'മരിച്ചാലല്ലേ? അപ്പോള്‍ നോക്കാം': എന്‍.വി കയ്യൊഴിഞ്ഞ ഫോറവുമായി വി.എം നായരുടെ മുന്നിലെത്തിയ എം.ടി!


എന്‍.വി. ഗാരന്റിയുടെ വകുപ്പുകള്‍ വായിച്ച് ഒരു നേര്‍ത്ത ചിരിയോടെ പറഞ്ഞു: ''ഇതൊക്കെ കുറെ വിഷമമുള്ള കാര്യമാണ് എം.ടീ.'' ഞാന്‍ ഫോറവുംകൊണ്ട് സീറ്റില്‍ വന്നിരുന്നു. അന്നുതന്നെ അയക്കണമെന്നുണ്ട്.

വി.എം നായർ, എം.ടി (മാതൃഭൂമി ആർക്കൈവ്‌സ്)

ഇത് അപൂര്‍വമായ ഒരു വ്യക്തിബന്ധത്തിന്റെ കഥയാണ്. എം.ടി. വാസുദേവന്‍ നായരും മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്ന വി.എം. നായരുമായുള്ള ഈ ബന്ധത്തില്‍ പരസ്പരാദരത്തിന്റേതായ ഒരു വലിയ കാലം നിഴലിക്കുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം.ടി.-മാതൃഭൂമിക്കാലം എന്ന പുസ്തകത്തില്‍ നിന്നുള്ള എഡിറ്റുചെയ്ത ഈ ലേഖനം എം.ടി.യുടെ ഓര്‍മകളുടെ പ്രകാശത്തിലാണ് മുന്നോട്ടുനീങ്ങുന്നത്.

കൊല്‍ക്കത്തയില്‍ വാള്‍ഫോര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരും ആദ്യത്തെ ഇന്ത്യന്‍ ഡയറക്ടര്‍ പദവിയും അലങ്കരിച്ചശേഷമാണ് വി.എം. നായര്‍ 1959 മാര്‍ച്ച് ആറാം തീയതി മാതൃഭൂമി പത്രാധിപക്കസേരയില്‍ തിരിച്ചെത്തിയത്. കെ.പി. കേശവമേനോന് നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ ശസ്ത്രക്രിയക്ക് ഇംഗ്ലണ്ടിലേക്കു പോകേണ്ടിവന്ന സാഹചര്യമാണ് ഈ മാറ്റത്തിനു കാരണമായത്. ഇതിനുമുമ്പ് ചുരുങ്ങിയ കാലത്തേക്കാണെങ്കിലും വി.എം. നായര്‍ പത്രാധിപരായിരുന്ന കാലത്തുചെയ്ത വിലപ്പെട്ട സേവനം മാതൃഭൂമി മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കെ.പി. കേശവമേനോന്‍ സിലോണിലെ ഹൈക്കമ്മിഷണറുദ്യോഗം ഒഴിഞ്ഞ് തിരിച്ച് മാതൃഭൂമിയില്‍ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ വി.എം. നായര്‍ തിരികെപ്പോകുന്നതില്‍ മാനേജ്‌മെന്റിന് അഗാധമായ വിഷമമുണ്ടായിരുന്നു എന്നുവേണം യാത്രയയപ്പുവേളയില്‍ അവര്‍ ചെയ്ത പ്രസംഗത്തില്‍നിന്നും മനസ്സിലാക്കാന്‍. ശസ്ത്രക്രിയകഴിഞ്ഞു തിരിച്ചെത്തിയ കേശവമേനോന്‍ 1959 ജൂലായ് 31 മുതല്‍ മാതൃഭൂമിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. അതുവരെ മാതൃഭൂമിയില്‍ എഡിറ്റര്‍പദവി മാത്രമാണ് ഉണ്ടായിരുന്നത്. കേശവമേനോനെ ചീഫ് എഡിറ്ററാക്കുകവഴി വി.എം. നായരെ മാതൃഭൂമിയില്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യവും മാനേജ്‌മെന്റിനുണ്ടായിരുന്നു. മാനേജിങ് എഡിറ്റര്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ചുകൊണ്ടാണ് എഡിറ്റോറിയല്‍രംഗത്തും മാനേജ്‌മെന്റ്രംഗത്തും പ്രാവീണ്യം തെളിയിച്ച വി.എം. നായരെ മാതൃഭൂമി നിലനിര്‍ത്തിയത്. ഈ നിയമനം തനിക്ക് അതിരറ്റ ആശ്വാസവും മനസ്സമാധാനവും നല്‍കിയെന്നും പൊതുപ്രവര്‍ത്തനത്തിനും ഗ്രന്ഥരചനയ്ക്കും അത് ഉപകാരപ്പെട്ടുവെന്നും ആത്മകഥയായ കഴിഞ്ഞകാലത്തില്‍ കേശവമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എം.ടി. വാസുദേവന്‍ നായരും വി.എം. നായരും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത് ഇവിടെനിന്നാണ്. കെ.പി. കേശവമേനോനെ കുടുംബത്തിലെ കാരണവരായും എന്‍.വി. കൃഷ്ണവാരിയരെ ഗുരുതുല്യനായുംകണ്ട എം.ടി., വി.എം. നായരെ ഒരു രക്ഷിതാവ് എന്നനിലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാലാമണിയമ്മയുടെ കവിതകളെല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. എം.ടി. ആഴ്ചപ്പതിപ്പില്‍ ചേരുന്നതിനു മുമ്പുതന്നെ മാധവിക്കുട്ടിയുടെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. നീര്‍മാതളത്തിന്റെ പൂക്കള്‍, കുറച്ച് മണ്ണ്, പക്ഷിയുടെ മണം തുടങ്ങി മാധവിക്കുട്ടിയുടെ പ്രശസ്തകഥകളെല്ലാം എം.ടി.യുടെ കാലത്താണ് പ്രസിദ്ധീകരിക്കുന്നത്. ബാലാമണിയമ്മയെ സ്വന്തം അമ്മയെപ്പോലെയും മാധവിക്കുട്ടിയെ സ്വന്തം സഹോദരിയെപ്പോലെയും കാണാനുള്ള അടുപ്പം നാലാപ്പാട്ടു കുടുംബവുമായി എം.ടി.ക്കുണ്ടായിരുന്നു. കെ.പി. കേശവമേനോന്‍, എന്‍.വി. കൃഷ്ണവാരിയര്‍, വി.എം. നായര്‍ എന്നീ മഹാരഥന്മാര്‍ക്കിടയില്‍ പ്രായംകൊണ്ട് എം.ടി. ബഹുദൂരം പിന്നിലായിരുന്നെങ്കിലും ഈ ചെറുപ്പക്കാരന്റെ ഏതഭിപ്രായത്തെയും വളരെ ഗൗരവമായാണ് ഇവര്‍ കേട്ടിരുന്നത്. പ്രായം പരിഗണിക്കാതെ തനിക്കു ശരിയെന്നുറപ്പുള്ള കാര്യം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുഖത്തുനോക്കിപ്പറയുന്നതില്‍ എം.ടി. മടിയൊന്നും കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവിലും കഠിനാദ്ധ്വാനത്തിലും എല്ലാവര്‍ക്കും പൂര്‍ണവിശ്വാസമായിരുന്നതിനാല്‍ ആരും അദ്ദേഹത്തെ എതിര്‍ക്കാറുണ്ടായിരുന്നില്ല.

വി.എം. നായര്‍ ഓഫീസില്‍ വരുമ്പോള്‍ ആദ്യമൊന്നും എം.ടി.യെ ശ്രദ്ധിച്ചിരുന്നില്ലത്രേ. നേരിട്ടുപോയി പരിചയപ്പെടാന്‍ എം.ടി. ശ്രമിക്കുകയും ചെയ്തിരുന്നില്ല. ബോര്‍ഡ് മീറ്റിങ്ങിനു വരുമ്പോള്‍ എന്‍.വി. കൃഷ്ണവാരിയരുടെ മുറിയില്‍വരും. അവിടെയാണ് എം.ടി.യും ഇരിക്കുന്നത്. ആ സന്ദര്‍ഭങ്ങളെക്കുറിച്ച് എം.ടി.ഓര്‍ക്കുന്നു: ''പത്രസ്ഥാപനത്തിന്റെ വികാസത്തെപ്പറ്റി വി.എം. നായരും സഹപ്രവര്‍ത്തകരും പലതും ആസൂത്രണംചെയ്യുന്ന കാലമാണ്. വി.എം. നായര്‍ കോഴിക്കോട്ടേക്കു താമസം മാറ്റി. ആഴ്ചപ്പതിപ്പിന്റെ ഓഫീസിന്റെ എതിര്‍വശത്തുള്ള മുറി വി.എം. നായര്‍ക്കുവേണ്ടി സജ്ജമാക്കി. അദ്ദേഹം സ്ഥിരമായി അവിടെ വരാന്‍ തുടങ്ങി. ഞങ്ങളുടെ മുറിയിലൂടെവേണം അവിടേക്കു കടന്നുപോകാന്‍. വരുമ്പോഴോ പോകുമ്പോഴോ ചിലര്‍ അവിടെ ഒരു മിനിറ്റു നില്‍ക്കും. കൃഷ്ണവാരിയരുണ്ടെങ്കില്‍ എന്തെങ്കിലും സംസാരിക്കും. ഒരു മൂലയിലിരുന്നു ജോലിചെയ്യുന്ന എന്റെ നേര്‍ക്കും ആ തീക്ഷ്ണമായ നോട്ടം വന്നുചേരും. ഒന്നോ രണ്ടോ നിമിഷം മാത്രം''

ഏതാനും മാസങ്ങള്‍ക്കകം എം.ടി.യോട് സിഗററ്റുണ്ടോ എന്നു ചോദിക്കാന്‍വരെ ആ ബന്ധം വളര്‍ന്നു. അതിനെക്കുറിച്ച് എം.ടി.: ''...ആഴ്ചപ്പതിപ്പിന്റെ മുറിയിലൂടെയാണ് അദ്ദേഹം പോകുന്നതും വരുന്നതും. ഹൃദ്രോഗബാധയുണ്ടാകുന്നതുവരെ വി.എം. നായര്‍ നിരന്തരമായി സിഗരറ്റ് വലിച്ചിരുന്നു. സ്റ്റെയിറ്റ് എക്‌സ്പ്രസ് ടിന്നായിട്ടാണു വാങ്ങുക. രണ്ടാം ഗേറ്റിനപ്പുറത്തെ കടയില്‍നിന്നു സിഗരറ്റ് വാങ്ങാന്‍പോയ അറ്റന്‍ഡര്‍ വരാന്‍ താമസിച്ചാല്‍ അക്ഷമനാകും. എന്റെ സീറ്റിന്റെ അടുത്തേക്കുവന്നു ചോദിക്കും: 'ഒരു സിഗരറ്റ് ഉണ്ടോ?' എന്റെ വിലകുറഞ്ഞ സിഗരറ്റില്‍നിന്ന് ഒന്നെടുത്തു കത്തിച്ച് മേശയുടെ ഒരു മൂലയില്‍ അര്‍ധാസനത്തിലിരുന്നു സംസാരിക്കും. കയറിവരുമ്പോള്‍ ഭവ്യതകാട്ടി എഴുന്നേറ്റു നില്‍ക്കുന്നതും സിഗരറ്റ് മറച്ചുപിടിക്കുന്നതും അദ്ദേഹത്തിനിഷ്ടമല്ല. ചിലപ്പോള്‍ പഴയ കഥകള്‍ പറയും. ധാരാളം ഫലിതങ്ങള്‍ ഓര്‍മയുടെ ശേഖരത്തിലുണ്ട് എപ്പോഴും. അതില്‍ വള്ളത്തോളും നാലാപ്പാടനും ഒക്കെ കഥാപാത്രങ്ങളാകും. അകത്ത്, ഉച്ചയ്ക്ക് കൂടെപ്പോവാന്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ സുലു കാത്തിരിക്കുന്ന കാര്യംതന്നെ മറക്കും.''

മറ്റൊരാളെ സഹായിക്കുന്നകാര്യത്തില്‍ വി.എം. നായര്‍ പ്രദര്‍ശിപ്പിക്കുന്ന മഹാമനസ്‌കത അനുഭവിച്ച ഒട്ടേറെ സന്ദര്‍ഭങ്ങള്‍ എം.ടി.യുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. സഹായിക്കുന്നകാര്യത്തില്‍ സാങ്കേതികപ്രശ്‌നമോ താന്‍ ഒരു വലിയ കാര്യമാണ് ചെയ്യുന്നതെന്ന ഭാവമോ ഒരിക്കലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

''അറുപത്തിനാലിലാണെന്നു തോന്നുന്നു, പി.കെ. വാസുദേവന്‍ നായരുടെ ഒരു കത്തുവന്നു. പി.കെ.വി.യെ എനിക്ക് നേരിട്ടറിയില്ല. ഹെല്‍സിങ്കിയില്‍വെച്ചു നടക്കുന്ന ലോകയുവജനോത്സവത്തിലേക്കു പോകുന്ന സംഘത്തില്‍ എന്റെ പേരുണ്ടെന്നായിരുന്നു കത്ത്. പാസ്‌പോര്‍ട്ട് ശരിയാക്കി തയ്യാറായിരിക്കണം. പിറ്റേന്നു രാമു കാര്യാട്ടിന്റെ കത്തുവന്നു. രാമുവും ഉണ്ട് സംഘത്തില്‍. ഡല്‍ഹിവരെയുള്ള ചെലവു നമ്മള്‍ വഹിക്കേണ്ടിവരും. എന്നാലും ഇതൊരു നല്ല അവസരമാണ്. പാസ്‌പോര്‍ട്ടിനുള്ള ശ്രമം തുടങ്ങി, അപേക്ഷ പൂരിപ്പിച്ചു. അന്നൊക്കെ ഒരാള്‍ ഗാരന്റി ഒപ്പിടണം. ആ ക്ലോസ് അനുസരിച്ച് പാസ്‌പോര്‍ട്ട് ഉടമസ്ഥന്‍ വിദേശത്തുവെച്ചു മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കാന്‍വരുന്ന ചെലവിനു ഗാരന്റി ഒപ്പിടുന്നയാള്‍ ബാധ്യസ്ഥനാണ്. ഞാന്‍, പൂരിപ്പിച്ച ഫോറം എന്‍.വി. കൃഷ്ണവാരിയരുടെ മുന്നില്‍വെച്ച്, കാര്യം പറഞ്ഞു. എന്‍.വി. ഗാരന്റിയുടെ വകുപ്പുകള്‍ വായിച്ച് ഒരു നേര്‍ത്ത ചിരിയോടെ പറഞ്ഞു: ''ഇതൊക്കെ കുറെ വിഷമമുള്ള കാര്യമാണ് എം.ടീ.'' ഞാന്‍ ഫോറവുംകൊണ്ട് സീറ്റില്‍ വന്നിരുന്നു. അന്നുതന്നെ അയക്കണമെന്നുണ്ട്. പുറത്തിറങ്ങിയാല്‍ ചിലരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും. അപ്പോള്‍ തോന്നി, വി.എം. നായരോടു പറഞ്ഞാലെന്താ? വി.എം. നായരുടെ മുറിയില്‍ സന്ദര്‍ശകരില്ലാത്ത സമയംനോക്കി കടന്നുചെന്നു. കാര്യം പറഞ്ഞു. അപ്ലിക്കേഷന്‍ മുമ്പില്‍വെച്ചു. ''എവിടെയാ സൈന്‍ ചെയ്യേണ്ടത്?'' ഞാന്‍ വ്യവസ്ഥകള്‍ ഇതാണെന്നു പറഞ്ഞു.

''മരിച്ചാലല്ലേ? അപ്പോള്‍ നോക്കാം.'' -അദ്ദേഹം ഒപ്പിട്ടു. മേലധികാരിയായി അദ്ദേഹം പ്രത്യക്ഷപ്പെട്ട നിമിഷങ്ങള്‍ അപൂര്‍വമായിരുന്നു. സ്വന്തം ഒരമ്മാവന്റെയോ ഒരച്ഛന്റെയോ മുമ്പില്‍ നില്‍ക്കുന്നതിലേറെ സ്വാതന്ത്ര്യവും വിശ്വാസവും എനിക്ക് എപ്പോഴും വി.എം. നായരുടെ മുന്നിലെത്തുമ്പോള്‍ തോന്നിയിരുന്നു. പലപ്പോഴും സംസാരിച്ചുതുടങ്ങിയാല്‍ അവസാനിപ്പിക്കുന്നത് ചുമലില്‍പ്പിടിച്ചുകൊണ്ടായിരിക്കും. പ്രായവ്യത്യാസവും സ്ഥാനവ്യത്യാസവുമെല്ലാം പൊടുന്നനെ ഇടയ്ക്കുനിന്ന് അപ്രത്യക്ഷമാവും. രണ്ടുതവണ അദ്ദേഹത്തോടു പണം കടംചോദിക്കാന്‍ ധൈര്യം തോന്നിയതും അതുകൊണ്ടുതന്നെയാണ്. വീടുപണിയുടെ തുടക്കമായിരുന്നു. പ്രശ്‌നങ്ങളൊന്നും വിശദീകരിക്കാന്‍ സമയംതന്നില്ല. മേശവലിപ്പില്‍നിന്നു ചെക്ക് പുസ്തകമെടുത്ത് 500 രൂപയ്ക്ക് കാഷ് ചെക്ക് എഴുതിത്തന്നു. രണ്ടാമത്തെത്തവണ പറഞ്ഞ ദിവസം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമാണ് തിരിച്ചുകൊടുത്തത്.

''ഇതെന്താ?''

''ഞാന്‍ വാങ്ങിയതാണ്''

''ഓ...'' എന്നിട്ട് എന്തോ ഓര്‍ത്ത് അറ്റന്‍ഡറെ വിളിച്ചു പുറത്തു കാത്തിരിക്കുന്ന ആളോടു വരാന്‍പറഞ്ഞു. സഹായത്തിനപേക്ഷിച്ചുവന്ന അണ്ടത്തോട്ടുകാരന് ആ സംഖ്യ കൊടുത്തുവെന്ന് പിന്നീടു മനസ്സിലായി.'' ('ഒരു രക്ഷിതാവിന്റെ ഓര്‍മയ്ക്ക്' എന്ന ലേഖനത്തില്‍നിന്ന്)

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

മാതൃഭൂമിയുടെ വികസനവുമായി ബന്ധപ്പെട്ട് ബോംബെയിലും ഡല്‍ഹിയിലും ബാംഗ്ലൂരിലുമൊക്കെയായി വി.എം. നായര്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. പൗരമുഖ്യന്മാരും പരസ്യസ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമൊക്കെയാണ് ഇത്തരം മീറ്റിങ്ങുകളിലെത്തുക. മീറ്റിങ്ങിനു പോകുമ്പോള്‍ എം.ടി.യെയും കൂടെക്കൂട്ടുക വി.എം. നായരുടെ പതിവായിരുന്നു. ആ യാത്രകളെക്കുറിച്ച് എം.ടി. ഇങ്ങനെ രേഖപ്പെടുത്തുന്നു: ''...ബാംഗ്ലൂര്‍ യാത്രകള്‍ കാറിലാണ്. പരസ്യവിഭാഗത്തിലെ മാനേജര്‍ ശ്രീകുമാരനും സര്‍ക്കുലേഷന്‍ മാനേജര്‍ പ്രഭാകരനും ഞാനുമായിരിക്കും കൂടെ. എന്റെ പ്രസക്തി എന്താണെന്ന് അവ്യക്തമായിരുന്നു. എന്നാലും അദ്ദേഹം നിര്‍ബന്ധിക്കും. വേഷവിധാനമില്ല. ജന്മനായുള്ള വൈകല്യമായ വിക്ക് പരാധീനതയായിട്ടുണ്ട്. എങ്കിലും മഹാനഗരങ്ങളില്‍നിന്നുള്ള പ്രമാണിമാര്‍ ഒത്തുകൂടിയ സദസ്സിന്റെ നടുവിലേക്ക് വി.എം. നായര്‍ കയറിവന്നാല്‍ എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തില്‍ തങ്ങിനില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒമ്പത് ഒമ്പതരയാകുമ്പോള്‍ അദ്ദേഹം പതുക്കെപ്പറയും, 'ഞാന്‍ പതുക്കെ മുറിയിലേക്കു പോവും. ലുക്ക് ആഫ്റ്റര്‍ ദെം'. നേരത്തേ കിടക്കുന്നതാണ് പതിവെന്നു പറയാറുണ്ട്. നാലുമണിക്ക് എഴുന്നേറ്റ് ആദ്യത്തെ ചായ സ്വയം ഉണ്ടാക്കുന്നത് ശീലമാണ്. അഞ്ചുമണിക്കുള്ള നടത്തത്തിന് ഒരിക്കല്‍ ബാംഗ്ലൂര്‍ അശോകയില്‍ എന്റെ വാതില്‍ക്കല്‍വന്നു മുട്ടി. ഞാന്‍ തയ്യാറായിരുന്നില്ല.

''വേണ്ട, കിടന്നോളൂ, എനിക്കിതു ശീലമാണ.്''

വന്‍കിട പത്രമുടമകളുടെയും പരസ്യക്കമ്പനി മേധാവികളുടെയും നടുവില്‍ തന്റെ വാദമുഖങ്ങള്‍ സ്ഥാപിച്ചും ഫലിതംപറഞ്ഞ് അസ്വാരസ്യങ്ങള്‍ മാറ്റിയും ഉദ്ധതനായിനില്‍ക്കുന്ന വി.എം. നായരുടെ ചിത്രം മനസ്സിലുണ്ട്. തനി ഉള്‍നാടനായ, പുന്നയൂര്‍ക്കുളത്തെ കല്യാണവീടുകളില്‍ തലേന്നു നാട്ടുനടപ്പനുസരിച്ചുള്ള അന്വേഷണത്തിനുചെന്നു തിണ്ണയിലിരുന്ന് ഓട്ടുഗ്ലാസിലെ ചായയും ഇലച്ചീന്തിലെ പലഹാരങ്ങളും കഴിക്കുന്ന ചിത്രവും മനസ്സിലുണ്ട്. ഹൃദ്രോഗബാധയെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോള്‍ കാണാന്‍ചെന്നു. ഡാര്‍ജിലിങ് ഇലച്ചായ കിട്ടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞു. സിഗററ്റുവലിയോടു വിടപറഞ്ഞിരുന്നു. ക്ഷീണിതനാണ്. ഡോക്ടര്‍മാരുടെ കാര്‍ക്കശ്യമനുസരിച്ചുള്ള നിര്‍ബന്ധവിശ്രമമാണ് അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത്. വിശ്രമം ശിക്ഷയാണെന്നു പറഞ്ഞു. അമേരിക്കയില്‍ ഒരു സന്ദര്‍ശനത്തിനു ക്ഷണം കിട്ടിയപ്പോള്‍ ഞാന്‍ വേഗം ചെന്ന് അംബാസഡര്‍ കെന്നത്ത് ബി. കീറ്റിങ്ങിന്റെ കത്തുകാണിച്ചു. ''നല്ലത്. പോയിവരൂ, എന്നിട്ട് എന്തെങ്കിലും എഴുതൂ.'' പിന്നെ 'എക്വിപ്‌മെന്റ് അലവന്‍സ്' എന്നപേരില്‍ ഒരു സംഖ്യതരാന്‍ വകുപ്പുണ്ടെന്നു സൂചിപ്പിച്ചു. അതിനൊരപേക്ഷ എഴുതിത്തന്നാല്‍ മതി.

'എഡിറ്റര്‍ക്കു പ്രത്യേകമായി എന്തെങ്കിലും...'

'ആ, ഒരു നല്ല പാര്‍ക്കര്‍ പേന കൊണ്ടുവരൂ, നല്ല പേനകളൊന്നുമില്ല' അമേരിക്കന്‍യാത്രയുടെ ആരംഭത്തില്‍ത്തന്നെ ഞാനൊരു മികച്ച പാര്‍ക്കര്‍ പെന്‍സെറ്റ് വാങ്ങി സൂക്ഷിച്ചു. തിരിച്ചെത്തിയശേഷം അതുകൊടുത്തപ്പോള്‍ ഹിപ്പ് പോക്കറ്റില്‍നിന്നു പേഴ്‌സെടുത്തു ചോദിച്ചു:

'ഇതിനെന്തു കൊടുത്തു?'

'അയ്യോ, ഒന്നും വേണ്ട. ഞാന്‍ എഡിറ്റര്‍ക്കുവേണ്ടി വാങ്ങിയതാണ്. എനിക്കു വേണ്ടതിലധികം ഡോളര്‍ ചെലവാക്കാന്‍ അവര്‍ തന്നിരുന്നു' അദ്ദേഹം പേന പുറത്തെടുത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കി. എന്നിട്ടു പോക്കറ്റില്‍ കുത്തി. 1977 മേയ് 12-ന് രോഗം മൂര്‍ച്ഛിച്ച് തീവ്രവേദനയനുഭവിച്ച് മൂന്നുദിവസങ്ങള്‍ക്കുശേഷം വി.എം. നായര്‍ മരിച്ചു. വീട്ടിലും പരിസരത്തും ആള്‍ക്കൂട്ടമായിരുന്നു. ഞാന്‍ പടിവാതിലിനടുത്ത് ഒതുങ്ങിനിന്നു... അകത്തുകടന്ന് കാല്‍തൊട്ടു വന്ദിച്ച് ഞാന്‍ ധൃതിയില്‍ പുറത്തുകടന്നു. അത് ഒരു രക്ഷിതാവിന്റെ വിയോഗം മാത്രമായിരുന്നില്ല എനിക്ക്. എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാനംകൂടിയായിരുന്നു.'

('ഒരു രക്ഷിതാവിന്റെ ഓര്‍മയ്ക്ക്' -എം.ടി.-സ്‌നേഹാദരങ്ങളോടെ എന്ന പുസ്തകത്തില്‍നിന്ന്)

Content Highlights: V.M Nair, M.T Vasudevan Nair, N.V Krishnawarrier, M.Jayaraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented