എസ്. ഗോപാലകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഗാന്ധി ഒരു അര്‍ഥ നഗ്നവായന' എന്ന പുസ്തകം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ വീക്ഷണവും വിശകലനവുമാണ് നല്‍കുന്നത്. പുസ്തകത്തിൽ നിന്ന് ഒരു ഭാഗം വായിക്കാം.  

ര്‍ഫാനെ ഞാന്‍ എന്നുമെന്നോണം കാണാറുണ്ടെങ്കിലും അയാള്‍ എന്നെ ഒരിക്കല്‍പ്പോലും തലയുയര്‍ത്തി ഒന്നു നോക്കിയിട്ടില്ല. തന്നെക്കാള്‍ ഉയരമുള്ള മുളങ്കോല്‍ച്ചൂലുമായി അയാള്‍ നിരത്തു വൃത്തിയാക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നീളന്‍ നടവടിയൂന്നി നടക്കുന്ന പ്രശസ്ത ഗാന്ധിശില്പം ഓര്‍മയില്‍ വരാറുണ്ട്. ആരോടെങ്കിലും ഇര്‍ഫാന്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന നിരത്തിനു മൂന്നു വഴിയപ്പുറമുള്ള ക്രോസ് റോഡാണ് അയാള്‍ വൃത്തിയാക്കുന്നത്. എന്തും വരട്ടെയെന്ന് കരുതി കഴിഞ്ഞ ദിവസം ഞാന്‍ അയാളുടെ അടുത്തു ചെന്ന് ചോദിച്ചു: 'പേരെന്താണ്?'
മാര്‍ച്ചുമാസം പൊഴിക്കുന്ന ഇലകള്‍ തൂത്താലും തൂത്താലും തീരില്ല. അതിന്റെ മനംമടുപ്പ് അയാളുടെ മുഖത്തും ആംഗികചലനങ്ങളിലുമുണ്ട്. പ്രത്യേകിച്ച് ഒരു മമതയുമില്ലാതെ അയാള്‍ മറുപടി പറഞ്ഞു: 'ഇര്‍ഫാന്‍'. 

ഞാന്‍ പറഞ്ഞു: 'നമ്മുടെ വഴിയില്‍ തൂത്തുകൂട്ടിയ ഇലകള്‍ മൂന്നു ദിവസങ്ങളായി കുന്നുകൂടിക്കിടക്കുന്നു. ആരും എടുത്തുകൊണ്ട് പോകുന്നില്ല.' 
നിലയ്ക്കാതെ പെയ്തുകൊണ്ടിരിക്കുന്ന ഇലകളെ തൂത്തുവാരിക്കൊണ്ട് ഇര്‍ഫാന്‍ പറഞ്ഞു, അയാള്‍ ഏറ്റവും വെറുക്കുന്ന മാസം ഇലപൊഴിയും കാലമാണെന്ന്. കൊച്ചുകുട്ടിയുള്ള വീടു വൃത്തിയാക്കുന്നതുപോലെയാണ് ഇലപൊഴിയും കാലത്ത് നിരത്തു വൃത്തിയാക്കുന്നത്. ഒരു നിവൃത്തിയുള്ള വൃത്തിയല്ല അത്. അയാള്‍ ചൂല് ഇലപൊഴിയുന്ന ആല്‍മരത്തില്‍ ചാരിവെച്ചു. ചെവിമടക്കില്‍ തിരുകിയിരുന്ന ബീഡിയെടുത്ത് തിരികൊളുത്തി തണുത്ത കാറ്റില്‍ മടിച്ചുമടിച്ചു പുകഞ്ഞു. 'ഇല തൂത്ത് ഒതുക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. അതു കൊണ്ടുപോകാന്‍ വണ്ടി വന്നില്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യാനാണ്?' ഇര്‍ഫാന്‍ പറഞ്ഞു.
 
കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇര്‍ഫാനെ ഞാന്‍ കാണുന്നതാണ്. അയാളെ ശ്രദ്ധിക്കാനുള്ള കാരണം, ആ ഉയരവും വേഷപ്രകൃതിയും മുളവടിയിലെ ചൂല്‍ പിടിക്കുന്ന രീതിയും കണ്ടുശീലിച്ച ഗാന്ധിപ്രതിമയെ ഓര്‍മിപ്പിക്കുന്നുവെന്നതാണ്. സമയം രാവിലെ ഏഴുമണിയായതുകൊണ്ടും തണുപ്പ് പതിമൂന്നു ഡിഗ്രിയായതുകൊണ്ടും ചായ കുടിക്കാനുള്ള എന്റെ ക്ഷണം ഇര്‍ഫാന്‍ സ്വീകരിച്ചു. തൊട്ടടുത്തുള്ള പാര്‍ക്കിനരികിലേക്കു ചേര്‍ന്ന പാല്‍ക്കടയില്‍ ഞങ്ങള്‍ രണ്ടു ചായയ്ക്കു പറഞ്ഞിട്ട് ആല്‍ത്തറയില്‍ ഇരുന്നു. 
ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'നിങ്ങള്‍ക്ക് ഗാന്ധിപ്രതിമയുട ഛായയുണ്ട്.'

സ്‌ത്രൈണത കലര്‍ന്ന ശബ്ദത്തില്‍ അയാള്‍ തൊഴിലിലെ മടുപ്പ് വീണ്ടും പ്രകടിപ്പിച്ചു. 'ഗാന്ധിപ്രതിമയ്ക്കു തൂത്തുവാരണ്ടല്ലോ. ഇലപൊഴിയുന്ന കാലത്ത് ഡല്‍ഹിയിലെ നിരത്ത് തൂത്തുവാരിയിരുന്നെങ്കില്‍ ഗാന്ധിജിക്ക് എപ്പോഴേ മനസ്സിലാകുമായിരുന്നു, ഒരു പ്രശ്‌നവും ഒരിക്കലും തീരില്ലെന്ന്.' 
ആ ഫലിതം എനിക്കിഷ്ടപ്പെട്ടെങ്കിലും ഇര്‍ഫാന്റെ അടുത്ത ചോദ്യം എന്നെ കൊണ്ടുപോയത് മറ്റൊരു കാലത്തിലേക്കാണ്. കൊഴിഞ്ഞയിലപോലെയുള്ള നേരിയ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ ചായ കുടിക്കുമ്പോള്‍ അയാളുടെ നരച്ചുതുടങ്ങിയ മീശ ചായയില്‍ മുങ്ങിയിരുന്നു. ഇര്‍ഫാന്‍ മുഖമുയര്‍ത്താതെതന്നെ എന്നോടു പറഞ്ഞു: 
'നിങ്ങള്‍ക്കറിയാമോ, ഗാന്ധിജിയുടെ മറ്റൊരു മകന്‍ ഇസ്‌ലാമായിരുന്നുവെന്ന്. അബ്ദുല്ല ഗാന്ധി എന്നായിരുന്നു അയാളുടെ പേര്. എന്റെ ബാപ്പയുടെയും പേര് അബ്ദുല്ലയെന്നാണ്. ബാപ്പയാണ് ഇതെന്നോടു പറഞ്ഞത്. ബാപ്പ പറഞ്ഞതു കേള്‍ക്കാതെ ഉഴപ്പിനടക്കുമ്പോള്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു, നീ അബ്ദുല്ല ഗാന്ധിയെപ്പോലെ തെണ്ടി മരിക്കുമെന്ന്.'

ഇര്‍ഫാന്റെ കൂടെ ഞാന്‍ മുക്കാല്‍ മണിക്കൂര്‍ ചെലവഴിച്ചു. സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന അബ്ദുല്ലയുടെ മകന്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി, അലഞ്ഞുതിരിഞ്ഞു നടന്ന്, ബാപ്പയുടെ സ്വപ്‌നവും സ്വര്‍ഗവും തകര്‍ത്ത് ന്യൂഡല്‍ഹി മുന്‍സിഫ് കോര്‍പ്പറേഷന്റെ തൂപ്പുകാരനായി മാറിയ കഥ വലിയ കുറ്റബോധത്തോടെ ഇര്‍ഫാന്‍ അവതരിപ്പിച്ചു. പക്ഷേ, എനിക്ക് അതിശയകരമായി തോന്നിയത് അയാളുടെ ജീവിതത്തില്‍ ഗാന്ധിജി ഒരു റെഫറന്‍സ് പോയിന്റായി മാറുന്ന രീതിയിലാണ്. ഗാന്ധിജിയുടെ മകന്റെ അല്പകാലത്തേക്കുള്ള ഇസ്‌ലാംമതപരിവര്‍ത്തനവും ഹരിലാല്‍ ഗാന്ധിയുടെ 'അച്ഛനു നിരക്കാത്ത' ജീവിതരീതിയുമാണ് ഇര്‍ഫാനില്‍ സജീവമാകുന്ന ഗാന്ധിബന്ധം. അയാള്‍ എന്നോടു ചോദിച്ചു: 'അബ്ദുല്ല ഗാന്ധിയെക്കുറിച്ച് കൂടുതലെന്തെങ്കിലും പറഞ്ഞുതരാമോ?'

ഇര്‍ഫാനോട് ഞാന്‍ അബ്ദുല്ല ഗാന്ധിയെന്ന ഹരിലാല്‍ ഗാന്ധിയുടെ മലയാളിബന്ധത്തെക്കുറിച്ചു മാത്രമേ സംസാരിച്ചുള്ളൂ. ഗാന്ധിയുടെ മൂത്ത മകനെക്കുറിച്ചുള്ള ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് എഴുതിയതും ഈ മലയാളിതന്നെയാണ്. ഹരിലാല്‍ ഗാന്ധിയുടെ മകനും ഡോക്ടറുമായിരുന്ന കാന്തിലാല്‍ ഗാന്ധിയുടെ ഭാര്യ സരസ്വതിയുടെ കാര്യമാണ് ഞാന്‍ ഇര്‍ഫാനോടു പറഞ്ഞത്. 2008ല്‍ തിരുവനന്തപുരത്തുവെച്ചാണ് സരസ്വതി ഗാന്ധി എണ്‍പത്തിയാറാം വയസ്സില്‍ അന്തരിച്ചത്. ഹരിലാല്‍ ഗാന്ധിയെക്കുറിച്ചുള്ള അനുസ്മരണത്തില്‍ സരസ്വതി സ്വയം പരിചയപ്പെടുത്തുന്നത് ഞാന്‍ ഉദ്ധരിക്കട്ടെ: 'ഞാന്‍ കേരളത്തില്‍നിന്നാണ്. ഖാദി, ഗ്രാമവ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ ജി. രാമചന്ദ്രന്റെ അനന്തരവളാണ് ഞാന്‍. അമ്മാവന്‍ കാരണമാണ് ഞാന്‍ കാന്തിലാല്‍ജിയെ വിവാഹം കഴിക്കാനിടയായത്. അമ്മാവനില്‍നിന്നും ഇംഗ്ലീഷ് പഠിക്കാനും പിന്നെ ടൈപ്പിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാനുമാണ് അദ്ദേഹം വന്നത്. എനിക്കന്ന് പത്തു വയസ്സായിരുന്നു. എന്റെ മുത്തച്ഛനും മുത്തശ്ശിയും വിവാഹത്തെ എതിര്‍ത്തു. എന്റെ പ്രായമായിരുന്നു പ്രശ്‌നം. എനിക്കാകട്ടെ, മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയില്ലായിരുന്നു. എന്നാല്‍ ഞാന്‍ കാന്തിലാലിനെ വിവാഹം ചെയ്യണമെന്ന് അമ്മയ്ക്ക് ഒരേ നിര്‍ബന്ധമായിരുന്നു. പെണ്‍കുട്ടിയല്ലേ, വളരും എന്ന് അമ്മ പറഞ്ഞു. അങ്ങനെ ബാപ്പുവിന്റെ കൊച്ചുമകന്റെ ഭാര്യയായി ഞാന്‍.' 

ഭര്‍ത്താവിന്റെ അച്ഛനായ ഹരിലാല്‍ ഗാന്ധിയെക്കുറിച്ച് ആളുകള്‍ മോശമായിട്ടു മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്ന് സരസ്വതി എഴുതിയിട്ടുണ്ട്. ആദ്യം ഹരിലാല്‍ ഭായിയെ (അങ്ങനെയായിരുന്നു മക്കള്‍ ഹരിലാലിനെ വിളിച്ചിരുന്നത്) കാണുമ്പോള്‍ ഉണ്ടായ അനുഭവവും മറിച്ചായിരുന്നില്ല. അവരുടെ വിവാഹസമയത്തോ വര്‍ഷങ്ങള്‍ക്കുശേഷം പ്രസവിക്കുമ്പോഴോ ഒന്നും പലരും പലതും പറഞ്ഞുകേട്ടിരുന്ന ബാപ്പുവിന്റെ ആ 'മുടിയനായ പുത്രനെ' സരസ്വതി കണ്ടിരുന്നില്ല. കുത്തഴിഞ്ഞ ജീവിതവും മദ്യപാനവുമായി അലഞ്ഞുതിരിയുകയായിരുന്നല്ലോ ആ ജന്മം. 

ഒരുദിവസം കാന്തിലാലിനൊപ്പം ഒരു വൃദ്ധന്‍ വീട്ടില്‍ വന്നുകയറി. പതിവുപോലെ, ഏതെങ്കിലും ഗാന്ധിയനാണെന്ന് സരസ്വതി കരുതി. അവശനും അശരണനെപ്പോലെ തകര്‍ന്നവനുമായ അപരിചിതന്‍ സ്വയം പരിചയപ്പെടുത്തി: 'ഞാന്‍ കാന്തിയുടെ അച്ഛനാണ്.' അതിനു ശേഷമുള്ള നീണ്ട ബന്ധത്തില്‍നിന്നും സരസ്വതി ഗാന്ധി പറയുന്നത് നാട്ടുകാര്‍ പറഞ്ഞും കേട്ടും ശീലിച്ചപോലെ ഒരു നിഷേധിയായിരുന്നില്ല ഹരിലാല്‍ ഗാന്ധി എന്നും ഒരു നല്ല മനുഷ്യനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ്. 

Book cover
പുസ്തകം വാങ്ങാം

ഞാനിതു പറയുമ്പോള്‍, കേള്‍വിക്കാരനായിരുന്ന ഇര്‍ഫാന്റെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. ആരെങ്കിലുമൊരാള്‍ അബ്ദുല്ല ഗാന്ധിയെക്കുറിച്ച് നല്ലതു പറയുന്നത് കേള്‍ക്കാന്‍ വര്‍ഷങ്ങളോളം അയാള്‍ കാത്തിരിക്കുകയായിരുന്നു എന്നെനിക്കു തോന്നി.
മൈസൂരില്‍ ആറുമാസക്കാലം ഡോ. കാന്തിലാല്‍ ഗാന്ധിയോടും സരസ്വതിയോടുമൊപ്പം ഹരിലാല്‍ ഗാന്ധി ഉണ്ടായിരുന്നു. തെല്ലും മദ്യപിച്ചില്ല. ചര്‍ക്കയുടെ മാഹാത്മ്യത്തെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. സരസ്വതി സത്യത്തില്‍ അദ്ഭുതപ്പെട്ടുപോയി, ഹരിലാല്‍ഭായിയും ബാപ്പുവും തമ്മില്‍ എങ്ങനെ തെറ്റി? ആ ദിവസങ്ങളില്‍ സരസ്വതിക്ക് ബാപ്പുവിന്റെ കത്തുകള്‍ വരാറുണ്ടായിരുന്നു. ഒരു കത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി:
'ചിരഞ്ജീവി സാരൂ, ഹരിലാലിനു മേലുള്ള വിജയം എനിക്കു നിഷേധിക്കപ്പെട്ടതാണ്. എന്നാല്‍, നീ അത് ആര്‍ജിച്ചിരിക്കുന്നു. പൂര്‍ണവിജയത്തിന് എന്റെ ആശംസകള്‍. ബാപ്പു.' 
എന്നാല്‍, സരസ്വതി ഗാന്ധി പരാജയപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഇര്‍ഫാന്‍ കാശുകീശയില്‍ തന്റെ ബാപ്പയുടെ ഫോട്ടോ എടുത്തു കാണിച്ചിട്ടു പറഞ്ഞു: 'ഇതാ വേറൊരാള്‍... കുടിച്ച് മയ്യത്തായി. പക്ഷേ, കുടി തുടങ്ങിയത് ഞാന്‍ വഷളായി ജീവിക്കുന്നത് കണ്ടതുമുതല്‍ക്കാണ്. അതാണ് വ്യത്യാസം.'
 
സരസ്വതി ഗാന്ധി എഴുതി: 'അത്താഴത്തിനുവേണ്ടി ഹരിലാല്‍ ഭായിയെ ഞങ്ങള്‍ കാത്തിരുന്നു. വന്നില്ല. അവസാനം ഞങ്ങള്‍ ഭക്ഷണം കഴിച്ചു. രാത്രി വളരെ വൈകി അദ്ദേഹം പൂര്‍ണമായും മദ്യപിച്ച് വീട്ടിലെത്തി. പതുക്കെ നടന്ന് മുറിയിലെത്തിക്കിടന്നു. വളരെ ഉറക്കെ ഓരോന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായാണ് ഞാനൊരു കുടിയനെ കാണുന്നത്. ഞാന്‍ ഭയന്നുവിറച്ചുപോയി. അടുത്തു ചെന്ന മകനോട് ഹരിലാല്‍ഭായി പറഞ്ഞു: 'ബാപ്പു നിനക്കെന്തു തരാനാണ്? ഞാന്‍ നിന്നെ വലിയ കണ്ണുഡോക്ടറാക്കും. വിദേശത്തയച്ചു പഠിപ്പിക്കും.' ഇത്രയും പറഞ്ഞിട്ട് അദ്ദേഹം മുറി മുഴുവന്‍ ഛര്‍ദിച്ചു. ഞാന്‍ മകനെ എടുത്ത് മുറിയിലേക്കോടി. 

നിയമപഠനത്തിന് വിദേശത്തു പോകാനുള്ള ആഗ്രഹം അച്ഛന്‍ നടത്തിക്കൊടുക്കാത്തതിലുള്ള ദേഷ്യമാണ് ഹരിലാല്‍ ഗാന്ധിയില്‍ തന്റെ ജീവിതത്തെ മുച്ചൂടും മുടിച്ചുകളഞ്ഞ നിഷേധമായി വളര്‍ന്നത്. സഹോദരനായ ദേവദാസ് ഗാന്ധി ഒരിക്കല്‍ എഴുതിയിരുന്നു, ഇടക്കാലത്ത് ഗോദറെജ് സോപ്പിന്റെ പ്രചാരണത്തിനുവേണ്ടി കമ്പനിയെ ഹരിലാല്‍ സഹായിച്ച കാര്യം. വലിയ കാര്യപ്രാപ്തിയായിരുന്നു. ഇന്ത്യയില്‍ ഗോദറെജ് സോപ്പുകളുടെ വ്യാപകമായ പ്രചാരത്തിനുള്ള പ്രധാന കാരണം ഗാന്ധിജിയുടെ മകനായിരുന്നുവെന്നത് അധികം പേര്‍ക്കറിയില്ല. പക്ഷേ, ശാന്തി കിട്ടാത്ത ആത്മാവായി അലഞ്ഞു, മഹാത്മാവിന്റെ ആ കുരുന്ന്.

മഹാത്മാഗാന്ധിയുടെ മരണാനന്തരകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹം എവിടെനിന്നോ വന്നുചേര്‍ന്നു. സരസ്വതി എഴുന്നേറ്റുനിന്നു തൊഴുതു. ഹരിലാല്‍ഭായി വളരെ മോശം അവസ്ഥയിലായിരുന്നു. അദ്ദേഹം സരസ്വതിയെ കണ്ടതായി നടിച്ചില്ല. അസ്ഥിനിമജ്ജനത്തിനുശേഷം അദ്ദേഹം സരസ്വതിയുടെ സമീപം വന്നുനിന്നു. എന്നിട്ടു പറഞ്ഞു: 'കുട്ടീ, ഞാന്‍ പോവുകയാണ്.' അതോടുകൂടി ആ ജീവിതം അവസാനിക്കുകയായിരുന്നു. ചായ കുടിച്ചുകഴിഞ്ഞ് ഇര്‍ഫാന്‍ എഴുന്നേറ്റു. മുഷിഞ്ഞ കൈകളാല്‍ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു: 'നാളെയും വരണം. എനിക്കു വീണ്ടും കേള്‍ക്കണം. ഗാന്ധിജിയെക്കുറിച്ചു കേട്ടു മടുത്തു. ഇനി കുറെ നാള്‍ അബ്ദുല്ല ഗാന്ധിയെക്കുറിച്ച് കേള്‍ക്കട്ടെ.'

Content Highlights :excerpt from gandhi oru artha nagnavaayana by s gopalakrishnan mathrubhumi books