പുസ്തകത്തിന്റെ കവര്ഡ, സെറയ് സാഹിനർ
ഇസ്താംബൂള്‍ എഴുത്തുകാരി സെറയ് സാഹിനര്‍ എഴുതിയ വിഖ്യാത നോവലാണ് 'കുല്'. നിത്യജീവിതത്തിനായി അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ തൂത്തുതുടയ്ക്കുന്ന മെര്ജാന് ഹാനിം എന്ന യുവതിയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ ഈ നോവല്‍ ഇസ്താംബൂളിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. മാതൃഭൂമി ബുക്സിനുവേണ്ടി സ്മിത മീനാക്ഷി വിവര്‍ത്തനം ചെയ്ത നോവലില്‍ നിന്നും പ്രധാനപ്പെട്ട ഒരു ഭാഗം വായിക്കാം.
ആഴ്ചദിവസങ്ങളില്‍ ഏറ്റവും പ്രധാനം പ്രഭാതഭക്ഷണമാണെന്നും ഉച്ചഭക്ഷണം തൊഴിലാളിയുടെതുപോലെയായിരിക്കണമെന്നും ഒരു അടിമയെപ്പോലെ രാത്രിഭക്ഷണം ഉപേക്ഷിക്കണമെന്നുമായിരിക്കുമ്പോള് ഞായറാഴ്ചയിലെ പ്രഭാതഭക്ഷണം ഏറ്റവും ആനന്ദത്തോടെ കഴിക്കേണ്ടതാണ്. അതെല്ലായ്പോഴും മെര്ജാന് ടിവിയില്‍ കണ്ടിട്ടുണ്ട്. ഉദ്യോഗസ്ഥയായ ഒരു സ്ത്രീ തനിക്കുതന്നെ നല്കുന്ന സമ്മാനമാണത്.
ഉദ്യോഗസ്ഥയായ സ്ത്രീ ഞായറാഴ്ചകളില്‍, ടിവി സീരിയലുകളില്‍ കാണുന്ന സ്ത്രീകളെപ്പോലെ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണമൊരുക്കുന്നു, കാപ്പി മൊത്തിക്കുടിച്ചുകൊണ്ട് പത്രം വായിക്കുന്നു. തനിക്കായി മാത്രം അനുവദിച്ചിരിക്കുന്ന സമയം ആസ്വദിക്കുന്നു.
മെര്ജാനെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച പ്രഭാതങ്ങളില്‍ അവള്‍ക്കു പതിവുപോലെ പടികള്‍ തുടയ്ക്കുവാന്‍ പോകണം. ഇരുന്നു പ്രഭാതഭക്ഷണം കഴിക്കുവാന്‍ സമയമില്ലെങ്കില്‍ എപ്പോഴാണ് പ്രാതലിനു സമയം കിട്ടുന്നത്? സീരിയലിലെ സ്ത്രീകള്‍ മുടിയും മുഖവും മിനുക്കിയലങ്കരിച്ച് തീന്മേശയില് വരുന്നതു കാണുമ്പോള്‍ അവര്‍ രാവിലെ ഭക്ഷണം കഴിച്ചിട്ടില്ലെന്നതു മനസ്സിലാകും. മുടി ചുരുട്ടിയെടുക്കുവാന്തന്നെ അവര്‍ അരമണിക്കൂര്‍ ചെലവഴിക്കുന്നുണ്ടാകും.
ശനിയാഴ്ച ചന്തയില്‍നിന്ന് ചെറിത്തക്കാളിയും പുതിനയും തുളസിയും വാങ്ങാമെന്ന് മെര്ജാന് തീരുമാനിച്ചു. ചെറിത്തക്കാളിയും ഒരു പാത്രത്തില്‍ അലങ്കരിച്ച ഇലക്കറികളും പ്രാതലിന്റെ അവിഭാജ്യഘടകമാണെന്ന് അവളുടെ അനുഭവത്തില്നിന്നറിയാം. അടുത്ത ദിവസം ജോലി കഴിഞ്ഞ് അവളൊരു പാക്കറ്റ് ബ്രെഡ്ഡും ഒരു പത്രവും വാങ്ങും...ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ വില്പനയ്ക്കു വെച്ചിരിക്കുന്ന കടയും അപ്പോഴുണ്ടാക്കിയ പുതിയ ബ്രെഡ്ഡുവില്ക്കുന്ന കടയും സാംബുള് എഫണ്ടി മോസ്കിന്റെ അടുത്ത തെരുവിലാണ്...എന്തായാലും അവിടംവരെ പോകുന്നതല്ലേ, അപ്പോള്‍പ്പിന്നെ എന്തുകൊണ്ടു വാങ്ങിക്കൂടാ?
ചുറ്റിപ്പിണഞ്ഞു നില്ക്കുന്ന വൃക്ഷങ്ങള്‍ മോസ്കിന്റെ പുറത്തുനിന്നുതന്നെ കാണാം. മെര്ജാന് തിരക്കിട്ട് ഉള്ളില്‍ കടന്നു: ഇരട്ട സുല്ത്താനമാരേ, നിങ്ങള്‍ക്കേ എന്നെ മനസ്സിലാക്കുവാന്‍ കഴിയൂ... താഴെ വീണുപോകാതിരിക്കുവാന്‍ മരണത്തിലും തമ്മില്‍ കെട്ടിപ്പിടിച്ചിരിക്കുന്നതുപോലെ...കെട്ടിപ്പിടിക്കുവാന്‍ ആരെങ്കിലും, അത്രമാത്രമാണു ഞാന്‍ ആഗ്രഹിക്കുന്നത്.
കൈയില്‍ പത്രവും ബ്രെഡ്ഡുമായി മെര്ജാന് ഫ്ളാറ്റിലേക്കു നടന്നു. ഫ്രഞ്ച് ബ്രെഡ്ഡ് ആണ്, ഒട്ടും മോശമല്ല. വറുത്ത മുട്ട, അല്ല ഓംലെറ്റ് നന്നായിച്ചേര്‍ത്ത് ഒലിവും ഓറിഗാനോയും ജാമും ഗ്രീന്സാലഡും പിന്നെ ചെറിത്തക്കാളിയും ചേര്‍ത്ത് അവള് പ്രാതല്‍ തയ്യാറാക്കി. അന്നവള്‍ പതിവുപോലെ ഒരു ട്രേയില്നിന്നും കഴിക്കുവാന്‍ പോകുന്നില്ല. പകരമവള്‍ ഡൈനിങ് ടേബിള്‍ തയ്യാറാക്കി. ഒരുചുവടു പിന്നോക്കം മാറി നിന്ന് അവള് താന്‍ തയ്യാറാക്കിയ പ്രാത... അല്ല ബ്രഞ്ച് അഭിമാനത്തോടെ വീക്ഷിച്ചു.
ടിവി ഓണ്‍ ചെയ്യാതെ വീട്ടിലെ സമാധാനപരമായ നിശ്ശബ്ദതയിലിരുന്നവള് ഭക്ഷണം കഴിച്ചു. ഓ, എന്തൊരാശ്വാസം! ആ ടിവി സീരിയലുകളിലെ ഏകാകിയായ സ്ത്രീ ടെലിവിഷന്റെ മുന്പിലിരുന്ന് കോഴി കൊത്തിപ്പെറുക്കുന്നതുപോലെയാകുമോ ഭക്ഷണം കഴിക്കുന്നത്? അല്ല, അവര്‍ക്ക് ആത്മാഭിമാനമുണ്ട്. കൂടെ ആരുമില്ലെങ്കിലും അവര്‍ സ്വയം രാജകീയമായി പെരുമാറി. മെര്ജാന് ഇനി സ്വന്തം വീട്ടില്‍ ഒരു വീട്ടുവേലക്കാരിയെപ്പോലെ ജീവിക്കുവാന്‍ പോകുന്നില്ല. അന്നുമുതല്‍ അവള് മേശയുടെ തലപ്പത്തിരിക്കും. ടിവി സീരിയലുകളിലെ സ്ത്രീകളുടെ ഭക്ഷണമുറികള്‍ കടലിനെ അഭിമുഖീകരിച്ചായിരിക്കുമെങ്കിലും അവര്‍ പൊതുവേ ആ രംഗത്തിനു പുറംതിരിഞ്ഞിരുന്നാണു കഴിക്കാറുള്ളത്. അതു സ്വാഭാവികം മാത്രമാണ്. എന്തെന്നാല്‍, ഒരേ കാഴ്ചതന്നെ സ്ഥിരമായി കണ്ടാല്‍ അവരതു മടുക്കും. മെര്ജാന്റെ വീട്ടില്‍നിന്നും അഞ്ചുമിനിറ്റു ദൂരമേയുള്ളൂ കടലോരത്തേക്ക്. പക്ഷേ, അതുകൊണ്ടവള്‍, കടലിനെ നോക്കിയിരുന്നു ചെറിത്തക്കാളി കഴിക്കുന്നതിനായി ഭക്ഷണവും പാത്രങ്ങളിലാക്കി അവിടേക്കു പോകേണ്ടതുണ്ടോ? വേണ്ട, അതിനാലവള്‍ ടിവിയിലെ സ്ത്രീകളെപ്പോലെ ദൃശ്യമൊഴിവാക്കിയതിനുശേഷം തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതൊഴിവാക്കാനായി പത്രം വായിക്കുന്നു.
മെര്ജാന് കാപ്പി ഒന്നു മൊത്തി...പത്രത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചുകൊണ്ട് അവള് മേശപ്പുറത്തു വെച്ചിരുന്ന ഭക്ഷണം മെല്ലെ കഴിച്ചു. ഞായറാഴ്ചപ്പത്രത്തിനെ വെല്ലാന്‍ മറ്റൊന്നുമില്ല. ധാരാളം താളുകള്‍, ഒരുമാസത്തേക്ക് ജനാലച്ചില്ലുകള്‍ തുടയ്ക്കുവാന്മാത്രമുണ്ട്. അവള് സപ്ലിമെന്റുകളുടെ പേജുകള്‍ മറിച്ചു.
ഫാഷന്‍ പേജില്‍ സ്ത്രീകളുടെ പൂര്‍ണകായചിത്രങ്ങള്‍, ഓരോ ഇനം ടി ഷര്‍ട്ടുകളുടെ വിലയും അവയ്ക്കു ചേര്‍ന്ന ഷൂസുകളും പേഴ്സുകളും മറ്റും മറ്റും... ഫോട്ടോഗ്രാഫര്‍ അവയുടെയൊക്കെ വിലയും
മോഡലുകളെയുമൊക്കെ ഓര്‍ത്തിരിക്കുമോയെന്ന് അവള് അതിശയിച്ചു. അല്ലെങ്കിലൊരു പക്ഷേ ആ സ്ത്രീകള്‍ തങ്ങളാ വസ്ത്രങ്ങളൊക്കെ എവിടെനിന്നാണു വാങ്ങിയതെന്നും എത്ര വിലയാണു നല്‍കിയതെന്നും ഓര്മിച്ചുവെച്ചിരിക്കാം, ഫോട്ടോ എടുത്തതിനുശേഷം അവര്‍ ലിസ്റ്റ് എഴുതി നല്കിയിരിക്കാം, എന്തെങ്കിലുമാകട്ടെ... ആ സ്ത്രീകള്‍ക്ക് എങ്ങനെ ദൈനംദിനജീവിതത്തില്‍ വേഷം ധരിക്കണമെന്ന് നന്നായി അറിയാം. അതാണു മെര്ജാനില് താത്പര്യമുണര്ത്തിയത്.
ഗോസ്സിപ്പ് പേജില്‍ ഏതോ സീരിയലിലെ ഒരു നടിയും നടനും തമ്മിലുള്ള മറ്റൊരു പ്രേമബന്ധത്തിന്റെ വിവരണങ്ങള്‍, അവരാ വാര്‍ത്ത നിഷേധിച്ചെങ്കിലും സെവാഹിര്‍ മാളില്‍വെച്ച് ആരുടെയോ ക്യാമറയില്‍ അവരെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞു. അടുത്തകാലത്ത് വിവാഹമോചനം നേടിയ പ്രശസ്ത ദമ്പതികള്‍ അവരുടെ കുട്ടിയുടെ പിറന്നാള്‍ദിനത്തില്‍ ചേര്ന്നുനില്ക്കുന്നു; ഒരു സൂപ്പര്‍സ്റ്റാര്‍ മോഡലും അവരുടെ ഫുട്ബോള്‍ കളിക്കാരനായ കാമുകനും അവരുടെ അസ്വസ്ഥമായ ബന്ധത്തിനിടയിലും ഒരുമിച്ച് നൈറ്റ്ക്ലബ്ബില്നിന്നിറങ്ങിവരുന്നു, കാറില്‍ കയറിയ അവര്‍ രാവിന്റെ ഇരുളില്‍ മറയുന്നു...
ശിശുപരിപാലനത്തെക്കുറിച്ചുള്ള മറ്റൊരു സപ്ലിമെന്റുമുണ്ട്. അതിന്റെ പുറംചട്ടയില്‍ നല്ല ഉറക്കത്തിലാണ്ട ഒരു കുഞ്ഞ്... അവന്റെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ. അമ്മയുടെ താരാട്ടിനെപ്പറ്റി സമഗ്രമായ ഒരു പഠനം, അതിനു താഴെ പിങ്ക് നിറമുള്ള അക്ഷരങ്ങളില്‍ മറ്റൊരു തലക്കെട്ട്: കുഞ്ഞിന്റെ ജനനദിവസത്തിനായുള്ള കാത്തിരിപ്പ്.
സപ്ലിമെന്റിന്റെ ഒന്നാം പേജില്‍ വീര്‍ത്ത വയറും താങ്ങിപ്പിടിച്ച് വിശാലമായ പുഞ്ചിരിയുതിര്‍ത്തു നില്ക്കുന്ന ഒരു ഗര്‍ഭിണിയുടെ ചിത്രമുണ്ട്. അതിന്റെ തലക്കെട്ട്: പ്രസവം കാത്ത്.
മെര്ജാന് കാപ്പി ഒന്നുകൂടി മൊത്തി, വായന തുടര്‍ന്നു: നിങ്ങള്‍ കുഞ്ഞിനു ജന്മംകൊടുക്കുവാന്‍ കാത്തിരിക്കുകയാണെന്നു ഞങ്ങള്‍ക്കറിയാം. ഒരു പുതുജീവന്‍ നിങ്ങളുടെ ഉള്ളില്‍ വളരുന്നു! മെര്ജാന് പത്രത്താളുകള്‍ മേശപ്പുറത്തേക്കിട്ടു. അത്തരം കുറിപ്പുകളൊന്നും വായിച്ചിട്ട് അവള്‍ക്കു യാതൊരു പ്രയോജനവുമില്ല. അവള് ഞായറാഴ്ച പ്രാതല്‍ കഴിക്കുവാന്‍ പോകുകയാണ്. അവള് തനിക്കായി മാത്രം അല്പം സമയം ചെലവഴിക്കുവാന്‍ പോകുകയാണ്. എങ്ങനെയെങ്കിലും വയര്‍ നിറയ്ക്കുവാനുള്ള തീറ്റയല്ല; അവള് ആഹാരം കഴിച്ച് ശരീരത്തിന്റെ തൂക്കം കൂട്ടുവാന്പോകുന്നു. അത്രയെങ്കിലും അവള് അര്‍ഹിക്കുന്നുണ്ട്. എല്ലും തോലുമായി മാറുന്നതില്‍നിന്നു രക്ഷപ്പെടുകയുമാകാം. അവളൊരു കഷണം ബ്രെഡ് എടുത്ത് അതില്‍ വെണ്ണയും ജാമും പുരട്ടി, അതൊന്നു കടിച്ചു. പത്രത്തിന്റെ ആ വിശേഷാല്പ്രതിയത്രയുംതന്നെ മെര്ജാനെ അപഹസിക്കുന്നതായിരുന്നെങ്കിലും അതു തന്നെ അസ്വസ്ഥയാക്കുന്നതിനനുവദിക്കുവാന് അവള് തയ്യാറായിരുന്നില്ല.
എങ്കിലും അവള്‍ക്ക് അതിശയിക്കാതിരിക്കുവാന് കഴിഞ്ഞില്ല. അന്നു തന്നെയാണവള്‍ ഇരട്ടസുല്ത്താനമാരോട് ഒരു കുഞ്ഞിനുവേണ്ടി അപേക്ഷിച്ചത്. അപ്പോള്‍ പത്രത്തിന്റെ ഈ താളുകള്‍ ദൈവം കാണിച്ചുതരുന്ന ഒരു ലക്ഷണമാകുമോ? മെര്ജാന് കാപ്പി ഒന്നുകൂടി മൊത്തി. അതു തണുത്തിരുന്നു.
പത്രം വീണ്ടുമെടുത്ത് അവള് വെറുതേ താളുകള്‍ മറിച്ചു. കുഞ്ഞുങ്ങള്‍ മൂലം രാത്രിയില്‍ ഉറങ്ങുവാന്‍ കഴിയാത്ത സ്ത്രീകളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ കണ്ണുകളുടക്കി. 'ഈ പിശാചുക്കള്‍...' അവള് പിറുപിറുത്തു. അവള്‍ക്കൊരു കുഞ്ഞിനെ വേണമെന്നേയുള്ളൂ, ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അതും നല്ല കാര്യം. അങ്ങനെയായാല്‍ അവള്‍ക്കു കുഞ്ഞിന്റെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാമല്ലോ... ഇത്രകാലമായി ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു വേദനിച്ചതിന് അതൊരാശ്വാസവുമാകും. അവള് പത്രത്താളുകള്‍ മടക്കിവെച്ചു. ജീവനില്ലാത്ത എന്തോ ഒന്ന് അവളില്‍ വളരുകയായിരുന്നു.
ഈഫല്ഗോപുരത്തിന്റെ ചിത്രമുള്ള കാപ്പിക്കപ്പെടുത്ത് അവള് അടുക്കളയിലേക്കു നടന്നു. അതില്‍ അവശേഷിച്ചിരുന്ന കാപ്പി സിങ്കിലേക്കൊഴിച്ചു. സ്റ്റൗ കത്തിച്ച് വീണ്ടും കാപ്പി തിളപ്പിക്കുവാന്‍ വെച്ചു. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നുവെങ്കില്‍ കാപ്പിയോ ചായയോ എപ്പോള്‍ വേണമെങ്കിലും ഉണ്ടാക്കുവാന്‍ കഴിയുന്ന രീതിയില്‍ സ്റ്റൗവില്‍ തീ കുറച്ച് വെള്ളം വെച്ചിരുന്നേനേ. പക്ഷേ, അമ്മയും അച്ഛനും കുഞ്ഞുമടങ്ങുന്ന കുടുംബമല്ല അവളുടേത്. ദൈവം അവര്‍ക്കതു നിഷേധിച്ചു. കുടുംബമെന്നത് എല്ലായ്പോഴും ചൂടായിക്കൊണ്ടിരിക്കുന്ന ഒരു കെറ്റിലാണ്. ഓരോ മണിക്കൂര്‍ ഇടവിട്ട് ഒരു കാപ്പിയോ ചായയോ കുടിക്കുവാന്‍വേണ്ടി അത്രത്തോളം ഗ്യാസ് കത്തിച്ചുതീര്ക്കുന്നതില് യാതൊരര്‍ഥവുമില്ല.
മെര്ജാന് പുതുതായി പകര്‍ന്ന ഒരു കപ്പു കാപ്പിയുമായി സ്വീകരണമുറിയിലേക്കു വന്നു. ശിശുപരിപാലനത്തിന്റെ പത്രത്താളുകള്‍ അപ്പോഴും മേശപ്പുറത്തു കിടന്നിരുന്നു. വീട്ടില്‍ സമാധാനപരമായ നിശ്ശബ്ദത ഇല്ലാത്തതുകൊണ്ട് അവള് ടിവി ഓണ്‍ ചെയ്തു. അയല്‍പ്രദേശത്തെ നിര്‍മാണജോലികളുടെ ശബ്ദങ്ങള്‍ വീട്ടില്‍ നിറഞ്ഞുനിന്നിരുന്നു. കൈയില്‍ റിമോട്ട് കണ്‍ട്രോളുമായി അവള് മേശയ്ക്കരികില്‍ ഇരുന്നു. ടിവിയില്‍ കുഞ്ഞുങ്ങളുടെ നാപ്പിയുടെ പരസ്യം. അവള് ചാനല്‍ മാറ്റി. അടുത്തയിടെ ഒരു കുഞ്ഞിനു ജന്മംകൊടുത്ത പ്രശസ്തയായ ഒരു നടി കുഞ്ഞുമായി വാണിജ്യപരസ്യത്തില് പ്രത്യക്ഷപ്പെട്ടു. മുടി കെട്ടിവെക്കാതെ ക്യാമറയ്ക്കു മുന്പില് വരാത്തവളാണ് ആ സ്ത്രീയെന്ന് - സീരിയലുകളിലും മറ്റും- മെര്ജാനറിയാത്തതുപോലെ, അവര്‍ കുഞ്ഞിനെയുമെടുത്തുകൊണ്ട് കഠിനാധ്വാനിയായ ഒരമ്മയെപ്പോലെ തോളില്‍, ഒരുപ്പൂപ്പന്കിളിയുടെ തലപോലെ അയച്ചുകെട്ടിയ രീതിയിലുള്ള മുടിയുമായാണു കാണപ്പെട്ടത്.
മെര്ജാന്, പത്രത്തിലെ ശിശുപരിപാലനസപ്ലിമെന്റ് വീണ്ടുമെടുത്തു: എന്തുകൊണ്ടാണു കുഞ്ഞുങ്ങള്‍ ചില സമയങ്ങളില്‍ ഉറങ്ങുവാന്‍ വിസമ്മതിക്കുന്നത്? അമ്മമാര്‍ എങ്ങനെയാണു തങ്ങളുടെ ഉറക്കക്കുറവിനെ കൈകാര്യം ചെയ്യുന്നത്? ഞങ്ങള്‍ ഈ വിഷയത്തില്‍ അമ്മമാരോടും വിദഗ്ധരോടും സംസാരിക്കുന്നു.
അതുകൊണ്ട് ഒരുപക്ഷേ, ദൈവമവള്‍ക്ക് ഒരു കുഞ്ഞിനെ കൊടുക്കാതിരുന്നതു നല്ലതിനുതന്നെയാകും. എന്തായാലും ഭര്‍ത്താവ് അവളെ വിട്ടു പോകുകയും ചെയ്തു. തനിയെ എങ്ങനെയാണവള്‍ക്ക് ഒരു കുഞ്ഞിനെ നോക്കാനാകുന്നത്? പക്ഷേ, കുഞ്ഞുങ്ങള്‍ ഒരു പുരുഷനെ വീട്ടില്‍ തളച്ചിടുന്നു എന്നു പറയുന്നതു വെറുതേയാകില്ല. ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍, ഭര്‍ത്താവ് ഒരുപക്ഷേ വിട്ടുപോകുമായിരുന്നില്ല, അല്ല, അയാള്‍ എന്തായാലും പോകുമായിരുന്നു. ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു കുഞ്ഞിനെക്കാളും എന്തുകൊണ്ടും പ്രയോജനകാരിയായ മെര്ജാനെപ്പോലെ അയാളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്തിട്ടുള്ള ഒരു ഭാര്യയുടെ ഭര്ത്താവായിരിക്കുന്നതില് പരാജയപ്പെട്ട ഒരാളില്‍നിന്ന് അങ്ങനെ പ്രതീക്ഷിക്കാനാകില്ലല്ലോ. ഒരു കുഞ്ഞിന്റെ അച്ഛനായിരിക്കുന്നതില്‍ എന്താണ് അതിശയകരമായി സംഭവിക്കാനുള്ളത്? രാവും പകലും കരച്ചില് കേള്‍ക്കുക എന്നതൊഴികെ? അതുമല്ല, അങ്ങനെയൊരാളുടെ കുഞ്ഞ് എങ്ങനെയാണാകുക? പഴഞ്ചൊല്ലുപോലെ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ. കൗമാരപ്രായമെത്തുമ്പോള്ത്തന്നെ അവന് വീടു വിട്ടു പോകും, ഒരു സന്തതിയില്ലാത്തതിന്റെ പേരില്‍ അനുഭവിക്കുന്ന ദുഃഖത്തിനെക്കാള് കൂടുതലാകും മകനെന്ന നിലയില്‍ അവന് മെര്ജാനു നല്‍കുക. അവര്‍ക്കു കുട്ടികളില്ലാത്തതു നന്നായി. നോക്കൂ, ടിവിയും പത്രങ്ങളുംപോലും പറയുന്നത് കുട്ടികളില്ലാത്തതാണു നല്ലതെന്നാണ്. കുഞ്ഞുങ്ങളെപ്പോഴും കരയുകയോ അപ്പിയിടുകയോ അല്ലെങ്കില്‍ അമ്മമാരുടെ ഉറക്കം കളയുന്ന മറ്റെന്തെങ്കിലുമോ ചെയ്തുകൊണ്ടിരിക്കും.
അപ്പോള്‍ മെര്ജാന്റെ സുഖജീവിതമോ? അതുപോലൊന്ന് ആരും ആസ്വദിക്കുന്നുണ്ടാകില്ല. അവളൊരു ചെറിത്തക്കാളിയെടുത്ത് വായിലിട്ടു, അതിന്റെ കുരു തൊണ്ടയില്‍ തടഞ്ഞ് അവള് ചുമച്ചു. അവള് വെള്ളമെടുത്തു കുടിച്ചു. കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ക്ക് അങ്ങനെയൊരു അലസമായ അവധിദിനമാസ്വദിക്കുവാന് കഴിയില്ല. കുഞ്ഞുങ്ങളെ നല്‍കാതെ ദൈവമവളെ അനുഗ്രഹിച്ചിരിക്കുകയാണ്.
അതെ. മെര്ജാന് സന്തോഷത്തോടെ കാപ്പി ഒരു കവിള് കുടിച്ചു. ആ ലേഖനത്തില്‍, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഉറക്കപ്രശ്നങ്ങളെക്കുറിച്ചു വിശദീകരിച്ചിരുന്ന വിദഗ്ധ ഡോക്ടര്മാരിലൊരാള്ക്ക് പേരിന്റെ കൂടെ രണ്ടു കുടുംബപ്പേരുള്ളതായി അവള് ശ്രദ്ധിച്ചു. ആ പാവം സ്ത്രീ വിവാഹിതയും സ്വന്തമായി ഒരു കുഞ്ഞുള്ളവളുമായിരിക്കും. അനുഭവങ്ങളാകും അവരെയാ വിഷയത്തില്‍, മറ്റുള്ളവര്ക്കുപദേശം നല്കുവാന് പാകത്തില്‍ വിദഗ്ധയാക്കിയത്.
അപ്പോള്‍, എന്തുകൊണ്ടാണു കുഞ്ഞുങ്ങള്‍ ഉറങ്ങുവാന്‍ വിസമ്മതിച്ച് അവരുടെ അമ്മമാരുടെ ജീവിതം അസഹ്യമാക്കുന്നത്?
ഉറക്കശീലങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള അസ്ഥിരത: സത്യംതന്നെ. മെര്ജാനൊരു കുട്ടിയുള്ളതായി കരുതുക, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയില്ലായിരുന്നുവെങ്കില്ത്തന്നെ ആരാകും വീട്ടുകാര്യങ്ങള്‍ നോക്കുക? മെര്ജാന് ഗര്ഭവതിയാകുന്നതിനുള്ള ചികിത്സയിലായിരിക്കുമ്പോഴും അവളുടെ ഭര്‍ത്താവ് സഹായത്തിനായി ഒരു ചെറുവിരല്‍പോലും അനക്കുമായിരുന്നില്ല. കുഞ്ഞു ജനിച്ചാലുടനെ, അയാള്‍ പുറത്തു പോയി ഒരു ജോലി കണ്ടുപിടിക്കുമായിരുന്നുവെന്നാണോ നമ്മള് കരുതുന്നത്? നമുക്കൊരു ചൊല്ലുണ്ട്: 'വാ കീറിയ ദൈവം ഇരയും കൊടുക്കും...' വാസ്തവം? മാഷാ അള്ളാ! ദൈവത്തിനു സ്തുതി! അതായത് കുഞ്ഞ് അപ്പിയിടുന്നതു സ്വര്‍ണമായിരിക്കും. പൊക്കിള്‍ക്കൊടി ഉണങ്ങുന്നതിനു മുന്‍പേതന്നെ മെര്ജാന് ഹാനിമിനു പടിക്കെട്ടുകള്‍ കയറുന്ന പണിയിലേക്കു മടങ്ങണം... അപ്പോള്‍ ആരാണു കുഞ്ഞിനെ നോക്കുന്നത്? ആരുണ്ട് വീട്ടില്‍? ഭര്‍ത്താവ്. പത്രത്തില്‍ പറയുന്നത് അയാള്‍ക്കതില്‍ സ്ഥിരസ്വഭാവമില്ലെന്നാണ്. അയാളൊരിക്കലും കുഞ്ഞിനൊരു ഉറക്കശീലമുണ്ടാക്കിക്കൊടുക്കില്ല. അയാള്‍ കഞ്ചാവും പുകച്ച് അതിന്റെ ലഹരിയില്‍ കുഞ്ഞിനോട് അസംബന്ധവര്ത്തമാനങ്ങള് പറഞ്ഞുകൊണ്ടിരിക്കും. കുഞ്ഞിന്റെ ആദ്യത്തെ വാക്ക് 'അമ്മ' എന്നോ 'അച്ഛനെ'ന്നോ ഏതായിരിക്കുമെന്നതിനെപ്പറ്റി മിക്കവാറും എല്ലാ മാതാപിതാക്കളും തമ്മില്‍ തര്‍ക്കമുണ്ടാകും. അതു നല്ലതുമാണ്. പക്ഷേ, മെര്ജാനും ഭര്‍ത്താവിനും അതിനെപ്പറ്റി വിഷമിക്കേണ്ടതില്ല. കഞ്ചാവെന്നോ ബീഡിയെന്നോ ആയിരിക്കും അവരുടെ കുഞ്ഞിന്റെ ആദ്യവാക്ക്.
ഗൃഹാന്തരീക്ഷം: മെര്ജാന് ഗര്ഭിണിയായില്ല എന്നതൊരു നല്ല കാര്യം തന്നെയാണ്. ആ കുഞ്ഞ് കഞ്ചാവുപുക നിറഞ്ഞ വീട്ടിലാണു ശൈശവം ചെലവഴിക്കേണ്ടതെന്നതിനാല് ഉറക്കശീലങ്ങളൊന്നും അതിനു ഗുണം ചെയ്യുകയില്ല. അതൊരു മയക്കത്തില്‍ കണ്ണുമിഴിച്ചങ്ങനെ കിടക്കും. ഇന്നോ നാളെയോ മന്ദബുദ്ധിയായി മാറുകയും ചെയ്യും. അപ്പോള്‍പ്പിന്നെ അയാളോട് കഞ്ചാവു പുകയ്ക്കുന്നത് അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെടണം. ഒരു തവണ പറയാം, രണ്ടുതവണ, അല്ലെങ്കില്‍ മൂന്നു തവണ... പക്ഷേ, അയാളത് തുടരുകയാണെങ്കില്‍ അവളെന്തു ചെയ്യും? പിടിച്ചു പോലീസില്‍ ഏല്പിക്കുവാനാകുമോ? ഹാ, കുഞ്ഞുങ്ങളാണു കുടുംബത്തെ ചേര്‍ത്തുവെക്കുന്ന പശയെന്ന് ആളുകള്‍ പറയുന്നു, പക്ഷേ, കുഞ്ഞു ജനിച്ചാലുടന്‍തന്നെ അവളുടെ കുടുംബം തകരും. അതുകൊണ്ട് അവള്‍ക്കു കുഞ്ഞുങ്ങളുണ്ടായില്ല എന്നതു വളരെ നല്ല കാര്യമായി.
കുടുബത്തിലെ സമ്മര്‍ദം: മെര്ജാന് ഉമിനീര് വിഴുങ്ങി. കുഞ്ഞിന് ഉറക്കപ്രശ്നങ്ങളുണ്ടാകണമെങ്കില് അടിസ്ഥാനപരമായി രണ്ടു സംഗതികള്‍ ആവശ്യമാണ്, ഒന്ന്- ഒരു കുടുംബം, രണ്ട്- ഒരു കുഞ്ഞ്...
ഗ്യാസ്ട്രോ ഈസോഫാഗിയല്‍ റിഫ്ളക്സ് (കുഞ്ഞിന്റെ വയറ്റുവേദനയും ഛര്‍ദിയും): താന്‍ ദൈവത്തിന്റെ സേവകരില്‍ ഏറ്റവും ഭാഗ്യമുള്ളയാളായിരിക്കുമെന്ന് ജീവിതത്തിലാദ്യമായി മെര്ജാനു തോന്നി. അവള്‍ക്കൊരു കുഞ്ഞിനെ നല്‍കാതിരുന്നത് തീര്‍ച്ചയായും അവളുടെ നന്മയ്ക്കാണ്. മക്കള്‍ നന്ദികെട്ടവരാണെന്ന് ആളുകള്‍ പറയാറുണ്ട്. അവര്‍ തങ്ങള്‍ ജനിച്ചുവീണ കുടുംബങ്ങളെ നിന്ദിക്കുന്നു. മെര്ജാന് ഗര്‍ഭം ധരിച്ചിരുന്നുവെങ്കില്‍ ആ കുഞ്ഞ് അവളുടെ കഷ്ടപ്പാടുകളോടു മുഖംതിരിച്ചേനേ. അവളുടെ നിലവറവീടും, ചികിത്സ ആവശ്യമുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രികള്‍ അപ്രാപ്യമാകുന്നതും മരുന്നുകടയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന ഗതികേടുമെല്ലാം അവളെ അപമാനിക്കുന്നതിനു കാരണമാകുമായിരുന്നു. എന്നിട്ടത് മെര്ജാനു പേരു പറയുവാന്കൂടി അറിയാത്ത ഏതെങ്കിലും രോഗങ്ങളില്‍ കണ്ണുവെച്ച് അതു വരുത്തിവെക്കുമായിരുന്നു. ഗ്യാസ്ട്രോ ഈസോഫാഗിയല്‍ റിഫ്ളക്സ്! അതിനു ചികിത്സ തേടി മെര്ജാന് സ്വകാര്യ ആശുപത്രികള്‍തോറും കയറിയിറങ്ങുകയും ചെയ്യേണ്ടിവന്നേനേ.
കൂടാതെ ആ കുഞ്ഞ് വളര്‍ന്നുകഴിയുമ്പോള്‍, അവന് മെര്ജാന് ജോലി ചെയ്യുന്ന ഒരു അപ്പാര്‍ട്ട്മെന്റിലെ മാനേജരുടെ മകനെപ്പോലെ സ്കൂളിലെ അധ്യാപകരക്ഷാകര്‍ത്തൃ മീറ്റിങ്ങുകളെക്കുറിച്ച് വീട്ടില്‍ പറയാതെ അപമാനമുണ്ടാക്കുകയും ചെയ്തേനേ. പക്ഷേ, മെര്ജാന് ആ കുഞ്ഞിനു വേണ്ടി എന്തും സഹിച്ചേനേ. എന്തെന്നാല്‍ എത്രകാലമാണതിനുവേണ്ടി കൈകളുയര്‍ത്തി പ്രാര്‍ഥിച്ചിട്ടുള്ളത്... അവനുണ്ടായിക്കഴിഞ്ഞ് അവനെ നല്ല രീതിയില്‍ തീറ്റിപ്പോറ്റാനായി അവള് അധികജോലിയും ചെയ്യുമായിരുന്നു... പക്ഷേ, എന്തിന്? അവനിഷ്ടമുള്ള ഇറച്ചി വാങ്ങുന്നതിനുവേണ്ടി മെര്ജാന് എത്ര പടിക്കെട്ടുകളാണു കഴുകിത്തുടയ്ക്കുന്നതെന്ന് ഹൈദര്‍ ആലോചിക്കുമായിരുന്നോ? അല്ല, അവനതെങ്ങനെ അറിയാനാണ്? അവനതറിയാന്‍ മെര്ജാന് അനുവദിക്കുകയില്ലല്ലോ... നന്ദിയില്ലാത്ത തെണ്ടി.
കുഞ്ഞ് അല്പംകൂടി വളര്‍ന്നുകഴിയുമ്പോള്‍ ജീവിതത്തില്‍ മറ്റൊരധ്യായം ആരംഭിക്കും: ഉറക്കുകഥകള്! ഒരേ കഥതന്നെ പറഞ്ഞുപറഞ്ഞ് നിങ്ങള്‍ക്കതു മടുത്താലും ഓരോ രാത്രിയിലും അതേ കഥ കേള്‍ക്കുന്നത് കുഞ്ഞിനു മടുപ്പുളവാക്കില്ല... ശരി, എന്തായാലും, കുഞ്ഞ് എന്നുള്ളത് തൊണ്ടക്കുഴിയിലെ വേദനയാണ്. പക്ഷേ, അതൊരു അപ്രതീക്ഷിതഗര്ഭമായാലോ! മെര്ജാന് അഞ്ചുമാസം ഗര്‍ഭിണിയാണെന്നു മനസ്സിലായപ്പോള്‍, അത് അലസിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞുവെന്നു ഡോക്ടര്‍ പറയുന്നു. അവള്‍ക്ക് കുഞ്ഞിനെ പ്രസവിക്കുക എന്നതല്ലാതെ മറ്റു മാര്ഗങ്ങളൊന്നുമുണ്ടാകില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം തന്റെ സ്വകാര്യങ്ങള്ക്കായി സമയം മാറ്റിവെക്കുന്നതെല്ലാം അവള് മറക്കും. അതുകൊണ്ട് ഉറക്കുകഥയാണെങ്കില് അതാകട്ടെ. പക്ഷേ, കുഞ്ഞിന്റെ കാര്യം എളുപ്പമല്ല. ഒരേ കഥതന്നെ എല്ലാ രാത്രിയിലും പറഞ്ഞാല്‍ അതവനെ ഒരു മണ്ടനാക്കി മാറ്റും. വേറെവേറെ കഥകള്‍ ഓരോ രാത്രിക്കുംവേണ്ടി കണ്ടുപിടിക്കേണ്ടതുണ്ട്. മെര്ജാന് കുഞ്ഞായിരുന്നപ്പോള്‍ അമ്മയവളുടെ സഹോദരനു പറഞ്ഞുകൊടുത്തിരുന്ന ഒരു മുത്തശ്ശിക്കഥയുണ്ട്. എന്തായിരുന്നു അതിന്റെ പേര്? ഹാല്ഫിങ്? അതെ. ഹാല്ഫിങ് ഒരു ചെറിയ ബാലനായിരുന്നു. ചെറിയ കുട്ടിയാണെങ്കിലും വലുപ്പംകൊണ്ടവനെ അളക്കേണ്ട. അവന് ഒരുതരത്തില്‍ അസാധാരണക്കാരനായിരുന്നു.
അവനൊരു നീണ്ട മൂത്രക്കുഴലുണ്ടായിരുന്നു. അതുപയോഗിച്ച് അവന് ദൂരത്തിലേക്കു നീട്ടി മൂത്രമൊഴിക്കുവാന്‍ കഴിഞ്ഞിരുന്നു. കാലംചെന്നപ്പോള്‍ ജനങ്ങള്‍ അവന്റെ അസാധാരണപ്രയോജനത്തെക്കുറിച്ച് ബോധവാന്മാരായി. എവിടെയെങ്കിലും തീപിടിത്തമുണ്ടായാല്‍ അതണയ്ക്കാന് അവനെ കൊണ്ടുപോകാമെന്നു തീരുമാനമായി. അവന്റെ കുഴലില്നിന്നൊന്നു ചീറ്റിയാല്‍ മതി തീയണയാന്‍. അന്നുമുതല്‍ എവിടെയെങ്കിലും തീപിടിത്തമുണ്ടാകുമ്പോള്‍ അഗ്നിശമനപ്രവര്‍ത്തകരെ വിളിക്കുന്നതിനു മുന്‍പ് ആളുകള്‍ ഹാല്ഫിങ്ങിനെയാണു വിളിക്കുക. തീ കത്തുന്നതില്നിന്ന് അല്പമകന്നുനിന്ന് അവന് മൂത്രക്കുഴല് അതിലേക്ക് ഉന്നംപിടിക്കും. മെര്ജാന്റെ മകന് ആ കഥയിഷ്ടപ്പെടുമെന്നതിനാല് അവളടുത്ത ദിവസം വേറൊരു ഹാല്ഫിങ് കഥ പറയും. വാസ്തവത്തില്‍ പത്രത്തിലുള്ളതു ശരിയാണ്. മെര്ജാന് ഒരേ കഥകള്‍ തന്നെ എല്ലാ ദിവസവും പറയും. എന്തായാലും മകനു മടുപ്പുണ്ടാകാതിരിക്കുന്നതിനായി കഥയിലവള്‍ അല്പാല്പം മാറ്റങ്ങള്‍ വരുത്തും. ഉദാഹരണത്തിന് ഹാല്ഫിങ്ങിന്റെ മൂത്രക്കുഴല് നീണ്ടതായതിനാല്‍ അവനു പാകമാകുന്ന അടിവസ്ത്രങ്ങള്‍ കിട്ടിയിരുന്നില്ലെന്നും അവ തയ്ക്കുന്നതിനായി വസ്ത്രങ്ങള്‍ തേടി കടക്കാര് വലഞ്ഞെന്നും കഥയുണ്ടാക്കും. മറ്റൊരു കഥയില്‍ ഹാല്ഫിങ്ങിന്റെ മൂത്രക്കുഴലിന്റെ സീല്ക്കാരത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഒരു കമ്മിറ്റിയുണ്ടാക്കിയതാകും പറയുക. ഗവേഷണത്തിനായി ഒരുദിവസം അവന് ഗോപുരത്തിന്റെ മുകളിലേക്കാകും മൂത്രമൊഴിക്കുക. മറ്റൊരു ദിവസം കടലില്‍, പിന്നീട് വരണ്ടുണങ്ങിയ നദീതടത്തില്‍, ഓരോ തവണയും അവര്‍ അതിന്റെ ശബ്ദവീചികള്‍ പഠനവിഷയമാക്കും.
മെര്ജാന്റെ മകന് കഥ കേട്ട് ചിരിച്ചുചിരിച്ചു തളരും. അങ്ങനെത്തന്നെ കിടക്കയിലേക്കു വീണ് ഉറക്കംപിടിക്കുകയും ചെയ്യും. ഉറക്കംപിടിക്കുമ്പോള് അവന്റെ കൈ അമ്മയുടെ വയറിലായിരിക്കും. അവന്റെ ഉറക്കം തടസ്സപ്പെടരുതെന്നു കരുതി അവളനങ്ങാതെ കിടക്കും. അവളുടെ കുഞ്ഞ്... എത്ര നല്ല മണമായിരിക്കും അവന്. ശരി, ഒരു കുട്ടി വേണമെന്ന് ആദ്യമവള്‍ക്ക് ആഗ്രഹമില്ലായിരുന്നിരിക്കാം. മെര്ജാന്റെ ആത്മപരീക്ഷണസാഹസങ്ങള് ഇനിയുമൊരവസാനത്തിലെത്തിയിട്ടില്ല. പക്ഷേ, ആ കുട്ടിക്ക് അവളുടെ സ്നേഹം പിടിച്ചുപറ്റുന്നതിനുള്ള കഴിവുണ്ടായിരിക്കും...
'നിങ്ങള്‍ ഭാഗ്യവതിയാണെങ്കില്, ആദ്യദിനങ്ങളില്‍ രാത്രി കുഞ്ഞു കരയുമ്പോഴൊക്കെ ഭര്‍ത്താവ് എഴുന്നേല്ക്കും... പക്ഷേ, കുറച്ചു നാള് കഴിഞ്ഞാല്‍ അയാളതു ചെയ്യില്ല. കണ്ണു തുറന്നിരുന്നുകൊണ്ട് കരയുന്ന കുഞ്ഞിനെ വീണ്ടുമുറക്കുവാന് നിങ്ങള്‍ ശ്രമിക്കുമ്പോള്‍ അയാളുടെ ഉച്ചത്തിലുള്ള കൂര്‍ക്കംവലി നിങ്ങള്‍ക്കു കേള്‍ക്കാനാകും.' തനിക്കു പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ അച്ഛനെപ്പറ്റി മെര്ജാനു പ്രതീക്ഷകളൊന്നുമില്ല. ഭര്‍ത്താവ് ഇപ്പോള്‍ത്തന്നെ ഒരു കുഞ്ഞിനെപ്പോലെയാണ്, അതിനാല്‍ അയാളും അവരുടെ കുഞ്ഞും ഒന്നിച്ചുതന്നെ വളരും. അവളുണരുമ്പോള്‍, അയാള്‍ പാതിയുറക്കത്തിലോ അല്ലെങ്കില്‍ അര്‍ധബോധാവസ്ഥയിലോ ആയിരിക്കും. ആ അവസ്ഥയില്‍ അയാള്‍ തങ്ങളുടെ കുഞ്ഞിനെ എടുക്കുന്നതവള്ക്കിഷ്ടമല്ല. ദൈവമേ, അയാളാ കുഞ്ഞിനെ താഴെയിട്ടാലോ? അല്ലെങ്കിലൊരു പക്ഷേ... അതുകൊണ്ടയാളുറങ്ങിക്കോട്ടെ. മെര്ജാന് ഉണരുമ്പോള്‍ അടുത്ത മുറിയില്‍നിന്ന് ഭര്‍ത്താവ് ഉച്ചത്തില്‍ ശ്വാസമെടുക്കുന്നതിന്റെ ശബ്ദം കേള്‍ക്കുന്നതിനെക്കുറിച്ചോ? ഒരു ഭര്‍ത്താവെന്നാല്‍ എന്താണ്? വീട്ടിലെ ശ്വസിക്കുന്ന ഒരു ശരീരം... അയാള്‍ ശ്വസിക്കട്ടെ.
'കുഞ്ഞ് ഉറങ്ങുമ്പോള്‍ ഒരുപോള കണ്ണടയ്ക്കാമെന്നുവെച്ചാലോ? അതു പറയാനെളുപ്പമാണ്, പക്ഷേ, നടപ്പാക്കുന്നത് എളുപ്പമാകില്ല. ആ സമയത്ത് അടുക്കളപ്പണികള് തീര്‍ക്കാനുണ്ടെങ്കില്‍, എങ്കിലും ഒന്നു മയങ്ങാമെന്നു തീരുമാനിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ തുടങ്ങും ഫോണ്‍ ബെല്ലടിക്കാന്‍, അല്ലെങ്കില്‍ ആരെങ്കിലും വന്ന് ഡോര്‍ബെല്ലടിക്കും...' അതായത് കുഞ്ഞുണ്ടായിക്കഴിയുമ്പോള്‍ നിങ്ങളുടെ സാമൂഹികബന്ധങ്ങള്‍ കൂടും. തീര്‍ച്ചയായും അതങ്ങനെയാണ്. എങ്ങനെ അല്ലാതാകും? എന്തു ചെയ്യുന്നുവെന്നു ചോദിക്കുവാനായിപ്പോലും ആളുകള്‍ വിളിക്കും.
കാര്യങ്ങളിങ്ങനെയാണെങ്കിലും മെര്ജാന് താന്‍ വസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ ആരുമായും അയല്ബന്ധങ്ങളില്ല. പക്ഷേ, ഹൈദര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവള് മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കും, എങ്കിലല്ലേ അയല്‍വക്കത്തെ കുട്ടികളുമായി അവനു കളിക്കാനാകൂ. ചിലപ്പോള്‍ ഹൈദര്‍ നല്ലൊരു ഫുട്ബോള്കളിക്കാരനായിരിക്കും. അങ്ങനെയാണെങ്കില്‍ കുട്ടികളെല്ലാം അവനോടൊപ്പം കളിക്കുവാന്‍ ആഗ്രഹിക്കും. മെര്ജാനതില് വിരോധമില്ലല്ലോ എന്നാരാഞ്ഞ് അവരുടെ അമ്മമാര്‍ അവളുടെയടുത്തെത്തും. പക്ഷേ, മക്കളെ പുറത്തു കളിക്കാന്‍ വിട്ടിട്ട് വാതിലില്‍ ചാരി നിന്നു നെടുവീര്‍പ്പിടുന്ന ആ അമ്മമാരെപ്പോലെയാകില്ല മെര്ജാന്. മെര്ജാന് കെട്ടിടത്തിന്പടിയില് ഒരു കുഷ്യനിട്ട് അതിലിരുന്ന് അവന് കളിക്കുന്നതു കാണും, നിരത്തിലൂടെ ഒരു കാര്‍ വരുന്നുണ്ടെങ്കില്‍ അവള്ക്കവനോടതെളുപ്പം വിളിച്ചുപറയുകയും ചെയ്യാം.
കൂടെ മറ്റു കുട്ടികളുടെ കാര്യവും അവള് ശ്രദ്ധിക്കും. അതിലൂടെ അയല്‍ക്കാരായ അമ്മമാരുടെ നന്ദിയും സമ്പാദിക്കും. പാര്‍ക്കിലെ സ്ലൈഡില്നിന്ന് ഹൈദര്‍ തെന്നിയിറങ്ങുമ്പോള്‍ തറയില്‍ വന്നടിച്ചുവീഴാതെ പിടിക്കുന്നതിനായി കാത്തുനില്ക്കുമ്പോള് അവിടെ കാണുന്ന അമ്മമാരോടും പലതുമവള്ക്കു പറയുവാനുണ്ടാകും. എന്തെന്നാല്‍ അവളവനെ മാന്യനായ ഒരു കുട്ടിയായിട്ടാണു വളര്‍ത്തുക. അവനൊരിക്കലും സ്കൂളിലെ അധ്യാപക -രക്ഷാകര്‍ത്തൃ മീറ്റിങ്ങിനെപ്പറ്റി പറയാതിരുന്ന് അവളെ നാണംകെടുത്തില്ല. വേണമെങ്കില്‍, സ്കൂള്‍ കൗണ്‍സിലില്‍പ്പോലും മെര്ജാനു ചേരാം. എന്തായാലും, കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ താമസിക്കുകയും വീടിന്റെ ജനാലയിലൂടെ കുട്ടയിറക്കി അതില്‍ പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങുകയും ചെയ്യുന്ന അമ്മമാര്‍ക്കേ സ്കൂള്‍ കൗണ്‍സിലില്‍ അംഗമാകാനാകൂ എന്നാരും പറഞ്ഞിട്ടില്ലല്ലോ...
നിങ്ങള്‍ക്കു പിന്നീട് സ്വന്തമായ സമയമൊന്നും കാണില്ല. ആരോഗ്യപരിപാലനത്തിനോ മുടി വെട്ടിക്കുന്നതിനോവേണ്ടി സലൂണുകളില്‍ പോയതെല്ലാം വിദൂരമായ ഓര്‍മകളാകും... പക്ഷേ, വിഷമിക്കേണ്ട, അതു നിങ്ങള്‍ക്കു ശീലമായിക്കൊള്ളും: അതു കുഴപ്പമില്ല. അവള്‍ക്കു മറ്റെന്തെങ്കിലും കാര്യം ഇതിലും പ്രധാനമായതുണ്ടോ? കുഞ്ഞുങ്ങളെ പാര്‍ക്കില്‍ കൊണ്ടുവരുന്ന അമ്മമാരും സ്കൂള്‍ കൗണ്‍സിലിലെ മാതാപിതാക്കളുമെല്ലാം ഇതേ അവസ്ഥയിലാണ്. മെര്ജാനു പിന്നീട് ഏകാന്തതയെന്നത് ഉണ്ടാകുകയേയില്ല. നിങ്ങളനുഭവിച്ച വിഷമതകളൊക്കെ മറക്കുകയും ഒരുപക്ഷേ, മറ്റൊരു കുഞ്ഞിനുവേണ്ടി തയ്യാറാകുകയും ചെയ്യും. മെര്ജാന് താള് മറിച്ചു. ആ സ്ത്രീകള്‍ക്കൊക്കെ ജനിക്കുവാന്പോകുന്ന രണ്ടാമത്തെ കുട്ടികള്‍... ആഹാ.
അവളെഴുന്നേറ്റ് ലൈറ്റ് ഓണ്‍ ചെയ്തു. നേരം വൈകുവാന്‍ ഇനിയും സമയമുണ്ടെങ്കിലും നിലവറഫ്ളാറ്റിന്റെ ജനാലകളെല്ലാം നന്നേ ചെറുതായതിനാല്‍ ഉച്ചതിരിയുമ്പോള്‍ മുതല്‍ ഇരുട്ടാണ്.
പത്രത്തിന്റെ അടുത്ത താളില്‍ ഇങ്ങനെ, എന്തൊക്കെയാണു ഗര്‍ഭവതികളായ അമ്മമാര്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍? അതിലിങ്ങനെയൊരു തലവാചകത്തോടെ ഒരു ഗര്‍ഭിണിയുടെ ചിത്രവും: നിങ്ങള്‍ക്ക് വയറ്റിലുള്ള കുഞ്ഞിനെപ്പറ്റിയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാനാകില്ല. കുഞ്ഞിന് ആരോഗ്യമുണ്ടോ? എങ്ങനെയായിരിക്കും പ്രസവം? സാധാരണ നിങ്ങളുടെ ഷോപ്പിങ് ലിസ്റ്റില്‍ കാണുന്ന രുചിപ്പലഹാരങ്ങള്ക്കു പകരം പോഷകസമൃദ്ധമായ ഭക്ഷണവസ്തുക്കള്‍ പ്രത്യക്ഷപ്പെടുന്നു. മെര്ജാനൊരു മല്ലിത്തണ്ടെടുത്തു കടിച്ചു. 'കുഞ്ഞുങ്ങള്‍ക്കായുള്ള തുണിക്കടകളാകും നിങ്ങള്‍ക്കു പ്രിയപ്പെട്ട കടകള്‍. നിങ്ങളുടെ ചെറിയ പേഴ്സിനു പകരം കുഞ്ഞിന്റെ നാപ്പിയും പാല്‍ക്കുപ്പിയും എല്ലാം വെക്കാവുന്നതരം വലിയ ബാഗുകളിലേക്ക് മാറുന്നു. ഓഫീസ് മീറ്റിങ്ങുകളുടെ സമയക്രമത്തെക്കാള് കുഞ്ഞിനു മുലയൂട്ടുന്നതിനുള്ള സമയക്രമങ്ങള്‍ നിങ്ങള്‍ നോക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാംതന്നെ വലിയ തോതില്‍ മാറുന്നു...' ഒരു ഗര്‍ഭിണിയായിരിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്, മെര്ജാനു കാര്യം മനസ്സിലായി. 'പക്ഷേ,അവിടെയൊന്നു നില്ക്കൂ, നിങ്ങള്‍ക്കു ചുറ്റുമുള്ള ചിലരുടെ ജീവിതങ്ങള്‍ അത്ര മാറാതിരിക്കുമെന്നു കരുതുന്നുണ്ടോ? നിങ്ങള്‍ പ്രത്യേക പരിഗണനയാഗ്രഹിക്കുന്നവരില് നിന്നും? അതെ, അവരെപ്പറ്റിയും പ്രത്യേകമായി ശ്രദ്ധിക്കണം.'
നിങ്ങളുടെ എല്ലാ ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒപ്പം നില്ക്കുവാന് തയ്യാറായിരിക്കുന്ന ഭര്‍ത്താവ് ഇപ്പോള്‍ സമ്മിശ്രവികാരങ്ങളനുഭവിക്കുന്നു. തന്നെ കാത്തിരിക്കുന്ന ഭൗതികവും ആത്മീയവുമായ കടമകള്‍ കൈകാര്യം ചെയ്യുവാന്‍ അയാള്‍ പ്രാപ്തനായിരിക്കുമോ? സോഫയിലെ കിടത്തത്തില്നിന്നെഴുന്നേറ്റ് പുറത്തു പോയി ഒരു ജോലി കണ്ടുപിടിക്കുവാന്‍ അയാള്‍ക്കു കഴിയുമോ? അയാളുടെ മനസ്സില്‍ ചോദ്യങ്ങള്‍ നിറഞ്ഞിരിക്കുന്നു, അയാളുടെ ഭാര്യയാകട്ടെ കണ്മുന്പില് മാറിക്കൊണ്ടുമിരിക്കുന്നു. അയാളിറങ്ങിപ്പോകുകയാണെങ്കില് പോകട്ടെ, അയാള്‍ പോയി...
നിങ്ങളുടെ ഭര്ത്താവിനല്പം അസൂയയുണ്ടോ? അയാള്‍ പിന്നണിയിലേക്കു തള്ളപ്പെട്ടതിന്റെ വിഷമം അനുഭവിക്കാതിരിക്കുവാനായി സഹായിക്കണം. അയാള്ക്കല്പം മധുരക്കൊതി തോന്നിയാല്‍, ഗര്‍ഭത്തെക്കുറിച്ച് പരാതി പറയാതെത്തന്നെ, അയാള്‍ക്കിത്തിരി ഹല്‍വ ഉണ്ടാക്കിക്കൊടുക്കണം. പൊയ്ക്കോളാന്‍ ഭര്‍ത്താവിനോട് പറയേണ്ടിയിരുന്നില്ല.
നിങ്ങളുടെ ഉത്തമസുഹൃത്ത്: വിവാഹിതയല്ലെങ്കില്‍ അവള് സംഭ്രമിച്ചേക്കാം. അടുത്ത കാലംവരെ നിങ്ങളവളുടെ യാത്രാപങ്കാളിയായിരുന്നു, ആവശ്യമുള്ളപ്പോഴൊക്കെ നിങ്ങളവളുടെ അടുത്തെത്തിയിരുന്നു. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ക്കൊരു പുതിയ ജീവിതമുണ്ട്. സ്വര്‍ഗവും നരകവും ഇവിടെ ഈ ഭൂമിയില്ത്തന്നെയാണെന്ന് ആളുകള്‍ പറയുന്നു. അതു സത്യമാണ്. ഈ പത്രംപോലും സ്വര്ഗത്തിനൊരു വര്‍ണന നല്കിയിരിക്കുന്നു: ഒരു സ്ത്രീയുടെ ഭര്‍ത്താവ്, കുഞ്ഞ്, അവള്‍ക്കെപ്പോഴും തുണയാകുന്ന സ്നേഹിത, അവരൊന്നിച്ചുള്ള ആ അവധിക്കാലത്തെപ്പറ്റി പരാമര്ശിക്കാനേയില്ല... അതിനെല്ലാം ഉപരിയായി, ദൈവം അവള്‍ക്കൊരു പുതുജീവിതവും നല്‍കും.
ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം നൈസര്ഗികതയാണ്. മെര്ജാന് തികച്ചും നൈസര്ഗികമായിട്ടാണു ജീവിക്കുന്നത്. തീര്‍ത്തും ജൈവമായിരിക്കുവാന് തക്കവിധം നൈസര്‍ഗികത. പക്ഷേ, അവള്‍ക്കൊരു ഉത്തമസുഹൃത്തില്ല, ഒരു ഭര്‍ത്താവില്ല, കുറഞ്ഞപക്ഷം ഒരു കുഞ്ഞുപോലുമില്ല. ലേഖനത്തിലെ പട്ടികയില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമാത്രമാണവള്ക്കുള്ളത്:
നിങ്ങളുടെ മാനേജര്‍: നിങ്ങള്‍ പ്രസവാവധി എടുക്കുമ്പോഴും തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോഴുമുള്ള സാഹചര്യങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിനായി വിവിധതരം പദ്ധതികളുമായി തീര്‍ച്ചയായും നിങ്ങളുടെ മാനേജര്‍ തിരക്കിലായിരിക്കും. അപ്പാര്‍ട്ട്മെന്റ് മാനേജര്‍മാര്‍ ഓഫീസ് പദ്ധതികളൊന്നും തയ്യാറാക്കിയിട്ടുണ്ടാകില്ല. ജോലിയിലവള് ഒരിക്കല്‍ അലസത കാണിച്ചാല്‍ പടിക്കെട്ടുകള്‍ തുടയ്ക്കുന്ന ജോലി നൂറുകണക്കിനു മെര്ജാന്മാര് ഏറ്റെടുക്കുകയില്ലേ?
ജോലിയിലെ പ്രശ്നങ്ങളും തടസ്സങ്ങളും- ഉദാഹരണത്തിന്, സന്ദര്‍ശകരുള്ള സമയത്ത് പടിക്കെട്ടുകള്‍ വൃത്തികേടായിക്കിടക്കുന്നു- നിങ്ങളുടെ മേലുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കും. എപ്പോഴാണു നിങ്ങള്‍ പ്രസവാവധിയില്‍ പ്രവേശിക്കുന്നത്? പ്രസവാവധി... ഹഹഹ, മെര്ജാനു ജോലിയില്‍നിന്ന് അവധി എടുക്കാനാകില്ല. പ്രസവം നടന്നു കഴിഞ്ഞാലുടന്‍ അവള്‍ക്ക് പടികള്‍ തുടയ്ക്കുവാന്‍ പോകണം. ഇനി, എപ്പോഴാണു നിങ്ങള്‍ പാലൂട്ടുന്നതിനുള്ള അവധി എടുക്കുന്നത്? അവള് മുലപ്പാല്‍ നിറച്ച കുപ്പികള്‍ ഫ്രിഡ്ജില്‍ വെക്കും. സ്വാഭാവികമായുമത് ഭര്‍ത്താവ് മടങ്ങിവരുന്നതിനെ ആശ്രയിച്ചിരിക്കും... അതായത് മെര്ജാനൊരു കുഞ്ഞുണ്ടാകുക, ഭര്‍ത്താവ് വീട്ടിലേക്കു മടങ്ങിവരിക, കുഞ്ഞിനെ നോക്കുന്ന കാര്യത്തില്‍ മെര്ജാനയാളെ വിശ്വാസമുണ്ടാകുക എന്നതെല്ലാം സംഭവിക്കണം. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്യുന്നത് കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്‍പോട്ടു പോകുന്നതിനു സഹായിക്കും. മെര്ജാന് ക്ഷമിക്കണം, പക്ഷേ, കുഞ്ഞിനെയുംകൊണ്ടു ജോലിക്കു വരുന്നത് ആലോചിക്കാനേ പാടില്ല. അപ്പാര്‍ട്ട്മെന്റ് മാനേജര്‍മാര്‍ അതനുവദിക്കില്ല. പുറത്തു തുണിയില്‍ കെട്ടിവെച്ചിരിക്കുന്ന കുഞ്ഞിനെയുംകൊണ്ട് എങ്ങനെയാണവള്‍ പടികള്‍ തുടയ്ക്കുക? അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ ഏറെക്കാലം വൃത്തികേടായിക്കിടക്കുവാന് പാടില്ല. അവളുടെ അടുത്തുള്ള പ്രദേശങ്ങളിലെ പുതിയ കെട്ടിടങ്ങള്‍ക്കായി മറ്റൊരു തൂപ്പുകാരിയെ അവരിപ്പോള്‍ത്തന്നെ കണ്ടെത്തിയിട്ടുമുണ്ട്.
മെര്ജാന് ഞായറാഴ്ചപ്പത്രത്തിലെ ശിശുപരിചരണസപ്ലിമെന്റ് അടച്ചുവെച്ചിട്ട് ജനാലകളിലേക്കു നോക്കി. അവ പൊടിപിടിച്ച് ആകെ വൃത്തികെട്ടിരുന്നു!
Content Highlights : Excerpt form the novel KUL by Seray Sahiner translated by Smitha Meenakshi mathrubhumi books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..