1947 ജൂണ്‍ 3; മനുഷ്യവംശം രണ്ടു ദിശകളിലേക്കു നീങ്ങിയ ഇന്ത്യാ-പാക് വിഭജനത്തിന്റെ ഓര്‍മയ്ക്ക്...


അമൃത്‌സറില്‍നിന്ന് ഞാന്‍ കയറിയ തീവണ്ടിയില്‍വെച്ച് ഞാന്‍ മുസ്‌ലിമാണെന്ന് ചിലര്‍ക്കു സംശയം തോന്നി. ഇന്ത്യയിലും പാകിസ്താനിലുമുള്ള സിക്കുകാരല്ലാത്ത പഞ്ചാബികള്‍ക്ക് ഒരേ ഛായ ആയിരുന്നു. അവര്‍ ഒരേപോലെ സംസാരിക്കുകയും ഒരേപോലെ വസ്ത്രധാരണം നടത്തുകയും ഒരേ സ്വഭാവത്തിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്തു.

ഇന്ത്യാ-പാക് വിഭജനക്കാലത്തെ ചിത്രം

* ആരും ഇത്തരമൊരു അവസ്ഥ ആഗ്രഹിച്ചില്ല. ആരും പ്രതീക്ഷിച്ചുമില്ല. എന്നാല്‍ ആര്‍ക്കും അതു തടയാന്‍ കഴിഞ്ഞതുമില്ല. * ഭാവിയെ നേരിടാന്‍ എനിക്കു പേടിയായിരുന്നു. മുടിയില്‍ തലോടി ആശ്വസിപ്പിക്കാന്‍ അമ്മയുടെ മടിയില്‍ കിടന്നുകൊണ്ട് ഞാന്‍ ആവശ്യപ്പെട്ടു. *പാകിസ്താനെ ഇല്ലാതാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് എല്ലാ അര്‍ഥത്തിലും ജിന്ന കരുതിയിരുന്നു. ഈ ഭീതി ഇന്നും പാകിസ്താനെ വേട്ടയാടുന്നുണ്ട്. *''ഇവനെ ഇന്ത്യയിലേക്കു കൊണ്ടുപോകൂ, കുടുംബത്തിലെ ആരെങ്കിലും, ഒരാളെങ്കിലും ജീവിക്കട്ടെ.' അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. മറ്റൊരു സ്ത്രീ ഒരു കുഞ്ഞിനെ ജീപ്പിലേക്ക് തള്ളിക്കൊണ്ടു പറഞ്ഞു: 'ഞാന്‍ നിങ്ങളെ ഡല്‍ഹിയില്‍ തിരഞ്ഞു കണ്ടുപിടിച്ച് ഇവനെ സ്വീകരിച്ചോളാം.' - ഇന്ത്യാ-പാക് വിഭജനത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം മൗനമായി കടന്നുപോകുമ്പോള്‍ ചരിത്രം വേദനകളെ തികട്ടിക്കൊണ്ടേയിരിക്കുന്നു. കുല്‍ദീപ് നയ്യാര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വരികള്‍ക്കപ്പുറം' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

സംഘര്‍ഷഭരിതമായിരുന്നെങ്കിലും സമാധാനപരമായിട്ടായിരുന്നു ഞങ്ങള്‍ സിയാല്‍കോട്ടില്‍ കഴിഞ്ഞിരുന്നത്. 1947 ആഗസ്ത് 12 ന് വിഭജനം പ്രഖ്യാപിക്കപ്പെട്ടതോടെ എല്ലാം മാറിമറിയുകയായിരുന്നു. അന്നെനിക്ക് 24 വയസ്സായിരുന്നു. അവിശ്വാസത്തിന്റെ വൈക്കോല്‍ക്കൂമ്പാരത്തിലേക്ക് തീക്കൊള്ളി എറിയപ്പെട്ട അവസ്ഥയായിരുന്നു അന്നുണ്ടായത്. വര്‍ഗീയലഹളകള്‍ എങ്ങും വ്യാപിച്ചു. വടക്കേ ഇന്ത്യയിലായിരുന്നു സ്ഥിതിഗതികള്‍ രൂക്ഷമായത്. ബംഗാളിലെ ചില മേഖലകളിലും വര്‍ഗീയലഹളകള്‍ പടര്‍ന്നു. വര്‍ഷങ്ങളായി നിലനിന്ന വര്‍ഗീയമായ പ്രചാരണങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. എല്ലാം നിയന്ത്രിക്കേണ്ട ഭരണസംവിധാനവും വര്‍ഗീയമായിട്ടായിരുന്നു വിഭജിക്കപ്പെട്ടത്.

ആഗസ്ത് 13ന് അതിര്‍ത്തിയിലെ രണ്ടു ഭാഗത്തും ഒരേ സമയത്തായിരുന്നു കലാപം പടര്‍ന്നത്. റാവല്‍പിണ്ടിയില്‍ സിക്കുകാരും കിഴക്കന്‍ പഞ്ചാബിലെ സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളും കൊല്ലപ്പെട്ടതോടെ, ലാഹോറും അമൃത്‌സറും തമ്മിലുള്ള വിഭജനം കൂടുതല്‍ തീവ്രമായി. ചോരപ്പുഴ ഒഴുകുകയായിരുന്നു പിന്നീട്. രോഷാകുലരായ ആള്‍ക്കൂട്ടം ആയുധങ്ങളുമായി പട്ടണങ്ങളില്‍ കറങ്ങിനടന്നു. കൊലയും തട്ടിക്കൊണ്ടുപോകലും കൊള്ളയടിയും പതിവായി. സ്ത്രീകളും കുട്ടികളുമാണ് ആക്രമണത്തിനു കൂടുതലും വിധേയരായത്. വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. താരതമ്യേന ശാന്തമായ സിയാല്‍കോട്ടിലെ അന്തരീക്ഷവും ചൂടുപിടിച്ചു. ദൂരത്ത് അഗ്നി ആളിപ്പടരുന്നത് ഞങ്ങള്‍ ഭീതിയോടെ വീട്ടില്‍നിന്ന് കണ്ടു. അപ്പോള്‍ അമ്മ വന്ന് കാതില്‍ മന്ത്രിച്ചു, ആ കാണുന്നതൊക്കെ വെളിച്ചമാണ്, ഇന്ന്, ആഗസ്ത് 14, നിന്റെ ജന്മദിനമാണ്.

ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊന്ന അംബാല കന്റോണ്‍മെന്റില്‍ പില്‍ക്കാലത്ത് ജയിലറായിരുന്ന അര്‍ജുന്‍ദാസിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ തുടക്കത്തില്‍ അഭയം പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രരാജ്യമാകുന്നത് എനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ഞാന്‍ കുടുംബത്തോടൊപ്പം സിയാല്‍കോട്ടിലായിരുന്നു. ഇസ്‌ലാമികരീതിയിലുള്ള ദേശീയഗാനം പാകിസ്താന്‍ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നു. ഓള്‍ ഇന്ത്യാ റേഡിയോ വെച്ച് നെഹ്രുവിന്റെ പ്രസംഗത്തിന്റെ പുനഃപ്രക്ഷേപണം ഞാന്‍ കേട്ടു. ഇപ്പോഴും ആ പ്രസംഗം എന്റെ കാതില്‍ മുഴങ്ങുന്നുണ്ട് 'വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ ചരിത്രംകുറിച്ചു. ഇപ്പോള്‍ പ്രതിജ്ഞ പുതുക്കേണ്ട സമയമാണ്. പൂര്‍ണമായ അര്‍ഥത്തിലല്ല, മറിച്ച് അതിന്റെ എല്ലാ അന്തഃസത്തയോടെയുംകൂടി.'

വര്‍ഗീയകലാപം ശമിക്കുന്നതുവരെ ഇന്ത്യയിലേക്കു പോകാന്‍ ഞങ്ങളുടെ കുടുംബം തീരുമാനിച്ചു. എനിക്കും സഹോദരര്‍ക്കും വസ്ത്രം എടുക്കാന്‍ വീട്ടില്‍ പോകണമായിരുന്നു. അര്‍ജുന്‍ദാസിന്റെ വീട്ടിലെ താമസത്തിനുശേഷം ഞങ്ങള്‍ താരതമ്യേന സുരക്ഷിതമായ സിയാല്‍കോട്ട് കന്റോണ്‍മെന്റിലായിരുന്നു താമസിച്ചത്. അവിടെ അച്ഛന്റെ സുഹൃത്തായിരുന്ന ഗുലാം ഖാദിറിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ കഴിഞ്ഞത്.

അവിടെനിന്നൊരു റിക്ഷാവണ്ടി വിളിച്ച് ഞാനും അമ്മയും വീട്ടിലേക്കു പോയി. 10 കിലോമീറ്റര്‍ ദൂരം മാത്രമായിരുന്നു വീട്ടിലേക്ക് ഉണ്ടായിരുന്നത്. ആഗസ്ത് 14ന് വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ അമ്മ തന്റെ പ്രിയപ്പെട്ട ഷാള്‍ എടുത്തിരുന്നു. അത് തന്റെ പെട്ടിയില്‍ തിരികെ വെച്ചു. ഇന്ത്യയില്‍ പോകുമ്പോള്‍ എടുത്താല്‍ അതു മോശമായിപ്പോകുമെന്ന് കരുതിയാണ് അമ്മ ആ ഷാള്‍ തിരികെ വെച്ചത്. പകരം അത്ര വിലയില്ലാത്ത ഒന്ന് ഇന്ത്യയിലേക്കു കൊണ്ടുപോകാന്‍ എടുക്കുകയും ചെയ്തു. റൊമൈന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്റ്റോഫ് ഹാര്‍ഡ് ബാക്ക് എഡിഷന്‍ വീട്ടില്‍ വെച്ച് ഇന്ത്യയിലേക്കു കൊണ്ടുപോകാന്‍ ഞാന്‍ അതിന്റെ പേപ്പര്‍ബാക്ക് എഡിഷന്‍ എടുക്കുകയും ചെയ്തു. പറ്റിയില്ലെങ്കില്‍ അത് ഇന്ത്യയില്‍ ഉപേക്ഷിക്കാമെന്ന തോന്നലായിരുന്നു അന്നുണ്ടായിരുന്നത്. മൂന്ന് സൂട്ട്‌കെയ്‌സുകളാണ് അമ്മ ഇന്ത്യയിലേക്കു പോകാന്‍ തയ്യാറാക്കിയത്. ഒന്നെനിക്കും രണ്ടാമത്തത് സഹോദരങ്ങള്‍ക്കും. പിന്നെ അച്ഛനും അമ്മയ്ക്കും.

വീട്ടിലെ ഡൈനിങ് ടേബിളിനരികില്‍ ഞാനും അമ്മയും അല്പസമയം ഇരുന്നു. ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്ന തോന്നല്‍ ഒഴിവാക്കാന്‍ പാടുപെടുകയായിരുന്നു ഞങ്ങള്‍. തീര്‍ത്തും ദുഃഖസാന്ദ്രമായ അവസ്ഥ. ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങേണ്ടിവരുമെന്ന തോന്നല്‍ അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ അവസാനദിവസമായിരിക്കും അതെന്ന് ആരും കരുതിയുമില്ല. എല്ലാം ഉപേക്ഷിച്ചുള്ള യാത്രയെക്കുറിച്ച് വിവരിക്കുക അസാധ്യമാണ്. എല്ലാം നശിക്കുകയാണോ എന്ന തോന്നലാണ് ഉണ്ടായത്. വീട്ടിന്റെ വാതില്‍ പൂട്ടുമ്പോള്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന തോന്നലുണ്ടായതായി അമ്മ പിന്നീട് പറഞ്ഞു.

ഇന്ത്യാ-പാക് വിഭജനക്കാലത്തെ ചിത്രം

ഇന്ത്യയിലേക്കു പോകുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന ഒരു ദിവസം, സപ്തംബര്‍ 12 ന്, ഒരു സൈനിക ഉദ്യോഗസ്ഥന്‍ അച്ഛനോട് യാത്ര പറയാന്‍വേണ്ടി വീട്ടില്‍ വന്നു. അദ്ദേഹത്തിന്റെ കുട്ടികളെ അച്ഛനായിരുന്നു ചികിത്സിച്ചത്. അതിന്റെ കടപ്പാട് അദ്ദേഹത്തിന് അച്ഛനോട് ഉണ്ടായിരുന്നു. 'ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ' എന്ന് അദ്ദേഹം അച്ഛനോടു ചോദിച്ചപ്പോള്‍, 'എന്റെ മൂന്നു മക്കളെയുംകൊണ്ടു പോയിക്കൊള്ളൂ'വെന്നായിരുന്നു അച്ഛന്റെ മറുപടി. അച്ഛന്റെ മറുപടിയില്‍ അദ്ഭുതപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍ തന്റെ ജീപ്പില്‍ സ്ഥലമുണ്ടായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നു എന്ന് മറുപടിയും നല്കി. അയാള്‍ക്ക് പരമാവധി ഒരാളെ മാത്രമേ കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. എല്ലാവരും ഞാന്‍ പോകണമെന്ന് നിര്‍ബന്ധംപിടിച്ചു. എന്നാല്‍, ഞാന്‍ താത്പര്യം പ്രകടിപ്പിക്കാഞ്ഞപ്പോള്‍, നറുക്കെടുക്കാമെന്നായി അച്ഛന്‍. നറുക്കെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവോ എന്നറിയില്ല, എന്തായാലും ഞാനായിരുന്നു ആ താത്പര്യമില്ലാത്ത വിജയി. ഞാന്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ഭാവിയെ നേരിടാന്‍ എനിക്കു പേടിയായിരുന്നു. മുടിയില്‍ തലോടി ആശ്വസിപ്പിക്കാന്‍ അമ്മയുടെ മടിയില്‍ കിടന്നുകൊണ്ട് ഞാന്‍ ആവശ്യപ്പെട്ടു. ഭീതിയും ആശങ്കയും ഇല്ലാത്ത നാളുകളിലേക്ക് തിരികെ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. വീട്ടുകാരെ കെട്ടിപ്പിടിക്കാന്‍ ഞാന്‍ കൊതിച്ചു. അവരെ ഒരിക്കലും ഇനി കാണില്ലെന്ന് ഞാന്‍ ഭയന്നു. പാകിസ്താനിലേക്കും ഇന്ത്യയിലേക്കും കുടിയേറുന്നവരെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കഥകളായിരുന്നു എങ്ങും. പാകിസ്താനിലേക്കുള്ള ട്രെയിനില്‍ മുസ്‌ലിങ്ങളെയും ഇന്ത്യയിലേക്കുള്ള ട്രെയിനില്‍ ഹിന്ദുക്കളെയും കശാപ്പുചെയ്തതിന്റെ കഥകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. ഭീകരമായ സ്വപ്‌നമാണ് ആ രാത്രിയില്‍ ഞാന്‍ കണ്ടത്. ഒന്നിച്ച് യാത്രചെയ്യേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

സപ്തംബര്‍ 13ന് മേജറുടെ ജീപ്പെത്തി. അതില്‍ അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു. രണ്ടു ഷര്‍ട്ടും രണ്ടു പാന്റും നിറച്ച് അമ്മ ഹാന്‍ഡ്ബാഗ് എനിക്കു തന്നു. കൂടാതെ 120 രൂപയും. ഡല്‍ഹിയിലെ ദരിയാഗഞ്ജിലെ തന്റെ സഹോദരിക്കൊപ്പം താമസിക്കണമെന്ന് കരഞ്ഞുകൊണ്ട് അമ്മ എന്നെ ഓര്‍മിപ്പിച്ചു. സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഹെഡ് ക്ലാര്‍ക്കായിരുന്നു അമ്മയുടെ സഹോദരിയെ കല്യാണം കഴിച്ചത്.

കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരുന്നു. മനുഷ്യവംശം അങ്ങനെതന്നെ രണ്ടു ദിശകളിലേക്കായി നീങ്ങുന്നതിന്റെ പ്രതീതിയാണുണ്ടായത്. ആരും ഇത്തരമൊരു അവസ്ഥ ആഗ്രഹിച്ചില്ല. ആരും പ്രതീക്ഷിച്ചുമില്ല. എന്നാല്‍ ആര്‍ക്കും അതു തടയാന്‍ കഴിഞ്ഞതുമില്ല. സ്വാതന്ത്ര്യം കൊണ്ടുവന്ന അപ്രതീക്ഷിതമായ ദുരന്തത്തിന് രണ്ടു രാഷ്ട്രങ്ങളും പരസ്പരം പഴിചാരുകയായിരുന്നു. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സ്വതന്ത്ര പഞ്ചാബെന്ന സ്വയംഭരണാധികാരമുള്ള രാഷ്ട്രം വാഗ്ദാനം ചെയ്തുകൊണ്ട് സിക്കുകാരെ ഇന്ത്യയില്‍നിന്നകറ്റാന്‍ ജിന്ന ശ്രമിച്ചിരുന്നു. ജിന്നയുടെ സെക്രട്ടറിയായിരുന്ന കെ.എച്ച്. ഖുര്‍ഷിദ്, വിഭജനംമൂലം ഇത്ര വലിയ ദുരന്തം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ജിന്ന തന്നോടു പറഞ്ഞതായി വളരെക്കാലത്തിനുശേഷം വെളിപ്പെടുത്തുകയുണ്ടായി.

മുസ്‌ലിങ്ങളും അമുസ്‌ലിങ്ങളും ഒന്നിച്ചു കഴിയുന്ന പാര്‍ലമെന്ററി ഡെമോക്രസിയായിരുന്നു ജിന്ന വിഭാവനം ചെയ്തതെന്നാണ് ഖുര്‍ഷിദ് എന്നോട് പറഞ്ഞത്. പടിഞ്ഞാറന്‍ പാകിസ്താനിലെ സിക്കുകാരും ഹിന്ദുക്കളും ആ നാട് വിടണമെന്നായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹം. പാകിസ്താനെന്ന രാജ്യം ലഭിച്ചതിനാല്‍ മുസ്‌ലിങ്ങള്‍ ഇന്ത്യ വിടണമെന്നുമായിരുന്നു പട്ടേലിന്റെ ആഗ്രഹം. മതേതരത്വം ഒരു വിശ്വാസംപോലെ കൊണ്ടുനടക്കുകയായിരുന്നു നെഹ്രു. ന്യൂഡല്‍ഹിയില്‍ മുസ്‌ലിങ്ങളുടെ കടകള്‍ കൊള്ളയടിക്കാന്‍ വന്ന ഹിന്ദുക്കളെ അദ്ദേഹം നേരിട്ടുതന്നെ ആട്ടിയോടിച്ചിരുന്നു. അഭയാര്‍ഥികളുടെ ഉള്ളിലുള്ളത് പകയും വെറുപ്പുമായിരുന്നു. അതുമാത്രമല്ല, സമാധാനത്തോടെ തങ്ങള്‍ ജീവിച്ച നഗരങ്ങളിലും ഗ്രാമങ്ങളിലും നടക്കുന്ന കലാപവും അവരെ തീര്‍ത്തും അസ്വസ്ഥരാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന വിഭജനം, ജനങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. ഇതിന് ആര് ഉത്തരവാദിയായാലും അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവാദിയായാലും ഈ പ്രശ്‌നം പിന്നെയും പതിറ്റാണ്ടുകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാക്കി. മൂന്നു തലമുറകള്‍ ഇതിന്റെ കെടുതികള്‍ ഇതിനകം അനുഭവിച്ചുകഴിഞ്ഞു. ഇനി എത്ര കാലം ഇതിന്റെ ദുരന്തങ്ങള്‍ പേറണമെന്നു മാത്രം അറിയില്ല. എല്ലാ കാര്യത്തിലും ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഭിന്നതയായിരുന്നു. പരസ്പരമുള്ള ഭയവും സംശയവും ചെറിയ പ്രശ്‌നങ്ങളെപ്പോലും സങ്കീര്‍ണമാക്കി.

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഭിന്നത അത്രമേല്‍ വലുതായിരുന്നു. ഒരു ഘട്ടത്തില്‍ മുഹമ്മദലി ജിന്ന ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും ആലോചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സൈനികമേധാവി ഇസ്‌മെ പ്രഭുവിനോട് 1947 സപ്തംബറില്‍ ജിന്ന ഇക്കാര്യം രഹസ്യമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പാകിസ്താനെ ഇല്ലാതാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് എല്ലാ അര്‍ഥത്തിലും ജിന്ന കരുതിയിരുന്നു. ഈ ഭീതി ഇന്നും പാകിസ്താനെ വേട്ടയാടുന്നുണ്ട്.

ഞാന്‍ ജീപ്പില്‍ കയറി, കരച്ചില്‍ നിയന്ത്രിക്കാന്‍ അമ്മ പാടുപെടുകയായിരുന്നു. അച്ഛന്‍ നിരാശനും ഭയചകിതനുമായിരുന്നു. എന്നാല്‍ കുടുംബത്തിലെ ഒരാളെങ്കിലും സുരക്ഷിതസ്ഥാനത്ത് എത്തുമല്ലോ എന്നതില്‍ അവര്‍ ആശ്വാസംകൊണ്ടു. സഹോദരങ്ങള്‍ വെറുതേ ചിരിച്ചുകൊണ്ടിരുന്നു. ആ ചിരി അയഥാര്‍ഥമായിരുന്നു. ഞാന്‍ അവരെ നോക്കി കൈവീശി.

ഇന്ത്യാ-പാക് വിഭജനക്കാലത്തെ ചിത്രം

സിയാല്‍കോട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സമ്പ്രിയാല്‍ വരെയുള്ള യാത്രയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ മെയിന്‍ റോഡിലെത്തിയ ഉടന്‍ ഒരു സംഘം വാഹനം തടഞ്ഞുനിര്‍ത്തി. ഇന്ത്യയിലേക്കു പോകുന്ന ഹിന്ദുക്കളും സിക്കുകാരുമായിരുന്നു അത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച് ശരീരത്തില്‍ നിരവധി സ്ഥലങ്ങളില്‍ മുറിവേറ്റ് ഹതാശരായ ഒരു കൂട്ടം ആളുകളായിരുന്നു അവര്‍. അവരുടെ സമ്പാദ്യത്തില്‍ കൈയിലെടുക്കാവുന്നതു മാത്രം എടുത്ത് ഇന്ത്യയിലെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അവര്‍, അവരുടെ ദുരിതം ഞങ്ങളോട് വിവരിച്ചു. അവരുടെ ദുരന്തത്തെ വിവരിക്കാന്‍ കലാപം എന്ന വാക്ക് മതിയാകില്ല. അന്യമതസ്ഥനെ കൊല്ലുക എന്ന വികാരത്താല്‍ കീഴടക്കപ്പെട്ടിരുന്നു രണ്ടു സമുദായങ്ങളും. നരച്ച താടിയുള്ള വൃദ്ധനായ ഒരു സിക്കുകാരന്‍ തന്റെ കൊച്ചുമകനെ ഞങ്ങളെ ഏല്പിക്കാന്‍ ശ്രമിച്ച ദുരന്തചിത്രം ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. 'എന്റെ കുടുംബത്തില്‍ ആകെ ഉള്ളത് ഇവനാണ്' എന്നു പറഞ്ഞുകൊണ്ടായിരുന്നു ആ കുട്ടിയെ ഞങ്ങള്‍ക്കു നേരേ അയാള്‍ നീട്ടിയത്. 'ഇവനെ ഇന്ത്യയിലേക്കു കൊണ്ടുപോകൂ, കുടുംബത്തിലെ ആരെങ്കിലും, ഒരാളെങ്കിലും ജീവിക്കട്ടെ.' അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. മറ്റൊരു സ്ത്രീ ഒരു കുഞ്ഞിനെ ജീപ്പിലേക്ക് തള്ളിക്കൊണ്ടു പറഞ്ഞു: 'ഞാന്‍ നിങ്ങളെ ഡല്‍ഹിയില്‍ തിരഞ്ഞു കണ്ടുപിടിച്ച് ഇവനെ സ്വീകരിച്ചോളാം.' എന്റെതന്നെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ മാത്രമുള്ള ഞാന്‍ എങ്ങനെ ഇവരെ സ്വീകരിക്കും. ഞാന്‍ നിശ്ശബ്ദനായി ഇരിക്കുക മാത്രം ചെയ്തു. എങ്ങനെയാണ് ഇത് വിശദീകരിക്കുക? എങ്ങനെ? എങ്ങനെ?

നിരാലംബരായ ഈ മനുഷ്യരെ ഉപേക്ഷിച്ചു പോകുകയെന്നത് ഹൃദയഭേദകമായിരുന്നു. പക്ഷേ, എനിക്കൊന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ഭൂതകാലം നഷ്ടപ്പെടുകയും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാതാകുകയും ചെയ്ത അവസ്ഥയാണിത്. മാതാപിതാക്കളെക്കുറിച്ച് ഞാന്‍ ആശങ്കപ്പെട്ടു. ഇനി ഒരിക്കലും നമുക്ക് നമ്മുടെ വീട്ടില്‍ പോകാന്‍ കഴിയില്ലെന്ന് അവരോട് പറയണമെന്നു തോന്നി. അവര്‍ ഉടന്‍ നാടു വിടണം. നമുക്ക് ശൂന്യതയില്‍നിന്ന് എല്ലാം വീണ്ടും ആരംഭിക്കണം.

ഹിന്ദുമതത്തിന്റെ സഹിഷ്ണുതയും ഇസ്‌ലാമിന്റെ സ്‌നേഹവും: രണ്ടു വികാരങ്ങള്‍ക്കും ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രാമങ്ങള്‍ ഗ്രാമങ്ങളായി ഇല്ലാതാക്കപ്പെട്ടു കഴിഞ്ഞു. ഹിന്ദുക്കളും സിക്കുകാരും മുസ്‌ലിങ്ങളുടെ വാസസ്ഥലങ്ങള്‍ നശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെയും സിക്കുകാരുടെയും സ്വത്തുവകകള്‍ നശിപ്പിച്ചു. ജീപ്പില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതൊക്കെ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിഞ്ഞു.

പഞ്ചാബില്‍ 1947 മാര്‍ച്ചില്‍ത്തന്നെ കലാപം തുടങ്ങിയിരുന്നു. റാവല്‍പിണ്ടിയിലും ഝലത്തിലുമാണ് ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായത്. ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും ഭയന്ന് നിരവധി ഹിന്ദു-സിക്ക് സ്ത്രീകള്‍ തങ്ങളുടെ മാനം കാക്കാന്‍ കിണറുകളില്‍ ചാടുന്ന അവസ്ഥ പോലുമുണ്ടായി. ലാഹോറില്‍ ഹിന്ദുക്കളും സിക്കുകാരും ഒരു വശത്തും മുസ്‌ലിങ്ങള്‍ മറുവശത്തുമായി ആക്രമണങ്ങള്‍ പതിവായി. മാസ്റ്റര്‍ താരാസിങ് സംസ്ഥാന അസംബ്ലിക്കു മുന്‍പില്‍ വാളുയര്‍ത്തി ഖലിസ്താന്‍വാദമുയര്‍ത്തിയ നഗരമായിരുന്നു ലാഹോര്‍. സിക്കുകാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തത് സമുദായത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അതുവരെ സിക്കുകാര്‍ അവരുടെ ഗുരുവായ ഗുരുനാനാക്ക് ജനിച്ച സ്ഥലത്ത് തുടരണമോ അതോ ഹിന്ദുക്കളും സിക്കുകാരും തമ്മിലുള്ള രക്തബന്ധം കാരണം കൂടുതല്‍ സുരക്ഷ ഉറപ്പായിട്ടുള്ള ഇന്ത്യയിലേക്കു കുടിയേറണമോ എന്ന് താരാസിങ്ങിനു സംശയമുണ്ടായിരുന്നു.

ഇരുമതങ്ങളും പല വിശ്വാസങ്ങളും പങ്കിട്ടു. അതു മാത്രമല്ല, ഔറംഗസേബില്‍നിന്നും മറ്റു മുഗള്‍രാജാക്കന്മാരില്‍നിന്നുമേറ്റ പീഡനങ്ങള്‍ സിക്കുകാര്‍ മറന്നിട്ടുണ്ടായിരുന്നുമില്ല. അതുപോലെ രഞ്ജിത്‌സിങ് മഹാരാജാവിന്റെ സൈനികത്തലവനായിരുന്ന ഹരിസിങ് നാല്‍വ നടത്തിയ ക്രൂരതകളെക്കുറിച്ചുള്ള ഓര്‍മകള്‍ മുസ്‌ലിങ്ങളുടെ മനസ്സിലുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് പഞ്ചാബിലെ മുസ്‌ലിങ്ങള്‍ക്ക് സിക്കുകാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ പോയത് എന്ന് ഞാന്‍ എപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. രണ്ടു വിഭാഗങ്ങളും മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. സിക്കുകാര്‍ക്ക് ഗുരുഗ്രന്ഥസാഹിബും മുസ്‌ലിങ്ങള്‍ക്ക് ഖുര്‍ആനും ഉണ്ട്. രണ്ടു മതവും ജാതിവിവേചനത്തിന് അതീതവുമാണ്.

റോഡിന്റെ ഇരുവശങ്ങളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ഞാന്‍ കണ്ടു. കൊല നടത്തുന്നതിനു മുന്‍പ് കൊള്ള നടന്നതിന്റെ അടയാളങ്ങളായി ഒഴിഞ്ഞ ബാഗുകളും സൂട്ട്‌കേസുകളും റോഡിനിരുവശവും ചിതറിക്കിടന്നു. വാഗ അതിര്‍ത്തിയോടടുക്കുമ്പോള്‍ ആശങ്കയും ഭീതിയും കൂടിവന്നു. ആക്രമണത്തെയും കലാപത്തെയും നിയന്ത്രിക്കാന്‍ നിയുക്തരായ സൈന്യത്തെയും പോലീസിനെയും വര്‍ഗീയവികാരം ബാധിച്ചിരുന്നു. അക്രമം കാണിക്കുന്ന സ്വന്തം സമുദായത്തില്‍പ്പെട്ടവരെ അവര്‍ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുകപോലും അസാധ്യമായിരുന്നു. ശരിയും തെറ്റും തിരിച്ചറിയാനുള്ള എല്ലാ വിവേകവും അവര്‍ക്കു നഷ്ടപ്പെട്ടിരുന്നു. എന്തു തെറ്റ് ചെയ്താലും സ്വന്തം രാജ്യത്തേക്കു മാറിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അമുസ്‌ലിങ്ങളായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും ഇന്ത്യയിലേക്കു വരാനും അതുപോലെ, മുസ്‌ലിങ്ങളായവര്‍ക്ക് പാകിസ്താനിലേക്കു പോകാനുമുള്ള അധികാരം നല്കിയത് തെറ്റായിപ്പോയെന്നാണ് എന്റെ പക്ഷം. കാരണം സമ്മിശ്രമായ മതവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം കുറച്ചുകൂടി ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം പകരാന്‍ ആ സംവിധാനത്തിനു കഴിയുമായിരുന്നു.

അതിര്‍ത്തിക്കിരുപുറത്തുംനിന്ന് ലക്ഷക്കണക്കിനു ജനങ്ങള്‍ സ്വന്തം നാടു വിട്ട് മറ്റൊരിടത്തേക്ക് അഭയാര്‍ഥികളായി പോകുന്ന കാര്യം ജിന്ന വിശ്വസിച്ചുകാണില്ല. ജനങ്ങളെ പരസ്പരം കൈമാറുന്നതിനോട് കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗിനും എതിര്‍പ്പായിരുന്നു. ജിന്ന ആദ്യദിവസങ്ങളില്‍ നിസ്സംഗമായ നിശ്ശബ്ദത തുടരുകയാണ് ചെയ്തത്. പിന്നീട് പാകിസ്താനെ ഛിന്നഭിന്നമാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. അതേസമയം അഭയാര്‍ഥിപ്രവാഹത്തിലും ലക്ഷക്കണക്കിന് ആളുകള്‍ കശാപ്പുചെയ്യപ്പെടുന്നതിലും അദ്ദേഹം അങ്ങേയറ്റം ആശങ്കയിലുമായിരുന്നു.

ജിന്ന ലാഹോറിലുണ്ടായിരുന്ന ഒരു ദിവസം, പാകിസ്താനിലെ പുനരധിവാസവകുപ്പുമന്ത്രി ഇഫ്തിക്കര്‍ ഉദ് ദിനും പാകിസ്താന്‍ ടൈംസ് പത്രത്തിന്റെ പത്രാധിപര്‍ മസര്‍ അലിഖാനും അദ്ദേഹത്തെ കൂട്ടി വിഭജിക്കപ്പെട്ട പഞ്ചാബ് നഗരത്തിനു മുകളില്‍ക്കൂടി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു. ജനസമുദ്രം ഇരുഭാഗത്തേക്കും ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ഈ കാഴ്ച കണ്ട ജിന്ന, താന്‍ എന്താണ് ചെയ്തത് എന്ന് സങ്കടപ്പെട്ടു പറഞ്ഞു. എന്നാല്‍, ഇത്തരം വാക്കുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തെ അനുഗമിച്ച ഇരുവരും ജിന്നയോട് ആവശ്യപ്പെടുകയായിരുന്നു. മസര്‍ അലിഖാന്‍ ഇക്കാര്യം തന്റെ ഭാര്യയോട് പറയുകയുണ്ടായി. ജിന്നയുടെ പരാമര്‍ശത്തെക്കുറിച്ച് മസറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യതന്നെയാണ് എന്നോടിതു പറഞ്ഞത്.

ഞങ്ങളുടെ ജീപ്പ് ലാഹോറിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. വണ്ടി പെെട്ടന്ന് നിര്‍ത്തി. അമൃത്‌സറില്‍ മുസ്‌ലിങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടതിനു പ്രതികാരം ചെയ്യാന്‍ ലാഹോറിലെ മുസ്‌ലിങ്ങള്‍ തമ്പടിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് അപ്പോള്‍ പരന്നത്. ഞങ്ങള്‍ നിശ്ശബ്ദരായി കാത്തുനിന്നു. 'അല്ലാഹു അക്ബര്‍' എന്നും 'ജയ് പാകിസ്താന്‍' എന്നും ആര്‍പ്പുവിളിക്കുന്നത് ഞങ്ങള്‍ കേട്ടു. എന്നാല്‍, അക്രമം ഉണ്ടാകുമെന്ന ഞങ്ങളുടെ ഭീതി അസ്ഥാനത്തായി.

കുറച്ചു കഴിഞ്ഞാണ് 'ഭാരത് മാതാ കീ ജയ്' എന്ന ആര്‍പ്പുവിളി ഞങ്ങള്‍ കേട്ടത്. ഞങ്ങള്‍ അതിര്‍ത്തിയിലെത്തിയിരുന്നു. ഞങ്ങള്‍ പെട്ടെന്ന് അതിര്‍ത്തി കടന്നു. എങ്ങും സന്തോഷമായിരുന്നു. ജനങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച്, ജീവിച്ചിരിക്കുന്നുണ്ടെന്ന സന്തോഷം പങ്കിട്ടു. ജീപ്പിലുണ്ടായിരുന്ന മേജറുടെ ഭാര്യ മധുരം വിതരണം ചെയ്തു. അതിര്‍ത്തി കടന്നാല്‍ വിതരണം ചെയ്യാന്‍ അവര്‍ മധുരം സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ മുന്നോട്ടു സഞ്ചരിച്ചപ്പോള്‍ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍ പാകിസ്താന്‍ ലക്ഷ്യമാക്കി നടക്കുന്നതാണ്. അവര്‍ മുസ്‌ലിങ്ങളായിരുന്നു. അവര്‍ക്കു കടന്നുപോകാന്‍വേണ്ടി ഞങ്ങളുടെ ജീപ്പ് വഴിമാറിക്കൊടുത്തു. ഞാന്‍ ജീപ്പില്‍നിന്നിറങ്ങി, ആളുകള്‍ കടന്നുപോകുന്നത് നോക്കിനിന്നു. അവരോ ഞാനോ ഒന്നും മിണ്ടിയില്ല. പക്ഷേ, ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലായി. സാഹോദര്യത്തിന്റെ സ്വാഭാവികതയായിരുന്നു അത്. ഇരുവിഭാഗവും കശാപ്പുനടക്കുന്നത് കണ്ടവരാണ്, അഭയാര്‍ഥികളാണ്. ചരിത്രത്താളില്‍ മുറിവേറ്റവരാണ്. മതത്തിന്റെ പേരില്‍ പുതിയ ഇന്ത്യയില്‍ ഒരു കൊലപാതകവും ഉണ്ടാകില്ലെന്ന് ഞാന്‍ കരുതി. എനിക്ക് എത്ര വലിയ തെറ്റാണ് പറ്റിയതെന്ന് പിന്നീട് മനസ്സിലാവുകയും ചെയ്തു.

അമൃത്‌സറില്‍നിന്ന് ഞാന്‍ കയറിയ തീവണ്ടിയില്‍വെച്ച് ഞാന്‍ മുസ്‌ലിമാണെന്ന് ചിലര്‍ക്കു സംശയം തോന്നി. ഇന്ത്യയിലും പാകിസ്താനിലുമുള്ള സിക്കുകാരല്ലാത്ത പഞ്ചാബികള്‍ക്ക് ഒരേ ഛായ ആയിരുന്നു. അവര്‍ ഒരേപോലെ സംസാരിക്കുകയും ഒരേപോലെ വസ്ത്രധാരണം നടത്തുകയും ഒരേ സ്വഭാവത്തിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്തു. തീവണ്ടിയില്‍ എല്ലാവരും അവരുടെ നേതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു. എന്റെ സംസാരം ഉച്ചത്തിലും അപഹസിക്കുന്ന രീതിയിലുമായി. അതുകൊണ്ടുതന്നെ ഞാന്‍ ശ്രദ്ധ പിടിച്ചുപറ്റി. ചിലര്‍ ശത്രുതയോടെ എന്നെ നോക്കുന്നുമുണ്ടായിരുന്നു. സുഹൃത്ത് ഷഫ്ഖാത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് എന്റെ വലത്തേ കൈയില്‍ ചന്ദ്രക്കലയും നക്ഷത്രവും പച്ചകുത്തിയിരുന്നു. ഇത് കണ്ട ചിലര്‍ ഞാന്‍ മുസ്‌ലിമാണെന്ന് സംശയിച്ചു. ചിലര്‍ എന്നെക്കുറിച്ച് പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു. തന്റെ മതത്തെ മറച്ചുപിടിക്കാന്‍ മുസ്‌ലിം കുട്ടി ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുകയാണോ എന്ന സംശയമാണ് ഉന്നയിക്കപ്പെട്ടത്. കൈയില്‍ പച്ചകുത്തിയത് മുസ്‌ലിമാണെന്ന ധാരണ ബലപ്പെടുത്തുകയും ചെയ്തു. ലുധിയാനയില്‍വെച്ച് എന്നെ തീവണ്ടിയില്‍നിന്ന് ബലാത്കാരമായി പുറത്തേക്കു വലിച്ചിട്ടു. സിയാല്‍കോട്ടില്‍നിന്ന് ആളുകള്‍ വലിയ തോതില്‍ കുടിയേറിയ സ്ഥലമായിരുന്നു ലുധിയാന. വാളുകളുമായി വന്ന സിക്കുകാര്‍ എന്നോട് ഞാന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടു. രക്തദാഹികളായ മനുഷ്യരായിരുന്നു അവര്‍. ഞാന്‍ പാന്റ്‌സ് അഴിക്കുന്നതിനു മുന്‍പ്, സിയാല്‍കോട്ടില്‍ എന്റെ നാട്ടുകാരനായ ഒരാള്‍ രക്ഷയ്‌ക്കെത്തി. ഡോക്ടര്‍ സാഹിബിന്റെ മകനാണ് ഞാന്‍ എന്ന് അയാള്‍ അട്ടഹസിച്ചു. മറ്റൊരാളും കൂടി ഇതേകാര്യം അക്രമിസംഘത്തോടു പറഞ്ഞു. ഇതേത്തുടര്‍ന്ന് അവിശ്വാസത്തോടെയാണെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞുപോയി.

Content Highlights: Kuldip nayyar, Indo-Pak Partition, Rakthasakshi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented