'ഒന്നും കണ്ടില്ല എന്നു കരുതി നടക്കണം...'; കുര്‍ദ് പശ്ചാത്തലത്തില്‍ ഹരിത സാവിത്രിയുടെ നോവല്‍ 'സിന്‍'


ഭീകരപ്രവര്‍ത്തകയെന്ന് മുദ്രകുത്തപ്പെട്ട് ടര്‍ക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാവുന്ന സീത എന്ന യുവതിയുടെ കഥയിലൂടെ കുര്‍ദ്ദിസ്ഥാന്റെ രാഷ്ട്രീയ സാമൂഹിക ജീവിതപശ്ചാത്തലം ലോകത്തോട് വിളിച്ചുപറയുകയാണ് ഹരിത സാവിത്രിയുടെ നോവല്‍ 'സിന്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

ഹരിത സാവിത്രി

കാശത്തേക്കു നീണ്ടുനില്ക്കുന്ന ഇലവുമരത്തിന്റെ സൂചിത്തലപ്പില്‍നിന്നു കായകള്‍ പൊട്ടിച്ചിതറി വീണുതുടങ്ങി. മേഘം അടര്‍ന്നുവീണതുപോലെ പഞ്ഞിത്തുണ്ടുകള്‍ താഴേക്കു പറന്നുവന്നു. നിമിഷനേരത്തിനുള്ളില്‍ ഒരു കരിമ്പടത്തെക്കാള്‍ കനത്തില്‍ അത് സീതയെ പൊതിഞ്ഞു. ശ്വാസംമുട്ടിക്കുന്ന ആ ആവരണത്തില്‍നിന്നു രക്ഷപ്പെടാനായി അവള്‍ കൈകള്‍ ആഞ്ഞുകുടഞ്ഞുകൊണ്ട് കുതറി. പഞ്ഞിയുടെ വെളുത്തു സുതാര്യമായ ശകലങ്ങള്‍ മൂളിപ്പറക്കുന്ന കാറ്റില്‍ തലയ്ക്കു മീതെ വീണ്ടും കുന്നുപോലെ പറന്നുകൂടിക്കൊണ്ടേയിരുന്നു. മൃദുവായ ആഴത്തിലേക്ക് ആരോ വലിച്ചെടുക്കുന്നതുപോലെ സീത പതിയെ മുങ്ങിത്താണു. ശ്വാസംമുട്ടുന്നു. കൈകാലുകള്‍ ആഞ്ഞടിച്ചുകാണ്ട് അല്പം വായുവിനായി അവള്‍ തല നീട്ടിപ്പിടഞ്ഞു. പക്ഷേ, പുറത്തുചാടാന്‍ ശ്രമിക്കുംതോറും തൂവലുകള്‍ കണക്കെ തലയ്ക്കു മീതെ പൊഴിഞ്ഞുകൂടിയ പഞ്ഞിക്കഷണങ്ങള്‍ അവളെ അടിത്തട്ടു കാണാനാവാത്ത അഗാധതയിലേക്ക് അമര്‍ത്തിയാഴ്ത്തി.

'അമ്മേ...' ഒരു നിലവിളിയോടെ സീത ചാടിയെഴുന്നേറ്റു. മുഖത്തു വീണുകിടന്ന നനുത്തുവെളുത്ത കട്ടിയുള്ള പുതപ്പ് വെപ്രാളത്തോടെ അവള്‍ ദൂരേക്ക് വലിച്ചെറിഞ്ഞു. വന്യമായ ഒരു മൂളലോടെ മുറിയിലുണ്ടായിരുന്ന പഴയ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ശ്വാസം കിട്ടാതെ അവള്‍ മുറിയിലെ ഇളംചൂടുള്ള വായു ആര്‍ത്തിയോടെ ആഞ്ഞുശ്വസിച്ചു. കിതപ്പടങ്ങിയതോടെ കാഴ്ചയിലേക്ക് പതിയെ മുറിയിലെ ഉപകരണങ്ങളും ഭിത്തിയില്‍ തറച്ചിരിക്കുന്ന തേങ്ങുന്ന ലില്ലിപ്പൂക്കള്‍ നിറഞ്ഞ താഴ്‌വരയുടെ ചിത്രവും തെളിഞ്ഞുവന്നു.

കണ്ണുകള്‍ ചിമ്മിത്തുറന്ന് മുറിയിലെ ലോഹഫ്രെയിമിനുള്ളിലെ വലിയ ക്ലോക്കിലേക്ക് കുറെ നേരം നോക്കിയിരുന്നിട്ടും സീതയ്ക്കു സ്ഥലകാലബോധം വീണ്ടുകിട്ടിയില്ല. ആറുമണി. സന്ധ്യയാണോ പ്രഭാതമാണോ എന്നവള്‍ക്കു മനസ്സിലായില്ല. പുറത്തുനിന്നുള്ള കാഴ്ചകളെയും പ്രകാശത്തെയും മറച്ചിരുന്ന കനത്ത കര്‍ട്ടനുകള്‍ സൃഷ്ടിച്ച ഇരുട്ട് മാറ്റമില്ലാതെ മുറിക്കുള്ളില്‍ അപ്പോഴും തങ്ങിനിന്നിരുന്നു. വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടുവെങ്കിലും ആലസ്യത്തോടെ പുതപ്പുകള്‍ക്കുള്ളിലെ ഊഷ്മളതയിലേക്കുതന്നെ സീത വീണ്ടും നൂണ്ടിറങ്ങി.

ചെറിയ മണികള്‍ ഒരുമിച്ചു മുഴങ്ങുന്നതുപോലെയുള്ള ശബ്ദം കേട്ട് അവള്‍ പാതിയുറക്കത്തില്‍നിന്ന് വീണ്ടും ഞെട്ടിയുണര്‍ന്നു. ഫോണ്‍ എവിടെയാണ്? തലയണകള്‍ക്കടിയില്‍ പരതിയെടുത്തപ്പോഴേക്കും അത് വീണ്ടും ശബ്ദിച്ചുതുടങ്ങിയിരുന്നു. തിമൂറാണ്. ഹോട്ടലിന്റെ മുന്‍പില്‍ത്തന്നെയുള്ള ടര്‍ക് സെല്ലിന്റെ ഓഫീസില്‍നിന്ന് അവന്‍ സ്വന്തം പേരിലുള്ള ഒരു സിംകാര്‍ഡ് അവള്‍ക്കായി സംഘടിപ്പിച്ചു നല്കിയിരുന്നു.
'എഴുന്നേല്ക്കുന്നില്ലേ?' തിമൂറിന്റെ ശാന്തമായ സ്വരം സ്പീക്കറിലൂടെ മുറിയില്‍ മുഴങ്ങി, 'നിനക്ക് ക്ഷീണമുണ്ടെങ്കില്‍ കിടന്നോളൂ. ഞാന്‍ പോയി അന്വേഷിച്ചുവരാം.'
സീത പതിയെ എഴുന്നേറ്റു. ക്ഷീണംമൂലം അവള്‍ക്കു കാലുകള്‍ ഇടറുന്നതുപോലെ തോന്നി: 'തിമൂര്‍, എനിക്കൊന്നു കുളിക്കണം. ഇരുപതു മിനിട്ടിനുള്ളില്‍ റിസപ്ഷനിലെത്താം.'
'തിടുക്കപ്പെടണ്ട. ആവശ്യത്തിന് സമയമെടുത്തോളൂ.'
കോള്‍ മുറിഞ്ഞു.

ചൂടുവെള്ളത്തില്‍ ഒരു കുളി കഴിഞ്ഞപ്പോഴേക്കും സീതയ്ക്ക് നല്ല ഉന്മേഷം അനുഭവപ്പെട്ടു. തിടുക്കത്തില്‍ ഉണക്കിയ തലമുടി മറയത്തക്ക വിധത്തില്‍ ഓറഞ്ചു നിറത്തിലുള്ള രാജസ്ഥാനി ദുപ്പട്ട ചുറ്റിക്കെട്ടി വെക്കുകയും ഇളം ചുവപ്പു നിറത്തിലുള്ള, കൈത്തണ്ടകള്‍ വരെ മറയ്ക്കുന്ന അയഞ്ഞ കോട്ടന്‍ ഗൗണ്‍ ധരിക്കുകയും ചെയ്തതിനു ശേഷം അവള്‍ കണ്ണാടിയില്‍ നോക്കി. നീരുവെച്ച മുഖവും കരഞ്ഞതുപോലെ വീര്‍ത്ത കണ്ണുകളുമായി കണ്ണാടിയില്‍ നോക്കിനില്ക്കുന്ന ഈ വിചിത്രവേഷധാരിയെ കണ്ടിട്ട് മറ്റാരെയോ പോലെയുണ്ട്. ഒരുമിച്ചു കഴിഞ്ഞ നാളുകളിലൊന്നില്‍ കുളികഴിഞ്ഞിറങ്ങിയപ്പോള്‍ ദേവ്‌റാന്‍, ചൂടുള്ള ചുണ്ടുകള്‍ നനവുള്ള നെറ്റിയില്‍ അമര്‍ത്തി ഇറുകെ കെട്ടിപ്പിടിച്ചത് അവള്‍ ഓര്‍ത്തു. ആ ശരീരത്തിലെ ദൃഢമായ പേശികളുടെ സ്പര്‍ശനത്താലെന്നപോലെ സീതയുടെ ഉടലാകെ കുളിരണിഞ്ഞു. ഇനി കുറച്ചു നേരം, കുറച്ചു ദൂരം മാത്രം. മുഖത്തെ ചുവപ്പു മായ്ക്കാനായി അവള്‍ കവിളുകള്‍ ഒന്നമര്‍ത്തിത്തുടച്ചു.

സമയമായി എന്നോര്‍മപ്പെടുത്താനെന്നവണ്ണം ഫോണിലെ മണികള്‍ വീണ്ടും മുഴങ്ങിയൊടുങ്ങി. പ്രൗഢിയില്‍ അലങ്കരിച്ച റിസപ്ഷനിലെ കറുത്ത സോഫമേല്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന തിമൂര്‍ തിടുക്കത്തില്‍ നടന്നുവരുന്ന സീതയെ ശാസന കലര്‍ന്ന ഭാവത്തില്‍ നോക്കി.
'പതുക്കെ.'അവന്‍ കണ്ണുരുട്ടി.
സീതയ്ക്ക് ചിരി വന്നു. നാട്ടിലായിരുന്നെങ്കില്‍. ചേച്ചി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ അമ്മയുടെ പരക്കംപാച്ചില്‍. പലഹാരങ്ങള്‍ ഒഴിയാത്ത അടുക്കള. ജാനകിയമ്മയുമായി ചേര്‍ന്ന് അമ്മയുണ്ടാക്കിയ പച്ചമരുന്നുകളുടെ മണമൊഴിയാത്ത വീട്. കുഴമ്പു തേച്ചു കുളിച്ചിട്ട് മരുന്നുകഞ്ഞിയും കുടിച്ചു വിശ്രമിക്കുന്ന ചേച്ചിയുടെ മുഖത്തെ ആലസ്യം.
ഞാനിതെവിടെയാണ് ദൈവമേ..! ഉയര്‍ന്നുവന്ന നെടുവീര്‍പ്പ് തിമൂര്‍ കാണാതെ അവള്‍ അടക്കി.
'പേടിക്കണ്ട, നാം വൈകിയിട്ടില്ല. തണുപ്പിന് അല്പം കുറവുണ്ട്. ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങുന്നതേയുള്ളൂ,' അവളുടെ മുഖത്ത് വ്യാപിച്ച മ്ലാനത കണ്ട തിമൂര്‍ പറഞ്ഞു.

വേഷത്തില്‍ കഴിയുന്നത്ര കുര്‍ദുസ്ത്രീകളെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആളുകള്‍ സീതയെ ജിജ്ഞാസയോടെ നോക്കുന്നുണ്ടായിരുന്നു. അവള്‍ എന്തെങ്കിലും വാങ്ങിയേക്കും എന്നു കരുതി വലിയ വളകള്‍ പോലെയുള്ള റൊട്ടികള്‍ മാലപോലെ കോര്‍ത്ത് വില്ക്കാനായി കൊണ്ടുനടക്കുന്ന കുട്ടികള്‍ പുറകെ കൂടി. സ്വര്‍ണനിറമുള്ള ആ റൊട്ടികളില്‍നിന്ന് അപ്പോള്‍ ചുട്ടെടുത്തതുപോലെ ഹൃദ്യമായ സുഗന്ധം വമിച്ചു. അവയുടെ പുറത്തു ലോഭമില്ലാതെ വിതറിയിരിക്കുന്ന മൊരിഞ്ഞ എള്ളിന്‍മണികള്‍ കണ്ടപ്പോള്‍ സീതയ്ക്ക് വീണ്ടും വിശക്കാന്‍ തുടങ്ങി. ഒരെണ്ണം വാങ്ങിയാലോ എന്ന് ആലോചിച്ചുവെങ്കിലും തണുപ്പേറ്റ് ചുവന്ന കവിളുകളുള്ള, മുഷിഞ്ഞ വേഷം ധരിച്ച ആ കുട്ടികള്‍ തിമൂറിനെ അസ്വസ്ഥനാക്കുന്നുവെന്നു തോന്നിയതിനാല്‍ അവള്‍ ആ ചിന്ത ഉപേക്ഷിച്ചു. കര്‍ക്കശമായ ശബ്ദത്തില്‍ അവന്‍ അവരോടു ദൂരെപ്പോകാന്‍ ടര്‍ക്കിഷില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

അങ്ങാടിയില്‍ തിരക്ക് തുടങ്ങിയിരുന്നില്ല. കടകള്‍ തുറന്ന കച്ചവടക്കാര്‍ അവയുടെ വളഞ്ഞ വാതിലുകളുള്ള കവാടങ്ങള്‍ക്കരികില്‍ത്തന്നെ നിറപ്പകിട്ടുള്ള പലതരം മിഠായികളും ഈന്തപ്പഴവും ചോക്ലേറ്റില്‍ മുക്കിയ ആല്‍മണ്ടും നിറച്ചുവെച്ചിരുന്നു. പട്ടണത്തെ ചുറ്റിവളഞ്ഞു കിടക്കുന്ന പുരാതനമായ കോട്ട കാണാനെത്തുന്ന യാത്രക്കാരെ ലക്ഷ്യംവെച്ചുകൊണ്ട് വെള്ളക്കുപ്പികള്‍ ഉയര്‍ത്തിപ്പിടിച്ച് കടകളിലെ സഹായികളായ ചെറിയ കുട്ടികള്‍ മടുപ്പില്ലാതെ വിളിച്ചുകൂവി.
'സൂ... ഒരു ലിറ... സൂ... മഴവെള്ളംപോലെ പരിശുദ്ധം. സൂ... ഒരു ലിറ...'
ഉണങ്ങിയ ആപ്രിക്കോട്ട് പഴങ്ങളും മസാലകളും കൂനയായി കൂട്ടിയിട്ട ഉന്തുവണ്ടികള്‍ തള്ളിനടക്കുന്നവരെയും വഴിയോരത്തെ തുണിക്കച്ചവടക്കാരെയും നീര്‍നിറഞ്ഞ വലിയ തണ്ണിമത്തനുകള്‍ മുറിച്ചുവില്ക്കുന്ന വൃദ്ധരെയും ഇരുണ്ട വയലറ്റു നിറത്തില്‍ കൊഴുത്തുമുറ്റിയ ചെറിപ്പഴങ്ങളുടെ കൂമ്പാരങ്ങള്‍ക്കു പിന്നിലിരുന്നു ക്ഷണിക്കുന്ന പഴക്കച്ചവടക്കാരെയും പിന്നിട്ട് അവര്‍ നടന്നുകൊണ്ടേയിരുന്നു.
'കാപ്പി കുടിച്ചിട്ട് പോകൂ,' ചിലര്‍ സ്‌നേഹത്തോടെ സീതയെ ക്ഷണിച്ചു. എന്തു പറയണമെന്നറിഞ്ഞുകൂടാതെ പരിഭ്രമിച്ച അവളെ കടന്നു തിമൂര്‍ സൗമ്യമായി അത് നിരസിച്ചുകൊണ്ടേയിരുന്നു.

'പേടിക്കണ്ട, കുര്‍ദുകള്‍ അങ്ങേയറ്റം ആതിഥ്യമര്യാദയുള്ളവരാണ്. നീ വിദേശിയാണ് എന്ന് കണ്ടാലറിയാമല്ലോ. നിന്നെ സല്‍ക്കരിക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന് അവര്‍ വിശ്വസിക്കുന്നു,' അവന്‍ ഒരു ചിരിയോടെ പറഞ്ഞു.
കാപ്പിയുടെ മണമുള്ള, തിരക്കേറിയ ഒരു തെരുവായിരുന്നു അത്. സാവധാനം ചലിക്കുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും സൈക്കിളുകളും ഉന്തുവണ്ടികളും ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങി. നിറപ്പകിട്ടുള്ള ചിത്രപ്പണികള്‍ ചെയ്ത കൂറ്റന്‍ മരപ്പാത്രങ്ങളില്‍നിന്ന് കാപ്പിക്കുരു അളന്നുവാങ്ങാനായി സ്ത്രീകള്‍ കടകളുടെ മുന്നില്‍ കൂട്ടംകൂടി നിന്നു. മൊരിഞ്ഞ കാപ്പിക്കുരു സാവധാനം ഇടിച്ചുപൊടിച്ചെടുക്കാനായി വഴിയരികില്‍ത്തന്നെ സ്ഥാപിച്ചിരിക്കുന്ന പിച്ചളകൊണ്ടു നിര്‍മിച്ച തിളങ്ങുന്ന യന്ത്രഉരലുകളുടെ താളനിബദ്ധമായ ശബ്ദവും സുഖകരമായ ഗന്ധവും തണുത്ത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു.
ആ ശബ്ദവും ഗന്ധവും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയുള്ള വീടിന്റെ അടുക്കളമുറ്റത്തേക്ക് സീതയെ കൈപിടിച്ചു കൊണ്ടുപോയി. വീടിന്റെ, അമ്മയുടെ സുഗന്ധം. കാപ്പിക്കൊപ്പം കഴിക്കാനായി സ്വര്‍ണനിറത്തില്‍ വറുത്തെടുത്ത അരിയും മൂത്ത നാളികേരവും ശര്‍ക്കരയും ചേര്‍ത്ത് ഉരലില്‍ ഇടിച്ചു വൈകുന്നേരങ്ങളില്‍ അമ്മയുണ്ടാക്കുന്ന വെളിച്ചെണ്ണ കിനിയുന്ന തവിട്ടു നിറമുള്ള അരിയുണ്ടകളുടെ ഓര്‍മയില്‍ സീതയുടെ നാവില്‍ വെള്ളമൂറി.
തെരുവിന്റെ മറുവശത്ത് ഉണക്കിയ മുളകും തക്കാളിയും പച്ചക്കറികളും മാലപോലെ അടുക്കിക്കോര്‍ത്തിട്ടിരിക്കുന്ന കടകള്‍ക്കപ്പുറം ഒന്നുമില്ല എന്ന് അവള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. തങ്ങള്‍ കടന്നുപോകുന്ന വലിയ തെരുവിലേക്ക് തുറന്നിരിക്കുന്ന ഒരുനിര കെട്ടിടങ്ങള്‍ മാത്രം ബാക്കിവെച്ചുകൊണ്ട് നഗരത്തിന്റെ ഒരുവശം ആരോ മുറിച്ചുമാറ്റിയതുപോലെ കാണപ്പെട്ടു. പ്രധാന തെരുവിന്റെ വേരുകള്‍പോലെ കടകള്‍ക്കിടയിലൂടെ ഉള്ളിലേക്കു പടര്‍ന്നുകിടന്ന ചെറുവഴികള്‍ മുറിച്ചുകൊണ്ട് മൂന്നാള്‍പ്പൊക്കമുള്ള വലിയ സിമന്റ് സ്ലാബുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കടകളുടെ പേരുകള്‍ വായിച്ചുകൊണ്ട് മുന്‍പിലായി നടന്നിരുന്ന തിമൂറിന്റെ ഉടുപ്പില്‍ പിടിച്ചുവലിച്ച് സീത അതവനു കാട്ടിക്കൊടുത്തു.

'കൈ ചൂണ്ടരുത്.' താക്കീതു കലര്‍ന്ന ശബ്ദത്തില്‍ തിമൂര്‍ പറഞ്ഞു, 'ഇവിടെ ഒരു കലാപം നടന്നിട്ട് രണ്ടുവര്‍ഷമായതേയുള്ളൂ. പലതും നീയിവിടെ കാണും. ഒന്നും കണ്ടില്ല എന്നു കരുതി നടക്കണം. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ പെരുമാറരുത്.'
കരിങ്കല്‍പ്പാളികള്‍ പാകിയ തെരുവിലൂടെ ആള്‍ക്കൂട്ടത്തെ ഇരുവശത്തേക്കും മുറിച്ചുകൊണ്ട് ഇരുണ്ട നിറത്തിലുള്ള ഒരു കൂറ്റന്‍ കവചിതവാഹനം മെല്ലെ വരുന്നുണ്ടായിരുന്നു. അതിനു മുകളിലുള്ള തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനത്തെയും അഴിയിട്ട ഗ്ലാസിനു പിന്നില്‍ ആയുധങ്ങളുമായി ചുറ്റും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പോലീസുകാരെയും കണ്ടപ്പോള്‍ സീതയ്ക്കു ഭയം തോന്നി. വഴിയില്‍ കാണുന്ന ഓരോ മുഖത്തെയും പരതി കടന്നുപോകുന്ന അവരുടെ കണ്ണുകളും നീണ്ടുനില്ക്കുന്ന തോക്കിന്‍കുഴലുകളും കണ്ടില്ല എന്നു നടിച്ച് അവള്‍ ആരോടോ സംസാരിച്ചുനില്ക്കുന്ന തിമൂറിനോട് ചേര്‍ന്നുനിന്നു.
ബെദ്യൂ എന്ന വാക്ക് തിമൂര്‍ സംഭാഷണത്തിനിടയ്ക്ക് ആവര്‍ത്തിച്ചു പറയുന്നുണ്ട്. താടി നീട്ടി വളര്‍ത്തിയ തളര്‍ന്ന കണ്ണുകളുള്ള ഒരു ചെറുപ്പക്കാരന്‍ അവന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കുകയും ഗഹനമായി ആലോചിക്കുകയും ചെയ്യുന്നു. മൂക്കില്‍നിന്ന് വളര്‍ന്നുനില്ക്കുന്ന രോമങ്ങളില്‍ പിടിച്ചുവലിക്കുകയും കാടുപിടിച്ച തലയില്‍ മാന്തുകയും ചെയ്തുകൊണ്ട് അല്പനേരം ചിന്തയില്‍ മുഴുകിനിന്നതിനുശേഷം അയാള്‍ ക്ഷമാപണസ്വരത്തില്‍ എന്തോ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് നടന്നുപോയി.

തിമൂര്‍ നിരാശയോടെ സീതയെ നോക്കി. ഈ ചെറിയ പട്ടണത്തിലെ ഒരു ചെരുപ്പുകട. അതെവിടെയാണ് മറഞ്ഞിരിക്കുന്നത്? അവര്‍ വീണ്ടും മുന്നോട്ടു നടന്നു. കബാബുകള്‍ ഉണ്ടാക്കാനുള്ള കരിയടുപ്പുകളും ചെറിയ കണ്ണാടിയലമാരകളും പിടിപ്പിച്ച നാലു ചക്രങ്ങളുള്ള ഉന്തുവണ്ടികള്‍ തള്ളിക്കൊണ്ടുവന്ന കച്ചവടക്കാരും വെള്ളം നിറച്ച ബക്കറ്റുകളും തൂക്കിപ്പിടിച്ചുകൊണ്ട് അവരുടെ പിന്നാലെ നടക്കുന്ന സഹായിപ്പിള്ളേരും തെരുവില്‍ ഒഴിഞ്ഞ ഇടങ്ങള്‍ നോക്കി സ്ഥാനമുറപ്പിക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിലാകെ പുകയുടെയും കനലില്‍ മൊരിയുന്ന മസാലപുരണ്ട ആട്ടിറച്ചിയുടെയും ഗന്ധം പരന്നുതുടങ്ങി.
'നിനക്ക് വിശക്കുന്നുണ്ടോ?' പെട്ടെന്ന് ഓര്‍ത്തതുപോലെ തിമൂര്‍ ചോദിച്ചു. സീതയുടെ തളര്‍ന്ന മുഖത്ത് നോക്കിക്കൊണ്ട് അവന്‍ കുറ്റബോധത്തോടെ പിറുപിറുത്തു: 'ഞാന്‍ നേരത്തേ ചോദിക്കേണ്ടതായിരുന്നു.'

പ്രധാന തെരുവില്‍നിന്ന് അല്പം ഉള്ളിലായി പുകയുടെ ശല്യം അധികമില്ലാത്ത ഒരു സ്ഥലത്ത് കണ്ട ചെറിയ ഭക്ഷണശാലയുടെ മുന്നിലായി വഴിയരികില്‍ത്തന്നെ നിരത്തിയിരുന്ന ഇരിപ്പിടങ്ങളില്‍ അവര്‍ ഇരിപ്പുറപ്പിച്ചു. ആഹാരം കഴിക്കാനെത്തുന്നവരുടെ ഇരിപ്പ് സൗകര്യപ്പെടുത്താനായി അവയില്‍ നിറങ്ങള്‍ വാരിവിതറിയ ചെറുമെത്തകള്‍ ഭംഗിയായി വിതാനിച്ചിരുന്നു.

ചെത്തിക്കൂര്‍പ്പിച്ച ചതുരപ്പെന്‍സില്‍പോലെ മെലിഞ്ഞ ഒരു ഗോപുരം ആ വഴിയുടെ മധ്യത്തില്‍ നാലു കാലുകളില്‍ ഉയര്‍ന്നുനിന്നു. കനത്ത ബാഗുകള്‍ തൂക്കിയ ടൂറിസ്റ്റുകള്‍ അതിനു ചുറ്റും നടക്കുകയും ഫോട്ടോകള്‍ക്കുവേണ്ടി പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഗോപുരത്തിനു തൊട്ടുപിന്നിലായി ആ ഇടവഴി വെട്ടിമുറിച്ചതുപോലെ അവസാനിച്ചു. വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും മറുവശം മറയ്ക്കാനുമായി ഉപയോഗിച്ചിരിക്കുന്ന കൂറ്റന്‍ലോഹത്തകിടുകളിലും കനത്ത കോണ്‍ക്രീറ്റ് ഭിത്തികളിലും സീതയുടെ കണ്ണുകള്‍ അദ്ഭുതത്തോടെ തറഞ്ഞുനിന്നു.

മെനുകാര്‍ഡുമായി വന്ന കടയുടമസ്ഥന്‍ അല്പം ആകാംക്ഷ കലര്‍ന്ന ഭാവവുമായി അവര്‍ക്കു ചുറ്റും തത്തിനടന്നു. സീതയുടെ നോട്ടം പിന്തുടര്‍ന്ന അയാള്‍ അഭിമാനത്തോടെ ആ ഗോപുരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിതറിയ ഇംഗ്ലീഷില്‍ പറഞ്ഞു, 'അഞ്ഞൂറുവര്‍ഷം പഴക്കമുണ്ട്.'
വിഭവങ്ങളുടെ ലിസ്റ്റില്‍നിന്ന് കണ്ണെടുത്ത് തിമൂര്‍ പറഞ്ഞു, 'ശരിയാണ്.' അവന്‍ കാര്‍ഡ് അവളുടെ നേരെ തിരിച്ചു, 'നിനക്ക് എന്താണ് വേണ്ടത്?'
ആ മനുഷ്യന്‍ അവിടെ ചുറ്റിപ്പറ്റി നില്ക്കുന്നത് അവനത്ര ഇഷ്ടമാകുന്നില്ല എന്നു സീതയ്ക്കു തോന്നി.
'അല്പം ചോറ് കിട്ടുമോ?' അവള്‍ പരുങ്ങലോടെ ചോദിച്ചു. 'ചോറോ?' തിമൂര്‍ അദ്ഭുതത്തോടെ കണ്ണുകള്‍ മിഴിച്ചു. അല്പനേരം ആലോചിച്ചിട്ടു കാത്തുനില്ക്കുന്ന കടയുടമയോട് അവന്‍ ടര്‍ക്കിഷില്‍ എന്തൊക്കെയോ ആവശ്യപ്പെട്ടു.

'പിലാഫ് ചിലപ്പോള്‍ നിനക്ക് ഇഷ്ടമാകും. ചോറില്‍ അല്പം ഇറച്ചിയും പച്ചക്കറികളും ചേര്‍ത്താണ് താന്‍ അതുണ്ടാക്കുന്നത് എന്നാണയാള്‍ പറഞ്ഞത്.'
'പുലാവ് ആണോ?' സീത സന്തോഷത്തോടെ ചോദിച്ചു.
'അല്ല, പിലാഫ്,' തിമൂര്‍ ഉറപ്പിച്ചുപറഞ്ഞു.
പുലാവും പിലാഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആ ഗോപുരം താങ്ങിനിര്‍ത്തുന്ന തൂണുകളിലേക്ക് നോക്കിക്കൊണ്ട് സീത തലപുകഞ്ഞാലോചിച്ചു.
'ഇത്തരം ഒരു ഗോപുരം നീ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?'
'ഇല്ല,' സീത ആലോചന നിറഞ്ഞ കണ്ണുകള്‍ തിരിച്ചു തിമൂറിനെ നോക്കി.
'എത്ര നേര്‍ത്ത കാലുകളാണ് ഈ ഗോപുരത്തിന്,' അവള്‍ അദ്ഭുതത്തോടെ പറഞ്ഞു.
'ഈ നാലു കാലുകള്‍ സുന്നി ഇസ്‌ലാമിന്റെ നാലു തത്ത്വസംഹിതകളെയും അതിനു മുകളിലെ ഗോപുരം ഇസ്‌ലാമിന്റെ എകത്വത്തിനെയും സൂചിപ്പിക്കുന്നു. അതിന്റെ കാലുകള്‍ക്കിടയിലൂടെ ഏഴു പ്രാവശ്യം കടന്നുപോയാല്‍ എല്ലാ ആഗ്രഹങ്ങളും സാധിക്കുമെന്നാണ് ഇന്നാട്ടുകാര്‍ പറയുന്നത്.'
'എന്നാല്‍ ഞാനും അതൊന്നു പരീക്ഷിക്കാം,' സീത ചിരിച്ചു, 'പക്ഷേ, അതിനു പിന്നില്‍ ജയിലിനെ ഓര്‍മിപ്പിക്കുന്ന ആ കൂറ്റന്‍മതില്‍ എന്തിനാ? ക്യാമറകളും ഉണ്ടല്ലോ. വലിയ പള്ളികളില്‍പ്പോലും ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ കണ്ടിട്ടില്ല.'
തിമൂര്‍ രഹസ്യം പറയാനെന്നപോലെ മുന്നോട്ടു കുനിഞ്ഞു.

'അടുത്തുചെന്നാല്‍ ആ ഗോപുരത്തില്‍ നിറയെ വെടിയുണ്ടകളുണ്ടാക്കിയ ദ്വാരങ്ങള്‍ കാണാം.'
'നിനക്കെങ്ങനെ അറിയാം? ഇവിടെ ആദ്യമായല്ലേ വരുന്നത്?' സീത ആകാംക്ഷയോടെ ചോദിച്ചു.
'എന്റെ അച്ഛന്‍ ഒരു അഭിഭാഷകനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ? അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു താഹിര്‍ എല്‍ചി. അദ്ദേഹത്തിനെ ഇവിടെ വെച്ചാണ് വെടിവെച്ചുകൊന്നത്.'
സീത വിളറിപ്പോയി. 'എന്തിന്?' അവളുടെ സ്വരം പതറി.
'കാലം അത്ര നല്ലതല്ല സീത. എല്‍ചി നല്ല അഭിഭാഷകന്‍ മാത്രമായിരുന്നില്ല, നല്ല ഒരു രാഷ്ട്രീയക്കാരന്‍കൂടെയായിരുന്നു. നാലഞ്ചുവര്‍ഷം മുന്‍പ് അദ്ദേഹം വെടിയുണ്ടകള്‍ തറഞ്ഞിരിക്കുന്ന ഈ ഗോപുരത്തിനു ചുവട്ടില്‍ വെച്ച് ഒരു പത്രസമ്മേളനം നടത്തി. രാഷ്ട്രീയസംഘട്ടനങ്ങള്‍ എങ്ങനെ രാജ്യത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തെ തകര്‍ക്കുന്നു എന്ന് ഉദാഹരണസഹിതം സമര്‍ഥിക്കുകയായിരുന്നു ലക്ഷ്യം. സമ്മേളനം കഴിഞ്ഞു തിരിച്ചുപോകാനായി വാഹനത്തിനടുത്തെത്തിയ എല്‍ചിയെയും അംഗരക്ഷകനെയും ആരോ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.'
ഒരു നടുക്കം സീതയുടെ ഉള്ളിലൂടെ കടന്നുപോയി.
'ആര്? ആരാണ് അയാളെ കൊന്നത്?'

തിമൂര്‍ അസ്വസ്ഥതയോടെ ഭക്ഷണം വരുന്നുണ്ടോ എന്നു നോക്കാനെന്ന നാട്യത്തില്‍ മുഖം തിരിച്ചു.
'അറിയില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇവിടെ സാധാരണയാണ്.'
'തിമൂര്‍, നിനക്കറിയാം. സത്യം പറയ്. ആരാണ് അയാളെ കൊന്നത്?'
'പതുക്കെ. ഇത്തരം കാര്യങ്ങള്‍ ഉറക്കെ സംസാരിക്കരുത്.'
'നീയെന്താ എന്നോടൊന്നും തുറന്നുപറയാത്തത്?'
സീതയ്ക്കു ദേഷ്യം വരുന്നുണ്ടായിരുന്നു.
തിമൂര്‍ നിസ്സഹായതയോടെ നെടുവീര്‍പ്പിട്ടു.

'പത്രസമ്മേളനം അവസാനിച്ച സമയത്ത് അസാധാരണമാംവിധം പോലീസും വിപ്ലവകാരികളും തമ്മില്‍ ഇതാ ഈ യെനിക്കാപ്പി തെരുവില്‍ വെച്ച് ഒരു
ഏറ്റുമുട്ടല്‍ നടന്നു. അതിനിടയില്‍പ്പെട്ട് അബദ്ധത്തില്‍ വെടികൊണ്ടതാണ് എന്നാണ് ഔദ്യോഗികഭാഷ്യം,' തിമൂര്‍ മന്ത്രിച്ചു.
'നീ അത് വിശ്വസിക്കുന്നില്ലേ?' സീത അദ്ഭുതത്തോടെ ചോദിച്ചു.
'കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഒരു ഭീകരസംഘടനയല്ല എന്ന് എല്‍ചി വാദിച്ചിരുന്നു. പ്രതിരോധമാണ് ജീവിതം എന്ന ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഭീകരര്‍ എന്ന് വിളിക്കുന്നത് ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എല്‍ചിക്കു നേരെ അതിനെത്തുടര്‍ന്ന് ധാരാളം വധഭീഷണികള്‍ ഉണ്ടായിരുന്നു.'

'നീയെന്താ പറഞ്ഞുവരുന്നത്? ആരോ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലയാണോ അത്?'
'ഇതാ ഭക്ഷണം വരുന്നു,' തിമൂര്‍ അസ്വസ്ഥതയോടെ വിഷയം മാറ്റാന്‍ ശ്രമിച്ചു.
ചെറിയ ഇലകളും പൂക്കളും നിറഞ്ഞ കൊത്തുപണികള്‍ ചെയ്തു മനോഹരമാക്കിയ ചെമ്പുതളികയില്‍ കടയുടമ കുറെ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. കട്ടിയുള്ള തൈരു നിറച്ച കുഴിഞ്ഞ പാത്രവും ഇലകളും തക്കാളിയും ധാരാളം വെള്ളരിക്കയും ചേര്‍ത്ത സാലഡും തിമൂര്‍ അവളുടെ നേരെ നീക്കിവെച്ചു.
ബെദ്യൂ എവിടെയാണ് എന്ന് അയാളോട് അന്വേഷിക്കാം എന്ന് അവസാനം അവന്‍ തീരുമാനിച്ചുവെന്നു തോന്നി. തിമൂറിന്റെ ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്സാഹപൂര്‍വം മറുപടി പറഞ്ഞു. അവന്‍ അയാളോട് ദീര്‍ഘനേരം വഴികളെപ്പറ്റി സംസാരിക്കുകയും ആ മനുഷ്യന്റെ കൈയില്‍നിന്നു വാങ്ങിയ മുന തേഞ്ഞ പെന്‍സില്‍ ഉപയോഗിച്ച് പേപ്പര്‍ നാപ്കിനില്‍ പോകേണ്ട വഴി വരച്ചെടുക്കുകയും ചെയ്തു.
സംസാരം അവസാനിപ്പിച്ചതിനു ശേഷം അയാള്‍ സീതയോട് ബെദ്യൂവിലെ തുകല്‍ബാഗുകളും ചെരുപ്പുകളും ഒന്നാന്തരമാണെന്ന് പറയാന്‍ ശ്രമിച്ചുവെങ്കിലും തിമൂര്‍ അയാളെ അവിടെനിന്ന് പറഞ്ഞുവിടാനെന്നതുപോലെ പിലാഫ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത മുഖഭാവത്തോടെ ആ മനുഷ്യന്‍ അകത്തേക്കു പോയി.

'വല്ലാത്ത കൗതുകം. അസാധാരണമായ തരം. എനിക്കവനെ ഇഷ്ടമായില്ല,' തിമൂര്‍ പിറുപിറുത്തു.
'എവിടെയാണ് ബെദ്യൂ എന്ന് അയാള്‍ പറഞ്ഞുതന്നോ?' സീത ആകാംക്ഷയോടെ ആരാഞ്ഞു.
'ഉവ്വ്. ശരിക്കു പറഞ്ഞാല്‍ അതൊരു ചായക്കടയാണ്. താഴത്തെ നിലയില്‍ അവര്‍ നാട്ടുമ്പുറത്തെ ചെരുപ്പുകുത്തികള്‍ നിര്‍മിക്കുന്ന തുകലുത്പന്നങ്ങള്‍ വില്ക്കുന്നുണ്ട്. കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഇവിടെയുള്ളയാളുകള്‍ ആ ചായക്കടയെ ടെറസ് എന്നാണു വിളിക്കുന്നത്.'
'നമുക്ക് പോയാലോ?'
'നീ ആദ്യം ഭക്ഷണം കഴിക്കൂ. ഇപ്പോള്‍ത്തന്നെ കുറെയേറെ അലഞ്ഞുതിരിഞ്ഞു കഴിഞ്ഞു. നമുക്ക് ഹോട്ടലില്‍ പോയി വിശ്രമിച്ചിട്ട് വൈകുന്നേരം പോകാം.'
സീതയ്ക്ക് ഭക്ഷണത്തിന് ഒരു രുചിയും തോന്നിയില്ല. പക്ഷേ, തിമൂറിന്റെ ശകാരം പേടിച്ച് അവള്‍ മുന്നില്‍ വന്നതെല്ലാം കഴിച്ചുതീര്‍ത്തു.
കടയുടമ ബില്ലുമായി വന്നു. തിമൂര്‍ തന്റെ പേഴ്‌സുമെടുത്ത് റിസപ്ഷനില്‍ ഇരിക്കുന്ന പയ്യന്റെ അടുത്തേക്കു പോയപ്പോള്‍ അയാള്‍ വീണ്ടും ഒരു ഗ്രാമീണനെപ്പോലെ കൗതുകം നിറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി:
'മാഡം, നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?'
'ഇന്ത്യ,' സീത പതിവുപോലെ ആ ഉത്തരം പറയുമ്പോള്‍ പുഞ്ചിരിച്ചു.

'എന്റെ പേര്‍ അലിബക്ക് എന്നാണ്. ഞാനാണീ കടയുടെ ഉടമസ്ഥന്‍,' അയാള്‍ അഭിമാനത്തോടെ ഇതെല്ലാം തന്റെതാണ് എന്ന് സ്ഥാപിക്കാനെന്ന വണ്ണം കൈകള്‍ ഉയര്‍ത്തി വീശി.
'നിങ്ങള്‍ എങ്ങനെ ഇവിടെയെത്തി? ഇസ്താംബൂളിലേക്കാണ് സാധാരണ ടൂറിസ്റ്റുകള്‍ പോകുന്നത്.'
'എന്റെ ചില സുഹൃത്തുക്കള്‍ ഇവിടെയുണ്ട്.'
അലിബക്ക് ഒരു നിമിഷം ആലോചിച്ചുനിന്നു.
'അവരുടെ കൂടെയാണോ താമസം?'
വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി നാട്ടുകാരുടെ ഇത്തരം ചോദ്യങ്ങള്‍ നേരിട്ട പരിചയം അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ആ കൗശലം നിറഞ്ഞ കണ്ണുകളുടെ ചുഴിഞ്ഞുനോട്ടം സീതയ്ക്ക് ഒട്ടും ഇഷ്ടമായില്ല.

'ഞാനിവിടെ ഹോട്ടല്‍ ദിയര്‍ബക്കിറിലാണ് താമസം.'
അയാള്‍ സീതയോട് സംസാരിക്കുന്നതു കണ്ട തിമൂര്‍ തിടുക്കത്തില്‍ പണം അടച്ചിട്ടു തിരിച്ചുവന്നു.
'അപരിചിതരോട് നമ്മുടെ കാര്യങ്ങള്‍ വെളിപ്പെടുത്തരുത്,' തിമൂര്‍ കര്‍ക്കശമായ ഭാഷയില്‍ പറഞ്ഞു.
'എവിടെനിന്ന് വന്നതാണെന്നും എവിടെയാണ് താമസം എന്നും മറ്റുമേ അയാള്‍ ചോദിച്ചുള്ളൂ,' സീത ഒരു കുറ്റവാളിയെപ്പോലെ പറഞ്ഞു.
'എന്നിട്ട്? നീ പറഞ്ഞോ എവിടെയാണ് താമസമെന്ന്? സീത, നീ എന്തൊരു വിഡ്ഢിയാണ്!' തിമൂര്‍ നിരാശയോടെ തലയാട്ടി.
'ബെദ്യൂ ഇവിടെ അടുത്താണെങ്കില്‍ നമുക്ക് ഒന്നു പോയി നോക്കിയാലോ?' സീത വിഷയം മാറ്റാന്‍ ശ്രമിച്ചു.
'പറ്റില്ല. ഈയവസ്ഥയില്‍ നീ ശരീരത്തെ കൂടുതല്‍ കഷ്ടപ്പെടുത്തരുത്. വൈകിട്ട് ആറുമണിക്ക് നമുക്കു പോകാം.'
അവന്റെ ശബ്ദം കടുത്തിരുന്നു. ഹോട്ടലില്‍ എത്തുംവരെ തിമൂര്‍ ഒന്നും സംസാരിച്ചില്ല. അവന്റെ അസ്വസ്ഥത നിറഞ്ഞ മൗനം സീതയുടെ മനസ്സിലും മ്ലാനത നിറച്ചു.

'ആര് മുട്ടിയാലും കതകു തുറക്കരുത്. എന്ത് കാര്യമുണ്ടെങ്കിലും എന്നെ വിളിക്കണം,' സീതയെ മുറിയിലെത്തിച്ചതിനു ശേഷം തന്റെ മുറിയിലേക്ക് പോകുംമുന്‍പ് തിമൂര്‍ പറഞ്ഞു, 'ആറുമണിക്ക് റിസപ്ഷനില്‍ കാണാം.'
തിമൂറിന്റെ പിന്നില്‍ ഒച്ചയോടെ അടഞ്ഞ കതകില്‍ ചാരിനിന്ന് സീത അന്നു നടന്ന കാര്യങ്ങളെപ്പറ്റി ചിന്തിച്ചു. അവന്റെ പെരുമാറ്റത്തില്‍ ഭയം കലര്‍ന്നിരിക്കുന്നു. 'വായടച്ചു വെക്കണം,' അവള്‍ കുറ്റബോധത്തോടെ സ്വയം ശാസിച്ചു.
വൈകുന്നേരം ബെദ്യൂവില്‍ പോകാം എന്ന പ്രതീക്ഷ സീതയുടെ മനസ്സിലെ ഭയാശങ്കകള്‍ വേഗംതന്നെ മായ്ച്ചുകളഞ്ഞു. ദേവ്‌റാനെ അവിടെ വെച്ചു കണ്ടുമുട്ടിയേക്കാം എന്നൊരു പ്രതീക്ഷപോലും അവള്‍ക്കു തോന്നിത്തുടങ്ങി. ആകാംക്ഷയും ആവേശവുംമൂലം തിരിഞ്ഞും മറിഞ്ഞും കിടക്കാനല്ലാതെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.

കാപ്പിയുടെ മണമുള്ള ഈ തെരുവുകളിലോ, സുഗന്ധവ്യഞ്ജനങ്ങളും മധുരപലഹാരങ്ങളും വില്ക്കുന്ന കടകളുടെ പിന്നിലെ ഇരുണ്ട വഴികളിലോ, തിരക്കൊഴിയാത്ത പള്ളിമുറ്റങ്ങളിലോ, എവിടെയാണ് നിന്നെ തിരയേണ്ടത്?
അല്പം പിരിച്ചുവെച്ച ഇടതൂര്‍ന്ന മീശയുടെ മറവിലൂടെയുള്ള ആ കുസൃതിച്ചിരി ഓര്‍ത്തപ്പോള്‍ സീത ഒന്നു നിശ്വസിച്ചു. അവനെ കണ്ടെത്തുക അത്ര എളുപ്പമായിരിക്കുകയില്ല എന്ന് ആ പുഞ്ചിരി അവളോടു പറയുന്നുണ്ടായിരുന്നു. ഒളിച്ചിരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഏറ്റവും നന്നായിത്തന്നെ ദേവ്‌റാന്‍ ചെയ്യും. സീത വാശിയും നിരാശയും സഹിക്കാനാവാതെ മുറിയില്‍ അങ്ങുമിങ്ങും നടന്നു.

'ഞാനുമത്ര മോശമല്ല ദേവ്‌റാന്‍. ഞാന്‍ മുന്നിലെത്തുന്നതുവരെ നീ മറഞ്ഞിരുന്നോളൂ,' അവള്‍ പിറുപിറുത്തു.
ആറുമണിയാകുന്നതിനു മുന്‍പുതന്നെ സീത തയ്യാറായി റിസപ്ഷനിലെത്തി. താടിമീശകള്‍ മുളച്ചുവരുന്ന യൂസുഫ് എന്ന പയ്യനായിരുന്നു വൈകുന്നേരങ്ങളില്‍ റിസപ്ഷന്റെ ചുമതല. അവന്‍ നാണത്തോടെ പുഞ്ചിരിക്കുകയും അവിടെയുള്ള താമസം എങ്ങനെയുണ്ട് എന്ന് കരുതലോടെ അന്വേഷിക്കുകയും ചെയ്തു. പകല്‍നേരങ്ങളില്‍ ഏകദേശം നൂറുകിലോമീറ്റര്‍ ദൂരെയുള്ള മാര്‍ഡിനിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയും രാത്രികാലങ്ങളില്‍ തിരിച്ചുവന്ന് ഈ ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയുമായിരുന്നു യൂസുഫ്. കലാപത്തിനുശേഷം അതിഥികള്‍ വളരെ കുറവായതിനാല്‍ രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ട് എന്ന് അവന്‍ അല്പം ആശ്വാസത്തോടെയാണ് പറഞ്ഞതെന്ന് സീതയ്ക്കു തോന്നി.

പുറത്തു പോകാന്‍ തയ്യാറായി റിസപ്ഷനിലേക്കു വന്ന തിമൂര്‍ സോഫയില്‍ സ്വസ്ഥയായി ഇരിക്കുന്ന സീതയെ കണ്ടു സന്തുഷ്ടനായി. അവന്റെ ക്ഷോഭം അടങ്ങിയമട്ടുണ്ടായിരുന്നു. പേപ്പര്‍ നാപ്കിനില്‍ വരച്ചെടുത്ത വഴികള്‍ വൃത്തിയുള്ള ഒരു പേപ്പറിലേക്കു പകര്‍ത്തിയത് തിമൂര്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു. അലിബക്കിന്റെ നിര്‍ദേശാനുസരണം തയ്യാറാക്കിയ ആ മാപ്പ് അനുസരിച്ച് ഹോട്ടലില്‍നിന്ന് ടെറസ്സിലേക്ക് അധികദൂരമുണ്ടായിരുന്നില്ല.
ജോലി കഴിഞ്ഞ് വൈകുന്നേരം ഒന്ന് ഉലാത്താന്‍ ഇറങ്ങിയവരുടെയും ഭക്ഷണസാധനങ്ങളും വാങ്ങി വീടുകളിലേക്ക് മടങ്ങുന്നവരുടെയും തിരക്കായിരുന്നു വഴിയിലാകെ. തെരുവില്‍ കച്ചവടം പൊടിപൊടിച്ചു. വിലപേശി സാധനങ്ങള്‍ വാങ്ങുന്ന സ്ത്രീകളുടെയും പലഹാരങ്ങള്‍ വില്ക്കാനോടിനടക്കുന്ന കുട്ടികളുടെയും നടുവിലൂടെ നടക്കുമ്പോള്‍ ഉദ്വേഗംകൊണ്ട് സീതയുടെ ശരീരം വിറച്ചു.

'അതാ ആ കാണുന്നതാണ് ബെദ്യൂ,' മുന്‍ഭാഗത്തുതന്നെ കാപ്പിക്കുരു പൊടിക്കാനുള്ള യന്ത്രം സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ കട തിമൂര്‍ ചൂണ്ടിക്കാട്ടി. നീലച്ചായം പൂശിയ വാതിലിനു മുന്നിലായി ഒരു ബെഞ്ചിന്‍മേല്‍ കുറച്ചു തുകല്‍ച്ചെരുപ്പുകള്‍ ഭംഗിയായി അടുക്കിവെച്ചിരുന്നു. കടയുടെ ഒരു വശത്തുകൂടി മുകളിലേക്കുള്ള ഇടുങ്ങിയ പടവുകള്‍ കണ്ടപ്പോള്‍ അതാണ് ടെറസ്സിലേക്കുള്ള വഴി എന്ന് അവര്‍ക്കു മനസ്സിലായി. സീതയുടെ കണ്ണുകള്‍ ആവേശത്തോടെ തിളങ്ങുന്നതു കണ്ട തിമൂര്‍ ഒരു പുഞ്ചിരിയോടെ വഴിയൊഴിഞ്ഞുനിന്നു.
മുകളിലേക്കുള്ള പടവുകള്‍ ആയാസപ്പെട്ട് കയറുമ്പോള്‍ അവിടെ ദേവ്‌റാന്‍ കാത്തിരിക്കുന്നുണ്ടാവുമെന്ന വിചിത്രമായ ഒരു പ്രതീക്ഷ അവളുടെ മനസ്സിലുദിച്ചു. സീതയുടെ പരിഭ്രമം തിരിച്ചറിഞ്ഞ തിമൂര്‍ ആശ്വസിപ്പിക്കാനെന്നവണ്ണം പിന്നില്‍നിന്ന് തോളില്‍ തട്ടി.
നല്ല പ്രകാശവും കാറ്റും ലഭിക്കുന്ന ഒരിടമായിരുന്നു ആ ചെറിയ ടെറസ്. അവള്‍ അണച്ചുകൊണ്ട് നാലുപാടും ആകാംക്ഷയോടെ നോക്കി. വെയിലില്‍നിന്ന് രക്ഷപ്പെടാനായി വശങ്ങളിലേക്ക് വലിച്ചുകെട്ടിയ നരച്ച, ചിത്രപ്പണികളുള്ള വലിയ തുണിക്കു താഴെ വീപ്പകളില്‍ വളര്‍ത്തിയ ചില ചെറുമരങ്ങളും നാലു മേശകളും കുറെ കസേരകളും മാത്രമേയുണ്ടായിരുന്നുള്ളൂ.

തന്നെ കബളിപ്പിക്കാന്‍വേണ്ടി ദേവ്‌റാന്‍ അവിടെയെങ്ങാനും ഒളിച്ചിരിക്കുന്നുവോ എന്നു സീത വീണ്ടും തിരിഞ്ഞുനോക്കി. എവിടെനിന്നോ വീശിയ ചെറുകാറ്റില്‍ വീപ്പകളിലെ മരങ്ങള്‍ നിഷേധാര്‍ഥത്തില്‍ തലകുലുക്കി. അവിടെ ആരുമുണ്ടായിരുന്നില്ല. തടുത്തുനിര്‍ത്തിയ പരിഭ്രമവും വേദനയും ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്കൊഴുകി. നിസ്സഹായനായ തിമൂര്‍ അടുത്തു കണ്ട ഒരു കസേരയിലേക്കിരുന്നു. അവസാനമില്ലാത്തതെന്നു തോന്നുന്ന ഈ തിരച്ചിലും അതുളവാക്കുന്ന മാനസികസംഘര്‍ഷവും അവനെയും പരിക്ഷീണനാക്കിയിരുന്നു.
'ദേവ്‌റാന്‍ ഇവിടെയുണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ ഒരു കാരണവും ഉണ്ടായിരുന്നില്ലല്ലോ,' നിസ്സഹായതയോടെ അവന്‍ സീതയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
'തീര്‍ച്ചയായും നമുക്ക് അവനിലേക്കുള്ള വഴി തുറന്നുകിട്ടാതിരിക്കില്ല,' മേശമേല്‍ തലവെച്ചു പൊട്ടിക്കരയുന്ന സീതയുടെ തലമുടിയില്‍ തലോടിക്കൊണ്ട് തിമൂര്‍ സാന്ത്വനിപ്പിച്ചു.
വശത്തുള്ള ചെറിയ മുറിയുടെ വാതില്‍ തുറന്ന് ഒരാള്‍ പുറത്തേക്കു വന്നു. കാപ്പിക്കായകള്‍ പറിച്ചെടുക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ആ വാതിലിനു മുകളിലുണ്ടായിരുന്നു. കണ്ണീരില്‍ മുങ്ങിയ സീതയെയും ഇനിയെന്തു ചെയ്യണം എന്നോര്‍ത്ത് തലമുടിയില്‍ വിരലുകള്‍ പൂഴ്ത്തിയിരിക്കുന്ന തിമൂറിനെയും കണ്ട അയാള്‍ അമ്പരന്നു.
'എന്തു പറ്റി? ആരാണ് നിങ്ങള്‍?'

കൈയിലിരുന്ന പാത്രം മേശപ്പുറത്തു വെച്ചിട്ട് അയാള്‍ തിമൂറിന്റെ സമീപത്തേക്കു വന്നു. ഞരങ്ങുന്ന മരക്കസേരയില്‍നിന്ന് തിടുക്കത്തില്‍ എഴുന്നേറ്റു തിമൂര്‍ തന്നെയും സീതയെയും അയാള്‍ക്കു പരിചയപ്പെടുത്തി. കരച്ചിലടക്കാന്‍ കഴിയാതെ ഏങ്ങുന്ന അവളെ ഏറുകണ്ണിട്ടു നോക്കിക്കൊണ്ട് അവന്‍ അടക്കിയ ശബ്ദത്തില്‍ ദേവ്‌റാനെപ്പറ്റി അന്വേഷിച്ചു. ദേവ്‌റാന്റെ പേര്‍ കേട്ടപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് ഉത്സാഹം നിറഞ്ഞു. കരച്ചിലടക്കിയിട്ട് അവര്‍ പറയുന്നത് എന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ച സീതയെ തിമൂര്‍ ആവേശത്തോടെ തോളുകളില്‍ പിടിച്ചുവലിച്ച് എഴുന്നേല്പിച്ചു.
'സീത, ഇത് ഈ ചായക്കടയുടെ മേല്‍നോട്ടക്കാരനാണ്. എസ്സാറ്റ്. ഇയാള്‍ക്ക് ദേവ്‌റാനെ അറിയാം. അവന്റെ സുഹൃത്തുക്കളെയും. നീ കരച്ചില്‍ നിര്‍ത്ത്.'
അവന്‍ അവളെ എസ്സാറ്റിന് പരിചയപ്പെടുത്തി: 'സീത, ദേവ്‌റാന്റെ പെണ്‍കുട്ടിയാണ്.'
അയാള്‍ അവളുടെ കൈകള്‍ സ്‌നേഹത്തോടെ ഗ്രഹിച്ചു.

'വിഷമിക്കരുത്. ഞാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാം. നടന്ന കാര്യങ്ങള്‍ എന്നോടു പറയാമോ?'
തിമൂര്‍ അതുവരെ നടന്ന സംഭവങ്ങള്‍ വിശദമായിത്തന്നെ എസ്സാറ്റിനോട് പറഞ്ഞുകേള്‍പ്പിച്ചു. കരച്ചിലടക്കി കേട്ടിരുന്ന സീത തിമൂര്‍ വിട്ടുപോയ കാര്യങ്ങള്‍ പൂരിപ്പിക്കുകയും എസ്സാറ്റിന്റെ മുറിഞ്ഞ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്തുകൊണ്ട് സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ ദേവ്‌റാനെപ്പറ്റി തനിക്കറിയാവുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ഒരുകാലത്ത് മിക്കവാറും എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ രൂക്ഷമായ രാഷ്ട്രീയചര്‍ച്ചകളുമായി, നിര്‍ത്താതെ ചായ കുടിച്ചും പുകവലിച്ചും ഏറെ വൈകുംവരെ ടെറസ്സില്‍ കൂടിയിരുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തിലെ അംഗമായിരുന്നു ദേവ്‌റാന്‍. അവനെ കുറെ നാളായി കാണുന്നില്ല എന്നതിനപ്പുറം എസ്സാറ്റിന് മറ്റൊന്നും അറിഞ്ഞുകൂടായിരുന്നു. നടന്ന സംഭവങ്ങളെപ്പറ്റി ഒരു രൂപം കിട്ടിക്കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു.

'ദേവ്‌റാന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെയാണ് ഞാന്‍ വിളിച്ചത്. അയാള്‍ ഉടനെയെത്തും. അതുവരെ നിങ്ങള്‍ക്ക് ഇവിടെ വിശ്രമിക്കാം,' എസ്സാറ്റ് സീതയെ ആശ്വസിപ്പിച്ചു.
കറുവപ്പട്ട ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ മാതളനാരങ്ങയുടെ സിറപ്പ് കലര്‍ത്തി, ഐസിട്ടു തണുപ്പിച്ച ഒരു പാനീയം നല്കി അയാള്‍ അവരെ സത്കരിച്ചു. ചെരുപ്പുകള്‍ വാങ്ങാനെത്തുന്ന പെണ്ണുങ്ങളുടെ കലപിലകള്‍ അവര്‍ക്കു കേള്‍ക്കാമായിരുന്നു. ഒരു പയ്യന്‍ മാത്രമേയുള്ളൂ കാര്യങ്ങള്‍ നോക്കാന്‍ എന്ന് ക്ഷമാപണസ്വരത്തില്‍ പറഞ്ഞിട്ട് എസ്സാറ്റ് താഴേക്കിറങ്ങിപ്പോയി.
'നീയിങ്ങനെ നിലവിളിച്ച് പേടിപ്പിച്ചാല്‍ ഞാന്‍ എന്തു ചെയ്യും? എന്ത് സംഭവിച്ചാലും നമ്മള്‍ ദേവ്‌റാനെ കണ്ടെത്താതെ മടങ്ങിപ്പോകില്ല എന്ന് നിനക്ക് ഇതുവരെ വിശ്വാസം വന്നില്ലേ?'
രണ്ടുപേരും മാത്രമായപ്പോള്‍ തിമൂര്‍ മുഖം വീര്‍പ്പിച്ചു പരാതി പറയാന്‍ തുടങ്ങി. അവളുടെ കരച്ചില്‍ അവനെ അത്രയേറെ ഉലച്ചുകളഞ്ഞിരുന്നു.

സീത അവനെ നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു. തന്റെ വിവേകമില്ലായ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ അവള്‍ക്ക് നാണക്കേടു തോന്നി.
വെളിച്ചം മങ്ങിത്തുടങ്ങിയപ്പോള്‍ ടെറസ്സില്‍ ചായ കുടിക്കാനും സൊറ പറയാനും എത്താറുള്ള പതിവുകാര്‍ പതുക്കെ വന്നുതുടങ്ങി. അവര്‍ സീതയെ കൗതുകത്തോടെ നോക്കുകയും കുശലാന്വേഷണത്തിലേര്‍പ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ആരു ചോദിച്ചാലും ഇന്ത്യയുടെയും കുര്‍ദിസ്ഥാനിന്റെയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ച് ഗവേഷണം നടത്താനായി വന്നതാണ് എന്നുവേണം പറയാനെന്ന് തിമൂര്‍ കര്‍ശനമായി സീതയെ ചട്ടംകെട്ടിയിരുന്നു. കേട്ടവര്‍ക്ക് ആ വിശദീകരണം വളരെ വിശ്വസനീയമായി തോന്നി. പലരും തങ്ങളുടെ സംസ്‌കാരം പഠിക്കാനെത്തിയ അതിഥിക്ക് ചായ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുകയും എന്തു സഹായം വേണമെങ്കിലും ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

സീതയുടെ ശ്രദ്ധ മുഴുവന്‍ അവിടെയിരുന്നാല്‍ കാണാവുന്ന ശൂന്യതയിലേക്കായിരുന്നു. ചായക്കട പ്രവര്‍ത്തിച്ചിരുന്ന കടമുറിയുടെയും അതിനോടു ചേര്‍ന്നുള്ള ചില വീടുകളുടെ മേല്‍ക്കൂരകളുടെയും അപ്പുറം യാതൊന്നും അവശേഷിച്ചിരുന്നില്ല. തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ ചോദ്യചിഹ്നങ്ങള്‍പോലെ ഉയര്‍ന്നുനിന്നു. അങ്ങ് ദൂരെ ചില നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണുമാന്തിയന്ത്രത്തിന്റെ തണ്ട് ഉയര്‍ന്നുമറിയുന്നതു കാണാമായിരുന്നു. ചിതറിത്തെറിച്ചു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കപ്പുറം തണുത്തു നരച്ച തരിശുഭൂമി നിര്‍വികാരമായ തവിട്ടുനിറത്തില്‍ നീണ്ടു പരന്നുകിടന്നു.
തിമൂറിന്റെ ശ്രദ്ധ ആ തകര്‍ച്ചയിലേക്ക് ആകര്‍ഷിച്ചപ്പോഴൊക്കെ അവന്‍ വിഷയം മാറ്റുന്നതു കണ്ട സീത മുഷിപ്പോടെ ആ ശ്രമം ഉപേക്ഷിച്ചു. ചായ കുടിക്കുകയും നിര്‍ത്താതെ പുകവലിക്കുകയും ചെയ്തുകൊണ്ട് ചുറ്റുമിരുന്ന് ഉറക്കെ സംസാരിക്കുന്നവര്‍ എന്താണു പറയുന്നതെന്ന് അവള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അലസമായ വസ്ത്രധാരണവും ചീകിയൊതുക്കാത്ത, വളര്‍ന്നിറങ്ങിയ തലമുടിയും വെട്ടിയൊതുക്കാത്ത താടിമീശയുമുള്ള ആ ചെറുപ്പക്കാര്‍ തങ്ങളുടെ ചിത്രപ്പണികള്‍ ചെയ്ത ചെറുസഞ്ചികളില്‍നിന്ന് പുകയിലയും കടലാസും പുറത്തെടുത്തു സിഗററ്റുകള്‍ തെറുത്തെടുക്കുന്നത് അവള്‍ കൗതുകത്തോടെ നോക്കിയിരുന്നു.

സമയം കടന്നുപോകുന്തോറും സീതയെ വീണ്ടും ആശങ്ക പിടികൂടിത്തുടങ്ങി. പടവുകളില്‍ കാല്‍വെപ്പുകള്‍ കേള്‍ക്കുമ്പോഴൊക്കെ മുകളിലേക്കു വരുന്ന ആളുകളെ അവള്‍ ആകാംക്ഷയോടെ എത്തിനോക്കി. കാത്തിരിപ്പിന്റെ അവസാനം എസ്സാറ്റ് എത്തി. അയാള്‍ സീതയുടെ മുന്നില്‍ ഒരു കപ്പു ചായ കൊണ്ടുവെക്കാനെന്ന വ്യാജേന അടുത്തുവന്നു:
'ഇപ്പോള്‍ നീലയുടുപ്പിട്ട ഒരു ചെറുപ്പക്കാരന്‍ മുകളിലേക്കു വരും. അയാള്‍ മറ്റുള്ളവരെപ്പോലെ നിന്റെ യാത്രയുടെ ഉദ്ദേശ്യത്തെപ്പറ്റിയും മറ്റും സംസാരിച്ചുതുടങ്ങും. അതാണ് നമ്മള്‍ കാത്തിരുന്ന ദേവ്‌റാന്റെ കൂട്ടുകാരന്‍.'
അയാള്‍ ഒഴിഞ്ഞ കപ്പുകളെടുത്തുകൊണ്ട് തിരിച്ചുപോയി.

താമസിയാതെ നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരന്‍ മുകളിലേക്കു കയറിവന്നു. പരിക്ഷീണനെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന രൂപമായിരുന്നു അയാളുടേത്. മറ്റുള്ളവരെപ്പോലെ അയാളും സീതയെ അദ്ഭുതഭാവത്തില്‍ അഭിവാദ്യം ചെയ്യുകയും അവളുടെ വരവിന്റെ ഉദ്ദേശ്യത്തെപ്പറ്റി കൗതുകത്തോടെ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അക്ബര്‍ എന്നു പേര്‍ പറഞ്ഞു സ്വയം പരിചയപ്പെടുത്തിയ ആ മനുഷ്യന്‍ 'കുര്‍ദുകളുടെ സംഗീതം' എന്ന നിരുപദ്രവകരമായ വിഷയത്തെപ്പറ്റി ഉറക്കെ സംസാരിച്ചുകൊണ്ടേയിരുന്നു. ചുറ്റുമുള്ളവര്‍ക്ക് യാതൊരു താത്പര്യവും തങ്ങളുടെ സംസാരത്തില്‍ തോന്നരുതെന്ന് ഉറപ്പുവരുത്താനാവണം, അങ്ങേയറ്റം വിരസമായ കാര്യങ്ങളായിരുന്നു അയാള്‍ ആവേശത്തോടെ വിളമ്പിയത്.

ചുറ്റുമുള്ള കസേരകളിലെ ആളൊഴിഞ്ഞപ്പോള്‍ എസ്സാറ്റ് ഓടിക്കയറി വന്നു. 'ടെറസ്സിലേക്കുള്ള വാതില്‍ ഞാന്‍ അടച്ചിട്ടു. ഇന്നത്തെ കച്ചവടം കഴിഞ്ഞു എന്നു കരുതി ചായകുടിയന്മാര്‍ ഇനി ഇങ്ങോട്ടു വരില്ല.'
ഏകദേശം പതിമൂന്നു വയസ്സ് പ്രായം വരുന്ന ഒരു പയ്യനെ അയാള്‍ മുന്നോട്ടുനീക്കി നിര്‍ത്തി: 'എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ റംസാനോടു പറഞ്ഞാല്‍
മതി.'
അയാള്‍ തിടുക്കത്തില്‍ താഴേക്കു പോയി.
നല്ല ചുറുചുറുക്കോടെ ആ കുട്ടി എസ്സാറ്റിനെ സഹായിച്ചുകൊണ്ട് ഓടിനടക്കുന്നത് വന്നപ്പോള്‍ത്തന്നെ സീത ശ്രദ്ധിച്ചിരുന്നു. മര്യാദയോടെ ഒരു പുഞ്ചിരി
സമ്മാനിച്ചിട്ട് അവരെ ശല്യം ചെയ്യാതെ അവന്‍ വശത്തുള്ള അടുക്കളയിലേക്കു പതുക്കെ വലിഞ്ഞു.
അത്രയും നേരം മടുപ്പിക്കുന്ന തരത്തില്‍ സംഗീതത്തെക്കുറിച്ച് വാചകമടിച്ചുകൊണ്ടിരുന്ന അക്ബര്‍ സീതയ്ക്കു നേരെ തിരിഞ്ഞു. ഉറക്കംതൂങ്ങിയതുപോലെയിരുന്ന അയാളുടെ കണ്ണുകള്‍ തീവ്രതയോടെ ജ്വലിച്ചു.
'ദേവ്‌റാന്റെ കാമുകി.' അയാള്‍ സീതയുടെ കരങ്ങള്‍ മുറുക്കിപ്പിടിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്കുറ്റുനോക്കി, 'അവന്‍ തിരിച്ചുവന്നത് ഞാന്‍ അറിഞ്ഞില്ല.'
'ദയവുചെയ്ത് അവളുടെ സമീപത്തിരുന്നു പുക വലിക്കാതിരിക്കൂ!' അയാള്‍ ഒരു സിഗററ്റിനു തീ കൊളുത്തിയതു കണ്ട് തിമൂര്‍ അപേക്ഷാഭാവത്തില്‍ പറഞ്ഞു.

അക്ബര്‍ അതിശയഭാവത്തില്‍ തിമൂറിനെയും പിന്നെ സീതയെയും തുറിച്ചുനോക്കി. കാര്യം മനസ്സിലായപ്പോള്‍ അയാള്‍ സിഗററ്റ് തറയിലിട്ടു ചവിട്ടിയരച്ചു.
'ക്ഷമിക്കൂ, ഞാനത് മനസ്സിലാക്കിയില്ല.'
'എന്തൊരു നാശം.' ശപിച്ചുകൊണ്ട് ആകെ ആശയക്കുഴപ്പത്തില്‍പ്പെട്ടതുപോലെ അക്ബര്‍ തന്റെ ചപ്രത്തല മാന്തി.
'ഈ അവസ്ഥയില്‍ എന്തിനാണിങ്ങോട്ടു വന്നത്? ഇവിടെ ആകെ കുഴപ്പമാണ്.'
അയാള്‍ നഖം കടിച്ചുകൊണ്ട് സീതയെ നോക്കിയിരുന്നു.
'ദേവ്‌റാന് ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ല,' സീത പതിയെ പറഞ്ഞു. ഗര്‍ഭിണി എന്ന വാക്ക് ഉച്ചരിച്ചപ്പോള്‍ അതിനെന്തൊരു ഭാരമാണ് എന്ന് അവള്‍ ഓര്‍ത്തു.

'അവന്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചാടാനുള്ള ഒരുക്കത്തിലാണെങ്കില്‍ പിന്തിരിപ്പിക്കണം. എനിക്ക് മറ്റാരുമില്ല. കുടുംബം എന്നെ ഉപേക്ഷിച്ചുകഴിഞ്ഞു.'
'അവന്‍ നിശ്ചയമായും കുഴപ്പത്തില്‍ ചാടും. അര്‍മാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലീസിന് അറിവ് കിട്ടിയിട്ടുണ്ട്. അവര്‍ അയാള്‍ക്കുവേണ്ടിയുള്ള വേട്ട ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബുദ്ധിയുള്ള ആരെങ്കിലും തിരിച്ചുവരുമോ?'
'ആരാണ് അര്‍മാന്‍?' തിമൂര്‍ ആകാംക്ഷയോടെ ചോദിച്ചു.
'അര്‍മാനെപ്പറ്റി അവന്‍ നിങ്ങളോടു പറഞ്ഞിട്ടില്ലേ?' അക്ബര്‍ ആശങ്കയോടെ തിമൂറിനെയും സീതയെയും മാറിമാറി നോക്കി.
'ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടില്ല എന്നേയുള്ളൂ. വീട്ടിലെ കാര്യങ്ങള്‍ എപ്പോഴും പറയാറുണ്ട്.'

'അര്‍മാന്‍ ദേവ്‌റാന്റെ ചേട്ടനാണ്. ഭരണകൂടത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ടര്‍ക്കിഷ് പോലീസും ഇന്റര്‍പോളും ഒരുമിച്ചു തിരയുന്ന ഒരു കൊടുംക്രിമിനല്‍.'
ഭയംകൊണ്ട് കടലാസുപോലെ വിളര്‍ത്ത സീതയുടെയും അമ്പരന്നിരിക്കുന്ന തിമൂറിന്റെയും മുഖങ്ങളില്‍ അയാള്‍ മാറിമാറി നോക്കി.
'നിങ്ങളെപ്പോലെ ഒരു വിദ്യാര്‍ഥിയായിരുന്നു അര്‍മാന്‍. പഠനവും കുടുംബവും മാത്രമായിരുന്നു അയാള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍. ദേവ്‌റാനും ഗുല്ലിനും ഒപ്പം സുറിലെ ഒരു ഫ്‌ളാറ്റിലായിരുന്നു അര്‍മാന്റെ താമസം...'
അക്ബര്‍ ആ കഥ പറഞ്ഞുതുടങ്ങി. സീതയും തിമൂറും ശ്വാസമടക്കിപ്പിടിച്ചിരുന്ന് അയാള്‍ പറഞ്ഞതൊക്കെ കേട്ടു.
'തിരിച്ചുപോകുന്നതല്ലേ നല്ലത്?' പറഞ്ഞവസാനിപ്പിച്ചതിനുശേഷം അക്ബര്‍ മുഖം കുനിച്ചിരിക്കുന്ന സീതയോടു ചോദിച്ചു.
'ഇല്ല,' സീത തലയുയര്‍ത്തി. അവളുടെ കറുത്ത കണ്ണുകളില്‍ കണ്ണുനീരും നിശ്ചയദാര്‍ഢ്യവും ഒരുമിച്ച് തിളങ്ങി: 'തോറ്റുപോവാനാണ് കൂടുതല്‍ സാധ്യത. എനിക്കത് അറിയാം. പക്ഷേ, ഞാന്‍ തിരിച്ചുപോവുന്നില്ല.'

നിരാശയോടെ അക്ബര്‍ തിമൂറിനെ നോക്കി.
താഴെ ആരോ കതകില്‍ തെരുതെരെ ഇടിക്കുന്ന ശബ്ദം മുഴങ്ങി. റംസാന്‍ അടുക്കളയില്‍നിന്ന് പാഞ്ഞിറങ്ങിവന്നു. ചാടിയെഴുന്നേറ്റ അക്ബറിനോട് അവിടെത്തന്നെ ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് അവന്‍ താഴേക്കു പോകുന്ന പടവുകളുടെ സമീപത്തു ചെന്ന് സംഭാഷണത്തിനു ചെവിയോര്‍ത്തു. എന്തൊക്കെയോ വീണുടയുന്ന ശബ്ദത്തിനൊപ്പം പരുഷമായ ചോദ്യങ്ങളും എസ്സാറ്റിന്റെ ഉറക്കെയുള്ള കരച്ചില്‍പോലെയുള്ള മറുപടികളും കേള്‍ക്കാമായിരുന്നു. അവന്‍ ഭയത്തോടെ തിരിഞ്ഞുനോക്കി.
'പോലീസ്. ചേച്ചിയെയാണ് അന്വേഷിക്കുന്നത്.'

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണം എന്ന് നല്ല പരിശീലനം കിട്ടിയിട്ടുണ്ട് എന്നത് അവന്റെ ചലനങ്ങളില്‍നിന്ന് അവര്‍ക്കു വ്യക്തമായി. ടെറസ്സിന്റെ ഒരുവശത്ത് അശ്രദ്ധമായി ചാരിവെച്ചിരുന്ന നീളമുള്ള മടക്കുമേശയുടെ കനത്ത പലക അവന്‍ ഒറ്റവലിക്ക് ഊരിയെടുത്തു. അടുത്ത വീടിന്റെ മേല്ക്കൂരയെയും ടെറസ്സിന്റെ അരമതിലിനെയും ബന്ധിപ്പിക്കുന്ന രീതിയില്‍ അത് സുരക്ഷിതമായി വെച്ചിട്ട് റംസാന്‍ അവരെ വിളിച്ചു.
'അവരിപ്പോള്‍ പരിശോധിക്കാനായി ഇങ്ങോട്ട് വരും. രക്ഷപ്പെട്.'
രണ്ടാമതൊന്നാലോചിക്കാതെ അക്ബര്‍ ആ പലകയിലൂടെ അപ്പുറത്തേക്ക് ചാടിക്കടന്നു. മേല്ക്കൂരകള്‍ക്കപ്പുറം അവന്‍ അപ്രത്യക്ഷമാകുന്നത് നോക്കി തരിച്ചുനില്‍ക്കുന്ന സീതയുടെ കൈയ്ക്ക് പിടിച്ചു തിമൂര്‍ വലിച്ചു.
'വേഗം വാ, പോലീസ്.'

സീതയ്ക്ക് ആ പലകയിലേക്ക് കയറാനുള്ള സൗകര്യത്തിനായി അവന്‍ അതിനടുത്തേക്ക് ഒരു കസേര വലിച്ചിട്ടു. വലിച്ചിഴച്ചെന്നതുപോലെ അവളെ അതിനടുത്തു കൊണ്ടുചെന്ന് നിര്‍ത്തിയിട്ടും സീതയ്ക്ക് അനങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തിമൂര്‍ അവളുടെ ഇരുചുമലുകളിലും പിടിച്ചുകുലുക്കി.
'സീത, ദയവു ചെയ്ത്... അക്ബര്‍ പറഞ്ഞതൊക്കെ കേട്ടില്ലേ? പോലീസിന്റെ പിടിയിലായാല്‍ ദേവ്‌റാനെ പിടികൂടാന്‍ അവര്‍ നിന്നെ ആയുധമാക്കും.'
അവന്‍ അവളെ വീണ്ടും പിടിച്ചുലച്ചു. ഞെട്ടിയുണര്‍ന്നതുപോലെ സീത അവനെ നോക്കി കണ്ണുമിഴിച്ചു.
'വേഗം.'

തിമൂര്‍ വിറച്ചുകൊണ്ടു നില്ക്കുന്ന അവളെ കസേരയിലേക്കും അവിടെ നിന്ന് ആ പലകയിലേക്കും തള്ളിക്കയറ്റി. അവള്‍ താഴേക്കു വീഴാതെ സൂക്ഷിച്ചുകൊണ്ട് തൊട്ടുപിന്നാലെത്തന്നെ അവനും മറുവശത്തേക്ക് കടന്നു. അവര്‍ ഇറങ്ങിയപാടേ റംസാന്‍ ആ പലക വലിച്ചെടുത്തു. തറയില്‍ കിടക്കുന്ന മേശക്കാലുകള്‍ക്കിടയിലേക്ക് അവനത് ആയാസപ്പെട്ട് തിരുകിവെക്കുന്നത് തിരിഞ്ഞുനോക്കിയപ്പോള്‍ സീത കണ്ടു.
ഓടുകള്‍ പാകിയ, പരസ്പരം ബന്ധിക്കപ്പെട്ട മേല്ക്കൂരകള്‍ക്കിടയിലൂടെ അവര്‍ ഇഴഞ്ഞുകൊണ്ടെന്നപോലെ മുന്നോട്ടു നീങ്ങി. ടെറസ്സില്‍നിന്നു നോക്കിയാല്‍ കാണാത്ത രീതിയില്‍ മറവുള്ള, നിരപ്പായ ഒരിടത്ത് എത്തിയപ്പോള്‍ തിമൂര്‍ നിന്നു. അവിടെ നീണ്ടുനിവര്‍ന്നു കിടന്നിട്ട് അതുപോലെ ചെയ്യാന്‍ അവന്‍ സീതയോട് ആവശ്യപ്പെട്ടു.

'പ്രശ്‌നമൊന്നുമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം നമുക്കു പോകാം.'
അവള്‍ കിതപ്പോടെ അവന്റെ സമീപത്തിരുന്നു. ഓടുകളുടെ തണുപ്പ് തന്റെ ശരീരത്തെ പൊള്ളിക്കുന്നതുപോലെ സീതയ്ക്കു തോന്നി. തലയില്‍ ചുറ്റിവെച്ചിരുന്ന ദുപ്പട്ട വലിച്ചൂരി, അതിന്മേല്‍ മുഖം വെച്ച് അവള്‍ നിലത്തോടു ചേര്‍ന്നുകിടന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ട തിമൂര്‍ അസ്വസ്ഥതയോടെ മുഖം തിരിച്ചു.
'ആരോ ഒറ്റിയിട്ടുണ്ട്. ആ അലിബക്കിനോട് നീ വിവരങ്ങളെല്ലാം വിളമ്പിയപ്പോഴേ ഞാന്‍ കരുതിയതാണ്,' അവന്‍ പല്ലിറുമ്മി, 'ആ നായിന്റെ മോന്റെ താടിയെല്ല് ഞാനിന്ന് ഒടിക്കും.'

ടെറസ്സിന്റെ മുകളില്‍നിന്ന് ഉറക്കെയുള്ള സംസാരം കേട്ടുതുടങ്ങി.
'എസ്സാറ്റ് പറഞ്ഞത് വിശ്വസിക്കാതെ അവര്‍ അവിടം പരിശോധിക്കുകയാണ്. ഈ സ്ഥലം പണ്ടേ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നിരിക്കണം.'
തിമൂര്‍ പതുക്കെ എഴുന്നേറ്റു.
'നമുക്കു പോകാം.'
അവന്‍ സീതയുടെ കൈപിടിച്ച് എഴുന്നേല്ക്കാന്‍ സഹായിച്ചു. പഴയതുപോലെ പതുങ്ങിയും ഇഴഞ്ഞും അവര്‍ അവസാനത്തെ മേല്ക്കൂരയിലെത്തിച്ചേര്‍ന്നു. തകര്‍ന്നുകിടക്കുന്ന അടുത്ത കെട്ടിടത്തിന്റെ ഭാഗങ്ങള്‍ കണ്ടപ്പോള്‍ സീതയ്ക്ക് വല്ലാത്ത ഭയം തോന്നി.
'നോക്ക്, താഴേക്ക് ഇറങ്ങാന്‍ എളുപ്പമാണ്. ഭിത്തിയുടെ മുകളില്‍ ചവിട്ടി, പിന്നെ ആ ജനലില്‍ കാല്‍ വെച്ച് താഴേയുള്ള കല്‍ക്കൂമ്പാരത്തിലേക്കിറങ്ങാം.'
അവള്‍ക്കു ധൈര്യം നല്കാനായി തിമൂര്‍ ഇറങ്ങേണ്ടവിധം വളരെ നിസ്സാരമെന്നവണ്ണം പറഞ്ഞുകേള്‍പ്പിച്ചു.
'വീഴരുത്.' അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.

സീതയ്ക്ക് അവന്റെ മുഖത്തെ ഭയം കാണാമായിരുന്നു. തകര്‍ന്ന ഭിത്തിയുടെ മുകളില്‍ കയറിനില്ക്കുന്ന തിമൂറിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് അവള്‍ സാവധാനം താഴേക്കിറങ്ങി. ജനല്‍പ്പടിയില്‍ ചവിട്ടി പതിയെ കല്‍ക്കൂമ്പാരത്തിലേക്ക് സുരക്ഷിതമായി വഴുതിയിറങ്ങിയിട്ട് അവള്‍ തന്നെ അതിശയത്തോടെ നോക്കിനില്ക്കുന്ന തിമൂറിന്റെ നേര്‍ക്ക് കൈ നീട്ടി.
'മിടുക്കി,' അവളെ അഭിനന്ദിച്ചിട്ട് അവനും താഴേക്കു ചാടി.
'ഇവിടെനിന്ന് പ്രധാന തെരുവിലേക്ക് കടക്കാനുള്ള വഴികളെല്ലാം അടച്ചിരിക്കുകയാണ്.'
വന്മതില്‍പോലെ പരസ്പരം ചേര്‍ന്ന് നിരന്നുനില്ക്കുന്ന കെട്ടിടങ്ങളെ നോക്കി തിമൂര്‍ ആലോചനയിലാണ്ടു: 'ഇവയ്ക്കുള്ളിലൂടെ മറുവശത്തേക്കു കടക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടാവും.'

കാടുപിടിച്ച ചെടികള്‍ വകഞ്ഞുമാറ്റിക്കൊണ്ട് അവന്‍ മുന്നോട്ടു നീങ്ങി.
'സൂക്ഷിച്ചുവേണം, ഇവിടെ ഇഴജന്തുക്കളുണ്ടാകാന്‍ സാധ്യതയുണ്ട്.'
നേര്‍ത്ത ഇരുട്ട് അവിടമാകെ പടര്‍ന്നുകഴിഞ്ഞിരുന്നു. ഒരിക്കല്‍ വീടുകളായിരുന്ന, തലമുറകള്‍ സ്‌നേഹിച്ചും പ്രണയിച്ചും ജീവിച്ചയിടങ്ങളുടെ ബാക്കിപത്രങ്ങള്‍ക്കു മീതേക്കൂടിയായിരുന്നു അവര്‍ക്കു മുന്നോട്ടു പോകേണ്ടിയിരുന്നത്. പൊട്ടിയ ചെടിച്ചട്ടികളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ, നടുമുറ്റംപോലെ തോന്നിച്ച ഒരിടത്തിലൂടെ അവര്‍ കടന്നുപോയി. സാമര്‍ഥ്യമുള്ള ഒരു വീട്ടമ്മ പരിപാലിച്ചിരുന്ന, നിറയെ പൂക്കളും സുഗന്ധവും ചിത്രശലഭങ്ങളും ജലധാരയും നിറഞ്ഞ ഒരു ചെറിയ പൂന്തോട്ടം ആ സ്ഥലത്ത് സീത സങ്കല്പിക്കാന്‍ ശ്രമിച്ചു.

കുറ്റിച്ചെടികളും കല്‍ക്കൂമ്പാരങ്ങളും ചേര്‍ന്ന് മുന്നോട്ടുള്ള അവരുടെ ചുവടുകള്‍ ദുസ്സഹമാക്കി. ഇരുണ്ട ആകാശത്തിനെതിരെ തലയുയര്‍ത്തി നില്ക്കുന്ന ആ മെലിഞ്ഞ ഗോപുരത്തിന്റെ ഇരുണ്ട രൂപം അല്പമകലെയായി കാണാമായിരുന്നു. ചുറ്റും ഉയര്‍ന്നുനില്ക്കുന്ന കരിപിടിച്ച ഭിത്തികളുടെ അവശിഷ്ടങ്ങള്‍ തന്നെ ഞെരിച്ചമര്‍ത്താനായി അടുത്തേക്കു വരുന്നതുപോലെ സീതയ്ക്കു തോന്നി. വല്ലാത്തൊരു ദുര്‍ഗന്ധം അവിടമാകെ ചൂഴ്ന്നുനിന്നു. തറയിലാകെ മരക്കഷണങ്ങളും ചിതറിയ ഓടും കട്ടകളും കൂടിക്കിടന്നിരുന്നു.

അല്പം മുന്നിലായ തിമൂറിന്റെ ഒപ്പമെത്താനായി തിടുക്കത്തില്‍ മുന്നോട്ടു വെച്ച കാല്‍ എന്തിലോ കുടുങ്ങി സീത അടിതെറ്റി മുന്നോട്ടാഞ്ഞു. താഴെ വീഴാതിരിക്കാനുള്ള വെപ്രാളത്തില്‍ അവള്‍ അടുത്തുണ്ടായിരുന്ന തകര്‍ന്ന ഭിത്തിയുടെ വശത്തു പിടിച്ചുതൂങ്ങി. മുകളിലുണ്ടായിരുന്ന പൊളിഞ്ഞ മേല്‍ക്കൂരയുടെ കറുത്ത മരച്ചട്ടമേല്‍ തങ്ങിനിന്ന ഒന്നുരണ്ട് ഓടുകളും ധാരാളം പൊടിയും താഴേക്ക് വീണു. അസാധാരണമായ ഈ ബഹളം സഹിക്കാനാവാതെ അവിടുത്തെ സ്ഥിരതാമസക്കാരായ കടവാതിലുകള്‍ അവരുടെ തലയ്ക്കു മീതെ പറന്നുപോയി.
'എന്താ പറ്റിയത്?' തിമൂര്‍ വെപ്രാളത്തോടെ ചോദിച്ചു.

പുസ്തകം വാങ്ങാം

അവള്‍ക്ക് എഴുന്നേറ്റു വരാന്‍വേണ്ടി അവന്‍ കുറുകെ കിടന്ന ജനല്‍ച്ചട്ടം വലിച്ചുമാറ്റി. നീട്ടിയ കൈയില്‍ പിടിച്ച് സീത പതിയെ എഴുന്നേറ്റു. തന്റെ നീണ്ട ഉടുപ്പിന്റെ അറ്റം എന്തിലോ കുരുങ്ങിക്കിടക്കുന്നതുപോലെ അവള്‍ക്കു തോന്നി. ഒരു എല്ല്. മനുഷ്യന്റേതുതന്നെ. സീത സ്വയമറിയാതെ ഭയന്ന് അലറി. മടങ്ങിയ കൈവിരലുകളുടെ എല്ലിന്‍കഷണങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വസ്ത്രത്തുമ്പ് അവള്‍ വിറച്ചുകൊണ്ട് വലിച്ചെടുത്തു.
ഭയംകൊണ്ട് കിടുങ്ങിവിറയ്ക്കുന്ന സീതയെ തിമൂര്‍ തടിക്കഷണങ്ങള്‍ക്കിടയില്‍നിന്ന് പുറത്തിറങ്ങാന്‍ സഹായിച്ചു. ആ കാഴ്ച കണ്ട് അവനും വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു.

'ഇവിടെ ഒരു കലാപം നടന്ന സ്ഥലമാണ്. എത്ര പേരെയാണ് കാണാതെപോയത് എന്ന് നിനക്കറിയാമോ? ഈ കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഇനിയും കാണും അസ്ഥികൂടങ്ങള്‍.'
അവന്‍ സീതയെ ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു. തളര്‍ച്ചയും ഭയവും മൂലം അവളുടെ കാലുകള്‍ വേച്ചുപോയി. വലിച്ചുകൊണ്ടെന്നപോലെയാണ് തിമൂര്‍ ആ കുഴഞ്ഞുപോകുന്ന ശരീരവുമായി മുന്നോട്ടു നീങ്ങിയത്. അവശേഷിക്കുന്ന കെട്ടിടങ്ങളുടെ ഇടയിലൂടെയോ പൊളിഞ്ഞ വാതിലുകളിലൂടെയോ തെരുവിലേക്കു കടക്കാനാവുമോ എന്ന് അവന്‍ പരിശോധിച്ചു. പക്ഷേ, ആരും പട്ടണത്തിന്റെ ഈ തകര്‍ന്ന ഭാഗത്തേക്കു വരരുത് എന്നുറപ്പിച്ചുകൊണ്ടെന്നവണ്ണം ചെറിയ വിടവുകള്‍പോലും സൂക്ഷ്മതയോടെ അടച്ചുറപ്പിച്ചിരുന്നു.

'നമുക്ക് അധികനേരം ഇങ്ങനെ മുന്നോട്ടു പോകാന്‍ പറ്റില്ല. ഇവിടമാകെ പോലീസിന്റെ നിരീക്ഷണത്തിലാണ്,' തിമൂര്‍ നിരാശയോടെ പറഞ്ഞു.
സീതയെ ഒരു മരപ്പലകയുടെ മേല്‍ ഇരുത്തിയിട്ട് അവന്‍ ഒരു പഴകിയ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അപ്പുറത്തെ വശത്തുനിന്നും കനത്ത താഴിട്ടു പൂട്ടിയ അവസ്ഥയിലായിരുന്ന അത് അവന്റെ ഓരോ തള്ളിനും ഞരങ്ങിക്കൊണ്ട് ശക്തമായി പ്രതിരോധിച്ചു. തിമൂര്‍ സര്‍വശക്തിയുമെടുത്ത് തന്റെ തോളുകൊണ്ട് ആ പഴഞ്ചന്‍കതകില്‍ ആഞ്ഞിടിച്ചു. ശപിച്ചുകൊണ്ട് തോള്‍ പൊത്തി വേദനയോടെ നിലത്തിരുന്നുപോയെങ്കിലും വാതിലിന്റെ ഒരു പാളി ചട്ടത്തില്‍നിന്ന് അടര്‍ന്നു തൂങ്ങിക്കിടക്കുന്നതു കണ്ട് അവന്‍ സന്തോഷത്തോടെ അവളെ വിളിച്ചു.

വിശാലമായ ഒരു മുറിയിലേക്കാണ് ആ കതകു തുറന്നത്. തെരുവില്‍നിന്നുള്ള പ്രകാശം കിളിവാതിലിലൂടെ ഉള്ളിലേക്കു പ്രസരിക്കുന്നുണ്ടായിരുന്നു. അങ്ങിങ്ങ് കൂട്ടിയിട്ടിരുന്ന സാധനങ്ങളും മറ്റും കണ്ടപ്പോള്‍ അതൊരു ഇടിഞ്ഞുപൊളിഞ്ഞ ഗോഡൗണ്‍ ആണെന്ന് അവര്‍ക്കു തോന്നി. പഴകിയ ധാന്യത്തിന്റെ ചൂരും പൊടിയും ആ തകര്‍ന്ന വാതിലിലൂടെ പുറത്തേക്കു വമിച്ചു.

പൊളിഞ്ഞ വാതില്‍പ്പാളി വലിച്ചകറ്റി അവര്‍ രണ്ടുപേരും അകത്തു കടന്നു. പൊടിയും ചപ്പുചവറുകളും നിറഞ്ഞ തറയിലൂടെ എലികള്‍ ഭയലേശമെന്യേ അങ്ങിങ്ങ് ഓടിനടക്കുന്നതു കണ്ട് സീതയ്ക്ക് മനംപുരട്ടി.
'ഇതാ നോക്ക്, ഈ വെളിച്ചം വരുന്നത് ഒരു തെരുവുവിളക്കില്‍നിന്നാണ്. നമുക്ക് ഇവിടെനിന്ന് പുറത്തിറങ്ങാനുള്ള വഴി നോക്കണം.'
അവളുടെ കൈയില്‍നിന്നു പിടിവിട്ടതിനുശേഷം അവന്‍ ചുറ്റുപാടുകള്‍ പരിശോധിച്ചു. തെരുവിലേക്കു തുറക്കുന്ന വാതില്‍ പുറത്തുനിന്ന് വെറുമൊരു കൊളുത്തുകൊണ്ട് മാത്രം ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. തറയില്‍ പരതിയപ്പോള്‍ കൈയില്‍ തടഞ്ഞ ആണി ഉപയോഗിച്ച് നിമിഷനേരംകൊണ്ട് തിമൂര്‍ അത് തുറന്നു.

'നീ അവിടെ നില്ക്ക്. പരിസരം എങ്ങനെയുണ്ടെന്നു നോക്കട്ടെ.'
അവന്‍ പുറത്തിറങ്ങാതെ വാതില്‍പ്പാളികള്‍ അല്പം തുറന്നു പരിസരം വീക്ഷിച്ചു.
'ഇവിടെയെങ്ങും ആരുമില്ല. വാ... നമുക്കു പോകാം,' സീതയുടെ കൈ പിടിച്ചുകൊണ്ട് അവന്‍ വെളിയിലിറങ്ങി. വാതില്‍ പഴയതുപോലെതന്നെ അടച്ചു കൊളുത്തിടാന്‍ തിമൂര്‍ മറന്നില്ല. വിജനമായ ആ ഇടവഴി പ്രധാന തെരുവിലേക്കാണ് ചെന്നുചേരുന്നത് എന്നു കണ്ട അവനു സമാധാനമായി.
മുഖം പുറത്തുകാണാത്തവിധം സീത ദുപ്പട്ടകൊണ്ട് തോളും തലയും പുതച്ചു. അവശരായിരുന്നെങ്കിലും ദൂരെ ഉയരത്തില്‍ കാണാമായിരുന്ന 'ദിയര്‍ബക്കിര്‍ ഒട്ടേല്‍' എന്ന തിളങ്ങുന്ന അക്ഷരങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്ക് ഉത്സാഹമായി. അല്പം മുന്നില്‍ മാറിനടക്കുന്ന പതിവു നിര്‍ത്തി തിമൂര്‍ സീതയുടെ അരികു ചേര്‍ന്ന് നടന്നുതുടങ്ങിയിരുന്നു. ആളുകളുടെ ശ്രദ്ധ അവളില്‍ അധികം പതിയാതിരിക്കാന്‍ അതുപകരിച്ചു.

അവരെ കാത്തെന്നതുപോലെ ഹോട്ടലിന്റെ വാതില്‍പ്പടിയില്‍ത്തന്നെ യൂസുഫ് നില്ക്കുന്നുണ്ടായിരുന്നു.
'പോലീസ് വന്നിരുന്നു,' അത് പറഞ്ഞപ്പോള്‍ അവന്റെ ശബ്ദം ഭയത്താല്‍ വിറപൂണ്ടിരുന്നു.
ആകെ വിളറിയ യൂസുഫിനെ ഒരു വശത്തേക്കു മാറ്റിനിര്‍ത്തിയിട്ട് തിമൂര്‍ കുറെ നേരം കുശുകുശുത്തു. അവരെന്താണ് പറയുന്നത് എന്നു കേള്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ആകാംക്ഷയോടെ സീത അടുത്തു കണ്ട സോഫയില്‍ ഇരുന്നു.
തിമൂര്‍ അവള്‍ക്കടുത്തേക്കു വന്ന്, നിലത്തു മുട്ടുകുത്തിയിരുന്നു.

'ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം. നമ്മള്‍ ഇവിടം വിടുകയാണ്. നമുക്ക് ഇസ്താംബൂളിലെ എന്റെ വീട്ടിലേക്കു പോകാം. നിനക്ക് അവിടെ വിശ്രമിക്കാം. ഞാന്‍ എന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് അന്വേഷണം തുടരാം.'
അവള്‍ ഒരു പാവയെപ്പോലെ അല്പനേരം നിശ്ചലയായിരുന്നു. തിരിച്ചുപോകാനാണ് തിമൂറിന്റെ പദ്ധതി എന്നു മനസ്സിലാക്കാന്‍ സീത കുറച്ചു സമയമെടുത്തു. അവള്‍ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു.
'നീയല്ലേ പറഞ്ഞത് ദേവ്‌റാനെ കണ്ടുപിടിച്ചിട്ടേ നമ്മള്‍ ഇവിടം വിടുകയുള്ളൂ എന്ന്?'
അവസാനത്തെ ആശ്രയവും നഷ്ടമായതുപോലെ സീത വിങ്ങിക്കരഞ്ഞുപോയി.

'നിന്റെ സുരക്ഷിതത്വമാണ് എനിക്ക് ഇപ്പോള്‍ ഏറ്റവും വലുത്,' തിമൂറിന്റെ ശബ്ദത്തില്‍ വിട്ടുവീഴ്ചയില്ലായിരുന്നു.
വിതുമ്പിക്കൊണ്ട് സീത നിഷേധാര്‍ഥത്തില്‍ തലയാട്ടി
തിമൂര്‍ നിസ്സഹായതയോടെ യൂസുഫിനെ നോക്കി.
'മാഡം, പോലീസ് വന്നിരുന്നു,' യൂസുഫ് അവര്‍ക്കടുത്തു വന്നിരുന്നു. 'ഞാന്‍ വല്ലാതെ ഭയന്നുപോയി. നിങ്ങള്‍ പോയെന്നു പറയാനാണ് എനിക്ക് പെട്ടെന്നു തോന്നിയത്. ഭാഗ്യത്തിന് അവര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയില്ല. ഇനി വന്നാല്‍ ഉടനെ വിവരം അറിയിക്കണം എന്നു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എത്രയും പെട്ടെന്ന് സ്ഥലം വിടണം. ഇല്ലെങ്കില്‍ ഞാനും കുഴപ്പത്തിലാവും.'
അവന്‍ അവരെ അടുക്കളയ്ക്ക് അടുത്തുള്ള ഒരു ചെറിയ മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. ജോലിക്കാര്‍ വസ്ത്രം മാറാനും കുളിക്കാനും അല്പം വിശ്രമിക്കാനും മറ്റും ഉപയോഗിക്കുന്ന ഒരിടമായിരുന്നു അത്. പ്രാതലിനുള്ള മുട്ടകള്‍ നിറച്ച ട്രേകള്‍ ഒന്നിനു മീതേ ഒന്നായി അവിടെയുണ്ടായിരുന്ന സ്റ്റീല്‍ മേശപ്പുറത്ത് അടുക്കിവെച്ചിരുന്നു. ഗ്യാസ് സിലിണ്ടറും മറ്റും സൂക്ഷിക്കുന്ന ഒരു അറയില്‍നിന്ന് യൂസുഫ് അവരുടെ ബാഗുകള്‍ വലിച്ചെടുത്തു.
'ക്ഷമിക്കണം. അവര്‍ വന്ന് പോയിക്കഴിഞ്ഞപ്പോള്‍ നിങ്ങളുടെ സാധനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഞാന്‍ ഒളിപ്പിച്ചുവെച്ചു. ഭ്രാന്തുപിടിച്ചു നടക്കുകയാണ് അവറ്റകള്‍. വീണ്ടും കയറിവന്നു മുറികള്‍ പരിശോധിച്ചാല്‍ എന്റെ കാര്യം അതോടെ തീര്‍ന്നു.'
'സാരമില്ല സുഹൃത്തേ, വളരെ ഉപകാരം,' തിമൂര്‍ നന്ദിയോടെ അവനെ നോക്കി.
'തല്‍ക്കാലത്തേക്ക് നിങ്ങള്‍ക്ക് ഈ മുറി ഉപയോഗിക്കാം.'
യൂസുഫ് വാതില്‍ ചാരിയിട്ടു പുറത്തേക്കു പോയി. ചലനമറ്റു നില്ക്കുന്ന സീതയെ തിമൂര്‍ ചേര്‍ത്തുപിടിച്ചു.

'നമുക്ക് സമയമില്ല. ഏതു നിമിഷവും പോലീസുകാര്‍ തിരിച്ചുവരും. നീ പെട്ടെന്ന് തയ്യാറാവൂ. ഞാന്‍ ഒരു കാര്‍ വാടകയ്ക്ക് എടുക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.'
സീത നീര്‍ നിറഞ്ഞ കണ്ണുകളുയര്‍ത്തി എന്തോ അപേക്ഷാഭാവത്തില്‍ പറയാന്‍ ശ്രമിച്ചു.
'മറ്റു വഴിയില്ല സീതാ.'
അവളുടെ മുഖത്തെ യാചന കണ്ടില്ലെന്നു നടിച്ച്, തിമൂര്‍ പുറത്തേക്ക് ഇറങ്ങി. എവിടെനിന്ന് ഒരു കാര്‍ സംഘടിപ്പിക്കാം എന്ന് കുറെ നേരം ചിന്തിച്ചു തലപുകച്ചതിനുശേഷം ബെദ്യൂവിലേക്കുതന്നെ തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു.
വഴിയോരത്തെ മറ്റു കടകളുടേതെന്നപോലെ ബെദ്യൂവിന്റെ കതകുകളും അടഞ്ഞുകിടന്നിരുന്നു. കാപ്പിക്കുരുവിന്റെ മണവും ചുവന്ന നിറവുമുള്ള പൊടിക്കല്‍യന്ത്രം വാതിലിനടുത്ത് ചലനമറ്റു നിന്നു. അല്പനേരം അതിനു മുന്നില്‍ ചുറ്റിപ്പറ്റി നിന്നതിനുശേഷം ഒന്ന് മുട്ടിവിളിച്ചു നോക്കാന്‍ അവന്‍ തീരുമാനിച്ചു. അവിടമാകെ മൂടിനിന്ന നിശ്ശബ്ദതയെ ഭഞ്ജിക്കാത്തവിധം വളരെ മൃദുവായി തിമൂര്‍ ആ വാതിലില്‍ മുട്ടിനോക്കി. ഒന്ന്... രണ്ട്... അല്പനേരം കാത്തുനിന്നതിനു ശേഷം വീണ്ടും... ഒന്ന്... രണ്ട്... അകത്തുനിന്നും മുറുമുറുക്കുന്നതുപോലെ എന്തോ ശബ്ദം കേട്ടു. കടമുറിയുടെ വശത്തുള്ള ഒറ്റവാതില്‍പ്പാളി തുറന്നുകൊണ്ട് ഒരു തല പുറത്തേക്ക് നീണ്ടു.

'ആരാണ്?' എസ്സാറ്റ് പരിഭ്രമത്തോടെയാണ് ചോദിച്ചത്. തിമൂറിനെ കണ്ടപ്പോള്‍ അയാള്‍ ഭയത്തോടെ അവനെ വലിച്ച് അകത്തു കയറ്റി.
'നീ എന്തിനാ ഇങ്ങോട്ടു വന്നത്? എന്റെ കട ആ പോലീസുകാര്‍ തല്ലിപ്പൊളിച്ചു.'
അവന്‍ പറഞ്ഞത് സത്യമാണെന്ന് തിമൂറിനു കാണാമായിരുന്നു. തുകല്‍ ബാഗുകളും ചെരുപ്പുകളും തറയിലെമ്പാടും ചിതറിക്കിടന്നിരുന്നു. എസ്സാറ്റിന്റെ മുഖത്തിന്റെ ഒരു വശം ചുവന്നു തിണര്‍ത്തുകിടന്നു. തിമൂര്‍ അസ്വസ്ഥതയോടെ ചുറ്റും നോക്കി.
'അതൊന്നും നീ കണക്കാക്കണ്ട. എന്തിനാ ഈ സമയത്ത് ഇങ്ങോട്ടു വന്നത്? എല്ലായിടത്തും ചാരന്മാരാണ്.'
'വിമാനത്താവളത്തിലേക്കു പോയാല്‍ ചിലപ്പോള്‍ അവളെ അവര്‍ അവിടെ വെച്ച്
അറസ്റ്റു ചെയ്‌തേക്കും,' തിമൂര്‍ പറഞ്ഞു, 'പണം എത്ര വേണമെങ്കിലും തരാം. എനിക്കൊരു കാറ് വേണം. സീതയെ എത്രയും പെട്ടെന്ന് ഇവിടെനിന്ന് മാറ്റണം'
'എന്റെ കൈയില്‍ കാറില്ല,' എസ്സാറ്റ് ആലോചനാപൂര്‍വം പറഞ്ഞു, 'നാട്ടുമ്പുറത്തെ തുകല്‍പ്പണിക്കാരുടെ കൈയില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഒരു പഴയ വാന്‍ ഇവിടെയുണ്ട്.'

കടയുടെ മുന്നില്‍ അല്പം ദൂരെയായി പാര്‍ക്ക് ചെയ്തിരുന്ന ഒരു പഴക്കംചെന്ന വാന്‍ അയാള്‍ അവനു ചൂണ്ടിക്കാണിച്ചുകൊടുത്തു.
'ഇത് മതി. ഇസ്താംബൂള്‍ വരെ ഇത് ഓടിയെത്തുമോ?'
'പിന്നെന്താ? പഴക്കമുണ്ടെങ്കിലും എഞ്ചിന്‍ നല്ല അവസ്ഥയിലാണ്. ഞാന്‍ മാത്രമേ ഇതുപയോഗിക്കാറുള്ളൂ.'
തിമൂര്‍ പോക്കറ്റില്‍നിന്ന് കുറെ പണമെടുത്ത് അയാളുടെ കൈയില്‍ പിടിപ്പിച്ചു,
'സുഹൃത്തേ, എനിക്കീ വണ്ടി എന്ന് തിരിച്ചെത്തിക്കാന്‍ കഴിയും എന്നറിയില്ല. ഉടനെത്തന്നെ ഞാന്‍ കുറച്ചു പണംകൂടി എത്തിക്കാം.'
എസ്സാറ്റ് അത് അവന്റെ പോക്കറ്റിലേക്കുതന്നെ തിരുകി. 'ഉപയോഗം കഴിയുമ്പോള്‍ അത് തിരിച്ചുകൊണ്ടുവന്നാല്‍ മതി. എന്നെ സഹായിക്കാന്‍ ഇവിടെ സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് വാഹനങ്ങളുണ്ട്. പണം കൈയിലിരിക്കട്ടെ. ഈ യാത്രയില്‍ നിങ്ങള്‍ക്ക് അതാവശ്യം വരും.'

എസ്സാറ്റിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോള്‍ കൂടുതല്‍ നിര്‍ബന്ധിക്കാതെ തിമൂര്‍ ആ പണം സ്വന്തം പോക്കറ്റിലേക്കുതന്നെ തിരുകിവെച്ചു.
അല്പം പ്രതിഷേധത്തോടെയാണ് ഉരുണ്ടുതുടങ്ങിയതെങ്കിലും ഓടിച്ചുതുടങ്ങിയപ്പോള്‍ ആ വാന്‍ തരക്കേടില്ല എന്നും സുരക്ഷിതമായി ഇസ്താംബൂളില്‍ എത്താന്‍ അതു മതിയാവും എന്നും അവനു തോന്നി. ഹോട്ടലിനു മുന്നില്‍നിന്ന് കുറച്ചു ദൂരെ മാറിയിട്ടാണ് തിമൂര്‍ വാന്‍ നിര്‍ത്തിയത്. യൂസുഫ് അടുക്കളയില്‍ തിരക്കിട്ട പണിയിലായിരുന്നു. ഒഴിഞ്ഞുകിടന്ന മുറികളിലൊന്നില്‍ വിരുന്നുകാര്‍ വന്ന ലക്ഷണമുണ്ട്.

അടുക്കളയില്‍നിന്ന് പൊരിച്ച ആട്ടിറച്ചിയുടെ സ്വാദുള്ള മണം ഒഴുകിവന്നു. പാചകത്തില്‍ മുഴുകിനിന്ന യൂസുഫിനെ ശല്യം ചെയ്യാതെ തിമൂര്‍ തങ്ങള്‍ക്കായി ഒഴിച്ചുതന്ന മുറിയുടെ വാതിലില്‍ തട്ടി. അകത്ത് അനക്കമൊന്നുമുണ്ടായിരുന്നില്ല. സീത കുളിക്കുകയോ മറ്റോ ആവുമെന്ന് കരുതി ഒന്ന് മടിച്ചുനിന്നുവെങ്കിലും ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് അറിയാമായിരുന്ന തിമൂര്‍ വാതില്‍ തള്ളിത്തുറന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. ബാത്ത്‌റൂമിന്റെ കതകുകള്‍ തുറന്നു കിടന്നിരുന്നു. തിമൂറിന്റെ സിരകളിലൂടെ ഒരു നടുക്കം കടന്നുപോയി.
'യൂസുഫ്..,' അവന്‍ അലറി, 'ഇവിടെ ആരാ വന്നത്?'
കൈയിലൊരു തവിയുമായി യൂസുഫ് ഓടിവന്നു: 'ആരും വന്നില്ല.'
'സീത എവിടെ?' ഭ്രാന്തുപിടിച്ചതുപോലെ അവന്‍ കുരച്ചുചാടി.
യൂസുഫ് ഭയന്ന് പിന്നോട്ടു മാറി: 'ഞാന്‍ കണ്ടില്ല സര്‍, ആരും ഇവിടെ വന്നിട്ടില്ല. മാഡം തനിയേ പോയതാവും.'

കൈകളില്‍ തല താങ്ങിക്കൊണ്ട് തിമൂര്‍ കട്ടിലിന്‍മേല്‍ ഇരുന്നു. തല വെട്ടിപ്പൊളിയുന്നതുപോലെ വേദനിക്കുന്നുണ്ടായിരുന്നു. ഇനി ഒരടി നടക്കാന്‍ തനിക്കു കഴിയില്ലെന്ന് അവനു തോന്നി.
'സര്‍.' യൂസുഫ് പതിയെ വിളിച്ചു, 'ഇതാ, മാഡത്തിന്റെ കത്താണെന്ന് തോന്നുന്നു.'
തിമൂര്‍ ആ കടലാസ് പിടിച്ചുവാങ്ങി. ശരിയാണ്. സീതയുടെ കുറിപ്പാണ്. അവളുടെ ഉരുട്ടിയെഴുതിയ അക്ഷരങ്ങളും തെളിമയുള്ള ഭാഷയും അവനു പരിചയമുണ്ടായിരുന്നു.
'തിമൂര്‍, പോലീസ് എന്നെയാണ് തിരയുന്നത്. നിന്നെ അവര്‍ക്ക് അറിയില്ല. കൂടുതല്‍ കുഴപ്പങ്ങളില്‍പ്പെടാതെ ഇസ്താംബൂളിലേക്കു പോകണം. ദേവ്‌റാനെ കാണാതെ ഞാന്‍ തിരിച്ചുവരില്ല.'
കടലാസ് തിമൂറിന്റെ കൈയില്‍നിന്ന് താഴെ വീണു. എന്തിനെന്നറിയാതെ അവന്‍ പൊട്ടിക്കരഞ്ഞു. യൂസുഫ് ചിന്താകുലനായി നഖം കടിച്ചുകൊണ്ട് നിന്നു. എന്തുചെയ്യണം എന്ന് അവനു മനസ്സിലായില്ല. തിമൂറിനെ സ്വസ്ഥമായി കരയാന്‍ വിട്ടുകൊണ്ട് യൂസുഫ് അടുക്കളയിലേക്കു തിരിച്ചു നടന്നു.

Content Highlights: excerpt from the book zin by haritha savithri published by mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented