എം.ടി ചോദിച്ചു'എന്തെങ്കിലും നാടന്‍ടച്ചുള്ളത്,'രാഘവന്‍മാസ്റ്റര്‍ പാടി:അപ്പോഴും പറഞ്ഞില്ലെ പോരണ്ടാന്ന്


മുകുന്ദന്‍ മഠത്തിൽ

പാട്ടിനു പ്രാണന്‍ നല്കിയ അസുലഭ ദിവ്യമുഹൂര്‍ത്തം! വേദിയിലെ കലാകാരന്മാര്‍ എല്ലാം മറന്ന് ചുവടുവെച്ച് ഇളകിയാടുകയാണ്. അതിനൊപ്പം ചുവടുവെച്ച് മാനാഞ്ചിറമൈതാനവും ഇളകിയാടുകയാണ്. എല്ലാവരും ഉച്ചത്തിലാണ് പാടുന്നത്. ഈ സമയം റഷ്യന്‍ സാംസ്‌കാരികസംഘം പ്രായഭേദം മറന്ന് പാട്ടിന്റെ അര്‍ഥമറിയില്ലെങ്കിലും ആ ഈണത്തില്‍ അലിഞ്ഞുചേര്‍ന്ന് ഉച്ചത്തില്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.

എം.ടിയും കെ. രാഘവൻ മാസ്റ്ററും

മുകുന്ദന്‍ മഠത്തില്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ. രാഘവന്‍ ഈണങ്ങളുടെ രാജശില്പി എന്ന പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.

'ഷ്യയില്‍നിന്ന് കുറച്ചു സാംസ്‌കാരികപ്രവര്‍ത്തകര്‍ കോഴിക്കോട്ടു വരുന്നുണ്ട്. അവരുടെ ബഹുമാനാര്‍ഥം മാനാഞ്ചിറമൈതാനത്ത് ഒരു പ്രത്യേക പരിപാടി വേണം. ഇതുവരെ കേള്‍ക്കാത്ത എന്തെങ്കിലും നാടന്‍ ടച്ചുള്ള ഒരു പ്രോഗ്രാം ക്രമപ്പെടുത്താന്‍ മാഷ് മുന്‍കൈയെടുക്കണം. വിളിച്ചത് എം.ടി. മാഷിന്റെ ഓര്‍മച്ചെപ്പില്‍ ഇന്നും മാറാലകെട്ടാതെ സൂക്ഷിച്ചുവെക്കുന്ന ഒരു ഫോണ്‍ കോള്‍. 1960- കളിലെ സോവിയറ്റ് റഷ്യ ആഗോളതലത്തില്‍ത്തന്നെ സോഷ്യലിസ്റ്റ് പുരോഗമനചേരിയുടെ നേതൃസ്ഥാനത്തിലായിരുന്നല്ലോ. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു സോവിയറ്റ് യൂണിയനുമായി നല്ല അടുപ്പത്തിന്റെയും പരസ്പരസഹകരണത്തിന്റെയും പാതയിലായിരുന്നു. ഇന്തോ-സോവിയറ്റ് സൗഹൃദ സാംസ്‌കാരികസംഘങ്ങള്‍ ഇങ്ങു കേരളത്തിലും ശക്തമായിരുന്നു. സോവിയറ്റ് യൂണിയനെ മാതൃകയാക്കുന്നവരും ആരാധിക്കുന്നവരും ധാരാളം.

മാഷ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത് കോഴിക്കോട് ആകാശവാണിയില്‍നിന്നാണ്. വിളിച്ചത് എം.ടി. വാസുദേവന്‍ നായര്‍ എന്ന സാഹിത്യലോകത്തെ അതികായന്‍! പരിപാടിയാവട്ടെ, സോവിയറ്റ് യൂണി
യനുമായി ബന്ധപ്പെട്ട ഒരു രാജ്യാന്തരപരിപാടി. ഹിമാലയത്തിന്റെ താഴ്‌വാരത്തുനിന്നും എവറസ്റ്റിലേക്കു നോക്കുന്ന ഒരാളുടെ മനോനില. ഒരു വെപ്രാളം... പരിപാടി എന്തായാലും സൂപ്പര്‍ ഹിറ്റായിരിക്കണം. ധൈര്യം സംഭരിച്ചു. 'ഇതുവരെ കേള്‍ക്കാത്ത എന്തെങ്കിലും നാടന്‍ ടച്ചുള്ള...' എം.ടി. ചൂണ്ടിയ വഴികളിലൂടെ നീങ്ങി. ആകാശവാണി പുസ്തകശേഖരത്തില്‍ നാടന്‍പാട്ടുമായി ബന്ധപ്പെട്ട് അരിച്ചുപെറുക്കി. അതില്‍നിന്നും മൂന്നുനാലു പുസ്തകം പ്രാഥമികപരിഗണനയ്ക്കായി മാറ്റിവെച്ചു. അന്തിമപരിശോധനയില്‍ അജ്ഞാതകര്‍ത്തൃകമായ ഒരു നാടന്‍പാട്ടിന്റെ ഏതാനും വരികള്‍ മാഷ്‌ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. 'അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്...' തുടര്‍വരികളില്‍ പലതും ചിതലരിച്ചു വികൃതമായിരിക്കുന്നു. ഏതായാലും അദ്ദേഹം ആ വരിയുടെ ആത്മാവു കണ്ടെത്തി. അതിലൊരു ആസ്വാദനപ്രപഞ്ചമുണ്ട്. ശരി, ഇതു മതി. ലൈബ്രറിയില്‍നിന്നും ഒരു യോദ്ധാവിനെപ്പോലെ ആ പഴയ പുസ്തകവും കൈയിലേന്തി പുറത്തേക്കു കടന്നു. ഇനിയൊരു ഈണം കണ്ടെത്തണം. ഏതു നേരവും ആ വരികള്‍ മനസ്സിലിട്ടു ചവച്ച് പാകപ്പെടുത്താനുള്ള ഭഗീരഥശ്രമത്തിലാണ്. ഒരു വെളിപാടുപോലെ മനസ്സിന്റെ ഏതോ നിഗൂഢകോണുകളില്‍നിന്നും ഒരു നീരുറവ! അതൊരു ഗാനപ്രവാഹമായി നാവിന്‍ചുണ്ടിലേക്ക് ഒഴുകിവരുന്നു!! മധുചഷകമായി, ചുണ്ടില്‍നിന്നും പുറത്തേക്ക് ധാരധാരയായി ഒലിച്ചിറങ്ങി. തിക്കോടിയന്റെ മുന്നിലേക്കു നടന്നു.

'തിക്കൂ, ഇതൊന്ന് നന്നാക്കിയെടുക്കണം...' ഇതും പറഞ്ഞ് മാഷ് വരികള്‍ ഒന്നു മൂളിക്കൊടുത്തു. 'കൊള്ളാം രാഘവാ, ഇവനെ നമുക്ക് സമ്മോഹനസംഗീതമാക്കണം.'അവര്‍ ഹൃദയംകൊണ്ടൊന്നായി. കൂട്ടായ ശ്രമം തുടങ്ങി. 'രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിക്കുക. അവരുടെ പരസ്പരഭാഷണങ്ങളിലൂടെ വരികളും പ്രയോഗങ്ങളും വികസിപ്പിക്കുക. ഈ വരികള്‍ ചിട്ടപ്പെടുത്തുക. പോരാത്ത വരികള്‍ തിക്കോടിയന്റെ സ്വന്തം ഭാവനയില്‍നിന്ന് ഉണ്ടാക്കിക്കൊടുക്കണം.' തിക്കോടിയനും വലിയ ആവേശം കയറി. തലകുലുക്കി സമ്മതിച്ചു. മാഷ്‌ക്കറിയാം ഇങ്ങനെയുള്ള ചെപ്പടിവിദ്യകള്‍ ഒപ്പിക്കാന്‍ ഏറ്റവും വലിയ സമര്‍ഥന്‍ തിക്കോടിയന്‍തന്നെയാണെന്ന്. ആകാശവാണിയില്‍ പലപ്പോഴും മാഷ് അനുഭവസ്ഥനാണ്. മുന്‍കൂട്ടി എഴുതിത്തയ്യാറാക്കി ആകാശവാണിയില്‍ പ്രോഗ്രാം ചെയ്യുന്ന പതിവ് തിക്കോടിയനില്‍നിന്നും ഉണ്ടാവാറില്ല. നാടകമാണല്ലോ അദ്ദേഹത്തിന്റെ തട്ടകം. റേഡിയോ തുടര്‍നാടകങ്ങള്‍ ലൈവായി അഭിനയിക്കാന്‍ വരുന്നവര്‍ക്ക് ഒന്നോ രണ്ടോ പേജ് എഴുതിത്തയ്യാറാക്കിക്കൊടുക്കും. എന്നിട്ടവരോടു പറയും: 'ബേജാറാവേണ്ട. നാടകം തുടങ്ങിക്കോളൂ... തീരാറാകുമ്പോള്‍ ബാക്കി നിങ്ങളുടെ കൈയിലെത്തും കെട്ടോ...'

തിക്കോടിയന്‍ ആളൊഴിഞ്ഞ ഒരു മൂലയിലിരുന്ന് കുത്തിക്കുറിക്കുന്ന രംഗം കണ്ടാല്‍ ചിരി വരും. ഒരു ഏകപാത്രനാടകക്കാരനെപ്പോലെ അതിലങ്ങനെ മുഴുകിയിട്ടുണ്ടാവും. ചില വികാരനിര്‍ഭരമായ സംഭാഷണങ്ങള്‍ അദ്ദേഹം മികവോടെ സ്വയം അഭിനയിച്ചുനോക്കുന്നതു കാണാം. ഇനി പാട്ടിന്റെ വരികള്‍ എഴുതുന്ന കാര്യത്തിലും ഇതേ ശൈലിയാണ്. പല്ലവിയും അനുപല്ലവിയും ആദ്യം കൊടുക്കും. ചരണമുണ്ടാവില്ല. ബാക്കി ഇപ്പം ശരിയാക്കിത്തരാമെന്നു പറഞ്ഞൊരു ധൃതിയുണ്ട്. എന്തുതന്നെയായാലും സംഗതി പറഞ്ഞ സമയത്തിനു തയ്യാറാക്കും. ഇതു സംബന്ധിച്ച് മറ്റുള്ളവരുടെ ആകാംക്ഷയും വേവലാതിയുമൊന്നും തിക്കോടിയനു പ്രശ്‌നമല്ല. മാഷ്തന്നെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അത്തരം പാട്ടുകള്‍ക്കു സംഗീതം ചെയ്യുമ്പോള്‍ ഒരു സമഗ്രഭാവം മനസ്സില്‍ കടന്നുവരില്ല. അതിന്റെ പോരായ്മ ഈണത്തില്‍ മുഴച്ചുനില്ക്കുകതന്നെ ചെയ്യാറുണ്ട്. അല്പായുസ്സുക്കളായ പാട്ടുകളുടെ പിന്നിലെ രഹസ്യം ഈ വൈകല്യമാണ്.

രാഘവന്‍മാഷ് വീണ്ടും സംഗീതത്തിന്റെ സിദ്ധാന്തത്തിലേക്കും മഹത്ത്വത്തിലേക്കും വഴുതി. മനുഷ്യന്‍ ഈ ഭൂമുഖത്ത് ആവിര്‍ഭവിച്ച ചരിത്രാതീതകാലംതൊട്ടേ അവനെ സംഗീതം ആകര്‍ഷിച്ചു കീഴ്‌പ്പെടുത്തിയിട്ടുണ്ട്. സംഗീതമില്ലാത്ത ഒരു ലോകം വിഭാവനം ചെയ്യാന്‍ കഴിയില്ല. അങ്ങനെയൊരു ലോകമുണ്ടെങ്കില്‍ അത് അസുന്ദരവും അനാകര്‍ഷകവുമായിരിക്കും. ജീവിതശ്രേണിയുടെ ഉയര്‍ന്ന പഥത്തിലുള്ളവരുടെ ഹൃദയങ്ങള്‍ ഒന്നാക്കുന്നു. ഏറ്റവും അടിത്തട്ടിലുള്ളവരും സംഗീതം ആസ്വദിക്കുന്നു. അചേതനങ്ങളായ വസ്തുക്കള്‍പോലും സംഗീതത്തില്‍ ആര്‍ദ്രമാക്കപ്പെടും. പുരാതന ഗ്രീസിലെ ഗാനഗന്ധര്‍വനായ ഓര്‍ഫ്യൂസിന്റെ ഗാനാലാപനവേളയില്‍ ചെന്നായ്ക്കളും ആട്ടിന്‍കുട്ടികളും കരടികളും കടുവകളും എല്ലാം ഓടിയെത്തും. പൂക്കള്‍ക്കും വള്ളികള്‍ക്കുമൊപ്പം ശത്രുത മറന്ന് ആനന്ദനൃത്തം ചെയ്യുമത്രേ.

സംഗീതശാസ്ത്ര പാരാവാരപാരംഗതനായ ഹനുമാന്റെ ഗാനാലാപനത്തില്‍ കഠിനശിലപോലും ദ്രവിച്ചു വെണ്ണപോലെയാവുന്ന കഥ പുരാണത്തില്‍ കാണാം. നാദോപാസനയിലൂടെ സായുജ്യം പ്രാപിക്കാനുള്ള പരിശ്രമങ്ങളായിരുന്നു ത്യാഗരാജസ്വാമിയുടെ ഗാനരചനകള്‍. ദീക്ഷിതര്‍, ശ്യാമശാസ്ത്രി, സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി തുടങ്ങിയവരും സംഗീതത്തിന്റെ സായുജ്യസന്ദായകങ്ങളായ മഹാന്മാരായിരുന്നു. വേദനയും വ്യഗ്രതയും മനസ്സിന്റെ ഭാരങ്ങളും ലഘൂകരിക്കാന്‍ ഉല്ലാസവും ഉന്മേഷവും ചൊരിയുന്ന സംഗീതത്തിന്റെ മഹത്ത്വത്തിനു കാലപരിധിയില്ല. വിഷാദവും ദുഃഖവും ഘനീഭവിച്ചുനില്ക്കുന്ന മാനവഹൃദയങ്ങളെ സംഗീതത്തിന്റെ അമൃതധാരയില്‍ ആര്‍ദ്ര ശീതളസുഖാവസ്ഥയിലെത്തിക്കാന്‍ സംഗീതത്തിനു കഴിയും. അതേസമയം സമസ്യാപൂരണവുംകൊണ്ട് തിക്കോടിയന്‍ പുളയുകയാണ്. ഒടുവില്‍ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: 'രാഘവാ, കിട്ടി... കിട്ടി. കോരന്‍ചെക്കനും നീലിപ്പെണ്ണും. കഥാപാത്രത്തിലൂടെ നമുക്കിതിനെ ഗംഭീരമാക്കാം. വരികളെഴുതിക്കഴിഞ്ഞു. ഇനി താങ്കള്‍ക്ക് ഈണം നല്കി അതിനെ മനോഹരമാക്കാം.' മാഷ് മൂളിയും ഹാര്‍മോണിയപ്പെട്ടിയില്‍ കൊട്ടിയും തിരിഞ്ഞും മറിഞ്ഞും സര്‍ഗാത്മകതയുടെ പണിപ്പുരയില്‍ ഏറെ നേരം ചെലവഴിച്ചു. അങ്ങനെ ഈണവും ഒരു പേറ്റുനോവിന്റെ വേദനയില്‍ പിറന്നുവീണു. മാനാഞ്ചിറമൈതാനത്തെ പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്കി.

Book Cover
പുസ്തകം വാങ്ങാം

പട്ടണഹൃദയത്തില്‍, കെട്ടിടങ്ങളാല്‍ വലയം ചെയ്തു കിടക്കുന്ന, ചരിത്രമുറങ്ങുന്ന മാനാഞ്ചിറമൈതാനം അസാധാരണമാംവിധം അണിഞ്ഞൊരുങ്ങി. റഷ്യന്‍ സാംസ്‌കാരികസംഘത്തിന് ഐതിഹാസികവരവേല്പു നല്കാന്‍വേണ്ടി കൂറ്റന്‍വേദി! സദസ്സും അന്തസ്സുള്ളതുതന്നെ. ശബ്ദവും വെളിച്ചവും അലങ്കാരവുമെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഗംഭീരം! റഷ്യന്‍ കലാകാരന്മാര്‍ ഞാവല്‍പ്പഴവര്‍ണക്കാരായ ആജാനുബാഹുക്കള്‍! റഷ്യന്‍ സാംസ്‌കാരികസംഘാംഗങ്ങള്‍ക്കു പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളില്‍ അവര്‍ സ്ഥാനംപിടിച്ചതോടെ മാനാഞ്ചിറമൈതാനത്തിന് ഒരു അന്താരാഷ്ട്രപ്രൗഢി കൈവന്നു. തിങ്ങിനിറഞ്ഞ അതിസമ്പന്നമായ സദസ്സ്. സാംസ്‌കാരികപരിപാടികള്‍ക്കുവേണ്ടി ആ മെഗാ തിരശ്ശീല ഉയര്‍ന്നു. ഉത്സവാന്തരീക്ഷം. രണ്ടു മണിക്കൂറോളം പരിപാടി പിന്നിട്ടു. സദസ്സിന്റെ വലിപ്പം കൂടിവന്നു. ഹര്‍ഷാരവങ്ങള്‍കൊണ്ട് മുഖരിതമാണ്. വീണ്ടും അനൗണ്‍സ്‌മെന്റ്. അടുത്ത ഒരു ഗാനത്തോടെ ഈ പരിപാടി ഇവിടെ പൂര്‍ണമാകും. നമസ്‌കാരം.

വേദിയില്‍ ഗാനസംഘം അണിനിരന്നു. നീലിപ്പെണ്ണിനൊപ്പം പെണ്‍പക്ഷവും കോരന്‍ചെക്കനൊപ്പം ആണ്‍സംഘവും ഒരു പ്രത്യേക രീതിയില്‍ വേദിയില്‍ സന്നിവേശിപ്പിച്ചു. ആവശ്യമായ പക്കമേളക്കാര്‍ സ്റ്റേജിന്റെ വലതുഭാഗത്തും കേന്ദ്രീകരിച്ചു. തുമ്പപ്പൂനിറമൊത്ത പാനിക്കഴുത്തുള്ള നീളന്‍ജുബ്ബയും കസവുമുണ്ടും ധരിച്ച് സുസ്‌മേരവദനനായി പക്കമേളത്തിന്റെ മുന്നില്‍ മൈക്കുമായി മാഷ് ചമ്രം പടിഞ്ഞിരുന്നു. മാഷ് ഒന്നു തൊണ്ട ശരിയാക്കി, അസാധാരണമായ ഒരു ഭാവത്തോടെ മൈക്ക് കൈയിലെടുത്തു. ചുണ്ടിന് ഒരല്പം അകത്തിപ്പിടിച്ചു. എന്തിനും പോരുന്ന പക്കമേളക്കാരെയും കലാകാരന്മാരെയും കണ്ണുകൊണ്ടൊന്നുഴിഞ്ഞുനോക്കി. തിരശ്ശീല ഏതാണ്ട് പൂര്‍ണമായും ഉയര്‍ന്നു. വേദിയില്‍ സമൃദ്ധമായ വെളിച്ചം. സദസ്സ് നിശ്ശബ്ദം. ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഘനഗംഭീരമായ നാദത്തോടെ ഹൈ പിച്ചില്‍ 'അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ... പോരണ്ടാന്ന്...' താരകീര്‍ണരാവിനെ ചുംബിച്ചുകൊണ്ട് ഒരു പ്രസന്നഭാവത്തോടെ പടിഞ്ഞാറന്‍ചക്രവാളത്തില്‍ ആ ഗാനതരംഗം സമൃദ്ധമായി ഒഴുകിപ്പോയി. സ്വച്ഛസുഗന്ധസംഗീതം കേള്‍ക്കുമ്പോള്‍ ഒരു നേരിയ ഹൃദയസ്പന്ദമെങ്കിലും ഉണ്ടാകാത്തവരും, കൈകൊണ്ടോ കാലുകൊണ്ടോ എന്തിനേറെ പറയുന്നു ആപാദചൂഡം ചലിപ്പിച്ചു താളംപിടിക്കാത്തവര്‍ ഉണ്ടാകില്ല. തങ്ങളുടെ ഉപബോധമനസ്സില്‍ വേരൂന്നിയ സംഗീതത്തിന്റെ ഉറവകള്‍ അപ്പോള്‍ നിര്‍ഗളിക്കും. അത് സാമൂഹികമായ ആസ്വാദനത്തിന്റെ തലത്തിലേക്കു കുതിച്ചുയരും.

അനേകായിരം കണ്ഠങ്ങളിലൂടെ ഒന്നായിവന്ന ആ ഗാനം ആകാശവും ഭൂമിയും ഏറ്റുവാങ്ങി. മനുഷ്യമനസ്സിന്റെ ഒരുമയുടെ പെരുമ! സംഗീതത്തിനു മാത്രം കഴിയുന്ന ഒരു ഇന്ദ്രജാലമാണ് അത്. സംഘഗാനങ്ങള്‍ ഈ അര്‍ഥത്തില്‍ മാനവികൈക്യത്തിന്റെ പ്രതീകമാണ്. അതുവരെ കോഴിക്കോട് ആകാശവാണി പുസ്തകശേഖരത്തില്‍ തപസ്സിരുന്ന, ചിതലരിച്ചു മാറാലപിടിച്ച് വികൃതമായ, 'അപ്പോഴും പറഞ്ഞില്ലെ...' പാട്ടിനു പ്രാണന്‍ നല്കിയ അസുലഭ ദിവ്യമുഹൂര്‍ത്തം! വേദിയിലെ കലാകാരന്മാര്‍ എല്ലാം മറന്ന് ചുവടുവെച്ച് ഇളകിയാടുകയാണ്. അതിനൊപ്പം ചുവടുവെച്ച് മാനാഞ്ചിറമൈതാനവും ഇളകിയാടുകയാണ്. എല്ലാവരും ഉച്ചത്തിലാണ് പാടുന്നത്. ഈ സമയം റഷ്യന്‍ സാംസ്‌കാരികസംഘം പ്രായഭേദം മറന്ന് പാട്ടിന്റെ അര്‍ഥമറിയില്ലെങ്കിലും ആ ഈണത്തില്‍ അലിഞ്ഞുചേര്‍ന്ന് ഉച്ചത്തില്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. എം.ടി. ഉള്‍പ്പെടെയുള്ളവരും വേദിയുടെ മുന്‍നിരയില്‍ നിന്നുകൊണ്ട് പാട്ടിന്റെ ഇന്ദ്രജാലലോകത്തു മുങ്ങിക്കുളിക്കുകയാണ്. സംഗീതമാരിമഴ തോര്‍ന്ന് മരം പെയ്യുംമട്ട്. മാനാഞ്ചിറ വിട്ടു പോകുന്നവര്‍ പാട്ടുപാടിക്കൊണ്ടു പോകുന്ന ആവേശകരമായ കാഴ്ച അവിടെ കണ്ടു. എം.ടി. രാഘവന്‍മാഷെ നെഞ്ചോടു ചേര്‍ത്തുവെച്ച് പുറത്തു തട്ടി. ആത്മസംതൃപ്തിയുടെ ചന്ദനഗന്ധം അവരെ പൊതിഞ്ഞു. 'വാക്കുപാലിച്ചു. ഇതുവരെ കേള്‍ക്കാത്ത... ഒരു പുതിയ ഈണവും താളവും!' ഇതിനെക്കാള്‍ വലിയ അംഗീകാരം ഒരു കലാകാരന് വേറെ എവിടുന്ന് കിട്ടാന്‍?

അതിനുശേഷം കോഴിക്കോടിനെ വലയം ചെയ്ത് ഒഴുകുന്ന ബേപ്പൂര്‍ പുഴയിലൂടെ ഒരുപാടു വെള്ളം ഒഴുകിപ്പോയി. കണിക്കൊന്ന പലവട്ടം പൂത്തു. മീനമാസത്തിലെ സൂര്യോദയത്തില്‍ വിഷുപ്പക്ഷി പാടി. 1983 ആയി. പ്രസിദ്ധനായ സിനിമാസംവിധായകന്‍ പി.എന്‍. മേനോന്‍ കടമ്പ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നു. അതിലെ പാട്ടിന് ഈണം പകരാനുള്ള ചുമതല രാഘവന്‍മാഷിലേക്കെത്തി. സിനിമയെക്കുറിച്ചും പശ്ചാത്തലസംഗീതത്തെപ്പറ്റിയും കഥാപാത്രത്തെക്കുറിച്ചും കഥയുമായി ബന്ധപ്പെട്ടും കൃത്യമായ ധാരണയുണ്ടെങ്കിലേ ഈണം സിനിമയോട് ഇഴുകിച്ചേരൂ. എല്ലാം വിശദമായി മനസ്സിലാക്കി വരികള്‍ ഈണത്തില്‍ ചിട്ടപ്പെടുത്താന്‍ ഒറ്റയിരിപ്പില്‍ കഴിയില്ല. അത് തൈരുകടയുംപോലെ നിരവധി തവണ മനസ്സിലൂടെ കടഞ്ഞാണ് മനസ്സിനിണങ്ങിയ ഈണം കണ്ടെത്തുക. ഈണത്തിനായി ആലോചനയില്‍ മുഴുകിയ നാളുകളിലേതോ ഒരു ദിവസം മേനോന്‍ മാഷോട് സ്‌നേഹപൂര്‍വം പറഞ്ഞു: 'പോരണ്ടാ... പോരണ്ടാ...' എന്ന പാട്ട് ഒന്ന് ട്രൈ ചെയ്തുകൂടേ... നമ്മുടെ സിനിമയില്‍...'

'ഓ ആവാമല്ലോ...' സത്യത്തില്‍ മാഷിന്റെ മനസ്സിലും ഇതുവരെ ഈ ആഗ്രഹം ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്പിച്ചതും പാല് എന്ന ചൊല്ലുപോലെ, സംഗതി തീര്‍പ്പായി. കടമ്പ എന്ന സിനിമ കണ്ട പ്രേക്ഷകര്‍ നെഞ്ചേറ്റിയ പാട്ട് 'അപ്പോഴും പറഞ്ഞില്ലെ...' അതിന്റെ മാസ്മരിക രാഗതാളം, ഭാവം മലയാളികളുടെ ഹൃദയതാളമായി മാറി. മാഷുടെ പ്രശസ്തിയില്‍ ഒരു പൊന്‍
തൂവല്‍ കൂടിയായി. ആയിടെയായിരുന്നു രാഘവന്‍മാഷെയും ചില കലാകാരന്മാരെയും തിരുവനന്തപുരത്തുള്ള ആകാശവാണി നിലയത്തിലേക്കു ക്ഷണിച്ചത്. നിലയം സംഘടിപ്പിക്കുന്ന സംഗീതമത്സരപരിപാടിക്കു വിധികര്‍ത്താവാകാന്‍വേണ്ടിയാണ്. നിശ്ചയിച്ചപ്രകാരംതന്നെ നവാഗതപാട്ടുകാരുടെ മാറ്റുരയ്ക്കുന്ന സംഗീതമത്സരമാണ്. മത്സരങ്ങള്‍ അവസാനിച്ചു. വിധികര്‍ത്താവെന്ന നിലയില്‍ മൂല്യനിര്‍ണയത്തില്‍ മാഷ് നൂറു ശതമാനം നീതി പലര്‍ത്തി. അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കേ വിജയമെത്താന്‍ പാടുള്ളൂ. എന്തോ എന്നറിയില്ല, ആ മത്സരാര്‍ഥികളില്‍ ഒരാളെ മാഷ് പ്രത്യേകം ശ്രദ്ധിച്ചു. അയാളെ പരിചയപ്പെട്ടു. 'നാടകത്തിനൊക്കെ പാടാറുണ്ട് സര്‍, സിനിമയില്‍ പാടാന്‍ താത്പര്യമുണ്ട്. പലരുടെ മുന്‍പിലും കൈനീട്ടി. ഒന്നും ശരിയായില്ല.' അയാളുടെ വേദന നിറഞ്ഞ വാക്കുകള്‍ മാഷിന്റെ കരളിലെവിടെയോ കൊളുത്തിവലിച്ചു.
'പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ?'
'കുറച്ചൊക്കെ.'
മാഷ് പ്രോത്സാഹിപ്പിച്ചു: 'പോരാ. കുറച്ചുകൂടി നന്നായി അഭ്യസിക്കണം. മുടങ്ങാതെ സാധകം ചെയ്യണം കുട്ടീ... അവസരം നിന്നെത്തേടിയെത്തും!!' മാഷിന്റെ വാക്കുകള്‍ മൂര്‍ധാവില്‍ വെച്ചുകൊണ്ട് ആ ചെറുപ്പക്കാരന്‍ ആകാശവാണി നിലയത്തിന്റെ പടിയിറങ്ങി. നീണ്ടുപോകുന്ന റോഡുകളിലൂടെ വിദൂരതയിലേക്ക് ഒരു ബിന്ദുപോലെ അയാള്‍ നേര്‍ത്തുവന്നു.

മാഷ് കോഴിക്കോട്ടേക്കു തിരിച്ചെത്തി. 1965-ഓ മറ്റോ ആണെന്നാണ് മാഷിന്റെ ഓര്‍മയില്‍ ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ആയിടെയാണ് ശോഭനാ പരമേശ്വരന്‍ നായരെ പരിചയപ്പെടുന്നത്. ജീവിതത്തിലെ ഒരു വഴിത്തിരിവ്! ഇദ്ദേഹം ഒരു സിനിമ നിര്‍മിക്കുന്നു. ജി. വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ' എന്ന കഥയാണ് സിനിമയാകുന്നത്. ഇതിലേക്കാവശ്യമായ ഗാനരചന നടത്തുന്നത് പി. ഭാസ്‌കരനാണ്. രാഘവന്‍മാഷിന്റെ സര്‍ഗാത്മകസിദ്ധി തിരിച്ചറിഞ്ഞ ഭാസ്‌കരന്‍മാഷ്, തീര്‍ച്ചയായും തന്റെ ഗാനങ്ങള്‍ക്കു ജീവന്‍ പകരാന്‍ മാഷെത്തന്നെ കണ്ടെത്തണമെന്ന ആഗ്രഹമായിരിക്കും നിര്‍മാതാവിന്റെ മുന്‍പില്‍ വെക്കുക. പോരാത്തതിന് മാഷുമായി നല്ല പരിചയവുമുണ്ട് പിള്ളയ്ക്കും. പിള്ള അന്തസ്സും മര്യാദയുമുള്ള ഒരാളാണ്. ആഗ്രഹിച്ചതുപോലെ രാഘവന്‍മാഷ് തന്നെ പാട്ടു ചിട്ടപ്പെടുത്തണം. ഇനി ആരൊക്കെക്കൊണ്ട് പാടിക്കണമെന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. പലരുടെയും പേരുകള്‍ പൊന്തിവന്നു. ജയചന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍ ഇവര്‍ക്കെന്തായാലും പാടാന്‍ അവസരം നല്കണം. പാടിത്തെളിഞ്ഞവരാണിവര്‍. അതില്‍ 'മാനത്തെ കായലിന്‍...' എന്നു തുടങ്ങുന്ന വരികള്‍ക്ക് ഈണം നല്കുമ്പോള്‍, മാഷിന്റെ ഓര്‍മയിലേക്ക് എങ്ങുനിന്നോ വാനമ്പാടിപോലെ ഒരു പേരു പറന്നുവന്നു. തിരുവനന്തപുരം ആകാശവാണി നിലയത്തിലെ സംഗീതമത്സരാര്‍ഥികളില്‍ ഒരുവന്‍. അവന്റെ വേറിട്ട ഒരു ശബ്ദം. ഈ പാട്ടിന്റെ ഈണത്തിന് ഏറ്റവും പറ്റിയത്! ഇക്കാര്യം പി. ഭാസ്‌കരനോടും പരമുവിനോടും പറഞ്ഞു. അവര്‍ക്കും സമ്മതം.

വിവരം ആ യുവാവിനെ അറിയിച്ചു. മിന്നല്‍വേഗത്തില്‍ അയാള്‍ സ്റ്റുഡിയോയിലെത്തി - രാഘവന്‍മാഷെ കണ്ടു. പാട്ടിനു വേണ്ട പക്കമേളവും മറ്റു കാര്യങ്ങളുമെല്ലാം റെഡി. പഠിപ്പിച്ചു ടെയ്ക് പറഞ്ഞു. പതറാതെ, അയാള്‍ പാടി, 'മാനത്തെ കായലിന്‍...' മധുരമഴ പെയ്യുന്ന ഒരനുഭൂതി. അതിലളിത വരികള്‍! മലയാളത്തിന്റെ സ്പന്ദനങ്ങളേറ്റുവാങ്ങിയ ഈണം. അതിനൊത്ത ശബ്ദം! ആലാപനസൗകുമാര്യത്താല്‍ അതിമനോഹരമാക്കപ്പെട്ട ആ ശബ്ദത്തിന്റെ ഉടമ ബ്രഹ്മാനന്ദനായിരുന്നു. തിരുവനന്തപുരത്തുവെച്ചു പരിചയപ്പെട്ട ചെറുപ്പക്കാരന്‍. സംഗീതാസ്വാദകലോകത്തു വേറിട്ട ഇടം സൃഷ്ടിച്ച ഈ പാട്ടുകാരന്‍ പിന്നെ നിരവധി സിനിമകള്‍ക്കുവേണ്ടി പാടുകയുണ്ടായി. ഇതുപോലെ സംഗീതലോകത്ത് മാഷിന്റെ ലാളനയാല്‍ വളര്‍ന്നുവന്ന പാട്ടുകാരനായിരുന്നു കെ.പി. ഉദയഭാനു. സമ്പന്നകുടുംബത്തില്‍ പിറന്ന അദ്ദേഹം ആകാശവാണിയില്‍ അനൗണ്‍സറായിട്ടായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ, നായരു പിടിച്ച പുലിവാലിലെ ഗാനങ്ങള്‍ മലയാളികള്‍ എക്കാലത്തും ഓര്‍ക്കും. മാഷിന്റെ സംഗീതസ്പര്‍ശമേറ്റു വളര്‍ന്നുവന്ന ഒട്ടേറെ ഗായകപ്രതിഭകളുടെ പേരും മാഷ് ഞങ്ങളുടെ മുന്‍പില്‍ അഭിമാനപൂര്‍വം നിരത്തി. എന്നിട്ട് ആത്മഗതമെന്നോണം പറഞ്ഞു: 'പുരന്ദരദാസനില്‍ തുടങ്ങി, സംഗീതത്തിന്റെ സമുദ്രത്തിലേക്ക് ഒഴുകിയെത്തിയ പുഴകള്‍' എത്രയെത്ര!

സകല ശബ്ദങ്ങളെയും കലകളെയും വിദഗ്ധമായി കൈകാര്യം ചെയ്ത മനീഷികളും പ്രതിഭകളും നമുക്കുണ്ടായിരുന്നു. സംഗീതത്തിനു ഭാഷയില്ലെങ്കിലും ത്യാഗരാജനും ദീക്ഷിതരും സ്വാതിതിരുനാളും ശ്യാമശാസ്ത്രി മുതലുള്ള സംഗീതോപാസികളുടെ ഗാനസുധാരസം സ്വര്‍ഗീയസുഖമാണ് നല്കിയത്. മലയാളഭാഷയില്‍ കീര്‍ത്തനങ്ങള്‍ രചിക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞവരൊക്കെ ഇന്നെവിടെ..? ഞാന്‍ പറഞ്ഞുവന്നത് ഇന്നത്തെ തലമുറയില്‍പ്പെട്ട പല പാട്ടുകാരും പല പടവുകള്‍ കടന്ന് ഉയരങ്ങളിലെത്തിയെന്നു കണ്ടാല്‍, അതിനായി ചാരിക്കൊടുത്ത ഏണിയെ മറക്കുന്നവരെയും കാണാം. ഗുരുനിന്ദയാണ്...' മാഷിന്റെ മനസ്സിലേക്കു കടന്നുവന്ന ഒരുപാട് അനുഭവങ്ങളുടെ കാറും കോളും വന്‍തിരമാലകളായി ഹൃദയത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടാവാം. ഇത്തരം സന്ദര്‍ഭങ്ങളുടെ പൂര്‍വാപരബന്ധമൊന്നും ഞങ്ങള്‍ തിരക്കിയില്ല. എങ്കിലും ഒരു സംഗീതജ്ഞന്റെ ഉള്ളു നോവിച്ച അനുഭവങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ ഞങ്ങള്‍ക്കും നീറ്റലനുഭവപ്പെടുന്നുണ്ടായിരുന്നു. അക്കാലത്തെയും എക്കാലത്തെയും മലയാളത്തിന്റെ ഗാനോത്സവങ്ങളായ കെ. രാഘവന്‍, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവരുടെ പേരുകള്‍ തലമുറകളോളം നിലനില്ക്കണം.

നൂറിലേറെ പാട്ടുകാരെയെങ്കിലും സംഗീതാഭ്യാസത്തിലൂടെ ഗാനലോകത്തേക്കെത്തിക്കാന്‍ രാഘവന്‍മാഷ്‌ക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വത്സലശിഷ്യനായ വി.ടി. മുരളി ഓര്‍ത്തെടുത്തു. അനുകരണങ്ങളെ പിന്തുടരുന്നതിനു പകരം വേറിട്ട ശൈലികളിലൂടെ സ്വതന്ത്രവ്യക്തിത്വങ്ങളായി പാട്ടുകാരെ അടയാളപ്പെടുത്തിയവരില്‍ പ്രമുഖനാണ് മാഷ്. മാപ്പിളപ്പാട്ടുരംഗത്ത് മാഷുടെ മൗലികസംഭാവന വളരെ വിലപ്പെട്ടതായിരുന്നു. തലശ്ശേരിയിലെ രണ്ടു മൂസമാരെ (എരഞ്ഞോളി മൂസ, കുഞ്ഞിമൂസ) മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്മാരാക്കി വളര്‍ത്തിയതിന്റെ പിറകിലെ ശക്തി അവരുടെ ഗുരുവായ രാഘവന്‍മാഷായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഇശലുകളുടെ പരിമിതിയെ മറികടന്നുകൊണ്ട് അതിന്റെ സ്വരസഞ്ചാരത്തെ വികസിപ്പിച്ചെടുത്തു. മാപ്പിളപ്പാട്ടിനെ ഹൃദയഹാരിയായ പൊതുധാരാസംഗീതമാക്കി മാറ്റിയ ആളും മാഷ്തന്നെ. 'അപ്പോഴും പറഞ്ഞില്ലെ...' എന്ന നാടന്‍വരികളേയും ഈണത്തേയും മാപ്പിളപ്പാട്ടിന്റെ ഇശലിലൂടെ കടത്തിവിട്ടപ്പോള്‍ പിറന്ന മാസ്മരികഗാനം നല്ലൊരു ഉദാഹരണമാണെന്ന് വി.ടി. മുരളി സാക്ഷ്യപ്പെടുത്തി.

Content Highlights : Excerpt From the book K Raghavan Eenangalude Rajashiply by Mukundan Madathil Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented