മരങ്ങളും ചെടികളും പരസ്പരം സംസാരിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അവരുടെ ഭാഷയേതാണ്?


ഡോ. എ സുജിത്ത്

തമ്മില്‍ത്തമ്മില്‍ ആശയങ്ങളും ചിന്തകളും കൈമാറാന്‍ ചെടികള്‍ക്ക് അവരുടേതായ ഒരു ഭാഷയുണ്ടോ? ഉണ്ടെങ്കില്‍ ആ രഹസ്യഭാഷ എങ്ങനെയിരിക്കും? ഒരുപാടൊന്നും പരീക്ഷണവിധേയമാകാത്ത ഈ ആശയവിനിമയരീതിയെപ്പറ്റി നമുക്കന്വേഷിക്കാം.

പ്രതീകാത്മക ചിത്രം

Plants are infact interacting with each other and trying to help each other to survive.
-Suzanne Simard

ശയവിനിമയകലയുടെ സമ്പൂര്‍ണ പാഠശാല ഏതെന്നു ചോദിച്ചാല്‍ ഏറ്റവും കൃത്യമായ ഉത്തരം പ്രകൃതി എന്നുതന്നെയാണ്. ആശയവിനിമയത്തിന് പ്രകൃതിയിലെ അനന്തസാധ്യതകള്‍ എന്നും നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ട്. വിശേഷബുദ്ധിയില്‍ ഉന്നതനായ മനുഷ്യന്‍ മുതല്‍ ബാക്റ്റീരിയകള്‍വരെ തമ്മില്‍ത്തമ്മില്‍ അവരുടേതായ ഭാഷ ഉപയോഗിച്ച് ചിന്തകള്‍ കൈമാറുന്നു. മൃഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും അതുപോലെ പ്രകൃതിപ്രതിഭാസങ്ങളോടുള്ള അവയുടെ പ്രതികരണങ്ങളും എത്രയോ കാലമായി നമ്മുടെ പരീക്ഷണവിഷയമായിരുന്നു. എന്നാല്‍ നിന്നിടത്തുനിന്ന് ചലിക്കാന്‍ കഴിയാത്ത മരങ്ങളും ചെടികളും പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടോ? വളരെ താത്പര്യമുണര്‍ത്തുന്ന ഒരു ചോദ്യമാണിത്. മരങ്ങള്‍ സംസാരിക്കുകയും ചലിക്കുകയും ചെയ്യുന്ന ലോഡ് ഓഫ് ദി റിങ്‌സ് എന്ന സിനിമയും ചെടികള്‍ ജീവികളുമായി ആശയവിനിമയം നടത്തുന്ന അവതാര്‍ എന്ന സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ. തമ്മില്‍ത്തമ്മില്‍ ആശയങ്ങളും ചിന്തകളും കൈമാറാന്‍ ചെടികള്‍ക്ക് അവരുടേതായ ഒരു ഭാഷയുണ്ടോ? ഉണ്ടെങ്കില്‍ ആ രഹസ്യഭാഷ എങ്ങനെയിരിക്കും? ഒരുപാടൊന്നും പരീക്ഷണവിധേയമാകാത്ത ഈ ആശയവിനിമയരീതിയെപ്പറ്റി നമുക്കന്വേഷിക്കാം.

രാസവസ്തുക്കള്‍കൊണ്ടൊരു ഭാഷ

ശാശ്വതമായി മണ്ണില്‍ ഉറച്ചുനില്ക്കുക എന്നത് ചെടികളുടെ ഒരു ദൗര്‍ബല്യമല്ല. അത് ആശയവിനിമയത്തിന്റെയും ചലനങ്ങളുടെയും മറ്റ് ഒട്ടനവധി വാതിലുകള്‍ അവര്‍ക്കു മുന്നില്‍ തുറന്നിടുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വായു എന്ന മാധ്യമത്തിലൂടെയുള്ള സംസാരരീതിയാണ്. ആ ഭാഷയിലെ അക്ഷരങ്ങള്‍ എളുപ്പം ബാഷ്പീകരണത്തിനു വിധേയമാകുന്ന ചില ഓര്‍ഗാനിക് സംയുക്തങ്ങളാണ് (Volatile Organic Compounds). രാസവസ്തുക്കള്‍കൊണ്ട് വാക്കുകളും വാചകങ്ങളും ഉണ്ടാകുന്നു. ഡോ. റിച്ചാര്‍ഡ് കര്‍ബാന്‍ ആണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പഠനം നടത്തിയ ശാസ്ത്രജ്ഞന്‍. തങ്ങളെ നശിപ്പിക്കുവാന്‍ വരുന്ന പ്രാണികള്‍, പുഴുക്കള്‍ എന്നിവയെ രാസവസ്തുക്കള്‍കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുക മാത്രമല്ല തൊട്ടടുത്തുള്ള ചെടികളെ ഇത്തരം ആക്രമണങ്ങളെ പറ്റി ജാഗരൂകരാക്കി സഹായിക്കാനും ചെടികള്‍ക്ക് കഴിവുണ്ട്. പ്രാണികളുടെ ആക്രമണമേറ്റുകൊണ്ടിരിക്കുന്ന ചെടികള്‍ പുറത്തുവിടുന്ന രാസവസ്തുക്കള്‍ വായുവിലൂടെ മറ്റു ചെടികളിലെത്തുന്നു. ഈ ചെടികള്‍ പ്രാണികളെയും പുഴുക്കളെയും പ്രതിരോധിക്കാനുള്ള എന്‍സൈമുകളും രാസവസ്തുക്കളും തങ്ങളുടെ ഇലകളിലും തണ്ടുകളിലും ഉത്പാദിപ്പിക്കുകയും ആക്രമണം തടയുകയും ചെയ്യുന്നു. പ്രതിരോധത്തിനുവേണ്ടി ഇലകളിലും തണ്ടുകളിലും ചുരത്തപ്പെടുന്ന ഇത്തരം രാസവസ്തുക്കള്‍ അവയുടെ ഇലയെ പ്രാണികള്‍ക്കു ഭക്ഷ്യയോഗ്യമല്ലാതാക്കി മാറ്റുന്നു. നിയന്ത്രിതമായ ഒരു പരീക്ഷണവ്യൂഹത്തില്‍ (Controlled Atmosphere) ഡോ. കര്‍ബാന്‍ നടത്തിയ പഠനങ്ങള്‍ ഇത് സാധൂകരിക്കുന്നു. വേരുകള്‍ തമ്മില്‍ ബന്ധമില്ലാതെ ചെടികളെ നിരത്തിവെച്ച് ഒരു ചെടിയുടെ ഇലകള്‍ മുറിച്ചുമാറ്റിയപ്പോള്‍ ആ ചെടി Methyl Jasmone പോലുള്ള രാസവസ്തുക്കള്‍ പുറത്തുവിടുകയും തത്ഫലമായി തൊട്ടടുത്തുള്ള ചെടികള്‍ പ്രതിരോധത്തിനുവേണ്ടി Polyphenol Oxidase പോലുള്ള എന്‍സൈമുകള്‍ അവയുടെ ഇലകളിലും തണ്ടിലും അടിയന്തരമായി എത്തിക്കുകയുമുണ്ടായി. ഗ്യാസ് ക്രൊമാറ്റോഗ്രഫിപോലുള്ള സാങ്കേതികവിദ്യകളുപയോഗിച്ചു ചെടികള്‍ പുറത്തുവിടുന്ന രാസസംയുക്തങ്ങളെ കണ്ടെത്തുന്ന പരീക്ഷണരീതി ചിത്രം 1 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 1. ചെടികള്‍ വായുവിലേക്ക് പുറത്തുവിടുന്ന
രാസവസ്തുക്കള്‍ പരിശോധിക്കുന്നവിധം

എത്രദൂരം ഈ രാസഭാഷകള്‍ സഞ്ചരിക്കും എത്രമാത്രം സ്ഥിരത ഇവയ്ക്കുണ്ട് എന്ന കാര്യങ്ങള്‍ ഇപ്പോഴും പഠനവിഷയങ്ങളാണ്. ഒരു പഠനം പറയുന്നത് ഏതാണ്ട് ആയിരത്തിയെഴുനൂറോളം രാസസംയുക്തങ്ങളെ ചെടികളുടെ തൊണ്ണൂറോളം സ്പീഷീസില്‍ നിന്നായി വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട് എന്നാണ്. ഈ മനോഹരമായ രസതന്ത്രഭാഷ അവര്‍ മറ്റു കാര്യങ്ങള്‍ക്കുവേണ്ടിയും ഉപയോഗപ്പെടുത്തുന്നുണ്ട്. അതായത് അനിയന്ത്രിതമായ ചൂട്, വെള്ളപ്പൊക്കം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാം ഈ ഭാഷയുപയോഗിച്ചു ചെടികള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നു.

ഭൂമിക്കടിയില്‍ ഒരു ഇന്റര്‍നെറ്റ്

ഭൂമിക്കു മുകളില്‍ നമുക്കുള്ളതിനെക്കാള്‍ അതിബൃഹത്തായ ഒരു ഇന്റര്‍നെറ്റ് ശൃംഖല ഭൂമിക്കടിയിലുണ്ടെന്ന് അറിയാമോ? ചെടിയുടെ വേരുകളും മണ്ണിലെ ചില ഫംഗസുകളും അടങ്ങിയ സങ്കീര്‍ണമായ ഒരു വലയാണത്. നേരത്തേ നമ്മള്‍ ചര്‍ച്ചചെയ്ത കാര്യങ്ങളെല്ലാം മണ്ണിനു പുറത്തുള്ള കാര്യങ്ങളാണ്. മണ്ണിനടിയില്‍ ഇതിലും നന്നായി ചെടികള്‍ക്ക് ആശയം കൈമാറാന്‍ പറ്റും. എത്ര ദൂരം വേണമെങ്കിലും! അതിന് അവര്‍ ഉപയോഗിക്കുന്നത് വേരുകളും വേരുകളില്‍നിന്ന് പുറപ്പെടുവിക്കുന്ന ബാഷ്പീകരണസാധ്യതയില്ലാത്ത, വെള്ളത്തിലലിയുന്ന രാസവസ്തുക്കളുമാണ് (Non volatile chemical compounds). ഇത്തരം രാസവസ്തുക്കള്‍ ഭാഷാരൂപത്തില്‍ വേരുകളില്‍നിന്നും മറ്റൊരു ചെടിയുടെ വേരുകളിലേക്ക് മണ്ണിലുള്ള ചില ഫംഗസുകളുടെ സഹായത്തോടെ കൈമാറ്റം ചെയ്യുന്നു. ഈ സംവിധാനത്തിലൂടെ ആശയം മാത്രമല്ല ന്യൂട്രിയന്റ്‌സും കൈമാറുന്നുണ്ട്. ഒരുപാടു ദൂരത്തോളം ഇങ്ങനെ ആശയവിനിമയം നടത്താന്‍ ചെടികള്‍ക്ക് കഴിയും. ഫംഗസുകള്‍ ഇവിടെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്നു. ചെടികളെയും മരങ്ങളെയുമെല്ലാം തമ്മില്‍ വേരുകളിലൂടെയും ഫംഗസുകളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന ഒരു 'ഇന്റര്‍നെറ്റിനെ' പറ്റി ചിന്തിച്ചുനോക്കൂ. ഈ ആശയവിനിമയത്തിനിടയില്‍ ചില സൂത്രക്കാരന്‍ ഫംഗസുകള്‍ ശരിയായ വിവരങ്ങള്‍ കൊടുക്കാതിരിക്കുകയോ അല്ലെങ്കില്‍ ബന്ധം വിച്ഛേദിക്കുകയോ ചെയ്യാറുണ്ട്. അവ ഈ മഹത്തായ ഇന്റര്‍നെറ്റിലെ വൈറസുകളായി അറിയപ്പെടുന്നു. ചില പരാദ ചെടികള്‍ തെറ്റായ രാസസിഗ്‌നലുകള്‍ പുറപ്പെടുവിച്ചു ഫംഗസുകളുടെ സഹായത്തോടെ ചില ചെടികളില്‍നിന്നും ഭക്ഷ്യവസ്തുക്കള്‍വരെ തട്ടിയെടുക്കാറുണ്ടെന്നു ശാസ്ത്രപഠനങ്ങള്‍ പറയുന്നു. വളരെ സങ്കീര്‍ണവും വിചിത്രവുമാണ് ഈ ജൈവ ഇന്റര്‍നെറ്റ് സംവിധാനം. നമുക്ക് ഇതിനെ 'വുഡ് വൈഡ് വെബ്' (www) എന്നു വിളിക്കാം.

സൂസെന്നെ സിമാര്‍ഡ് എന്ന ശാസ്ത്രജ്ഞ പറയുന്നത് സസ്യങ്ങളെല്ലാം ചാള്‍സ് ഡാര്‍വിന്‍ പറയുന്നപോലെ ഒറ്റയ്‌ക്കൊറ്റയ്ക്ക് സാഹചര്യങ്ങളോട് പൊരുതുന്നവരല്ല. അവര്‍ നിലനില്പിനുവേണ്ടി പരസ്പരം ബന്ധപ്പെട്ടുകൊണ്ട് അന്യോന്യം സഹായിച്ചു നിലനില്ക്കുന്നവരാണ്. ചെടികളുടെ സമൂഹജീവിതമാണ് ഇതിലൂടെ തെളിയുന്നത്. മരങ്ങളും ചെടികളും വെട്ടിമാറ്റുമ്പോള്‍ മഹത്തായ ഈ ഇന്റര്‍നെറ്റ് ശൃംഖലയാണ് നാം മുറിച്ചുമാറ്റുന്നത്. മരങ്ങള്‍ പുതുതായി നട്ടുപിടിപ്പിക്കുമ്പോള്‍ ഈ ശൃംഖല വിപുലീകരിക്കപ്പെടുന്നു.

പുസ്തകം വാങ്ങാം

വൈദ്യുതിയുടെയും ശബ്ദത്തിന്റെയും ഉപയോഗം

രാസവസ്തുക്കള്‍ മാത്രമല്ല വൈദ്യുതതരംഗങ്ങളും ശബ്ദതരംഗങ്ങളും ആശയവിനിമയത്തിനായി ചെടികള്‍ ഉപയോഗിക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ചെടി ആക്രമണത്തിന് വിധേയമാകുമ്പോള്‍ അതിന്റെ ശരീരത്തില്‍ അസ്വാഭാവികമായ വൈദ്യുതതരംഗങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടു നടത്തിയ ഇലക്ട്രിക്കല്‍ പഠനങ്ങള്‍ പറയുന്നുണ്ട്. നമുക്ക് തിരിച്ചറിയാന്‍ പ്രയാസമുള്ള ഇത്തരം സംവേദനമാര്‍ഗങ്ങള്‍ കൂടുതല്‍ പഠനം വേണ്ട ഒരു മേഖലയാണ്. വെള്ളത്തില്‍ വളരുന്ന ചില ചെടികളുടെ വേരുകള്‍ ചില ക്ലിക്കിങ് ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിക്കുന്ന ശബ്ദം ചിലപ്പോള്‍ ശക്തി കുറഞ്ഞ അള്‍ട്രാസൗണ്ട് ആവാം. ഏതായാലും ഇത്തരം സിഗ്‌നലുകളെ തിരിച്ചറിയാന്‍ വളരെ പ്രയാസമുണ്ട്.

നമ്മെക്കാളും എത്ര നന്നായി ചെടികളും മരങ്ങളും സംവദിക്കുന്നു എന്നത് വളരെ മനോഹരമായ ഒരു തിരിച്ചറിവാണ്. എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയുമായി അനുരണനപ്പെട്ടുകൊണ്ടു മാത്രമേ മുന്നോട്ടു പോകാനാവൂ എന്നും ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.

ഡോ. എ സുജിത്ത് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശലഭച്ചിറകുകള്‍ക്കു പറയാനുള്ളത് എന്ന പുസ്തകത്തില്‍ നിന്നും

Content Highlights: do trees talk to each other

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented