അനുഭവംപോലൊരു കഥ, ഹൃദയമില്ലാത്തതിന്റെ 'കൈയേറ്റങ്ങള്‍'; 'ഈസയും കെ.പി ഉമ്മറും' കഥയെ നിര്‍വചിക്കുമ്പോള്‍


ഡോ. പി.ആര്‍. ജയശീലന്‍

ഉമ്മ മരിച്ചശേഷം ഉമ്മ ഒരു ബാധപോലെ മകനില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് കുളിയിലൂടെ ഒഴിപ്പിച്ചുകളയാന്‍തന്നെയാണ് സാബിറ ശ്രമിക്കുന്നത്. മകന്റെ അനുഭവത്തിലെ അമ്മ പരിശുദ്ധത്യാഗത്തിന്റെ പ്രതീകമാണ്.

പുസ്തകത്തിന്റെ കവർ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌

''വ്യക്തിയും ഇടവും ഏറ്റവും പ്രസക്തമാകുന്ന എന്നാല്‍ അപ്രസക്തമാക്കപ്പെടുന്ന ഒരു കാലത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകള്‍ സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നു. വ്യക്തി/ ഇടം എന്ന ദ്വന്ദ്വാത്മകത സൃഷ്ടിക്കുന്ന അധികാരഘടനയോടുള്ള ഏറ്റുമുട്ടലുകളാണ് ഈ കഥകളിലൊക്കെയും ദൃശ്യമാവുന്നത്. അതെല്ലാം ഒരുപോലെയല്ല എന്നതിനെക്കാള്‍ വൈവിധ്യപൂര്‍ണവുമാണ്. ബോധപൂര്‍വമായ നിര്‍മാണചാതുരിയെക്കാള്‍ സര്‍ഗാത്മകമായ അവധാനത ഈ കഥകളിലെല്ലാം നിലാവുപോലെ പരന്നുകിടക്കുന്നു. കുട്ടിക്കാലംമുതലുള്ള ജീവിതാനുഭവങ്ങള്‍, തന്നെ മാറ്റിനിര്‍ത്തിയ ഇടങ്ങള്‍ക്കെതിരേ, അത്തരം അധികാരഘടനകള്‍ക്കെതിരേയുള്ള പൊരുതലാണ് കഥകള്‍''-മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'ഈസയും കെ.പി ഉമ്മറും' എന്ന പുസ്തകത്തെക്കുറിച്ച് ഡോ. പി.ആര്‍ ജയശീലന്‍ എഴുതിയ പഠനക്കുറിപ്പില്‍ നിന്നും ഒരു ഭാഗം വായിക്കാം.

മാജിക്കല്‍ റിയലിസം എന്ന സങ്കേതം മലയാള ചെറുകഥയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച എഴുത്തുകാരനെന്ന നിലയില്‍ അത്തരം ഒന്നിന്റെതന്നെ ഫലപ്രദമായ പരിണാമം ശക്തമായ ആനുകാലിക രാഷ്ട്രീയകഥകളിലേക്കുള്ള പ്രവേശനംകൂടിയാകുന്നു.2019-2020 കാലഘട്ടത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ ഒമ്പത് കഥകളുടെ സമാഹാരംകൂടിയാണിത്. 2019-2020 വര്‍ഷം ലോകചരിത്രത്തില്‍ത്തന്നെ നിര്‍ണായകമാകുന്നിടത്ത് ഈ കഥകള്‍ക്കുള്ള സാമൂഹികമാനം വളരെ വലുതാണ്. മഹത്തായ വിപ്ലവങ്ങളും പകര്‍ച്ചവ്യാധികള്‍ നിറഞ്ഞ കാലവും രണ്ടു ലോകമഹായുദ്ധങ്ങളുമൊക്കെ മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിലുണ്ട്. പക്ഷേ, അതെല്ലാം മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളില്‍നിന്നു വ്യത്യസ്തമായ ഒന്ന് ജീവിതത്തിലും ഒപ്പം കഥകളിലും പ്രതിഫലിക്കുന്ന ഒരു കാലം. കാലം ഒരു എഴുത്തുകാരനെ അതിന്റെ പൂര്‍വചരിത്രഭാരത്തോടെ വേട്ടയാടുകതന്നെയാണ്. ആ വേട്ടയാടലില്‍നിന്നു രക്ഷപ്പെടാനുള്ള തീവ്രശ്രമങ്ങള്‍കൂടിയാണ് ഈ കഥകള്‍. കഥയില്‍ എന്നും ഭാഷതന്നെയാണ് പ്രഥമവും പ്രധാനവും. അത് അക്കമിട്ടു നിരത്തിയതോ അച്ചിട്ടു നിരത്തിയതോ അല്ല. മറിച്ച് ജീവിതത്തിന്റെ ബഹുസ്വരമായ ഇടങ്ങളെ തൊട്ടുകൊണ്ട് ഒരു എഴുത്തുകാരന്‍ സ്വയം രക്ഷപ്പെടാന്‍വേണ്ടി നടത്തുന്ന തീവ്രശ്രമങ്ങളാണ്. ഇത്തരമൊരു ഭാഷയുടെ കണ്ടെത്തല്‍ ഒരു യുദ്ധംകൂടിയാണ്.
താന്‍ നിലനില്ക്കുന്ന ഇടത്തോട് ബന്ധപ്പെട്ട് ഒരെഴുത്തുകാരന്‍ നടത്തുന്ന കലഹവും പ്രതിരോധവും പ്രതിനിധാനവുമാണ് കഥയിലെ ഭാഷ. അര്‍ഥത്തെ ദമനം ചെയ്യുന്ന വാക്കുകളും വാക്കുകളെ കവച്ചു വളരുന്ന അര്‍ഥതലങ്ങളും ഭാഷയിലുണ്ട്.

സ്ഥാപനവത്കരിക്കപ്പെട്ട സ്വത്വങ്ങളാണ് കുടുംബം, മതം, ദേശം, ഉദ്യോഗം എന്നിവ. ഇവയെല്ലാം അധികാരസ്ഥാപനങ്ങളുംകൂടിയാകുന്നു. ഇത്തരത്തിലുള്ളവയുടെ നിയന്ത്രണങ്ങള്‍ക്കും യാഥാസ്ഥിതികതകള്‍ക്കും ഔപചാരികതകള്‍ക്കുമപ്പുറം കടക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരന്‍ ഭാഷയിലും അതിന്റെ വ്യവഹാരത്തിലും കൊണ്ടുവരേണ്ട വിച്ഛേദം അഥവാ യൃലമസ ഉണ്ട്. അതിന്റെ പടിപടിയായ വികാസമാണ് ഈ കഥകളോരോന്നും. അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ കഥാസമാഹാരത്തിലേക്കുള്ള പ്രവേശിക ഇതില്‍ത്തന്നെയുള്ള 'വിക്ക്' എന്ന കഥയാണ്.
അനുഭവംപോലൊരു കഥയാണ് വിക്ക്. അനുഭവത്തെ കഥയാക്കുന്ന ഒന്ന് അതിനകത്തുണ്ട്. ഖത്തറിലെ ബഷീര്‍പ്രഭാഷണത്തിന് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തുന്ന കഥാകാരന്‍. പ്രഭാഷണം എന്ന ഒന്നിലേക്കു കടക്കുന്നതില്‍നിന്നും തടസ്സം നില്ക്കുന്ന ഒന്ന് തന്റെതന്നെ വിക്കാണ്. പക്ഷേ, അന്നു രാത്രി വൈക്കം മുഹമ്മദ് ബഷീര്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുകയും പ്രഭാഷണത്തിനു പകരം ഹൃദയത്തിലേക്കു നോക്കി ചിരിച്ചാല്‍ മതി എന്നും പറയുന്നു.

അതുപോലെ ഖത്തറില്‍ കഥാകാരന്റെ ഒരാത്മസുഹൃത്തുണ്ട്. കഥാകാരന്‍ ഖത്തറില്‍ വന്ന വിവരം മനസ്സിലാക്കിയ സുഹൃത്ത് ഫോണില്‍ വിളിക്കുന്നു. കഥാകാരന്റെ വര്‍ത്തമാനം കേട്ടിട്ട് നീയെന്തിനാപ്പാ അച്ചടീല് വര്‍ത്താനം പറീന്ന് എന്നു ചോദിക്കുന്നു. അവിടെയും പറച്ചിലിന്റെ പ്രശ്‌നംതന്നെയാണ്. ഈ സുഹൃത്താകട്ടെ, പണ്ടത്തെ വിഷമംപിടിച്ച നാളുകളില്‍ കഥാകാരന്റെ ജീവിതവഴികളില്‍ നിര്‍ണായകമായി സ്വാധീനിച്ച ഒരാളാണ്. വിക്കാണ് അന്നും കഥാകാരന്റെ പ്രശ്‌നമെങ്കിലും ആ പഴയ കാലത്തും ആ സുഹൃത്തിനോട് സംസാരിക്കുമ്പോള്‍ മാത്രം അയാള്‍ക്ക് വിക്കുണ്ടായിരുന്നില്ല.
ഖത്തറിലെ പ്രഭാഷണത്തിലും വിക്ക് തനിക്ക് തടസ്സം നില്ക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, എല്ലാ ഉത്കണ്ഠകളെയും അപ്രസക്തമാക്കി ഖത്തറിലെ സദസ്സില്‍ കൂടിനിന്ന ആളുകളോട് ബഷീര്‍ പറഞ്ഞമാതിരി ഹൃദയത്തിലേക്കു നോക്കി സംസാരിച്ചപ്പോള്‍ എല്ലാ വിക്കും ഇല്ലാതാവുകയായിരുന്നു. മാത്രമല്ല, കഥാകാരന്റെ പ്രസംഗം കേള്‍ക്കാന്‍ മുന്‍നിരയില്‍ത്തന്നെ വൈക്കം മുഹമ്മദ് ബഷീറും സുഹൃത്തുമുണ്ടായിരുന്നു. ഹൃദയത്തിലേക്കുള്ള സൗഹൃദവഴികള്‍ അയാളപ്പെടുത്തുന്ന കഥയാണ് 'വിക്കെ'ങ്കില്‍ ഹൃദയമില്ലാത്തതിന്റെ കഥയാണ് 'കൈയേറ്റങ്ങള്‍.'
വ്യക്തിപരമായ കൈയേറ്റങ്ങളില്‍നിന്നു തുടങ്ങുകയും അതെങ്ങനെയാണ് സാമൂഹികമായ അവസ്ഥയിലേക്ക് കടക്കുന്നത് എന്നു സൂചിപ്പിക്കുകയും ചെയ്യുന്ന കഥ. കഥയിലെ കേണല്‍ വൃത്തിയുടെയും അച്ചടക്കത്തിന്റെയും കൃത്യതയുടെയും പര്യായമാണെങ്കിലും അയാള്‍ക്കില്ലാതെപോയത് ഹൃദയത്തിന്റെ അഭാവംതന്നെയാണ്.
അപരന്റെ ഹൃദയത്തിലേക്കു നോക്കി ചിരിക്കുക എന്ന ബഷീര്‍ പ്രവൃത്തി ജീവിതത്തില്‍ ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ആള്‍. 'കൈയേറ്റം' കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി കഥ സംസാരിച്ചു നിര്‍ത്തുന്നതിങ്ങനെ: 'മുന്‍വിധി ഒരു രാജ്യമാണ്. വിഡ്ഢിയാണ് അതിലെ ചക്രവര്‍ത്തി. പ്രജകളില്ല. അതിന്റെ അതിര്‍ത്തിയില്‍ പൂമ്പാറ്റകളും പകച്ചുനില്ക്കും.'
'ജവാന്‍ റോഡ്' എന്ന കഥയിലും അതിര്‍ത്തി ഒരു വിഷയമാകുന്നുണ്ട്. എം. സുകുമാരന്റെ 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍' എന്ന കഥയിലെ ഗോപാലനു ഭിഷഗ്വരന്‍ നല്കുന്ന ചികിത്സാവിധിപോലൊന്ന് ഈ കഥയിലുമുണ്ട്. സുകുമാരന്റെ കഥയിലെപ്പോലെത്തന്നെ ചികിത്സ വേണ്ടത് വ്യക്തിക്കു മാത്രമല്ല സമൂഹത്തിനാണ് എന്ന ബോധ്യം ജനിപ്പിക്കാന്‍ കരീം എന്ന കഥാപാത്രത്തിലൂടെ കഥയ്ക്കു കഴിയുന്നു.
കരിം നന്മ ഉദ്ദേശിച്ച് വ്യക്തികള്‍ക്ക് ചെയ്യുന്ന പ്രവൃത്തികളെല്ലാം തെറ്റിദ്ധരിക്കപ്പെടുന്നിടത്താണ് കഥയ്ക്ക് പുതിയ കാഴ്ചകള്‍ കൈവരുന്നത്. പിന്നീട് കഥയില്‍ കടന്നുവരുന്ന മിലിട്ടറി കണാരനും അയാളുടെ എ.കെ. 47 നും അയല്‍പക്കവീടുകള്‍ക്കിടയിലുള്ള ശീതസമരങ്ങളും വീടിനെ രാജ്യമാക്കുന്നു.
'ഓരോ വീട്ടുകാര്‍ ഓരോ രാജ്യവും, അവരുടെ അതിര്‍ത്തി ലോകാവസാനവുമാണ്' എന്ന രീതിയില്‍ മനുഷ്യമനസ്സിന്റെ ഇടുങ്ങിയ അവസ്ഥയും അവിടെ കഥാകാരന്‍ എന്ന രീതിയിലുള്ള എഴുത്തുകാരന്റെ ഇടപെടലും ശ്രദ്ധേയമാണ്. എഴുത്തുകാരന്റെ സാമൂഹികപ്രതിബദ്ധതയും സുകുമാരന്റെ കഥയിലെപ്പോലെ ഇവിടെയും ചര്‍ച്ചാവിഷയമാകുന്നു. ഓരോരുത്തരും തങ്ങള്‍ക്കു ബാധിച്ച രോഗമെന്തെന്നും അതിനു വേണ്ട ചികിത്സാ വിധി എന്തെന്നും ആരായുന്നു. ഒടുവില്‍ മിലിട്ടറി കണാരനെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിവുള്ള മേജര്‍ ജനറല്‍ തുയിങ്കന്റെ വരവും ഒടുവിലെ സ്റ്റണ്ടുരംഗങ്ങളും കഥയ്ക്ക് സിനിമപോലുള്ള വിഷ്വല്‍സാധ്യതകള്‍ നല്കുന്നു.
നന്മയുള്ള കരീമിനു കിട്ടുന്ന അടിയും മാരകമായ പരിക്കും സാമൂഹികപ്രതിബദ്ധതയുള്ള കഥാകാരന്റെ ഇടപെടലും കഥാവായനയ്ക്ക് പുതിയ മാനങ്ങള്‍ നല്കുന്നു. എം. സുകുമാരന്റെ 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍' എന്ന കഥയുടെ പുതിയ കാലത്തിന്റെ തുടര്‍ച്ചയായി ഈ കഥ മാറുന്നു.
കുടുംബപുരാവൃത്തങ്ങളില്‍ ഒതുങ്ങുകയും ഒപ്പം വലിയ സാമൂഹികാര്‍ഥങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്ന രണ്ടു കഥകളാണ് 'ഉമ്മ നട്ട മരങ്ങളും,' 'ഈസ'യും. ഉമ്മ നട്ട മരങ്ങള്‍ക്ക് മറ്റെന്തിനെക്കാള്‍ ജീവനുണ്ടെന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബഷീര്‍ ഉമ്മയ്ക്ക് ആദര്‍ശംകൊണ്ട് കോട്ടകെട്ടുകയായിരുന്നില്ല. പകരം, ആ അനുഭവത്തെ അതിന്റെ ചോരയും നീരും കണ്ണീരും അല്പസന്തോഷങ്ങളുമെല്ലാം ചേര്‍ത്തുവെച്ച് എഴുത്തിലേക്ക് സംക്രമിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബഷീറിന്റെ എഴുത്തില്‍ അമ്മമണമുണ്ടായിരുന്നു.
കഥയിലെ ഉമ്മ മരിച്ചുകഴിഞ്ഞിട്ടും മകന്റെ ഭാര്യ സാബിറയ്ക്ക് അയാളുടെ വിയര്‍പ്പിന്റെ മണം ദുസ്സഹമാകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മകനാകട്ടെ, ഉമ്മ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നും. സാബിറയ്ക്ക് ഉമ്മയോടു തോന്നിയിരുന്ന അവജ്ഞ പല രീതിയില്‍ കഥയില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ സ്വന്തം ഉമ്മ ഈ ഭര്‍ത്താവിന്റെ ഉമ്മയെപ്പോലെയായിരുന്നില്ല എന്നും അവര്‍ ആരെയും മരിക്കുന്നതുവരെ ബുദ്ധിമുട്ടിച്ചില്ല എന്നും പറയുന്നിടത്ത് തെളിഞ്ഞുവരുന്നത് മാറിയ കാലത്ത് അമ്മ എന്ന അനുഭവം ഓരോരുത്തര്‍ക്കും ഓരോന്നുതന്നെയാണ് എന്നാണ്. ഏതൊരമ്മയ്ക്കും മകനും മകന്റെ ഭാര്യയും മക്കള്‍തന്നെ. എന്നാല്‍ മാറിയ കാലത്ത് അതല്ല. കഥാകാരന്‍ കഥയിലെ കഥാപാത്രങ്ങള്‍ക്കു നല്കുന്ന പേരില്‍പ്പോലും ഒരു പ്രത്യയശാസ്ത്രമുണ്ട്. അത് ഈ ഒമ്പതു കഥകളിലും കാണാം. അതിവിടെ വേറവേറെ പ്രതിപാദിക്കുന്നില്ല. എങ്കിലും സാബിറയ്ക്കര്‍ഥം അറബിയില്‍ ക്ഷമയുള്ളവള്‍ എന്നത്രേ. പക്ഷേ, കഥ വായിക്കുന്ന ആളുടെ ക്ഷമപോലും പരീക്ഷിക്കുന്നവളായി മാറുന്നു സാബിറ.
എല്ലാ അമ്മമാരും അവരവരുടെ ജീവിതംകൊണ്ട് ഒരേപോലെ ത്യാഗികളാണ്. പക്ഷേ, അതറിയുന്നതും അതറിയേണ്ടതും അതാതു മക്കള്‍ മാത്രം എന്നിടത്തേക്ക് കഥ വരുന്നു. അതുകൊണ്ടുകൂടിയാണല്ലോ ഭര്‍ത്താവിന്റെ ഉമ്മ മരിച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ വിയര്‍പ്പുമണം അതുവരെയില്ലാത്ത രീതിയില്‍ ഭാര്യ സാബിറക്ക് അസഹനീയമാകുന്നത്. അവള്‍ സ്വന്തം ഭര്‍ത്താവിന് വാസനസോപ്പ് എടുത്തുകൊടുത്തിട്ട് കുളിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കുളി എന്നതിന് മലയാളകഥയില്‍ മനശ്ശാസ്ത്രപരമായ അര്‍ഥം നല്കിയ എഴുത്തുകാരന്റെ കഥയില്‍ത്തന്നെയാണ് ഇതും.

Books Cover
പുസ്തകം വാങ്ങാം


ഉമ്മ മരിച്ചശേഷം ഉമ്മ ഒരു ബാധപോലെ മകനില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് കുളിയിലൂടെ ഒഴിപ്പിച്ചുകളയാന്‍തന്നെയാണ് സാബിറ ശ്രമിക്കുന്നത്. മകന്റെ അനുഭവത്തിലെ അമ്മ പരിശുദ്ധത്യാഗത്തിന്റെ പ്രതീകമാണ്. അതുകൊണ്ടുതന്നെ മരിച്ചതിനുശേഷവും അമ്മയുടെ സംഭാഷണങ്ങളെ, ആത്മഗതങ്ങളെ അയാള്‍ നെഞ്ചോടു ചേര്‍ത്തുവെക്കുന്നു. കഥയുടെ ഒടുവില്‍ മരണപ്പെട്ട അമ്മ ഒരു നിലാവായി, താരാട്ടായി കഥയെയും അയാളുടെ ജീവിതത്തെയും പൊതിഞ്ഞുനില്ക്കുന്ന അവസ്ഥ കഥയ്ക്കു തികച്ചും വ്യത്യസ്തമായ മാനം നല്കുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ താന്‍ എല്ലാ അമ്മമാരുടെയും മുല കുടിച്ചിട്ടുണ്ട് എന്നു പറയുന്നിടത്ത് അമ്മ എവിടെയും ഒരൊറ്റ അനുഭവമാണ് എന്നുവരുന്നുണ്ട്. അതുപോലെ വളരെക്കാലത്തെ ദേശാന്തരഗമനത്തിനുശേഷം അര്‍ധരാത്രി വീട്ടിലെത്തുന്ന മകനെ ഭക്ഷണവുമായി കാത്തിരിക്കുന്ന അമ്മയുടെ ചിത്രമുണ്ട്. അവിടെയും അമ്മ എന്ത് എന്നാണ്? അമ്മ എക്കാലത്തും ഒരൊറ്റ അനുഭവംതന്നെ. അങ്ങനെയുള്ള അമ്മയ്ക്ക് മകനും മകന്റെ ഭാര്യയും മക്കള്‍തന്നെയാണ്. പക്ഷേ, അങ്ങനെയുള്ള മക്കള്‍ എന്നു പറയുന്നവരുടെ തിരിച്ചുള്ള സമീപനം മാറിയ കുടുംബവ്യവസ്ഥയില്‍ മാറിയിരിക്കുന്നു.
ഈ പ്രപഞ്ചം മുഴുവന്‍ ഉമ്മ നട്ട മരങ്ങള്‍തന്നെ. മരങ്ങള്‍ക്കുകൂടി അതു തോന്നുന്നിടത്താണ് മനുഷ്യജീവിതത്തിന് പ്രകൃതിയുടെ പച്ചയും നിലാവിന്റെ തെളിച്ചവും ഉണ്ടാകുന്നത്.
'ഈസ' എന്ന കഥയെ ഈസ എന്ന ഇല്ലീഗല്‍ മൈഗ്രന്റ് ആയി വായി ക്കുകയാണ്.
കഥ വായിച്ച നിമിഷം പ്രവാചകനിയോഗമായിരിക്കാം ഖലില്‍ ജിബ്രാന്റെ പ്രോഫറ്റ് കൈയിലെടുക്കാന്‍ തോന്നി. നേരേ ചെന്നത് ഉലമവേ എന്ന വാക്കിനു താഴെ. അവിടെ ആ സത്യം എഴുതിവെച്ചിരിക്കുന്നു.
The Almitra spoke, saying, 'We would ask now of death.'
you would know the secret of death. But how shall you find it unless you seek it in the heart of life...?
മരണത്തിന്റെ രഹസ്യമറിയണമെങ്കില്‍ നിങ്ങള്‍ ജീവിതത്തിന്റെ ഹൃദയത്തോടു ചോദിക്കണം.
അതെ, ഗള്‍ഫില്‍വെച്ച് കോവിഡു ബാധിച്ച് മരിച്ച ഈസ. അവിടെത്തന്നെ മരുഭൂമിയിലെവിടെയോവെച്ച് ഖബറടക്കവും കഴിഞ്ഞു.
പക്ഷേ, ഭാര്യയും മക്കളും മരുമക്കളും ഈസയെ വീടിന്റെ പിന്നാമ്പുറത്തുള്ള കാട്ടില്‍വെച്ചു കാണുന്നു. ആദ്യം വിശ്വസിക്കുന്നില്ല. പിന്നെയും പിന്നെയും കാണുന്നു. മരിച്ച മനുഷ്യനെ വീട്ടില്‍ കയറ്റാനാവില്ലല്ലോ. ഉറ്റവര്‍ തന്നെ കല്ലെറിഞ്ഞോടിക്കുന്നു, പോലീസെത്തുന്നു.
ഈസ നാല്പതു കൊല്ലത്തോളം ദുബായില്‍ സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കുംവേണ്ടി നരകിച്ചു പണിയെടുക്കുകയായിരുന്നു. നാല്പത് കൊല്ലത്തെ ആത്മത്യാഗം. അവിടെ കിടക്കാന്‍ ഒരു മുറിപോലും ഉണ്ടായിരുന്നില്ല. ഈസ രണ്ടു വര്‍ഷം കൂടുമ്പോള്‍ പരോളില്‍ ഇറങ്ങിയതുപോലെ നാട്ടില്‍ വരും. അപ്പോഴാണ് ഒരു നല്ല കുപ്പായം വാങ്ങി ധരിക്കുക. ഈസ ഒരു യത്തീമിനെയാണ് യാതൊരു സ്ത്രീധനവും വാങ്ങാതെ സ്ത്രീധനമായി സ്വീകരിച്ചത്.
ഈസയുടെ ജീവിതപുസ്തകത്തിന്റെ ദ്രവിച്ച പേജുകള്‍ പലതും എഴുത്തുകാരന്‍ വായിക്കുന്നുണ്ട് - പണ്ട് ഈസയ്ക്കു കിട്ടിയ ഒരു കത്തിന്റെ ഓര്‍മ. കത്ത് വൈകിയതില്‍ കെട്ടിയോള്‍ പരിഭവത്തിലാണ്. പുതുക്കിപ്പണിയുന്ന വീടിന്റെ പണി ഇന്നലെ തുടങ്ങി. മൂത്തമോള്‍ക്ക് നിങ്ങളുടെ ഛായയാണെന്ന് പലരും പറയുന്നു. ആശാരി ഗോവിന്ദന്‍ വന്ന് കിണറിന്റെ സ്ഥലം കണ്ടു, കേട്ടോ. വെള്ളം കിട്ടാന്‍ ഇരുപത് കോലെങ്കിലും കുഴിക്കണമെന്ന് പറയുന്നു. സ്‌കൂളില്‍ പാട്ടിന് ചെറിയ മോള്‍ പൂവിന് ഫസ്റ്റായിരുന്നു. പാട്ട് പഠിപ്പിക്കാനയയ്ക്കണമെന്ന് കൃഷ്ണന്‍മാഷ് വീട്ടില്‍ വന്നു പറഞ്ഞു. ഇത്രയും നന്നായി പാടുന്ന ഒരു കുട്ടിയെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് മാഷ് പറയുന്നു...
ഈസ ഗള്‍ഫില്‍നിന്നു വരുന്ന വരവിനെക്കുറിച്ചൊരു ഭാഗമുണ്ട്.
ഉപ്പ പെട്ടിയും തലയിലേറ്റി നീണ്ട വയല്‍വരമ്പിലൂടെ നടന്നു വരുന്നത് ജീവിതസാരാംശങ്ങളുടെ തേന്‍കാഴ്ചയായിരുന്നു. ഉപ്പയെക്കാള്‍ മുന്‍പേ പെട്ടിക്കുള്ളിലെ സെന്റുമണമെത്തിയിരുന്നു. പെട്ടി പൊളിക്കുമ്പോള്‍ നാണത്തോടെ മാറിനിന്ന സൈനബ എന്ന ചെമ്പകം.
ഉപ്പ സ്‌നേഹത്തോടെ ചെമ്പകം എന്നേ വിളിച്ചിട്ടുള്ളൂ. രണ്ടുദിവസത്തെ ലീവ് മാത്രം കിട്ടി കാസിമിന് നിക്കാഹിന് കൈ കൊടുത്തു. പിറ്റേന്നു പോകുമ്പോള്‍ ഉപ്പ ജീവിതത്തിലാദ്യമായി കീറിക്കരഞ്ഞു.മോളേ, ചെമ്പകമേ... എന്ന് ഇടറിപ്പറഞ്ഞു.
രണ്ടാമത്തെ മകള്‍ പൂവിനെ അള്ളിപ്പിടിച്ചു.
അവളന്നു തേങ്ങി. പൂവേ എന്നു വിളിച്ചാണ് ഉപ്പ കരഞ്ഞത്.
എല്ലില്‍നിന്ന് മാംസം പറിച്ചെടുത്തതുപോലെ വേദനിച്ച ആ കരച്ചില്‍ മരുഭൂമിയില്‍നിന്ന് ഓടിയെത്തിയ കാറ്റായി ആത്മാവിന്റെ വയല്‍വരമ്പില്‍ കാത്തുനിന്നു.
ഉപ്പയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ചെമ്പകം ഉറക്കെ കരഞ്ഞു.
'ചായ്പിനടുത്തുള്ള ഒരു ഇരുട്ടുമുറി ഉപ്പായ്ക്കു കൊടുത്തുകൂടെ? അവിടെ കഴിഞ്ഞോളും. ഞാന്‍ നോക്കിക്കോളാം എന്റെ ഉപ്പാവയെ...'
ഭര്‍ത്താവ് കാസിം പറഞ്ഞു:'പ്രാന്ത് പറയാതെ നീ. പോലീസ് അന്വേഷിച്ചു വരുമ്പോള്‍ നമ്മളെന്ത് പറയും? റേഷന്‍ കാര്‍ഡില്‍ പേരില്ല, ആധാറില്ല, പാസ്‌പോര്‍ട്ടില്ല. പോലീസ് പിടിക്കും.'
മരിച്ചവര്‍ക്ക് നിയമപുസ്തകത്തില്‍ സ്ഥാനമില്ലെങ്കിലും പോലീസ് വന്ന് തിരച്ചില്‍ നടത്തി. എം.എല്‍.എ. മുഖാന്തരം ഈസയെ മറ്റേതെങ്കിലും പ്രദേശത്തേക്ക് നാടുകടത്താനുമൊക്കെയുള്ള ആലോചനകള്‍ നടന്നു. മതാധികാരികള്‍ക്ക് അത് ശെയ്ത്താനായി. എന്തൊക്കെയായാലും ഈസയുടേത് ഇല്ലീഗല്‍ മൈഗ്രേഷനാണ്.
കക്കൂസില്‍ പോകാന്‍, കുളിക്കാന്‍, ഊഴംവെച്ചു ജീവിച്ച പന്ത്രണ്ട് കട്ടിലുള്ള മുറി. കരയാന്‍പോലും അവിടെ ക്യൂ നില്ക്കണം
അനേകായിരം ഈസമാര്‍ ഒന്നിച്ചു പറയുന്നതുപോലൊരു സ്വരം കഥയില്‍നിന്നുയരുന്നു:
'ഈ നാട് ഞങ്ങളുടെ പൈപ്പ് തുറന്നിട്ട കരച്ചിലില്‍നിന്നുണ്ടായതാണ്. പെങ്ങന്മാരെ കെട്ടിച്ചയച്ചത്, വീടുണ്ടാക്കിയത്, കിണര്‍ കുത്തിയത്, ചോരുന്ന മേല്‍ക്കൂര മാറ്റി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കിയത്, മക്കള്‍ ഇംഗ്ലീഷ് പഠിച്ചത്... നല്ല വാഹനങ്ങള്‍ ഉണ്ടായത്. ദൈവങ്ങള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടായത്...
ഈസമാരൊന്നും ജീവിച്ചിട്ടില്ല. എന്നെങ്കിലും നാട്ടില്‍ വന്ന് ജീവിക്കാന്‍വേണ്ടിയാണിരുന്നത്.
അങ്ങനെയൊക്കെയാകുമ്പോള്‍ ഈസ മരിച്ചുപോയത് ഒരു അര്‍ഹതയില്ലായ്മയാണോ?
ജിബ്രാന്‍ പ്രവാചകസ്വരത്തില്‍ പറഞ്ഞതുപോലെ മരണം ജീവിത ഹൃദയത്തോട് വീണ്ടും വീണ്ടും ചോദിക്കുന്നു.
മരിച്ചുപോയ ഈസ ഇവിടെ ഒളിച്ചു ജീവിക്കുന്നതുപോലും ഇല്ലീഗല്‍ മൈഗ്രേഷന്‍തന്നെ. പലതുകൊണ്ടും പ്രശ്‌നപരിഹാരമായില്ല. ഈസ ഇതുവരെയില്ലാത്ത രീതിയില്‍ പൗരത്വത്തെ സംബന്ധിച്ചുള്ള നിര്‍ണായകപ്രതിസന്ധിയാകുന്നിടത്ത് കഥയിലെ രാഷ്ട്രീയം കനക്കുന്നു.

Content Highlights : Dr PR Jayasheelan reviews the book Eesayum KP Ummarum Shihabudheen Poythumkadav Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented