വിലപിക്കുന്ന മറഡോണ, ലഹരി തീണ്ടിയ മറഡോണ, എഫ്രഡിന്‍ കഴിച്ച മറഡോണ; ഇന്നും അതേ തീക്ഷ്ണതയോടെ...


എം.പി. സുരേന്ദ്രന്‍

മറഡോണ മിശിഹയും സാത്താനും ഇടയനുമായി നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കളിയിലെയും പ്രത്യക്ഷജീവിതത്തിലെയും അനുഭവങ്ങളെ ഇങ്ങനെ വേഷപ്പകര്‍ച്ചയിലൂടെ വെളിവാക്കിയ ഒരാളില്ല.

ഡീഗോ മറഡോണ/ ഫോട്ടോ: എ.എഫ്.പി

ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്‌കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, ലെവ് യാഷിന്‍, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്ലോ കുബാല, ബെല ഗുട്ട്മാന്‍, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ...
ഫുട്ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങളുടെ സമാഹാരമാണ് കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ രചിച്ച റെഡ് സോണ്‍ എന്ന പുസ്തകം. കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും...ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ സംഭവങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്. പുസ്തകത്തില്‍ നിന്നും കളി ഒരു വേദനാസംഹാരി എന്ന ഭാഗം വായിക്കാം.

ഫുട്ബോളിലും അതിന്റെ സംഘാടനത്തിലും വിപണനത്തിലുമുള്ള ബലിഷ്ഠപാഠങ്ങളെ, ഡീഗോ അര്‍മാന്റോ മറഡോണ ലംഘിച്ചിട്ടുണ്ട്. കളിയില്‍ എഴുതിവെച്ച പാഠങ്ങളെ അയാള്‍ തിരസ്‌കരിച്ചു. ജീവിതത്തെ അയാള്‍ സ്വന്തം വിധിബോധംകൊണ്ട് മറ്റൊന്നാക്കിത്തീര്‍ത്തു. അയാളില്‍ ഷൂംസിയുടെ നാട്യധര്‍മമുണ്ട്. ഫുട്ബോള്‍ തത്ത്വവും വഴിയുമായ ഒരാള്‍, അതിന്റെ നിരപ്പായ വഴികള്‍ വിട്ട് ഗൂഢപാതകളിലൂടെ സഞ്ചരിക്കുന്നത് ഗാരിഞ്ചയിലും ബെസ്റ്റിലും നമുക്കു കാണാനാവും. മറഡോണയും ഈ വഴികളിലെ ചുവന്ന വെളിച്ചത്തില്‍ സ്വയം വീണുപോയിട്ടുണ്ട്. പക്ഷേ, അയാള്‍ ജീവിതപ്പാതയിലേക്ക് തിരിച്ചുവന്നു എന്നതാണ് അദ്ഭുതം.

ഫുട്ബോളിലെ മോശമാര്‍ക്ക് ഹിതകരമല്ലാത്ത വിമര്‍ശനങ്ങള്‍വഴി പ്രതിനായകസ്ഥാനത്താണ് ഡീഗോ എത്തപ്പെട്ടത്. അതുകൊണ്ട് മനസ്സ് എപ്പോഴും അശാന്തമായിരുന്നു. സൃഷ്ടിക്കുന്നവന്റെ ആന്തരിക വ്യസനമാണിത്. ഒരു നിന്ദിതന്റെ വേഷം ഡീഗോ എടുത്തണിയേണ്ടിവന്നതും അതുകൊണ്ടുതന്നെ. കളിയും നന്ദിയും താഡനവും ഒരേസമയം അയാള്‍ നേടിക്കൊണ്ടിരുന്നു.

ഫുട്ബോള്‍ നിരുപമാനന്ദമെന്ന് കരുതുന്ന ഒരാള്‍ക്ക് മറഡോണ, ഒരു സംഹിതയോ വെളിപാടുപുസ്തകമോ ആകുന്നു. മറഡോണ ഫുട്ബോളിനെ, ആനന്ദത്തിന്റെ ആഴങ്ങളിലേക്കു കൊണ്ടുപോയി. 30 വര്‍ഷമായി അയാള്‍ ഒരുക്കിയത്, ഫുട്ബോളിന്റെ പൗരുഷേയസൗന്ദര്യമാണ്. ഏറ്റവും തീവ്രതയോടെ പന്തിനെ സ്വീകരിക്കുകയും ഏറ്റവും ലാഘവത്തോടെ ജീവിതനിയമങ്ങളെ തിരസ്‌കരിക്കുകയും ചെയ്തു അയാള്‍. അതോടെ നിയമങ്ങള്‍ പാലിക്കുന്നവരുടെ കണ്ണില്‍ ബഹിഷ്‌കൃതനായി. മറഡോണ കളിയില്‍ നിര്‍മിച്ചുകൊണ്ടിരുന്നത് സര്‍ഗാത്മകമായ നവപാഠങ്ങളാണ്. അത്തരം പരിശ്രമങ്ങള്‍ക്കിടയില്‍ അയാളുടെ കൈപോലും നിയമം ലംഘിച്ച് ഗോളടിക്കുന്നു! ദൈവത്തിന്റെ കൈകൊണ്ട് ഗോളടിച്ചു എന്ന വചനംപോലും അപ്രസക്തമാണ്. അയാള്‍ പച്ചയായ മനുഷ്യനാണ്. ഏറ്റവും ഉജ്ജ്വലമായത് നേടാനുള്ള ത്വരയാണ് അയാളെ അതിനു പ്രേരിപ്പിച്ചത്.
ഡീഗോയുടെ കളിയെ സൂക്ഷിച്ചു വീക്ഷിക്കുന്ന ഒരാള്‍ക്ക്, കളിയെയും സര്‍ഗാത്മകവിചാരങ്ങളെയും ആപത്കരമായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തുന്ന ആചാരലംഘകനാണ് ഈ കളിക്കാരനെന്നു തോന്നിയേക്കാം. അതിന്റെ ഗാഢമായ സൗന്ദര്യശക്തിയാല്‍ ചില കളികളെങ്കിലും പ്രകൃതിപ്രതിഭാസംപോലെയാണ് അനുഭവപ്പെടുക. പെട്ടെന്ന്, ഒരു പര്‍വതത്തിന്റെ മുഖം പൊട്ടിച്ചിതറുന്നതുപോലെ ലാവയുടെ വെളിച്ചവും ചൂടും അത് ഒരേപോലെ പ്രസരിപ്പിക്കുന്നു. ആപത്കരമായ ഒരു സൗന്ദര്യവിലാസം അതില്‍ കാണാം. ഈ വെളിച്ചവും ചൂടും ഡീഗോയുടെ ബൂട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.

1986-ല്‍ ഇംഗ്ലണ്ടിനെതിരേ മറഡോണ നേടിയ ഗോള്‍ നമുക്കു നല്കിയ ഏറ്റവും സ്തോഭം നിറഞ്ഞ ആനന്ദമായിരുന്നു. ആദ്യം പീറ്റര്‍ ബിയേര്‍ഡ്സലിയെ നിരുപദ്രവവും അലസവുമെന്ന മട്ടില്‍ ഡീഗോ മറികടക്കുന്നു. പിന്നീട് ഡ്രിബിള്‍ ചെയ്ത് പീറ്റര്‍ റീഡിനെ വെട്ടിച്ചുകടക്കുന്നു. പെനാല്‍റ്റി ബോക്സിനു മുന്‍പില്‍വെച്ച് ഫെന്‍വിക്കിനെ കബളിപ്പിച്ച് ബോക്സിലേക്കു കയറുമ്പോള്‍ അവിടെ സാധ്യത നാം മണക്കുന്നു. പിന്നാലെ വന്ന റീഡിനെ 'ഒരു നിലയില്‍' മറികടന്ന് ഗോളി പീറ്റര്‍ ഷില്‍റ്റന്റെ ബാലന്‍സ് അമ്പേ തെറ്റിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടുന്നു. കളിരംഗത്തിന്റെ കണക്കുകൂട്ടല്‍, ബാലന്‍സ്, കായികോര്‍ജം, വേഗം, ബോള്‍കണ്‍ട്രോള്‍, മനോധര്‍മം എന്നിവയൊക്കെ ഒരൊറ്റ ഗോളില്‍ നാം കാണുന്നു. മാച്ചുപിച്ചുസംസ്‌കാരത്തിന്റെ അഗ്‌നി പേറുന്ന ആസ്ടെക് സ്റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികെ ഇന്നു നമുക്കൊരു സ്മാരകഫലകം കാണാം. ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്റോ മറഡോണയുടെ ഏറ്റവും മികച്ച ഗോള്‍ പിറന്നത്.

മറഡോണയുടെ ഓരോ കളിയും സവിശേഷവും നാടകീയവുമായ അനുഭവചിത്രങ്ങളാണ് നല്കിയത്. പന്തും മറഡോണയും തമ്മില്‍ ഒരു രഞ്ജകത്വമുണ്ട്. അയാളുടെ തീവ്രമായ ആത്മപ്രകാശമാണ് പന്ത്. അയാള്‍ പന്തിനെ തൊഴിക്കുന്നില്ല. ഒരു ആത്മപ്രകാശനോപാധി എന്ന നിലയില്‍ അതിനെ പരിചരിക്കുകയാണ് ചെയ്തത്. പരിചരണം സ്നേഹവും ഉത്തരവാദിത്വവുമുള്ള പ്രവൃത്തിയാണ്. ഏതു കളിക്കു മുന്‍പും മറഡോണ രണ്ടു കൈകള്‍കൊണ്ടും പന്തു പിടിച്ചുനില്ക്കുന്നതു കാണാം. ഇതൊരുതരം വിശ്വാസസമര്‍പ്പണമാണ്. നപ്പോളിക്കുവേണ്ടി കളിക്കുമ്പോള്‍ ഫിയറന്റീനയ്ക്കെതിരേ അയാള്‍ ഒരു കളി തുടങ്ങുന്നത് പന്തിനെ കാല്‍കൊണ്ടെടുത്തുയര്‍ത്തി ചുണ്ടുകൊണ്ട് സ്പര്‍ശിച്ചാണ്. പെട്ടെന്ന് വെറുമൊരു പന്ത് സചേതനമായി മാറുന്നു. അത് അയാളുടെ മിത്രവും വഴിയും വിചാരവുമായി പരിണമിക്കുന്നു. ഇത്തരത്തില്‍ കളി ഒരു ഗമനവും ജീവിതം പ്രതിഗമനവുമായി മാറുന്നു.

ഡീഗോ ഫുട്ബോളില്‍ സൃഷ്ടിച്ചതെന്ത് എന്ന ചോദ്യം ഇന്ന് ആരും ഉന്നയിക്കാറില്ല. അത്രമാത്രം അപ്രതീക്ഷിതമായ രീതിക്രമമാണ് കളിയില്‍ അയാള്‍ നിര്‍വഹിച്ചിട്ടുള്ളത്. കളി അയാളുടെ സ്വര്‍ഗമാണ്. അതിന്റെ അനിച്ഛാപൂര്‍വമായ സഞ്ചാരത്തിനിടയില്‍ അയാള്‍ അപ്രതീക്ഷിതമായ പൊടിപ്പുകളെയും പൂമരച്ചില്ലകളെയും കാണിച്ചുതരുന്നു.

നമ്മുടെ കാലഘട്ടത്തിലാണ് മറഡോണയെപ്പോലെ ഒരു പ്രതിഭാസം കളിക്കളത്തില്‍ വരുന്നത്. എന്നാല്‍ കരിയറിന്റെ ഓരോ ഘട്ടത്തിലും മറഡോണയുടെ വന്യവും ചടുലവും സാമ്പ്രദായിക ശൈലീവിരുദ്ധവുമായ കളിയെ പ്രലോഭനങ്ങള്‍ മായ്ച്ചുകളഞ്ഞു. അയാളുടെ കാണാതെപോയ കളികളാണ് ലോകത്തെ അസ്വസ്ഥമാക്കിയത്. ഏതു കളിയിലും അയാള്‍ക്ക് പന്തുകൊണ്ട് പുതിയൊരു കാര്യം പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മറഡോണ ഫുട്ബോള്‍സ്ഥാപനങ്ങള്‍ക്കും കളിസംസ്‌കാരങ്ങള്‍ക്കും മീതേ ഉയര്‍ന്നുനിന്നത്. സെപ് ബ്ലാറ്ററുടെ വാക്കുകളെക്കാള്‍ മറഡോണയുടെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തു. അയാളുടെ വിലാപത്തിന് അനുഭവസാക്ഷ്യത്തിന്റെ ചൂടുണ്ടായിരുന്നു.

മറഡോണ മിശിഹയും സാത്താനും ഇടയനുമായി നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കളിയിലെയും പ്രത്യക്ഷജീവിതത്തിലെയും അനുഭവങ്ങളെ ഇങ്ങനെ വേഷപ്പകര്‍ച്ചയിലൂടെ വെളിവാക്കിയ ഒരാളില്ല. അയാളെ സൃഷ്ടിച്ചത് ഇത്രയധികം ജീവിതാടയാളങ്ങള്‍ കാണിക്കാനോ എന്നു നാം അന്തിച്ചുപോകുന്നു. നിരൂപകരും ആരാധകരും പെലെയോട് അയാളെ ഉപമിക്കാറുണ്ട്. ഇതു കാടുകയറുന്ന വന്യഭാവനകളിലേക്കാണ് നിരൂപകരെ നയിക്കാറുള്ളത്. പെലെ ലോകം കണ്ട ഏറ്റവും കോ-ഓര്‍ഡിനേറ്റഡ് ആയ കളിക്കാരനാണ്. ഒരു കാല്‍പ്പന്തിലൂടെ പെലെ കളിയുടെ നൈരന്തര്യവും പ്രകൃതിദത്തമായ ഭിന്നസ്വരങ്ങളും കേള്‍പ്പിച്ചത് സമശീര്‍ഷരായ ഒരു സംഘം കളിക്കാരോടൊപ്പമാണ്. എങ്കിലും തന്റെ കളിയുടെ ഉത്തേജിതമായ പ്രചോദനങ്ങളെ, സാമാന്യം വിശദമായിത്തന്നെ പെലെ അവതരിപ്പിച്ചിരുന്നു. കളിയുടെ ഗതിയും സൗന്ദര്യവും പ്രധാനമായ എഴുപതുകളില്‍ ഇറ്റലിയുടെ പ്രതിരോധസങ്കല്പങ്ങള്‍ ഒഴിവാക്കിയാല്‍ ഡിഫന്‍ഡര്‍മാര്‍ക്ക് വ്യക്തിഗതമായ മികവുകളായിരുന്നു പ്രധാനം. ആ ഡിഫന്‍ഡര്‍മാരെ പെലെ അതിശയിപ്പിച്ചു. എന്നാല്‍ എണ്‍പതുകളിലെത്തുമ്പോള്‍ പൊസിഷണല്‍ പ്ലേയ്ക്ക് കാര്യമായ മാറ്റം വരുന്നതായി കാണാം. ആക്രമണവും പ്രതിരോധവും ഒരുപോലെ സംഘടിതമായ പ്രവര്‍ത്തനമായി. ടോട്ടല്‍ ഫുട്ബോള്‍ ആധുനിക യൂറോപ്യന്‍ ഫുട്ബോളില്‍ പലതരത്തില്‍ പല രൂപങ്ങളില്‍ ആവിഷ്‌കൃതമായി. മിഡ്ഫീല്‍ഡര്‍മാര്‍ക്ക് കളിയില്‍ പ്രാമാണ്യം സിദ്ധിച്ചു. സ്വീപ്പറോ മിഡ്ഫീല്‍ഡറോ കളി നിയന്ത്രിക്കുന്ന സൂത്രധാരനായി. ഒരു ടീമിനെ മുന്നില്‍ നിന്നു നയിച്ച മറഡോണ കളിയില്‍ പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. ഒരു എഴുത്തുകാരനും സൃഷ്ടിക്കാനാവാത്ത ഭിന്നസ്വരമുള്ള ബഹുരൂപിയായ കഥാപാത്രമാണ് മറഡോണ എന്നെനിക്ക് തോന്നുന്നു. സ്വര്‍ഗനരകങ്ങളെ ഒരുപോലെ പുണര്‍ന്നു നില്ക്കുന്ന ഇരട്ടമുഖമുള്ള ജാനസിനെ (ഒരു ഗ്രീക്കുദേവന്‍) അയാള്‍ ഓര്‍മിപ്പിക്കുന്നു.

ഫുട്ബോളില്‍ അയാള്‍ അര്‍ജന്റീനക്കാരുടെ ഭാഷയില്‍ വെറുമൊരു മാക്വിന (യന്ത്രം) ആയിരുന്നില്ല, മനുഷ്യന്‍തന്നെയായിരുന്നു. ഗോളടിക്കുന്നതു മാത്രമല്ല ഡീഗോ; ഡീഗോ കളിയുടെ സംഘാടകനും വിധാതാവുമായിരുന്നു. 1986-ല്‍ ഡീഗോ തെളിയിച്ചത് ഈ സത്യമാണ്. കളിയെ അയാള്‍ പരാവര്‍ത്തനം ചെയ്തു. 1986-ല്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി ബോക്സില്‍ നിന്നുകൊണ്ട് ഗോളി ഗള്ളിയുടെ തലയ്ക്കു മുകളിലൂടെ മൃദുവായ ഒരു സ്പര്‍ശത്തിലൂടെ പന്തു കോരിയിട്ടുകൊണ്ടാണ് മറഡോണ കാംപെയിന്‍ തുടങ്ങുന്നത്. ബെല്‍ജിയത്തിനെതിരേ അവരുടെ ഡിഫന്‍ഡര്‍മാരെ മുഴുവന്‍ കബളിപ്പിച്ചാണ്
അയാള്‍ ഗോള്‍ നേടിയത്. നാലു വര്‍ഷം മുന്‍പ് അര്‍ജന്റീനയെ ഞെട്ടിച്ച ടീമായിരുന്നു ബെല്‍ജിയം. അന്ന് ആദ്യത്തെ പതിനാലു മിനിറ്റില്‍ ഏഴു തവണ മറഡോണയെ വീഴ്ത്തിക്കൊണ്ട് ബെല്‍ജിയം കളിക്കാര്‍ മറഡോണയെക്കുറിച്ചുള്ള ആധി പരസ്യമായി വ്യക്തമാക്കി. ആ മത്സരത്തില്‍ അര്‍ജന്റീന തോല്ക്കുകയും ചെയ്തു. എന്നാല്‍ '86-ല്‍ മറഡോണ കളിയെ വ്യക്തിഗതമായി പുനരാവിഷ്‌കരിച്ചു. അതിന് ഫലവും ഭംഗിയുമുണ്ടായി.
1990-ല്‍ ബ്രസീലിനെ കെട്ടുകെട്ടിച്ച ഗോള്‍ കനീഗിയയാണ് അടിച്ചതെങ്കിലും അവരുടെ ഫുട്ബോളിന് അത് അവമതിയുണ്ടാക്കി. കളിക്കാരെ കബളിപ്പിച്ചോടി മൂന്നുപേരുടെ ഇടയില്‍നിന്നു കൊടുത്ത കുറിയ ഒരു പാസായിരുന്നു ബ്രസീലിനെ തകര്‍ത്തത്. ആ നിമിഷം മാര്‍സിയോ സാന്റോസും അലിമാവോയും കരേയ്ക്കയും ചെറിയ മനുഷ്യരായി മാറി.

1987-ല്‍ ഒരു പരിശീലനക്കളിയില്‍, ഗോള്‍ലൈനിന്റെ പിന്നില്‍ നിന്നുകൊണ്ട് മറഡോണ ഗോള്‍ നേടി. പന്തിലുള്ള അയാളുടെ പൂര്‍ണമായ സമര്‍പ്പണമാണ് ഇതു കാണിക്കുന്നത്. പന്ത് അയാളുടെ ഒരു ഭാഗംതന്നെയായിരുന്നു. റെയില്‍പ്പാലത്തിന്റെ പടികളിലൂടെ പന്ത് തട്ടിക്കൊണ്ടുപോകുന്ന മറഡോണയെ, വിയാഫോറിറ്റക്കാര്‍ കണ്ടിട്ടുണ്ടാവണം. അയാളുടെ ബാല്യത്തിലെ യാത്രകളില്‍ പന്ത് ചങ്ങാതിതന്നെയായിരുന്നു.
കളിയിലെ ഒരു പ്രധാന പങ്കാളിയായി കാണികളെയും മറഡോണ കാണുകയുണ്ടായി. പലപ്പോഴും അയാള്‍ക്ക് പോരാടാനുള്ള രണബോധം കിട്ടുന്നത് കാണികളില്‍നിന്നാണ്. കാണികളെ അഭിവാദ്യം ചെയ്യുന്നത് ഡീഗോ ശീലമാക്കിയിട്ടുണ്ട്. 1990-ലെ ലോകകപ്പില്‍ അര്‍ജന്റീന ഇറ്റലിയെ തോല്പിച്ചിട്ടും ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയുടെ കാണികള്‍ മാപ്പ് നല്കുകയുണ്ടായി. 14 വര്‍ഷത്തിനുശേഷം അയാള്‍ വീണ്ടും നാപ്പോളിയില്‍ എത്തിയപ്പോള്‍ പച്ചകുത്തിയ കൈകളില്‍ സ്പര്‍ശിച്ചുകൊണ്ടും ചുംബിച്ചുകൊണ്ടും അവര്‍ കടംവീട്ടി. തിരസ്‌കാരത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച ഗാരിഞ്ചയ്ക്കോ ബെസ്റ്റിനോ ഈയൊരു സ്വീകരണം ലഭിക്കുകയുണ്ടായില്ല. കാരണം, ഓരോ കളിയിലും മറഡോണ ഒരു ഭാവനാംശത്തെ കൊണ്ടുവന്നതുതന്നെയാണ് ഇതിനു കാരണം. പരാജയപ്പെട്ട കളിയിലും ഓര്‍മിക്കാനുള്ള ഒരു നിമിഷം ആ കളിക്കാരന്‍ തന്റെ ബൂട്ടുകള്‍കൊണ്ട് വിഭാവനം ചെയ്തു.
ചിലപ്പോള്‍ ഈ അനുഭവം നല്കുന്നത് കളിയിലായിരിക്കില്ല. 1985 യൂവേഫാ കപ്പിന്റെ സെമിഫൈനലില്‍ ഡീഗോയുടെ സന്നാഹപരിശീലനം (Warmup) തന്നെ ഒരു സംഗീതാനുഭവമായി മാറുകയുണ്ടായി. നാപ്പോളിതാരങ്ങളോടൊപ്പം വാമപ്പിനിറങ്ങിയ ഡീഗോ, ഓപ്പസിന്റെ പാട്ടിനനുസരിച്ച് പന്തുകൊണ്ട് ഒരു നൃത്താനുഭവംതന്നെ സൃഷ്ടിച്ചു. പാട്ടിന്റെ അവസാനമാകുമ്പോഴേക്കും അയാള്‍ ഒരു നര്‍ത്തകന്‍തന്നെയായി മാറിയിരുന്നു. പന്ത് തന്നോടൊപ്പമുള്ള സഹനര്‍ത്തകനായും മാറി. ഒരു വിശ്രാന്തിയിലാണ് അതു കലാശിച്ചത്.

അര്‍മേനിയന്‍ കവി ഹാഗോപ് ജാംഗോഷ്യന്‍ 'പന്തിന്റെ അനശ്വരമേധാവി' എന്നൊരു കാവ്യം എഴുതിയിട്ടുണ്ട്. അതില്‍ മറഡോണയുടെ ഉയര്‍ച്ചയും പതനവും കാണുന്നത് രണ്ടു കല്പനകളോടെയാണ്. ശിരസ്സില്‍ കിരീടവും ഹൃദയത്തില്‍ ആനന്ദവും നല്കി ഡീഗോ കുരിശില്‍ ഉയര്‍ത്തപ്പെട്ടുവെന്നാണ് ജാംഗോഷ്യന്‍ എഴുതിയത്. ദൈവത്തിന് അയാളെ വീണ്ടും ഭൂമിയിലേക്കു കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. അതിനുള്ള വിധിയായിരുന്നു മയക്കുവിഷപാനമെന്ന് ഇംഗ്ലീഷ് കവി ഒളിവര്‍ സാ ജോണ്‍സ് എഴുതുന്നു.

ഇത്തരത്തില്‍ മറഡോണയുടെ ജീവിതത്തിലെ നിഴലും നിലാവും കുരിശും പുനര്‍പ്രകാശനവുമൊക്കെ പച്ചയായ മനുഷ്യന്റെ ഹൃദയത്തെ തൊടുന്നതാണെന്ന് കാണികള്‍ക്കു തോന്നും. അവരുടെ ആനന്ദതത്ത്വങ്ങളുടെ വഴിയിലെ മിശിഹയായിത്തന്നെ ഡീഗോയെ അവര്‍ കണ്ടു. മറഡോണയുമായി, കളിയിലൂടെ ആത്മൈക്യം സ്ഥാപിച്ച കാണികളെയാണ് കാണാനാവുക. മറഡോണയുടെ രാഷ്ട്രീയദര്‍ശനംപോലും ഇതിന്റെ അടിസ്ഥാനത്തിലാണ് കാണികള്‍ ന്യായീകരിച്ചത്. ഗോപുരങ്ങളെയാണ് അയാള്‍ വിമര്‍ശിച്ചത്. അധികാരം മറഡോണയുടെ എതിരാളിയായിരുന്നു. അതിന്റെ ആഘാതം ഫിഫ അനുഭവിച്ചിട്ടുണ്ട്. ബുഷിനെ അയാള്‍ എതിര്‍ത്തു. പരിശുദ്ധ പോപ്പിനെ അയാള്‍ കഠിനമായി ശകാരിച്ചു. ഒരുപക്ഷേ മറഡോണ, ജോണ്‍ പോളിന്റെ സംഘാടനത്തെയും സംവിധാനത്തെയുമാണ് വിമര്‍ശിച്ചത്. പോപ്പ് മറഡോണയ്ക്ക് അജ്ഞാതവ്യക്തിത്വമാണ്. സഹനത്തിന്റെ മനുഷ്യരെ അയാള്‍ സ്നേഹിച്ചു. ഫിദല്‍ അയാളുടെ വഴികാട്ടിയും ചെഗുവേര നക്ഷത്രവുമായി. ലോകസാമാജ്യത്തിന്റെ പുതുഭാഷ്യങ്ങള്‍, അയാളെ പനാമയുടെ തോഴനാക്കി. എന്നാല്‍ പോപ്പ് ജോണ്‍പോള്‍ വെറുമൊരു പിതാവു മാത്രമല്ലെന്ന് മറഡോണ പിന്നീടാണ് അറിഞ്ഞത്. പോപ്പിലെ ഗോളിയുടെയും അണ്ടര്‍ഗ്രൗണ്ട് നാടകപ്രവര്‍ത്തകന്റെയും ഫാസിസത്തിന്റെ വിമര്‍ശകന്റെയും ഒളിപ്പോരാളിയുടെയും യുവജീവിതം മറഡോണ കാണാതെപോയി. സാമൂഹികക്രമത്തില്‍ മൂല്യബോധത്തിന്റെ വ്യവസ്ഥാപിതരൂപമായി മറഡോണ മതത്തെ കണ്ടു. അയാളുടെ മനസ്സില്‍നിന്ന് ക്രിസ്തു ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല. 1982-ല്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടിയപ്പോള്‍, ഡീഗോ കളിയില്‍ ഒരു പ്രതിനായകനായി മാറി. ബാറ്റിസ്റ്റയുടെ വയറ്റില്‍ ചവിട്ടിയ ഡീഗോയെ ചുവപ്പു കാര്‍ഡ് കാട്ടി റഫറി പുറത്താക്കുകയാണ് ചെയ്തത്. പ്രാര്‍ഥിച്ചുകൊണ്ടാണ് അയാള്‍ കളിക്കളം വിട്ടുപോകുന്നത്. ലോക്കര്‍മുറിയില്‍ അയാള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഓരോ ഗോളും മനസ്സിന്റെ ഒരാഭിചാരമെന്നോണം ദൈവപ്രഘോഷണമായി ഡീഗോ കണക്കാക്കിയിരുന്നു. എന്നാല്‍ ജോണ്‍പോള്‍ പോപ്പിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ആചാരങ്ങളിലെ വിവേചനങ്ങളിലാണ് അയാളുടെ മനസ്സ് ചെന്നു തട്ടിയത്. വിശ്വാസിയില്‍ ഉണ്ടാക്കിയ ആകസ്മികപ്രതികരണമാണ് മറഡോണയുടെത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പെലെയും ഭാര്യ റോസ്മേരിയോടൊപ്പം പോപ്പിനെ കാണാന്‍ പോയിട്ടുണ്ട്. പോപ്പ് പോള്‍ ആറാമനെ സന്ദര്‍ശിക്കുമ്പോള്‍, കത്തോലിക്കാമതവിശ്വാസത്തിന്റെ ഒരതിമാനുഷനെ കണ്ടു എന്നേ പെലെ പറയുന്നുള്ളൂ. തനിക്കു സമ്മാനിച്ച ജപമാലയും ബൈബിളും ഒരാചാരസമ്മാനം മാത്രമായി പെലെ കണ്ടു. പെലെയില്‍ മതാനുഭൂതിയുടെ മായികതയൊന്നും ഉണ്ടായിരുന്നില്ല.

മറഡോണയ്ക്ക് മതം ഒരു വേദനാസംഹാരിയായിരുന്നില്ലെങ്കിലും പോപ്പ് ഒരു പ്രതിപുരുഷന്‍തന്നെയായിരുന്നു. തുല്യതയുടെയും സമശീര്‍ഷതയുടെയും ത്രാസുകളുടെ ആന്ദോളനം, അര്‍ജന്റീനയുടെ ജനസംസ്‌കാരചരിത്രത്തില്‍ കാണാം. മറഡോണ ദാരിദ്ര്യത്തോടൊപ്പം കുടിയേറ്റത്തിന്റെയും ജീവിതപോരാട്ടത്തിന്റെയും അസന്തുലിതമായ അവസ്ഥകള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അയാളില്‍ എപ്പോഴും യുക്തിവിചാരത്തിന്റെ ഒരു സേഫ്റ്റി വാല്‍വ് ഉണ്ടായിരുന്നു. ഒരു ഫുട്ബോളര്‍ എന്ന നിലയ്ക്ക് മറഡോണ കാല്‍പ്പന്തുകൊണ്ട് മൈതാനത്ത് ഇടപെടുന്നതുപോലെ രാഷ്ട്രീയപരിസരങ്ങളില്‍ ഡീഗോയുടെ വാക്കുകള്‍ മുഴങ്ങുന്നുണ്ട്. ലോകസമൂഹം അയാളുടെ അജന്‍ഡയായി മാറിയിരിക്കുന്നു. ആ സമൂഹത്തിന്റെ ഏക പോലീസുകാരനെ അയാള്‍ അംഗീകരിക്കുന്നുമില്ല. ചെറുമനുഷ്യര്‍ക്കുവേണ്ടി അയാള്‍ വാദിക്കുന്നു. മാര്‍ ഡെല്‍പ്ലാറ്റയിലെ സാമ്പത്തിക ഉച്ചകോടിക്കെതിരേ പ്രതിഷേധപ്രകടനം നയിച്ചുകൊണ്ട് അമേരിക്കയുടെ സാമ്പത്തികാധിനിവേശസംസ്‌കാരത്തെ അയാള്‍ ചെറുത്തു. മറഡോണയുടെ മുഖങ്ങളെല്ലാം നാം കണ്ടതുതന്നെയാണ്. മറഡോണയെ കൂടുതല്‍ സ്വീകാര്യനാക്കുന്നതും വിപരീതസാഹചര്യങ്ങളില്‍പ്പോലും അയാള്‍ വെളിവാക്കുന്ന മാനസികമായ സത്യസന്ധതയാണ്. അതുകൊണ്ട് ദൈവത്തിന്റെ കൈകൊണ്ട് ഗോളടിക്കുന്ന മറഡോണയുടെ മുഖം മനസ്സില്‍ പതിഞ്ഞുനില്ക്കുന്നു. വിലപിക്കുന്ന മറഡോണയും ലഹരി തീണ്ടിയ മറഡോണയും, എഫ്രഡിന്‍ കഴിച്ച മറഡോണയും അതേ തീക്ഷ്ണതയോടെ ആരാധകരില്‍ പതിഞ്ഞുകിടക്കുന്നു. വിശ്വാസം, മതം, അനുഷ്ഠാനം എന്നിവ ഫുട്ബോള്‍തന്നെയാണെന്നാണ് ഒടുവില്‍ ഈ കളിക്കാരന്‍ കണ്ടെത്തുന്നത്. അര്‍ജന്റീനയുടെയും ആശ്രയബോധം ഫുട്ബോളില്‍ത്തന്നെ എത്തിനില്ക്കുന്നു. കളിയെ ഒരു വിമോചനദൈവശാസ്ത്രമായി വളര്‍ത്തിയെടുക്കാന്‍ അര്‍ജന്റീനയിലെ വിവിധ ജീവിതസമൂഹങ്ങളെ പ്രേരിപ്പിക്കുന്നത് കലങ്ങിമറിഞ്ഞ രാഷ്ട്രീയസമസ്യകളിലുള്ള വിശ്വാസരാഹിത്യമാണ്. അമേരിക്ക അതിന്റെ ലാഭേച്ഛയുള്ള കളികള്‍കൊണ്ട് അര്‍ജന്റീനയെ എങ്ങനെ കീഴ്പ്പെടുത്തി എന്നത് ഇന്നും ചര്‍ച്ചാവിഷയമാണ്. അര്‍ജന്റീനയ്ക്കും ബ്രസീലിനും മറ്റു ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കും ഉറ്റതോഴനായി ലോകബാങ്കിനെയും ഐ.എം.എഫിനെയും അവതരിപ്പിച്ചുകൊണ്ട് അമേരിക്കന്‍ ഭരണകൂടം നടത്തിയ സാമ്പത്തികഗൂഢാലോചന ആ രാജ്യങ്ങളുടെ സ്വാഭാവികവളര്‍ച്ചയെ തടയുകയുണ്ടായി. അതിന്റെ ഇരകളായിരുന്നു ലാറ്റിനമേരിക്കന്‍ജനത. ആ ഘട്ടത്തില്‍ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിജയത്തിന്റെയും നേരിയ കനലുകളുള്ള ഒരു നെരിപ്പോടായി ഫുട്ബോള്‍ രൂപാന്തരപ്പെട്ടു.

അര്‍ജന്റൈന്‍ ഫുട്ബോള്‍ പൂര്‍ണവികാസം പ്രാപിക്കുന്നത് ഡോമിങ്ഗോ പെറോണിന്റെ ഭരണകാലത്താണ്. പെറോണിന്റെ വരവോടെ എരിഞ്ഞുതുടങ്ങിയ പ്രതിഷേധത്തിന്റെയും തൊഴില്‍സംസ്‌കാരത്തിന്റെയും ഉപോത്പന്നമായിരുന്നു ഫുട്ബോളിലുള്ള വിശ്വാസം. രാഷ്ട്രീയവും സാമൂഹികവുമായ കുഴമറിച്ചിലുകള്‍ക്കിടയിലെ അരക്ഷിതാവസ്ഥയിലാണ് മറഡോണയും ജനിച്ചത്. ജീവിതംതന്നെ സമരസംവിധാനമാകുന്ന കാലയളവില്‍ ഫുട്ബോള്‍ വികാരവിമോചനത്തിന്റെ മൂലകമാവുന്നത് സ്വാഭാവികമാകുന്നു. തകര്‍ന്ന രാഷ്ട്രീയവ്യവസ്ഥയുടെ മലിനവായു ശ്വസിച്ചുകൊണ്ടാണ് മറഡോണയും വളരുന്നത്. മനുഷ്യാവകാശധ്വംസനങ്ങളുടെ തുടര്‍ചിത്രങ്ങള്‍ യുവത്വകാലത്തുതന്നെ മറഡോണയില്‍ പ്രതിഷേധത്തിന്റെ രസം ഒഴിച്ചുനിറച്ചിരുന്നു. ആയിരം കുതിരശക്തികളുള്ള കുതിപ്പിലൂടെ ഈ കലാപത്തിന്റെ വിമോചനംതന്നെയല്ലേ അയാള്‍ കളിക്കളങ്ങള്‍ക്ക് നല്കിയത്? അര്‍ജന്റീനന്‍രാഷ്ട്രീയത്തില്‍ ഫുട്ബോള്‍ എന്നും അടവുനയം കൂടിയായിരുന്നു എന്നും ഓര്‍ക്കുക. ഫുട്ബോളിന്റെ ആരാധകനെന്ന് വിശേഷിപ്പിച്ചും ഫുട്ബോളിനെ പ്രചാരണായുധമാക്കിയുമാണ് തൊണ്ണൂറുകളില്‍ കാര്‍ലോസ് മെനം പിടിച്ചുനിന്നത്. 1986ലെ ലോകകപ്പ് വിജയംപോലും രാഷ്ട്രീയവ്യവസ്ഥിതിയുടെ വിജയമായി ഭരണാധികാരികള്‍ ഉദ്ഘോഷിച്ചിരുന്നു. അപ്പോള്‍ ഡീഗോയുടെ മനസ്സില്‍ താനനുഭവിച്ച ജീവിതദുരിതങ്ങളുടെ ഒരു ചിത്രം ഉണര്‍ന്നിട്ടുണ്ടാകണം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യം വിയോഫോറിറ്റോയിലെ വാടക ടെന്റിനു മുന്നിലെ ചെറിയൊരു മുറ്റവും പന്തുമാണെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞിട്ടുണ്ട്. ആ മുറ്റത്തെ ചെറിയ സ്പേസാണ് കാല്‍പ്പന്തുകളിയില്‍ അയാളെ രാജാവാക്കിയത്. അതേ ടെന്റുതന്നെയാണ് കാടന്‍നിയമങ്ങള്‍ക്കെതിരേ അയാള്‍ക്കൊരു നാവു നല്കിയത്.

ഡീഗോയെപ്പോലെ, അര്‍ജന്റീന അവരുടെ പ്രതിപുരുഷനായി കൊണ്ടാടുന്ന കാര്‍ലോസ് ഗാര്‍ഡെലും ആത്മക്ഷോഭങ്ങള്‍ ഗാനങ്ങളിലൂടെയാണ് ആവിഷ്‌കരിച്ചത്. അധിനിവേശത്തിന്റെ മുന്നറിയിപ്പുകള്‍ നല്കിയ ഗ്ലാബര്‍ റോഷയുടെ സിനിമകള്‍ക്ക് ബ്രസീലിലെക്കാള്‍ കൂടുതല്‍ ആരാധകരുണ്ടായത് ബ്യൂണസ് ഐറിസിലാണ്. എഴുപതുകളില്‍ ഈ സാംസ്‌കാരികമുന്നേറ്റത്തെ ഹോളിവുഡ്ഡും റോക്ക് ആന്‍ഡ് റോളും കടന്നാക്രമിക്കുകയാണുണ്ടായത്. പെറോണിന്റെ ഭരണകാലത്ത് ജൂലിയ കോര്‍ത്തസാര്‍ രാജ്യത്തിനു പുറത്താവുകയും ഹോര്‍ഹെ ലൂയിസ് ബോര്‍ഹസ് ജനീവയിലേക്കു പോവുകയും ചെയ്തതോടെ, അര്‍ജന്റീനയില്‍ പ്രതിശബ്ദങ്ങളുടെ മുഴക്കം തീരേ കുറഞ്ഞിരുന്നു. അവര്‍ ഉയര്‍ത്തിയ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളി ജനപക്ഷത്തിന്റെ പിന്തുണയോടെ മുന്നോട്ടു കൊണ്ടുപോയത് മറഡോണയാണ്. അതുകൊണ്ടാണ് ഡിസ്റ്റിഫാനോയെ ലോകത്തിന്റെ ഫുട്ബോള്‍ ചക്രവര്‍ത്തിയായി അവരോധിക്കുമ്പോഴും മറഡോണയെ ദൈവമായി വാഴ്ത്തുന്നത്.

ഡിസ്റ്റിഫാനോ, പെഡര്‍ നേര, റെയ്മുണ്ടോ ഓര്‍സി, ഒമര്‍ സിവോറി, സ്റ്റബൈല്‍, അന്റോണിയോറാറ്റിന്‍, മാരിയോ കെംപസ്, ഡാനിയല്‍ പാസറേല, ആര്‍ഡീലസ്, പുംപിദോ, ബാറ്റിസ്റ്റിയൂട്ട എന്നിങ്ങനെ ഓരോ കാലഘട്ടത്തിലും അര്‍ജന്റീനയ്ക്ക് ഇതിഹാസതാരങ്ങള്‍ ഉണ്ടായെങ്കിലും അര്‍ജന്റീന ദേശീയതയെ ഉജ്ജ്വലിപ്പിച്ച പ്രതീകമെന്ന നിലയ്ക്കാണ് ഡീഗോയ്ക്ക് ജനങ്ങള്‍ വാഴ്വു നല്കിയത്.


Content Highlights: Diego Maradona, M.P Surendran, Redzone, Football, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented