'തുമ്പിക്കൈ ഉയര്‍ത്തി നാലുപാടും മണംപിടിച്ചു, കാടിനകത്തേക്ക് കയറിപ്പോകുന്നത് ഞങ്ങള്‍ നോക്കിനിന്നു'


എന്‍.എ. നസീര്‍

3 min read
Read later
Print
Share

"ഉറങ്ങിക്കിടന്നിരുന്ന കൊമ്പന്‍ നിമിഷനേരംകൊണ്ട് ഉണര്‍ന്നു. ആ വലിയ ശിരസ്സ് ഉയര്‍ത്തി നിലകൊണ്ടിട്ട് സാവധാനം എഴുന്നേറ്റു."

ഫോട്ടോ: എൻ.എ. നസീർ

താ, വലിയൊരു കൊമ്പനാന ആ മരത്തിന് ചുവട്ടില്‍ കിടന്നുറങ്ങുന്നു!
ഞങ്ങള്‍ ഒട്ടും ശബ്ദമുണ്ടാക്കാതെ നിന്നയിടത്ത് ഇരുന്നു. കാട്ടില്‍ വേനല്‍ക്കാലമാകുമ്പോള്‍ ആനകള്‍ കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ കൂട്ടത്തില്‍ ഒരാന ഒഴികെ മറ്റാനകളൊക്കെ തറയില്‍ കിടന്നുറങ്ങും. ഉറങ്ങാതെ നില്ക്കുന്ന ആന കൂട്ടുകാര്‍ക്ക് കാവലായിമാറും. ആല്‍മരത്തിന് മുകളിലുള്ള പക്ഷികള്‍ കുറച്ചുനേരം നിശ്ശബ്ദമായി. അവ ഞങ്ങളെ കണ്ടിരുന്നു. പെട്ടെന്ന് ഒരു പുള്ളിമാന്‍ ശബ്ദിച്ചു. ഉറങ്ങിക്കിടന്നിരുന്ന കൊമ്പന്‍ നിമിഷനേരംകൊണ്ട് ഉണര്‍ന്നു. ആ വലിയ ശിരസ്സ് ഉയര്‍ത്തി നിലകൊണ്ടിട്ട് സാവധാനം എഴുന്നേറ്റു. പിന്നീട് തുമ്പിക്കൈ ഉയര്‍ത്തി നാലുപാടും മണംപിടിച്ചു. അപ്പോഴേക്കും കാറ്റ് മെല്ലെ വീശി. ആനയ്ക്ക് എന്തോ സംശയംപോലെ. അവന്‍ മെല്ലെ കാടിനകത്തേക്ക് കയറിപ്പോകുന്നത് ഞങ്ങള്‍ നോക്കിനിന്നു.

ആല്‍മരത്തില്‍ ഇരട്ടത്തലച്ചി, കാട്ടുമൈന, തേന്‍കുരുവികള്‍, പൂന്തത്തകളൊക്കെയുണ്ട്. കുറച്ച് കാട്ടുപ്രാവുകളും അക്കൂട്ടത്തില്‍ വന്നുചേര്‍ന്നു. ആലിന്‍പഴങ്ങള്‍ തറയില്‍ വീഴുന്ന ശബ്ദം കേള്‍ക്കാം. നിഴല്‍ പരത്തി നില്ക്കുന്ന ഒരു പുളിമരത്തിന് ചുവട്ടില്‍ ഞങ്ങള്‍ ഇരുന്നു. ഹാ... എന്തൊരു കുളിര്! ഈ കാട്ടില്‍ പുളിമരങ്ങള്‍ ധാരാളമുണ്ട്. പുളി കായ്ക്കുന്ന കാലം ആനകളും മാനുകളുമൊക്കെ ചുവട്ടിലെത്തും. ആനകള്‍ മുന്‍കാലുകള്‍ മരത്തില്‍ കയറ്റിവെച്ച് തുമ്പിക്കൈ മുകളിലേക്ക് നീട്ടി പുളി പറിച്ച് തിന്നും. അതിനിടയില്‍ തറയില്‍ വീഴുന്ന പുളി തിന്നുവാനായി മാനുകള്‍ മത്സരിക്കുന്നതും കാണാം. ചിലപ്പോള്‍ അക്കൂട്ടത്തിലേക്ക് മ്ലാവും കാട്ടുപോത്തും വന്നുചേരും. പുളിമരത്തിന്റെ ഇലയും ഇവയ്ക്കൊക്കെ വലിയ ഇഷ്ടമാണ്.

ഇപ്പോള്‍ പുളി കായ്ക്കുന്ന സമയമല്ല. അതുകൊണ്ട് മറ്റ് ജീവികളെയൊന്നും കണ്ടില്ല. ഞങ്ങള്‍ ബാഗില്‍ കരുതിയിരുന്ന വാട്ടര്‍ബോട്ടില്‍, പഴം, കപ്പലണ്ടി എന്നിവ പുറത്തുവെച്ചു. കാട്ടില്‍ പോകുമ്പോള്‍ പച്ചക്കപ്പലണ്ടിയാണ് ഞങ്ങള്‍ കരുതുക. വറുത്ത കപ്പലണ്ടി കഴിച്ചാല്‍ ദാഹം കൂടും. പഴവും കപ്പലണ്ടിയും നല്ല ചേര്‍ച്ചയാണ്. നല്ല സ്റ്റാമിനയും ഉണ്ടാകും. കാട്ടിലേക്കുള്ള യാത്രകളില്‍ നാം ജലാംശം കൂടുതലുള്ള ആഹാരങ്ങളാണ് കരുതേണ്ടത്. ചില കാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വെള്ളം കിട്ടാന്‍ പ്രയാസമാണ്. അപ്പോള്‍ പഴങ്ങള്‍, ഓറഞ്ച്, ദഹിക്കാത്ത നട്സുകളൊക്കെയാണ് കരുതേണ്ടത്. വാട്ടര്‍ബോട്ടിലിലെ വെള്ളം വളരെ സൂക്ഷിച്ചേ ഉപയോഗിക്കാവൂ. ഒരു ചെറുകാറ്റ് വീശിയപ്പോള്‍ എന്റെ കണ്ണുകള്‍ താനേ അടഞ്ഞുപോയി. നല്ല പക്ഷിപ്പാട്ടുകള്‍കൂടിയായപ്പോള്‍ ഉറക്കം വന്നുകൂടി... കാറ്റ് മെല്ലെ തഴുകി കടന്നുപോവുകയാണ്. ആനക്കൂട്ടത്തിന്റെ ഗന്ധം!

ഞാനുണര്‍ന്നു. ജലീലിനെ വിളിച്ചു. അതെ, ഒരുകൂട്ടം ആനകള്‍ അധികം അകലെയല്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. മിക്കവാറും ഈ പുളിമരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാനായിരിക്കും. പുളിയുടെ ഇലകളും അവയ്ക്ക് ഭക്ഷിക്കാമല്ലോ. ഞങ്ങള്‍ വേഗം ബാഗുകളെടുത്ത് അവിടെനിന്ന് നടന്നു. ഇനി ആനകള്‍ വിശ്രമിക്കട്ടെ ആ മരത്തണലില്‍.

അധികം ഉയരമില്ലാത്ത മുള്‍മരങ്ങള്‍ക്കിടയിലൂടെ ഒരുപാട് നടന്നു. ചീതള്‍വാക്കിനു പുറകുവശം വലിയൊരു മലയുണ്ട്. അത് നീലഗിരി മലനിരകളുമായി ചേര്‍ന്നു കിടക്കുന്നു. ഈ കാട്ടില്‍ എവിടെ നടന്നാലും ആ മലയാണ് തിരികെ എത്തുവാനുള്ള ഞങ്ങളുടെ അടയാളം. അതുകൊണ്ട് വഴികളൊന്നും തെറ്റിപ്പോകാറില്ല. നമ്മള്‍ കാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ അടയാളങ്ങള്‍ കണ്ടുവയ്ക്കുന്നത് നല്ലതാണ്. ചിലര്‍ കൈവശമുള്ള കത്തികൊണ്ട് കടന്നുപോകുന്ന വഴിയരികിലെ മരങ്ങളില്‍ വെട്ടി അടയാളം ഉണ്ടാക്കാറുണ്ട്. പക്ഷെ, അത് നമ്മള്‍ ചെയ്യരുത്. കടന്നുപോകുന്നവരൊക്കെ മരങ്ങളില്‍ വെട്ടി അടയാളം ഉണ്ടാക്കിക്കൊണ്ടിരുന്നാല്‍ ആ മരം അധികകാലം ജീവിക്കില്ല.

ഒരു 'ഗൗളിപ്പക്ഷി' തിരക്കിട്ട് അതിരിക്കുന്ന മരത്തെ ചുറ്റി ചുറ്റി മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നത് കണ്ടു. 'Chestnut-bellied nuthatch' എന്ന പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. മലയാളത്തില്‍ 'ഗൗളിക്കിളി' എന്നും വിളിക്കും. ഉയര്‍ന്ന മലനിരകളില്‍ ഇവയുടെ മറ്റൊരു ഉപജാതി ഉണ്ട്. 'Velvet Fronted Nuthatch' എന്നാണ് അവയുടെ പേര്.

മരത്തില്‍ ഗൗളിയെപ്പോലെ സഞ്ചരിക്കുന്നതുകൊണ്ടാണ് ഗൗളിപ്പക്ഷിക്ക് ആ പേര് വന്നത്. ആ സഞ്ചാരത്തിന്റെ പ്രധാന ഉദ്ദേശ്യം ഇരതേടല്‍തന്നെ. മരപ്പൊത്തുകളിലും മരത്തോലിലും പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കള്‍, വണ്ടുകള്‍ എന്നിവയാണ് പ്രധാന ആഹാരം. ഇവയുടെ കൂട് ചിതല്‍പ്പുറ്റിലെ മണ്ണും അഴുകിയ മാംസാവശിഷ്ടങ്ങളും കൂടി കുഴച്ച് ഓരോ ചെറു ഉരുളപോലെ കൂട്ടി യോജിപ്പിച്ചതാണ്.

വെയിലിന്റെ തീവ്രത കുറഞ്ഞപ്പോള്‍ ഞങ്ങള്‍ ചീതള്‍വാക്കിനരുകിലെത്തി. സീഗൂര്‍ അരുവിയില്‍ പുള്ളിമാനുകളും കലമാനുകളും കാട്ടുപോത്തുകളും ദാഹം മാറ്റുവാന്‍ കൂട്ടമായി എത്തുന്ന നേരമാണിത്. ആനക്കൂട്ടങ്ങളും കാണും. കുറച്ചു കഴിഞ്ഞാല്‍ കരടിയും പുലിയുമൊക്കെ എത്തും. ജലം കുറഞ്ഞ ഭാഗത്തെ കല്ലുകളില്‍ച്ചാടി ഞങ്ങള്‍ മറുകരയിലെത്തി. ചീതള്‍വാക്കിന്റെ വരാന്തയിലെത്തിയപ്പോഴേക്കും ഞങ്ങളെ പിന്തുടര്‍ന്ന് എത്തിയപോലെ ഒരുകൂട്ടം ആനകളും പുഴയ്ക്കരുകിലെത്തിക്കഴിഞ്ഞിരുന്നു.

(എന്‍.എ. നസീറിന്റെ 'കാടറിയാന്‍ ഒരു യാത്ര' എന്ന പുസ്തകത്തില്‍നിന്ന്)

Content Highlights: Elephant, Kaadariyan oru yathra, Book excerpt, Mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Seethi Haji, Book Cover

9 min

'ഹംക്ക് എന്നത് അണ്‍പാര്‍ലമെന്ററി അല്ല, അത് അറബിയാണ്.':നിയമസഭയില്‍ സീതിഹാജിയുടെ മറുപടി

Sep 27, 2023


seethi haji, nayanar

6 min

സീതി ഹാജി: അപ്പോള്‍ റേഷന്‍ കാര്‍ഡിന് എന്തു പറയും?; നായനാര്‍: അരിച്ചീട്ട്‌...!

Jun 24, 2022


Sathyan anthikkad, Mohanlal

5 min

'നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് യാതൊരു നഷ്ടവുമില്ല, അല്ലേ സത്യന്‍? നഷ്ടം നമുക്കുമാത്രമാണ്'

May 27, 2023


Most Commented