ഡോ.കെ.കെ.എന്‍ കുറുപ്പ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പോര്‍ച്ചുഗീസ് അധിനിവേശവും കുഞ്ഞാലിമരയ്ക്കാര്‍മാരും എന്ന ചരിത്രപുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

മുഹമ്മദ് കുഞ്ഞാലി ഒന്നാമന്‍ പരിചയസമ്പന്നനായ ഒരു നാവികമുഖ്യനായിരുന്നു. അടിയേല്പിച്ച് ഓടി രക്ഷപ്പെടുക എന്ന നാവികതന്ത്രം പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധത്തില്‍ പിന്തുടര്‍ന്നു. 1524-ല്‍ കൊഷി (കൊച്ചി)യില്‍നിന്നും അഹമ്മദ് മരയ്ക്കാര്‍ സഹോദരന്‍ കുഞ്ഞാലി മരയ്ക്കാര്‍, അവരുടെ മാതുലന്‍ മുഹമ്മദാലി മരയ്ക്കാര്‍ എന്നിവര്‍ അനുയായികളോടെ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ യുദ്ധം നയിക്കുവാന്‍ കോഴിക്കോട്ടു വന്നുവെന്നു തുഹ്ഫത്തുല്‍ മുജാഹിദീന്‍ രേഖപ്പെടുത്തുന്നു.

ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ആവശ്യമായ ആള്‍സഹായം, വാണിജ്യസഹായം തുടങ്ങിയവ ഇവര്‍ നല്കിയതായി പോര്‍ച്ചുഗീസുരേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ക്രമേണ ഇവര്‍ കൊച്ചി-പോര്‍ച്ചുഗീസ് സഖ്യത്തിനെതിരായി പൊന്നാനിയിലും മറ്റും യുദ്ധം നടത്തുകയുണ്ടായി. ക്രമേണ കൊച്ചിയില്‍ വാണിജ്യം സാധ്യമല്ലെന്നു മനസ്സിലാക്കി കോഴിക്കോട്ടു വരികയാണുണ്ടായത്. ഇവര്‍ സാമൂതിരിക്കു തങ്ങളുടെ കപ്പലുകളും ആളുകളും സമര്‍പ്പിച്ചു. മുഹമ്മദലിക്കു സാമൂതിരി കുഞ്ഞാലി മരയ്ക്കാര്‍ എന്നു ബഹുമതിയും കല്പിച്ചു. അന്നത്തെ ഏറ്റവും നല്ല നാവികരായ കുട്ട്യാലി മരയ്ക്കാര്‍, പച്ചാച്ചി മരയ്ക്കാര്‍ എന്നിവരെ തന്റെ നാവികപ്പടയില്‍ നിയമിക്കുകയും ചെയ്തു. 

പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും കൊള്ള ചെയ്യുകയും ചെയ്തപ്പോള്‍ താനൂരില്‍ ഒരു നാവികവ്യൂഹത്തിന്റെ ക്യാപ്റ്റനായിരുന്നു കുട്ട്യാലി. തങ്ങളുടെ യുദ്ധതന്ത്രം മാറ്റേണ്ടതാണെന്ന് അവര്‍ തീരുമാനിച്ചു. പോര്‍ച്ചുഗീസ് നാവികപ്പടയുടെ വലിയ തോക്കുകള്‍ക്കു മുന്നില്‍ മുസ്‌ലിം നാവികപ്പടയ്ക്ക് നില്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പോര്‍ച്ചുഗീസ് വന്‍കപ്പലുകള്‍ക്കു ചലിക്കുവാന്‍ വലിയ കാറ്റ് ആവശ്യമായിരുന്നു. അതിനാല്‍ കുട്ട്യാലി മുപ്പതുനാല്പത് ആളുകള്‍ തുഴയുന്ന 'പറവു' ബോട്ടുകളുടെ ഒരു വ്യൂഹം ഉണ്ടാക്കിയെടുത്തു. ചെറിയ ഈ ബോട്ടുകളെ ആക്രമിക്കുന്നതില്‍ പോര്‍ച്ചുഗീസ് കപ്പലുകള്‍ക്കും പീരങ്കികള്‍ക്കും വലിയ വിഷമം നേരിട്ടു. ഓരോ കുന്നിന്‍പുറത്തും കുട്ട്യാലി നിരീക്ഷണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി പോര്‍ച്ചുഗീസുകാര്‍ക്ക് തീരദേശത്തു സഞ്ചരിക്കാന്‍ വലിയ വിഷമം സൃഷ്ടിച്ചുവന്നു. അവര്‍ കപ്പലുകള്‍ ഒന്നിപ്പിച്ചു കോണ്‍വോയ് സമ്പ്രദായത്തില്‍ സഞ്ചരിച്ചു. അവര്‍ സാമൂതിരിയുടെ നാവികപ്പടയെ തകര്‍ക്കുവാന്‍തന്നെ തീരുമാനമെടുത്തു. 

കുട്ട്യാലി 1523-ല്‍ എട്ടു കുരുമുളകുകപ്പലുകളെ 40 പടവുകളുടെ സഹായത്തോടെ പോര്‍ച്ചുഗീസുകാരുടെ മുന്‍പില്‍വെച്ച് ചെങ്കടലിലേക്ക് അയയ്ക്കുകയുണ്ടായി. കുട്ട്യാലിയുടെ സഹോദരന്‍ കുട്ട്യാലിയും അദ്ദേഹത്തെ സഹായിച്ചു. ജൂനിയര്‍ കുട്ട്യാലി ഗോവയ്ക്കു വടക്കും ക്യാപ്റ്റന്‍ കുട്ട്യാലി കൊച്ചിക്കു സമീപവും കടലില്‍ റോന്തുചുറ്റി. 

ഇതിനിടയില്‍ സാമൂതിരിപ്പാട് തീപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരന്‍ കൂടുതല്‍ പോര്‍ച്ചുഗീസ് വിദ്വേഷിയായിരുന്നു. ഒരു തുറന്ന യുദ്ധം ഉണ്ടായിരുന്നില്ലെങ്കിലും പ്രഖ്യാപിക്കപ്പെടാത്ത ഒരു യുദ്ധം തുടര്‍ന്നു. വാസ്‌കോ ഡ ഗാമ 1524-ല്‍ തുടര്‍ച്ചയായി കപ്പല്‍വ്യൂഹത്തെ മലബാറിലേക്കയച്ചു. കോഴിക്കോട്ട് കുട്ട്യാലിയുടെ പടനീക്കം ചെറുക്കാന്‍ ഗാമ മാര്‍ട്ടിന്‍ അഫോന്‍സോ ഡിസൂസയെ നിയോഗിച്ചു. കാപ്പാടുവെച്ച് അവര്‍ ഏറ്റുമുട്ടി. കുട്ട്യാലി പന്തലായനി കൊല്ലത്തേക്കു പിന്മാറുകയാണുണ്ടായത്. തന്റെ കപ്പലുകള്‍ ഉപേക്ഷിച്ചു കുട്ട്യാലി രക്ഷപ്പെട്ടു. ഗോവയ്ക്കു സമീപം നടന്ന ഏറ്റുമുട്ടലിലും ജൂനിയര്‍ കുട്ട്യാലിക്ക് ഇത്തരത്തില്‍ പിന്‍തിരിയേണ്ടിവന്നു. 

കോഴിക്കോട്ടെ രണ്ടു പ്രമുഖ നാവികവിദഗ്ധര്‍ പട്ടുമരയ്ക്കാരും കണ്ണൂരിലെ വലിയ ഹസ്സനുമായിരുന്നു. അവരുടെ തന്ത്രം ഗറില്ലായുദ്ധമുറയായിരുന്നു. പുറക്കാട്ടുരാജാവ് പല പോര്‍ച്ചുഗീസ് കപ്പലുകളും ആക്രമിച്ചു പിടിച്ചെടുത്തു പട്ടുമരയ്ക്കാരെ സഹായിക്കുകയും ചെയ്തു. കണ്ണൂരിലെ ആലിരാജാവിന്റെ ബന്ധുവായ വലിയ ഹസ്സനെ കീഴടക്കുവാന്‍ വൈസ്രോയ് വാസ്‌കോ ഡ ഗാമതന്നെ കണ്ണൂരിലേക്കു പുറപ്പെട്ടു. ഹസ്സനെ വിട്ടുകിട്ടാന്‍ ആലിരാജാവിനോടാവശ്യപ്പെട്ടു. അത് ഒഴിവാക്കാന്‍ ആലി രാജ ശ്രമിച്ചുവെങ്കിലും അവസാനം വിട്ടുകൊടുത്തു. ഹസ്സന്‍ സെയിന്റ് ആന്‍ജലോ കോട്ടയില്‍ തടവുകാരനാക്കപ്പെട്ടു. 
പോര്‍ച്ചുഗീസ് ഗവര്‍ണര്‍മാരായ ഹെന്റിക് ദെ മെനസിസും ലോപോവാസ് ദെ സംപായോവും തങ്ങളുടെ എല്ലാ കഴിവുകളും മലബാര്‍ നാവികന്മാര്‍ക്കെതിരായി ചെലവഴിച്ചു. മെനസിസിന്റെ ആദ്യപ്രവര്‍ത്തനം വലിയ ഹസ്സനെ തൂക്കിലിടുകയായിരുന്നു. ഇതോടെ കണ്ണൂരില്‍ വലിയ ഏറ്റുമുട്ടല്‍ നടന്നു. 1525-ല്‍ കോഴിക്കോട്ടെ പുതിയ സാമൂതിരി യുദ്ധം പ്രഖ്യാപിക്കുകയും കോഴിക്കോട്ടെ പോര്‍ച്ചുഗീസുകോട്ട ആക്രമിക്കുകയും ചെയ്തു. ഇതിനെ നേരിടാന്‍ മെനസിസ് പൊന്നാനിയില്‍ കുട്ട്യാലിയുടെ നാവികപ്പടയെ ആക്രമിച്ചു. 1525 ഫെബ്രുവരി 26നുള്ള ആക്രമണത്തില്‍ അവര്‍ കുട്ട്യാലിയുടെ കപ്പല്‍പ്പടയെ പൂര്‍ണമായും നശിപ്പിച്ചു. കുട്ട്യാലി കൊച്ചിയില്‍ പ്രത്യക്ഷപ്പെടുകയും തുറമുഖത്തെ എല്ലാ കപ്പലുകളെയും നശിപ്പിക്കുകയും ചെയ്തു. മറുപടിയായി 1525 ജൂണില്‍ മെനസിസ് പന്തലായനി കൊല്ലം ആക്രമിച്ചു. നാല്പതു കപ്പലുകള്‍ പിടിച്ചെടുക്കുകയും അവയെ കണ്ണൂരിലേക്കു കൊണ്ടുപോവുകയും ചെയ്തു. സാമൂതിരി കോഴിക്കോട്ടെ കോട്ട ശക്തിപൂര്‍വം ആക്രമിച്ചു. ഗോവയില്‍നിന്നും കൊച്ചിയില്‍നിന്നും എത്താവുന്ന സഹായങ്ങള്‍ നിരോധിക്കുകയും ചെയ്തു. വളരെ തന്ത്രപൂര്‍വമായിരുന്നു കുട്ട്യാലിയുടെ നീക്കങ്ങള്‍. അഞ്ചു മാസത്തോളം ആക്രമണം തുടര്‍ന്നു. ഗവര്‍ണര്‍ മെനസിസ് തന്നെ 1526 ഒക്‌ടോബര്‍ 15ന് 20 കപ്പലുകളോടെ കോഴിക്കോട്ടെത്തുകയും കോട്ടയുടെ കാവല്‍സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു. കുട്ട്യാലി ആക്രമണം മതിയാക്കി. പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട്ടെ കോട്ടകൊണ്ട് യാതൊരാവശ്യവുമില്ലെന്നു മനസ്സിലാക്കി അതു തകര്‍ക്കുകയും ചെയ്തു. 

Book Cover
പുസ്തകം വാങ്ങാം

ഗവര്‍ണര്‍ ലോപോ വാസ് ബാര്‍കൂറിനടുത്ത് കുട്ട്യാലിയുടെ കപ്പല്‍പ്പടയെ ആക്രമിച്ചു. കുട്ട്യാലിയുടെ കപ്പല്‍പ്പട പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. അദ്ദേഹം അവശേഷിച്ച പടയുമായി രക്ഷപ്പെട്ടു. 1528 മാര്‍ച്ചില്‍ ക്യാപ്റ്റന്‍ കോഴിക്കോട്ടെ നാവികപ്പടയുടെ മീതേ ഒരു വന്‍ വിജയം തരപ്പെടുത്തി. ഇതു മംഗലാപുരത്തിനും ഏഴിമലയ്ക്കും ഇടയിലായിരുന്നു. ഈ പട കുട്ട്യാലിയുടെ സഹോദരന്‍ ചിന്നകുട്ട്യാലിയുടെ കീഴിലായിരുന്നു. ചിന്ന ആലിയെ പിടികൂടുകയും ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിപ്പിച്ച് വിടുതല്‍ നല്കുകയും ചെയ്തു. 1528 സെപ്റ്റംബറില്‍ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ ചേറ്റുവാ തുറമുഖം ആക്രമിച്ചു. അനേകം മലബാര്‍കപ്പലുകളുടെ യാത്ര നിരോധിക്കുകയും ചെയ്തു. മലബാര്‍നാവികര്‍ തിരിച്ചടിക്കുകയും ചെയ്തു. 

കൊച്ചിക്കും ഗോവയ്ക്കും തമ്മിലുള്ള സമ്പര്‍ക്കം നിയന്ത്രിക്കുവാന്‍ ഇത്തരത്തില്‍ മലബാര്‍നാവികര്‍ക്കു കഴിഞ്ഞു. വാണിജ്യം തകര്‍ന്നുവെങ്കിലും മലബാര്‍തീരം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ വെക്കുവാന്‍ അവര്‍ക്കു കഴിയുകയും ചെയ്തു. 
മുഹമ്മദ് കുഞ്ഞാലി ഒന്നാമന്‍ 'അടിക്കുക - ഓടുക' (ഹിറ്റ് ആന്‍ഡ് റണ്‍) എന്ന നാവികയുദ്ധതന്ത്രത്തിലും അടവുനയത്തിലും വളരെയധികം പരിചയമുള്ള ഒരു വ്യക്തിയായിരുന്നു. കടലിലെ ഗറില്ലായുദ്ധനയം അറബിക്കടലില്‍ ആരംഭിച്ചതുതന്നെ അദ്ദേഹമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ ക്രൂരതയും ഇസ്‌ലാംമതത്തെപ്പറ്റിയുള്ള നിന്ദയും സന്ധികളുടെ ഭഞ്ജനവും കടലിലും കരയിലുമുള്ള ആക്രമണവുമെല്ലാം അദ്ദേഹം തന്റെ നിരീക്ഷണത്തിനു വിധേയമാക്കി. '1524-ല്‍ കൊച്ചിയില്‍നിന്നും അഹമ്മദ് മരയ്ക്കാരും സഹോദരന്‍ കുഞ്ഞാലി മരയ്ക്കാരും മാതുലന്‍ മുഹമ്മദലി മരയ്ക്കാരും മറ്റ് ആശ്രിതന്മാരും പോര്‍ച്ചുഗീസുകാര്‍ക്കെതിരായി യുദ്ധം ചെയ്യുവാനാഗ്രഹിച്ചു കോഴിക്കോട്ടു വന്നു.' കുഞ്ഞാലിയും സഹോദരന്‍ ഇബ്രാഹിമും കോഴിക്കോട്ടെത്തി. അവരുടെ വാളുകളും കപ്പലുകളും സേവനവും സാമൂതിരി പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധത്തില്‍ അടിയറവെച്ചു. സാമൂതിരി ഇതു സ്വാഗതം ചെയ്യുകയും മുഹമ്മദിനു കുഞ്ഞാലി ഒന്നാമന്‍ (പ്രിയപ്പെട്ടവന്‍) ബിരുദം നല്കി, പോര്‍ച്ചുഗീസുകാരോടു യുദ്ധം ചെയ്യുവാനുള്ള നാവികപ്പട സംഘടിപ്പിക്കുവാനും ആവശ്യപ്പെട്ടു. നാവികപ്പടയില്‍ ഏറ്റവും നല്ല പോരാളികളെ റിക്രൂട്ട് ചെയ്തു. കുട്ട്യാലി മരയ്ക്കാര്‍, പച്ചാച്ചി മരയ്ക്കാര്‍ തുടങ്ങിയവരെ തന്റെ നാവികപ്പടയില്‍ ചേര്‍ത്തു. 
സാമൂതിരിപ്പാടിന്റെ പടയാളികളെ റിക്രൂട്ട് ചെയ്തിരുന്ന മാപ്പിളകേന്ദ്രങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയപ്പോള്‍ കുട്ട്യാലി താനൂര്‍ കേന്ദ്രമാക്കി ഒരു നാവികത്താവളമുണ്ടാക്കുകയും യുദ്ധത്തിന്റെ തന്ത്രം മാറ്റണമെന്നു നിരീക്ഷിക്കുകയും ചെയ്തു. വന്‍തോക്കുകള്‍ ഉറപ്പിച്ച പറങ്കിക്കപ്പലുകളോടു കോഴിക്കോട്ടെ കപ്പലുകള്‍ക്കു കിടപിടിക്കാന്‍ ഒരിക്കലും കഴിയുകയില്ലെന്നതു കുട്ട്യാലി ഒരു യാഥാര്‍ഥ്യമായി മനസ്സിലാക്കി. 

പറങ്കിക്കപ്പലുകള്‍ വളരെ മന്ദഗതിയില്‍ സഞ്ചരിക്കുന്നവയും ഒരു തന്ത്രം മെനയുവാന്‍ കൂടുതല്‍ സമയവും സ്ഥലവും എടുക്കുന്നവയും ത്വരിതഗതിക്ക് ശക്തമായ കാറ്റ് ആവശ്യമുള്ളവയുമായിരുന്നു. ആയതിനാല്‍ കുട്ട്യാലി ധാരാളം വേഗതയുള്ള മുപ്പതോ നാല്പതോ ആളുകള്‍ തുഴയുന്ന കരയുടെ സമീപമുള്ള ജലശേഖരത്തില്‍പ്പോലും വേഗത്തില്‍ യാത്ര ചെയ്യാവുന്ന 'പറവുകള്‍' നിര്‍മിച്ചു. ഇവ വളരെ ചെറിയ നൗകകളാകയാല്‍ വന്‍തോക്കുകള്‍ക്കു വേണ്ടത്ര ലക്ഷ്യംവെക്കാന്‍ കഴിഞ്ഞില്ല. ഓരോ നദീമുഖത്തും ഇത്തരം നൂറുകണക്കില്‍ പറവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഓരോ കുന്നിന്‍മുകളിലുമുള്ള നിരീക്ഷണകേന്ദ്രത്തില്‍നിന്നും ശത്രുക്കളുടെ ആഗമനം സംബന്ധിച്ച സൂചനകള്‍ നല്കാന്‍ ആളുകളെ ഏര്‍പ്പെടുത്തി. ഇത്തരത്തില്‍ നാവികമായ പ്രതിരോധം കോഴിക്കോട്ട് ശക്തമാക്കി. ഈ പശ്ചാത്തലത്തില്‍ പറങ്കിപ്പടയ്ക്കു കടല്‍ത്തീരങ്ങളില്‍ തങ്ങളുടെ ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ വന്നു. അതിനാല്‍ അവര്‍ക്കു ശക്തമായ നാവികപ്പടയുടെ സഹായത്തോടുകൂടെ മാത്രമേ വാണിജ്യം നടത്താന്‍ കഴിഞ്ഞുള്ളൂ. കടലിലെ അവരുടെ മേധാവിത്വം ദുര്‍ബലമായിത്തീര്‍ന്നു. അതിനാല്‍ അവര്‍ സാമൂതിരിയുടെ ശക്തി പൂര്‍ണമായും നശിപ്പിക്കാന്‍ തീരുമാനിച്ചു.

1523-ല്‍ ക്യാപ്റ്റന്‍ കുട്ട്യാലി എട്ടു കപ്പലുകളില്‍ കുരുമുളക് കയറ്റി 40 കപ്പലുകളുടെ അകമ്പടിയോടെ ചെങ്കടലിലേക്കു യാത്രതിരിച്ചു. ഇതാകട്ടെ, പറങ്കികളുടെ കണ്‍മുന്നില്‍വെച്ചായിരുന്നു. കുട്ട്യാലിയുടെ സഹോദരന്‍ കുട്ട്യാലി ഇളയവനും ഈ യാത്രയില്‍ അനുഗമിച്ചു. ഇളയവന്‍ ഗോവയുടെ വടക്കും വലിയവന്‍ കൊച്ചിക്കു സമീപവും യാത്രാപഥം സംരക്ഷിച്ചു. അതു നശിപ്പിക്കാന്‍ ഹെന്റിക് ദെ മെനസിസ്, ലോപോ വാസ് ദ സംപായോ എന്നീ ഗവര്‍ണര്‍മാര്‍ ധാരാളം പണിപ്പെട്ടിരുന്നു. 1525-ല്‍ പുതുതായി അധികാരമേറ്റ സാമൂതിരി ഒരു യുദ്ധം പ്രഖ്യാപിക്കുകയും കോഴിക്കോട്ടെ കോട്ട ആക്രമിക്കുകയും ചെയ്തു. ഇതു നേരിടുവാന്‍ മെനസിസ് 26 ഫെബ്രുവരി 1525നു കുട്ട്യാലിയുടെ പൊന്നാനിയിലെ നാവികകേന്ദ്രം ശക്തിപൂര്‍വം ആക്രമിച്ചു. എല്ലാ കപ്പലുകളും ഈ ആക്രമണത്തില്‍ കുട്ട്യാലിക്ക് നഷ്ടപ്പെട്ടു. കുട്ട്യാലി കൊച്ചിയില്‍ പ്രത്യക്ഷപ്പെടുകയും അവിടെയുള്ള പറങ്കിക്കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തു. ജൂണില്‍ ഒരു പ്രതികാരനടപടിയായി മെനസിസ് പന്തലായനി കൊല്ലം ആക്രമിച്ചു. നാല്പതു കപ്പലുകള്‍ പിടിച്ചെടുത്ത് കണ്ണൂരിലേക്കു കൊണ്ടുപോയി. സാമൂതിരി കോഴിക്കോട്ടെ കോട്ട വീണ്ടും ആക്രമിച്ചു. ഗോവയില്‍നിന്നും കൊച്ചിയില്‍നിന്നും വരുന്ന ഭക്ഷ്യസാമഗ്രികളും മറ്റും കുട്ട്യാലിയുടെ നാവികര്‍ തടഞ്ഞുവെച്ചു. കടലില്‍നിന്നും ഇടയ്ക്കിടെ കോട്ടയ്ക്കുനേരേ വെടിയുതിര്‍ത്തും കുട്ട്യാലി ഒരു കടല്‍യുദ്ധത്തിന്റെ എല്ലാവിധ നിയന്ത്രണരീതികളും, സൈന്യത്തെ മിതമായും വേഗതയോടും മിതവ്യയത്തോടും ചലനാത്മകതയോടും കൂടെ ഉപയോഗപ്പെടുത്തി. അഞ്ചു മാസം ഈ പ്രതിരോധം നീണ്ടുനിന്നു. 1526 ഒക്‌ടോബര്‍ 15നു മെനസിസ് തന്നെ ഇരുപത് കപ്പലുകളോടെ കോട്ടയിലെ സൈന്യങ്ങള്‍ മോചിപ്പിക്കുവാന്‍ കോഴിക്കോട്ടു വന്നു. കുട്ട്യാലി തന്റെ ആക്രമണം തുടര്‍ന്നു. ഇതിനിടയില്‍ സാമൂതിരി തീപ്പെട്ടു. പുതിയ സാമൂതിരി പറങ്കികളുടെ കഠിനശത്രുവായിരുന്നു. ഒരു കടല്‍യുദ്ധം നടന്നില്ലെങ്കിലും അപ്രഖ്യാപിതമായ ഒരു യുദ്ധം തുടര്‍ന്നുവന്നു. വൈസ്രോയ് വാസ്‌കോ ഡ ഗാമ 1524-ല്‍ മലബാറിലേക്ക് പല യുദ്ധനീക്കങ്ങളും സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്ട് കുട്ട്യാലിയുടെ നീക്കങ്ങള്‍ തടയുവാന്‍ ഗാമ മാര്‍ട്ടിന്‍ അഫോന്‍സോ ഡിസൂസയെ നിയമിച്ചിരുന്നു. കാപ്പാടുവെച്ച് ഒരേറ്റുമുട്ടല്‍ നടന്നു. എന്നാല്‍ കൂടുതല്‍ സാമഗ്രികള്‍ക്കായി മലബാര്‍ നാവികര്‍ പന്തലായനി കൊല്ലത്തേക്കു പിന്‍വാങ്ങി. കുട്ട്യാലി തന്റെ കപ്പലുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗോവയുടെ കടല്‍ത്തീരത്തുവെച്ച് ഒരു തുറന്ന യുദ്ധത്തില്‍ കുട്ട്യാലി ഇളയവനും ഇത്തരത്തില്‍ പോര്‍ച്ചുഗീസുകാരുമായി ഏറ്റുമുട്ടി പിന്‍വാങ്ങിവന്നു. 

കോഴിക്കോട്ടെ ഗറില്ലായുദ്ധത്തിന്റെ പ്രധാന നേതൃത്വം പട്ടുമരയ്ക്കാരിലും കണ്ണൂരിലെ വലിയ ഹസ്സനിലും ആയിരുന്നു. പുറക്കാട്ടുരാജാവ് പട്ടുമരയ്ക്കാരെ സഹായിക്കുകയും പറങ്കിക്കപ്പലുകള്‍ പിടിച്ചെടുത്തു മുക്കിക്കളയുകയും ചെയ്തിരുന്നു. വലിയ ഹസ്സന്‍ കണ്ണൂരിലെ ആലിരാജാവിന്റെ ബന്ധുകൂടിയായിരുന്നു. പറങ്കികള്‍ക്ക് ഹസ്സന്‍ ഒരു വലിയ ശല്യക്കാരനായിരുന്നു. ഗാമതന്നെ കണ്ണൂരിലെത്തുകയും ഹസ്സനെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആലിരാജാവ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെങ്കിലും അവസാനം വിട്ടുകൊടുത്തു. ഹസ്സനെ കണ്ണൂരിലെ സെന്റ് ജോര്‍ജ് കോട്ടയില്‍ തടവിലിട്ടു. കോഴിക്കോട്ടെ കോട്ട കൈവശം വെക്കുന്നതിന്റെ ഉപയോഗശൂന്യത പറങ്കികള്‍ മനസ്സിലാക്കുകയാല്‍ അതു നശിപ്പിക്കുകയും ഗോവയിലേക്കു പിന്‍വലിയുകയും ചെയ്തു. 

പുതിയ ഗവര്‍ണര്‍ ലോപോ വാസിന്റെ ശക്തമായ ഒരു നാവികപ്പട ബാര്‍കൂറിനു സമീപംവെച്ച് കുട്ട്യാലിയുടെ നാവികപ്പടയുടെ മീതേ ഒരാക്രമണം നടത്തി. കുട്ട്യാലിയുടെ കപ്പല്‍വ്യൂഹത്തെ നശിപ്പിച്ചു. അല്പം കപ്പലുകളോടെ കുട്ട്യാലിക്കു രക്ഷപ്പെടുവാന്‍ കഴിഞ്ഞു. 1528 മാര്‍ച്ചില്‍ ക്യാപ്റ്റന്‍ ദേശ കോഴിക്കോട് നാവികപ്പടയുടെ തലവനും കുട്ട്യാലിയുടെ സഹോദരനുമായ ചിന്നകുട്ട്യാലിയുമായി ഏഴിമലയ്ക്കും മംഗലാപുരത്തിനുമിടയില്‍ മറ്റൊരു ഏറ്റുമുട്ടല്‍ നടത്തി ചിന്നകുട്ട്യാലിയെ പിടികൂടുകയും മേലില്‍ യുദ്ധം ചെയ്യുകയില്ലെന്ന് ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്യിപ്പിച്ച് വിട്ടയയ്ക്കുകയും ചെയ്തു. 1528 സെപ്റ്റംബറില്‍ പറങ്കികള്‍ സാമൂതിരിയുടെ ചേറ്റുവായ് തുറമുഖം ആക്രമിച്ചു. മലബാര്‍ക്കപ്പലുകളെ അവിടെ ഒരു കുപ്പിക്കഴുത്തില്‍ കുടുക്കിയിട്ടു. എന്നാല്‍ മലബാര്‍ നാവികര്‍ ഒരാക്രമണം നടത്തി പല പറങ്കിപ്പടയാളികളെയും കൊന്നൊടുക്കി.
 
കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്റെയും അനേകം നാവിക കമാന്‍ഡര്‍മാരുടെയും ശക്തമായ ചെറുത്തുനില്പ് ഗോവയ്ക്കും കൊച്ചിക്കുമിടയില്‍ പോര്‍ച്ചുഗീസുകാരുടെ ബന്ധങ്ങള്‍ നഷ്ടമാക്കി. വാണിജ്യം തകരുകയും ചെയ്തു. പടിഞ്ഞാറന്‍കരയിലെ വാണിജ്യം മുഴുവന്‍ മലബാര്‍നാവികര്‍ക്കു നിലനിര്‍ത്തുവാനും കഴിഞ്ഞു.
ഇത്തരത്തിലുള്ള ഒരു നീണ്ട കാലത്തെ ഏറ്റുമുട്ടല്‍ പോര്‍ച്ചുഗീസുകാര്‍ക്കു ദക്ഷിണപൂര്‍വേഷ്യയിലെ മലാക്കാതുറമുഖത്തും മറ്റും നേരിടേണ്ടിവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മലബാര്‍ നാവികര്‍ പറങ്കിപ്പടയെ തങ്ങളുടെ നാടിന്റെ ആക്രമണത്തില്‍നിന്നും ശക്തമായി തുരത്തിയെന്നു പറയാം.

Content Highlights : Excerpt from the book about kunjalimarakkar and Portuguese invasion by kkn kurupp