ഗുജറാത്ത് കലാപം; വംശീയ ഉന്മൂലനത്തിലേക്ക് പാഞ്ഞുകയറിയ ഗോധ്രയിലെ 'തീ'വണ്ടി


ദിനകരന്‍ കൊമ്പിലാത്ത്



ദിനകരന്‍ കൊമ്പിലാത്ത് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വംശഹത്യയുടെ ചരിത്രം എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.

ഗോധ്‌റ സംഭവസ്ഥത്തുനിന്നുള്ള ദൃശ്യം/ ഫോട്ടോ: എഎഫ്പി

ര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയവും മതപരവുമായ ചരിത്രം കൃത്യമായി മാറ്റിമറിച്ച സംഭവമാണ് ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തില്‍ 2002-ല്‍ നടന്ന വംശഹത്യ.
സ്വാതന്ത്ര്യത്തിനുശേഷം ഗുജറാത്തില്‍ പല തവണ വര്‍ഗ്ഗീയകലാപങ്ങളും കൊലപാതകങ്ങളും നടന്നിരുന്നെങ്കിലും 2002-ല്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ തന്നെ ഭാഗധേയം മാറ്റിമറിച്ചു. ഗുജറാത്തില്‍ നടന്നത് വംശഹത്യയല്ല കടുത്ത പ്രതികാരത്തിന്റെ ഭാഗമായി നടന്ന വര്‍ഗ്ഗീയകലാപമാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ പറയുമ്പോഴും രണ്ടായിരത്തോളം ആള്‍ക്കാര്‍ കൊല്ലപ്പെട്ട ആ കലാപത്തിന്റെ എല്ലാ രീതിശാസ്ത്രത്തിനും വംശഹത്യയുടെ കൃത്യമായ സിലബസ്സായിരുന്നു എന്നു പറയാതിരിക്കാനാവില്ല. അതിനിഷ്ഠുരമായ ഗോധ്ര തീവണ്ടി തീവെപ്പിന്റെ പ്രതികരണം എന്ന നിലയില്‍ ഒരു വിഭാഗം പരിവാര്‍ സംഘടനകളുടെ ആഹ്വാനപ്രകാരം നടന്ന ബന്ദും തുടര്‍ന്ന് ആഴ്ചകളോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീണ്ടുനിന്ന അക്രമവും തീവെപ്പും കൂട്ടക്കൊലയും ഒപ്പം കൂട്ടബലാത്സംഗവും ആസൂത്രിതമായിരുന്നു എന്ന് ഭൂരിപക്ഷം അന്വേഷണക്കമ്മീഷനും സുപ്രീംകോടതിയുള്‍പ്പെടെയുള്ള പരമോന്നത നീതിപീഠവും പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ നൂറുണകണക്കിന് വര്‍ഗ്ഗീയകലാപങ്ങളും കൂട്ടക്കൊലകളും നടന്നിട്ടുണ്ട്. അതില്‍ 1984-ലെ സിഖ് കലാപം ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയൊന്നും വംശഹത്യയുടെ രൂപത്തില്‍ വന്നിരുന്നില്ല. അസമില്‍ 1983-ല്‍ നെല്ലി കൂട്ടക്കൊലയെയും ചിലര്‍ വംശഹത്യയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും അത് ആ രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല.

ബോസ്നിയന്‍ വംശഹത്യയെക്കുറിച്ച് എഴുതവേ അമേരിക്കന്‍ സൂമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വംശീയ ഉന്മൂലനത്തിന്റെ പത്തുഘട്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തരംതിരിക്കല്‍ (classification), പ്രതീകവത്കരണം (symbolisation), വിവേചനം (discrimination), അമാനവീകരണം (dehumanisation), സംഘാടനം (organization), ധ്രുവീകരണം (polarization), സജ്ജീകരണം (preparation), വേട്ടയാടല്‍ (persecution), വംശവിഛേദം (extermination), അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial) എന്നിവയാണ് വംശഹത്യ നടക്കുന്നതിന്റെ ഘട്ടങ്ങളായി അദ്ദേഹം വിശദീകരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ ഇതില്‍ പലതും നടന്നിട്ടുണ്ട് എന്നതുകൊണ്ടുതന്നെ ഇതിനെ വംശഹത്യാഗണത്തില്‍പെടുത്താം എന്നാണ് പൊതുവെയുള്ള അഭിപ്രായം. കലാപത്തിന്റെ ഭാഗമായി ഗുല്‍ബര്‍ഗ്ഗ സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് അതിലെ പ്രതിയായ ബാബു ബജറംഗിയുടെ സംഭാഷണം തെഹല്‍ക്കയുടെ സ്റ്റിങ് ഓപ്പറേഷനില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതീകവത്കരണം, വിവേചനം, സംഘാടനം, ധ്രൂവീകരണം, സജ്ജീകരണം, വേട്ടയാടല്‍, വംശവിഛേദനം തുടങ്ങിയ കാര്യങ്ങളൊക്കെ ബാബു ഭജറംഗി ആവേശത്തോടെ അഭിമാനത്തോടെ വിളിച്ചുപറയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 'ഹിന്ദുത്വ രാഷ്ട്രീയം' അതിന്റെ അധികാരപ്പടവുകള്‍ പാഞ്ഞുകയറിയത് ശരിക്കും ഗുജറാത്തിലൂടെയാണ്. ഗാന്ധിജിയുടെ ജന്മംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ഗുജറാത്ത് വംശീയകലാപത്തിന്റെ തീനാളങ്ങള്‍കൊണ്ടു ശരാശരി ഇന്ത്യന്‍ മതേതര ബോധമണ്ഡലങ്ങളെ വല്ലാതെ പൊള്ളിച്ചു എന്നതാണ് സത്യം. ഗുജറാത്ത് വംശഹത്യയുടെ തുടക്കം പലരും പറയുന്നതുപോലെ ഗോധ്ര തീവണ്ടികത്തിക്കലില്‍ നിന്നല്ല. മറിച്ച് പത്തിരുപത് വര്‍ഷങ്ങളായി (1990 മുതല്‍) സ്ഫോടനാത്മകമായ ഒരു ഭൂമികയില്‍, അല്ലെങ്കില്‍ കരിമരുന്നുപൊടി വീണുകിടക്കുന്ന 'ഉത്തരേന്ത്യന്‍ പാട'ങ്ങളില്‍ പെട്ടെന്നു വീണ തീപ്പൊരി മാത്രമാണ് ഗോധ്ര. ആ തീക്കാറ്റ് ഗുജറാത്തിന്റെ മതേതരവര്‍ത്തമാനങ്ങളെ ശരിക്കും ചുട്ടെടുത്തു.

സിന്ധുനദീതടം, ഹാരപ്പന്‍ എന്നീ സംസ്‌കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നു ഗുജറാത്ത് മേഖലയെന്ന് ചരിത്രഗവേഷകര്‍ പറയും. ഈ സംസ്‌കാരങ്ങളുടെ നിരവധി അവശിഷ്ടങ്ങള്‍ പഴയ ഗുജറാത്തിന്റെ തന്നെ വിവിധ ഭാഗങ്ങളായ ലോഥല്‍, രംഗ്പൂര്‍, അമ്രി, ലഖാബവല്‍, രോസ്ഡി മുതലായ സ്ഥലങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ലോഥലും മറ്റും വിഭജനാനന്തരം പാകിസ്താനിലാണ്. ദ്രാവിഡ വംശമായിരുന്നു ഇവിടത്തെ ആദ്യത്തെ ജനങ്ങള്‍. പിന്നീട് ആര്യന്മാര്‍ വരികയായിരുന്നു. മൗര്യരാജാവായിരുന്ന അശോക ചക്രവര്‍ത്തി ഗുജറാത്ത് ഭരിച്ചിരുന്നതായി ഗിര്‍നാറിലെ ചില ശിലാലിഖിതങ്ങളില്‍ കാണാം. അതുവഴി ബുദ്ധമതവും ഗുജറാത്തിലെത്തി. ഗുപ്തരാജവംശവും ഹര്‍ഷവര്‍ദ്ധനനും ഇവിടം ഭരിച്ചു. ഹര്‍ഷനുശേഷം ഗുജ്ജര്‍ വംശക്കാര്‍ 746 വരെ ഗുജറാത്തിനെ ഭരിച്ചു. പിന്നിട് 1143 വരെ സോളങ്കികള്‍ ഭരിച്ചു. ഇവരുടെ ഭരണകാലത്താണ് സമ്പന്നമായ സോമനാഥക്ഷേത്രം ഗസനിയിലെ മുഹമ്മദ് എത്തി ആക്രമിക്കുന്നത്. 1288-ല്‍ ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി ഗുജറാത്ത് കൈയടക്കിയതോടെ അത് സുല്‍ത്താന്‍ ഭരണത്തിന്റെ കീഴിലായി. 1526 മുതല്‍ ഒന്നാം പാനിപ്പത്ത് യുദ്ധത്തോടെ ബാബര്‍ എത്തി. അദ്ദേഹമാണ് മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത്. പതിനെട്ടാം നൂറ്റാണ്ടോടുകൂടി മറാത്താ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജി ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കുന്നുണ്ട്. 1803നും 1827നും ഇടയില്‍ ബ്രിട്ടീഷുകാര്‍ ഗുജറാത്തില്‍ എത്തി. സൂററ്റില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി സ്ഥാപിച്ചു. പിന്നീട് കമ്പനിയുടെ ആസ്ഥാനം ബോംബെയിലായി.

സ്വതന്ത്ര ഇന്ത്യയില്‍ ഗുജറാത്ത് പലപ്പോഴും വലിയ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. നിരവധി പേര്‍ മരിച്ചിട്ടുമുണ്ട്. തീവ്രവാദവും അതിന്റെ ഭാഗമായി സ്ഫോടനങ്ങളും നടന്നു. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയോടെ ബി.ജെ.പി. ഗുജറാത്തില്‍ ശക്തിപ്രാപിച്ചു. പിന്നീട് മോദി അധികാരത്തില്‍ എത്തി. ഗുജറാത്ത് ഭൂകമ്പത്തിന്റെ ആസുരാവസ്ഥയില്‍ തകര്‍ന്നു കിടക്കവേ ബി.ജെ.പി. മുഖ്യമന്ത്രിയായ കേശുഭായി പട്ടേലിനെ മാറ്റി കേന്ദ്ര നേതൃത്വം സാധാരണ ആര്‍.എസ്.എസ്. നേതാവായിരുന്ന നരേന്ദ്ര ദാമോദര്‍ മോദിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. മോദിയാണ് പിന്നീട് ഗുജറാത്തിനെ സാമ്പത്തികമായും സാമൂഹികമായും മാറ്റിപ്പണിയുന്നത്. വര്‍ഗ്ഗീയതയുടെയും ഹിന്ദുത്വത്തിന്റെയും കൃത്യമായ രാസപരിശോധനാ ലബോറട്ടറിയായി ഗുജറാത്ത് മാറ്റപ്പെടുന്നത് അങ്ങനെയാണ്. അതിന്റെ നിര്‍ണ്ണായകമായ നാള്‍വഴിയിലും ഘട്ടത്തിലുമാണ് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഗാന്ധിജിയുടെ ആശ്രമത്തിന്റെ പേരുള്ള സബര്‍മതി എകസ്പ്രസ്സിന്റെ എസ് 6 ബോഗി കത്തിക്കുന്നതും അതില്‍ 59 പേര്‍ വെന്തുമരിക്കുന്നതും. ആ വെന്ത മാംസങ്ങളില്‍നിന്നും അതിന്റെ കരിഞ്ഞ ഗന്ധങ്ങളില്‍നിന്നുമാണ് പുതിയ ഇന്ത്യയുടെ കാവിരാഷ്ട്രീയത്തിന്റെ അധികാരവഴികള്‍ രൂപപ്പെടുന്നത്. രഥയാത്രകള്‍ നയിച്ച് നായകനായ ലാല്‍കൃഷ്ണ അദ്വാനി തിരക്കില്‍ പിറകിലായി മറഞ്ഞുപോയി. ഏറെ താമസിയാതെ തന്നെ മോദി ഒറ്റയ്ക്കു തന്നെ ഭൂരിപക്ഷം നേടി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി.
ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ ലക്ഷ്യം ഓരോ രാജ്യത്തും മതേതര ജനാധിപത്യ ഇസ്ലാമിനെ തകര്‍ത്ത് മതാത്മകവും പൊളിറ്റിക്കലുമായി ഇസ്ലാമിനെ കുടിയിരുത്തുക എന്നതാണ്. ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രസംഘടനകളിലെ 'ദൈവരാജ്യഭരണ'ത്തിനു മുന്നില്‍ ജനാധിപത്യത്തിനു പ്രസക്തിയില്ലാതാവും. അതിനാവശ്യം മതേതര പൊതുസമൂഹങ്ങളില്‍ 'മുസ്ലിം' എന്നും 'മറ്റുള്ളവര്‍' എന്നുമുള്ള അതിശക്തമായ ധ്രുവീകരണമാണ്.

ഈ ധ്രുവീകരണം തന്നെയാണ് ആഗോള ഇസ്ലാം തീവ്രവാദികളുടെ ലക്ഷ്യവും. അതിനെ എതിര്‍ക്കുന്ന മിതവാദ ഇസ്ലാമിനെയും അവര്‍ ബോംബുവെച്ച് തകര്‍ത്തുകളയും. ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇയുടെ രാഷ്ട്രീയം അത്തരത്തിലുള്ളതായിരുന്നു എന്നു കാണാന്‍ കഴിയും. മതേതര ഇന്ത്യന്‍ സമൂഹത്തില്‍ മുസ്ലിങ്ങള്‍ മുഖ്യമായും ദേശീയധാരയോട് ഒട്ടിച്ചേര്‍ന്നാണ് പോകുന്നത്. പൊളിറ്റിക്കല്‍ ഹിന്ദുത്വം ശക്തിപ്രാപിച്ചതോടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഫലം കൊയ്യാന്‍ മുസ്ലിം തീവ്രവാദ രാഷ്ട്രീയവും തയ്യാറായി എന്നുവേണം കരുതാന്‍. ഗോധ്രയില്‍ നടന്ന തീവണ്ടി കത്തിക്കല്‍ വഴി ഒരേ സമയം രണ്ടു തീവ്രവാദങ്ങളുടെ താത്പര്യങ്ങളും പൂര്‍ത്തീകരിക്കുകയാണ്. തീവണ്ടി കത്തിക്കലിനെത്തുടര്‍ന്നു തിരിച്ചടി ഉണ്ടായപ്പോള്‍ ലോകത്തിനു മുന്നില്‍ ഭൂരിപക്ഷസമുദായത്തില്‍നിന്നും വംശഹത്യ നേരിടുന്ന ന്യൂനപക്ഷമായി മുസ്ലിങ്ങളെ കാണിക്കാന്‍ വലിയ ഉദാഹരണമായി. അതോടൊപ്പം ഹിന്ദുത്വയ്ക്ക് കേന്ദ്രഭരണത്തിലേക്കുള്ള ഏറ്റവും വലിയ ദേശീയ പാത രൂപപ്പെടുകയും ചെയ്തു. ഇതിന്റെ പൊരുളറിയാത്ത പാവങ്ങള്‍ ആണ് എന്നും ഹിന്ദുമുസ്ലിം സംഘര്‍ഷം എന്നു പറഞ്ഞും വിലപിച്ചും പ്രതിഷേധിച്ചും നടക്കുക. ബാബറി മസ്ജിദ് തകര്‍ച്ചയുടെ കാര്യത്തിലും ഇതുതന്നെയാണ് കാര്യം. ഓരോ സംഭവത്തിനുശേഷവും നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഏതു വികാരത്തോടെയാണ് വോട്ട് ചെയ്യുന്നത് എന്നു മനസ്സിലാക്കുക. പൊളിറ്റിക്കല്‍ ഹിന്ദുവിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും വോട്ടിങ്ങിനു വരുന്ന മാറ്റവും ശ്രദ്ധിക്കുക. ഇതു കണ്ട് ചിരിക്കുന്ന ആഗോള സാമ്പത്തിക രാഷ്ട്രീയ കേന്ദ്രങ്ങളെക്കുറിച്ച് ആരും ഓര്‍ക്കാറില്ല എന്നും അറിയുക.

വംശീയതയും വംശഹത്യയും എങ്ങനെയാണ് പുതിയ അധികാരത്തിലേക്കുള്ള വഴിതുറക്കുന്നത് എന്ന് ഇവിടെ കാണാന്‍ പറ്റും. ഇവിടെ മാത്രമല്ല എവിടെയും. സത്യത്തില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പൊളിറ്റിക്കല്‍ ഹിന്ദുത്വ ഏറ്റുമുട്ടല്‍ ഉണ്ടാക്കിയത് ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയല്ല, മറിച്ച് ആഗോളതലത്തിലുള്ള ഭൂരിപക്ഷ ഇസ്ലാമിനെയും അതിന്റെ ആധുനിക തീവ്രവാദവഴികളെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് മോദിയുടെ ശത്രുക്കളില്‍ പാകിസ്താന്‍ വരുന്നത്. അതുകൊണ്ടാണ് വംശീയത കൂടപ്പിറപ്പായ ഇസ്രായേലിനോട് ബന്ധമുണ്ടാവുന്നത്. ആഗോള ഇസ്ലാമില്‍നിന്നുള്ള ഭീഷണിയാണ് അവര്‍ ചര്‍ച്ചയാക്കിയത്. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചപ്പോഴും ഈ വിദേശക്കൈകളുടെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു.

ഗോധ്രയിലെ 'തീ'വണ്ടി
2002 ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ സബര്‍മതി എക്സ്പ്രസ് ഗോധ്ര ജങ്ഷന്‍ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ ഏകദേശം അഞ്ചുമണിക്കൂര്‍ വൈകിയിരുന്നു. വെളുപ്പിന് 2.55ന് എത്തേണ്ട വണ്ടി എത്തിയത് 7.43ന്. സീറ്റിന്റെ കണക്ക് പ്രകാരം എണ്ണൂറോളം യാത്രക്കാര്‍ വേണ്ടിയിരുന്ന ട്രെയിനില്‍ ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. വലിയ തിരക്കും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന യാത്രക്കാരില്‍ ഭൂരിപക്ഷവും അയോദ്ധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകര്‍. ഫെബ്രുവരി 22ന് കര്‍സേവാ നേതാക്കളായ പ്രഹ്ലാദ് ഭായി പട്ടേലിന്റെയും മാലാബഹന്‍ റാവലിന്റെയും നേതൃത്വത്തില്‍ അയോദ്ധ്യയിലേക്ക് തിരിച്ചവരായിരുന്നു ഭൂരിപക്ഷം പേരും. 'ജയ് ശ്രീറാം' ശബ്ദത്തില്‍ മുഖരിതമായിരുന്നു ബോഗികള്‍.

ട്രെയിനില്‍ മുസ്ലിം യാത്രക്കാരും ഉണ്ടായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ നേരത്തെ തീവണ്ടിയില്‍ ഉയര്‍ന്നതായി പറയുന്നുണ്ട്. വണ്ടി ഗോധ്ര സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ലഘുഭക്ഷണത്തിനായി ഇറങ്ങി. ചിലര്‍ മുസ്ലിം കടക്കാരുമായി കശപിശയുണ്ടാക്കി. ഉന്തുംതള്ളും ചീത്തവിളിയും ജയ്ശ്രീറാം മുദ്രാവാക്യം വിളിയും ഉണ്ടായി. തൃശ്ശൂലം കൈയിലുള്ള കര്‍സേവകരില്‍ ചിലര്‍ പ്രകോപനപരമായി പെരുമാറിയതായി പറയുന്നു. കടകളില്‍ പണം കൊടുക്കാതെ ചിലര്‍ വണ്ടിയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കച്ചടവക്കാര്‍ അവരെ പിടിച്ചുവെച്ചു. അതോടെ മറ്റുചിലര്‍ ഇടപെട്ട് തര്‍ക്കമായി. ഇതിനു പ്രതികരണമായി അവിടത്തെ ഖഞ്ചാമുസ്ലിം കച്ചവടക്കാരും തെറിവിളിയുമായി വന്നു. ഇതിനിടെ വണ്ടി പുറപ്പെട്ടു. കാല്‍ കിലോമീറ്റര്‍ കടന്നേയുള്ളൂ, ആരോ ചെയിന്‍ വലിച്ച് വണ്ടി നിര്‍ത്തി. ഈ സമയം എസ്5, എസ്6 കംപാര്‍ട്ടുമെന്റുകള്‍ക്കു നേരെ പുറമെനിന്നും കല്ലേറുണ്ടായി. അഞ്ഞൂറിലധികം വരുന്ന ആള്‍ക്കൂട്ടം വണ്ടിക്കടുത്തേക്കു നീങ്ങി. സമയം എട്ടുമണി കഴിഞ്ഞു 20 മിനുട്ടായിരുന്നു. ഖാഞ്ചിമുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സിഗ്നല്‍ഫാളിയ എന്ന സ്ഥലത്താണ് വണ്ടി നിന്നത്. പലപ്പോഴും കുറ്റകൃത്യത്തിന് പേരുകേട്ട സ്ഥലമാണിതെന്ന് പോലീസ് പറയുന്നു. ബഹളം ഏകദേശം 20 മിനുട്ടോളം തുടര്‍ന്നു. ഈ സമയമാണ് എസ്6 കംപാര്‍ട്ട്മെന്റില്‍നിന്ന് പുകയും നിലവിളിയും ഉയര്‍ന്നത്. ആള്‍ക്കാര്‍ നോക്കിനില്‍ക്കെ പുക തീയായി പടര്‍ന്നു. പിന്നെ ആളിക്കത്താന്‍ തുടങ്ങി. അതിവേഗംതന്നെ കോച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. കുറേപ്പേര്‍ രക്ഷപ്പെട്ടു. ബാക്കിവന്നവര്‍, 58 പേര്‍ വണ്ടിയില്‍ തന്നെ വെന്തുമരിച്ചു, ഒരാള്‍ ആശുപത്രിയില്‍ വെച്ചും. ആകെ 59 പേര്‍. 26 സ്ത്രീകളും 12 കുട്ടികളും.

ഇതേത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന വര്‍ഗ്ഗീയകലാപവും കൂട്ടക്കൊലയും നടന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും മരിച്ചു. 223 പേരെ കാണാതായി. 2000 ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. അഹമ്മദാബാദില്‍ തുടങ്ങിയ കലാപം സംസ്ഥാനത്തൊട്ടൊകെ വ്യാപിച്ചു. സര്‍ക്കാര്‍ നോക്കുകുത്തികളായെന്ന് പരാതി ഉയര്‍ന്നു. ഒടുവില്‍ സൈന്യത്തെ വിളിക്കേണ്ടിവന്നു. കലാപത്തിനും കൂട്ടക്കൊലയ്ക്കും നേതൃത്വം നല്‍കിയത് വനിതാ എം.എല്‍.എയും (പിന്നീട് ഇവര്‍ മന്ത്രിയായി) ചില നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമാണെന്ന് പരാതി ഉയര്‍ന്നു. കലാപം ആസൂത്രിതമായി നടത്തി എന്നുള്ളതിന്റെ യഥാര്‍ത്ഥ ചിത്രം സ്റ്റിങ് ഓപ്പറേഷന്‍ വഴി 'തെഹല്‍ക' പുറത്തുകൊണ്ടുവന്നതും വിവാദമായി. പലരും ശിക്ഷിക്കപ്പെട്ടു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കലാപം തടയാന്‍ ശ്രമിച്ചില്ലെന്ന് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പലതും പറയുന്നു. പക്ഷേ, കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണക്കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. പല കേസുകളും ഗുജറാത്തിനു പുറത്ത് മുംബൈയിലും മറ്റുമാണ് നടന്നത്.

ഇന്ത്യന്‍ രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കീഴില്‍ അരക്കിട്ടുറപ്പിക്കുന്നതിന്റെ നാള്‍വഴികള്‍ തന്നെയായിരുന്നു ബാബറി മസ്ജിദ് തകര്‍ച്ചയും ഗുജറാത്ത് കലാപവും. ഈ രണ്ടു സംഭവങ്ങള്‍ക്കിടയിലുള്ള ദൂരം വെറും പത്തുവര്‍ഷമാണ്. ഗുജറാത്ത് കലാപത്തിനുശേഷം ഇപ്പോള്‍ 20 വര്‍ഷം കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ 30 വര്‍ഷംകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞു മാറി, മറ്റൊരു കരയ്ക്കടുത്തു. പൊളിറ്റിക്കല്‍ ഹിന്ദുയിസം വളരെ കൃത്യമായി അധികാരം സ്ഥാപിച്ചെടുത്തു.

ഗുജറാത്ത് കൂട്ടക്കൊലയെ വംശഹത്യ എന്നു പരിവാര്‍ സംഘടനകള്‍ പറയാറില്ല. മറിച്ച്, അത് കേവലമായ പ്രതികാരമാണ്. അയോദ്ധ്യയില്‍ പോയി തിരിച്ചുവരുന്ന രാമഭക്തരെ ഗോധ്ര സ്റ്റേഷനു സമീപംവെച്ച്, ട്രെയിനിലെ ബോഗി ഒരുസംഘം മുസ്ലിങ്ങള്‍ തീകൊളുത്തിയതിനെത്തുടര്‍ന്ന് 59 പേര്‍ വെന്തുമരിച്ചു. പ്രതികാരമായി ഗുജറാത്തിലെ ഹിന്ദുക്കള്‍ പലയിടത്തും മുസ്ലിംങ്ങള്‍ക്കു നേരെ കൊലയും കൊള്ളിവെപ്പും നടത്തി. ആയിരത്തിയെഴുനൂറോളം ആളുകള്‍ മരിച്ചു. മരിച്ചവരില്‍ കുറെ ഹിന്ദുക്കളും ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ മുംബൈ, അസം, യു.പി., ബീഹാര്‍ ഉള്‍പ്പെടെ പലസ്ഥലത്തും സമാനമായ വര്‍ഗ്ഗീയകലാപത്തിന്റെ അടിയും തിരിച്ചടിയും നടന്നിട്ടുണ്ട്. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ദില്ലിയില്‍ സിഖുകാര്‍ക്കെതിരെ സമാനമായ പ്രതികാരം നടന്നിട്ടുണ്ട്. പരിവാര്‍ സംഘടനകള്‍ കലാപത്തെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്. ഗുജറാത്തിലെ വര്‍ഗ്ഗീയകലാപത്തെ വംശഹത്യയാക്കി മാറ്റുന്നത് ലോകത്തിന്റെ മുന്നില്‍ വിഷയം കൊണ്ടുവരുന്നതിനുവേണ്ടിയാണെന്ന് അവര്‍ പറയുന്നു.

അതേസമയം ഗുജറാത്തില്‍ നടന്നത് ഹിന്ദുത്വത്തിന്റെ മുന്നൊരുക്കത്തോടെയുള്ള പരീക്ഷണമാണെന്നാണ് പൊതുവെയുള്ള ആരോപണം. ആസൂത്രിതമായ പല കാര്യങ്ങളും അതിന്റെ പിന്നില്‍ നടന്നിട്ടുണ്ട്. ഗോധ്ര കൂട്ടക്കൊലയ്ക്കുശേഷം വളരെ പെട്ടന്നുതന്നെ ഒരു വംശഹത്യയുടെ എല്ലാ ഒരുക്കങ്ങളും ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രൂപം കൊണ്ടു. ഇത് യാദൃച്ഛികമായിരുന്നില്ല. പ്രകോപനം ഉണ്ടാക്കാനായി ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിലാപയാത്രയായി കൊണ്ടുവന്നു പൊതുദര്‍ശനത്തിന് വെച്ചു. രോഷാകുലരായ ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചു. എം.എല്‍.എ. ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയ്ക്കാനെത്തി. പോലീസ് സ്ഥലത്തുനിന്ന് നീങ്ങി. ഉന്നത നേതൃത്വത്തില്‍നിന്ന് പാഠം പഠിപ്പിക്കണമെന്ന് വാക്കാല്‍ നിര്‍ദ്ദേശമുണ്ടായി. പൊതുവെ സംഘപരിവാര്‍ അല്ലാത്തവരില്‍ പോലും വംശീയവിദ്വേഷം ഉണ്ടാകുന്ന തരത്തിലുള്ള പ്രചരണം നടന്നു. ഇരകള്‍ മുസ്ലിംങ്ങള്‍ ആയിരുന്നു. മുന്നൊരുക്കം, കൊള്ള, കൊല എന്നത് പിന്നീട് തീവെപ്പ്, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍ എന്നിവയിലേക്കും മാറി. പോലീസ് നിഷ്‌ക്രിയത്വം, ഭരണകൂട നിസ്സംഗത എന്നിവ ഉണ്ടായി. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്നത് ബി.ജെ.പിയും. ഗുജറാത്ത് കലാപത്തെ വംശഹത്യയുടെ ഗണത്തില്‍ത്തന്നെയാണ് അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടതും.

ഗുജറാത്ത് വംശഹത്യയുടെ അഗ്നിയില്‍നിന്നാണ് മുഖ്യമന്ത്രി നരേന്ദ്ര മോദി ദേശീയ ശ്രദ്ധയില്‍ വരുന്നത്. തുടര്‍ന്ന് അന്തര്‍ദ്ദേശീയ തലത്തിലും. അദ്ദേഹത്തെ ലോകം ഒരു ക്രൂരനായ ഭരണാധികാരിയായി കണ്ടു. അമേരിക്ക വിസ നിഷേധിച്ചു. ഇന്ത്യയിലെ പ്രതിപക്ഷവും ലോക ഇസ്ലാമിക രാജ്യങ്ങളും മോദിയെ കണക്കറ്റ് കുറ്റപ്പെടുത്തി. അതേ സമയം ഈ നെഗറ്റീവ് ഇമേജ് അദ്ദേഹത്തിന് ഒരുപാട് ഗുണം ചെയ്തുവെന്ന് പിന്നീടുള്ള രാഷ്ട്രീയ ഉയര്‍ച്ചയോടെ തെളിയിക്കപ്പെട്ടു. ഒടുവില്‍ മോദി ആഗോളതലത്തില്‍ സ്വീകാര്യനായ വലിയ നേതാവായി മാറുകയും ചെയ്തു. ആഗോളതലത്തിലുള്ള ഇസ്ലാം തീവ്രവാദത്തിന്റെ ഭീഷണി ഇന്ത്യന്‍ സാഹചര്യത്തില്‍ ലയിപ്പിച്ച് ഹിന്ദുത്വ ഏകീകരണത്തിന് ശ്രമിക്കുകയായിരുന്ന നരേന്ദ്ര മോദിയും ബി.ജെ.പി.ആര്‍.എസ്.എസും ഇത് ഒരുതരം ദേശീയ വികാരത്തിലേക്ക് കൈമാറ്റം ചെയ്തു. 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സമാനമായ സംഭവം ഉണ്ടായി. ഇന്ത്യന്‍ ദേശീയത അപകടത്തില്‍ എന്ന ഒരു മുറവിളി ഉയര്‍ന്നു. അന്നു ഭീകരവാദം ഖലിസ്താന്റെ രൂപത്തിലായിരുന്നു. അവരെ സഹായിച്ചത് പാകിസ്താന്‍ എന്ന പ്രചരണവും (അതില്‍ ശരിയുമുണ്ട്). പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് ആയിരുന്നു. മാസങ്ങള്‍ക്കകം നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഇന്ത്യ തൂത്തുവാരി. രാജീവ് ഗാന്ധിയുടെ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ലഭിച്ച ഭൂരിപക്ഷം 416. കലാപം നടന്ന ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റിലും റെക്കോഡ് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. സിഖുകാരുടെ ചോരയും ചാരവും വീണ മണ്ണില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്തു.

2002-ലെ ഗുജറാത്ത് കലാപം ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിച്ചു എന്നു പരിശോധിക്കുമ്പോള്‍ വംശഹത്യകള്‍ എങ്ങനെ ഭരണകൂടങ്ങളെ മാറ്റിപ്പണിയുന്നു എന്നു പരിശോധിക്കേണ്ടിവരും. ഹിന്ദുമതം എന്നും പൊളിറ്റിക്കല്‍ ഹിന്ദുത്വത്തിന് എതിരായിരുന്നു എന്നു കാണാം. അതിനു കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയാണ്. മുസ്ലിം ഭരണകാലത്തോ ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കത്തിലോ രാഷ്ട്രീയ ഹിന്ദുത്വം ശക്തമായിട്ടില്ല. ബ്രിട്ടന് സുഖമായി ഭരിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. ജാതിവ്യവസ്ഥയിലെ സവര്‍ണ്ണശ്രേണിയെ പ്രീണിപ്പിക്കുകയും ഇംഗ്ലീഷ് ഭാഷയുടെ സാദ്ധ്യത ഉപയോഗിക്കുകയും ചെയ്തായിരുന്നു ബ്രിട്ടീഷുകാര്‍ 70 ശതമാനം വരുന്ന ദളിതരെയും പിന്നാക്കക്കാരെയും അടിച്ചമര്‍ത്തിയത്. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഉയര്‍ച്ച ഉണ്ടാവുമ്പോള്‍ അവര്‍ ഇസ്ലാം വര്‍ഗ്ഗീയതയെ ഉപയോഗിച്ചു എന്നു കാണാം. മുഗളന്മാരുടെ അവസാനം ഔറംഗസീബ് മാത്രമാണ് മുസ്ലിം മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ചത്. അതിന്റെ തിരിച്ചടി മറാഠയില്‍ കാണാനായി. ശിവജിയെപ്പോലുള്ള പോരാളികള്‍ മുസ്ലിങ്ങള്‍ക്കെതിരെ പോരാടാന്‍ തുടങ്ങി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പൊളിറ്റിക്കല്‍ ഹിന്ദുയിസത്തിന് ഒരു റോളും ഉണ്ടായിട്ടില്ല. ഇന്ത്യാവിഭജനം ഉണ്ടാക്കിയ അതിശക്തമായ മുറിവില്‍നിന്നുപോലും മുതലെടുക്കാന്‍ ആ ഹിന്ദുത്വത്തിന് കഴിഞ്ഞില്ല. ദേശീയതലത്തില്‍ ഹിന്ദുത്വം എന്ന രാഷ്ട്രീയ ചിന്താഗതിയെ രൂപപ്പെടുത്താന്‍ ഹിന്ദുമഹാസഭയ്ക്കോ, ജനസംഘത്തിനോ കഴിഞ്ഞില്ല. അപ്പോഴും ജാതിശ്രേണിയില്‍ സവര്‍ണ്ണാധിപത്യത്തിന്റെ മടിത്തട്ടിലായിരുന്നു ഹിന്ദുത്വവും ഹിന്ദുമഹാസഭയും മറ്റും. ജീവിച്ചിരിക്കുന്ന ശക്തിയെക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടായിരുന്നു രക്തസാക്ഷിയായ ഗാന്ധിജിക്ക്. പക്ഷേ, ഒടുവിലൊടുവില്‍ ഗാന്ധിജിയെ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതി വന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നു കാണാം. കോണ്‍ഗ്രസ്സിന് എല്ലാ മേഖലകളിലും ഉണ്ടായ വേരുകള്‍ ആ പാര്‍ട്ടിയുടെ ശക്തിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചൂടു രാജ്യമെങ്ങും കോണ്‍ഗ്രസ് പടര്‍ത്തിയിരുന്നു. അതായിരുന്നു കോണ്‍ഗ്രസ്സിന്റെ ശക്തി. അതേ കോണ്‍ഗ്രസ്സുകാര്‍തന്നെ അതിലെ ജനാധിപത്യത്തേയും ആ പാര്‍ട്ടിയെത്തന്നെയും വിറ്റു തിന്നുതീര്‍ത്തു എന്നത് വേറെ കാര്യം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും രാഷ്ട്രീയം ഒരു കണക്കിന് കോണ്‍ഗ്രസ്സിലും അതില്‍നിന്ന് പിളര്‍ന്നുപോയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലും മറ്റു സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും ആയിരുന്നു. മതത്തിന്റെ പേരില്‍ വിഭജിച്ച ഇന്ത്യയില്‍പോലും ഹിന്ദുത്വത്തിനു വളരാന്‍ കഴിഞ്ഞില്ല. അതു കാരണം ആ പാര്‍ട്ടി ദളിതരെയും പിന്നാക്കക്കാരെയും കണ്ടില്ല. അംബേദ്കറെ കണ്ടില്ല. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിച്ചുകൂട്ടി, അവരില്‍ സവര്‍ണ്ണാധിപത്യം ഉണ്ടായിരുന്നെങ്കിലും. കോണ്‍ഗ്രസ് തകര്‍ന്നാല്‍ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തിന് ക്ലച്ച് പിടിക്കാന്‍ പറ്റൂ എന്ന് അവര്‍ മെല്ലെ മനസ്സിലാക്കിത്തുടങ്ങി. അതിനാവശ്യം പൊതുരാഷ്ട്രീയത്തിന്റെ വേദിയിലും വീഥിയിലും ഹിന്ദുത്വത്തെ കൊണ്ടുപോവുക എന്നായിരുന്നു. 1977ല്‍ ചെറിയ തോതില്‍ അതു വിജയിച്ചു. പിന്നീട് 1989ലും. 1975ല്‍ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലാണ് ആര്‍.എസ്.എസ്. അതിന്റെ ശക്തി പ്രകടിപ്പിക്കുന്നത്. നിരോധനത്തിന് സമാനമായ സ്ഥിതിവിശേഷം ആ പാര്‍ട്ടിക്കുണ്ടായി. പിന്നെ അത് നിരോധിക്കുന്നത് ബാബറി മസ്ജിദ് തകര്‍ന്നതിനു ശേഷമാണെന്നു കാണാം.

ഈ ഒരു ചരിത്ര പശ്ചാത്തലത്തില്‍നിന്നുമാണ് 1990കള്‍ മുതലിങ്ങോട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളെ കാണേണ്ടത്. പിന്നീട് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വേരുകള്‍ അതിവേഗം ഇന്ത്യന്‍ മണ്ണില്‍ ആഴുന്നതു കാണം.

ഗുജറാത്ത് വംശഹത്യ
ഗുജറാത്ത് വംശഹത്യ രാജ്യത്ത് ഹിന്ദുമുസ്ലിം മതധ്രുവീകരണത്തിന് വഴിയൊരുക്കി എന്നത് സത്യമാണ്. ഒരു കണക്കിന് തീവ്രഹിന്ദുത്വ നിലപാടില്‍ വിശ്വസിക്കുന്ന പലരും രഹസ്യമായി വംശഹത്യയെ അനിവാര്യമായ ദുരന്തം എന്നു പറഞ്ഞുകളഞ്ഞു. അതു വാങ്ങിയ തിരിച്ചടിയാണെന്നും അവര്‍ വ്യാഖ്യാനിച്ചു. അതേസമയം അതുവഴിയുള്ള രാഷ്ട്രീയലാഭത്തെയാണ് അവര്‍ പ്രതീക്ഷിക്കുന്നതും. ഇത്തരം വംശഹത്യയെ 'ദേശീയത അപകടത്തില്‍' എന്ന കൃത്രിമ ഭീതിയെ ഉയര്‍ത്തിക്കൊണ്ട് തടയിടാനാണ് ശ്രമിച്ചത്. 'ഗുജറാത്ത് മോഡല്‍ വികസനം' എന്ന പദ്ധതി വന്നതോടെ വംശഹത്യയുടെ ചോരക്കറകള്‍ മെല്ലെ കഴുകാമെന്നായി. റിലയന്‍സ്, അദാനി, ടാറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഗുജറാത്തില്‍ ഇറക്കിയ മൂലധനം അവിടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടാക്കി. റോഡുകള്‍, ഫ്ലൈ ഓവറുകള്‍, പാലങ്ങള്‍, പുതിയ വ്യവസായങ്ങള്‍, ഓട്ടോമൊബൈല്‍ സംരംഭങ്ങള്‍, ടൂറിസം തുടങ്ങി വലിയ മാറ്റം ഗുജറാത്തില്‍ വന്നു. ലോകം ഗുജറാത്തിനെയും മോദിയേയും വികസന നായകരാക്കി ഉയര്‍ത്തിക്കാട്ടി. അതോടെ വംശഹത്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നോട്ടുമാറി. പക്ഷേ, കോടതികള്‍ വംശഹത്യകള്‍ സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ എടുത്തു. പ്രത്യേകിച്ചും സുപ്രീം കോടതി. പരമാവധി പ്രതികളെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും നീതിപീഠങ്ങള്‍ക്കു കഴിഞ്ഞു.

തീവണ്ടിയില്‍ അക്രമികള്‍ തീവെച്ചു കൊന്ന 59 പേരെക്കുറിച്ച് പിന്നീട് വലിയ ചര്‍ച്ചയുണ്ടായില്ല. എല്ലാം തുടര്‍കലാപത്തില്‍ മുങ്ങിപ്പോയി. അയോദ്ധ്യയില്‍ പോയി മടങ്ങിവരുന്ന പാവപ്പെട്ട സ്ത്രീകളും കുട്ടികളും ഒക്കെ ഈ 59 പേരില്‍ ഉണ്ടായിരുന്നു.

ഗോധ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിനുശേഷം പ്രതികാരമെന്നോണം അതിവേഗമായിരുന്നു സംസ്ഥാനത്ത് പല സ്ഥലത്തും കലാപം നടന്നത്. ആയുധങ്ങള്‍ ശേഖരിച്ചു, പെട്രോളും മണ്ണെണ്ണയും ശേഖരിച്ചു, ആള്‍ക്കാര്‍ ഒത്തുകൂടി. മുസ്ലിം കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചുള്ള ആക്രമണമായിരുന്നു പിന്നീടു നടന്നത്. കൊല്ലുക എന്നുതന്നെയായിരുന്നു ലക്ഷ്യം. പല സ്ഥലത്തും മുറികളില്‍ അടച്ചുപൂട്ടി പുറമെനിന്ന് തീവെക്കുകയായിരുന്നു. ഓടിച്ച് കുഴിയിലേക്ക് വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായി. വിഭജനത്തിന്റെ കാലഘട്ടത്തിനു സമാനമായ അക്രമങ്ങള്‍ നടന്നു. ഓരോ സംഭവങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ കേസിന്റെ ഘട്ടത്തില്‍ കോടതിയില്‍ എത്തി. ഈ സംഭവങ്ങള്‍ വളരെ കൃത്യമായി കോടതികളില്‍ വിചാരണ ചെയ്യപ്പെട്ടതാണ്. പലതിനും ശിക്ഷ ലഭിച്ചതുമാണ്. ബില്‍ക്കീസ് ബാനു ബലാത്സംഗ കേസൊക്കെ ഹീനമായ ഉദാഹരണങ്ങള്‍ തന്നെയാണ്.

കലാപത്തെത്തുടര്‍ന്ന് ഗുജറാത്ത് സംസ്ഥാനത്തെ 27 നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. 150 നഗരങ്ങളെയും 993 ഗ്രാമങ്ങളേയും കലാപം ബാധിച്ചു. ഇടവേളക്കു ശേഷം വീണ്ടും കലാപം ഉണ്ടായി. ഗുജറാത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും മദ്ധ്യത്തിലും ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന വടക്കു കിഴക്കന്‍ പ്രദേശത്തുമാണ് കലാപം കൂടുതല്‍ നാശവും മരണവും വിതച്ചത്. ദളിത് വിഭാഗക്കാരെയും പിന്നാക്കക്കാരെയും അക്രമത്തിനായി ഉപയോഗിച്ചു എന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇക്കാര്യം പിന്നീട് അശോക് മോച്ച എന്ന ദളിത് യുവാവാണ് പറഞ്ഞത്. വാളുമായി ആള്‍ക്കൂട്ടത്തില്‍ അക്രമം നടത്തുന്ന അശോക് മോച്ചയുടെ ചിത്രം വ്യാപകമായി വന്നിരുന്നു. അതോടൊപ്പം ഇരയാക്കപ്പെട്ടതിന്റെ ദൈന്യമായി ഗുജറാത്ത് കലാപത്തിന്റെ ഐക്കണ്‍ ആയിമാറിയ കുതുബുദീന്‍ അന്‍സാരിയുടെ ചിത്രവും (അര്‍ക്കാ ദത്ത എന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം).

കലാപത്തിന്റെ ഭാഗമായി ഏറ്റവും രൂക്ഷമായ നരവേട്ട നടന്നത് നരോദാ പാട്യയിലാണ്. അഹമ്മദാബാദിനു സമീപമാണ് നരോദാപാട്യ. ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന്, അതായത് 2002 ഫെബ്രുവരി 28ന് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ആയുധങ്ങളുമായി എത്തിയത്. അന്നു വി.എച്ച്.പി. ആഹ്വാനം ചെയ്ത ബന്ദായിരുന്നു. പത്തുമണിക്കൂര്‍ മുസ്ലിം കേന്ദ്രത്തില്‍ നടന്ന അക്രമത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടു. പലരും തീപിടിച്ച് വെന്തനിലയിരുന്നു. സൈന്യത്തെ വിളിച്ചാണ് അക്രമം ഒതുക്കിയത്. കൊലപാതകത്തോടൊപ്പം ബലാത്സംഗവും നടന്നു. ഇരകളെ ഓടിച്ച് കിണറ്റില്‍ തള്ളിയിട്ടു കൊല്ലുകയായിരുന്നു.

കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമായും പതിനൊന്ന് കൂട്ടക്കൊലകളാണ് നടന്നത്. 59 പേരുടെ മരണത്തിനിരയാക്കിയ ഗോധ്ര തീവണ്ടി തീവെപ്പ് കേസാണ് ആദ്യം. ഈ കേസില്‍ 26 പേര്‍ക്ക് വധശിക്ഷ ലഭിച്ചിരുന്നു. അത് പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. തീവണ്ടി കത്തിക്കല്‍ സംഭവത്തിന് പ്രതികാരമായി നടന്ന കലാപത്തിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. അതില്‍ ഏറ്റവും പ്രധാനം ഗുല്‍ബര്‍ഗ്ഗാസൊസൈറ്റി ആക്രമണമാണ്. ഇവിടെ വെച്ചാണ് മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്സാന്‍ ജഫ്രി ക്രൂരമായി കൊല്ലപ്പെടുന്നത്. അക്രമികള്‍ ഇദ്ദേഹത്തിന്റെ കൈകാലുകള്‍ വെട്ടിയശേഷം തീയില്‍ എറിയുകയായിരുന്നു. അക്രമം ഭയന്ന് നൂറകണക്കിന് മുസ്ലിം അഭയാര്‍ത്ഥികള്‍ ജഫ്രിയുടെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. അദ്ദേഹം മുന്‍ എം.പി. എന്ന നിലയില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജഫ്രി നല്‍കിയ മൊഴിയിലുണ്ട്. ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം സൊസൈറ്റിയുടെ മതില്‍ പൊളിച്ച് അകത്തു കടന്നശേഷം കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കയറ്റിയ വണ്ടി ഇടിച്ചുകയറ്റിയശേഷമാണ് പലരെയും തീവെച്ചു കൊന്നത്. സംഭവത്തില്‍ 21 പേര്‍ ശിക്ഷിക്കപ്പെട്ടു. 11 പേര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ.

മാര്‍ച്ച് ഒന്നിന് മെഹ്സാന ജില്ലയിലെ വിജാപ്പൂരില്‍ ന്യൂനപക്ഷക്കാരുടെ ഗ്രാമം വളഞ്ഞ് തീയിട്ട സംഭവത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തഞ്ഞൂറോളം വരുന്ന ജനക്കൂട്ടമായിരുന്നു അക്രമം നടത്തിയത്. സംഭവത്തില്‍ 31 പേര്‍ക്ക് ജീവപര്യന്തം ലഭിച്ചു. 14 പേരെ ഹൈക്കോടതി പിന്നീട് വെറുതെ വിട്ടു.

ദീപ്ദര്‍വാജ മെഹ്സാനയിലെ വിസ്നഗറില്‍ 28ന് ഉണ്ടായ അക്രമത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. പട്ടേല്‍ ഉള്‍പ്പെടെ 22 പേരെ ശിക്ഷിച്ചു. 11 പേര്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു.

ഒഡേ ആനന്ദിലെ ഒഡേ പരവാലി ഭാഗോലില്‍ മാര്‍ച്ച് ഒന്നിനുതന്നെ 24 പേരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ 23 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. സബര്‍ക്കാന്ഥയിലെ ഫ്രണ്‍ജിത് എന്ന സ്ഥലത്ത് അക്രമികള്‍ക്കു മുന്നില്‍ പെട്ടുപോയ മൂന്നു ബ്രിട്ടീഷ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നാലുപേരെ, കാര്‍ ആക്രമിച്ചു ചുട്ടുകൊന്നിരുന്നു. ഈ കേസില്‍ ആറു പ്രതികളെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.
ബറോഡയിലെ ബെസ്റ്റ് ബേക്കറിയില്‍ മാര്‍ച്ച് ഒന്നിന് 14 പേരെയാണ് ചുട്ടുകൊന്നത്. ഇതാണ് കുപ്രസിദ്ധമായ ബെസ്റ്റ് ബേക്കറി കേസ്. കേസില്‍ 21 പ്രതികളെ വെറുതെ വിട്ടു. ഒമ്പത് പേര്‍ക്ക് ജീവപര്യന്തവും.

മാര്‍ച്ച് മൂന്നിന് അഹമ്മദാബാദ് രണ്‍ധികപൂര്‍ ഗ്രാമത്തില്‍ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 14 ന്യൂനപക്ഷക്കാരെ കൊന്നു. ഒരാളെ കൂട്ടബലാത്സംഗം ചെയ്തു. ഇതാണ് കുപ്രസിദ്ധമായ ബില്‍ക്കീസ് ബാനു കേസ്. ഗര്‍ഭിണിയായ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായി. സി.ബി.ഐ. അന്വേഷണം നടന്നു. ഇരയുടെ ആവശ്യപ്രകാരം മുംബൈയിലായിരുന്നു വിചാരണ. 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

സ്ഥലം എം.എല്‍.എ. മായാ കോഡ്നാനിയും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയുമാണ് ചില സ്ഥലത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയത്. മായാ കോഡ്നാനി പിന്നീട് മോദി മന്ത്രിസഭയില്‍ മന്ത്രിയായി. നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കോടതി മായയും ബാബുവും അടക്കമുള്ളവരെ ശിക്ഷിച്ചു. 28 വര്‍ഷം തടവാണ് മായയ്ക്ക് കിട്ടിയത്.

ഗുജറാത്ത് വംശഹത്യയുടെ ഏറ്റവും വലിയ പ്രത്യേകത ഭരണകൂടം പലപ്പോഴും മൗനംപാലിച്ച കലാപമായിരുന്നു അത് എന്നതാണ്. സുപ്രീംകോടതി ഉള്‍പ്പെടെ നിയമസംവിധാനം ശക്തമായ നിലപാടെടുത്തു. തെളിവിന്റെ അഭാവത്തില്‍ പലരും രക്ഷപ്പെട്ടെങ്കിലും പരമാവധി പേര്‍ക്ക് ശിക്ഷവാങ്ങിച്ചുകൊടുക്കാന്‍ നിയമസംവിധാനത്തിനും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കഴിഞ്ഞു. ലോകത്തിലെ ഒരു വംശഹത്യയ്ക്കു ശേഷവും ഇത്ര ശക്തമായ അന്വേഷണങ്ങളും തെളിവെടുപ്പും ശിക്ഷയും ലഭിച്ചിട്ടില്ല എന്നു കാണാം. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലരും പ്രതികളായപ്പോള്‍ അതേ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇരകള്‍ക്കായി പോരാട്ടം നടത്തി. മലയാളിയായ ആര്‍.ബി. ശ്രീകുമാറിനെപ്പോലുള്ളവര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം എടുത്തുപറയേണ്ടതാണ്.

പല അന്വേഷണങ്ങളും തെളിവെടുപ്പും പ്രഹസനമായി എന്നുള്ള പരാതി നിലനില്‍ക്കുമ്പോഴാണ് തെഹല്‍ക്ക പോലുള്ള മാദ്ധ്യമങ്ങള്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനുകള്‍ രാജ്യത്തെത്തന്നെ ഞെട്ടിച്ചത്. ഇത്തരം മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ എസ്.ഐ.ടി. അവഗണിക്കുകയായിരുന്നുവെന്ന് പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ പല തവണ പറഞ്ഞിട്ടുണ്ട്.

'ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല, അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല, അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും ആക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി. പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിങ് ഓപ്പറേഷന്‍ വിവരങ്ങളും എസ്.ഐ.ടി. പരിശോധിച്ചിട്ടില്ല.' സിബല്‍ പറയുന്നു.

കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കവെ കബില്‍ സിബല്‍ ഇങ്ങനെ പറഞ്ഞു: 'വര്‍ഗ്ഗീയകലാപങ്ങള്‍ അഗ്നിപര്‍വ്വതത്തില്‍നിന്നു പൊട്ടിയൊഴുകുന്ന ലാവപോലെയാണ്. അത് സ്ഥാപനവത്കരിക്കപ്പെട്ട ഹിംസയാണ്. ആ ലാവ സ്പര്‍ശിക്കുന്നിടത്തെല്ലാം ഭൂമിയെ മുറിവേല്‍പ്പിക്കുന്നു. ഭാവിയില്‍ പ്രതികാരത്തിന് വളക്കൂറുള്ള മണ്ണാണിത്.'

ഇഹ്സാന്‍ ജഫ്രിയുടെ മകള്‍ അനഷ്റിന്‍ ജഫ്രി പറയുന്നുണ്ട്, 'ഉപ്പയെ അവര്‍ ജീവനോടെ ചുട്ടുകൊന്നു. വെറുപ്പ് എങ്ങനെയാണ് ആയിരക്കണക്കിന് ജീവനുകളെ നശിപ്പിച്ചതെന്ന് നാം മറക്കരുത്. ശക്തന്മാര്‍ വെറുപ്പിലധിഷ്ഠിതമായ മതരാഷ്ട്രീയ കളികള്‍ കളിക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് വെറുപ്പുകൊണ്ട് അന്ധത ബാധിക്കുകയും സഹോദരങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നു.'

ചരിത്രത്തെ വളച്ചൊടിക്കാനും ചരിത്രത്തെ മാറ്റിമറിക്കാനും പലപ്പോഴും ഭരണകൂടം മെനക്കെടുന്നത് ഒരു പുതിയ വംശീയചരിത്രത്തെ സൃഷ്ടിക്കാന്‍തന്നെയാണെന്നു കാണാം. പല വംശഹത്യകളുടെ ചരിത്രം എടുത്തുനോക്കിയാലും നമുക്ക് മനസ്സിലാവും, ആദ്യം ഇതിനായി കയറിപ്പിടിക്കുക വിദ്യാര്‍ത്ഥികളുടെ സിലബസ്സിലാണ്. ഇന്ത്യയില്‍ സിലബസ്സില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും ആരും അത്ര ഗൗരവത്തില്‍ കണ്ടിട്ടുണ്ടാവില്ല. അസമിലെ ബി.ജെ.പി. സര്‍ക്കാര്‍ 'സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പൊളിറ്റിക്കല്‍ സയന്‍സിലെ പാഠഭാഗങ്ങള്‍ അപ്പാടെ മാറ്റിയിരുന്നു. രാജ്യത്തെ നെഹ്രുവിന്റെ രാഷ്ട്രീയ സമീപനം, പഞ്ചവത്സരപദ്ധതികള്‍, നെഹ്രുവിന്റെ വിദേശനയം, നെഹ്രുവിനു ശേഷമുള്ള രാഷ്ട്രീയ പിന്തുടര്‍ച്ച, ഗരീബീ ഹഠാവോയുടെ രാഷ്ട്രീയം, പഞ്ചാബ് പ്രതിസന്ധി, 1984ലെ സിഖ് വിരുദ്ധ കലാപം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, അയോദ്ധ്യ തര്‍ക്കം, ഗുജറാത്ത് കലാപം എന്നിവയൊക്കെ പാഠഭാഗങ്ങളില്‍നിന്ന് ഒഴിവാക്കി. ചരിത്രപുസ്തകത്തില്‍നിന്ന് ജാതി, വര്‍ഗ്ഗം തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയതില്‍പ്പെടുന്നു.
റാണ അയ്യൂബ് കൊണ്ടുവന്ന തെളിവുകള്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുടേയും കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും പോലീസ് അതിക്രമങ്ങളുടെയും അറിയാക്കഥ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് റാണ അയ്യൂബ്.

ഗുജറാത്ത് മോഡല്‍ വികസനത്തെപ്പറ്റി സിനിമ തയ്യാറാക്കാന്‍ വന്ന അമേരിക്കന്‍ ഗുജറാത്തിയായ മൈഥിലി ത്യാഗി എന്ന പേരിലാണ് റാണ അയ്യൂബ് ഗുജറാത്തിലെത്തുന്നത്. 2010 മുതല്‍ എട്ടു മാസം നീണ്ടുനില്‍ക്കുന്ന സ്റ്റിങ് ഓപ്പറേഷനിലൂടെ, 2002-ലെ കലാപത്തെക്കുറിച്ചും അതിനുശേഷം ഗുജറാത്തില്‍ അരങ്ങേറിയ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുമുള്ള നിര്‍ണ്ണായക വിവരങ്ങള്‍ അവര്‍ പുറത്തുകൊണ്ടുവന്നു. തെഹല്‍ക്ക മാഗസിനുവേണ്ടി റാണ അയ്യൂബ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റിലേക്കു വരെ നയിച്ച ഈ നിര്‍ണ്ണായക വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ പുസ്തകം ഇന്ത്യന്‍ മാദ്ധ്യമരംഗത്തെ ധീരമായൊരു അടയാളപ്പെടുത്തല്‍കൂടിയാണ്.

2002-ലെ ഭരണകൂട ആസൂത്രിതമായ വംശഹത്യ, 2001ല്‍ മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യയുടെ കൊലപാതകം, സെഹ്റാബുദീന്‍ ഷെയ്ഖ്, ഇസ്രത് ജഹാന്‍ തുടങ്ങിയവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നിവയൊക്കെ എങ്ങനെയാണ് നടപ്പിലാക്കിയത്, അവരുടെ താത്പര്യങ്ങള്‍ എന്തെല്ലാമായിരുന്നു തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ റാണ അയ്യൂബ് പുറത്തുകൊണ്ടുവന്നതാണ്.

കൂട്ടക്കൊലപാതകം താന്‍ നേരിട്ടു കണ്ടതാണെന്നും അതു നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെടുംവരെ നിയമപോരാട്ടം തുടരുമെന്നും ഗുല്‍ബര്‍ഗ്ഗ് സൊസൈറ്റി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി കോടതിയില്‍ പറഞ്ഞു. 14 വര്‍ഷമായി താന്‍ നീതിക്കായി പോരാടുകയാണ്. പ്രത്യേക കോടതിവിധി ഒരു രീതിയിലും സംതൃപ്തി നല്‍കുന്നില്ല. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചത്. എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണം. ജീവിതാവസാനംവരെ ജയിലില്‍ കഴിഞ്ഞാലേ ഭാര്യമാരെയും മക്കളെയും വേര്‍പിരിയുന്നതിന്റെ നൊമ്പരം അവര്‍ക്ക് മനസ്സിലാക്കാനാകൂ, സാക്കിയ പ്രതികരിച്ചു.

ഗുജറാത്ത് വംശഹത്യ മാത്രമല്ല ഏതു വംശഹത്യയെക്കുറിച്ചും വംശീയതയെക്കുറിച്ചും വര്‍ഗ്ഗീയകലാപത്തെക്കുറിച്ചും കാലങ്ങള്‍ക്കുശേഷം മാറിനിന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ. കാരണങ്ങള്‍, സാഹചര്യങ്ങള്‍, ഒരുക്കങ്ങള്‍, നടപ്പാക്കലുകള്‍, പരിസമാപ്തി, പിന്നീട് വിതയ്ക്കലും കൊയ്യലും എല്ലാം മാറിനിന്ന് പരിശോധിക്കുക. സത്യാസത്യങ്ങള്‍ക്കിടയിലുള്ള ദൂരം പരിശോധിക്കുക. ഒപ്പം അതിന്റെ പേരില്‍ മണ്ണിനടിയില്‍ കിടക്കുന്ന നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും അസ്ഥികളെ കാണുക. സത്യത്തില്‍ വേദനപുരണ്ട ചിരിയാണ് നമ്മളെ കാത്തുകിടക്കുക.

Content Highlights: Dinakaran Kombilath, Gujrath Riot, Narendra Modi, Amit Shah, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented