പണംവാരിപ്പടങ്ങളിലും പുരസ്‌കാരംവാരിപ്പടങ്ങളിലും മമ്മൂട്ടി ഒരേസമയം സ്ഥാനം പിടിക്കുന്നതെങ്ങനെ?


By ബിപിന്‍ ചന്ദ്രന്‍

7 min read
Read later
Print
Share

1981 മുതല്‍ 1990 വരെയുള്ള കാലമാണ് മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ദശകം. അതില്‍ത്തന്നെ, 1984, 1985 വര്‍ഷങ്ങളില്‍ മുപ്പത്തിനാലുവീതം സിനിമകളിലും 1986-ല്‍

മമ്മൂട്ടി

നോവലിസ്റ്റും തിരക്കഥാകൃത്തുമായ ബിപിന്‍ ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാനടന്‍ എന്ന പുസ്തകം മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ചുള്ള ഗവേഷണപഠനം തന്നെയാണ്. മമ്മൂട്ടി മലയാളിയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും ആരാണ് എന്ന ചോദ്യത്തിന് അക്കമിട്ടുനിരത്തുന്ന ഉത്തരങ്ങളാണ് ഈ പുസ്തകം. മഹാനടനിലെ മമ്മൂട്ടിത്തം എന്ന അധ്യായം വായിക്കാം.

മ്മൂട്ടി മലയാളിക്ക് ആരാണ്? എന്താണ് മമ്മൂട്ടിയെ പ്രത്യേകിച്ചൊരു മുഖവുര വേണ്ടാത്ത വിധത്തില്‍ മലയാളിജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന ഘടകങ്ങള്‍? പലരോടു ചോദിച്ചാല്‍ പല വിധത്തിലുള്ള ഉത്തരങ്ങള്‍ ലഭിക്കുന്ന ചോദ്യങ്ങളാണിവ. ആരാണ് മമ്മൂട്ടിയെന്നും ആ വ്യക്തിത്വത്തിന്റെ സവിശേഷതകളെന്തെന്നുമൊക്കെ അറിയാനുള്ള അതിയായ ആഗ്രഹം സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടാകാം. പക്ഷേ, ഒരു ചലച്ചിത്രതാരത്തിന്റെ ജീവിതപ്പാതകളും അഭിനയനാള്‍വഴികളുമൊക്കെ ആരാധകര്‍ക്കു മാത്രമല്ല, സംസ്‌കാരപഠിതാക്കള്‍ക്കും താത്പര്യമുള്ള മേഖലയായെന്നു വരാം. ഒരു സിനിമാഭിനേതാവിനെക്കുറിച്ച് പല വിധത്തില്‍ ശേഖരിക്കപ്പെടുകയും പൊതുബോധത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്ന വസ്തുതകളും അറിവുകളും കേള്‍വികളും അപവാദങ്ങളും അസത്യങ്ങളും അസംഭവ്യതകളുമടക്കം അയാളുടെ പ്രതിച്ഛായയെ നിര്‍മിക്കുകയും അപനിര്‍മിക്കുകയും പുനര്‍നിര്‍മിക്കുകയും വിപുലീകരിക്കുകയും വിഗ്രഹവത്കരിക്കുകയും വിപരീതസ്വഭാവത്തില്‍ പ്രതിഷ്ഠിക്കുകയുമൊക്കെ ചെയ്‌തെന്നിരിക്കാം. ചെറിയൊരുദാഹരണമെന്ന നിലയില്‍ താഴെപ്പറയുന്ന കാര്യത്തെ പരിശോധിക്കാവുന്നതാണ്: അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് സത്യന്‍ അവതരിപ്പിച്ചത്. പ്രശസ്ത നിരൂപകനായ കെ.പി. അപ്പന്‍ ഒരു ഓര്‍മക്കുറിപ്പില്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സത്യനേശന്‍ നാടാര്‍ കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്തിരുന്ന രീതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു:
'എന്റെ നാട് ആലപ്പുഴയാണ്. സനാതനധര്‍മവിദ്യാശാലയിലാണ് ഞാന്‍ പഠിച്ചത്. ഒരു ദിവസം വൈകുന്നേരം ഞാന്‍ സ്‌കൂളില്‍നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോഴാണ് അതു കണ്ടത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സത്യനേശന്‍ ഒരാളെ നിഷ്ഠുരമായി മര്‍ദിക്കുന്നു. അയാളൊരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അയാളുടെ ചുണ്ടുകളില്‍നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. അയാള്‍ അവശനായിരുന്നു. എങ്കിലും അയാള്‍ തോല്ക്കുന്നില്ലെന്ന് എനിക്കു തോന്നി. കൂടിനിന്നവര്‍ അമര്‍ഷവും വേദനയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വാസ്തവത്തില്‍ ചോരകൊണ്ടു മാത്രം വീട്ടേണ്ട ഒരു കടമായിരുന്നു അത്. അതിനുപകരം സത്യനേശന്‍ എന്ന സത്യന്‍ ചലച്ചിത്രനടനായപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിനു സ്‌നേഹവും ആരാധനയും നല്കി. പൂജിച്ചു സ്വീകരിച്ചു. ഇതാണ് ദൈവത്തിന്റെ നിരീശ്വരത്വം.

പില്‍ക്കാലത്ത് സത്യന്‍ എന്ന നടന്റെ സിനിമകള്‍ കണ്ടപ്പോള്‍ ആദ്യമൊക്കെ അവയുമായി ഇണങ്ങിപ്പോകാന്‍ എനിക്കു പ്രയാസമായിരുന്നു. ഇത് എന്റെ ഓര്‍മയുടെ ദൈവനിഷേധമാണ്.'
വ്യക്തിജീവിതത്തിന്റെ പ്രത്യേകതകള്‍ അയാളുടെ സര്‍ഗജീവിതം വിലയിരുത്തുന്ന പ്രക്രിയയിലേക്കു വലിച്ചിഴയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യം മുട്ടയോ കോഴിയോ ആദ്യമുണ്ടായത് എന്ന കീറാമുട്ടിപ്രശ്‌നംപോലെ കാലങ്ങളായി നിലനില്ക്കുന്നതാണ്. ഒരു വ്യക്തിയുടെ സ്വകാര്യജീവിതവും അയാളുടെ അഭിനയജീവിതവും വാട്ടര്‍ടൈറ്റ് കംപാര്‍ട്ട്‌മെന്റുകളല്ലാത്തതിനാല്‍ ഒരഭിനേതാവിനെ സമഗ്രമായി പരിശോധിക്കുമ്പോള്‍ അയാളുടെ ചലച്ചിത്രങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്ന് വാശിപിടിക്കാന്‍ കഴിയാതെ വരും. സത്യന്‍ എന്ന നടനെക്കുറിച്ചുള്ള ആലോചനകളില്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍പോലെതന്നെ അപ്പന്‍മാഷിന്റെ പഴയ കുറിപ്പുമുതല്‍ വി.ജെ. ജെയിംസിന്റെ 'അനുഭവങ്ങള്‍ പാളിച്ചകള്‍', വി.എം. ദേവദാസിന്റെ 'വെള്ളിനക്ഷത്രം' തുടങ്ങിയ പുതിയ കഥകള്‍വരെയുള്ള പല കാര്യങ്ങളും കടന്നുവന്നേക്കാം. പുതിയപുതിയ വായനാസാധ്യതകള്‍ക്ക് അത്തരം കാര്യങ്ങള്‍ വഴിതുറന്നിടാറുമുണ്ട്.

പണ്ടത്തെ സത്യനെ വായിച്ചെടുക്കുന്നതിലും സങ്കീര്‍ണമായ രീതികളിലൂടെയേ ഇന്നത്തെ മമ്മൂട്ടിയെ അഴിച്ചെടുക്കാന്‍ കഴിയൂ എന്നതാണ് സത്യം. കാരണം, ആ പ്രക്രിയയില്‍ കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്കിടയില്‍ നടന്ന ചെറുതും വലുതുമായ ചരിത്രസംഭവങ്ങളുടെ വൈവിധ്യവും വൈപുല്യവും കലര്‍ന്നുകിടക്കുന്നു എന്നതുതന്നെ. ഇന്നത്തെ മമ്മൂട്ടി ഒരു സുപ്രഭാതത്തില്‍ വേദവ്യാസനെപ്പോലെ നിമിഷനേരത്തില്‍ വളര്‍ന്നുവലുതായി പല അടരുകളുള്ള ഒരു മിത്തിന്റെ കര്‍ത്താവും കഥാപാത്രവുമായി പെട്ടെന്ന് അവതരിക്കുകയല്ലായിരുന്നു. ഒരു നടന്റെ താരസ്വത്വരൂപീകരണത്തിന്റെയും രൂപാന്തരത്തിന്റെയും ഗതിവിഗതികള്‍ വിലയിരുത്താന്‍ അയാളുടെ ചലച്ചിത്രഗ്രാഫ് മാത്രം തികയാതെ വരും. ഒരു അഭിനേതാവിനെയോ ആക്ടിവിസ്റ്റിനെയോ അധികാരിയെയോ താരമാക്കി മാറ്റുന്നത് സവിശേഷമായ ചരിത്രകാലാവസ്ഥയും സാംസ്‌കാരികാന്തരീക്ഷവുമാണ്. സിനിമയ്ക്കകത്തും പുറത്തുമുള്ള ജീവിതം മമ്മൂട്ടി എന്ന മനുഷ്യനെ കേരളീയത എന്ന മസാലക്കൂട്ടിന്റെ മണത്തെയും ഗുണത്തെയും സ്വാദിനെയുമൊക്കെ വലിയൊരളവില്‍ സ്വാധീനിക്കുന്ന ചേരുവയാക്കിയിട്ടുണ്ട്. കേരളീയത എന്തെന്നു വിവരിക്കാന്‍ തുനിയുമ്പോള്‍ നമുക്ക് ആ ചേരുവയെക്കുറിച്ചും ഉറപ്പായും സംസാരിക്കേണ്ടതായി വരും. പഠിക്കുന്ന കാലത്ത് മമ്മൂട്ടി സ്വീകരിച്ച ഒമര്‍ ഷെരീഫ് എന്ന കള്ളപ്പേരുമുതല്‍ പ്രീസ്റ്റ് സിനിമയുടെ ആമസോണ്‍ പ്രൈം പ്രദര്‍ശനംവരെയുള്ള എത്രയെത്ര സംഗതികളെ വിശകലനം ചെയ്താലാകാം മമ്മൂട്ടിത്തം എന്ന പ്രതിഭാസത്തിന്റെ കുറച്ച് അടരുകളെയെങ്കിലും വിടര്‍ത്തിവെക്കാനാവുക. മുഖവുര വേണ്ടാത്ത മലയാളി എന്ന നിലയിലേക്കു വികസിച്ചൊരു ചലച്ചിത്രവ്യക്തിത്വത്തിന്റെ പരിണാമദിശകളിലേക്ക് ഞെക്കുവിളക്കു തെളിക്കുന്നതിന്റെ കൗതുകമാണീ നോട്ടത്തിലുള്ളത്.

ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സമകാലിക മലയാളിജീവിതത്തില്‍ മമ്മൂട്ടി എന്ന വ്യക്തിയുടെ അസ്തിത്വം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിന്റെ ക്ഷേപപഥങ്ങളെക്കുറിച്ചോ ലംബമായും തിരശ്ചീനമായുമുള്ള സഞ്ചാരരേഖകളെക്കുറിച്ചോ പ്രതിച്ഛായയുടെ വക്രീകരണങ്ങളെക്കുറിച്ചോ മാത്രമല്ല ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കര്‍ത്തൃത്വത്തെ രൂപീകരിക്കുന്ന സ്വത്വസങ്കേതം എന്ന നിലയിലും മമ്മൂട്ടിയെ നോക്കിക്കാണേണ്ടതുണ്ട്.

കോളേജ് പഠനകാലത്തും അതിനുശേഷവുമൊക്കെ നടത്തിയ ചില്ലറ തലകാണിക്കല്‍ശ്രമങ്ങളെ ഒഴിവാക്കിയാല്‍ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി തന്റെ സാന്നിധ്യമറിയിച്ചത് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലെ മാധവന്‍കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ്. അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് എം.ടി. പിന്നീട് എഴുതിയത് ഇങ്ങനെയാണ്:
'സാധാരണ പുതുതായി അഭിനയിക്കാന്‍ വരുന്നവര്‍ അപ്പുറത്തൊരു വളരെ പേരുള്ള നടന്‍ നില്ക്കുമ്പോള്‍ പരിഭ്രമിക്കും. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അതൊന്നും കണ്ടില്ല. വളരെ അനായാസമായിട്ട് ഈ നാലോ അഞ്ചോ സീനുകളില്‍ അന്ന് വളരെ അംഗീകാരം നേടിയ സുകുമാരന്റെ കൂടെ അഭിനയിച്ചത് ചിലരൊക്കെ ശ്രദ്ധിക്കുകയും ചെയ്തു. ഈ സിനിമ വന്നുകഴിഞ്ഞപ്പോള്‍ ആരായിരുന്നു അത് എന്ന് ചിലരൊക്കെ അന്വേഷിച്ചു. എനിക്കു തോന്നുന്നത് അതിന്റെയൊക്കെ ഫലമായിട്ടാണ് കെ.ജി. ജോര്‍ജിന്റെ മേളയിലേക്ക് മമ്മൂട്ടിക്കു ക്ഷണം കിട്ടുന്നത്. പലരും പറയാറുണ്ട് ഞാന്‍ മമ്മൂട്ടിയെ കണ്ടെത്തി എന്ന്. മമ്മൂട്ടി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ ഒരു നിമിത്തമായി എന്നു മാത്രം. ഞാനല്ലെങ്കില്‍ വേറൊരാള്‍ കണ്ടെത്തും. പ്രാഗത്ഭ്യമുള്ള നടന്മാരെ, കലാകാരന്മാരെയൊക്കെ ഒരാള്‍ കണ്ടെത്തലല്ല, കാലം കണ്ടെത്തുകയാണ്.'

വെറുമൊരു സിനിമാഭാഗ്യാന്വേഷി എന്നതിനപ്പുറം ചലച്ചിത്രം എന്ന മാധ്യമത്തെയും അഭിനയകലയെയും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥി എന്ന നിലയിലുള്ള ഗൗരവമുള്ള ശ്രമങ്ങളാണ് മമ്മൂട്ടി എന്ന അഭിനയമോഹിയെ തുടക്കകാലത്തുതന്നെ എം.ടിയെയും കെ.ജി. ജോര്‍ജിനെയും പോലുള്ളവരുടെ ക്യാമ്പുകളില്‍ എത്തിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ അതിന് അടിവരയാകുന്നുണ്ട്:
'ഞങ്ങള്‍ ആദ്യം കാണുമ്പോള്‍ മമ്മൂട്ടി സംസാരിച്ച വിഷയങ്ങള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട്. കൊച്ചിയില്‍ ഞാന്‍ ഉദ്ഘാടനം ചെയ്ത ഫിലിം സൊസൈറ്റിയുടെ സമ്മേളനത്തില്‍ പങ്കെടുത്തത്, ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായരും മറ്റും മുന്‍കൈയെടുത്ത് ആരംഭിച്ച സൊസൈറ്റി അന്നു പ്രദര്‍ശിപ്പിച്ച സിനിമയുടെ പ്രത്യേകതകള്‍, പിന്നെ സ്വയംവരം ഒരു അനുഭവമായി കൊണ്ടുനടന്നിരുന്ന വിദ്യാര്‍ഥിജീവിതകാലം, ആര്‍ത്തിയോടെ കാത്തിരുന്നു കണ്ടിട്ടുള്ള റേ ചിത്രങ്ങള്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയ നസിറുദ്ദീന്‍ ഷാ, ഷബാന ആസ്മി തുടങ്ങിയവരെപ്പറ്റി മനസ്സില്‍ സൂക്ഷിക്കുന്ന സ്‌നേഹസാഹോദര്യം, പിന്നെ എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്- ഇവരോടുള്ള ആദരവും കറയറ്റ സ്‌നേഹവും കടപ്പാടും. തുറന്നുപറയട്ടെ, ഇവര്‍ രണ്ടുപേരോടും മമ്മൂട്ടി എന്ന മനുഷ്യന്‍ കെടാതെ, കേടുവരാതെ സൂക്ഷിക്കുന്ന ഈ മനോഭാവമാണ് എന്നില്‍ ഏറ്റവും മതിപ്പുളവാക്കിയിട്ടുള്ളത്.'

1981 മുതല്‍ 1990 വരെയുള്ള കാലമാണ് മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ദശകം. അതില്‍ത്തന്നെ, 1984, 1985 വര്‍ഷങ്ങളില്‍ മുപ്പത്തിനാലുവീതം സിനിമകളിലും 1986-ല്‍
മുപ്പത്തിയഞ്ചു സിനിമകളിലുമാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയടക്കമുള്ള ഒരു നടനും ഒരു ഭാഷയിലും ഇനിയങ്ങോട്ട് ഇത്രയധികം സിനിമകളില്‍ ഒരു വര്‍ഷം പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അത്രയും സിനിമകളെന്നു പറയുമ്പോള്‍ അത്രയും കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവസമ്പത്തിന്റെ കാര്യംകൂടി കണക്കാക്കേണ്ടി വരും. മമ്മൂട്ടി എന്ന ബഹുരൂപിയായ അഭിനയവ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും ആധാരശിലയായി വര്‍ത്തിച്ചത് ഈ സമയത്തെ സിനിമകളാണെന്ന് നിസ്സംശയം പറയാം. സ്‌ഫോടനം, തൃഷ്ണ, അഹിംസ, യവനിക, പടയോട്ടം, ഈനാട്, ഇന്നല്ലെങ്കില്‍ നാളെ, കൂടെവിടെ, ഇനിയെങ്കിലും, സന്ദര്‍ഭം, ഒന്നാണ് നമ്മള്‍, ചക്കരയുമ്മ, അതിരാത്രം, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, തിങ്കളാഴ്ച നല്ല ദിവസം, തമ്മില്‍ത്തമ്മില്‍, മകന്‍ എന്റെ മകന്‍, കഥ ഇതുവരെ, നിറക്കൂട്ട്, യാത്ര, കരിമ്പിന്‍പൂവിനക്കരെ, കാതോടുകാതോരം, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, പൂവിനു പുതിയ പൂന്തെന്നല്‍, ആവനാഴി, നൊമ്പരത്തിപ്പൂവ്, ന്യൂഡല്‍ഹി, തനിയാവര്‍ത്തനം, അനന്തരം, മനു അങ്കിള്‍, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, സംഘം, 1921, അടിക്കുറിപ്പ്, ഒരു വടക്കന്‍വീരഗാഥ, ഉത്തരം, കോട്ടയം കുഞ്ഞച്ചന്‍, മതിലുകള്‍, സാമ്രാജ്യം, ഈ തണുത്ത വെളുപ്പാന്‍കാലത്ത് തുടങ്ങിയ സിനിമകളൊക്കെ പുറത്തുവരുന്നത് ഈ കാലഘട്ടത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്, പത്മരാജന്‍, ഐ.വി. ശശി, ജോഷി, ഹരിഹരന്‍, ഭരതന്‍, സിബി മലയില്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, പവിത്രന്‍, പി.ജി. വിശ്വംഭരന്‍, ഡെന്നീസ് ജോസഫ്, എസ്.എന്‍. സ്വാമി തുടങ്ങിയ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊരു നടനും ലഭിക്കാത്ത തരത്തിലുള്ള അഭിനയമുഹൂര്‍ത്തങ്ങളുടെ സൗഭാഗ്യമാണ് മമ്മൂട്ടിയെ തേടിയെത്തിയത്. എണ്‍പതുകളില്‍ മമ്മൂട്ടിക്കു ലഭിച്ച കഥാപാത്രങ്ങളുടെ ആഴവും പരപ്പും വ്യത്യസ്തതയും അതേകാലത്ത് മറ്റേത് ഇന്ത്യന്‍ ഭാഷാസിനിമകളില്‍ അഭിനയിച്ചിരുന്നവര്‍ക്കു ലഭ്യമായിരുന്നോ എന്നു പരിശോധിക്കുമ്പോള്‍ ആ നടന്റെ അനന്യതയെ സംബന്ധിക്കുന്ന കൂടുതല്‍ തെളിച്ചങ്ങള്‍ വെളിച്ചപ്പെട്ടു വരാനിടയുണ്ട്. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരുവപ്പെടാന്‍ അത്തരത്തിലുള്ള അസുലഭാവസരങ്ങള്‍ എത്രമാത്രം സഹായകമാവുകയും സ്വാധീനമാവുകയും ചെയ്‌തെന്ന് മനസ്സിലാക്കാന്‍ മമ്മൂട്ടി പഠിതാക്കള്‍ക്ക് ഏറെ ഗുണപ്പെടുമാ അന്വേഷണം.
രണ്ടുതരം സിനിമാസങ്കല്പങ്ങളുടെ വക്താക്കളെന്നു പറയാവുന്ന കെ.ജി. ജോര്‍ജിന്റെയും ഐ.വി. ശശിയുടെയും സിനിമകളില്‍ ഒരേസമയം അഭിനയിച്ച് എണ്‍പതുകളുടെ തുടക്കത്തില്‍ കരിയര്‍ പടുത്തുയര്‍ത്തിത്തുടങ്ങിയ മമ്മൂട്ടി പിന്നീടിതുവരെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചിട്ടുള്ളത് സമാനമായൊരു സമീപനമാണെന്നു പറയാം. വളരെ സമര്‍ഥമായ ഈ തിരഞ്ഞെടുപ്പുസമീപനത്തിന്റെ ബലതന്ത്രമാണ് താരഭ്രമണപഥത്തില്‍നിന്നു തെറിച്ചുനീങ്ങാതെ മമ്മൂട്ടിയെ നിലനിര്‍ത്തുന്ന പല ഘടകങ്ങളിലൊന്ന്. ഒരേസമയം കലയുടെയും കച്ചവടത്തിന്റെയും കോലുകളില്‍ അളന്നാലും മലയാളസിനിമയുടെ അനിവാര്യതയായി മമ്മൂട്ടി ഇന്നും നിലനില്ക്കുന്നു. അഭിനയത്തിന്റെയും വിപണനത്തിന്റെയും സാധ്യതകളെ ചൂഷണം ചെയ്യുന്നതില്‍ മമ്മൂട്ടി പുലര്‍ത്തിയ സമതുലനം മനസ്സിലാക്കാന്‍ ഓരോ വര്‍ഷങ്ങളിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ മതി. പണംവാരിപ്പടങ്ങളുടെയും പുരസ്‌കാരം വാരിപ്പടങ്ങളുടെയും പട്ടികകളില്‍ മമ്മൂട്ടി എന്ന നടന്‍ ഒരേസമയം സ്ഥാനംപിടിക്കുന്നു. ആര്‍ട്ടിക്കും അന്റാര്‍ട്ടിക്കും തമ്മിലുള്ള അന്തരവും പരസ്പരപൂരകത്വവും മമ്മൂട്ടി തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലുണ്ട്. മമ്മൂട്ടിയുടെ താരാസ്തിത്വത്തിന്റെ ആധാരതത്ത്വങ്ങളിലൊന്ന് ഈ തിരഞ്ഞെടുപ്പുതന്ത്രമാണ്.
പി.ജി. വിശ്വംഭരന്റെ പിന്‍നിലാവില്‍,
'ഓടി വാ കരിഫിഷ് കണ്ണാളേ പാടി വാ ലൗ ഗാനം'
എന്നൊക്കെ പാട്ടുപാടി പൂര്‍ണിമാ ജയറാമിനു ചുറ്റും തുള്ളിക്കളിച്ച അതേ നടനെയാണ് കെ.പി. കുമാരന്റെ നേരം പുലരുമ്പോളിലെ ബ്രദര്‍ ലോറന്‍സായും കാണികള്‍ കണ്ടത്. പി.കെ. ശ്രീനിവാസനുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ തനിക്ക് അക്കാലത്തു ലഭിച്ച പക്വതയേറിയ കഥാപാത്രങ്ങളെക്കുറിച്ച് മമ്മൂട്ടിതന്നെ പ്രകടിപ്പിച്ച അഭിപ്രായം ഇങ്ങനെയാണ്:
'അക്ഷരം, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, നിറക്കൂട്ട്, യാത്ര. എനിക്ക് എത്ര വയസ്സുള്ളപ്പോഴാണ് ഇതിലൊക്കെ അഭിനയിച്ചത്? ഇന്നത്തെ പിള്ളേരെപ്പോലെ ആടിക്കളിച്ചു നടക്കുന്ന കാലത്താണ് അത്തരം പടങ്ങളിലൊക്കെ ഞാന്‍ അഭിനയിക്കുന്നത്. കോളേജ് വിദ്യാര്‍ഥിയായി അഭിനയിക്കേണ്ട കാലത്താണ് ഞാന്‍ വലിയ മക്കളുടെ തന്തയായിട്ടും വലിയ നായികമാരുടെ ഭര്‍ത്താവായിട്ടും അവരുടെ കാമുകനായിട്ടുമൊക്കെ അഭിനയിക്കുന്നത്. അന്നത്തെ അഭിനയം സീനിയര്‍ ആര്‍ട്ടിസ്റ്റുകളോടൊപ്പമാണ്. അന്നെനിക്ക് അതിന്റെതായ ഒരു പക്വതയോ വളര്‍ച്ചയോ ഉണ്ടായിരുന്നില്ല.'

കലാപരമായോ കച്ചവടപരമായോ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത സിനിമകളില്‍പ്പോലും അവതരിപ്പിച്ച വേഷങ്ങളുടെ വൈവിധ്യം അഭിനേതാവെന്ന നിലയില്‍ മാത്രമല്ല മമ്മൂട്ടിയെ ഉരുവപ്പെടുത്തിയെടുത്തത്. മമ്മൂട്ടി എന്ന താരത്തിലേക്കുള്ള ആരോഹണവും അവരോധവും അതു സാധ്യമാക്കി.

ടെലിവിഷന്‍ എന്ന പുതിയ മാധ്യമത്തിന്റെ കടന്നുവരവ് ഈ ദശകത്തിലാണ് കേരളത്തിലുണ്ടായതെങ്കിലും ദൂരദര്‍ശന്‍ കാലത്തും 'അള്‍ട്ടിമേറ്റ് ആനന്ദമാര്‍ഗം' സിനിമതന്നെയായിരുന്നു. പ്രവാസി മലയാളികള്‍ നാട്ടില്‍ നടപ്പാക്കിയ വി.സി.ആര്‍./ വി.സി.പി. വിപ്ലവത്തിലൂടെയും ടിവിയിലെ ഞായറാഴ്ചപ്പടങ്ങളിലൂടെയും കാഴ്ചയുടെ ശീലങ്ങളില്‍ നേരിയ വ്യതിയാനങ്ങള്‍ വന്നെങ്കിലും മമ്മൂട്ടി എന്ന നടന് അനുഗുണമായൊരന്തരീക്ഷമാണ് അവയും ഒരുക്കിക്കൊടുത്തതെന്നു പറയാം. നാഷണല്‍ പാനസോണിക്കിന്റെ വീഡിയോപ്ലെയറുകളില്‍ അനുസ്യൂതം ഓടിയ തോംസണ്‍ കാസെറ്റുകള്‍വഴി പരന്ന പുതുകാഴ്ചയുടെ പ്രപഞ്ചത്തിലൂടെ കുടുംബങ്ങളിലേക്കു കൂടുതലായി കയറിപ്പറ്റാനും കസേരയുറപ്പിക്കാനും കഴിഞ്ഞത് മമ്മൂട്ടിക്കായിരുന്നു. പാട്രിയാര്‍ക്കലായിരുന്നൊരു സമൂഹത്തിലെ ബന്ധങ്ങളുടെ ശ്രേണീക്രമങ്ങള്‍മുതല്‍ പതിറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ട പൊതുബോധത്തിന്റെ ആകൃതിവ്യതിയാനങ്ങള്‍വരെയുള്ള പല ഘടകങ്ങളും പരിശോധിച്ചാലേ എണ്‍പതുകളില്‍ കുടുംബനായകനെന്ന നിലയില്‍ മമ്മൂട്ടിക്കു ലഭിച്ച സ്വീകാര്യതയുടെ കാരണങ്ങള്‍ നിരത്തിവെക്കാന്‍ കഴിയൂ. നിയമപാലകന്‍, സൈനികോദ്യോഗസ്ഥന്‍, കുടുംബനാഥന്‍ തുടങ്ങിയ വേഷങ്ങളുടെ ആവര്‍ത്തനങ്ങളിലൂടെ മമ്മൂട്ടി നേടിയെടുത്തത് 'ഉത്തരവാദിത്വത്തിന്റെ ആള്‍രൂപം' എന്ന പ്രതിച്ഛായയാണ്. 'സംരക്ഷണം' എന്ന താക്കോല്‍വാക്കിനു ചുറ്റും കറങ്ങിയിരുന്ന സാമൂഹികബന്ധങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അധികാരക്രമത്തെ ഒട്ടും അലോസരപ്പെടുത്തുന്നതായിരുന്നില്ല ആ ഇമേജ്. അച്ചടക്കം, അനുസരണ, ത്യാഗസന്നദ്ധത, വിശ്വാസ്യത, നീതിബോധം, പ്രതികരണശേഷി, ഏകപത്‌നീവ്രതം, സാഹസികത തുടങ്ങിയവയിലൂടെയൊക്കെ മാപനം ചെയ്യപ്പെട്ടിരുന്ന ആണത്തസങ്കല്പങ്ങള്‍ക്ക് അനുരൂപമായൊരു താരമായി ശരാശരി മലയാളിമനസ്സുകളില്‍ പ്രതിഷ്ഠാപിക്കപ്പെടാന്‍ എണ്‍പതുകളില്‍ മമ്മൂട്ടിയവതരിപ്പിച്ച കഥാപാത്രങ്ങള്‍ നിലമൊരുക്കി. ഏറിയും കുറഞ്ഞും എണ്‍പതുകളിലെ മലയാളസിനിമകളിലെ എല്ലാ നായകകഥാപാത്രങ്ങളിലും ഈ പ്രവണതകളൊക്കെ നിലനിന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ അവതരണങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ കിട്ടാനുള്ള കാരണം അതിനു സ്ഥാപിക്കാന്‍ കഴിഞ്ഞ 'എക്‌സ്ട്രാ എഫക്ട്' തന്നെയായിരുന്നു.

book cover
പുസ്തകം വാങ്ങാം
">
പുസ്തകം വാങ്ങാം

മൗനം സമ്മതത്തിലൂടെ (1989) തമിഴിലും ത്രിയാത്രിയിലൂടെ (1990) ഹിന്ദിയിലും മമ്മൂട്ടി എണ്‍പതുകളുടെ അവസാനം തന്റെ അരങ്ങേറ്റം നടത്തിക്കഴിഞ്ഞിരുന്നു. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലൂടെ ലഭിച്ച മികച്ച നടനുള്ള ദേശീയപുരസ്‌കാരം അഭിനേതാവെന്ന നിലയിലുള്ള മമ്മൂട്ടിപ്പെരുമ കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വര്‍ധിച്ച തോതില്‍ പടര്‍ത്താനുമിടയാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ മമ്മൂട്ടിയുടെ അഭിനയപാതകള്‍ ഭാഷാവരമ്പുകളെ ഉല്ലംഘിച്ചു വളര്‍ന്നതിനൊരു പ്രധാന കാരണംകൂടിയായിരുന്നു അദ്ദേഹത്തിന്റെ ദേശീയപുരസ്‌കാരലബ്ധി. മമ്മൂട്ടിക്കു മുന്‍പും പല മലയാള നടീനടന്മാരും മറ്റു ഭാഷകളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പക്ഷേ, സ്വന്തം നാട്ടില്‍ ഒരു താരനടനു ലഭിക്കുന്ന പ്രാമുഖ്യത്തോടെതന്നെ, മറ്റു ഭാഷകളില്‍ മമ്മൂട്ടിക്കു ലഭിച്ചതുപോലുള്ള സ്വീകരണം അതിനുമുന്‍പ് ഒരു മലയാളിനടനും കിട്ടിയിട്ടില്ലായിരുന്നു. എം.ജി.ആറിന്റെ കാര്യം മറുവാദമായി പറയാമെങ്കിലും മലയാളിസ്വത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടല്ല അദ്ദേഹം തമിഴ്‌നാട്ടിലെ സിനിമയിലും രാഷ്ട്രീയത്തിലും സ്വയം സ്ഥാപിച്ചെടുത്തതെന്ന വ്യത്യാസമുണ്ട്.

'അവന്‍ നിന്‍ട്രാല്‍ പൊതുക്കൂട്ടം, നടന്താല്‍ ഊര്‍വലം' എന്ന എം.ജി.ആര്‍. ലൈന്‍ അനുകരിച്ചുകൊണ്ടുതന്നെയാണ് രജനികാന്തിനെയും ജയലളിതയെയും പോലുള്ള അഭിനേതാക്കള്‍ അയല്‍നാടുകളില്‍നിന്നു വന്ന് തമിഴ്‌നാട്ടില്‍ തങ്ങളുടെ താരമൂല്യമുറപ്പിച്ചത്. പക്ഷേ, അതില്‍നിന്നും വിഭിന്നമായി മികച്ച അഭിനേതാവായ മലയാളി എന്ന മട്ടില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തന്നെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അയല്‍സംസ്ഥാനങ്ങളില്‍ ബഹുമാന്യമായ നില നേടിയെടുത്തത്.

Content Highlights :Excerpt from the book on actor Mammootty 'Mahanadan' by Bipin Chandran published by mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented