വായന അഗാധമായ വേദനകളും ആശങ്കകളും നല്കി, ഓരോ പുസ്തകവും അവയുടെ ആഴംകൂട്ടി- എം. മുകുന്ദന്‍


എല്ലായിടത്തും ദാരിദ്ര്യം. വായിക്കാന്‍ പുസ്തകങ്ങളെടുക്കാന്‍ രണ്ടു രൂപ കെട്ടിവെക്കണം. അത് അച്ഛനെ ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല. അതിനുവേണ്ടി രണ്ടുമൂന്നു മാസം കാത്തുനില്‌ക്കേണ്ടിവന്നു.

എം. മുകുന്ദൻ

സ്വന്തം ദേശം പോലെ പ്രിയപ്പെട്ട, എഴുത്തിലും വായനയിലും സ്വാധീനം ചെലുത്തിയ ഗ്രന്ഥശാലകളെക്കുറിച്ച് എഴുത്തുകാരുടെ ഓര്‍മകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എസ്.ആര്‍ ലാല്‍ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ഗ്രന്ഥശാല.' പുസ്തകത്തിനായി എം. മുകുന്ദന്‍ എഴുതിയ ലേഖനം വായിക്കാം.

ഒരു പ്രദേശത്തിന്റെ മികവ് എങ്ങനെയാണ് തിട്ടപ്പെടുത്തുന്നത്? എന്താണതിനുള്ള മാനദണ്ഡം? ഞാന്‍ പലപ്പോഴും സ്വയം ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. എനിക്കു തോന്നുന്നത്, ഒരു നാടിനെ അറിയണമെങ്കില്‍ അവിടത്തെ വായനശാലകളെ അറിഞ്ഞാല്‍ മതിയെന്നാണ്. അവിടെ മികച്ച പുസ്തകങ്ങളുള്ള ഒരു നല്ല വായനശാലയുണ്ടാകണം. നാട്ടുകാര്‍ അവിടെ വന്ന് പുസ്തകങ്ങള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോയി വായിക്കണം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കണം. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയും വേണം. അങ്ങനെയൊക്കെ സംഭവിക്കുമെങ്കില്‍ അതൊരു നല്ല നാടാണ്. അങ്ങനെയുള്ള രണ്ടു വായനശാലകള്‍ എന്റെ നാട്ടിലുണ്ടായിരുന്നു.

എന്റെ നാട് മയ്യഴിയാണ്. പേരു കേള്‍ക്കുമ്പോള്‍ അതൊരു വലിയ രാജ്യമാണെന്നു തോന്നും. ഫ്രഞ്ച് ചരിത്രവും പാരമ്പര്യവുമാണ് മയ്യഴിക്ക് അങ്ങനെയൊരു ഭാവനാഭൂപടം നിര്‍മിച്ചുനല്കിയത്. യഥാര്‍ഥത്തില്‍ ഒന്‍പതു കിലോമീറ്റര്‍ ചതുരശ്ര അടി മാത്രം വലുപ്പമുള്ള ഇത്തിരിപ്പോന്ന ഒരു പ്രദേശമാണ് മയ്യഴി. പക്ഷേ, അവിടെ രണ്ടു വലിയ ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. മയ്യഴിക്കാര്‍ക്കു നല്ലൊരു വായനാസംസ്‌കാരവുമുണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലില്‍ ഈ വായനശാലകളെക്കുറിച്ച് പറയുന്നുണ്ട്. 'വിജ്ഞാനപോഷിണി' വായനശാലയാണ് ഒന്ന്. അത് യഥാര്‍ഥ പേരല്ല. യഥാര്‍ഥ പേര് 'മാഹി സ്‌പോര്‍ട്‌സ് ക്ലബ്, ലൈബ്രറി ആന്‍ഡ് കലാസമിതി' എന്നാണ്. രണ്ടാമത്തേത്, സര്‍ക്കാര്‍ നടത്തുന്ന 'ബിബ്ലിയോത്തേക് പ്യൂബ്ലിക്' (Bibliotheque Publique) എന്ന ലൈബ്രറിയാണ്. ഫ്രഞ്ചുകാരുടെ കാലത്ത് തുടങ്ങിയതാണ് ഇത്. അതുകൊണ്ടാണ് അതിന് അങ്ങനെ ഒരു ഫ്രഞ്ച് പേര് വീണത്. പബ്ലിക് ലൈബ്രറി എന്നര്‍ഥം.

ഞാന്‍ വായിച്ചുതുടങ്ങിയത് മാഹി സ്‌പോര്‍ട്‌സ് ക്ലബ് വായനശാലയില്‍നിന്നാണ്. മയ്യഴിയമ്മയായ തെരേസാ പുണ്യവതിയുടെ ദേവാലയത്തിന്റെ തൊട്ടു മുന്‍പിലാണ് ആ വായനശാല. അവിടെയിരുന്നാല്‍ ദേവാലയഗോപുരത്തിന്മേലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഴികമണി കാണാം. ഞങ്ങള്‍ മയ്യഴിക്കാര്‍ക്ക് കാലബോധം നല്കിയത് ഫ്രാന്‍സില്‍നിന്നു നാവികര്‍ കൊണ്ടുവന്ന് ഞങ്ങള്‍ക്കു സമ്മാനിച്ച ആ നാഴികമണിയാണ്.

അതൊരു വെറും ഗ്രന്ഥപ്പുരയായിരുന്നില്ല. മയ്യഴിയുടെ സാംസ്‌കാരികപ്രബുദ്ധത ഉറവുപൊട്ടിയത് അവിടെനിന്നാണ്. ചിന്താശീലമുള്ള, പ്രബുദ്ധരായ ആളുകള്‍ക്ക് ഒത്തുചേരാനുള്ള ഒരിടംകൂടിയായിരുന്നു, അത്. അവിടെ വലിയ ചര്‍ച്ചകളും സംവാദങ്ങളും നടക്കുമായിരുന്നു. വായനശാലയോടു ചേര്‍ന്നുള്ള മുറിയിലായിരുന്നു കുഞ്ഞിരാമേട്ടന്റെ ബാര്‍ബര്‍ ഷോപ്. മയ്യഴിയിലെ മുഴുവന്‍ കമ്യൂണിസ്റ്റുകാരുടെയും തലമുടി വെട്ടിയത് കുഞ്ഞിരാമേട്ടനായിരുന്നു. വൈകുന്നേരങ്ങളില്‍ വായനശാലയില്‍ നല്ല തിരക്കായിരിക്കും. അവിടെ ഇരിക്കാന്‍ സ്ഥലമില്ലാതാകുമ്പോള്‍ ഞങ്ങള്‍ കുഞ്ഞിരാമേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെ തിണ്ണയില്‍ ചെന്നിരിക്കും. തലമുടി വെട്ടുമ്പോഴും കുഞ്ഞിരാമേട്ടന്റെ ശ്രദ്ധ വായനശാലയില്‍നിന്നുയരുന്ന രാഷ്ട്രീയസംവാദങ്ങളിലായിരിക്കും. തലമുടി വെട്ടിക്കൊണ്ടുതന്നെ കുഞ്ഞിരാമേട്ടന്‍ ആ ചര്‍ച്ചകളില്‍ പങ്കെടുക്കും. സംവാദങ്ങള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ മുന്‍പില്‍ കസാരയില്‍ മൂടിപ്പുതച്ചിരിക്കുന്ന മുടി വെട്ടിക്കാന്‍ വന്ന ആളെ കുഞ്ഞിരാമേട്ടന്‍ മറക്കും. ചര്‍ച്ച മുറുകുമ്പോള്‍ കുഞ്ഞിരാമേട്ടന്റെ കൈയിലെ കത്രികയ്ക്ക് വേഗത കൂടും. വഴിതെറ്റുന്ന കത്രിക പലരുടെയും ചെവികളില്‍ മുറിവേല്പിച്ചിരുന്നു. ഒരിക്കല്‍ കത്രിക ഉയര്‍ത്തിപ്പിടിച്ച് കുഞ്ഞിരാമേട്ടന്‍ വീറോടെ പറയുന്നതു ഞാന്‍ കേട്ടു: 'ഇങ്ങള് കോണ്‍ഗ്രസ്സുകാര് ഭരിക്കുന്നത് ഇന്ത്യ മാത്രാ. ലോകത്തിന്റെ മൂന്നിലൊരു ഭാഗം ഭരിക്ക്ന്നത് ഞാള് കമ്യൂണിസ്റ്റുകാരാ.' അന്ന് സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്നു. തന്റെ അരികില്‍ തലമുടി വെട്ടാന്‍ വരുന്ന പല കോണ്‍ഗ്രസ്സുകാരെയും കുഞ്ഞിരാമേട്ടന്‍ വാദിച്ചുതോല്പിച്ച് കമ്യൂണിസ്റ്റുകാരാക്കി മാറ്റിയിരിക്കും.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

അക്കാലത്ത് മാഹി സ്‌പോര്‍ട്‌സ് ക്ലബ്, ലൈബ്രറി ആന്‍ഡ് കലാസമിതിയില്‍ ഒരു വലിയ പുസ്തകശേഖരമുണ്ടായിരുന്നു. തകഴിയുടെയും ബഷീറിന്റെയും ഉറൂബിന്റെയും പൊറ്റെക്കാട്ടിന്റെയും മറ്റും പുസ്തകങ്ങള്‍ക്കു പുറമേ വിശ്വസാഹിത്യത്തിലെ നാഴികക്കല്ലുകളായ പല നോവലുകളുടെയും മലയാളവിവര്‍ത്തനങ്ങളും അവിടെ ഉണ്ടായിരുന്നു. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും അന്നാകരീനിനയും വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങളും അവിടെനിന്നെടുത്താണ് ഞാന്‍ വായിച്ചത്. അതിനുപുറമേ മികച്ച ആനുകാലികങ്ങളും അവിടെ വന്നിരുന്നു. ഞാന്‍ പതിവായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു വാരികയായിരുന്നു, കെ. ബാലകൃഷ്ണന്റെ കൗമുദി വാരിക. യുവാക്കള്‍ ആവേശത്തോടെ വായിച്ചിരുന്ന ഒരു ആഴ്ചപ്പതിപ്പായിരുന്നു അത്. അന്നെനിക്ക് കൗമാരപ്രായമായിരുന്നു. അതില്‍ കഥയെഴുതുന്നത് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു.

മയ്യഴിയിലെ രണ്ടാമത്തെ പുസ്തകപ്പുരയായ ബിബ്ലിയോത്തേക് പ്യൂബ്ലിക്കില്‍ അംഗമാകണമെങ്കില്‍ രണ്ടു രൂപ ഡെപ്പോസിറ്റ് നല്കണമായിരുന്നു. ഒരു പുസ്തകത്തിന്റെ ശരാശരി വില കാലുറുപ്പികയോ അരയുറുപ്പികയോ ആയിരുന്നു അന്ന്. രണ്ടു രൂപ ഒരു വലിയ തുകയായിരുന്നു. ആരുടെ കൈയിലും പണമില്ലാത്ത കാലമായിരുന്നു അത്. ഓരോ വീട്ടിലെയും അച്ഛന് ആറും ഏഴും മക്കളുണ്ടാകും. കൂടെ പാര്‍ക്കാന്‍ മുത്തശ്ശനും മുത്തശ്ശിയുമുണ്ടാകും. കല്യാണം കഴിക്കാത്ത സഹോദരിമാരുണ്ടാകും. അങ്ങനെ വലിയൊരു കുടുംബത്തെ തീറ്റിപ്പോറ്റണം. ആളുകള്‍ക്ക് ചെറിയ വരുമാനമേ ഉണ്ടായിരുന്നുള്ളൂ. എല്ലായിടത്തും ദാരിദ്ര്യം. വായിക്കാന്‍ പുസ്തകങ്ങളെടുക്കാന്‍ രണ്ടു രൂപ കെട്ടിവെക്കണം. അത് അച്ഛനെ ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല. അതിനുവേണ്ടി രണ്ടുമൂന്നു മാസം കാത്തുനില്‌ക്കേണ്ടിവന്നു. അരയണയും ഒരണയുമൊക്കെയായി ഞാന്‍ പൈസ സ്വരൂപിച്ചു. പതിനാറ് അണയാണ് ഒരുറുപ്പിക. അവസാനം രണ്ടുറുപ്പിക തികഞ്ഞപ്പോള്‍ അതുമായി ലൈബ്രറിയിലേക്ക് ഓടിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഫ്രഞ്ചിലും മലയാളത്തിലുമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്, പൈസ കൊടുത്ത് ഞാന്‍ മെമ്പറായി.

ബിബ്ലിയോത്തേക് പ്യൂബ്ലിക്കില്‍ മലയാളം പുസ്തകങ്ങള്‍ക്കു പുറമേ ധാരാളം ഫ്രഞ്ച് പുസ്തകങ്ങളുമുണ്ടായിരുന്നു. ബല്‍സാക്കിന്റെയും മോപ്പസാങ്ങിന്റെയുമെല്ലാം ഒറിജിനല്‍ പുസ്തകങ്ങള്‍ ഞാന്‍ കൈയിലെടുത്ത് താലോലിക്കുമായിരുന്നു. അന്ന് ആ പുസ്തകങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ മാത്രം ഫ്രഞ്ചുഭാഷാപരിജ്ഞാനം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ആ പുസ്തകങ്ങളെ മണക്കുകയും നെഞ്ചോടു ചേര്‍ത്തുപിടിക്കുകയും ചെയ്തു. ഒരു പുസ്തകത്തിന്റെ കവറില്‍ ബല്‍സാക്കിന്റെ രേഖാചിത്രമുണ്ടായിരുന്നു. ഒരു തടിച്ച മനുഷ്യനായിരുന്നു ആ മഹാസാഹിത്യകാരന്‍.

പാതാറിലായിരുന്നു, ബിബ്ലിയോത്തേക് പ്യൂബ്ലിക്. കടലും പുഴയും അവിടെ ഒത്തുചേരുന്നു. എന്റെ ഇത്തിരിപ്പോന്ന മയ്യഴിയില്‍ എനിക്കേറെ ഇഷ്ടപ്പെട്ട ഒരിടമായിരുന്നു പാതാര്‍. കടലും പുഴയും കണ്ട്, കാറ്റേറ്റ്, പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കാം. അതിനായി ധാരാളം ആളുകള്‍ ബിബ്ലിയോത്തേക് പ്യൂബ്ലിക്കില്‍ വരുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ ഇരിക്കാന്‍ സ്ഥലമുണ്ടാകുമായിരുന്നില്ല. ഫ്രഞ്ചുപുസ്തകങ്ങള്‍ എടുക്കാന്‍വേണ്ടി സായ്‌വുമാരും വലിയ ഉദ്യോഗസ്ഥരും വരുമായിരുന്നു.

മാഹി സ്‌പോര്‍ട്‌സ് ക്ലബ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ എന്നെ സാംസ്‌കാരികമായും രാഷ്ട്രീയമായും പ്രബുദ്ധത കൈവരിക്കാന്‍ സഹായിച്ചു. ബിബ്ലിയോത്തേക് പ്യൂബ്ലിക്കിലെ പുസ്തകങ്ങള്‍ എന്റെ വായനലോകത്തിന്റെ അതിരുകള്‍ വികസിപ്പിക്കുകയും ചെയ്തു.
പില്ക്കാലം ഞാന്‍ ഡല്‍ഹിയിലെത്തി. അവിടെ ഫ്രഞ്ച് ഉദ്യോഗസ്ഥനായി. അപ്പോള്‍ സാര്‍ത്രിന്റെയും മറ്റും പുസ്തകങ്ങള്‍ ഒറിജിനല്‍ഭാഷയില്‍ വായിക്കാന്‍ കഴിഞ്ഞു. പുറമേ, അമേരിക്കന്‍ ലൈബ്രറിയിലെയും ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയിലെയും സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. വായനയായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ ജീവിതാനുഭവം; പ്രപഞ്ചബോധവും. വായന എനിക്ക് അഗാധമായ വേദനകളും ആശങ്കകളും നല്കി. വായിച്ച ഓരോ പുസ്തകവും ആ അനുഭവത്തിന് ആഴം കൂട്ടി.

ഞാന്‍ ഞാനായത്, മയ്യഴിയിലെ ഈ രണ്ടു കൊച്ചുലൈബ്രറികളിലെ പുസ്തകവായനയിലൂടെയാണ്. ഈ വായനശാലകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനെന്ന എഴുത്തുകാരനും ഉണ്ടാകുമായിരുന്നില്ല.

Content Highlights: M.Mukundan, S.R Lal, Ente Grandhasala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented