മുകുന്ദന്‍ മഠത്തില്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെ ജീവചരിത്രമാണ് 'കെ.രാഘവന്‍ ഈണങ്ങളുടെ രാജശില്പി'. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

'രാഘൂ... രാഘൂ... ഒന്നോടിവാ മോനേ... നീയിവിടെ കിടന്നുറങ്ങുകയാ? കടപ്പുറത്ത് ഇപ്പം തല്ല് നടക്കും മോനേ... എനിക്ക് വയ്യാ... ഒന്ന് വേഗം വാ രാഘൂ...' ശേഖരമ്മാവന്റെ ഭാര്യ പ്രായംചെന്ന ചിരുതയമ്മയാണ് വിളിച്ചത്. ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്നു രാഘവന്‍. കാര്യം പിടികിട്ടി. മുന്‍പിന്‍ നോക്കാതെ മുണ്ടും മാടിക്കെട്ടി രാഘവന്‍ ഓടി. ശരംവിട്ടതുപോലെ ബഹളത്തിന്റെ നടുവിലേക്ക് ഒരു ചാട്ടമാണ്. രണ്ടു ചേരികളായി തിരിഞ്ഞ് പൊരിഞ്ഞ തല്ലാണ് അവിടെക്കണ്ടത്. അടിയുടെ ശബ്ദം പരക്കേ പൊങ്ങി. നിലവിളിയുമുണ്ട്. ഒരുഭാഗത്ത് അച്ചൂട്ടിയും സുകുമാരനുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മറുവശത്താണ് വേണ്ടപ്പെട്ടവരെല്ലാമുള്ളത്. രാഘവന്‍ എത്തിപ്പെട്ടതാകട്ടെ, അച്ചൂട്ടിയുടെ മുന്‍പില്‍! ചേരിതിരിഞ്ഞുള്ള പൊരിഞ്ഞ തല്ലിനിടയ്ക്കാണ് രാഘവന്റെ വരവും അതുമൂലമുണ്ടായ ആശയക്കുഴപ്പവും. തങ്ങളുടെ ചേരിയിലേക്കു വരേണ്ട രാഘവന്‍ എങ്ങനെ അച്ചൂട്ടിയുടെ ഭാഗത്തേക്ക് എത്തി എന്നതായിരുന്നു ആശയക്കുഴപ്പം. നിമിഷംകൊണ്ട് ആശയക്കുഴപ്പം പരിഹരിച്ചു. രാഘവനും അച്ചൂട്ടിവിരുദ്ധപക്ഷത്തേക്കു മാറി. ഈ സമയം സുകുമാരനതാ രാഘവപക്ഷത്തെ ഒരാളുടെ നേരേ കാലു വീശുന്നു. രാഘവന്‍ ഓതിരമോ കടകമോ ചവിട്ടി ചാടിക്കെട്ടി വരുന്നു. കൊടുത്തു രാഘവന്‍വക ഒരു പൂഴിക്കടകന്‍. സുകുമാരന്റെ കാതില്‍ പൊന്നീച്ച പറന്നു. ഓര്‍ക്കാപ്പുറത്തുള്ള അടിയുടെ ആഘാതത്തില്‍ സുകുമാരന്‍ കമിഴ്ന്നടിച്ചു വീണു. വായില്‍ നിറയെ മണല്‍ത്തരിയുമായാണ് ബോധം
കെട്ടു വീണത്. ഇതു കണ്ട അച്ചൂട്ടി കാലും വീശി പുലിയെപ്പോലെ രാഘവനു നേരേ ചീറിയടുത്തു.
 
വലത്തു മാറി, ഓതിരം, കടകം ചാടി വായുവില്‍നിന്നും അച്ചൂട്ടിയുടെ പിന്‍കഴുത്തിനു രാഘവന്‍ ആഞ്ഞുചവിട്ടി. അച്ചൂട്ടി മുന്‍പോട്ടു തെറിച്ചു കുമ്പിട്ട് നെഞ്ചടിച്ചു വീണുപോയി. തല പൊങ്ങുന്നില്ല. 'രാഘൂ... നീയെന്താ ഈ ചെയ്‌തേ, ചത്തുപോവ്വല്ലോ... വാ...' ആരൊക്കെയോ രാഘവന്റെ തോളില്‍പ്പിടിച്ച് പുറത്തേക്കു കൊണ്ടുപോയി. രാഘവന്‍ അത്യാവശ്യം അഭ്യാസമുറകളൊക്കെ സ്വായത്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതിനെക്കാള്‍ പ്രധാനം ആ പ്രതിയോഗിക്കു നേരേയുള്ള പ്രതിരോധ തന്ത്രമാണ്, എതിരാളിയുടെ വലതുകൈയുടെ ചലനമാണ് എല്ലാവരും ശ്രദ്ധിക്കുക. എന്നാല്‍, രാഘവന്‍ ജന്മനാ ഇടതുകൈ സ്വാധീനമുള്ള ആളാണ്. ആ തല്ലും ഇടതുകൈകൊണ്ടായിരുന്നു. തടുക്കാന്‍ പറ്റാത്തതിന്റെ കാരണം ഇതായിരുന്നു. ഈ ഇടതുകൈസ്വാധീനം പല ആപല്‍ഘട്ടങ്ങളിലും തുണയായിട്ടുണ്ടെന്നും മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. മാഷ് സംഭവത്തിന്റെ നിജഃസ്ഥിതി ഒന്നുകൂടി വിശദീകരിച്ചു.

നാട്ടിലെല്ലായിടത്തും മഴക്കാലത്തിന്റെ വരവോടെ കളരിയും തുടങ്ങും. അറിയപ്പെടുന്ന കളരിഗുരുക്കള്‍ കേളുക്കുറുപ്പായിരുന്നു. എന്നാല്‍, ഉണ്ണിവൈദ്യരെന്നു വിളിക്കുന്ന ഒരാളും ഈ രംഗത്തുണ്ട്. കേളുക്കുറുപ്പ് നല്ല ജ്ഞാനിയും അഭ്യാസിയുമായിരുന്നു. അതുകൊണ്ട് മാഷ് കേളുക്കുറുപ്പിന്റെ കളരിയിലാണ് അഭ്യാസം പഠിക്കാന്‍ പോയത്. ഇതു പഠിക്കുന്നത് സ്വയംരക്ഷയ്ക്കുവേണ്ടി മാത്രമാണ്. അതോടൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരികയും ചെയ്യും. നല്ല ക്ഷമാശീലവും ഇതിന്റെ ഒരു ഗുണമാണ്. ഒരു കാരണവശാലും അകാരണമായി ഒരാളെയും ആക്രമിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ല. ഇത് കളരിയിലെ വേദവചനമാണ്.

ഉണ്ണിവൈദ്യരുടെ ശിഷ്യനാണ് നേരത്തേ പറഞ്ഞ സുകുമാരന്‍. ഇയാള്‍ വലിയൊരു അപരാധം ചെയ്തു. തങ്ങളുടെ ഗുരുനാഥന്‍ കേളുക്കുറുപ്പിനെ വഴിയില്‍ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്യാനും അധിക്ഷേപിക്കാനും മുതിര്‍ന്നു. ഈ വിവരം രാഘവനുള്‍പ്പെടെയുള്ള ശിഷ്യഗണങ്ങളുടെ ചെവിയിലെത്തി. എന്നാല്‍, ഗുരു ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അദ്ദേഹം സുകുമാരന്റെ പ്രകോപനങ്ങളില്‍ വീഴാതെ ശാന്തനായി അവിടെ വിട്ട് പോവുകയാണുണ്ടായത്. അതേസമയം കേളുക്കുറുപ്പിന്റെ ശിഷ്യന്മാരുടെ ഹൃദയത്തില്‍ ഇത് ഉമിത്തീപോലെ നീറുകയായിരുന്നു. സുകുമാരനോടു പകരം വീട്ടിയേ അടങ്ങൂ... അതിനായി അവര്‍ ഒത്തുചേര്‍ന്ന് രഹസ്യമായി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. സുകുമാരന്‍ വരുന്ന പതിവായ വഴി നിരീക്ഷിക്കാന്‍ തുടങ്ങി. അതിനായി പ്രത്യേകം ആളെയും ചുമതലപ്പെടുത്തി. ചുമതലകള്‍  മാറിമാറി വരും. ഈ കാത്തിരിപ്പ് അനിശ്ചിതമായി നീണ്ടുപോയി. 

സുകുമാരന് ഈ പരമരഹസ്യം ആരില്‍നിന്നോ ചോര്‍ന്നുകിട്ടിയിട്ടുണ്ടാവും. അതുകൊണ്ടാണ് കെണിയില്‍പ്പെടാതെ രക്ഷപ്പെടുന്നത്. രണ്ടും കല്പിച്ച് സുകുമാരന്‍ ഉറപ്പായും വരുമെന്നു പ്രതീക്ഷിച്ച് വഴിയില്‍ ഏറെ നേരം രാഘവനുള്‍പ്പെടെയുള്ളവര്‍ കാത്തിരുന്നു. സമയമായിട്ടും കാണാഞ്ഞപ്പോള്‍ ഇവരെല്ലാം പിരിഞ്ഞുപോയി. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് ആളൊഴിഞ്ഞെന്നു കരുതി സുകുമാരന്‍ ആ വഴി വരുന്നത് കേളുക്കുറുപ്പിന്റെ ശിഷ്യരുടെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ, ഇത്തവണ സുകുമാരന്റെ ബോഡിഗാര്‍ഡുപോലെ ഗോപാലപ്പേട്ടയിലെ കുപ്രസിദ്ധ ഗുണ്ട അച്ചൂട്ടിയുമുണ്ട്. ഇരയെ കിട്ടിയ ആവേശത്തില്‍ സുകുമാരന്റെ നേരേ അവര്‍ നീങ്ങി. വെല്ലുവിളിയായി, കൈയേറ്റമായി, കൂട്ടത്തല്ലായി. നാലുപാടുനിന്നും ആളുകള്‍ ഓടിക്കൂടി. ഈ ഘട്ടത്തിലാണ് ചിരുതൈ അമ്മായി വിറളിപിടിച്ചോടിവന്ന് വിളിച്ചുപറഞ്ഞത്. കുതിച്ചെത്തിയ രാഘവന്റെ മെയ്‌വഴക്കവും കനത്ത ഇടിയും ഏറ്റതോടെയാണ് അച്ചൂട്ടി നിലംപതിച്ചത്.

രാഘവന്‍ അവര്‍ക്കിടയില്‍ ഹീറോ ആയി. താരപരിവേഷവും കിട്ടി. പക്ഷേ, ആ സംഭവത്തില്‍ രാഘവനെ ഒന്നാംപ്രതിയാക്കി കൂത്തുപറമ്പ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജീവിതത്തിലാദ്യമായി കുറ്റവാളിയായി കോടതികയറിയ അനുഭവം. മൊത്തം അഞ്ചു പ്രതികള്‍. സുകുമാരനാണ് കേസു കൊടുത്തത്. അന്നത്തെ ഏറ്റവും പ്രഗല്‍ഭരായ രണ്ടു വക്കീലന്മാരായിരുന്നു കെ.ടി. ചന്തുനമ്പ്യാരും കൊയിലാണ്ടിയിലെ രാമയ്യരും. ഇദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസും സംസ്ഥാന മന്ത്രിയുമൊക്കെയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പിതാവാണ്. ഇവരെ രണ്ടു പേരെയും കേസിന്റെ വക്കാലത്തേല്പിച്ചു. അച്ചൂട്ടിക്കും സുകുമാരനും വേണ്ടി കോടതിയില്‍ ഹാജരായത് അന്നത്തെ തിരക്കുള്ള വലിയ വക്കീലായ കെ.ടി. ചന്തുനമ്പ്യാരും. കേസിനുവേണ്ടി കോടതിയില്‍ ഹാജരാവാന്‍ രാഘവനുള്‍പ്പെടെയുള്ള പ്രതികള്‍ തലായില്‍ നിന്നും പ്രത്യേക വാഹനം പിടിച്ചാണ് കൂത്തുപറമ്പിലേക്കു പോകുക. ചെലവുകള്‍ ഇവര്‍ ഒന്നിച്ചു വഹിച്ചു. 

കേസ് വിചാരണയ്‌ക്കെടുത്തതോടെ കൂടക്കൂടെ കോടതിയില്‍ ഹാജരാവണം. രാവിലെ കൃത്യസമയത്ത് കോടതിയിലെത്തും. പ്രതിക്കൂട്ടില്‍ കയറ്റും. മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചതായി കല്പന പുറപ്പെടുവിക്കും. ഒരര്‍ഥത്തില്‍ അതും ഒരു ശിക്ഷതന്നെ. പക്ഷേ, കോടതിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ വഴിക്കുള്ള ഒരു ചായക്കടയില്‍ കയറി വയറുനിറയെ ഭക്ഷണം വാങ്ങിക്കഴിക്കും. അങ്ങനെ അതും കേസുകാലത്തെ വേറൊരു ആഘോഷമാക്കി മാറ്റും.

അക്കാലത്തെ രാഘവന്റെ ഉടുപ്പിലും നടപ്പിലും നോട്ടത്തിലുമെല്ലാം ഒരു കവലച്ചട്ടമ്പിയെന്നു തോന്നിക്കുംമട്ടായിരുന്നു. കോളറുള്ള കുപ്പായം,  ഷര്‍ട്ടിന്റെ ഏറ്റവും മുകളിലെ മൂന്നു ബട്ടന്‍ ഇടുന്ന സ്വഭാവമില്ല. കോളറ് ചെവിക്കു നേരേ ഉയര്‍ത്തിവെക്കും. ബീഡി വലിച്ച് നീട്ടി പുക വിടും. ഷര്‍ട്ടിന്റെ കൈ മടക്കി തോളോളം തിരുകിവെക്കും. മൊത്തം ഒരു തെമ്മാടി സ്റ്റൈലാണ്. ഇതൊന്നും കണ്ടു സഹിക്കാന്‍ കഴിയാതെ അമ്മാവനായ കറുപ്പന്‍ ചോദിച്ചു: 'രാഘൂ, നിനക്ക് മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തുമ്പോഴെങ്കിലും മാന്യമായി വേഷം ധരിച്ചൂടേ. ഈ പോക്കിരിമട്ടും ഭാവവുമായി പ്രതിക്കൂട്ടില്‍ കയറിനിന്നാല്‍ കോടതില്‍നിന്ന് നിനക്കെന്തെങ്കിലും ദയാദാക്ഷിണ്യം കിട്ടുമോ..?'

Book cover
പുസ്തകം വാങ്ങാം

കോടതി എന്താണെന്നും മജിസ്‌ട്രേറ്റെന്താണെന്നും അക്കാലത്ത് അറിഞ്ഞിരുന്നില്ല. അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. എന്നാല്‍, ഇവിടെ അഞ്ചാളുകള്‍കൂടി ഒരാളെ മൃഗീയമായി മര്‍ദിച്ചതാണ് കേസ്. ശിക്ഷ വന്നാല്‍ അത് ജീവിതത്തിലെന്നും തീരാക്കളങ്കമായിരിക്കും. രാഘവനെ സംബന്ധിച്ച് ഇമ്മാതിരി ചിന്തകളൊന്നും തലയിലേറ്റി നടക്കുന്ന സ്വഭാവമില്ല.

വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് അച്ഛനും എളേപ്പനും അമ്മാവനും കൂടി ഗൗരവത്തോടെ ചര്‍ച്ചചെയ്തു. കേസാണെങ്കില്‍ നീണ്ടുപോവുകയാണ്. ശിക്ഷ കിട്ടുമെന്നുതന്നെയാണ് വിദഗ്ധാഭിപ്രായം. കുടുംബബന്ധുവായ പി.വി. മാധവന്‍ വക്കീല്‍ അക്കാര്യം അവരോടു തുറന്നുപറഞ്ഞു. ഭാഗ്യത്തിന് കേസിന്റെ കാര്യത്തില്‍ മാധവന്‍ താത്പര്യമെടുത്തു. ഫലം കണ്ടുതുടങ്ങി. വിചാരണ വേഗത്തിലായി. ശിക്ഷാവിധിയും വന്നു. മതിയായ തെളിവില്ല. പ്രതികളെ വെറുതേ വിട്ടു. ഒരു ദുരന്തപര്‍വം അവസാനിപ്പിച്ച സമാധാനം. തിരിഞ്ഞുനോക്കുമ്പോള്‍ ഒട്ടും സംതൃപ്തി തോന്നിയില്ല. ഒരു കലാകാരന്റെ ഹൃദയം. സംഗീതം കവിഞ്ഞൊഴുകുന്ന ആ മനസ്സ്. താന്‍ കടന്നുവന്ന വഴികളൊന്നും അതിന് ഒരുതരത്തിലും യോജിച്ചതല്ല. തിരുത്തണം. അനുഭവങ്ങള്‍ വലിയ പാഠവും ഗുരുനാഥനുമാണല്ലോ. ഇതല്ല ജീവിതം, സംസ്‌കാരം, മൂല്യം.

എന്നാല്‍ കളരിയും അഭ്യാസവും രാഘവനു സമ്മാനിച്ച ഇത്തരം പരുക്കന്‍ പരിവേഷങ്ങളില്‍ ശക്തമായ കുറ്റബോധം തോന്നി. കേളുക്കുറുപ്പിന്റെ കളരിയും മറന്നു. എന്നാലും കേരളീയ കളരിപാരമ്പര്യങ്ങളും അഭ്യാസമുറകളും രാഘവന്‍മാഷിന്റെ സംഗീതജീവിതത്തെ വേറിട്ട ഒരു തലത്തിലേക്കു കൊണ്ടുപോകുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചിരുന്നു. 'അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളെ...' എന്ന ഗാനം പക്കമേളത്തിന്റെ അകമ്പടിയോടുകൂടിത്തന്നെ തനി നാടോടിസംഗീതത്തിന്റെ ലാളിത്യവും വിശുദ്ധിയും വീര്യവും ആവാഹിച്ചൊരു ഈണത്തിലൊതുക്കാന്‍ രാഘവന്‍മാഷ് കാണിച്ച കൈയടക്കം ഗതകാല കളരിപാരമ്പര്യത്തിന്റെ മുത്തുമണികള്‍ കോര്‍ത്തുവെച്ച ഒരു ശില്പിയെപ്പോലെ സൂക്ഷ്മത കാണിച്ചു. നാളിതുവരെയുള്ള ജീവിതാനുഭവങ്ങള്‍ ഓര്‍ത്തെടുത്തപ്പോള്‍ മാനവഹൃദയങ്ങളെ ഒന്നാക്കുന്ന വിശുദ്ധസംഗീതമാണ് തന്റെ തട്ടകമെന്ന് രാഘവന്‍ തീര്‍ച്ചപ്പെടുത്തി. സ്വന്തം കഴിവില്‍ നല്ല വിശ്വാസമുണ്ട്. കടല്‍ജീവിതം രൂപപ്പെടുത്തിയ ഒരു സംഗീതാവബോധം 
തന്റെ സിരകളിലെ പ്രവാഹമാണ്. അതു കടലിന്റെ സംഗീതമാണ്.

Content Highlights :excerpt from the book k rahagvan eenangalude rajashilpy by mukundan madathil mathrubhumi books