ചങ്ങലയിട്ട് വലിച്ചിഴക്കപ്പെട്ട ജോര്‍ജ്‌ഫെര്‍ണാണ്ടസ്; പോലീസ് മര്‍ദ്ദിച്ച് കൊന്ന സ്‌നേഹലതാ റെഡ്ഡി


കെ.സി. വര്‍ഗ്ഗീസ് കണ്ണമ്പുഴ

എത്രയോ നിരപരാധികള്‍ വെറും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കിരാതമുറയ്ക്ക് വിധേയമായിട്ടുണ്ട്. കേരളത്തില്‍ മാത്രം കസ്റ്റഡിയില്‍ 26 പേര്‍ മരിച്ചുവീണു.

ഇന്ദിര ഗാന്ധി, ജോർജ് ഫെർണാണ്ടസ്, സ്‌നേഹലതാ റെഡ്ഡി

ടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ഭാവി എങ്ങനെ എന്നതു സംബന്ധിച്ച് ആര്‍ക്കും സത്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയെ എതിര്‍ത്തവരെയെല്ലാം കക്ഷിഭേദമെന്യേ ജയിലറകള്‍ക്കുള്ളിലാക്കി എന്നതുകൊണ്ടാകാം കോണ്‍ഗ്രസ്സില്‍നിന്നുപോലും ഒരു അപശബ്ദവും ഉണ്ടായില്ല. മാത്രമല്ല, പിന്തുണയ്ക്കുന്ന കക്ഷികളില്‍ സി.പി.ഐ. അടക്കമുള്ള എല്ലാ പാര്‍ട്ടികളും അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരുമായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രിയില്‍ത്തന്നെ എഴുനൂറോളം നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, എ.ബി വാജ്‌പേയ്, എല്‍.കെ അദ്വാനി, മധുദന്തവാദെ, രാമകൃഷ്ണ ഹെഗ്‌ഡെ, ജെ.എച്ച് പാട്ടീല്‍, രാജ് നാരായണന്‍, അരങ്ങില്‍ ശ്രീധരന്‍ എന്നിവരും കോണ്‍ഗ്രസ്സില്‍നിന്നും എസ്. ചന്ദ്രശേഖര്‍, മോഹന്‍ധാരിയ തുടങ്ങിയരും അതിലുള്‍പ്പെടും. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അടക്കം നിരവധി നേതാക്കള്‍ ഒളിവില്‍ പോയി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന കേരളത്തിലെ എം.പി. വീരേന്ദ്രകുമാര്‍ ഒളിവില്‍ പോയത് എ.കെ. ഗോപാലന്റെ ഉപദേശപ്രകാരമാണ്. വീരേന്ദ്രകുമാറിന്റെ വസ്തുവഹകളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടുകയും പിടികിട്ടാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹവും ജയിലില്‍ പോകേണ്ടിവന്നു. മിസ, ഡി.ഐ.ആര്‍., കോഫേപോസ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ച് ആദ്യനാളുകളില്‍1,12,890 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മേല്‍നിയമങ്ങള്‍ കള്ളക്കടത്തുകാര്‍ക്കും കള്ളപ്പണക്കാര്‍ക്കും പുഴ്ത്തിവെപ്പുകാര്‍ക്കും എതിരെ ഉപയോഗിക്കാനാണ് ഉണ്ടാക്കിയത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കുവാന്‍ ഇത് ഉപയോഗപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും ഇന്ദിരാവിരുദ്ധചേരിയില്‍പ്പെട്ട നേതാക്കളെ ഇപ്രകാരം തന്നെ അറസ്റ്റ് ചെയ്തു.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രശ്‌നം തീരുമാനമാകുന്നില്ല. സുപ്രീംകോടതിയില്‍നിന്നും സ്റ്റേ കിട്ടിയിട്ടുണ്ടെങ്കിലും കേസിന്റെ ഭാവിയും തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കുന്നതിനുള്ള അയോഗ്യതയും കീറാമുട്ടിയായി നിലനില്‍ക്കുന്നു. അതിനെ മറികടക്കുവാന്‍ പാര്‍ലമെന്റില്‍ പുതിയ ഒരു നിയമനിര്‍മ്മാണം കൊണ്ടുവന്നു. എതിര്‍ക്കാന്‍ ആളില്ലാത്തതിനാല്‍ അതും വളരെ എളുപ്പം സാധിക്കുമായിരുന്നു. അതുപ്രകാരം പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും സ്ഥാനങ്ങളോ തിരഞ്ഞെടുപ്പുകളോ അസാധുവാക്കുവാന്‍ കോടതികള്‍ക്ക് അധികാരമുണ്ടായിരിക്കുന്നതല്ല; അതും മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കുവാനും വ്യവസ്ഥയുണ്ടാക്കി. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇന്ദിരാഗാന്ധിയെ സഹായിക്കുവാന്‍ നേരത്തെ നല്‍കിയ സ്റ്റേ 1976 ആഗസ്റ്റ് 11 വരെ വീണ്ടും നീട്ടിക്കൊടുത്തു. 8ാം തീയതിതന്നെ പാര്‍ലമെന്റില്‍ നിയമം പാസാക്കിയെടുത്തു. അതോടെ ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധിക്ക് അടിസ്ഥാനമില്ലാതായി.

അടിയന്തരാവസ്ഥയിലെ ക്രൂരകൃത്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും അറപ്പും വെറുപ്പും സൃഷ്ടിക്കുന്നവയായിരുന്നു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഒളിവിലായതിനാല്‍ അദ്ദേഹത്തിന്റെ അനുയായിയായിരുന്ന സിനിമാകലാകാരി കൂടിയായിരുന്ന സ്‌നേഹലതാ റെഡ്ഡിയെ കസ്റ്റഡിയിലെടുത്തുകൊണ്ട് പ്രതികാരം തീര്‍ക്കുകയായിരുന്നു. സംസ്‌കാര എന്ന സിനിമയില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് നേടിയ അവര്‍ കലാലോകത്തിന് അക്കാലത്ത് അഭിമാനമായിരുന്നു. ഏറെ സൗന്ദര്യവും ആരോഗ്യവുമുള്ള അവരെ കസ്റ്റഡിയില്‍ വെച്ച് അതിഭീകരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കി. മരിക്കുന്ന അവസ്ഥയായപ്പോള്‍ വിട്ടയച്ചു. വീട്ടിലെത്തി അഞ്ചാം ദിവസം അവര്‍ രക്തസാക്ഷിയായി ചരമമടഞ്ഞു. കോഴിക്കോട് കക്കയം ക്യാമ്പില്‍ വെച്ച് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ അനുഭവിച്ച പീഡനങ്ങള്‍ മരണത്തിലാണ് കലാശിച്ചത്. രാജന്‍ സംഭവം എന്ന പേരിലുള്ള ആ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കെ. കരുണാകരന്റെ മുഖ്യമന്ത്രിപദം നഷ്ടമായത്. അതിനെക്കാള്‍ ഭയാനകമായ മര്‍ദ്ദനമുറകള്‍ വിവിധ പേരുകളില്‍ ജയിലുകളിലും ക്യാമ്പുകളിലും ഇന്ത്യയൊട്ടാകെ നടപ്പിലാക്കി. എത്രയോ നിരപരാധികള്‍ വെറും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കിരാതമുറയ്ക്ക് വിധേയമായിട്ടുണ്ട്. കേരളത്തില്‍ മാത്രം കസ്റ്റഡിയില്‍ 26 പേര്‍ മരിച്ചുവീണു. ഉരുട്ടല്‍, ഹീറ്റിംഗ്, നാഭിക്ക് തൊഴി, ഷോക്കടിപ്പിക്കല്‍, തൂക്കിയിടല്‍, സങ്കല്‍പ്പ കസേരയിലിരുത്തല്‍, രോമം പറിക്കല്‍, ലിംഗം വലിക്കല്‍, ക്ലിപ്പിടല്‍, കാവടി ആടിക്കല്‍, കൊളുത്ത്, കൈകൊണ്ടുള്ള വെട്ട്, പട്ടിപ്പൂട്ട് എന്നീ പേരുകളിലാണ് ഈ മര്‍ദ്ദനമുറകള്‍ അറിയപ്പെട്ടിരുന്നത്.

പക്ഷേ, ഇതെല്ലാം പുറംലോകം അറിയുന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷമാണ്. അറിഞ്ഞിരുന്നവര്‍ ഇതെല്ലാം കണ്ടില്ലെന്നുനടിച്ച് അധികാരത്തിന്റെ സൗകര്യവും സുഖവും അനുഭവിച്ചുപോരുകയായിരുന്നു. ജനങ്ങളെ കയ്യിലെടുക്കുന്നതിന് ഇന്ദിരാഗാന്ധി പഴയപോലെ ഒരു ഇരുപതിന പരിപാടിയും പ്രഖ്യാപിച്ചിരുന്നു. അതെല്ലാം പഴയ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. അതിതീക്ഷ്ണമായി എതിര്‍ത്തിരുന്ന ആര്‍.എസ്.എസ്., ആനന്ദമാര്‍ഗ്ഗ്, ജമാഅത്തെ ഇസ്ലാമി, നക്‌സലൈറ്റ് എന്നീ സംഘടനകളെ നിരോധിച്ചു. കോണ്‍ഗ്രസ്സിനോടൊപ്പം സി.പി.ഐ., മുസ്‌ലിം ലീഗ്, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ഇന്ദിരയുടെ വാദമുഖങ്ങള്‍ അംഗീകരിച്ച് കൂടെത്തന്നെ കൂടി. വിവിധ വിദേശരാജ്യങ്ങളില്‍ റഷ്യയാണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കി ഇന്ത്യയിലെ ഈ പൗരാവകാശധ്വംസനങ്ങളെ ന്യായീകരിച്ചത്. പത്രമാധ്യമങ്ങളില്‍ നവയുഗം, പേട്രിയറ്റ്, ലിങ്ക് എന്നീ പ്രസിദ്ധീകരണങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു.

അധികാരമുണ്ടെങ്കില്‍, എതിര്‍ക്കാനാരുമില്ലെങ്കില്‍ എന്തുമാകാമെന്ന നിലപാടുകളുടെ കടന്നുകയറ്റം എവിടെവരെ എത്തുമെന്നതിന്റെ ചരിത്രം കൂടിയായിരുന്നു അടിയന്തരാവസ്ഥ. അതെല്ലാം പൂര്‍ണ്ണമായി എഴുതണമെങ്കില്‍ വലിയൊരു ഗ്രന്ഥംതന്നെ വേറെ വേണ്ടിവരും. 1975 നവംബര്‍ 12ന് വൃക്ക തകരാറായതിനാല്‍ ജയപ്രകാശ് നാരായണിനെ മോചിപ്പിച്ചു. ചണ്ഡിഗഢില്‍ വെച്ച് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയെ യൂത്ത് കോണ്‍ഗ്രസ് നേതാവായി അവരോധിച്ചു. മാത്രമല്ല, 1976 നവംബറില്‍ കോണ്‍ഗ്രസ്സിന്റെ ഗോഹട്ടി എ.ഐ.സി.സിയില്‍ വെച്ച് ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയായി സഞ്ജയ് ഗാന്ധി മാത്രമായിരിക്കണമെന്ന് തീരുമാനിച്ചു. മറ്റാരും ആ കസേരയില്‍ കടന്നുവരരുതെന്നുള്ള നെഹ്‌റുകുടുംബത്തിന്റെ തീരുമാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1976ല്‍ ലോകസഭാതിരഞ്ഞെടുപ്പ് നിയമപ്രകാരം നടക്കേണ്ടതായിരുന്നു. പക്ഷേ, നടത്തിയില്ല. 1976 ജനുവരി 21ന് തമിഴ്‌നാട്ടിലെ കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിട്ടു. മാര്‍ച്ച് മാസത്തില്‍ ഗുജറാത്തിലെ ജനതാമുന്നണി സര്‍ക്കാരിനേയും കരിനിയമങ്ങള്‍ ഉപയോഗിച്ച് അവസാനിപ്പിച്ചു.

ജനസംഖ്യാനിയന്ത്രണത്തിന് ആളുകളെ ഓടിച്ചിട്ടുപിടിച്ച് നിര്‍ബന്ധിതവന്ധീകരണം നടത്തുക സഞ്ജയ് ഗാന്ധിയുടെ ഒരു വിനോദമായിരുന്നു. മുസ്ലീം പുരുഷന്‍മാരാണ് കൂടുതലും ഈ ക്രൂരകൃത്യത്തിന് ഇരകളായത്. ഇതിനെതിരെ തുര്‍ക്കുമാന്‍ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം വെടിവെപ്പ് നടത്തി. നിരവധിപേര്‍ മരിച്ചുവീണു. 1976 ജൂണ്‍ 10ന് ആണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പിടികൂടാന്‍ സാധിച്ചത്. അദ്ദേഹത്തെ ബറോഡ ഡൈനാമിറ്റ് കേസില്‍ പ്രതിയാക്കി. കൈയില്‍ വിലങ്ങുവെക്കുക മാത്രമല്ല; ശരീരം മുഴുവന്‍ ചങ്ങലകൊണ്ട് ബന്ധിച്ച് കല്‍ക്കട്ട തെരുവിലൂടെ വലിച്ചിഴച്ച് ബന്ധപ്പെട്ട അധികാരികള്‍ മനോസുഖം നേടി.

പുസ്തകം വാങ്ങാം

അടിയന്തരാവസ്ഥയുടെ കിരാതനാളുകള്‍ നീളുംതോറും അതിനെ ചെറുത്തുനിന്നവര്‍ക്കെല്ലാം ചില മാനസികപരിവര്‍ത്തനങ്ങള്‍ വന്നുഭവിച്ചത് എഴുതാതെ വയ്യ. ഈ അവസ്ഥയില്‍ ഇന്ത്യയുടെ ഭാവിയും കാലങ്ങളുടെ മാറ്റവും ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയാത്ത സ്ഥിതിയില്‍ പല നേതാക്കളും മാറിച്ചിന്തിക്കുവാന്‍ തുടങ്ങി. സി.പി.എമ്മിലെ എ.കെ. ഗോപാലന്‍ പാറപോലെ ഉറച്ചുതന്നെ നിന്നു. ഇന്ദിരാഗാന്ധിയെ 'പെണ്‍ ഹിറ്റ്‌ലര്‍' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനുള്ള ചെറുത്തുനില്പ് അനിവാര്യമാണെന്ന് അദ്ദേഹം ആഹ്വാനം നല്‍കി. ആരോഗ്യം മോശമായിട്ടും അദ്ദേഹം അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. 1976 ഡിസംബറില്‍ ജന്മനാടായ പെരളശ്ശേരിയില്‍ നിരോധനം ലംഘിച്ച് പ്രസംഗിച്ചു. ഹാന്റ് മൈക്ക് ഉപയോഗിച്ചുള്ള പ്രസംഗം തടയുവാന്‍ പോലീസുകാരെത്തിയെങ്കിലും അവര്‍ക്കെതിരെ മുഷ്ടി ചുരുട്ടി പ്രതികരിച്ചു. അതോടെ അദ്ദേഹത്തിന്റെ ദേഹാസ്വാസ്ഥ്യം കൂടി. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ പരാജയവും ജനതാപാര്‍ട്ടിയുടെ വരവും അടിയന്തരാവസ്ഥയുടെ പതനവും അറിയാന്‍ കഴിയാതെ അബോധാവസ്ഥയിലായിരുന്ന അദ്ദേഹം ഒരു രക്തസാക്ഷിപരിവേഷവുമായി 1977ല്‍ത്തന്നെ മരണമടഞ്ഞു.

കെ.സി. വര്‍ഗ്ഗീസ് കണ്ണമ്പുഴ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകള്‍ എന്ന പുസ്തകത്തില്‍ നിന്നും

Content Highlights: emergency declaration george fernandes snehalatha reddy indira gandhi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented