ജോണ്‍ ചാരായക്കടയിലേക്കു നടക്കുന്നു, അവനു കാവലാള്‍ ഞാനല്ല ദൈവമേ...


പ്രൊഫ. ശോഭീന്ദ്രന്‍

ഞാനതു തുറന്നുനോക്കി. നൂറിന്റെ എട്ടു നോട്ടുകളുണ്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് ഇനി ഇതു മതിയല്ലോ. ഞാന്‍ മനസ്സില്‍ വിചാരിച്ചു. ജോണിനോടു ചോദിച്ചു 'ഇനി ചിത്രാഞ്ജലിയിലേക്കല്ലേ.'

പുസ്തകത്തിന്റെ കവർ

ന്ത്യന്‍ സിനിമയിലെ മലയാളത്തിന്റെ പ്രതീക്ഷ- ജോണ്‍ എബ്രഹാം. ജീവിതം ജീവിതമായിത്തന്നെ കൊണ്ടാടിയ മനുഷ്യന്‍. ജോണ്‍ തന്റെ സാന്നിധ്യമറിയിച്ചിടത്തെല്ലാം അയാള്‍ അടയാളങ്ങളായി. ജോണ്‍ എന്ന മനുഷ്യനെയും കൊണ്ട് സിനിമയുടെയും സംസ്‌കാരത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതിഭാത്വത്തിന്റെയും നിമിഷങ്ങള്‍ കിലോമീറ്ററുകളോളം താണ്ടിയ മറ്റൊരു മനുഷ്യനാണ് പ്രൊഫസര്‍ ശോഭീന്ദ്രന്‍. ഈ രണ്ടുമനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ മനസ്സുകാണിച്ച മൂന്നാമതൊരാളായി ശോഭിമാഷുടെ മോട്ടോര്‍ സൈക്കിളും മാറുമ്പോള്‍ യാത്രകള്‍ പുസ്തകമായി പരിണമിക്കുന്നു. പ്രൊഫസര്‍ ശോഭീന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഓര്‍മക്കുറിപ്പുകള്‍ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകം ജോണ്‍ എബ്രഹാം എന്ന നിഷ്‌കളങ്കനായ മനുഷ്യനെ വീണ്ടും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ഒരു ദിവസം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ സുഹൃത്തുക്കള്‍ വന്ന് ജോണിനോടു പറഞ്ഞു: 'ജോണിന്റെ ഒരഭിമുഖം വേണം.'
ജോണ്‍ പറഞ്ഞു: 'ആവാലോ. എപ്പൊഴാ വേണ്ടത്?'
അവര്‍ ഒരു തീയതി കുറിച്ചുകൊടുത്തു.
'വണ്ടി അയയ്ക്കണോ അല്ലെങ്കില്‍ ജോണവിടെ എത്തുമോ?'
ജോണ്‍ എന്നെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു:
'വണ്ടി വേണ്ട. ഞാന്‍ മാഷിന്റെ ബൈക്കില്‍ വന്നോളാം.'
പോകുന്നതിനു മുന്‍പ് അവരെന്നോടു പറഞ്ഞു:
'മാഷ് ഒന്ന് ഓര്‍മിപ്പിച്ചേക്കണേ.' കൈകൊടുത്തു പിരിയുമ്പോള്‍ ഞാന്‍ അവര്‍ക്ക് ഉറപ്പുകൊടുത്തു, 'ഞങ്ങള്‍ അവിടെ എത്തിക്കോളും.'
ഇന്റര്‍വ്യൂദിവസം രാവിലെ ഞാന്‍ പറഞ്ഞു: 'കേരളത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ ടിവിയിലൂടെ ജോണിനെ കാണുന്നതാണ്. കുറച്ചൊരു ഭംഗിയില്‍ പോണം.'
ജോണ്‍ പച്ചഷര്‍ട്ടിട്ടു. വിരലുകള്‍കൊണ്ട് മുടിയൊന്നു വകഞ്ഞൊതുക്കി. രണ്ടു കൈപ്പത്തികളും ചേര്‍ത്തു മുഖത്തുനിന്ന് താടിയിലേക്ക് ഒന്നുഴിഞ്ഞു. കണ്ണാടിയില്‍ നോക്കി ഒന്നു തിരിഞ്ഞുനിന്നുകൊണ്ട്
എന്നോടു ചോദിച്ചു:
'കൊള്ളാമോ?'

എനിക്കു ചിരിവന്നു. ഞാന്‍ പറഞ്ഞു: 'കൊള്ളാം. എന്നത്തെയുംപോലെ ഇന്നും കൊള്ളാം.'
അപ്പറഞ്ഞതു കേട്ട് ജോണിനും ചിരി വന്നു. മേശപ്പുറത്തു വെച്ചിരുന്ന പൗഡര്‍ ടിന്‍ കൈയിലെടുത്ത് ഒരു തട്ട്. അതു പിന്നെ വാരി മുഖത്തു തേച്ചു.
'ഇപ്പോഴോ?'
'ഇപ്പോള്‍ ഇത്തിരി വ്യത്യാസം വന്നിട്ടുണ്ട്.'
താടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൗഡര്‍ തോര്‍ത്തുകൊണ്ട് തുടച്ചുകൊടുത്തു. ഞങ്ങള്‍ ചിത്രാഞ്ജലി സ്റ്റുഡിയോ ഹോസ്റ്റലില്‍നിന്നിറങ്ങി.
ബൈക്ക് കുടപ്പനക്കുന്നിലേക്കു പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ കാന്റീനില്‍നിന്ന് പ്രഭാതഭക്ഷണം. രാവിലെ ഒരു കാലിച്ചായ കുടിച്ചതല്ലാതെ ഞങ്ങളൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ദൂരദര്‍ശന്റെ സ്വീകരണമുറിയില്‍ പിന്നെയും ഞങ്ങളിരുന്നു. നീണ്ടുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. കാലങ്ങള്‍ക്കിപ്പുറം കുറച്ചു നല്ല സിനിമകള്‍ നല്കി മലയാളത്തെ അനുഗ്രഹിച്ച ഇന്നത്തെ ശ്യാമപ്രസാദിന്റെ ചെറുപ്രായമായിരുന്നു അത്.
ശ്യാമപ്രസാദുമായി തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍വെച്ച് എനിക്കു പരിചയമുണ്ട്. ഒരു മാസക്കാലത്തെ തിയേറ്റര്‍ പ്രാക്ടീസ് കോഴ്‌സിനു ചെന്ന സമയത്തുള്ള ശ്യാം അന്നവിടത്ത ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു.

കണ്ടയുടനെ മാഷേ എന്നു വിളിച്ച് ശ്യാമപ്രസാദ് സ്‌നേഹം പ്രകടിപ്പിച്ചു. പിന്നീട് ജോണിനോടായി പറഞ്ഞു:
'ജോണേട്ടാ, നമുക്ക് അഭിമുഖം സ്റ്റുഡിയോയ്ക്കു പുറത്തുവെച്ചാക്കാം.'
അവര്‍ അഭിമുഖത്തിന്റെ പശ്ചാത്തലം നേരത്തെത്തന്നെ കണ്ടുവെച്ചിരുന്നു. ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മണ്ണുമാന്തിയന്ത്രങ്ങള്‍കൊണ്ട് റോഡുണ്ടാക്കിയ സമയമായിരുന്നു അത്. അതിന്റെ യന്ത്രനഖക്ഷതങ്ങളേറ്റുവാങ്ങിയ മണ്മതിലുകളുടെ പശ്ചാത്തലത്തില്‍ ജോണും ശ്യാമപ്രസാദും മുഖാമുഖമിരുന്നു.
ക്യാമറകള്‍ റോള്‍ ചെയ്തു.
ജോണ്‍ വാക്കുകളുടെ തീവണ്ടി കയറി പുണെയിലേക്കു പോയി.

എല്‍.ഐ.സിയിലെ ജോലിയുപേക്ഷിച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍. പിന്നെ ആദ്യത്തെ ചിത്രം. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍. മറ്റു സിനിമകളിലേക്ക്. സിനിമയെന്ന കലാരൂപത്തിന്റെ ആവിഷ്‌കരണപരമായ സാധ്യതകളും പുതുമകളും വീക്ഷണങ്ങളും നിറഞ്ഞ വഴികളിലൂടെ ജോണും ശ്യാമും മണിക്കൂറുകളോളം കടന്നുപോയി. അമ്മ അറിയാന്‍ പ്യൂപ്പയ്ക്കുള്ളില്‍ ഒരു ചിത്രശലഭമായി പുറത്തുവരുന്നതിന്റെ പ്രതീക്ഷാനിര്‍ഭരത. അഭിമുഖം കഴിഞ്ഞു പിരിയുമ്പോള്‍ സുഹൃത്തുക്കള്‍ ജോണിന്റെ കൈയില്‍ ഒരു കവര്‍ കൊടുത്തു.
ജോണ്‍ ചോദിച്ചു. 'ഇതെന്താ?'
അവര്‍ പറഞ്ഞു: 'ചെക്കാണ്. ബാങ്കില്‍നിന്ന് മാറിയാല്‍ മതി.'
ജോണതു തിരിച്ചും മറിച്ചും നോക്കി.

തനിക്കാരും ഇതുവരെയും ഒരു ചെക്ക് തന്നിട്ടില്ല എന്ന് ജോണ്‍ പറയുന്നു. ആ കവര്‍ അവര്‍ക്കുതന്നെ തിരിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു:
'ജീവിതത്തില്‍ ഇതുവരെയും സ്വന്തമായി ഒരെക്കൗണ്ടില്ലാത്തവനാണ് ഞാന്‍. എനിക്ക് ഇതുകൊണ്ട് ഒരുപകാരവുമില്ല. ഇത് നിങ്ങള്‍തന്നെ വെച്ചോ.'
സുഹൃത്തുക്കള്‍ അപ്പോള്‍ത്തന്നെ അവിടത്തെ അക്കൗണ്ട്‌സ് സെക്ഷനുമായി ബന്ധപ്പെട്ട് പണമടങ്ങിയ ഒരു കവറുമായി തിരിച്ചുവന്ന് ജോണിന്റെ കൈയില്‍ ഏല്പിച്ചു. ബൈക്കില്‍ ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ജോണ്‍ പറഞ്ഞു:
'പെട്രോള്‍ പമ്പിലേക്ക് വിട്.
നമുക്കാദ്യം ബൈക്കിന്റെ ടാങ്ക് നിറയ്ക്കാം.'

പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ജോണ്‍ കവറ് എന്റെ കൈയില്‍ തന്നു. എന്നിട്ട് പറഞ്ഞു:
'ഇത് മാഷുടെ പോക്കറ്റില്‍ വെക്ക്.'
ഞാനതു തുറന്നുനോക്കി. നൂറിന്റെ എട്ടു നോട്ടുകളുണ്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് ഇനി ഇതു മതിയല്ലോ. ഞാന്‍ മനസ്സില്‍ വിചാരിച്ചു. ജോണിനോടു ചോദിച്ചു 'ഇനി ചിത്രാഞ്ജലിയിലേക്കല്ലേ.'
ജോണ്‍ പറഞ്ഞു: 'അല്ല. ഏറ്റവും മുന്തിയ ഒരു ബാറിലേക്കാണ് നമ്മള്‍ പോവുന്നത്.'
ജോണ്‍ സാധാരണ പറയാത്ത കാര്യമാണ്. മുന്തിയതൊന്നും ജോണിന് അത്ര പഥ്യമല്ല. സാധാരണ അതൊഴിവാക്കാന്‍ എപ്പോഴും ശ്രമിക്കാറുള്ളതാണ്. ഇത്രയും പണം കൈയില്‍ കിട്ടിയ സന്തോഷം ചിലപ്പോള്‍ മനുഷ്യരുടെ ചിന്തയില്‍ ചില പരിണാമങ്ങള്‍ വരുത്തുന്നുണ്ടായിരിക്കണം. അങ്ങനെ ചിന്തിച്ചിരിക്കെ ഞങ്ങള്‍ ബാറിലെത്തി.
ജോണ്‍ ഏതോ ഒരു ബ്രാന്‍ഡിന്റെ പേരു പറഞ്ഞു.

മനോഹരമായ വടിവുകളോടുകൂടിയ ചില്ലു ഗ്ലാസ് ചുണ്ടോടു ചേര്‍ത്തു. അതു നുണയുന്നതിനിടയില്‍ എന്നോട് ഇപ്രകാരം പറഞ്ഞു: 'മാഷ് നല്ല തണുത്ത ഡിംപിള്‍ കഴിച്ചോളൂ.' മധുരം നുരയുന്ന ഒരു തണുത്ത ഗ്ലാസ് ജോണിന്റെ ഓര്‍ഡറില്‍ മേശമേല്‍ വന്നു. ഞാന്‍ അതും നുണഞ്ഞിരുന്നു.
കൗണ്ടറില്‍ ബില്ലടയ്ക്കുന്നതിനിടയില്‍ ജോണ്‍ ഓര്‍മിപ്പിച്ചു.
'മാഷേ, ബാക്കിയുള്ള നൂറിന്റെ നോട്ടുകളുടെ ചില്ലറകള്‍ വേണം, പത്തു രൂപയുടെ.'
മാനേജര്‍ പരതിയെടുത്ത് എങ്ങനെയോ പത്തു രൂപകളുടെ ചില്ലറകള്‍ മുഴുമിപ്പിച്ചുതന്നു. ജോണ്‍ ആ ചില്ലറകള്‍ എന്റെ കൈയില്‍നിന്നും വാങ്ങി. ഞാന്‍ മനസ്സില്‍ക്കരുതി, പത്തു രൂപയുടെ ചില്ലറകള്‍ എന്തിനായിരിക്കും. ഒരുപക്ഷേ, ഓരോ നേരവും ചാരായം കുടിക്കാനായിരിക്കും. ഒരുകണക്കിന് അതു നന്നായി. കുറച്ചു ദിവസത്തേക്കെങ്കിലും ഇനി ആരുടെ മുന്നിലും കൈനീട്ടണ്ടല്ലോ. ജോണ്‍ മുന്നോട്ടേക്കുള്ള വഴി പറഞ്ഞുതരുന്നു. ഒരിടത്തെത്തിയപ്പോള്‍ പറഞ്ഞു: 'മാഷേ, ഇവിടെ നിര്‍ത്ത്വാ.'

ജോണിറങ്ങി തെരുവിലേക്കു നടക്കുന്നു.
വഴിയരികില്‍ വെയില്‍ച്ചൂടില്‍ ഭിക്ഷാപാത്രങ്ങള്‍ നീട്ടിനില്ക്കുന്നവരുടെ അടുത്തേക്കു ചെല്ലുന്നു. അവരോടു ചിരിക്കുന്നു. എന്തോ പറയുന്നു. കൈയില്‍നിന്ന് പത്തു രൂപയുടെ നോട്ടുകളെടുത്ത് അവര്‍ക്കു കൊടുക്കുന്നു. തികഞ്ഞ നിര്‍വൃതിയോടെ തിരിച്ചുവരുന്നു. ഞാന്‍ പുതിയൊരു ജോണിനെ കാണുന്നു. ജോണിന് ഇനിയും കണ്ടെത്താത്ത ഒരുപാടു മുഖങ്ങളുണ്ടെന്ന് എനിക്കു തോന്നി. സാഹചര്യങ്ങളില്‍നിന്ന് ജോണ്‍ തന്റെ ആത്മസത്തയെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇതുവരെ ഇരന്നുനടന്നവന്‍. ഇന്ന് ഇരക്കുന്നവരുടെ അടുത്തേക്ക് ഒരു കുബേരനെപ്പോലെ നടക്കുന്നു.
ബൈക്കിലിരിക്കുമ്പോള്‍ എന്നോടു പറഞ്ഞു: 'വാ കീറിയ ദൈവം ഇര കൊടുക്കും എന്നു കേട്ടിട്ടില്ലേ?'
ഞാന്‍ പറഞ്ഞു: 'കേട്ടിട്ടുണ്ട്.'

Book cover
പുസ്തകം വാങ്ങാം

ജോണ്‍ വിശദീകരിക്കുന്നു.
'അതു സത്യമാണ്. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും വിശക്കാതെ ജീവിക്കാനുള്ളതെല്ലാം ഈ മണ്ണിലുണ്ട്. പക്ഷേ, ഒരാളുടെ ആര്‍ത്തിയെപ്പോലും തൃപ്തിപ്പെടുത്താനുള്ളതൊന്നും ഇവിടെ ഇല്ല.'
ഞാന്‍ പറഞ്ഞു: 'അതു കൊള്ളാലോ.'
ജോണ്‍ പൊട്ടിച്ചിരിച്ചു.
'ഞാന്‍ പറഞ്ഞതല്ല. ഗാന്ധിജി പറഞ്ഞതാണ്.'
ഞാന്‍ പറഞ്ഞു: 'ഗാന്ധിജിക്ക് കൃത്യവും മാനുഷികവുമായ ഒരു സാമ്പത്തികവീക്ഷണമുണ്ട്.'
ഇതിനിടയില്‍ ഞാന്‍ ചോദിച്ചു. 'ഇനി ചിത്രാഞ്ജലിയിലേക്കു പോകാം അല്ലേ? ഉച്ചയ്ക്ക് എത്തിച്ചേരാമെന്ന് അമ്മദിനോടു പറഞ്ഞിട്ടുണ്ട്. ബീന എഡിറ്റിങ്ങിനു കാത്തുനില്ക്കും,' ഇങ്ങനെ രണ്ടുമൂന്നു കാര്യങ്ങള്‍ ഞാന്‍ ഓര്‍മിപ്പിച്ചു.

'അതെ, നമുക്ക് വേഗം പോകാം. ഒന്നുരണ്ടു സ്ഥലങ്ങള്‍കൂടിയുണ്ട്.'
അമ്പലത്തിന്റെ പരിസരത്തെത്തിയപ്പോള്‍ മരച്ചുവട്ടിലിരുന്ന കൈനോട്ടക്കാരിയും ആലംബഹീനരും വൃദ്ധരുമായ മനുഷ്യരുടെ അടുത്തേക്കുകൂടി ജോണ്‍ ചെന്നു. പത്തുരൂപാനോട്ടുകള്‍ ഓരോരുത്തരുടെയും കൈയില്‍ വെച്ചുകൊടുത്തു. തത്തയെ കൂട്ടിലടച്ച് ഭാവി പറയുന്ന മൂക്കുത്തിയണിഞ്ഞ ഒരമ്മ. ഉച്ചഭക്ഷണത്തിനുള്ള വകയും ഭാഗ്യവും തേടി ആരെയോ കാത്തിരിക്കുകയായിരുന്നോ? ജോണ്‍ അവര്‍ക്കും പത്തു രൂപയുടെ നോട്ടു കൊടുത്തു.
അവര്‍ ജോണിനെ ഒന്നനുഗ്രഹിച്ചു: 'മോനേ, നീ നന്നായി വരും.'
ജോണ്‍ അവരുടെ കാല്പാദങ്ങളില്‍ തൊട്ടു വന്ദിച്ചു.

യാത്ര തുടരുമ്പോള്‍ ജോണ്‍ പറഞ്ഞു:
'ആ അമ്മ ഞാന്‍ നന്നായി വരും എന്നു പറഞ്ഞു. നന്നായാലും നന്നായാലും ഇത്ര എന്നില്ലേ. അല്ലേ?'
ജോണ്‍ സ്വയം ചിരിക്കുന്നു. ചിരിക്കു ശേഷം പറഞ്ഞു: 'ഇതൊക്കെയും നമ്മുടെ നാട്ടിലെ അമ്മമാരാണ്. നമ്മുടെ അച്ഛനമ്മമാര്‍. നമ്മുടെ സഹോദരങ്ങള്‍. വീടും കൂടുമില്ലാതെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങളും പേറി വഴിവക്കുകളില്‍ ഇതുപോലെ അശരണരായിരുന്ന് എന്നും ആരെയൊക്കെയോ കാത്തിരിക്കുന്നു. ചില ദിവസങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും കൊടുക്കും. ചില ദിവസങ്ങളില്‍ ഒന്നും കിട്ടുന്നുമുണ്ടാവില്ല. ജീവിതത്തില്‍ സന്തോഷമെന്തെന്നറിയാതെ ഒരു ദിവസം അവശരായി മരിച്ചുപോകുന്നു. മരണത്തിന്റെ ശാന്തിക്കു മുന്നിലെ ജീവിതം എത്രമാത്രം വേദനകള്‍ നിറഞ്ഞതാണ്.'
ഞാന്‍ തത്ത്വചിന്തകനായ ജോണിനെ കേള്‍ക്കുന്നു.

അമ്മ അറിയാന്‍, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നീ സിനിമകളിലൂടെ അധികാരത്തിന്റെ പുറത്ത് താഴേത്തട്ടില്‍ നില്ക്കുന്ന മനുഷ്യനേറ്റുവാങ്ങുന്ന വേദനയും രോഷവും അതിജീവനശ്രമവുമാണ് ജോണ്‍ അവതരിപ്പിക്കുന്നതെന്ന് ഞാനോര്‍ത്തു.
പള്ളിവളപ്പിലിരിക്കുന്ന ചിരി മാഞ്ഞുപോയ മനുഷ്യരുടെ അടുത്തേക്കും ജോണ്‍ ചെന്നു.
ബാക്കിയുള്ള പത്തു രൂപയുടെ നോട്ടുകള്‍ കൊടുത്തുതീര്‍ന്നതോടെ ജോണ്‍ ആത്മനിര്‍വൃതിയോടെ മടങ്ങി. ഉള്ളവന്റെ കൈയിലെ പണം ഒന്നുമില്ലാത്തവന്റെ കൈയിലാണ് ആദ്യം എത്തേണ്ടത്. എന്നാലേ പണംകൊണ്ട് ഈ ലോകത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകൂ.

ഒരു സാമ്പത്തികശാസ്ത്രം പ്രൊഫസറെ ജോണ്‍ പുതിയൊരു സാമ്പത്തികശാസ്ത്രം പഠിപ്പിച്ചുതരുന്നു.
'മാഷിനറിയുമോ, ഇവരൊക്കെയും എന്നും അന്തിയുറങ്ങുന്നത് ഇതേ തെരുവുകളിലാണ്. മഞ്ഞിലും മഴയിലും ചൂടിലും അവര്‍ ഈ തെരുവില്‍ സുഖമായി കിടന്നുറങ്ങുന്നു. അതൊരു വല്ലാത്ത സുഖംതന്നെയാണ്. മാഷിനതറിയുമോ?'
'ഇടത്താവളങ്ങളില്ലാത്ത യാത്രകളില്‍, മുറികള്‍ തുറന്നുതരാനില്ലാത്ത നീണ്ട യാത്രകള്‍ക്കിടയില്‍ അങ്ങനെ നമ്മള്‍ പലപ്പോഴും ഉറങ്ങിയിട്ടുണ്ടല്ലോ.'
ജോണ്‍ ചിരിച്ചു. ഒരു സംഭവം വിവരിച്ചു: 'ഒരു രാത്രിയില്‍ മന്ത്രിമന്ദിരങ്ങള്‍ക്കടുത്തുള്ള ഒരു തെരുവില്‍ കുറെപ്പേര്‍ക്കിടയില്‍ ഞാനും ഉറങ്ങുകയായിരുന്നു. തമിഴന്മാരും ഭിക്ഷക്കാരും അമ്മമാരും കുട്ടികളുമൊക്ക അക്കൂട്ടത്തിലുണ്ടായിരുന്നു. അര്‍ധരാത്രിയിലാവണം, പോലീസുകാര്‍ വന്നു. ഉറങ്ങുന്നവരെ പൊതിരേ തല്ലി. എല്ലാവരെയും അവിടെനിന്നും കണ്ണെത്താദൂരത്തോളം ഓടിച്ചു. അവര്‍ ചോദിച്ചത് തെണ്ടികളേ, നിങ്ങള്‍ക്ക് വേറെ സ്ഥലമൊന്നുമില്ലേ എന്നാണ്. തെണ്ടി എന്ന പദം മനുഷ്യവംശത്തിന്റെ ആദ്യത്തെയും അവസാനത്തെയും നിയോഗമാണെന്ന് ഈ തെണ്ടികള്‍ക്കറിയില്ലല്ലോ.'

ജോണ്‍ പൊട്ടിച്ചിരിച്ചു. അതൊരു സാധാരണചിരിയായിരുന്നില്ല. ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവെച്ച ഒരു ശബ്ദസാഗരമായി ഇപ്പോഴും അതു മനസ്സില്‍ മുഴങ്ങുന്നു.
ചിത്രാഞ്ജലിയിലെ അന്നത്തെ പണികള്‍ക്കിടെ സന്ധ്യാനേരത്തോടടുത്തപ്പോള്‍ ജോണ്‍ എന്റെ അടുത്തേക്കു വന്നു ചോദിച്ചു. 'മാഷേ, ഒരു പത്തു രൂപ താ.'
ജോണിന്റെ മുഖത്ത് ഒരു ജാള്യതയുമുണ്ടായിരുന്നില്ല.
ഞാന്‍ പത്തു രൂപ എടുത്തുകൊടുത്തു.
'മാഷും എന്റെ കൂടെ വരൂ' എന്നായി.
ഞാന്‍ ബൈക്കെടുത്ത് ജോണിന്റെ കൂടെച്ചെന്നു.

ജോണ്‍ ചാരായക്കടയിലേക്കു നടക്കുന്നു.
പടിഞ്ഞാറന്‍കടലിലേക്കു ചായുന്ന കുങ്കുമസൂര്യനെപ്പോലെ ജോണ്‍ ചാരായത്തിന്റെ സ്ഫടികജലത്തിലേക്ക് ഇതാ അസ്തമിക്കാന്‍ പോകുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഞാനോര്‍ത്തു:
ഇവനെ ഞാനറിയുന്നില്ല ദൈവമേ
ഇവനു കാവലാള്‍ ഞാനല്ല ദൈവമേ.

Content Highlights : Excerpt from motor cycle diaries johninoppam prof shobheendran mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented