ഡോ. സുകുമാർ അഴീക്കോട്/ഫോട്ടോ: കെ.കെ സന്തോഷ്
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍.' ഗാന്ധിജി, നെഹ്റു, അബ്ദുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, നിത്യചൈതന്യയതി, മുഹമ്മദ് അബ്ദുറഹ്മാന്, കെ. കരുണാകരന്, എം.പി. വീരേന്ദ്രകുമാര്‍, സുകുമാര്‍ അഴീക്കോട്, കുല്‍ദീപ് നയാര്‍, പ്രേംനസീര്‍, ഡോ. പി.കെ. വാരിയര്‍ തുടങ്ങി ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പതിനെട്ടു മഹാരഥന്മാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. പുസ്തകത്തില്‍ നിന്നും ഡോ. സുകുമാര്‍ അഴീക്കോടിനെക്കുറിച്ചെഴുതിയ ലേഖനം വായിക്കാം.
വാക്കുതന്നെയാകുന്നു മനുഷ്യന്റെ ഏറ്റവും വലിയ സിദ്ധി. വിശുദ്ധവചനമാണ് ഈ ലോകത്തെ അമൂല്യവിഭവം. അത് ദൈവത്തോട് മനുഷ്യനെ ബന്ധപ്പെടുത്തുന്നു. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മഹാമന്ദിരങ്ങള്‍ പണിതുയര്‍ത്താന്‍ മനുഷ്യപുത്രന് കൂട്ടായിനിന്നതും വചനവിസ്മയംതന്നെ.
വചസ്സില്ലാതെ മതമോ ദര്‍ശനമോ സംസ്കാരമോ ഇല്ല. എല്ലാ അറിവിന്റെയും പ്രഭവവും പ്രഭാവവുമായി അത് നിലകൊള്ളുന്നു. വചനത്തിലൂടെ വിജ്ഞാനത്തിന്റെ വിനിമയം നടക്കുന്നു. അകം പൊരുളായി ഒളിഞ്ഞിരിക്കുന്ന ജ്ഞാനശേഖരങ്ങളെ അത് വെളിക്കു കൊണ്ടുവരുന്നു.
ജീവപ്രപഞ്ചത്തിലെ ജന്തുജാലങ്ങള്‍ക്കെല്ലാം സ്വന്തമായ സംവേദനരീതികളുണ്ട്. പക്ഷേ, ഭാഷണശേഷിയില്ല. മിണ്ടാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം അതിനെയെല്ലാം മനുഷ്യന് 'മിണ്ടാപ്രാണികള്‍' എന്നു വിളിക്കുന്നത്. മിണ്ടുന്ന ജീവിയായതുകൊണ്ട് അണ്ഡകടാഹത്തില്ത്തന്നെ അതുല്യമായ സ്ഥാനത്തിന് മനുഷ്യന് അര്ഹനായിത്തീര്ന്നിരിക്കുന്നു.
ഭാഷണം ഉത്തമലക്ഷ്യങ്ങള്ക്കുവേണ്ടി വിനിയോഗിക്കപ്പെട്ടപ്പോള്‍ അത് ചരിത്രപ്രവാഹത്തെ നിര്‍മിക്കാനും നിര്‍ണയിക്കാനും പര്യാപ്തമായി. ചിലപ്പോഴൊക്കെ അത് ചരിത്രത്തിന്റെ ഒഴുക്ക് തിരിച്ചുവിടുകയും ചെയ്തു. പ്രവാചകന്മാരും ആത്മീയാചാര്യന്മാരും മാത്രമല്ല, രാഷ്ട്രനിര്‍മാതാക്കളും രാഷ്ട്രീയനേതാക്കളും സാമൂഹികനായകരുമെല്ലാം വാക്കിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുകയായിരുന്നു.
മാനവരാശിയുടെ കലാവ്യവഹാരങ്ങളില് ഏറ്റവും പൗരാണികമായത് പ്രസംഗമായിരിക്കണം. അതിവേഗത്തില്‍ ഫലം ചെയ്യുന്നതും സ്വാധീനിക്കുന്നതും വാഗ്മിതതന്നെ. അത് ഞൊടിയിടയില്‍ത്തന്നെ, നേരേചൊവ്വേ ശ്രോതാവിന്റെ ഹൃദയത്തിലേക്ക് ചെല്ലുന്നു. വളവും തിരിവുമില്ലാത്ത ഋജുമാര്ഗത്തിലൂടെയാണ് പ്രഭാഷണത്തിന്റെ പ്രവാഹം. പ്രസംഗകന്റെ ഹൃദയത്തില്‍നിന്ന് ശ്രോതാവിന്റെ ഹൃദയത്തിലേക്ക് തത്സമയം ഒരു സേതുബന്ധനം. അങ്ങനെ പ്രഭാഷകന്‍ ശ്രോതാക്കളെ കൂടെ കൂട്ടുന്നു. പിന്നെ ഒന്നിച്ചാണ് സഞ്ചാരം. ആശയങ്ങളുടെ പ്രവിശാലമായ ആകാശത്തിലൂടെയുള്ള മാനസസഞ്ചാരം. വാഗ്മിയുടെ ആളും അര്‍ഥവുമെല്ലാം വാക്കിലൂടെതന്നെ ഉണ്ടായിത്തീരുന്നതാണ്.
ഇക്കഴിഞ്ഞ നവംബര്‍ 12ന് തൃശ്ശൂരില്‍ ചെയ്തൊരു പ്രസംഗത്തില്‍ 'വാക്കുകളാണ് തന്റെ പട്ടാള'മെന്ന്, ഡോ. സുകുമാര്‍ അഴീക്കോട് പറയുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് പ്രസംഗപരിശീലനം നല്‍കുന്നതിനായി ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന് സംഘടിപ്പിച്ച വേദിയിലായിരുന്നു ഈ പ്രസ്താവന. ഒരു രാഷ്ട്രീയകക്ഷിയുടെയും പിന്തുണയില്ലാതെ സമകാലിക മലയാളിസമൂഹത്തില്‍ അദ്ദേഹം നേടിയ ഇടം, എന്റെ പ്രസംഗമദ്ധ്യേ പരാമര്ശിച്ചതിനോട് പ്രതികരിച്ചുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. വാക്കിന്റെ ഊക്കും നിലയും വിലയും ശക്തിയും കരുത്തും എല്ലാം തിരിച്ചറിയുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്ത വാഗ്മിയായിരുന്നു സുകുമാര്‍ അഴീക്കോട്.
മഹാത്മാഗാന്ധി, ഗാന്ധിയന്‍ മാര്‍ഗം, സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഭാരതീയദര്‍ശനം, ദേശീയോദ്ഗ്രഥനത്തിന്റെ സംസ്കാരം, ജനാധിപത്യ അവബോധം, മതേതരരാഷ്ട്രീയം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വരൂപീകരണത്തില്‍ പങ്കുവഹിച്ച ഘടകങ്ങളാണ്. 'സാരേ ജഹാം സെ അച്ഛാ... ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന പ്രശസ്തമായ ദേശസ്നേഹഗീതം വിവര്‍ത്തനം ചെയ്തും വ്യാഖ്യാനിച്ചും ഈ ലേഖകന്‍ എഴുതിയ ഭാരതീയഗീതം എന്ന പുസ്തകത്തിന് അഴീക്കോട്മാഷ് എഴുതിയ അവതാരികയില്‍ ഹിന്ദുസ്താനി സാഹിത്യപാരമ്പര്യത്തോട് അദ്ദേഹത്തിനുള്ള ആദരം പ്രകടമാണ്. മലയാളസാഹിത്യത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടുതന്നെ ദേശീയവും രാജ്യാന്തരവുമായ സാഹിത്യചക്രവാളങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭയുടെ ലോകം.
വാക്കിന്റെ ഇരുരൂപങ്ങളിലും സൗകുമാര്യത്തിന്റെ അതുല്യമായ ഹസ്താക്ഷരം കുറിച്ചാണ് സുകുമാര്‍ അഴീക്കോട് കടന്നുപോയിരിക്കുന്നത്. വാമൊഴിയും വരമൊഴിയും ഒരുപോലെ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന് വഴങ്ങിക്കൊടുത്തു. പ്രസംഗവും എഴുത്തും അദ്ദേഹത്തിന് ഒരേ ലക്ഷ്യത്തിലേക്കുള്ള മാര്ഗദ്വയം മാത്രമായി. ശക്തമായും കൃത്യമായും ഇരു മാധ്യമങ്ങളിലൂടെയും തന്റെ വീക്ഷണം അദ്ദേഹം പ്രകടിപ്പിച്ചുപോന്നു. സ്റ്റേജില്‍ മുഴങ്ങുന്ന ശബ്ദമായും പേജില്‍ സ്പന്ദിക്കുന്ന അക്ഷരമായും പതിറ്റാണ്ടുകളോളം തന്റെ കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയില്‍ മര്‍മസ്ഥാനത്തുതന്നെ അദ്ദേഹം നിലകൊണ്ടു.
അദ്ദേഹം പറയുന്നതു കേള്‍ക്കാന്‍ ജനങ്ങള്‍ ചുറ്റും കൂടി. രാഷ്ട്രീയനേതൃത്വങ്ങളും മാധ്യമകേന്ദ്രങ്ങളും ആ സ്വരം പ്രത്യേകം ശ്രദ്ധിച്ചു. വേദികളില്‍നിന്ന് വേദികളിലേക്ക് കൊടുങ്കാറ്റുപോലെ അദ്ദേഹം സഞ്ചരിച്ചു.
പ്രഭാഷണത്തിന്റെ അഴീക്കോടുശൈലി മലയാളത്തിലെ പ്രസംഗകലാചരിത്രത്തില് നൂതനവും അസാധാരണവുമായൊരു അധ്യായമാണ് കൂട്ടിച്ചേര്‍ത്തത്. മാതൃഭാഷയുടെ മനോഹരമായ ആഘോഷമായിത്തീര്ന്നു അത്. പ്രസംഗകല എവിടെയൊക്കെ പരാമര്‍ശിക്കപ്പെടുമോ അവിടെയൊക്കെ അനുസ്മരിക്കപ്പെടാനുള്ള ഉത്കൃഷ്ടസ്ഥാനം അദ്ദേഹത്തിനു ലഭ്യമായി. സുകുമാര്‍ അഴീക്കോട് എന്നത് വാഗ്വിലാസത്തിന്റെ ഏറ്റവും അടുത്ത പര്യായപദമായി പരിഗണിക്കപ്പെടുകയായിരുന്നു.
കൃശഗാത്രനായ ഒരു മനുഷ്യന്. നീണ്ടുനിവര്‍ന്നു കിടക്കുന്ന ഖദര്‍ ജൂബ അഴിച്ചുവച്ചാല്‍ പിന്നെയും മെലിഞ്ഞൊരു മനുഷ്യന്. എന്നാല്‍ അദ്ദേഹംതന്നെ സൂചിപ്പിച്ചതുപോലെ, വാക്കുകള്‍ നല്കിയ സൈനികബലം അദ്ദേഹത്തെ ശക്തിമാനാക്കി. ആ ചെറിയ ശരീരത്തില്‍നിന്ന് മുഴങ്ങിയ ശാരീരത്തിന്റെ പ്രതിധ്വനി കേരളീയമനസ്സുകളില്‍ അലയൊലികള്‍ സൃഷ്ടിച്ചു.
മൗനത്തില്‍നിന്നാണ് വചനം പ്രഭവംകൊള്ളുന്നത്. യഥാര്‍ഥത്തില്‍ വാക്കിന്റെ ദിവ്യഗര്ഭമാണത്. നിശ്ശബ്ദമായി സംസാരിച്ചുകൊണ്ടാണ് അഴീക്കോടു മാഷ് പ്രസംഗമാരംഭിക്കുക. അതായത്, മൗനത്തില്നിന്നൊരു തുടക്കം. പിന്നെ അത് കത്തിക്കയറും. താളാത്മകമായി അദ്ദേഹത്തിന്റെ കാലുകള്‍ ഇളകും. സംസാരത്തിനനുസൃതമായി ശരീരവും ചലിക്കുന്നതു കാണാം. ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ആ പ്രഭാഷണം പ്രകമ്പനം സൃഷ്ടിക്കും.
തിരയടങ്ങിയ സമുദ്രതീരത്ത് നിലകൊള്ളുമ്പോഴെന്നപോലെ നിരവധി ഓര്‍മകള്‍ മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നു.
ബി.എയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മലയാളവിഭാഗത്തില്‍ പോയി മാഷെ കണ്ടു. ഓട്ടോഗ്രാഫ് വാങ്ങിക്കാനായിരുന്നു. ഭംഗിയായി അന്ന് അദ്ദേഹം ഒപ്പിട്ടുതന്ന കടലാസിലെ മഷിക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. അവിടം മുതല്‍ അമല ആശുപത്രിയുടെ അഴല് നിറഞ്ഞ അകത്തളംവരെ മനസ്സില്‍ എത്ര സ്മര്ത്തവ്യചിത്രങ്ങള്.
എം.പി. വീരേന്ദ്രകുമാറും മാഷും തമ്മില്‍ ഇടക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കാന്‍ പിന്നണിയില്‍ നിന്ന്
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്നും അഭിമാനകരമായിതോന്നിയിട്ടുണ്ട്. ഇരുവരും കേരളത്തിന് ഒഴിച്ചുകൂടാനാവാത്ത സുപ്രധാനവ്യക്തിത്വങ്ങള്. മാഷോട് അന്ന് പല തവണ അതേപ്പറ്റിസംസാരിച്ചു. വീരേന്ദ്രകുമാറിനെപ്പോലെ അദ്ദേഹവും സൗഹൃദം പുനഃസ്ഥാപിക്കാന്‍ സന്തോഷപൂര്‍വം സന്നദ്ധനായി. ഹൃദയസ്പൃക്കായ ആ പുനസ്സമാഗമത്തിന് വേദിയൊരുക്കാന്‍ ഇന്ഡ്യന്നസ് അക്കാദമിക്ക് സൗഭാഗ്യമുണ്ടായി. വീരേന്ദ്രകുമാര്‍ ഇന്‍ഡ്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമയമായിരുന്നു. വ്യക്തിപരവും ഹൃദയപരവുമായ വര്‍ണംകൊണ്ട് സന്ദര്‍ഭം വികാരോജ്ജ്വലമാക്കാന് അദ്ദേഹത്തെ അഴീക്കോടു മാഷ് പൊന്നാടയണിയിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്കു തോന്നി. സങ്കോചത്തോടെയാണ് മാഷോട് അഭിപ്രായമാരാഞ്ഞത്. പക്ഷേ, അദ്ദേഹത്തിന്റെ പ്രതികരണം അദ്ഭുതകരമായിരുന്നു. ''എന്തുകൊണ്ടായിക്കൂടാ?'' അദ്ദേഹം ചോദിച്ചു. അങ്ങനെ എല്ലാം ഭംഗിയായി നടന്നു. പൊന്നാടയണിയിക്കുന്ന ചിത്രം വലിയ പ്രാധാന്യത്തോടെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിച്ച് പങ്കെടുത്ത ആദ്യത്തെ പരിപാടിയായിരുന്നു അത്.
പില്ക്കാലത്ത് ഷൊര്‍ണൂരില്‍ വൈദ്യമഠത്തില്വച്ച് നാലുമണിക്ക് മാതൃഭൂമിയുടെ ഒരു പുസ്തകപ്രകാശനം. അതിഥികളെല്ലാം എത്തിയിരിക്കുന്നു. മാഷെ കാത്തിരിക്കുകയാണ്. മട്ടന്നൂരില്‍നിന്ന് അദ്ദേഹം വേഗത്തില്‍ യാത്ര ചെയ്തെത്തി. ഉടന്‍ ചടങ്ങ് തുടങ്ങണം. പക്ഷേ, മാഷ് എന്റെ കാതില്‍ പറഞ്ഞു: ''ആഹാരമൊന്നും കഴിച്ചിട്ടില്ല. വൈകാതെ എത്തിച്ചേരാന്വേണ്ടി വേഗത്തില്‍ ഓടിച്ചുപോന്നതാണ്.'' പ്രസംഗവുമായി നടക്കുന്നവര്‍ക്ക് അസാധാരണമല്ലാത്ത അനുഭവം. മറ്റ് അതിഥികളെയെല്ലാം ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കി. പെട്ടെന്ന് ഭക്ഷണത്തിന് ഏര്‍പ്പാടു ചെയ്തു. ഊണു കഴിച്ചിട്ട് പ്രസംഗിച്ചാല്‍ മതി എന്നു ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ഉള്ളില്‍ത്തട്ടി എന്നു തോന്നി.
രോഗബാധിതനായി ആശുപത്രിയില്‍ കഴിയവേ, പലപ്പോഴായി അദ്ദേഹത്തെ ചെന്നുകണ്ട സന്ദര്‍ഭങ്ങളെല്ലാം സ്നേഹനിര്‍ഭരമായിരുന്നു. ഒരിക്കല്‍ കലശലായ വേദന വന്നപ്പോള്‍ നെഞ്ചില്‍ തടവിക്കൊടുത്തു. അപ്പോള്‍ ''വലിയ ആശ്വാസം തോന്നുന്നു'' എന്ന് ചുറ്റും കൂടിനിന്നവരോട് പറഞ്ഞു. ''മാഷേ, സ്നേഹസ്പര്ശത്തിലെല്ലാം ഒരു ആത്മീയതയുണ്ടല്ലോ'' എന്നു ഞാനും പറഞ്ഞു. അതോടെ മാഷിന്റെ ഉള്ളം ഉണര്ന്നപോലെയായി. സ്നേഹം, സ്പര്‍ശം, ആത്മീയത മൂന്നിനെയും ബന്ധപ്പെടുത്തി ആ കിടന്ന കിടപ്പില്‍നിന്നും ആവേശപൂര്‍വം സംസാരിച്ചു. റെക്കോഡ് ചെയ്തിരുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമാകുമായിരുന്നു. ആശുപത്രിയിലേക്കുള്ള ഓരോ സന്ദര്‍ശനവും സങ്കടമുണ്ടാക്കി. ഒരിക്കല്‍ ചെന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ആദ്യമേ അദ്ദേഹം പറഞ്ഞു: ''ഓ സമദാനിയാണോ? എനിക്കിനി വികാരഭരിതനാകാന്‍ വയ്യ!'' അത്രയേറെ ആ കൂടിക്കാഴ്ചകള്‍ അദ്ദേഹത്തിന്, അന്നത്തെ രോഗാവസ്ഥയില്‍, സമാശ്വാസവും സന്തോഷവും നല്കി എന്നറിഞ്ഞതില്‍ അന്ന് തോന്നിയ സംതൃപ്തി ഇപ്പോഴും മനസ്സില്‍ നിറയുന്നു.
ഒന്നും കഴിക്കാതിരുന്ന ദിവസങ്ങളില്‍ കഞ്ഞികുടിക്കാന്‍ കൂടെയുള്ളവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അവരോടൊപ്പം ഞാനും പ്രേരിപ്പിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ഇനിയും തുടരേണ്ട പ്രസംഗങ്ങളെക്കുറിച്ച് പറഞ്ഞു. മത്സ്യം കഴിക്കുന്നത് ഇഷ്ടമായിരുന്നതുകൊണ്ട് ചികിത്സയ്ക്ക് ഹാനികരമല്ലാത്ത ചെറിയ മത്സ്യങ്ങളുടെ പേര് ഞാന്‍ പറയാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ വേളൂരി എന്നു കേട്ടപ്പോള്‍ അദ്ദേഹം വാചാലനായി. വേളൂരിയെപ്പറ്റി സംസാരിച്ചു. ആ ഉത്സാഹത്തില്‍ കഞ്ഞിയും കുടിച്ചു. വായയ്ക്ക് രുചി എന്ന നിലയില്‍ പച്ചക്കറിസൂപ്പ് കൊള്ളാമെന്ന എന്റെ നിര്‍ദേശവും അദ്ദേഹത്തിന് ഇഷ്ടമായി. പിന്നെ കുറേശ്ശേ അതും കുടിച്ചു.
ഒറ്റപ്പാലത്തുനിന്നോ മറ്റോ ഉള്ള ഒരു പെണ്‍കുട്ടി മാഷെക്കുറിച്ചെഴുതിയ ഒരു കവിത മാഷിന്റെ തലയണയ്ക്കരികെ വെച്ചിട്ടുണ്ടായിരുന്നു. അടുത്തിരുന്ന് ഞാനത് ചൊല്ലി. അതു കേട്ട് അദ്ദേഹം കണ്ണടച്ചു കിടന്നു. നോക്കിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു. എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു അദ്ദേഹം പറഞ്ഞു.
''ഉള്ളില്‍ത്തട്ടി, ഞാന്‍ പ്രസംഗത്തിലേക്ക് തിരിച്ചുവരും.'' ''തിരിച്ചുവരണം, കേരളത്തില്‍ അങ്ങോളമിങ്ങോളം ഇനിയും ആ ശബ്ദം മുഴങ്ങണം'' എന്നു പറഞ്ഞുകൊണ്ടാണ് അന്ന് ആശുപത്രിയില്‍നിന്നും മടങ്ങിയത്.
ഇപ്പോള്‍ സ്വരങ്ങള്‍ സ്മൃതികളാകുകയും അത് വിഷാദത്തിന്റെ വാങ്മയചിത്രങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. സുകുമാര്‍ അഴീക്കോടിന്റെ ശബ്ദം ഇനിയും മുഴങ്ങും, ദിഗന്തങ്ങളിലല്ല, ഹൃദന്തങ്ങളില്‍...
(മാതൃഭൂമി ദിനപത്രം, 2012 ജനുവരി 28)
Content Highlights: dr abdusamad samadani memoir on drsukumar azheekode mathurbhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..