ജോൺ ഏബ്രഹാം, കെ.ജി ജോർജ്
കെ.എന്‍ ഷാജി എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജോണ്‍ എബ്രഹാം എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം
1967ല്‍ പുണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യം പോകുന്നത് ഒരുമാസം നീണ്ടുനിന്ന സിനിമാ ആസ്വാദന കോഴ്സില്‍ പങ്കെടുക്കാനായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെഗുലര്‍ വിദ്യാര്‍ഥികളുടെ വെക്കേഷന് കാലത്താണ് പുറത്തുള്ളവര്‍ക്കുവേണ്ടി ഇത്തരം ഹ്രസ്വകാല പഠനങ്ങള്‍ സംഘടിപ്പിക്കുന്നത്. വെക്കേഷന് നാട്ടില്‍ പോകാതെ പുണെയില്‍ത്തന്നെ താമസിച്ചിരുന്ന കുറെ വിദ്യാര്‍ഥികള്‍ അന്നുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ജി.എസ്. പണിക്കര്‍. പണിക്കരില്നിന്നുമാണ് അക്കാലത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്ന മറ്റു വിദ്യാര്ഥിളെപ്പറ്റി കേട്ടറിഞ്ഞത്. ഏറ്റവുമധികം പറയാനുണ്ടായിരുന്നത് ജോണ്‍ ഏബ്രഹാമിനെപ്പറ്റിയായിരുന്നു. വിചിത്രമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിലും പോപ്പുലറായ ഒരു വിദ്യാര്‍ഥി എന്ന നിലയിലും അന്നുമുതല്ക്കേ ജോണിന്റെ ഒരു സങ്കല്പചിത്രം മനസ്സിലുണ്ടായിരുന്നു.
1968ല്‍ സംവിധാനം പഠിക്കാനായി ഞാനും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. റാഗിങ് അതിന്റെ എല്ലാ ഭീകരഭാവങ്ങളോടും ആ സ്ഥാപനത്തില്‍ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. തന്മൂലം സീനിയര്‍ വിദ്യാര്‍ഥികളുമായുള്ള സമ്പര്‍ക്കം ക്ലാസുകള്‍ തുടങ്ങിയ ആദ്യദിവസങ്ങളില്‍ തീരേ കുറവായിരുന്നു. റാഗിങ്ങിനെ ഭയന്നിരുന്ന ഞാന്‍ സീനിയേഴ്സില്‍നിന്നും വളരെ അകലമിട്ടു നടന്നു. ഒരു നാള് രാത്രി ഭക്ഷണത്തിനായി ഹോസ്റ്റലിലെ മെസ്സില്‍ കയറി ഒരു മൂലയില്‍ സീറ്റു പിടിക്കുമ്പോള്‍, കുറെ മേശകള്‍ക്കപ്പുറം പുറംതിരിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നീണ്ട തലമുടിയുളള ഒരു രൂപം കണ്ണില്‍പ്പെട്ടു. ആദ്യം അതൊരു സ്ത്രീയാണെന്നാണ് ധരിച്ചത്. ആരോ ഒരാള്‍ 'ജോണ്‍' എന്നു വിളിച്ചപ്പോള്‍ രൂപം തലതിരിച്ചു. മുഖത്തുള്ള താടിരോമങ്ങള്‍ കണ്ണില്‍പ്പെട്ടു. അതു ജോണ്‍ ഏബ്രഹാം ആണെന്നു മനസ്സിലായി. ബീറ്റില്സിന്റെയും ഫഌര്‍ ചില്‍ഡ്രന്റെയും ആ കാലഘട്ടത്തില്‍ നീണ്ട തലമുടി ഭൂരിപക്ഷത്തിനുമുണ്ടായിരുന്നു. എങ്കിലും ജോണിന്റെ തലമുടി അക്ഷരാര്‍ഥത്തില്‍ നീണ്ടതുതന്നെയായിരുന്നു.
റാഗിങ്ങുകാരുടെ കൈയില്‍പ്പെടാതെ നാലുനാള്‍ കടന്നുപോയി. അഞ്ചാംദിവസം പിടിക്കപ്പെട്ടു; പട്ടാപ്പകല്‍. ഷൂസുകള്‍ ഊരിച്ചു ലേസുകള്‍ ചേര്‍ത്തുകെട്ടി കഴുത്തില്‍ അണിയിച്ചു. സോക്സുകള്‍ കൈകളില്‍ കടത്തി. കാമ്പസിലെ പ്രധാന വീഥിയിലൂടെ വലിയ ആരവത്തോടെ എഴുന്നള്ളിച്ചു. വഴിയില്‍ കണ്ട വിദ്യാര്‍ഥിനികളുടെ പാദങ്ങള്‍ തൊട്ടു വന്ദിക്കുവാന്‍ കല്പിച്ചു. എല്ലാം അനുസരണയോടെ ചെയ്തു. കാന്റീനിലെത്തിയപ്പോള്‍ ഒരു മേശമേല്‍ കയറ്റിനിര്‍ത്തി ഒരു പാട്ടു പാടുവാന്‍ പറഞ്ഞു. അക്കാലത്ത് പോപ്പുലറായിരുന്ന ചെമ്മീനിലെ ഒരു പാട്ടുപാടി. എന്റെ പാട്ടു കേട്ടുകൊണ്ട് ചെറുചിരിയോടെ ജോണ്‍ അവിടെ ഒരു ഭാഗത്ത് ഇരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം സീനിയേഴ്സിന് എന്നെ നഗ്നനായി കണ്ടാല്ക്കൊള്ളാമെന്ന ആഗ്രഹം ജനിച്ചു. വസ്ത്രങ്ങള്‍ അഴിക്കുവാന്‍ ആജ്ഞാപിച്ചു. ഉടുപ്പൂരി മാറ്റിയിട്ടു ഞാന്‍ പാന്റ്സിന് കുടുക്കുകള്‍ അഴിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ജോണ്‍ ഉറച്ച ശബ്ദത്തില്‍ എല്ലാവരോടുമായി കല്പിച്ചു. 'That's enough!' റാഗിങ്ങുകാര്‍ ജോണിനെ അനുസരിച്ചു. എന്നെ ഉപേക്ഷിച്ചു പിരിഞ്ഞുപോയി. ഞാന്‍ ജോണിനെ നോക്കി നന്ദിസൂചകമായി മന്ദഹസിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.
റാഗിങ്ങിന്റെ ഭീതിയില്‍നിന്നു മുക്തമായതോടെ മറ്റു വിദ്യാര്‍ഥികളുമായി സ്വതന്ത്രമായി ഇടപഴകിത്തുടങ്ങി. ഒരു രാത്രി, സീനിയര്‍ മലയാളിവിദ്യാര്‍ഥികളായ എം. ആസാദ് (ജീവിച്ചിരിപ്പില്ല), ജി.എസ്. പണിക്കര്‍, സുരേഷ്ബാബു, കബീര്‍ റാവുത്തര്‍ എന്നിവര്‍ കബീറിന്റെ മുറിയില്‍ സമ്മേളിച്ചു. ഞാനും അവരുടെ കുടെ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ ജോണ്‍ മുറിയില്‍ കടന്നുവന്നു. ചാരായത്തിന്റെ ഗന്ധം പരന്നു. ആദ്യമായി അടുത്തു കണ്ട ജോണിനോട് ഞാന്‍ അല്പം സ്വതന്ത്രമായി പെരുമാറാന്‍ ശ്രമിച്ചു. അതിഷ്ടപ്പെടാത്തതുപോലെ ജോണ്‍ എന്റെ നേരേ കയര്‍ത്തു സംസാരിച്ചു. തന്തയ്ക്കു വിളിച്ചു. അതു കേട്ടപ്പോള്‍ അല്പം വിഷമം തോന്നി. വീട്ടിലും നാട്ടിലും കുടിയന്മാരോട് ധാരാളം ഇടപഴകിയിട്ടുള്ള എനിക്കു മദ്യപന്മാരെ പേടിക്കേണ്ടവരെന്നു തോന്നിയിരുന്നില്ല. ഒരു നാട്ടിന്‍പുറത്തുകാരന്റെ നിഷഌമായ വീറോടെ, ജോണിന്റെ മുഖത്തിനു നേരേ വിരല്‍ ചൂണ്ടിക്കൊണ്ടു ഞാന്‍ പറഞ്ഞു: 'ജോണേ, കുടിച്ചിട്ടുണ്ടെങ്കില്‍ വയറ്റില്‍ കിടക്കണം.'
'നിന്നെ ഞാന്‍ വലിച്ചു പുറത്തേക്കെറിയും' എന്നായി ജോണ്‍.
മൂന്നാംനിലയിലുള്ള ആ മുറിയുടെ അഴിയില്ലാത്ത ജനലിനരികില്‍ ഞാന്‍ നിന്നിരുന്നതാണ് ജോണിന് അങ്ങനെയൊരു തോന്നല്‍ ഉളവാക്കിയതെന്നു വ്യക്തം. പെട്ടെന്ന് എന്റെ നേരേ ജോണ്‍ അടുത്തു. കഴുത്തിനു താഴേ ഷര്‍ട്ടില്‍ കൂട്ടിപ്പിടിച്ച് വലിച്ച് അടുത്തേക്കടുപ്പിച്ചതിനുശേഷം പിന്നിലേക്ക് ആഞ്ഞുതള്ളി. ഞാന്‍ ജനാലയുടെ അടിഭിത്തിയില് തടഞ്ഞുനിന്നു. എന്റെ വെള്ള ടെറിക്കോട്ടന് ഷര്‍ട്ടിന്റെ ആറു ബട്ടണുകളും അടര്‍ന്നു നിലത്തുവീണു ചിതറി. ഞാന്‍ രൂക്ഷമായി ജോണിനെ നോക്കി. മുറിയിലുള്ള ആരോ ഒരാള്‍ ജോണിനെ വിലക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നിലെ വിവേകമുണര്ന്നതുപോലെ ഞാന്‍ ക്ഷമയുള്ളവനായി. മുറി വിട്ടുപോകാനായി നടന്നു. ജോണ്‍ എന്റെ വഴി തടഞ്ഞു.
'നിനക്ക് ഒരടി തന്നേ വിടൂ,' ഗാംഭീര്യമുള്ള തന്റെ സ്വരത്തില്‍ അല്പം നാടകീയത കലര്‍ത്തി ജോണ്‍ ഉരുവിട്ടു.
കൗബോയ് ചിത്രങ്ങളിലെ നായകനെപ്പോലെ കൂളായി ചെറുമന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു: 'എങ്കില്‍ അതുതന്നെ നടക്കട്ടെ.'
'വെറുതെ പറയുകയല്ല, അടിക്കും,' വീണ്ടും ജോണ്‍.
'അടിച്ചുനോക്ക്,' ഞാന്‍.
'അടിക്കുമെടാ' എന്നലറിക്കൊണ്ടു ജോണ്‍ വലതുകൈ നീട്ടി എന്റെ കരണത്ത് ആഞ്ഞടിച്ചു. വേദനയെക്കാളുപരി ഷോക്കായിരുന്നു എനിക്ക്. ഞാന്‍ പകച്ചുനോക്കി. എന്റെ മാതാപിതാക്കളല്ലാതെ ആരും അതിനുമുന്‍പ് എന്നെ അടിച്ചിട്ടില്ലായിരുന്നു. എത്ര നിമിഷങ്ങള്‍ കടന്നുപോയി എന്നോര്‍മയില്ല. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ ഞാന്‍ വലതുകൈ ചുരുട്ടി ജോണിന്റെ മുഖത്ത് ആഞ്ഞടിച്ചു. ജോണ്‍ തറയില്‍ മലര്‍ന്നടിച്ചുവീണു. ഞാന്‍ ജോണിന്റെ നെഞ്ചില്‍ ചാടിവീണു. അടിക്കുകയും ഇടിക്കുകയും കടിക്കുകയും ചെയ്തു. ജോണിന്റെ ചുണ്ടുകള്‍ മുറിഞ്ഞു രക്തം വാര്‍ന്നു. അല്പം താമസിച്ചാണങ്കിലും കണ്ടുനിന്നവര്‍ ഇടപെട്ട് എന്നെ പൊക്കിമാറ്റി. ഞാന്‍ എന്റെ മുറിയിലേക്കു മടങ്ങുകയും ചെയ്തു.
ആ രാത്രി ഉറക്കം വരാന്‍ താമസിച്ചു. പാതിരാത്രി കഴിഞ്ഞിരിക്കും, എന്റെ മുറിയുടെ വാതിലില്‍ വലിയ ശബ്ദത്തോടെ ആരോ തട്ടുകയും മുട്ടുകയും ചെയ്യുന്നു. അതു ജോണാണെന്ന് എനിക്കുറപ്പായിരുന്നു. എന്റെ 'സഹമുറി'യനായ ഗുജറാത്തി പട്ടേല്‍ എഴുന്നേറ്റ് അരിശത്തോടെ വാതില്‍ തുറന്നു. ജോണ്‍ അകത്തേക്കു കടന്നുവന്നു. ഞാന്‍ കരുതലോടെ കട്ടിലില്‍നിന്നും എഴുന്നേറ്റു. ഒരുതരം നിര്‍വികാരമായ സ്വരത്തില്‍ എന്റെ മുഖത്തു നോക്കി ജോണ്‍ മൊഴിഞ്ഞു: 'I am sorry. Let's go for a drink.'
'ഈ സമയത്തോ?'
'ഇതിനു സമയം വല്ലതുമുണ്ടോ?'
വസ്ത്രം മാറി ഞാന്‍ ജോണിനെ പിന്തുടര്ന്നു. രണ്ടു കിലോമീറ്ററിലധികം നടന്നു പട്ടണത്തിലെ കുപ്രസിദ്ധമായ ഒരു ചാളയില്‍ കടന്നു ഞങ്ങള്‍. ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ കവച്ചുവെച്ചു നടന്ന് ഒരു കുടിലിന്റെ മുന്പില് എത്തി. ജോണ്‍ ഒരു പേരു വിളിച്ചു. ഒരാള്‍ വാതില്‍ തുറന്നു. ഞങ്ങള്‍ അകത്തു കടന്നു.
കിഴക്കു വെള്ളകീറുവോളം അവിടെയിരുന്നു. ലഹരിയില്‍ സ്ഥാപിച്ചതായിരുന്നു ഞങ്ങളുടെ സൗഹൃദം. അടുത്തറിഞ്ഞപ്പോഴാണ് ജോണിന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ മനസ്സിലായത്. മനുഷ്യസമ്പര്ക്കങ്ങളിലുള്ള ഫോര്മാലിറ്റികളോട് ജോണിനു വെറുപ്പായിരുന്നു. കീഴ്വഴക്കങ്ങളെ ലംഘിക്കാനുള്ള ധൈര്യത്തിനുവേണ്ടിയായിരുന്നില്ലേ ജോണ്‍ സദാ കുടിച്ചിരുന്നത് എന്നു തോന്നിയിട്ടുണ്ട്. അനേകം സുഹൃത്തുക്കളുടെ മനസ്സില്‍ ജോണ്‍ ഇന്നും ജീവിക്കുന്നുവെങ്കില്‍ അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ പെരുമാറ്റരീതിയിലുണ്ടായിരുന്ന അനൗപചാരികതയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..