സര്‍ഗധനരായ പതിനഞ്ചോളം എഴുത്തുകാരികളുടെ ജീവിതം, അവരുടെ ആത്മഹത്യയുടെ കാരണങ്ങള്‍


ഡോ.പി.കെ. ഭാഗ്യലക്ഷ്മി

പഠനങ്ങള്‍ വളരെ കൂടുതല്‍ നടത്തേണ്ടിയിരുന്നു. വളരെ സൂക്ഷ്മമായിത്തന്നെ. ഒരേ മാനകങ്ങള്‍ വെച്ച് അളക്കാന്‍ കഴിയുന്നതല്ല, ഇവരിലോരോരുത്തരുടെയും സര്‍ഗവ്യാപാരങ്ങള്‍.

ലോകത്തിന്റെ വിവിധ ഇടങ്ങളിലായി, വളരെ സര്‍ഗാത്മകമായി സമൂഹത്തില്‍ ഇടപെട്ടിരുന്ന എഴുത്തുകാരികള്‍, മരണത്തിലേക്ക് തുഴഞ്ഞുപോയവരായുണ്ട്. പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ലോകക്ലാസിക്കുകള്‍ രചിച്ച സര്‍ഗധനരായ പതിനഞ്ചോളം എഴുത്തുകാരികളുടെ ജീവിതം, അവര്‍ മരണത്തിലേക്കെടുത്തുചാടാനുണ്ടായ കാരണങ്ങള്‍, സൂക്ഷ്മതലത്തില്‍ നോക്കിക്കാണാന്‍വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് ഈ കൃതി. മരണത്തെ ഒരു കലയായി സങ്കല്പിച്ചിരുന്ന സില്‍വിയ പ്ലാത്ത് മുതല്‍ കാറിലെ ഗ്യാസ് ടാങ്ക് തുറന്നുവെച്ച് വിഷവാതകം ശ്വസിച്ച് ഭൂമിയിലെ കറുത്ത കുന്നുകള്‍ക്കടിയിലേക്ക് താഴ്ന്നുപോയ അമേരിക്കന്‍ എഴുത്തുകാരിയും കവിയും ഗ്രന്ഥശാലാസൂക്ഷിപ്പുകാരിയുമായ ഷിര്‍ലെ ഫ്രാന്‍സിസ് ബാര്‍ക്കര്‍വരെയുള്ളവരുടെ ജീവിതവും ഇതില്‍പ്പെടുന്നു. ഇവരെല്ലാം സ്വാതന്ത്ര്യം അതിയായി മോഹിച്ചവരും ബന്ധനങ്ങളില്ലാതെ പാറിപ്പറന്നു ജീവിക്കാന്‍ ആഗ്രഹിച്ചവരുമായിരുന്നു. തങ്ങളുടെ സ്വത്വബോധനിര്‍ണയത്തിനൊരുമ്പെടുമ്പോള്‍, അവരനുഭവിച്ചിരുന്ന വിവേചനങ്ങള്‍ അവരില്‍ കടുത്ത വിഷാദരോഗങ്ങള്‍ക്കിടയാക്കുകയും അവര്‍ മരണാഭിമുഖ്യമുള്ളവരായിത്തീരുകയും ചെയ്തതായി കാണുന്നു. എത്രതന്നെ മറ്റുള്ളവരുടെ സ്വാധീനവലയത്തില്‍പ്പെടുമ്പോഴും ഒരിക്കലും മരണാഭിമുഖ്യം അവരെ വിട്ടുപിരിയുന്നില്ല. മിക്കപ്പോഴും ഇവരിലോരോരുത്തരും ദ്വന്ദ്വസ്വഭാവത്തിനുടമകള്‍കൂടിയായിരുന്നുവെന്നു കാണാം.

സര്‍ഗാത്മകമായ മനസ്സുകളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍, അവരുടെ തലച്ചോറുകളില്‍ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകളുടെ അളവില്‍ വരുന്ന വ്യതിയാനത്തിനനുസരിച്ച് സാധാരണമനുഷ്യരില്‍നിന്ന് വ്യത്യസ്തമാണ്. അവരുടെ ചിന്തകള്‍ വ്യത്യസ്തമാകാനുള്ള പ്രധാന കാരണം ഏറക്കുറെ ഈ വ്യതിയാനംകൊണ്ടുകൂടിയാണ്. സാഹചര്യങ്ങളുടെ വ്യത്യസ്തതകള്‍കൂടിയാവുമ്പോള്‍, മാനസികപിരിമുറുക്കം സംഭവിക്കുകയും, അതിന്റെ കാഠിന്യവും ഏറ്റക്കുറച്ചിലുകളുമനുസരിച്ച് ചിലപ്പോള്‍ ആത്മഹത്യയിലേക്കുവരെ അത് നയിച്ചേക്കാനിടയാവുകയും ചെയ്യുന്നു.
ആഹ്ലാദത്തിന്റെ ഉന്നതങ്ങളില്‍ മനസ്സു വിരാജിക്കുമ്പോഴും താഴേത്തട്ടില്‍ ദുഃഖത്തിന്റെ പാതാളത്താഴ്ചയിലേക്ക് ആണ്ടുപോകുന്നത്ര, മറ്റുള്ളവര്‍ക്കു പിടികൊടുക്കാന്‍ കഴിയാതെ, ഭ്രമാത്മകമനസ്സിന്റെ ഉടമകളായിരുന്നു ഇവരെല്ലാവരും. ജീവിതത്തിലെ വേദനകള്‍ കഴുകിക്കളയാനുള്ള മരുന്നായി ഇവര്‍ കലയെ കാണുന്നു. അതുകൊണ്ടുതന്നെ, തങ്ങളിലെതന്നെ ഒരു മറുശരീരമായി അവര്‍ എഴുത്തിനെ, മറ്റു കലകളെ കണ്ടു. മരണജീനുകള്‍ ഒളിപ്പിച്ചുവെച്ച നിഗൂഢതകള്‍ ഓരോ മനുഷ്യനിലും വ്യത്യസ്തമാണ്. അത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് നൂല്‍പ്പാലം പണിയിച്ച് പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കും.

ഒരേസമയം പാരമ്പര്യവാദിയും ആധുനികത ഇഷ്ടപ്പെടുന്ന മനസ്സുകളും തമ്മിലുള്ള വൈരുധ്യം, ആത്മാഭിമാനത്തിനേറ്റ മുറിവുണങ്ങാതെ വേട്ടയാടപ്പെടുമ്പോഴുള്ള മാനസികാവസ്ഥ, ഇതില്‍നിന്നൊക്കെയുള്ള ഒളിച്ചോട്ടം കലയിലൂടെ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ആനന്ദമായിരുന്നു ഇവരെയോരോരുത്തരെയും ജീവിപ്പിച്ചിരുന്നതെങ്കിലും, പല തരത്തിലുള്ള ആശയസംഘര്‍ഷങ്ങള്‍ ഭരിച്ചിരുന്ന മനസ്സിന്റെ ഭാരം ലഘൂകരിക്കാന്‍ ഇവയൊന്നും പ്രാപ്തമായിരുന്നില്ല.

ഭൂമിയില്‍ ഒരേ അവകാശങ്ങളോടെ ജീവിക്കുന്ന വ്യക്തികള്‍, സ്ത്രീ - പുരുഷന്‍ എന്ന വേര്‍തിരിവോടെ സമൂഹത്തില്‍ സ്ഥാനനിര്‍ണയങ്ങളില്‍ വരുമ്പോള്‍ പുരുഷന്റെ ആധിപത്യത്തിനു കീഴില്‍, തങ്ങളുടെ സ്വാസ്ഥ്യങ്ങളെ അടിയറവെച്ചുപോകാന്‍ കഴിയാത്ത അവസ്ഥ ഓരോരുത്തരെയും ഏറെ ആകുലപ്പെടുത്തുന്നുണ്ട്. സാമൂഹികാന്തരീക്ഷംകൂടി അതിനു വളം ചേര്‍ത്തുകൊടുക്കുമ്പോള്‍, വിട്ടുവീഴ്ചകള്‍ ചെയ്ത് മുഖംമൂടിയണിഞ്ഞ് ജീവിക്കേണ്ടിവരുന്ന അവസ്ഥ, അതില്‍നിന്നും കുതറിച്ചാടി സ്വാതന്ത്ര്യത്തോടെ കഴിയുവാനുള്ള അഭിവാഞ്ഛ ഇവരിലോരോരുത്തരിലും കാണാം.
'ഞാന്‍ ആരാണ്?' എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ സംഘര്‍ഷമനുഭവിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ, പാതിവഴിയില്‍ മുറിച്ചുമാറ്റി മറുലോകത്തേക്ക് ഉത്തരം തേടിപ്പോയവര്‍. അതായിരുന്നു ഇവരിലോരോരുത്തരും. മിക്കവരിലും കുട്ടിയായിരിക്കുമ്പോള്‍ മനസ്സിനേറ്റ മാനസികക്ഷതങ്ങള്‍, അത് ഉള്ളില്‍ കിടന്ന് പഴുത്ത് പടര്‍ന്ന്, അവരെത്തന്നെ തിന്നുതീര്‍ക്കുന്ന അര്‍ബുദമായി വളരുമ്പോഴുള്ള അവസ്ഥ, അവരെ അതില്‍ അഭിരമിപ്പിക്കുന്നവരാക്കി മാറ്റുന്നു.

പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളിലെ, സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും കാഴ്ചപ്പാടുകളെയും വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍, സ്ത്രീ എന്ന നിലയില്‍ അവര്‍ അനുഭവിക്കേണ്ടിവന്നിരുന്ന നീതിനിഷേധങ്ങളും അതുമൂലം അനുഭവിക്കേണ്ടിവന്നിരുന്ന മാനസികസംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്നവയാണ്. ജന്മവാസനകളും ജനിച്ചതിനുശേഷം ചുറ്റുമുള്ള സാമൂഹികാന്തരീക്ഷവും ചേര്‍ന്ന ഇടങ്ങള്‍ നല്കുന്ന ആശയസംഘര്‍ഷങ്ങള്‍, കലയുടെ ആന്ദോളനമുള്ള മനസ്സില്‍ വല്ലാതെ അനുരണനങ്ങള്‍ സൃഷ്ടിക്കും. അപമാനകരമായ അടിമത്തം, അത് മാനസികമായാലും ശാരീരികമായാലും സാമ്പത്തികമായാലും അത് അപമാനംതന്നെയാണെന്ന തിരിച്ചറിവു നല്കുന്ന അവബോധം, തന്റെ സ്ഥാനം ഈ ലോകത്തില്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള ആശങ്കപ്പെടല്‍, എല്ലാം ചേര്‍ന്ന മാനസികസംഘര്‍ഷം ഇതെല്ലാം ഇവരിലോരോരുത്തരെയും ഉന്മാദാവസ്ഥയോളം ചെന്നെത്തിക്കുന്നുണ്ട് പലപ്പോഴും. സാഹിത്യലോകത്തിലെ പുരുഷാധിപത്യത്തിനെതിരേയുള്ള ചോദ്യങ്ങളായി ഫിക്ഷനായും നോണ്‍ ഫിക്ഷനായും വന്ന എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന വെര്‍ജീനിയന്‍കൃതി നൂറ്റാണ്ടുകള്‍ക്കുശേഷവും, ചോദ്യങ്ങളായിത്തന്നെ തുടരുന്നതെന്തുകൊണ്ട്? സാങ്കേതികവിദ്യകളുടെ വിജയം, അള്‍ട്രാസോണിക് വേഗതയില്‍ കുതിച്ചുയരുമ്പോഴും ആധിപത്യമനോഭാവങ്ങള്‍ തിരുത്തപ്പെടാതെ ആഴത്തിലുള്ള കുഴികളിലേക്ക് പതിച്ചുപോകുന്നു. അവ രോദനങ്ങളായിത്തന്നെ തുടരുന്നു.

ആക്രമിക്കപ്പെടുന്ന പ്രകൃതിയും സ്ത്രീയും ഭൂമിയുടെ ജൈവപ്രകൃതിയുടെ ഒരൊറ്റ ഭാഗംതന്നെയാണ്, ഒരൊറ്റ മുഖംതന്നെയാണ്. അധികാരധാര്‍ഷ്ട്യത്തിന്റെ, ഹിംസാത്മകതയുടെ, ആധിപത്യത്തിന്റെ അപ്രമേയമായ വിദ്യുത്പരിധിക്കുള്ളില്‍നിന്ന് പുറത്തുവരണമെങ്കില്‍ അതിനു മറ്റൊരു ലോകമാണ് ഉചിതമെന്നു കരുതി മരണവുമായി സാത്മ്യം പ്രാപിച്ച്, ഒരു പ്രണയിയെ എന്നപോലെ, അതിനെ സ്വീകരിച്ചുകൊണ്ട് അതില്‍ വിലയംപ്രാപിച്ചുപോയവരാണ് ഇവരോരോരുത്തരും.

സ്ത്രീ ഒരിക്കലും ഒരു സഹവ്യക്തിയല്ല. മറ്റൊരാളെ ചാരിയിരുന്ന് ജീവിതം തീര്‍ക്കേണ്ടവളുമല്ല. സ്വന്തമായ വ്യക്തിത്വമുള്ളവളും, ലോകത്തോട് അവരുടെതായ രീതിയില്‍ സര്‍ഗാത്മകമായി വളരെയധികം ഇടപെടല്‍ നടത്താന്‍ പറ്റുന്നവളുമാണ്. ജീവിതത്തോടുള്ള പരമമായ ആര്‍ത്തി നിലനില്ക്കേതന്നെ, മരണത്തിലേക്കു കുതിച്ചുചാടി മരണവുമായി രതിയിലേര്‍പ്പെടുന്നതുപോലെ അതില്‍ സായുജ്യം കണ്ടെത്തിയവരുമായിരുന്നു, ഈ പതിനഞ്ചില്‍ മിക്കപേരും.

പഠനങ്ങള്‍ വളരെ കൂടുതല്‍ നടത്തേണ്ടിയിരുന്നു. വളരെ സൂക്ഷ്മമായിത്തന്നെ. ഒരേ മാനകങ്ങള്‍ വെച്ച് അളക്കാന്‍ കഴിയുന്നതല്ല, ഇവരിലോരോരുത്തരുടെയും സര്‍ഗവ്യാപാരങ്ങള്‍. കാറ്റുപോലെ സ്വതന്ത്രമായലയുന്ന ഒരു മനസ്സിനെ, അതില്‍ നിറയുന്ന വ്യഥകളെ കേവലം ഒരു ബലൂണില്‍ നിറച്ചുവെച്ചാല്‍, ഏറെ വൈകുംമുന്‍പ് അത് സ്ഥലപരിമിതികൊണ്ട് ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതുപോലെയാണ്. സര്‍ഗാത്മകതയുടെ ഔന്നത്യത്തിലെത്തിയ ലോകത്തിലെ എണ്ണമറ്റ പ്രതിഭകള്‍, അതു പുരുഷനായാലും സ്ത്രീയായാലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തീവ്രമായ, ക്രമരഹിതമായ ഉന്മാദത്തോടടുത്ത മാനസികപ്രശ്നങ്ങള്‍ക്കടിമപ്പെട്ടവരാണ്. സ്ത്രീകളിലെത്തുമ്പോള്‍, പലതരം സാമൂഹികപ്രശ്നങ്ങള്‍ അവരെ കൂടുതല്‍ അടിമകളും അസ്വതന്ത്രരുമാക്കുന്നു. ആരോ തീര്‍ത്ത ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്ന് വീര്‍പ്പുമുട്ടുമ്പോള്‍ 'ഇതല്ല ഞാനാഗ്രഹിച്ച ജീവിതം, ഇതല്ല ഞാനാഗ്രഹിച്ച ലോകം' എന്ന് അവര്‍ക്കുറക്കെ വിളിച്ചുപറയേണ്ടിവരുന്നു. ബധിരകര്‍ണങ്ങളില്‍ പതിച്ചുപോകുന്ന അവയെല്ലാം പ്രതിധ്വനിയിലെ പ്രതിഫലനമെന്നോണം അവരിലേക്കുതന്നെ തിരിച്ചെത്തുന്നു.

ലോകം മുഴുവന്‍ നടക്കുന്ന പലതരത്തിലുള്ള ആഭ്യന്തരപ്രശ്നങ്ങളും യുദ്ധങ്ങളും മത്സരങ്ങളും കള്ളികളിലേക്ക് സ്ത്രീകളെ മാറ്റിനിര്‍ത്തുമ്പോള്‍, ജീവനുതന്നെ ഭീഷണിയായി വരുമ്പോള്‍, സ്വന്തം ദേഹം അധികാരികളുടെ മേച്ചില്‍പ്പറമ്പായി മാറുമ്പോള്‍, പ്രതിഷേധത്തിന്റെ ദുര്‍ബലസ്വരങ്ങള്‍ എവിടെയും കേള്‍ക്കാതെ പോകുമ്പോള്‍ അവര്‍ ഒരു മറുലോകം സൃഷ്ടിച്ചുതുടങ്ങുന്നു. വെര്‍ച്വല്‍ നിര്‍മിതിയിലെന്നപോലുള്ള മറ്റൊരു ലോകം. രക്ഷപ്പെട്ടുപോകാന്‍ മരണത്തിന്റെ താക്കോലുമായി ചെന്ന്, പൂട്ടുതുറന്ന് പറന്നുപോയവര്‍. അവര്‍ സങ്കല്പിക്കുന്നുണ്ട്, സുതാര്യമായ ആ മറുലോകം. അവരുടെ കാമനകളെ അതിരുകളില്ലാതെ തുറന്നുവിടാന്‍ പറ്റുന്ന സ്ഥലമാണത്. അവിടെ അവരുടെ സ്വത്വബോധനിര്‍ണയം നടത്താന്‍ പാകത്തിലാണ് എല്ലാമൊരുക്കിയിരിക്കുന്നത്. തടഞ്ഞുനിര്‍ത്താന്‍ അതിരുകളില്ലാത്ത ശുഭ്രമായ ലോകം. സര്‍ഗാത്മകതയും ക്രമരഹിതമായ മാനസികാവസ്ഥയുമുള്ളവരുടെ ഭാവനകള്‍ക്ക് അതിര്‍വരമ്പുകളില്ല. അതുമായി ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍, മനസ്സിന്റെ നേര്‍ത്ത പാളികള്‍ക്ക് അവര്‍ ക്ഷതം സംഭവിപ്പിക്കുന്നു. വിഷാദരോഗം, ഉന്മത്തത, അമിതോത്സാഹം, മൗനം, അലസത തുടങ്ങിയ ലക്ഷണങ്ങള്‍ സര്‍ഗാത്മകമനസ്സുകളുമായി ബന്ധപ്പെട്ടു കാണുന്നവയെങ്കിലും അവര്‍, ധിഷണാപരമായി വളരെയധികം ഔന്നത്യത്തില്‍ നില്ക്കുന്നവരാണെന്നു കാണാം. മനസ്സിന്റെ വളരെ ചെറിയ പോറലുകള്‍, ഉയരമുള്ള മലമുകളില്‍നിന്ന് അസ്വസ്ഥതകളുടെ താഴ്വാരത്തിലേക്ക് അവരെ തള്ളിയിടും.

thanuppinte
പുസ്തകം വാങ്ങാം

സര്‍ഗാത്മകതയും മരണചിന്തയും ഒരേയളവില്‍ കനപ്പെട്ടിരിക്കുന്ന മനസ്സ് അതിസങ്കീര്‍ണമായിരിക്കും. ഭൗതികജീവിതം മിക്കപ്പോഴും അത്തരത്തിലുള്ളവരില്‍ പരാജയപ്പെടാന്‍ കാരണം, മരണചിന്ത മനസ്സില്‍ മേല്‍ക്കോയ്മ നേടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സ്വന്തം മനസ്സിനോടു യാത്രപറയാന്‍പോലും നില്ക്കാതെ ശാന്തമായി മരണത്തിനു നേര്‍ക്ക് നടന്നടുത്തവരാണ് ഇവരില്‍ ഭൂരിഭാഗവും.
ഇഴകീറിയെടുക്കുമ്പോള്‍ ലഭിക്കുന്നത്, വളരെ കുട്ടിക്കാലത്ത് മനസ്സിനേറ്റ മുറിവുകള്‍, അതു ജീവിതത്തിലുടനീളം വളര്‍ന്ന് മാരകമാവുന്ന ഒരവസ്ഥ തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ വന്നുചേരുകയും മറ്റുള്ളവരിലേക്കു പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത വേദനകളായി അതു മാറുകയും ചെയ്യുമ്പോള്‍ വരുന്ന അവസ്ഥകളാണ്. അതിന് ആക്കം കൂട്ടുന്ന ചുറ്റുപാടുകളും അവയോടൊന്നുചേര്‍ന്നു നില്ക്കുമ്പോള്‍ പ്രത്യേകിച്ച് വളരെ അനുഭാവപൂര്‍ണമായുള്ള ചുറ്റുപാടുകള്‍ കുറെയൊക്കെ ജീവിതത്തിലേക്ക് അവരെ പിടിച്ചുനിര്‍ത്തുന്നുണ്ടെങ്കിലും, എല്ലാ മതില്‍ക്കെട്ടുകളും ഭേദിച്ച് അവ മരണത്തിന്റെ ഭ്രമണനൃത്തത്തിലകപ്പെടുകതന്നെ ചെയ്യുന്നു.

സര്‍ഗാത്മകമനസ്സുള്ള എഴുത്തുകാരികളെ മരണാഭിമുഖ്യം എങ്ങനെ പിടിയിലാക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചെറുപഠനമാണിത്. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല, ഉത്തരങ്ങളും.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'തണുപ്പിന്റെ പരവതാനികളില്‍' എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content hgihlights: Dr PK Bagyalaksmi Book Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented