ഫോട്ടോ: അസീസ് മാഹി
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, അസീസ് മാഹിയുടെ 'കാടിന്റെ നിറങ്ങള്‍' എന്ന പുസ്തകത്തിലെ 'ഉള്‍ക്കാട്ടിലെ സ്‌നേഹച്ചൂരുകള്‍' എന്ന ഭാഗത്തില്‍നിന്ന്;
അകലാകാശച്ചെരുവില് തലചായ്ച്ചുമയങ്ങുന്ന ഹിമശൈലശൃംഗങ്ങള്‍, തൊട്ടുതാഴെ ബഹുരൂപിയായി പടരുന്ന മേഘങ്ങള്‍ക്കിപ്പുറം മഞ്ഞലകള്‍ ഞൊറിയിട്ട പുല്‍പ്പരപ്പിന്റെ വിശാലത. ഇടയ്ക്ക് കാടോര്‍മകളുണര്‍ത്തുന്ന വന്‍വൃക്ഷക്കൂട്ടങ്ങള്‍. പുല്‍പ്പരപ്പിലൂടെ പ്രണയകല്ലോലിനിപോല്‍ ഒഴുകിയെത്തുന്ന ഗജപ്പെരുമ കാടിനെ തഴുകുന്ന, ഗംഗയുടെ കൈവഴികളിലൊന്നായ രാംഗംഗയില്‍ നീരാടാനെത്തുന്നു. ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റ് ദേശീയോദ്യാനത്തിലെ ഈ കാഴ്ചപ്പൊരുളിനൊപ്പം ആറ്റൂര്‍ നിനവില്‍ നിറയുന്നു.
സഹ്യനേക്കാള്‍ തലപ്പൊക്കം,
നിളയെക്കാളുമാര്‍ദ്രത
നമ്മുടെ വനസ്ഥലികളുടെ അഭിജാതസാന്നിധ്യമായ ആനകളുടെ രൂപഭാവങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വിശേഷണം.
കൂട്ടുജീവിതത്തിന്റെ നൈതികതാളവും കുടുംബജീവിതത്തിന്റെ ലയസൗഭാഗ്യവും പ്രണയാര്‍ദ്രജീവിതത്തിന്റെ രാഗസാന്ദ്രതയും മാതൃത്വത്തിന്റെ മഹിതഭാവങ്ങളും സഹജീവനത്തിന്റെ സഹനവും ഏകാകിതയുടെ താന്‍പോരിമയും മനുഷ്യരേക്കാള്‍ ഗാഢമായി പ്രതിഫലിക്കുന്നതാണ് കാടകങ്ങളിലെ ഗജരാജജീവിതം!
നാമെല്ലാം ഓമല്‍ കൗതുകമായി നെഞ്ചോടു ചേര്‍ക്കുകയും, നാം പകര്‍ന്നേകുന്ന പീഡാനുഭവങ്ങളേറ്റുവാങ്ങി നെഞ്ചുപിളരുകയും ചെയ്യുന്ന ഒരു ജന്മം.
കാടധിപനായി വാഴുന്ന സഹ്യപുത്രന്റെ ജീവിതം തേടി പെരിയാറിലും പറമ്പിക്കുളത്തും ചിന്നാറിലും ഗവിയിലും മുത്തങ്ങയിലും മുതുമലയിലും ബന്ദിപ്പൂരും നാഗര്‍ഹോളയിലും എന്‍ബെഗൂറിലുമെല്ലാം കാടേറുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകുന്നു, 'ആന എന്തൊരു മൃഗമാണ്! സോ ഗ്രേറ്റ്. ദൈവം നല്ല മൂഡിലായിരിക്കുമ്പോള്‍ ഉണ്ടാക്കിയതാവണം'. ജയമോഹന്റെ ആനഡോക്ടറിലെ ഡോ.കെ. അദ്ഭുതംകൂറുന്നതും ഇങ്ങനെയാണ്! അതുകൊണ്ട് ഓരോ ആനക്കാഴ്ചയും നമ്മിലെ അഹന്തയുടെ നാട്ടുടയാടകള്‍ അഴിച്ചുമാറ്റി വിനീതരാക്കുന്നു.
വത്സലപ്രകൃതിയില്‍ വിലയിച്ച് കാടകജീവിതം ആസ്വദിച്ചാനന്ദിക്കുന്ന ആനച്ചന്തം കാണേണമെങ്കില്‍ ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റിലേക്ക് യാത്രയാവാം!
അതിരുമെതിരുമില്ലാതെ വ്യാപിച്ചുകിടക്കുന്ന പുല്‍മേടില്‍, പാരസ്പര്യത്തില്‍ ലയിച്ച് സുദീര്‍ഘമായ ആനത്താരകളിലൂടെ നീരാടാനെത്തുന്ന എണ്ണിയാലൊടുങ്ങാത്ത ആനകളുടെ മഹാമേളനം. അവര്‍ രാംഗംഗയുടെ കൈവഴികളിലൊന്നില്‍ നിരനിരയായി ജലപാനം ചെയ്യുന്ന കാഴ്ചാനുഭവം. പ്രണയിച്ചും കൊമ്പുകോര്‍ത്തും കുഞ്ഞുങ്ങളെ കാല്‍ക്കീഴില്‍ ഒതുക്കിയുമുള്ള ഗജപ്പെരുമയുടെ ഗമനതാളം ഒരു വനചാരിയെ മത്തുപിടിപ്പിക്കും. ഇവിടത്തെ കാനനപാതകളില്‍ ഇവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആഴവും പരപ്പും അളന്നൊതുക്കാവുന്നതല്ല!
പുല്‍പ്പരപ്പില്‍ അലസമായി ചുവടുവെച്ചും ചേറിലാണ്ടും ചിന്നംതൊടുത്തും കൊമ്പുകോര്‍ത്തും മദപ്പാടോടെയും തുമ്പിക്കൈ ഉയര്‍ത്തി വണങ്ങിയും ചിലപ്പോഴെല്ലാം പിണങ്ങിയും കണ്‍മുന്‍പിലൂടെ കടന്നുപോയ ആനച്ചുവടുകളെത്ര! ഏതവസ്ഥയിലും ഏതേതെല്ലാമോ സ്‌നേഹച്ചൂരുകള്‍ ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്നുവോ? ആ തലപ്പൊക്കത്തിനു മുന്‍പില്‍ ചെറുതായിപ്പോയ നിമിഷങ്ങളെത്ര! നന്ദിയോതിപ്പിരിഞ്ഞ നിമിഷങ്ങളെത്ര!
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വയനാട് ജില്ലയിലെ അമ്പലവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജോലിചെയ്യുന്ന കാലം. ഒഴിവുകിട്ടുമ്പോഴെല്ലാം മുത്തങ്ങ കാടുകയറുക പതിവായിരുന്നു. കാടിന്റെ വഴിത്താര അത്രമേല്‍ പരിചിതമല്ലാത്ത ഒരു വഴികാട്ടിയോടൊപ്പം ഞങ്ങള്‍ മൂന്നു സുഹൃത്തുക്കള്‍ കാടുകയറുന്നു. പതിവ് വനപാതകളില്‍നിന്നും മാറിയായിരുന്നു സഞ്ചാരം. അപ്രതീക്ഷിതമായാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു ചെറു വെള്ളക്കെട്ടില്‍ അമര്‍ന്നുപോയത്. എത്ര ശ്രമിച്ചിട്ടും ജീപ്പിന്റെ പിന്‍ചക്രം കറങ്ങി പൊടി പാറുകയല്ലാതെ വാഹനം ഒരടിപോലും മുന്നോട്ടുനീങ്ങുന്നില്ല. നാലുപേരും സര്‍വശക്തിയുമെടുത്ത് തള്ളിയിട്ടും ചതുപ്പില്‍ കാലുറയ്ക്കാത്ത ജീപ്പിന് അനക്കമില്ല.

പകലറുതിയാവുന്നു. മെല്ലെ അരിച്ചിറങ്ങുന്ന ഇരുട്ട് കാടിനെ വിഴുങ്ങാന്‍ തുടങ്ങുന്നു. ഒടുവില്‍ കൂട്ടാളികളായ ഹരികൃഷ്ണനും വര്‍ഗീസും മുത്തങ്ങ വനംവകുപ്പ് കാര്യാലയത്തിലേക്ക് വിവരമറിയിക്കുവാന്‍ ഇറങ്ങിപ്പുറപ്പെടുന്നു. സ്ഥിരം കാനനപാത വിട്ടുള്ള യാത്രയായതിനാല്‍, ഉള്‍ക്കാട്ടിലൂടെ ഏതു ദിശയില്‍ സഞ്ചരിച്ചാലാണ് കാര്യാലയത്തിലെത്തുക എന്ന് നിശ്ചയംപോലുമില്ലാതെ, ഭയംവിഴുങ്ങിയവന്റെ ഇരുള്‍സഞ്ചാരം. ജീപ്പിന്റെ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് ഞാനും വഴികാട്ടിയും ഇരുള്‍മൂടിയ വനമധ്യത്തില്‍. അടുത്തെവിടെയെല്ലാമോ ഓടക്കാടൊടിയുന്ന ശബ്ദം. നിഴലനക്കങ്ങള്‍, അടുത്തുവരുന്ന ആനച്ചൂരും. ഭയവും അദ്ഭുതവും നിഴലോടിയ മനസ്സുമായി വെളിച്ചം കെടുത്തി വാഹനത്തില്‍ അമര്‍ന്നിരുന്നു. ഞങ്ങളുടെ ചൂരറിഞ്ഞാവാം ഗന്ധവാഹകര്‍ ചെവി വട്ടംപിടിച്ചുനിന്നു.
തുമ്പിക്കൈ ഉയര്‍ത്തി ഗന്ധം ആവാഹിച്ച് തുറസ്സിലേക്ക് വന്ന സംഘത്തലൈവി അല്പനേരം നിശ്ചലയായി. പിന്നില്‍ ഇരുണ്ട നിഴല്‍രൂപങ്ങളായി വലിയൊരാനക്കൂട്ടം. അവര്‍ ഞങ്ങളെ കണ്ടെന്നുറപ്പായിരുന്നു. അടുത്ത നിമിഷം എന്ത് എന്ന് ഹൃദയം തുടികൊട്ടവെ, ആനക്കൂട്ടം ഞങ്ങളെ സാരമാക്കാതെ തീറ്റ തുടര്‍ന്നു. നിലാവലയില്‍, സാന്ധ്യപ്രകാശത്തില്‍ വിശാലമായ കാടിടത്തിന്റെ ഇരുണ്ട വശ്യതയില്‍ എന്നും പ്രിയമോടെ നെഞ്ചേറ്റിയ ആനക്കൂട്ടങ്ങള്‍ മാത്രം കൂട്ടായി, തനിച്ചെന്ന് പറയാവുന്ന സന്ദിഗ്ധതയില്‍. ഭയം മെല്ലെ ഉള്ളൊഴിയുകയും പകരം കൗതുകമോ ആഹ്ലാദമോ നിറയുകയും ചെയ്ത നിമിഷങ്ങള്‍! ഒരുപാടുനേരത്തെ തീറ്റയെടുപ്പിനുശേഷം ജീപ്പിനടുത്തോളം വന്ന് നീരൊഴുക്കില്‍നിന്നും ദാഹമകറ്റി അവര്‍ ഉള്‍ക്കാട്ടിന്റെ ഇരുള്‍പച്ചയിലലിഞ്ഞു. 'ആനയെത്ര ഗംഭീരന്‍' മനസ്സ് മന്ത്രിച്ചു. അതുകൊണ്ടാണ് ഒരിക്കല്‍ ആനയെത്തേടി കാടുകയറിയാല്‍, വീണ്ടും വീണ്ടും ആനവീട് ഉള്‍വിളിയുയര്‍ത്തുന്നത്!
നമ്മുടെ കാടിടങ്ങളിലെ സസ്തനികളില്‍ ശരീരവലിപ്പത്തില്‍ ഒന്നാം സ്ഥാനത്താണ് ആനകള്‍. ആഫ്രിക്കന്‍ ആനകളെ അപേക്ഷിച്ച് ചെറുതെങ്കിലും കാഴ്ചയില്‍ സുന്ദരാകാരന്മാരായ ഏഷ്യന്‍ ആനകള്‍ രണ്ടുമീറ്റര്‍ മുതല്‍ മൂന്നര മീറ്റര്‍ വരെ ഉയരവും രണ്ടായിരം മുതല്‍ അയ്യായിരം കിലോവരെ ശരീരഭാരവുമുള്ളവരാണ്. നീളമേറിയ തുമ്പിയും വലിപ്പമേറിയ ചെവികളും ശരീരവലിപ്പത്തിനൊത്ത ഉദരഘടനയും ഇവര്‍ക്ക് അഴകേകുന്നു. പശ്ചിമഘട്ടക്കാടുകള്‍ ഇന്നു പതിനായിരത്തിലേറെ ആനകളുടെ വാസഗേഹമാണ്. ഒരു പുരുഷായുസ്സിനു തുല്യമായ ആയുര്‍ദൈര്‍ഘ്യമുള്ള ആനകള്‍ അവരുടെ ജീവിതകാലത്ത് നടന്നൊതുക്കുന്ന വനഭൂമിയുടെ അളവ് നമ്മുടെ ഭാവനയ്ക്കും അതീതമാണ്. അതുകൊണ്ടുതന്നെ ആനകളെ Landscape species എന്ന് വിശേഷിപ്പിക്കുന്നു. ചെവിയും വാലും താളാത്മകമായി ചലിപ്പിച്ച് ആസ്വദിച്ചു തീറ്റയെടുത്തുകൊണ്ട് ഒരുദിവസം 40 കിലോമീറ്ററോളം ഇവര്‍ സഞ്ചരിക്കുന്നു. 150 കിലോയോളം പച്ചപ്പ് ആഹരിക്കുന്നു. 50 ഗ്യാലനോളം വെള്ളം അകത്താക്കുകയും ചെയ്യുന്നു. ശരീരത്തില്‍ സ്വേദഗ്രന്ഥികളില്ലാത്ത ആനകളുടെ ജീവനൗഷധമാണ് ജലം.
നമ്മുടെ കാടുകളില്‍ ആനകള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വരള്‍ച്ചയും, ജലദൗര്‍ലഭ്യവുമാണ്. താന്‍ രുചിച്ചറിഞ്ഞ കാട്ടുപച്ചകള്‍, ദാഹജലം തേടിയ ജലാശയങ്ങള്‍, മദിച്ചുനടന്ന കാനനച്ഛായകള്‍ എല്ലാം സ്വപ്‌നത്തിലെന്നോണം മാഞ്ഞുപോവുകയാണ്. മനുഷ്യന്റെ അനിയന്ത്രിതമായ കാടുകയറ്റംമൂലം വനവിസ്തൃതി കുറയുകയും ജലപാതകള്‍ ജനപഥങ്ങളും, ആനത്താരകള്‍ ആള്‍ത്താരകളും ആയി മാറിയതോടെ കുടിനീരിനായി അലയേണ്ടിവരുന്ന ഗതിവിപര്യയമാണ് ആനകള്‍ നേരിടുന്നത്. ഭീതിജനകമായ കൊടുംവരള്‍ച്ചയില്‍, കാട്ടുതീയില്‍ ചാരമണിഞ്ഞ വനപ്രകൃതിയില്‍ തണലും തണുപ്പും നഷ്ടപ്പെട്ട് ഇത്തിരി തണ്ണീരിനായി മൈലുകളോളം അലയേണ്ടിവരുന്ന, അത്യുഷ്ണത്തില്‍ അവശേഷിക്കുന്ന ഇത്തിരിപ്പച്ചപ്പില്‍ അഭയം തേടുന്ന ആനക്കാഴ്ച അതിദയനീയമാണ്. ലോകത്ത് ഏഷ്യാറ്റിക്ക് ആനകള്‍ ഏറ്റവും കൂടുതല്‍ നിവസിക്കുന്ന മുതുമല മുത്തങ്ങ, ബന്ദിപ്പൂര്‍ ഭാഗങ്ങളില്‍ ഈ ദയനീയകാഴ്ച അപൂര്‍വമല്ല. ആനയുടെ വീടായ കാട് വെട്ടിമുറിച്ച് ഇടയ്ക്ക് ജനപഥങ്ങള്‍ സ്ഥാപിച്ചും, കാടിടം കൈയേറി വന്‍പദ്ധതിക്ക് അരങ്ങൊരുക്കിയും കാട് പിച്ചിച്ചീന്തിയെടുത്ത് വികസനകച്ചവടം നടത്തിയും അഭിരമിക്കുമ്പോള്‍, വീട് നഷ്ടപ്പെട്ടവര്‍ വീടും കുടിനീരും തേടി നാട്ടിലേക്കിറങ്ങുന്നു. ഏതേതെല്ലാമോ സ്വാര്‍ഥലാഭത്തിനായി വര്‍ഷംതോറും മുടങ്ങാതെ അരങ്ങേറുന്ന 'കാട്ടുതീ പൊറാട്ടും' കൂടിയാകുമ്പോള്‍ മൃതമായ ആവാസവ്യവസ്ഥ ഉപേക്ഷിക്കുകയേ അവര്‍ക്കു ചിതമുള്ളൂ. വന്‍കൂട്ടങ്ങളായി കഴിയുന്ന ഇവര്‍ ശിഥിലീകരിക്കപ്പെടുമ്പോള്‍ വംശപുഷ്ടിക്കാവശ്യമായ ജനിതകസങ്കലനം കുറയുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കാടിന്റെ മനമറിയാത്ത സഞ്ചാരികള്‍ ആനക്കൂട്ടങ്ങളെ കാണുമ്പോളുതിര്‍ക്കുന്ന പരാക്രമവും മദ്യക്കുപ്പിയും പ്ലാസ്റ്റിക്കും കാട്ടിലേക്ക് വലിച്ചെറിഞ്ഞുണ്ടാക്കുന്ന പൊറുതികേടും ചില്ലറയല്ല.
.jpg?$p=8f7cbe1&&q=0.8)
| ഫോട്ടോ: ലതീഷ് പൂവത്തൂര്‍
കാടുണങ്ങും കാലത്തൊരുനാള്‍ മുതുമലവഴി തെപ്പക്കാട്ടേക്കുള്ള യാത്രയില്‍ കണ്ട കാഴ്ച, ഒരു ആനയും കുഞ്ഞും വഴിയോരത്തെ ചളിക്കുഴിയില്‍ അവശേഷിക്കുന്ന ഇത്തിരി വെള്ളംനുകരാനെത്തിയതായിരുന്നു. നീര്‍ത്തടത്തില്‍നിന്നും ചെളിവാരി സ്വശരീരത്തിലെറിഞ്ഞും ഇളംകുഞ്ഞിനെ ചെളിപുതപ്പിച്ചും നില്ക്കുന്നനേരം, ഉച്ചത്തില്‍ പാട്ടുതിര്‍ത്തുകൊണ്ടു അതുവഴി വന്ന വാഹനത്തില്‍നിന്നും ചെറുപ്പക്കാര്‍ ആനയെ കണ്ടതും ചാടിയിറങ്ങി മൊബൈലില്‍ ചിത്രം പകര്‍ത്താനും ആനയെ അലോസരപ്പെടുത്തുമാറ് ആനയും കുട്ടിയും ഫ്രെയിമില്‍ വരത്തക്കവണ്ണം 'സെല്‍ഫി'യെടുക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. കൂടെ കാടാകെ പ്രകമ്പനംകൊള്ളിക്കുന്ന പാട്ടും. ഇത്തിരിനേരം കുഞ്ഞിനെ കാലിടയിലൊതുക്കി ജലപാനം ചെയ്തും പിന്നീട് ചിന്നംതൊടുത്തും ശ്രമിച്ചിട്ടും ചെറുപ്പക്കാര്‍ വിനോദം തുടരുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് കലഹിച്ചും ഭീഷണിപ്പെടുത്തിയും അവരെ അകറ്റേണ്ടി വന്നതുപോലുള്ള സന്ദര്‍ഭങ്ങളും കുറവല്ല. ഇത്തരം അനുഭവങ്ങളാകാം മനുഷ്യനെ ശത്രുവായി കാണുന്ന ആനത്തോന്നലിനു നിദാനം.
താന്‍ അതിജീവനം തേടുന്ന ആവാസവ്യവസ്ഥയുടെ സന്തുലനത്തിലും പരിരക്ഷയിലും പ്രധാന പങ്കുവഹിക്കുന്ന, കാടിന് കുട ചൂടുന്ന ആനകളെ ശാസ്ത്രലോകം Umbrella Species എന്ന് പേരിട്ടു വിളിക്കുന്നു. ഒരു ദിവസം 100 കിലോഗ്രാമോളം പിണ്ഡമിടുന്ന ആനകള്‍ തങ്ങളുടെ സഞ്ചാരപഥങ്ങളെ വളക്കൂറുള്ളതാക്കുന്നു. ആനയുടെ ആമാശയവ്യവസ്ഥയിലൂടെ കടന്നുപോയാലെ ചില വിത്തുകള്‍ മുളക്കുകയുള്ളൂ. ഇങ്ങനെ വിത്തുവിതരണത്തിലും വിത്തുകളുടെ വ്യാപനത്തിലും ഇവര്‍ പങ്കാളികളാവുന്നു.
കാട്ടിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിലും ആനകള്‍ മിടുക്കരാണ്. വായുവില്‍ സദാ ചലിപ്പിക്കുന്ന ആനയുടെ തുമ്പിക്കൈകള്‍ 12 മൈലോളം അകലെയുള്ള ജലസാന്നിധ്യവും അതിന്റെ ദിശയും അറിയാന്‍ സഹായിക്കുന്നു. ജലസ്രോതസ്സുതേടിയുള്ള ആനകളുടെ സഞ്ചാരം പതിവുകാഴ്ചയാണ്. ചിലപ്പോള്‍ വരണ്ട മണ്ണ് കൊമ്പുകൊണ്ട് കുത്തിയിളക്കി വെള്ളം കണ്ടെത്തുന്നതും കാണാം. ഇങ്ങനെ തനിക്കുമാത്രമല്ല സഹജീവികള്‍ക്കും ദാഹജലം പ്രാപ്യമാക്കുന്ന ആനകള്‍ വിപുലമായ അര്‍ഥത്തില്‍ തന്നെ വനഭൂമിയുടെ നിലനില്പ് കാത്തുവെക്കുന്നവരാണ്.
കാടുകയറ്റങ്ങളോരോന്നിലും ആനക്കാഴ്ചകള്‍ ഒരോ ജീവിതപാഠങ്ങളാണ് സമ്മാനിക്കുന്നത്. അവര്‍ കൂട്ടുജീവിതത്തില്‍ പുലര്‍ത്തുന്ന അച്ചടക്കവും അനുസരണയും ശ്രദ്ധേയമാണ്. കൂട്ടത്തില്‍ മുതിര്‍ന്ന പെണ്ണാനയാവും തലൈവി. ആനത്താരകള്‍ പിന്നിടുമ്പോഴും വഴിമുറിച്ചു കടക്കുമ്പോഴും, പുല്‍പ്പരപ്പില്‍ മേയുമ്പോഴുമെല്ലാം സംഘത്തിന്റെ സുരക്ഷയിലായിരിക്കും തലൈവിയുടെ ശ്രദ്ധ. അപകടസൂചന ലഭിച്ചാലുടനെ ചിന്നം തൊടുത്തും, തുമ്പിക്കൈയും ചെവികളും ഭീഷണമാംവിധം ചലിപ്പിച്ചും ശത്രുവിന് നേരെ ഓടിയടുത്ത് സഹജരുടെ രക്ഷ ഉറപ്പാക്കും.
ആനകളുടെ ജീവിതം ഏറ്റവും തീക്ഷ്ണമായ മാതൃഭാവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കാനാവും. അമ്മയച്ഛന്മാര്‍ കുഞ്ഞുങ്ങളെ കാലുകള്‍ക്കിടയിലൊതുക്കി, തുമ്പിക്കൈകൊണ്ട് അന്തരീക്ഷത്തിലെ ഗന്ധവ്യതിയാനങ്ങള്‍ ഗ്രഹിച്ച് എപ്പോഴും ജാഗരൂകരാകും. വനയാത്രകളില്‍ പലപ്പോഴും മനസ്സിനെ നീറ്റുന്ന മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ആനയമ്മയുടെ അണപൊട്ടിയൊഴുകുന്ന മാതൃദുഃഖം 'ഇതാണമ്മ' എന്ന ഓര്‍മച്ചിത്രമായി മനസ്സിലാഴ്ന്നു കിടപ്പുണ്ട്. അതിശക്തമായി ചിന്നം തൊടുത്തുകൊണ്ട് കാടിളക്കുംവിധം മദപ്പാടിനു തുല്യമായ ചേഷ്ടകളോടെ വനപാതകളില്‍ കുതിക്കുന്ന ആനയുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നി ശ്രദ്ധിച്ചപ്പോഴാണ് ആയമ്മയുടെ കാലുകള്‍ക്കിടയില്‍ ദിവസങ്ങള്‍ മാത്രം പ്രായമായ ഒരിളം കുഞ്ഞിന്റെ ജഡദേഹം കാണുന്നത്. തൊട്ടടുത്ത് കാട്ടുപൊന്തയില്‍ ഒളിച്ചിരിക്കുന്ന സ്വന്തം കുഞ്ഞിനെ വേട്ടയാടി കൊന്ന കടുവയുടെ നേരെയാണ് ആനയമ്മയുടെ പരാക്രമം. കാട്ടിലാകെ വട്ടംകറങ്ങിയും മണ്ണടരുകള്‍ ചവിട്ടിക്കുഴച്ചും നിലയ്ക്കാതെ ചിന്നംതൊടുത്തും ഇടയ്ക്ക് കടുവയുടെ ഒളിത്താവളത്തിന് നേരെ ചീറിയടുത്തും കാടിളക്കിമറിക്കുന്ന ആനയമ്മയുടെ കണ്ണില്‍ ഉറവയെടുക്കുന്ന കണ്ണീരൊഴുക്കും സൂക്ഷിച്ച് നോക്കിയാല്‍ കാണാമായിരുന്നു. മണിക്കൂറുകള്‍ നീളുന്ന വനയാത്ര കഴിഞ്ഞ് ഞങ്ങള്‍ കബനിയിലെ കാടിറങ്ങുമ്പോഴും കുഞ്ഞിന്റെ ജഡദേഹത്തിനരികെ കാവലാളായി അമ്മ നില്പുണ്ടായിരുന്നു.
ജിംകോര്‍ബറ്റിലെ ആനത്താരയില്‍ ഒരുവലിയ കൂട്ടം ആനകള്‍ നീരാട്ടുകഴിഞ്ഞു മേടുകയറി ഉള്‍ക്കാട്ടിലേക്കു പിന്‍വലിഞ്ഞിട്ടും ഒരാള്‍മാത്രം പിന്‍തിരിഞ്ഞു നടക്കുന്നത് ശ്രദ്ധിച്ചപ്പോള്‍, അംഗവൈകല്യത്താല്‍ മേടുകയറാന്‍ കഴിയാതെ പരിശ്രമം തുടരുന്ന കുഞ്ഞാനയെ തുമ്പിക്കൈയില്‍ കോരിയെടുത്ത് ആനയമ്മ കാടുകയറുന്നതാണു കണ്ടത്. നമ്മുടെ കാതുകള്‍ക്ക് പ്രാപ്യമല്ലാത്ത ഒരു താരാട്ടീണം അമ്മയുടെ ചുണ്ടുകളില്‍ ഉറവയെടുക്കുന്നുണ്ടാവാം.
കൂട്ടത്തില്‍നിന്നകന്നാവും പലപ്പോഴും ഒറ്റയാന്മാരെ കാണുക. ആനക്കഥകളിലറിയുന്നത്ര അപകടകാരികളല്ല ഇക്കൂട്ടര്‍, മറിച്ച് വനസ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകര്‍ന്ന് ജീവിക്കുന്ന താന്തോന്നികള്‍ എന്ന് ഇവരെ വിശേഷിപ്പിക്കാം. പക്ഷേ, ഇവരും സ്ഥായിയായ രാഗദ്വേഷങ്ങള്‍ സൂക്ഷിക്കുന്നവരല്ല. പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ കൊമ്പുകള്‍ കൂട്ടിയിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊരുതുമെങ്കിലും അതുകഴിഞ്ഞ് നിമിഷനേരംകൊണ്ട് ചങ്ങാതികളാവുന്നതും കാണാം. ആനകള്‍ക്ക് പരസ്പരം തിരിച്ചറിയാനാവുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
.jpg?$p=8a7b7b1&&q=0.8)
ആനകള്‍ സമര്‍ഥരായ നീന്തല്‍ക്കാരുമാണ്. ഒരു സായന്തനത്തില്‍ ഒരുവലിയ സംഘം ആനകള്‍ നാഗര്‍ഹോളയിലെ കബനിനദിക്ക് കുറുകെ നീന്തി ബന്ദിപ്പൂര്‍ കാടകം ലക്ഷ്യമാക്കി നീങ്ങുന്നതു കണ്ടിട്ടുണ്ട്. അതുപോലെ പറമ്പിക്കുളത്തെ ചീതല്‍വാലിക്ക് സമീപത്തെ വെള്ളക്കെട്ടിലിറങ്ങി നീന്തിത്തുടിക്കുന്ന കൊമ്പനും മോഴയും കുഞ്ഞുങ്ങളും ചേര്‍ന്നുള്ള ഉത്സവപ്പെരുക്കങ്ങളും ആനക്കുളിയുടെയും കളിയുടെയും ഹര്‍ഷത്തിലേക്ക് തൊട്ടുണര്‍ത്തുന്നതായിരുന്നു.
ഇങ്ങനെ മനംകവരുന്ന ആനച്ചന്തംകൊണ്ടും മാതൃകയാവുന്ന ജീവിതശൈലികൊണ്ടും നമ്മെ മോഹിപ്പിക്കുന്ന കാടധിപനോട് മനുഷ്യന് എന്താണിത്ര 'ആനപ്പക' എന്ന് തോന്നിപ്പോകും. ഇവന്റെ സഹജമായ കാടകജീവിതത്തളിര്‍പ്പില്‍നിന്നും വാരിക്കുഴിയില്‍ വീഴ്ത്തി മെരുക്കിയെടുത്ത് നമ്മുടെ പ്രൗഢിയും പ്രതാപവും വിശ്വാസവും സംരക്ഷിക്കാനായി ആനയിക്കുന്നതിലെ ക്രൂരതപോലെ മറ്റൊന്നില്ലെന്ന് നാമെന്തേ ഓര്‍ക്കാത്തത്?
ഏഷ്യന്‍ ആനകള്‍ Asian Elephant
ശാസ്ത്രനാമം Elephans maximus
കുടുംബം Elephantidae
Content Highlights: Elephant's life, Kaadinte nirangal book excerpt, Azeez Mahe, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..