'ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല, മുസ്ലിങ്ങളടക്കം സമസ്തഭാരതീയരുടെയും അഭിമാനഭാജനമാണ്...'


ലോകത്തില്‍ ഏറ്റവുമധികം മുസ്ലിങ്ങളുള്ള ഇന്‍ഡോനേഷ്യയില്‍ ഔദ്യോഗികതലത്തില്‍ത്തന്നെ ശ്രീരാമന്‍ ആദരിക്കപ്പെടുന്നു. രാമായണവും മഹാഭാരതവും കൊണ്ടാടപ്പെടുന്നു. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ ഇന്‍ഡോനേഷ്യയില്‍ രാജകീയചിഹ്നമാണ്. അവരുടെ വിമാനസര്‍വീസിന് 'ഗരുഡാ എയര്‍ലൈന്‍സ്' എന്നാണു പേര്.

പി. പരമേശ്വരൻ/ ഫോട്ടോ: ഇ.വി രാഗേഷ്‌

പി. പരമേശ്വരന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദിശാബോധത്തിന്റെ ദര്‍ശനം' എന്ന പുസ്തകത്തിലെ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന അധ്യായത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ന്ത്യയില്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കപടമതേതരത്വത്തില്‍നിന്നാണ്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം മതമൗലികവാദവും വിഘടനവാദവും ഇവിടെയും പ്രവര്‍ത്തിക്കുന്നുണ്ട്. അവയെ തങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി വളര്‍ത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന കപടമതേതരക്കാരായ രാഷ്ട്രീയകക്ഷികളുടെ പിന്‍ബലമില്ലായിരുന്നുവെങ്കില്‍ അവ ഇത്രകണ്ട് ഭീഷണമായിത്തീരുമായിരുന്നില്ല. ഇതു രണ്ടിനും പ്രത്യയശാസ്ത്രപരമായ പിന്തുണ നല്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിക്ഷിപ്തതാത്പര്യക്കാരായ ബുദ്ധിജീവികളുടെ പങ്കും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഇതാദ്യമായിട്ടല്ല ഭാരതം ഇത്തരമൊരു പ്രശ്നത്തെ നേരിടുന്നത്. മതരാഷ്ട്രീയത്തിനും അതില്‍നിന്നുണ്ടാകുന്ന വിഘടനവാദത്തിനും ഇന്ത്യയില്‍ കുറഞ്ഞത് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ മുസ്ലിംവര്‍ഗീയതയെയും വിഘടനവാദത്തെയും സോദ്ദേശ്യമായി വളര്‍ത്തിയെടുത്തു. അവരെ സ്വാതന്ത്ര്യസമരത്തില്‍നിന്ന് അകറ്റിനിര്‍ത്തി. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ മുസ്ലിങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരായി സ്വാതന്ത്ര്യസമരത്തിലണിനിരത്തുവാന്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമിച്ചു. മതാടിസ്ഥാനത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ അവകാശസംരക്ഷണത്തിന് ബ്ലാങ്ക് ചെക്ക് കൊടുക്കാന്‍വരെ ഗാന്ധിജി തയ്യാറായെങ്കിലും മുസ്ലിങ്ങള്‍ വെറും ന്യൂനപക്ഷമല്ല, ഒരു പ്രത്യേക രാഷ്ട്രമാണ് എന്ന ബോധം അവരില്‍ വളര്‍ത്തുന്നതിലും ഒടുവില്‍ പാകിസ്താന്‍ നേടിയെടുക്കുന്നതിലും ജിന്ന വിജയിച്ചു. പാകിസ്താന്‍വാദത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പണിതുകൊടുത്തത് കമ്യൂണിസ്റ്റുകാരായിരുന്നു എന്ന ചരിത്രസത്യം നിലനില്ക്കുന്നു. മതേതരത്വത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഈ ചരിത്രപശ്ചാത്തലം നാം ഓര്‍മിക്കേണ്ടതാണ്.

വിഭജനാനന്തരം പാകിസ്താന്‍ ഇസ്ലാമികരാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു. മതേതരത്വത്തെ പാടേ നിരാകരിച്ചു. എന്നാല്‍, സ്വതന്ത്രഭാരതം മതേതരത്വത്തെ മുറുകെപ്പിടിച്ചു. ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് തികച്ചും അനുരൂപമായ ആ തീരുമാനം നൂറു ശതമാനം ശരിയായിരുന്നു. എന്നാല്‍, നാമംഗീകരിച്ച ഭരണഘടനയില്‍ത്തന്നെ മതേതരത്വത്തിനെതിരായ അംശങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ നാം സ്ഥാനം കൊടുത്തു. മതേതരരാഷ്ട്രത്തില്‍ പാടില്ലാതിരുന്ന മതാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ-ഭൂരിപക്ഷ വിവേചനം അതില്‍ നിലനിര്‍ത്തി. ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിന് ഉറപ്പുനല്കി. അതിനും പുറമേ തുല്യപൗരത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതു സിവില്‍നിയമം എന്ന തത്ത്വം മാര്‍ഗനിര്‍ദേശകതത്ത്വങ്ങളില്‍ ഉള്‍ക്കൊള്ളിച്ചുവെങ്കിലും അത് പ്രയോഗത്തില്‍ വരുത്തുന്നതില്‍നിന്നും ഭരണകര്‍ത്താക്കള്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറി.

വിഭജനത്തിനു ശേഷവും പാകിസ്താനിലുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഉണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷവും പാകിസ്താനുവേണ്ടി വാദിച്ച മുസ്ലിംലീഗുകാരായിരുന്നുതാനും. ഒരു സുപ്രഭാതത്തില്‍ അവരുടെ മാനസികഘടനയ്ക്കു മാറ്റം വന്നു എന്നു കരുതാന്‍ പ്രയാസമാണ്. അവരെ ദേശീയധാരയില്‍ ലയിപ്പിക്കുവാന്‍ ഒരു പൊതുസിവില്‍നിയമം സഹായകമാകുമായിരുന്നു. എന്നാല്‍, ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ രാഷ്ട്രീയനേതൃത്വം മുസ്ലിം വിഘടനവാദത്തിന്റെ വളര്‍ച്ചയ്ക്കു വളമിട്ടുകൊടുക്കുകയാണ് ചെയ്തത്. ഇതില്‍ നെഹ്രുവിനുണ്ടായിരുന്ന പങ്കിനെക്കുറിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ 1989 സെപ്റ്റംബര്‍ 16ലെ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു:'ഹിന്ദുപുരുഷന്മാര്‍ക്ക് ഏകഭാര്യത്വവും സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനും പിന്തുടര്‍ച്ചയ്ക്കുമുള്ള അവകാശങ്ങളും നല്കുന്നതില്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ള വികലമായ നയം സ്വീകരിച്ചതാണ് ഭിന്നമതസമൂഹങ്ങളെ പൊതുപൗരത്വത്തില്‍ ലയിപ്പിക്കുവാന്‍ തടസ്സമായി നിന്നത്. മുസ്ലിംസമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കുന്നതിലുള്ള വ്യഗ്രതമൂലം നിയമാനുശാസിതമായ തുല്യത എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. നിയമങ്ങളില്‍നിന്നും മതത്തെ ഒഴിച്ചുനിര്‍ത്തിയിരുന്നുവെങ്കില്‍ മതത്തെ രാഷ്ട്രീയത്തില്‍നിന്നും ഒഴിവാക്കാന്‍ എളുപ്പമായിരുന്നു. ഒരു മതേതരസമൂഹത്തില്‍ മതം അനുശാസിക്കുന്ന വ്യക്തിനിയമങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഇതര മതവിശ്വാസികളായ സ്ത്രീകള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതിനായി, മതാടിസ്ഥാനത്തില്‍ പൗരന്മാര്‍ വേര്‍തിരിക്കപ്പെടുന്നില്ല എന്ന ഭരണഘടനാതത്ത്വത്തെ ലംഘിക്കുകയാണ് നെഹ്രു ചെയ്തത്!'

കോണ്‍സ്റ്റിറ്റുവന്റ് അസ്സംബ്ലിയില്‍ത്തന്നെ ചില മുസ്ലിം നേതാക്കള്‍ വിഘടനവാദത്തിന്റെ ഭാഷയില്‍ സംസാരിച്ചിരുന്നു. മുസ്ലിങ്ങള്‍ക്ക് പ്രത്യേകാനുകൂല്യങ്ങള്‍ തുടര്‍ന്നും നല്കിയില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഇളയ സഹോദരനായ മുസ്ലിമിന്റെ സൗഹാര്‍ദം നഷ്ടപ്പെട്ടുപോകുമെന്ന് ഭീഷണിമുഴക്കിയ നാസിറുദീന്‍ അഹമ്മദിന് (മുസ്ലിം ലീഗ്) സര്‍ദാര്‍ പട്ടേല്‍ തക്കതായ മറുപടി നല്കി: 'ഞാനത് ഉപേക്ഷിക്കുവാന്‍ തയ്യാറെടുത്തിരിക്കുകയാണ്. അല്ലാത്തപക്ഷം ജ്യേഷ്ഠസഹോദരന്റെ മരണത്തിലായിരിക്കും അത് കലാശിക്കുക. നിങ്ങളാവശ്യപ്പെട്ടത് നിങ്ങള്‍ക്കു കിട്ടി. പാകിസ്താനില്‍ ജീവിക്കുന്നവരല്ല നിങ്ങളാണ് പാകിസ്താനുത്തരവാദികളെന്ന് നിങ്ങളോര്‍ക്കുക, നിങ്ങളതിനായി പ്രക്ഷോഭം നയിച്ചു. ഇപ്പോഴും നിങ്ങളതാണോ ആഗ്രഹിക്കുന്നത്. ഈ രാജ്യത്തെ വീണ്ടും വെട്ടിമുറിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല' (Communalism and Cotnsitution, Anirban Kashyap). ഇന്ത്യ മുഴുവന്‍ ലീഗ് സംഘടന പിരിച്ചുവിട്ടെങ്കിലും കേരളത്തില്‍ അത് തുടര്‍ന്നും നിലനിന്നു. ക്രമേണ അധികാരലാഭത്തിനുവേണ്ടി കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മാറിമാറി ലീഗുമായി കൂട്ടുകൂടുകയും അധികാരസ്ഥാനങ്ങളില്‍ അവരെ അവരോധിക്കുകയും ചെയ്യുന്നു. ഇത് ലീഗിന് ആദരണീയത നല്കിയെന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കും അത് വളരുന്നതിനു സഹായകമായി. ഉത്തരഭാരതത്തിലും വര്‍ഗീയവാദികളായ മുസ്ലിം നേതാക്കളെ പ്രീണിപ്പിക്കുന്ന നയം തന്നെയാണ് കോണ്‍ഗ്രസ്സും മറ്റു കക്ഷികളും അവലംബിച്ചത്. ഈ നയത്തിന്റെ ഏറ്റവും പ്രകടവും വിനാശകരവുമായ ഉദാഹരണമായിരുന്നു ഷാബാനുസംഭവത്തില്‍ കണ്ടത്.

മുസ്ലിം ഭൂരിപക്ഷപ്രദേശമാണ് എന്ന ഏകകാരണത്താല്‍ ജമ്മു-കശ്മീരിനു നല്കിയ പ്രത്യേക പദവി ദേശീയൈക്യത്തിനും മതേതരത്വത്തിനും ആഘാതമേല്പിച്ചു. മറ്റൊരു സംസ്ഥാനത്തിനും നല്കാത്ത പദവിയാണ് കശ്മീരിനു നല്കപ്പെട്ടത്. ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ അനുവദിച്ചിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, കശ്മീരിനു നല്കപ്പെട്ടിട്ടുള്ള പ്രത്യേകാധികാരാവകാശങ്ങളുമായി അവയെ ഒരുതരത്തിലും താരതമ്യപ്പെടുത്താവുന്നതല്ല. ഇത്തരം അനുഭവങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന ഭാരതീയരുടെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിച്ചു. വളര്‍ന്നുവരുന്ന മുസ്ലിം വര്‍ഗീയത വീണ്ടുമൊരു വിഭജനത്തിലേക്കു നയിക്കുമോ എന്ന ആശങ്ക അവരെ പിടികൂടി. മാത്രമല്ല, ദേശീയവികാരങ്ങള്‍, മാനബിന്ദുക്കള്‍ മുതലായവ നിരന്തരം അവഗണിക്കപ്പെടുന്നു എന്ന അനുഭവവും അവര്‍ക്കുണ്ടായി. അയോധ്യാപ്രശ്നം ഈ ആശങ്കയ്ക്ക് ആക്കംകൂട്ടി. പല തവണ തകര്‍ക്കപ്പെട്ട സോമനാഥക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് ദേശാഭിമാനത്തിന്റെ പ്രതീകമായിക്കാണുകയും ജനവികാരങ്ങള്‍ മാനിച്ച് അതിന്റെ പുനഃസ്ഥാപനം നടത്തുകയും ചെയ്തപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ ഈ നാട്ടിന്റെ വ്രണപ്പെട്ട ആത്മാവിനെ സാന്ത്വനിപ്പിക്കുകയും അഭിമാനംകൊള്ളിക്കുകയും ചെയ്തു. അയോധ്യയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു വേണ്ടത്. അയോധ്യാപ്രശ്നത്തിന്റെ ഗൗരവം 1949-ല്‍ത്തന്നെ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ പന്തും പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രുവും വേണ്ടപോലെ മനസ്സിലാക്കിയിരുന്നു. എന്നാല്‍, സോമനാഥക്ഷേത്രത്തിന്റെ കാര്യത്തില്‍ പട്ടേല്‍ എടുത്തതുപോലൊരു തീരുമാനം കൈക്കൊള്ളുന്നതിനു പകരം അവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോവുകയും വഷളാക്കുകയും ചെയ്തു.

അയോധ്യാപ്രശ്നം വെറും മതത്തിന്റെ പരിപ്രേക്ഷ്യത്തില്‍നിന്നല്ല, ദേശീയതയുടെ വിശാലമായ പരിപ്രേക്ഷ്യത്തില്‍നിന്നാണ് നോക്കിക്കാണേണ്ടത്. ശ്രീരാമന്‍, മതംകൊണ്ട് ഹിന്ദുക്കളായവരുടെ മാത്രം സ്വത്തല്ല. ഇസ്ലാമിന്റെ ഉദ്ഭവത്തിന് എത്രയോ മുന്‍പുമുതല്‍ക്കേ ഭാരതം അംഗീകരിച്ചാദരിച്ചുപോന്ന ശ്രീരാമന്‍ മുസ്ലിങ്ങളടക്കം സമസ്ത ഭാരതീയരുടെയും അഭിമാനഭാജനമാണ്. ആകേണ്ടതാണ്. ഇസ്ലാം അതിന് വിലങ്ങുതടിയാകേണ്ടതില്ല. ലോകത്തില്‍ ഏറ്റവുമധികം മുസ്ലിങ്ങളുള്ള ഇന്‍ഡോനേഷ്യയില്‍ ഔദ്യോഗികതലത്തില്‍ത്തന്നെ ശ്രീരാമന്‍ ആദരിക്കപ്പെടുന്നു. രാമായണവും മഹാഭാരതവും കൊണ്ടാടപ്പെടുന്നു. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ ഇന്‍ഡോനേഷ്യയില്‍ രാജകീയചിഹ്നമാണ്. അവരുടെ വിമാനസര്‍വീസിന് 'ഗരുഡാ എയര്‍ലൈന്‍സ്' എന്നാണു പേര്. സ്റ്റേറ്റ് ബാങ്കിന് കുബേരാ ബാങ്ക് എന്ന്. ഇന്‍ഡൊനേഷ്യ മുസ്ലിം ബഹുഭൂരിപക്ഷരാജ്യമാകുന്നതിനു മുന്‍പ് അവിടെ നിലനിന്ന ഹിന്ദുപാരമ്പര്യം കൈവെടിയേണ്ടതാണെന്നവര്‍ക്കു തോന്നിയിട്ടില്ല. പാരമ്പര്യത്തോടു വിടപറയാതെതന്നെ മതനിഷ്ഠരായ മുസ്ലിങ്ങളായി ജീവിക്കാമെന്നതിന് ഏറ്റവും നല്ല തെളിവാണ് ഇന്‍ഡോനേഷ്യ. എന്തുകൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് നിലവിളക്കു കൊളുത്തുന്നതുപോലും അനിസ്ലാമികമായിത്തോന്നുന്നുവെന്ന് നാം ചിന്തിക്കേണ്ടതല്ലേ? ഇത് അവരുടെ മാത്രം കുറ്റമാണോ? ഇത്തരം തള്ളിപ്പറയലിനും വേറിട്ടുനില്ക്കലിനും അവരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയകക്ഷികളല്ലേ ശരിക്കും ഇതിനുത്തരവാദികള്‍?

അയോധ്യാപ്രശ്നം ഉന്നയിച്ചതാണ് മതേതരത്വത്തിന് മാരകമായ മുറിവേല്പിച്ചതെന്ന് ഇവിടുത്തെ വിവിധ രാഷ്ട്രീയകക്ഷികള്‍ സംഘപരിവാറിനെതിരേ ആരോപണം ഉന്നയിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ തെറ്റായ വഴിക്കു ചിന്തിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതുവഴിഅവര്‍ ചെയ്യുന്നത്. അയോധ്യാപ്രശ്നം ചൂടുപിടിക്കുന്നതിനു മുന്‍പ് 1960-ല്‍ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിന്റെ ക്ഷണപ്രകാരം ആസാദ് സ്മാരക പ്രഭാഷണം നടത്തുവാന്‍ ഇന്ത്യയിലെത്തിയ വിശ്വവിഖ്യാതചരിത്രകാരനായ ആര്‍ണോള്‍ഡ് ടോയന്‍ബി ആ പ്രഭാഷണപരമ്പരയുടെ ഭാഗമായി പ്രസ്താവിച്ച കാര്യം ഇവിടെ ഓര്‍മിക്കുന്നത് നന്ന്. കാശിയിലും മഥുരയിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പള്ളി പണിത ഔറംഗസീബിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്, നാടിന് അപമാനമായി നിലകൊള്ളുന്ന അത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനെ ടോയന്‍ബി ശക്തമായി ന്യായീകരിച്ചു. റഷ്യക്കാരുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയില്‍ റഷ്യന്‍ യാഥാസ്ഥിതിക സഭ പണികഴിപ്പിച്ച പള്ളി പിന്നീട് പോളണ്ടിലെ കത്തോലിക്കര്‍ പൊളിച്ചുമാറ്റിയത് തെറ്റല്ലെന്നു മാത്രമല്ല, അത് റഷ്യക്കാരോടു കാണിച്ച ദയയായിരുന്നു എന്നുപോലും ടോയന്‍ബി ആ പ്രസംഗത്തില്‍ പറഞ്ഞു. കാരണം, ആ പള്ളി നിലനിന്നിരുന്നെങ്കില്‍ റഷ്യക്കാരും പോളണ്ടുകാരും തമ്മില്‍ ഒടുങ്ങാത്ത ശത്രുത ഉണ്ടാകുമായിരുന്നു. അയോധ്യാപ്രശ്നത്തിന്റെ ദേശീയസ്വഭാവത്തെ ടോയന്‍ബിയെപ്പോലെ മനസ്സിലാക്കാന്‍ ഹ്രസ്വദൃഷ്ടികളായ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കു കഴിയാതെപോയി. ഇതാണ് ശരിക്കും നാം നേരിടുന്ന ദുരന്തം. ദേശീയവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടു നില്ക്കുന്ന ആ വിവാദമന്ദിരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങാന്‍ ഇവിടുത്തെ രാഷ്ട്രീയകക്ഷികള്‍ മുസ്ലിങ്ങളെ ഉപദേശിച്ചിരുന്നെങ്കില്‍ അത് ഒരു നല്ല സൗമനസ്യപ്രകടനമെന്ന നിലയില്‍ ശാശ്വതമായ ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിനു വഴിതെളിക്കുമായിരുന്നു. ഭാരതവിഭജനംകൊണ്ടുണ്ടായ മുറിവുണക്കുവാനും അത് സഹായിക്കുമായിരുന്നു.

അതിനുപകരം മുസ്ലിം മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുവാനും ഹിന്ദുവികാരത്തെ അവഹേളിക്കുവാനുമാണ് രാഷ്ട്രീയനേതാക്കള്‍ തയ്യാറായത്. ജനസംഖ്യയില്‍ 85 ശതമാനം വരുന്ന ഹിന്ദുക്കളുടെ വികാരങ്ങളെയും ഭയാശങ്കകളെയും പുച്ഛിച്ചുതള്ളുന്ന കപടമതേതരക്കാരുടെ ന്യൂനപക്ഷപ്രീണനം അപകടകരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തും. കുടുംബാസൂത്രണവിഷയത്തിലും മറ്റും ഹിന്ദുക്കള്‍ കാണിക്കുന്ന ശുഷ്‌കാന്തി മുസ്ലിങ്ങളും പ്രദര്‍ശിപ്പിക്കാത്തിടത്തോളം കാലം ജനസംഖ്യാനിരക്കിലെ അന്തരം വര്‍ധിച്ചുകൊണ്ടേയിരിക്കും. സ്വാതന്ത്ര്യത്തിനു ശേഷവും ജനസംഖ്യാവര്‍ധനവിന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് ബഹുദൂരം മുന്നിലാണ്. ഇത് ഇന്നത്തെ വ്യവസ്ഥിതിയില്‍ ഹിന്ദുതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ജനസംഖ്യാവര്‍ധനവിനെക്കുറിച്ച് മനഃപൂര്‍വം കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് എന്നാരോപിച്ചുകൊണ്ട് പത്രമാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നു. എന്നാലെന്താണ് വാസ്തവം? 1951-ല്‍ മൊത്തം ജനസംഖ്യയില്‍ 9.91 ശതമാനം മാത്രമായിരുന്ന മുസ്ലിങ്ങള്‍ 1981 ആയപ്പോഴേക്കും 11.36 ശതമാനമായി വര്‍ധിച്ചു. 1981-ല്‍ അവസാനിച്ച മൂന്നു ദശകങ്ങളില്‍ മുസ്ലിം ജനസംഖ്യ 113.56 ശതമാനമായി വര്‍ധിച്ചപ്പോള്‍ ഹിന്ദുജനസംഖ്യ 81.063 മാത്രമാണ് വര്‍ധിച്ചത് (ഹിന്ദുസ്ഥാന്‍ ടൈംസ്,4.6.1986). ലോകത്തിലാകമാനം നോക്കിയാലും ഏറ്റവുമധികം ജനസംഖ്യാവര്‍ധന മുസ്ലിങ്ങള്‍ക്കിടയിലാണ് കാണുന്നത്. ഈ പ്രവണത പല പ്രദേശങ്ങളിലും ഹിന്ദുക്കളെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിട്ടുണ്ട്. ഇതിന്റെ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ അംഗീകരിക്കുന്നതിനു പകരം ഹിന്ദുക്കളുടെ ആശങ്കകളെ പരിഹസിക്കുന്നതിലാണ് പലര്‍ക്കും താത്പര്യം.

മറ്റൊരുദാഹരണം പറയാം, ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ വാചാലമായ മൗനം പാലിക്കുകയും എവിടെയെങ്കിലും ഒരു മുസ്ലിം ദേവാലയത്തിനു കേടുപറ്റിയാല്‍ അതിന്റെ പേരില്‍ വികാരങ്ങള്‍ ആളിക്കത്തിക്കുകയും ചെയ്യുന്നത് മതേതരത്വത്തിന്റെ മുഖമുദ്രയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു എന്ന ആരോപണംതന്നെ പച്ചക്കളവാണെന്ന് പരുഷവും പരിഹാസപൂര്‍ണവുമായ ഭാഷയില്‍ പ്രചരിപ്പിക്കപ്പെടുന്നു. കശ്മീരിലെ ക്ഷേത്രങ്ങളുടെ നശീകരണപ്രശ്നത്തിന്റെ പേരില്‍ ഉണ്ടായ വിവാദം ഓര്‍ക്കുക. അവിടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഉണ്ടെന്ന പ്രചാരണം കെട്ടിച്ചമച്ചതാണെന്നും ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെടുന്നു. സത്യമെന്താണ്? 1989-91ല്‍ ജമ്മു-കശ്മീരില്‍ 38 ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായി അന്നത്തെ ആഭ്യന്തരസുരക്ഷിതത്വമന്ത്രി 1992 മാര്‍ച്ചില്‍ പാര്‍ലമെന്റിലറിയിച്ചു. ആഭ്യന്തരകാര്യങ്ങള്‍ക്കുവേണ്ടിയുള്ള സ്റ്റേറ്റ് മന്ത്രി എം.എം. ജേക്കബ് 1992 മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ രേഖാമൂലം പ്രസ്താവിച്ചതാണിത്. അതേക്കുറിച്ച് അനുഭാവപൂര്‍വം അഭിപ്രായപ്രകടനം നടത്താന്‍പോലും രാഷ്ട്രീയകക്ഷികള്‍ തയ്യാറാവുന്നില്ല. ഭൂരിപക്ഷവികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് അവര്‍ക്ക് ക്രൂരമായ വിനോദമായിത്തീര്‍ന്നിരിക്കുന്നു. ബംഗ്ലാദേശില്‍നിന്നും ഒരു കോടിയിലേറെ മുസ്ലിങ്ങള്‍ ഭാരതത്തിലേക്ക് ചോര്‍ന്നു കടന്നിട്ടുണ്ട്. ബംഗാള്‍, ബിഹാര്‍, അസം, ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലെല്ലാം പതിനായിരങ്ങള്‍ ഇന്നു കുടിപാര്‍ക്കുന്നു. അവര്‍ക്കു തൊഴിലും റേഷന്‍കാര്‍ഡും സമ്പാദിച്ചുകൊടുക്കാന്‍ രാഷ്ട്രീയനേതാക്കന്മാരുണ്ട്. നാളെയവര്‍ തങ്ങളുടെ വോട്ടര്‍മാരാകുമെന്നതാണവരുടെ കണക്കുകൂട്ടല്‍.

നിര്‍ധനഭാരതത്തിന്റെ സാമ്പത്തികക്ലേശം വര്‍ധിപ്പിക്കുക മാത്രമല്ല ഇതിന്റെ ഫലം. രാഷ്ട്രീയമായ അട്ടിമറികള്‍ക്കും അടിയൊഴുക്കുകള്‍ക്കും ആസൂത്രിതമായ പരിപാടികള്‍ ഇതിന്റെ പിന്നിലുണ്ട്. ഇതൊക്കെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെ മുസ്ലിംവിരുദ്ധരും വര്‍ഗീയവാദികളുമെന്ന് ഉടന്‍ മുദ്രകുത്താന്‍ കപടമതേതരക്കാരും കപടബുദ്ധിജീവികളും ധാരാളമായുണ്ട്. ഒന്നാംകിട സമ്പന്നരാഷ്ട്രങ്ങള്‍പോലും ഇത്തരം ചോര്‍ന്നുകടക്കലുകളെ ശക്തമായി നേരിടുന്നുണ്ട്. എന്നിരിക്കെ, ബംഗ്ലാദേശിലെ അനിയന്ത്രിതമായ ജനസംഖ്യാവര്‍ധനവിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ദരിദ്രമായ ഭാരതം സഹിച്ചുകൊള്ളണം എന്നു പറയുന്നതാണോ മതേതരത്വം? ഹിന്ദുക്കളുടെ ന്യായമായ ആശങ്കകളെപ്പോലും കണക്കിലെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ മുസ്ലിം വര്‍ഗീയതയുടെയും വേറിട്ടുനില്ക്കല്‍വാദത്തിന്റെയും നേരേ അനുഭാവപൂര്‍ണമായി പ്രതികരിക്കുന്നു. അതിക്രമങ്ങളെ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു. പ്രകടമായ ദേശീയവിരുദ്ധപ്രവര്‍ത്തനങ്ങളുമായി മൗനംകൊണ്ട് സഹകരിക്കുന്നു. ചില ഉദാഹരണങ്ങള്‍ മാത്രം പറയാം. അലിഗഡ് സര്‍വകലാശാലയ്ക്കു ബദലായി ഗാന്ധിജിയുടെയും മറ്റും നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട സെക്കുലര്‍ സര്‍വകലാശാലയായിരുന്നു ജാമിയാ മിലിയാ. ഏറെനാള്‍ അത് ആ പാരമ്പര്യം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ഈയിടെ അത് കലാപബാധിതമായി. അവിടത്തെ പ്രോ വൈസ് ചാന്‍സലര്‍ മതമൗലികവാദികളുടെ ആക്രമണംകൊണ്ട് പരിക്കേറ്റ് ആശുപത്രിയെ ശരണംപ്രാപിക്കേണ്ടിവന്നു.

സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേര്‍സസ്' എന്ന ഗ്രന്ഥം നിരോധിച്ചതിന്റെ ഔചിത്യത്തില്‍ സൗമ്യമായി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതാണ് കാരണം. പിന്നീടദ്ദേഹം പരസ്യമായി മാപ്പു പറഞ്ഞുവെങ്കിലും പ്രയോജനമുണ്ടായില്ല (ഹിന്ദു, 1992 ജൂണ്‍ 3). ബോംബെയിലെ വിശാലമായ അംജുമാന്‍ ഇസ്ലാം കാമ്പസില്‍ ഭാരതീയവിദ്യാഭവന്‍ ഒരു പഠനകോഴ്സ് ആരംഭിച്ചു. അന്നത്തെ മഹാരാഷ്ട്രാ ഗവര്‍ണറായിരുന്ന സി. സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലാണ് അതുണ്ടായത്. എന്നാല്‍, കോഴ്സ് ആരംഭിച്ചത് നിലവിളക്കു കൊളുത്തിയായിരുന്നു എന്ന കാരണംകൊണ്ട് മതമൗലികവാദികളുടെ ഭാഗത്തുനിന്നെതിര്‍പ്പുണ്ടാവുകയും ഒടുവില്‍ ആ പദ്ധതി നിര്‍ത്തലാക്കേണ്ടിവരികയും ചെയ്യുന്നു (ടൈംസ് ഓഫ് ഇന്ത്യ, 1992 ജൂണ്‍ 29). ബോഹ്റ മുസ്ലിം സമുദായത്തിന്റെ കീഴില്‍ ബോംബെയില്‍ നടക്കുന്ന ഒരു വലിയ വിദ്യാലയത്തില്‍ ഓഗസ്റ്റ് 14-ാം തീയതി നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ മതസൗഹാര്‍ദമെന്ന ആശയം പ്രചരിപ്പിക്കാന്‍ വേണ്ടി നടത്തിയ ഒരു നാടകത്തില്‍ ചിലര്‍ മുസ്ലിം കുട്ടികളെക്കൊണ്ട് ഹിന്ദുവേഷം ധരിപ്പിച്ചു എന്ന അപരാധത്തിന് പ്രധാനാധ്യാപികയെ നിരുപാധികം പിരിച്ചുവിട്ടു (ടൈംസ് ഓഫ് ഇന്ത്യ, 1992 ഒക്ടോബര്‍ 20). കേരളത്തില്‍ പാവറട്ടി സ്‌കൂളില്‍ പതിവിനു വിപരീതമായി തൊപ്പി ധരിച്ചുവരാനുള്ള ഒരു വിഭാഗം മുസ്ലിം കുട്ടികളുടെ നിര്‍ബന്ധബുദ്ധി മാസങ്ങളോളം അവിടെ അസ്വസ്ഥത സൃഷ്ടിച്ചു. ഒടുവില്‍ അച്ചടക്കം ബലികൊടുത്തും മാനേജ്മെന്റിനു കീഴടങ്ങേണ്ടിവന്നു (ടൈംസ് ഓഫ് ഇന്ത്യ, 1992 നവംബര്‍ 2).

ലക്ഷദ്വീപിലെ നവോദയ വിദ്യാലയത്തില്‍ പഠിക്കാനെത്തിയ ഉത്തര്‍പ്രദേശിലെ സസ്യാഹാരികളായ വിദ്യാര്‍ഥികള്‍ക്ക് ഗോമാംസം കഴിക്കേണ്ട ഗതികേടുവന്നു. ഇത്തരം എത്രയെത്ര സംഭവങ്ങള്‍ ദിവസേന നടക്കുന്നു! മതേതരത്വത്തിന്റെ പേരില്‍ ഇവയെക്കുറിച്ചൊന്നും തുറന്ന അഭിപ്രായം പറയാന്‍പോലും പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കപടബുദ്ധിജീവികളും കൂട്ടാക്കുന്നില്ല. ഹജ്ജ് തീര്‍ഥാടകര്‍ക്ക് 43 കോടി ഉറുപ്പിക പൊതുഖജനാവില്‍നിന്ന് സബ്സിഡി നല്കുമ്പോള്‍, കുംഭമേളകള്‍ക്കും ശബരിമലയിലേക്കും ഉള്ള തീര്‍ഥാടകരില്‍നിന്ന് പതിവില്‍ക്കവിഞ്ഞ് പണം ഈടാക്കുന്നത് മതേതരസംവിധാനത്തിനു നിരക്കാത്ത ഏര്‍പ്പാടാണ് എന്ന് ചൂണ്ടിക്കാണിച്ചാല്‍ അത് വര്‍ഗീയതായി ആരോപിക്കപ്പെടുന്നു. ഇന്ത്യയില്‍ മുസ്ലിം മതമൗലികവാദം തലപൊക്കുമ്പോഴെല്ലാം അതിനെ പരോക്ഷമായി ന്യായീകരിച്ചുകൊണ്ട് ഉന്നയിക്കാറുള്ള വാദം അതൊക്കെ ഹിന്ദുമത മൗലികവാദത്തോടുള്ള പ്രതികരണം മാത്രമാണെന്നാണ്. ഹിന്ദുമതമൗലികവാദം എന്നൊന്നുണ്ടോ എന്ന വിഷയം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

അതിരിക്കട്ടെ, നാമമാത്രമായിപ്പോലും ഹിന്ദുക്കളില്ലാത്ത രാജ്യങ്ങളിലും മുസ്ലിം മതമൗലികവാദം അതിശക്തമായി അലയടിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഈജിപ്തിലും അള്‍ജീരിയയിലും എല്ലാം ആഞ്ഞടിക്കുന്ന മതമൗലികവാദം ഹിന്ദുമതമൗലികവാദത്തോടുള്ള പ്രതിക്രിയയാണോ? ശരിയായാലും തെറ്റായാലും ശ്രീലങ്കയില്‍ സിംഹളമേധാവിത്വത്തില്‍നിന്നും സ്വാതന്ത്ര്യം നേടാനുള്ള തമിഴ് ജനതയുടെ പോരാട്ടത്തില്‍ തമിഴരായ മുസ്ലിങ്ങള്‍ മതാടിസ്ഥാനത്തില്‍ വ്യത്യസ്ത നിലപാടു സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതല്ലേ? യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍പ്പോലും മുസ്ലിം മതമൗലികവാദം ശക്തമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞിരിക്കുന്നു. അത് ഭീകരപ്രവര്‍ത്തനങ്ങളുടെ രൂപം ധരിച്ചുകൊണ്ടുമിരിക്കുന്നു. അതാണ് കശ്മീരിലും കാണുന്നത്.

ആഗോളഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന മുസ്ലിം മതമൗലികവാദത്തെ കണ്ടില്ലെന്നു നടിക്കുകയും ഇന്ത്യയ്ക്കകത്ത് വോട്ടുരാഷ്ട്രീയത്തിന്റെ പേരില്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്, ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയാണ്. ആത്യന്തികമായി ആത്മഹത്യാപരവുമാണ്. ഈയിടെ ഡല്‍ഹിയില്‍ നടന്ന 'മില്ലി പാര്‍ലമെന്റ്' സമ്മേളനം ഒരു താക്കീതാണ്. ചെങ്കോട്ടയില്‍ മുസ്ലിം ഭരണം അവസാനിച്ചതിനുശേഷം ആദ്യമായി മുസ്ലിങ്ങള്‍ അവരുടെ പാര്‍ലമെന്റ് വിളിച്ചുകൂട്ടുകയാണെന്ന് സമ്മേളനാധ്യക്ഷന്‍ റഷീദ് ഷാ പ്രസ്താവിച്ചത് അര്‍ഥവത്താണ്. ഇന്ത്യയില്‍ ഇസ്ലാമികവിപ്ലവം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കും പാര്‍ലമെന്റ് വിരല്‍ ചൂണ്ടി. അതില്‍ അംഗീകരിച്ച പ്രമേയങ്ങള്‍ നഗ്‌നമായ രാജ്യദ്രോഹത്തിന്റെ തെളിവായിരുന്നു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രങ്ങളുടെ സംഘടനയില്‍ പ്രാതിനിധ്യമുണ്ടാകണം എന്നതായിരുന്നു ഒരു പ്രമേയം. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമാണ് എന്ന അവകാശമാണ് ഇതിലൂടെ പരസ്യമായി ഉന്നയിക്കപ്പെട്ടത്. മറ്റൊരു പ്രമേയം കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെ അപലപിച്ചും. ഇന്ത്യന്‍ മുസ്ലിങ്ങള്‍ സഞ്ചരിക്കുന്നത് ആയുധധാരികളായി വേണം എന്ന ആഹ്വാനവും പാര്‍ലമെന്റ് പുറപ്പെടുവിക്കുകയുണ്ടായി (ഇന്ത്യന്‍ എക്സ്പ്രസ്സ്, 1993 മേയ് 25). മറ്റൊരു പാകിസ്താന്‍ രൂപീകരണത്തിനുവേണ്ടി സായുധസമരം നടത്തുവാനുള്ള ആഹ്വാനത്തിന്റെ തുടക്കമായി ഇതിനെ നാം കാണാതിരിക്കുന്നത് യാഥാര്‍ഥ്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമായിരിക്കും.

പുസ്തകം വാങ്ങാം

മറ്റു രാഷ്ട്രങ്ങള്‍ ഇത്തരം ഭീഷണികളെ എങ്ങനെ നേരിടുന്നു എന്നറിയുമ്പോഴേ നമ്മുടെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും സമീപനത്തിലെ ദൗര്‍ബല്യം മനസ്സിലാവുകയുള്ളൂ. കഴിഞ്ഞ ജൂലായ് മാസത്തില്‍ ഇംഗ്ലണ്ടിലെ തീവ്രവാദികളായ മുസ്ലിങ്ങള്‍ അവിടെയും ഒരു മുസ്ലിം പാര്‍ലമെന്റ് വിളിച്ചുകൂട്ടുകയുണ്ടായി. 155 അംഗങ്ങളടങ്ങിയ ആ പാര്‍ലമെന്റില്‍ സ്ഥാപകനായിരുന്ന കലീം സിദ്ദിഖി മുസ്ലിം താത്പര്യങ്ങള്‍ക്കു വിരുദ്ധമായ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിയമങ്ങളെ തങ്ങള്‍ അനുസരിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി തിരിച്ചടിയുണ്ടായി. 'ബ്രിട്ടീഷ് പൗരന്മാരും ഇംഗ്ലണ്ടില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരാളും ഈ രാജ്യത്തിലെ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ' എന്ന് ആഭ്യന്തരമന്ത്രി ജോണ്‍ പാറ്റേണ്‍ താക്കീതു നല്കി. ഇത്തരം അസംബന്ധങ്ങള്‍ നിയമലംഘനമായി കണക്കാക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്നു എന്ന കുറ്റത്തിനും രാജ്യദ്രോഹത്തിനും അവരുടെ മേല്‍ നടപടിയെടുക്കേണ്ടതാണെന്ന് ഒരു പാര്‍ലമെന്റംഗം ആവശ്യപ്പെട്ടു. സര്‍ നിക്കോളസ് ഫെയര്‍ ബേണ്‍ എന്ന പാര്‍ലമെന്റംഗം നിലപാട് കുറെക്കൂടി വ്യക്തമാക്കി (ഇന്ത്യന്‍ എക്സ്പ്രസ്സ്, 1992 ജനുവരി 6). 'ഇക്കൂട്ടര്‍ക്ക് ഇവിടെ ഇണങ്ങിക്കഴിയാന്‍ ആഗ്രഹമില്ലെങ്കില്‍ അവര്‍ക്ക് ഈ നാടു വിട്ടു പോകാം.' മുസ്ലിങ്ങളില്‍ത്തന്നെ പ്രമുഖരായ ഒട്ടേറെ വ്യക്തികള്‍ കലീം സിദ്ദിഖിന്റെ പ്രസ്താവത്തെ നിശിതമായി വിമര്‍ശിച്ചു.

ഫ്രാന്‍സിലെ ഒരു സ്‌കൂളില്‍ തലയില്‍ സ്‌കാര്‍ഫ് ധരിച്ചുകൊണ്ടു ചെന്ന ഒരു വിദ്യാര്‍ഥിനിക്ക് പ്രവേശനാനുമതി നിഷേധിച്ചു. അത് വ്യക്തിപരമായ മൗലികാവകാശമാണ് എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് അധികൃതര്‍ പറഞ്ഞതിങ്ങനെയാണ്: 'അല്ല, വ്യക്തിപരമായ പ്രശ്നമല്ല ഇത്. മുസ്ലിം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാനും വിലപേശുവാനും വേണ്ടി മുന്നോട്ടുവന്ന ഒരു സംഘടിതവിഭാഗം അധികൃതരുടെ നേര്‍ക്കുയര്‍ത്തുന്ന വെല്ലുവിളിയാണിത്. ഒരു പെണ്‍കുട്ടിയെ സ്‌കാര്‍ഫ് ധരിച്ചു വരാന്‍ അനുവദിച്ചാല്‍ അതിന്റെ പേരില്‍ കൂട്ടത്തോടെ മറ്റു പലരും സ്വന്തം വംശീയത്തനിമയുടെ അംഗീകാരമുദ്രയായി അത് കണക്കാക്കപ്പെടും. മറ്റു പൗരന്മാരില്‍നിന്ന് തങ്ങള്‍ വ്യത്യസ്തരാണെന്ന് വിളിച്ചോതാന്‍ അതിടയാക്കും' (ഫൈനാന്‍ഷ്യല്‍
എക്സ്പ്രസ്സ്). സര്‍ക്കാര്‍ ഉറച്ചുനിന്നു. അതോടെ ആ പ്രശ്നം കെട്ടടങ്ങുകയും ചെയ്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം അവര്‍ വ്യക്തമാക്കിയതിങ്ങനെയായിരുന്നു: 'വ്യക്തികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്നതാണ്. എന്നാല്‍, കൂട്ടായ്മയുടെ പേരിലുള്ള പ്രത്യേക അവകാശങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.'

ഭാരതത്തില്‍ തലയുയര്‍ത്തുന്ന മുസ്ലിം മതമൗലികവാദത്തിനു നേരേ ഇത്തരം ഒരു ഉറച്ച നയം സ്വീകരിക്കുവാന്‍ ഇവിടത്തെ രാഷ്ട്രീയനേതൃത്വം എന്നേ തയ്യാറാകേണ്ടതായിരുന്നു! ഭാരതവിഭജനത്തില്‍നിന്നെങ്കിലും അവര്‍ പാഠം ഉള്‍ക്കൊള്ളേണ്ടതായിരുന്നു. അതുണ്ടായില്ല. മറിച്ച്, ഉണ്ടാവുകയും ചെയ്തു. വോട്ടുബാങ്ക് രാഷ്ട്രീയക്കാരും കപടമതേതരക്കാരും സത്യസന്ധതയില്ലാത്ത ബുദ്ധിജീവികളും നമ്മുടെ നാട്ടില്‍ മതമൗലികവാദികളുമായി ഏര്‍പ്പെട്ടിട്ടുള്ള അവിശുദ്ധമായ കൂട്ടുകെട്ടാണ് മതേതരത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.


Content Highlights: P. Parameswaran, Secular Inadia and Challenges

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented