ബീജബാങ്കില്‍ വൈദ്യുതിയെത്താന്‍ വാശിപിടിച്ച നാഗവേണി!


ഡോ. എം.വി പിള്ള

ബീജബാങ്കില്‍ പാഞ്ഞെത്തിയ അവര്‍ ജനറേറ്ററിലൂടെയുള്ള വിദ്യുച്ഛക്തി അവിടെയെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശാഠ്യംപിടിച്ചു. അഗ്നിശമനപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആജ്ഞാപിച്ചിട്ടും പുറത്തിറങ്ങിയില്ല. ഫയര്‍മാര്‍ഷലിനോട് തട്ടിക്കയറി. കറുത്ത പുകച്ചുരുളുകള്‍ക്കിടയില്‍ മയങ്ങിവീണ നാഗവേണിയെ തോളിലേന്തി താഴെയെത്തിച്ച ഫയര്‍മാര്‍ഷലും അവശനിലയില്‍ ആശുപത്രിയില്‍.

പുസ്തകത്തിന്റെ കവർ

അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറും ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് അമേരിക്കന്‍ വിഭാഗത്തിന്റെ പ്രസിഡണ്ടുമായ ഡോ. എം.വി പിള്ള എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് 'പെണ്‍ജന്മപുണ്യങ്ങള്‍'. തന്റെ ദീര്‍ഘകാലത്തെ മെഡിക്കല്‍ സേവനത്തിനിടയില്‍ കണ്ടുമുട്ടിയ വ്യത്യസ്തരായ സ്ത്രീകളെക്കുറിച്ചെഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിലെ 'ബീജബാങ്കിലെ സര്‍പ്പം' എന്ന അധ്യായം വായിക്കാം.

മേരിക്കയിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ അഗ്നിബാധ ഉണ്ടായാല്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും പ്രത്യേക നിര്‍ഗമനമാര്‍ഗങ്ങളായ പടിക്കെട്ടുകളിലൂടെ ഉടനടി പുറത്തിറങ്ങിക്കൊള്ളണമെന്നുമാണ് നിയമം. കെട്ടിടത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ഫയര്‍മാര്‍ഷല്‍ നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല.ബയോളജി സെന്ററിന്റെ മുകളിലത്തെ നിലയില്‍ അഗ്നിബാധയെത്തുടര്‍ന്ന് കറുത്ത പുക കണ്ടുതുടങ്ങിയപ്പോള്‍ നേരം ഉച്ചയോടടുത്തിരുന്നു. കെട്ടിടത്തിലെ അന്തേവാസികള്‍ ഞൊടിയിടയ്ക്കുള്ളില്‍ പുറത്തെത്തി. പുകപടലങ്ങള്‍ക്കിടയില്‍ തളര്‍ന്നുവീണ ചിലരെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചുതുടങ്ങിയിട്ടുമുണ്ട്. വീണ്ടും വീണ്ടും പേജര്‍ ചിലച്ചപ്പോഴാണ് നമ്പര്‍ ശ്രദ്ധിച്ചത്. എമര്‍ജന്‍സി റൂമിന്റെ നമ്പര്‍!
'ഡോക്ടര്‍, അബോധാവസ്ഥയില്‍ ഒരു സ്ത്രീയെ കൊണ്ടുവന്നിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് പോയ്‌സണായിരിക്കാം. ബന്ധുക്കളാരും കൂടെയില്ല. അവരുടെ ബാഗില്‍ ഡോക്ടറുടെ കാര്‍ഡ് കണ്ടു. എന്തെങ്കിലും മെഡിക്കല്‍ ഹിസ്റ്ററികൂടി കിട്ടിയാല്‍ ഉപകാരമായി...'

സമീപകാല അമേരിക്കന്‍ മെഡിക്കല്‍രംഗത്തെ ധര്‍മസങ്കടങ്ങളിലൊന്നാണ് ഇത്തരമൊരഭ്യര്‍ഥന. രോഗിയുടെയോ രോഗി അനുവാദം നല്കിയിട്ടുള്ള മറ്റൊരാളിന്റെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ആരോഗ്യവിവരങ്ങള്‍ കൈമാറാന്‍ ഡോക്ടര്‍ക്കോ ആശുപത്രിക്കോ അധികാരമില്ല. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടതായി ഒരു രോഗിക്കു പരാതിയുണ്ടെങ്കില്‍ നിയമനടപടികളിലൂടെ കോടിക്കണക്കിനു നഷ്ടപരിഹാരം നേടാന്‍ കഴിയും.

പേര്, നാഗവേണി രാസനാഥന്‍.
വെള്ളിടിവെട്ടുമ്പോള്‍ മണ്ണില്‍ ഉരഗങ്ങള്‍ കിടന്നു പിടയുമെന്ന കവിഭാവനപോലെ ഇപ്പോള്‍ ചിന്തകളിലൂടെ കടന്നുപോയ മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ കറുത്ത നിറവും പാറിപ്പറന്ന മുടിയും വിഷാദമൂറുന്ന കണ്ണുകളുമുള്ള ഒരു ശ്രീലങ്കന്‍ തമിഴ് യുവതിയുടെ രൂപം. നോക്കിലും വാക്കിലും തമിഴ്പുലിയുടെ ശൗര്യം നിറഞ്ഞുനില്ക്കുന്ന കൊലുന്നനേയുള്ള ഒരു മുപ്പതു വയസ്സുകാരി-നാഗവേണി.
ശ്രീലങ്കയില്‍നിന്നും രാഷ്ട്രീയ അഭയാര്‍ഥികളായി കാനഡയിലേക്കു കുടിയേറിയ രാസനാഥന്‍ കുടുംബത്തിന്റെ നെടുംതൂണാണ് നാഗവേണി. അച്ഛനുമമ്മയും ഇളയ സഹോദരനും ടൊറോന്റോയില്‍ റെസ്റ്റോറന്റ് നടത്തിക്കിട്ടുന്ന വരുമാനവുമായി കഴിയുന്നു. ബ്ലഡ് ബാങ്കിങ്ങില്‍ ഉന്നതപരിശീലനം നേടി നാഗവേണി ജോലി സമ്പാദിച്ചു വാഷിങ്ടണിലേക്കു കുടിയേറി.

തമിഴ്‌നാട് സ്വദേശി ഷംസുദ്ദീനുമായി നാഗവേണി മെഡിക്കല്‍ സെന്ററില്‍ വന്നത് ഒരു വര്‍ഷം മുന്‍പായിരുന്നു. ഏറക്കുറെ സമപ്രായക്കാരാണെങ്കിലും മകന്റെ ചികിത്സയ്ക്കു കൂടെ വന്ന അമ്മയുടെ ഭാവമായിരുന്നു നാഗവേണിക്ക്. വേദന കലര്‍ന്ന മന്ദഹാസവുമായി അടുത്തിരുന്ന ഷംസുദ്ദീന്‍ എല്ലാ കാര്യങ്ങളുടെയും വക്കാലത്ത് നാഗവേണിയെ ഏല്പിച്ച മട്ടില്‍ വളരെ കുറച്ചേ സംസാരിച്ചുള്ളൂ. നാഗവേണിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ മാത്രം അയാള്‍ വാചാലനായി. ചികിത്സിച്ചു നിശ്ശേഷം ഭേദപ്പെടുത്താന്‍ കഴിയുന്ന ഇനം തൈറോയിഡ് കാന്‍സറാണ് ഷംസുദ്ദീന്റെ പ്രശ്‌നം. ഒരു ശസ്ത്രക്രിയാവിദഗ്ധന്‍ ഓപ്പറേറ്റ് ചെയ്യുകയും ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ ഡോസ് റേഡിയോ ആക്ടീവ് അയോഡിന്‍ചികിത്സയും ചെയ്താല്‍ രോഗം ഭേദമാക്കാം. റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ ആവര്‍ത്തിച്ചുപയോഗിച്ചാല്‍ വന്ധ്യത ഉണ്ടായേക്കാം. ഇക്കാര്യം പറഞ്ഞപ്പോള്‍ ഷംസുദ്ദീന്റെ മുഖത്തെ നിസ്സംഗതയെക്കാള്‍ നാഗവേണിയുടെ ഉത്കണ്ഠ കൗതുകകരമായിരുന്നു.

'ഷംസുദ്ദീന്‍ നാഗവേണിയുടെ സുഹൃത്താണോ?'
രണ്ടു മുഖങ്ങളിലും ഒരേസമയം സൂര്യനുദിച്ചു. ഷംസുദ്ദീന്റെ കണ്ണുകളില്‍ നേരിയ ലജ്ജയുടെ നിഴലാട്ടം. നാഗവേണി വേഗം ഗൗരവം വീണ്ടെടുത്തു.
'ഞങ്ങള്‍... ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചവരാണ് ഡോക്ടര്‍... ഷംസുദ്ദീനും ഡോക്ടറുടെ നാട്ടുകാരനാണ്... നാഗര്‍കോവിലുകാരന്‍.'
'നാഗര്‍കോവിലുകാരനായതുകൊണ്ടാണോ നാഗവേണിയെ പ്രണയിച്ചത്? പിന്നെ നാഗര്‍കോവില്‍ എന്റെ കേരളത്തിലല്ലയിപ്പോ.'
ഇരുവരും പൊട്ടിച്ചിരിച്ചു.

'രണ്ടു രാഷ്ട്രം, രണ്ടു മതം.... അല്ലേ ഡോക്ടര്‍?'
'പക്ഷേ.... ഭാഷ ഒന്നല്ലേ?'
'ശരിയാണ്. തമിഴര്‍ക്കും ബംഗാളികള്‍ക്കും ഭാഷയാണ് പൊരുത്തത്തിന്റെ കാതല്‍. മതവും രാഷ്ട്രവുമൊക്കെ പിന്നെ മാത്രം.'
പാകിസ്താനോടു വിടപറഞ്ഞ് ബംഗാളിനോടടുത്ത് ബംഗ്ലാദേശ് സ്ഥാപിച്ച മുസ്‌ലിങ്ങളെപ്പറ്റിയും, ജര്‍മനിയിലും കാനഡയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും പൗരത്വം സ്വീകരിച്ചെങ്കിലും തമിഴ് പുലികളോട് അനുഭാവവും പ്രതിബദ്ധതയും പുലര്‍ത്തുന്ന ഭിന്നമതസ്ഥരായ ശ്രീലങ്കന്‍ തമിഴ് വംശജരെയും കുറിച്ചു പറയുമ്പോള്‍ നാഗവേണിയുടെ ആവേശം അസാധാരണമായി തോന്നി.
സ്റ്റുഡന്റ് വിസയില്‍ ബാള്‍ട്ടിമൂറില്‍ ഉപരിപഠനം നടത്തുന്ന ഷംസുദ്ദീന് ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു തൈറോയിഡ് കാന്‍സര്‍ പിടിപെട്ടത്. ചികിത്സയുടെ ഭാഗമായേക്കാവുന്ന റേഡിയോ ആക്ടീവ് അയൊഡിന്‍ ഐസോടോപ്പുകള്‍ റേഡിയേഷന്‍ ചേരുന്നവയായതിനാല്‍ ശരീരഭാഗങ്ങളിലുള്ള ചില കോശങ്ങളെ കേടുവരുത്താനിടയുണ്ട്. ആണ്‍പെണ്‍ബീജങ്ങള്‍ ഇത്തരം തകരാറുകള്‍ക്ക് പെട്ടെന്നു കീഴ്‌പ്പെടാം. ചികിത്സയുടെ പാര്‍ശ്വഫലമായി ചിലപ്പോഴുണ്ടാകാറുള്ള വന്ധ്യതയുടെ അടിസ്ഥാനമിതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സ തുടങ്ങുന്നതിനു മുന്‍പ് ബീജം ഫ്രീസ് ചെയ്ത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ സൂക്ഷിച്ചാല്‍ പില്ക്കാലത്ത് ദമ്പതികള്‍ക്ക് സ്വന്തം സന്താനങ്ങളെത്തന്നെ ലഭിക്കുന്നു.

റേഡിയോ ആക്ടീവ് അയൊഡിന്‍ ഐസോടോപ്പുകളെപ്പറ്റി വിശദീകരിച്ചപ്പോള്‍ ഒരു ചമത്കാരത്തിനുവേണ്ടി രാജീവ്ഗാന്ധിയെ വധിച്ച തമിഴ്പുലിപെണ്‍കുട്ടിയെപ്പറ്റി പറയാനിടയായി. അരക്കെട്ടില്‍ ബെല്‍റ്റുബോംബുമായി ശത്രുവിനെ ഹാരമണിയിച്ച് സ്വയം പൊട്ടിത്തെറിച്ച് ചുറ്റും മരണം വിതയ്ക്കുന്ന തമിഴ് പെണ്‍പുലിയുടെ രൂപകമാണ് റേഡിയോ ആക്ടീവ് അയൊഡിനെന്ന പരാമര്‍ശം നാഗവേണിയെ ചൊടിപ്പിച്ചു. അവര്‍ പെട്ടെന്നു ക്രുദ്ധയായി. കറുത്ത മുഖം കൂടുതല്‍ ഇരുണ്ടു. നെറ്റിത്തടത്തില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടി. വലതുകൈപ്പത്തി വിടര്‍ത്തി ഇരുഭാഗത്തേക്കും ചലിപ്പിച്ചു വിയോജിപ്പിന്റെ സൂചന നല്കി പൊട്ടിത്തെറിച്ചു:
'നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഒരിക്കലും ഞങ്ങളുടെ വികാരം മനസ്സിലാവുകയില്ല ഡോക്ടര്‍. ജന്മനാട്ടില്‍ അന്യരായി കരുതപ്പെടുക... അടിച്ചമര്‍ത്തപ്പെടുക... ഒരുപക്ഷേ, പലസ്തീന്‍ ജനതയ്ക്ക് ഞങ്ങളുടെ ദുഃഖങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കും...'

Book cover
പുസ്തകം വാങ്ങാം

നാഗവേണിയുടെ കൈപ്പത്തി ഉയര്‍ത്തിയുള്ള സംസാരം കണ്ടപ്പോള്‍ പേര് എത്ര അന്വര്‍ഥമാണെന്നു തോന്നി... കൊത്താനൊരുങ്ങുന്ന പാമ്പിന്റെ രൂപം...
ഇരുവരും പൊട്ടിച്ചിരിച്ചു. മഴ മാറി തെളിഞ്ഞ ആകാശംപോലെ മുഖം വീണ്ടും പ്രസന്നം.

അപ്പോള്‍, ആദ്യമായി ഷംസുദ്ദീന്‍ സംസാരിച്ചുതുടങ്ങി. നാഗവേണിയുടെ സര്‍പ്പസൗന്ദര്യം ഉജ്ജ്വലമാകുന്നത് പ്രകോപിപ്പിക്കപ്പെടുമ്പോഴാണെന്ന് പ്രതിശ്രുതവരന്‍. മാത്രമല്ല, പ്രതിഭയുടെ മാണിക്യവും ആ ശിരസ്സിലുണ്ടെന്നയാള്‍ പറഞ്ഞു. തമിഴ് സാഹിത്യത്തില്‍ ബിരുദം നേടി, കാനഡയില്‍ എത്തിയ നാഗവേണി ഇമ്മ്യൂണോളജിയില്‍ മാസ്റ്റേഴ്‌സ് എടുത്തശേഷം അമേരിക്കയിലെത്തി ബ്ലഡ് ബാങ്കിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കി. മികച്ച വാഗ്മിയായ അവര്‍ കര്‍ണാടകസംഗീതത്തിന്റെ സഞ്ചരിക്കുന്ന വിജ്ഞാനകോശംകൂടെയാണെന്നു പറയുമ്പോള്‍ ഷംസുദ്ദീന്റെ കണ്ണുകളില്‍ ആരാധനയുടെ നിറവ്.

ബീജബാങ്കില്‍ ബീജസംരക്ഷണത്തിനുള്ള ചെലവ് അമേരിക്കയില്‍ പ്രതിവര്‍ഷം ആയിരക്കണക്കിനു ഡോളറായതിനാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ആദ്യം ഈ സേവനം നല്കാന്‍ വിസമ്മതിച്ചു. ഇന്ത്യയില്‍ പ്രതിവര്‍ഷം ആയിരം രൂപയിലൊതുങ്ങുന്ന ഈ സേവനം ലഭ്യമാണെങ്കിലും പവര്‍കട്ടിന്റെയും മറ്റും കാരണം പറഞ്ഞ് ഈ നിര്‍ദേശം നാഗവേണി നിരസിക്കുകയായിരുന്നു. മെഡിക്കല്‍ ആവശ്യകത വിശദീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി നീണ്ട നിയമയുദ്ധം നടത്തി ഷംസുദ്ദീന്റെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ അനുമതി വാങ്ങിയ ശേഷമാണ് ചികിത്സ തുടങ്ങിയത്. ഓപ്പറേഷനു മുന്‍പായി ബീജസംഭരണത്തിന്റെയും സംരക്ഷണത്തിന്റെയും എല്ലാ ചിട്ടവട്ടങ്ങളും നിറവേറ്റുകയും ചെയ്തു. നാഗവേണി ജോലി ചെയ്യുന്ന സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സില്‍ത്തന്നെയാണ് പ്രതിശ്രുതവരന്റെ ജീവകണികകള്‍ ഉറങ്ങുന്ന ബീജബാങ്കും.

ഷംസുദ്ദീന് സര്‍ജറിക്കു പുറമേ രണ്ട് ഡോസ് റേഡിയോ ആക്ടീവ് അയൊഡിന്‍ വേണ്ടിവന്നു. ഇപ്പോള്‍ അയാള്‍ പൂര്‍ണമായും രോഗവിമുക്തന്‍. അടുത്ത വര്‍ഷം നാഗവേണിക്ക് യു.എസ്. പൗരത്വം കിട്ടിയാലുടന്‍ വിവാഹം നടത്താനാണ് പദ്ധതി.
നാഗവേണിയുടെ മെഡിക്കല്‍ റെക്കോഡുകളൊന്നും കൈവശമില്ലെന്ന് എമര്‍ജന്‍സി റൂമില്‍ അറിയിച്ചു. ഷംസുദ്ദീന്റെ റെക്കോഡില്‍ കണ്ട ടെലിഫോണില്‍ തുടരെ ശ്രമിച്ചിട്ടും പ്രതികരണമില്ല. നാഗവേണി ഇപ്പോള്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിന്റെ സഹായത്താല്‍ ശ്വാസോച്ഛ്വാസവും രക്തത്തിലെ ഓക്‌സിജന്റെ അളവും നിലനിര്‍ത്തുന്നുണ്ട്. ദേഹത്തു തീപ്പൊള്ളലിന്റെ ലക്ഷണമൊന്നുമില്ല. പരിചയമുള്ള ഡോക്ടറെ കണ്ടപ്പോള്‍ ഉണങ്ങി വരണ്ട കണ്ണുകളില്‍ ഈര്‍പ്പം പൊടിഞ്ഞു. എന്തോ പറയാനുള്ള ഉദ്വേഗം മുഖത്ത് തെളിയുന്നുണ്ടെങ്കിലും തൊണ്ടയില്‍ നിറഞ്ഞുനില്ക്കുന്ന റ്റിയൂബ് കാരണം സംസാരശേഷിയില്ല. കൈകളില്‍ മെല്ലെ തട്ടി സമാശ്വസിപ്പിച്ചശേഷം പുറത്തേക്കിറങ്ങി. ബയോളജി സെന്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അടുത്തു വന്നു ചോദിച്ചു:
'ഈ തലതിരിഞ്ഞ സ്ത്രീയെക്കുറിച്ച് എന്തെങ്കിലും കൂടുതല്‍ വിവരം കിട്ടിയോ ഡോക്ടര്‍...ഇവര്‍ക്ക് ബുദ്ധിഭ്രമമോ മറ്റോ ഉണ്ടോ?'

ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍നിന്നും മുകളിലുള്ള നിലയില്‍ തീ പടര്‍ന്നുതുടങ്ങിയപ്പോള്‍ സെക്യൂരിറ്റിക്കാര്‍ മെയിന്‍ സ്വിച്ച് ഓഫാക്കി. ലിഫ്റ്റുകള്‍ നിര്‍ത്തിവെച്ചു. പടിക്കെട്ടുകളിലെ എമര്‍ജന്‍സി വിളക്കുകള്‍ ജനറേറ്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങിയ സമയം. കെട്ടിടത്തിലുള്ളവരെല്ലാം അതിവേഗം പടിയിറങ്ങി പുറത്തേക്കു കുതിച്ചപ്പോള്‍ നാഗവേണി മാത്രം മുകളിലേക്ക് ഓടിക്കയറുന്നതു കണ്ടവരുണ്ട്. ബീജബാങ്കില്‍ പാഞ്ഞെത്തിയ അവര്‍ ജനറേറ്ററിലൂടെയുള്ള വിദ്യുച്ഛക്തി അവിടെയെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശാഠ്യംപിടിച്ചു. അഗ്നിശമനപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആജ്ഞാപിച്ചിട്ടും പുറത്തിറങ്ങിയില്ല. ഫയര്‍മാര്‍ഷലിനോട് തട്ടിക്കയറി. കറുത്ത പുകച്ചുരുളുകള്‍ക്കിടയില്‍ മയങ്ങിവീണ നാഗവേണിയെ തോളിലേന്തി താഴെയെത്തിച്ച ഫയര്‍മാര്‍ഷലും അവശനിലയില്‍ ആശുപത്രിയില്‍.
കഴിഞ്ഞ സംഭവങ്ങള്‍ ഇപ്പോള്‍ നന്നായി ഊഹിക്കാന്‍ കഴിയും. ഒരായിരം വാക്കുകളുടെ സംവേദനം ഒരു ചിത്രത്തിനു നിര്‍വഹിക്കാന്‍ കഴിയുമെങ്കില്‍ മികവുറ്റ ഒരു ചിത്രകാരന്‍ അതിങ്ങനെ കോറിയിടുമായിരിക്കാം; ബീജബാങ്കിലെ ജനാലയ്ക്കു പുറത്ത് കുമിഞ്ഞുകൂടുന്ന കറുത്ത പുക. അല്പം തുറന്ന ഫ്രീസറില്‍നിന്നും പുറത്തേക്കു വമിക്കുന്ന വെളുത്ത പുക. ഫയര്‍മാര്‍ഷല്‍ അടിക്കുന്ന ടോര്‍ച്ചിന്റെ ശക്തിയുള്ള പ്രകാശം. ശിരസ്സില്‍ തിളങ്ങുന്ന മാണിക്യത്തിന്റെ രൗദ്രശോണിമയുമായി ഫ്രീസറിനു മുകളില്‍ പത്തിവിടര്‍ത്തി തലയാട്ടി നില്ക്കുന്ന ഒരു സര്‍പ്പം.

ഓഗസ്റ്റിന്റെ അപരാഹ്നത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലൂടെ പുറത്തേക്കിറങ്ങി. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ വനങ്ങളിലെവിടെയോ മണ്‍സൂണ്‍മേഘങ്ങള്‍ കോരിച്ചൊരിയുന്ന ഒരു രാത്രിയായിരിക്കുമിപ്പോള്‍. നനഞ്ഞ പുറ്റിനരികില്‍ വംശാവലിയുടെ മുട്ടകള്‍ക്കു കാവല്‍നിന്ന് ചീറ്റുന്ന നാഗരൂപം ഇടിമിന്നലിന്റെ വെള്ളിവെളിച്ചത്തില്‍ ഒന്നു മിന്നിമറഞ്ഞതുപോലെ!

Content Highlights : excerpt form the book penjenmapunyangal by dr m v pillai mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented