ഗുരു നിത്യ ചൈതന്യയതി
*സന്ന്യാസത്തില്‍നിന്ന് പിന്തിരിപ്പിച്ചുകൊണ്ടും ഒരു സന്ന്യാസിക്ക് ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാനാവും എന്ന് യതി അന്ന് തെളിയിച്ചു. * സന്ന്യാസമാണ് എന്റെ അഭയം എന്ന്, യതിയാണ് എന്റെ ഭാവി എന്ന് തോന്നാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായിരുന്നു. * ഞാന്‍ അമ്മയോട് പറഞ്ഞു: 'ഞാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യന്റെ ശിഷ്യന് ശിഷ്യപ്പെടുവാന്‍ ഫേണ്‍ഹില്ലിലേക്ക് പോകുന്നു!' *മറുപടി വളരെ ലളിതമായിരുന്നു: 'അയ്യേ, ചോമ്മാരുടെ ആശ്രമത്തിലോ?'- ഗുരു നിത്യ ചൈതന്യ യതിയുടെ ദേഹവിയോഗത്തിന് ഇരുപത്തിമൂന്നാണ്ട് തികയുന്ന വേളയില്‍ സുഭാഷ് ചന്ദ്രന്റെ '50 ആത്മകഥകള്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള 'യതിമൂര്‍ച്ഛ' എന്ന അധ്യായം വായിക്കാം.
കുട്ടിക്കാലത്ത് യതി എന്നത് ഹിമാലയത്തിലെ ഒരു അമാനുഷസത്വത്തിന്റെ പേരായിരുന്നു. മൗണ്ട് എവറസ്റ്റിനെയും കൈലാസത്തെയും ചവിട്ടാന്‍ മോഹിച്ച ഒറ്റപ്പെട്ട പര്‍വതാരോഹകര്‍, മനുഷ്യപാദത്തെക്കാള്‍ പത്തിരട്ടിയോളം വിസ്തൃതിയുള്ള ചില കാല്പാടുകള്‍ കുഴമഞ്ഞില്‍ കണ്ട് നടുങ്ങി. മേലാസകലം രോമവും ആനയെക്കാള്‍ ഉയരവും കരടിയെക്കാള്‍ തടിമിടുക്കുമുള്ള ഒരജ്ഞാതസത്വം ദൂരെ ഹിമധാവള്യത്തിന്റെ പശ്ചാത്തലത്തില്‍ തെളിഞ്ഞുമായുന്നത് കണ്ടുവെന്ന് ചിലര്‍ ആണയിട്ടു. മൊബിഡിക്ക് എന്ന തിമിംഗിലത്തെ ഹെര്‍മന്‍ മെല്‍വില്‍ നിര്‍വചിക്കുന്നതുപോലെ, ജീവിതത്തിന്റെ കരഗതമാക്കാന്‍ കഴിയാത്ത മായികസത്തയായി (The ungraspable phantom of life) സാഹസികരായ പര്‍വതാരോഹകരെപ്പോലും അന്ധാളിപ്പിച്ച ഈ മനുഷ്യാകാര മരീചികയ്ക്കും ഒരു പേര്‍ ആവശ്യമായിരുന്നു. അങ്ങനെ യതി എന്ന വാക്ക്, മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത അജ്ഞാതനായ അമാനുഷനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടു.
വാനോളം, അല്ലെങ്കില്‍ ഹിമവാനോളമെങ്കിലും ഉയരത്തിലേക്ക് കയറിപ്പോകുന്ന ഏകാകിയായ മനുഷ്യന് യതിയെക്കുറിച്ചുള്ള ഭയം
ഒരുകണക്കിന് ഒരഭയമായി തോന്നുന്നുണ്ടാകുമെന്ന് ഞാന്‍ സങ്കല്പിക്കുന്നു. വിപരീതപദങ്ങള്‍ ഒരേയര്‍ഥത്തില്‍ ഒന്നാകാന്‍ തുടങ്ങുന്ന ഒരു ഉയരത്തില്‍വെച്ച് ഒരുവന്റെ മനസ്സ് അവനറിയാതെ സൃഷ്ടിക്കുന്ന ഏകാന്തഗംഭീരമായ ഇണയും തുണയുമാണത്. എതിരാളിയായൊരു കൂട്ടാളി.
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, കീഴടക്കാന്‍ പ്രലോഭിപ്പിക്കുന്ന ആധ്യാത്മിക ഗിരിശൃംഗങ്ങളുമായി ശരീരിയായ കേവലമനുഷ്യന്റെ ഭാവന ചെയ്യുന്ന രതിയുടെ സന്തതിയാണ് യതി. അതേ, യതിയെന്ന വാക്ക് സാഹസികനായ ആത്മാന്വേഷിയുടെ പ്രണയഭയത്തിന്റെ- പ്രാണഭയത്തിന്റെ അല്ല- പേരാകുന്നു.
കൗമാരത്തിന്റെ ദുര്‍ഘടമായ മലമടക്കുകളിലെവിടെയോ വെച്ച് രോമം നീണ്ട ഒരു സന്ന്യാസിയുടെ രൂപത്തില്‍ എന്നെയും യതി ഞെട്ടിച്ചിട്ടുണ്ട്. അന്നത്തെ ടീനേജറുമായി തട്ടിച്ചുനോക്കിയാല്‍ അമാനുഷന്‍തന്നെയായിരുന്നു അദ്ദേഹം. കേവലമനുഷ്യനെക്കാള്‍ ഉയരമുള്ളവന്‍. പര്‍വതസമാനമായ പുസ്തകങ്ങളുടെ ഹിമധാവള്യമാര്‍ന്ന താളുകളില്‍ ഇടയ്ക്ക് ഞെട്ടിത്തെളിയുന്ന പത്തിരട്ടി വലിപ്പമുള്ള ഒരു പാദമുദ്ര. അക്കാലങ്ങളില്‍ ഞാന്‍ ഒരിക്കലും കീഴടങ്ങിത്തരില്ലെന്ന് എനിക്കുതന്നെ ഉറപ്പുള്ള ചില മലമടക്കുകളിലൂടെ ഒറ്റയ്ക്കു കയറിക്കൊണ്ടിരിക്കുകയായിരുന്നു. കുട്ടിക്കാലത്ത് എന്നെ പീഡിപ്പിച്ച ആസ്മ, പര്‍വതങ്ങളുടെ ഉയരത്തിലേക്ക് ഓക്സിജന്‍ സിലിണ്ടറില്ലാതെ കയറിപ്പോയവന്റെ ശ്വാസംമുട്ടു മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പ്രായത്തിലെത്തിയിട്ടില്ലായിരുന്നു ഞാന്‍. അവധിയില്ലാതെ എന്ന ശരിയര്‍ഥത്തില്‍, നിരവധി തവണ ഹിമാലയം കീഴടക്കാന്‍ ഒരുമ്പെട്ടുകൊണ്ടേയിരുന്ന മലോറി എന്ന ആ പഴയ പര്‍വതാരോഹകനെ ചൊടിപ്പിക്കാന്‍ ആരോ ഉന്നയിച്ച ചോദ്യവും അതിനുള്ള ഉത്തരവും എന്റെ ജീവിതത്തിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു.
'എത്രവട്ടം തോറ്റിട്ടും വീണ്ടും വീണ്ടും അതിനെ കീഴടക്കാന്‍ പുറപ്പെടുന്നതെന്തിനാണ്?' മലോറിയോട് അവര്‍ ചോദിച്ചു.
'ബിക്കോസ് ഇറ്റീസ് ദേര്‍!' മല ചവിട്ടുന്നവന്റെ നിസ്സംഗമായ ചിരിയോടെ മലോറി പ്രതിവചിച്ചു.
എന്തുകൊണ്ടെന്നാല്‍, അതവിടെ ഉണ്ട്!
പതിനാറു വയസ്സുള്ള വിഷാദരോഗിയോട് അക്കാലത്തൊരു മനോരോഗ വിദഗ്ധന്‍ ചോദിച്ചതും അതുതന്നെ. നോക്കൂ, കളിച്ചു രസിച്ച് നടക്കേണ്ടുന്ന ഈ പ്രായത്തില്‍ എന്തിനാണ് ജീവിതത്തെക്കുറിച്ചോര്‍ത്ത് ഇങ്ങനെ ടെന്‍ഷനടിക്കുന്നത്? അതവിടെ ഉള്ളതുകൊണ്ട് എന്നായിരുന്നു എന്റെ ഉത്തരം. ആസ്വാദകര്‍ ആവശ്യമില്ലാത്ത, കാണികള്‍ സാധ്യമല്ലാത്ത, ഒരേയൊരു സര്‍ഗാത്മകത- പര്‍വതാരോഹണം! എന്നാല്‍ ഒരു ഡോക്ടറോട് വിശദീകരിക്കാന്‍ കഴിയാത്ത വേറെ ഒട്ടേറെ കാര്യങ്ങള്‍ക്കും എനിക്ക് ഉത്തരം വേണമായിരുന്നു. ആയിരം ചോദ്യങ്ങളുടെ മറ്റൊരു പ്രശ്നോപനിഷത്ത് അതിന് യോഗ്യനായ പിപ്പലാദനെ ലഭിക്കാതെ എന്റെ ദുര്‍ബലമായ ആത്മാവിനുള്ളില്‍ പാതിവഴിയില്‍ എഴുത്തുകാരനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു പുസ്തകംപോലെ വിഷണ്ണമായി കിടന്നു.
കൗമാരത്തിന്റെ അത്യധികമായ രതിചിന്തകള്‍ ആ പുസ്തകത്തിനുമേല്‍ പൊടിയും മാറാലയുംപോലെ ഒരു വികര്‍ഷണവലയം സൃഷ്ടിച്ചു.
ഒരു ഗുരുവിനെ കണ്ടെത്താനുള്ള മനുഷ്യജീവികളുടെ സ്വാഭാവികമായ ഉള്‍പ്രേരണയ്ക്ക് പിടികൊടുക്കാതെ മുന്നോട്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഫസ്റ്റ് ഗ്രൂപ്പും സെക്കന്‍ഡ് ഗ്രൂപ്പും ഒപ്പം പഠിച്ചു. എയിദര്‍ എ ഡോക്ടര്‍ ഓര്‍ ആന്‍ എന്‍ജിനീയര്‍ എന്ന അപകടകരമായ ഭ്രാന്ത് സ്വന്തം കുട്ടികളെക്കുറിച്ചുള്ള ഭാവിപ്രതീക്ഷയായി മലയാളിയുടെ മാതാപിതാക്കളെ ഗ്രസിക്കാന്‍ തുടങ്ങിയ ഘട്ടമായിരുന്നു അത്. എന്നാല്‍ എന്റെ കാര്യത്തില്‍ അത് സ്വന്തം തീരുമാനമായിരുന്നു. അഞ്ചാംവയസ്സില്‍ സുഭാഷ്ചന്ദ്രനെന്ന പേര് സ്വയം ഇട്ട ഒരു കുട്ടിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന മഹത്ത്വകാംക്ഷയായിരുന്നു ആ തീരുമാനത്തിനു പിന്നില്‍. എന്നാല്‍ ഡോക്ടറോ എന്‍ജിനീയറോ ആകണമെന്ന മോഹത്തോടെ അടുത്തിരിക്കുന്ന മറ്റു കുട്ടികള്‍ ഭൂമിയിലെ ഏറ്റവും സാധാരണക്കാരാണെന്ന് വൈകാതെ അവന്‍ തിരിച്ചറിഞ്ഞു. പാഠപുസ്തകത്തിനപ്പുറത്ത് ഒന്നും വായിച്ചിട്ടില്ലാത്തവര്‍. പ്രവേശനപ്പരീക്ഷകളുടെ തടിച്ച ഗൈഡുകള്‍ ചുമന്ന് വശംകെട്ടവര്‍. അക്കൂട്ടത്തിലിരുന്നപ്പോള്‍ അവന് ശ്വാസംമുട്ടി. പുറത്തു കടക്കാന്‍ സമ്മതിക്കാതെ തനിക്കുമേല്‍ പൊതിഞ്ഞുകൂടിയ ഒരു മനുഷ്യപ്പുറ്റാക്കി ആ പാവം സഹപാഠികളെ അവന്റെ വിലക്ഷണമനസ്സ് മാറ്റിക്കാണിച്ചു.
അതിനിന്ദ്യമായ ഈ ജീവിതത്തിന്റെ അര്‍ഥമെന്ത്? കോടിക്കണക്കിന് മനുഷ്യജീവികള്‍ പുളയ്ക്കുന്ന ഈ ഭൂമിയില്‍ എന്റെ ശരീരത്തിനുള്ളില്‍ എന്നെ ഒറ്റയ്ക്ക് കുടുക്കിയിട്ടുകൊണ്ട് ദൈവം ഉദ്ദേശിക്കുന്നതെന്ത്? ക്രൂരന്മാരായിരിക്കാനും വഞ്ചന ആസ്വദിക്കാനും സൃഷ്ടിക്കപ്പെട്ടവരെന്ന് സ്വയം കരുതുന്ന മനുഷ്യന്‍ അവന്റെ നിലനില്പിനായുള്ള യുദ്ധത്തില്‍ കരുണയുടെയും സ്നേഹത്തിന്റെയും കവചം അണിഞ്ഞ് നില്ക്കുന്നതിന്റെ സാംഗത്യമെന്ത്? മാറ്റിയെടുക്കാനാവാത്തതെന്ന് പൂര്‍ണബോധ്യമുള്ള ഒരു യാഥാര്‍ഥ്യത്തിനെതിരേ കുരിശുയുദ്ധം നയിച്ച് വിശുദ്ധമായ ഒരു അപഹാസ്യത ഒരാള്‍ നേടേണ്ടതുണ്ടോ? അസംബന്ധങ്ങളുടെ ഈ ഊരാക്കുടുക്കില്‍നിന്നുള്ള ഏക പോംവഴി ആത്മഹത്യയാണെന്നിരിക്കേ, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന അസംബന്ധം ഞാനും ഉരുവിടേണ്ടിവരുമോ? ആയിരക്കണക്കിന് സുന്ദരികളെ പ്രാപിക്കാന്‍ കൊതിക്കുന്ന ഒരു ദേഹത്തിനുള്ളിലിരുന്നുകൊണ്ട്, മറ്റുള്ളവരെക്കൊണ്ട് കൈചൂണ്ടി 'അതാ ഒരു മാന്യദേഹം' എന്ന് പറയിക്കുന്ന ഒരു ദേഹിയായി തുടരാന്‍ എനിക്കു സാധിക്കുമോ? മനുഷ്യമഹത്ത്വത്തിന്റെ മഹോന്നതശീര്‍ഷങ്ങള്‍ കീഴടക്കാന്‍ കൊതിക്കുന്ന എന്റെ ആത്മാവിനോട് ഒടുവില്‍ ഒരാള്‍ക്കൂട്ടം വന്ന് 'മഹത്ത്വമോ, അങ്ങനെയൊരു സംഗതി സാധ്യമല്ല!' എന്ന് പുലമ്പിയാല്‍ പിന്നെ എന്റെ ജീവിതത്തിന്റെ പ്രസക്തിയെന്തായിരിക്കും?
ചുരുക്കിപ്പറഞ്ഞാല്‍ ലൗകികജീവിതത്തോട് അങ്ങേയറ്റം ആസക്തനായ ഞാന്‍ ആധ്യാത്മികതയുമായി കലശലായ പ്രണയത്തിലുമായിരുന്നു. ദൈവത്തെ ഒളിച്ചുപ്രണയിക്കുന്ന ചെകുത്താന്‍! സത്യത്തിന്റെ ഈ ദ്വൈതസങ്കീര്‍ണത ഒന്നിനെയും ആസ്വദിക്കാന്‍ കഴിയാത്ത ഒരു മനോനിലയിലേക്ക് എന്നെ നിലംപതിപ്പിച്ചു. എനിക്ക് നൂറുകണക്കിനു മഹത്തായ സര്‍ഗാത്മകരചനകള്‍ നടത്തണമായിരുന്നു. എന്നാല്‍, അതിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യം അപ്പോള്‍ ആ തോന്നലിന്റെ വാലായി പ്രത്യക്ഷപ്പെട്ടു. എനിക്ക് ഒരു മഹര്‍ഷിയുടെ നിലയിലേക്ക് ഉയരണം. പക്ഷേ, ആ തലത്തില്‍നിന്നു നോക്കുമ്പോള്‍ ഏതു സര്‍ഗാത്മകശ്രമവും പാടേ അര്‍ഥശൂന്യമായി കാണപ്പെടുന്നു! ആ പ്രായത്തില്‍ ഒരുവനെ മനോരോഗിയാക്കാന്‍ ധാരാളം മതിയാകുന്ന ഒരു വിഷമസന്ധിയായിരുന്നു അത്. പരിപാലിക്കുന്ന വിഷ്ണുവിന്റെയും സംഹരിക്കുന്ന ശിവന്റെയും ഇടയില്‍ പെട്ടുപോയ ഒരു പാവം ബ്രഹ്‌മാവ്! ആത്മഹത്യ അവിടെ ബ്രഹ്‌മഹത്യകൂടിയാകുന്നു.
ഫസ്റ്റ്ഗ്രൂപ്പിന്റെ പരീക്ഷയ്ക്കിരിക്കാന്‍ എനിക്കായില്ല. സെക്കന്‍ഡ് ഗ്രൂപ്പിനാകട്ടെ കഷ്ടി ജയിക്കാനുള്ള മാര്‍ക്കുകളേ കിട്ടിയതുമുള്ളൂ. അതിന്റെ കടലാസുകളുമായി ആലുവാ അദ്വൈതാശ്രമത്തിന്റെ പുഴയിലേക്കുള്ള പടവുകളില്‍, പില്ക്കാലത്ത് ശാശ്വതീകാനന്ദയുടെ ജീവനെടുത്ത അതേ ആഴമില്ലാത്ത വെള്ളത്തിലേക്കു നോക്കി ഞാന്‍ ഏകാകിയായി ചെലവിട്ട നിമിഷങ്ങളെക്കുറിച്ച് ഓര്‍മക്കുറിപ്പുകളുടെ പുസ്തകങ്ങളില്‍ ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. ഹിമാലയം കീഴടക്കാന്‍ കഴിയാത്തവന്റെ മനസ്സിലേക്ക് മറ്റൊരു മല- ഫേണ്‍ഹില്‍- തെളിഞ്ഞുവന്നത് ആ സന്ധ്യകളിലൊന്നിലായിരുന്നു. സന്ന്യാസമാണ് എന്റെ അഭയം എന്ന്, യതിയാണ് എന്റെ ഭാവി എന്ന് തോന്നാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായിരുന്നു. നിത്യചൈതന്യയതിയുടെ അതുവരെയിറങ്ങിയ എല്ലാ പുസ്തകങ്ങളും വായിച്ചുകഴിഞ്ഞ പതിനാറുകാരനായിരുന്നു ഞാന്‍. ഡി.സി.ബുക്സ് പുറത്തിറക്കാന്‍ പോകുന്ന യതിയുടെ ഭഗവദ്ഗീതാസ്വാധ്യായം എന്ന ബൃഹദ്പുസ്തകത്തിന് അന്‍പതുരൂപവെച്ച് മാസഗഡു അടയ്ക്കുന്ന കാലം. കാലടിപ്പുഴയില്‍ വെച്ച് ശങ്കരനെ കടിച്ച മുതല, അതിനുതൊട്ടിപ്പുറമുള്ള ആലുവാപ്പുഴയുടെ കടവില്‍ എന്നേയും കടിക്കാന്‍ കാത്തുപതുങ്ങിക്കിടക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അമ്മയോട് പറഞ്ഞു: 'ഞാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യന്റെ ശിഷ്യന് ശിഷ്യപ്പെടുവാന്‍ ഫേണ്‍ഹില്ലിലേക്ക് പോകുന്നു!'
മറുപടി വളരെ ലളിതമായിരുന്നു: 'അയ്യേ, ചോമ്മാരുടെ ആശ്രമത്തിലോ?'

ആ നെറ്റിചുളിക്കലിലെ നെറികേട് അമ്മയുടേതല്ല, നമ്മുടെ കെട്ടകാലത്തിന്റേതാണെന്നു തിരിച്ചറിയാനുള്ള മുതിര്‍ച്ച എനിക്കുണ്ടായിരുന്നു. എന്നെ കടിച്ച മുതല ആ നിമിഷം പിടിവിട്ടു. എന്റെ തീരുമാനം ആ ഒരൊറ്റ ചോദ്യത്തില്‍ പൂര്‍ത്തിയായി. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്, എന്റെ ആത്മാവിനെ ഏറ്റെടുക്കാന്‍ കരഞ്ഞപേക്ഷിച്ചുകൊണ്ട് ഞാന്‍ ഫേണ്‍ഹില്ലിലേക്ക് ഒരു നെടുങ്കന്‍ കത്തെഴുതി. അതിന് കൂട്ടായി നിന്ന എന്റെ പ്രീഡിഗ്രിസുഹൃത്ത് രണ്‍ജിത്ത് ഓരോ ദിവസവും എന്നെ കാണുമ്പോള്‍ ചോദിച്ചുകൊണ്ടിരുന്നു: 'ഗുരുവിന്റെ മറുപടി വന്നോ?'
ഒടുവില്‍ അത് വരികതന്നെ ചെയ്തു. മറ്റാരുടെയോ കൈപ്പടയില്‍ ഗുരു പറഞ്ഞുകൊടുത്തെഴുതിച്ച, ഏറ്റവും താഴെ 'സ്വന്തം നിത്യ' എന്ന് ഗുരുതന്നെ കൈയൊപ്പിട്ട ഒരു ദീര്‍ഘമായ കത്ത്. ഇന്നിപ്പോള്‍ സാഹിത്യകാരന്‍ സുഭാഷ്ചന്ദ്രന്‍ എന്ന വിശേഷണത്തോടെ ജീവിക്കുന്ന ഈ ആത്മാവിന്റെ ആദ്യത്തെ ചവിട്ടുപടി ആ കത്തായിരുന്നു.
സാധാരണ മനുഷ്യരെക്കാള്‍ ഉയരെയും എന്നാല്‍ ഒരു ഋഷിയുടെ നിലയെക്കാള്‍ താഴേയുമാണ് സര്‍ഗാത്മകപരിശ്രമങ്ങളുടെ സ്ഥാനം എന്ന് എനിക്ക് ഏറ്റവും എളുതായി ബോധ്യമാക്കിത്തന്നു ആ എഴുത്ത്. 'ഋഷിയല്ലാത്തവന്‍ കവിയല്ല' എന്നു പറയും. പക്ഷേ, ഋഷിത്വത്തിന്റെ പൂര്‍ണതയില്‍ അര്‍ഥമുള്ള ഒരു കവിതയുമില്ല! ആ കത്തില്‍ ഒരിടത്ത് അദ്ദേഹം പിതാക്കന്മാരുടെ വാത്സല്യത്തോടെ എഴുതി:
'പ്രിയപ്പെട്ട കുട്ടീ, ഫിസിക്സും കെമിസ്ട്രിയും പഠിക്കാതെ രക്ഷപ്പെടാനാണ് നീ ഇങ്ങോട്ടു വന്ന് ആശ്രമവാസം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിനക്കു നിരാശനാകേണ്ടിവരും. കാരണം, സിലബസ്സിലുള്ളതിനെക്കാള്‍ ഗഹനമായ ശാസ്ത്രവിഷയങ്ങള്‍ നിനക്കിവിടെ പഠിക്കേണ്ടതായിവരാം. കൂടാതെ, സ്വന്തം വസ്ത്രം കഴുകല്‍, പരിസരശുചീകരണം തുടങ്ങി ഇതുവരെ നിനക്കു ചെയ്തു ശീലമില്ലാത്ത ജോലികളും ഉണ്ടാകും. നീ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ആളാണെങ്കില്‍, വൃഥാ വാഗ്വാദങ്ങള്‍ നടത്തി കലപിലകൂട്ടുകയില്ലെന്നുറപ്പുണ്ടെങ്കില്‍, ഏതാനും ദിവസത്തേക്ക് ഫേണ്‍ഹില്ലിലേക്ക് വരിക. ഏതാനും ദിവസത്തേക്കു മാത്രം.'
സന്ന്യാസത്തില്‍നിന്ന് പിന്തിരിപ്പിച്ചുകൊണ്ടും ഒരു സന്ന്യാസിക്ക് ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാനാവും എന്ന് യതി അന്ന് തെളിയിച്ചു. ഗുരുത്വം നിഷേധിച്ചുകൊണ്ട് ഒരു ശിഷ്യനെ സൃഷ്ടിക്കാനാവുമെന്ന്. പള്ളിപ്പുറത്ത് സുഭാഷ്ചന്ദ്രന്‍ എന്ന അകാലത്തില്‍ മരിച്ചുപോയ ഒരു കവിയെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ തനിക്ക് കത്തയയ്ക്കുമായിരുന്ന ഒരു രണ്ടാം സുഭാഷ്ചന്ദ്രനെക്കുറിച്ചും അദ്ദേഹം പറയാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹയാത്രികരില്‍ ചിലര്‍ എന്നോട് പില്ക്കാലത്ത് പറഞ്ഞു. ഞാനൊരിക്കലും ഫേണ്‍ഹില്ലിലേക്ക് പോവുകയോ അദ്ദേഹത്തെ ജീവനോടെ നേരില്‍ക്കാണുകയോ ഉണ്ടായില്ല. രണ്ടായിരം പിറക്കുന്നതു കാണാനിരിക്കാതെ അദ്ദേഹം മടങ്ങുമ്പോഴേക്കും അദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ ഞാന്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരനായിക്കഴിഞ്ഞിരുന്നു. എന്നാല്‍, ആ മരണത്തെക്കുറിച്ച് കുറിപ്പെഴുതാനോ, അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണയോഗങ്ങളില്‍ സംസാരിക്കാനോ ആയി ഞാന്‍ ശിക്ഷിക്കപ്പെട്ടില്ല. പകരം, ഒരു നൂറ്റാണ്ടുകാലത്തേക്കെങ്കിലും മലയാളി വായിക്കണമെന്ന ദുരയോടെ ഞാന്‍ സൃഷ്ടിച്ച മനുഷ്യന് ഒരാമുഖം എന്ന നോവലില്‍, പോയകാലത്തിലെ ഏറ്റവും പ്രധാന നിമിഷങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ജിതേന്ദ്രന്‍ തന്റെ പ്രിയതമയ്ക്കയയ്ക്കുന്ന പ്രണയലേഖനങ്ങളിലൊന്നില്‍, ആ വിയോഗത്തെ ഞാന്‍ എടുത്തുവെച്ചു. എന്റെ ആധ്യാത്മികഭോഗത്തിന്റെ മൂര്‍ച്ഛയായിരുന്നു യതിയുടെ സാന്നിധ്യം. ഒരു യതിമൂര്‍ച്ഛ.
മനുഷ്യന് ഒരാമുഖത്തിലെ ആറാം അധ്യായമായ 'ജാതിഭേദം' നിങ്ങള്‍ക്ക് ഇങ്ങനെ വായിച്ചുതുടങ്ങാം:
14 മെയ് 1999.
...ജ്ഞാനത്താല്‍ മലയാളിയെ നയിക്കാന്‍ കെല്പുണ്ടായിരുന്ന അവസാനത്തെ ഗുരുവും ഇന്ന് ഭൂമി വിട്ടുപോയിരിക്കുന്നു. ഞാന്‍ ഒരിക്കലും ഫേണ്‍ഹില്ലില്‍ പോയിട്ടില്ല. എന്നാലും കൗമാരത്തില്‍ തച്ചനക്കരയിലെ വിജ്ഞാനപോഷിണി വായനശാലയില്‍ പോയി ഞാന്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും വായിച്ചിരുന്നു. ജ്ഞാനത്തിന്റെ നിത്യചൈതന്യം എന്ന് ഡയറിയില്‍ എഴുതിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് വാതിലില്‍ മുട്ടുന്നതു കേട്ടുകൊണ്ട് അദ്ദേഹം മറഞ്ഞു. നീ വിശ്വസിക്കുമോ? ഈ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലും തച്ചനക്കരയില്‍ ചെറിയ മനുഷ്യര്‍ക്ക് ക്ഷാമമില്ല. അന്നൊരിക്കല്‍ ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഞാന്‍ തുടര്‍ച്ചയായി എടുത്തുവായിക്കുന്നത് ശ്രദ്ധിച്ച എന്റെയൊരു ബന്ധു മരണത്തെക്കാള്‍ തണുത്ത ശബ്ദത്തില്‍ എന്നോടു പറഞ്ഞു: 'എത്രയെഴുതീട്ടെന്താ? നമ്മുടെ ചിന്മയാനന്ദന്റെ ഏഴയലക്കത്ത് വരുമോ ഇയാള്‍?'
നമ്മുടെ ചിന്മയാനന്ദന്‍!
ആരാണീ നമ്മള്‍?
Content Highlights: Guru Nithya Chaithanya Yathi, Subhashchandran, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..