ദുബായ് എങ്കില്‍ ദുബായ്; വീട്ടുകാരെ അറിയാക്കാതെ, ലോഞ്ചില്‍ക്കയറി മരുഭൂമിയിലെത്താനുള്ള മരണപ്പോരാട്ടം!


എം.പി സേതുമാധവന്‍

മമ്മുക്ക തികഞ്ഞ തലശ്ശേരിഭാഷയില്‍ എല്ലാവരോടുമായി പറഞ്ഞു: 'ഇത് നിയമവിരുദ്ധായ ഒരു ഏര്‍പ്പാടാന്ന് ഇങ്ങക്ക് അറിയാലോ. പിടിച്ചാ, ഞമ്മളും അകത്താ... പിന്നെ, ട്രിപ്പ് പൊറപ്പെടുന്നത് നാട്ട്‌ന്നോ അല്ലെങ്കി ബോംബേന്നോ ആയിരിക്കും. എപ്പാ പൊറപ്പെടുവാന്ന് പറയാന്‍ കയ്യൂല്ല.

പുസ്തകത്തിന്റെ കവർ

കുടിയേറ്റം മലയാളിക്ക് അപരിചിതമായ വാക്കല്ല. ജീവിക്കാന്‍ അനുയോജ്യമായ പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും ആ കുടിയേറ്റം നിര്‍ലോഭം നടന്നുകൊണ്ടേയിരിക്കുന്നു. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ പുത്തന്‍ പ്രതീക്ഷകളോടെ യൂറോപ്പിലേക്ക് കുടിയേറുന്ന കാഴ്ചകള്‍ സാധാരണമാണിന്ന്. കുടിയേറ്റക്കാരുടെ വിജയഗാഥകള്‍ കൊട്ടിഘോഷിക്കാന്‍ നാം മറക്കാറുമില്ല. തലശ്ശേരിക്കാരനായ എം.പി സേതുമാധവന്‍ എന്ന പ്രവാസി തന്റെ ജീവിതപ്പോരാട്ടം രേഖപ്പെടുത്തുന്നത് അറബ് രാജ്യത്തേക്കുള്ള കുടിയേറ്റശ്രമങ്ങളിലൂടെയാണ്. 'ലോഞ്ച്'- എം.പി സേതുമാധവന്റെ ജീവിതപ്പോരാട്ടത്തിന്റെ കഥയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം - 'ദുബായ് എന്ന പ്രഹേളിക' വായിക്കാം.

മൊയ്തു മുഖാന്തരമാണ് ഞങ്ങള്‍ കരീമിനെയും മുസ്തഫയെയും പരിചയപ്പെടുന്നത്. അവര്‍ രണ്ടുപേരും ദുബായില്‍ ജോലിയിലായിരുന്നു. ഞങ്ങളെക്കാളും അഞ്ചെട്ടു വയസ്സു കൂടും അവര്‍ക്ക്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുസ്തഫ ഒരു ബുക്ക് സ്റ്റോളില്‍ ജോലിചെയ്യുകയാണ് അവിടെ. കരീമാകട്ടെ, ഒരു ചെറുബിസിനസ് നടത്തിക്കൊണ്ടു പോരുകയായിരുന്നു. ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോഞ്ചുവഴിയാണ് ഇരുവരും ദുബായ്ക്കു പോയത്. 'ദുബായ്'... പലരും ആദ്യമായി കേള്‍ക്കുകയായിരുന്നു ആ പേര്. അത് അറേബ്യന്‍ നാടുകളിലെവിടെയോ ആണെന്ന് ആരോ അടക്കംപറഞ്ഞു. ആദ്യ അധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ അന്ന് കേരളത്തില്‍ അറിയപ്പെടുന്ന സ്ഥലം പേര്‍ഷ്യയായിരുന്നു. മധ്യപൂര്‍വ ഏഷ്യയില്‍ എണ്ണസമ്പത്ത് ആദ്യം കണ്ടെത്തിയ പ്രദേശങ്ങളിലൊന്ന് ഇന്ന് ഇറാന്‍ എന്നു വിളിക്കപ്പെടുന്ന പേര്‍ഷ്യയിലായിരുന്നു. ബ്രിട്ടന്‍പോലെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ ദൃഷ്ടികള്‍ അങ്ങോട്ടേക്കു തിരിഞ്ഞപ്പോള്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴിലവസരങ്ങള്‍ തേടി അഭ്യസ്തവിദ്യര്‍ പേര്‍ഷ്യയിലേക്കു ചേക്കേറി. അക്കൂട്ടത്തില്‍ നല്ലൊരു ശതമാനം നമ്മുടെ കൊച്ചുകേരളത്തില്‍നിന്നായതുകൊണ്ട് പേര്‍ഷ്യ അക്കാലത്തുതന്നെ അറിയപ്പെടുന്ന വാഗ്ദത്തഭൂമിയായിരുന്നു. അറേബ്യന്‍ നാടുകളില്‍ കുവൈറ്റ്, ബഹറിന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പൊതുവേ അറിയപ്പെട്ടിരുന്നെങ്കിലും അവിടേക്കു പോകുന്നവര്‍ വിരളമായിരുന്നു. അവരാകട്ടെ, നിയമവിധേയമായ രീതിയിലായിരുന്നു പോയ്‌ക്കൊണ്ടിരുന്നതും. എന്നാല്‍ ദുബായ്? അങ്ങനെയും ഒരു സ്ഥലമോ? കേട്ടപ്പോള്‍ തോന്നിയ ഒരു കൗതുകത്തിനപ്പുറത്തേക്ക് ആ ചിന്ത നീണ്ടുപോയില്ല.കരീമിനും മുസ്തഫയ്ക്കും ഞങ്ങളുടെ കമ്പനിയും 'കലാപരിപാടി'കളും ഇഷ്ടപ്പെട്ടു. ബീച്ചിലെ ഞങ്ങളുടെ സായാഹ്നസമാഗമങ്ങളില്‍ അവരും പതിവുകാരായിത്തീര്‍ന്നു. അവരുടെ ദുബായ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ഉത്സുകരായി മാറി. അവിടെ ഉയര്‍ന്നുവരുന്ന തൊഴിലവസരങ്ങളെക്കുറിച്ച് അവര്‍ നല്കിയ സൂചനകള്‍ ചിലരുടെ മനസ്സിലെങ്കിലും ചലനങ്ങളുണ്ടാക്കി.
എങ്ങനെയെങ്കിലും അവിടെ ചെന്നുപറ്റിയാല്‍ രക്ഷപ്പെട്ടു എന്ന തോന്നല്‍ എല്ലാവരിലും ഉടലെടുക്കാന്‍ തുടങ്ങി. പതിയപ്പതിയെ ദുബായ് ഞങ്ങളെ ആവേശിക്കാന്‍ തുടങ്ങി, ആ പേരും അജ്ഞാതദേശവും ഞങ്ങളുടെ സ്വപ്‌നങ്ങളെ കീഴടക്കാനും. പക്ഷേ, ഒരു ചിന്ത എന്നതില്‍ക്കവിഞ്ഞ് അതൊരു സാധ്യതയായിക്കരുതാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടിവന്നു. അറിയാതെതന്നെ ദുബായ് എന്നത് ഒരു നിയോഗമായി ഞങ്ങളെ പിന്തുടരുകയായിരുന്നു.

സമാഗമങ്ങള്‍ പുരോഗമിക്കവേ, ഒരുനാള്‍ വേണു വളരെ ഗൗരവമായി ഇക്കാര്യം എടുത്തിട്ടു. ഒരു വിദേശയാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. ഇന്ത്യയ്ക്കു വെളിയില്‍ പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് എന്ന സാധനം ആവശ്യമാണെന്നു മാത്രമറിയാം. നമ്മള്‍ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ ഗവണ്‍മെന്റ് നല്കുന്ന വിസ എന്ന രേഖയുണ്ടെങ്കില്‍ മാത്രമേ അവിടെ ചെന്നിറങ്ങാനാവൂ. ആ രേഖ ലഭിക്കണമെങ്കില്‍ അവിടെ ജോലി കിട്ടണം, അല്ലെങ്കില്‍ സാധുവായ മറ്റു വല്ല കാരണവും വേണം. എന്തായാലും ഞങ്ങള്‍ക്കു നേരായ മാര്‍ഗത്തിലൂടെ അവിടെ ചെന്നുപറ്റാനാകില്ല എന്ന് കരീം പറഞ്ഞു. ലോഞ്ചില്‍ കയറ്റി ആളുകളെ അനധികൃതമായി ദുബായിലെത്തിക്കുന്ന ഏജന്റുമാര്‍ ഉണ്ടെന്നത് ഒരു പുതിയ അറിവായിരുന്നു. താത്പര്യമുണ്ടെങ്കില്‍ അത്തരമൊരാളെ പരിചയപ്പെടുത്തിത്തരാമെന്ന് മുസ്തഫയും കരീമും ഉറപ്പു നല്കി. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ സസന്തോഷം അതിനെ സ്വാഗതം ചെയ്തു.

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരം കറുത്തുമെല്ലിച്ച, നല്ല ഉയരമുള്ള ഒരു മധ്യവയസ്‌കന്‍ ഞങ്ങളുടെ സായാഹ്നസംഗമത്തിലെത്തി. ഒറ്റനോട്ടത്തില്‍ തനി തലശ്ശേരി കാക്ക. 'ഇതാണ് പൊന്നം മമ്മുക്ക,' മുസ്തഫ പരിചയപ്പെടുത്തി. 'ദുബായിലേക്ക് ആളുകളെ കൊണ്ടുപോകുന്ന, ഞാന്‍ പറഞ്ഞ ഏജന്റ്. നിങ്ങള്‍ക്കറിയേണ്ടതെല്ലാം ചോദിച്ചു മനസ്സിലാക്കാം.' പില്ക്കാലത്ത് ഇറങ്ങിയ മലയാളസിനിമ നാടോടിക്കാറ്റ് കാണുമ്പോഴൊക്കെ ഞാന്‍ മമ്മുക്കയെ ഓര്‍ക്കുമായിരുന്നു. അതിലെ 'ഗഫൂര്‍ കാ ദോസ്ത്' എന്ന കഥാപാത്രവും ദുബായിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഒരു ഏജന്റായിരുന്നല്ലോ. ആ കഥാപാത്രം അഭിനയിച്ച കലാകാരന്റെ പേരിലുമുണ്ടായിരുന്നു ഒരു സാമ്യം എന്നത് മറ്റൊരു തമാശ.

മമ്മുക്ക തികഞ്ഞ തലശ്ശേരിഭാഷയില്‍ എല്ലാവരോടുമായി പറഞ്ഞു: 'ഇത് നിയമവിരുദ്ധായ ഒരു ഏര്‍പ്പാടാന്ന് ഇങ്ങക്ക് അറിയാലോ. പിടിച്ചാ, ഞമ്മളും അകത്താ... പിന്നെ, ട്രിപ്പ് പൊറപ്പെടുന്നത് നാട്ട്‌ന്നോ അല്ലെങ്കി ബോംബേന്നോ ആയിരിക്കും. എപ്പാ പൊറപ്പെടുവാന്ന് പറയാന്‍ കയ്യൂല്ല. എല്ലാം നോക്കണല്ലോ. കാലാവസ്ഥ, ഇങ്ങളെ കൊണ്ടുപോണ്ട ലോഞ്ചിന്റെ സൈസ്. ആടെയെത്താന്‍ എത്രീസം എടുക്കൂന്നും പറയാമ്പറ്റൂല്ല. കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ ഒയിവാക്കീറ്റ് ബേണ്ടെ പോവാന്‍. അപ്പോ ചെലപ്പോ റൂട്ട് മാറ്റിപ്പിടിക്കേണ്ടി ബെരും. ബെല്യ ഡെയിഞ്ചറുള്ള പണ്യാ. അപ്പം പോവാന്‍ നിക്കുന്നോര്‍ അയിനുള്ള തെയ്യാറെട്ത്തിറ്റ് നിക്കണം. പൈശ ശരിയാക്കി ബെച്ചോളിന്‍. ഞമ്മള് സമയാവുമ്പം അറിയിക്കും. പിന്നെ പൈശേന്റെ കാര്യം. ഒരാക്ക് അറനൂറുറുപ്പികയാണ് ഞമ്മക്കുള്ള ചാര്‍ജ്. പിന്നെ ബോംബെന്നാണ് പോന്നതെങ്കില്‍ ബണ്ടിക്കൂലിക്കും ആടെ തങ്ങാനും ഉള്ള പൈശ ബേറെ കണ്ടോളീ. ശരി, ഇങ്ങള് തമ്മാമ്മല്‍ ആലോചിച്ചിട്ട് തീരുമാനിച്ച് ബിബരം അറിയിക്കി. എന്നാ, പിന്നെ കാണാം.'

തിരിച്ച് വീട്ടിലേക്ക് സൈക്കിളോടിക്കുമ്പോള്‍ മനസ്സു നിറയെ ദുബായായിരുന്നു. ശരിയാണ്. എത്തിപ്പെട്ടാല്‍ രക്ഷപ്പെട്ടു. പക്ഷേ, എങ്ങനെ എത്തും? അപകടം പതിയിരിക്കുന്ന ഇത്തരമൊരു യാത്ര പോകാന്‍ അച്ഛനും അമ്മയും സ്വപ്‌നേപി സമ്മതിക്കുമെന്നു തോന്നുന്നില്ല. ഇനി അഥവാ അച്ഛന്‍ സമ്മതിച്ചാല്‍ത്തന്നെ അമ്മ അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാണോരും കേള്‍പ്പോരും ഇല്ലാത്തിടത്തേക്ക് അപകടം സഹയാത്രികനായി ഒരു യാത്ര... സമ്മതിക്കാന്‍ യാതൊരു ന്യായവും കാണുന്നില്ല. പറഞ്ഞു സമ്മതിപ്പിച്ചാല്‍ത്തന്നെ പണത്തിന് എന്തു ചെയ്യും. അറുനൂറു രൂപ എങ്ങനെ ഉണ്ടാക്കും. അതും പോരല്ലോ. ബോംബെയില്‍നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ മമ്മുക്ക പറഞ്ഞതുപോലെ വണ്ടിക്കൂലിക്കും അവിടെ താമസത്തിനും പൈസ വേറെയും കാണണം. കുറഞ്ഞത് ഒരു ആയിരം രൂപയെങ്കിലും ഇല്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന പ്രശ്‌നമേയില്ല. 76 രൂപ 50 പൈസ മാസശമ്പളം വാങ്ങുന്നവന് ആയിരം രൂപ സ്വപ്‌നംകാണാന്‍പോലും അവകാശമില്ല. 1969ലെ ആയിരം രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങളുടെ വിലയുണ്ടെന്ന് ഓര്‍ക്കണം. നടക്കുമെന്നു തോന്നുന്നില്ല. വിട്ടേക്കാം. ഇതൊന്നും നമുക്കു പറഞ്ഞതല്ല. സേട്ടുവിന്റെ തീപ്പെട്ടിക്കോല്‍ക്കമ്പനിയില്‍ ഈ ജന്മം കഴിച്ചുകൂട്ടുവാനായിരിക്കും വിധി. എന്തായാലും നാളത്തെ സായാഹ്നസംഗമത്തില്‍ ഇതേക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ചകള്‍ നടക്കും. ഒരു കേള്‍വിക്കാരനായി മാത്രം അതില്‍ പങ്കെടുക്കാം.

പിറ്റേന്ന് സഭ കൂടിയപ്പോള്‍ ദുബായ് യാത്രതന്നെയായിരുന്നു ഒരേയൊരു ചര്‍ച്ചാവിഷയം. അന്ന് ചീട്ടുകളിക്ക് അവധി കൊടുത്തുകൊണ്ട് എല്ലാവരും ചേര്‍ന്ന് ഈ പുതിയ സംഭവവികാസത്തെ വിലയിരുത്തി. ഇതുമായി മുന്നോട്ടു പോകാം എന്നു പറയാനുള്ള ധൈര്യം ഞങ്ങളില്‍പ്പലര്‍ക്കും ഉണ്ടായിരുന്നില്ല. കൂട്ടിയാല്‍ കൂടില്ല എന്ന തോന്നല്‍ എന്നില്‍ ബലപ്പെട്ടു കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങള്‍ നിരത്തുമ്പോള്‍ കേട്ടിരിക്കാനേ തോന്നിയുള്ളൂ. ഒടുക്കം കൂട്ടത്തിലുള്ള മൂന്നു പേര്‍-വേണു, അന്‍വര്‍, സി.ഒ. ഹാഷിം- തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാമെന്നു തീരുമാനിച്ചു. ഇവര്‍ മൂവരും അവിടെ എത്തിച്ചേരട്ടെ. എന്നിട്ട് അവിടത്തെ വിശേഷങ്ങള്‍ അറിഞ്ഞ ശേഷം മറ്റുള്ളവര്‍ക്കു തീരുമാനമെടുക്കാം. അതനുസരിച്ച് മൂന്നു പേര്‍ തയ്യാറാണെന്ന വിവരം മമ്മുക്കയെ അറിയിച്ചു.

പോകാന്‍ തയ്യാറായെങ്കിലും അതിനുള്ള സാമ്പത്തികം എങ്ങനെ സംഘടിപ്പിക്കും എന്നതിനെക്കുറിച്ച് മൂന്നുപേര്‍ക്കും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഹാഷിമിന്റെ ജ്യേഷ്ഠന്‍ സാമാന്യം സൗകര്യമുള്ള സ്ഥിതിയിലായിരുന്നു. അല്പമൊന്നു മടിച്ചാണെങ്കിലും ഹാഷിം വിഷയം അവതരിപ്പിക്കുകയും ഒരു അനുകൂലതീരുമാനം നേടിയെടുക്കുകയും ചെയ്തു. അന്‍വറാകട്ടെ, മാതാപിതാക്കളറിയാതെ സഹോദരിയുടെ ആഭരണങ്ങള്‍ പണയംവെച്ച് പണം കണ്ടെത്തി. ഒരു വഴിയും കാണാതെ വിഷമിച്ചുനില്ക്കുകയായിരുന്നു വേണു. ഇക്കാര്യത്തില്‍ വീട്ടില്‍നിന്ന് പൈസ കിട്ടില്ല. അപ്പോഴാണ് ഒരു പദ്ധതി ഞങ്ങളുടെ ചെറിയ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞുവന്നത്. ബോംബെയിലുള്ള ഒരു സാങ്കല്പികകമ്പനിയില്‍ കാഷ്യര്‍ ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ വേണുവിന് ഒരു അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ കിട്ടുന്നു. ആ ജോലിയില്‍ ചേരണമെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആയിരം രൂപ കെട്ടിവെക്കണം. അത് വീട്ടുകാര്‍ എങ്ങനെയെങ്കിലും സംഘടിപ്പിച്ചുകൊടുക്കും. അന്ന് ബോംബെയായിരുന്നല്ലോ നാട്ടില്‍നിന്ന് ജോലിയന്വേഷിച്ചു പോകുന്നവരുടെ അത്താണി. എന്നാല്‍, ഇത് എങ്ങനെ സാധിച്ചെടുക്കും എന്നതായിരുന്നു ദുര്‍ഘടം. വേണുവുമായുള്ള ആത്മബന്ധം കാരണം ആ ദൗത്യം ഏറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ സമയത്ത് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എയ്ഡ്രിന്‍ ബോംബെയ്ക്കു പോകുന്നുണ്ടായിരുന്നു. ബോംബെയിലെത്തിയ ഉടന്‍ ഒരു ഇടത്തരം കമ്പനിയുടെ പേരും മേല്‍വിലാസവും സംഘടിപ്പിച്ച് അയച്ചുതരാന്‍ അവനെ ശട്ടംകെട്ടി. എന്നാല്‍ കല്യാണത്തിരക്കില്‍ എയ്ഡ്രിന്‍ അക്കാര്യം മറന്നുപോവുകയാണുണ്ടായത്. ഞങ്ങളുടെ സമ്മര്‍ദം സഹിക്കവയ്യാതെ ഒരുനാള്‍ ലോക്കല്‍ ട്രെയിനില്‍ പോകവേ കണ്ട 'മഹാലക്ഷ്മി കെമിക്കല്‍സ്' എന്ന പേരും മേല്‍വിലാസവും അവന്‍ കുറിച്ചയച്ചു. അതുകൊണ്ടെന്തു കാര്യം? കമ്പനിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ വേണ്ടേ, അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ തയ്യാറാക്കാന്‍? അന്ന് നാട്ടില്‍ ലഭ്യമായ സാധാരണ വെള്ളക്കടലാസിലാണെങ്കില്‍ പിടിക്കപ്പെടും എന്നത് മൂന്നുതരം. പരിചയമുള്ള ഒരു പ്രസ്സില്‍ നിന്ന് ബട്ടര്‍ പേപ്പറില്‍ സംഗതി ഒപ്പിച്ചെടുത്തത് ഞാനായിരുന്നു. എന്തായാലും സംഗതി ഒത്തു. വേണുവിനു പോകാനുള്ള പണം റെഡിയായി. ഗൂഗിള്‍പോലുള്ള സൗകര്യങ്ങള്‍ അക്കാലത്തില്ലാതിരുന്നത് ഭാഗ്യം.

ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോള്‍ കോഴിക്കോട്ടുവെച്ച് ലോഞ്ച് പുറപ്പെടുമെന്നും പറഞ്ഞ തീയതിക്ക് മേല്പറഞ്ഞ മൂന്നു പേര്‍ കോഴിക്കോട്ടെത്തി കാത്തിരിക്കണമെന്നും വിവരം ലഭിച്ചു. അതനുസരിച്ച് ഒരു സുപ്രഭാതത്തില്‍ അവര്‍ മൂന്നു പേരും കോഴിക്കോട്ടേക്കു പുറപ്പെട്ടു. അവരെ യാത്രയയയ്ക്കാനായി ഞങ്ങളില്‍ച്ചിലര്‍ കോഴിക്കോടുവരെ പോയി. അവിടെയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം യാത്ര മാറ്റിവെച്ചിരിക്കുന്നു എന്നും അടുത്ത നാള്‍ കോഴിക്കോടിനു പകരം കണ്ണൂരില്‍വെച്ചായിരിക്കും പുറപ്പെടുകയെന്നും വിവരം ലഭിച്ചത്. അങ്ങനെ എല്ലാവരും തലശ്ശേരിക്കു മടങ്ങി. അടുത്ത ദിവസം അവര്‍ കണ്ണൂരില്‍നിന്ന് ഒരു നാടന്‍ ഉരുവില്‍ യാത്ര പുറപ്പെട്ടു. നന്മയും പ്രതീക്ഷയും നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ അവരെ യാത്രയാക്കി.

യാത്ര പുറപ്പെട്ടതിന്റെ പിറ്റേന്നുമുതല്‍ അവരുടെ വിവരങ്ങളറിയാന്‍ ഞങ്ങള്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാത്തതിനാല്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നില്ക്കുകയായിരുന്നു എല്ലാവരും. ഫാക്ടറിയിലെ ജോലിക്ക് കൃത്യമായി ഹാജരാകാറുണ്ടായിരുന്നെങ്കിലും മനസ്സ് ഒന്നിലും ഉറയ്ക്കുന്നുണ്ടായിരുന്നില്ല. സായാഹ്നസംഗമങ്ങളിലും ഈ ഒരേ ആധിതന്നെയായിരുന്നു സംസാരവിഷയം. ശീട്ടുകളിയൊക്കെ ഒരു വഴിപാടുപോലെ മാത്രം നടക്കുകയായിരുന്നു. ഒന്നന്വേഷിക്കാം എന്നുവെച്ചാല്‍ ആരോട്? അന്ന് മൊബൈല്‍ പോയിട്ട് സാധാരണ ലാന്‍ഡ്‌ലൈന്‍ ടെലിഫോണ്‍ സൗകര്യംതന്നെ വളരെ പരിമിതം. മൊത്തം തലശ്ശേരിനാട്ടിലുള്ള ടെലിഫോണുകളുടെ എണ്ണം ഒരു ഡസനില്‍ താഴെയേ വരൂ. ആകെയുള്ള ആശയവിനിമയമാര്‍ഗം എഴുത്താണ്. അന്ന് വിദേശരാജ്യങ്ങളിലേക്കും അവിടെനിന്ന് തിരിച്ചും എയര്‍മെയില്‍ എന്നു പറയുന്ന സ്‌പെഷ്യല്‍ സംവിധാനംവഴി വേണം കത്തുകളയയ്ക്കാന്‍. എയര്‍ ഇന്ത്യ തങ്ങളുടെ ഗള്‍ഫ് ഫ്‌ളൈറ്റുകള്‍ ആരംഭിച്ചിരുന്നതേയുള്ളൂ. ആഴ്ചയില്‍ ഒന്നോ രണ്ടോ ഫ്‌ളൈറ്റുകള്‍ മാത്രം, അതും ബോംബെയില്‍നിന്നും. എങ്ങനെയായാലും ആഴ്ചകളെടുക്കും ദുബായില്‍നിന്ന് ഒരെഴുത്ത് എത്തിച്ചേരാന്‍. എന്നാല്‍, ഒരു മാസത്തിനു മേലേയായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ അത്യന്തം അസ്വസ്ഥരായിരുന്നു. എത്തിയ ഉടന്‍ എഴുത്തയയ്ക്കണമെന്ന് ശട്ടംകെട്ടിയിരുന്നതാണല്ലോ. മൂവരുടെയും വീടുകളിലും വിവരങ്ങളൊന്നുമില്ല. ഇനി, എന്തെങ്കിലും സംഭവിച്ചുകാണുമോ? കസ്റ്റംസിന്റെയോ കോസ്റ്റ് ഗാര്‍ഡിന്റെയോ പിടിയില്‍പ്പെട്ട് അഴിയെണ്ണുകയാവുമോ? അതോ? ഇല്ല. അതിനപ്പുറം ചിന്തിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ആകുമായിരുന്നില്ല.

കാത്തിരുന്നുകാത്തിരുന്ന് ഒരുനാള്‍ മൊയ്തുവിന്റെ അഡ്രസ്സില്‍ അന്‍വറിന്റെ ഒരു എയര്‍മെയില്‍ വന്നുചേര്‍ന്നു. അന്നത്തെ സായാഹ്നസംഗമത്തില്‍ ഞങ്ങള്‍ ആ എഴുത്ത് ഒറ്റയ്ക്കും കൂട്ടായും പലവുരു വായിച്ചു. വഴിക്ക് ഉരുവിന്റെ എന്‍ജിന്‍ കേടായതു കാരണം അത് ഒമാന്‍ കടലിടുക്കു തീരത്തേക്ക് ഒഴുകിപ്പോകുകയായിരുന്നത്രേ. അതിനാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വൈകിയാണ് എത്തിച്ചേര്‍ന്നതെന്നും അതിനാലാണ് എഴുത്തയയ്ക്കാന്‍ താമസമുണ്ടായതെന്നും സൂചിപ്പിച്ചിരുന്നു. അവിടെ വലിയ വിഷമമില്ലാതെ അവര്‍ക്കെല്ലാം ചെറിയചെറിയ ജോലികള്‍ ലഭിച്ചെന്നും മൂവരും ചേര്‍ന്ന് ഒരു വാടകമുറിയില്‍ കൂടിയിരിക്കുകയാണെന്നുമായിരുന്നു എഴുത്തിന്റെ രത്‌നച്ചുരുക്കം.

സത്യത്തില്‍, അവര്‍ നീണ്ട ഒരു ദുരിതപര്‍വത്തിലേക്കാണ് യാത്ര പുറപ്പെട്ടത്. എന്‍ജിന്‍ കേടായി കടലില്‍ ഒഴുകിനടന്ന ആ ലോഞ്ച് ഒടുക്കം നാല്പത്തൊന്നു ദിവസം കഴിഞ്ഞ് ഒമാന്റെ തീരത്തടിഞ്ഞു. എല്ലാവരെയും അവിടെ ഇറക്കി. ആ നീണ്ട നാല്പത്തൊന്നു നാളുകളില്‍ അവരനുഭവിച്ച യാതനകള്‍ ഞങ്ങളുടെ ഭാവനയുടെപോലും അപ്പുറത്തായിരുന്നു. അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍, ഭക്ഷണവും കുടിവെള്ളവുമില്ലാതെ ആ കൂട്ടുകാര്‍ എത്രനാള്‍ കഴിച്ചുകൂട്ടിയിരിക്കാം? ഒമാന്‍ തീരത്തെത്തിയതുകൊണ്ടൊന്നും അവരുടെ ദുരിതങ്ങള്‍ക്ക് അറുതിവന്നില്ല. പിടിക്കപ്പെട്ട എല്ലാവരെയും പോലീസ് ഒമാന്‍ ഭരണാധികാരിയുടെ മകന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം കല്പനപ്രകാരം തടങ്കലിലാക്കി. മുഴുവനാളുകളും ഇന്ത്യയിലേക്കു തിരിച്ചുപോകണമെന്നായിരുന്നു, അദ്ദേഹത്തിന്റെ നിര്‍ബന്ധം. ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ക്കും പരിവേദനങ്ങള്‍ക്കും ഒടുവില്‍ അവരെ റോഡുമാര്‍ഗം ഷാര്‍ജയിലേക്കയയ്ക്കുകയാണുണ്ടായത്. ഞങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ വിഷമിക്കുമെന്നും ഒരുപക്ഷേ യാത്ര വേണ്ടെന്നുവെക്കുമെന്നുമുള്ള ഒരു ഉള്‍ഭയം ഉണ്ടായിരുന്നതിനാലാണ് എഴുത്തില്‍ അവര്‍ ഇക്കാര്യങ്ങളൊന്നും സൂചിപ്പിക്കാതിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ആകസ്മികമായി ഒരു സംഭാഷണവേളയില്‍ വേണു ഇക്കാര്യം പറഞ്ഞപ്പോഴാണ് അറിയുന്നത്.

ആ എഴുത്ത് ഞങ്ങള്‍ക്ക് ഒരുപാട് ആശ്വാസവും ആത്മവിശ്വാസവും നല്കി. ഞങ്ങളുടെ സുഹൃത്തുക്കള്‍ അപകടമൊന്നും കൂടാതെ ദുബായ് തീരത്തണഞ്ഞു എന്ന ആശ്വാസം ഒരു വശത്ത്. മറുവശത്താകട്ടെ, ഇനി ഞങ്ങളില്‍പ്പലര്‍ക്കും ആ മറുതീരത്തെത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസവും. നേരത്തേ ഈ പദ്ധതിയില്‍ അര്‍ധമനസ്സോടെ ഭാഗഭാഗാക്കായവരും അങ്ങനെയൊരു യാത്രയ്ക്കു മാനസികമായി തയ്യാറെടുത്തുതുടങ്ങി. ഞങ്ങളില്‍പ്പലരും അതിനു വേണ്ട സാമ്പത്തികം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

അടുത്ത ബാച്ചില്‍ പോകണമോ വേണ്ടയോ എന്ന ആശയക്കുഴപ്പമായിരുന്നു എന്റെയുള്ളില്‍. മറ്റുള്ളവരെല്ലാം പോകുമ്പോള്‍ കൂടെ പോയില്ലെങ്കില്‍ എന്നന്നേക്കുമായി ഞാന്‍ മാത്രം ഇവിടെ അവശേഷിക്കും. പിന്നെ ജീവിതത്തില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. ഈ തീപ്പെട്ടിക്കോല്‍ക്കമ്പനിയിലോ മറ്റേതെങ്കിലും ഫാക്ടറിയിലോ മറ്റോ ഏതെങ്കിലും ചെറിയതോ ഇടത്തരമോ ആയ തസ്തികയില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ട് പ്രാരബ്ധങ്ങളുടെ ഭാണ്ഡവും പേറി ലക്ഷ്യബോധമില്ലാതെ അലഞ്ഞ് ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാം. അതൊരു പേടിസ്വപ്‌നമായി വേട്ടയാടിത്തുടങ്ങിയപ്പോള്‍ കടല്‍കടന്നു പോകുകതന്നെ എന്ന തീരുമാനം ഉറപ്പിക്കുകയായിരുന്നു. ആയിടയ്ക്ക് എനിക്ക് ഇരുപതു വയസ്സു തികഞ്ഞതേയുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു യാത്രയുടെ അപായസാധ്യതകളെക്കുറിച്ചും വരുംവരായ്കകളെക്കുറിച്ചും ചിന്തിക്കുവാനോ അപഗ്രഥിക്കുവാനോ കഴിവില്ലാത്ത, കൗമാരം തീര്‍ത്തും വിട്ടുമാറാത്ത പ്രായം. എന്നിട്ടും തീരുമാനത്തില്‍ ഉറച്ചുനിന്നു. പക്ഷേ, വീട്ടുകാരുടെ സമ്മതമോ യാത്രയുടെ അപായസാധ്യതകളോ ആയിരുന്നില്ല എന്നെ അലട്ടിക്കൊണ്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം. പണം... അതായിരുന്നു കീറാമുട്ടിയായി മുന്നില്‍ കിടക്കുന്നത്.

ഇതിനിടെ, ഞങ്ങളുടെ മൂന്നു കൂട്ടുകാര്‍ ലോഞ്ചുവഴി ദുബായിലെത്തിപ്പെട്ടെന്നും ഞങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ചിലരെങ്കിലും അത്തരമൊരു യാത്രയ്ക്കായി പരിപാടിയിടുന്നുണ്ടെന്നും ഞാന്‍ അക്കൂട്ടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഒരു പരിചയക്കാരനില്‍നിന്നും അച്ഛനു വിവരം കിട്ടി. ഒരു രാത്രി വീട്ടില്‍ തിരിച്ചെത്തി കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ ഇക്കാര്യം എടുത്തിട്ടു. ഉള്ളതുകൊണ്ട് ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നും അത്തരമൊരു സാഹസത്തിനൊന്നും മുതിരേണ്ടതില്ല എന്നുമുള്ള താക്കീതുമായാണ് അച്ഛന്‍ സംഭാഷണം അവസാനിപ്പിച്ചത്. അമ്മയും അതിനെ പൂര്‍ണമായും പിന്താങ്ങുകയാണുണ്ടായത്. ഞാന്‍ വൈകുന്നേരങ്ങളില്‍ കൂട്ടുകാരുടെ കൂടെ അല്പസമയം ചെലവഴിക്കുക മാത്രമാണെന്നും, അങ്ങനെയൊരു ചിന്ത എനിക്കില്ലെന്നും ഫാക്ടറിയിലെ ജോലിയില്‍ സംതൃപ്തനാണെന്നും ട്രെയിനിങ് കഴിഞ്ഞു കിട്ടാന്‍ പോകുന്ന, ഇപ്പോഴുള്ളതിലും കൂടിയ പോസ്റ്റ് കാത്തിരിക്കുകയാണെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
സായാഹ്നസംഗമങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരുന്നത് വരാനിരിക്കുന്ന ദുബായ് യാത്രയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നു. ശീട്ടുകളിയൊക്കെ എല്ലാവരും മറന്നമട്ടാണ്. അടുത്ത ബാച്ചില്‍ ആരൊക്കെയാണ് പോകാന്‍ തയ്യാറാകുന്നത് എന്നതായിരുന്നു കാതലായ ചോദ്യം. മിക്കവാറും എല്ലാവരും പോകാന്‍ തയ്യാറായിരിക്കുന്നവരാണ്. പണമാണ് മിക്കവരുടെയും മുന്നിലെ കീറാമുട്ടി. മുന്‍പിന്‍ ആലോചിക്കാതെ, അടുത്ത ബാച്ചിലെ ഒരു യാത്രികനാകാം എന്ന് ഞാന്‍ ഉറപ്പു നല്കി. പക്ഷേ, അപ്പോഴും അതിനുള്ള പണം എങ്ങനെ ഉണ്ടാക്കും എന്നതിനെക്കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല. വരുന്നിടത്തുവെച്ച് കാണാം എന്നായിരുന്നു അന്നത്തെ അപക്വമനസ്സിന്റെ നിശ്ചയം.

Book cover
പുസ്തകം വാങ്ങാം
">
പുസ്തകം വാങ്ങാം

ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ അടുത്ത ട്രിപ്പ് ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നറിയാന്‍ സാധിച്ചു. കേരളതീരത്തുനിന്ന് പുറപ്പെടുന്ന ഇത്തരം ലോഞ്ചുകളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനനിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടിരുന്നതിനാല്‍ കേരളത്തില്‍നിന്നല്ല ഇത്തവണ ലോഞ്ച് പുറപ്പെടുകയെന്നും താത്പര്യമുള്ളവര്‍ യാത്രതിരിക്കാനായി ബോംബെയില്‍ എത്തിച്ചേരേണ്ടി വരുമെന്നും ഏജന്റ് അറിയിച്ചു. ഉദ്ദേശിച്ചതുപോലെ ദുബായ് യാത്രയ്ക്കു നിശ്ചയിച്ച അറുനൂറു രൂപയ്ക്കു പുറമേ ബോംബെവരെയുള്ള യാത്രാക്കൂലി, അവിടത്തെ താമസം, ഭക്ഷണം എന്നിവയടക്കം കുറഞ്ഞത് ഓരോരുത്തരും ആയിരം രൂപയെങ്കിലും സ്വരൂപിക്കണം എന്നുകൂടി അയാള്‍ സൂചിപ്പിച്ചു.

ഞാനടക്കം പലരെയും സംബന്ധിച്ചിടത്തോളം ഇത് നിരാശാജനകമായ വാര്‍ത്തയായിരുന്നു. നാട്ടില്‍നിന്നുതന്നെ യാത്രതിരിച്ചിരുന്നെങ്കില്‍ അറുനൂറു രൂപയില്‍ ഒതുക്കാമായിരുന്നു. അതു സംഘടിപ്പിക്കാന്‍ എളുപ്പമായിരുന്നു എന്നല്ല അതിനര്‍ഥം. ഇതിപ്പോള്‍ വീണ്ടും ഒരു നാനൂറു രൂപ സങ്കല്പത്തിനുമപ്പുറത്തായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ അച്ഛനമ്മമാര്‍ പെടുന്ന പാട് കണ്ടുകൊണ്ടിരിക്കുകയാണ്. കീഴേയുള്ള നാലു കൂടപ്പിറപ്പുകളില്‍ രണ്ടുപേര്‍ കോളേജിലും മറ്റു രണ്ടു പേര്‍ ഹൈസ്‌കൂളിലും. അവരുടെ ഫീസ്, പുസ്തകങ്ങള്‍, യൂണിഫോം, യാത്രാക്കൂലി, മറ്റ് അനുബന്ധച്ചെലവുകള്‍ എല്ലാമായി നല്ലൊരു തുക വേണ്ടിവന്നിരുന്നു. കൂടാതെ ഏഴു വയറുകളും കഴിയണമല്ലോ. വീട്ടില്‍നിന്ന് പണം ലഭിക്കാനുള്ള സാധ്യത തുലോം പൂജ്യംതന്നെ. അതുകൊണ്ടുതന്നെ ഇവിടന്ന് രക്ഷപ്പെട്ട് കുടുംബത്തിന് ഒരു കൈത്താങ്ങാകണം എന്ന നിശ്ചയം കൂടുതല്‍ ബലവത്തായിത്തീരുകയായിരുന്നു.

ഗ്രൂപ്പില്‍ ഞാനടക്കം അഞ്ചു പേര്‍ പോകാനുറച്ചവരായിരുന്നു. മറ്റു കാര്യങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നെങ്കിലും പണത്തിന്റെ കാര്യം അവിടെ ചര്‍ച്ചാവിഷയമായിരുന്നില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ആരെയും സഹായിക്കാനാവില്ല എന്നതുകൊണ്ട് അത് വ്യക്തിപരമായ ഒരു കാര്യമാണ് എന്നായിരുന്നു അലിഖിതധാരണ. ബീച്ചുപോലുള്ള ഒരു പൊതു ഇടത്തിലിരുന്ന് ഇങ്ങനെയൊരു നിയമവിരുദ്ധമായ വിഷയത്തെക്കുറിച്ച് നിരന്തരമായി ചര്‍ച്ചചെയ്യുന്നതിലെ അപായസാധ്യതകളെക്കുറിച്ച് ഞങ്ങളിലാരോ സൂചിപ്പിക്കുകയുണ്ടായി. സംഗതി ശരിയാണെന്ന് മറ്റുള്ളവര്‍ക്കും തോന്നി. അതനുസരിച്ച് ഈ യാത്രയുടെ ആവശ്യത്തിലേക്കായി ഒരു താത്കാലിക ഓഫീസ് തുറക്കാന്‍ ധാരണയായി. യാത്ര പോകാനുറപ്പിച്ച ഒരു കൂട്ടുകാരന്‍ തന്റെ വീട്ടില്‍ പുറത്തെ മുറി ഇതിനായി വിട്ടുതന്നു. ആ 'കണ്‍ട്രോള്‍ റൂമി'ല്‍ ചായ, സിഗററ്റ് ഇത്യാദികള്‍ സപ്ലൈ ചെയ്യുവാന്‍ അടുത്തുള്ള ചായക്കടയിലെ പയ്യനെ ശട്ടംകെട്ടി.

മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഞങ്ങള്‍ ദിവസേന പ്രസ്തുത ഓഫീസില്‍ സന്ധിച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് പണം ഏതാണ്ട് ഒത്തുവന്ന മട്ടായിരുന്നു. ജോലിയുള്ള തങ്ങളുടെ സഹോദരങ്ങള്‍ അവരെ സഹായിക്കാമെന്ന് വാക്കു കൊടുത്തിരുന്നു. പോകാന്‍ തയ്യാറായി എങ്കിലും പണം എവിടെനിന്ന് വരും എന്നതിനെക്കുറിച്ച് എനിക്കു യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അച്ഛനോടു ചോദിക്കുന്ന പ്രശ്‌നമേയില്ല. ജ്യേഷ്ഠന്‍ ഉണ്ണിയോടു ചോദിക്കാമെന്നുവെച്ചാല്‍ അവന്റെ പരിമിതമായ ചുറ്റുപാടുകളില്‍ അങ്ങനെയൊന്നു സങ്കല്പിക്കുകകൂടി അസാധ്യം. ചോദിക്കാന്‍ മറ്റാരുമില്ലതാനും. അപ്പോഴാണ് ഒരു വികൃതചിന്ത മനസ്സിലുദിച്ചത്. എന്തെങ്കിലും അടിച്ചുമാറ്റി വിറ്റാലോ? അടിച്ചുമാറ്റാന്‍ തക്കതായി വീട്ടില്‍ ഒന്നുംതന്നെയില്ല. ചില ബന്ധുവീടുകളും അവിടെനിന്ന് 'ചൂണ്ടാന്‍' പറ്റിയ സാധനങ്ങളെയും സാഹചര്യങ്ങളെയും മനസ്സില്‍ വിലയിരുത്താതിരുന്നില്ല. എന്നാല്‍ ഉത്തരക്ഷണത്തില്‍ത്തന്നെ ആ പരിപാടി വേണ്ടെന്നുവെച്ചു. ഒന്നാമത്, അത്തരത്തിലുള്ള ഒരു ചുവടുവെക്കാനുള്ള ധൈര്യം അശേഷമില്ല. രണ്ട്, ഇനി അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ത്തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരിക അച്ഛനമ്മമാരും സ്വന്തം കൂടപ്പിറപ്പുകളുമായിരിക്കുമല്ലോ. അത് ഞാനടക്കം ആര്‍ക്കും താങ്ങാനാവില്ല. താന്‍ ചത്ത് മീന്‍ പിടിച്ചിട്ടെന്തു കാര്യം? നെഞ്ചിനകത്ത് ഒരു നെരിപ്പോടുമായി നടന്നിരുന്ന ദിനങ്ങള്‍!

അരുതാത്ത ചിന്തകള്‍ക്ക് അവധി കൊടുത്ത് ഫാക്ടറിയിലെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിച്ചു. ആ ശ്രമം തീര്‍ത്തുമൊരു പരാജയമായിരുന്നു. വീട്ടിലും ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നിലുണ്ടായ മാറ്റങ്ങള്‍ അമ്മ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു.

'കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു, നീ പഴയതുപോലെയല്ലല്ലോ. എന്താ നിന്റെ പ്രശ്‌നം? ജോലിയില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? കിട്ടുന്ന പണം തികയാതെ വരുന്നതുകൊണ്ടുള്ള വിഷമമാണോ? രാത്രി ഏറെ വൈകീട്ടും നിന്റെ മുറിയില്‍ വെളിച്ചം കാണുന്നുണ്ടല്ലോ. ശരിക്കും ഉറങ്ങാറില്ലേ നീ? എന്തു പറ്റി നിനക്ക്? എന്താണെന്നുവെച്ചാല്‍ എന്നോട് പറ.' എന്റെ അസ്വസ്ഥതയും ബേജാറും കണ്ട് ഒരു ദിവസം അമ്മ ചോദിക്കുകതന്നെ ചെയ്തു. ഞാനെന്തു പറയാന്‍? അങ്ങനെ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നും അമ്മയുടെ ഓരോ തോന്നലുകളാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. അതില്‍പ്പിന്നെ വീട്ടിലെത്തുമ്പോള്‍ കൂടുതല്‍ സ്വാഭാവികമായും സന്തോഷത്തോടെയും പെരുമാറാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അഭിനയം യാഥാര്‍ഥ്യത്തെ നേരിടുന്നതിനെക്കാള്‍ വിഷമകരമാണെന്ന് ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

Content Highlights :excerpt form the book launch by m p sethumadhavan mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented