ഇറാനിയന്‍, ടിബറ്റന്‍, ജാവാ, പാഴ്‌സി, കംബോഡിയ രാമായണങ്ങള്‍...! രാമനും പലവിധ രാമായണങ്ങളും


വി. മധുസൂദനന്‍ നായര്‍

ഗോസ്വാമി തുളസീദാസന്റെ രാമചരിതമാനസം (തുളസീദാസരാമായണം) ആണ് ഹിന്ദിയിലെ പ്രമുഖ രാമകാവ്യം. ആധ്യാത്മികത മുന്തിനില്ക്കുന്ന ഈ കൃതിയെക്കൂടാതെ രാമരസായനം, രാമസ്വയംവരം, അവധവിലാസം, കോസലകിശോരം തുടങ്ങി ഒട്ടധികം കൃതികളുമുണ്ട്.

വര: പ്രദീപ് കുമാർ

വി. മധുസൂദനന്‍ നായര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സമയാകാശങ്ങളില്‍ രാമായണതീര്‍ഥം' എന്ന പുസ്തകം രാമായണകഥയുടെ ഉള്ളടരുകളെ വിശദമാക്കിക്കൊണ്ട് സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും കാലാകാലമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമായ രാമായണത്തെ അവതരിപ്പിക്കുന്നു. പുസ്തകത്തില്‍നിന്നും ഒരു ഭാഗം വായിക്കാം.

ഭാരതീയര്‍ക്ക് മറ്റൊരു വേദം തന്നെയാണ് ആദികാവ്യമായ രാമായണം. വാല്മീകിയുടെ ഈ മഹാധര്‍മഗാഥ ധര്‍മമൂലമായ വേദത്തില്‍നിന്നുറവെടുത്തുവെന്നും ഇക്ഷ്വാകു, ദശരഥന്‍, രാമന്‍, സീത എന്നീ പേരുകള്‍ മാത്രമല്ല, രാമതത്ത്വവും ദര്‍ശനവും കൂടി വേദാധിഷ്ഠിതമാണെന്നും പലരും വിശ്വസിക്കുന്നു. അതുകൊണ്ട് രാമായണപ്രവചനം ഫലിക്കുമാറ് ഈ കാവ്യം ലോകമെങ്ങും പ്രചരിച്ചു.

യാവത് സ്ഥാസ്യന്തി ഗിരയഃ
സരിതശ്ച മഹീതലേ
താവദ് രാമായണകഥാ
ലോകേഷു പ്രചരിഷ്യതി
(വാല്മീകിരാമായണം)

ഗിരികളും നദികളും ഭൂമിയിലുള്ളിടത്തോളം രാമായണകഥ ലോകത്ത് പ്രചരിച്ചുകൊണ്ടേയിരിക്കും- ശരിയാണ്. ഭാരതത്തിലെ എല്ലാ ഭാഷകളിലും രാമായണങ്ങളുണ്ട്. രാമായണത്തെ ആധാരമാക്കിയുള്ള കൃതികളുണ്ട്. സൈബീരിയ മുതല്‍ ഇന്‍ഡോനേഷ്യ വരെയുള്ള രാജ്യങ്ങളില്‍ ആയിരത്താണ്ടുകളായി രാമായണം ജീവിതഭാഗമായിരിക്കുന്നു. പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലും ഇറാന്‍, തുര്‍ക്കിസ്ഥാന്‍ എന്നിവിടങ്ങളിലും രാമായണമുണ്ട്.

ഭാരതത്തില്‍ ദശരഥജാതകം എന്ന ബുദ്ധജാതകകഥ (സുത്തപിടകം) ക്രിസ്തുവിനു മുന്‍പ് മൂന്നാം ശതകത്തിലുണ്ടായി. സിംഹളഭാഷയിലെ ജാതകട്ഠവണ്ണനയിലും രാമന്റെ കഥയാണുള്ളത്. ജൈനസാഹിത്യത്തില്‍ വിമലസൂരിയുടെ പഉമചരിയം (പദ്മചരിതം), ദശരഥകഥാനം തുടങ്ങിയ കൃതികളുണ്ട്. മഹാഭാരതത്തില്‍ വനപര്‍വം, ദ്രോണപര്‍വം, ശാന്തിപര്‍വം എന്നിവയില്‍ രാമായണ സംക്ഷേപമുണ്ട്. വിഷ്ണുപുരാണം, ബ്രഹ്‌മാണ്ഡപുരാണം, ഹരിവംശം, വായുപുരാണം, നരസിംഹപുരാണം, മത്സ്യപുരാണം, കൂര്‍മപുരാണം, ഭാഗവതം, വിഷ്ണുധര്‍മോത്തരപുരാണം, അഗ്നിപുരാണം, സ്‌കാന്ദപുരാണം, വരാഹപുരാണം, ഗരുഡപുരാണം, നാരദപുരാണം, ബ്രഹ്‌മപുരാണം, ലിംഗപുരാണം, ദേവീഭാഗവതം, കാളികാപുരാണം, സൗരപുരാണം, പദ്മപുരാണം, ബൃഹദ്ധര്‍മപുരാണം, ജൈമിനീയാശ്വമേധം, യോഗവാസിഷ്ഠം, അഗസ്ത്യസംഹിത, ബ്രഹ്‌മവൈവര്‍ത്തപുരാണം, രാമതാപനീയോപനിഷത്, മൈരാവണചരിതം തുടങ്ങിയ സംസ്‌കൃതകൃതികളില്‍ രാമകഥയുണ്ട്; ശിവപുരാണത്തിലും.

അധ്യാത്മരാമായണം, ആനന്ദരാമായണം, അദ്ഭുതരാമായണം, പാതാളരാമായണം, ശതമുഖരാമായണം, ഭാവാര്‍ഥ രാമായണം, തത്ത്വസംഗ്രഹ രാമായണം എന്നിങ്ങനെ സംസ്‌കൃതത്തില്‍ അനേകം രാമായണങ്ങള്‍ വേറെയുമുണ്ടായി. ആധ്യാത്മികവും ദാര്‍ശനികവുമായി ഭാരതജീവിതധാരയെ രാമായണം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നുവെന്നു തെളിയിക്കുന്നതാണ് എണ്ണമറ്റ രാമായണ വ്യാഖ്യാനങ്ങളും രാമായണത്തെ അവലംബിച്ചുള്ള കൃതികളും.

സംസ്‌കൃതത്തിലെ പ്രധാനപ്പെട്ട വാല്മീകി രാമായണ വ്യാഖ്യാനങ്ങള്‍
1. രാമായണഭൂഷണം-ഗോവിന്ദരാജന്‍
ശൃംഗാരതിലകം എന്നും ഇതിനു പേരു കാണുന്നു. ഗോവിന്ദരാജീയം എന്ന് പൊതുവേ നിര്‍ദേശിക്കും. ഈ വ്യാഖ്യാനത്തില്‍ രാമായണത്തിലെ ഓരോ കാണ്ഡത്തിന്റെയും വ്യാഖ്യാനത്തിന് യഥാക്രമം മണിമഞ്ജീരം, പീതാംബരം, രത്‌നമേഖല, മുക്താഹാരം, ശൃംഗാരതിലകം, മണിമകുടം, രത്‌നകിരീടം എന്നിങ്ങനെ ഭൂഷണനാമങ്ങള്‍ നല്കിയിരിക്കുന്നു. രാമാനുജനെയും ശഠകോപമുനിയെയും നമിച്ചുകൊണ്ടാണ് ആരംഭം.
2. രാമായണതിലകം-രാമന്‍ അഥവാ രാമവര്‍മന്‍ (രാമശര്‍മന്‍)
ഈ വ്യാഖ്യാതാവ് ഹിമ്മതിവര്‍മന്റെ പുത്രനും നാഗേശഭട്ടന്റെ ശിഷ്യ
നുമാണ്. അധ്യാത്മരാമായണസേതു, രാമസീതാടീകാ എന്നിവയുടെയും കര്‍ത്താവാണ്.
3. അമൃതകതകവ്യാഖ്യാ-മാധവയോഗി
കാളഹസ്തീശ്വരന്‍, ഏകാമ്രനാഥന്‍, വേദഗിരീശ്വരന്‍ എന്നിവരെയും
വന്ദിച്ചുകൊണ്ട് വ്യാഖ്യാനം തുടങ്ങുന്ന മാധവയോഗി തമിഴ് വംശജനായിരിക്കണം. ഉപനിഷദ്‌വ്യാഖ്യാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. പില്ക്കാലവ്യാഖ്യാതാക്കള്‍ പലരും കതകവ്യാഖ്യാനത്തെ സ്മരിച്ചുകാണുന്നു.
4. രാമായണതത്ത്വദീപിക- മഹേശ്വരതീര്‍ഥര്‍
യോഗശാസ്ത്രത്തിലും അദ്വൈതദര്‍ശനത്തിലും ഗ്രന്ഥങ്ങളെഴുതിയ തീര്‍ഥസ്വാമിയാണത്രേ മഹേശ്വരതീര്‍ഥര്‍. യാസ്‌കനിരുക്തത്തെയും മറ്റും ആധാരമാക്കിയാണ് ഇദ്ദേഹത്തിന്റെ രാമായണവ്യാഖ്യാനം.
'പ്രണമ്യ നാരായണതീര്‍ഥദേശികാന്‍' എന്ന് പിതൃഗുരുവന്ദനങ്ങളോടെ ആരംഭിക്കുന്ന ഇദ്ദേഹം, ഗായത്രീവര്‍ണസഹിതമായ ശ്ലോകസങ്കേതമായിട്ടാണ് രാമായണം വാല്മീകി രചിച്ചതെന്ന് ആമുഖമായിത്തന്നെ പറയുന്നു, 'ഗായത്ര്യാക്ഷരമേകൈകം സ്ഥാപയാമാസ വൈ മുനിഃ' എന്ന്.
5. രാമാനുജീയം- രാമാനുജന്‍
വിരോധഭഞ്ജിനി എന്നും ഇതിനു പേര്. അഹോബലശിഷ്യനാണ് രാമാനുജന്‍
6. തനിശ്ലോകീ- അഹോബലാചാര്യന്‍
സംസ്‌കൃതവും തെലുങ്കും കലര്‍ന്നതാണത്രേ ഈ വ്യാഖ്യാനം.
7. ധര്‍മാകൂതം-ത്രയംബകരാജമഖി (ത്രയംബക യജ്വാന്‍)
8. ചതുരര്‍ഥദീപിക
9. വാല്മീകിഹൃദയം
10. രാമായണവിരോധപരിഹാരം
11. വിദ്വന്മനോരമ
12. ശൃംഗാരസുധാകരം
13. സുബോധിനി-അഭിനവരാമഭദ്രാശ്രമന്‍
14. സേതു
15. രാമായണടീകാ-രാമാശ്രമാചാര്യര്‍
16. മനോഹരാ-ലോകനാഥന്‍
17. ഈശ്വരദീക്ഷിതവ്യാഖ്യാനം
18. ഉമാമഹേശ്വരവ്യാഖ്യാനം
19. ദേവരാമഭട്ടവ്യാഖ്യാ
20. വിവേകതിലകം-വരദരാജന്‍. ഇദ്ദേഹത്തിനു വരദരാജ ചോളപണ്ഡിതന്‍ എന്നും പേര്.
21. ശ്രീമദ്രാമായണഭാവദീപം-സത്യധര്‍മതീര്‍ഥര്‍
മധ്വാചാര്യരുടെ മഹാഭാരത താത്പര്യനിര്‍ണയം, രാമായണ താത്പ
ര്യനിര്‍ണയം എന്നിവയെ അനുഗമിച്ചാണ് ഇദ്ദേഹം ഭാവദീപം രചിച്ചത്. ഗായത്രിയുടെ വിപുലനമാണ് എന്ന വിശദീകരണം സത്യധര്‍മതീര്‍ഥരും നല്കിക്കാണുന്നു.
22. രാമായണാന്വയീ-രംഗാചാര്യര്‍, കാഞ്ചീവരം
23. രാമായണടീകാ-വിദ്യാനാഥന്‍
24. നൃസിംഹവ്യാഖ്യാ
25. വാല്മീകിതാത്പര്യതരണീ-വിശ്വനാഥന്‍
26. രാമായണവ്യാഖ്യാ-ശിവരാമസന്ന്യാസി
27. രാമായണവ്യാഖ്യാ-ഹരിപണ്ഡിതന്‍
28. രാമായണശിരോമണി-ശിവസഹായന്‍
29. രാമായണതാത്പര്യനിര്‍ണയം-മധ്വാചാര്യര്‍
30. രാമായണദീപിക-വിദ്യാനാഥദീക്ഷിതര്‍
31. സര്‍വാര്‍ഥസാരം-വെങ്കടേശ്വരന്‍
32. വാല്മീകിഭാവദീപം-അനന്താചാര്യ
33. രാമായണസപ്തബിംബം-ഹയഗ്രീവശാസ്ത്രി
34. വാല്മീകിരാമായണം അന്തരാര്‍ഥദീപിക-അയ്യാദുരൈ ശാസ്ത്രി
(കടത്തനാട്)

പുസ്തകം വാങ്ങാം

കൂടാതെ, ഇതര ഭാരതീയഭാഷകളില്‍ എണ്ണപ്പെട്ട രാമായണവ്യാഖ്യാനങ്ങള്‍ വളരെയധികമുണ്ടായിട്ടുണ്ട്. മഹാഭാരതത്തിലേതുള്‍പ്പെടെയുള്ള രാമോപാഖ്യാനങ്ങളും ഭാസന്‍, ഭവഭൂതി, കാളിദാസന്‍ തുടങ്ങിയവരുടെ ചില കൃതികളും ഒരുതരത്തില്‍ രാമായണവ്യാഖ്യാനങ്ങളല്ലേ എന്നും ചിന്തിക്കാവുന്നതാണ്.
വിദേശപണ്ഡിതരനേകം 19-ാം ശതകംമുതല്‍ അടുത്തകാലംവരെ രചിച്ചിട്ടുള്ള രാമായണപഠനങ്ങളെ ഇവിടെ ഗണിച്ചിട്ടില്ല. ഭാസന്റെ നാടകങ്ങള്‍, കാളിദാസന്റെ രഘുവംശം, ഭവഭൂതിയുടെ ഉത്തരരാമചരിതം, മഹാവീരചരിതം, പ്രവരസേനന്റെ സേതുബന്ധം, ഭട്ടിയുടെ ഭട്ടികാവ്യം, സിലോണ്‍ ഭരിച്ചിരുന്ന കുമാരസേനന്റെ (6-ാം നൂറ്റാണ്ട്) ജാനകീഹരണം, അഭിനന്ദന്റെ രാമചരിതം, ക്ഷേമേന്ദ്രന്റെ രാമായണകഥാമഞ്ജരി, ഭോജന്റെ രാമായണം ചമ്പു, വേദാന്തകേസരിയുടെ പാദുകാസഹസ്രം തുടങ്ങി എത്രയോ കൃതികള്‍ രാമായണത്തെ ആധാരമാക്കി പില്ക്കാലത്ത് സംസ്‌കൃതത്തിലുണ്ടായി.

ഭാരതത്തിലെ പ്രാദേശികമനസ്സുകള്‍ വികസിച്ചതും പ്രാദേശികഭാഷാ സാഹിത്യസംസ്‌കാരങ്ങള്‍ വളര്‍ന്നതും രാമായണതീര്‍ഥം നുകര്‍ന്നുനുകര്‍ന്നാണ്.
തമിഴില്‍ പെരിയാഴ്‌വാര്‍, കുലശേഖര ആഴ്‌വാര്‍, തിരുമങ്കൈ ആഴ്‌വാര്‍ എന്നിവര്‍ രാമകഥ പാടി. ചിലപ്പതികാരം, മണിമേഖലൈ എന്നീ കാവ്യങ്ങളില്‍ രാമായണസ്പര്‍ശമുണ്ട്. ചിലപ്പതികാരം, മണിമേഖലൈ എന്നിവയുടെ കര്‍ത്താക്കളും കുലശേഖര ആഴ്‌വാരും കേരളീയരാണെന്നതുമോര്‍ക്കാം. പതിനൊന്നാം നൂറ്റാണ്ടില്‍ കമ്പര്‍ ഇരാമാവതാരം രചിച്ചു. കമ്പരാമായണം എന്ന പേരില്‍ ഇതു പ്രസിദ്ധമായി.

കന്നഡത്തില്‍ നരഹരിയുടെ രാമായണമാണ് പ്രധാനം. തോരവേ രാമായണം എന്നും ഇതറിയപ്പെടുന്നു. മുദ്ദന്റെ രാമാശ്വമേധവും പ്രസിദ്ധമാണ്. വെങ്കാമാത്യന്‍, ബത്തലേശ്വരന്‍ എന്നിവരുടെ രാമായണകാവ്യങ്ങളും കന്നഡത്തിലുണ്ട്. കൂടാതെ, ആധുനികകൃതികളും.തെലുങ്കില്‍ തിക്കനയുടെ നിര്‍വചനോത്തരരാമായണം (13-ാം നൂറ്റാണ്ട്) മുഖ്യം. രംഗനാഥരാമായണം, ഭാസ്‌കരരാമായണം, മൊല്ലരാമായണം, കട്ടവരദരാജൂരാമായണം എന്നിവയുമുണ്ട്. മറാഠിയില്‍ ഏകനാഥന്റെ ഭാവാര്‍ഥരാമായണം കൂടാതെ സീതാസ്വയംവരകൃതികളും കൃഷ്ണദാസ് മുദ്ഗലന്‍, മുക്കേശ്വരന്‍, മാധവസ്വാമി മുതലായവരുടെ രാമകാവ്യങ്ങളും പ്രചുരമാണ്.

ഗോസ്വാമി തുളസീദാസന്റെ രാമചരിതമാനസം (തുളസീദാസരാമായണം) ആണ് ഹിന്ദിയിലെ പ്രമുഖ രാമകാവ്യം. ആധ്യാത്മികത മുന്തിനില്ക്കുന്ന ഈ കൃതിയെക്കൂടാതെ രാമരസായനം, രാമസ്വയംവരം, അവധവിലാസം, കോസലകിശോരം തുടങ്ങി ഒട്ടധികം കൃതികളുമുണ്ട്.ഗുരുഗോവിന്ദസിംഹന്റെ രാമാവതാരം പഞ്ചാബിയില്‍. വാല്മീകിരാമായണ പരിഭാഷകള്‍ വേറെയും.

ബംഗാളിയില്‍ കൃത്തിവാസന്‍ രചിച്ച കൃത്തിവാസരാമായണം (10-ാം ശതകം) ഏറെ പ്രിയംകരം. ഇത് ബംഗാളിജനതയുടെ ദേശീയേതിഹാസമാണ്. അസമിയഭാഷയില്‍ മാധവകണ്ടളിയുടെ രാമായണം, ഗുജറാത്തിയില്‍ കര്‍മണമന്ത്രയുടെ സീതാപഹരണം, ഭീമന്റെ രാമലീല എന്നിവയും ഗിരിധരന്റെ രാമചരിത്രവും ഉള്‍പ്പെടെ രാമകഥാകൃതികള്‍ ഒരുപാടുണ്ട്. ഒറിയയില്‍ ബാലരാമദാസിന്റെ ജഗമോഹന്‍ രാമായണംതന്നെ പ്രമുഖകൃതി. എങ്കിലും അനേകം കൃതികള്‍ വേറെയുമുണ്ട്. ശങ്കരരാമായണം, പ്രകാശരാമായണം, വിഷ്ണുപ്രതാപരാമായണം, ശര്‍മരാമായണം എന്നിവ കശ്മീരിലെ രാമായണകൃതികളില്‍ പ്രധാനങ്ങള്‍. ഇവയില്‍പ്പലതിലും സീത രാവണപുത്രിയാണ്. ഇനിയുമെത്രയോ ഉണ്ട് രാമായണങ്ങളും രാമായണത്തെ അവലംബിച്ചുണ്ടായ കൃതികളും.

അക്ബറിന്റെ മുഗള്‍രാമായണം

വാല്മീകിരാമായണത്തിന് ഒരു പേര്‍ഷ്യന്‍ തര്‍ജമയുണ്ടായി, മനോഹരമായ ചിത്രീകരണങ്ങളോടെ അത് അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു. അക്ബറിന്റെ താത്പര്യമനുസരിച്ച്, സംസ്‌കൃതപണ്ഡിതനായ ദേവിമിസ്സാര്‍ എന്ന ബ്രാഹ്‌മണന്റെ സഹായത്തോടെ, നക്വിബ് ഖാന്‍ എന്നയാളാണ് വിവര്‍ത്തനം നിര്‍വഹിച്ചത്.
പകര്‍പ്പെഴുത്തുകാരും ചിത്രകാരന്മാരും ചേര്‍ന്ന് ചക്രവര്‍ത്തിക്കായി പേര്‍ഷ്യന്‍ രാമായണത്തിന്റെ ഒരു പകര്‍പ്പു തയ്യാറാക്കി. രാമന്റെയും സീതയുടെയും രാമാലിംഗനത്തിലമര്‍ന്നു നില്ക്കുന്ന ഹനുമാന്റെയും ചിത്രങ്ങള്‍ ഭാരതീയ മുഗളചിത്രകലാസമന്വയത്തിന്റെ ചരിത്രമാതൃകകളത്രേ. രാമായണംപോലെ മഹാഭാരതവും അക്ബറിന്റെ അഭിലാഷമനുസരിച്ച് പേര്‍ഷ്യനിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രകാരനായ ബദൗനി രേഖപ്പെടുത്തിയിട്ടുള്ളതാണിത്. രാമായണമാഹാത്മ്യം അങ്ങനെയും ലോകം അറിയുന്നു.

ചീരാമന്റെ ഇരാമചരിതം, അയ്യിപ്പിള്ള ആശാന്റെ രാമകഥപ്പാട്ട്, നിരണത്തു രാമപ്പണിക്കരുടെ കണ്ണശ്ശരാമായണം, പുനം നമ്പൂതിരിയുടെ ഭാഷാരാമായണം ചമ്പു എന്നിവ മലയാളത്തിലെ 15-ാം നൂറ്റാണ്ടുവരെയുള്ള പ്രധാനപ്പെട്ട രാമായണാഖ്യാനങ്ങളാണ്. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി കേരളത്തിലുണ്ടായ സംസ്‌കൃതനാടകമാണ്.

16-ാം നൂറ്റാണ്ടിലാണ് തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് കേരളത്തിന്റെ ആത്മീയഗാനമായി അവതരിച്ചത്. അന്നുമുതലിന്നോളം ഈ വിശിഷ്ടകൃതി മലയാളജീവിതത്തെ വിശുദ്ധമാക്കിക്കൊണ്ട് പ്രവഹിക്കുന്നു. കോട്ടയം കേരളവര്‍മയുടെ വാല്മീകിരാമായണം (17-ാം ശതകം), വള്ളത്തോളിന്റെ വാല്മീകിരാമായണം (20-ാം ശതകം) എന്നിവ പ്രമുഖ വിവര്‍ത്തനങ്ങളാണ്. സി.ജി. വാരിയരുടെ ഗദ്യവിവര്‍ത്തനം, ഡോ. എം. ലീലാവതിയുടെ വ്യാഖ്യാനം, സുധാംശു ചതുര്‍വേദിയുടെ വ്യാഖ്യാനം തുടങ്ങിയവയും പുനരാഖ്യാനങ്ങളും ശ്രദ്ധേയം.

മലയാളത്തിലെ ആദ്യത്തെ എട്ട് ആട്ടക്കഥകളും രാമായണത്തെ ആധാരമാക്കിയുള്ളതാണ്. കൊട്ടാരക്കരത്തമ്പുരാന്‍ പതിനേഴാം ശതകത്തില്‍ ഇവ രചിച്ചു. ഇരുപത്തിനാലു വൃത്തം, രാമായണം പാന തുടങ്ങിയവ വേറേ. രാമായണത്തെ അവലംബിച്ച് കുഞ്ചന്‍നമ്പ്യാര്‍ എട്ടു തുള്ളല്‍ക്കഥകള്‍ രചിച്ചു. കുമാരനാശാന്റെ ബാലരാമായണം, സി.വി. കുഞ്ഞുരാമന്റെ വാല്മീകിരാമായണം, സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ രാമായണനാടകങ്ങള്‍ തുടങ്ങിയവ ആധുനികമലയാളത്തിലെ രാമായണപ്രഭാവത്തിനു തെളിവാണ്.

കേരളത്തില്‍ സംസ്‌കൃതം പഠിക്കാന്‍ സഹായിക്കുന്ന ശ്രീരാമോദന്തം മുതല്‍ സീതാദുഃഖം പഴയ പാട്ടുകള്‍ വരെയും ഉണ്ടായി. എല്ലാവര്‍ക്കും രാമായണം ഏതെങ്കിലും രൂപത്തില്‍ ഉണ്ടായിരുന്നു. രാമായണം വിഷയമാക്കിയുള്ള നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍ തുടങ്ങിയവ മലയാളത്തിലും വളരെയധികം ഉണ്ടായി. അന്യദേശങ്ങളില്‍ഭാരതത്തിനു പുറത്ത് ഇന്‍ഡോനേഷ്യ, ബര്‍മ, ജപ്പാന്‍, ചൈന, സൈബീരിയ, പേര്‍ഷ്യ, തുര്‍ക്കിസ്ഥാന്‍, ഇറാന്‍, മംഗോളിയ തുടങ്ങിയ പ്രാന്തരാജ്യങ്ങളിലെല്ലാം രാമകഥ നാടന്‍പാട്ടായും ജനകീയകാവ്യമായും കലാരൂപങ്ങളായും ജനജീവിതഭാഗമായിത്തീര്‍ന്നിട്ടുണ്ട്.

ഇറാനിലെ ഖൊത്താനീസ് ഭാഷയിലുള്ള ഒരു ഇറാനിയന്‍ രാമായണം (9-ാം നൂറ്റാണ്ട്), തുര്‍ക്കിസ്ഥാനില്‍നിന്നുള്ള ടിബറ്റന്‍ രാമായണപാഠങ്ങള്‍, വോള്‍ഗാതീരത്തെ രാമായണകഥാഗാനങ്ങള്‍, ചൈനീസ് രാമകഥകള്‍, സിംഹളഭാഷയിലെ ജാനകീഹരണം, മഹാവംശം തുടങ്ങിയ കൃതികള്‍, ബര്‍മീസ് ഭാഷയിലെ രാമവത്ഥൂ, മഹാരാമ, രാമ തോന്‍മ്യോ, രാമ യഗന്‍, തിരിരാമ തുടങ്ങി എത്രയോ കൃതികള്‍ രാമായണത്തിന്റെ സാര്‍വലൗകികമാഹാത്മ്യം വിളിച്ചുപറയുന്നു.

മലയ - സേരീരാമ
ടിബറ്റ് - ഖോതാനീരാമായണം
ജാവാ - രാമായണകകവീന്‍, രാമകേ, ലിംഗസേരത്
സായാം - രാമകിയേന, രാമജാതകം
കംബോഡിയ- രാമകേര്‍ത്തി
പാഴ്‌സി - രാമായണ മസീഹി
തായ്‌ലാന്‍ഡ്- തായ്‌രാമായണം
ഇവകൂടാതെ ലാവോസ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളിലും രാമായണകൃതികളുണ്ട്. ഇന്‍ഡോനേഷ്യയില്‍ രാമായണ കകവീന്‍ കൂടാതെ അനേകം പ്രാദേശികകൃതികളുമുണ്ട്. നിഴല്‍നാടകം, നൃത്തനാടകം, പാവക്കൂത്ത്, ചിത്രപടം, ശില്പങ്ങള്‍, ആലേഖ്യങ്ങള്‍ എന്നീ രൂപങ്ങളില്‍ രാമായണം ഇന്നും പൗരാണികതയുടെ അപാരവിസ്മയങ്ങളോടെ ഉണര്‍ന്നിരിക്കുന്നു ഈ നാടുകളില്‍.

രാമായണ വിവര്‍ത്തനങ്ങള്‍, പുനരാഖ്യാനങ്ങള്‍ തുടങ്ങി പലതും ലോകഭാഷകളിലുണ്ടായിട്ടുണ്ടല്ലോ. പല കോണുകളിലൂടെ അതിനെ കണ്ടുകൊണ്ടുള്ള പഠനങ്ങളും. (അവലംബം ഫാ. കാമില്‍ ബുല്‍ക്കെയുടെ രാമകഥ, ഡോ. വി. രാഘവന്റെ ദി ഗ്രെയ്റ്റര്‍ രാമായണ, തിരുനല്ലൂര്‍ കരുണാകരന്റെ ലേഖനം തുടങ്ങിയവ.)


Content Highlights: excerpt from the book samayakashangalail ramayanatheertham by v madhusoodanan nair

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented