പ്രതീകാത്മക ചിത്രം
മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററും ധനകാര്യവിദഗ്ധനുമായ ഡോ. ആന്റണി സി. ഡേവിസ് എഴുതി മാതൃഭൂമി ഇംപ്രിന്റായ ആസ്പയർ പ്രസിദ്ധീകരിച്ച അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം എന്ന പുസ്തകം സാമ്പത്തിക അച്ചടക്കമുള്ള ജീവിതത്തിനു സഹായകമായ ഒന്നാണ്. വരുമാനവും ചെലവും എങ്ങനെ ഏകോപിപ്പിച്ച് കൊണ്ടുപോകാമെന്നും കൃത്യമായ ആസൂത്രണത്തിലൂടെ നിക്ഷേപങ്ങള്‍ ഭദ്രമാക്കാമെന്നും ഈ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
റിട്ടയര്‍മെന്റുകാല ജീവിതത്തിന് നിക്ഷേപം തുടങ്ങാന്‍ ആയിരങ്ങളൊന്നും വേണ്ട. ദിവസം 50 രൂപവീതം നീക്കിവെച്ചാല്‍മതി. ഒരുകോടി രൂപയിലേറെ സമ്പാദിക്കാം.
ദിവസം 50 രൂപ നീക്കിവെക്കാന്‍ കഴിയാത്ത ആരെങ്കിലും ഇന്നുണ്ടോ? ദിവസക്കൂലിക്കാരനുപോലും ഏറെ ബുദ്ധിമുട്ടൊന്നുമില്ലാതെ ഇതിനു കഴിയും. നിത്യജീവിതത്തിലെ അത്യാവശ്യമില്ലാത്ത ചെലവുകള്‍ മാറ്റിവെച്ചാല്‍ത്തന്നെ ഈ തുക അനായാസം കണ്ടെത്താം.
പത്ത് സിഗരറ്റിന് ദിനംപ്രതി 80 രൂപയെങ്കിലും ചെലവാക്കുന്ന പുകവലിക്കാരനാണ് നിങ്ങളെന്ന് കരുതുക. പടിപടിയായി പുകവലിയെന്ന ദുശ്ശീലം മാറ്റാന്‍കഴിഞ്ഞാല്‍ ദിനംപ്രതി എത്ര രൂപ സമ്പാദിക്കാം? പുകവലി ഒഴിവാക്കുന്നതിലൂടെ സമ്പാദ്യം മാത്രമല്ല ആരോഗ്യംകൂടി സംരക്ഷിക്കാനാകുമെന്ന കാര്യം മറക്കേണ്ട.
അതുമല്ലെങ്കില്‍ ഹോട്ടലില്‍നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നയാളാണോ നിങ്ങള്‍? ഒരു നേരമെങ്കിലും അത് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ആ തുക സമ്പാദ്യത്തിലേക്ക് മാറ്റാം. സ്ഥിരമായി കാറില്‍ ഓഫീസില്‍ പോകുന്നയാളാണെങ്കില്‍ പൊതുഗതാഗതസംവിധാനം ഉപയോഗിച്ച് ചെലവ് ചുരുക്കാം.
ചെറുതായെങ്കിലും കൈനനയാതെ മീന്‍ പിടിക്കാനാവില്ലെന്ന കാര്യം ഓര്‍ക്കുക. ചെറിയ ത്യാഗങ്ങളുണ്ടായാലേ ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയൂ.
പ്രതിദിനം 50 രൂപ വീതം നീക്കിവെച്ചാല്‍ ഒരു മാസം 1500 രൂപയും പ്രതിവര്‍ഷം 18,000 രൂപയും നിങ്ങള്‍ക്ക് സമ്പാദിക്കാനാവും. മുപ്പതു വര്‍ഷംകൊണ്ട് അത് ഒരുകോടി രൂപയായി വളരും.
എങ്ങനെയാണെന്നു നോക്കാം
പ്രതിദിനം 50 രൂപ നീക്കിവെച്ചാല്‍ മാസമെത്തുമ്പോള്‍ അത് 1500 രൂപയായിട്ടുണ്ടാകും. പ്രതിമാസം 1500 രൂപവീതം 30 വര്‍ഷം(വാര്‍ഷിക ആദായം 15 ശതമാനം നിരക്കില്‍) നിക്ഷേപിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം നിക്ഷേപം 1.05 കോടിയായി വളര്‍ന്നിട്ടുണ്ടാകും.
വാര്‍ഷിക ആദായം 12 ശതമാനമാണെങ്കില്‍ നിക്ഷേപം 52.94 ലക്ഷവും 10 ശതമാനം നിരക്കിലാണെങ്കില്‍ 34.18 ലക്ഷവുമായി നിക്ഷേപം വളരും. എട്ടു ശതമാനമാണെങ്കില്‍ നിങ്ങളുടെ തുക 22.50 ലക്ഷവുമാകും.
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചാല്‍ കോടികള്‍ നേടാനാകുമോ?
നേട്ടത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ലിക്വിഡിറ്റിയുടെ കാര്യത്തില്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം പിന്നിലാണ്
കോഴിക്കോട് സ്വദേശിയായ ജോസഫിന് ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയില്‍ ഒരേക്കര്‍ സ്ഥലമുണ്ട്. ഭാവിയില്‍ പ്രയോജനപ്പെടുത്താമെന്നു കരുതി വര്‍ഷങ്ങള്‍ക്കുമുന്‍പ് ചുളുവിലയ്ക്ക് വാങ്ങിയതാണ്.
വല്ലപ്പോഴുമൊക്കെ അവിടെ പോയി വേലിയൊക്കെ കെട്ടി കോഴിക്കോട്ടേക്ക് തിരിച്ചുവരികയാണ് പതിവ്. വര്‍ഷമേറെ കഴിഞ്ഞപ്പോള്‍ മകളുടെ വിവാഹത്തിനു വേണ്ടി അതു വിറ്റ് പണം കണ്ടെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. വില്പന നടക്കാന്‍ രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു. സെന്റിന് ഒരു ലക്ഷം രൂപയാണ് മതിപ്പുവിലയായി അദ്ദേഹം നിശ്ചയിച്ചത്.
എന്നാല്‍ വില്ക്കാന്‍ വെച്ചിട്ട് വര്‍ഷം നാലു കഴിഞ്ഞു. വാങ്ങാന്‍ പലരും വന്നു. പ്രതീക്ഷിച്ചതിന്റെ പകുതിപോലും വില ആരും ഓഫര്‍ ചെയ്തില്ല. പലരും ഉപദേശിച്ചു. പ്ലോട്ടുകളായി തിരിച്ച് വില്പന നടത്താന്‍. അതിനുള്ള എഫര്‍ട്ടെടുക്കാന്‍ അദ്ദേഹം തയ്യാറുമല്ല. പത്തു സെന്റിന്റെ പത്ത് പ്ലോട്ടുകളാക്കിയാല്‍ വഴിയിടണം, മറ്റു നൂലാമാലകള്‍ വെറെ.
ഏതായലും മകളുടെ വിവാഹം നടത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടാന്‍തന്നെ ജോസഫ് തീരുമാനിച്ചു. ഇത് ജോസഫിന്റെ മാത്രം അനുഭവമല്ല. ഭൂമിയില്‍ നിക്ഷേപം നടത്തിയ പലരുടെയും അവസ്ഥയാണ്.
സ്വര്‍ണം കഴിഞ്ഞാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നിക്ഷപമാണ് റിയല്‍ എസ്റ്റേറ്റ്. മറ്റു നിക്ഷേപമാര്‍ഗങ്ങള്‍വഴി കൂട്ടിവെച്ച പണം ഭൂമിയോ രണ്ടാമതൊരു വീടോ വാങ്ങാന്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
ദീര്‍ഘകാലലക്ഷ്യത്തോടെയാണ് പലരും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നത്. മക്കളുടെ വിവാഹം, ഉന്നതവിദ്യാഭ്യാസം, പെന്‍ഷന്‍കാലത്ത് ജീവിക്കാനുള്ള വരുമാനം എന്നിവയൊക്കെയാകാം നിക്ഷേപലക്ഷ്യങ്ങള്‍.
താമസത്തിനോ നിക്ഷേപത്തിനോ?
സ്വന്തമായി താമസിക്കുന്നതിന് ഭൂമി വാങ്ങുന്നവര്‍ അതിനെ നിക്ഷേപസാധ്യതകളുമായി കൂട്ടിയിണക്കേണ്ടതില്ല. അല്പം കൂടുതല്‍ വില നല്കിയാലും മികച്ച ലൊക്കേഷനും താമസ സൗകര്യങ്ങളും പരിഗണിച്ച് വീട് വാങ്ങുകയോ, ഭൂമി വാങ്ങി വീട് വെക്കുകയോ ചെയ്യാം. ഭവനവായ്പ പ്രയോജനപ്പെടുത്തി നികുതി ആനുകൂല്യവും നേടാം.
എന്നാല്‍ നിക്ഷേപമായി പരിഗണിച്ച് ഭൂമിയോ വീടോ വാങ്ങുമ്പോള്‍ റീസെയില്‍ വാല്യുവിന് പ്രാധാന്യം നല്കണം. എല്ലാ വാഹനങ്ങളും പോകുന്ന റോഡ് സൗകര്യം, വെള്ളം, ഭംഗിയുള്ള പ്ലോട്ട്, ആശുപത്രി, സൂപ്പര്‍മാര്‍ക്കറ്റ്, ബസ്സ്റ്റോപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ പരിഗണിക്കണം. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള സ്ഥലമാണോയെന്ന് പ്രത്യേകം അന്വേഷിക്കുകയും വേണം.
മികച്ച നേട്ടം ലഭിക്കുമോ?
പത്തോ ഇരുപതോ വര്‍ഷം മുന്‍പ് ഭൂമിയില്‍ നിക്ഷേപിച്ചവര്‍ക്ക് മികച്ച നേട്ടമാണ് ലഭിച്ചത്. അതേ സമയം, അഞ്ചുവര്‍ഷം മുന്‍പ് നിക്ഷേപിച്ചവര്‍ക്കാകട്ടെ, കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.
ആവശ്യംവന്നാല്‍ പെട്ടെന്ന് വില്ക്കാന്‍ കഴിയില്ലെന്നതാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പരിമിതി. സ്വര്‍ണം, ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം എന്നിവയൊക്കെ ഏതു സമയത്തും പണമാക്കി മാറ്റാന്‍ സഹായകരമായ നിക്ഷേപമാര്‍ഗങ്ങളാണ്.
രണ്ടാമതൊരു വീട്
കോഴിക്കോട്ടെതന്നെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് വിനീത്. മൂന്നു വര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശിയായ അദ്ദേഹം കോഴിക്കോട്ടെത്തിയത്. വന്നയുടനെ കോര്‍പ്പറേഷന്‍ ഏരിയയില്‍ത്തന്നെ ആറു സെന്റ് പ്ലോട്ട് അദ്ദേഹം വാങ്ങി. സൃഹൃത്തുവഴി പരിചയപ്പെട്ട എന്‍ജിനീയറുടെ സഹായത്തോടെ രണ്ടു വര്‍ഷത്തിനുള്ളില്‍ വീടും വെച്ചു.
വാടക വരുമാനം
എറണാകുളത്തേക്കുതന്നെ തിരിച്ചുപോയ വിനീത് കോഴിക്കോട്ടെ വീട് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. വാടകവരുമാനം ബാങ്ക് ലോണ്‍ അടയ്ക്കാന്‍ ഉപയോഗിക്കാമെന്നാണ് അദ്ദേഹം കണക്കുകൂട്ടിയത്. പ്ലോട്ട് വാങ്ങി വീടുവെക്കാന്‍ മൊത്തം ചെലവായത് 70 ലക്ഷം രൂപയാണ്. 35 ലക്ഷം രൂപയാണ് ഭവനവായ്പയെടുത്തത്.
പ്രതിമാസം 20,000 രൂപയെങ്കിലും വാടകയിനത്തില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 2000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള മികച്ച വാസ്തുവിദ്യയില്‍ നിര്‍മിച്ച വീടിന് 20,000 രൂപ കൂടുതലൊന്നുമല്ല. എന്നിരുന്നാലും ആറു മാസത്തോളം വീട് പൂട്ടിയിടേണ്ടിവന്നു. പിന്നെ, വാടക 15,000 രൂപയാക്കി കുറച്ചപ്പോഴാണ് നല്ലൊരു വാടകക്കാരനെ ലഭിച്ചത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഒരുലക്ഷം രൂപയോളം അറ്റകുറ്റപ്പണിക്ക് ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹത്തിനറിയാം. ഭാവിയില്‍ നല്ല വിലയ്ക്ക് വില്ക്കാമെന്നു മാത്രമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാലാവധി
പത്തു വര്‍ഷമെങ്കിലും കൈവശം വെക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി കണ്ടു വേണം നിക്ഷേപം നടത്താന്‍. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍തന്നെ മൂന്നു മാസം മുതല്‍ ഒരുവര്‍ഷം വരെ കാലതാമസം എടുത്തേക്കാം.
ആര്‍ക്കാണ് യോജിച്ചത്?
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. പെട്ടെന്ന് ആവശ്യമില്ലാത്ത പണം നിക്ഷേപിക്കാം.
മറ്റു ചെലവുകള്‍
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ്, ആധാരം എഴുത്തുകാര്‍ക്കും വക്കീലിനുമുള്ള ഫീസ് തുടങ്ങിയവയ്ക്കു പുറമേ, ബ്രോക്കര്‍ വഴിയാണ് ഇടപാടെങ്കില്‍ അവര്‍ക്കുള്ള കമ്മീഷനും നല്കേണ്ടിവരും.
സുരക്ഷിതത്വം, ലാഭം എന്നിവയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം. നല്ല വില കിട്ടുമ്പോള്‍ മാത്രം വിറ്റാല്‍ മതിയെന്ന നിലപാടു സ്വീകരിക്കുന്ന നിക്ഷേപകര്‍ക്ക് കാലതാമസം വന്നാലും മികച്ച ലാഭം റിയല്‍ എസ്റ്റേറ്റില്‍നിന്ന് ലഭിക്കും.
Content Highlights: Dr. Antony C Davis, Mathrubhumi, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..