ദ്രൗപദി മുർമു
പി. എസ് രാകേഷ് എഴുതി മാതൃഭൂമി ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'ദ്രൗപദി മുര്‍മു പ്രചോദനം പകരും ജീവിതകഥ' എന്ന പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.
ഒരുപാട് പ്രഥമസ്ഥാനങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കിയ വ്യക്തിയാണ് നമ്മുടെ പ്രസിഡന്റ് ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറായിരുന്നു അവര്‍. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റും അവര്‍തന്നെ. ഗോത്രവര്ഗ്ഗവിഭാഗത്തില് നിന്നുള്ള ആദ്യ ഗവര്‍ണര്‍, പ്രസിഡന്റ്, രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ ബഹുമതികളും ഇവര്‍ക്ക് സ്വന്തം.
2022 ജൂലായ് 25ന് സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റ് പദവിയേല്‍ക്കുമ്പോള്‍ ദ്രൗപദി മുര്‍മുവിന് 64 വയസ്സും ഒരു മാസവും അഞ്ചു ദിവസവുമായിരുന്നു പ്രായം. ഇതിന് മുമ്പത്തെ പ്രായം കുറഞ്ഞ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഡിക്ക് അധികാരമേല്‍ക്കുമ്പോള്‍ 64 വയസ്സും രണ്ടു മാസവും ആറു ദിവസവുമായിരുന്നു പ്രായം.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂര്‍വ്വം പേരുകളിലൊന്നാവുകയാണ് ദ്രൗപദി മുര്‍മുവും. 1997ല്‍ റായ്റംഗ്പുര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അവര്‍, ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകത്തില്‍ തുടങ്ങി രാഷ്ട്രപതി പദവിയിലേക്കെത്തിയെന്ന ഖ്യാതിയും നേടി.
പാര്‍ട്ടിപ്രവര്‍ത്തനം ഇല്ലാതെ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുല്‍ കലാം, പ്രഥമ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവരും പാര്‍ലമെന്റ് കാണാതെയാണു പദവിയിലെത്തിയത്. ആദ്യ ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന് സഭാംഗമായിട്ടില്ലെങ്കിലും ഉപരാഷ്ട്രപതിയെന്ന നിലയില്‍ 1952 മുതല്‍ 62 വരെ രാജ്യസഭാ നടപടികള്‍ നിയന്ത്രിച്ചു.
കാബിനറ്റ് റാങ്കില്‍ സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായിരുന്നെങ്കിലും പാര്‍ലമെന്ററി പരിചയം ഇല്ലാതെയാണ് കലാം രാഷ്ട്രപതിയായത്. തുടര്‍ന്ന് എത്തിയവരില്‍ പ്രതിഭാ പാട്ടീല്‍ അഞ്ചു തവണ എം.എല്‍.എയും ഓരോ തവണ രാജ്യസഭാംഗവും ലോക്സഭാംഗവുമായിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജി അഞ്ചു തവണ രാജ്യസഭാംഗവും നാലു തവണ ലോക്സഭാംഗവുമായി, പലവട്ടം കേന്ദ്രമന്ത്രിയും. കെ.ആര്. നാരായണനും പ്രസിഡന്റാകുന്നതിനു മുമ്പ് മൂന്നു തവണ ലോക്സഭാംഗവും ഉപരാഷ്ട്രപതിയെന്ന നിലയില്‍ രാജ്യസഭാധ്യക്ഷനുമായിരുന്നു. ദ്രൗപദിയുടെ മുന്‍ഗാമി രാംനാഥ് കോവിന്ദ് 1994 മുതല്‍ 2006 വരെ രാജ്യസഭാംഗമായിരുന്നു.
ഒഡീഷയില്‍ സന്താള്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മയൂര്‍ഭഞ്ജ് ജില്ലയില്‍നിന്നുള്ളയാളാണ് ദ്രൗപദി. പുതിയ രാഷ്ട്രപതിയുടെ മാതൃഭാഷ സന്താളിയാണ്. ഒലാഹ് എന്ന പേരില്‍ ചിത്രപ്പണികളോടെ നിര്‍മ്മിക്കുന്ന വീടുകള്‍ ഇവരുടെ പ്രത്യേകതയാണ്. ജാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് സന്താള്‍ ജനവിഭാഗം ഏറെയുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 90 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്. നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഈ വിഭാഗക്കാരുണ്ട്. ഇക്കൂട്ടരില്‍ സ്ത്രീകളുടെ ജനസംഖ്യ പുരുഷന്മാരേക്കാള് അധികമാണ്. സന്താള്‍ എന്ന വാക്കിന്റെ അര്‍ത്ഥം 'ശാന്തനായ വ്യക്തി' എന്നാണ്. പേരുപോലെത്തന്നെ ശാന്തരാണ് സന്താളുകള്‍. ഇവരുടെ പൂര്‍വ്വികര്‍ വടക്കന്‍ കമ്പോഡിയയില്‍ നിന്ന് 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഡീഷയിലെ സമുദ്രതീരത്ത് വന്നെത്തുകയായിരുന്നത്രേ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ ഇവര്‍ പലനാടുകളില്‍ ചുറ്റിക്കറങ്ങി ജീവിക്കുന്ന സമൂഹങ്ങളായിരുന്നു. അങ്ങനെയാണ് ഒഡീഷയ്ക്ക് പുറമെ ജാര്‍ഖണ്ഡിലും ബംഗാളിലും സന്താളുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചത്.
സന്താള്‍ സമുദായത്തിന്റെ ഭാഷ സന്താളിയാണ്. സ്വന്തമായി ലിപിയില്ലാത്ത ഈ ഭാഷയ്ക്ക് ഭാഷാപണ്ഡിതന്‍ രഘുനാഥ് മുര്‍മു 'ഓള് ചിക്കി' എന്ന പേരില്‍ പിന്നീട് ലിപി നിര്‍മ്മിച്ചു. സന്താള്‍ ഭാഷ നമ്മുടെ ഭരണഘടനയുടെ എട്ടാമത്തെ ഉപവകുപ്പില്‍ ചേര്‍ത്തിരിക്കുന്നു. ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളും സന്താളുകള്‍ക്ക് വശമുണ്ട്.
മറ്റുള്ള ആദിവാസി വിഭാഗങ്ങളേക്കാള്‍ വിദ്യാഭ്യാസപരമായി അല്‍പ്പം മുന്നില്‍ നില്‍ക്കുന്നവരാണ് സന്താളുകള്‍. 55.5 ശതമാനമാണ് ഇവരുടെ ഇടയിലെ സാക്ഷരതാനിരക്ക്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ബിസ്വേശ്വര്‍ ടുഡു, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലും മുന്‍ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായ ഗിരീഷ് മുര്‍മു എന്നിവര്‍ സന്താള്‍ സമുദായത്തില്‍ നിന്നുളള പ്രമുഖ വ്യക്തികളാണ്.
സന്താള്‍ വിഭാഗത്തിലെ വിവാഹിതകളായ സ്ത്രീകള്‍ സാരിത്തലപ്പ് തലയില്‍ മൂടി നടക്കുന്ന രീതി അവലംബിക്കുന്നവരല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉത്തരേന്ത്യയില്‍ ഹിന്ദു, ബ്രാഹ്മണര്‍, ക്രിസ്ത്യന്‍, സിഖ്, ജൈന മതക്കാരായ എല്ലാ വനിതകളും വിവാഹശേഷം തല മറയ്ക്കണം എന്നത് അലിഖിത നിയമമാണ്. ഗൂംഘട്ട് എന്നാണിതിന് പറയുക. നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും സ്ഥിരമായി ഗൂംഘട്ട് ധരിച്ചിരുന്നവരാണ്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഗൂംഘട്ട് ധരിക്കുന്നില്ല എന്നതാണ് ശ്രദ്ധേ
യമായ വസ്തുത. അവരുടെ സമുദായം അതാണനുശാസിക്കുന്നത്.
പോരാളികളുടെ പാരമ്പര്യം
1857ലെ ശിപായി ലഹളയെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യക്കാര്‍ നടത്തിയ ആദ്യത്തെ ചെറുത്തുനില്‍പ്പായി
ട്ടാണ് ശിപായി ലഹളയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 1857ന് രണ്ടു വര്‍ഷം മുമ്പ് ബ്രിട്ടീഷ് സൈന്യത്തിനെതിരെ നടന്ന സന്താള്‍ കലാപത്തെക്കുറിച്ച് അധികം പേര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം.
ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന രാജ്മഹല്കുന്നുകളുടെ താഴ്വരയില് ജീവിച്ചിരുന്ന ഗോത്രവിഭാഗമാണ് സന്താളുകള്‍. വനവിഭവശേഖരണം, കൃഷി എന്നിവയായിരുന്നു ഇവരുടെ പരമ്പരാഗതമായ തൊഴില്‍. ബ്രിട്ടീഷ് ആധിപത്യം വന്നതോടെ ഇവരുടെ ജീവിതരീതിയാകെ മാറി. ജമീന്ദാര്‍മാരും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ അവരുടെ ഭൂമി കൈയടക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണം ആരംഭിച്ചതോടെ സന്താള്ജനതയെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കാന്‍ തുടങ്ങി.
അന്ന് ബംഗാള്‍ പ്രസിഡന്‍സിയില്‍പ്പെട്ട ഇന്നത്തെ ജാര്‍ഖണ്ഡിലെ സന്താള്‍ ഗോത്രവിഭാഗക്കാര്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ അനിയന്ത്രിത നികുതി പിരിവിനെതിരെയും ജമീന്ദാര്‍മാരുടെ ചൂഷണത്തിനെതിരെയുമാണ് സന്താളുകള്‍ ആയുധമെടുത്തത്. കാടിനെ മാത്രം ആശ്രയിച്ചുകഴിയുന്ന ആദിവാസി വിഭാഗമായിരുന്നു സന്താളുകള്‍. ഭൂമിയും സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് അവരെ സമതലങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത് അന്നത്തെ ജന്മിവര്ഗ്ഗമാണ്. അങ്ങനെ കാടിറങ്ങിയ സന്താളുകള്‍ കട്ടക്ക്, ഹസാരിബാഗ്, മിഡ്നാപൂര്‍ എന്നിങ്ങനെ പല പ്രദേശങ്ങളിലുമെത്തി കൃഷിയാരംഭിച്ചു. കൈയില്‍ ഒരു കാശുമില്ലാത്ത ഇവര്‍ക്ക് അന്യായപലിശയ്ക്ക് വായ്പ നല്കി കൃഷിയിലേക്കിറക്കുന്നതിലും ജന്മിമാര്‍തന്നെ മുന്‍കൈയെടുത്തു. എല്ലുമുറിയെ പണിയെടുക്കാന്‍ മടിയില്ലാതിരുന്ന സന്താളുകള്‍ കുറഞ്ഞകാലം കൊണ്ടുതന്നെ ഭൂമിയില്‍ പൊന്നുവിളയിച്ചു. പക്ഷേ, ആദായമെല്ലാം പലിശയുടെയും പലതരം നികുതികളുടെയും പേരു പറഞ്ഞ് ജമീന്ദാര്‍മാര്‍ തട്ടിയെടുക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. അന്ന് രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാകട്ടെ ഇത്തരം ചൂഷകര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു.
കടക്കെണിയില്‍പ്പെട്ട് നട്ടം തിരിഞ്ഞ സന്താളുകളെ കൃഷിഭൂമിയില്‍ നിന്ന് ഇറക്കിവിടാനും അധികാരിവര്‍ഗ്ഗം ശ്രമം തുടങ്ങി. ഗതികെട്ടപ്പോഴാണ് ആയുധമെടുത്ത് ചൂഷകര്‍ക്കെതിരെ പൊരുതാന്‍ അവര്‍ തീരുമാനിച്ചത്. 1985 ജൂണ്‍ 20ന് സിദ്ധു മുര്‍മു, കന്‍ഹു മുര്‍മു എന്നീ സന്താള്‍ നേതാക്കള്‍ അറുപതിനായിരത്തിലേറെ വരുന്ന സന്താളുകളെ ഒന്നിച്ചുകൂട്ടി ജന്മിമാര്ക്കെതിരെ കലാപം പ്രഖ്യാപിച്ചു. നിരവധി ജമീന്ദാര്‍മാരെയും പണമിടപാടുകാരെയും അവരുടെ ശിങ്കിടികളെയും കൊന്നൊടുക്കിക്കൊണ്ട് മേഖലയില്‍ സമാന്തര ഭരണം സ്ഥാപിക്കുവാനും സന്താളുകള്‍ക്ക് സാധിച്ചു. ജന്മിമാരെ സഹായിക്കാനെത്തിയ ബ്രിട്ടീഷ് പട്ടാളത്തെ അവര്‍ തുരത്തിയോടിക്കുകയും ചെയ്തു. അപകടം തിരിച്ചറിഞ്ഞ ഈസ്റ്റ് ഇന്ത്യ കമ്പനി അധികൃതര്‍ രാജ്യത്തിന്റെ പല ദിക്കുകളില്നിന്നുമായി കൂടുതല്‍ സൈനികരെ കലാപബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചു. മൂര്‍ഷിദാബാദിലെ നവാബിന്റെയും ജീവനോടെ ബാക്കിയുള്ള ജമീന്ദാര്‍മാരുടെയും കൂലിപ്പട്ടാളം ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ചേര്‍ന്ന് സന്താളുകളെ ആക്രമിച്ചു. സിദ്ധു മുര്‍മുവിന്റെയും കന്‍ഹു മുര്‍മുവിന്റെയും തലയ്ക്ക് 10,000 രൂപ ഇനാം പ്രഖ്യാപിച്ചുകൊണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി പോരാട്ടത്തിന്റെ വീര്യം വര്‍ദ്ധിപ്പിച്ചു. 1855 ജൂലായ് മുതല്‍ 1856 ജനുവരി വരെ നീണ്ട ഏറ്റുമുട്ടലില്‍ പതിനയ്യായിരത്തിലേറെ സന്താള്പോരാളികള്ക്ക് ജീവന് നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. സന്താള്‍ പോരാളികളുമായുള്ള യുദ്ധത്തെക്കുറിച്ച് മേജര്‍ ജെര്‍വിസ് എന്ന ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന് എഴുതിയ കുറിപ്പ് വായിച്ചാല്‍ അവരുടെ ധൈര്യവും കൂസലില്ലായ്മയും ബോധ്യമാകും.
'അതൊരു യുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല. പെരുമ്പറയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ സന്താളുകള്‍ എഴുന്നേറ്റുനിന്ന് അമ്പും വില്ലുമായി മുന്നോട്ടുകുതിക്കും. തോക്കുകളോ പീരങ്കിയോ ഒന്നുമവരെ പേടിപ്പിക്കുന്നേയില്ല. പെരുമ്പറ ശബ്ദം നിലയ്ക്കുന്നത് വരെ അവര്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കും. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് വളരെ അനായാസമായി അവരെ വെടിവെച്ചിടാന്‍ സാധിച്ചു. വെടിയുണ്ടകളെ വകവെക്കാതെ അവര്‍ മുന്നേറിക്കൊണ്ടിരുന്നു. കൂടെയുള്ളവര്‍ വെടിയേറ്റ് വീഴുന്നതൊന്നും അവരെ ബാധിക്കുന്നതേയില്ല.'
അമ്പും വില്ലും വാളുകളുമായി പോരാടിയ സന്താള്‍ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ് സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു. ഈ വിപ്ലവത്തില്‍ പതിനയ്യായിരത്തിലധികം സന്താളുകള്ക്കാണു ജീവന് നഷ്ടമായത്.
വഴിനീളെ ശത്രുക്കളെ കൊന്നൊടുക്കി സന്താള്പ്പട മുന്നേറി. കൊല്‍ക്കത്തയിലേക്കുള്ള വഴിയെ ബ്രിട്ടീഷ് സൈന്യം സന്താള്പ്പടയെ പ്രതിരോധിച്ചു. മേജര്‍ ബറോസിനായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വം. സന്താള്‍ കലാപകാരികള്‍ ബ്രിട്ടീഷ് സൈന്യത്തിന് തിരിച്ചടി നല്കിക്കൊണ്ടിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് സേന തോറ്റോടി.
സന്താളുകള്‍ കൊല്‍ക്കത്ത ലക്ഷ്യമാക്കി മുന്നേറി. മൂര്ഷിദാബാദില്വെച്ച് വീണ്ടും ബ്രിട്ടീഷ് സൈന്യം പ്രതിരോധം തീര്‍ത്തു. ഇത്തവണ ബ്രിട്ടീഷുകാര്‍ക്കായിരുന്നു ജയം. പക്ഷേ, സന്താളുകള്‍ കീഴടങ്ങാന്‍ തയ്യാറായില്ല. അവസാനത്തെ പടയാളിയും മരിച്ചുവീഴുന്നതുവരെ അവര്‍ യുദ്ധം തുടര്‍ന്നു.
ബ്രിട്ടീഷുകാരുടെ സൈനികശക്തിക്കു മുമ്പില്‍ ഏറെ ദിവസം പിടിച്ചുനില്ക്കാന് സന്താളുകള്‍ക്ക് സാധിച്ചില്ല. അവരുടെ നേതാക്കളായ സിദ്ധു മുര്‍മുവും കന്‍ഹു മുര്‍മുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മൂര്‍ഷിദാബാദ് നവാബിന്റെ അനുചരന്മാര് ആനകളെ ഉപയോഗിച്ച് സന്താളുകളുടെ കുടിലുകള്‍ തട്ടിനിരത്താന്‍ തുടങ്ങി. അഞ്ച് ഗ്രാമങ്ങളിലെ കുടിലുകള്‍ ഇങ്ങനെ നാമാവശേഷമാക്കപ്പെട്ടു. 1856 ജനുവരി മൂന്നോടു കൂടി ബ്രിട്ടീഷുകാര്‍ കലാപത്തെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തി.
ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ആദ്യം ആയുധമെടുക്കാന്‍ ധൈര്യംകാട്ടിയവരുടെ പിന്മുറക്കാരി രാഷ്ട്രപതി സ്ഥാനത്തെത്തുമ്പോള്‍ അന്നത്തെ പോരാട്ടത്തില്‍ മരിച്ചുവീണ ആയിരക്കണക്കിന് സന്താള്‍ പോരാളികളുടെ ആത്മാക്കള്‍ ആഹ്ലാദിക്കുന്നുണ്ടാകുമെന്നുറപ്പ്.
ഉപ്പര്ബേഡയിലെ കുട്ടിക്കാലം
ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ റായ്റംഗ്പുര്‍ എന്ന പട്ടണത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉപ്പര്ബേഡ എന്ന ഗ്രാമത്തിലാണ് ദ്രൗപദി മുര്‍മുവിന്റെ ജനനം. ഗോണ്ടുകള്‍ക്കും ഭീലുകള്ക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ഗോത്രവിഭാഗമായ സന്താള്‍ വിഭാഗത്തിലാണ് അവര്‍ ഉള്‍പ്പെടുന്നത്. ഉപ്പര്ബേഡ എന്ന കുഗ്രാമത്തില്ത്തന്നെയാണ് അവര്‍ കുട്ടിക്കാലം ചെലവിട്ടത്. ഇപ്പോഴും ജനവാസം തീരെകുറഞ്ഞ മേഖലയാണ് ഉപ്പര്ബേഡ.
ഗിരീഷ് മുര്‍മു, ബിസേശ്വര് ടുഡു, സുദാം മറണ്ടി തുടങ്ങി നിരവധി ഗോത്രവര്‍ഗ്ഗനേതാക്കള്‍ ഉയര്‍ന്നുവന്ന പ്രദേശമാണ് മയൂര്‍ഭഞ്ജ് ജില്ല. പക്ഷേ, ആ സമൂഹത്തില്‍നിന്ന് ഇതിനു മുമ്പൊരു വനിതാനേതാവ് ഉണ്ടായിട്ടില്ല. ബിറഞ്ചി നാരായന് ടുഡുവിന്റെയും സിങ്കോ ടുഡുവിന്റെയും മകളായി 1958 ജൂണ്‍ 20നാണ് ദ്രൗപദി മുര്‍മു ജനിക്കുന്നത്. ഉപ്പര്ബേഡ ഗ്രാമത്തിലെ 'സര്‍ദാര്‍' ആയിരുന്നു നാരായണ്‍ ടുഡു. മയൂര്‍ഭഞ്ജിലെ രാജാവ് പ്രതാപ്ചന്ദ്ര ബന്ജന്ദിയോ ആണ് നാരായന് ടുഡുവിന് ഈ പദവി നല്‍കിയത്. രാജാവിനു വേണ്ടി നികുതി പിരിക്കലാണ് സര്‍ദാറിന്റെ ജോലി. ചെറിയൊരു തുക ഇതിനായി പ്രതിഫലവും ലഭിക്കും. പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ മുന്നോട്ടുപോയ നാരായന് ടുഡുവിനും കുടുംബത്തിനും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനുള്ള കഴിവില്ലായിരുന്നു. പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഉയര്‍ന്ന ക്ലാസിലുള്ളവര്‍ ദാനം നല്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ദ്രൗപദി പഠിച്ചത്. പല കൈ മറിഞ്ഞതിനാല്‍ പുസ്തകങ്ങള്‍ പലതും കീറിപ്പറിഞ്ഞ നിലയിലായിരിക്കും. ചോറിന്വറ്റുകൊണ്ട് പുസ്തകങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുക എന്നതാണ് ചെറുപ്പകാലത്തെ പ്രധാന പണിയെന്ന് പിന്നീട് ദ്രൗപദി ഓര്‍മ്മിക്കുന്നുണ്ട്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ അതുവരെ താന്‍ പഠിക്കാനുപയോഗിച്ച എല്ലാ പാഠപുസ്തകങ്ങളും ഒരു കേടുപാടുമില്ലാതെ സ്കൂളില്‍ത്തന്നെ തിരിച്ചേല്‍പ്പിക്കാനും ദ്രൗപദി മറന്നില്ല. വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കാണ് ശരണം. മണ്ണെണ്ണ അധികമുപയോഗിച്ചു തീര്‍ക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനാല്‍ രാത്രി പഠിക്കാന്‍ സാധിക്കില്ല. പകല്‍സമയത്ത് മാത്രമേ പഠിക്കാനാകൂ.
ജനിക്കുന്നത് പെണ്കുഞ്ഞാണെങ്കില് അവര്‍ക്ക് മുത്തശ്ശിയുടെയും ആണ്‍കുട്ടികള്‍ക്ക് മുത്തച്ഛന്റെയും പേര് നല്‍കുക എന്നതാണ് സന്താള്‍ ഗോത്രവിഭാഗക്കാരുടെ രീതി. തങ്ങളുടെ പരമ്പരാഗതമായ ആദിവാസി നാമങ്ങള്‍ കൈമോശം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതനുസരിച്ച് പുര്‍ത്തി ടുഡു എന്നായിരുന്നു ദ്രൗപദിക്ക് ഇട്ട പേര്. ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കാന്‍ പോയപ്പോഴാണ് ആ പേരിന്റെ പൊല്ലാപ്പ് മനസ്സിലായത്. ഗോത്രവിഭാഗത്തിലെ കുട്ടികള്‍ ഭൂരിപക്ഷമുള്ള ക്ലാസില്‍ ഒന്നിലേറെ പുര്‍ത്തി ടുഡുമാര്. സ്കൂളില്‍ പഠിപ്പിക്കുന്നതോ ബാലസോര്‍, കട്ടക്ക് പോലുളള മറ്റു ജില്ലകളില്‍നിന്നുളള ഗോത്രവിഭാഗക്കാരല്ലാത്ത അദ്ധ്യാപകര്‍. അവര്‍ക്ക് ഈ ഗോത്രവര്‍ഗ്ഗ പേരുകള്‍ ഉച്ചരിക്കാന്‍തന്നെ പ്രയാസമായിരുന്നു. അങ്ങനെ ഒരു അദ്ധ്യാപികയാണ് പുര്‍ത്തി ടുഡു എന്ന് പേര് മാറ്റി ദ്രൗപദി എന്ന് പേര് നല്‍കുന്നത്. ആദ്യം ദുര്‍പതി, എന്നും പിന്നീട് ദുര്പഡി എന്നും വിളിച്ചതിനു ശേഷം ഒടുവില്‍ ദ്രൗപദി എന്ന പേര് ഉറപ്പിക്കുകയായിരുന്നു.
ചുറ്റും കാടും മലകളുമുള്ള ഭൂപ്രദേശമാണ് ഉപ്പര്ബേഡ. കാട്ടുപാതകളിലൂടെ കിലോമീറ്ററുകള്‍ നടന്നാലേ സ്കൂളിലെത്താനാവൂ. എന്നാലതൊന്നും ദ്രൗപദിയെ തളര്‍ത്തിയില്ല. എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതാനുളള ആഗ്രഹവും ശേഷിയും അവള്‍ക്ക് കുഞ്ഞുനാളില്ത്തന്നെയുണ്ടായിരുന്നു. വിനയവും ആത്മവിശ്വാസവും എല്ലാവരെയും സഹായിക്കാന്‍ സന്മനസ്സുമുള്ള വിദ്യാര്‍ത്ഥിയായിരുന്നു ദ്രൗപദിയെന്ന് അവളുടെ യു.പി. സ്കൂള്‍ അദ്ധ്യാപകന് ബസുദേവ് ബെഹ്റ ഓര്‍ക്കുന്നു. 'ദ്രൗപദിയുടെ പിതാവ് ബിറഞ്ചി ടുഡു ഗ്രാമമുഖ്യനായിരുന്നുവെങ്കിലും കുടുംബത്തില്‍ ദാരിദ്ര്യമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഒറ്റ ഉടുപ്പ് മാത്രമിട്ടാണ് ദ്രൗപദി സ്കൂളില്‍ വന്നിരുന്നത്. ഇന്‍സ്ട്രമെന്റ് ബോക്സ് ഇല്ലാത്തതിനാല്‍ സ്കൂള്‍ അധികൃതരാണ് അവള്‍ക്കത് വാങ്ങിക്കൊടുത്തത്,' അദ്ധ്യാപകന് ഓര്‍ക്കുന്നു. സ്കൂളിലെ ബ്ലാക്ക് ബോര്‍ഡുകള്‍ തുടയ്ക്കാന്‍ ഡസ്റ്ററുകള്‍ ഇല്ലെന്നറിഞ്ഞ ദ്രൗപദി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഡസന്‍ ഡസ്റ്ററുമായാണ് സ്കൂളിലെത്തിയത്. സ്വന്തം വീട്ടില്‍നിന്നും അയല്‍വീടുകളില്‍ നിന്നും പാഴ്വസ്ത്രങ്ങള്‍ ശേഖരിച്ച് അവള്‍തന്നെ തുന്നിയുണ്ടാക്കിയതായിരുന്നു ആ ഡസ്റ്ററുകളത്രയും. 'വളരെ ദയനീയമായ ജീവിതാവസ്ഥകളില്‍ നിന്നാണു വരുന്നതെങ്കിലും തന്റെ കഷ്ടപ്പാട് ആരെയും അറിയിക്കാന്‍ കുഞ്ഞുന്നാള് തൊട്ടേ ദ്രൗപദിക്ക് ഇഷ്ടമില്ലായിരുന്നു. ആരോടും ഒന്നും ചോദിച്ചുവാങ്ങാന്‍ ഇഷ്ടമില്ലാത്ത അവള് കൈയിലുള്ളതെല്ലാം മറ്റുള്ളവര്‍ക്കു നല്കാന് മത്സരിച്ചു.
'ഞങ്ങള്‍ കുട്ടികള്‍ കൂട്ടംകൂടിയിരിക്കുമ്പോഴൊക്കെ വീട്ടില്‍നിന്നു കൊണ്ടുവന്ന ഭക്ഷണം ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നു.' സഹപാഠികളിലൊരാള്‍ ഓര്‍മ്മിക്കുന്നു. വാശിയോടെ സ്കൂളില്‍ പോയി വിദ്യാഭ്യാസം നേടിയ ആ പെണ്‍കുട്ടി ഏഴാം ക്ലാസില്‍ നല്ല മാര്‍ക്കോടെ വിജയിച്ചു.
Content Highlights: Draupadi Murmu, P.S Rakesh, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..