ഫോട്ടോ:PTI
1966-ല്‍ എഴുതപ്പെട്ട വാള്‍ട്ടര്‍ ക്രോക്കറിന്റെ നെഹ്റു എ കണ്ടംപററീസ് എസ്റ്റിമേറ്റ് എന്ന പുസ്തകം ഞാനീയിടെ വീണ്ടും വായിക്കാനിടയായി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ജീവിതവും സംഭാവനകളും അടയാളപ്പെടുത്തുന്ന ഏറ്റവും സമഗ്രമായ പഠനമാണ് ഈ പുസ്തകം. നെഹ്റുവിന്റെ രാജ്യത്തെക്കുറിച്ച് രസകരമായ ചില നിരീക്ഷണങ്ങളും പുസ്തകം മുന്നോട്ടുവെക്കുന്നു. ഞാന്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രദേശത്തെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നതിങ്ങനെ: ''ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അപ്രധാനമായ ഭാഗമായാണ് ദക്ഷിണേന്ത്യയെ കണക്കാക്കപ്പെടുന്നത്. ഈ മനോഭാവം തെറ്റും ദക്ഷിണേന്ത്യയോട് കാട്ടുന്ന അനീതിയുമാണ്. പല പ്രധാനപ്പെട്ട കാര്യങ്ങളിലും ദക്ഷിണേന്ത്യയ്ക്ക് മറ്റ് പ്രദേശങ്ങളെക്കാളും മേല്‍ക്കൈയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. താരതമ്യേന കുറവായ അക്രമസംഭവങ്ങള്‍, മുസ്ലിങ്ങളോടുള്ള സഹിഷ്ണുതാമനോഭാവം, അച്ചടക്കവും കൃത്യമായ പ്രവര്‍ത്തനശൈലിയുമുള്ള സര്‍വകലാശാലകള്‍, മികച്ച വിദ്യാഭ്യാസനിലവാരം, ഭേദപ്പെട്ട ഭരണകൂടങ്ങള്‍, വൃത്തി, കുറഞ്ഞ അഴിമതി നിരക്കുകള്‍, ഹിന്ദു മതോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമില്ലായ്മ എന്നിവയെല്ലാംകൊണ്ട് ദക്ഷിണേന്ത്യ വേറിട്ടുനില്‍ക്കുന്നു.''
ക്രോക്കര്‍ ഈ വരികളെഴുതി അരനൂറ്റാണ്ടിനുശേഷമാണ് സാമ്പത്തികശാസ്ത്രജ്ഞരായ സാമുവല്‍ പോളും കലാ സീതാറാം ശ്രീധറും ചേര്‍ന്ന് 'ദി പാരഡോക്‌സ് ഓഫ് ഇന്ത്യാസ് നോര്‍ത്ത്-സൗത്ത് ഡിവൈഡ്' (സേജ് പബ്ലിക്കേഷന്‍സ്, 2015) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യയെക്കാള്‍ എത്രയോ മുന്നിലാണ് ദക്ഷിണേന്ത്യ എന്നാണ് ഔദ്യോഗിക രേഖകളില്‍നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശദമായി ഉദ്ധരിച്ചുകൊണ്ട് പുസ്തകം സമര്‍ഥിക്കുന്നത്. രണ്ട് തരത്തിലുള്ള താരതമ്യങ്ങള്‍ ഇതിനായി പോളും ശ്രീധറും നടത്തുന്നു. പ്രധാനപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാടും പ്രമുഖ ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശും തമ്മിലുള്ള താരതമ്യപഠനം ആദ്യം നിര്‍വഹിച്ചു. പിന്നീട് തമിഴ്നാട്, കര്‍ണാടക, അവിഭക്ത ആന്ധ്രാപ്രദേശ്, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്തു.
പോളും ശ്രീധറും താരതമ്യം തുടങ്ങുന്ന 1960-ലെ കണക്കുകള്‍ പ്രകാരം, തമിഴ്നാടിന്റെ പ്രതിശീര്‍ഷവരുമാനം യു.പി.യുടെതിനെക്കാള്‍ 51 ശതമാനം അധികമായിരുന്നു. 1980-ന്റെ തുടക്കത്തില്‍ ഈ വ്യത്യാസം 39 ശതമാനമായി കുറഞ്ഞു. എന്നാല്‍ പിന്നീടുള്ള ദശാബ്ദങ്ങളില്‍ ഈ വ്യത്യാസം ദ്രുതഗതിയില്‍ വര്‍ധിച്ചു. 2005-ല്‍ ഒരു ശരാശരി തമിഴ്നാട് സ്വദേശി യു.പി. സ്വദേശിയെക്കാള്‍ 128 ശതമാനം അധികമാണ് സമ്പാദിച്ചത്. (2021ല്‍ ഈ വ്യത്യാസം 300 ശതമാനമായെന്ന് ഓണ്‍ലൈനില്‍ ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു). വടക്കേ ഇന്ത്യയെയും തെക്കേ ഇന്ത്യയെയും മുഴുവനായെടുത്ത് പരിശോധിച്ച പുസ്തകം കണ്ടെത്തിയത് രണ്ട് പ്രദേശങ്ങളും തമ്മില്‍ 1960-61 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിശീര്‍ഷ വരുമാനത്തിലുള്ള വ്യത്യാസം 39 ശതമാനമായിരുന്നു എന്നാണ്. നാല്‍പ്പത് വര്‍ഷത്തിനുശേഷം ഈ വ്യത്യാസം 101 ശതമാനമായി. 2021-ല്‍ ഈ വ്യത്യാസം വീണ്ടും കൂടി. ഇപ്പോള്‍ ഈ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം പോളും ശ്രീധറും കണക്കാക്കിയത് 4,000 യു.എസ്. ഡോളറാണെങ്കില്‍ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 10,000 യു.എസ്. ഡോളര്‍ കവിയും. ഏകദേശം 125 ശതമാനം അധികം.
പോളും ശ്രീധറും വിശകലനം ചെയ്ത വിവരങ്ങള്‍ പ്രകാരം മുഖ്യമായി രണ്ട് മേഖലകളിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികവ് കാട്ടിയത്. മാനുഷികവികസന സൂചികപ്രകാരം സ്ത്രീ സാക്ഷരതാനിരക്ക്, ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യനിരക്ക് എന്നിവയാണ് അവയില്‍ ഒന്നാമത്. സാമ്പത്തികവികസനത്തിന് അവശ്യം വേണ്ട സാങ്കേതികവിദ്യാഭ്യാസം, വൈദ്യുതോദ്പാദനം, ഗുണനിലവാരമുള്ള റോഡുകള്‍ എന്നിവയാണ് രണ്ടാമത്തെ മേഖല. ഇവയില്‍ ആദ്യത്തെ ഘടകങ്ങള്‍ ജനങ്ങളെ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള പൗരന്‍മാരാക്കുകയും അതുവഴി നൂതനമായ സമ്പദ്വ്യവസ്ഥാനിര്‍മാണത്തില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ഘടകങ്ങള്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയ്ക്ക് വഴിയൊരുക്കുകയും നിര്‍മാണ, സേവനമേഖലകളില്‍ കൂടുതല്‍ മികവിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഭരണനിര്‍വഹണ സൂചികകളിലും ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യ കൂടുതല്‍ മികവ് കാട്ടിയെന്ന് പോളും ശ്രീധറും കണ്ടെത്തുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതു വിദ്യാലയങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു. സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്ക് കുറവായിരുന്നു. ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരും മരുന്നുകളും ഉറപ്പാക്കി. ഉത്തരേന്ത്യയിലെ ചേരികളെക്കാള്‍ വൃത്തിയുള്ളതും ശൗചാലയ സൗകര്യമുള്ളതുമായിരുന്നു ദക്ഷിണേന്ത്യയിലെ ചേരികള്‍. ശുദ്ധമായ കുടിവെള്ളസംവിധാനവും ഇവിടെ ലഭ്യമായിരുന്നു.
പുതിലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content highlights: Difference Between North and South India Ramachandra guha Malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..