നവാസ് പൂനൂര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പ്രേംനസീര്‍ കാലം പറഞ്ഞു നിത്യഹരിതം' എന്ന പുസ്തകം പ്രേംനസീറിന്റെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയുള്ള യാത്രയാണ്. സിനിമയും ജീവിതവും ഇത്രമേല്‍ ആസ്വദിച്ച നടന്റെ വ്യക്തിത്വം വിശദമാക്കുന്ന അധ്യായം 'അല്ലലിലലിഞ്ഞ ചന്ദ്രകാന്തം' വായിക്കാം.

സഹായം ചോദിച്ചെത്തുന്നവര്‍ക്ക് വാരിക്കോരി കൊടുത്ത ഒരാളാണ് നസീര്‍ എന്നൊരു ശ്രുതി പരന്നിട്ടുണ്ട്. അര്‍ഹിക്കുന്നവര്‍ക്ക് കൈ നിറയെ കിട്ടിയ ചരിത്രവുമുണ്ട്. എന്നാല്‍ ഈ ദയാവായ്പിന്റെ ഉദ്ഭവം തേടിപ്പോയാല്‍ ചെന്നെത്തുക നസീറിന്റെ ചിറയിന്‍കീഴ് കൂന്തള്ളൂരിലെ ഇല്ലാകാലത്താണ്. സുഹൃത്തുക്കളുമൊത്ത് വിസ്തരിച്ച് ചായ കുടിക്കാന്‍ പരസ്യബോര്‍ഡെഴുതിക്കാന്‍ ആള്‍ക്കാര്‍ വരുന്നത് കാത്തിരുന്ന കാലമുണ്ട്. എഴുത്തുകൂലിയായി എന്തെങ്കിലും കൈയില്‍ തടഞ്ഞാല്‍ സുഹൃത്തുക്കള്‍ക്ക് ചായ സല്‍ക്കരിക്കലാണ് ആദ്യപടി. 

'അറുപിശുക്കന്‍' എന്നാണ് നാട്ടില്‍ ആദ്യകാലത്ത് അറിയപ്പെടുന്നത്. കൊടുക്കാന്‍ മടിയുള്ളതുകൊണ്ടല്ല, മടിയില്‍ കനമില്ലാത്തതുകൊണ്ടുമാത്രം. സിനിമയില്‍ പോയി സൗകര്യങ്ങളൊക്കെയായപ്പോള്‍ പിശുക്കന്‍ ദാനശീലമായി മാറിയ കഥ സുഹൃത്തുക്കള്‍ ഓര്‍ക്കാറുണ്ട്. 

അറിയപ്പെടുന്ന താരമായി ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ പഴയ ചങ്ങാതിമാരെയൊക്കെ തേടിപ്പിടിച്ച് സംഘമായി കഷ്ടപ്പാടുകളുള്ള ഒരു കളിക്കൂട്ടുകാരന്‍ നടത്തുന്ന ചെറിയൊരു ചായക്കടയില്‍ കയറിയ കഥയുണ്ട്. ചായ കുടിച്ചശേഷം നിര്‍ബന്ധിച്ച് ബില്‍ എഴുതിവാങ്ങി, ആയിരം രൂപ കൊടുത്ത് ബാക്കി ചോദിക്കാതെയാണത്രേ പോയത്. കാലണയ്ക്ക് കാലിച്ചായ കിട്ടുന്നകാലം. ആയിരം രൂപയുണ്ടെങ്കില്‍ ഒരു റസ്റ്റോറന്റ് തുടങ്ങാവുന്ന കാലം. 

മകന്‍ ഇങ്ങിനെയൊക്കെ പണം ധൂര്‍ത്തടിക്കുന്നതിനെപ്പറ്റി പിതാവ് ഷാഹുല്‍ ഹമീദിന്റെ അടുത്തുമെത്തിയത്രേ പരാതി. എന്നാല്‍ പണത്തിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവിച്ചിട്ടുള്ള ആ പിതാവ് മകന്റെ നല്ല മനസ്സിനെ വാഴ്ത്താനാണ് ഉപദേശിച്ചത്. നസീര്‍ സിനിമയിലഭിനയിച്ച് 'ഹറാ'മായ പൈസ സമ്പാദിക്കുന്നതിനെപ്പറ്റി നാട്ടങ്ങാടിയില്‍ ആക്ഷേപരാഗത്തില്‍ പാടി നടന്നവര്‍ക്കും കിട്ടി ആപല്‍ഘട്ടങ്ങളില്‍ അതിന്റെ പങ്ക്. ഇതൊക്കെ ഉദാരമായ ആ ദാനശീലത്തിന്റെ എണ്ണമറ്റ അടരുകളില്‍ ചിലതുമാത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ ഒരു ചടങ്ങിന് മുഖ്യാതിഥിയായി എത്തിയത് നസീറായിരുന്നു. വീട്ടുകാര്‍പോലും വെറുപ്പോടെ പുറത്തുനിര്‍ത്തുന്ന, സമൂഹം അറപ്പോടെ കാണുന്ന കുഷ്ഠരോഗികളായ കുട്ടികളുടെ ദാരുണാവസ്ഥ നേരിട്ടു കണ്ടപ്പോള്‍ വേദിയില്‍ മൈക്കിനു മുന്നില്‍ നിന്ന ആ നടന്റെ കണ്ണുകള്‍, ഗ്ലിസറിനിടാതെ നിറഞ്ഞുതുളുമ്പിയത് സദസ്യര്‍ക്കു ആദ്യ കാഴ്ചയായിരുന്നു. ആത്മവേദനയില്‍ പിടയുന്ന ആര്‍ക്കും വേണ്ടാത്ത നൂറനാട്ടെ ആശുപത്രി അന്തേവാസികളുടെ മാനസികോല്ലാസത്തിനായി ഒരു ഓഡിറ്റോറിയം പണിയാന്‍ ഇരുപത്തയ്യായിരം രൂപ ഇരുചെവിയറിയാതെ അതിന്റെ ഭാരവാഹികളെ ഏല്പിച്ചാണ് നസീര്‍ മടങ്ങിയത്. 

1985, നസീറിന് താരതമ്യേന സിനിമകള്‍ കുറഞ്ഞ വര്‍ഷമായിരുന്നു. വടകരയില്‍ ഒഴിവുകാലത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സമയം. താമസം കോഴിക്കോട്ടാണ്. കോഴിക്കോട് പരിസരത്ത് ഷൂട്ടിങ്ങിനോ, മക്കളുടെ വീട്ടിലോ എത്തിയാല്‍ അദ്ദേഹം ഫോണില്‍ ബന്ധപ്പെടുകയോ, കഴിവതും നേരിട്ടു സന്ദര്‍ശിക്കുകയോ ചെയ്യാറുള്ള ആത്മമിത്രങ്ങളാണ് എം.ടി., സി.എച്ച്. മുഹമ്മദ്‌കോയ, ബഷീര്‍ എന്നിവര്‍. എം.ടിയെ വിളിച്ച് ഒരു ദിവസം വടകരയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. കുറ്റിച്ചിറയില്‍ പ്രശസ്തമായ ഒരു സന്നദ്ധ സംഘടനയുണ്ട്. വായനശാലയും സാമൂഹികപ്രവര്‍ത്തനങ്ങളും, മെഡിക്കല്‍ ക്യാമ്പുകളുമൊക്കെ നടത്തി സജീവമായി രംഗത്തുള്ളവര്‍. കോഴിക്കോട്ടുള്ള സ്ഥിതിക്ക് നസീറിനെ അവരുടെ വാര്‍ഷികത്തിന് അതിഥിയായി കിട്ടിയാല്‍ കൊള്ളാമെന്ന് വലിയ ആഗ്രഹം. എം.ടിയെ നേരിട്ടു പരിചയമുള്ള ചിലര്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എം.ടി. നസീറിനെ വിളിച്ചു. തീയതിയും സമയവും പറഞ്ഞപ്പോള്‍ നസീര്‍ സന്തോഷപൂര്‍വം അതേറ്റു.
 
കണ്ണ് പരിശോധനാക്യാമ്പുള്‍പ്പെടെ അവരുടെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ട് സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു നസീര്‍. കേവലസാന്നിധ്യത്തിനുതന്നെ പണം കൈപ്പറ്റുന്നവരാണ് പൊതുവേ സിനിമാതാരങ്ങള്‍. എന്നാല്‍ പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടുചെന്നാക്കിയ പ്രവര്‍ത്തകരെ അദ്ഭുതപ്പെടുത്തി അയ്യായിരം രൂപയുടെ ചെക്ക് നസീര്‍ അവര്‍ക്കു നല്കി. ഇതുപോലെ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കണം എന്നവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. വിളിച്ചുകൊണ്ടുപോയ കുട്ടികള്‍ പറഞ്ഞാണ് എം.ടി. വിവരമറിഞ്ഞത്. പരസ്യമായി ആളുകളെ സഹായിച്ച് കൈയടി നേടാന്‍ താല്പര്യമില്ലാത്ത നസീറിന്റെ മഹാമനസ്‌കതയെക്കുറിച്ച് എം.ടി. ആദരപൂര്‍വം സ്മരിക്കുന്നുണ്ട്. (ഒരു നായകന് നന്ദിപൂര്‍വം -ചിത്രത്തെരുവുകള്‍)

സഹായാഭ്യര്‍ഥനയുമായി നിരവധി കത്തുകളാണ് പതിവായി നസീറിന്റെ മേല്‍വിലാസത്തിലെത്തുക. ആവശ്യക്കാരുടെ ന്യായാന്യായങ്ങള്‍ തിരിച്ചറിയാനും അര്‍ഹിക്കുന്നവര്‍ക്കു തക്ക സമയത്ത് സഹായമെത്തിക്കാനും അദ്ദേഹത്തിനൊരു സ്ഥിരം സംവിധാനംതന്നെയുണ്ട്. 

പഠനംപോലുള്ള കാര്യങ്ങള്‍ക്ക് കൃത്യമായ തീയതികളില്‍ മാസാമാസം ചെക്കോ പണമോ എത്തും. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും അദ്ദേഹത്തിന്റെ കാരുണ്യത്തില്‍ പഠിച്ചുവളര്‍ന്ന് നല്ല നിലയിലെത്തിയ നിരവധിപേരുണ്ട് എന്ന് അടുപ്പക്കാര്‍ക്കൊക്കെ അറിയാം. പലരേയും അദ്ദേഹം നേരിട്ടു കണ്ടിട്ടുപോലുമുണ്ടാവില്ല.

നാട്ടിന്‍പുറത്തുകാരിയായ പഠിക്കാന്‍ മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് ഡോക്ടറാവണമെന്ന് അതിയായ മോഹം. പ്രീഡിഗ്രിക്ക് റാങ്കുകാരിയാണ്. സാമ്പത്തികമായി ഒരു നിവൃത്തിയുമില്ല. അമ്മയുടെ അമ്പലത്തിലെ കഴകംകൊണ്ടാണ് നിത്യവൃത്തി. വീട്ടിനടുത്തുള്ള സിനിമാകൊട്ടകയിലെ പ്രൊജക്ട് ഓപ്പറേറ്ററാണ് നസീറിനൊരു കത്തയച്ചുനോക്കാന്‍ പറഞ്ഞത്. മദിരാശിയിലെ വീട്ടു മേല്‍വിലാസം സംഘടിപ്പിച്ചുകൊടുത്തു.

BOOK COVER
പുസ്തകം വാങ്ങാം

കത്തയച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നസീറിന്റെ മാനേജര്‍, ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ കുട്ടിയെ അന്വേഷിച്ചെത്തി. സഹായത്തിനുള്ള അര്‍ഹതയും പഠിക്കാനുള്ള സാമര്‍ഥ്യവും നേരിട്ടു ബോധ്യപ്പെട്ടു. വൈദ്യശാസ്ത്ര ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ ഫീസും ഹോസ്റ്റല്‍ ചെലവും വസ്ത്രങ്ങളും അടക്കം കൃത്യമായി ലഭിച്ചുകൊണ്ടിരുന്നു. പഠനം കഴിഞ്ഞ് സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായി ജോലി കിട്ടിയ ശേഷമാണ് കാണാമറയത്തുനിന്ന് സഹായഹസ്തം നീട്ടിക്കൊടുത്ത ആ വലിയ മനുഷ്യനെ നേരിട്ടു കണ്ട് പ്രണാമമര്‍പ്പിക്കാന്‍ ബന്ധുക്കളുമൊത്ത് മദിരാശിയിലെത്തുന്നത്. കുട്ടി ഡോക്ടറുടെ കഥ കേട്ടപ്പോള്‍ നസീറിനുപോലും അദ്ഭുതം, അടക്കാനാവാത്ത സന്തോഷവും. ഇവിടംകൊണ്ട് നിര്‍ത്തരുത്, ഇഷ്ടവിഷയത്തില്‍ പി.ജി. എടുക്കണം എന്ന് നിര്‍ബന്ധിക്കുകയും അതിനുവേണ്ടതൊക്കെ ചെയ്യാമെന്ന് വാക്കു കൊടുക്കുകയും ചെയ്തതാണ്. പക്ഷെ, ആ വാക്ക് പാലിക്കപ്പെടാതെ പോയതില്‍ ഈ ഡോക്ടര്‍ക്ക് സങ്കടമില്ല. തന്നേക്കാള്‍ വിദഗ്ധരായ എത്രയോ ഡോക്ടര്‍മാരെപ്പോലും തീരാദുഃഖത്തിലാഴ്ത്തിയാണല്ലോ അല്പനാളുകള്‍ കഴിഞ്ഞപ്പോള്‍ ആ വലിയ മനുഷ്യസ്‌നേഹി എന്നന്നേക്കുമായി വിടവാങ്ങിയത്. താന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ എത്തുന്ന സിനിമാപ്രവര്‍ത്തകരോടൊക്കെ തന്റെ കഥ സ്‌നേഹാദരങ്ങള്‍ കലര്‍ന്ന വിതുമ്പലോടെ അനുസ്മരിക്കാറുണ്ടത്രേ ഈ ഡോക്ടര്‍.

തന്നെ വെച്ച് പടം പിടിച്ച് നഷ്ടം പറ്റിയ നിര്‍മാതാക്കളെ സൗജന്യമായി അഭിനയിച്ചുകൊടുത്തും പണം കൊടുത്തുമൊക്കെ കരകയറ്റിയ കഥകള്‍കൊണ്ട് നിറഞ്ഞതാണല്ലോ നസീറിന്റെ സിനിമാജീവിതം. അന്നെന്നപോലെ ഇന്നും മറ്റാരും ചെയ്തതായി കേട്ടുകേള്‍വിയില്ലാത്ത ഒരു നസീര്‍ശൈലിയായിരുന്നു ഇത്. ജീവിച്ചിരിക്കുന്നവരോടു പോകട്ടെ, ദേശീയതലത്തില്‍വരെ അംഗീകരിക്കപ്പെട്ട ഒരു സഹപ്രവര്‍ത്തകന്റെ മൃതദേഹത്തോടുപോലും സിനിമാലോകം അനാദരവു കാട്ടിയപ്പോള്‍ വിവരമറിഞ്ഞ ഉടനെ അവിടെയും സിനിമാസെറ്റില്‍നിന്ന് ഓടിയെത്തിയത് നസീറായിരുന്നു. മദിരാശിയില്‍ അന്തരിച്ച പ്രശസ്തനടന്‍ പി.ജെ. ആന്റണിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവാതെ ഒരുപാട് സമയം കാത്തുകിടന്നത്, ഓര്‍മയില്‍ സൂക്ഷിക്കാന്‍കൊള്ളുന്ന ഒരു സംഭവമല്ല; എന്നാല്‍ സിനിമാരംഗത്തെ ചില കടുത്ത നന്ദികേടുകളുടെ ഓര്‍മപ്പെടുത്തലാണ്.
 
ഒരു വസ്തുതര്‍ക്കത്തില്‍ അവസാന കോടതിവിധിയും അനുകൂലമായപ്പോള്‍ കൈയും കെട്ടി നിന്നുകൊടുക്കുകയേ വേണ്ടൂ ബാങ്ക് ബാലന്‍സിലെ പൂജ്യങ്ങള്‍ പെരുകാനും കോടികള്‍ കിലുങ്ങാനും. എന്നാല്‍ എല്ലാമുപേക്ഷിച്ച്, അനാഥരാവാന്‍ പോവുന്ന മൂന്നു പെണ്‍കുളന്തകളുടെ പിതാവായ ഒരു പാവം തമിഴന്റെ ജീവന്‍ തിരിച്ചുനല്കിയപ്പോള്‍ ലഭിക്കുന്ന കോടിപുണ്യത്തിനാണ് നസീറെന്ന മനുഷ്യസ്‌നേഹി കോടികളെക്കാള്‍ വിലകല്പിച്ചത്. 

മദിരാശിയില്‍ ഏതു കാലത്തും സന്ദര്‍ശകരുടെ തിരക്കുള്ള വള്ളുവര്‍കോട്ടം ജങ്ഷനിലെ 'ബ്ലൂ സ്റ്റാര്‍' എന്ന കെട്ടിടം അറുപതു ലക്ഷം രൂപ വില നിശ്ചയിച്ച് കച്ചവടമാക്കിയതാണ്, നസീര്‍. ഇരുപത്തഞ്ചു 
ലക്ഷം രൂപ അഡ്വാന്‍സും കൊടുത്തു. പ്രമാണം രജിസ്റ്റര്‍ ചെയ്യാനുള്ള ആറുമാസ കാലാവധിക്കുള്ളില്‍ സ്ഥലവിലയില്‍ കോടികളുടെ വര്‍ധനയുണ്ടായി. ഭൂമിയിടപാടുകാര്‍ കുതന്ത്രങ്ങളുമായി പുറകില്‍കൂടിയതുകൊണ്ടാവാം കെട്ടിടം വിറ്റ അണ്ണന്‍ കരാര്‍ പാലിക്കാന്‍ തയ്യാറാവാതെ ഒഴിഞ്ഞുമാറി. തര്‍ക്കം ഹൈക്കോടതിവരെ നീണ്ടു. എല്ലാ വിധികളും നസീറിന് അനുകൂലമായിരുന്നു. പത്മഭൂഷണ്‍ സമയത്താണ് ഹൈക്കോടതി വിധിവരുന്നത്. ആ വിധിയും എതിരായ വാര്‍ത്ത കേട്ട അണ്ണന് ഹാര്‍ട്ട് അറ്റാക്ക്. അത്യാസന്ന നിലയിലായപ്പോള്‍ ആശുപത്രിയില്‍ കാണാനെത്തിയ നസീറിനോട്, ഒരു വഴിക്കെത്തിയിട്ടില്ലാത്ത തന്റെ പെണ്‍മക്കളുടെ കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞു; എന്നെ രക്ഷിക്കണം. ഒരുപാധികളുമില്ലാതെയാണ് നീലതാരക വിട്ടുകൊടുത്ത് അയാളെ ആശ്വസിപ്പിച്ച് നസീര്‍ എന്ന പുണ്യതാരകം മടങ്ങിയത്. സിനിമാനേട്ടങ്ങളുടെ റെക്കോഡുപോലെത്തന്നെ പുണ്യപ്രവൃത്തികള്‍ക്കായി കോടികള്‍ നഷ്ടപ്പെടുത്തിയ ആര്‍ക്കും മറികടക്കാനാവാത്ത റെക്കോഡും ഈ മഹാനുഭാവന് സ്വന്തം!

Contenf Highlights : Excerpt from the book on Premnazeer by Navas Poonoor Mathrubhumi Books