ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർ
ഫുട്ബോളിലും അതിന്റെ സംഘാടനത്തിലും വിപണനത്തിലുമുള്ള ബലിഷ്ഠപാഠങ്ങളെ, ഡീഗോ അര്‍മാന്റോ മാറഡോണ ലംഘിച്ചിട്ടുണ്ട്. കളിയില്‍ എഴുതിവെച്ച പാഠങ്ങളെ അയാള്‍ തിരസ്‌കരിച്ചു. ജീവിതത്തെ അയാള്‍ സ്വന്തം വിധിബോധംകൊണ്ട് മറ്റൊന്നാക്കിത്തീര്‍ത്തു. അയാളില്‍ ഷൂംസിയുടെ നാട്യധര്‍മമുണ്ട്. ഫുട്ബോള്‍ തത്ത്വവും വഴിയുമായ ഒരാള്‍, അതിന്റെ നിരപ്പായ വഴികള്‍ വിട്ട് ഗൂഢപാതകളിലൂടെ സഞ്ചരിക്കുന്നത് ഗാരിഞ്ചയിലും ബെസ്റ്റിലും നമുക്കു കാണാനാവും. മാറഡോണയും ഈ വഴികളിലെ ചുവന്ന വെളിച്ചത്തില്‍ സ്വയം വീണുപോയിട്ടുണ്ട്. പക്ഷേ, അയാള്‍ ജീവിതപ്പാതയിലേക്ക് തിരിച്ചുവന്നു എന്നതാണ് അദ്ഭുതം.
ഫുട്ബോളിലെ മോശമാര്‍ക്ക് ഹിതകരമല്ലാത്ത വിമര്‍ശനങ്ങള്‍വഴി പ്രതിനായകസ്ഥാനത്താണ് ഡീഗോ എത്തപ്പെട്ടത്. അതുകൊണ്ട് മനസ്സ് എപ്പോഴും അശാന്തമായിരുന്നു. സൃഷ്ടിക്കുന്നവന്റെ ആന്തരിക വ്യസനമാണിത്. ഒരു നിന്ദിതന്റെ വേഷം ഡീഗോ എടുത്തണിയേണ്ടിവന്നതും അതുകൊണ്ടുതന്നെ. കളിയും നന്ദിയും താഡനവും ഒരേസമയം അയാള്‍ നേടിക്കൊണ്ടിരുന്നു.
ഫുട്ബോള്‍ നിരുപമാനന്ദമെന്ന് കരുതുന്ന ഒരാള്‍ക്ക് മാറഡോണ, ഒരു സംഹിതയോ വെളിപാടുപുസ്തകമോ ആകുന്നു. മാറഡോണ ഫുട്ബോളിനെ, ആനന്ദത്തിന്റെ ആഴങ്ങളിലേക്കു കൊണ്ടുപോയി. 30 വര്‍ഷമായി അയാള്‍ ഒരുക്കിയത്, ഫുട്ബോളിന്റെ പൗരുഷേയസൗന്ദര്യമാണ്. ഏറ്റവും തീവ്രതയോടെ പന്തിനെ സ്വീകരിക്കുകയും ഏറ്റവും ലാഘവത്തോടെ ജീവിതനിയമങ്ങളെ തിരസ്‌കരിക്കുകയും ചെയ്തു അയാള്‍. അതോടെ നിയമങ്ങള്‍ പാലിക്കുന്നവരുടെ കണ്ണില്‍ ബഹിഷ്‌കൃതനായി. മാറഡോണ കളിയില്‍ നിര്‍മിച്ചുകൊണ്ടിരുന്നത് സര്‍ഗാത്മകമായ നവപാഠങ്ങളാണ്. അത്തരം പരിശ്രമങ്ങള്‍ക്കിടയില്‍ അയാളുടെ കൈപോലും നിയമം ലംഘിച്ച് ഗോളടിക്കുന്നു! ദൈവത്തിന്റെ കൈകൊണ്ട് ഗോളടിച്ചു എന്ന വചനംപോലും അപ്രസക്തമാണ്. അയാള്‍ പച്ചയായ മനുഷ്യനാണ്. ഏറ്റവും ഉജ്ജ്വലമായത് നേടാനുള്ള ത്വരയാണ് അയാളെ അതിനു പ്രേരിപ്പിച്ചത്.
ഡീഗോയുടെ കളിയെ സൂക്ഷിച്ചു വീക്ഷിക്കുന്ന ഒരാള്‍ക്ക്, കളിയെയും സര്‍ഗാത്മകവിചാരങ്ങളെയും ആപത്കരമായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തുന്ന ആചാരലംഘകനാണ് ഈ കളിക്കാരനെന്നു തോന്നിയേക്കാം. അതിന്റെ ഗാഢമായ സൗന്ദര്യശക്തിയാല്‍ ചില കളികളെങ്കിലും പ്രകൃതിപ്രതിഭാസംപോലെയാണ് അനുഭവപ്പെടുക. പെട്ടെന്ന്, ഒരു പര്‍വതത്തിന്റെ മുഖം പൊട്ടിച്ചിതറുന്നതുപോലെ ലാവയുടെ വെളിച്ചവും ചൂടും അത് ഒരേപോലെ പ്രസരിപ്പിക്കുന്നു. ആപത്കരമായ ഒരു സൗന്ദര്യവിലാസം അതില്‍ കാണാം. ഈ വെളിച്ചവും ചൂടും ഡീഗോയുടെ ബൂട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. 1986-ല്‍ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ ഗോള്‍ നമുക്കു നല്കിയത് ഏറ്റവും സ്തോഭം നിറഞ്ഞ ആനന്ദമായിരുന്നു. ആദ്യം പീറ്റര്‍ ബിയേര്‍ഡ്സലിയെ നിരുപദ്രവവും അലസവുമെന്ന മട്ടില്‍ ഡീഗോ മറികടക്കുന്നു. പിന്നീട് ഡ്രിബിള്‍ ചെയ്ത് പീറ്റര്‍ റീഡിനെ വെട്ടിച്ചുകടക്കുന്നു. പെനാല്‍റ്റി ബോക്സിനു മുന്‍പില്‍വെച്ച് ഫെന്‍വിക്കിനെ കബളിപ്പിച്ച് ബോക്സിലേക്കു കയറുമ്പോള്‍ അവിടെ സാധ്യത നാം മണക്കുന്നു. പിന്നാലെ വന്ന റീഡിനെ 'ഒരു നിലയില്‍' മറികടന്ന് ഗോളി പീറ്റര്‍ ഷില്‍റ്റന്റെ ബാലന്‍സ് അമ്പേ തെറ്റിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടുന്നു. കളിരംഗത്തിന്റെ കണക്കുകൂട്ടല്‍, ബാലന്‍സ്, കായികോര്‍ജം, വേഗം, ബോള്‍കണ്‍ട്രോള്‍, മനോധര്‍മം എന്നിവയൊക്കെ ഒരൊറ്റ ഗോളില്‍ നാം കാണുന്നു. മാച്ചുപിച്ചുസംസ്‌കാരത്തിന്റെ അഗ്‌നി പേറുന്ന ആസ്ടെക് സ്റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികെ ഇന്നു നമുക്കൊരു സ്മാരകഫലകം കാണാം. ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്റോ മാറഡോണയുടെ ഏറ്റവും മികച്ച ഗോള്‍ പിറന്നത്.
മാറഡോണയുടെ ഓരോ കളിയും സവിശേഷവും നാടകീയവുമായ അനുഭവചിത്രങ്ങളാണ് നല്കിയത്. പന്തും മാറഡോണയും തമ്മില്‍ ഒരു രഞ്ജകത്വമുണ്ട്. അയാളുടെ തീവ്രമായ ആത്മപ്രകാശമാണ് പന്ത്. അയാള്‍ പന്തിനെ തൊഴിക്കുന്നില്ല. ഒരു ആത്മപ്രകാശനോപാധി എന്ന നിലയില്‍ അതിനെ പരിചരിക്കുകയാണ് ചെയ്തത്. പരിചരണം സ്നേഹവും ഉത്തരവാദിത്വവുമുള്ള പ്രവൃത്തിയാണ്. ഏതു കളിക്കു മുന്‍പും മാറഡോണ രണ്ടു കൈകള്‍കൊണ്ടും പന്തു പിടിച്ചുനില്ക്കുന്നതു കാണാം. ഇതൊരുതരം വിശ്വാസസമര്‍പ്പണമാണ്. നപ്പോളിക്കുവേണ്ടി കളിക്കുമ്പോള്‍ ഫിയറന്റീനയ്ക്കെതിരേ അയാള്‍ ഒരു കളി തുടങ്ങുന്നത് പന്തിനെ കാല്‍കൊണ്ടെടുത്തുയര്‍ത്തി ചുണ്ടുകൊണ്ട് സ്പര്‍ശിച്ചാണ്. പെട്ടെന്ന് വെറുമൊരു പന്ത് സചേതനമായി മാറുന്നു. അത് അയാളുടെ മിത്രവും വഴിയും വിചാരവുമായി പരിണമിക്കുന്നു. ഇത്തരത്തില്‍ കളി ഒരു ഗമനവും ജീവിതം പ്രതിഗമനവുമായി മാറുന്നു. ഡീഗോ ഫുട്ബോളില്‍ സൃഷ്ടിച്ചതെന്ത് എന്ന ചോദ്യം ഇന്ന് ആരും ഉന്നയിക്കാറില്ല. അത്രമാത്രം അപ്രതീക്ഷിതമായ രീതിക്രമമാണ് കളിയില്‍ അയാള്‍ നിര്‍വഹിച്ചിട്ടുള്ളത്. കളി അയാളുടെ സ്വര്‍ഗമാണ്. അതിന്റെ അനിച്ഛാപൂര്‍വമായ സഞ്ചാരത്തിനിടയില്‍ അയാള്‍ അപ്രതീക്ഷിതമായ പൊടിപ്പുകളെയും പൂമരച്ചില്ലകളെയും കാണിച്ചുതരുന്നു.
നമ്മുടെ കാലഘട്ടത്തിലാണ് മാറഡോണയെപ്പോലെ ഒരു പ്രതിഭാസം കളിക്കളത്തില്‍ വരുന്നത്. എന്നാല്‍ കരിയറിന്റെ ഓരോ ഘട്ടത്തിലും മാറഡോണയുടെ വന്യവും ചടുലവും സാമ്പ്രദായിക ശൈലീവിരുദ്ധവുമായ കളിയെ പ്രലോഭനങ്ങള്‍ മായ്ച്ചുകളഞ്ഞു. അയാളുടെ കാണാതെപോയ കളികളാണ് ലോകത്തെ അസ്വസ്ഥമാക്കിയത്. ഏതു കളിയിലും അയാള്‍ക്ക് പന്തുകൊണ്ട് പുതിയൊരു കാര്യം പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മാറഡോണ ഫുട്ബോള്‍സ്ഥാപനങ്ങള്‍ക്കും കളിസംസ്‌കാരങ്ങള്‍ക്കും മീതേ ഉയര്‍ന്നുനിന്നത്. സെപ് ബ്ലാറ്ററുടെ വാക്കുകളെക്കാള്‍ മാറഡോണയുടെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തു. അയാളുടെ വിലാപത്തിന് അനുഭവസാക്ഷ്യത്തിന്റെ ചൂടുണ്ടായിരുന്നു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: Diego Maradona life and football NP Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..