പുസ്തകത്തിന്റെ കവർ, ബി.കെ ഹരിനാരായണൻ
കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്റെ ആദ്യകവിതാസമാഹാരമായ നൂറ്റടപ്പന്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കവിതകളെക്കുറിച്ച് ഡോ. പ്രസീത മനോജ് എഴുതുന്നു.
കത്തിയെരിയുന്ന കാലത്തില്‍നിന്ന് പുനര്‍ജ്ജനിക്കുന്ന വികാരമാണ് 'നൂറ്റടപ്പന്‍'. ഭൗതികതയുടെ അപ്പുറം മനുഷ്യരെ ജീവിപ്പിക്കുന്ന ചില ഉള്ക്കനലുകളുണ്ട്. അതിങ്ങനെ ചവച്ചിറക്കുംതോറും നാവിന്റെ കടയ്ക്കല്‍നിന്നും സ്മൃതിയിലേക്ക് ചേക്കേറുന്ന രസനീയതയുടെ ആര്ത്തിരമ്പലാണ്. 'നൂറ്റടപ്പന്‍' എന്ന കാവ്യസമാഹാരത്തിലൂടെ ബി.കെ.ഹരിനാരായണന് കണ്ടെടുക്കുന്ന സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഇനിയുമിനിയും നുകരാന്‍ ഏറെയുണ്ടെന്ന ബോധ്യപ്പെടുത്തലുകളാണ്. ഭാഷകൊണ്ട് ജീവിതത്തിന്റെ സമസ്തയിടങ്ങളില്നിന്നും കോരിയെടുക്കുന്ന സത്തയാണ് കാവ്യജീവനായി കതിരിടുന്നത്. അവതാരികയില്‍ പി.രാമന്, ജി.യുടെ വിശ്വരൂപത്തിന്റെ അനുഭവം പകര്‍ന്ന അനുഭൂതിയിലേയ്ക്കാണ് സാമ്യപ്പെടുത്തുന്നത്. ഉപയോഗപരിചയത്തില്നിന്നും സാധാരണമായിത്തീര്‍ന്ന വാക്കുകള്‍ക്കുള്ളില്‍ അസാധാരണമായതെന്തോ കത്തിയെരിയുന്നുണ്ടെന്ന തോന്നല്‍ വായനക്കാരനെ അത്ഭുതപ്പെടുത്തുകയും അതേസമയം ചിന്തയുടെ ആകാശങ്ങളില്‍ കനമില്ലാതെ പറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. സമകാലകവിതയുടെ ഗദ്യഭാഷയുടേതില്നിന്ന് താളബദ്ധമായ ഭാഷയുടെ ഒഴുക്കിലൂടെ ഒഴുകിപ്പരക്കുന്ന മൃദുത്വം കവിയെ സവിശേഷമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. ''തന്റേടം കൊണ്ട് ശ്രദ്ധേയമായ ഒരു കാവ്യലോകത്തിന്റെ വരവറിയിക്കുന്ന സമാഹാരമെന്നാണ് പി.രാമന് എടുത്തുപറയുന്നത്.
സംഗീതമറിയുന്നവന്റെ ഉള്ളില്‍ നിലീനമായ താളബോധം കവിതകളില്‍ ജ്വലിക്കുമ്പോള്‍ ചൊല്ലിയാര്ത്തുല്ലസിക്കുന്ന കുട്ടിയുടെ ആസ്വാദനത്തിന്റെ നിഷ്കളങ്കതയോടെയാണ് വായനക്കാരില്‍ നിറയുന്നത്. സമാഹാരത്തിലെ ആദ്യകവിത ഓര്മ്മച്ചിതയില്നിന്നും ഉണര്‍ന്നുവരുന്ന 'നൂറ്റടപ്പ'ന്റെ ശക്തിയിലൂടെയാണ്. മുറുക്കാന്‍ചെല്ലത്തില്‍ ചുണ്ണാമ്പിട്ടുവെക്കുന്ന കുഞ്ഞുപാത്രമാണ് നൂറ്റടപ്പന്‍. ആസ്വാദനത്തിന്റെ നൂറ് അലഞ്ഞലിഞ്ഞ് ലഹരിയായി പടരുമ്പോഴത്തെ സുഖം. ഓര്‍മ്മകളുണ്ടാകുന്നത് അങ്ങനെയാണ്. ഏത് കാലത്തിലേയ്ക്ക് അസ്തമിച്ചാലും ഒരു ചെറിയ ജ്വലനം മതി തിരയേറ്റംപോലെ നൂറ്റാണ്ടുകള്‍ക്കിപ്പുറത്തേക്ക് പന്തലിക്കുവാന്‍. അന്നേരം ഭൂതകാലത്തില്നിന്നും സര്‍വ്വവും ഉണരുകയാണ്. ഇങ്ങനെയാണ് ഓരോ കവിതയും നമ്മോട് സംവദിക്കുന്നത്. ''എത്ര കത്തിത്തീര്‍ന്നാലും മൃതിയുടെ കരമെത്താത്തിടത്തായ് കരുത്തായ്'' ഒന്നുണ്ടെന്ന് മരണപത്രമെന്ന കവിത ഓര്‍മ്മിപ്പിക്കുന്നു. കാറ്റില്‍ ഒഴുകിയെത്തുന്ന ഗന്ധംപോലെ ചില വരികള്‍ ഉള്‍ത്തളങ്ങളില്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതും ഹരിനാരായണന്റെ വേറിട്ട സ്വരത്തിന്റെ ഭംഗികൊണ്ടാണ്.
''മായില്ലെന്നും, മരിപ്പിന് തുടലൊരു തുണിപോല്
മാറ്റിയെന്നാത്മരാഗം
സായംകാലത്തിലെത്തും, വിരിയുമൊരരിവാര്-
മുല്ലയായ് നിന്റെ മുന്നില്‍''
എന്ന് നിരന്തരം പാടിക്കൊണ്ടേയിരിക്കുന്നതും ഈ ധ്വനിഭംഗിയാണ്. അവസാനത്തെ ആഗ്രഹനിവൃത്തി കഴുമരത്തില്‍ പിടയുമ്പോഴും ഒരു മഞ്ഞക്കാജ വേണമെന്നത് നിസ്സാരമായ ജീവിതേച്ഛയെ അടയാളപ്പെടുത്തുന്നതിനാണ് 'മഞ്ഞക്കാജ'യെന്ന കവിതയില്‍.
ഓരോ കവിതയും വ്യത്യസ്തമായ ആശയങ്ങളോടെ, താളഭംഗിയോടെ ഒതുക്കത്തോടെ പലതും വിളിച്ചോതുന്നു. ഒറ്റവരിയില്‍ പറഞ്ഞുതീര്ക്കാനാവില്ലാത്തത്രയും ആഴങ്ങള്‍ ഒളിപ്പിച്ചുകൊണ്ടാണ് ചെറുമൂളക്കംപോലെ കവിത നമ്മോട് ചേരുന്നത്. ജീവിതത്തിന്റെ കാണാപ്പുറങ്ങളിലൂടെ കൈവഴക്കത്തോടെ സഞ്ചരിച്ചുകൊണ്ട് കൈയ്യില്‍ തടഞ്ഞതെല്ലാം വാരിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട് കവി. തത്വചിന്തകന്റെ ചിന്താവഴക്കത്തോടെ അനുഭവങ്ങളെ ജീവിതത്തോട് അത്രമേല്‍ ബന്ധിതമാക്കിത്തീര്ത്തിരിക്കുന്നു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' കേട്ടുപഴകിയ സിനിമാപ്പേരിന്റെ ഓര്‍മ്മയില്‍ ജ്വലിക്കുമ്പോള്‍, നമ്മുടെ മുമ്പില്‍ കട്ടെടുക്കപ്പെട്ട തൊണ്ടിമുതലുകള്‍ നിരത്തി വിസ്തരിക്കുകയാണ് കവിയുടെ വാക്ചാതുരി. നിറങ്ങളായാണ് ഓരോന്നും നമ്മളറിയുന്നത്. ഇത് കവിയുടെ അത്ഭുതദര്ശനമാണ്. ആരാണീ മനോഹരനിമിഷങ്ങളുടെ സ്രഷ്ടാവ്, അതൊരു മോഷ്ടാവുകൂടിയാണെന്ന് ഉറപ്പിക്കുന്നു.
''വെട്ടിയിട്ടൊരു കാടിന് കരച്ചില്
പുറ്റുപോലെയുറഞ്ഞാലെടുത്ത്
കാളമേഘത്തിന് കൊമ്പിലരച്ചാല്
ജീവിതപ്പച്ചച്ചായമായത്രേ!''
ജീവിതത്തിന്റെ നിറമെത്ര കടുംപച്ചയാണെന്നും, അതിലൂടൊരു ജീവന്റെ ഇരമ്പലുണ്ടെന്നും എത്ര ലളിതമായ് പറഞ്ഞുവയ്ക്കുന്നു. ശില്പഭദ്രമായി, രാകിമിനുക്കിയാണ് ഓരോ വാക്കും വരിയുമൊരുങ്ങുന്നത്. കൈയടക്കം കവിയുടെ ആയുധമാണല്ലോ.
തലക്കെട്ടുകള്‍ അമ്പരപ്പിക്കുന്നുണ്ട്, ഒരിക്കലും ചേരില്ലെന്നു കരുതിയ വാക്കുകള്‍ തമ്മില്‍ ചേര്‍ത്തുകൊണ്ട് വേര്‍പിരിക്കാനാവാത്ത വാഗര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നത് ഇരുത്തംവന്ന കവിയുടെ ലക്ഷണമാണ്. 'ഇമോജി റാവു', സ്ക്വിറണ്ടൈന്‍, വാക്കുടലമ്മ, കുഴമണ്ണ് എല്ലാമങ്ങനെയാണ്, കവി സൃഷ്ടിക്കുന്ന പുതുരൂപങ്ങളിലേയ്ക്ക് ജീവന് ചേര്‍ക്കുന്നത് അതിലേറെ സുന്ദരം. കുളത്തിന്റെയാഴത്തില് ആകാശത്തിന്റെ പെണ്ണിനെ തടവിലിട്ട പിശാചിന്റെ കാവല്‍ക്കാരനെ കുറിച്ച് പറയുമ്പോള്‍ ഗംഗമ്മു വേറിട്ട ശബ്ദമാകുന്നു. കാവ്യബിംബങ്ങളുടെ തെരഞ്ഞെടുക്കലില്‍ ഉയിരെടുക്കുന്ന ഭാവഭംഗി അസാധാരണമാണ്. ''കിടന്നുമുള്ളികള്'' എന്ന കവിത മുന്‍ധാരണകളെ തകര്‍ത്തെറിയുന്ന ജീവിതപ്രതീക്ഷയുടെ മുളപ്പുകളാണ്. ആത്മവിശ്വാസമാണ്. പൂവണിയെന്ന സ്ഥലനാമത്തിലെ കവിതയെ കണ്ടെത്തി ഒരു ചങ്ങാതിയുടെ ഓര്‍മ്മകളെ കണ്ടെടുക്കുന്നതും അവശേഷിച്ച പ്രാണന്‍കൊണ്ട് വൃക്ക ഒരു പെണ്പദമാണെന്നെഴുതുന്നതും ഓര്‍മ്മകളുടെ ചിതയില്‍നിന്നും ഉയിര്‍ക്കൊണ്ടതാണ്. 'കല്ലുമ്മക്കായകള്‍' ചെറുനടുക്കമുണ്ടാക്കുന്ന കവിതയാണ്.
പുറന്തോടില്‍ ഇതുവരെകണ്ട നീലമഴവില് രേഖകള്‍ക്കപ്പുറം പ്രണയിനിയുടെ രക്തം കക്കിയ നീലയാണെന്ന നടുക്കം. മരണത്തിന്റേയും ജീവിതത്തിന്റേയും ഇടയില്‍ മല്ലടിക്കുന്ന ചിണുക്കങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഹരിനാരായണന് വാചാലനാകുന്നു. സ്വന്തം ജീവിതപരിസരങ്ങളില്‍ കണ്ട വിസ്മയങ്ങള്‍ അക്ഷരങ്ങളിലാവാഹിക്കാനും കവിതയുടെ തീനാമ്പുകള്കൊണ്ട് കളം വരക്കുന്ന ശീലമുണ്ട് കവിക്ക്. നെല്ലിക്കോടാശാനെ വരയ്ക്കുമ്പോഴും അത്രമേല്‍ തിളങ്ങുന്നത് അതുകൊണ്ടാണ്. കലാകാരന്റെ വാദ്യവും താളവും തമ്മില്‍ ചേരുന്നതിന്റെ ഉന്മാദങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ട് വായനക്കാരനില്‍ രസം പൊടിയുന്ന അനുഭവമായിത്തീരുകയാണ് ഓരോ കവിതയും. ദുഃഖം കനത്തുകിടക്കുന്ന ചില വരികളില്‍ പിടഞ്ഞുപെയ്യുന്ന ആകാശം കൂടി ചേര്‍ത്തുവയ്ക്കുകയാണ്. എങ്കിലും ജീവിതം മുന്നോട്ടുതന്നെയെന്ന്-
''രണ്ടു ചിവീടുകള്‍ പാടുന്നു ഗാഢമായ്
നമ്മള് തുടരേണ്ട ജീവിതത്തെ പ്രതിയെന്ന്'' അത്രയും ലളിതമായി കവി പറയുന്നു. സ്ക്വിറലിനേയും കോറൈണ്ടൈനേയും ഒന്നിച്ചുചേര്ത്തുകൊണ്ടാണ് രോഗകാലത്തെ ഏകാന്തതയെക്കുറിച്ച് പറഞ്ഞുപോകുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആധാരമാക്കിയാണ് ദ ടെസ്റ്റ് എന്ന കവിത. തോറ്റുപോകുന്നവന്റേയും ഒറ്റയ്ക്കായിപോകുന്നവന്റേയും നിശബ്ദനിമിഷങ്ങളെ ഗദ്ഗദത്തോടെ പകര്ത്തുകയാണിവിടെ. നാടിന്റെ ഭൂപടങ്ങള്‍ വരക്കുമ്പോള്‍ ചരിത്രവും 'വര്‍ത്തമാനവും ഒന്നുപോലെ പ്രത്യക്ഷപ്പടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകലം കൂടുമ്പോഴത്തെ പ്രശ്നങ്ങളെ ഒരു നീറ്റലായാണ് പല കവിതകളും ഉള്‍ക്കൊള്ളുന്നത്. ചൊറിയന്‍പുഴുവും, തീവണ്ടിപ്പാളവും, ജലച്ചിത്രവും, വ്യക്ത്യോര്മ്മകളുമെല്ലാം കാവ്യബിംബങ്ങളുടെ മനോഹരമായ കൂടിച്ചേര്ക്കലുകളാകുന്നു. ഓര്‍മ്മകളുടെ ശേഖരത്തില്‍നിന്നും അടര്‍ത്തിയെടുക്കുമ്പോഴും ദ്രവിയ്ക്കാതെ, മങ്ങാതെ തെളിഞ്ഞ ചിത്രമായി അവതരിപ്പിക്കാനും ശ്രമിക്കുന്നതിന്റെ കയ്യൊപ്പുകള്‍.
പാരമ്പര്യവും പുതിയ കാലത്തിന്റെ ശൈലീഭേദങ്ങള്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പുതിയ ഭാവുകത്വങ്ങള്‍ സൃഷ്ടിക്കാനുള്ള കവിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..