന്റെ ആഹാരത്തോടുള്ള താത്‌പര്യം വർധിപ്പിച്ചിരിക്കുന്നു. പാത്രങ്ങൾപോലും തിന്നാനുള്ള പ്രലോഭനം വളരെ പ്രയാസപ്പെട്ടാണ് ഞാൻ അടക്കിനിർത്തുന്നത്!', അദ്ദേഹം പറഞ്ഞു. ഏകദേശം പന്ത്രണ്ടര മണിയായപ്പോൾ സ്വാമിജി പത്തിരുപതു മിനിറ്റു വിശ്രമിച്ചു. ശേഷം സ്വാമി പ്രേമാനന്ദനോടു പറഞ്ഞു: 'വരൂ! ഒരു സന്ന്യാസി പകൽ ഉറങ്ങാൻ പാടില്ല... ഇന്നെനിക്കുറങ്ങാൻ കഴിഞ്ഞില്ല. ധ്യാനാനന്തരം എനിക്കു തലവേദനയനുഭവപ്പെടുന്നു.'

പിന്നീട് ഉച്ചമുതൽ വൈകുന്നേരം നാലു മണിവരെ അദ്ദേഹം നിശ്ചയിച്ചതിനെക്കാൾ നേരത്തേ ബ്രഹ്മചാരികളെയും ശിഷ്യന്മാരെയും സംസ്കൃതവ്യാകരണം പഠിപ്പിച്ചു. (പാണിനിയുടെ ലഘുസിദ്ധാന്തകൗമുദിയാകാം പഠിപ്പിച്ചത്). അതിനുശേഷം സ്വാമിജി അല്പം ക്ഷീണിതനായി കാണപ്പെട്ടു.

വൈകുന്നേരം 4 മണിക്ക് സ്വാമി വിവേകാനന്ദൻ ഒരു കോപ്പ ചൂടുപാൽ കഴിച്ചു. പ്രേമാനന്ദനോടൊപ്പം ബേലൂർ ബസാറിലേക്കു നടക്കാൻ പോയി. അവർ ഏകദേശം രണ്ടു മൈൽ നടന്നു. കുറെക്കാലമായി അദ്ദേഹം അത്രയും ദൂരം നടന്നിട്ട്. അഞ്ചുമണിയായപ്പോൾ സ്വാമിജി മഠത്തിലേക്ക് തിരിച്ചുവന്നു. 'കുറെ ദിവസങ്ങളായി ഇത്രയും സുഖമെനിക്കു തോന്നിയിട്ടില്ല' - ഒരു മാവിൻചുവട്ടിലിരുന്ന്, സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു. സ്വാമിജി പുകവലിക്കുകയും കുളിമുറിയിൽ പോയി തിരിച്ചുവരികയും ചെയ്തു. വളരെ സുഖം തോന്നുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. അവിടെവെച്ച് സ്വാമി രാമകൃഷ്ണാനന്ദയുടെ പിതാവ് ഈശ്വർചന്ദ്ര ഭട്ടാചാര്യയോട് അദ്ദേഹം കുറച്ചു നേരം സംസാരിച്ചു.

വൈകുന്നേരം ആറര മണിയായിക്കാണും. മഠത്തിലെ ഏതാനും സന്ന്യാസിമാർ ചായ കുടിച്ചുകൊണ്ടിരുന്നു. തനിക്കും ഒരു കപ്പ് ആവാമെന്ന് സ്വാമിജി അറിയിച്ചു. പ്രത്യേകിച്ചൊന്നും ഉണ്ടായില്ല. എല്ലാം പതിവുപോലെ. ഏഴു മണിക്ക് സന്ധ്യാപൂജയ്ക്കു മണിയടിച്ചു. തുടർന്ന് സ്വാമി വിവേകാനന്ദൻ തന്റെ മുറിയിലേക്കു പോയി. കിഴക്കൻബംഗാളിൽനിന്നുള്ള ബ്രഹ്മചാരി ബ്രജേന്ദ്ര കൂടെയുണ്ടായിരുന്നു. സ്വാമിജി അദ്ദേഹത്തിന്റെ ജപമാല ആവശ്യപ്പെടുകയും ബ്രജേന്ദ്രയോടു മുറിക്കു പുറത്തു പോയി ധ്യാനിക്കാൻ നിർദേശിക്കുകയും ചെയ്തു. ഗംഗയുടെ മറുകരയിലുള്ള ദക്ഷിണേശ്വറിനെ അഭിമുഖീകരിച്ച് സ്വാമിജി ധ്യാനലീനനായി. ഏഴേമുക്കാലിന് സ്വാമിജി ബ്രജേന്ദ്രയെ വിളിച്ച് തനിക്കു ചൂടെടുക്കുന്നുണ്ടെന്നും ജനാലകൾ തുറന്നിടണമെന്നും പറഞ്ഞു. അദ്ദേഹം നിലത്തു വിരിച്ചിട്ട കിടക്കയിൽ കിടന്നു. ജപമാല കൈയിലുണ്ടായിരുന്നു. 'എന്നെ വീശേണ്ടതില്ല, ദയവായി എന്റെ കാലൊന്നു തിരുമ്മിത്തരാമോ' എന്ന് സ്വാമിജി ബ്രജേന്ദ്രയോടു ചോദിച്ചു.

രാവു കനത്തുകൊണ്ടിരുന്നു. ഒൻപതു മണിയായി. സ്വാമിജി മലർന്നുകിടന്നു. പിന്നീടദ്ദേഹം പ്രയാസപ്പെട്ട് വലതുവശത്തേക്കു ചരിഞ്ഞു. അല്പനേരം വലതുകൈ വിറച്ചുകൊണ്ടിരുന്നു. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. തുടർന്ന് അദ്ദേഹം ഒരു കുട്ടിയെപ്പോലെ തേങ്ങിക്കരയാൻ തുടങ്ങി. സമയം 9.02-9.10. സ്വാമി വിവേകാനന്ദൻ ദീർഘമായി ശ്വസിച്ചു. അദ്ദേഹത്തിന്റെ തല അല്പമൊന്നിളകി. പിന്നീട് ശിരസ്സ് തലയിണയിൽ ഒരു വശത്തേക്കു ചരിഞ്ഞു. കൃഷ്ണമണി വലുതായിവന്നു. മുഖത്തൊരു ദിവ്യപ്രകാശം പരന്നു. ചുണ്ടിൽ നേർത്ത പുഞ്ചിരി...

ഒൻപതര മണിയായപ്പോഴേക്കും എല്ലാവരും ഓടിയെത്തി. സ്വാമിജി ഒരു മയക്കത്തിലമർന്നുപോയതാണെന്നാണ് അവർ ആദ്യം കരുതിയത്. സ്വാമി ബോധാനന്ദൻ സ്വാമിജിയുടെ നാഡി പരിശോധിച്ചു. പിന്നീട് അദ്ദേഹം കരയാൻ തുടങ്ങി. 'വേഗം പോകൂ, ഡോ. മഹേന്ദ്ര മജുംദാറിനെ വിളിച്ചുകൊണ്ടുവരൂ' എന്ന് ആരോ പറഞ്ഞു. ഗംഗയുടെ മറുകരയിൽ ബാരാനഗറിലാണ് ഡോക്ടർ താമസിച്ചിരുന്നത്. സ്വാമി പ്രേമാനന്ദനും സ്വാമി നിശ്ചയാനന്ദനും സ്വാമിജിയെ സമാധിയിൽനിന്നുണർത്താൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ രാമകൃഷ്ണനാമം ഉറക്കെയുറക്കെ ആവർത്തിച്ചു ജപിച്ചുകൊണ്ടിരുന്നു. ആശങ്കയും സംഘർഷവും മുറ്റിനിന്ന അന്തരീക്ഷം. എല്ലാവരും ഡോ. മജുംദാറെ കാത്തിരിക്കയാണ്. രാത്രി പത്തരയോടെ ഡോ. മജുംദാറും സ്വാമി ബ്രഹ്മാനന്ദനും സ്വാമി ശാരദാനന്ദനും ബേലൂർ മഠത്തിലെത്തി. ഡോ. മജുംദാർ സ്വാമി വിവേകാനന്ദനെ പരിശോധിക്കുകയും ഹൃദയസ്പന്ദനം നിലച്ചതായി മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം സ്വാമിജിക്കു കൃത്രിമശ്വാസോച്ഛ്വാസം നല്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

12 മണി. അർധരാത്രി... സ്വാമി വിവേകാനന്ദൻ മരണപ്പെട്ടുവെന്ന് ഡോ. മജുംദാർ സ്ഥിരീകരിച്ചു. ഹൃദ്രോഗമാണ് മരണകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39 വർഷവും അഞ്ചു മാസവും 24 ദിവസവും ജീവിച്ച വിവേകാനന്ദൻ ലോകത്തോടു വിടപറഞ്ഞു. 'ഞാൻ നാല്പതു വയസ്സുവരെ ജീവിക്കില്ല' എന്ന സ്വാമിജിയുടെ പ്രവചനം അന്വർഥമായി...'

മരിക്കുന്നതിനു കുറച്ചു മാസം മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകളും പ്രവചനാത്മകമായിരുന്നു. 'ബേലൂർ മഠത്തിൽ പ്രസരിച്ചുകൊണ്ടിരിക്കുന്ന ആത്മീയശക്തി ആയിരത്തിയഞ്ഞൂറു വർഷം ഇതേപോലെ പ്രോജ്ജ്വലമായി തുടരും. അതൊരു വൻ സർവകലാശാലയായിത്തീരും. അതൊന്നും ഞാൻ ഭാവനയിൽ കാണുകയാണെന്ന് കരുതേണ്ട; യഥാർഥത്തിൽ കാണുകതന്നെയാണ്.'

മരണമടയുന്നതിന് ഏതാനും ദിവസം മുൻപ്, ജൂലായ് ഒന്നാംതീയതി, ബേലൂർ മഠവളപ്പിലൂടെ നടന്നുകൊണ്ടിരുന്നപ്പോൾ, ഗംഗാതീരത്തെ ഒരു പ്രത്യേക സ്ഥലം ചൂണ്ടി സ്വാമിജി പറഞ്ഞു: 'ഞാനെന്റെ ശരീരം ഉപേക്ഷിക്കുമ്പോൾ, എന്നെ അവിടെ സംസ്കരിക്കുന്നതായിരിക്കും എനിക്കിഷ്ടം.' മറ്റൊരിക്കൽ ഒരു ശിഷ്യനോട് താൻ മരണത്തിന് എല്ലാ നിലയ്ക്കും തയ്യാറായിരിക്കുന്നുവെന്ന് സ്വാമിജി പറയുകയുണ്ടായി.
മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചെമ്പരത്തിപ്പൂപോലെ ചുവന്നിരുന്നു. മൂക്കിൽനിന്നും വായിൽനിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം എന്നായിരുന്നു ഡോ. ബിപിൻ ബിഹാരി ഘോഷിന്റെ അഭിപ്രായം. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോ. മജുംദാർ ഉറപ്പിച്ചു പറഞ്ഞു.

സിസ്റ്റർ നിവേദിത രാവിലെ ഏഴു മണിക്ക് ബേലൂർ മഠത്തിലെത്തി. അവർ വന്ദ്യഗുരുവിന്റെ നിശ്ചേതനമായ ശരീരത്തിനു സമീപത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ അവർ മൃതദേഹത്തിൽ വിശറികൊണ്ട് വീശിക്കൊണ്ടിരുന്നു. സ്വാമിജിയുടെ സഹായിയായ ബ്രഹ്മചാരി നദുവാണ് (ഹരേൻ) വാർത്ത അനുജൻ ഭൂപേന്ദ്രനാഥിനെ അറിയിച്ചത്. അദ്ദേഹം അമ്മ ഭുവനേശ്വരീദേവിയെയും മുത്തശ്ശിയെയും മരണവൃത്താന്തമറിയിച്ചു. മൂത്ത മകനും ഏറ്റവും പ്രിയങ്കരനുമായ ബിലുവിന്റെ വേർപാട് ഭുവനേശ്വരീദേവിയെ മാനസികമായി തകർത്തു. മകനെക്കുറിച്ചോർക്കുന്തോറും ആ അമ്മയുടെ ഹൃദയത്തിൽ വേദന തീവ്രമായി. അവർ പൊട്ടിക്കരഞ്ഞു; മുത്തശ്ശിയും. അവരെയിരുവരെയും സമാശ്വസിപ്പിക്കാൻ അടുത്ത വീട്ടിലെ ഒരു സ്ത്രീ വന്ന കാര്യവും മറ്റും ഭൂപേന്ദ്രനാഥ് ഉള്ളിൽത്തട്ടുംവിധം വിശദീകരിച്ചിട്ടുണ്ട്. ജ്യേഷ്ഠൻ മരണമടയുമ്പോൾ ഭൂപേന്ദ്രനാഥിന് 22 വയസ്സായിരുന്നു പ്രായം.

ഭൂപേന്ദ്രനാഥും നദുവും ബേലൂർ മഠത്തിലേക്കു പോയി. അവിടെ മഠത്തിലെ സന്ന്യാസിമാരോടൊപ്പം സിസ്റ്റർ നിവേദിതയും അടുത്ത ബന്ധമുള്ള അതുൽചന്ദ്ര ഘോഷും ഉണ്ടായിരുന്നു. മകനെ അവസാനമായൊരുനോക്കു കാണാൻ അമ്മ ഭുവനേശ്വരീദേവി ഏറ്റവും മൂത്ത പേരമകൻ ബ്രജ്മോഹൻ ഘോഷിനോടൊപ്പം ബേലൂർ മഠത്തിലെത്തി.

ഇതിനു മുൻപ് എത്രയോ തവണ മകനെ കാണാനും കുടുംബകാര്യങ്ങളും വീട്ടുകാര്യങ്ങളും സ്വത്തുകേസും പ്രാരബ്ധങ്ങളും മറ്റും പറയാനും ആ അമ്മ ബേലൂർ മഠത്തിൽ വന്നിരിക്കുന്നു. 'വീരു'വായും 'നരേനാ'യും 'സ്വാമി വിവേകാനന്ദനാ'യും പകർന്നാടിയ മകനുമായി ബന്ധപ്പെട്ട സംഭവപരമ്പരകൾ അമ്മയുടെ മനസ്സിലൂടെ നിലയ്ക്കാത്തൊരു പ്രവാഹമായൊഴുകി. മകനുവേണ്ടി അമ്മയും അമ്മയ്ക്കുവേണ്ടി മകനും സഹിച്ച കദനത്തിന്റെ എണ്ണമറ്റ കഥകൾ... അവസാനം മകനോടൊപ്പം നടത്തിയ തീർഥയാത്രക്കാലത്താണ് ഏറെക്കാലത്തിനുശേഷം തുടർച്ചയായി ഏതാനും ദിനങ്ങൾ നരേന്റെ കൂടെ അമ്മ ജീവിച്ചത്.

ആത്മഹർഷത്തിന്റെ നാളുകൾ. ഇനി തന്റെ ലോകത്തിൽ എപ്പോഴും തന്നെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരുന്ന പ്രിയപ്പെട്ട മകനില്ല. അവന്റെ ആത്മാവ് പഞ്ചഭൂതങ്ങളിൽ ലയിച്ചുകഴിഞ്ഞിരിക്കുന്നു. എപ്പോഴും കുസൃതിയും കുറുമ്പും വികൃതിയും കാട്ടി ഒരു നിമിഷംപോലും സ്വസ്ഥത തരാതിരുന്ന നരേൻ വളർന്നുവലുതായി. വേദാന്തത്തിന്റെ മഹോപാസകനായി; ആധ്യാത്മികതയുടെ മറുകര കണ്ടു. വിശ്വപ്രശസ്തനായി... ഇപ്പോൾ, ഇവിടെ ചലനമറ്റ് നിശ്ചേതനായി ശയിക്കുന്നു... അമ്മ ദീനദീനം വിലപിച്ചു. ഹൃദയം എരിഞ്ഞുകൊണ്ടിരിക്കുന്നൊരു നെരിപ്പോടായി. പുത്രവിയോഗത്തിൽ തപിച്ചുകൊണ്ടിരുന്ന അമ്മയെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ സന്ന്യാസികൾ പറഞ്ഞു.

അമ്മ പേരമകനോടൊപ്പം ബേലൂർ മഠത്തിൽനിന്നു തിരിച്ചുപോകുമ്പോൾ കണ്ണീരോടെ നിവേദിത അവരോടു വിടപറഞ്ഞു. ചിതയ്ക്കു തീകൊളുത്തുന്ന നേരത്താണ് പ്രശസ്ത നാടകപ്രവർത്തകനായ ഗിരീഷ്ചന്ദ്ര ഘോഷ് വന്നത്. അഗാധമായൊരു ദീർഘനിശ്വാസത്തോടെ സ്വാമി നിരഞ്ജനാനന്ദ അദ്ദേഹത്തോടു പറഞ്ഞു: 'നരേൻ പോയി'. ഉടനെ ഗിരീഷ് ചന്ദ്ര തിരുത്തി: 'ഇല്ല, പോയിട്ടില്ല. (നരേൻ) നശ്വരമായ തന്റെ ശരീരം ഉപേക്ഷിച്ചിട്ടേയുള്ളൂ'. അവിടെയുണ്ടായിരുന്നൊരു ബ്രഹ്മചാരിയോട് ചുമന്ന ചായത്തിൽ മുക്കിയെടുത്ത ഒരു തൂവാലയിൽ സ്വാമിജിയുടെ പാദമുദ്രകൾ പതിപ്പിക്കാൻ നിരഞ്ജനാനന്ദ ആവശ്യപ്പെട്ടു. അപ്പോൾ നിവേദിത, ഗിരീഷ് ചന്ദ്രയോടു ചോദിച്ചു: 'എന്തിനാണവർ അമ്മയോട് ഇത്ര വേഗം അവിടം വിടാൻ ആവശ്യപ്പെട്ടത്?' സന്ന്യാസിമാരുടെയിടയിൽ നിലവിലുള്ള സമ്പ്രദായങ്ങളെക്കുറിച്ച് ഗിരീഷ് വിശദീകരിച്ചു.

വൈകുന്നേരം ആറു മണിയോടെ സംസ്കാരകർമങ്ങൾ അവസാനിച്ചു. സംസ്കാരസമയത്ത് സിസ്റ്റർ നിവേദിതയ്ക്ക് അസാധാരണമായ ഒരനുഭവമുണ്ടായി. അതിനെക്കുറിച്ച് ജോസഫൈൻ മാക്ലിയോഡിനെഴുതിയ കത്തിൽ അവർ വിവരിക്കുന്നുണ്ട്. 'രണ്ടു മണിക്ക് ഞങ്ങളവിടെ നില്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കിടക്കയുടെ തലയ്ക്കൽ ഒരു തുണിയുണ്ടായിരുന്നു. സ്വാമി ശാരദാനന്ദയോടു ഞാൻ ചോദിച്ചു: 'ഇതും കത്തിക്കാൻ പോകയാണോ? അദ്ദേഹം അവസാനമായി ധരിച്ച വസ്ത്രമാണിത്.' സ്വാമി ശാരദാനന്ദ അതെനിക്കു നല്കാമെന്നു പറഞ്ഞു. എനിക്ക് അതിന്റെ മൂലയിൽനിന്ന് ഒരു കഷണം കിട്ടിയാൽ മതിയായിരുന്നു. 'ജോസഫൈനുവേണ്ടിയാണ്' അതെന്നു ഞാൻ പറഞ്ഞു. കത്തിയോ കത്രികയോ ഒന്നും കൈവശമുണ്ടായിരുന്നില്ല. പിന്നെ അതിന്റെ അനൗചിത്യമോർത്തു ഞാൻ ഒന്നും ചെയ്തില്ല. അഞ്ചു മണിക്കോ ആറുമണിക്കോ കൈയിലാരോ വലിക്കുന്നതുപോലെ തോന്നി. ഞാൻ നോക്കിയപ്പോൾ ആ തുണിയുടെ ഒരു കഷണം പട്ടടയിൽനിന്നു പാറി എന്റെ കാൽക്കൽ വീണിരിക്കുന്നു! ഞാൻ അതെടുത്തു സൂക്ഷിച്ചു. മരണത്തിനപ്പുറത്തുനിന്ന് അദ്ദേഹം നിനക്കെഴുതിയ എഴുത്താണിത്!' മാക്ലിയോഡിനു നിവേദിതയെഴുതിയ വാക്കുകളിൽ കണ്ണീർ പുരണ്ടിരുന്നു.

സ്വാമി വിവേകാനന്ദന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശങ്കർ തന്റെ രചനയിൽ ചില സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നു തോന്നുന്നതിനാൽ ഇവിടെ ഉദ്ധരിക്കട്ടെ:
$ വിവേകാനന്ദന്റെ ഭൗതികശരീരം ബേലൂർ മഠത്തിന്റെ പരിസരത്തു സംസ്കരിക്കാൻ അനുവാദം നല്കാൻ മുനിസിപ്പാലിറ്റി താമസിച്ചത് എന്തുകൊണ്ടാണ്?
$ ശ്രീരാമകൃഷ്ണന്റെ മരണസർട്ടിഫിക്കറ്റ് പല ഗവേഷകരും കണ്ടിട്ടുണ്ട്. ആരെങ്കിലും വിവേകാനന്ദന്റെ മരണസർട്ടിഫിക്കറ്റ് കണ്ടിട്ടുണ്ടോ?
$ വിശ്വപ്രസിദ്ധനായിരുന്നു വിവേകാനന്ദൻ. അദ്ദേഹത്തിന്റെ സംസ്കാരക്രിയകൾ ജൂലായ് അഞ്ചാംതീയതി വൈകുന്നേരത്തോടെ അവസാനിച്ചു. സ്വാമിജിയുടെ ചരമത്തെക്കുറിച്ച് പിറ്റേന്നു പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടായിരുന്നു?
$ അനുശോചനയോഗത്തിൽ ആധ്യക്ഷ്യം വഹിക്കാൻ രണ്ടു ഹൈക്കോടതി ജഡ്ജിമാരോട് അപേക്ഷിച്ചിരുന്നു. പക്ഷേ, ആ അപേക്ഷ അവർ പുച്ഛിച്ചുതള്ളുകയാണുണ്ടായത്. ബംഗാളിൽ ഒരു ഹിന്ദുരാജാവായിരുന്നെങ്കിൽ വിവേകാനന്ദനെ മുൻപേ തൂക്കിക്കൊന്നിട്ടുണ്ടാവും എന്നുവരെ അവരിലൊരാൾ പറഞ്ഞു.
$ സ്വാമി വിവേകാനന്ദനെ സംസ്കരിച്ച സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ, അതിന്റെ നിർമാണം തുടങ്ങിയത് 1907 ജനുവരിയോടെയായിരുന്നു. അതു പൂർത്തിയായതോ, വർഷങ്ങൾ ഏറെക്കഴിഞ്ഞ് 1924 ജനുവരി രണ്ടാംതീയതിയും. ഈ സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഇത്രയും കാലതാമസം എന്തുകൊണ്ടുണ്ടായി?

'എനിക്ക് ഈയൊരു നിഗമനത്തിലെത്താനേ കഴിയൂ. മാനവരാശിയുടെ ഹൃദയം കീഴടക്കിയ ആ മഹാപുരുഷനെ മനസ്സിലാക്കാൻ സ്വന്തം നാട്ടുകാർക്ക് വളരെയധികം സമയം വേണ്ടിവന്നു. ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടായി രാമകൃഷ്ണ മിഷൻ ആ ഉജ്ജ്വലതേജസ്വിയുടെ ദർശനം സജീവമായി സംരക്ഷിക്കുന്നു. അവരില്ലായിരുന്നുവെങ്കിൽ നാമിന്നു വിവേകാനന്ദനെപ്പറ്റി അറിയുകയില്ലായിരുന്നു', എന്നുകൂടി സ്വാമി വിവേകാനന്ദന്റെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ശങ്കർ എഴുതി.

ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും തമ്മിലുള്ള വ്യത്യസ്തതകളെന്തൊക്കെയാണെന്ന് സിസ്റ്റർ നിവേദിതയോടു ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. 'കഴിഞ്ഞ 1500 വർഷമായി ഭാരതം ചിന്തിച്ച കാര്യങ്ങളുടെയെല്ലാം പ്രതീകമാണ് ശ്രീരാമകൃഷ്ണൻ. സ്വാമി വിവേകാനന്ദനാകട്ടെ, വരുന്ന 1500 കൊല്ലം ഇന്ത്യ ചിന്തിക്കാൻ പോകുന്ന കാര്യങ്ങളുടെയെല്ലാം പ്രതീകവും!' സ്വാമി വിവേകാനന്ദന്റെ സമാധിയെത്തുടർന്ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങൾ ആ മഹദ്ചരിതനു മുന്നിൽ പ്രണാമങ്ങളർപ്പിച്ചു. 1902 ജൂലായ് 13-ാം തീയതി ഹിന്ദു ദിനപത്രം പത്രാധിപക്കുറിപ്പിൽ ഇപ്രകാരം എഴുതി:'ഇന്ത്യയിലാണ് സ്വാമി വിവേകാനന്ദൻ ജനിച്ചതെന്നതിൽ നാമിന്ന് അഭിമാനിക്കുന്നു. ചരിത്രത്താളുകളിൽ അദ്ദേഹത്തിന്റെ സ്മരണ നിറഞ്ഞുനില്ക്കുന്നു. മാനവരാശിയിലെ ഏറ്റവും മഹത്തുക്കളുടെ നിരയിലാണ് സ്വാമി വിവേകാനന്ദന്റെ സ്ഥാനം. അവരോടൊപ്പം അദ്ദേഹത്തിന്റെ ഓർമകളും സ്നേഹാദരങ്ങളർഹിക്കുന്നു.'

1902 ജൂലായ് 14-ാം തീയതി മൈസൂർ ഹെറാൾഡ് പത്രം എഴുതി: 'ഇന്ത്യയുടെ ആത്മീയപുത്രന്മാരിൽ സ്വാമി വിവേകാനന്ദൻ ഏറ്റവും മുൻനിരയിൽ നിലകൊള്ളുന്നു... ഹിന്ദുമതത്തിന്റെയും ദർശനത്തിന്റെയും മഹാപണ്ഡിതനായിരുന്നു അദ്ദേഹം.' ഈശ്വരനെത്തേടി ദക്ഷിണേശ്വരത്തെ പൂജാരിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ സമീപമെത്തിയ നരേന്ദ്രനാഥിന്റെ ജീവിതം വളരെ ഹ്രസ്വമായിരുന്നു. അതിനിടയ്ക്കു നിരവധി പുരുഷായുസ്സുകൾകൊണ്ട് പൂർത്തിയാക്കാനാവാത്ത ദൗത്യങ്ങൾ ആ ഐതിഹാസികനായകൻ പൂർത്തിയാക്കി.

1900 ഏപ്രിലിൽ അൽമോറയിൽനിന്ന് സ്വാമിജി ജോസഫൈൻ മാക്ലിയോഡിനെഴുതി: 'ജനിച്ചതിൽ ഞാൻ ആഹ്ലാദിക്കുന്നു; ദുരിതങ്ങൾ അനുഭവിച്ചതിൽ ഞാൻ ആഹ്ലാദിക്കുന്നു. ശാന്തിയിലേക്കു പ്രവേശിക്കുന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു. ഈ ശരീരം ഇടിഞ്ഞുവീണ് എനിക്കു മോചനം തന്നാലും ഈ ശരീരത്തിലിരുന്നുതന്നെ സ്വാതന്ത്ര്യം അനുഭവിച്ചാലും ആ പഴയ വിവേകാനന്ദൻ ഇങ്ങിനി വരാത്തവണ്ണം പോയ്മറഞ്ഞിരിക്കുന്നു. വഴികാട്ടിയും ഗുരുവും നേതാവും ആചാര്യനുമായ വിവേകാനന്ദൻ പോയ്ക്കഴിഞ്ഞു. ബാലനും ശിഷ്യനും ദാസനും മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്റെ കർമങ്ങളുടെ പിന്നിൽ ഉത്‌കർഷേച്ഛയായിരുന്നു; എന്റെ സ്നേഹത്തിനു പിന്നിൽ വ്യക്തിപരതയായിരുന്നു; എന്റെ വിശുദ്ധിക്കു പിന്നിൽ ഭയമായിരുന്നു; എന്റെ മാർഗദർശനത്തിനു പിന്നിൽ ശക്തിയുടെ തള്ളലായിരുന്നു. ഇപ്പോൾ അവയൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഞാൻ ഇടറിപ്പോവുകയും ചെയ്യുന്നു. ഞാൻ വരുന്നൂ അമ്മേ, ഞാൻ വരുന്നൂ!' മരണത്തിന് ഏകദേശം രണ്ടു വർഷം മുൻപെഴുതിയ ഈ വചനങ്ങൾ വികാരാർദ്രമെന്നപോലെ ദാർശനികാത്മകവുമാണ്. മരണം വരിക്കാൻ സ്വാമിജി സന്നദ്ധനായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മഹാദാർശനികനായ വിവേകാനന്ദൻ എല്ലാം മുൻകൂട്ടിയറിഞ്ഞു. എന്തിനെയും നേരിടാൻ സജ്ജമായിരുന്നു പരിപക്വമായ സ്വാമിജിയുടെ മനസ്സ്. അവസാനശ്വാസംവരെയും ഭാരതത്തിന്റെ സർവതോമുഖമായ ഉന്നമനം മാത്രമായിരുന്നു ആ ധീരദേശാഭിമാനിയുടെ മനസ്സിൽ. അതിന്റെ സാക്ഷാത്‌ക്കാരത്തിനുവേണ്ടിയായിരുന്നു ത്യാഗോജ്ജ്വലമായ സ്വാമി വിവേകാനന്ദന്റെ ജീവിതം.

ശങ്കർ തന്റെ കൃതിയിൽ സ്വാമിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പല വസ്തുതകളും അനാവരണം ചെയ്തിട്ടുണ്ട്. മാനുഷികവികാരങ്ങളും ഭാവങ്ങളും ചിന്തകളും സമഞ്ജസമായി മേളിച്ച സ്വാമി വിവേകാനന്ദൻ ജനമനസ്സുകളിൽ എന്നെന്നും ജീവിക്കുമെന്ന് ശങ്കർ അദ്ദേഹത്തിന്റെ രചനയുടെ അന്ത്യത്തിൽ പ്രസ്താവിക്കുന്നു. ആ വാക്കുകൾ അക്ഷരംപ്രതി സത്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

Content Highlights:Excerpt from Vivekanandan Sannayasiyum Manushyanum Written by MP Veerendrakumar