അന്നത്തേത് പോലുള്ള ചാവുനിലങ്ങളാണോ ഇപ്പോഴും ഓരോ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കും എന്നറിയില്ല


പ്രിയ എ.എസ്

പുരുഷബീജത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനായി ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയും പിടിച്ച് പുരുഷന്മാര്‍ ബാത്ത്‌റൂമിലേക്ക് പോയിക്കൊണ്ടേയിരുന്നു. ബീജം, ഫാലോപ്പിയന്‍ ട്യൂബിലൂടെ ഗര്‍ഭപാത്രത്തിലേക്ക് എന്ന അറിവ് മാത്രമേ അന്ന് എനിക്കുണ്ടായിരുന്നുള്ളൂ. വൈകാരികതയുടെ പൊള്ളുന്ന ചൂടില്‍ കത്തിയമര്‍ന്ന്, മറ്റാരുമറിയാതെ ആസ്വദിച്ചു ചെയ്യുന്ന സ്വയംഭോഗം എന്ന ഏട് ഒരു പരസ്യപ്രഖ്യാപനമായി മാറുന്ന ഇടംകൂടിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി സെന്ററുകള്‍.

പ്രിയ എ.എസ്‌

രുപാട് വര്‍ഷങ്ങള്‍ക്കപ്പുറമാണ്. ഇനിയെന്ത് എന്ന ഉദ്വേഗം നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലറിനകത്തിരിക്കുന്നതുപോലുണ്ടായിരുന്നു. പരസ്പരം മിണ്ടുന്നവരും ചിരിക്കുന്നവരും വളരേ കുറവായിരുന്നു. ചുറ്റും കണ്ട ഓരോ മുഖവും, പെയ്യാറായി നില്‍ക്കുന്ന കരിമേഘംപോലെ തോന്നി. കുഞ്ഞ് എന്ന കളിക്കൂട്ടാണോ 'കുഞ്ഞുണ്ടായില്ലെങ്കില്‍ ലോകാവസാനം' എന്ന സമൂഹത്തിന്റെ ധാരണയാണോ ഏതാണവരെ എറണാകുളത്തെ പ്രശസ്ത ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ എത്തിച്ചതെന്ന് ഞാനവിടെയിരുന്ന് ഓരോ മുഖത്തേക്കും നോക്കി ചിന്തിച്ചു. കുഞ്ഞിനുവേണ്ടിത്തന്നെ എത്തിയതായിരുന്നു ഞങ്ങളും. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമായിരുന്നു. വഴിയിലെ ഓരോ പെണ്‍കുഞ്ഞിനെയും അവളുടെ കവിളില്‍ ഒന്നു തലോടി 'ഉമ്മുക്കുല്‍സു'വെന്നോ ഓരോ ആണ്‍കുട്ടിയെയും അവന്റെ കുറുമ്പന്‍തലമുടിയില്‍ ഒന്നു തോണ്ടി 'പാക്കര'നെന്നോ വിളിച്ച കാലം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ തോന്നിയിരുന്നു എവിടെയോ എന്തോ ചില അപാകതകളെന്ന്. പല ഗൈനക്കോളജിസ്റ്റുകളെയും ക്രമേണ കണ്ടുവെങ്കിലും ഇന്‍ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്ന കൂറ്റന്‍ ചട്ടക്കൂടിലേക്കെത്താന്‍ ഇത്തിരികൂടി വൈകി.

പരാഗണം കഴിഞ്ഞിട്ടും പൂവും കായും ഉണ്ടാകാത്തതിന്റെ വേവലാതിയോ ആകാംക്ഷയോ ഒക്കെ ചേര്‍ന്ന ഒരു കടല്‍പ്പരപ്പിനകത്ത് ഞങ്ങള്‍ ഇരുന്നു. സാധാരണ ആശുപത്രികളേക്കാള്‍ നിശ്ശബ്ദതയായിരുന്നു അവിടെ. കിലുങ്ങാനൊരു കാല്‍ത്തളയോ ഉയരാനൊരു പീപ്പിവിളിയോ ഇല്ലാതെ ഒഴിഞ്ഞുകിടന്ന മടിത്തട്ടുകളില്‍ കാലം മരവിച്ചു കുഴഞ്ഞുകിടപ്പാണെന്നു തോന്നി. പുരുഷബീജത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനായി ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയും പിടിച്ച് പുരുഷന്മാര്‍ ബാത്ത്‌റൂമിലേക്ക് പോയിക്കൊണ്ടേയിരുന്നു. ബീജം, ഫാലോപ്പിയന്‍ ട്യൂബിലൂടെ ഗര്‍ഭപാത്രത്തിലേക്ക് എന്ന അറിവ് മാത്രമേ അന്ന് എനിക്കുണ്ടായിരുന്നുള്ളൂ. വൈകാരികതയുടെ പൊള്ളുന്ന ചൂടില്‍ കത്തിയമര്‍ന്ന്, മറ്റാരുമറിയാതെ ആസ്വദിച്ചു ചെയ്യുന്ന സ്വയംഭോഗം എന്ന ഏട് ഒരു പരസ്യപ്രഖ്യാപനമായി മാറുന്ന ഇടംകൂടിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി സെന്ററുകള്‍. ഒരുപാടാണുങ്ങള്‍ ബാത്ത്‌റൂമിന് പുറത്ത് ക്യൂ നില്‍ക്കവേ, 'ഞാനും പോകുന്നത് ഇതിനുവേണ്ടിത്തന്നെയാണ്' എന്ന പരസ്യപ്രഖ്യാപനം ഒട്ടിച്ചുവെച്ച കുപ്പിയുമായി ബാത്ത്‌റൂമിനകത്തേക്കു കയറി, കുപ്പിയുടെ വാവട്ടത്തിലേക്ക് ആ 'ആനന്ദപ്രവൃത്തി'യെ കേന്ദ്രീകൃതമാക്കേണ്ടിവരുന്നതിലെ അപഹാസ്യതയെക്കുറിച്ച് അന്നൊന്നും പുരുഷന്റെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല. ബാത്ത്‌റൂം വൃത്തിയുള്ളതാണോ എന്നു ചോദിച്ചതുമാത്രം ഓര്‍മ്മയുണ്ട്. ആരെ മനസ്സില്‍ കണ്ടാണ് ബീജപ്രളയം സൃഷ്ടിച്ചതെന്നും ചോദിച്ചില്ല. 'എല്ലാ നിനവിലും കനവിലും ഒരേ ഇണ' എന്നു കരുതാന്‍മാത്രം നിഷ്‌കളങ്കമായിരുന്നു അന്ന് എന്റെ ലോകം.

കരുത്തും വേഗവുമുള്ള ബീജങ്ങളെ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കുറിക്കപ്പെട്ട മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്നു കേട്ടിരുന്നു. പക്ഷേ, അന്ന് ഗൂഗിള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാവും ചിന്താക്കുഴപ്പങ്ങള്‍ കുറവായിരുന്നു. ഒന്നിനും ഒരു നെഗറ്റീവ് എഫക്റ്റും കാണാന്‍ കഴിയാത്ത പ്രായമായിരുന്നു അതെന്നും പറയാം. സ്ത്രീയുടെ കൃത്യമായ ഓവുലേഷന്‍സമയം ടെസ്റ്റുകളിലൂടെ കണ്ടുപിടിച്ച്, മന്ദതാളത്തില്‍ സഞ്ചരിക്കുന്നവരും മരിച്ചതുമായ എല്ലാ സ്‌പേമിനെയും 'സ്‌പേം വാഷിങ്ങി'ലൂടെ ഒഴിവാക്കി, സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് നല്ല കരുത്തും ആരോഗ്യവുമുള്ള വളരെ കുറച്ചു പുരുഷബീജങ്ങളെ നേരിട്ട് ഒരു നേരിയ കത്തീറ്ററിലൂടെ നിക്ഷേപിക്കുന്ന രീതി പലതവണ ആവര്‍ത്തിക്കപ്പെട്ടെങ്കിലും ആ വഴികളൊന്നും ഒരു കുഞ്ഞിത്തളക്കിലുക്കത്തില്‍ ചെന്നവസാനിച്ചില്ല. എങ്ങനെ അരിച്ചുപെറുക്കിയിട്ടും ആണ്‍ബീജങ്ങളില്‍, അത്യുത്സാഹികളെ കണ്ടുപിടിക്കാനാകാതെ ആ ശ്രമം പരാജയപ്പെട്ടുകൊണ്ടേയിരുന്നു.

എന്റെ കിടക്കയുടെ അപ്പുറത്തിപ്പുറത്തു കിടന്ന ഓരോ സ്ത്രീയും മൗനം വിഴുങ്ങി മരണംപോലെ അനക്കമില്ലാതെ കിടക്കുന്നത് ആ നേരമൊക്കെയും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്ത കട്ടിലില്‍ കിടന്ന് എണ്ണിപ്പെറുക്കിക്കരച്ചിലിലേക്ക് വീണുപോയ കൂട്ടുസങ്കടക്കാരും കുറവല്ല. നാട്ടുകാരുടെ കുത്തുവാക്കുകള്‍, അമ്മായിയമ്മയുടെ പ്രാകലുകള്‍ എന്നൊക്കെയുള്ള കഥകള്‍ എനിക്ക് വഴിയേ പരിചിതമായി. 'കുട്ടികള്‍ ഉണ്ടാവുക' എന്നു പറഞ്ഞാല്‍ ഒരു ഇളംവിരലിന്റെ പതുപതുപ്പും കൂട്ടും കളിചിരിയും എന്നതിനേക്കാളും 'കുട്ടികളുണ്ടാവാതിരിക്കല്‍' എന്നാല്‍ നില്‍ക്കുന്നയിടം ഇടിഞ്ഞുപൊളിഞ്ഞു വീഴലായിരുന്നു പലരെയും സംബന്ധിച്ചിടത്തോളം എന്ന് അന്ധാളിപ്പോടെ ഞാന്‍ മനസ്സിലാക്കി. ഏറ്റവും വിചിത്രമായിത്തോന്നിയത് ആശുപത്രിയുടെ ഇടനാഴികള്‍ ചാപിള്ളകളെപ്പോലെ കിടന്നു എന്നുള്ളതാണ്. സ്ത്രീയായ ഗൈനക്കോളജിസ്റ്റിനും റിസെപ്ഷനിസ്റ്റിനും ലാബിലെ പെണ്‍കുട്ടികള്‍ക്കുമെല്ലാം ചാപിള്ളയുടെ പോലെ നിര്‍വ്വികാരമായ കണ്ണുകളായിരുന്നു. ആരും പരസ്പരം പുറത്തൊന്നു തട്ടി 'വിഷമിക്കാതെ' എന്ന് വാക്കുകൊണ്ടോ കണ്ണുകൊണ്ടോപോലും ആരോടും പറഞ്ഞില്ല. സമാനദുഃഖങ്ങളുള്ള ഒരു ജീവിയായി ആരും ആരെയും കണ്ടില്ല. താന്താങ്ങളുടെ ദുഃഖക്കള്ളികളില്‍ എല്ലാവരും പരസ്പരം മുഖംതിരിച്ച് തരിച്ചിരുന്നു. ഞാന്‍ മാത്രം ഇടയ്‌ക്കൊക്കെ കഥയറിയാന്‍ തല നീട്ടുകയും കഥ കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്തു.

'ഡോക്ടര്‍-സ്ത്രീ', എപ്പോഴും എവിടെയും ക്ലിനിക്കല്‍ ടേംസ് മാത്രം ഉപയോഗിച്ചു. 'പൈസയും മരുന്നും ടെസ്റ്റുകളും' എന്നല്ലാതെ ഡോക്ടര്‍ ഒന്നും പറയുന്നതായി എനിക്കു തോന്നിയില്ല. സംഘര്‍ഷഭരിതമായി നില്‍ക്കുന്ന ഒരു ശരീരത്തിന്റെ മയമില്ലായ്മയ്ക്കകത്തുവെച്ച് ഒരു കുഞ്ഞു കിളിര്‍ക്കാനുള്ള സാദ്ധ്യത വളരേ കുറവാണ് എന്നുമാത്രം അവിടെയൊന്നും എഴുതിവെച്ചുകണ്ടില്ല. ഏതെല്ലാമോ ദൂരനാടുകളില്‍നിന്നു വന്ന് രാവിലെ തൊട്ട് വൈകുംവരെ കാത്തുകാത്തിരുന്ന് മുഷിഞ്ഞ ഓരോ ദമ്പതിമാരും ഊണുപോലും കഴിക്കാതെ ടെസ്റ്റുകളില്‍നിന്ന് ടെസ്റ്റുകളിലേക്ക് ക്ഷീണിതരായി യന്ത്രപ്പാവകളെപ്പോലെ നടന്നുകയറുകയും ഇരുട്ട് വീഴാന്‍നേരം ഇരുണ്ട മുഖത്തോടെ അവിടെനിന്നിറങ്ങിപ്പോവുകയും ചെയ്തു. എത്ര കൊഴുകൊഴുത്ത ബീജത്തെയും എത്ര ഈര്‍പ്പമുള്ള വജൈനയെയും നിര്‍വ്വീര്യമാക്കാന്‍പോരുംവിധം വരണ്ടതായിരുന്നു അവിടുത്തെ ഓരോ നോക്കും വാക്കും ചലനവും. ശരീരവും മനസ്സും തൂവലുപോലായാല്‍ മാത്രമേ പ്രകൃതി കാറ്റു വീശി മഴ പൊഴിച്ച് ജീവന്റെ പച്ചയെ പൊടിപ്പിക്കൂ എന്ന സാമാന്യമായ പ്രകൃതിനിയമത്തിനു മാത്രം അവിടെ ആരും ഇടംകല്‍പ്പിച്ചു കണ്ടില്ല.

'നിങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ല' എന്നു ഡോക്ടര്‍ കട്ടിസ്വരത്തില്‍ ഒരു സ്ത്രീയോട് മുറിക്കകത്തിരുന്നു പറയുമ്പോള്‍, പാതി തുറന്നിട്ട വാതിലിലൂടെ എനിക്കാ വാക്കുകളൊക്കെയും കേള്‍ക്കാമായിരുന്നു. ആ സ്ത്രീ പൊട്ടിപ്പൊട്ടിക്കരയുന്ന ദൃശ്യത്തിന്റെ ഒരു തുമ്പാണ് പിന്നെ ഞാന്‍ കണ്ടത്. 'പറയേണ്ടതെങ്ങനെ' എന്ന കോഴ്‌സില്‍ ആ ഡോക്ടര്‍ ചേരേണ്ടതായിരുന്നുവെന്നു തോന്നി. ആ സ്ത്രീയുടെ സ്വകാര്യസങ്കടം പൊതുജനത്തിന് ദൃശ്യമാകുംവിധം വാതില്‍ പാതി തുറന്നിട്ടിരുന്നതിലെ ഔചിത്യമില്ലായ്മയും എനിക്ക് കല്ലുകടിയായിത്തോന്നി. 'ഒരു കുട്ടിയെ ദത്തെടുക്കുക, അങ്ങനൊരു വഴിയേ ഇനി നിങ്ങളുടെ മുന്നിലുള്ളൂ, അതു വേണമെങ്കില്‍ ഞങ്ങളറൈയ്ഞ്ചുചെയ്തുതരാം' എന്നു പറഞ്ഞതിലെ മൂര്‍ച്ചയില്‍ മുറിഞ്ഞ് ആ സ്ത്രീ പിന്നെയും നിര്‍ത്താതെ വിതുമ്പിയപ്പോള്‍ 'ഈ ഡോക്ടര്‍ക്ക് കൈയില്ലേ, മുന്നിലിരിക്കുന്ന സ്ത്രീക്ക് തോളില്ലേ, കൈ, ആ തോളിലൊന്നു വെക്കാന്‍ ഇനി ഇവരെന്നു പഠിക്കും, അങ്ങനൊന്ന് പഠിച്ചിട്ടില്ലേ അവര്‍ പഠിച്ച ഛയേെലൃേശര െമര്യാദകളിലൊന്നും' എന്നന്തംവിട്ട് ഞാനിരുന്നു. ഏതോ ഒരച്ഛനും അമ്മയും തന്നെ അണച്ചുപിടിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നത് കാത്തുകാത്ത് ഏതോ അനാഥാലയത്തിന്റെ പടിയില്‍ കാത്തുകാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളെ കുറിച്ച് ആര്‍ദ്രമായി സംസാരിച്ചാല്‍, പ്രസവിക്കാത്ത പെണ്ണിന്റെ മുലയിലും പാലൂറുമെന്ന ഉള്‍ക്കാഴ്ച ആ ഡോക്ടര്‍ക്കില്ലാതെപോയി. അഡോപ്ഷന്‍ സെന്ററില്‍നിന്നൊരു കുഞ്ഞ് എന്നുവെച്ചാല്‍ മുന്നില്‍ തൂങ്ങിക്കിടക്കുന്ന ഒരു കൊലക്കയറാണ് എന്ന മട്ടില്‍ വാങ്മയം തീര്‍ത്ത ആ ഡോക്ടറോട് എനിക്ക് സഹതാപം തോന്നി. കുട്ടികളെ നിര്‍മ്മിക്കുന്ന ഒരു വെറും ഫാക്ടറിയാണ് ഓരോ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കും എന്ന് മെല്ലമെല്ലെ മനസ്സിലാവുകയായിരുന്നു.

ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലേക്ക് ഒന്നിച്ചാണ് ഭാര്യയും ഭര്‍ത്താവും ചെല്ലുന്നതെങ്കിലും ഭര്‍ത്താവിനാണ് ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങളെങ്കിലും ആശുപത്രിരേഖകളില്‍ രേഖപ്പെടുത്തുന്നത് പെണ്ണിന്റെ പേരാണ് എന്ന വസ്തുതയും എനിക്കു ദഹിച്ചില്ല. In Vitro Fertilization (IVF) എന്ന ചെലവേറിയ ചികിത്സയിലേക്ക് ഞങ്ങളെത്തിയില്ല. എന്റെ കരളിന് ചില്ലറ പ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ട് ഹോര്‍മോണ്‍ചികിത്സ താങ്ങാന്‍ എന്റെ കരളിന് പറ്റുമായിരുന്നില്ല. 'ഡോണര്‍സ്‌പേം' എന്ന ആശയത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത്, ഞാന്‍ കേട്ട മട്ടുപോലും വെച്ചില്ല. 'ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമനേഷനിലൂടെ മറ്റൊരു പുരുഷബീജത്തിന്റെ കുഞ്ഞ്', അതൊരു വലിയ തമാശയായി തോന്നി. എന്നാല്‍പ്പിന്നെ നേരിട്ട് മുഖം കണ്ട്, ശരീരം കണ്ട്, ആത്മാവ് തൊട്ടറിഞ്ഞ് ആയിക്കൂടെ ബീജസ്വീകരണം എന്ന് എനിക്ക് വിപ്ലവം വന്നു.

പുസ്തകം വാങ്ങാം

ഒരാറുവര്‍ഷത്തിനിപ്പുറം, 'ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്' എന്ന അദ്ധ്യായം ഞങ്ങള്‍ അടച്ചുവെച്ചു. അഡോപ്ഷനിലെ കുട്ടിയെ ജീവിക്കാനനുവദിക്കാത്ത സമൂഹമാണ് കേരളത്തില്‍ എന്ന കൂട്ടുകാരന്റെ ചിന്തയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട്, 'എവിടെയോ ഞങ്ങളെ കാത്തിരിക്കുന്ന ഒരനാഥക്കുഞ്ഞ്' എന്ന ആലോചന ഞാന്‍ പാടുപെട്ട് മായ്ചുകളഞ്ഞു. ഉത്സവത്തിന് ബലൂണ്‍ വാങ്ങിക്കൊടുക്കാന്‍ ഒരാളില്ലാതെയാണ് ഇനി ജീവിതം എന്ന് ഉള്‍ക്കൊണ്ടുവരവേ ഞങ്ങള്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും തൂവലുകള്‍പോലായതുകൊണ്ടാണോ എന്നറിയില്ല ഒരു പതിറ്റാണ്ടിനുമിപ്പുറം, അതും ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്, ബലൂണും ചോദിച്ച് ഒരു കുട്ടി എന്റെ ഗര്‍ഭപാത്രത്തില്‍വന്നു മുട്ടിവിളിച്ചത്. ഒരു കുട്ടി വരാന്‍ കാത്തിരുന്നവര്‍, ആ കുട്ടി എത്തിയപ്പോള്‍ രണ്ടു വഴിക്കായി എന്നത് കാലത്തിന്റെ ക്ലിനിക്കിനപ്പുറം ഞങ്ങളെ കാത്തുനിന്ന ക്ലിക്ക്! കുഞ്ഞിന്റെ കൈപിടിച്ച് ചിരികളികളുമായി ബലൂണ്‍പോലെ പൊങ്ങിപ്പൊങ്ങിപ്പോകുമ്പോഴും, പാതി തുറന്നിട്ട പഴയൊരു കണ്‍സള്‍ട്ടേഷന്‍മുറിയുടെ വിടവിലൂടെ ഒലിച്ചുവന്ന ആ സ്ത്രീയുടെ കരച്ചിലും എത്രയോ പേരുടെ ബീജം വീണ കുടുസ്സ് ടോയ്‌ലെറ്റുകളും എപ്പോഴൊക്കെയോ ഞാനോര്‍ത്തുപോവുന്നു. ചാവുനിലങ്ങളാണോ ഇപ്പോഴും ഓരോ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കും എന്നറിയില്ല!

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രിയ. എ.എസിന്റെ പുസ്തകമായ 'എന്റെ കൊത്തങ്കല്ലുകള്‍' ല്‍ നിന്നും

Content Highlights: ente kothankallukal priya as mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented